ലിറ്റില്‍ സേവിംഗ്‌സ്.പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ ഏറെ കണ്ടുകഴിഞ്ഞിരിക്കുന്നു. ആദ്യത്തേത് കോളേജ് കാലത്തെ കൂട്ടുകാരോടൊപ്പമായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം. ഏറ്റവും കുടുതല്‍ സ്വപ്നങ്ങള്‍ നെയ്തിരുന്ന ഒരു കാലഘട്ടം തിരിച്ചുവിളിക്കുമ്പോള്‍ കേള്‍ക്കാതിരിക്കുവാന്‍ കഴിയുമായിരുന്നില്ല. എപ്പോള്‍ നോക്കുമ്പോഴും വരവേറ്റിരുന്ന ആ വലിയ കണ്ണുകള്‍  ഒരിയ്ക്കല്‍ കൂടി കാണുവാന്‍ അവസരം കിട്ടുമ്പോള്‍, നഷ്ടപ്പെടുത്തുവാന്‍ കഴിയുമായിരുന്നില്ല.  കൂടെ പഠിച്ചിരുന്നവരെല്ലാം എത്രത്തോളം മാറിയിട്ടുണ്ടാകും... ആരെല്ലാമായി തീര്‍ന്നിട്ടുണ്ടാകും... അങ്ങനെ ഒരുപാട് ചിന്തകളാണ് അന്ന് ആ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പ്രേരിപ്പിച്ചത്. ക്ഷണക്കത്ത് കിട്ടിയതുമുതല്‍ വല്ലാത്ത ആവേശവും ആകാംക്ഷയുമായിരുന്നു.

ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും തെറ്റിയവന് ആ കൂട്ടായ്മയും ഒരു പരാജയമായിരുന്നു. ആ ഒത്തുചേരല്‍ ഔപചാരികതകള്‍ നിറഞ്ഞ വെറുമൊരു ചടങ്ങു മാത്രമായിരുന്നു. തിരക്കിട്ടു സംഘടിപ്പിച്ച ഒരു ചടങ്ങ്. സമയം കൈയ്യില്‍പിടിച്ച് ഓടി വന്നവര്‍. ഒരു ഭാഗത്ത് ഉയരങ്ങളിലെത്തുവാന്‍ കഴിഞ്ഞവരുടെ പൊങ്ങച്ചങ്ങള്‍. മറുഭാഗത്ത് പരാജയം പുറത്തുകാണിക്കാതിരിക്കാന്‍ ശ്രമിക്കുന്നവര്‍. വലിയ കണ്ണുകളില്‍ പ്രണയം പോയിട്ട് പരിചയം പോലുമില്ലായിരുന്നു. ചിലരൊക്കെ ഓര്‍മ്മയുണ്ടെന്നു വരുത്തിതീര്‍ക്കുവാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. സരസമായ അവതരണത്തിലൂടെയും തമാശകളിലൂടെയും ഹിസ്റ്ററി ക്ലാസ്സുകളെ സജീവമാക്കിയിരുന്ന രാജന്‍ സാറിന്റേയും സായിപ്പിനെപോലെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന നന്ദഗോപന്‍ സാറിന്റേയും പ്രസംഗങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, വാക്കുകള്‍ കൃത്രിമത്വങ്ങള്‍ നിറഞ്ഞതായിരുന്നു. എന്നത്തെയും പോലെ സണ്ണി തന്നെയായിരുന്നു ഗായകന്‍. പറയാനുള്ളത് ഒരേ വാക്കുകള്‍... പ്രടിപ്പിക്കാനുള്ളത് ഒരേ വികാരങ്ങള്‍. ഗതകാലതരളസ്മരണകള്‍. അവതരിപ്പിക്കാനുള്ള ശേഷിയുടെ ഏറ്റക്കുറച്ചിലുകള്‍ മാത്രം. ആത്മാവിനോട് സംസാരിച്ചത് മറ്റു ചിലരാണ്.

വരാന്തകളും ക്ലാസ്സ് റൂമും ലൈബ്രറിയും ആല്‍ത്തറയും മരച്ചുവടുകളും സ്റ്റേജും ബസ് സ്‌റ്റോപ്പും അങ്ങനെ ചിലരെല്ലാം. മടങ്ങുമ്പോള്‍ മനസ്സുനിറയെ ഒരേയൊരു ചോദ്യമായിരുന്നു. എന്തിനാണ് ഇത്ര ആവേശം കൊണ്ടത്. ചിലപ്പോഴെല്ലാം ഓര്‍മ്മകള്‍ തന്നെയാണ് നല്ലത്. യാഥാര്‍ത്ഥ്യവുമായി കൂട്ടിയിണക്കുമ്പോള്‍ അവയുടെ സ്വാഭാവികതയും നൈര്‍മല്യവും നഷ്ടപ്പെടുമായിരിക്കാം. പക്ഷെ ആ യാത്ര സ്വപ്നങ്ങള്‍ നെയ്തുനടന്നിരുന്ന ഒരു കാലഘട്ടത്തെ ഉണര്‍ത്തിയെന്നത് സത്യം. ആരോടും പങ്കുവെക്കുവാനാവാത്ത മധുരമുള്ള ഒരു നോവുപോലെ.      അതുകൊണ്ടുതന്നെ എല്‍പി സ്‌കൂളിലെ അമ്പതാം വാര്‍ഷികത്തിന്റെ വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോള്‍, എന്നത്തേയും പോലെ, ഭൂതകാലത്തെ സ്‌നേഹിക്കുന്ന ആരോ ഉള്ളിലിരുന്ന് നിര്‍ബന്ധിക്കുകയായിരുന്നു.

ടൗണ്‍ വരെ ഒരു സുഹൃത്തിന്റെ ബൈക്കില്‍. ബസ്സിലിരിക്കുമ്പോള്‍ കണ്ടതിലേറെയും വഴിയോരകാഴ്ചകളായിരുന്നില്ല. കുറുമ്പിലാവിലെ പഴയ എല്‍ പി സ്‌കൂളിലെ ക്ലാസ്സ് റൂമുകളും വരാന്തയും മൈതാനവും പരിസരങ്ങളുമായിരുന്നു. പക്ഷെ യാത്രയുടെ എല്ലാ രസവും ഇല്ലാതാക്കിയത് പഴ്‌സ് തപ്പിയപ്പോഴാണ്. ഉള്ളുകള്ളികളൊന്നില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ചില്ലറകള്‍പോലും അവള്‍ എടുത്തിരിക്കുന്നു. എടുക്കുമ്പോള്‍ ഒരു വാക്കു പറയാമായിരുന്നില്ലേ എന്നവളോട് ചോദിക്കാനുള്ള ശബ്ദമില്ലെന്നതാണ് സത്യം. തലേദിവസം മോന് ബിസ്‌കിറ്റ് വാങ്ങാന്‍ മറന്നതിന്റെ പ്രതികാരം. അത് ഒരു നിമിത്തം മാത്രമായിരുന്നു. ചെറിയ ചെറിയ അസംതൃപ്തികള്‍ പുകയുന്ന ഒരു അഗ്നിപര്‍വ്വതമാണവള്‍. സ്പ്നം കണ്ട ജീവിത്തില്‍ എത്താന്‍ കഴിയാതെ പോയതിന്റെ അസഹിഷ്ണുതകള്‍.  ഇത്തരം സന്ദര്‍ഭങ്ങളിലൂടെയാണ്, ഒരു പ്രഷര്‍കുക്കറിനെപ്പോലെ, അവളുടെ സമ്മര്‍ദ്ദങ്ങള്‍ ക്രമീകരിക്കപ്പെടുന്നത്. കാലിയായ അലമാരകളുടെ താക്കോലുകള്‍ പോലെ എ.ടി.എം കാര്‍ഡുകള്‍. നിസ്സഹായതയോടെ കണ്ണുകളുയര്‍ത്തുമ്പോള്‍ ബസ്സിലെ ചെറുപ്പക്കാരന്‍ അടുത്തേയ്ക്ക വരുകയായിരുന്നു. എന്താണ് പറയേണ്ടതെന്ന് കുഴങ്ങുന്നതിനിടയില്‍ അവന്‍ തന്നെ ചോദിച്ചു.

"എന്താ സാര്‍ ഒരു മൂഡ് ഓഫ് പോലെ..?"

സാര്‍ എന്ന വിളി. പാന്റും ഷര്‍ട്ടും ഷൂസുമെല്ലാം കണ്ട് തെറ്റിദ്ധരിച്ചിരിക്കുന്നു. കുട നന്നാക്കാനുണ്ടോ, അമ്മി കൊത്താനുണ്ടോ, എന്നു വിളിച്ചുപറഞ്ഞ്ു നടക്കുന്ന നാടോടികളെപ്പോലെ, ഭാരമേറിയ ഡിക്ഷണറികളും എന്‍സൈക്ലോപീഡിയകളും പേറി ഹൗസിഗ് കോളനികള്‍ തോറും അലയഞ്ഞുതിരിയുന്ന ഒരു മോഡിഫൈഡ് നാടോടിയാണ് ഞാനെന്ന് മനസ്സിലാക്കാന്‍ മാത്രം ചിന്താശേഷിയുള്ളവനല്ല ഇവന്‍. ഒരു പക്ഷെ അവനെന്നെ ഉയര്‍ത്തി വെക്കുകയായിരിക്കും. എങ്കിലല്ലേ വീഴ്ചയുടെ ആഘാതം കൂടുകയുള്ളൂ. ചമ്മല്‍ മറയ്ക്കാന്‍ പറഞ്ഞു.

"ഏയ്... ഒന്നുമില്ല."

"ഏയ്... അത് വെറുതെ.. എന്തോ ഉണ്ട്."

എന്റെ മൗനത്തില്‍ നിന്ന് അവന്‍ പലതും മനസ്സിലാക്കിയിട്ടുണ്ടായിരിക്കണം.

"എന്റെ ഊഹം ശരിയാണെങ്കില്‍ സാറിന് ഇപ്പോള്‍ എന്നോട് മാത്രമേ ആ സങ്കടം പങ്കുവെക്കാന്‍ കഴിയൂ..."

"എങ്ങിനെ മനസ്സിലായി.."

എന്റെ കണ്ണുകളായിരിക്കും ചോദിച്ചത്.

"അനുഭവമല്ലേ സാറെ, ഏറ്റവും ബെസ്റ്റ് മാഷ്... സത്യം പറയ്.. എന്താ പറ്റ്യേ.. മറന്നതാണോ.."

സത്യമതല്ലെങ്കിലും തലയാട്ടി.

"എവിടേയ്ക്കാ...?"

"കുറുമ്പിലാവ് "

ബാഗിലും പഴ്‌സിലും തപ്പിതിരയുന്നതിനിടയില്‍ താഴെ വീണ എടിഎം കാര്‍ഡുകളും വിസിറ്റിംഗ് കാര്‍ഡുമെല്ലാം പെറുക്കിയെടുത്ത് തിരിച്ചുതരുമ്പോള്‍ അവന്‍ ചോദിച്ചു.

"അപ്പോ സാറ് ഒരു സമ്പന്നന്‍ തന്നെയാണല്ലേ..?"

ഞാന്‍ ചിരിച്ചു. മനസ്സുകൊണ്ടു പറഞ്ഞു. വേണമെങ്കില്‍ ദാരിദ്ര്യത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് എന്നും പറയാം.

"ഇത് പൊളിച്ചൂട്ടോ സാറെ..."

എന്റെ വിലകുറഞ്ഞ ചൈനീസ് മോഡല്‍ മൊബൈല്‍ ഫോണ്‍ കണ്ടിട്ടാണ്.

"അപ്പോ എവിടേയ്ക്കാണ് യാത്ര...?"

"പഠിച്ചിട്ടുള്ള സ്‌കൂളിന്റെ അമ്പതാം വാര്‍ഷികമാണ്."

"കീശേല് ബസ്സു കൂലിയുണ്ടോന്ന് മാത്രം നോക്കീല്ല അല്ലേ. ?"

ഞങ്ങള്‍ ഒരുമിച്ച് ചിരിച്ചു.

മനസ്സില്‍ നന്മയുള്ളവനാണ്. വേണമെങ്കില്‍ ടിക്കറ്റിന്റെ കാശ് ചോദിച്ച് നാണം കെടുത്താമായിരുന്നു. ബസ്സില്‍നിന്നും ഇറക്കിവിടാമായിരുന്നു. തിരക്കു കൂടിയപ്പോള്‍ അവന്‍ എഴുന്നേറ്റുപോയി. അല്ലെങ്കിലും അവന് ബോറടിച്ചു കാണും. അവള്‍ ഇടക്കിടെ പറയാറുള്ളതുപോലെ. ചോദിച്ചതിന് മാത്രം മറുപടി പറയുന്ന ഒരാളോട് ആരാണ് കൂടുതല്‍ സംസാരിക്കുവാന്‍ ഇഷ്ടപ്പെടുക.

ഈ വഴി വന്നിട്ട് കുറേ വര്‍ഷങ്ങളായിരിക്കുന്നു. മൂന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെ പഠിച്ച സ്‌കൂള്‍ മാത്രമല്ല, നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് വിറ്റുപോകുന്നതുവരെ, മാമന്റെ വീടും കുറുമ്പിലാവിലുണ്ടായിരുന്നു. ഇറങ്ങാനുള്ള സ്റ്റോപ്പ് എത്താറായപ്പോള്‍ അവന്‍ തിരിച്ചുവന്ന് അടുത്തിരുന്ന് ശബ്ദം താഴ്ത്തി ഒന്നു കൂടി പറഞ്ഞു.

"എട്ടരയ്ക്കാണ് ടൗണിലേക്കുള്ള ലാസ്റ്റ് ട്രിപ്പ്. അപ്പോ ഇവിടെ വന്നു നിന്നാ, സാറിനെ ഞാന്‍ തിരിച്ച് ടൗണിലെത്തിക്കാം. ഫ്രീയായിട്ട്. വെറുതെ വേണ്ടെങ്കില്‍ വേണ്ട.. കടായിട്ട് കൂട്ടിക്കോ.... വേണമെങ്കില്‍ ഓര്‍മ്മയ്ക്കായിട്ട് ഒരു സെല്‍ഫിയുമെടുത്തു വെക്കാം. എന്തേ..."

അവന്റെ ഫോട്ടോ പിടുത്തം യാത്രക്കാരില്‍ ചിലരില്‍ ചിരി പരത്തുന്നുണ്ടായിരുന്നു. നെറ്റിയിലേയ്ക്ക പാറിവീണ മുടിയിഴകള്‍ മുകളിലോട്ട് ഊതിപറപ്പിച്ച് കണ്ണിറുക്കി കാണിച്ച് പുഞ്ചിരിക്കുന്ന അവന്റെ മുഖത്തിന് നല്ല ചന്തമുണ്ടായിരുന്നു.

പുതിയ തണല്‍ മരങ്ങള്‍ക്കിടയില്‍ പഴയ ആല്‍മരം ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. മാറ്റങ്ങളുടെ പുതിയ പൊതിഞ്ഞുകെട്ടലുകളില്‍നിന്ന് ഓര്‍മ്മകളിലെ ബിംബങ്ങളെ വേര്‍തിരിച്ചെടുക്കുവാന്‍ നന്നേ പ്രയാസപ്പെട്ടു. ചടങ്ങുകള്‍ തുടങ്ങാറാകുന്നതേയുള്ളൂ. പലരും അവിടെയും ഇവിടെയുമായി കൂട്ടം കൂടി നിന്ന് പഴയകാലം അയവിറക്കുകയാണ്.

സ്‌കൂളിന്റെ അമ്പതാം വാര്‍ഷികമായതിനാല്‍ സ്വന്തം ക്ലാസ്സിലെ കൂട്ടുകാരെ കണ്ടെത്താന്‍ സാധ്യത കുറവാണ്. കൂടെ പഠിച്ചതാണോ... പരിചയക്കാരാണോ.. എന്നെല്ലാമുള്ള സംശയത്തോടെ പലരും നോക്കുന്നുണ്ട്. തിരിച്ചറിഞ്ഞാലുടന്‍ വിടരുവാന്‍ കുറുകി നില്‍ക്കുന്ന കണ്ണുകള്‍. ചിരിക്കുവാന്‍ കാത്തുനില്‍ക്കുന്ന ചുണ്ടുകള്‍. പഴയ കൂട്ടുകാരില്‍ ആരാണ് ഞാനെന്ന് പലരുടേയും കണ്ണുകള്‍ ചോദിക്കുന്നുണ്ട്. ഒന്നു ചിരിച്ചാല്‍ മതി ചോദ്യങ്ങളുടെ മഹാപ്രവാഹമായിരിക്കും. പക്ഷെ മനസ്സ് വേണ്ടെന്നാണ് പറയുന്നത്.

ആദ്യം, പരിചയം പുതുക്കാനുള്ളത് മറ്റു ചിലരോടാണ്. ഓടിനടന്ന മൈതാനം, വരാന്തകളിലെ കൈവരികള്‍, തട്ടിക കൊണ്ടു മറച്ച ചെറിയ ക്ലാസ്സ് റൂമുകള്‍, മരബെഞ്ചുകള്‍, ചാരനിറമുളള ബോര്‍ഡുകള്‍, ചിന്നിയ മങ്ങിയ ചില്ലുകളുള്ള ജാലകങ്ങള്‍, പ്രാവുകള്‍ കുറുകുന്ന ഓടുമേഞ്ഞ മേല്‍ക്കൂരകള്‍, ഉച്ചക്കഞ്ഞിയ്ക്കായി വരി നില്‍ക്കാറുള്ള വെപ്പുപുര, തൊട്ടടുത്തു തന്നെയുള്ള പുളിമരം... അങ്ങനെ ചിലര്‍. അവര്‍ക്ക് മാത്രമേ എന്നെ ഓര്‍മ്മ കാണൂ.

"സത്യാ...."

ആരോ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷെ ആറടിയ ഉയരമുള്ള ചോദ്യത്തിന്റെ സ്രോതസ്സിനെ തിരിച്ചറിയുവാന്‍ കഴിയുന്നില്ല.

"സത്യനല്ലേ..."

"അതെ.."

"ലിജിനാണ്ടാ... ഇത് സുകേഷ്... ഒര്‍മ്മയില്ലേ... ഇത് സലിം. നീയിപ്പോ എന്താ പരിപാടി..?"

അടുത്ത പതിനഞ്ച് നിമിഷങ്ങളില്‍ ഇതള്‍ വിരിഞ്ഞത്  നാലുപേരുടെ കഴിഞ്ഞുപോയ ഇരുപത് വര്‍ഷങ്ങളായിരുന്നു. ലിജിന്‍ ഡോക്ടറാണ്. സുകേഷിന് മാര്‍ക്കറ്റില്‍ പച്ചക്കറി ബിസ്സിനസ്സ്, സലിം ബില്‍ഡറാണ്. അവരുടെ മുന്നില്‍ ഞാന്‍..  എവിടെയും എത്താന്‍ കഴിയാതെ, കാണുന്നവരെയൊക്കെ കെണിയിലാക്കാന്‍ ശ്രമിക്കുന്ന വെറുമൊരു ഡയറക്റ്റ് സെല്ലിംഗ് എക്‌സിക്യുട്ടീവ്... സംസാരിക്കാന്‍ അറിയാത്തവന് ചെയ്യാന്‍ പറ്റാത്ത ജോലി തന്നെ. പക്ഷെ പ്രീഡിഗ്രി മാത്രം യോഗ്യതയുള്ള ഒരുവന്‍ ജോലി തേടി തുടങ്ങിയപ്പോള്‍ മുതല്‍ കിട്ടാന്‍ എളുപ്പമുള്ള ഒരേയൊരു ജോലിയും അത് തന്നെയായിരുന്നു. നാലക്ഷരം പഠിപ്പിച്ചിട്ട് വൈറ്റ് കോളര്‍ ജോലി കിട്ടിയില്ലെങ്കില്‍ വീട്ടുകാരും നാട്ടുകാരും എന്ത് പറയും. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ക്കുവേണ്ടി തലച്ചോറും നാവും കാലുകളും വാടകയ്ക്ക് കൊടുത്തുതളര്‍ന്നപ്പോള്‍ പുതിയ അവസരങ്ങള്‍ തേടി. കമ്പനികളും ഉത്പന്നങ്ങളും മാറികൊണ്ടേയിരുന്നു. പക്ഷെ അന്നും ഇന്നും, ചെയ്യുന്ന ജോലി ഒന്നുതന്നെ. അപകര്‍ഷതാബോധം എവിടേയ്‌ക്കോ പിടിച്ചുവലിക്കാന്‍ തുടങ്ങിയപ്പോള്‍, ഇപ്പോള്‍ തിരിച്ചുവരാമെന്ന് പറഞ്ഞ് ഉള്‍വലിഞ്ഞു. പരിചയം പുതുക്കാനുള്ളത് മറ്റു ചിലരോടായിരുന്നുവല്ലോ. വര്‍ത്തമാനങ്ങളുടെയും പൊട്ടിച്ചിരികളുടേയും കൂട്ടപ്പൊരിച്ചിലിനിടയില്‍നിന്നും നടന്നകലുമ്പോള്‍ ആരോ ചോദിക്കുന്നത് കേട്ടു.

"ടാ.. നാലുവെരലനെ പറ്റി വല്ല വിവരോം ഉണ്ടോടാ.. "

ഓര്‍മ്മ വന്നെങ്കിലും, ഒന്നു നിന്നെങ്കിലും, ഒന്നും പറയാതെ മുന്നോട്ടുതന്നെ നടന്നു. സ്റ്റേജില്‍ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ചവിട്ടുപടികള്‍ കയറുമ്പോള്‍ കാലുകളില്‍ ചുറ്റിപിണയുന്ന അദൃശ്യമായ വേരുകള്‍. വരാന്തയിലൂടെ നടക്കുമ്പോള്‍ തൊണ്ടയില്‍ എന്തോ വന്നു നിറയുന്നു. ക്ലാസ്സ് റൂമുകളുടെ പാതിയടഞ്ഞ വലിയ വാതിലുകള്‍ക്കു പുറകില്‍ നാണിച്ചുനില്‍ക്കുന്ന ബാല്യം. ജനാലയുടെ ഇരുമ്പുകമ്പികളില്‍ ഓര്‍മ്മകളുടെ തണുപ്പ്. തലമുടിയിഴകള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുന്ന വേലിപടക്കങ്ങള്‍. പിന്നില്‍ പൊട്ടിച്ചിരിയുടെ പരിഹാസ പടക്കങ്ങള്‍. ഉള്ളംകയ്യില്‍ ലാങ്കിലാങ്കിയുടെ മണം. ഒരിയ്ക്കല്‍ കൂടി ഇരുന്നപ്പോള്‍ മൂന്നാം ക്ലാസ്സിലെ പഴയ ബെഞ്ച് വീണ്ടും കരഞ്ഞുവോ.

"സൂര്യന്‍ എവിടെ ഉദിക്കുന്നു."

ക്ലാസ്സ് ടീച്ചറായ റോസ്സി ടീച്ചറല്ല, വെല്ല്യടീച്ചറെന്നു വിളിക്കുന്ന ഹെഡ് മിസ്ട്രസ്സാണ്. ഇരട്ടപ്പേര് ഉണ്ടക്കണ്ണി. ആദ്യം കൈപൊക്കുന്നത് പതിവുപോലെ ലിജിന്‍ തന്നെ. റോസ്സി ടീച്ചറുടെ  (ഇരട്ടപ്പേര് വെള്ളക്കൂറ) ഒരേയൊരു മകന്‍. സ്വന്തം അമ്മ തന്നെ പഠിപ്പിക്കുക. ഭാഗ്യവാന്‍. ടീച്ചര്‍ ഏത് ചോദ്യം ചോദിച്ചാലും ആദ്യം അവന്‍ എഴുന്നേറ്റു നില്‍ക്കും. ഉത്തരം പറയും. ടീച്ചര്‍ വെരി ഗുഡ് പറയും. ഞങ്ങളോട് കണ്ടു പഠിക്കാനും. ലിജിന്‍ അഭിമാനത്തോടെ ഇരിക്കും. അതില്‍ എനിയ്ക്ക് അത്ഭുതമൊന്നും തോന്നാറില്ല. പതിവ് തെറ്റുമ്പോള്‍ മാത്രമല്ലേ അതിന്റെ ആവശ്യമുള്ളൂ. ഇത്തവണയും നെഞ്ചുവിരിച്ച് അറ്റന്‍ഷനില്‍നിന്നുകൊണ്ട് ലിജിന്‍ ഉത്തരം പറഞ്ഞു.

"കിയക്ക്."

വെല്ല്യ ടീച്ചറുടെ വകയും വെരി ഗുഡ്. ചൂരല്‍കാറ്റിന്റെ വേഗത്തില്‍ അടുത്ത ചോദ്യം.

"ആകെ... എത്ര ദിക്കുകളുണ്ടെന്നു പറയാമോ.  "

"കിയക്ക്.. പതിഞ്ഞാറ്.. തെക്ക്..."

"നെക്‌സ്റ്റ്..."

എല്ലാവരും അത്ഭുതപ്പെടുന്നു. റോസ്സി ടീച്ചറും. ലിജിന്റെ ഉത്തരവും തെറ്റിയിരിക്കുന്നു. നെക്‌സ്റ്റ്... അത് ഒരു ഭയപ്പെടുത്തുന്ന ഒരു മുഴക്കമാണ്. നീട്ടിപിടിച്ചിട്ടുള്ള വിണ്ടുകീറിയ ചൂരലിന്റെ അറ്റം ചിരിക്കും. ഇത്തവണ നീയാണോ എന്റെ ഇരയെന്ന് നിശ്ശബ്ദമായി ചോദിക്കും. തൊട്ടടുത്ത കുട്ടി എഴുന്നേറ്റുനില്‍ക്കുന്നു. ഉത്തരം പറയാന്‍ തുടങ്ങുന്നു.

"കെയക്ക്... പരിഞ്ഞാര്... "

"നെക്സ്റ്റ്"

വീണ്ടും ഭയപ്പെടുത്തുന്ന മുഴക്കം.

"പടിഞ്ഞാറ്... തെക്ക്... കിഴ...."

"നെക്സ്റ്റ്.."

"നെക്സ്റ്റ്.."

"നെക്സ്റ്റ്"

ഓരോ നെക്‌സ്റ്റിലും തടിച്ച ഫ്രെയിമുള്ള കണ്ണടചില്ലുകള്‍ക്കുള്ളില്‍നിന്ന് വല്ല്യ ടീച്ചറുടെ ഉണ്ടകണ്ണുകള്‍ പുറത്തേയ്ക്കു തള്ളി തള്ളി വരുന്നു. ഓരോരുത്തരായി എഴുന്നേറ്റുനില്‍ക്കുന്നു. ഒരേ ഉത്തരം. എല്ലാവരും പല രീതിയില്‍ മാറ്റി മാറ്റി പറയുന്നു. പറഞ്ഞുതീരുമ്പോഴേയ്ക്കും മുഴങ്ങുന്ന നെക്‌സ്റ്റ് വിളികളില്‍ തട്ടി പാതിയുത്തരങ്ങള്‍ ചിതറി. പകുതിയോളം പേര്‍ നില്‍ക്കുയാണ്. എഴുന്നുനില്‍ക്കുന്ന തെറ്റുത്തരങ്ങള്‍. മൂന്ന് നെക്സ്റ്റുകള്‍ കൂടി പറഞ്ഞിരുന്നുവെങ്കില്‍ ഞാനും ഒരു തെറ്റ്. തെറ്റുത്തരങ്ങളുടെ ആവര്‍ത്തനങ്ങള്‍ നിലയ്ക്കുകയാണ്. കുട്ടികളെല്ലാവരും പേടിച്ചുപോയിരിക്കുന്നു. വെല്ല്യ ടീച്ചറുടെ സഹതാപവും പരിഹാസവും നിറഞ്ഞ നോട്ടം.

"ആര്‍ക്കെങ്കിലും..... അറിയാമോ ഈ ചോദ്യത്തിന്റെ ഉത്തരം."

തൊട്ടപ്പുറത്ത് ഇരിക്കുന്ന കുട്ടി എഴുന്നേറ്റുനില്‍ക്കുന്നു. കൈയ്യുയര്‍ത്തുന്നു. നിവര്‍ത്തി പിടിച്ച നാലുവിരലുകളുമായി. എല്ലാ കണ്ണുകളും ആ കൈയ്യിന്റെ ഉടമയുടെ മുഖത്തേയ്ക്ക് പാറിയെത്തുമ്പോഴേയ്ക്കും വെല്ല്യ ടീച്ചറുടെ ശബ്ദം.

"വെരി ഗുഡ്... എന്താ കുട്ടിയുടെ പേര്..?"

"ശ്രീജിത്ത്."

"വെരി ഗുഡ്... സിറ്റ് ഡൗണ്‍."

റോസ്സി ടീച്ചര്‍ ഒരു ചിരിയടക്കി പിടിച്ചിട്ടുണ്ട്. ഭയപ്പെടുത്തുന്ന നിശ്ശബ്ദതകൊണ്ട് ക്ലാസ്സിനെ മുഴുവന്‍ അളന്നെടുക്കുകയായിരുന്നു വെല്ല്യടീച്ചര്‍.

"ആദ്യം വേണ്ടത് ചോദ്യം ശ്രദ്ധിക്കുവാനുള്ള കഴിവാണ്... ഓര്‍ത്തു നോക്കൂ.. എന്തായിരുന്നു എന്റെ ആദ്യത്തെ ചോദ്യം..."

വല്ല്യ ടീച്ചര്‍ ഒരു അത്ഭുതമായി നിറഞ്ഞുനില്‍ക്കുന്നു. ദിക്കുകള്‍ തന്നെയല്ലേ ചോദിച്ചത്. എല്ലാവരും ചോദ്യം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ചിലര്‍ പിറുപിറുത്തു. കണ്ണടചില്ലുകള്‍ക്കിടയിലൂടെ ഉണ്ടകണ്ണുകള്‍ വിടര്‍ത്തി മുഴങ്ങുന്ന ശബ്ദത്തില്‍ വെല്ല്യ ടീച്ചര്‍ വ്യക്തമാക്കി.

"ഞാന്‍ ചോദിച്ചത്. എത്ര ദിക്കുകളുണ്ട് എന്നാണ്. ആ ചോദ്യത്തിനുള്ള ഉത്തരം നാല് എന്നാണ്. അത് മാത്രം ആരും പറഞ്ഞില്ല. എല്ലാവരും പറയാന്‍ ശ്രമിച്ചത് ദിക്കുകള്‍ ഏതൊക്കെയാണെന്നാണ്... ആദ്യം വേണ്ടത് ചോദ്യം ശ്രദ്ധിക്കുവാനുള്ള കഴിവാണ്... കേട്ടോ.. ഇന്നുമുതല്‍ എല്ലാവരും ടീച്ചര്‍ പറയുന്നത് ശ്രദ്ധയോടെ കേട്ടു പഠിക്കണം. കേട്ടോ...

ഞാന്‍ അവനെ ശ്രദ്ധിച്ചു. കൈവിരലുകള്‍ കൊണ്ടുത്തരം പറഞ്ഞ കുട്ടിയെ. പുതിയ അഡ്മിഷനാണ്. ആദ്യ ദിവസം തന്നെ താരമായി മാറിയിരിക്കുന്നു. മുഖത്ത് ഗമയാണോ അതോ ആശ്ചര്യമാണോ. ഉത്തരം പറഞ്ഞ ഗമയിലാവണം. രണ്ടു കൈയ്യും കീശയിലിട്ട് നിവര്‍ന്നാണ് ഇരിക്കുന്നത്. വെല്ല്യ ടീച്ചര്‍ പോയതിനുശേഷം റോസ്സി ടീച്ചര്‍ ക്ലാസ്സ് ആരംഭിച്ചു. ആദ്യത്തെ ചോദ്യം അവനോടു തന്നെയായിരുന്നു.

"കുട്ടിയ്ക്ക് ശരിക്കും ഉത്തരം അറിയാമായിരുന്നോ...?"

മൗനമായിരുന്നു മറുപടി. നൂറുശതമാനം സത്യസന്ധവും.

"പിന്നെ എന്തിനാണ് എഴുന്നേറ്റുനിന്നത്.. കൈയ്യുയര്‍ത്തിയത്...?"

ടീച്ചറുടെ ചോദ്യവും അവന്റെ മൗനവും എല്ലാവരേയും അത്ഭുതപ്പെടുത്തി. അവന്‍ വിക്കി വിക്കി പറഞ്ഞു.

"അത്.. ഞാന്‍... ആരും വടക്ക്ന്ന് പറയണ കേട്ടില്ല്യ.. അപ്പോ ഞാന്‍ വിജാരിച്ചു. വടക്ക് തൊട്ട് പറയാന്ന്... പറഞ്ഞുതുടങ്ങുമ്പളേയ്ക്കും വെല്ല്യ ടീച്ചറ് വെരി ഗുഡ് പറഞ്ഞു.. പിന്നെ ഇരുന്നോളാന്‍ പറഞ്ഞു."

ഒന്നും മനസ്സിലായില്ല. ആര്‍ക്കും. സംശയം മാറാതെ കുട്ടികള്‍ പരസ്പരം നോക്കുന്നു. ആരുടേയും കണ്ണുകളിലേയ്ക്കു നോക്കാതെ അവന്‍ താഴേയ്ക്കു നോക്കിയിരിക്കുന്നു. മുഖത്തേയ്ക്കു നോക്കുമ്പോഴെല്ലാം അങ്ങോട്ടുമിങ്ങോട്ടും കണ്ണുകള്‍ വെട്ടിക്കുന്നു. റോസ്സി ടീച്ചര്‍ ചിരിക്കുന്നു.

"ശരി...കുട്ടി ഇരുന്നോളൂ... ഇന്ന് നമുക്ക്  പെരുക്കപട്ടിക പഠിയ്ക്കാം. എല്ലാവരും ബോര്‍ഡില്‍നിന്നും പകര്‍ത്തിയെഴുതണം.

ടീച്ചറുടെ തടിച്ച വിരലുകള്‍ക്കിടയില്‍ ഇറുകിയിരിക്കുന്ന ചോക്കില്‍നിന്നും, ബോര്‍ഡില്‍ ഭംഗിയുളള വെളുത്ത അക്കങ്ങള്‍ പരക്കാന്‍ തുടങ്ങിയപ്പോള്‍ സ്ലേറ്റും പെന്‍സിലും പുറത്തെടുത്തു. എഴുതി തുടങ്ങുമ്പോഴാണ് ശ്രദ്ധിച്ചത്. ഇടതുവശത്തിരിക്കുന്ന പുതിയ കുട്ടി. ശ്രീജിത്ത്. വെല്ല്യടീച്ചറുടെ വെരി ഗുഡ് വാങ്ങിയവന്‍, പെന്‍സില്‍ പിടിച്ചിരിക്കുന്നത് വളരെ വിചിത്രമായ രീതിയിലാണ്. ചൂണ്ടുവിരലിനും മോതിരവിരലിനും മുകളിലൂടെ നടുവിരല്‍കൊണ്ടു ചേര്‍ത്തു പിടിച്ചിരിക്കുന്ന പെന്‍സില്‍. ഉള്ളിലേയ്ക്ക് മടക്കി വെച്ചിരിക്കുന്ന തള്ളവിരല്‍.

"എല്ലാവരും പകര്‍ത്തി കഴിഞ്ഞില്ലേ."

അവന്റെ പെന്‍സില്‍പിടുത്തവും എഴുത്തും നോക്കിയിരുന്ന് പകര്‍ത്തിയെഴുതാന്‍ മറന്നുപോയി. വേഗം എഴുതിയെടുക്കുമ്പോഴും അവന്റെ പെന്‍സില്‍ പിടുത്തവും എഴുതിയ അക്കങ്ങളുടെ ചന്തവുമായിരുന്നു മനസ്സില്‍. ഇന്റര്‍വെല്‍ സമയത്ത്, പുതിയ കുട്ടിയുടെ കൈവിരലിന്റെ പ്രത്യേകത കണ്ടെത്താനുള്ള ശ്രമമായിരുന്നു. വരാന്തയുടെ ഓരത്തായി താഴെ മൈതാനത്തേയ്ക്കു നോക്കിനില്‍ക്കുന്ന ശ്രീജിത്ത്. നേരത്തെ കണ്ടതുപോല കൈകള്‍ കീശയ്കുള്ളില്‍ തന്നെ. അവന്റെ അടുത്തേയ്ക്ക ഓടി പോകുന്ന ലിജിന്‍.  പുറംതിരിഞ്ഞു നില്‍ക്കുന്ന ശ്രീജിത്തിന്റെ വലതുകൈ പിടിച്ചുവലിച്ചു കീശയില്‍നിന്നും പുറത്തെടുത്ത് പുറകിലോട്ടു വളച്ചു പിടിക്കുന്ന ലിജിന്‍. എന്താണ് സംഭവിച്ചതെന്നറിയാതെ, അനങ്ങാന്‍ പറ്റാതെ, തല പുറകിലേയ്ക്ക തിരിച്ചുപിടിച്ച് പകച്ചുനോക്കി നില്‍ക്കുന്ന അവന്റെ മുഖത്തെ ഭാവം സഹതാപമർഹിക്കുന്നതായിരുന്നു.

"ടാ.. നോക്ക്യേടാ... ഇവന്റെ കൈയ്യില് നാല് വെരലേ ഇള്ളൂ."

ശരിയാണ് അവന്റെ വലതുകൈയ്യിന്റെ തള്ളവിരലിന്റെ ഭാഗത്ത് ഉള്ളിലേയ്ക്കു മടങ്ങിയിരിക്കുന്ന ഒരു ചെറിയ മാംസ കഷ്ണം മാത്രം. ഒറ്റ നോട്ടത്തില്‍ തള്ളവിരല്‍ മടക്കിപിടിച്ചിരിക്കുകയാണെന്നേ തോന്നൂ. അമ്മ ടീച്ചറില്‍നിന്നും ലഭിച്ച അറിവിനെ പിന്‍തുടര്‍ന്ന ലിജിന്റെ കണ്ടെത്തല്‍. ഒരു സത്യം കണ്ടെത്തിയതിന്റെ, അതിനേക്കാളുപരി, അല്‍പ്പം മുമ്പ് എല്ലാവരേയും ഞെട്ടിച്ച ഒരു ശരിയുത്തരത്തിന്റെ പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയതിന്റെ എല്ലാ സന്തോഷവുമുണ്ടായിരുന്നു ലിജിന്റെ ശബ്ദത്തില്‍. കൈ വിടുവിച്ച് ലിജിനെ തള്ളിയിട്ട്, വലതുകൈ പോക്കറ്റിലിട്ട്, ഇടുകൈകൊണ്ട് കണ്ണുകള്‍ തുടച്ച് ക്ലാസ്സിനുള്ളിലേയ്ക്ക നടന്നുപോകുന്ന ശ്രീജിത്തിനെ എങ്ങിനെ മറക്കും. ഭൂതത്തില്‍നിന്നും വര്‍ത്തമാനത്തിലേയ്ക്ക് ഒരു അനൗണ്‍സ്‌മെന്റിന്റെ ദൂരം മാത്രം.

"...പരിപാടികള്‍ ആരംഭിക്കാറായി. എല്ലാവരും വേദിയിലേയ്ക്ക കടന്നിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...."

എല്ലാം മാഞ്ഞുപോകുകയാണ്. ശ്രീജിത്തും ലിജിനും കുട്ടികളും എല്ലാം. പരിപാടികള്‍ തുടങ്ങാറായിരിക്കുന്നു. പുറത്തിറങ്ങി ഗോവണി വഴി താഴെയത്തി ഹാളിലേയ്ക്ക് നടക്കുമ്പോള്‍ ശ്രീജിത്തായിരുന്നു മനസ്സു നിറയെ... "നാലുവെരലനെ പറ്റി എന്തങ്കിലും വിവരമുണ്ടോ" എന്ന ചോദ്യമാണ് ഓര്‍മ്മകളെ നയിച്ചത്. വേദിയിലേയ്ക്ക് നടക്കുമ്പോള്‍ ഏഴാം ക്ലാസ്സുവരെ ഒരുമിച്ചു പഠിച്ച ശ്രീജിത്തിനെ തേടുകയായിരുന്നു.

വേദിയിലിരിക്കുന്നവരില്‍ വെല്ല്യ ടീച്ചറും മറ്റു ചില ടീച്ചര്‍മാരെയും മാത്രം തിരിച്ചറിഞ്ഞു. റോസ്സി ടീച്ചര്‍ മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പേ ജീവിതത്തില്‍ നിന്നും വിരമിച്ചിരുന്നതായി പത്രത്തില്‍ കണ്ടിരുന്നു. വെല്ല്യ ടീച്ചര്‍ക്ക് ഒരുപാട് വയസ്സായിരിക്കുന്നു. പുതുതലമുറയിലെ അപരിചിതനായ ഒരു അദ്ധ്യാപകന്‍ വളരെ സരസമായി സംസാരിക്കുന്നുണ്ട്.

തിരിച്ചുവരുമ്പോള്‍ ലിജിനും സംഘവും തങ്ങളുടെ കൂടുതല്‍ കൂട്ടുകാരെ കണ്ടെത്തിയിരുന്നു. കൂടി നില്‍ക്കുന്നവരില്‍ പലരും പഠിച്ചിരുന്ന വര്‍ഷവും ക്ലാസ്സ് ടീച്ചറുടെ പേരും ചോദിച്ചു. എന്റെ ഓര്‍മ്മകളില്‍ നിന്ന് അവര്‍ അവരുടെ ഓര്‍മ്മകളെ കണ്ടെത്തുവാനുള്ള ശ്രമം. ചിലരെയൊക്കെ തിരിച്ചറിഞ്ഞുവെന്നു വരുത്തി. ചിപ്പോഴൊക്കെ ഓര്‍മ്മകളുടെ തരംഗങ്ങള്‍ കൂട്ടിമുട്ടി. അപ്പോഴെല്ലാം ആശ്ചര്യത്തിന്റെയും സന്തോഷത്തിന്റേയും വിദ്യുത്‌സ്ഫുരണങ്ങള്‍ ജ്വലിച്ചു. ചോദിച്ചുനോക്കാം.

"ശ്രീജിത്ത് ...?"

ആര്‍ക്കും മനസ്സിലായില്ല. ഓര്‍മ്മ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ കടന്നുവന്ന സുകേഷാണ് പറഞ്ഞത്

"നാലുവെരലനല്ലേ... അവന്‍ ഈ റൂട്ടിലെ ബസ്സില്ണ്ട്‌റാ... ഞാന്‍ ഡെയ്‌ലി കാണാറ്ണ്ട്.."

സുകേഷ് പറഞ്ഞതുവെച്ചു ചിന്തിച്ചാല്‍ ഇന്ന് പരിചയപ്പെട്ട ആ രക്ഷകന്‍ ശ്രീജിത്ത് തന്നെയാണ്. ഒരുപക്ഷെ എന്നേപ്പോലെ അവനും എന്നെ തിരിച്ചറിഞ്ഞു കാണില്ല. നെറ്റിയിലേയ്ക്ക പാറിവീണ മുടിയിഴകള്‍ മുകളിലോട്ട് ഊതിപറപ്പിച്ച് കണ്ണിറുക്കി കാണിച്ച് പുഞ്ചിരിക്കുന്ന ശ്രീജിത്തിന്റെ മുഖമായിരുന്നു മനസ്സില്‍. ബസ്സിനുള്ള സമയമാകുന്നതേയുള്ളൂ. എങ്കിലും നടക്കാം.

"ടൗണിലേയ്ക്കാണോ... ലിജിന്റെ കാറ്ണ്ട്ഡാ... ടൗണില്‍ ചെന്ന്  മ്മക്കൊന്ന് കൂടീട്ട് പിരിയാടാ.."

"വേണ്ട... പോയിട്ട് അത്യാവശ്യണ്ട്. പോട്ടെ."

മാനേജരുടെ വിളി ഭയന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പതിന്നാല് മിസ്സ്ഡ് കോളുകള്‍. ഫേസ് ബുക്ക് നോട്ടിഫിക്കേഷനുകളില്‍ മൂന്ന് ഫ്രണ്ടഷിപ്പ് റിക്വസ്റ്റുകളും. ഒരാള്‍ ഫെയ്ക്കാണെന്ന് ഉറപ്പാണ്.  പ്രൊഫൈല്‍ നെയിം പിച്ചക്കാരന്‍. പ്രൊഫൈല്‍ ഫോട്ടോയും ഒരു പിച്ചക്കാരന്റേതുതന്നെ. മറ്റുള്ളവരെയും പരിചയമില്ല. എങ്കിലും ഏക്‌സ്‌പെറ്റ് ചെയ്തു. എപ്പോള്‍ വേണമെങ്കിലും അണ്‍ഫ്രണ്ട് ചെയ്യാനുള്ള സൗകര്യവുമുണ്ടല്ലോ.

ബസ്സ് വന്നു നില്‍ക്കുമ്പോള്‍ ധൈര്യപൂര്‍വ്വമാണ് കയറിയത്. ശ്രീജിത്ത് നല്‍കിയ ധൈര്യം. അത്യാവശ്യം നല്ല തിരക്കുണ്ട്. പൊത്തിപിടിച്ച് കയറുമ്പോള്‍ കണ്ണുകള്‍ അവനെ പരതി. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ആധിയായി. ഇനി അവനു പകരം മറ്റാരെങ്കിലുമാണെങ്കില്‍ നാണം കെട്ടതുതന്നെ. ടൗണിലെത്തായപ്പോഴേയ്ക്കും തിരക്കു കുറഞ്ഞിരുന്നു. ഒന്ന് വ്യക്തമായി. ബസ്സില്‍ അവനില്ല. പകരം മറ്റൊരാളാണ്. എന്തു ചെയ്യുമെന്നറിയതെ വിയര്‍ക്കുമ്പോള്‍ അയാള്‍ അടുത്തു വന്നു. പ്രതിരോധത്തേക്കാള്‍ നല്ലത് ആക്രമണമാണ്.

"ശ്രീജിത്ത്...?"

"നാല് വെരലനല്ലേ.. പറഞ്ഞിരുന്നു.  തന്റെ ഫോട്ടോ മെസ്സേജ് ചെയ്തിരുന്നു..അതാ കാശ് ചോദിക്കാണ്ടിര്ന്നത്."

സ്റ്റോപ്പെത്തി. അയാളോട് നന്ദി പറഞ്ഞ് ബസ്സിറങ്ങി നടക്കുമ്പോള്‍ മൊബൈല്‍ ചിനച്ചു. ഫേയ്‌സ് ബുക്ക് നോട്ടിഫിക്കേഷന്‍. "പിച്ചക്കാരന്റെ" മെസ്സേജ്.

Townil ethiyille Sare..

കഴിയാവുന്നത്ര വേഗത്തില്‍ മറുപടി ടൈപ്പ് ചെയ്തു.

 Sreejith bhai... enikku manassilayillada ninne... nee enthada parayathirunnathu..?

ഒറ്റകണ്ണടച്ച ഒരു സ്‌മൈലിയായിരുന്നു മറുപടി. വീണ്ടും ടൈപ്പ്  ചെയ്തു.

ninakkenne engineya manassilayathu..

ഏറെ നേരം കഴിഞ്ഞിട്ടും മറുപടി കാണാതായപ്പോള്‍ നടന്നു. ടൗണില്‍ നിന്നും ആദ്യം അപരിചിതനായ ഒരു പയ്യന്റെ ബൈക്കിലും പിന്നെ കാല്‍നടയായും, വീട്ടിലെത്തിയപ്പോള്‍ പതിവുപോലെ അവള്‍ മുഖം വീര്‍പ്പിച്ചിരിക്കുന്നു. ഒന്നും കഴിക്കാതെയുള്ള കാത്തിരിപ്പാണ്. രണ്ടുപേര്‍ക്കുള്ള ചോറും കറിയും മേശപ്പുറത്ത് .മൂടിവെച്ചിട്ടുണ്ട്.  മോന്‍ ഉറങ്ങിയിരിക്കുന്നു. നെറ്റിയില്‍ തലോടിയപ്പോള്‍ ചൂടുളളതുപോല.

"ഇവന് പനിയ്ക്കുന്നുണ്ടോടി.."

"മോന്റെ കാര്യം മാത്രം നോക്ക്യാ മതീലോ. ഇന്ന് അച്ഛന്‍ വന്നിട്ട്ണ്ടായിരുന്നു. കഴ്ത്തില് കെടന്ന മാല എവിടേന്ന് ചോദിച്ചു.. "

ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് കരഞ്ഞു മൂക്കുപിഴിഞ്ഞ് നടക്കുന്നതിനിടയില്‍ അവള്‍ എപ്പോഴും ചോദിക്കാറുള്ള ആ ചോദ്യം തന്നെ ആവര്‍ത്തിച്ചു.

"നിങ്ങളെകൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടോ.. ആര്‍ക്കെങ്കിലും..?"

പാന്റും ഷര്‍ട്ടും മാറ്റി ലുങ്കിയുടെ സ്വതന്ത്ര്യത്തിലേക്ക് മടങ്ങി. മൊബൈല്‍ സ്‌ക്രീനിലെ നോട്ടിഫിക്കേഷനുകളിലൂടെ കണ്ണോടിക്കുമ്പോള്‍ ശ്രീജിത്തിന്റെ മറുപടി സന്ദേശം.

ID Cardilum ATM Cardilum details kandu. pinne oru oohavum... ninne orkkan mattoru karanam koodiyundu... enne peru paranju vilikkaarulla apoorvam chilare ullu.. Sirji.

അവളെ നോക്കി. ജാലകത്തിനപ്പുറം മാനത്ത് തിങ്കള്‍ ചിരിക്കുന്നു.

"എന്ത് പറഞ്ഞാലും ഇരുന്ന് ഇളിച്ചോളും. വന്ന് ചോറുണ്ട് കെടക്കാൻ നോക്ക്."

അവളുടെ പിണക്കം അയഞ്ഞിരിക്കുന്നു. ഓഫ് ചെയ്യുമ്പോള്‍ ടിവി സ്‌ക്രീനില്‍ മാസ്റ്റര്‍ കാര്‍ഡിന്റെ പരസ്യമായിരുന്നു.

There are somethings money can't buy. For everything else.. use Master Card.

48 അഭിപ്രായങ്ങൾ:

 1. നല്ല മനസ്സിന്‍റെ വ്യഥകള്‍ ഞാന്‍ ഈ വരികളിലൂടെ അനുഭവിച്ചറിയുന്നു!
  നന്മകള്‍ നേരുന്നു...
  ഹൃദ്യമായിരിക്കുന്നു എഴുത്ത്!!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. ഇതൊരു കഥയാണെന്നാണ് കരുതിയത്.നല്ല ഒതുക്കമുള്ള മനോഹരമായ രചന.വീട് പണി തീര്‍ത്തു വേഗം മടങ്ങി വരൂ.

  മറുപടിഇല്ലാതാക്കൂ
 3. എന്താ പറയാ.. ജീവിതത്തിലേക്ക് നോക്കുമ്പോലെ എന്നു മനസ്സില്‍ ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവസാനത്തെ പാരഗ്രാഫില്‍ എത്തിയത്...
  എല്ലാവിധ നന്മകളും നേരുന്നു...പ്രാര്‍ഥിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി മുഹമ്മദ് ഭായ്. പ്രാര്‍ത്ഥനകള്‍ക്ക് പ്രത്യേകം നന്ദി.

   ഇല്ലാതാക്കൂ
 4. വല്ലാത്ത വലിഞ്ഞ് മുറുകിയൊരു വായനാസുഖം നല്കിയ വായന.

  എന്താണെഴുതേണ്ടെന്നറിയില്ല...

  ഗതകാലതരളസ്മരണകൾ എന്ന പ്രയോഗം എന്നെ ഞെട്ടിച്ച് കളഞ്ഞു....

  നന്മ വരട്ടെ!!!!!!!!!!!!!!!!!!!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ സുധി ഭായ്. ഗതകാലതരളസ്മരണകള്‍ അവ നമ്മെ ആഴത്തില്‍ സ്പര്‍ശിച്ചുകൊണ്ടേയിരിക്കും.

   ഇല്ലാതാക്കൂ
 5. എന്നെപ്പോെലെ അന്തർമുഖനായ ഒരുവന്റെ വ്യഥ മുഴുവൻ വരച്ചു വച്ച ഒരു ചിത്രം. നന്നായിരിക്കുന്നു.
  ആശംസകൾ ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അന്തര്‍മുഖനോ... വാട്‌സാപ്പില്‍ താങ്കളുടെ ഉരുക്കുപ്പേരി കണക്കെയുള്ള ഡയലോഗുകള്‍ ഞാന്‍ കാണാറുണ്ട്. ആശംസകള്‍ക്കു നന്ദി വികെ ഭായ്.

   ഇല്ലാതാക്കൂ
  2. വാട്സപ്പിലേയുള്ളൂ സുധീറേട്ടാ..നേരിലോ ഫോണിലോ ഒന്നും മിണ്ടത്തില്ല.അത്‌ പോലെ തന്നെയാ വിനുവേട്ടനും.എപ്പളും ചിരി.

   ഇല്ലാതാക്കൂ
 6. സുധീർ ഭായ് ... പതിവ് പോലെ വളരെ നല്ല രചന ... ഒരു പാട് കാര്യങ്ങൾ , ഒരുപാട് മുഖങ്ങൾ , വായിച്ചിരുന്നു പോസ്റ്റ്‌ തീർന്നത് അറിഞ്ഞില്ല... ഭായിയുടെ വീടെന്ന നല്ല സ്വപനത്തിന്റെ പ്രയത്നങ്ങൾക്ക് എന്റെ നല്ല ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായിക്കപ്പെടുമ്പോള്‍ എഴുത്ത് ധന്യമാകുന്നു. വളരെ നന്ദി ഷഹീം ഭായ്. വായനയ്ക്കും വാക്കുകള്‍ക്കും.

   ഇല്ലാതാക്കൂ
 7. വീടു ഭംഗിയായി പൂർത്തിയാക്കിയ ശേഷം വരൂ!
  എല്ലാ ആശംസകളും!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. താങ്കളുടെ ആശംസകള്‍ വെറുതെയായില്ല. വീട് ഒരുവിധം ഒപ്പിച്ചു സാബു ജി. വളരെ നന്ദി.

   ഇല്ലാതാക്കൂ
 8. "ഓർമ്മകൾ " ഓർമ്മകൾ മാത്രമാക്കി മനസ്സില് സൂക്ഷിച്ചു വക്കുന്നതാവും നന്നെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. സുധീർ ഭായ് ഇത് കഥയാണോ,കാര്യമാണോ എന്ന് സംശയിച്ചാണ് വായിച്ചു വന്നത്. അവസാനം വന്നപ്പോൾ മനസ്സിലായി. നാം പുറമേ കാണുന്നതല്ലല്ലോ യാഥാർത്ഥ്യം അല്ലെ? ഭായിയുടെ സ്വപ്നം പൂർത്തിയാക്കാനാവട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാ നന്മകളും നേരുന്നു.


  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഭാഗികമായെങ്കിലും ആ സ്വപ്നം പൂര്‍ത്തിയാക്കി പ്രാര്‍ത്ഥനകള്‍ക്കു പ്രത്യേകം വളരെ നന്ദി ഗീതാ ജി.

   ഇല്ലാതാക്കൂ
 9. നന്നായി എഴുതി, ഇത് വരെ സ്കൂളിലോ കോളേജിലോ ഒരു പൂര്‍വകാല മീറ്റിലും എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രവാസം തന്നെ കാരണം. ഇത് വായിച്ചപ്പോള്‍ ഞാനും എന്റെ പഴയ സുഹൃത്തുക്കളെ കണ്ട ഒരു പ്രതീതി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നല്ല വാക്കുകള്‍ നന്ദി റോസിലീ ജി. കൗമാരത്തിലേയും യൗവ്വനത്തിലേയും സൗഹൃദങ്ങളാണ് നമ്മെ രൂപപ്പെടുത്തുന്നത്. ആ ബന്ധങ്ങള്‍ക്ക ആഴമേറും.

   ഇല്ലാതാക്കൂ
 10. നല്ല രചന. കൂടുതൽ എഴുതാനുള്ള നല്ല അനുഭവങ്ങൾ ഉണ്ടാകാൻ ഈ ഇടവേള സഹായകമാകട്ടെ. ഇടയ്ക്കുള്ള ഈ മൗനം ഒരു ഉപവാസത്തിന്റെ ഗുണം ചെയ്യട്ടെ. വീടുപണിക്ക് എല്ലാ ആശംസകളും.

  മറുപടിഇല്ലാതാക്കൂ
 11. വ്യത്യസ്തമായ പ്രമേയം, വളരെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു...!!
  ഒത്തിരി ഇഷ്ടമായി....
  വീടുപണി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ ആശംസകളും ഒപ്പം പ്രാര്‍ത്ഥനകളും!!.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. താങ്കളുടെ പ്രാര്‍ത്ഥനകള്‍ ഫലിച്ചു. വീട് പണി ഒരുവിധത്തില്‍ ഒപ്പിച്ചു. ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി ദിവ്യാജി.

   ഇല്ലാതാക്കൂ
 12. മറുപടികൾ
  1. തിരിച്ചുവന്നിരിക്കുന്നു ജി. വായനയ്ക്കും വാക്കുകള്‍ക്കും ഒത്തിരി നന്ദി.

   ഇല്ലാതാക്കൂ
 13. ഗത കാല സ്മരണകൾ ആസ്വദിക്കുന്നതും വർത്തമാനകാലത്തിന്റെ ദുരിതം അനുഭവിക്കുന്നതും ഒക്കെ നന്നായി എഴുതി. ശ്രീജിത്തിൻറെ ക്ലാസിലെ വിവരണം വെറുതെ നീണ്ടു പോയി. അവനുമായി അത്ര അടുപ്പം വന്നതും വായനക്കാരന് അനുഭവപ്പെട്ടില്ല. ബസ്സിലെ ചെറുപ്പക്കാരൻ എന്ന് പറയുമ്പോൾ ഒരു ആശയ ക്കുഴപ്പം നില നിൽക്കുന്നു. കഥ കൊള്ളാം.

  അടിക്കുറിപ്പാണ് കൂടുതൽ വിഷമമുണ്ടാക്കുന്നത്‌. അതിന്റെ ഉള്ളടക്കം. ഊതി വീർപ്പിച്ച പല ബലൂണുകളും പൊട്ടുന്നത് പോലെ.താൽക്കാലികമായി ആണെങ്കിലും പിരിയുമ്പോൾ ഒരു വിഷമം. ഇടയ്ക്കിടെ എഴുത്ത് കാണാമായിരുന്നു. പെട്ടെന്ന് എല്ലാം ശുഭമായി വരട്ടെ. ആശംസകൾ സുധീർ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മറ്റു പല ബ്ലോഗു കളിയും അങ്ങയുടെ നിരൂപണ കമന്റുകൾ കണ്ടു. കേവലം കൊള്ളാം, നന്നായിട്ടുണ്ട് എന്നതിലുപരി തിരുത്തലുകൾക്ക് പ്രാധാന്യം നല്കുന്ന ഇത്തരം കമറ്റുകൾ എഴുത്തുകാരന് അനിവാര്യമാണ്. ആകയാൽ ഈ സംരംഭത്തിന് ഈ വിനീതന്റെ അഭിവാദ്യങ്ങൾ.

   ഇല്ലാതാക്കൂ
  2. അഭിപ്രായം രേഖപ്പെടുത്തുന്നതില്‍ ബിപിന്‍ സാര്‍ ഒരു മാതൃകയാണ്. ഷാജി ഭായ്.

   ഇല്ലാതാക്കൂ
 14. നന്നായി എഴുതുന്ന ഒരു നല്ല ബ്ലോഗർ എന്നതിന് മുകളിലെ വരികൾതന്നെ നല്ല ഉദാഹരണമാണ്. എന്തെല്ലാം തിരക്കുകളും പ്രാരാബ്ദങ്ങളുമുണ്ടെങ്കിലും അൽപ്പസമയം ഇതിനുവേണ്ടിയും മാറ്റിവെക്കാനാവും എന്നതിന് എന്നെപ്പോലുള്ളവർ ഉദാഹരണമാണ്......

  പുതിയ പദ്ധതികൾക്ക് എല്ലാ ഭാവുകങ്ങളും

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തീര്‍ച്ചയായും. എഴുത്തിനുവേണ്ടി സമയം കണ്ടെത്തുവാന്‍ ശ്രമിക്കും. പ്രോത്സാഹനത്തിന് ഒത്തിരി നന്ദി മാഷെ.

   ഇല്ലാതാക്കൂ
 15. സുധീർഭായ്‌... എന്താ ഇപ്പോ പറയുക... !

  മറുപടിഇല്ലാതാക്കൂ
 16. എത്രമനോഹരമായാണ് സുധീഎർ ഭാ‍യ് ,
  ഗതകാല സ്മരണകളുടെ ഒരു പ്ലോട്ട് എഴുത്തിൽ
  കൂടി വരച്ചിട്ടിരിക്കുന്നത് ...

  അതെ ആ മാസ്റ്റർ കാർഡിന്റെ പരസ്യ വാചകം തന്നെയാണ് സത്യം..

  പിന്നെ വീടുപണിയുടെ തിരക്കുകൾ
  നടക്കുകയാണേലും ഇടക്കെല്ലാം മൊബൈൽ
  അപ്ഡേറ്റുകൾ നടത്തി കൊണ്ടിരിക്കണം കേട്ടൊ

  മറുപടിഇല്ലാതാക്കൂ
 17. ഹൃദ്യമായ കഥ ..... ഇഷ്ടപ്പെട്ടു........

  മറുപടിഇല്ലാതാക്കൂ
 18. വായിച്ചു. നല്ല എഴുത്ത്. ഇനി തിരക്കിന്‍റെ നാളുകളെന്നോ..?തിരക്കിനിടയിലാണ് എഴുതാന്‍ സുഖം. അതറിയില്ലേ മാഷേ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി മനോജ് ഭായ്. കഥകളൊക്കെ പുസ്തകമായി പ്രസിദ്ധീകരിച്ചുവെന്നു കേട്ടു. സത്യമാണോ.. എങ്ങിനെയുണ്ട് പ്രതികരണം?

   ഇല്ലാതാക്കൂ
 19. സ്കൂളിലും പരിസരപ്രദേശങ്ങളിലും അല്പ്പസമയം മനസ്സൊന്നു തങ്ങി. ബാല്യത്തിലേക്ക് ഒരു തിരിച്ചുപോക്ക് ശരിക്കും ആസ്വദിച്ചു. വളരെ മനോഹരം സുധീർ ഭായി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഓര്‍മ്മകളുടെ സുഖം ഒന്നു വേറെ തന്നെ. ആസ്വദിച്ചുവെന്നറിയുന്നതില്‍ വളരെ സന്തോഷം. ഷാജി ഭായ്.

   ഇല്ലാതാക്കൂ
 20. Collegileykku njaanumonnu poyi. Puthiya veedokke vachu avidathe visheshangalumaayi varunnathinaayi kaathirikkunnu

  മറുപടിഇല്ലാതാക്കൂ
 21. സുധീറേട്ടാ!!!!

  എവിടെയാ???


  വേം വാ!!!!

  മറുപടിഇല്ലാതാക്കൂ