പാഠങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പാഠങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അതിജീവനം

 
താനേ മുളച്ചും
മെല്ലേ വളർന്നും
തലയെടുപ്പായപ്പോൾ
അരിവാളിനാലാരോ
തലയറുത്തിട്ടു.
 
പിന്നെയും മുളച്ചും
വീണ്ടും വളർന്നും
പടർന്നങ്ങു നിൽക്കവേ
മൺവെട്ടിയാലാരോ
കൊത്തിയെറിഞ്ഞു.
 
പിന്നെയും നാമ്പിട്ടും
വീണ്ടും വളർന്നും
നിവർന്നങ്ങു നിൽക്കവേ
ചുറ്റിനും തീയിട്ടവർ
കരിയിച്ചുകളഞ്ഞു
 
വീണ്ടും പൊടിച്ചും
വിടർന്നും നിൽക്കവേ
വേരോടെ ഇല്ലാതാക്കുവാൻ
അമ്ളവീര്യമുള്ള കൊടും
വിഷവും തെളിച്ചു.
 
വീണ്ടും മുളപൊട്ടി
തലയുയർത്തി നിൽപ്പുണ്ട്.
പോടാ പുല്ലേ -യെന്ന്
പുച്ഛിച്ചവർക്കറിയില്ലല്ലോ
അതിജീവനത്തിന്റെ
പുൽക്കൊടി മന്ത്രം.





പോരാട്ടം

ഭ്രാന്തൻമാരായ വിശ്വാസികൾ ബോംബ് സ്ഫോടനത്തിലൂടെ തകർത്ത അവളുടെ സ്കൂളിന്റെ അരികിൽ, മുന്നിൽകിടന്നു പിടഞ്ഞുമരിച്ച തന്റെ ഏറ്റവും പ്രിയപ്പെട്ട മൂന്ന് കളിക്കൂട്ടുകാരികളുടെ ഓർമ്മകളുമായി, അഫ്ഗാനിലെ പതിന്നാലു വയസ്സുകാരി ആലിഫ തന്റെ അനുഭവങ്ങൾ ഒരു ഫ്രഞ്ച്‌ ജേണലിസ്റ്റിനോട് ഇംഗ്ലീഷിൽ പങ്കുവെക്കുകയാണ്. അവൾ പുഞ്ചിരിച്ചു കൊണ്ടാണ് സംസാരിക്കുന്നത്. അയാൾ ആശ്ചര്യത്തോടെ ചോദിച്ചു. "എങ്ങിനെയാണ് നിനക്കിപ്പോഴും ചിരിക്കാൻ കഴിയുന്നത്?" "ഞങ്ങൾ എന്നും പേടിച്ചരണ്ട് ഇരുട്ടിൽ കഴിയണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ഈ ചിരി തന്നെയാണ് അവർക്കുള്ള എന്റെ മറുപടിയും." എത്ര മധുരതരമായ പ്രതികാരം. പുഞ്ചിരിയും ഒരു ആയുധമാണ്.

ഒരു ഒട്ടക കഥ.

ഒട്ടകകുഞ്ഞ് അമ്മയോട് ചോദിച്ചു.

"അമ്മേ എന്തിനാണ് നമ്മുടെ മാത്രം മുതുകിൽ ഇങ്ങനെയൊരു മുഴ ?"

അമ്മ പറഞ്ഞു.

"മരുഭൂമിയിലൂടെ ഒത്തിരി ദൂരം സഞ്ചരിക്കേണ്ടവരല്ലേ നമ്മൾ. ശരീരത്തിന് ആവശ്യം വരുമ്പോൾ ഉപയോഗിക്കാവുന്ന വിധത്തിൽ കൂടുതൽ ജലാംശവും പോഷകങ്ങളും സൂക്ഷിച്ചുവെക്കുന്നതിനും ശരീരത്തിലെ ചൂട് ക്രമീകരിക്കുന്നതിനും ദൈവം നമ്മൾക്ക് തന്ന വരമാണ് ഈ മുഴ."

ഒട്ടകകുഞ്ഞ് പിന്നെയും ചോദിച്ചു.

"അങ്ങനെയെങ്കിൽ... എന്തിനാണ് നമുക്ക് മാത്രം ഇത്രയും നീളമുള്ള കാലുകളും ഉരുണ്ട കാലടികളും."

അമ്മ പറഞ്ഞുകൊടുത്തു.

"മണലാരണ്യത്തിലൂടെ എളുപ്പത്തിൽ നടക്കുവാൻ ദൈവം തന്നതല്ലേ നമുക്ക് മാത്രം ഇത്രയും നീളമുള്ള കാലുകളും ഈ ഉരുണ്ട കാലടികളും.

ഒട്ടകക്കുഞ്ഞ് പിന്നെയും ചോദിച്ചു

"അപ്പോൾ... എന്തിനാണ് നമുക്ക് മാത്രം ഇത്രയും നീളമുള്ള കൺപീലികൾ ? ഇത് എപ്പോഴും കണ്ണിലേക്ക് പറന്നുവന്നു ശല്യപ്പെടുത്തുന്നു. "

അമ്മ വിശദീകരിച്ചു.

"മരുഭൂമിയിൽ എപ്പോഴും കാറ്റ് വീശികൊണ്ടേയിരിക്കും. മണൽകാറ്റിൽ കണ്ണിൽ പൊടി കയറാതിരിക്കുവാൻ ദൈവം പ്രത്യേകം തന്നതാണ് നമുക്ക് മാത്രം  നീളമുള്ള ഈ കൺപീലികൾ."

കുഞ്ഞിന്റെ അടുത്ത ചോദ്യത്തിനു മാത്രം ആ അമ്മയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല.

"ശരിയായിരിക്കാം. അമ്മ പറയുന്നതെല്ലാം. പക്ഷെ... നമുക്കെന്തിനാണിതെല്ലാം...?  ഈ കാഴ്ചബംഗ്ലാവിനുള്ളിൽ ? "

.............................................................................
ഗുണപാഠം

കാഴ്ചബംഗ്ലാവിനുള്ളിൽ എത്തപ്പെട്ടത് അവരുടെ തെറ്റല്ല എന്നത് ശരിതന്നെ. എങ്കിലും. ഒട്ടകകുഞ്ഞ് അതിന്റെ അമ്മയോട് ചോദിച്ച ആ ചോദ്യം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതുണ്ട്. എല്ലാവരും നൈസർഗ്ഗികമായ കഴിവുകളാൽ വ്യത്യാസപ്പെട്ടിരിക്കുന്നു. സ്വന്തം കഴിവുകൾ തിരിച്ചറിയുകയും അതിനനുസൃതമായി ജീവിക്കുവാനും കഴിയുക എന്നതാണ് ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും. ദൈവം നമുക്ക് തന്നിട്ടുള്ള സ്വതസിദ്ധമായ കഴിവുകൾക്ക് അനുയോജ്യമായ ഇടങ്ങളിലാണോ നാം ജീവിക്കുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഒന്നുകിൽ നാം കഴിവുകൾക്കനുസൃതമായ സാഹചര്യങ്ങളിലേക്ക് മാറുവാൻ ശ്രമിക്കണം. അല്ലെങ്കിൽ സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന കഴിവുകൾ നാം വളർത്തിയെടുക്കണം. അല്ലാത്ത പക്ഷം നമ്മൾ കൂട്ടിലടക്കപ്പെടും.
...........................................................................

(ഇ-ഇടങ്ങളിൽ വായിക്കുവാനിടയായ പ്രചോദനാത്മകമായ ഒരു ആംഗലേയകഥയുടെ മലയാള ആവിഷ്‌കാരം.)

മൗസ് ട്രാപ്

ചുമരിന്നടിയിലെ വിള്ളലിലൂടെ അവനാണ് ആദ്യം ആ അപകടം തിരിച്ചറിഞ്ഞത്. കൃഷിക്കാരനും ഭാര്യയും പുതുതായി വാങ്ങികൊണ്ടുവന്ന ഒരു പെട്ടി തുറക്കുകയാണ്. അതില്‍ നിന്നും പുറത്തെടുക്കുന്നത് ഒരു എലിക്കെണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവന്‍ പേടിച്ചു വിറച്ചു. അവന്‍ പരിഭ്രാന്തനായി വീടിനു ചുറ്റും പറമ്പിലും ഓടിനടന്നു. ഓടി പോകുന്നതിനിടയില്‍ എല്ലാവര്‍ക്കും അപായ സൂചന നല്‍കി എലി  വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

"ചങ്ങാതിമാരെ... അവരിതാ എനിക്കായി കെണിയൊരുക്കി വെക്കുന്നു. അവരിതാ എനിക്കായി കെണിയൊരുക്കി വെക്കുന്നു."

കോഴി ചോദിച്ചു.

"എന്നോടെന്തിനാണ് പറയുന്നത്. എലിക്കെണിയുടെ കാര്യം പറയേണ്ടത് എലികളോടല്ലേ. ?"

അവന്‍ താറാവിനും മുന്നറിയിപ്പ് നല്‍കി.

"അറിഞ്ഞോ... വീട്ടുടമസ്ഥനും ഭാര്യയും എനിക്കായി കെണിയൊരുക്കുകയാണ്."

'എനിക്കെന്താ' എന്ന ഭാവത്തില്‍ കഴുത്തുവെട്ടിച്ച് താറാവ് കുണുങ്ങി കുണുങ്ങി നടന്നുനീങ്ങി.

അവന്‍ പന്നിയോടും പറഞ്ഞു.

"ചങ്ങാതി, അവരിതാ എനിക്കായി കെണിയൊരുക്കി വെക്കുകയാണ്."

"അത് നിന്നെ പിടിക്കാനല്ലേ..?  നീയല്ലേ ഈ വീട്ടിലെ ശല്യക്കാരന്‍...അതിന് ഞാനെന്തു വേണം ?"

അവന്‍ ആ വീട്ടിലെ പശുവിനോടും പറഞ്ഞു.

"ഏയ്.. ചങ്ങാതി അവരിതാ എനിക്കായി ഈ വീടിനുള്ളില്‍ കെണിയൊരുക്കി വെക്കുകയാണ്. എന്തെങ്കിലും ചെയ്‌തേ പറ്റൂ."

"അവനവന്‍ ചെയ്യുന്നതിന്റെ ഫലങ്ങള്‍ അവനവന്‍ തന്നെ അനുഭവിക്കണം. അവരറിയാതെ അവരുടെ ധാന്യങ്ങളും മറ്റും കട്ടുതിന്നുമ്പോള്‍ ഓര്‍ക്കണമായിരുന്നു. സൂക്ഷിക്കേണ്ടത് നീയാണ്. "

വളര്‍ത്തുനായ പറഞ്ഞു.

"അതെ ഞങ്ങള്‍ക്കൊന്നും പേടിക്കാനില്ല. വീട്ടിന്നകത്തല്ലേ കെണി വെച്ചിരിക്കുന്നത്. മാത്രവുമല്ല, യജമാനന്‍ ചെയ്യുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല."

ആരും എലിയുടെ വാക്കുകള്‍ ചെവി കൊണ്ടില്ല. മൃഗങ്ങളും മനുഷ്യരെപ്പോലെ തന്നെ. വര്‍ഗ്ഗബോധമില്ലാത്തവര്‍. കരിയിലകള്‍ക്കിടയിലൂടെ വേലിപൊത്തില്‍നിന്നും ഒരു പാമ്പിന്റെ തല ഉയരുന്നതു കണ്ടപ്പാേള്‍ എലി വീണ്ടും വീടിനുള്ളിലേയ്ക്ക തന്നെ ഓടിപ്പോയി. എവിടെയോ ഒളിച്ചുവെച്ചിരിക്കുന്ന കെണിയെ ഭയന്ന് എലി വീടിന്റ മച്ചിനു മുകളിലേയ്ക്ക ഓടിക്കയറി ഒളിച്ചിരുന്നു. രാത്രി ഇരുണ്ടപ്പോള്‍, വീട്ടിനുള്ളിലെ വിളക്കണഞ്ഞപ്പോള്‍, വീശന്നു തുടങ്ങിയപ്പോള്‍ അവന്‍ ശബ്ദമുണ്ടാക്കാതെ മെല്ലെ താഴോട്ടിറങ്ങി ധാന്യപ്പുര ലക്ഷ്യമാക്കി ഓടി.

ഇരുട്ടില്‍ വായ തുറന്നുവെച്ച് കെണി ഇരയെ കാത്തിരുന്നു. അതിന്റെ വായ കൂട്ടിയടക്കുന്ന ശബ്ദം ആ രാത്രിയുടെ പ്രശാന്തതയെ ഞെട്ടിച്ചു. പ്രതീക്ഷിച്ചിരുന്നുവെങ്കിലും നായയും കോഴിയും പന്നിയും താറാവും പശുവും ഞെട്ടി. കൃഷിക്കാരന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. എലിയുടെ കഥ കഴിഞ്ഞിരിക്കുന്നു. കെണി തന്റെ ആദ്യ ഇരയെ കീഴടക്കിയെന്നു  തിരിച്ചറിഞ്ഞ,  അയാള്‍ കണ്ണു തുറന്ന്  ഭാര്യയുടെ മുഖത്തേയ്ക്കു നോക്കി. അവരുടെ കണ്ണുകള്‍ സന്തോഷം പങ്കുവെച്ചു. ശല്യക്കാരനായ ആ എലിയെ നാളെ കുഴിച്ചുമൂടാം. ആ രാത്രി അവര്‍ സംതൃപ്തിയോടെ ഉറങ്ങി.

നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉറക്കച്ചടവോടെ അടുക്കളയിലേയ്ക്കു നടക്കുമ്പോള്‍ അയാളുടെ ഭാര്യയുടെ കാലില്‍ കടിച്ചത് ഒരു പാമ്പായിരുന്നു. കെണിയില്‍ വാല്‍ പെട്ടുപോയ ഒരു വിഷപാമ്പ്. നിലവിളി കേട്ട് ഓടിയെത്തിയ കൃഷിക്കാരന്‍ ഭാര്യയെ ഉടനെ ആശുപത്രിയെത്തിച്ചു. കുറച്ചു ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രിയില്‍നിന്നും വിട്ടയച്ചത്. വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആ സ്ത്രീയ്ക്ക് വീണ്ടും പനിക്കാന്‍ തുടങ്ങി.

ചിക്കന്‍ സൂപ്പിന് പനി കുറയ്ക്കുവാന്‍ കഴിയുമെന്ന് അയല്‍ക്കാര്‍ പറഞ്ഞു കൊടുത്തതനുസരിച്ച്, കൃഷിക്കാരന്‍ തന്റെ വളര്‍ത്തു കോഴിയെ കൊന്ന് സൂപ്പു വെച്ച് ഭാര്യയ്ക്ക് കൊടുത്തു. പനി കുറഞ്ഞുവെങ്കിലും പൂര്‍ണ്ണമായും വിട്ടുമാറിയില്ല. ഓരോ ദിവസം കഴിയും തോറും അവരുടെ ആരോഗ്യസ്ഥിതി മോശമായികൊണ്ടിരുന്നു. അസുഖബാധിതയായ ഭാര്യയെ കാണുവാനും ആശ്വസിപ്പിക്കാനും ബന്ധുക്കളും കൂട്ടുകാരും വന്നുതുടങ്ങി. ദൂരെനിന്നും വന്നവരില്‍ ചിലര്‍ വീട്ടില്‍ തന്നെ തങ്ങുകയും ചെയ്തു. അയാളുടെ വീട്ടുചിലവുകള്‍ വര്‍ദ്ധിച്ചു. അതിഥികള്‍ക്കു ഭക്ഷണമൊരുക്കാന്‍ നിവൃത്തിയില്ലാതെ അയാള്‍ ആദ്യം താറാവുകളേയും പിന്നീട് പന്നിയെയും കൊന്നു. കുറച്ചു നാളത്തേയ്ക്ക് പന്നിയിറച്ചി ധാരാളമായിരുന്നു.

സ്ത്രീയുടെ പനി കൂടി കൂടി വരികയും ആരോഗ്യസ്ഥിതി അപകടകരമാം വിധം ദുര്‍ബലമാകുകയും ചെയ്തു. കൃഷിയില്‍ ശ്രദ്ധിക്കുവാനും ഭാര്യയെ പരിചരിക്കുവാനും സമയം തികയാതെ അയാള്‍ കഷ്ടപ്പെട്ടു. ചികിത്സാ ചിലവുകള്‍ക്കു പണം കണ്ടെത്താന്‍ മാര്‍ഗ്ഗമില്ലാതെ ഒടുവില്‍ മനസ്സില്ലാ മനസ്സോടെ അയാള്‍ പശുവിനെ ഇറച്ചിവെട്ടുകാര്‍ക്ക് വിറ്റു.

ചികിത്സകളൊന്നും ഫലിക്കാതെ അകാലത്തില്‍ മരണം വരിക്കുവാനായിരുന്നു അയാളുടെ ഭാര്യയുടെ വിധി. അനുശോചനമറിയിക്കുവാന്‍ എത്തിയവര്‍ക്കു നേരെ കുരച്ച വളര്‍ത്തു നായയെ അയാള്‍ ചങ്ങലക്കിട്ടു. ഭാര്യയുടെ മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം ഒറ്റപ്പെട്ടുപോയ അയാള്‍ വീടും കൃഷിസ്ഥലവും മറ്റൊരാള്‍ക്ക് വിറ്റ് ദൂരെയുള്ള ബന്ധുവീട്ടിലേയ്ക്കു താമസം മാറ്റി.

ചങ്ങലക്കിട്ടിരുന്നതിനാല്‍ നായയ്ക്ക് ആ വീടുവിട്ടു മറ്റെവിടേയ്ക്കും പോകാന്‍ കഴിഞ്ഞില്ല. കുറച്ചുദിവസങ്ങള്‍ക്കു ശേഷം താമസത്തിനെത്തിയ പുതിയ  വീട്ടുടമസ്ഥനും ഭാര്യക്കും മക്കള്‍ക്കും നായ്ക്കളെ ഒട്ടും ഇഷ്ടമല്ലായിരുന്നു. അവര്‍ അതിനെ തല്ലിയും കല്ലെറിഞ്ഞും ഓടിച്ചുവിട്ടു. കിട്ടിയ ജീവനും കൊണ്ടു അവന്‍ മുടന്തിയോടി. അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ മറ്റൊരു പറമ്പില്‍ മരച്ചീനി കടിച്ചുപറിക്കുന്ന എലിയെ കണ്ടുമുട്ടി. അവന്‍ ഉത്കണ്ഠയോടെ നായയോട് ചോദിച്ചു.

"ചങ്ങാതി... എന്തൊക്കെയുണ്ട് വിശേഷങ്ങള്‍... ? അവര്‍ വെച്ചിരുന്ന കെണിയില്‍ നമ്മുടെ ചങ്ങാതിമാര്‍ ആരെങ്കിലും അകപെട്ടുവോ...?"

നായ മോങ്ങികരഞ്ഞുകൊണ്ടു പറഞ്ഞു.

"അകപെട്ടു ചങ്ങാതി... നീയൊഴികെ. എല്ലാവരും."

......................................................

വാല്‍ കഷ്ണം.

ഒരു ഇംഗ്ലീഷ് നാടോടി കഥയുടെ മലയാള ആവിഷ്‌കാരം. വികസനത്തിന്റെ കെണിയൊരുക്കി ചിലര്‍, മലകള്‍ ഇടിച്ചുനിരത്തുമ്പോള്‍, കാടുകള്‍ വെട്ടിത്തെളിക്കുമ്പോള്‍, പുഴകള്‍ വറ്റിവരളുമ്പോള്‍, പാടങ്ങള്‍ നാടുനീങ്ങുമ്പോള്‍, പച്ചപ്പുകള്‍ മായുമ്പോള്‍, മണ്ണിനെ സ്‌നേഹിക്കുന്ന മനുഷ്യര്‍ കരഞ്ഞു പറയും. കഥയിലെ എലിയെപോലെ... 'നോക്കൂ, അവരിതാ കെണിയൊരുക്കുന്നു' വെന്ന്. പക്ഷെ ആരും ചെവി കൊടുക്കാറില്ല. കാരണം. എലിയെ പിടിക്കാന്‍ കെണി വെക്കുന്നതിന്, നമ്മള്‍ കോഴികളും താറാവുകളും പന്നികളും പശുക്കളും നായ്ക്കളുമെല്ലാം എന്തിന് ഭയപ്പെടണം. അല്ലേ...?

തിരുവചനങ്ങളും നിര്‍വ്വചനങ്ങളും

വൈകീട്ട് പതിവുളള നടത്തത്തിന് കിഴക്കേകോട്ട വഴി ഇറങ്ങിയതാണ് ആന്റപ്പന്‍. ചിന്തയിലാണ്ട് കപ്പലണ്ടി കൊറിച്ചുള്ള നടത്തം. വികാരിയച്ചന്റെ ശബ്ദമാണ് ആന്‍പ്പനെ ചിന്തകളില്‍നിന്നും ഉണര്‍ത്തിയത്.

"എന്താ ആന്റപ്പാ... വല്യ ആലോചനയിലാണല്ലോ...?"

"ങെ.. ആ... അച്ചനായിരുന്നോ.. ഞാന്‍ ശ്രദ്ധിച്ചില്ല്യാട്ടാ... ഈശോമിശിഹായ്ക്ക സ്തുതിയായിരിക്കട്ടെ."

"എപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ... ഞാന്‍ ആന്റപ്പനെ കാണണംന്ന് വിചാരിച്ചിരിക്ക്യായിരുന്നു."

"എന്താ അച്ചോ വിശേഷം...?"

"വിശേഷൊക്കെ പിന്നെ പറയാം... ആദ്യം ഞാനൊരു കാര്യം ചോദിച്ചോട്ടെ... അല്ല ആന്റപ്പാ... ഉള്ളതില്‍ പാതി ഇല്ലാത്തവന് കൊടുക്കണംന്നല്ലേ ബൈബിളില്‍ പറഞ്ഞിരിക്കുന്നത്..?"

"അതെ അച്ചോ...?"

"ആണല്ലോ... എന്നിട്ടാണോ നീ നിന്റെ കയ്യിലിരിക്കുന്ന കപ്പലണ്ടി ഒറ്റയ്ക്ക് തിന്നുതീര്‍ക്കണത്...?"

ആന്റപ്പന്‍ ചമ്മി. സ്വര്‍ണ്ണപല്ല് കാട്ടി ഒരു ഇളിഞ്ഞ ചിരിയും.

"അയ്യോ... സോറിയച്ചോ.. ഞാന്‍ പെട്ടെന്ന്... അതോര്‍ത്തില്ല്യ.... സോറിയച്ചോ... അച്ചനിതങ്ങട് പിടിച്ചേ.. പകുതിയാക്കേണ്ട... മുഴുവനും പിടിച്ചോ... സോറി..."

"ഉം... മതി നിന്റെ സോറികരച്ചില്‍... എല്ലാ സോറികളും വരവ് വെച്ചിരിക്കുന്നു."

കപ്പലണ്ടിപൊതിവാങ്ങി അച്ചന്‍ കൊറിച്ചുകൊണ്ടുനടക്കുമ്പോള്‍ ആന്റപ്പന്‍ ഓര്‍മ്മിപ്പിച്ചു.

"അല്ല അച്ചോ.. എന്തോ പറയാനിണ്ട്ന്ന് പറഞ്ഞിട്ട്. ?"

"ങാ... അതാണ്... അത് പിന്നെ... ഈ പലിശയ്ക്ക് കാശ് കടം കൊടുക്കുന്നതൊക്കെ പാപമാണെന്ന് അറിയില്ലേ... ആന്റപ്പന്.. അങ്ങനെയുള്ളവരെ ചാട്ടവാറിനടിക്കണമെന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്..."

മുഖത്ത് ഒരിയ്ക്കല്‍കൂടി ചമ്മല്‍ വിടര്‍ന്നുവെങ്കിലും ഇത്തവണ ആന്റപ്പന്‍ വിദഗ്ധമായി ചിരിച്ചു.

"അച്ചോ... ഈ ബൈബിള്ന്ന് പറഞ്ഞാ ഒരു സംഭവന്ന്യാല്ലേ.. അതിലെല്ലാണ്ട്ട്ടാ. എല്ലാം."

അച്ചന്‍ ബാക്കിയുള്ള കപ്പലണ്ടി മുഴുവന്‍ വായിലേയ്ക്ക് കമിഴ്ത്തി, അത് പൊതിഞ്ഞിരുന്ന കടലാസ്സ് കലാപരമായി ചുരുട്ടിക്കൂട്ടി വലിച്ചറിഞ്ഞു. എന്നിട്ട് ആന്റപ്പനെ കടുപ്പിച്ചൊന്ന് നോക്കി.

"അപ്പോ ഇതൊക്കെയറിഞ്ഞിട്ടാണോ നീയിപ്പോഴും പലിശയ്ക്ക്...?"

"അത് പിന്നെ അച്ചോ... ഈ ആപത്തില് പെടണോരെ സഹായിക്കാനും ബൈബിളില്‍ പറയണില്ലേ... അച്ചന് അറിയ്യോ... വീടു പണിയാന്‍ കാശില്ലാത്തോര്, പെമ്മക്കളെ കെട്ടിച്ചുകൊടുക്കാന്‍ കാശില്ലാത്തോര്, കുട്ട്യോളെ പഠിപ്പിക്കാന്‍ ഫീസ് കൊടുക്കാനില്ലാത്തോര്, ഓപറേഷന് ആശുപത്രിയില്‍ കാശ് കെട്ടിവെക്കാനില്ലാത്തോര്,  അങ്ങനെ എത്രയെത്ര പേരെയാ ഞാന്‍ ദെവ്‌സോം സഹായിക്കണേന്ന് അറിയ്യോ അച്ചന്... കാശ് കൊടുക്കണ സമയത്ത് ഞാന്‍ ദൈവാന്നാ അവര് പറയാറ്... പക്ഷേണ്ട്‌ല്ലോ... ആ കാശ് തിരിച്ചുതരാന്‍ പറയുമ്പഴും പലിശേടെ കാര്യം പറയുമ്പഴും മാത്രം... എന്താന്നറിയില്ല.... അവര്‍ക്കെന്നെ ചെകുത്താനെ കാണണപോലെയാ..."

"അതിപ്പോ... ആന്റപ്പന്‍ പറയേണേലും കാര്യംണ്ട്... ന്നാലും.. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാര്‍ക്കുണ്ടാവില്ല്യേ... ആന്റപ്പാ..."

"ഉള്ളതിനനുസരിച്ച് ജീവിച്ചാപോരെ അച്ചോ... അന്തസ്സായിട്ട് ജീവിക്കണങ്ങ്യെ... നല്ലോണം പണിയെടുക്കണ്ടച്ചോ... നെറ്റിയിലെ വെയര്‍പ്പോണ്ട് അപ്പം കണ്ടെത്താനല്ലേ ബൈബിളിലും പറയണെ... അല്ലാണ്ട് വല്ലവന്റെ പറമ്പിലെ പുല്ല് കണ്ടിട്ട് പശൂനെ വേടിക്കേണേല് വല്ല കാര്യണ്ടച്ചാ.. .കാശ് കടം വാങ്ങി മാനം രക്ഷിക്കുമ്പോ അത് തിരിച്ചുകൊടുത്തേ പറ്റൂ..  ഇല്ലെങ്കി ആ മാനം പൂവും അച്ചോ.. ഷുവറായിട്ടും  പൂവും."

"ടാ നെനക്ക് ജ്വല്ലറീന്ന്ള്ള വരുമാനല്ല്യേ... കുറികമ്പനീന്ന്‌ളള വരുമാനല്ല്യേ... പിന്നെന്തിനാണ്ടാ ഈ ശാപം കിട്ടണ പലിശ പരിപാടിയൊക്കെ ആയിട്ട് നടക്കണെ.?"

"അതിനും കാരണം ബൈബിളെന്ന്യാ അച്ചോ..."

"ങേ...!!! അതെന്താ നീ അങ്ങനെ പറഞ്ഞെ...?"

"അല്ല അച്ചോ...  നിങ്ങളുടെ സമ്പാദ്യം അഞ്ചിടങ്ങളിലായി സൂക്ഷിക്കണംന്നാണല്ലേ ബൈബിളില്‍ പറയുന്നത്... അതായത്... എല്ലാ മൊട്ടകളും ഒരു കൊട്ടേല് തന്നെ ഇടരുതെന്നല്ലേ ....?'

ജൂബിലി മിഷന്‍ സെന്ററില് എത്തിയപ്പോള്‍ അച്ചന്‍ നടത്തം നിര്‍ത്തി. എതിര്‍വശത്തുകൂടി വണ്ടിയുന്തി വരുന്ന കപ്പലണ്ടി വില്‍പ്പനക്കാരനെ കൈ കാണിച്ചുനിര്‍ത്തി. പോക്കറ്റില്‍ നിന്നും 5 രൂപയെടുത്ത് ഒരു പൊതി കപ്പലണ്ടി വാങ്ങി. നല്ല ചൂടുള്ള കപ്പലണ്ടി സ്വാദോടെ കൊറിച്ചുകൊണ്ട് ആന്റപ്പനോട് ചോദിച്ചു.

"അപ്പോ ആന്റപ്പാ.. നമ്മള് എന്താ പറഞ്ഞുവന്നെ...?"

"അതായത്... അച്ചോ... ഈ എല്ലാ മൊട്ടകളും ഒരു കൊട്ടേല്..."

"ആ മതി മതി.. മനസ്സിലായി... ഇപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി... ഞാനെന്നല്ല ആര് വിചാരിച്ചാലും നീ നേരെയാവില്ല്യാന്ന്."

ആന്റപ്പന്‍ ഒരു ചിരി വിഴുങ്ങി. പിന്നെ പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ അച്ചനോട് ചോദിച്ചു.

"അല്ല അച്ചോ... അച്ചനല്ലേ നേരത്തെ പറഞ്ഞെ.... ഈ  ഉള്ളതില്‍ പാതി ഇല്ലാത്തവന് കൊടുക്കണംന്നൊക്കെ ബൈബിളില് പറഞ്ഞിട്ട്‌ണ്ടെന്ന്..?"

"അതെ... അത് വളരെ ശരിയാണ്. എന്താ ഇപ്പോ ഒരു സംശയം...?"

"അല്ലാ... അച്ഛന്‍ ഒറ്റയ്ക്ക് കപ്പലണ്ടി തിന്നണതോണ്ട് ചോദിച്ചതാ..."

"ഓ.. അങ്ങനെ... ആന്റപ്പാ... നീ ബൈബിള് ശരിക്കും വായിച്ചിട്ടില്ല്യാട്ടാ... അന്യന്റെ മുതല്‍ ആഗ്രഹിക്കരുതെന്നും ബൈബിളില്‍ പറഞ്ഞിട്ട്ണ്ട്ടാ..."

ആന്റപ്പന് നേരെ കപ്പലണ്ടിപൊതി നീട്ടിപിടിക്കുമ്പോള്‍ വികാരിയച്ചന്റെ മുഖത്ത് 'എന്നോടാണോടാ നിന്റെ കളി' എന്നൊരു ഭാവം തെളിഞ്ഞുനിന്നിരുന്നു. ലൂര്‍ദ്ദ് പള്ളിയില്‍
മണി മുഴങ്ങി. കൃത്യം മൂന്ന് തവണ. ആന്റപ്പന്‍ ഉറപ്പിച്ചു. സത്യം.

ഗിഫ്റ്റ് ഓഫ് ലൗ.

അയാളുടെ വരുമാനം കുടുംബത്തിന് കഷ്ടിച്ച് വയറു നിറയ്ക്കുവാന്‍ മാത്രമേ തികയാറുള്ളൂ. ക്രിസ്‌തുമസ്സിന്‌ ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം. അയാളുടെ മൂന്നുവയസ്സുകാരി മകള്‍ ബലൂണുകളും നക്ഷത്രങ്ങളുംകൊണ്ട്‌ പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയും അലങ്കരിക്കുവാനുള്ള ഉത്സാഹത്തില്‍ കാത്തിരിക്കുകയാണ്. കുഞ്ഞുമോള്‍ക്ക് ഒന്നും വാങ്ങികൊടുക്കുവാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് അയാള്‍ വിഷമിച്ചു.

മുന്‍വര്‍ഷം ബാക്കിവന്ന  വര്‍ണ്ണകടലാസ്സുകഷ്ണങ്ങളും തിളക്കം നഷ്ടപ്പെട്ടു തുടങ്ങിയ ചില അലങ്കാരവസ്തുക്കളും അയാള്‍ സൂക്ഷിച്ചുവെച്ചിരുന്നു.  ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ അവയിലൊതുക്കാം എന്നു കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് അയാള്‍ ആ കാഴ്ച കണ്ടത്. ഭദ്രമായി എടുത്തുവെച്ചിരുന്ന ആ വര്‍ണ്ണകടലാസ്സുകള്‍, മകള്‍ വലിച്ചു താഴെയിട്ടു ചുളുക്കിയും മടക്കിയും കളിച്ച് നാശമാക്കിയിരിക്കുന്നു. അയാള്‍ക്ക്‌  അനിയന്ത്രിതമായ ദേഷ്യം വരികയും കുഞ്ഞിനെ വഴക്കുപറയുകയും  അടിച്ചുനോവിക്കുകയും ചെയ്തു. ദിവസങ്ങള്‍ കടന്നുപോയി. 

ക്രിസ്‌തുമസ്സ്‌ ദിവസം രാവിലെ, അയാളെ അത്ഭുതപ്പെടുത്തികൊണ്ട്‌ അവള്‍ ഒരു സമ്മാനപൊതി അയാള്‍ക്കു നേരെ  നീട്ടി. 

"ഡാഡിച്ചുള്ള എന്റെ കിസ്മസ് സമ്മാനാ... മെഴി കിസ്മസ് ഡാഡി.
"

വളരെയധികം ആകാംക്ഷയോടെ, അയാള്‍ ആ പൊതി വാങ്ങി തുറന്നുനോക്കി. വര്‍ണ്ണകടലാസ്സുകൊണ്ടു പൊതിഞ്ഞു വെച്ചിരുന്നത്, ഉപയോഗശൂന്യമായി വലിച്ചെറിഞ്ഞിരുന്ന ഒരു പഴയ ഷൂ ബോക്‌സായിരുന്നു. ബോക്‌സ് തുറന്നപ്പോള്‍ അതിനകത്ത് ഒന്നും ഉണ്ടായിരുന്നില്ല. ശ്രദ്ധിച്ച് തിരിച്ചും മറിച്ചും നോക്കിയിട്ടും അയാള്‍ക്ക് ആ ബോക്‌സിനുളളില്‍ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. അത് ശൂന്യമായിരുന്നു. അയാള്‍ വാത്സല്യത്തോടെ പുഞ്ചിരിച്ചുകൊണ്ട്‌ കുഞ്ഞിനെ പറഞ്ഞുമനസ്സിലാക്കുവാന്‍ ശ്രമിച്ചു.

"ആര്‍ക്കെങ്കിലും സമ്മാനപൊതി കൊടുക്കുമ്പോള്‍ അതിനുള്ളില്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലുമൊന്ന്‌ വെയ്‌ക്കണം. അപ്പോഴാണ്‌ അത്‌ ശരിക്കുമുള്ള സമ്മാനമായി മാറുക."


അവളുടെ മുഖത്തെ സന്തോഷം പൊടുന്നനെ മാഞ്ഞു. കണ്ണുകള്‍ നിറഞ്ഞു. 

"വെച്ചിരുന്നൂല്ലോ.. നാന്‍ ആ ബോസ്സില് നെറയെ ഫ്‌ലയിംഗ് കിസ്സ്‌കള് ഊതി  ഊതി നെറച്ചിരുന്നൂല്ലോ. സത്യായിറ്റും... "

കണ്ണുകള്‍ നിറയവേ അയാള്‍ ആ കുഞ്ഞിനെ വാരിപുണര്‍ന്നുമ്മവെച്ചു. വഴക്കുപറഞ്ഞതിലും അടിച്ചതിലും അയാള്‍ക്ക്‌ കുറ്റബോധം തോന്നി. മനുഷ്യനു നല്‍കാവുന്നതും ലഭിക്കാവുന്നതുമായ ഏറ്റവും മികച്ച സമ്മാനമാണ് നിഷ്‌കളങ്കമായ സ്‌നേഹം. തിരിച്ചറിവുകള്‍. അവയെപ്പോഴും വൈകിയാണ് വരിക. 

ചിലര്‍ക്ക് ദുരിതങ്ങളുടേയും വേദനകളുടേയും തുടര്‍ച്ചയാണു ജീവിതം. അടുത്ത വര്‍ഷം ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ ആ കുഞ്ഞ് ജീവിച്ചിരുന്നില്ല. കടുത്ത പനിയെതുടര്‍ന്ന് വേര്‍പാടിന്റെ വേദന കൂടി സമ്മാനിച്ചുകൊണ്ട്, ആ കുഞ്ഞ്, ഈ ലോകത്തില്‍നിന്നും വിട പറയുകയായിരുന്നു. കുഞ്ഞുമകള്‍ സമ്മാനിച്ച  വര്‍ണ്ണകടലാസ്സിനാല്‍  പൊതിയപ്പെട്ട ആ ഗിഫ്റ്റ് ബോക്‌സ്  ഇപ്പോഴും അയാള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു.  ഇടക്കിടെ അയാള്‍ ആ ബോക്‌സ്‌ തുറന്നുനോക്കും. അപ്പോള്‍ അതില്‍നിന്നും കുഞ്ഞുമ്മകള്‍ പറന്നുയരുന്നതായും, അവ ചിത്രശലഭങ്ങളേപ്പോലെ  കവിളില്‍  വന്നിരിക്കുന്നതായും അനുഭവപ്പെടും. 














(ഒരു ഇംഗ്ലീഷ് നാടോടികഥയുടെ മലയാള ആവിഷ്‌കാരം.)
.......................................................................
വരവേല്‍ക്കാം. നന്മയുടെ പിറവിയും പ്രതീക്ഷകളുടെ ഉദയവും. എല്ലാ സുഹൃത്തുക്കള്‍ക്കും ക്രിസ്‌തുമസ്സ്‌ പുതുവത്സര ആശംസകള്‍. 

അത്ഭുതങ്ങള്‍ സംഭവിക്കുന്നത്...

അവള്‍ ഓടിപ്പോയി പ്ലാസ്റ്റിക് കൊണ്ടുള്ള ചെറിയ പിഗ്ഗി ബാങ്കില്‍ (കാശിന്‍ കുടുക്ക) സൂക്ഷിച്ചുവെച്ചിരുന്ന നാണയത്തുട്ടുകള്‍ പുറത്തെടുത്ത് ശ്രദ്ധയോടെ എണ്ണിനോക്കുവാന്‍ തുടങ്ങി. നാണയങ്ങളുടെ മൂല്യം എണ്ണിനോക്കി തിട്ടപ്പെടുത്തുവാന്‍ ഏഴുവയസ്സുകാരി പഠിച്ചുവരുന്നേയുള്ളൂ. ആ മരുന്നിന് എത്ര തുക ആവശ്യമായി വരുമെന്ന് അവള്‍ക്ക് നിശ്ചയമില്ലായിരുന്നു. എങ്കിലും നാണയതുട്ടുകളെല്ലാം പെറുക്കിയെടുത്ത് ഒരു തൂവാലയില്‍പൊതിഞ്ഞ് കയ്യിലൊതുക്കിിടിച്ച് അവള്‍ പുറത്തേയ്‌ക്കോടി.

മെഡിക്കല്‍ ഷോപ്പില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഫാര്‍മസിസ്റ്റ് മറ്റൊരു വ്യക്തിയുമായി ഉത്സാഹത്തോടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

"എനിക്കൊരു മരുന്ന് വേനം."

കൊച്ചുകുട്ടിയായതുകൊണ്ട് ഫാര്‍മസിസ്റ്റ് അവളെ പ്രത്യേകം ശ്രദ്ധിച്ചു.

"പ്രിസ്‌ക്രിപ്ഷന്‍ കാണിക്കൂ."

"അതെന്തിനാ... ?"

ഫാര്‍മസിസ്റ്റിന്റെ മുഖത്ത് അക്ഷമ നിഴലിക്കുവാന്‍ തുടങ്ങി.

"മരുന്നിന്റെ പേരറിയുമോ,,,?"

സംശയത്തോടെ വിക്കി വിക്കി അവള്‍ പറഞ്ഞു.

"അത്... മരുന്നിന്റെ പേര്... 'മിരക്കില്‍' ന്നാ. 'മിരക്കില്‍'..."

"എന്ത്.... എന്താ..."

അവള്‍ ആവര്‍ത്തിച്ചു.

"മിരക്കില്‍..."

അയാളുടെ മുഖത്തെ സംശയം കണ്ടിട്ടായിരിക്കണം അവള്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു..

"മിരക്കില്‍... 'മിരക്കില്‍'ന്ന് തന്ന്യാ.."

അയാള്‍ നിരാശയോടെ തലയാട്ടി.

"ആ പേരില്‍ ഒരു മരുന്ന് ഇവിടെ ഇല്ലല്ലോ... എന്താണ് അസുഖമെന്നറിയുമോ...?"

അവളുടെ കുഞ്ഞുമുഖം വാടി.

"എനിക്കറിയില്ല... കാശ് കൊണ്ട്ന്നിറ്റ്ണ്ട്. ദാ..."

തൂവാലയില്‍ പെതിഞ്ഞുകൊണ്ടുവന്ന നാണയത്തുട്ടുകള്‍ അവള്‍ അയാള്‍ക്കു മുന്നില്‍ തുറന്നു കാണിച്ചു.

"മതിയായില്ലെങ്കി... ഇന്നീം കൊണ്ട്‌രാം "

അയാള്‍ സഹതാപത്തോടെ ചിരിച്ചു.

"നോക്കൂ കുട്ടീ... ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്ന് തരാന്‍ പാടില്ല... മാത്രവുമല്ല, ആ പേരിലൊരു മരുന്ന് ഇവിടില്ല... എനിക്കൊന്നും ചെയ്യാനില്ല. "

അവളുടെ കണ്ണുകള്‍ നിറഞ്ഞുതുടങ്ങിയിരുന്നു.

അതുവരെ സംസാരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന ഫാര്‍മസിസ്റ്റിന്റെ സുഹൃത്ത് ആ കുട്ടിയെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാള്‍ നടന്നുവന്ന് അവള്‍ക്കു സമീപം, മുട്ടുകളില്‍ നിന്നുകൊണ്ട് ചോദിച്ചു.

"സാരല്ല്യ... മോളെ അങ്കിള്‍ സഹായിക്കാം. ആദ്യം ആര്‍ക്കുവേണ്ടിയാണ് ഈ മരുന്നെന്ന് പറയണം."

"എന്റെ ചേട്ടനാ... ചേട്ടന് തീരെ വയ്യ... "

"എന്താണ് ചേട്ടന്റെ അസുഖം...?"

"അറിയില്ല... എന്തോ.. വെല്ല്യ അസുകാന്നാ ഡോക്ട്ടറ് പറഞ്ഞെ...."

"ആണോ... മോള്‍ക്ക് ഈ മരുന്നിന്റെ പേര് ആരാ പറഞ്ഞുതന്നത്.?"

"ഡോക്ട്ടറ് പറയണത് മോള് കേട്ടതാ... ഇനി ഈ മരുന്നിന് മാത്രെ ചേട്ടനെ രഷിച്ചാന്‍ പറ്റ്വള്ളോന്നാ ഡോക്ട്ടറ്  പറഞ്ഞെ..."

അപ്പോഴേയ്ക്കും അവള്‍ കരയാന്‍ തുടങ്ങിയിരുന്നു.

"മോളൂനെപോലെ മിടുക്കികുട്ടികള്‍ കരയാന്‍ പാടില്ല... എവിടെയാ മോളൂന്റെ ചേട്ടന്‍ ഇപ്പോള്‍ കിടക്കുന്നത്..?"

"ദാ... അവിടെയാ..."

"നമുക്ക് രണ്ടാള്‍ക്കും കൂടി മോള്‍ടെ ചേട്ടനെ കാണാന്‍ പോകാം... വരൂ.. "

ആ കുട്ടിയെ സുരക്ഷിതയായി അവളുടെ മാതാപിതാക്കളെ ഏല്‍പ്പിക്കുക എന്നതുമാത്രമായിരുന്നു അയാളുടെ ലക്ഷ്യം. മാതാപിതാക്കളില്‍നിന്നും, പത്തുവയസ്സുള്ള, അസുഖബാധിതനായ, അവളുടെ സഹോദരനെ രക്ഷിക്കുവാന്‍ സങ്കീര്‍ണ്ണമായ ഒരു സര്‍ജറി ആവശ്യമാണെന്നും എന്നാല്‍പോലും രക്ഷപ്പെടുവാനുള്ള സാധ്യത കുറവാണെന്നും അയാള്‍ മനസ്സിലാക്കി. സര്‍ജറിക്കാവശ്യമായ തുക ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അധികമായിരുന്നുവെന്നും. അതുവരെയുള്ള പരിശോധനാ -ചികിത്സകളുടെ വിശദാംശങ്ങളിലൂടെ അയാള്‍ കണ്ണോടിച്ചു. നഴ്‌സിനോടു സംസാരിച്ചതിനുശേഷം കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറെ നേരില്‍ കാണണമെന്നും അയാള്‍ ആവശ്യപ്പെട്ടു.

അയാളെ കണ്ടതും ഹോസ്പിറ്റലിലെ ഡോക്ടര്‍ ആദരവോടെ എഴുന്നേറ്റുനിന്നു. പ്രശസ്തനായ, പ്രഗത്ഭനായ ന്യൂറോ സര്‍ജനായിരുന്നു ആ ആഗതനെന്ന് ഡോക്ടര്‍ വളരെ പെട്ടെന്നുതന്നെ തിരിച്ചറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്റെ അസുഖത്തെ സംബന്ധിച്ച് അവര്‍ തമ്മില്‍ ദീര്‍ഘനേരം സംസാരിച്ചു. മടങ്ങി പോകുന്നതിനുമുന്‍പ് അദ്ദേഹം തിരിച്ചുവന്ന്, ചിരിച്ചുകൊണ്ട്  പെണ്‍കുട്ടിയോടു ചോദിച്ചു.

"നിന്റെ കയ്യില്‍ എത്ര രൂപയുണ്ട്..."

അവള്‍ ഉടന്‍തന്നെ തൂവാലയില്‍ പൊതിഞ്ഞ നാണയത്തുട്ടുകള്‍ അദ്ദേഹത്തിനു നേര്‍ക്ക് നീട്ടി. അദ്ദേഹം അത് സന്തോഷപൂര്‍വ്വം വാങ്ങി എണ്ണിനോക്കി. അറുപത്തിയെട്ടു രൂപ.

"കൃത്യമാണല്ലോ.. ഇത്ര തന്നെയാണ് ആ അത്ഭുതമരുന്നിന്റെ വില."

അവളുടെ കുഞ്ഞുമുഖം സന്തോഷത്താല്‍ തുടുത്തു. പിറ്റേ ദിവസം, അവളുടെ സഹോദരന്റെ സര്‍ജറിയ്ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. അവളും അച്ഛനും അമ്മയും പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. വളരെ നേരിയ സാധ്യത മാത്രം കല്‍പ്പിച്ചിരുന്ന സങ്കീര്‍ണ്ണമായ ആ സര്‍ജറി, പ്രാഗത്ഭ്യത്തിന്റേയും അനുഭവസമ്പത്തിന്റെയും പിന്‍ബലത്താല്‍ അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ആശുപത്രി അധികൃതര്‍ സര്‍ജറി ചിലവ് ആ കുടുംബത്തില്‍നിന്നും ഈടാക്കിയില്ല. കുട്ടിയുടെ അച്ഛനും അമ്മയും ഡോക്ടറുടെ മുന്നില്‍ കൈകൂപ്പിനിന്നു.

"ദൈവമാണ് സാറിനെ ഇവിടെയെത്തിച്ചത്."

"ആയിരിക്കാം. പക്ഷെ ഞാന്‍ വിശ്വസിക്കുന്നു, ഈ കൊച്ചുമിടുക്കിയാണ്  എന്നെ ഇവിടെ എത്തിച്ചതെന്ന്. അതിന് അവളെ പ്രേരിപ്പിച്ചത് നിങ്ങളുടെ ഡോക്ടര്‍ പറഞ്ഞ  ഒരു വാചകവും. ആ വാചകം എന്തായിരുന്നെന്നോ... 'ഒരു മിറക്കിള്‍, അതിനു മാത്രമേ ഇനി ഈ കുട്ടിയെ രക്ഷിക്കുവാന്‍ കഴിയൂ' എന്ന്. നിങ്ങള്‍ എല്ലാവരും അത്ഭുതം സംഭവിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു. കാത്തിരുന്നു. പക്ഷെ ഇവള്‍ മാത്രം അതിനെ തേടിയിറങ്ങി. മിടുക്കി."

(പ്രചോദനാത്മകമായ ഒരു ആംഗലേയകഥയുടെ മലയാള ആവിഷ്‌കാരം.)

ചിലപ്പോഴെല്ലാം എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ പ്രതീക്ഷയറ്റ് നിശ്ചലനായി പോകാറുണ്ട്. അപ്പോഴെല്ലാം ഈ കഥ ഓര്‍മ്മയിലേയ്ക്ക കയറിവരും. അപ്പോള്‍ ഇരുണ്ട മേഘങ്ങള്‍ക്കപ്പുറത്ത് ഒരു വെള്ളിവര കാണുന്നതുപോലെ തോന്നും. എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിക്കുമെന്ന് അവസാനനിമിഷം വരെ, പ്രതീക്ഷിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രകാശകിരണം പോല്‍.

മൂന്ന് അരിപ്പകള്‍

ഗ്രീക്ക് തത്വചിന്തകനായിരുന്ന സോക്രട്ടീസിനെ കണ്ടുമുട്ടിയപ്പോള്‍, പരിചയക്കാരനായ ഒരു വ്യക്തി
അദ്ദേഹത്തോടു ചോദിച്ചു.

"അതെ... നിങ്ങളറിഞ്ഞോ.... നിങ്ങളുടെ സുഹൃത്തിനെകുറിച്ചുള്ള ആ വാര്‍ത്ത..."

സോക്രട്ടീസ് സംശയത്തോടെ കണ്ണുകളുയര്‍ത്തി.

"ഞാന്‍ കരുതി നിങ്ങള്‍ ഇതിനോടകം അറിഞ്ഞുകാണുമെന്ന്... എന്താണെന്നോ?"

അയാളുടെ സംസാരം തടസ്സപ്പെടുത്തികൊണ്ട്,, സോക്രട്ടീസ് പറഞ്ഞു.

"ഒരു നിമിഷം... നിങ്ങള്‍ പറയുവാന്‍ തുടങ്ങുന്നത് എന്തുതന്നെയായാലും.... എനിക്കത് മൂന്നു അരിപ്പകളിലൂടെ അരിച്ചെടുക്കേണ്ടതായിട്ടുണ്ട്.."

"അരിച്ചെടുക്കുകയോ... മൂന്നു അരിപ്പകളിലൂടെയോ..."

"അതെ മൂന്ന് അരിപ്പകള്‍. അതിനായി ഞാന്‍ മൂന്നു ചോദ്യങ്ങള്‍ ചോദിക്കും... താങ്കള്‍ അവയ്‌ക്കെല്ലാം വ്യക്തമായ മറുപടി തരണം..."

"അതു കൊള്ളാമല്ലോ... ശരി. ചോദിച്ചോളൂ."

"ആദ്യത്തെ ' അരിപ്പ ' സത്യമാണ്... ചോദ്യം ഇതാണ്. നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന വാര്‍ത്ത സത്യമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ.?"

"അങ്ങനെ ചോദിച്ചാല്‍... എനിക്കുറപ്പില്ല... ഞാന്‍ മറ്റൊരാളില്‍നിന്നുമാണ് ഇക്കാര്യം അറിഞ്ഞത്.... താങ്കളുടെ  സൃഹൃത്തിനെക്കുറിച്ചായതിനാല്‍, അറിഞ്ഞത് നിങ്ങളോടു പങ്കുവെക്കുവാന്‍ കരുതിയെന്നു മാത്രം."

"ഓ..... അപ്പോള്‍ നിങ്ങള്‍ പറയുവാനുദ്ദേശ്ശിക്കുന്നത് സത്യമോ... അസത്യമോ എന്ന് നിങ്ങള്‍ക്ക് ഉറപ്പില്ല... ശരി. അരിച്ചെടുക്കലിന്റെ രണ്ടാംഘട്ടത്തിലേയ്ക്കു പോകാം. രണ്ടാത്തെ 'അരിപ്പ ' യെന്നാല്‍ നന്മയാണ്... അതായത്, നിങ്ങള്‍ പറയുവാന്‍ ആഗ്രഹിക്കുന്ന, അതായത്, എന്റെ സുഹൃത്തിനെ സംബന്ധിക്കുന്ന ആ വാര്‍ത്ത നല്ലതാണോ.? അതോ...

"അല്ലേയല്ല.. ഒട്ടും നല്ല വാര്‍ത്തയല്ല... സത്യം പറഞ്ഞാല്‍  നിങ്ങളുടെ സുഹൃത്തിനെ സംബന്ധിക്കുന്ന ഒരു മോശം വാര്‍ത്തയാണ്.."

"ശരി.... അപ്പോള്‍ എന്റെ സുഹൃത്തിനെക്കുറിച്ച് ഒരു മോശം കാര്യമാണ് നിങ്ങള്‍ പറയുവാനുദ്ദേശ്ശിക്കുന്നത്... എന്നാലത് സത്യമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുമില്ല. ശരി... എങ്കിലും മൂന്നാമത്തെ ഘട്ടത്തിലേയ്ക്കു പോകാം. അതും ഒഴിവാക്കുവാന്‍ കഴിയാത്തതാണ്. മൂന്നാമത്തെ അരിപ്പയെന്നാല്‍  പ്രയോജനം... അതായത്. എന്റെ സുഹൃത്തിനെ സംബന്ധിക്കുന്ന ആ വാര്‍ത്ത അറിഞ്ഞതുകൊണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടായോ....  ആ വാര്‍ത്ത എനിയ്‌ക്കോ എന്റെ സുഹൃത്തിനോ, അതുമല്ലെങ്കില്‍, നിങ്ങള്‍ക്കുതന്നെയോ, എന്തെങ്കിലും തരത്തില്‍,
 പ്രയോജനപ്രദമായിട്ടുള്ള കാര്യമാണോ.?"

"പ്രത്യകിച്ച് പ്രയോജനമൊന്നുമില്ല. എങ്കിലും... അറിഞ്ഞ കാര്യം നിങ്ങളെയും..."

"ഒന്നാമതായി നിങ്ങള്‍ പറയുവാന്‍ പോകുന്ന വാര്‍ത്ത സത്യമാണെന്ന് നിങ്ങള്‍പോലും വിശ്വസിക്കുന്നില്ല... രണ്ടാമതായി അത്‌  ഒട്ടും നല്ല വാര്‍ത്തയുമല്ല... മൂന്നാമതായി അതറിഞ്ഞതുകൊണ്ട് എനിയ്‌ക്കോ എന്റെ സുഹൃത്തിനോ, യാതൊരു പ്രയോജനവും ഉണ്ടാകുമെന്നും നിങ്ങള്‍ കരുതുന്നില്ല... എങ്കില്‍ പിന്നെ എന്തിനാണ് സുഹൃത്തെ, അക്കാര്യം നിങ്ങള്‍ എന്നോട് പറയുവാന്‍ ആഗ്രഹിക്കുന്നത്.... ക്ഷമിക്കണം സുഹൃത്തെ, എല്ലാ വാര്‍ത്തകളും അറിയണമെന്ന് എനിയ്ക്കാഗ്രഹമില്ല."

ബ്ലാക്ക് ബലൂണ്‍

വിനോദസഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും കപ്പുകളും പെറുക്കി നടക്കുമ്പോഴും അവന്റെ കണ്ണുകള്‍ തനിക്കു ചുറ്റും ഉല്ലസിച്ചു കൊണ്ടിരിക്കുന്ന നിറങ്ങളിലായിരുന്നു. തിരമാലകളില്‍ ആറാടുന്ന കുട്ടികളുടെ നിറപകിട്ടാര്‍ന്ന ഉടുപ്പുകള്‍. മുതിര്‍ന്നവരുടെ വസ്ത്രങ്ങളിലും മനോഹരമായ വര്‍ണ്ണക്കൂട്ടുകള്‍. ബാഗുകള്‍, തൊപ്പികള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, മിഠായികള്‍, ഐസ്‌ക്രീമുകള്‍, അവന്റെ കണ്ണുകള്‍ കണ്ടതെല്ലാം, മനോഹരമായ നിറങ്ങളാല്‍ പൊതിഞ്ഞിരുന്നു. ചുറ്റും ആഹ്ലാദത്തിന്റെ എണ്ണിയാലൊടുങ്ങാത്ത മോഹിപ്പിക്കുന്ന നിറങ്ങള്‍. ആകാശത്തിന്റെ നീലിമയില്‍ പാറിനടക്കുന്ന ബലൂണുകള്‍ക്കും പല നിറങ്ങളായിരുന്നു. ആകര്‍ഷകമായ വൈവിധ്യമാര്‍ന്ന നിറങ്ങള്‍.

കുട്ടികള്‍ ബലൂണ്‍ വില്‍പ്പനക്കാരനു ചുറ്റും ബഹളം വെക്കുന്നുണ്ടായിരുന്നു. അവര്‍ പച്ച, മഞ്ഞ, ഓറഞ്ച്, വയലറ്റ്, ചുവപ്പ്, പിങ്ക്, എന്നിങ്ങനെ പല നിറങ്ങളിലുള്ള ബലൂണുകള്‍ ഉച്ചത്തില്‍ ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. ഓരോരുത്തര്‍ക്കും അവര്‍ ആവശ്യപ്പെട്ട നിറങ്ങളിലുള്ള ബലൂണുകള്‍ അയാള്‍ നല്‍കി. ബലൂണുകള്‍ കെട്ടിയിട്ട നൂലുകളില്‍ മുറുകെ പിടിച്ചവര്‍ ഓടിക്കളിച്ചു. കൈവിട്ടു പറന്നുയരുന്ന ബലൂണുകളിലായിരുന്നു പാഴ്‌വസ്തുക്കള്‍ പെറുക്കിനടക്കുന്ന കറുത്ത ബാലന്റെ കണ്ണുകള്‍ ഏറെനേരം ഉടക്കിനിന്നത്. നിറങ്ങളോടൊപ്പം കുട്ടികളുടെ പൊട്ടിച്ചിരികളും ആര്‍പ്പുവിളികളും ഉയരുന്നുണ്ടായിരുന്നു.

തിരക്കൊഴിഞ്ഞപ്പോള്‍ ആ ബാലന്‍ ബലൂണ്‍കാരന്റെ സമീപത്തേക്ക് ചെന്നു. ആരോ എറിഞ്ഞുകൊടുത്ത ഒരു നാണയത്തുട്ട് അവന്റെ കയ്യിലുണ്ടായിരുന്നു. ആ നാണയതുട്ട് അയാള്‍ക്കുനേരെ നീട്ടുമ്പോള്‍, അയാള്‍ അത് വാങ്ങുമോ എന്നവന്‍ സംശയിച്ചു. നാണയം സ്വീകരിക്കുമ്പോള്‍ വൃദ്ധനായ ആ ബലൂണ്‍ വില്‍പ്പനക്കാരന്‍ പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു.

"ഏതു നിറമുള്ള ബലൂണാണ് നിനക്കിഷ്ടം.?"

വ്യത്യസ്തനിറങ്ങളുള്ള ബലൂണുകളിലേക്ക് മാറി മാറി നോക്കി ഏതു നിറം തിരഞ്ഞെടുക്കണമന്നറിയാതെ കുറച്ചുനേരം അവന്‍ മിണ്ടാതെ നിന്നു. പിന്നെ ചെമ്പന്‍തല ചൊറിഞ്ഞുകൊണ്ടു സംശയത്തോടെ പതുക്കെ പറഞ്ഞു.

"ഒരു കറുത്ത ബലൂണ്‍ തരുമോ.?"

അയാള്‍ ആ കുട്ടിയെ ആശ്ചര്യത്തോടെ നോക്കി. തന്റെ സഞ്ചിയില്‍ കുറച്ചുനേരം തിരഞ്ഞുനോക്കിയിട്ട് നിരാശയോടെ അയാള്‍ പറഞ്ഞു.

"ഇല്ലല്ലോ കുഞ്ഞെ. കറുപ്പു നിറമുള്ള ബലൂണ്‍ എന്റെ കൈവശമില്ലല്ലോ. എന്നോട് ഇതുവരെ കുട്ടികളാരും തന്നെ കറുത്ത ബലൂണ്‍ ആവശ്യപ്പെട്ടിട്ടില്ല."

അപ്പോള്‍ ആ ബാലന്‍ ആത്മഗതംപോലെ പറഞ്ഞു.

"എനിക്കറിയാം അവര്‍ക്ക് കറുപ്പ് ഇഷ്ടമല്ലെന്ന്. അവര്‍ക്ക് എന്നെയും ഇഷ്ടമല്ല. ഞാനും കറുപ്പാണല്ലോ."

അവന്റെ കണ്ണുകള്‍ നിറയുന്നതയാള്‍ ശ്രദ്ധിച്ചു.

"എന്തിനാണ് നീ കറുത്ത ബലൂണ്‍ മാത്രം ആവശ്യപ്പെട്ടത്. ?"

"ഒരുപാട് നിറങ്ങളിലുള്ള ബലൂണുകള്‍ പറന്നുയരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ കറുത്ത ബലൂണ്‍ മാത്രം ഉയരുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇതുവരെയും."

"കുഞ്ഞേ. ബലൂണിനെ വലുതാക്കുന്നതും ഉയരുവാന്‍ സഹായിക്കുന്നതും നിറങ്ങളല്ല. നിറങ്ങളെല്ലാം പുറമേ കാണുന്ന വെറും ഭംഗികള്‍ മാത്രമാണ്. ബലൂണുകള്‍ ഉയരുന്നതിനു പിന്നിലെ യഥാര്‍ത്ഥ ശക്തി അതിനുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന വാതകമാണ്."

അവന്‍ അയാളെ അത്ഭുതത്തോടെ നോക്കി.

"ഉള്ളില്‍ ആത്മവിശ്വാസത്തിന്റെ ശക്തിയുണ്ടെങ്കില്‍ നിനക്കും ഉയരുവാനാകും. നിറം വെളുപ്പായാലും കറുപ്പായാലും ഉള്ളില്‍ ആത്മവിശ്വാസമുള്ളവര്‍ക്കു മാത്രമേ ഉയരുവാന്‍ കഴിയൂ."

അയാളുടെ വാക്കുകള്‍ അവനില്‍ ഒരു പുതിയ ഊര്‍ജ്ജം നിറച്ചു. അവന്‍ അവിടെനിന്നും ഉത്സാഹത്തോടെ ഓടിപ്പോയി. പിന്നെ ഒരിക്കലും അയാള്‍ ആ ബാലനെ കണ്ടുമുട്ടിയില്ല. വളര്‍ന്നു വലുതായ ആ ബാലന്‍, വര്‍ഷങ്ങള്‍ക്കു ശേഷം, കടല്‍തീരത്തെ വൃദ്ധനായ ബലൂണ്‍കാരനെ തേടി വീണ്ടും വന്നു. പക്ഷെ അയാളുടെ സ്ഥാനത്ത് അപ്പോള്‍ ചെറുപ്പകാരനായ പുതിയൊരു ബലൂണ്‍കാരനായിരുന്നു. എങ്കിലും യുവാവായി മാറിയ പഴയ ബാലന്‍ തമാശരൂപേണ ചോദിച്ചു.

"ബലൂണ്‍കാരാ എനിക്കൊരു കറുത്ത ബലൂണില്‍ വാതകം നിറച്ചു തരുമോ.?"

പുതിയ ബലൂണ്‍കാരന്‍ ആ യുവാവിനെ സംശയത്തോടെ നോക്കി. ശേഷം തുകല്‍ ബാഗില്‍നിന്നും ഒരു കറുത്ത ബലൂണ്‍ എടുത്തു വാതകം നിറച്ചു. അത് ആ യുവാവിന് കൊടുക്കുമ്പോള്‍ ബലൂണ്‍കാരന്‍ പറഞ്ഞു.

"എന്നെങ്കിലും ഒരു കുട്ടി കറുത്ത ബലൂണ്‍ ചോദിക്കുകയാണെങ്കില്‍, ഇല്ലെന്നു പറയുവാന്‍ ഇട വരുത്തരുതെന്ന് അച്ഛന്‍ എപ്പോഴും ഓര്‍മ്മിപ്പിക്കുമായിരുന്നു. അതുകൊണ്ടായിരിക്കണം അദ്ദേഹം എപ്പോഴും സഞ്ചിയില്‍ ഒരു കറുത്ത ബലൂണ്‍ കരുതിയിരുന്നത്. ഞാനും ആ ശീലം തുടരുന്നു. പഴകുമ്പോള്‍ അതു മാറ്റി പുതിയതൊന്നു വെക്കും. പക്ഷെ ഇന്നുവരെ എന്നോടാരും  കറുത്ത ബലൂണ്‍ ആവശ്യപ്പെട്ടില്ല. ഏതായാലും ഇത് നിങ്ങള്‍ക്കിരിക്കട്ടെ."

യുവാവ് കറുത്ത ബലൂണ്‍ വാങ്ങി തന്റെ മകന് കൊടുത്തു.

"വേന്റ... വേന്റ...  എനിച്ച് ഇത് വേന്റ....  എനിച്ച് വേറെ നല്ല ഭംഗീള്ള ബലൂന്‍ മതി."

ചിരിച്ചുകൊണ്ട് യുവാവ് ആ കറുത്ത ബലൂണില്‍ ഇങ്ങനെ എഴുതിവെച്ചു.

"ബലൂണ്‍ ചാച്ചാ,
ഞാന്‍ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു."

എന്നിട്ടയാള്‍ കറുത്ത ബലൂണിനെ സ്വതന്ത്രമാക്കി. അത് ഉയരങ്ങളിലേക്കു പറന്നുയര്‍ന്ന് അകന്നകന്ന് ഒടുവില്‍ ഒരു പൊട്ടുപോലെ അനന്തതയില്‍ അലിഞ്ഞുചേരുന്നതും നോക്കി ആ യുവാവ് നില്‍ക്കുമ്പോള്‍, അയാളുടെ കുഞ്ഞിന്റെ കൈകകളില്‍ നിന്നും പലനിറങ്ങളിലുള്ള ബലൂണുകള്‍ പറന്നുയരുന്നുണ്ടായിരുന്നു.




ആദ്യം നീ നന്നാവാന്‍ നോക്ക്

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഫലിത കഥകള്‍ എനിക്ക്‌ ഒരുപാടിഷ്ടമാണ്‌. ഞാന്‍ കേട്ടിട്ടുള്ള, വായിച്ചിട്ടുള്ള അത്തരം കഥകള്‍ എന്റെ ശൈലിയില്‍ പരിഭാഷപ്പെടുത്തി എന്റെ ബ്ലോഗില്‍ പങ്കുവെക്കുന്നു. 
.......................................................................

ചെറിയ കുട്ടിയായിരുന്ന മകന്‍ ഒരു ഭൂപടം (World Map) എടുത്ത് കളിച്ചു കൊണ്ടിരുന്നു.. അതു കൊണ്ടു വയ്ക്കാന്‍ പല പ്രാവശ്യം അഛ‌ന്‍ ആവശ്യപ്പെട്ടിട്ടും മകന്‍ അനുസരിച്ചില്ല.. അങ്ങിനെ കളിച്ചുകൊണ്ടിരിക്കെ ആ ഭൂപടം രണ്ടായി കീറിപ്പോയി. ഇതു കണ്ട് അഛനു വല്ലാതെ ദേഷ്യം വന്നു. അദ്ദേഹം ആ ഭൂപടം വാങ്ങി അനേകം കഷണങ്ങളായി കീറിക്കളഞ്ഞു..

അല്പം കഴിഞ്ഞ് കോപമൊക്കെ അടങ്ങിയപ്പോള്‍ അഛന്‍, ചിതറിക്കിടന്ന ആ ഭൂപടത്തിന്‍റെ കഷണങ്ങള്‍ പെറുക്കിയെടുത്ത് ശരിയായിചേര്‍ത്തു വയ്ക്കാന്‍ ശ്രമിച്ചു.പക്ഷെ, വലിയ ഭൂമിശാസ്ത്ര പരിജ്ഞാനമൊന്നുമില്ലായിരുന്ന അച്ഛന്‍, എത്ര ശ്രമിച്ചിട്ടും ആ കഷണങ്ങള്‍ ശരിയായി ചേര്‍ത്തുവച്ച് ഭൂപടം ശരിയാക്കാന്‍ കഴിഞ്ഞില്ല.

അല്‍പ്പസമയത്തേക്കു പുറത്തേക്കു പോയ അഛന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് ചെറിയ കുട്ടിയായ മകന്‍ ആ കഷണങ്ങളെല്ലാം കൃത്യമായി ചേര്‍ത്തു വച്ച് ആ ഭൂപടം 
ശരിയാക്കിവെച്ചിരിക്കുന്നതാണ്. അഛന്‍‍ അദ്ഭുതത്തോടും അഭിമാനത്തോടും കൂടി മകനെ അഭിനന്ദിച്ചു. എങ്ങിനെ അവനതു സാധിച്ചു എന്നന്വേഷിച്ചു. അപ്പോള്‍ മകന്‍ പറഞ്ഞു;

“അതത്ര വലിയ കാര്യമൊന്നുമല്ലഛാ, ആ ഭൂപടത്തിന്‍റെ മറുപുറത്ത് ഒരു മനുഷ്യന്‍റെ പടമുണ്ടായിരുന്നു. ഞാന്‍ അതു ശരിയാക്കിയപ്പോള്‍ ഭൂപടം തനിയെ ശരിയായി. അത്രയേയുള്ളു.”

ശരിയല്ലേ? നാം ലോകം ശരിയാക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നു.മനുഷ്യന്‍ ശരിയായാല്‍ മതി, ലോകം തനിയെ ശരിയായിക്കൊള്ളും എന്നോര്‍ക്കാതെ..

ഗുണപാഠം : ആദ്യം നീ നന്നാവാന്‍ നോക്ക്


വിപരീതജന്മങ്ങള്‍

ആള്‍ദൈവങ്ങളെ പുച്ഛിച്ചവര്‍,
കാണിക്കകള്‍ അര്‍പ്പിക്കുവതെന്തിന്;
നേതൃത്വത്തിന്‍ തൃപ്പാദങ്ങളില്‍ ?

പൂജാവിഗ്രഹങ്ങളെ തച്ചുടച്ചവര്‍,
ചാര്‍ത്തുവതെന്തിനിനിയും പൂമാലകള്‍;
രക്തസാക്ഷിമണ്ഡപങ്ങളില്‍ ?

രാജവാഴ്ച്ചയെ പിഴുതെറിഞ്ഞവര്‍,
കിരീടങ്ങള്‍ ചൂടിക്കുവതെന്തിനിനിയും;
മുടിചൂടാമന്നര്‍തന്‍ ശിരസ്സുകളില്‍ ?

അഴിമതിക്കൂടാര ചുവരുകളില്‍,
ആണിയടിച്ചു തൂക്കുവതെന്തിനിനിയും;
സത്യമാര്‍ഗ്ഗിയാം മഹാത്മാവിനെ ?

സ്‌നേഹമാണീശനെന്നുരച്ചവര്‍,
തക്കം പാര്‍ത്തിരിക്കുവതെന്തിനിനിയും;
സ്പര്‍ദ്ധ നിറക്കുവാന്‍ സോദരരില്‍ ?

പുരോഗമനവാദികളാം പുലിജന്മങ്ങള്‍,
അഴിക്കുവാന്‍ മടിക്കുവതെന്തേയിനിയും;
കണ്ണുകള്‍മൂടിക്കെട്ടുമീ കടുംനിറങ്ങളെ ?



സൗന്ദര്യസൂത്രങ്ങള്‍














ദയയുണ്ടാകണം വാക്കുകളില്‍,
ചേലൊത്ത ചുണ്ടുകള്‍ക്കായ്‌.
കാണുമാറാകണം നന്മകള്‍,
ചന്തമെഴും കണ്ണുകള്‍ക്കായ്‌.
പങ്കുവെക്കണമാഹാരമെന്നും,
ആകാരസൗകുമാര്യത്തിനായ്‌.
തഴുകുവാനിട നല്‍കണം,
ദിനവും അല്‍പ്പനേരമെങ്കിലും,
സ്‌നേഹവിരലുകളായിഴകളില്‍,
ഇടതൂര്‍ന്നൊരു മുടിയഴകിനായ്‌.
സ്‌നേഹത്തേക്കാള്‍ വലുതല്ല;
ഒന്നുമെന്നറിയുമ്പോഴും,
സ്‌നേഹിക്കുവതെന്തേ നാം;
സൗന്ദര്യത്തെ മാത്രം.


Inspired by the `quote ‘Beauty Tips’ by Sam Levenson.

മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കായി.....















ഒരാളുടെ വയസ്സായ അമ്മ അസുഖം ബാധിച്ച്‌ കിടപ്പിലായി. അയാള്‍ക്കും അയാളുടെ ഭാര്യക്കും ആ സ്‌ത്രീ ഒരു ഭാരമായി മാറി. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആ സ്‌ത്രീ മരിച്ചു. മകനും മരുമകളും സന്തോഷത്തോടെ ആ സ്‌ത്രീയുടെ സംസ്‌കാരകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. അവര്‍ ആ സ്‌ത്രീ കിടന്ന മുറി വൃത്തിയാക്കികൊണ്ടിരിക്കുമ്പോള്‍, അവരുടെ അഞ്ചുവയസ്സുള്ള മകന്‍ ഓടിച്ചെന്ന്‌, കട്ടിലിനടിയില്‍ വെച്ചിരുന്ന, ചുളുങ്ങിയതും അരികുകളില്‍ അഴുക്കുപിടിച്ചതുമായ ഒരു പാത്രം എടുത്തുകൊണ്ടു ഓടിപ്പോയി. അപ്പോള്‍ അയാള്‍ ചോദിച്ചു.

"നിനക്കെന്തിനാണ്‌ ആ പാത്രം ?."

"എടുത്തുവെക്കാനാ... വയസ്സായി വയ്യാണ്ട്‌ കിടന്നാല്‍ ഈ പാത്രത്തിലല്ലേ ചോറ്‌ കൊട്‌ക്ക്വാ.... അച്ഛനും അമ്മയും വയസ്സാകുമ്പോള്‍, വയ്യാണ്ട്‌ കിടക്കുമ്പോള്‍, ഞാന്‍ ഇത്‌ല്‌ ചോറ്‌ തരാം ?.

അവന്റെ നിഷ്‌കളങ്കമായ മറുപടി കേട്ട്‌ അയാളും ഭാര്യയും തരിച്ചുനിന്നു.  

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...