മോംഗിയെന്ന ചിമ്പാന്‍സിയെ കുറിച്ച് കൂടുതലറിയുവാന്‍, അവന്റെ ഭീമാകരമായ കൂടിന്റെ കമ്പികളോടു ചേര്‍ത്ത് പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ വലിയ അക്ഷരങ്ങളില്‍ കുറിപ്പുകള്‍ എഴുതി വെച്ചിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയായിരുന്നു.
"1930 കളില്‍ പ്രമുഖ മനഃശാസ്ത്രജ്ഞന്‍, ഒരു കുഞ്ഞു ചിമ്പാന്‍സിയെ, തന്റെ സ്വന്തം കുഞ്ഞിനൊടൊപ്പം വളര്‍ത്തുവാന്‍ ശ്രമിച്ചു. മനുഷ്യകുഞ്ഞിനൊടൊപ്പം വളരുന്ന ചിമ്പാന്‍സികുഞ്ഞിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും വരുന്ന മാറ്റങ്ങള്‍ പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ സ്വന്തം കുഞ്ഞ് ചിമ്പാന്‍സിയെ പോലെ പെരുമാറുവാന്‍ തുടങ്ങുന്നത് കണ്ട ശാസ്ത്രജ്ഞന് അധികം വൈകാതെതന്നെ പരീക്ഷണം ഉപേക്ഷിക്കേണ്ടി വന്നു എന്നതാണ് സത്യം."
ഇത്തരം അറിവുകളിലൂടെയും മോംഗിയുടെ കുസൃതികളിലൂടെയും മൃഗശാലയിലെ സന്ദര്‍ശകരുടെ തിരക്കേറി വന്നു. നൈസര്‍ഗ്ഗികമായ അവന്റെ വികൃതികളും കോമാളിത്തരങ്ങളും വളരെ രസകരമായിരുന്നു. കൂടിന്റെ നിശ്ചിത അകലത്തില്‍നിന്നും മാറിനിന്ന് മോംഗിയുടെ കുസൃതികള്‍ ആസ്വദിക്കുവാന്‍ വലിയ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും, അധികൃതര്‍ തുടര്‍ച്ചയായി ഓര്‍മ്മപ്പെടുത്തിയാലും സന്ദര്‍ശകരും കുട്ടികളും ചെവികൊള്ളാറില്ല.
വികൃതികളുടെ ഭാഗമായി മോംഗിയ്ക്ക് മറ്റൊരു ദൗര്‍ബല്യവുമുണ്ടായിരുന്നു. അവസരം കിട്ടിയാല്‍ സന്ദര്‍ശകരുടെ കണ്ണടകള്‍ തട്ടിയെടുക്കും. അവന്‍ ആദ്യമായി തട്ടിയെടുത്ത കണ്ണട, കൂട് പരിപാലിക്കുന്ന ജീനോ സിര്‍പിയ എന്ന മദ്ധ്യവയസ്‌കനായ ജീവനക്കാരന്റേതായിരുന്നു. കണ്ണടയില്ലാതെ കണ്ണ് കാണാനാകാത്ത അയാള്‍ക്ക് അത് വലിയൊരു നഷ്ടമായിരുന്നു. പതിവുപോലെ കൂട് വൃത്തിയാക്കി പുറത്ത കടന്ന് കൂടിന്റെ താഴിടുന്നതിനിടയിലാണ് അത് സംഭവിച്ചത്. കൂടിന്റെ കമ്പികള്‍ക്കിടയിലൂടെ തന്റെ നീണ്ട കൈനീട്ടി മോംഗി അയാളുടെ കണ്ണട തട്ടിയെടുക്കുകയായിരുന്നു. തിരിച്ചുകൊടുത്തില്ലെന്നു മാത്രമല്ല, മോംഗി തന്റെ കരുത്താര്‍ന്ന ഉള്ളംകയ്യില്‍ വെച്ചമര്‍ത്തി അത് പൊട്ടിച്ചു രസിക്കുന്നതും അയാള്‍ക്ക് കാണേണ്ടി വന്നു. അപ്രതീക്ഷിതമായി കണ്ണട നഷ്ടപ്പെട്ട നടുക്കത്തില്‍ കൂടിന്റെ താഴിടാന്‍ അയാള്‍ മറന്നുപോയി.. തങ്ങളുടെ പ്രിയപ്പെട്ട താരം, ഭീമാകാരനായ മോംഗിയെന്ന ചിമ്പാന്‍സി, കൂട് തുറന്ന് വെളിയില്‍വരുന്നത് കണ്ട ആരാധകവൃന്ദം നാലുപാടും ചിതറിയോടി. മൃഗശാല അധികൃതര്‍ വളരെ കഷ്ടപ്പെട്ടാണ് അവനെ കൂട്ടിലേക്ക് തിരിച്ച് കയറ്റിയത്. അതോടെ ജീനോ സിര്‍പിയയ്ക്ക കണ്ണട മാത്രമല്ല, തന്റെ ജോലി കൂടി നഷ്ടപ്പെട്ടു.
ആ സംഭവത്തിനു ശേഷമാണ് മോംഗിയ്ക്ക് കണ്ണട പ്രേമം തുടങ്ങിയത്. കിട്ടുന്ന അവസരങ്ങളിലെല്ലാം സന്ദര്‍ശകരുടെ കണ്ണടകള്‍ തട്ടിയെടുക്കും.അത് മൂക്കിന്‍തുമ്പത്ത് വെച്ച് ഗോഷ്ടികള്‍ കാണിക്കുകയാണ് പ്രധാന വിനോദം. ഇതിന്റെ പേരില്‍ പരാതികളും കൂടിക്കൂടി വന്നു. ഓരോ പ്രാവശ്യവും, തട്ടിയെടുക്കുന്ന കണ്ണടകള്‍ അവനില്‍നിന്നും തിരികെ വാങ്ങുവാനും വലിച്ചറിഞ്ഞവ കൂട്ടില്‍നിന്നും തിരികെയെടുത്ത് ഉടമസ്ഥര്‍ക്ക് നല്‍കുവാനും, കൂട് പരിപാലിക്കുന്ന ജീവനക്കാരന്‍ ഏറെ സമയം ചിലവഴിക്കേണ്ടി വരാറുമുണ്ട്. സന്ദര്‍ശകരുടെ പരാതികള്‍ ഏറിയപ്പോള്‍ കാഴ്ചബംഗ്ലാവിന്റെ അധികൃതര്‍ക്ക് മോംഗി ഒരു വലിയ തലവേദനയായി മാറി. ഒടുവില്‍ മോംഗിയുടെ ഈ വിചിത്ര സ്വാഭാവത്തെക്കുറിച്ച് പഠിക്കുവാന്‍ വിദഗ്ധനായ ഒരു മൃഗപരിശീലകന്റെ സഹായം തേടി.
അയാളുടെ വിലയിരുത്തലില്‍ മോംഗി, കണ്ണടകള്‍ മാത്രമാണ് തട്ടിയെടുക്കുന്നത്. ഒരു പക്ഷെ അവന്റെ കണ്ണുകള്‍ക്ക് കാഴ്ചശക്തി കുറവായിരിക്കാനുള്ള സാധ്യതയുണ്ടാകാം. വക്രചില്ലുകളുള്ള കണ്ണടകള്‍ വെക്കുമ്പോള്‍ ഒരുപക്ഷെ അവന് കാഴ്ചകള്‍ തെളിമയാര്‍ന്നതായി അനുഭവപ്പെടുന്നുണ്ടാകാം. ഏത് കണ്ണട വെച്ചാലാണ് തനിക്ക് കാഴ്ചക്തി കൂടുന്നതെന്ന് തിരിച്ചറിയുവാനാകാതെ, കയ്യില്‍ കിട്ടുന്നതെല്ലാം മൂക്കിന്‍ തുമ്പത്ത് വെച്ചുനോക്കി പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാകാം മോംഗി സന്ദര്‍ശകരുടെ കണ്ണടകള്‍ തട്ടിയെടുക്കുന്നത്. ആ വിലയിരുത്തലില്‍ ഗൗരവമുണ്ടെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ ഉടന്‍ ഒരു ഒരു മൃഗഡോക്ടറുടെ സേവനം തേടി.
പരിശോധനയില്‍ മോംഗിയുടെ കണ്ണുകള്‍ക്ക് യാതൊരുവിധ ആരോഗ്യക്കുറവുമുണ്ടായിരുന്നില്ല എന്നാണ് ഡോക്ടര്‍ കണ്ടെത്തിയത്. സ്‌കാനിംഗില്‍ മോംഗിയുടെ വയറിനുളളില്‍ കണ്ണടചില്ലുകളുടെ ചില അംശങ്ങള്‍ കണ്ടെത്തിയ ഡോക്ടര്‍, അവന് പോഷകാഹാരങ്ങളുടെ കുറവുണ്ടെന്നും അത് പരിഹരിക്കുന്നതിനാവശ്യമായ നവീനമായ ഒരു ഭക്ഷണക്രമം നിര്‍ദ്ദേശിച്ച് കുറിച്ചുകൊടുക്കുകയും ചെയ്തു. പുതിയതും സ്വാദിഷ്ഠവുമായ ആഹാരപദാര്‍ത്ഥങ്ങള്‍ കിട്ടിതുടങ്ങിയപ്പോള്‍ മോംഗി കൂടുതല്‍ സന്തോഷവാനായി മാറി. പക്ഷെ തന്നെ സന്ദര്‍ശിക്കുവാനെത്തു- ന്നവരുടെ കണ്ണടകള്‍ തട്ടിയെടുക്കുന്നതില്‍ ഒട്ടും കുറവ് വരുത്തിയതുമില്ല.
മോംഗിയുടെ കണ്ണടപ്രേമത്തെ കുറിച്ച കേട്ടറിഞ്ഞ്, പരിണാമ സിദ്ധാന്തത്തില്‍ ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞന്‍ കാഴ്ചബംഗ്ലാവിലെത്തുകയും മോംഗിയെ ദിവസങ്ങളോളം നിരീക്ഷിക്കുകയും ചെയ്തു. നിഗമനങ്ങള്‍ വിസ്മയപ്പെടുത്തുന്നവയായിരുന്നു. ചിമ്പാന്‍സി വര്‍ഗ്ഗത്തില്‍പ്പെട്ട മോംഗി മനുഷ്യരെപ്പോലെ സൗന്ദര്യവര്‍ദ്ധനം ഇഷ്ടപ്പെടുന്നുവെന്നും കൂടുതല്‍ സുന്ദരനാകുവാനുള്ള അവന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് കണ്ണടകള്‍ തട്ടിയെടുക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. പരീക്ഷണാര്‍ത്ഥം അദ്ദേഹം സ്വന്തം ചിലവില്‍ ഒരു വലിയ കണ്ണാടി മോംഗിയുടെ കൂട്ടിനുള്ളില്‍ സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശ്ശിക്കുകയും ചെയ്തു. അതിനുശേഷം മോംഗി കൂടുതല്‍ സമയം കണ്ണാടിയ്ക്കു മുന്നില്‍ ചിലവഴിക്കുന്നതായും അദ്ദേഹം കണ്ടെത്തി. ശാരീരികസാമ്യങ്ങള്‍കൊണ്ടു മാത്രമല്ല, മനഃശാസ്ത്രപരമായും കുരങ്ങുവര്‍ഗ്ഗം മനുഷ്യവര്‍ഗ്ഗത്തോട് എത്രമാത്രം അടുത്തിരുന്നു എന്നതിന്റെ തെളിവായി അദ്ദേഹമതിനെ വ്യാഖ്യാനിക്കുകയും പരിണാമസിദ്ധാന്തത്തെ കുറിച്ച് വാതോരാതെ വാഴ്ത്തുകയും ചെയ്തു.
അദ്ദേഹത്തിന്റെ നിഗമനം ശരിയാണെന്ന് തിരിച്ചറിഞ്ഞ മൃഗശാല അധികൃതര്‍ ഉടന്‍തന്നെ മോംഗിയുടെ സൗന്ദര്യദാഹം ശമിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈകൊണ്ടു. അവന്റെ മുഖത്തിനും കണ്ണുകള്‍ക്കും അനുയോജ്യമായതും ആകര്‍ഷകമായ നിറങ്ങളിലുള്ളതുമായ, വലിയ കണ്ണടകള്‍ നിര്‍മ്മിച്ച് അവന് സമ്മാനിച്ചു. മോംഗി കൂടുതല്‍ സന്തോഷവാനായി. അവന്‍ തനിക്കു ലഭിച്ച വസ്തുക്കള്‍ കൗതുകപൂര്‍വ്വം നിരീക്ഷിക്കുകയും, അവ ഓരോന്നായി മൂക്കിനുമുകളില്‍ മാറി മാറി വെക്കുകയും കൂട്ടില്‍ സ്ഥാപിച്ചിട്ടുള്ള വലിയ കണ്ണാടിയില്‍ നോക്കി സ്വന്തം സൗന്ദര്യം ആസ്വദി്ക്കുകയും, തന്റെ ആരാധകരായ സന്ദര്‍ശകരെ നോക്കി ഇടയ്ക്കിടെ പല്ലിളിച്ചു കാണിക്കുകയും ചെയ്തുകൊണ്ടിരുന്നു.
പക്ഷെ ഇതുകൊണ്ടൊന്നും മോംഗിയുടെ കണ്ണടപ്രേമത്തെ ഇല്ലാതാക്കുവാന്‍ കഴിഞ്ഞില്ല. അവസരം കിട്ടുമ്പോഴെല്ലാം അവന്‍ സന്ദര്‍ശകരുടെ കണ്ണടകള്‍ തട്ടിയെടുത്തുകൊണ്ടേയിരുന്നു. സന്ദര്‍ശകരുടെ പരാതി നഗരസഭാ അദ്ധ്യക്ഷന്റെ ചെവിയിലുമെത്തി. അദ്ദേഹം തന്റെ വിശ്വസ്തനായ പ്രതിനിധിയെ അന്വേഷണത്തിനായി നിയോഗിച്ചു. മോംഗിയുടെ കൂടിനു ചുറ്റും നാലടി അകലത്തില്‍ ഒരു അരഭിത്തി സ്ഥാപിക്കുന്നതിലൂടെ ഈ വിഷയത്തിലൊരു പരിഹാരം കാണാമെന്നായിരുന്നു നഗരസഭയുടെ വിലയിരുത്തല്‍. അതിനായി ഒരു അടങ്കല്‍ തയ്യാറാക്കുവാന്‍ മൃഗശാല അധികൃതരോട് നിര്‍ദ്ദേശിച്ചു. നഗരസഭാ അദ്ധ്യക്ഷന്റെ പ്രത്യേക ദൂതന്‍ മുഖേന, ആവശ്യമുള്ളതിനേക്കാള്‍ മൂന്നിരട്ടി തുക അടങ്കലില്‍ വകയിരുത്തുവാന്‍, മൃഗശാല ഉദ്യോഗസ്ഥന് രഹസ്യനിര്‍ദ്ദേശവും നല്‍കി. പ്രതിപക്ഷം ഇടപെട്ടപ്പോള്‍ തുക നാലിരട്ടിയായി ഉയരുകയും നഗരസഭ ഐകകണ്‌ഠ്യേന തുക അനുവദിക്കുകയും ചെയ്തു.
അരഭിത്തിയുടെ ഉദ്ഘാടനം നടത്തിയ നഗരസഭാ അദ്ധ്യക്ഷന്‍, മോംഗിയെന്ന ചിമ്പാന്‍സി, മൃഗശാലയുടെ മാത്രമല്ല, നാടിന്റെ കൂടി അഭിമാനമാണെന്നു പ്രഖ്യാപിച്ചു. ചടങ്ങില്‍ സംസാരിച്ച പ്രതിപക്ഷനേതാവ്, അരഭിത്തി നിര്‍മ്മാണത്തിന് ചിലവഴിച്ച ഭീമമായ തുകയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയും, ഇത്രയും കാലം സന്ദര്‍ശകരുടെ കണ്ണടകള്‍ നഷ്‌പ്പെടുവാന്‍ ഇടയായതിന്റെ കാരണം ഭരണപക്ഷത്തിന്റെ കഴിവുകേടുകൊണ്ടാണെന്ന ഗുരുതര ആരോപണം അഴിച്ചുവിടുകയും ചെയ്തു. തൊട്ടടുത്ത്, കൂടിനു ചുറ്റും അരഭിത്തി നിര്‍മ്മിച്ചതിന്റെ പ്രതിഷേധം ഇടക്കിടെ, ഉറക്കെ അലറിക്കൊണ്ടും കൈകള്‍ മാറത്തടിച്ചുകൊണ്ടും, മോംഗി അറിയിച്ചുകൊണ്ടേയിരുന്നു.
നഷ്ടപ്പെടുന്ന കണ്ണടകളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും, അരഭിത്തി നിര്‍മ്മാണം കൊണ്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുവാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. ഉയരം കുറഞ്ഞ അരഭിത്തിക്കു മുകളിലൂടെ ഏന്തിവലിഞ്ഞ് എത്തിനോക്കിയ കുട്ടികളുടേയും മുതിര്‍ന്നവരുടേയും കണ്ണടകള്‍ മോംഗി തക്കം നോക്കി തട്ടിയെടുക്കുവാന്‍ തുടങ്ങി. സന്ദര്‍ശകരുടെ അച്ചടക്കമില്ലായ്മയെ പഴിചാരി മൃഗശാല അധികൃതര്‍ പരാതികളെ നിഷ്‌കരുണം നിരസിച്ചു.
കുടുംബത്തോടൊപ്പം മൃഗശാല സന്ദര്‍ശിക്കുവാനെത്തിയ ഒരു പോലീസുകാരന്റെ സ്വര്‍ണ്ണംകൊണ്ടു തീര്‍ത്ത ഫ്രെയ്മുള്ള കണ്ണട മോംഗി തട്ടിയെടുത്തതിലൂടെ കാര്യങ്ങള്‍ മറ്റൊരു ദിശയിലേക്കുകൂടി വളര്‍ന്നു. മോംഗിയെ പരിപാലിക്കുന്ന ജീവനക്കാരന്‍, കണ്ണടകള്‍ തട്ടിയെടുക്കുവാന്‍ മനഃപ്പൂര്‍വ്വം ചിമ്പാന്‍സിയെ പരിശീലിപ്പിച്ചതായിരിക്കാമെന്നും അങ്ങനെ ലഭിക്കുന്ന കണ്ണടകള്‍ മറിച്ചുവിറ്റ് പണമുണ്ടാക്കുവാനുള്ള വിദ്യയായിരിക്കാമെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് പോലീസുകരാന്‍ ഉന്നയിച്ചത്. മൃഗശാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്ക് ലഭിക്കുന്നുണ്ടാകാമെന്നും അയാള്‍ ആരോപിച്ചു. അന്വേഷണത്തില്‍ മോംഗിയുടെ പുതിയ പരിപാലകനായ മര്‍ച്ചിനോ ലക്കോഡിയ എന്ന ജീവനക്കാരന്റെ ഏഴ് വയസ്സുള്ള കുട്ടി, പൊട്ടിയ ചില കണ്ണടകള്‍ കൊണ്ട് കളിക്കുന്നതായി കണ്ടെത്തുകയുമുണ്ടായി.
അതിനുശേഷം നടന്ന സമഗ്രമായ അന്വേഷണത്തിലാണ്, മറ്റൊരു കാര്യം മൃഗശാല അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. മോംഗിയുടെ കൂടിന്റെ കമ്പികളില്‍ പിടിപ്പിച്ചിട്ടിട്ടുള്ള, പൊടിപിടിച്ച് പഴകിയ ബോര്‍ഡുകളില്‍, ചിമ്പാന്‍സികളെ കുറിച്ചുള്ള ചെറു വിശദീകരണങ്ങള്‍ക്ക് താഴെയായി, വളരെ ചെറിയ അക്ഷരങ്ങളില്‍ പുതുതായി ചിലതെല്ലാം എഴുതിചേര്‍ത്തിരിക്കുന്നു. അരഭിത്തിയ്ക്ക് മുകളിലൂടെ ഏന്തി വലിഞ്ഞ് അത് വായിക്കുവാന്‍ ശ്രമിച്ച മൃഗശാല സൂപ്രണ്ട് ജെര്‍മിന്റോയ്ക്ക ആ വാക്കുകള്‍ വായിച്ചെടുക്കുവാന്‍ കഴിഞ്ഞില്ല. അതിനുമുമ്പേ മോംഗിയുടെ നീളന്‍ കൈ അയാളുടെ കണ്ണടയും തട്ടിയെടുക്കുകയായിരുന്നു.
ബോര്‍ഡിലെ പുതിയ വാക്കുകള്‍ എന്താണെന്ന് വായിച്ചെടുക്കുവാന്‍ അയാള്‍ തന്റെ സഹപ്രവര്‍ത്തകനോട് നിര്‍ദ്ദേശിച്ചു. വായിക്കുവാന്‍ ശ്രമിച്ചെങ്കിലും, കൂടിന്റെ സമീപത്തേയ്ക്ക് പോകാതെ അത് വായിച്ചെടുക്കുവാന്‍ കഴിയില്ലെന്ന അര്‍ത്ഥത്തില്‍ അയാള്‍ നിസ്സഹായതയോടെ തലയാട്ടി. അരഭിത്തിയ്ക്കുമുകളിലൂടെ വലിഞ്ഞുനോക്കിയ മറ്റൊരു ജീവനക്കാരന്‍, മോംഗിയുടെ നീളന്‍ കൈ നീണ്ടുവരുന്നത് കണ്ട്, ഭയന്ന് പിന്‍മാറി.
കൂടിന്റെ കമ്പികളോട് ചേര്‍ത്ത് സ്ഥാപിച്ചിട്ടുള്ള മറ്റ് ബോര്‍ഡുകളിലും പുതിയ വാക്കുകള്‍ എഴുതി ചേര്‍ത്തിയിട്ടുള്ളതായി അവര്‍ മനസ്സിലാക്കി. മോംഗിയെ മറ്റൊരു കൂട്ടിലേക്കു മാറ്റി, പുതിയ കണ്ണട വരുത്തി, അരഭിത്തി ചാടിക്കടന്ന്, ബോര്‍ഡിന്റെ തൊട്ടടുത്ത് ചെന്ന് ജെര്‍മിന്റോ ആ വാക്കുകള്‍ വായിച്ചെടുത്തു. കൂടിനോട് ചേര്‍ന്നുള്ള മറ്റ് ബോര്‍ഡുകളും അയാള്‍ പരിശോധിച്ചു. എല്ലാ ബോര്‍ഡുകളിലും ഒരു വാചകം തന്നെയാണ് എഴുതിവെച്ചിരുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ജെര്‍മിന്റോ സന്ദര്‍ശകരെ നിരീക്ഷിക്കുവാന്‍ തുടങ്ങി. അയാളുടെ നിഗമനം ശരിയായിരുന്നു. ആ വാക്കുകള്‍ വായിച്ചെടുക്കുവാന്‍ തല നീട്ടുമ്പോഴാണ് സന്ദര്‍ശകരുടെ കണ്ണടകള്‍ മോംഗി തട്ടിയെടുക്കുന്നത്. ആ കാഴ്ച കണ്ട് ജെര്‍മിന്റോയ്ക്ക് ചിരിയടക്കുവാന്‍ കഴിഞ്ഞില്ല. വളരെ ചെറിയ അക്ഷരങ്ങളില്‍ എഴുതിവെച്ച ആ വാക്കുകള്‍ ഒരു മുന്നറിയിപ്പായിരുന്നു.
"സൂക്ഷിക്കുക. ഇവന്‍ നിങ്ങളുടെ കണ്ണടകള്‍ തട്ടിയെടുത്തേക്കാം. "
മുന്‍ ജീവനക്കാരന്‍ ജീനോ സിര്‍പിയ.
ഉടന്‍തന്നെ ആ വാക്കുകള്‍ മായ്ച്ചുകളയുവാന്‍ അയാള്‍ ഉത്തരവിട്ടു.
കൂടിന്റെ പുതിയ പരിപാലകന്‍ മര്‍ച്ചിനോ ലക്കോഡിയയെ ജോലിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. അയാള്‍ക്ക് സൂപ്രണ്ട് ജെര്‍മിന്റോ നല്‍കിയ മറുപടി ഇതായിരുന്നു.
"എപ്പോഴെങ്കിലും ആ കൂടും ബോര്‍ഡുകളും ഒന്നു വൃത്തിയാക്കുവാന്‍, അതിനുത്തരവാദപ്പെട്ട നിങ്ങള്‍ ശ്രമിച്ചിരുന്നുവെങ്കില്‍ നമുക്കിത് നേരത്തേ കണ്ടെത്താമായിരുന്നുവല്ലോ."
കൂട്ടിനുള്ളില്‍ മോംഗി ഒരിയ്ക്കല്‍കൂടി പല്ലിളിച്ചുകാണിക്കുന്നു.