ഉറങ്ങുന്ന സുന്ദരിയും വെളുത്ത കുതിരകളും.

എസ്‌കേപിസം. അങ്ങനെയും പറയാം. മറ്റൊരു സംതൃപ്തികൂടി അതിലൂടെ ലഭിക്കും. മമ്മിയെ ഒന്നു പേടിപ്പിക്കുകയും ചെയ്യാം. വിവാദത്തില്‍  പെട്ടിരിക്കുന്ന ഒരു പെണ്‍കുട്ടി പെട്ടെന്ന് അപ്രത്യക്ഷമായാല്‍ പേടിക്കാതെ തരമില്ലല്ലോ. അതുകൊണ്ട് ആരോടും പറയാതെയാണ് ഇറങ്ങിപുറപ്പെട്ടത്. പ്രാണവായുപോലെ കൊണ്ടുനടന്നിരുന്ന മൊബൈലും ലാപ്പും ഒന്നും എടുത്തില്ല. അവയൊക്കെ കിട്ടിയതിനുശേഷമാണ് ഞാന്‍ ചീത്തയായി തുടങ്ങിയത് എന്നാണ് മമ്മി വിശ്വസിക്കുന്നത്. കൂടെ കരുതിയത് അത്യാവശ്യം ഡ്രസ്സുകളും പഠിക്കുവാനുള്ള പുസ്തകങ്ങളും മാത്രം. നല്ല ഭംഗിയുള്ള സ്ഥലം. കുളിര്‍മ്മയുള്ള കാലാവസ്ഥയും. ഹോഴ്‌സ് റേസിംഗ് വെന്യുവിനടുത്താണ് ജൂലിയാന്റിയുടെ റോസ്‌വില്ലയെന്നറിയാം.

വെളുത്ത കുതിരയോടൊപ്പം നടന്നുപോകുന്ന, സുമുഖനായ ഒരു നോര്‍ത്തിന്ത്യന്‍ ചെറുപ്പക്കാരന് അഡ്രസ്സ് കാണിച്ചുകൊടുത്തു. താങ്ക്‌സ് പറയുമ്പോഴേയ്ക്കും സ്‌റ്റൈലില്‍ കുതിരപ്പുറത്തു കയറി അയാള്‍ എനിക്കു മുമ്പേ പോയി. നല്ല ഭംഗിയുള്ള വെളുത്ത കുതിര. അയാള്‍ ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുണ്ട്. അടുത്തൊന്നും ആരും ഇല്ലാത്തതുകൊണ്ടാകാം. ആ നോട്ടം അത്ര സുഖകരമായി തോന്നിയില്ല. പ്രത്യേകിച്ചും അപരിചിതമായ ഒരിടത്ത്. ഇടത്തോട്ടുുള്ള വഴിയിലേയ്ക്ക് തിരിഞ്ഞതിനുശേഷം അയാള്‍ അപ്രത്യക്ഷനായി. അയാള്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ എനിക്കും ആ വഴി തന്നെയാണ് പോകാനുള്ളത്. ആ തിരിവിലെത്തിയപ്പോള്‍ ചെറിയ ഒരു ഭയം അനുഭവപ്പെട്ടു. അയാള്‍ അവിടെ കുതിരയെ നിര്‍ത്തിയിരിക്കുന്നു. കാത്തുനില്‍ക്കുന്നതുപോലെ. ഭയം പുറത്തുകാണിക്കാതെ മുന്നോട്ടുതന്നെ നടന്നു. അടുത്തെത്തിയപ്പോള്‍..

"ഹെലോ.?"

മറുപടി കൊടുക്കുന്നതില്‍ തെറ്റില്ല. മുഖമുയര്‍ത്താതെ, നടന്നുകൊണ്ടുതന്നെയാണ് പറഞ്ഞത്.

"യെസ്...!"

"ഐ ഫീല്‍.. ഐ ഹാഫ് സീന്‍ യു സംവേര്‍ ബിഫോര്‍... യുവര്‍ ഗുഡ് നെയിം...? "

ചിരിച്ചുവെന്നു വരുത്തി വേഗം നടന്നു. അയാളുടെ കണ്ണുകള്‍ പിന്‍തുടരുന്നതുപോലെ. തിരിഞ്ഞു നോക്കിയില്ല. ആശ്വാസം. തിളങ്ങുന്ന മാര്‍ബിള്‍ ഫലകത്തില്‍ സ്വര്‍ണ്ണനിറമുള്ള അക്ഷരങ്ങള്‍. "റോസ് വില്ല". തൊട്ടപ്പുറത്തു തന്നെ മറ്റൊരു ബോര്‍ഡുമുണ്ട്. ഡോ. ജൂലിമരിയ, എം.ഡി. സൈക്യാട്രി. വലിയ ഗേറ്റിനോടു ചേര്‍ന്നുള്ള, ചെറിയ ഗേറ്റ് തുറന്ന് അകത്തു കടക്കുമ്പോള്‍ ഒരിയ്ക്കല്‍കൂടി കണ്ടു. ആ കണ്ണുകള്‍ ഇപ്പോഴും പിന്‍തുടരുന്നുണ്ട്. ആന്റി ക്ലിനിക്കിലാണ്. സെമ്പകമെന്ന പേരുളള തമിഴത്തി സെര്‍വന്റ്, ആന്റിയെ ഫോണില്‍ വിളിച്ചു ചോദിച്ച് ഉറപ്പു വരുത്തിയിട്ടേ അകത്തേയ്ക്ക് പ്രവേശനം തന്നുള്ളൂ.
..............................................................................................

നീലേശ്വറുമായുള്ള ബന്ധം മമ്മിയുടെ ശ്രദ്ധയില്‍പ്പെടുന്നതോടെയാണ് കാര്യങ്ങള്‍ പിടിവിട്ടുപോയത്. ഈ ഒളിച്ചോട്ടത്തിന്റെ പ്രധാന കാരണവും അതുതന്നെയാണ്. പ്രണയിക്കുമ്പോള്‍ ലോകം ഒരാളിലേക്കു മാത്രം ചുരുങ്ങുമെന്ന് പറയുന്നത് സത്യം തന്നെ. പലപ്പോഴും ചുറ്റുമുള്ള പലതും മറന്നുപോയി. അതാണ് മമ്മിയ്ക്ക് സംശയത്തിനിട നല്‍കുവാനും പിടിയ്ക്കപ്പെടുവാനും കാരണമായത്. സംഭവിച്ചതെല്ലാം ആന്റിയോട് തുറന്ന് പറയണം. ജൂലിയാന്റി,  മമ്മിയെപോലെ പഴഞ്ചന്‍ ചിന്താഗതിക്കാരിയല്ല. അതിലുമുപരി കാര്യങ്ങളെ പോസിറ്റീവായി സമീപിക്കുന്ന ഒരു വ്യക്തിത്വവുമാണ്.

പക്ഷെ ആന്റി വന്നപ്പോള്‍ നേരം വൈകിയിരുന്നു. എന്റെ അപ്രതീക്ഷിതമായ വരവ് ആന്റിയെ ഒട്ടും അത്ഭുതപ്പെടുത്തിയതായി തോന്നിയില്ല. വളരെ കാഷ്വലായിട്ടുള്ള കുശലാന്വേഷണങ്ങള്‍, കൊച്ചുകൊച്ചു തമാശകള്‍, ക്ലിനിക്കിലെ വിശേഷങ്ങള്‍ എന്നിവയെല്ലാം പറയുന്നതിനിടയില്‍ എന്റെ പ്രശ്‌നം, എങ്ങിനെ അവതരിപ്പിക്കും... ? എവിടെ തുടങ്ങണം... ? എന്നറിയാതെ വിഷമിച്ചു. മാത്രവുമല്ല. അന്ന് ക്ലിനിക്കില്‍ കൗണ്‍സലിംഗിനെത്തിയ ഒരു സ്ത്രീയെക്കുറിച്ച് സംസാരിക്കുവാനാണ്‌ ആന്റി  കൂടുതല്‍ താത്പര്യം കാണിച്ചതും. ആ വിഷയം എന്നെയും ഒരുപാട് സ്പര്‍ശിച്ചതിനാല്‍ മറ്റൊന്നും സംസാരിക്കുവാനും തോന്നിയില്ല.

അന്ന്‌ ആന്റിയുടെ ക്ലിനിക്കില്‍ കൗണ്‍സലിംഗിനെത്തിയ, ആന്റിയുടെ സംസാരത്തിലെ കേന്ദ്രബിന്ദുവായ, സ്ത്രീയുടെ പേര് രത്‌നാബായി എന്നായിരുന്നു. ഒരു മനോരോഗിയായി മാറുമോയെന്ന് അവര്‍ തന്നെ ഭയക്കുന്നു എന്നതാണ് അവരുടെ പ്രശ്‌നം. നല്ല പ്രായത്തില്‍ ഒരു പ്രൊഫണനല്‍ ബിസിനസ്സ് ക്ലാസ്സ് കോള്‍ ഗേളായിരുന്നുവത്രെ. ഇടയില്‍ ഒരു കസ്റ്റമര്‍ക്ക് അവരോട് കലശലായ പ്രേമവും. വിവാഹവും കഴിച്ചു. ഒരു കുഞ്ഞ് ജനിച്ചതിനുശേഷം വേര്‍പിരിയുന്നു. രത്‌നാബായി വീണ്ടും പഴയ പ്രൊഫഷനിലേയ്ക്ക്. തന്റെ പ്രൊഫഷനെക്കുറിച്ച്, മകന്‍ അറിയാതിരിക്കുവാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനായി നന്നേ ചെറുപ്പം മുതല്‍ക്കു തന്നെ അവനെ ബോര്‍ഡിങ്ങുകളിലും ഹോസ്റ്റലുകളിലും താമസിപ്പിച്ചു പഠിപ്പിക്കുന്നു. ഹയര്‍ സെക്കന്‍ഡറി പരീക്ഷ തോറ്റതിനുശേഷം മകന്‍, പഠിപ്പ് നിര്‍ത്തി വീട്ടിലേയ്ക്കു മടങ്ങുന്നു. അതോടെ, രത്‌നാബായി, അവര്‍ താമസിച്ചിരുന്ന പഴയ വീടും സ്ഥലവും ഉപേക്ഷിക്കുന്നു. ഒരു പുതിയ സ്ഥലത്ത്, പുതിയ മനുഷ്യര്‍ക്കിടയില്‍, ഒരു പുതിയ ജീവിതം ആരംഭിക്കുന്നു. മകന്‍ സ്വപ്നങ്ങളേറെയുള്ള, എന്നാല്‍ ലക്ഷ്യബോധം ഒട്ടുമില്ലാത്ത, അലസ യുവത്വം. അവര്‍ തമ്മില്‍ സൗഹൃദസംഭാഷണങ്ങള്‍ പോലും വളരെ കുറവ്. അത്തരം സംഭാഷണങ്ങള്‍ ഒഴിവാക്കുവാന്‍, മകന്‍ മനഃപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് രത്‌നാബായി വിശ്വസിക്കുന്നത്.

ഒട്ടുമിക്ക അമ്മമാരും നേരിടുന്ന പ്രശ്‌നങ്ങള്‍ തന്നെയെന്ന് ആശ്വസിക്കാം. പക്ഷെ... രത്‌നാബായിയെ അലട്ടുന്ന പ്രശ്‌നം തികച്ചും വ്യത്യസ്തമാണ്. അതാണ് ആന്റിയെ കുഴപ്പിക്കുന്നതും എന്നെ ഏറെ ചിന്തിപ്പിച്ചതും.  മകന്‍, അശ്ലീല വീഡിയോകളില്‍ മുഴുകിയിരിക്കുന്നത്, തികച്ചും അപ്രതീക്ഷിതമായി, അവര്‍ കാണുവാനിടയാകുന്നു. മിക്കവാറും രാത്രികളില്‍ അവനത് ശീലമാക്കിയിരിക്കുന്നുവെന്നും മനസ്സിലാക്കുന്നു. ഉപദേശിക്കുവാന്‍ അവര്‍ക്ക് ഭയം. മകന്റെ ഭാവിയെക്കുറിച്ചുള്ള വേവലാതിയേക്കാള്‍, അവരെ ഇപ്പോള്‍ വേട്ടയാടുന്നത്, അവരുടെ ഭൂതകാലമാണ്. ഏതെങ്കിലും രീതിയില്‍ അവരുടെ മുന്‍കാല ജീവിതത്തെക്കുറിച്ച് മകന്‍ അറിഞ്ഞിട്ടുണ്ടാകുമോ ? ഉപദേശിച്ചാല്‍, അവനെന്തെങ്കിലും തിരിച്ചു ചോദിച്ചാല്‍, നല്‍കുവാന്‍ എന്തു മറുപടിയാണുള്ളത്..?, അവന്‍ വഴി തെറ്റിപോകുമോ..?, അതിന് താനായിരിക്കുമോ ഉത്തരവാദി..?, എന്നതൊക്കെയാണ് ഇപ്പോള്‍ അവരെ അലട്ടുന്ന ചോദ്യങ്ങള്‍. എത്ര മറക്കാന്‍ ശ്രമിച്ചാലും ഇന്നലെകള്‍ വിടാതെ പിന്‍തുടരുമെന്നത് എത്ര ശരിയാണ്. കടുത്ത മാനസിക പിരിമുറുക്കത്തില്‍നിന്നും എങ്ങിനെയാണ് അവര്‍ക്ക് മുക്തി നേടുവാന്‍ കഴിയുക...? ആന്റിക്ക് എങ്ങനെയാണ് അവരെ സഹായിക്കുവാനാകുക...? തുടങ്ങിയ എന്റെ സംശയങ്ങള്‍ക്കുള്ള മറുപടി, ആന്റിയുടെ സ്ഥായീഭാവമായ പുഞ്ചിരി മാത്രം.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചിന്തിക്കുകയായിരുന്നു. എന്റെ വരവിനെക്കുറിച്ച് ആന്റി ഒന്നും ചോദിച്ചില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. ഞാനിവിടെ എത്തിയിട്ടുണ്ടെന്ന് മമ്മി ഇതിനോടകം അറിഞ്ഞിരിക്കുമെന്നത് ഉറപ്പാണ്. ഒരുപക്ഷെ, പപ്പയും മമ്മിയും ജൂലിയാന്റിയോട് സംഭവിച്ചതൊന്നും മുഴുവനായും പറഞ്ഞിട്ടില്ലായിരിക്കാം. എത്ര നിഷേധിച്ചാലും ന്യായീകരിച്ചാലും അവഗണിച്ചാലും ചില എതിര്‍പ്പുകള്‍ മനസ്സിനെ ശല്ല്യപ്പെടുത്തി കൊണ്ടേയിരിക്കും. പിടിക്കപ്പെട്ടതിനുശേഷം പഠിക്കുവാന്‍ മാത്രമല്ല, ശരിക്കൊന്നുറങ്ങുവാന്‍ പോലും കഴിയുന്നില്ല. പ്രണയം ഇത്രമാത്രം സങ്കീര്‍ണ്ണമാണെന്ന് ഇതുവരെ കരുതിയിരുന്നില്ല. ഉറക്കം വരാതായപ്പോള്‍ എഴുന്നേറ്റിരുന്ന് കുറച്ചുനേരം പഠിക്കാന്‍ ശ്രമിച്ചു. ഏറ്റവും ഫലപ്രദമായ ഉറക്കഗുളികകള്‍, പഠിക്കുവാനുള്ള പുസ്തകങ്ങളാണെന്നാണ് ഈയിടെയായി അനുഭവം.
.................................................................................................

മലനിരകളിലെ പ്രഭാതങ്ങള്‍ക്ക് ഒരു കാവ്യഭംഗിയുണ്ട്. റോസ് വില്ലയുടെ ബാല്‍ക്കണിയില്‍, കോടമഞ്ഞിന്റെ തണുപ്പില്‍, നീലാകാശവും വെളുത്ത മേഘങ്ങളും ഇരുണ്ട പച്ചപ്പും കരിനീല മലനിരകളും ചേര്‍ന്നൊരുക്കുന്ന, അപൂര്‍വ്വസുന്ദരമായ ഈ പശ്ചാത്തലത്തില്‍ അലിഞ്ഞുചേര്‍ന്നു നില്‍ക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെ. അവിടെ നിന്നാല്‍ തൊട്ടടുത്തുള്ള ഹോഴ്‌സ് റേസിംഗ് വെന്യുവും കാണാം. പരിശീലനം നടത്തുന്ന കുതിരകളേയും അവയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന കൗബോയ് സ്‌റ്റൈല്‍ മനുഷ്യരേയും.

അക്കൂട്ടത്തില്‍, എന്നെ ഏറ്റവും ആകര്‍ഷിച്ചത്, നെറ്റിയില്‍ കറുത്ത ചുട്ടിയുള്ള ഒരു വെളുത്ത കുതിരയാണ്, അതിനെ നിയന്ത്രിക്കുവാന്‍ കഷ്ടപ്പെടുന്ന, നീല ക്യാപ്പണിഞ്ഞ യുവാവും സുന്ദരനാണ്. അവന്റെ മുഖം പരിചിതമായി തോന്നി.  ആ കുതിരയും. കഴിഞ്ഞ ദിവസം അഡ്രസ്സ് പറഞ്ഞു തന്നയാള്‍ തന്നെ. കുതിരയോടിക്കുവാന്‍ പഠിക്കുന്നതേയുള്ളൂ എന്നു തോന്നുന്നു. അവസരം കിട്ടുമ്പോഴെല്ലാം എന്റെ ശ്രദ്ധയാകര്‍ഷിക്കുവാനും അവന്‍ വളരെയധികം പരിശ്രമിക്കുന്നുണ്ടായിരുന്നു. നീലേശ്വറുമായി അടുക്കുന്നതിനു തൊട്ടുമുമ്പുവരെ അത്തരം നോട്ടങ്ങള്‍ ഞാന്‍ ആസ്വദിച്ചിരുന്നു. സാഹചര്യം അനുകൂലമെങ്കില്‍ ആരാധകരെ നിശബ്ദമായി പ്രോത്സാഹിപ്പിക്കാറുമുണ്ടായിരുന്നു. കണ്ണുകള്‍, മലനിരകള്‍ക്കു മുകളിലൂടെ ഒഴുകിനീങ്ങുന്ന മേഘങ്ങളിലേയ്ക്കും പിന്നെ ആന്റിയിലേയ്ക്കും പറിച്ചുനട്ടു. മുടിയിഴകള്‍ ചെവിക്കു മുകളിലേക്കൊതുക്കി വെച്ച്, കണ്ണടയ്ക്കു പുറകിലെ നിണ്ടുവിടര്‍ന്ന കണ്ണുകളാല്‍, ആന്റി, എന്റെ കണ്ണുകളിലേയ്ക്കും റേസിംഗ് വെന്യുവിലേയ്ക്കും  മാറി മാറി നോക്കുന്നുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാം. എവിടെനിന്ന് തുടങ്ങണം എങ്ങിനെ തുടങ്ങണം എന്ന് ചിന്തിക്കുമ്പോഴാണ് ആന്റിയുടെ ചോദ്യം

"നീ കുതിരകളെ തന്നെയല്ലേ നോക്കുന്നത്.?"

ആന്റിയുടെ കണ്ണുകളില്‍, എന്താ എന്റെ സംശയം ശരിയല്ലേ, എന്നൊരു കുസൃതിയും ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. നീലതൊപ്പിവെച്ച സുന്ദരന്റെ നോട്ടങ്ങള്‍ ആന്റിയും ശ്രദ്ധിച്ചിരിക്കുന്നു. തത്കാലം നിഷേധം കൊണ്ടു പ്രതിരോധിക്കാം. ഈയിടെയായി ചമ്മലുകള്‍ അലങ്കാരങ്ങളാണല്ലോ.

"ഏയ്... അല്ലല്ല... ഞാന്‍ മലനിരകളുടെ ഭംഗിയാണ് നോക്കികൊണ്ടിരുന്നത്."

"ആണോ..? അത് മലകളായിട്ടാണോ നിനക്കു തോന്നുന്നത് ?"

"അല്ലാതെ പിന്നെ..?"

"ഗ്രോ അപ് ഗേള്‍... ഗ്രോ അപ്... തിങ്ക് ലൈക്ക് എ വുമണ്‍."

ഞാന്‍ സംശയത്തോടെ നോക്കി. ആന്റി വീണ്ടും ചിരിച്ചു.

"ദേ ആര്‍ നോട്ട് മൗണ്ടന്‍സ് ഡിയര്‍... ദേ ആര്‍ ബ്രെസ്റ്റ്‌സ്... ബ്യൂട്ടിഫുള്‍ ബ്രെസ്റ്റ്‌സ് ഓഫ് ലേഡി എര്‍ത്ത്.... മലകളുടെ നിറുകകളല്ല,  മേഘങ്ങളുടെ തലോടലേറ്റ് ഉണര്‍ന്നെഴുന്നു നില്‍ക്കുന്ന, നിര്‍വൃതിയിലുറഞ്ഞുപോയ, മുലകണ്ണുകളാണവ. ജസ്റ്റ് ലൈക് ഇറക്റ്റഡ് നിപ്പിള്‍സ്. "

ഉപമ കൊള്ളാം. പക്ഷെ, എനിക്ക് ചിരിക്കുവാന്‍ കഴിയുന്നില്ല.

"ഈ മലനിരകള്‍ക്ക് ഒരു ഇരട്ടപേരുണ്ട്. നീ കേട്ടിട്ടുണ്ടോ...? "

എന്റെ തോളെല്ലുകള്‍ ഉയര്‍ന്നു താഴ്ന്നു. അറിയില്ലെന്നര്‍ത്ഥത്തില്‍.

"സ്ലീപിംഗ് ലേഡി മൗണ്ടന്‍. ഉറങ്ങുന്ന സുന്ദരിയെന്നാണ് ഈ മലനിരകള്‍ അറിയപ്പെടുന്നത്. മേഘങ്ങള്‍ തഴുകികൊണ്ടിരിക്കുന്നത് അവളെയാണ്. തഴുകലില്‍നിന്നും ആരംഭിച്ച് ആലിംഗനത്തിലേക്ക് എത്തിച്ചേരുന്നതുപോലെ, ചിലപ്പോഴെല്ലാം മേഘങ്ങളുടെ കൈകകള്‍ ഒരു പുതപ്പുപോലെ, അവളെ പുല്‍കി മറയ്ക്കുന്നതും ഞാന്‍ കാണാറുണ്ട്. മഴമേഘങ്ങളുടെ ഞരമ്പുകളിലൂടെ മിന്നല്‍പിണരുകള്‍ പടരുന്നതും, നിശ്വാസങ്ങളുടെ കാറ്റിനു വേഗതയേറുന്നതും, ഒടുവില്‍, ആര്‍ത്തലച്ച്, അവളില്‍ പെയ്തിറങ്ങുന്നതും കാണാറുണ്ട്. ആ നനവിലായിരിക്കണം, അവളുടെ മെയ്യില്‍. കുളിരില്‍ എഴുന്നുനില്‍ക്കുന്ന നനുത്ത രോമങ്ങളെപോലെ, പുല്‍നാമ്പുകള്‍ കിളിര്‍ത്തത്. കാലങ്ങളായി അവളില്‍ പൂത്തുലഞ്ഞുകൊണ്ടിക്കുന്ന രോമാഞ്ചമായിരിക്കണം, താഴ്‌വരയിലെ കാടുകള്‍. ദിവ്യവും വന്യവുമായ ഒരു പ്രണയമാണത്. ദി മോസ്റ്റ് ഇറോട്ടിക് സീന്‍ ഐ ഹാവ് എവര്‍ സീന്‍."

മലയെ മുലയായും മലയുടെ നിറുകയെ ഒരു മുലക്കണ്ണായും സങ്കല്‍പ്പിക്കുമ്പോള്‍...

നീലേശ്വറിന്റെ വിരലുകള്‍ക്കും മേഘങ്ങളുടെ തണുപ്പായിരുന്നു. മടിയില്‍ തലചായ്ച്ച്‌, അവന്റെ കൈകളുടെ കുസൃതികളില്‍ അലിഞ്ഞ്, ഒന്നും അറിയാത്തതുപോലെ, ആകാശത്തില്‍ ഒളിമിന്നുന്ന നക്ഷത്രങ്ങളിലേയ്ക്ക് നോക്കി കിടക്കുകയായിരുന്നു.

"ഏയ്.... സെലിന്‍..."

ആന്റിയുടെ വിളിയില്‍ ഞെട്ടിയുണര്‍ന്നു. ശരീരമാകെ ഉണര്‍ന്നിരിക്കുന്നതുപോലെ. കൈതണ്ടയിലെ രോമങ്ങള്‍ എഴുന്നുനില്‍ക്കുന്നു. നീലേശ്വറിന്റെ കൈകളെ തട്ടിമാറ്റി, മുഖത്ത് മിന്നിമറയുന്ന നാണത്തിന്റെ അളവ്, ആന്റിക്കുകൂടി സ്വീകാര്യമായ അളവില്‍ ക്രമീകരിക്കുവാന്‍ ശ്രമിച്ച്, വിളറിയ ചിരിയോടെ പറഞ്ഞു.

"റൈറ്റ് ആന്റി. ഇറ്റ്‌സ് റിയലി എ ബ്യൂട്ടിഫുള്‍ കോണ്‍സെപ്റ്റ്."

"ഉംം... കോണ്‍സെപ്റ്റ് വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടുവെന്ന്, നിന്റെ ചുവന്നുതുടുത്ത മുഖംതന്നെ വിളിച്ചുപറയുന്നുണ്ട്. എന്തിനാണൊരു ചമ്മല്‍... പ്രണയത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍, ശരീരവും മനസ്സും പ്രതികരിക്കുന്നത് സ്വാഭാവികമല്ലേ...? "

അവിടെ എനിക്കു പിടിവിട്ടുപോയി. ഞാന്‍ കരഞ്ഞുപോയി. അതുവരെ തടുത്തുനിര്‍ത്തിയതെല്ലാം കുത്തിയൊഴുകി. ഒരു കുഞ്ഞിനെപോലെ ആന്റിയെന്നെ ചേര്‍ത്തുപിടിച്ചു.

"എലിസബത്ത് വിളിച്ചിരുന്നു. എന്നോടെല്ലാം പറഞ്ഞു... സ്‌നേഹിക്കരുതെന്നോ... ആ പയ്യനെ മറക്കണമെന്നോ ഞാന്‍ പറയുന്നില്ല. പക്ഷെ പഠിക്കണം. ഓര്‍മ്മകളെ തത്കാലത്തേയ്ക്ക് അകറ്റിനിര്‍ത്തണം. ജീവിതം വിജയിക്കുമ്പോള്‍ മാത്രമാണ് പ്രണയവും വിജയിക്കാറുള്ളത്."

കണ്ണുകളും കവിളുകളും തുടച്ച് ചിരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു.

"ഐ ലൗ ഹിം സോ മച്ച് ആന്റി... ഇറ്റ് ജസ്റ്റ് ഹാപ്പന്‍ഡ്. വി വേര്‍ ജസ്റ്റ്..... അല്ലാതെ മമ്മി പറയുന്നതുപോലെ..."

"ലീവ് ഇറ്റ്... ഫോര്‍ഗെറ്റ് ഇറ്റ്."

റൂമിലേയ്ക്ക്‌ മടങ്ങുന്നതിനു മുമ്പ്, ഹോഴ്‌സ് റേസിംഗ് വെന്യുവിലേയ്ക്ക് വെറുതെ ഒന്നുകൂടി നോക്കി. നീലതൊപ്പിവെച്ച നോര്‍ത്തിന്ത്യന്‍ സുന്ദരന്‍, അവന്റെ വെളുത്ത കുതിരയെ, താഴ്‌വരയിലെ മരച്ചുവട്ടില്‍ കെട്ടിയിടുവാനുള്ള ശ്രമത്തിലാണ്. അതിനിടയിലും അയാളുടെ കണ്ണുകള്‍ എന്നിലേയ്ക്കു തന്നെയാണ് നീളുന്നത്.
......................................................................................

ആന്റിയോട് സംസാരിച്ചതിനുശേഷം അല്‍പ്പം ആശ്വാസം തോന്നിയെങ്കിലും, നീലേശ്വറെ മറക്കുവാന്‍ കഴിയുന്നില്ല. പ്രണയത്തെ അകറ്റി നിര്‍ത്തുവാനും.  പഠിക്കുവാനും കഴിയുന്നില്ല. ഷവറില്‍നിന്നും പെയ്ത ചെറുമഴയില്‍ നനഞ്ഞു കുളിരുമ്പോള്‍, മലകളില്‍ പെയ്തിറങ്ങുന്ന മേഘങ്ങളുടെ പ്രണയമോര്‍ത്തു. ശരീരത്തിലൂടെ ഒഴുകിപരക്കുന്ന നീര്‍ച്ചാലുകള്‍ നീലേശ്വറിന്റെ കൈകളേയും ചുണ്ടുകളേയും ഓര്‍മ്മിപ്പിച്ചു. പിന്നെ ഒരുപാട് നേരം, ശരീരം തണുത്തുവിറയ്ക്കുവോളം കരഞ്ഞിരുന്നു. ഒന്നും വേണ്ടായിരുന്നു. മറ്റുള്ളവരുടെ മുമ്പില്‍ അചഞ്ചലയായി അഭിനയിക്കുകയും ഒറ്റയ്ക്കിരിക്കുമ്പോള്‍ മതിവരുവോളം കരയുകയും ചെയ്യുക എന്നത് കുട്ടിക്കാലം തൊട്ടേയുള്ള ശീലമാണ്.

ഒരു ഔട്ടിംഗെന്നേ ആന്റി പറഞ്ഞുള്ളൂ. ചെറിയൊരു ഷോപ്പിംഗും പുറത്തുനിന്ന് ഭക്ഷണവും. ആദ്യം പോയത് പള്ളിയിലേയ്ക്കാണ്. അവിടെ വെച്ചും അയാളെ കണ്ടുമുട്ടി. പരിചിതനെപ്പോലെ അയാള്‍ ചിരിച്ചു. ആന്റി കേള്‍ക്കെതന്നെ ആ വാചകം തന്നെ ആവര്‍ത്തിച്ചു.

"ഹായ്... സ്റ്റില്‍ ഐ ഫീല്‍... ഐ ഹാഫ് സീന്‍ യു സംവേര്‍ ബിഫോര്‍..."

ഒന്നും പറയാതെ ഒഴിഞ്ഞുമാറി. പക്ഷെ ആ കണ്ണുകള്‍ വിടാതെ പിന്‍തുടരുന്നുണ്ട്. അയാളില്‍നിന്നും സുരക്ഷിതമായ അകലത്തിലേയ്ക്കു മാറിയപ്പോള്‍ ആന്റി തമാശയോടെ ചോദിച്ചു.

"ഇവിടെയും നിനക്ക് ആരാധകരുണ്ടോ ?"

വഴി ചോദിച്ചതും അയാളുടെ കണ്ണുകള്‍ പിന്‍തുടരുന്നതുമെല്ലാം പറഞ്ഞപ്പോള്‍ ആന്റി വീണ്ടും ചിരിച്ചു. മുമ്പെവിടെയും അയാളെ കണ്ടുമുട്ടിയതായി ഓര്‍ക്കുന്നില്ല. എന്തായിരിക്കും അയാളുടെ ഉദ്ദേശ്യം.? മടങ്ങുമ്പോഴും അയാളെ കുറിച്ചാണ് ചിന്തിച്ചത്. ആന്റിയോടത് പറയുകയും ചെയ്തു.

"എവിടേക്കാണ് വ്യതിചലിക്കുകയെന്ന് പ്രവചിക്കുവാന്‍ കഴിയാത്ത ഒരു പ്രതിഭാസമാണ് മനസ്സ്. അയാളുടെ കണ്ണുകള്‍ തേടുന്നതെന്തെന്ന് ഇപ്പോള്‍ നീയും അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു. ഇറ്റ്‌സ് എ കൈന്‍ഡ് ഓഫ് റെസിപ്രൊക്കേഷന്‍. അനാവശ്യമായ ചിന്തകളെ പിന്‍തുടരരുതെന്നാണ് എന്റെ ഒരു പേഴ്‌സണല്‍ ഒപീനിയണ്‍."

ശരിയാണ്. എന്നെ പിന്‍തുടരുന്നത് അയാളുടെ കണ്ണുകളാണെങ്കില്‍, ഇപ്പോള്‍ അയാളെ പിന്‍തുടരുന്നത് എന്റെ ചിന്തകളാണ്. അയാളെ ചിന്തകളില്‍നിന്നും പുറത്താക്കി, ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ആന്റി ഒരു സ്ത്രീയെ കാണിച്ചുതന്നത്.

"ഞാനന്നു പറഞ്ഞ സ്ത്രീയില്ലേ.. ഒരു രത്‌നാബായി. അവരെകണ്ടാല്‍ ശരിക്കും, ദാ... അങ്ങേയറ്റത്തിരിക്കുന്ന ആ സ്ത്രീയേപോലിരിക്കും."

തടിച്ചു സുന്ദരിയായ ഒരു സ്ത്രീയെയായിരുന്നു ആന്റി കാണിച്ചു തന്നത്.

"അവര്‍ വീണ്ടും വന്നിരുന്നു. എന്റെ കൗണ്‍സലിംഗൊന്നും ഫലിക്കുന്ന ലക്ഷണമില്ല. അവരുടെ മകന്റെ കണ്ണുകള്‍ ഇപ്പോള്‍ വൃത്തികേടുകള്‍ മാത്രമേ കാണുന്നുള്ളൂവെന്ന്. മറ്റുള്ളതൊന്നും കാണുന്നില്ലത്രേ. ഇറ്റ്‌സ് ഹൈ ടൈം... ഐ ഹാവ് റ്റു ഡു സംതിംഗ്."

..................................................................................

കേട്ടുപരിചയം മാത്രമുള്ള ഒരു സ്ത്രീയാണെങ്കിലും, രത്‌നാബായിയെ അഡ്മിറ്റ് ചെയ്തുവെന്നു കേട്ടപ്പോള്‍ മനസ്സൊന്നു വിഷമിച്ചു. ആദ്യം മുതലേ ആ സ്ത്രീയോട് വല്ലാത്ത സഹതാപം തോന്നിയിരുന്നു. ആന്റിയുടെ ക്ലിനിക്കില്‍ ഇതുവരെ പോയിട്ടില്ല. കൂടെ വന്നോട്ടെ എന്നു ചോദിപ്പോള്‍ ആന്റി സന്തോഷപൂര്‍വ്വമാണ് പ്രതികരിച്ചത്.

"വൈ നോട്ട്... ഇന്നുതന്നെ വന്നോളൂ. വേഗം റെഡിയായിക്കോളൂ."

ക്ലിനിക്കെന്നാണ് ആന്റി വിശേഷിപ്പിക്കാറെങ്കിലും. അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉണ്ട്. ആന്റിയോടൊപ്പം രത്‌നാബായിയുടെ മുറിയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഒന്നു ഞെട്ടി. അഡ്രസ്സ് പറഞ്ഞുതന്ന നോര്‍ത്തിന്ത്യന്‍ ലുക്കുള്ള സുന്ദരന്‍ അവിടെയും. എന്നെ പിന്‍തുടരുന്ന കണ്ണുകളുടെ ഉടമ. ഹോഴ്‌സ് റേസിംഗ് വെന്യുവിലെ സ്ഥിരം ആരാധകന്‍... അയാള്‍ ഇവിടെയും. വീണ്ടും അതേ ചോദ്യം ചോദിക്കുമോ.? എന്നെ കണ്ടപ്പോള്‍ അയാളും ഒന്നു ഞെട്ടിയതുപോലെ. രത്‌നാബായി തലയിണയില്‍ തല ചായ്ച്ച് മലര്‍ന്നു കിടക്കുകയാണ്. അന്നു ഹോട്ടലില്‍വെച്ചു ആന്റി കാണിച്ചുതന്ന സ്ത്രീയെപ്പോലെതന്നെ. തടിയുണ്ട്. മുഖം സുന്ദരമെങ്കിലും വിഷാദത്തിന്റെ നിഴല്‍. ആന്റിയെ കണ്ടതും അവര്‍ ചെറുതായിട്ടൊന്നു ചിരിച്ചു.

"ഗുഡ് മോണിംഗ് രത്‌നാ... ഹൗ യു ഫീല്‍ നൗ..?"

അവര്‍ ചിരിച്ചുവെങ്കിലും, ആന്റിയുടെ ചോദ്യത്തിന് മറുപടിയൊന്നും പറഞ്ഞില്ല. ആന്റിയും അത് പ്രതീക്ഷിച്ചില്ലെന്നു വേണം കരുതുവാന്‍. തുടര്‍ന്നും ആന്റി തന്നെയാണ് സംസാരിച്ചത്.

"നതിംഗ് റ്റു വറി. എവരിതിംഗ് ഈസ് ഗോണ്ണാ ബി ഓള്‍ റൈറ്റ്... ബൈ ദി വേ.. ഹൂ ഈസ് ഹി...?"

അയാളെക്കുറിച്ചാണ് ചോദ്യം... മറുപടിയും അയാള്‍ തന്നെ പറഞ്ഞു.

"ഐയാം.. ഛന്ദന്‍... ഹേര്‍ സണ്‍."

അപ്പോള്‍ അതാണ് കക്ഷി. രത്‌നാബായിയുടെ പോണ്‍ അഡിക്റ്റായ മകന്‍. വൃത്തികെട്ടവന്‍. മുമ്പെവിടെയോ കണ്ടിട്ടുണ്ടെന്നും പറഞ്ഞ് പിന്നാലെ കൂടിയതിന്റെ ഉദ്ദേശം വേറൊന്നുമല്ല. പ്രായത്തേക്കാള്‍ വലുപ്പമുള്ള ശരീരം. ഒപ്പമുള്ള നഴ്‌സിനോട് എന്തോ പറഞ്ഞിട്ട് ആന്റി ഛന്ദനു നേരെ തിരിഞ്ഞു.

"ഓ.. ഛന്ദന്‍... ഐ ആം ഹാപ്പി ദാറ്റ് യു കം... ഇഫ് യു ഡോണ്ട് മൈന്‍ഡ് പ്ലീസ് കം റ്റു മൈ കണ്‍സള്‍ട്ടിംഗ് റൂം."

"യെസ് ഡോക്ടര്‍.."

പുറത്തേക്കിറങ്ങുവാന്‍ തുടങ്ങിയ എന്നോട് ശബ്ദം താഴ്ത്തിയാണ് ആന്റി പറഞ്ഞത്.

"കുറച്ചു നേരം രത്‌നാബായിയുടെ അടുത്തിരിക്കൂ. ജസ്റ്റ് ഫോര്‍ എ കമ്പനി സെയ്ക്ക്. പേടിക്കാനൊന്നുമില്ല.ആന്റിയിപ്പോ വരും."

ചിരിച്ചുകൊണ്ട് തലയാട്ടിയെങ്കിലും, ആന്റിയും ഛന്ദനും നഴ്‌സും പോയിക്കഴിഞ്ഞപ്പോള്‍, ശരിക്കും പേടിതോന്നി. രത്‌നാബായി ആത്മാര്‍ത്ഥമായി ചിരിക്കുന്നതുപോലെ. ചിരിച്ചുവെന്നു വരുത്തി. അവര്‍ പേര് ചോദിച്ചു. എന്തു ചെയ്യുന്നുവെന്ന് ചോദിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ മറുപടി കൊടുത്തു. ഇംഗ്ലീഷിലായിരുന്നു സംസാരം. അവരെന്റെ കൈയ്യില്‍ പിടിച്ചു. എന്റെ സൗന്ദര്യത്തെ പുകഴ്ത്തി. തമാശകള്‍ പറഞ്ഞു. അത്ഭുതം തോന്നി. ഈ സ്ത്രീയ്ക്ക് ഒരു മാനസിക പ്രശ്‌നമുള്ളതായും തോന്നിയില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ ആന്റിയും നഴ്‌സും ഛന്ദനും  തിരികെ വന്നു. രത്‌നാബായിയോട് യാത്ര പറഞ്ഞ് തിരിയുമ്പോള്‍, ഛന്ദന്‍, വീണ്ടും ആ വാചകം തന്നെ ആവര്‍ത്തിച്ചു.

"ട്രസ്റ്റ് മി... ഐ ഹാവ് സീന്‍ യു ബിഫോര്‍.  ബട്ട് ഐ ജസ്റ്റ് കാണ്ട് റിമമ്പര്‍... വേര്‍.. ഓര്‍ വെന്‍..."

"യു ആര്‍ റൈറ്റ് ഛന്ദു... മീ റ്റൂ..."

മറുപടി പറഞ്ഞത്, അയാളുടെ അമ്മ രത്‌നാബായിയാണ്. അവരും അതുതന്നെ പറഞ്ഞത് എന്നെ ഞെട്ടിച്ചു. എന്നെ നോക്കി വാത്സല്യത്തോടെ ചിരിക്കുമ്പോഴും രത്‌നാബായി എന്തോ ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു. വളരെ പെട്ടെന്നാണവര്‍ പറഞ്ഞത്.

"യെസ്.. ഛന്ദു.. യെസ്... ഐ ഹൈവ് സീന്‍ ഹേര്‍ ഇന്‍ യുവര്‍ കംപ്യൂട്ടര്‍......"

പറയാന്‍ തുടങ്ങിയത് അവര്‍ മുഴുവനാക്കിയില്ല. അരുതാത്തതെന്തോ പറഞ്ഞുപോയതുപോലെ, അവര്‍ പാതിയില്‍ നിര്‍ത്തി. അവരുടെ ചുണ്ടുകള്‍ കമ്പ്യൂട്ടര്‍ എന്ന വാക്കിന്റെ "ട്ടര്‍" എന്ന അക്ഷരങ്ങളില്‍തന്നെ തട്ടി നില്‍ക്കുകയാണ്. അവരുടെ മുഖം ശരിക്കും വിളറുന്നുണ്ട്. അതിനേക്കാളേറെ വിളറുന്നത് ഛന്ദന്റെ മുഖമാണ്. ആന്റിയുടെ മുഖത്തും അവിശ്വസനീയതയും ഞെട്ടലും നിഴലിക്കുന്നുണ്ട്. നഴ്‌സിനു മാത്രം ഒന്നും മനസ്സിലാകാത്തതുപോലെ..

എല്ലാവരുടെ നോട്ടങ്ങളും എന്നിലേയ്ക്ക കേന്ദ്രീകരിക്കുന്നതുപോലെ... ആ മുറിയില്‍ നിന്നും അതിവേഗം പുറത്തുകടന്നു. കംപ്യൂട്ടറില്‍..! സ്ഥിരം അശ്ലീല വീഡിയോകള്‍ ആസ്വദിക്കുന്ന, അയാളുടെ കമ്പ്യൂട്ടറില്‍..!!. എന്നെയും.!!!. കരച്ചിലോ.. വെറുപ്പോ.. ഉള്ളില്‍ നിറയുന്നത് ഏത് വികാരമാണെന്ന് തിരിച്ചറിയുവാനാവാതെ, ഓടുന്നതുപോലെയാണ്  നടന്നത്. നീലേശ്വര്‍ അത്രയും വൃത്തികെട്ടവനായിരുന്നുവോ... അവനു ഞാന്‍ നല്‍കിയതെല്ലാം അവന്‍ ലോകത്തിനും... ഇനിയെങ്ങിനെ... ആന്റിയെ അഭിമുഖീകരിക്കും.. മമ്മിയെ... പപ്പയെ.. ലോകത്തെ... ജീവനോടെ ഇല്ലതാകുന്നതുപോലെ.

ആന്റിയുടെ കണ്‍ള്‍ട്ടിംഗ് റൂമിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന് ടേബിളില്‍ തലചായ്ച്ചിരുന്നു. നീലേശ്വറിനോടല്ല.. ഏറ്റവുമധികം വെറുപ്പ് തോന്നുന്നത് എന്നോടുതന്നെയാണ്. എവിടേയ്ക്കാണൊന്നു രക്ഷപ്പെടുക. ആന്റിയുടെ കൈ ചുമലില്‍ സ്പര്‍ശിച്ചതും, പിടിച്ചുനിര്‍ത്തിയതെല്ലാം കുമിളപോലെ പൊട്ടിയതും, ഒരുമിച്ചായിരുന്നു. മുഖമുയര്‍ത്തിയില്ല. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ വികൃതമായി കരഞ്ഞു. ആശ്വസിപ്പിക്കുവാന്‍ ആന്റി തുനിഞ്ഞില്ല. കരച്ചിലിനോളം ആശ്വാസം തരുന്ന മറ്റെന്താണുള്ളതെന്ന് ചോദിക്കാറുള്ളത് ആന്റി തന്നെയാണല്ലോ.

തകര്‍ന്നുപോയ എന്നെ ആശ്വസിപ്പിക്കുവാന്‍,  ആന്റി കൊണ്ടുപോയത് വീട്ടിലേയ്ക്കായിരുന്നില്ല. പ്രകൃതിസുന്ദരമായ ഒരു ആത്മഹത്യാ മുനമ്പിലേയ്ക്കാണ്. മഞ്ഞുമൂടി നില്‍ക്കുന്ന ഇരുണ്ട ആഴങ്ങള്‍ക്കു മുന്നില്‍ ഒന്നും പറയാതെ സിമന്റ് ബെഞ്ചില്‍ ആന്റിയോടൊപ്പം. എത്ര കരഞ്ഞിട്ടും തീരുന്നില്ല. ഓര്‍ക്കുന്തോറും തികട്ടുകയാണ്.. എന്നോടുതന്നെ തോന്നുന്ന വെറുപ്പ്.

നീലേശ്വറൊടൊപ്പം പ്രണയം പങ്കിടുന്ന സുന്ദരനിമിഷങ്ങളിലൊന്നില്‍, പിടിക്കപ്പെട്ടപ്പോള്‍, എല്ലാവരുടേയും മുന്നില്‍, ഒരു വൃത്തികെട്ട ജന്തുവിനെപോലെ നില്‍ക്കേണ്ടി വന്നപ്പോള്‍, ഒരു വേള ആത്മഹത്യയെകുറിച്ചും മരണത്തെകുറിച്ചുമെല്ലാം  ചിന്തിച്ചിരുന്നു. പക്ഷെ, ഇന്നല്ലെങ്കില്‍ നാളെ, നീലേശ്വറിന്റേയും എന്റേയും പ്രണയം എല്ലാവരും അംഗീകരിക്കുമെന്നും, അതോടെ എല്ലാം കെട്ടടങ്ങുമെന്നും പ്രതീക്ഷിച്ചു. പക്ഷെ മരണത്തിന്റെ കൈകള്‍ക്ക്  ആശ്വസിപ്പിക്കുവാന്‍ കഴിയുമെന്ന ഒരു വിശ്വാസം ഇപ്പോള്‍ വളരുവാന്‍ തുടങ്ങിയിരിക്കുന്നു.

"ഒന്നുകില്‍, ലോകത്തിനു മുന്നില്‍ തോല്‍ക്കുവാന്‍ മനസ്സില്ലാത്തതുകൊണ്ട്, അല്ലെങ്കില്‍ ജീവിച്ചിരിക്കുന്നവരെ തോല്‍പ്പിക്കുവാന്‍.... ഓരോ ആത്മഹത്യക്കു പിന്നിലും ഇതിലേതെങ്കിലുമൊരു വാദഗതി കാണുമായിരിക്കും... അല്ലേ സെലിന്‍...?"

മൗനമെന്ന മറുപടി തന്നെയായിരിക്കും ആന്റി പ്രതീക്ഷിച്ചിരിക്കുക.  ആ ചോദ്യത്തിനുള്ള ഉത്തരവും ആന്റി തന്നെ പറഞ്ഞു.

"പക്ഷെ.... രണ്ടും ന്യായീകരിക്കുവാന്‍ കഴിയില്ല...  തോല്‍ക്കുവാന്‍ മനസ്സില്ലാത്തവര്‍ക്ക് എങ്ങിനെയാണ് കീഴടങ്ങുവാനാവുക, അതും ഭീരുത്വത്തിന്റെ പ്രതീകമായ, മരണത്തിന്റെ മുമ്പില്‍.... വേദനിപ്പിക്കുന്ന ഓര്‍മ്മകളിലൂടെ ജീവിച്ചിരിക്കുന്നവരെ തോല്‍പ്പിക്കുവാനുമാവില്ല, മറവിയുടെ ഒറ്റമൂലി ഉള്ളിടത്തോളം കാലവും."

തളര്‍ന്നിരിക്കുമ്പോള്‍ ആന്റിയുടെ കൈ തോളിലമരുന്നതറിഞ്ഞു.

"സെലിന്‍...  പ്രണയമെന്നത് വളരെ ഇന്ററസ്റ്റിംഗായിട്ടുള്ള, ഇന്‍വൈറ്റിംഗായിട്ടുള്ള ഒരു ഗെയിമാണ്. വിശേഷാല്‍ സഹൃദയരായ എല്ലാവര്‍ക്കും. പക്ഷെ... അറ്റ് ദി എന്‍ഡ് ഓഫ് ദി ഗെയിം... ചിലപ്പോള്‍ ജയിക്കാം. ചിലപ്പോള്‍ തോല്‍ക്കാം. ചിലപ്പോള്‍ ഒരു സമനിലയില്‍ അവസാനിപ്പിക്കേണ്ടിയും വന്നേക്കാം. ചിലപ്പോള്‍... നിര്‍ഭാഗ്യവശാല്‍, പരിക്കേറ്റ് പുറത്താകുവാനും മതി. അതിനെ അതിന്റേതായ അര്‍ത്ഥത്തിലും വ്യാപ്തിയിലും ഉള്‍ക്കൊള്ളുവാനുള്ള സ്പിരിറ്റ് വേണം. അതില്ലാതെ കളിക്കാനിറങ്ങുന്നവരാണ് ഒടുവില്‍ ഇത്തരം ആത്മഹത്യാ മുനമ്പുകളില്‍ എത്തിച്ചേരുക. പരാജയം ഇഷ്ടപ്പെടാത്തവര്‍ ഒരിയ്ക്കലും കളിക്കാന്‍ പാടില്ലാത്ത ഗെയിമാണ് പ്രണയം."

"നീലേശ്വര്‍  ഉപേക്ഷിച്ചാല്‍പോലും എനിക്കിത്ര വേദന തോന്നില്ലായിരുന്നു ആന്റി. തോല്‍ക്കുന്നത് അവന്റെ മുന്നില്‍ മാത്രമല്ലല്ലോ... ലോകത്തിന്റെ മുന്നിലല്ലേ.. ?"

"ആരു പറഞ്ഞു നീ ലോകത്തിന്റെ മുന്നില്‍ തോറ്റുവെന്ന്. മണ്ടൂസെ.. രത്‌നാബായി, അവരുടെ മകന്റെ കമ്പ്യൂട്ടറില്‍ നിന്നെ കണ്ടുവെന്ന് പറഞ്ഞത് സത്യമാണ്. രണ്ടുവര്‍ഷം മുമ്പ് നീയഭിനയിച്ച സ്‌കൂള്‍ ഡ്രാമയിലെ കിടിലന്‍ സീനാണ് അവര്‍ കണ്ടുവെന്നു പറയുന്നത്. ആരോ അത് മൊബൈലില്‍ പകര്‍ത്തി യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടിരുന്നതാണ്. അല്ലാതെ നീ കരുതുന്ന പോലെ ഒന്നും അവര്‍ കണ്ടിട്ടില്ല. പിന്നെ അവര്‍ പകച്ചത് എന്തുകൊണ്ടാണെന്നോ.? മകനറിയാതെയാണ് അവന്റെ കമ്പ്യൂട്ടര്‍ അവര്‍ പരിശോധിക്കാറുള്ളത്. മകന്‍ ഞെട്ടിയതിന്റെ പിന്നിലെ രഹസ്യവും വേറൊന്നല്ല. അവന്റെ കമ്പ്യൂട്ടര്‍ രഹസ്യങ്ങള്‍ അമ്മയ്ക്കറിയില്ല എന്നതായിരുന്നു അതുവരെയും അവന്റെ വിചാരം."

വിശ്വസിക്കുവാനാവാതെ, വിടര്‍ന്ന കണ്ണുകളോടെ, ആന്റിയെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ആ വാക്കുകള്‍ പകര്‍ന്ന ആശ്വാസം കുറച്ചൊന്നുമായിരുന്നില്ല. വീണ്ടും കണ്ണുകള്‍ നിറയുന്നു. കുറച്ചുനേരത്തേയ്ക്ക് ഞങ്ങളൊന്നും സംസാരിച്ചില്ല. ആശ്വാസത്തിന്റെ ആ ഷോക്കില്‍നിന്നും ഞാന്‍ മുക്തയായപ്പോള്‍ ആന്റി വീണ്ടും ചോദിച്ചു.

"കൊച്ചുകുട്ടിയായിരിക്കുമ്പോള്‍, നീ ചെയ്തിട്ടുള്ള ചെറിയൊരു മണ്ടത്തരം കൂടി ഞാന്‍ പറയട്ടേ..? '

ആകാംക്ഷയോടെ മൂളി.

"അന്ന് നിനക്ക്  ഏകദേശം മൂന്ന് വയസ്സേ കാണൂ എന്നാണെന്റെ ഓര്‍മ്മ. അടുത്ത വീട്ടിലെ ലതികേച്ചി അവരുടെ ഒരു വയസ്സുള്ള കുഞ്ഞുവാവയുമായി നമ്മുടെ വീട്ടില്‍ വന്നു. കുഞ്ഞുവാവ ഉറങ്ങിയപ്പോള്‍, ഉറങ്ങികിടക്കുയായിരുന്ന നിന്റെ കൂടെ, നിന്റെ ബെഡ്ഡിലാണ് കിടത്തിയത്. തൊട്ടപ്പുറത്തെ വീട്ടിലെ ചേട്ടന് ഷോക്കേറ്റുവെന്ന് കേട്ട് എല്ലാവരും കൂടി അങ്ങോട്ടേയ്ക്ക് ഓടിപ്പോയി. ഇതിനിടയില്‍ കുഞ്ഞുവാവ ഉണര്‍ന്നു കരയാന്‍ തുടങ്ങി. നീയും ഉണര്‍ന്നു. നീ വീളിച്ചിട്ട് ആരും കേള്‍ക്കുന്നില്ല. തിരിച്ചുവന്ന ലതികേച്ചി വന്നു നോക്കിയപ്പോള്‍ എന്താണ് കണ്ടതെന്നോ... കുഞ്ഞുവാവ കരയാതിരിക്കാന്‍ നീയതിനെ നിന്റെ മുല കുടിപ്പിക്കാന്‍ നോക്കുന്നു."

അയ്യേ... അങ്ങനെ സംഭവിച്ചിരിക്കുമോ...? നനഞ്ഞ കണ്ണുകളിലെ സംശയവും നാണവും പരിഭവവും ആന്റി കണ്ടിരിക്കണം.

" അന്ന് നീ പറഞ്ഞത് എന്താണെന്നോ...?  എന്റിനാ എല്ലായും ചിയ്ച്ചണെ.. ഉണ്ണ്യോള് കയ്ഞ്ഞാ പിന്നെ ഉമ്പായി കൊക്കണ്ടെ.. അന്ന് ഞങ്ങള്‍ എത്രമാത്രം ചിരിച്ചെന്നോ."

അറിയാതെ ചിരിച്ചുപോയി. ഞാനും.

"എല്ലാവര്‍ക്കും ഉണ്ടാവും അങ്ങനെയുള്ള ചില മണ്ടത്തരങ്ങളുടെ കഥകള്‍. പക്ഷെ അന്നത്തെ സാഹചര്യം, മാനസികാവസ്ഥ, പക്വത, പ്രായം അതെല്ലാം പരിഗണിക്കുമ്പോള്‍ അന്ന് ചെയ്തതെല്ലാം ശരിതന്നെയായിരിക്കും. വളരുമ്പോള്‍, തിരിച്ചറിവുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അവയെല്ലാം തെറ്റായും മണ്ടത്തരങ്ങളായും മാറുന്നത്. ഇന്ന് നീ ഗൗരവത്തോടെ ചെയ്യുന്ന പലതും നാളെ നിന്നെപോലും ലജ്ജിപ്പിച്ചുവെന്നു വരും. രത്‌നാബായി തന്നെ ഒരു എക്‌സാംപിളാണ്. നിന്റെ ഇതേ പ്രായത്തില്‍, പോക്കറ്റ് മണിക്കുവേണ്ടി തുടങ്ങിയ ഒരു കുട്ടിക്കളിയാണ് ഇന്ന് രത്‌നാബായിയുടെ ഉറക്കം നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നത്. ഓരോ പ്രായത്തിലും നമുക്ക് തോന്നും നാം വളര്‍ന്നുകഴിഞ്ഞുവെന്ന്. സ്വയം ന്യായീകരിക്കുന്ന വെറും തോന്നലാണത്."

ആകാശം കൂടുതല്‍ തെളിമയാര്‍ന്നിരിക്കുന്നതുപോലെ. മലനിരകള്‍ക്കും വൃക്ഷങ്ങള്‍ക്കും പ്രസന്നതയുടെ പച്ചപ്പ്.  ഒരു നവോന്‍മേഷം ഇളംകാറ്റുപോലെ ഹൃദയത്തിന്റെ ഉള്ളറകളിലേയ്ക്ക പടര്‍ന്നു കയറുന്നതുപോലെ. കുറച്ചുനേരം കൂടി അവിടെതന്നെയിരുന്നു.. പഠിക്കണം. നന്നായി പഠിക്കണം. എല്ലാ പരാജയങ്ങളുടെയും കറയകറ്റാന്‍ ഒരു വിജയം മാത്രം മതിയെന്നാണ് ആന്റിയുടെ മതം.
..............................................................................................

അതിരാവിലെ ഉണര്‍ന്നു. നന്നായി പഠിച്ചു. കണ്ണുകള്‍ കഴച്ചപ്പോള്‍ ബാല്‍ക്കണിയിലേയ്ക്കു ചെന്നു. മേഘങ്ങളുടെ പ്രണയം തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. നേര്‍ത്ത മഞ്ഞു പുതച്ചുറങ്ങുന്ന സുന്ദരിയുടെ മുലക്കണ്ണുകള്‍ എഴുന്നുതന്നെ നില്‍ക്കുന്നു. കുളിരില്‍ എഴുന്നു നില്‍ക്കുന്ന രോമങ്ങള്‍ പോലെ താഴ്‌വരയിലെ മരങ്ങള്‍. സുന്ദരിയുടെ മാറിടങ്ങള്‍ക്കിടയിലൂടെ എത്തിനോക്കുന്ന വെളിച്ചത്തിന്റെ ഒറ്റകണ്ണ്. ജീവിതത്തിലെ ഏറ്റവും നല്ല പ്രഭാതങ്ങളിലൊന്ന്. സ്വര്‍ണ്ണനൂല്‍കമ്പികള്‍പോലെ നൂഴ്ന്നിറങ്ങുന്ന വെയില്‍നാളങ്ങള്‍. ചായയുടെ സുഗന്ധം. ആന്റിയാണ്. പതിവുപോലെ ഹോഴ്‌സ് റേസിംഗ് വെന്യുവില്‍ കുതിരയോട്ടക്കാരുടെ പരിശീലനം തുടങ്ങിയിരിക്കുന്നു. നെറ്റിയില്‍ കറുത്ത ചുട്ടിയുള്ള വെളുത്ത കുതിരയെയും നീലത്തൊപ്പിക്കാരനായ സുന്ദരനെയും മാത്രം കാണുന്നില്ല.

"ആ വെളുത്ത കുതിരയെ മാത്രം കാണുന്നില്ലല്ലോ ആന്റി...?"

ചുടുചായ ഊതി കുടിക്കുന്നതിനിടയില്‍, കണ്ണടകള്‍ ഒന്നുകൂടി ഉറപ്പിച്ചുവെച്ച്, കണ്ണുകള്‍ ഹോഴ്‌സ് റേസിംഗ് വെന്യുവിലേയ്ക്ക് ഫോക്കസ് ചെയത് ആന്റി പറഞ്ഞ വാക്കുകള്‍ക്ക്  ഭാരം കൂടുതലായിരുന്നു.

"നെറ്റിയില്‍ കറുത്ത ചുട്ടിയുള്ള വെളുത്ത കുതിരകളെ പോലെയാണ് കണ്ണുകള്‍..."

പാതിയില്‍ നിര്‍ത്തിയ വാചകം, എന്റെ അംഗലാവണ്യം അളന്നുഴിഞ്ഞുനോക്കികൊണ്ടാണ്, ആന്റി മുഴുമിപ്പിച്ചത്.

"ചില രാജാക്കന്‍മാര്‍ ലോകം കീഴടക്കുവാന്‍ കുതിരകളെ അഴിച്ചുവിടാറില്ലേ... അതുപോലെ, ഛന്ദുവും, അവന്റെ കണ്ണുകളെ, സൗന്ദര്യത്തിന്റെയും സുഖങ്ങളുടേയും സാമ്രാജ്യങ്ങള്‍ കീഴടക്കുവാന്‍  കെട്ടഴിച്ചു വിട്ടിരിക്കുയായിരുന്നു. ...രത്‌നാബായി പറഞ്ഞിരുന്നു. ഈയിടെയായി മകന് ഹോഴ്‌സ് റേസിംഗിലാണത്രെ കമ്പം. വലിയ ജോക്കിയാവാനുള്ള പരിശീലനത്തിലാണത്രെ. പാവം അവന്റെ അമ്മ എത്രമാത്രം തുന്നല്‍ വര്‍ക്കുകള്‍ ചെയ്തിട്ടാണ് ജീവിക്കുവാനുളള വരുമാനം കണ്ടെത്തുന്നതെന്ന് അവനറിയുന്നുണ്ടായിരുന്നില്ല. അമ്മ ഹോസ്പിറ്റലില്‍ അഡ്മിറ്റായതോടുകൂടി അവന്റെ എല്ലാ കളികളും നിന്നു. നേരത്തിന് ഭക്ഷണമില്ല. ആവശ്യത്തിന് പോക്കറ്റ് മണിയില്ല. ഇപ്പോള്‍ അമ്മയെന്നു വെച്ചാല്‍ എന്തൊരു സ്‌നേഹാ... എന്താ ഒരു കെയര്‍... ഫുള്‍ ടൈം അമ്മയുടെ അടുത്താണ്. പകല്‍ സമയങ്ങളില്‍ അമ്മ തുന്നിവെച്ചിരുന്ന കമ്പിളി വസ്ത്രങ്ങള്‍ വില്‍ക്കുവാനും പോകുന്നുണ്ട്. സുഖിച്ചുനടക്കാന്‍ കാശില്ലാതെ പറ്റില്ലല്ലോ..."

"റിയലി... "

"അതേടി പെണ്ണെ.. ശരിക്കും പറഞ്ഞാല്‍ രത്‌നാബായിക്ക് ഒരു അസുഖവുമില്ല. അവനെ ഒരു പാഠം പഠിപ്പിക്കുവാനുള്ള ഒരു ശ്രമമെന്ന നിലയിലാണ് അവരെ അഡ്മിറ്റാക്കാന്‍  ഞാന്‍ തീരുമാനിച്ചത്. അവനോട് പറഞ്ഞു. അവന്റെ അമ്മ ഒരു കടുത്ത വിഷാദരോഗിയായി മാറികൊണ്ടിരിക്കുകയാണെന്ന്. സ്‌നേഹത്തിനും കരുതലിനും മാത്രമേ അവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയൂവെന്ന്. അങ്ങനെയാണ് ഞാന്‍, ഛന്ദുവിന്റെ, നെറ്റിയില്‍ കറുത്ത ചുട്ടിയുള്ള വെളുത്ത കുതിരകളെ, അവന്റെ അമ്മയ്ക്കരികിലേയ്ക്ക് തിരിച്ചയച്ചത്. നിന്നെപോലെ തന്നെയാണവനും. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ശരീരമുണ്ടെന്നു മാത്രം. ബുദ്ധിയും ബോധവും ഒട്ടുമില്ല. പാവം രത്‌നാബായി... ഉള്ളുനിറയെ സന്തോഷിക്കുമ്പോഴും, പുറമേയ്ക്ക് വിഷാദരോഗം അഭിനയിച്ചു കിടക്കുകയാണ്. ഇപ്പോള്‍ രത്‌നാബായി പറയുന്നത്, കുറച്ചുനാള്‍ കൂടി ക്ലിനിക്കില്‍ കഴിയാനനുവദിക്കണം എന്നാണ്. സ്‌നേഹത്തിന്റേയും കരുതലിന്റേയും സുഖം."

ആന്റിയെ മുറുക്കെ കെട്ടിപ്പിടിച്ചൊരുമ്മ വെച്ചു.

"നെറ്റിയില്‍ കറുത്തചുട്ടിയുള്ള വെളുത്ത കുതിരകളെ, ഇനിയും ആരെങ്കിലുമൊക്കെ കെട്ടഴിച്ചുവിടും. മനോഹരമായ മലകളും താഴ്‌വാരങ്ങളും നിറഞ്ഞുനില്‍ക്കുന്ന നിന്റെ സാമ്രാജ്യം കീഴടക്കുവാനും. ഹൃദയത്തിന്റെ താഴ്‌വരയില്‍ അവയെ കെട്ടിയിടാതിരിക്കുന്നതാണ് നല്ലത്... ഒരിയ്ക്കല്‍ കെട്ടിയിട്ടാല്‍ പിന്നീട് ഒരു യുദ്ധം തന്നെ ചെയ്യേണ്ടി വന്നേക്കും. അതുകൊണ്ട്  വേഗം ചെന്ന്, നല്ല സുന്ദരിക്കുട്ടിയായി പഠിക്കാന്‍ നോക്ക്. വൈകീട്ട് നമുക്ക് രണ്ടുപേര്‍ക്കും കൂടി മുലപ്പാല്‍ ഒഴുകിപരക്കുന്നത്  കാണാന്‍ പോകാം."

"എന്ത്.... എന്ത് കാണാന്‍ പോകാമെന്ന്... ?"

"മണ്ടൂസെ... ഞാനുദ്ദേശിച്ചത്... ആ മലകള്‍ ചുരത്തുന്ന.. ഐ മീന്‍... ഉറങ്ങുന്ന സുന്ദരിയുടെ മുലകള്‍ ചുരത്തുന്ന മുലപ്പാലിന്റെ കാര്യമാണ്.  മനോഹരമായ ഒരു വെളളച്ചാട്ടം പോലെയാണത്. വാട്ടര്‍ ഫോള്‍സ് ആര്‍ ലൈക്ക് കാസ്‌കേഡ് ഓഫ് മില്‍ക്ക് ഊസിംഗ് ഔട്ട് ഫ്രം ദി ബ്രെസ്റ്റ്‌സ് ഓഫ് ഔര്‍ ഗ്രേയ്റ്റ് ലേഡി എര്‍ത്ത്‌ . ആറിന്റ് ദെ ?"

എന്റെ ചുണ്ടുകള്‍ ചിരിക്കുന്നുണ്ടായിരുന്നു. കണ്ണുകളില്‍ നനവും. അപ്പോള്‍ മനസ്സില്‍ തെളിഞ്ഞുനിന്നത് മമ്മിയുടെ മുഖമായിരുന്നു.

44 അഭിപ്രായങ്ങൾ:

 1. അല്പം ദീര്‍ഘമായിയെങ്കിലും പതിവില്‍ നിന്നും വ്യത്യസ്തം ഈ കഥ .....ബാക്കി എനിക്ക് ശേഷവരുന്ന കഥയെക്കുറിച്ച് അറിയുന്നവര്‍ പറയട്ടെ !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആദ്യവായനയ്ക്ക് ഒത്തിരി നന്ദി മാഷെ. ഒന്ന് നോക്കാലോ... ഇത്രയും നീളമുള്ള ഒരു കഥ പോസ്റ്റിയാ എത്ര പേര് വായിക്കുവാന്‍ തയ്യാറാകുമെന്ന്...!!!

   ഇല്ലാതാക്കൂ
 2. സുധീർ ചേട്ടാ,
  വിശദമായ കമന്റുമായി പുറകേ വരാം കേട്ടൊ.മുഴുവൻ വായിക്കാൻ പറ്റിയില്ല.

  മറുപടിഇല്ലാതാക്കൂ
 3. പർവ്വതങ്ങളേയും മേഖങ്ങളേയും ചേർത്തുള്ള ആ ഉപമ ഒത്തിരി ഇഷ്ടപ്പെട്ടു. കൗമാരം പിന്നിടാൻ തുടങ്ങുന്ന ഒരു പെൺകുട്ടിയുടേയും അവൾ താൽക്കാലികമായെങ്കിലും എത്തിച്ചേർന്ന ജീവിതപരിസരവും ചേർത്ത് കഥയെ മനോഹരമാക്കി. പ്രകൃതിയുടെ ഭാവങ്ങളെ കൃത്യമായ അളവിൽത്തന്നെ കഥയിലേക്ക് സന്നിവേശിപ്പിച്ചു . നേർരേഖയിൽ ഇത്ര വിശദമായി കഥപറയുന്ന വിദ്യ എങ്ങിനെയാണെന്ന് ആലോചിക്കുകയാണ് ഞാൻ....

  കഥ എന്നത് ഭാവനയുടെ സൃഷ്ടിയാണ്. കഥാകൃത്ത് നിർമ്മിച്ച ഭാവലോകത്തിനപ്പുറത്തുള്ള ഒരു ലോകം തന്റെ ഭാവനയിൽ വായനക്കാരൻ നിർമ്മിക്കുന്നു എങ്കിൽ കഥ വിജയിച്ചു എന്നു പറയാനാകും. ഭാവനയുടെ പുതുദ്വീപുകളിലേക്ക് തന്റെ വാങ്മയങ്ങളിലൂടെ വഴികാണിച്ചുകൊടുക്കേണ്ട കഥാകൃത്ത് ഫോട്ടോഗ്രാഫുകളിലൂടെ ആ സ്പ്നസഞ്ചാരത്തിന് തടസ്സമുണ്ടാക്കരുത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മാഷിന്റെ വിലപ്പെട്ട അഭിപ്രായം മാനിച്ച് കഥയില്‍നിന്ന് ചിത്രങ്ങളെല്ലാം ഒഴിവാക്കിയിരിക്കുന്നു. എന്റെ പരീക്ഷണങ്ങള്‍ക്ക് തരുന്ന പ്രോത്സാഹനത്തിന് ഒത്തിരി നന്ദി മാഷെ.

   ഇല്ലാതാക്കൂ
 4. സുധീർച്ചേട്ടാ,

  നന്നായി ഇഷ്ടപ്പെട്ടു.കഥയ്ക്ക്‌ നീളം കൂടിപ്പോയോ എന്ന് ഒരു സംശയം.

  രത്നാഭായ്ക്ക്‌ തന്റെ ഭൂതകാലം മറയ്ക്കുകയും,മറക്കുകയും വേണം;മകനേ നേർവഴിയ്ക്കാക്കുകയും വേണം.കഥനായികയ്ക്ക്‌ ഒരു മാറ്റം വരുത്തുകയും വേണം.അതിൽ കഥാകൃത്ത്‌ വിജയിച്ചിട്ടുണ്ട്‌.
  സെലിനെ ചന്ദന്റെ കമ്പ്യൂട്ടറിൽ കണ്ടെന്ന് പറയുന്നതും,പിന്നീട്‌ ആത്മഹത്യാമുനമ്പിനടുത്ത്‌ വെച്ച്‌ വരുത്തുന്ന റ്റ്വിസ്റ്റും മനോഹാരിതയോടെ അവതരിപ്പിച്ചു.

  കല്ലുകടിയായി നിൽക്കുന്നത്‌ മലയെ മുലയായും,മുലക്കണ്ണുകളായും,വെള്ളച്ചാട്ടത്തെ മുല ചുരത്തുന്നതായും ഒരു കൊച്ചു പെൺകുട്ടിയോട്‌ അവതരിപ്പിക്കുന്ന ഭാഗങ്ങൾ മാത്രം.

  ഇതൊന്നും കഥയുടെ മനോഹാരിതയെ തെല്ലും തളർത്തിക്കളയുന്നില്ല.

  വ്യത്യസ്ഥതയുടെ പുതുമാർഗ്ഗങ്ങൾ തേടുന്ന കഥാകാരന് ഭാവുകങ്ങൾ.!!!!!!!!  ...വിട..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വിശദമായി തന്നെ വായിച്ചു. അല്ലേ... ആത്മാര്‍ത്ഥമായ അഭിപ്രായങ്ങളും വിശദമായ ഒരു കമന്റും. സാധാരണയായി പ്രകൃതിയെ പെണ്ണിനോടാണല്ലോ ഉപമിക്കാറുള്ളത്. മാത്രവുമല്ല, സ്ലീപിംഗ് ലേഡി മൗണ്ടന്‍സ് ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അതുകൊണ്ടാണ് അങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്. ഒത്തിരി നന്ദി സുധീഷ് ഭായ്.

   ഇല്ലാതാക്കൂ
 5. കഥ വായിച്ചു. അല്പം കൂടെ ഒതുക്കിയും ചില വിശദീകരണങ്ങളൊഴിവാക്കിയും എഴുതിയിരുന്നെങ്കില്‍ ഇനിയും നന്നായേനെ എന്ന് തോന്നി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കമന്റ് അടിവരയിട്ട് നോട്ട് ചെയ്തിരിക്കുന്നു. നീണ്ട വായനയ്ക്കും തുറന്ന അഭിപ്രായത്തിനും വളരെ നന്ദി അജിത്തേട്ടാ.

   ഇല്ലാതാക്കൂ
 6. ഈ കഥ നീണ്ടുപോയതില്‍ അപാകതയൊന്നുമില്ല എന്നാണ് എന്‍റെ വായനയില്‍ എനിക്ക്‌ തോന്നിയത്.ആദ്യവായനയില്‍ എനിക്കൊരല്‍പം സംശയം തോന്നിയിരുന്നു.വീണ്ടും വായിച്ചു.സെലിന്‍റെ മനസ്സിലെ സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഈ ഘട്ടംവരെയെത്തിച്ചതാണെന്ന് മനസ്സിലാക്കി...............
  നന്നായി എഴുതിയിരിക്കുന്നു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കഥ ഉള്‍കൊള്ളുവാന്‍ ശ്രമിച്ചതിനും വായനാനുഭവം അഭിപ്രായത്തിലൂടെ രേഖപ്പെടുത്തുവാന്‍ തയ്യാറായതിനും വളരെയധികം നന്ദി തങ്കപ്പന്‍ സാര്‍. പ്രോത്സാഹനത്തിനും ഒത്തിരി നന്ദി.

   ഇല്ലാതാക്കൂ
 7. കഥ ഇഷ്ടപ്പെട്ടു.നല്ല കഥ.പക്ഷേ കൂടുതല്‍ നന്നാക്കാന്‍ വകുപ്പുണ്ട്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ് വേട്ടത്താന്‍ ജി... കഥ ഇനിയും നന്നാക്കുവാനുളള വകുപ്പ് ഇഷ്ടംപോലയുണ്ട്. വളരെ നന്ദി.

   ഇല്ലാതാക്കൂ
 8. പരാജയം ഇഷ്ടപ്പെടാത്തവർ ഒരിക്കലും കളിക്കാൻ പാടില്ലാത്ത ഗെയിം ആണ് പ്രണയം..,

  ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു എന്നതാണ് ഈ കഥയുടെ മികവ്, മലയെ പലയിടത്തും ഇതുപോലെ ഉപമിച്ചത് വായിച്ചിട്ടുണ്ട്,പക്ഷെ ഇത്രയും വിശദമായിട്ട് വായിക്കുന്നത് ആദ്യം..,

  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കമന്റിന് ഒരുപാട് നന്ദി ശിഹാബുദ്ദീന്‍ ഭായ്. അത് തരുന്ന പ്രോത്സാഹനം വളരെ വലുതാണ്.

   ഇല്ലാതാക്കൂ
 9. ഇതാരുടെ കഥയാണ്? സെലിന്റെയോ അതോ രത്നാബായിയുടെതോ? അതോ ഡോക്ടർ ആന്റിയുടെതോ ? അതോ മലകളുടെതോ? അതാണ്‌ കഥ വായിച്ചു തീർന്നപ്പോൾ തോന്നിയ സംശയം.

  സെലിന്റെത് ആയിരുന്നെങ്കിൽ സെലിന്റെ കണ്ണിൽ കൂടി അവരെ കാണുന്നത് സെലിന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളിലൂടെ അവതരിപ്പിയ്ക്കമാ യിരുന്നു. അങ്ങിനെ ആയോ എന്ന് സംശയം തോന്നുന്നു. കാരണം രത്നാ ബായിയുടെ കഥയ്ക്ക്‌ ആവശ്യത്തിലേറെ പ്രാധാന്യം കൊടുത്തു. ആ കഥ സെലിന്റെ ജീവിതത്തിൽ പ്രത്യേക ചലങ്ങൾ ഒന്നും ഉണ്ടാക്കിയതായി തോന്നിയില്ല.

  മറ്റു മനുഷ്യ ജീവിതങ്ങളും പ്രകൃതിയും കാട്ടി സെലിനെ ചികിൽസിയ്ക്കുകയാണ് ഡോക്ടർ ആന്റി. അതിനും ഉദ്ദേശിച്ച ഇഫക്റ്റ് കിട്ടി എന്നു തോന്നുന്നില്ല.

  കഥ പറയാൻ അറിയില്ല എന്നല്ല. നന്നായി അറിയാം. അതിന്റെ ഉദാഹരണം ആണ് "നീലേശ്വറി ന്റെ കൈകളെ തട്ടി മാറ്റി'.... എന്ന് തുടങ്ങുന്ന ആ ഭാഗം, അതിന്റെ തുടക്കമായ 'മലയെ മുലയായി സങ്കല്പിയ്കുംപോഴുള്ള ആ ഭാവ മാറ്റവും ആ വിവരണവും ഒരു നല്ല കഥയെഴുത്തുകാരനെ കാണിച്ചു തരുന്നു.

  ഒരു കേന്ദ്ര ബിന്ദു,അല്ലെങ്കിൽ ആശയം,അതിൻറെ ചുറ്റും ചലിയ്ക്കുന്ന അതിലേയ്ക്ക് എത്തിച്ചേരുന്ന ഒന്നാണ് കഥ എന്ന സങ്കൽപ്പം ഇവിടെ അത്ര യോജിയ്ക്കുന്നില്ല.

  സുധീർ ദാസ്‌, വായിച്ചപ്പോൾ അനുഭവപ്പെട്ടത് എഴുതി. അത്ര മാത്രം.കഥയെ പറ്റിയുള്ള ഒരു വിലയിരുത്തൽ ആയി കണക്കാക്കേണ്ട.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വളരെ നന്ദി ബിപിന്‍ സാര്‍.

   കഥാകാരന്‍ എന്തൊക്കെ മനസ്സില്‍ കണ്ടെഴുതിയാലും വായിക്കുന്നവര്‍ അത് എങ്ങിനെ വ്യാഖ്യാനിക്കുമെന്നത് പ്രവചിക്കുവാന്‍ കഴിയാത്തതാണ്. എന്തെങ്കിലുമൊക്കെ എഴുതിയതിനുശേഷം, വായനക്കാര്‍ ചോദിക്കുമ്പോള്‍, എഴുത്തുകാരന്‍ ഞാന്‍ അതാണ് ഉദ്ദേശ്ശിച്ചത് ഇതാണ് ഉദ്ദേശ്ശിച്ചത് എന്നൊന്നും പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല എന്നതും എനിക്ക് ബോധ്യമുള്ള കാര്യമാണ്. എങ്കിലും താങ്കളുടെ ചോദ്യങ്ങളെ ഗൗരവത്തോടെ ഉള്‍കൊള്ളുന്നു.

   ഇത് സെലിന്റെ അനുഭവങ്ങളിലൂടെ പറയാന്‍ ശ്രമിച്ച ഒരു കഥയാണ്. അവളുടെ കണ്ണുകളിലൂടെയാണ് കാണാന്‍ ശ്രമിച്ചത്. (എത്രത്തോളം ഫലപ്രദമായി എന്നെനിക്ക് പറയുവാന്‍ കഴിയുമെങ്കിലും, അത് വായനക്കാരുടെ മാത്രം അഭിപ്രായത്തിന് വിട്ടുകൊടുക്കേണ്ടതാണ് എന്നഭിപ്രായക്കാരനാണ് ഞാന്‍.)

   രത്‌നാബായിയും ഡോക്ടര്‍ ആന്റിയും ഛന്ദുവും മലകളും എല്ലാം ഒരു നിമിത്തംപോലെ എല്ലാം വന്നുചേരുന്നതാണ്. (അങ്ങനെ അവതരിപ്പിക്കുവാനാണ് ശ്രമം നടത്തിയത് എന്നും വായിക്കുക). പ്രകൃതിയെ പലപ്പോഴും സ്ത്രീയോടുപമിക്കാറുള്ളത് ഇവിടെയും പ്രയോജനപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നു മാത്രം.

   സെലിന്റെ ജീവിതത്തില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല. അതുവരെ നിസ്സാരമായി കണ്ടിരുന്ന പലതിനേയും ഗൗരവമായി കണേണ്ടതുണ്ട് എന്ന തിരിച്ചറിവുണ്ടാകുവാന്‍ അവളെ പ്രേരിപ്പിക്കുന്ന ചില സാഹചര്യങ്ങളിലൂടെ അവള്‍ കടന്നുപോകുന്ന എന്നു മാത്രം. ആരും അറിയാതിരിക്കുന്നത് കൊണ്ട് തെറ്റ് തെറ്റല്ലാതായി തീരുന്നില്ലെന്നും അത്തരം തെറ്റുകള്‍ക്കും കുറ്റബോധം സൃഷ്ടിക്കുവാന്‍ കഴിയുമെന്നും അത് ജീവിതത്തെ താളം തെറ്റിച്ചേക്കാമെന്നും സെലിന്‍ തിരിച്ചറിയുന്നതും അതിനെ അവളെ സഹായിക്കുന്ന സാഹചര്യങ്ങളിലൂടെയും നിമിത്തങ്ങളിലൂടെയും കഥയെ നയിക്കുവാനാണ് ശ്രമിച്ചത്.

   കഥയില്‍ ഡോക്ടര്‍ ആന്റി ഒരിയ്ക്കലും സെലിനെ ചികിത്സിക്കുവാന്‍ ശ്രമിക്കുന്നില്ല. അവര്‍ ചികിത്സിക്കുവാന്‍ ശ്രമിക്കുന്നത് രത്‌നാബായിയെപോലുമല്ല, മറിച്ച് രത്‌നാബായിയുടെ മകന്‍ ഛന്ദുവിനെയാണ്. ചില സാഹചര്യങ്ങളെ ഉദാഹരിച്ചുകൊണ്ട് മലകളെ ഉപമിച്ചുകൊണ്ട്, രത്‌നാബായിയേയും ഛന്ദുവിനേയും മാതൃകകളാക്കികൊണ്ട്, സെലിനെയും ഉപദേശിക്കുവാന്‍ ഡോക്ടര്‍ ആന്റിയ്ക്ക് അവസരം ലഭിക്കുന്നുവെന്നും മാത്രം. (ഒരിയ്ക്കല്‍കൂടി പറയുന്നു, അങ്ങനെ അവതരിപ്പിക്കുവാനാണ് ശ്രമം നടത്തിയത്)

   അച്ചടി മാധ്യമങ്ങളില്‍നിന്നും വ്യത്യസ്തമായി, എഴുത്തുകാരനും വായനക്കാരനും നേരിട്ടു സംവദിക്കുവാന്‍ കഴിയമെന്നതിനാല്‍, ബ്ലോഗുകള്‍ കുറേക്കൂടി ഇന്ററാക്ടീവാണ്. അതിനാല്‍ ഇത്തരം ചോദ്യങ്ങളും മറുപടികളും സ്വാഗതാര്‍ഹമാണ് എന്നാണ് എന്റെ അഭിപ്രായം.

   /////ഒരു കേന്ദ്ര ബിന്ദു,അല്ലെങ്കിൽ ആശയം,അതിൻറെ ചുറ്റും ചലിയ്ക്കുന്ന അതിലേയ്ക്ക് എത്തിച്ചേരുന്ന ഒന്നാണ് കഥ എന്ന സങ്കൽപ്പം//// എന്നതിനോട് വ്യക്തിപരമായി യോജിക്കുവാന്‍ കഴിയില്ല. പുതുവഴികളും പരീക്ഷിക്കപ്പെടേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായവും ആഗ്രഹവും. അതൊഴിച്ചുനിര്‍ത്തിയാല്‍ താങ്കളുടെ അഭിപ്രായങ്ങളും ചോദ്യങ്ങളും ക്രിയാത്മകമാണ്.

   വളരെ സന്തോഷം. വളരെ നന്ദി ബിപിന്‍ സാര്‍.

   ഇല്ലാതാക്കൂ
 10. ഇത്ര അയത്നലളിതമായി ഒരു കഥ എനിയ്ക്ക് പറയാന്‍ ആവുമോ..? പറ്റുമെന്ന് തോന്നുന്നില്ല. ഈ കഥ നന്നായി ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇതൊക്കെ ഓരോ പരീക്ഷണങ്ങളാണ് മനോജ് ഭായ്. താങ്കളെപോലുള്ളവര്‍ വായിക്കുവാനെത്തുന്നു എന്നതുതന്നെ വലിയ സന്തോഷം. ഈ വരവും വാക്കുകളും വളരെയധികം സന്തോഷം നല്‍കുന്നു.

   ഇല്ലാതാക്കൂ
 11. എനിക്കിഷ്ടമായി സുധീർഭായ്‌ ഈ കഥ. കഥയെ വിമർശ്ശിക്കാനുള്ള വിവരമൊന്നും എനിക്കില്ല കേട്ടോ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി വിനുവേട്ടാ... കഥ ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം. കാണുന്നവന്റെ കണ്ണിലല്ലേ സൗന്ദര്യം. ചിലര്‍ക്ക് ഇഷ്ടപ്പെടും. ചിലര്‍ക്ക് ഇഷ്ടപ്പെടില്ല. അത്രയേ ഉള്ളൂ. എഹ്കിലും ക്രിയാത്മകമായ വിമര്‍ശങ്ങളില്‍നിന്നും ചില നല്ല തിരിച്ചറിവുകള്‍ ലഭിക്കാറുമുണ്ട് കേട്ടോ.

   ഇല്ലാതാക്കൂ
 12. ഇതിലേ വന്നില്ലായിരുന്നെങ്കിൽ ഒരു വലിയ നഷ്ടമായേനെ. അടുത്തിടെ വായിച്ച ഏറ്റവും നല്ല കഥ. ഒരേ സമയം യുവത്വത്തിന്റെയും പക്വതയുടെയും ഭാഗത്ത് നിന്ന് കൊണ്ട് ചിന്തിക്കുകയും ഒരിക്കൽ പോലും സാരോപദേശങ്ങളുടെ തലത്തിലേക്ക് മാറാതെ കാക്കുകയും ചെയ്തു. ഗംഭീരം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നല്ല വാക്കുകള്‍... സന്തോഷം... ആഗമനത്തിനും ആസ്വാദനത്തിനും വളരെ നന്ദി കൊച്ചുഗോവിന്ദന്‍ ഭായ്.

   ഇല്ലാതാക്കൂ
 13. വളരെ നല്ല ഒരു കഥ പറച്ചിലും നല്ല ഒരു കഥപൂർത്തീകരണവും.


  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അപ്പോ ഗീതാജിയ്ക്കും ഇഷ്ടപ്പെട്ടുവല്ലേ... സന്തോഷം. നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി.

   ഇല്ലാതാക്കൂ
 14. ഒറ്റയിരുപ്പില്‍ വായിച്ചു. ഒറ്റവാക്കില്‍ വളരെ മനോഹരമായ ആഖ്യാനം. കഥാപത്രങ്ങളുടെ ജീവിതശൈലിക്ക് യോജിച്ച ഭാഷയും ഉപമകളും.. വളരെ ഹൃദ്യം..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ സന്ദര്‍ശനം വളരെ സന്തോഷമേകുന്നു. നന്ദി മുഹമ്മദ് ഭായി.

   ഇല്ലാതാക്കൂ
 15. a brilliant one,man..
  ശരിക്കും ഒരുപാടു ഇഷ്ടപ്പെട്ടു..
  കഥയുടെ നീളം കുറയ്ക്കരുതെന്നാണ് എന്റെ അപേക്ഷ, ബ്ലോഗിന് വേണ്ടി മനപൂര്‍വം നീളം കുറയക്കണ്ട

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രോത്സാഹനത്തിന് ഒത്തിരി നന്ദിയുണ്ട് കേട്ടോ വിനീത് ഭായ്. ഒത്തിരി സന്തോഷവും.

   ഇല്ലാതാക്കൂ
 16. സുധീർ ഭായ് കഥ ഇഷ്ട്ടമായ് ... കുടുതലൊന്നും പറയണ്ടല്ലോ കമ്മന്റ്കളെല്ലാം ഞാൻ വായിച്ചു ... ആശംസകൾ .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സന്തോഷം മയ്യനാട് മാനവന്‍ ഭായ്... വായനയ്ക്കും വാക്കുകള്‍ക്കും ഒരുപാട് നന്ദി.

   ഇല്ലാതാക്കൂ
 17. കഥയും അഭിപ്രായങ്ങളും വായിച്ചു...
  ഇഷ്ടം മാത്രം...
  എഴുത്ത് തുടരൂ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സന്തോഷം... മുബാരക് ഭായ്. പ്രോത്സാഹനത്തന് ഒത്തിരി നന്ദി.

   ഇല്ലാതാക്കൂ
 18. മറുപടികൾ
  1. നീളമല്‍പ്പം കൂടിപ്പോയി അരീക്കോടന്‍ സാര്‍. എന്നാലും വായിച്ചല്ലോ. സന്തോഷം. വളരെ നന്ദി.

   ഇല്ലാതാക്കൂ
 19. നീളം അല്പം കൂടിയാലും
  കഥയിലെ മനോഹാരിത നഷ്ട്ടപ്പെടാതെ
  അവതരിപ്പിക്കുവാൻ സുധീർ ഭായിക്ക് കഴിഞ്ഞു
  എന്നതാണ് , വേറിട്ട ഒരു പ്രമേയമുള്ള ഇക്കഥയുടെ
  പ്രത്യേകകത കേട്ടൊ ഭായ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. താങ്ക്യു മുരളിചേട്ടാ... ഇത്തിരി നീളം കൂടിയെന്ന് പലരും പറഞ്ഞു. എന്നാലും വായിച്ചല്ലോ വളരെ സന്തോഷം.

   ഇല്ലാതാക്കൂ
 20. Ella kuttikalkkum doctor aunty Ye pole oral undavamam jeevithathil, kuttikalkku manassuthurannu samsarikkanum avarude prashnangal charcha cheyyanum. If it is one of the parents, then better. Nalla kadha. Ishtayi

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ് ആഷാജി. കഥ ഇഷ്ടപ്പെട്ടുവെന്നറിയുന്നതില്‍ സന്തോഷം.

   ഇല്ലാതാക്കൂ