കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കുലംകുത്തികള്‍

പലതരം
മക്കള്‍ക്കു
ജന്മമേകി
കുടുംബം
നോക്കാതെ
നാടുവിട്ടുപോയ
പെരുംതച്ചന്റെ
പേരാണ്
ദൈവം.

മറ്റുള്ള
മക്കളുടെ
ഭാഗംകൂടി
കവര്‍ന്നെടുത്ത്
മദിച്ചു ജീവിക്കുന്ന
തന്നിഷ്ടക്കാരനും
തെമ്മാടിയുമായ
വാടകക്കാരന്റെ
പേരാണ്
മനുഷ്യന്‍

വാനമെന്ന മച്ചും,
മണ്ണെന്ന മുറ്റവും,
മഴയെന്ന കിണറും,
കാടെന്ന കുളിര്‍ച്ചില്ലകളും,
പാടമെന്ന പത്തായവും,
സൂര്യനെന്ന അടുപ്പും,
അമ്പിളിയെന്ന
റാന്തലുമുള്ള,
വീടിന്റെ
പേരാണ്
ഭൂമി.


ഒളിവെട്ടം

ഒരു വിസ്മയമൊളിപ്പൂ;
ഓരോ തരിയിലും !

ഒരു സൂര്യനൊളിപ്പൂ;
ഓരോ തിരിയിലും !

ഒരു കാടൊളിപ്പൂ;
ഓരോ മരത്തിലും !

ഒരു പുഴയൊളിപ്പൂ;
ഓരോ തുള്ളിയിലും !

ഒരു വസന്തമൊളിപ്പൂ;
ഓരോ പൂവിലും !

ഒരു യാത്രയൊളിപ്പൂ;
ഓരോ ചുവടിലും!

ഒരു ഗ്രന്ഥമൊളിപ്പൂ;
ഓരോ വാക്കിലും !

ഒരു നമ്മളൊളിപ്പൂ;
നാമിരുവരിലുമെങ്കിലും. !

ഒരു മത്സരമൊളിപ്പൂ;
നാമോരോരുത്തരിലും !

ഒരു വിസ്മയമൊളിപ്പൂ;
ഓരോ തരിയിലും !


തൂവൽപക്ഷം

പക്ഷമുള്ളവർക്കു-
മാത്രം സ്വന്തമത്രെ!

അഭിമാനത്തിൻ-
നീലാകാശമത്രയും!

അവകാശങ്ങൾതൻ-
നെന്മണികളത്രയും;

സ്വാർത്ഥസ്വർഗ്ഗമത്രെ-
ഭൂരിപക്ഷമെന്നും;

ത്രിശങ്കുവിലത്രെ-
ന്യൂനപക്ഷമെന്നും;

നപുംസകമത്രെ-
നിഷ്പക്ഷതയെന്നും;

സമത്വഗീതമോതു-
മെൻ ദേശപക്ഷി;

നിന്നേതുപക്ഷം-
ചേർക്കേണ്ടു ഞാൻ?

ദേശസ്‌നേഹത്തിൻ-
ഈയിളം തൂവൽ?

പൊറുക്കണം, വാ-
തുറക്കുമീ തൂവലിനോടും;

കൊടിയ പാപമത്രെ;
മൗനം പോലുമിക്കാലം!



ഒന്നിനുമാവില്ല, എന്നും പൊന്നായിരിക്കുവാന്‍.


പ്രകൃതിയുടെ പച്ചക്കുപോലും

ആദ്യം പൊന്നിന്റെ നിറമാണ്;

അവളുടെ നിറങ്ങളിൽ

ഏറ്റവും സങ്കീർണ്ണവും;

തളിരിലകൾ പോലും

ആദ്യം പൂവുകൾക്കു സമം;

എന്നാലതിന്റെ ആയുസ്സോ

അൽപ്പനേരത്തേക്കു മാത്രവും.

മാറുന്നു തളിരിലകളും ,

പച്ചിലകൾ മാത്രമായി;

ആഴുന്നു വിഷാദത്തിലേക്ക്

ഏദേൻ തോട്ടവും;

അലിയുന്നു പകലിലേക്ക്

പൊന്നിൻ പുലരിയും,

എന്നും പൊന്നായിരിക്കുവാൻ

ഒന്നിനും ആവില്ലെന്നോ?



............................................................................................


റോബര്‍ട്ട് ഫ്രോസ്റ്റിന്റെ "നതിംഗ് ഗോള്‍ഡ് കേന്‍ സ്‌റ്റേ" എന്ന കവിതയെ മലയാളത്തില്‍ ആവിഷ്‌കരിക്കുവാനുള്ള ഒരു ശ്രമം. ഗായത്രി മന്ത്രം പോലെ എല്ലാ പ്രഭാതങ്ങളിലും ഓര്‍ക്കുന്ന എട്ടു വരികളാണ്  ഈ കവിതയിലേത്. അതിലെല്ലാമുണ്ട്. പ്രകൃതിയും ജീവിതവും എല്ലാം. ബാല്യത്തിന്റെ നിഷ്‌കളങ്കതയില്‍നിന്നും ജീവിതത്തിന്റെ കൊടും പകലിലേയ്ക്കുള്ള മനുഷ്യന്റെ വ്യതിയാനം എത്ര ഭംഗിയായാണ്‌ അദ്ദേഹം പറഞ്ഞുവെച്ചത്. പലരും പല വ്യഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ വരികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഒരുപാട് അര്‍ത്ഥ തലങ്ങളുള്ള ആ വരികളുടെ കാമ്പും വ്യാപ്തിയുമൊന്നും എന്റെ വിവര്‍ത്തനത്തില്‍ കണ്ടെന്നുവരില്ല. ഒറിജിനല്‍ താഴെ കൊടുക്കുന്നു. അഹങ്കാരം കൊണ്ടല്ല, ആ വരികളോടുള്ള ഒരു ഇഷ്ടം കൊണ്ടു ചെയ്തുപോയതാണ് വിവര്‍ത്തനമെന്ന ഈ മഹാപാപം.  പൊറുക്കുക.
............................................................................................


റോസിന് പറയാനുള്ളത്.... മിമോസയ്ക്കും.

കുത്തിനോവിക്കുന്ന മുള്ളുകള്‍;
എനിക്കുണ്ടായിരുന്നുവെങ്കിലെന്ന്
വെറുതേയൊന്നു നിനയ്ക്കുക നീ;

എങ്കിലവയാദ്യം തറയ്‌ക്കേണ്ടത്;
ഉളുപ്പില്ലാതെയെന്നെ ചുഴിഞ്ഞുനോക്കിയ;
നിന്റെ കണ്ണുകളിലായിരുന്നു.

പിന്നെയും നോവിയ്‌ക്കേണ്ടത്;
എന്റെ സുഗന്ധമൂറ്റികുടിക്കാനെത്തിയ;
നിന്റെ മൂക്കിന്‍തുമ്പിനെയായിരുന്നു.

ശേഷം തുളച്ചുകയറേണ്ടത്;
ചുംബിച്ചിട്ടും മടങ്ങുവാന്‍ മടിച്ചുനിന്ന;
നിന്റെ ചുണ്ടുകളിലായിരുന്നു.

ഇനിയെങ്കിലും നീയറിയണം.
റോസിന് കുത്തുന്ന മുള്ളുകളില്ലെന്നും
അവളാരെയും നോവിക്കാറില്ലെന്നും.

സുന്ദരിയും സുരഭിലയുമായതിനാല്‍
ഞാനതിലേറെ അഹങ്കാരിയുമായിരിക്കും.
പക്ഷെ... മിമോസ പാവമല്ലേ...?

തൊട്ടാലലിയുന്നവള്‍ പറയുന്നത്;
മുള്ളുകളെല്ലാം ഒളിച്ചുവെച്ചിരിക്കുന്നത്‌;
ചവിട്ടുവാനുയരും പാദങ്ങളിലത്രെ.!!
..............................................................
മിമോസ = തൊട്ടാവാടി. 



കുഞ്ഞും കിഴവനും

സ്പൂണ്‍ വഴുതി വീഴാറുണ്ട്;
കുഞ്ഞിന്റെ കളമൊഴി.

എന്റെ വിരലുകളില്‍നിന്നും;
കിഴവന്റെ മറുമൊഴി.

അറിയാതെ നനയുമെന്‍ നിക്കര്‍;
ലജ്ജയോടെ കുഞ്ഞ്.

നനയാറുണ്ടെന്റെ കള്‍സറായിയും,
കുണുങ്ങിചിരിച്ച് കിഴവന്‍.

കരയാതിരിക്കാന്‍ കഴിയുന്നില്ലെനിയ്ക്ക്;
കുഞ്ഞിന്റെ ഗദ്ഗദം.

നിറയാറുണ്ടെന്റെ കണ്ണുകളും;
തൊണ്ടയിടറി കിഴവന്‍.

കൂട്ടുകൂടുവാനാരുമില്ലെനിയ്ക്ക്;
വിതുമ്പുന്നു കുഞ്ഞിച്ചുണ്ടുകള്‍.

അറിയാമെനിക്കാവേദനതന്നാഴവും;
തലോടുന്നു ചുളിഞ്ഞവിരലുകള്‍.














(ഷെല്‍ സില്‍വര്‍സ്റ്റീനിന്റെ "ദി ലിറ്റില്‍ ബോയ് ആന്റ് ദി ഓള്‍ഡ് മാന്‍" എന്ന  ആംഗലേയ കവിതയുടെ മലയാള ആവിഷ്‌കാരം.) 

സ്വം

മുദ്രപത്രമഹാസൗഭാഗ്യങ്ങള്‍.
തീറെഴുത്തിന്‍ സത്യവാങ്മൂലങ്ങള്‍;

കാവല്‍ഭൂതങ്ങളെപോല്‍
അതിരുകളിലെ കല്‍കുറ്റികള്‍
തൊടിയിലെ കിണറ്റിലൂറും
തെളിനീരെല്ലാം നിന്റേത്.
വെട്ടിയ മരങ്ങളും നിന്റേത്,
നിരത്തിയ കുന്നുകളും,
നികത്തിയ പാടങ്ങളും,
തടയിട്ട തോടും നിന്റേത്.
അളന്നുതിരിച്ച പറമ്പിലെ;
ഭൂസ്വത്തെല്ലാം നിന്റേത്.

എല്ലാം നിന്റേതുമാത്രമെന്നോ !
നിനക്കുമാത്രം സ്വന്തമെന്നോ !!

നിനക്കു മുകളിലെ മേഘങ്ങള്‍
പെയ്യാന്‍ മടിക്കുമ്പോഴെങ്കിലും,
നീ നട്ടുവളര്‍ത്തിയ പൂന്തോട്ടം
വാടിക്കരിയുമ്പോഴെങ്കിലും,
നിന്റെയാകാശക്കുടയില്‍
ദ്വാരങ്ങള്‍ വീഴുമ്പോഴെങ്കിലും,
നിന്‍തൊടിയിലെയാഴക്കിണര്‍
വറ്റിവരളുമ്പോഴെങ്കിലും,
നിന്റെ നിശ്വാസങ്ങളില്‍
ദുര്‍ഗന്ധം നിറയുമ്പോഴെങ്കിലും,

തിരിച്ചറിയുമോ നീയാമഹാസത്യം;
കല്‍ക്കുറ്റികള്‍ മറയ്ക്കും മഹാസത്യം.

നിന്റെ മതിലുകള്‍ക്കുമപ്പുറം;
നിന്‍നടവഴികള്‍ക്കുമപ്പുറം;
വയലേലകള്‍ക്കും കാടിനും
മലകള്‍ക്കുമപ്പുറത്താണ്;
നീ ജനിച്ച ഗ്രാമത്തിനുമപ്പുറം
നീ വാഴും നഗരത്തിനുമപ്പുറം
രാജ്യാതിര്‍ത്തികള്‍ക്കുമപ്പുറം,
കടലുകള്‍ക്കുമപ്പുറത്താണ്;
നിനക്കുമാത്രമെന്നെഴുതിവെച്ച;
മണ്ണിന്റെയതിരുകളെന്ന സത്യം.

മതിലുകളെയൊക്കെയും താങ്ങും;
മണ്ണിന്‍മാറിടമൊന്നെന്ന മഹാസത്യം.


ഡെസിബെല്‍

ഉള്ളംകൈകൊണ്ട്
മരപ്പലകയിലടിച്ചപ്പോള്‍
ഒരു ശബ്ദമുണ്ടായി.
(ഒരു വൃക്ഷം കരയുന്ന ശബ്ദം.?)

ഉള്ളംകൈകൊണ്ട്
കാലിപാട്ടയിലടിച്ചപ്പോള്‍
ഒരു ശബ്ദമുണ്ടായി;
(ഒരു ലോഹം കരയുന്ന ശബ്ദം.?)

ഉള്ളംകൈകൊണ്ട്
ഉണക്ക തുകലിലടിച്ചപ്പോള്‍
ഒരു ശബ്ദമുണ്ടായി;
(ഒരു മൃഗം കരയുന്ന ശബ്ദം?)

ഉള്ളംകയ്യില്‍ പിടിച്ച
ചാട്ടവാറിനടിച്ചപ്പോള്‍
ഒരു ശബ്ദമുണ്ടായി;
(ഒരടിമ കരയുന്ന ശബ്ദം.?)

പക്ഷെ..
ഉള്ളംകൈകൊണ്ട്
ഒറ്റപ്പെട്ടുപോയ ഒരുവളുടെ ...
ചുണ്ടുകളിലടിച്ചപ്പോള്‍...

മുലകളിലടിച്ചപ്പോള്‍...
തുടകളിലടിച്ചപ്പോള്‍...
നിതംബത്തിലടിച്ചപ്പോള്‍...
യോനിയിലടിച്ചപ്പോള്‍...

അപ്പോള്‍ മാത്രം...?
എന്താണെന്നറിയില്ല...?
ഒട്ടും ശബ്ദമുണ്ടാകുന്നില്ല...?
ആരും ഒന്നും കേള്‍ക്കുന്നുമില്ല...?

നേരിയൊരു ഞരക്കംപോലും...!!
ഒരുപക്ഷെ, ശരിയായിരിക്കാം...!!!
രണ്ടുകൈകളും ചേര്‍ത്തടിക്കാതെ;
എങ്ങിനെയാണ് ഒരു ശബ്ദമുണ്ടാകുക...?

അന്ധവിശ്വാസങ്ങളുടെ
തരംഗദൈര്‍ഘ്യങ്ങള്‍ക്കിടയില്‍,
ഡെസിബെല്‍ നഷ്ടപ്പെടുന്ന
ഇരകളുടെ നിലവിളികള്‍.


വാല്‍കഷ്ണം.
ബലാത്സംഗത്തിനിരയായ സ്ത്രീ എതിര്‍ത്തതുകൊണ്ടാണ് അവളെ കൊന്നതെന്ന് പ്രതിയുടെ വിശദീകരണം. ഡല്‍ഹി ബലാത്സംഗകേസില്‍ പ്രതിയായ മുകേഷ് സിംഗുമായി ബി.ബി.സിയുടെ മാധ്യമ പ്രവര്‍ത്തക ലെസ്ലി ഉഡ്‌വിിന്‍ നടത്തിയ അഭിമുഖത്തിലാണ് പ്രതി ഇങ്ങനെ പ്രതികരിച്ചത്. മാത്രവുമല്ല, രാത്രി ഒമ്പതു മണിക്കു ശേഷം പുറത്തിറങ്ങുന്ന സ്ത്രീകള്‍ മാന്യരല്ലെന്നും അങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ പുരുഷന്‍മാരെ പ്രലോഭിപ്പിക്കുകയാണെന്നും അതിനാല്‍ ബലാത്സംഗങ്ങള്‍ക്ക് ഉത്തരവാദികള്‍ സ്ത്രീകള്‍ തന്നെയാണെന്നുമാണ് പ്രതിയുടെ ഭാഗം. മുകേഷ് സിംഗിന്റെ വാക്കുകളില്‍ ആ വാദത്തിന്, പറഞ്ഞുപഴകിയ ഒരു പഴഞ്ചൊല്ലിന്റെ പിന്‍ബലവും നല്‍കുന്നുണ്ട്. "ഒരു കൈ മാത്രമടിച്ചാല്‍ ശബ്ദമുണ്ടാകില്ലത്രെ. രണ്ടു കൈകളും കൂട്ടിയടിച്ചാല്‍ മാത്രമേ ശബ്ദമുണ്ടാകൂ"വെന്ന്. ഇത് മുകേഷ് സിംഗിന്റെ മാത്രം വാദഗതിയല്ല. ഈ സമൂഹത്തിലെ വലിയൊരു വിഭാഗവും ഈ ചിന്താഗതി പുലര്‍ത്തുന്നവരാണന്നതാണ് ഏറെ ഖേദകരം.

വെളുത്ത നുണകള്‍.

പ്രിയമാണത്രെ സത്യം;
വെളുവെളുത്ത നുണകള്‍ പോല്‍.

വികൃതമാണത്രെ സത്യം;
വേശ്യയുടെ സൗന്ദര്യം പോല്‍

ഭാരമാണത്രെ സത്യം;
തുമ്പിക്കൊരു കല്ലെന്ന പോല്‍.

മടുപ്പാണത്രെ സത്യം;
വയര്‍നിറഞ്ഞവനന്നം പോല്‍.

ശാശ്വതമാണത്രെ സത്യം;
ഗതികിട്ടാതലയും പ്രേതം പോല്‍.

ഇതൊന്നുമല്ലെന്നതാണ് സത്യം;
ഒഴിവാക്കുവാനാവാത്ത ശല്യം പോല്‍,

സ്വാര്‍ഥതയ്ക്ക്‌,  മനുഷ്യനില്‍ പിറന്ന;
ജാരസന്തതിയാണു സത്യം.




കലികാലവൈഭവം

നേരുപറഞ്ഞാല്‍ കഞ്ഞിയില്ലാ നാട്ടില്‍.
വിളയുന്നതെല്ലാം നട്ടാല്‍മുളയ്ക്കാത്ത നുണകള്‍.

നന്മക്കായി വിതയ്ക്കും നുണകളെല്ലാം
സത്യങ്ങള്‍തന്നെയെന്ന് ഭഗവദ്‌സൂക്തവും.

ഇനി കക്കാന്‍ പഠിക്കണം, നിക്കാന്‍ പഠിക്കണം,
കൈനനയാതെ മീന്‍ പിടിക്കാന്‍ പഠിക്കണം.

ചോരപൊടിയാതെ മുറിക്കാന്‍ പഠിക്കണം.
കൊടുക്കാന്‍ പഠിയ്ക്കണം വാടകയ്ക്കു നാക്കും.

ഞെളിഞ്ഞു നിവര്‍ന്നങ്ങനെ നില്‍ക്കണം,
മുണ്ടുടുക്കാത്തൊരു മുറിമൂക്കന്‍ രാജനെപോല്‍,

നഗ്നനെന്നുറക്കെ വിളിക്കും നിഷ്‌കളങ്കനെ,.
നാവുകടിച്ചുപിടിച്ചു കാലുമടക്കിതൊഴിക്കണം.

ചേരയെതിന്നുന്ന നാടുകാണാന്‍ പോകണം,
നീളന്‍ നടുകഷ്ണമൊന്നു കടിച്ചുപറിയ്ക്കണം.

പറഞ്ഞുനില്‍ക്കുവാനൊട്ടും നേരമില്ലെനിക്ക്,
നാടോടുകയാണ്, ഒത്തനടുവിലൂടെയീ ഞാനും.

നില്‍ക്കുന്നിടത്തുതന്നെയുറച്ചുനില്‍ക്കുവാന്‍,
ഓടിക്കൊണ്ടേയിരിക്കണമെന്നതത്രെ പുതുമൊഴി.


മന്തുകാലപ്രണയം

മണ്ണിലൊളിച്ചിരുന്ന കാലിടതോ വലതോ,
കണ്‍മുമ്പിലേയ്ക്കു നീട്ടിവെച്ച കാലിടതോ വലതോ,
കാലേതെങ്കിലുമാട്ടെ, കേട്ടതോര്‍മ്മയുണ്ടോ?
"എന്റെ കാലിലല്ല, എന്റെ കാലിലല്ല മന്തെ"ന്ന്.

കാലുറച്ച മണ്ണെല്ലാമൊലിച്ചുപോകവേ,
നഗ്നമാണിപ്പോള്‍ ഇടംവലംകാലുകള്‍,
ഇരുകാലുകളിലും മന്തുകാണുവാനാകാതെ,
സ്തബ്ദരായി നില്‍പ്പൂ ദോഷൈകദൃക്കുകള്‍.

ഒട്ടിച്ചേര്‍ന്നിരുന്നിട്ടും മറച്ചുവെച്ചതില്‍;
മനംനൊന്തകലെമാറി കിടപ്പാണത്രെ മന്ത്.
മണ്ണിന്‍മേലെ താനേവളര്‍ന്നുമുഴച്ചുനില്‍ക്കും;
മാറാപ്പുപോല്‍ ചന്തമെഴുമൊരു പെരുംമന്ത്.

മണ്ണിന്‍മറയില്ലാതെ വരട്ടുചൊറികളുമായി,
നാണിച്ചുനില്‍പ്പുണ്ട് ശുഷ്‌കിച്ച കാലുകള്‍.
ചൊറിഞ്ഞൊലിക്കും ഇടംവലംകാലുകള്‍ക്കിന്ന്‌,
അകന്നുമാറികിടക്കും മന്തിനോടാണു പ്രിയം.

മാന്തിമടുത്ത വരട്ടുചൊറി മറച്ചുവെക്കുവാന്‍,
കരുത്തുചോര്‍ന്നിട്ടില്ലെന്നു തെളിയിക്കുവാന്‍,
വേരുകളറ്റയീമണ്ണിലിനിയുമുറച്ചുനില്‍ക്കുവാന്‍,
കാലുകള്‍ക്കിനി മന്തുമാത്രമാണൊരാശ്രയം.

മന്തിന്‍മനം മാറ്റുവാനാണിന്നുകിടമത്സരം,
മന്തിനുവേണ്ടിയാണിന്നു മണ്ണില്‍ ദ്വന്ദയുദ്ധം,
മാടിവിളിച്ചും കണ്ണെറിഞ്ഞും നാണത്താല്‍-
കളംവരച്ചും ഇടംവലംകാല്‍പെരുവിരലുകള്‍.

ആസനത്തില്‍ മുളയ്ക്കും ആലിനേക്കാള്‍,
അഴകാണത്രെ മന്തിന്‍മുഴുമുഴുപ്പും മിഴിവും.
മന്തെന്തന്നറിയാത്ത മണ്ണിന്‍മക്കള്‍ പൊറുക്കുക;
മന്തിനാണിന്നുമൂല്യം, മന്തുള്ളവനാണിന്നു താരം.

ഓണമധുരം

ചോരും കൂരയില്‍ ചോരാത്ത മൂലയില്‍;
ഇരുണ്ടമാനം തെളിയാനൊരു കാത്തിരിപ്പ്‌.
കനലുകള്‍ എരിയും കല്ലടുപ്പിന്‍ ചാരെ;
അരിമണികള്‍ വേവാനൊരു കാത്തിരിപ്പ്‌.

മിഥുനം വ്യസനം കര്‍ക്കിടകം ദുരിതം;
അച്ഛമ്മയുടെ നെടുവീര്‍പ്പിലുമൊരു കാത്തിരിപ്പ്‌.
പാലിക്കാന്‍ വാക്കുകളും വീട്ടാന്‍ കടങ്ങളും;
അച്ഛന്റെ ഇടനെഞ്ചിലുമൊരു കാത്തിരിപ്പ്‌.

വിളയും പൊന്നെല്ലാം കൊയ്‌തുമെതിക്കാന്‍;
അരിവാളൊരുക്കി അമ്മയ്‌ക്കുമൊരു കാത്തിരിപ്പ്‌
നിക്കറിന്റെയറ്റങ്ങള്‍ കൂട്ടികെട്ടിമടുത്തോരെനിക്ക്‌;
പുത്തന്‍ കുപ്പായത്തിനായൊരു കാത്തിരിപ്പ്‌.

ഒടുവിലെത്തുമോണം ചിങ്ങചേലയുമണിഞ്ഞ്‌
അച്ഛന്റെയിടനെഞ്ചിലൊരു കുളിര്‍മഴയായ്‌,
അമ്മതന്‍ചിരിയില്‍ മുല്ലമൊട്ടിന്‍ വസന്തമായ്‌;
പുത്തന്‍കുപ്പായമിട്ടൂഞ്ഞാലാടിയൊരോണം.

കാത്തിരിക്കാറില്ല ഞാനിപ്പോള്‍ ഒന്നിനുമായ്‌
വിശപ്പിനേക്കാളേറെ ആര്‍ത്തിയാണെനിക്കിന്ന്‌;
നിക്കറുകളുമേറെ, ഏതിടണമെന്ന ശങ്ക മാത്രം.
കാത്തിരിപ്പായിരുന്നുവോ ഓണത്തിന്‍ മധുരവും?


വീരചരമം.

പിഴുതെറിയുവാനാവില്ല കൊടുങ്കാറ്റിനും,
ഭയചകിതനാവില്ല മിന്നല്‍പിണരിലും,
നടുങ്ങുകില്ല മേഘഗര്‍ജ്ജനങ്ങളിലും,
വഴിമുടക്കുവാനാവില്ല കൊടുംകാടിനും,
കാല്‍ചുവട്ടിലാക്കും ഗിരിനിരകളെയും,
താണ്ടിക്കടന്നുപോം സമുദ്രങ്ങളെയും,
കവര്‍ന്നെടുക്കുമവന്‍ കാണ്‍മതൊക്കെയും,
തേടുമവന്‍ ആകാശത്തിന്നതിരുകളും,
ഇത്രമേല്‍ ധീരവീരശൂരനെന്നാകിലും,
അടിയറവുപറയുവതെന്തേയവന്‍,
തളര്‍ന്നുവീണുപോകുവതെന്തേയവന്‍,
അതിലോലമലിഞ്ഞുപോം സ്‌നിഗ്ധമാം,
തന്‍ഹൃദയചാപല്യങ്ങള്‍ക്കു മുന്‍പില്‍.
.

പൂവിന്‍നോവ്‌

സുഗന്ധം വിതറും സുന്ദരിയിവള്‍.
ആരും കൊതിക്കും ആരാമറാണി.
ആരറിയുന്നീയിളം പനിനീര്‍പൂവിനെ;
ആരറിയുവാനീ സുരഭിലജന്മത്തെ.

തഴുകും ചിലര്‍ തെല്ലുവാത്സല്യമോടെ,
മുകരും ചിലര്‍ മുഗ്‌ധപരിമളം മാത്രം.
ചൂടും ചിലര്‍ വാര്‍മുടിയഴകിലെങ്കില്‍,
മൂടും ചിലര്‍ ചുടുചുംബനങ്ങളാല്‍.

കവരും ചിലര്‍ വെറും കൗതുകമോടെ,
ഇറുക്കും ചിലര്‍ ഈശ്വരന്നേകുവാന്‍
പറിക്കും ചിലര്‍ പ്രണയപൂജക്കായ്‌,
കിടത്തും ചിലര്‍ കുടീരങ്ങളിന്‍മേല്‍,

കൂപ്പുംകൈപോല്‍ മൊട്ടിട്ട ജന്മം.
വാടിക്കരിയുമ്പോഴും മൗനംചൂടിയവള്‍.
ഇത്രയെളുതോ ഒരുപൂവിന്നായുസ്സും;
അത്ര ലളിതമോ ഒരുപൂവിന്നന്ത്യവും.

കേഴുമോ കാമിച്ചൊരു കരിവണ്ടെങ്കിലും;
തേങ്ങുമോ തഴുകിയൊരു തെന്നലെങ്കിലും;
പരീഭവിക്കുമോ ഒരു പൂങ്കുരുവിയെങ്കിലും;
വിങ്ങിപൊട്ടുമോ ഒരു ചിത്രശലഭമെങ്കിലും.?














Inspired by the poem 'Nobody knows this little Rose' by Emily Dickinson.

പ്രശസ്ത അമേരിക്കന്‍ കവയിത്രി എമിലി ഡിക്കിന്‍സണ്‍ (1830-1886) രചിച്ച അര്‍ത്ഥസമ്പുഷ്ടമായ കവിതയാണ് 'നോബഡി നോസ് ദിസ് ലിറ്റില്‍ റോസ് . അവരുടെ 25-ാമത്തെ വയസ്സില്‍, 1858 ലാണ് ഈ കവിത ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു.

മലയാളത്തിന്റെ മഹാകവി കുമരനാശാന്റെ പ്രശസ്തമായ കാവ്യമാണ് 'വിണ പൂവ്'.  എമിലി ഡിക്കിന്‍സണ്‍ അകാലത്തില്‍ മരണപ്പെട്ട് 20 വര്‍ഷങ്ങള്‍ക്കു ശേഷം, മഹാകവിയുടെ 34-ാമത്തെ വയസ്സില്‍,  1907 ലാണ് വീണപൂവ് പ്രസിദ്ധീകരിക്കുന്നത്. മഹാകവി 164 വരികളിലായി നീട്ടിപറഞ്ഞതും എമിലി ഡിക്കിന്‍സണ്‍ വെറും 12 വരികളില്‍ ചുരുക്കി പറഞ്ഞതും ഒരേ ആശയം തന്നെയാണ് എന്ന് നിശ്ശംശയം പറയാം. ജനനത്തിനും മരണത്തിനും ഇടയിലൂടെ കടന്നുപോകുന്ന ജിവിതത്തിന്റെ നിരര്‍ത്ഥകതയെതന്നെയാണ് രണ്ടുപേരും വിഷയമാക്കിയത്. രണ്ടുപേരും ഉപയോഗപ്പെടുത്തിയ ബിംബങ്ങളില്‍പോലും സാമ്യത കാണുന്നുവെന്നത് കൗതുകമേകുന്നു. ഇംഗ്ലീഷ് ആധിപത്യത്തിനു കീഴിലായിരുന്ന ഒരു സമൂഹത്തില്‍ ജനിച്ചു വളര്‍ന്ന വിദ്യാസമ്പന്നനായിരുന്ന മഹാകവിയില്‍ എമിലി ഡിക്കിന്‍സണ്‍ന്റെ കവിത പ്രചോദനം ചെലുത്തിയിരിക്കുവാന്‍ വളരെയധികം സാധ്യതയുണ്ട്.

വിപരീതജന്മങ്ങള്‍

ആള്‍ദൈവങ്ങളെ പുച്ഛിച്ചവര്‍,
കാണിക്കകള്‍ അര്‍പ്പിക്കുവതെന്തിന്;
നേതൃത്വത്തിന്‍ തൃപ്പാദങ്ങളില്‍ ?

പൂജാവിഗ്രഹങ്ങളെ തച്ചുടച്ചവര്‍,
ചാര്‍ത്തുവതെന്തിനിനിയും പൂമാലകള്‍;
രക്തസാക്ഷിമണ്ഡപങ്ങളില്‍ ?

രാജവാഴ്ച്ചയെ പിഴുതെറിഞ്ഞവര്‍,
കിരീടങ്ങള്‍ ചൂടിക്കുവതെന്തിനിനിയും;
മുടിചൂടാമന്നര്‍തന്‍ ശിരസ്സുകളില്‍ ?

അഴിമതിക്കൂടാര ചുവരുകളില്‍,
ആണിയടിച്ചു തൂക്കുവതെന്തിനിനിയും;
സത്യമാര്‍ഗ്ഗിയാം മഹാത്മാവിനെ ?

സ്‌നേഹമാണീശനെന്നുരച്ചവര്‍,
തക്കം പാര്‍ത്തിരിക്കുവതെന്തിനിനിയും;
സ്പര്‍ദ്ധ നിറക്കുവാന്‍ സോദരരില്‍ ?

പുരോഗമനവാദികളാം പുലിജന്മങ്ങള്‍,
അഴിക്കുവാന്‍ മടിക്കുവതെന്തേയിനിയും;
കണ്ണുകള്‍മൂടിക്കെട്ടുമീ കടുംനിറങ്ങളെ ?



സൗന്ദര്യസൂത്രങ്ങള്‍














ദയയുണ്ടാകണം വാക്കുകളില്‍,
ചേലൊത്ത ചുണ്ടുകള്‍ക്കായ്‌.
കാണുമാറാകണം നന്മകള്‍,
ചന്തമെഴും കണ്ണുകള്‍ക്കായ്‌.
പങ്കുവെക്കണമാഹാരമെന്നും,
ആകാരസൗകുമാര്യത്തിനായ്‌.
തഴുകുവാനിട നല്‍കണം,
ദിനവും അല്‍പ്പനേരമെങ്കിലും,
സ്‌നേഹവിരലുകളായിഴകളില്‍,
ഇടതൂര്‍ന്നൊരു മുടിയഴകിനായ്‌.
സ്‌നേഹത്തേക്കാള്‍ വലുതല്ല;
ഒന്നുമെന്നറിയുമ്പോഴും,
സ്‌നേഹിക്കുവതെന്തേ നാം;
സൗന്ദര്യത്തെ മാത്രം.


Inspired by the `quote ‘Beauty Tips’ by Sam Levenson.

വില്‍ക്കാനുണ്ട്‌ ചിറകുകള്‍

ദൂരെയാണത്രെ സ്വപ്‌നങ്ങളൊക്കയും,
ഉയരങ്ങളിലത്രെ വിജയങ്ങളൊക്കെയും,

ആകാശങ്ങള്‍ സ്വപ്‌നം കാണുന്നവരെ,
കാത്തിരിക്കുന്നു നിങ്ങള്‍ക്കായ്‌ ചിറകുകള്‍.

പറന്നുയരാം വിജയാകാശങ്ങളിലേക്ക്‌.
ചെന്നണയാം സ്‌ഫടികസൗധങ്ങളില്‍.


അധികാരപര്‍വ്വങ്ങള്‍ക്കധിപതികളാകാം.
സ്വാതന്ത്ര്യത്തിന്റെ ചക്രവാളം താണ്ടാം,

ചിറകുകള്‍ വില്‍ക്കുന്നവരെ സൂക്ഷിക്കുക.
വീണുപോയേക്കാം തേന്‍മൊഴികളില്‍.

പണയം വെക്കുവാനൊരു ഹൃദയമുള്ളവര്‍ക്ക്‌,
സ്വന്തമാക്കാം ചിറകുകള്‍ ഇന്നെവിടെയും.

അന്യന്റെ ചിറകുകളെന്നാല്‍ പടച്ചട്ടകളല്ല,
അടിമത്വത്തിന്റെ പുതിയ പുറംചട്ടകളാണ്‌,

ആത്മവിശ്വാസതൂവലുകളാല്‍ നെയ്‌തെടുത്ത
നിന്റെ മാത്രം ചിറകുകളാല്‍ പറന്നീടുക,

പ്രാപ്പിടിയന്‍മാരെപ്പോല്‍, ഉയരങ്ങളിലേക്കല്ല,
പ്രാവുകളേപ്പോല്‍ നന്മകളുടെ ചില്ലകളിലേക്ക്‌

ഓര്‍ക്കുക, മടങ്ങണമൊരുനാള്‍ മണ്ണിലലിഞ്ഞു-
ചേരുവാന്‍, ഉയരങ്ങളിലെത്ര പറന്നെത്തിയാലും, 


നോവും നോട്ടങ്ങള്‍


















കുഴിഞ്ഞകണ്ണുകള്‍തന്‍ കൊഴിയുംപീലികളായ്‌,
നോക്കുവനാരുമില്ലെന്ന നോവുമായിചിലര്‍.


കോലംകെട്ടും ചിലര്‍, നോട്ടങ്ങളില്‍ കുളിരുവാന്‍,
നോട്ടംതട്ടാതിരിക്കുവാന്‍ നോക്കുകുത്തികളോ ചിലര്‍.

കാത്തുനില്‍ക്കും ചിലര്‍, നാണിക്കുവാനൊരുങ്ങി,
അറിയാതെയൊന്നു നോക്കിയാല്‍പോലും.

വീണുപോം ചിലര്‍, ആദ്യനോട്ടചുഴികളില്‍തന്നെ,
നോക്കാതെ നോക്കുവാന്‍ നിപുണരും ചിലര്‍.


ഒളിക്കും നോവെല്ലാം ചിലര്‍, ചിരികണ്ണുകളാല്‍,
നേരെനോക്കും ചിലര്‍, നുണയുരക്കും നേരവും.

കാണുന്ന കണ്ണിലോ സൗന്ദര്യമെങ്കിലും,
നോട്ടങ്ങളിഴയും പുഴുക്കളെപ്പോലെന്നും ചിലര്‍.

കാത്തുവെക്കുക നീ കണ്ണുകളിലെങ്കിലും,
നന്മയുടെ വെട്ടമൂറും കുഞ്ഞുകെടാവിളക്കുകള്‍.

കടം തരുമോ ആറടി മണ്ണ്‌ ?














കാത്തുനില്‍ക്കാനൊട്ടും,
നേരമില്ലാത്തൊരു പരുക്കനാം,
പിരിവുകാരനത്രെ കാലം.

വായ്‌പയാണത്രെ ജന്മം,
അടച്ചുതീര്‍ക്കണമതത്രയും,
ആയുസ്സിന്‍ ഗഡുക്കളിലൂടെ.


കൊടുത്താലും തീരില്ലത്രെ,
കീശയിലവശേഷിക്കും ഒടുവിലെ
നിമിഷനാണയവും;

കണിശം കണക്കുകള്‍;
അടച്ചതത്രയും പലിശമാത്രം,
തിരിച്ചടക്കണമത്രെ മുതലുടന്‍!

വായ്‌പയായ്‌ കിട്ടിയൊരു-

ജന്മം, ജപ്‌തി ചെയ്‌തെടുക്കുവാന്‍,
വരുമവന്റെ പേരത്രെ കാലന്‍.


ജന്മം കുടിയൊഴിഞ്ഞൊരു
ദേഹത്തിന്‌ ചിതയൊരുക്കുവാന്‍,
കടം തരുമോ ആറടി മണ്ണ്‌. 

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...