കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നിമിഷനാണയങ്ങള്‍



എത്രയോ വായ്പകള്‍. വീടിനും വാഹനങ്ങള്‍ക്കും  മക്കളെ പഠിപ്പിക്കുന്നതിനും വിവാഹങ്ങള്‍ക്കുമായി ഒന്നിനു പിറകെ ഒന്നായി. അവയ്ക്കിടയില്‍  എത്രയോ തവണ മുടങ്ങിയ തിരിച്ചടവുകള്‍, ഭീഷണികള്‍, ജപ്തിനോട്ടീസുകള്‍, തിരിമറികള്‍. എല്ലാം ചങ്കുറപ്പോടെ നേരിട്ടു. എല്ലാം അടച്ചുതീര്‍ത്തു. ഏറ്റവും ആദ്യത്തെ വായ്പയൊഴികെ. അത് മാത്രം ഇപ്പോഴും...

പറമ്പിലെ തേങ്ങ വിറ്റതിന്റെ കാശ് ദിവാകരന്റെ കൈയ്യില്‍നിന്നും വാങ്ങുമ്പോള്‍ കാരണവര്‍ ചോദിച്ചു.

"ഇന്നലെ തരാന്നല്ലേ.... പറഞ്ഞിര്ന്നത്.?"

ദിവാകരന്‍ തല ചൊറിഞ്ഞു.

"ഒരു സ്ഥലം വരെ പൂവ്വാന്ണ്ടായിരുന്നു. വന്നപ്പോ നേരം ചിറ്റി. അതാ..."

"ന്നാലും വാക്ക് പറഞ്ഞാ വാക്കായിരിക്കണം... വേറൊന്നോണ്ട്വല്ല.. ഞാന്‍ പറയാണ്ടന്നെ ദിവാരനറിയാലോ കാശ്ന്ന് വെച്ചാ സമയന്നാണ് അര്‍ത്ഥം. സമയത്തിന് കിട്ടീല്ല്യങ്ങെ ഇതിന് ഒരു വെലേല്ല്യ. അതാ പറഞ്ഞെ.."

ഇടയില്‍കയറിവന്ന ചുമ നിര്‍ത്താനാവാതെ അയാള്‍ ദിവാകരനോട് പൊയ്‌ക്കോളാന്‍ ആംഗ്യം കാട്ടി. തിരിഞ്ഞുനടക്കുമ്പോള്‍ പടികടന്നു വരുന്നയാളെ ദിവാകരന്‍ കണ്ടില്ല.

കിട്ടിയ കാശ് ചുമരിലെ ഭഗവതിയുടെ ചിത്രത്തിനു പിന്നിലൊളിപ്പിച്ച് നരച്ച പുരികങ്ങള്‍ക്കു മുകളില്‍ വലതു കൈപ്പത്തികൊണ്ടൊരു മേല്‍ക്കൂര സൃഷ്ടിച്ച്, കാരണവര്‍ സൂക്ഷിച്ചുനോക്കി.

"ആരാ....?"

ആഗതന്‍ ഭവ്യതയോടെ മറുപടി പറഞ്ഞു.

"ബാങ്കീന്നാ... "

ഇഷ്ടപ്പെടാത്ത എന്തോ കേട്ടതുപോലെ കാരണവര്‍ നിശ്ശബ്ദനായി. നെടുവീര്‍പ്പിട്ടു പിന്നെ ആരോടെന്നില്ലാതെ ചോദിച്ചു.

"കൈപ്പടയൊക്കെ എവിട്യാണാവോ ഇരിക്കണെ?'

"വേണന്നില്ല്യ... ഇത് അവസാനത്തെ അടവാ.. "

"ആ.."

ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പില്‍ അയാളുടെ നെഞ്ചിന്‍കൂട് ഉയര്‍ന്നുതാഴ്ന്നു. ചുമരിലെ ഘടികാരത്തിനുളളില്‍ നിന്നും തല പുറത്തേയ്ക്കു നീട്ടി ഒരു കിളി താളത്തില്‍ ചിലച്ചു. മടിശ്ശീലയില്‍നിന്നും പുറത്തെടുത്ത നോട്ടുകളും നാണയങ്ങളും എണ്ണി നോക്കുന്നതിനിടയില്‍ അയാള്‍ ഇടവിട്ട് ചുമയ്ക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു.

"നേരത്തേ തീരണ്ടതാര്‍ന്നു. ങാ... അടയ്ക്കുമ്പഴൊക്കെ അപ്പാപ്പോ എഴ്തിവെക്ക്യാറ്ണ്ടായിരുന്നതാ.... ഇവിടെ എവിട്യെങ്കിലുമൊക്കെ കാണുമായിരിക്കും. പഴേപോലെ ഓര്‍മ്മയൊന്നും കിട്ടണില്ല്യ.. "

ആഗതന്‍ പുഞ്ചിരിച്ചു. ആശ്വസിപ്പിച്ചു.

"അതിന്റെയൊന്നും ആവശ്യമില്ലാന്നെ. എല്ലാം കൃത്യമായി സൂക്ഷിച്ചിട്ട്ണ്ട്. ഞങ്ങക്ക് തെറ്റ് പറ്റിയാലും കമ്പ്യൂട്ടറിന് തെറ്റ് പറ്റില്ല്യ."

കാരണവര്‍ ചിരിച്ചു.

"മനുഷ്യന്‍മാരേക്കാളും വിശ്വാസം യന്ത്രങ്ങളെയാണ് അല്ലേ..."

"അത് പിന്നെ... നമ്മള് മനുഷ്യന്‍മാര്‌ടെ ബുദ്ധിക്കും ഓര്‍മ്മക്കുമൊക്കെ ഒരു പരിധിയില്ലേ. ?"

"അതൊക്കെ ഒരു തരം അന്ധവിശ്വാസാടോ... ദൂരദര്‍ശിനിം കമ്പ്യൂട്ടറുമൊക്കെ കണ്ടുപിടിക്കണേക്കാളും മുമ്പേ ആകാശം കണ്ട നാടാ നമ്മ്‌ടെ... അവിടെ തിരിയണ ഗ്രഹങ്ങള്‍ടെ വരവും പോക്കുമൊക്കെ ഒറ്റയിരിപ്പില് ഗണിച്ച് പറയാന്‍ കഴിവ്ണ്ടായിര്ന്ന കാര്‍ന്നോന്‍മാര്‌ടെ നാട്... "

ആഗതന്‍ വീണ്ടും പുഞ്ചിരി തൂകി തലയാട്ടി. കാരണവര്‍ തുടര്‍ന്നു.

"കണക്കപ്പിള്ളയായിരുന്നു... ട്രഷറി ആപ്പീസില്... വെരമിച്ചേനു ശേഷം ചിട്ടികമ്പനീലും മറ്റുമായി കൊറേക്കാലം പിന്ന്യേം... ഒരു കാല്‍ക്കുലേറ്ററ് പോലും ഇണ്ടായിര്ന്നില്ല്യ... ഈ കമ്പ്യൂട്ടറൊക്കെ എപ്പഴാ ഇണ്ടായെ... "

ആഗതന്‍ ഒരു തര്‍ക്കത്തിന് മുതിര്‍ന്നില്ല. നിമിഷനാണയങ്ങളുടെ വൃത്താകൃതികള്‍ പൂര്‍ത്തിയാക്കി ഘടികാരത്തിനുള്ളില്‍ കാലത്തിന്റെ മുന
ചലിച്ചുകൊണ്ടേയിരുന്നു.

പണമെണ്ണികൊടുക്കുമ്പോള്‍, കാരണവരുടെ മെലിഞ്ഞുണങ്ങിയ വിരലുകള്‍ വിറച്ചു. ഒടുവിലത്തെ നാണയത്തില്‍ അറിയാതെ മുറുകെപിടിച്ചു.
ചുണ്ടുകള്‍ വിതുമ്പുന്നതുപോലെ കോടി.. കണ്ണുകള്‍ യാചിക്കുന്നതുപോലെ. അല്‍പ്പം ബലം പ്രയോഗിക്കേണ്ടിവന്നു. ആഗതന് ഒടുവിലത്തെ ആ നാണയം സ്വീകരിക്കുവാന്‍.

ചാരുകേസരയില്‍ നിന്നും എഴുന്നേല്‍ക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടു. ഒരു കൈപ്പിടിയില്‍മാത്രം ബലം കൊടുത്തപ്പോള്‍ കസേര ഒരു വശത്തേയ്ക്ക് മറിഞ്ഞു. പിടിവിട്ട് അയാളും. ഓടിവന്ന അയല്‍ക്കാരന്റെ കൈകളില്‍ അയാള്‍ മെല്ലെ തണുത്തുറയുവാന്‍ തുടങ്ങിയിരുന്നു.

കാലത്തിന്റെ കീശയിലേയ്ക്ക്‌ ഒരു നിമിഷനാണയം കൂടി തിരുകി ആഗതന്‍ നടന്നകന്നു. തിരിഞ്ഞുനോക്കാതെ.


നെഞ്ചത്ത് ആഞ്ഞടിച്ച് നിലവിളിച്ച് കയറിവന്ന മരുമകള്‍ ആദ്യം തിരഞ്ഞത് ഒറ്റയാനെപ്പോലെ ജീവിച്ച അയാളുടെ പണപ്പെട്ടിയുടെ താക്കോലായിരുന്നു. ഒരു ചെറിയ ഓലക്കെട്ട്‌ മാത്രമേ അതില്‍ അവശേഷിച്ചിരുന്നുള്ളൂ. മറ്റൊന്നും കാണാത്തതിന്റെ വിഷമത്തില്‍ അവര്‍ പിറുപിറുത്തു.

"ഈ തന്തപ്പിടീടെ ഓരോ കാര്യങ്ങള്... "



"എപ്പഴായിരുന്നു."

കര്‍മ്മങ്ങള്‍ തുടങ്ങുന്നതിന് മുമ്പുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ശാന്തിക്കാരന്റെ ചോദ്യത്തിന് കൂടിനിന്നവരില്‍ ആരോ മറുപടി കൊടുത്തു. 

"സ്വാമി.... ഇതിന്റെ ആവശ്യണ്ടോ..?"

"എന്താത്...?"

"കാര്‍ന്നോരടെ ജാതകാ..."

താളുകള്‍ മറിയ്ക്കുമ്പോള്‍ ശാന്തിക്കാരന്‍ അത്ഭുതം കൂറി.

"എത്ര കൃത്യായിട്ടാ എഴ്തി വെച്ചേക്കണത്. ആയുസ്സിന്റെ കണക്ക്  കണിശം. "

ശേഷം ചിന്ത്യം.

പെറുക്കി സായ്‌വ്

ഭ്രാന്തന്റെ വീട്ടിലെ പൂട്ടിയിട്ടിരിക്കുന്ന ഒരേയൊരു മുറി തുറന്ന കള്ളൻ പാക്കരൻ വീണുപോയി. ഇരുട്ടിൽ തപ്പിത്തടഞ്ഞ് എഴുുന്നേൽക്കുന്നതിനു മുമ്പ് അടുത്ത അടി കൂടി വീണുകഴിഞ്ഞിരുന്നു. നീളമുള്ള ഒരു തുണി തന്നെ ചുറ്റിവരിയുന്നത് പാക്കരൻ തിരിച്ചറിഞ്ഞു. കെട്ടഴിക്കുവാൻ കഴിയാതെ, എഴുന്നേറ്റ് നിൽക്കുവാൻ പോലുമാകാതെ, രാത്രി മുഴുവൻ, ആ മുറിയുടെ വൃത്തികെട്ട ഗന്ധം ശ്വസിച്ചു. ഇരുട്ടും അപരിചിതമായ ഞരക്കങ്ങളും അയാളെ ഭയപ്പെടുത്തി. പുലർച്ചെയാകുമ്പോഴേക്കും അയാൾ ഒരു മയക്കത്തിലേയ്ക്കു വീണുപോയി. പക്ഷികൾ ഉണർന്നപ്പോൾ, വെളിച്ചം പരക്കുവാൻ തുടങ്ങിയപ്പോൾ കണ്ണുകൾ തുറന്നു. ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളും ഫര്‍ണീച്ചറുകളും ചാക്കുകെട്ടുകളിലാക്കി സുക്ഷിച്ചിരുന്ന പാഴ്‌വസ്തുക്കളുമായിരുന്നു ആ മുറിയില്‍ ഉണ്ടായിരുന്നത്. ഒരു വശത്തായി ഒരാൾ പൊക്കത്തിലധികം ഉയരമുള്ള മൂന്ന് വലിയ മൺഭരണികൾ. അവയിൽ ഓരോന്നിലും കരിക്കട്ടകൊണ്ടെന്ന പോലെ എഴുതിവെച്ച വാക്കുകൾ.

വേഗം
മരിക്കുന്നവർ

മെല്ലെ
മരിക്കുന്നവർ.

ഒരിയ്ക്കലും
മരിക്കാത്തവർ

അയാളുടെ ഭയം ഇരട്ടിക്കുകയായിരുന്നു. കണ്ണുകൾ രക്ഷപ്പെടുവാനുള്ള സാധ്യതകൾ തിരഞ്ഞു. പാരമ്പര്യമായി ഭ്രാന്തുള്ളവരുടെ വീട് മോഷണത്തിനായി തിരഞ്ഞെടുത്ത ആ നിമിഷത്തെ അയാൾ പ്രാകി. ഇഴഞ്ഞും ഉരുണ്ടും കതകിനടുത്തെത്തി. വാതിലിന്റെ വിടവിലൂടെ മരണം ഒരു ഭ്രാന്തന്റെ രൂപത്തിൽ നടന്നു വരുന്നത് കണ്ടു. അയാൾ വാതിലിനടുത്തുനിന്നും ഇഴഞ്ഞുനീങ്ങി. മൺഭരണികളിലൊന്നിൽ നിന്നും ഒരു നേരിയ ഞരക്കം കേൾക്കുന്നതായി തിരിച്ചറിഞ്ഞ പാക്കരൻ കണ്ണുകൾ ഇറുക്കിയടച്ച് മരണത്തെ കാത്തിരുന്നു. വാതിലിന്റെ കൊളുത്ത് നീങ്ങുന്നതിന്റെയും പാളികൾ തുറക്കുന്നതിന്റെയും ശബ്ദം. വരിഞ്ഞുകെട്ടിയ നീളൻ തുണി അഴിച്ചു മാറ്റുമ്പോൾ ഭ്രാന്തൻ ചിരിച്ചു. മുറിയുടെ വാതിലുകൾ തുറന്നിട്ട് ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ഭ്രാന്തൻ നടന്നുപോകുമ്പോഴും പാക്കരൻ ഞെട്ടലിൽനിന്നും മുക്തനായിരുന്നില്ല.


................................................................

തുണ്ടൻപാറ എസ്റ്റേറ്റിലെ അമിത കീടനാശിനി പ്രയോഗത്തിനെതിരെ, ഫേസ് ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച ഒരു പ്രതിഷേധ സമരത്തിലാണ് സുദേവനും കൂട്ടരും ആദ്യമായി അയാളെ കാണുന്നത്. പെരുമാറ്റത്തിൽ അസ്വാഭാവികതകളുണ്ടായിരുന്നു. ചോദിച്ചതിനൊന്നും മറുപടി പറയാതെ മൗനം പാലിക്കുന്ന പ്രകൃതം.

മാനസികനില തെറ്റിയ ഒരു വ്യക്തിയുടെ സാന്നിധ്യം, സ്വാഭാവികമായും സമരത്തിനെ എതിർക്കുന്നവർ ആയുധമാക്കി. 'ഭ്രാന്തൻമാരുടെ സമര' മെന്ന് പരിഹസിച്ചു. ഒഴിവാക്കുവാൻ ശ്രമിച്ചുവെങ്കിലും അയാൾ ഒഴിഞ്ഞുപോകുവാൻ തയ്യാറായില്ല. ഒടുവിൽ ബലം പ്രയോഗിച്ച് സുദേവന്റെ സുഹൃത്തിന്റെ പരിചയത്തിലുള്ള ഒരു മാനസിക കേന്ദ്രത്തിലെത്തിച്ചു. ഉറ്റവരെയോ ബന്ധുക്കളെയോ കണ്ടെത്തി തിരിച്ചേൽപ്പിക്കുന്നതുവരെ തത്കാലത്തേക്ക് മാത്രം, എന്ന ഉറപ്പിൽ അധികൃതർ സമ്മതിച്ചു. കുറച്ച് പാഴ്‌വസ്തുക്കളും കടലാസ്സുകളും ഒരു ചെറിയ താക്കോൽകൂട്ടവുമല്ലാതെ അയാളുടെ സഞ്ചിയിൽ നിന്നും മേൽവിലാസം തിരിച്ചറിയുവാൻ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല.

സമരത്തിൽനിന്നും പ്രമുഖ രാഷ്ട്രീയ പാർട്ടികൾ കൗശലപൂർവ്വം സമദൂരം പാലിച്ചു. എസ്റ്റേറ്റ് ഉടമകളും, രാസവളങ്ങളും കീടനാശിനികളും നിർമ്മിക്കുന്നവരും, വിൽക്കുന്നവരും, എല്ലാം രാജ്യത്തെ പൗരൻമാരാണ്. അവരും നികുതി ഒടുക്കുന്നവരാണ്. നിയമത്തിനുമുന്നിൽ തുല്യരാണ്. പണിയില്ലാതെ തൊഴിലാളികൾ അസ്വസ്ഥരാകുവാനും തുടങ്ങി. വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് കുറേ 'ആക്റ്റിവിസ്റ്റുകൾ' നടത്തുന്ന സമരം എന്ന വിശേഷണത്തോടെ, എസ്റ്റേറ്റ് തൊഴിലാളികളുടേയും പൊതുജനങ്ങളുടേയും നിർവ്വികാരതയിൽ, ആ 'മുല്ലപ്പൂവിപ്ലവം' അലിഞ്ഞുചേർന്നു.

ആവശ്യത്തിലധികം രോഗികളുള്ള മാനസികകേന്ദ്രത്തിൽ നിന്നും സുദേവന് തുടർച്ചയായി വിളികൾ വന്നുകൊണ്ടിരുന്നു. ഒരു പത്രത്തിന്റെ പ്രാദേശിക ലേഖിക കൂടിയായ രുക്മിണി രാഘവന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ, ഭ്രാന്തന്റെ മുഖച്ഛായയുള്ള ഒരാൾ പെറുക്കി സായ്‌വ് എന്നപേരിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നതായും അയാളുടെ നാട് മുള്ളൻപാറയിലാണെന്നും തിരിച്ചറിഞ്ഞു.

വലിയ മതിലുകളാൽ ഒറ്റപ്പെട്ടുകിടക്കുന്ന വലിയൊരു പറമ്പും പഴയമാതൃകയിലുള്ള ഒരു വീടും. നല്ല സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നുവെങ്കിലും പാരമ്പര്യമായി മാനസികരോഗമുള്ള കുടുംബം എന്നാണ് നാട്ടുകാർ വിശേഷിപ്പിക്കുന്നത്. വീട്ടിലെ കാരണവർക്കാണ് ആദ്യം സമനില തെറ്റിയത്. അയാളുടെ മരണശേഷം അമ്മയും മക്കളും മാത്രമായിരുന്നു അവിടെ താമസം. സ്വന്തമായി പാടവും പറമ്പുമൊക്കെ ഉണ്ടായിരുന്നതിനാൽ കുറേക്കാലം വളരെ നല്ല രീതിയിലാണ് അവർ ജീവിച്ചിരുന്നത്. കുട്ടികൾ പഠനത്തിൽ മിടുക്കരായിരുന്നുവെന്നും പറഞ്ഞുകേൾക്കുന്നു. യൗവ്വനത്തിനുശേഷമാണ് ഓരോരുത്തർക്കായി കാലിടറുവാൻ തുടങ്ങിയത്. മൂന്നു മക്കളിൽ വിവാഹപ്രായമെത്തിയ സുന്ദരിയായ മകൾക്കാണ് ആദ്യം മനസ്സിടറിയത്. അവർ ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിവില്ല. ആൺമക്കളിൽ ഇളയവൻ വീടിനുള്ളിൽ ആത്മഹത്യ ചെയ്തു. ഒരാൾ കോളേജില്‍ പഠിച്ചിരുന്നുവെന്നും അതിനുശേഷം ദൂരെ എവിടെയോ ജോലി ലഭിച്ചുവെന്നും പറയുന്നു. കുറച്ചുകാലത്തിനുശേഷം തിരിച്ചുവന്നപ്പോൾ അയാൾക്കും ഒരു അരവട്ടന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

ഷർട്ടിനുമീതെ ഒരു കോട്ടുകൂടി ധരിച്ച്, കണ്ണിൽ കണ്ടതെല്ലാം പെറുക്കി നടക്കുന്ന സ്വഭാവമുള്ളതിനാലാണത്രെ അയാൾക്ക് പെറുക്കി സായ്‌വ് എന്ന പേര് ലഭിച്ചത്. അഴുക്കും പൊടിയും പിടിച്ച, അലങ്കോലമായി കിടന്ന ആ പഴയ വീട്ടിലേക്കും ചപ്പുചവറുകൾ നിറഞ്ഞുകിടക്കുന്ന പറമ്പിലേയ്ക്കും അയൽക്കാർ ആരും പോകാറില്ല. ഇടക്കിടെ വന്നുപോകുന്ന പെറുക്കി സായ്‌വിന്റെ വിവരങ്ങൾ ആരും തിരക്കാറുമില്ല.  മറ്റു ചില കഥകളും കേട്ടു. ആ വീട്ടിൽ പണ്ട് ആരെയൊക്കെയോ കൊന്ന് കഷണങ്ങളാക്കി വലിയ മൺഭരണികളിലാക്കി സൂക്ഷിച്ചിട്ടുമുണ്ടത്രെ.

കട്ടിലിൽ കിടക്കുന്ന വൃദ്ധയായ ഒരു സ്ത്രീയെയാണ് സുദേവനും കൂട്ടരും കണ്ടുമുട്ടിയത്. മകന്റെ കൂട്ടുകാരാണെന്ന് പറഞ്ഞപ്പോൾ അവർ തലയാട്ടി. പക്ഷെ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ആ സ്ത്രീ പറയുന്നതൊന്നും വ്യക്തവുമല്ലായിരുന്നു. നാലു മുറികളുള്ള ആ വീട് ഒരു പുരാവസ്തുശേഖരം പോലെ തോന്നിച്ചു.

അവിടെനിന്നും കണ്ടെത്തിയ ഒരു പഴയ നോട്ട് ബുക്ക്  മറിച്ചുനോക്കി രുക്മിണി രാഘവൻ ആവേശഭരിതയായി. അതിൽ തുടർച്ചയില്ലാതെ, അവിടെയും ഇവിടെയുമായി, കുറിച്ചിട്ടിരുന്ന വാക്കുകൾ അവരിൽ കൗതുകം നിറച്ചു.

...കുഞ്ഞായിരിക്കുമ്പോൾ വിഷപാമ്പിനേയും കരിന്തേളിനേയും കൂട്ടുപിടിച്ച് കളിക്കുമായിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. തീനാളങ്ങളേയും ഭയമില്ലായിരുന്നു. ചൂണ്ടുവിരലിൽ ആദ്യമായി പൊള്ളലേൽക്കും വരെ. അതെ അറിവുണ്ടാകുവാൻ തുടങ്ങിയപ്പോഴാണ് ഭയം പിടിമുറുക്കുവാൻ തുടങ്ങിയത്. ഒരിയ്ക്കൽ കൈകളിലെടുത്ത് ഓമനിച്ചിരുന്ന വിഷജന്തുക്കളെപ്പോലും ഇപ്പോൾ ഭയപ്പെടുന്നു. 

...ഏറ്റവും അധികം ഭയപ്പെടുത്തിയത് ഇരുട്ടാണ്. അന്ധകാരത്താൽ വലയം ചെയ്യപ്പെടുമ്പോഴെല്ലാം അനുഭവിക്കേണ്ടി വരുന്നത് അസ്വസ്ഥതകൾ നിറഞ്ഞ ഒരുതരം അനിശ്ചിതത്വമാണ്. മുൻകൂട്ടി അറിയുവാൻ കഴിയാത്ത, അപായപ്പെടുത്തുവാൻ സാധ്യതയുള്ള എന്തോ എവിടെയോ പതിയിരിക്കുന്നതുപോലെ. പകലിൽ തണൽവിരിച്ചുനിന്ന വൃക്ഷത്തലപ്പുകൾ തന്നെയാണോ രാത്രിയിൽ അനേകം കൈകളുള്ള ഭീകരരൂപികളെപ്പോലെ ഭയപ്പെടുത്തുന്നത്....

ആദ്യത്തെ സമ്മാനം

...മുന്നോട്ടുള്ള വഴിയറിയാതെ, ഇരുട്ടിൽ തപ്പിത്തടയുമ്പോൾ, അകലെ നടന്നുപോകുന്ന പ്രകാശം. എന്താണ് അയാൾക്കു ചുറ്റും മാത്രം പ്രകാശം ?. അല്ല അയാൾ തന്നെയാണ് പ്രകാശം. വെളിച്ചം മാടി വിളിക്കുന്നതുപോലെ... അയാളുടെ വെളിച്ചത്തിൽ ഞാനെന്റെ പാത കണ്ടെത്തി എന്നതാണ് സത്യം. അപരിചിതനായ ഒരാൾ പിൻതുടരുന്നു എന്നത് അസ്വസ്ഥതയുളവാക്കുന്ന ഒന്നാണ്. അയാൾ നടത്തം നിർത്തി. തിരിഞ്ഞുനിന്ന് തിളങ്ങുന്ന കണ്ണുകൾകൊണ്ട് തീക്ഷ്ണമായി സൂക്ഷിച്ചുനോക്കി. ഓരോ നോട്ടത്തിനും ഓരോ അർത്ഥമുണ്ട്. ഇപ്പോഴത്തേത് ഒരു ചോദ്യമാണ്. വിനീതനായി തുറന്നുപറഞ്ഞു.

"ഇരുട്ടാണ്. ഭയം തോന്നുന്നു. വിരോധമില്ലെങ്കിൽ..."

"വിരോധമൊന്നുമില്ല. പക്ഷെ എന്റെ ലക്ഷ്യവും നിന്റെ ലക്ഷ്യവും ഒന്നുതന്നെയാണോ. ആണെങ്കിൽതന്നെ, എന്റെ പ്രകാശം ഇല്ലാതായാൽ നീ വീണ്ടും ഇരുട്ടിലകപ്പെടുകയില്ലേ. അപ്പോൾ എന്തു ചെയ്യും.?'

"അറിയില്ല. പക്ഷെ ഞാൻ ഇരുട്ടിനെ വളരെയധികം ഭയപ്പെടുന്നു."

"എന്റെ പ്രകാശത്തിൽനിന്നും അൽപ്പം പകർന്നുതരാം. അതിലൂടെ നീ നിന്റെ വഴി കണ്ടെത്തുക."

വിരിയുവാൻ തുടങ്ങുന്ന പൂമൊട്ടുപോലെ ഒരു പ്രകാശനാളം അദ്ദേഹം പകർന്നു നൽകി. ഒരു തിരിയിൽനിന്നും മറ്റൊരു തിരി കത്തിക്കുന്നതുപോലെ ആ പ്രകാശം എന്നിലും നിറഞ്ഞു. മെല്ലെ മെല്ലെ അതെന്നിൽനിന്നും നിറഞ്ഞുതുളുമ്പി നിലാവുപോലെ പരക്കുന്നത് വിസ്മയഭരിതനായി കണ്ടുനിന്നു. ചോദിച്ചു.

"എവിടെനിന്നാണ് ഈ വെളിച്ചം... എന്താണിതിനെ ജ്വലിപ്പിക്കുന്നത്... ഇത് കെട്ടുപോകാതിരിക്കാൻ ഞാനെന്താണ് ചെയ്യേണ്ടത്."

"ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുക."

അയാൾ നടന്നകന്നു. ഞാൻ മുന്നോട്ടും കാലം പിന്നോട്ടും യാത്ര തുടർന്നു. അതോ തിരിച്ചോ.

രണ്ടാമത്തെ സമ്മാനം

...യാത്രയിലുടനീളം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. പക്ഷെ ഉത്തരങ്ങൾ... അവ മാത്രം അകന്നുനിന്നു. നടന്നു തളർന്നിരിക്കുന്നു. ഒരു മയക്കത്തിലേയ്ക്കാഴ്ന്നു പോകുന്നതുപോലെ....

....ഉണർന്നപ്പോൾ എല്ലാം മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. അവസാനം ചോദിച്ച ചോദ്യം എന്തായിരുന്നുവെന്ന് ഓർത്തെടുക്കുവാൻ കഴിയുന്നില്ല. അവസാനം തിരഞ്ഞെടുത്ത വഴിയിലൂടെ എത്തിച്ചേർന്നതെവിടെയാണ്. തിരിച്ചറിയുവാനാവുന്നില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിച്ചു ചോദിച്ചു മടുത്തിരിക്കുന്നു. വഴിതെറ്റിയിട്ടുണ്ടാകുമോ.? പകൽവെട്ടത്തിലും ഒന്നും വ്യക്തമാകുന്നില്ല. 

അൽപ്പം അകലെയായി... രക്ഷകനെപ്പോലെ വീണ്ടും അദ്ദേഹം... വെളിച്ചം പകർന്നു തന്ന അതേ പ്രകാശരൂപം. വളർന്നു പടർന്നു പന്തലിച്ച ഒരു വലിയ വൃക്ഷത്തിന്റെ വേരുകളിൽ ഒന്നിലാണ് ഇരിക്കുന്നത്. ഓടി അരികിലെത്തി, കിതച്ചുനിൽക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ വീണ്ടും ചോദ്യങ്ങളെറിയുന്നു. എന്തുകൊണ്ടാണെന്നറിയില്ല. പുറത്തുവരുന്ന വാക്കുകളിൽ കുറ്റബോധം നിറഞ്ഞുനിന്നു.  

"വെളിച്ചം മങ്ങികൊണ്ടിരിക്കുന്നു. കാഴ്ച മങ്ങിപോകുന്നതുപോലെ... ഒന്നും വ്യക്തമാകുന്നില്ല."

പുഞ്ചിരി അയാളുടെ മുഖം കൂടുതൽ പ്രകാശഭരിതമാക്കുന്നു. 

"ഈ തണലിൽ അൽപ്പം വിശ്രമിക്കാം.. ഇരിക്കൂ"

കെട്ടുപിണഞ്ഞ് മണ്ണിലേക്കാഴ്ന്നിറങ്ങി പോകുന്ന വലിയ വേരുകളിലൊന്നിൽ ഇരിക്കുവാൻ തുടങ്ങുമ്പോൾ അദ്ദേഹം ആശ്വസിപ്പിച്ചു. 

"ഒരുപക്ഷെ നിങ്ങളുടെ കണ്ണുകൾക്ക് തിമിരം ബാധിച്ചിരിക്കാം. ഈ കണ്ണട എടുത്തുകൊള്ളുക.."

കണ്ണുകളോടു ചേർത്തുവെച്ചു. അത്ഭുതം.. മുന്നിൽ തെളിമയാർന്ന കാഴ്ചകൾ. ഇതുവരെയും ഒരു അന്ധനായിരുന്നുവോ എന്നു സംശയം. ആഹ്ലാദമടക്കുവാനാകാതെ വിളിച്ചു പറഞ്ഞു.

"കാണാം. കാഴ്ചകളും വഴികളുമെല്ലാം നല്ലതുപോലെ തെളിഞ്ഞുകാണാം."

അദ്ദേഹം പുഞ്ചിരിയോടെ ഓർമ്മിപ്പിച്ചു.

"കണ്ണടകൾ കാഴ്ചയെ തെളിമയുള്ളതാക്കിയേക്കാം. എന്നാൽ ഒരോ ചില്ലിൻ കഷ്ണവും പ്രതിഫലിപ്പിക്കുന്നത് ഒരേ കാഴ്ചയുടെ വ്യത്യസ്ഥ തലങ്ങൾ മാത്രമാണ്. മാത്രവുമല്ല, കണ്ണടചില്ലുകൾ, അവയുടെ ആകൃതിയുടേയും വലുപ്പത്തിന്റേയും ധർമ്മം പോലെ, കാഴ്ചകളെ ഇരട്ടിപ്പിക്കുകയോ ചെറുതാക്കുകയോ ചെയ്‌തേക്കാം. ചില്ലുകളിൽ പോറലുകളും ചിന്നലുകളും ഏൽക്കാതെയും സൂക്ഷിക്കണം. അത്തരം ചില്ലുകളിലൂടെ കാണുന്നതെല്ലാം അവ്യക്തവും അപൂർണ്ണവും ചിലപ്പോഴെല്ലാം വികലവുമായിരിക്കും. "

"ഈ ചില്ലുകളെ വിശ്വസിക്കാമോ...?"

എന്റെ സംശയം ആ ചുണ്ടുകളിൽ ചിരിയുണർത്തി. 

"നിങ്ങളുടെ സംശയം ശരിയാണ്. എന്നിരുന്നാലും... ഇരുട്ടിനേക്കാളും, മങ്ങിയ കാഴ്ചകളേക്കാളും നല്ലതല്ലേ.... കണ്ണടചില്ലുകൾ പകർന്നുനൽകുന്ന, കുറേക്കൂടി തെളിമയാർന്ന കാഴ്ചകൾ."

എഴുന്നേൽക്കുമ്പോൾ അദ്ദേഹം ചോദിച്ചു.

"ഈ വൃക്ഷത്തിന്റെ പേരറിയുമോ..."

ആ ചോദ്യത്തിനു മുന്നിൽ പതറി. അനേകം ശാഖകളുള്ള ഒരു വലിയ ചോദ്യമായി എനിക്കുമുന്നിൽ ഉയർന്നുനിൽക്കുന്ന ആ വൃക്ഷത്തിന്റെ പേര് എനിക്കറിയില്ലായിരുന്നു. അദ്ദേഹം എഴുന്നേൽക്കുന്നു. നടക്കുന്നതിനിടയിൽ തിരിഞ്ഞുനിന്നുകൊണ്ടു പറഞ്ഞു.

"ചെറിയ ചെറിയ ചോദ്യങ്ങൾ ചോദിക്കുക... അതിലൂടെ വലിയ വലിയ ഉത്തരങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കുക... അപൂർണ്ണവും അവ്യക്തവുമായ ചോദ്യങ്ങൾക്ക് എങ്ങിനെയാണ് തൃപ്തികരമായ ഉത്തരങ്ങൾ ലഭിക്കുക. അവയ്ക്ക് എങ്ങിനെയാണ് പ്രകാശത്തെ ജ്വലിപ്പിക്കുവാനാകുക."

അദ്ദേഹം യാത്ര തുടരുകയാണ്. കണ്ണടകൾ തെളിച്ചുതന്ന വഴികളിലൂടെ ഞാനും. ആ വൃക്ഷത്തിനു മുമ്പിൽ ഞാൻ വളരെ ചെറുതാകുന്നു. അറിയുവാൻ ശ്രമിക്കുംതോറും അത് വലുതായികൊണ്ടേയിരുന്നു.

മൂന്നാമത്തെ സമ്മാനം

മനസ്സ് അസ്വസ്ഥമാകുകയാണ്. ലക്ഷ്യം അകന്നകന്നു പോകുന്നതുപോലെ. അകാരണമായ ഒരു മടുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. എത്തിച്ചേർന്നിരിക്കുന്നത് ഒരു മരുഭൂമിയിലാണോ... അവിടെയും രക്ഷകനെപോലെ ആ പ്രകാശം. ഇത്തവണ ഞാൻ കണ്ണടകളെ കുറ്റപ്പെടുത്തി.

"ഈ കണ്ണടകൾ എന്റെ വഴി തെറ്റിച്ചുവെന്നു തോന്നുന്നു."

ഒരുമിച്ച് നടക്കുന്നതിനിടയിൽ അദ്ദേഹം എന്നെ ഒരിയ്ക്കൽകൂടി ആശ്വസിപ്പിച്ചു. 

"വഴിതെറ്റിയെന്ന ചിന്ത തെറ്റാണ്. എന്റെ വഴി ശരിയും നിന്റെ വഴി തെറ്റുമായിരുന്നുവെങ്കിൽ നമ്മൾ വീണ്ടും കണ്ടുമുട്ടിയത് എങ്ങിനെയാണ് ?"

"പക്ഷെ... എനിക്കെന്റെ യാത്ര തുടരുവാനോ ആസ്വദിക്കുവാനോ കഴിയുന്നില്ല. മടുപ്പും നിരാശയും അനുഭവപ്പെടുന്നു."

"ഒരുപക്ഷെ ഇതിന് നിങ്ങളെ സഹായിക്കുവാൻ കഴിയുമായിരിക്കും."

ഇത്തവണ അദ്ദേഹം നീട്ടിപിടിക്കുന്നത് ഒരു ഭാഗം വീതികൂടിയതും മറുഭാഗം വീതികുറഞ്ഞതുമായ ഒരു ദൂരദർശിനിയാണ്. കണ്ണുകളോടു ചേർത്തുപിടിച്ച് ആകാംക്ഷയോടെ നോക്കി. പക്ഷെ നിരാശയായിരുന്നു ഫലം. അത് പ്രകടിപ്പിക്കുകയും ചെയ്തു.

"ഇതിലൂടെ കാണുവാൻ കഴിയുന്നത് പിന്നിട്ട വഴികൾ മാത്രമാണ്... ഞാൻ തേടുന്നത് മുന്നോട്ടുള്ള...."

അദ്ദേഹം തിരുത്തി.

"പിന്നിടുന്നതിന് തൊട്ടുമുമ്പ് വരെ എല്ലാ വഴികളും മുന്നോട്ടുള്ള വഴികളായിരുന്നു... ഇന്നലെകളിൽ നിന്നല്ലാതെ എങ്ങിനെയാണ് നാളെകൾ പിറക്കുക.?"

ആ ദൂരദർശിനിയിലൂടെ ഒരിയ്ക്കൽ കൂടി നോക്കി. അരുതാത്തതെന്തോ കണ്ടതുപോലെ അത് കണ്ണുകളിൽനിന്നും അകറ്റിപിടിച്ചു. മനസ്സില്ലാമനസ്സോടെ വീണ്ടും നോക്കി.

കടന്നുവന്ന വഴികൾ.. കാണാൻ മറന്നുപോയ കാഴ്ചകൾ... കേൾക്കുവാൻ മറന്നുപോയ വാക്കുകൾ, പരിഹാസങ്ങൾക്കുമുന്നിൽ തോറ്റുപോയ നിമിഷങ്ങൾ, നഷ്ടപ്പെടുത്തിയ അവസരങ്ങൾ. നിറവേറ്റുവാൻ മറന്നുപോയ കടമകൾ, അൽപ്പായുസ്സാർന്ന വിജയങ്ങൾ, സൗന്ദര്യകാഴ്ചകളിൽ മയങ്ങിനിന്ന ഒരു അലസന്റെ  നേർപതിപ്പ്.... ദൂരദർശിനിയെ കണ്ണുകളിൽ നിന്നും അടർത്തിമാറ്റി ലജ്ജിച്ചു തലതാഴ്ത്തി നിന്നു.

അസ്തമയം അടുത്തിരിക്കുന്നു. ഇനിയും ഒരു പുലരി പിറക്കുമോ. 

ഉറക്കെയുള്ള വായന നിർത്തി സുദേവൻ കൂറച്ചു പേജുകൾ കൂടി മറച്ചുനോക്കി. ഒന്നും കാണാതായപ്പോൾ എല്ലാവരോടുമായി ചോദിച്ചു.

"കഴിഞ്ഞുവെന്നു തോന്നുന്നു. ഇയാൾക്കുവേണ്ടി ഒരു പുലരി കൂടി പിറന്നോ... ആവോ.?"

ഒപ്പമുണ്ടായിരുന്നവർ ചിരിച്ചു. ചിലർ ആവേശഭരിതരായി.

"ഭ്രാന്തന്റെ എഴുത്ത് കൊള്ളാമല്ലോ.. കുറച്ചുകൂടി പേജുകൾ മറിച്ചുനോക്കൂ."

സുദേവൻ ആകാംക്ഷയോടെ നോട്ട്ബുക്കിലെ തുടർന്നുള്ള പേജുകൾ കൂടി ഓരോന്നായി മറിച്ചുനോക്കി. ശൂന്യമായ കുറേ പേജുകൾക്കുശേഷം ഒരു നിധി കണ്ടെത്തിയതുപോലെ വിളിച്ചുപറഞ്ഞു.

"ഇനിയുമുണ്ട്."

സുദേവൻ ഒരു സുവിശേഷ പ്രാസംഗികനെപ്പോലെ വായിക്കുവാൻ തുടങ്ങി.

നാലാമത്തെ സമ്മാനം.

...പ്രകാശത്തിനും കണ്ണടകൾക്കും ദൂരദർശിനിക്കും എന്നെ തൃപ്തിപ്പെടുത്തുവാൻ കഴിഞ്ഞില്ല. യുവത്വം പിന്നിട്ടിരുന്നില്ലെങ്കിലും അപ്പോഴേക്കും ഞാൻ ഒരു വൃദ്ധനായി മാറിയിരുന്നു. ഒരു നിയോഗം പോലെ വീണ്ടും ആ പ്രകാശത്തിന്റെ മുന്നിൽ ഞാൻ എത്തിപ്പെടുകയായിരുന്നു. 

'ഞാൻ വളരെയധികം ഒറ്റപ്പെട്ടുപോയിരിക്കുന്നു.'

ഇത്തവണ അദ്ദേഹം കൂട്ടികൊണ്ടുപോയത് ഒരു പരീക്ഷണശാലയിലേക്കായിരുന്നു അവിടെ വെച്ചാണ് അദ്ദേഹം എനിക്കു കാണിച്ചുതന്നത്. വെളിച്ചത്തിനും കണ്ണടകൾക്കും ദൂരദർശിനിക്കും കാണിച്ചുതരുവാൻ കഴിയാതിരുന്ന ഒരു വലിയ സത്യം. അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. എന്നിലും ഒരു പ്രപഞ്ചമുണ്ടെന്ന സത്യം. യഥാർത്ഥത്തിൽ ഞാൻ ആരാണെന്ന്. അന്നുമുതൽക്കാണ് ഞാൻ പുഴുക്കളെ ഇഷ്ടപ്പെടുവാൻ തുടങ്ങിയതും...

പക്ഷെ ആ വാചകത്തിനുശേഷം സുദേവന്റെ മുഖം ഇരുളുകയായിരുന്നു. ആ പേജിൽ കൂടുതലായി മറ്റൊന്നും കുറിച്ചിരുന്നില്ല. അയാൾ തിടുക്കത്തിൽ കൂടുതൽ പേജുകൾ കൂടി മറിച്ചുനോക്കി. അവയും ശൂന്യമായിരുന്നു.

സുദേവൻ നിരാശയോടെ തലയാട്ടി.

പാഴ്‌വസ്തുക്കൾക്കിടയിൽ പൊടിപിടിച്ചു നിറം മങ്ങി തുടങ്ങിയ ചില പെയ്ന്റിംഗുകളും അവിടെ അവർക്ക് കാണുവാൻ സാധിച്ചു. പക്ഷെ വരകളേക്കാളുപരി വാക്കുകൾ കൊണ്ടാണ് ചിത്രങ്ങളെ ശ്രദ്ധേയമാക്കിയിരുന്നത്. ഒരു പെയ്ന്റിംഗിൽ സ്ത്രീയുടെ വലിയ മുലകളാണ് വരച്ചിട്ടുള്ളത്. പക്ഷെ മുലക്കണ്ണുകളുടെ തനിമ ചോരാതെ തന്നെ, അവയ്ക്കുമുകളിലായി യഥാർത്ഥ കണ്ണുകൾകൂടി വരച്ചുചേർത്തിരിക്കുന്നു. അതിനു താഴെയായി എഴുതിവെച്ചിട്ടുള്ള വാക്കുകള്‍.

നമ്മൾ കണ്ടുമുട്ടിയിട്ടുണ്ട്,
നീ കണ്ണുകൾ തുറക്കുന്നതിനും മുൻപേ...
ചുണ്ടുകളോടു ചോദിച്ചുനോക്കൂ.

മറ്റൊരു പെയ്ന്റിംഗിൽ മണ്ണിരകൾക്കുമേൽ കീടനാശിനി തെളിയ്ക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ്. ശ്രദ്ധിച്ചുനോക്കിയാൽ ആ മനുഷ്യരൂപം മുഴുവൻ ചെറിയ ചെറിയ പുഴുക്കളുടെ ചിത്രങ്ങളാണ് വരച്ചിട്ടുള്ളതെന്ന് കാണാം. മണ്ണിരകൾ ഓര്‍മ്മപ്പെടുത്തുന്നതായി താഴെ എഴുതി ചേർത്തിരിക്കുന്നു.

ഒരു പുഴുവിൽനിന്നും അനേകം
പുഴുക്കളിലേക്കുള്ള ഇത്തിരി ദൂരം
മാത്രമാണ് നിന്റെ ജന്മവും.   

ഒരു മുറി താഴിട്ടു പൂട്ടിയിരിക്കുകയാണ്. അതിൽനിന്നും വൃത്തികെട്ട ചില ഗന്ധങ്ങളും വമിക്കുന്നുണ്ടായിരുന്നു. അയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്നും ലഭിച്ച താക്കോലുകളിൽ ഒന്ന് ആ വലിയ മുറിയുടേതായിരുന്നു. പഴകിയ ജനാലകൾ ബലം പ്രയോഗിച്ച് തുറന്നിട്ടു. കാറ്റും വെളിച്ചവും ആ മുറിയെ കുറേക്കൂടി സഹനീയമാക്കി. ഒരാൾ പൊക്കത്തിലേറെ ഉയരമുള്ള മൂന്ന് വലിയ മൺഭരണികൾ. അവയിൽ ഓരോന്നിലും എഴുതിവെച്ച വാക്കുകൾ അവരിൽ കൗതുകവും ഉത്കണ്ഠയും നിറച്ചു. കേട്ടറിഞ്ഞ കഥകൾ ആ വാക്കുകളുടെ ആഴവും വ്യാപ്തിയും കൂട്ടി.

വേഗം
മരിക്കുന്നവർ

മെല്ലെ
മരിക്കുന്നവർ

ഒരിയ്ക്കലും
മരിക്കാത്തവർ

അനിശ്ചിതാവസ്ഥയ്ക്ക്‌ മുറുക്കം കൂട്ടുന്ന അസഹ്യമായ ദുർഗന്ധം.

ഏണിയുടെ സഹായത്താൽ ഭരണികളിലെ വസ്തുക്കൾ പുറത്തേക്കെടുക്കുവാൻ ശ്രമിച്ചു. അഴുകിചീഞ്ഞ ഇലകള്‍, പച്ചക്കറികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയായിരുന്നു ആദ്യത്തെ ഭരണിയില്‍ നിന്നും പുറത്തെടുത്തവയില്‍ അധികവും. രണ്ടാമത്തേതില്‍ കണ്ടെത്തുവാന്‍ കഴിഞ്ഞത് കുറേ പാഴ്കടലാസുകള്‍, പഴതും പുതിയതുമായ തുണികഷ്ണങ്ങള്‍, തുരുമ്പിച്ച ലോഹാവശിഷ്ടങ്ങള്‍, ചില്ലുകുപ്പികള്‍, മരകഷ്ണങ്ങള്‍ എന്നിവയായിരുന്നു. മൂന്നാമത്തേതില്‍ പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പൊട്ടിപൊളിഞ്ഞതും ഉപേക്ഷിക്കപ്പെട്ടതുമായ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയും.

ഭരണിയിലെഴുതിവെച്ച വാക്കുകള്‍ അര്‍ത്ഥവത്തായിരുന്നു. കരുണാകരന്‍ മാഷിന്റ വാക്കുകളില്‍ അത് നിറഞ്ഞുനിന്നു.

"ജനനമെന്നാല്‍ എവിടെനിന്നോ വരുന്നു എന്നര്‍ത്ഥമില്ല. മരണമെന്നതിനര്‍ത്ഥം ഇവിടം വിട്ടുപോകുക എന്നതുമല്ല. പഞ്ചഭൂതങ്ങളില്‍നിന്ന് ഉദ്ഭവിച്ച് അവയിലേക്കു തന്നെ തിരിച്ചുപോകുന്ന ഒരു പ്രതിഭാസമാണ് ജീവിതമെന്ന യാഥാര്‍ത്ഥ്യം എന്ന് ഒരു ഭ്രാന്തന്‍ വളരെ ലളിതമായി കാണിച്ചുതരുന്നു. മരണമില്ലാത്തവര്‍ പ്രേതങ്ങളെങ്കില്‍, നാളെ നമ്മളെ ഭയപ്പെടുത്തുവാന്‍ പോകുന്ന പ്രേതങ്ങള്‍, ഒരിയ്ക്കലും മരിക്കാത്ത ഈ പ്ലാസ്റ്റിക് മാലിന്യങ്ങളായിരിക്കും. "

ഒരു നിമിഷത്തേയ്‌ക്കെങ്കിലും ഭ്രാന്തന്റെ രൂപം അവര്‍ ആദരവോടെ ഓര്‍ത്തു. സുദേവന്റെ ചിന്തകള്‍ക്ക് ശബ്ദമുണ്ടായിരുന്നു.

"നുണകൾകൊണ്ട് ചങ്ങലയ്ക്കിട്ടില്ലെങ്കിൽ ഭ്രാന്ത് പിടിക്കുന്ന ഒന്നാണ് സത്യം."

ദി ചെയ്ഞ്ച്

ട്രെയിൻ പ്രതീക്ഷിച്ചതിലും ലേറ്റാണ്. പ്ലാറ്റ്‌ഫോം ബെഞ്ചിൽ ഞങ്ങൾ നാല് പേരുണ്ടായിരുന്നു. എനിക്ക് തൊട്ടടുത്തിരുന്ന ജീൻസും ടീഷർട്ടുമണിഞ്ഞ പരിഷ്‌കാരിയ യുവാവ് കണ്ണടച്ചിരുന്ന് ഇയർഫോണിലൂടെ സംഗീതമാസ്വദിക്കുന്നു. അപ്പുറത്തിരുന്ന സന്യാസിവര്യൻ കാലുകൾ മുന്നോട്ട് നീട്ടിവെച്ച് തല പിറകിലേയ്ക്ക് ചായ്ച്ച് ചെറിയ ഒരു മയക്കത്തിലാണെന്നു തോന്നുന്നു. വേഷം കണ്ടിട്ട് ഒരു ബുദ്ധമത സന്യാസിയാണ്. അങ്ങേയറ്റത്തിരിക്കുന്ന ഖദർധാരിയായ വ്യക്തി അൽപ്പം മുമ്പു വരെ മൊബൈലിലേയ്ക്ക് കണ്ണുംനട്ട് കുനിഞ്ഞിരിക്കുകയായിരുന്നു. കുറച്ചുനേരം കഴുത്തിന് വിശ്രമമേകുവാനാകണം അയാളും തല പിറകിലേയ്ക്ക് ചായ്ച്ച് കണ്ണടച്ചിരിക്കുകയാണ്. ഇപ്പോഴും ഊരും പേരും ഒന്നും അറിയില്ലെങ്കിലും ഒരേ ആവശ്യത്തിനായുള്ള കാത്തിരിപ്പ് ഇതിനോടകം ഞങ്ങളെ അപരിചിതർ അല്ലാതാക്കിയിരുന്നു.

അപ്പോഴാണ് അവൾ മുന്നിൽ വന്നു നിന്നത്. ആവശ്യത്തിന് ബട്ടണുകൾ പോലുമില്ലാത്ത പിഞ്ഞിത്തുടങ്ങിയ ഒരു ഷർട്ട്. അഴുക്കുപിടിച്ച ഒരു കുട്ടി പാവാട. ചെരുപ്പുകളില്ലാത്ത പാദങ്ങൾ. എണ്ണമയമില്ലാത്ത നീണ്ടുചുരണ്ട മുടിയിഴകളിൽ ഉടക്കി നിറം നഷ്ടപ്പെട്ട ഒരു റിബൺ തൂങ്ങികിടക്കുന്നു. മുഖത്തിന്റെ ഇരുണ്ട നിറം അവളുടെ കണ്ണുകൾക്ക് തിളക്കം കൂട്ടുന്നതു പോലെ. നീതുമോളെ ഓർമ്മ വന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന നീതുമോളുടെ അതേ പ്രായം തന്നെയായിരിക്കണം ഇവൾക്കും. ഷർട്ട് പൊക്കിപ്പിടിച്ച് ഒട്ടിയ വയർകാണിച്ച് കൈനീട്ടിയപ്പോൾ ശരിക്കും പാവം തോന്നി. വായിച്ചുകൊണ്ടിരുന്ന മാഗസിൻ മടക്കിവെച്ച് പഴ്‌സെടുക്കുവാൻ ശ്രമിക്കുമ്പോൾ ആ കുഞ്ഞികണ്ണുകൾ വിടർന്നു. പഴ്‌സ് മുഴുവൻ അരിച്ചുപെറുക്കിയിട്ടും ഒരു നാണയത്തുട്ട് പോലും ഇല്ല. ആകെയുള്ള രണ്ടായിരത്തിലേക്ക് നീരാശയോടെ നോക്കി പഴ്‌സ് തിരികെ കീശയിലേയ്ക്കു തിരുകുമ്പോൾ അവൾ പ്രാകുമെന്നാണ് കരുതിയത്. അത്ഭുതപ്പെടുത്തികൊണ്ട് അവൾ ചിരിച്ചു. പിന്നെ വെട്ടിത്തിരിഞ്ഞ് ഓടിപ്പോയി. പാവം.

വിശപ്പിന്റെ തീവ്രത ചെറുപ്പത്തിൽ കുറേ അനുഭവിച്ചിട്ടുണ്ട്. മുടങ്ങാതെ അമ്പലത്തിൽ പോയിരുന്നത് അച്ഛൻ ഹിന്ദുവായിരുന്നതുകൊണ്ടോ ഭക്തികൊണ്ടോ ആയിരുന്നില്ല, ബാക്കിവരുന്ന നിവേദ്യപായസത്തിൽനിന്നും ഒരു ഭാഗം കിട്ടാനായിരുന്നു. ഞായറാഴ്ചകളിൽ മേരിലാൻഡ് ചെറിയ പള്ളിയിലെ സിസ്റ്റർമാരെ കാണാൻ പോയിരുന്നത് അമ്മ ക്രിസ്ത്യാനിയായതു കൊണ്ടോ വിശ്വാസംകൊണ്ടോ ആയിരുന്നില്ല, വെള്ളേപ്പവും ബീഫ്കറിയും തിന്നാനായിരുന്നു. പാവം കുട്ടി. വയറിനുമുകളിലായി നെഞ്ചിൻകൂടിന്റെ എല്ലുകൾ തെളിഞ്ഞുകാണാമായിരുന്നു. ഇനിയും അവൾ വരുകയാണെങ്കിൽ ഒരു വട വാങ്ങി കഴിക്കുന്നതിനുള്ള പൈസയെങ്കിലും കൊടുക്കണം. പക്ഷെ...

ഉറക്കത്തിലായിരിക്കില്ല എന്ന തോന്നിയതുകൊണ്ട്  ആദ്യം ചേയ്ഞ്ച് ഉണ്ടോയെന്ന് ചോദിച്ചത് ബെഞ്ചിന്റെ അങ്ങേയറ്റത്തിരിക്കുന്ന ഖദർധാരിയോടാണ്. പ്ലാറ്റ്‌ഫോമിലെ യാത്രക്കാരുടെ ശബ്ദകോലാഹലത്തിൽ അയാൾ അത് കേട്ടില്ലെന്നു തോന്നുന്നു. ഇയർഫോണിൽ സംഗീതമാസ്വദിക്കുന്ന പരിഷ്‌കാരിയായ യുവാവിനോടും ചോദിച്ചു. അയാളും കേൾക്കുന്നില്ല. ഉറങ്ങിപോയിട്ടുണ്ടാകാം. ഒരുപക്ഷെ മനപ്പൂർവ്വമുള്ള ഒരു എസ്‌കേപിസമായിരിക്കാം. അൽപ്പം മുമ്പ് നടന്ന സംവാദത്തിന്റെ ആഴം വെച്ചുനോക്കുമ്പോൾ അവരും നോട്ട് പ്രതിസന്ധിയുടെ ഇരകളായിരിക്കുവാനാണ് സാധ്യത. ഒരിയ്ക്കൽ കൂടി ചോദിക്കുവാൻ തുനിഞ്ഞതാണ്. പിന്നെ വേണ്ടെന്നു വെച്ചു. ഒരു ശല്യപ്പെടുത്തലിന്റെ നീരസഭാവം ഒഴിവാക്കുന്നതാണ് നല്ലതെന്ന് തോന്നി. ആ പെൺകുട്ടിയെ അടുത്തെങ്ങും കാണുന്നുമില്ല. എന്റെ ശബ്ദം കേട്ടിട്ടായിരിക്കണം ഖദർധാരിയുടെ അടുത്തിരിക്കുന്ന സ്വാമിജി കണ്ണുകൾ തുറന്ന് നിവർന്നിരുന്നു. അദ്ദേഹം ചോദിച്ചു.

"ചെയ്ഞ്ച് ?"

അദ്ദേഹത്തിന്റെ ശബ്ദഗാംഭീര്യം മറ്റുള്ളവരെക്കൂടി ഉണർത്തിയെന്നു തോന്നുന്നു. ഞാൻ പ്രതീക്ഷയോടെ തലയാട്ടി.

"സൺ... റിയൽ ചേയ്ഞ്ച് ഹേസ് റ്റും കം ഫ്രം വിതിൻ.."

(പുത്രാ.. ശരിയായ മാറ്റം... അത് ഉള്ളിൽനിന്നാണ് വരേണ്ടത്.)

സ്വാമിജിയുടെ ഉപദേശം കേട്ട് ചെറുതായൊന്ന് ഞെട്ടി. ' ചേയ്ഞ്ച് ' എന്ന വാക്കിനെ സ്വാമിജി തെറ്റിദ്ധരിച്ചരിരിക്കുന്നു. തിരുത്താൻ ശ്രമിച്ച എന്നെ അദ്ദേഹം തടഞ്ഞു.

"മോർ ഓവർ... ചേയ്ഞ്ചസ് ആർ ഒൺലി മെറ്റീരിയലിസ്റ്റിക്... ഇന്റലക്ച്വലി എവരിതിംഗ് റിമെയിൻ ദി സെയിം... എവിരിതിംഗ് ഡിപെൻഡ്‌സ് ഓൺ ഔർ പെഴ്‌സപ്ഷൻസ് ഏന്റ് ഇറ്റ് വേരീസ് ഫ്രം പേഴ്‌സൺ റ്റു പേഴ്‌സൺ. "

(അതിനേക്കാളുപരി... മാറ്റങ്ങൾ വെറും ഭൗതികം മാത്രമാണ്.... ആന്തരികമായി എല്ലാം അതേ അവസ്ഥയിൽതന്നെ നിലനിൽക്കുന്നു.... എല്ലാം നമ്മുടെ വീക്ഷണകോണുകളെ ആശ്രയിച്ചാണ് അനുഭവപ്പെടുന്നത്. അത് ഒരോ വ്യക്തികൾക്കനുസരിച്ചും മാറികൊണ്ടേയിരിക്കുകയും ചെയ്യുന്നു.)

നിസ്സഹായനായി സ്വാമിജിയുടെ തത്വചിന്തകൾ തലയാട്ടി അംഗീകരിച്ചു. അദ്ദേഹം അവിടെയിരുന്ന് അനുഗ്രഹിക്കുന്നതായി കാണിച്ചു. ജ്ഞാനവും അനുഗ്രഹവും പകർന്നുനൽകിയതിന്റെ നിർവൃതിയിൽ സ്വാമിജി വീണ്ടും കണ്ണുകളടച്ച് തല പിറകോട്ട് ചായ്ച്ച് ധ്യാനത്തിലേയ്ക്ക് കാൽ നീട്ടി. സ്വാമിജിയുടെ പ്ലാറ്റ്‌ഫോം പ്രഭാഷണം കേട്ടുണർന്ന ഖദർധാരിയുടെ ചിരിയിൽ ഒളിഞ്ഞിരിക്കുന്ന പുച്ഛം.

"ഇറ്റ്‌സ് വെരി ഇൻട്രസ്റ്റിംഗ്... "

(അത് വളരെ രസകരമാണ്...)

സംസാരിക്കുന്നത് ഖദർധാരിയാണ്. എന്റെ ശ്രദ്ധ അയാളെ കൂടുതൽ പ്രചോദിതനാക്കിയിരിക്കണം.

"വെരി ഇൻട്രസ്റ്റിംഗ്... ദാറ്റ് എവരിവൺ വാണ്ട്‌സ് ചേയ്ഞ്ച്... ബട്ട് സ്റ്റിൽ... നോവൺ വില്ലിംഗ് റ്റു ഏക്‌സെപ്റ്റ് ദി ചേയ്ഞ്ചസ്."

(വളരെ രസകരം.... മാറ്റങ്ങൾ എല്ലാവർക്കും വേണം.... എന്നാൽ അതേ സമയം മാറ്റങ്ങളെ സ്വീകരിക്കുവാൻ ആരും തയ്യാറുമല്ല.)

ഒരിയ്ക്കൽ കൂടി ഞെട്ടി. സ്വാമിജി കണ്ണുകൾ തുറക്കാതെ പുഞ്ചിരിക്കുന്നുണ്ട്. ഖദർധാരി ഒന്നുകൂടി പറഞ്ഞു.

"നത്തിംഗ് വിൽ ചേയ്ഞ്ച് ഹിയർ, ഇഫ് പീപ്പിൾ ആർ നോട്ട് റെഡി റ്റു ചേയ്ഞ്ച് ദെയർ ആറ്റിറ്റിയൂഡ്‌സ്."

(ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരാതെ ഇവിടെ ഒന്നും മാറാൻ പോകുന്നില്ല.)

സ്വാമിജി വീണ്ടും ഇടപെട്ടു.

"സൺ... നേച്ചർ ഹാസ് ഇറ്റ്‌സ് ഓൺ വേയ്‌സ് റ്റു ചെയ്ഞ്ച് എവരിതിംഗ്. ആന്റ് ഇറ്റീസ് ഹാപ്പനിംഗ് എവരി മൊമന്റ്. ഇറ്റ്‌സ് ലൈക്ക് വാച്ചിംഗ് ദി ബ്യൂട്ടി ഓഫ് സൺസെറ്റ്. ഇറ്റ് മേ സീം വെരി സ്ലോ.. ബട്ട് വെൻ യു ടേൺ യുവർ ഹെഡ് എറൗണ്ട് റ്റു സംതിംഗ് എൽസ്, ഇറ്റ്‌സ് ഗോൺ."

(പുത്രാ... പ്രകൃതിനിയമങ്ങൾക്കനുസൃതമായായാണ് എല്ലാ മാറ്റങ്ങളും സംഭവിക്കുന്നത്. ഓരോ നിമിഷവും അത് സംഭവിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. സൂര്യാസ്തമയത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നത് പോലെയാണത്. വളരെ മെല്ലെയെന്ന് തോന്നാം. എന്നാൽ ഒന്നു തിരിഞ്ഞുനോക്കുമ്പോഴേക്കും അത് പോയ്കഴിഞ്ഞിരിക്കും.)

യാത്രിയോം.. കൃപയാ ധ്യാൻ ദീജിയെ... ഗാഡി നമ്പർ... ബെംഗളുരു എക്‌സ്പ്രസ്....

ട്രെയിൻ ഇനിയും വൈകും. മറ്റൊന്നും ചെയ്യാനില്ല. ചർച്ച പൊടിപൊടിക്കുന്നുണ്ട്. പരിഷ്‌കാരിയായ യുവാവ് ഉറക്കത്തിൽനിന്നെന്ന പോലെ കണ്ണുകൾ തുറന്നു. ഇയർഫോണുകൾ ഊരിമാറ്റി ചെവികളെ സ്വതന്ത്രമാക്കി. അയാൾ വാച്ചിലേയ്ക്കും റെയിൽവേ ട്രാക്കിലേക്കും പ്ലാറ്റ്‌ഫോമിന്റെ ഇരുവശത്തേയ്ക്കും മാറി മാറി നോക്കി. ഞാൻ അയാളെ ആശ്വസിപ്പിച്ചു

"വീ ഹാഫ് റ്റു വെയ്റ്റ് ഫോർ ഹാഫ് ഏൻ അവർ മോർ."

(അരമണിക്കൂർ കൂടി നമ്മൾ കാത്തിരിക്കേണ്ടതുണ്ട്. )

അയാൾ വാച്ചിലേക്ക് നോക്കി പറഞ്ഞു.

"ഓ ഷിറ്റ്...  "

അസംതൃപ്തിയോടെ അയാൾ വീണ്ടും വീണ്ടും തലയാട്ടികൊണ്ടേയിരുന്നു. പിന്നെ ആരെയോ പ്രാകുന്നതുപോലെ പറഞ്ഞു.

"വാട്ടെ ഹെൽ ഈസ് ദിസ്... ദി ഹോൾ വേൾഡ് ഈസ് മൂവിംഗ് ഫാസ്റ്റ്.... വീ ആർ സ്റ്റിൽ ഗോയിംഗ് ലേറ്റ്."

(എന്തൊരു  നരകമാണിത്. ലോകം മുഴുവൻ വേഗത്തിൽ മുന്നേറികൊണ്ടിരിക്കുന്നു. നമ്മളാണെങ്കിൽ എപ്പോഴും വൈകികൊണ്ടേയിരിക്കുന്നു.)

അയാളുടെ വാക്കുകൾ ഞാനും ഖദർധാരിയും സ്വാമിജിയും ഒരുപോലെ ആസ്വദിച്ചു. ഖദർധാരി ഊർജ്ജിതനായി. അയാൾ അടിവരയിട്ടു.

"ദിസ് ഈസ് വാട്ട് ഐ വാസ് ട്രയിംഗ് റ്റു സെ. ഈവൺ ആഫ്റ്റർ സോ മെനി ഇയേഴ്‌സ് ഓഫ് ഫ്രീഡം, വി ആർ സ്റ്റിൽ ലിവിംഗ് ലൈക് സ്ലേവ്‌സ്. നെവർ ക്വസ്റ്റ്യൻസ് എനിതിംഗ്.. നത്തിംഗ് വിൽ ചേഞ്ച് ഹിയർ, ഇഫ് പീപ്പിൾ ഡോണ്ട് റിയാക്റ്റ്. "

(ഇതുതന്നെയാണ് ഞാൻ പറയാൻ ശ്രമിച്ചത്.... സ്വാതന്ത്ര്യത്തിനും ശേഷം ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മൾ ഇപ്പോഴും അടിമകളെപോലെയാണ് ജീവിക്കുന്നത്. ഒന്നിനേയും ചോദ്യം ചെയ്യുന്നില്ല. ജനങ്ങൾ പ്രതികരിക്കാത്തിടത്തോളം ഇവിടെ ഒന്നും മാറാൻ പോകുന്നില്ല.)

കുറച്ച് സെക്കന്റുകൾക്കു ശേഷം അയാൾ നിഷ്ചയദാർഢ്യത്തോടെ പറഞ്ഞു

"ചേഞ്ച് ഈസ് ഇനീവിറ്റബിൾ... ഇറ്റ് ഹേസ് റ്റു കം....  ആന്റ് ഇറ്റ് വിൽ."

(മാറ്റം ഒഴിവാക്കാനാവില്ല.... അത് സംഭവിച്ചേ തീരൂ... അത് സംഭവിക്കുക തന്നെ  ചെയ്യും.)

"ഓൾ ഡ്രീംസ് ആർ ഗുഡ് ടിൽ ദി റിയാലിറ്റി.."

(എല്ലാ സ്വപ്നങ്ങളും നല്ലതാണ്... യാഥാർത്ഥ്യം വരെ.)

പരിഷ്‌കാരിയായ യുവാവിന്റെ വാക്കുകൾ ഖദർധാരിയെ ചൊടിപ്പിച്ചു.

"ദി ഗവൺമെന്റ് ഈസ് എ ടോട്ടൽ ഫെയ്‌ലിയർ."

(സർക്കാർ മൊത്തം പരാജയമാണ്.)

പരിഹാസത്തിൽ പൊതിഞ്ഞ പുഞ്ചിരിയോടെ പരിഷ്‌കാരിയായ യുവാവ് എഴുന്നേറ്റ് നിന്ന് നടു നിവർത്തി. അൽപ്പം ഊർന്നുപോയിരുന്ന ജീൻസ് അരയിലേക്കു വലിച്ചുകയറ്റി ചുറ്റും നോക്കികൊണ്ട് അയാൾ ആവർത്തിച്ചു.

"പാസ്റ്റ് ഓർ പ്രസന്റ്... ഓൾ ആർ സെയിം.... പാർട്ടീസ് ചെയ്ഞ്ച്... ബട്ട് പോളിസീസ് റിമെയിൻ സെയിം.... ലീവിറ്റ് ബ്രോ."

(മുമ്പത്തേതായാലും ഇപ്പോഴത്തേതായാലും... എല്ലാം ഒരുപോലെതന്നെ... പാർട്ടികൾ മാറുന്നു. എന്നാൽ നയങ്ങൾ ഒട്ടും മാറുന്നില്ല... അത് വിട്ടേക്കൂ സഹോദരാ.)

സംവാദം തുടരുകയും തളരുകയും ചെയ്തുകൊണ്ടിരുന്നു. വീണ്ടും ആ പെൺകുട്ടി മുന്നിൽ. അവൾ അൽപ്പം അകലെയായി മാറിനിൽക്കുന്ന ഒരു മദ്ധ്യവയസ്‌കന്റെ നേർക്കുവിരൽ ചൂണ്ടി. യൂണിഫോമിൽ അല്ലാത്ത ഒരു പോർട്ടറെ പോലുണ്ട്. അയാൾ നോട്ടുകൾ എണ്ണുകയാണ്. ചെയ്ഞ്ച് വേണമോയെന്ന ചോദ്യം അയാളുടെ മുഖത്തുണ്ട്. അവൾ എന്നെയും അയാളെയും മാറി മാറി നോക്കുന്നു. അവൾ വിളിച്ചുകൊണ്ടുവന്നതാണോ... ഞാൻ തെല്ല് സംശയത്തോടെ അയാളുടെ അടുത്തേയ്ക്ക് ചെന്നു.

"എന്നാ സാർ... ചെയ്ഞ്ച് വേനമാ....?"

ഞാൻ തലയാട്ടി. രണ്ടായിരത്തിന്റെ നോട്ട് കൊടുത്തു. പകരം തന്ന മുഷിഞ്ഞ നൂറിന്റേയും അമ്പതിന്റേയും ഇരുപതിന്റേയും പത്തിന്റേയും അഞ്ചിന്റേയും നോട്ടുകൾ എണ്ണിനോക്കി. രണ്ടായിരത്തിന് പകരം ആയിരത്തിതൊള്ളായിരം മാത്രം. ഇത് കുറവാണെന്ന് പറയുന്നതിനു മുമ്പേ മറുപടി വന്നു.

"അത് വന്ത് കമ്മീസൻ സാർ."

എനിക്ക് അവസരം തരാതെ അയാൾ തിരിഞ്ഞുനടന്നു. ദേഷ്യം വന്നുവെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിശ്ചലനായി. ആ പെൺകുട്ടി അയാൾക്ക് പിറകേ ഓടുന്നതു കാണാം. അയാൾ കീശയിൽനിന്നും ഒരു മിഠായി എടുത്ത്, വേണമെങ്കിൽ വാങ്ങിച്ചോ എന്ന രീതിയിൽ, അവൾക്ക് നേരെ നീട്ടി. അവൾ വാങ്ങുന്നില്ല. അവൾ എന്തൊക്കെയോ പറഞ്ഞ് വാശിപിടിക്കുന്നുണ്ട്. അയാൾ ഗൗനിക്കുന്നേയില്ല. നടക്കുന്നതിനിടയിൽ അയാൾ മിഠായി അവൾക്കുനേരെ എറിഞ്ഞുകൊടുത്തു. ദേഷ്യംതീർക്കാനെന്നവണ്ണം അവളത് കാലുകൊണ്ട് ട്രാക്കിലേയ്ക്ക് തട്ടിതെറിപ്പിച്ചു. അവൾ പിന്നെയും അയാളുടെ പിന്നാലെ ചെന്ന് അയാളുടെ മടക്കികുത്തിയ മുണ്ടിനുതാഴെയായി, മുട്ടോളമെത്തുന്ന ട്രൗസറിൽ പിടിച്ചുവലിച്ചു. കാലിൽ തൂങ്ങി. നടക്കുന്നതിനിടയിൽ ആരോഗ്യവാനായ ആ മദ്ധ്യവയസ്‌കൻ കാൽ കുടഞ്ഞു. തെറിച്ചുവീണ അവൾ നിലത്തുകിടന്ന് അയാളെ പ്രാകി കരഞ്ഞു.

അതുവഴിവന്ന വിൽപ്പനക്കാരനിൽ നിന്നും രണ്ട് പൊതിച്ചോറുകൾ വാങ്ങി. പ്ലാറ്റ് ഫോമിന്റെ മറുഭാഗത്ത് വീണിടത്തുനിന്നും എഴുന്നേറ്റ് നിന്ന് കണ്ണുകൾ തുടച്ച് അവൾ എന്നെ പ്രതീക്ഷയോടെ നോക്കുന്നുണ്ട്. ഞാൻ കൈയ്യുയർത്തി മാടി വിളിച്ചു. അവൾ ഓടി അടുത്തേയ്ക്ക് വന്നു. എന്റെ ഒരു കയ്യിൽ ഭക്ഷണപൊതികളും മറുകയ്യിൽ മാറികിട്ടിയ നോട്ടുകളുമുണ്ടായിരുന്നു. എന്റെ ഊഹം ശരിയായിരുന്നു. അവൾ ഭക്ഷണപൊതിയ്ക്കുനേരെയാണ് വിരൽ ചൂണ്ടിയത്. തട്ടിപ്പറിക്കുന്നതുപോലെ ഭക്ഷണപൊതി വാങ്ങി അവൾ ഓടിപ്പോയി.

തിരികെവന്ന് ബെഞ്ചിലിരിക്കുവാൻ തുടങ്ങുമ്പോൾ, ഞാനെന്റെ മുഖം കണ്ടു. പാറൂട്ടി വാരസ്യാർ ഇലയിൽ പൊതിഞ്ഞ് നിവേദ്യപായസം നീട്ടുമ്പോഴും ലൂസി സിസ്റ്റർ ബീഫ് കറിയൊഴിച്ച് വെള്ളേപ്പം തരുമ്പോഴും സന്തോഷം കൊണ്ട് വിടരുന്ന എന്റെ മുഖം. കൈയ്യിലിരിക്കുന്ന പൊതി കാണുമ്പോൾ, സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന നീതുമോളുടെ മുഖവും കണ്ടു. വിശപ്പിന്റെ മുഖങ്ങൾക്കെല്ലാം ഒരേ ഭാവം. അന്നും ഇന്നും അതിനുമാത്രം ഒരു മാറ്റവുമില്ല. മാറ്റത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നവർ വീണ്ടും മയക്കത്തിലേയ്ക്ക് വീണുപോയിരിക്കുന്നു.

അടുത്തുവരുന്നുണ്ടായിരുന്നു ബെംഗുളുരു എക്‌സ്പ്രസിന്റെ കാഹളവും ചടുലതാളവും. താളാത്മകമായി ചലിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കി. പ്ലാറ്റ്‌ഫോം കടന്നുപോകുകയാണ്. ഒരുമൂലക്കിരുന്ന് തുറന്നുവെച്ച പൊതിയിൽ നിന്ന് ചോറുവാരിത്തിന്നുന്ന അവളോടൊപ്പം  ഒരു ആൺകുഞ്ഞ് കൂടിയുണ്ട്. ഭാരതത്തിന്റെ മക്കൾ.

പാവക്കൂത്ത്

ഉത്തരേന്ത്യൻ ശൈലിയിൽ വേഷം ധരിച്ചുനിൽക്കുന്ന വധൂവരൻമാർ ഒരു രാജകുമാരനേയും രാജകുമാരിയേയും ഓർമ്മിപ്പിച്ചു. വലിയ വീട് ഒരു കൊട്ടാരം പോലെ അലങ്കരിച്ചിരിക്കുന്നു.എല്ലാം ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെയാണ് ഏൽപ്പിച്ചിട്ടുള്ളത്.

"ഇയാൾക്കെന്താ ഭ്രാന്തുണ്ടോ... സ്വന്തം മകന്റേയും വധുവിന്റേയും ഡമ്മികളെ വെച്ച് പാർട്ടി നടത്താൻ..."

ചോദ്യം ചേതനയെ ചൊടിപ്പിക്കുമെന്ന് ഉറപ്പായിരുന്നു. അതിനുവേണ്ടി തന്നെയാണ് ചോദിച്ചതും. അവളുടെ പുരികങ്ങൾ വില്ലുകുലച്ചു.

"വൈ നോട്ട്... അതിൽ എന്താണ് തെറ്റ്. വെഡ്ഢിംഗ് സ്‌റ്റേറ്റ്‌സിൽ വെച്ചുതന്നെ നടത്തണമെന്ന് പെൺകുട്ടിയുടെ പാരന്റ്‌സ് വാശിപിടിച്ചാൽ പിന്നെ എന്തുചെയ്യും?. വെഡ്ഢിംഗിൽ പങ്കെടുക്കുവാൻ  കഴിയാത്ത റിലേറ്റീവ്‌സിനും ഫ്രണ്ട്‌സിനുമായി വർമ്മ സാർ ഇവിടെയൊരു പാർട്ടി നടത്തുന്നു.  അത്രയല്ലേയുള്ളൂ.?

"ഓകെ.. യെറ്റ്... ദെ കുഡ് ഹാവ് അവോയ്ഡഡ് ദി ഡമ്മീസ്. അത് വേണ്ടായിരുന്നു."

"നിങ്ങളെപോലുള്ള കൺസർവേറ്റീവ്‌സിനോട് പറഞ്ഞിട്ടു കാര്യമില്ല. ഡെക്കറേഷനുകളിൽ ബ്രൈഡിന്റേയും ഗ്രൂമിന്റേയും ഫോട്ടോകളും പോസ്റ്ററുകളും കട്ടൗട്ടുകളും ആകാമെങ്കിൽ എന്തുകൊണ്ട് ഡമ്മികളും കൂടി ആയിക്കൂടാ.? അത്രയല്ലേയുള്ളൂ. പാരന്റ്‌സിന്റെ ഇഷ്ടങ്ങൾക്ക് വിലകാണാത്ത മക്കളോട് ഇതിലും നൈസായിട്ടുള്ള ഒരു റിവെഞ്ച്.. വേറെവിടെ കിട്ടും. ദേ വർമ്മ സാർ വരുന്നുണ്ട്. മിണ്ടാതിരിക്കൂ."

"വരൂ കിഷോർ... ഹലോ ചേതനാ.... വരൂ... വരൂ.. എഞ്ചോയ്. "

ശബ്ദം താഴ്ത്തി ചോദിച്ചു.

"സാർ... എങ്ങിനെ സാധിച്ചു ... ഈ ഡമ്മികളെ...?"

"ഹ..ഹ.. കിഷോർ ഭായ്... അവർ ഒറിജിനൽ മനുഷ്യർതന്നെയാണ്. വധൂവരൻമാരുടെ ഫേയ്‌സ് മാസ്‌കുകളാണെന്നു മാത്രം. ഒരേ ഹൈറ്റും വണ്ണവുമുള്ളവരെ കണ്ടെത്തുവാൻ ഏറെ ശ്രമപ്പെട്ടുവെന്നാണ് ഇവന്റ് മാനേജ്‌മെന്റ്‌കാർ പറയുന്നത്. സാമാന്യം നല്ലൊരു തുക എനിക്കു ചിലവാണ് ആ വകയിൽ. എന്നാലും നന്നായിട്ടില്ലേ.?"

"ഷുവർ സാർ.. വാട്ടെ റിസംബ്ലൻസ്. "

ചേതന ആവേശത്തോടെയാണ് പറഞ്ഞത്.  ഉത്സാഹത്തോടെ ഓടി നടന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന വർമ്മ സാറിനെയും സപ്നാ ദീദിയെയും ഞാന്‍
അത്ഭുതത്തോടെ നോക്കിനിന്നു. ചേതനയെപ്പോലുള്ള റിബലുകൾ വളരെ ആദരവോടെയും. വർമ്മ സാറിന്റെ പ്രതികാരം അവർ ശരിക്കും ആസ്വദിക്കുകയാണ്. അവൾ വളരെ ഉത്സാഹത്തിലുമാണ്. ഡമ്മികളാണെങ്കിലും കോസ്റ്റിയൂംസ്‌, ഓർണമെന്റ്‌സ്, ഹെയർസ്‌റ്റൈലിംഗ് അങ്ങനെ പലതിലുമാണ് കണ്ണുകൾ.

രോഹിത്തിന്റേയും എഡ്രീനയുടേയും ഡമ്മികൾ മനോഹരമായി പുഞ്ചിരിച്ചു. ഊഷ്മളതയോടെ കൈകൾ പിടിച്ചുകുലുക്കി. സമ്മാനങ്ങളും ആശീർവാദങ്ങളും ഏറ്റുവാങ്ങി. രോഹിതിന്റെ അമ്മാവൻ വർമ്മ സാറിനെ
അഭിനന്ദിച്ചു.

"വളരെ നന്നായി. എല്ലാം.. രോഹിത്തിന് വീഡിയോ അയച്ചുകൊടുക്കണം. വിവാഹം ഞങ്ങൾ എത്രമാത്രം ആസ്വദിച്ചുവെന്ന് അവരും അറിയട്ടെ. "

രുചികരമായ ഭക്ഷണവും ലഹരിപാനീയങ്ങളും വേദിയെ സജീവമാക്കി. പാട്ടും നൃത്തവും. ഡമ്മികളോടൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസു ചെയ്യാൻ അതിഥികൾ തിരക്കുകൂട്ടി. വധൂവരൻമാർ അതിഥികളോടൊപ്പം ചുവടുവെച്ചു. പാർട്ടിക്കുശേഷം തിരിച്ചുപോകുംനേരം ഡമ്മികൾ സപ്നാ ദീദിയുടെ കാൽതൊട്ടുവന്ദിച്ചു. ദീദിയുടെ കണ്ണുകൾ  നിറയുന്നുണ്ടായിരുന്നു. ഏറെ അതിശയിപ്പിച്ചത് വധുവിന്റെ കണ്ണുകളാണ്. അവളുടെ കണ്ണുകളും നിറഞ്ഞുതുളുമ്പിയിരുന്നു. ശരിക്കും ഒരു പ്രൊഫഷണൽ തന്നെ.

ദിവസങ്ങൾക്കു ശേഷം വര്‍മ്മ സാറിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പിൽ ഒരു വീഡിയോ കാണിച്ചുതന്നു. കാലിഫോർണിയയിൽ നടന്ന രോഹിത്തിന്റേയും എഡ്രീനയുടേയും ഒറിജിനൽ വിവാഹം. ഞങ്ങൾ അത് വീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ, വീട്ടുജോലിക്കാരൻ ചായ കൊണ്ടുവന്നു. അയാൾക്കുകൂടി കാണാൻ കഴിയുന്ന വിധത്തിൽ വർമ്മ സാർ സ്‌ക്രീൻ അഡ്ജസ്റ്റ് ചെയ്തു.

"നോക്കൂ നന്ദലാൽ. നമ്മുടെ രോഹിത്തിന്റെ വിവാഹം.. എങ്ങിനെയുണ്ട്.?"

പടിഞ്ഞാറിന്റെ അന്തസ്സാർന്ന ഔപചാരികതകൾക്കിടയിൽ, കോട്ടും സ്യൂട്ടുമിട്ട രോഹിത്തും, ചിത്രതുന്നലുകളോടുകൂടിയ, നീണ്ടു വെളുത്ത വെഡ്ഢിംഗ്‌ ഗൗണണിഞ്ഞ, സ്വർണ്ണത്തലമുടിയുള്ള എഡ്രീനയെന്ന  വധുവും. നരച്ചുതുടങ്ങിയ കൺപീലികൾക്കിടയിലൂടെ, സ്‌ക്രീനിലേയ്ക്ക ചുഴിഞ്ഞുനോക്കി നന്ദലാൽ കൗതുകത്തോടെ ചോദിച്ചു.

"സാർ... അവിടെയും... പാവകളെ വെച്ചാണോ വിവാഹം നടത്തിയത്... ?"

ലിറ്റില്‍ സേവിംഗ്‌സ്.



പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ ഏറെ കണ്ടുകഴിഞ്ഞിരിക്കുന്നു. ആദ്യത്തേത് കോളേജ് കാലത്തെ കൂട്ടുകാരോടൊപ്പമായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം. ഏറ്റവും കുടുതല്‍ സ്വപ്നങ്ങള്‍ നെയ്തിരുന്ന ഒരു കാലഘട്ടം തിരിച്ചുവിളിക്കുമ്പോള്‍ കേള്‍ക്കാതിരിക്കുവാന്‍ കഴിയുമായിരുന്നില്ല. എപ്പോള്‍ നോക്കുമ്പോഴും വരവേറ്റിരുന്ന ആ വലിയ കണ്ണുകള്‍  ഒരിയ്ക്കല്‍ കൂടി കാണുവാന്‍ അവസരം കിട്ടുമ്പോള്‍, നഷ്ടപ്പെടുത്തുവാന്‍ കഴിയുമായിരുന്നില്ല.  കൂടെ പഠിച്ചിരുന്നവരെല്ലാം എത്രത്തോളം മാറിയിട്ടുണ്ടാകും... ആരെല്ലാമായി തീര്‍ന്നിട്ടുണ്ടാകും... അങ്ങനെ ഒരുപാട് ചിന്തകളാണ് അന്ന് ആ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പ്രേരിപ്പിച്ചത്. ക്ഷണക്കത്ത് കിട്ടിയതുമുതല്‍ വല്ലാത്ത ആവേശവും ആകാംക്ഷയുമായിരുന്നു.

ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും തെറ്റിയവന് ആ കൂട്ടായ്മയും ഒരു പരാജയമായിരുന്നു. ആ ഒത്തുചേരല്‍ ഔപചാരികതകള്‍ നിറഞ്ഞ വെറുമൊരു ചടങ്ങു മാത്രമായിരുന്നു. തിരക്കിട്ടു സംഘടിപ്പിച്ച ഒരു ചടങ്ങ്. സമയം കൈയ്യില്‍പിടിച്ച് ഓടി വന്നവര്‍. ഒരു ഭാഗത്ത് ഉയരങ്ങളിലെത്തുവാന്‍ കഴിഞ്ഞവരുടെ പൊങ്ങച്ചങ്ങള്‍. മറുഭാഗത്ത് പരാജയം പുറത്തുകാണിക്കാതിരിക്കാന്‍ ശ്രമിക്കുന്നവര്‍. വലിയ കണ്ണുകളില്‍ പ്രണയം പോയിട്ട് പരിചയം പോലുമില്ലായിരുന്നു. ചിലരൊക്കെ ഓര്‍മ്മയുണ്ടെന്നു വരുത്തിതീര്‍ക്കുവാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. സരസമായ അവതരണത്തിലൂടെയും തമാശകളിലൂടെയും ഹിസ്റ്ററി ക്ലാസ്സുകളെ സജീവമാക്കിയിരുന്ന രാജന്‍ സാറിന്റേയും സായിപ്പിനെപോലെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന നന്ദഗോപന്‍ സാറിന്റേയും പ്രസംഗങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, വാക്കുകള്‍ കൃത്രിമത്വങ്ങള്‍ നിറഞ്ഞതായിരുന്നു. എന്നത്തെയും പോലെ സണ്ണി തന്നെയായിരുന്നു ഗായകന്‍. പറയാനുള്ളത് ഒരേ വാക്കുകള്‍... പ്രടിപ്പിക്കാനുള്ളത് ഒരേ വികാരങ്ങള്‍. ഗതകാലതരളസ്മരണകള്‍. അവതരിപ്പിക്കാനുള്ള ശേഷിയുടെ ഏറ്റക്കുറച്ചിലുകള്‍ മാത്രം. ആത്മാവിനോട് സംസാരിച്ചത് മറ്റു ചിലരാണ്.

വരാന്തകളും ക്ലാസ്സ് റൂമും ലൈബ്രറിയും ആല്‍ത്തറയും മരച്ചുവടുകളും സ്റ്റേജും ബസ് സ്‌റ്റോപ്പും അങ്ങനെ ചിലരെല്ലാം. മടങ്ങുമ്പോള്‍ മനസ്സുനിറയെ ഒരേയൊരു ചോദ്യമായിരുന്നു. എന്തിനാണ് ഇത്ര ആവേശം കൊണ്ടത്. ചിലപ്പോഴെല്ലാം ഓര്‍മ്മകള്‍ തന്നെയാണ് നല്ലത്. യാഥാര്‍ത്ഥ്യവുമായി കൂട്ടിയിണക്കുമ്പോള്‍ അവയുടെ സ്വാഭാവികതയും നൈര്‍മല്യവും നഷ്ടപ്പെടുമായിരിക്കാം. പക്ഷെ ആ യാത്ര സ്വപ്നങ്ങള്‍ നെയ്തുനടന്നിരുന്ന ഒരു കാലഘട്ടത്തെ ഉണര്‍ത്തിയെന്നത് സത്യം. ആരോടും പങ്കുവെക്കുവാനാവാത്ത മധുരമുള്ള ഒരു നോവുപോലെ.      അതുകൊണ്ടുതന്നെ എല്‍പി സ്‌കൂളിലെ അമ്പതാം വാര്‍ഷികത്തിന്റെ വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോള്‍, എന്നത്തേയും പോലെ, ഭൂതകാലത്തെ സ്‌നേഹിക്കുന്ന ആരോ ഉള്ളിലിരുന്ന് നിര്‍ബന്ധിക്കുകയായിരുന്നു.

ടൗണ്‍ വരെ ഒരു സുഹൃത്തിന്റെ ബൈക്കില്‍. ബസ്സിലിരിക്കുമ്പോള്‍ കണ്ടതിലേറെയും വഴിയോരകാഴ്ചകളായിരുന്നില്ല. കുറുമ്പിലാവിലെ പഴയ എല്‍ പി സ്‌കൂളിലെ ക്ലാസ്സ് റൂമുകളും വരാന്തയും മൈതാനവും പരിസരങ്ങളുമായിരുന്നു. പക്ഷെ യാത്രയുടെ എല്ലാ രസവും ഇല്ലാതാക്കിയത് പഴ്‌സ് തപ്പിയപ്പോഴാണ്. ഉള്ളുകള്ളികളൊന്നില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ചില്ലറകള്‍പോലും അവള്‍ എടുത്തിരിക്കുന്നു. എടുക്കുമ്പോള്‍ ഒരു വാക്കു പറയാമായിരുന്നില്ലേ എന്നവളോട് ചോദിക്കാനുള്ള ശബ്ദമില്ലെന്നതാണ് സത്യം. തലേദിവസം മോന് ബിസ്‌കിറ്റ് വാങ്ങാന്‍ മറന്നതിന്റെ പ്രതികാരം. അത് ഒരു നിമിത്തം മാത്രമായിരുന്നു. ചെറിയ ചെറിയ അസംതൃപ്തികള്‍ പുകയുന്ന ഒരു അഗ്നിപര്‍വ്വതമാണവള്‍. സ്പ്നം കണ്ട ജീവിത്തില്‍ എത്താന്‍ കഴിയാതെ പോയതിന്റെ അസഹിഷ്ണുതകള്‍.  ഇത്തരം സന്ദര്‍ഭങ്ങളിലൂടെയാണ്, ഒരു പ്രഷര്‍കുക്കറിനെപ്പോലെ, അവളുടെ സമ്മര്‍ദ്ദങ്ങള്‍ ക്രമീകരിക്കപ്പെടുന്നത്. കാലിയായ അലമാരകളുടെ താക്കോലുകള്‍ പോലെ എ.ടി.എം കാര്‍ഡുകള്‍. നിസ്സഹായതയോടെ കണ്ണുകളുയര്‍ത്തുമ്പോള്‍ ബസ്സിലെ ചെറുപ്പക്കാരന്‍ അടുത്തേയ്ക്ക വരുകയായിരുന്നു. എന്താണ് പറയേണ്ടതെന്ന് കുഴങ്ങുന്നതിനിടയില്‍ അവന്‍ തന്നെ ചോദിച്ചു.

"എന്താ സാര്‍ ഒരു മൂഡ് ഓഫ് പോലെ..?"

സാര്‍ എന്ന വിളി. പാന്റും ഷര്‍ട്ടും ഷൂസുമെല്ലാം കണ്ട് തെറ്റിദ്ധരിച്ചിരിക്കുന്നു. കുട നന്നാക്കാനുണ്ടോ, അമ്മി കൊത്താനുണ്ടോ, എന്നു വിളിച്ചുപറഞ്ഞ്ു നടക്കുന്ന നാടോടികളെപ്പോലെ, ഭാരമേറിയ ഡിക്ഷണറികളും എന്‍സൈക്ലോപീഡിയകളും പേറി ഹൗസിഗ് കോളനികള്‍ തോറും അലയഞ്ഞുതിരിയുന്ന ഒരു മോഡിഫൈഡ് നാടോടിയാണ് ഞാനെന്ന് മനസ്സിലാക്കാന്‍ മാത്രം ചിന്താശേഷിയുള്ളവനല്ല ഇവന്‍. ഒരു പക്ഷെ അവനെന്നെ ഉയര്‍ത്തി വെക്കുകയായിരിക്കും. എങ്കിലല്ലേ വീഴ്ചയുടെ ആഘാതം കൂടുകയുള്ളൂ. ചമ്മല്‍ മറയ്ക്കാന്‍ പറഞ്ഞു.

"ഏയ്... ഒന്നുമില്ല."

"ഏയ്... അത് വെറുതെ.. എന്തോ ഉണ്ട്."

എന്റെ മൗനത്തില്‍ നിന്ന് അവന്‍ പലതും മനസ്സിലാക്കിയിട്ടുണ്ടായിരിക്കണം.

"എന്റെ ഊഹം ശരിയാണെങ്കില്‍ സാറിന് ഇപ്പോള്‍ എന്നോട് മാത്രമേ ആ സങ്കടം പങ്കുവെക്കാന്‍ കഴിയൂ..."

"എങ്ങിനെ മനസ്സിലായി.."

എന്റെ കണ്ണുകളായിരിക്കും ചോദിച്ചത്.

"അനുഭവമല്ലേ സാറെ, ഏറ്റവും ബെസ്റ്റ് മാഷ്... സത്യം പറയ്.. എന്താ പറ്റ്യേ.. മറന്നതാണോ.."

സത്യമതല്ലെങ്കിലും തലയാട്ടി.

"എവിടേയ്ക്കാ...?"

"കുറുമ്പിലാവ് "

ബാഗിലും പഴ്‌സിലും തപ്പിതിരയുന്നതിനിടയില്‍ താഴെ വീണ എടിഎം കാര്‍ഡുകളും വിസിറ്റിംഗ് കാര്‍ഡുമെല്ലാം പെറുക്കിയെടുത്ത് തിരിച്ചുതരുമ്പോള്‍ അവന്‍ ചോദിച്ചു.

"അപ്പോ സാറ് ഒരു സമ്പന്നന്‍ തന്നെയാണല്ലേ..?"

ഞാന്‍ ചിരിച്ചു. മനസ്സുകൊണ്ടു പറഞ്ഞു. വേണമെങ്കില്‍ ദാരിദ്ര്യത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് എന്നും പറയാം.

"ഇത് പൊളിച്ചൂട്ടോ സാറെ..."

എന്റെ വിലകുറഞ്ഞ ചൈനീസ് മോഡല്‍ മൊബൈല്‍ ഫോണ്‍ കണ്ടിട്ടാണ്.

"അപ്പോ എവിടേയ്ക്കാണ് യാത്ര...?"

"പഠിച്ചിട്ടുള്ള സ്‌കൂളിന്റെ അമ്പതാം വാര്‍ഷികമാണ്."

"കീശേല് ബസ്സു കൂലിയുണ്ടോന്ന് മാത്രം നോക്കീല്ല അല്ലേ. ?"

ഞങ്ങള്‍ ഒരുമിച്ച് ചിരിച്ചു.

മനസ്സില്‍ നന്മയുള്ളവനാണ്. വേണമെങ്കില്‍ ടിക്കറ്റിന്റെ കാശ് ചോദിച്ച് നാണം കെടുത്താമായിരുന്നു. ബസ്സില്‍നിന്നും ഇറക്കിവിടാമായിരുന്നു. തിരക്കു കൂടിയപ്പോള്‍ അവന്‍ എഴുന്നേറ്റുപോയി. അല്ലെങ്കിലും അവന് ബോറടിച്ചു കാണും. അവള്‍ ഇടക്കിടെ പറയാറുള്ളതുപോലെ. ചോദിച്ചതിന് മാത്രം മറുപടി പറയുന്ന ഒരാളോട് ആരാണ് കൂടുതല്‍ സംസാരിക്കുവാന്‍ ഇഷ്ടപ്പെടുക.

ഈ വഴി വന്നിട്ട് കുറേ വര്‍ഷങ്ങളായിരിക്കുന്നു. മൂന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെ പഠിച്ച സ്‌കൂള്‍ മാത്രമല്ല, നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് വിറ്റുപോകുന്നതുവരെ, മാമന്റെ വീടും കുറുമ്പിലാവിലുണ്ടായിരുന്നു. ഇറങ്ങാനുള്ള സ്റ്റോപ്പ് എത്താറായപ്പോള്‍ അവന്‍ തിരിച്ചുവന്ന് അടുത്തിരുന്ന് ശബ്ദം താഴ്ത്തി ഒന്നു കൂടി പറഞ്ഞു.

"എട്ടരയ്ക്കാണ് ടൗണിലേക്കുള്ള ലാസ്റ്റ് ട്രിപ്പ്. അപ്പോ ഇവിടെ വന്നു നിന്നാ, സാറിനെ ഞാന്‍ തിരിച്ച് ടൗണിലെത്തിക്കാം. ഫ്രീയായിട്ട്. വെറുതെ വേണ്ടെങ്കില്‍ വേണ്ട.. കടായിട്ട് കൂട്ടിക്കോ.... വേണമെങ്കില്‍ ഓര്‍മ്മയ്ക്കായിട്ട് ഒരു സെല്‍ഫിയുമെടുത്തു വെക്കാം. എന്തേ..."

അവന്റെ ഫോട്ടോ പിടുത്തം യാത്രക്കാരില്‍ ചിലരില്‍ ചിരി പരത്തുന്നുണ്ടായിരുന്നു. നെറ്റിയിലേയ്ക്ക പാറിവീണ മുടിയിഴകള്‍ മുകളിലോട്ട് ഊതിപറപ്പിച്ച് കണ്ണിറുക്കി കാണിച്ച് പുഞ്ചിരിക്കുന്ന അവന്റെ മുഖത്തിന് നല്ല ചന്തമുണ്ടായിരുന്നു.

പുതിയ തണല്‍ മരങ്ങള്‍ക്കിടയില്‍ പഴയ ആല്‍മരം ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. മാറ്റങ്ങളുടെ പുതിയ പൊതിഞ്ഞുകെട്ടലുകളില്‍നിന്ന് ഓര്‍മ്മകളിലെ ബിംബങ്ങളെ വേര്‍തിരിച്ചെടുക്കുവാന്‍ നന്നേ പ്രയാസപ്പെട്ടു. ചടങ്ങുകള്‍ തുടങ്ങാറാകുന്നതേയുള്ളൂ. പലരും അവിടെയും ഇവിടെയുമായി കൂട്ടം കൂടി നിന്ന് പഴയകാലം അയവിറക്കുകയാണ്.

സ്‌കൂളിന്റെ അമ്പതാം വാര്‍ഷികമായതിനാല്‍ സ്വന്തം ക്ലാസ്സിലെ കൂട്ടുകാരെ കണ്ടെത്താന്‍ സാധ്യത കുറവാണ്. കൂടെ പഠിച്ചതാണോ... പരിചയക്കാരാണോ.. എന്നെല്ലാമുള്ള സംശയത്തോടെ പലരും നോക്കുന്നുണ്ട്. തിരിച്ചറിഞ്ഞാലുടന്‍ വിടരുവാന്‍ കുറുകി നില്‍ക്കുന്ന കണ്ണുകള്‍. ചിരിക്കുവാന്‍ കാത്തുനില്‍ക്കുന്ന ചുണ്ടുകള്‍. പഴയ കൂട്ടുകാരില്‍ ആരാണ് ഞാനെന്ന് പലരുടേയും കണ്ണുകള്‍ ചോദിക്കുന്നുണ്ട്. ഒന്നു ചിരിച്ചാല്‍ മതി ചോദ്യങ്ങളുടെ മഹാപ്രവാഹമായിരിക്കും. പക്ഷെ മനസ്സ് വേണ്ടെന്നാണ് പറയുന്നത്.

ആദ്യം, പരിചയം പുതുക്കാനുള്ളത് മറ്റു ചിലരോടാണ്. ഓടിനടന്ന മൈതാനം, വരാന്തകളിലെ കൈവരികള്‍, തട്ടിക കൊണ്ടു മറച്ച ചെറിയ ക്ലാസ്സ് റൂമുകള്‍, മരബെഞ്ചുകള്‍, ചാരനിറമുളള ബോര്‍ഡുകള്‍, ചിന്നിയ മങ്ങിയ ചില്ലുകളുള്ള ജാലകങ്ങള്‍, പ്രാവുകള്‍ കുറുകുന്ന ഓടുമേഞ്ഞ മേല്‍ക്കൂരകള്‍, ഉച്ചക്കഞ്ഞിയ്ക്കായി വരി നില്‍ക്കാറുള്ള വെപ്പുപുര, തൊട്ടടുത്തു തന്നെയുള്ള പുളിമരം... അങ്ങനെ ചിലര്‍. അവര്‍ക്ക് മാത്രമേ എന്നെ ഓര്‍മ്മ കാണൂ.

"സത്യാ...."

ആരോ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷെ ആറടിയ ഉയരമുള്ള ചോദ്യത്തിന്റെ സ്രോതസ്സിനെ തിരിച്ചറിയുവാന്‍ കഴിയുന്നില്ല.

"സത്യനല്ലേ..."

"അതെ.."

"ലിജിനാണ്ടാ... ഇത് സുകേഷ്... ഒര്‍മ്മയില്ലേ... ഇത് സലിം. നീയിപ്പോ എന്താ പരിപാടി..?"

അടുത്ത പതിനഞ്ച് നിമിഷങ്ങളില്‍ ഇതള്‍ വിരിഞ്ഞത്  നാലുപേരുടെ കഴിഞ്ഞുപോയ ഇരുപത് വര്‍ഷങ്ങളായിരുന്നു. ലിജിന്‍ ഡോക്ടറാണ്. സുകേഷിന് മാര്‍ക്കറ്റില്‍ പച്ചക്കറി ബിസ്സിനസ്സ്, സലിം ബില്‍ഡറാണ്. അവരുടെ മുന്നില്‍ ഞാന്‍..  എവിടെയും എത്താന്‍ കഴിയാതെ, കാണുന്നവരെയൊക്കെ കെണിയിലാക്കാന്‍ ശ്രമിക്കുന്ന വെറുമൊരു ഡയറക്റ്റ് സെല്ലിംഗ് എക്‌സിക്യുട്ടീവ്... സംസാരിക്കാന്‍ അറിയാത്തവന് ചെയ്യാന്‍ പറ്റാത്ത ജോലി തന്നെ. പക്ഷെ പ്രീഡിഗ്രി മാത്രം യോഗ്യതയുള്ള ഒരുവന്‍ ജോലി തേടി തുടങ്ങിയപ്പോള്‍ മുതല്‍ കിട്ടാന്‍ എളുപ്പമുള്ള ഒരേയൊരു ജോലിയും അത് തന്നെയായിരുന്നു. നാലക്ഷരം പഠിപ്പിച്ചിട്ട് വൈറ്റ് കോളര്‍ ജോലി കിട്ടിയില്ലെങ്കില്‍ വീട്ടുകാരും നാട്ടുകാരും എന്ത് പറയും. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ക്കുവേണ്ടി തലച്ചോറും നാവും കാലുകളും വാടകയ്ക്ക് കൊടുത്തുതളര്‍ന്നപ്പോള്‍ പുതിയ അവസരങ്ങള്‍ തേടി. കമ്പനികളും ഉത്പന്നങ്ങളും മാറികൊണ്ടേയിരുന്നു. പക്ഷെ അന്നും ഇന്നും, ചെയ്യുന്ന ജോലി ഒന്നുതന്നെ. അപകര്‍ഷതാബോധം എവിടേയ്‌ക്കോ പിടിച്ചുവലിക്കാന്‍ തുടങ്ങിയപ്പോള്‍, ഇപ്പോള്‍ തിരിച്ചുവരാമെന്ന് പറഞ്ഞ് ഉള്‍വലിഞ്ഞു. പരിചയം പുതുക്കാനുള്ളത് മറ്റു ചിലരോടായിരുന്നുവല്ലോ. വര്‍ത്തമാനങ്ങളുടെയും പൊട്ടിച്ചിരികളുടേയും കൂട്ടപ്പൊരിച്ചിലിനിടയില്‍നിന്നും നടന്നകലുമ്പോള്‍ ആരോ ചോദിക്കുന്നത് കേട്ടു.

"ടാ.. നാലുവെരലനെ പറ്റി വല്ല വിവരോം ഉണ്ടോടാ.. "

ഓര്‍മ്മ വന്നെങ്കിലും, ഒന്നു നിന്നെങ്കിലും, ഒന്നും പറയാതെ മുന്നോട്ടുതന്നെ നടന്നു. സ്റ്റേജില്‍ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ചവിട്ടുപടികള്‍ കയറുമ്പോള്‍ കാലുകളില്‍ ചുറ്റിപിണയുന്ന അദൃശ്യമായ വേരുകള്‍. വരാന്തയിലൂടെ നടക്കുമ്പോള്‍ തൊണ്ടയില്‍ എന്തോ വന്നു നിറയുന്നു. ക്ലാസ്സ് റൂമുകളുടെ പാതിയടഞ്ഞ വലിയ വാതിലുകള്‍ക്കു പുറകില്‍ നാണിച്ചുനില്‍ക്കുന്ന ബാല്യം. ജനാലയുടെ ഇരുമ്പുകമ്പികളില്‍ ഓര്‍മ്മകളുടെ തണുപ്പ്. തലമുടിയിഴകള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുന്ന വേലിപടക്കങ്ങള്‍. പിന്നില്‍ പൊട്ടിച്ചിരിയുടെ പരിഹാസ പടക്കങ്ങള്‍. ഉള്ളംകയ്യില്‍ ലാങ്കിലാങ്കിയുടെ മണം. ഒരിയ്ക്കല്‍ കൂടി ഇരുന്നപ്പോള്‍ മൂന്നാം ക്ലാസ്സിലെ പഴയ ബെഞ്ച് വീണ്ടും കരഞ്ഞുവോ.

"സൂര്യന്‍ എവിടെ ഉദിക്കുന്നു."

ക്ലാസ്സ് ടീച്ചറായ റോസ്സി ടീച്ചറല്ല, വെല്ല്യടീച്ചറെന്നു വിളിക്കുന്ന ഹെഡ് മിസ്ട്രസ്സാണ്. ഇരട്ടപ്പേര് ഉണ്ടക്കണ്ണി. ആദ്യം കൈപൊക്കുന്നത് പതിവുപോലെ ലിജിന്‍ തന്നെ. റോസ്സി ടീച്ചറുടെ  (ഇരട്ടപ്പേര് വെള്ളക്കൂറ) ഒരേയൊരു മകന്‍. സ്വന്തം അമ്മ തന്നെ പഠിപ്പിക്കുക. ഭാഗ്യവാന്‍. ടീച്ചര്‍ ഏത് ചോദ്യം ചോദിച്ചാലും ആദ്യം അവന്‍ എഴുന്നേറ്റു നില്‍ക്കും. ഉത്തരം പറയും. ടീച്ചര്‍ വെരി ഗുഡ് പറയും. ഞങ്ങളോട് കണ്ടു പഠിക്കാനും. ലിജിന്‍ അഭിമാനത്തോടെ ഇരിക്കും. അതില്‍ എനിയ്ക്ക് അത്ഭുതമൊന്നും തോന്നാറില്ല. പതിവ് തെറ്റുമ്പോള്‍ മാത്രമല്ലേ അതിന്റെ ആവശ്യമുള്ളൂ. ഇത്തവണയും നെഞ്ചുവിരിച്ച് അറ്റന്‍ഷനില്‍നിന്നുകൊണ്ട് ലിജിന്‍ ഉത്തരം പറഞ്ഞു.

"കിയക്ക്."

വെല്ല്യ ടീച്ചറുടെ വകയും വെരി ഗുഡ്. ചൂരല്‍കാറ്റിന്റെ വേഗത്തില്‍ അടുത്ത ചോദ്യം.

"ആകെ... എത്ര ദിക്കുകളുണ്ടെന്നു പറയാമോ.  "

"കിയക്ക്.. പതിഞ്ഞാറ്.. തെക്ക്..."

"നെക്‌സ്റ്റ്..."

എല്ലാവരും അത്ഭുതപ്പെടുന്നു. റോസ്സി ടീച്ചറും. ലിജിന്റെ ഉത്തരവും തെറ്റിയിരിക്കുന്നു. നെക്‌സ്റ്റ്... അത് ഒരു ഭയപ്പെടുത്തുന്ന ഒരു മുഴക്കമാണ്. നീട്ടിപിടിച്ചിട്ടുള്ള വിണ്ടുകീറിയ ചൂരലിന്റെ അറ്റം ചിരിക്കും. ഇത്തവണ നീയാണോ എന്റെ ഇരയെന്ന് നിശ്ശബ്ദമായി ചോദിക്കും. തൊട്ടടുത്ത കുട്ടി എഴുന്നേറ്റുനില്‍ക്കുന്നു. ഉത്തരം പറയാന്‍ തുടങ്ങുന്നു.

"കെയക്ക്... പരിഞ്ഞാര്... "

"നെക്സ്റ്റ്"

വീണ്ടും ഭയപ്പെടുത്തുന്ന മുഴക്കം.

"പടിഞ്ഞാറ്... തെക്ക്... കിഴ...."

"നെക്സ്റ്റ്.."

"നെക്സ്റ്റ്.."

"നെക്സ്റ്റ്"

ഓരോ നെക്‌സ്റ്റിലും തടിച്ച ഫ്രെയിമുള്ള കണ്ണടചില്ലുകള്‍ക്കുള്ളില്‍നിന്ന് വല്ല്യ ടീച്ചറുടെ ഉണ്ടകണ്ണുകള്‍ പുറത്തേയ്ക്കു തള്ളി തള്ളി വരുന്നു. ഓരോരുത്തരായി എഴുന്നേറ്റുനില്‍ക്കുന്നു. ഒരേ ഉത്തരം. എല്ലാവരും പല രീതിയില്‍ മാറ്റി മാറ്റി പറയുന്നു. പറഞ്ഞുതീരുമ്പോഴേയ്ക്കും മുഴങ്ങുന്ന നെക്‌സ്റ്റ് വിളികളില്‍ തട്ടി പാതിയുത്തരങ്ങള്‍ ചിതറി. പകുതിയോളം പേര്‍ നില്‍ക്കുയാണ്. എഴുന്നുനില്‍ക്കുന്ന തെറ്റുത്തരങ്ങള്‍. മൂന്ന് നെക്സ്റ്റുകള്‍ കൂടി പറഞ്ഞിരുന്നുവെങ്കില്‍ ഞാനും ഒരു തെറ്റ്. തെറ്റുത്തരങ്ങളുടെ ആവര്‍ത്തനങ്ങള്‍ നിലയ്ക്കുകയാണ്. കുട്ടികളെല്ലാവരും പേടിച്ചുപോയിരിക്കുന്നു. വെല്ല്യ ടീച്ചറുടെ സഹതാപവും പരിഹാസവും നിറഞ്ഞ നോട്ടം.

"ആര്‍ക്കെങ്കിലും..... അറിയാമോ ഈ ചോദ്യത്തിന്റെ ഉത്തരം."

തൊട്ടപ്പുറത്ത് ഇരിക്കുന്ന കുട്ടി എഴുന്നേറ്റുനില്‍ക്കുന്നു. കൈയ്യുയര്‍ത്തുന്നു. നിവര്‍ത്തി പിടിച്ച നാലുവിരലുകളുമായി. എല്ലാ കണ്ണുകളും ആ കൈയ്യിന്റെ ഉടമയുടെ മുഖത്തേയ്ക്ക് പാറിയെത്തുമ്പോഴേയ്ക്കും വെല്ല്യ ടീച്ചറുടെ ശബ്ദം.

"വെരി ഗുഡ്... എന്താ കുട്ടിയുടെ പേര്..?"

"ശ്രീജിത്ത്."

"വെരി ഗുഡ്... സിറ്റ് ഡൗണ്‍."

റോസ്സി ടീച്ചര്‍ ഒരു ചിരിയടക്കി പിടിച്ചിട്ടുണ്ട്. ഭയപ്പെടുത്തുന്ന നിശ്ശബ്ദതകൊണ്ട് ക്ലാസ്സിനെ മുഴുവന്‍ അളന്നെടുക്കുകയായിരുന്നു വെല്ല്യടീച്ചര്‍.

"ആദ്യം വേണ്ടത് ചോദ്യം ശ്രദ്ധിക്കുവാനുള്ള കഴിവാണ്... ഓര്‍ത്തു നോക്കൂ.. എന്തായിരുന്നു എന്റെ ആദ്യത്തെ ചോദ്യം..."

വല്ല്യ ടീച്ചര്‍ ഒരു അത്ഭുതമായി നിറഞ്ഞുനില്‍ക്കുന്നു. ദിക്കുകള്‍ തന്നെയല്ലേ ചോദിച്ചത്. എല്ലാവരും ചോദ്യം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ചിലര്‍ പിറുപിറുത്തു. കണ്ണടചില്ലുകള്‍ക്കിടയിലൂടെ ഉണ്ടകണ്ണുകള്‍ വിടര്‍ത്തി മുഴങ്ങുന്ന ശബ്ദത്തില്‍ വെല്ല്യ ടീച്ചര്‍ വ്യക്തമാക്കി.

"ഞാന്‍ ചോദിച്ചത്. എത്ര ദിക്കുകളുണ്ട് എന്നാണ്. ആ ചോദ്യത്തിനുള്ള ഉത്തരം നാല് എന്നാണ്. അത് മാത്രം ആരും പറഞ്ഞില്ല. എല്ലാവരും പറയാന്‍ ശ്രമിച്ചത് ദിക്കുകള്‍ ഏതൊക്കെയാണെന്നാണ്... ആദ്യം വേണ്ടത് ചോദ്യം ശ്രദ്ധിക്കുവാനുള്ള കഴിവാണ്... കേട്ടോ.. ഇന്നുമുതല്‍ എല്ലാവരും ടീച്ചര്‍ പറയുന്നത് ശ്രദ്ധയോടെ കേട്ടു പഠിക്കണം. കേട്ടോ...

ഞാന്‍ അവനെ ശ്രദ്ധിച്ചു. കൈവിരലുകള്‍ കൊണ്ടുത്തരം പറഞ്ഞ കുട്ടിയെ. പുതിയ അഡ്മിഷനാണ്. ആദ്യ ദിവസം തന്നെ താരമായി മാറിയിരിക്കുന്നു. മുഖത്ത് ഗമയാണോ അതോ ആശ്ചര്യമാണോ. ഉത്തരം പറഞ്ഞ ഗമയിലാവണം. രണ്ടു കൈയ്യും കീശയിലിട്ട് നിവര്‍ന്നാണ് ഇരിക്കുന്നത്. വെല്ല്യ ടീച്ചര്‍ പോയതിനുശേഷം റോസ്സി ടീച്ചര്‍ ക്ലാസ്സ് ആരംഭിച്ചു. ആദ്യത്തെ ചോദ്യം അവനോടു തന്നെയായിരുന്നു.

"കുട്ടിയ്ക്ക് ശരിക്കും ഉത്തരം അറിയാമായിരുന്നോ...?"

മൗനമായിരുന്നു മറുപടി. നൂറുശതമാനം സത്യസന്ധവും.

"പിന്നെ എന്തിനാണ് എഴുന്നേറ്റുനിന്നത്.. കൈയ്യുയര്‍ത്തിയത്...?"

ടീച്ചറുടെ ചോദ്യവും അവന്റെ മൗനവും എല്ലാവരേയും അത്ഭുതപ്പെടുത്തി. അവന്‍ വിക്കി വിക്കി പറഞ്ഞു.

"അത്.. ഞാന്‍... ആരും വടക്ക്ന്ന് പറയണ കേട്ടില്ല്യ.. അപ്പോ ഞാന്‍ വിജാരിച്ചു. വടക്ക് തൊട്ട് പറയാന്ന്... പറഞ്ഞുതുടങ്ങുമ്പളേയ്ക്കും വെല്ല്യ ടീച്ചറ് വെരി ഗുഡ് പറഞ്ഞു.. പിന്നെ ഇരുന്നോളാന്‍ പറഞ്ഞു."

ഒന്നും മനസ്സിലായില്ല. ആര്‍ക്കും. സംശയം മാറാതെ കുട്ടികള്‍ പരസ്പരം നോക്കുന്നു. ആരുടേയും കണ്ണുകളിലേയ്ക്കു നോക്കാതെ അവന്‍ താഴേയ്ക്കു നോക്കിയിരിക്കുന്നു. മുഖത്തേയ്ക്കു നോക്കുമ്പോഴെല്ലാം അങ്ങോട്ടുമിങ്ങോട്ടും കണ്ണുകള്‍ വെട്ടിക്കുന്നു. റോസ്സി ടീച്ചര്‍ ചിരിക്കുന്നു.

"ശരി...കുട്ടി ഇരുന്നോളൂ... ഇന്ന് നമുക്ക്  പെരുക്കപട്ടിക പഠിയ്ക്കാം. എല്ലാവരും ബോര്‍ഡില്‍നിന്നും പകര്‍ത്തിയെഴുതണം.

ടീച്ചറുടെ തടിച്ച വിരലുകള്‍ക്കിടയില്‍ ഇറുകിയിരിക്കുന്ന ചോക്കില്‍നിന്നും, ബോര്‍ഡില്‍ ഭംഗിയുളള വെളുത്ത അക്കങ്ങള്‍ പരക്കാന്‍ തുടങ്ങിയപ്പോള്‍ സ്ലേറ്റും പെന്‍സിലും പുറത്തെടുത്തു. എഴുതി തുടങ്ങുമ്പോഴാണ് ശ്രദ്ധിച്ചത്. ഇടതുവശത്തിരിക്കുന്ന പുതിയ കുട്ടി. ശ്രീജിത്ത്. വെല്ല്യടീച്ചറുടെ വെരി ഗുഡ് വാങ്ങിയവന്‍, പെന്‍സില്‍ പിടിച്ചിരിക്കുന്നത് വളരെ വിചിത്രമായ രീതിയിലാണ്. ചൂണ്ടുവിരലിനും മോതിരവിരലിനും മുകളിലൂടെ നടുവിരല്‍കൊണ്ടു ചേര്‍ത്തു പിടിച്ചിരിക്കുന്ന പെന്‍സില്‍. ഉള്ളിലേയ്ക്ക് മടക്കി വെച്ചിരിക്കുന്ന തള്ളവിരല്‍.

"എല്ലാവരും പകര്‍ത്തി കഴിഞ്ഞില്ലേ."

അവന്റെ പെന്‍സില്‍പിടുത്തവും എഴുത്തും നോക്കിയിരുന്ന് പകര്‍ത്തിയെഴുതാന്‍ മറന്നുപോയി. വേഗം എഴുതിയെടുക്കുമ്പോഴും അവന്റെ പെന്‍സില്‍ പിടുത്തവും എഴുതിയ അക്കങ്ങളുടെ ചന്തവുമായിരുന്നു മനസ്സില്‍. ഇന്റര്‍വെല്‍ സമയത്ത്, പുതിയ കുട്ടിയുടെ കൈവിരലിന്റെ പ്രത്യേകത കണ്ടെത്താനുള്ള ശ്രമമായിരുന്നു. വരാന്തയുടെ ഓരത്തായി താഴെ മൈതാനത്തേയ്ക്കു നോക്കിനില്‍ക്കുന്ന ശ്രീജിത്ത്. നേരത്തെ കണ്ടതുപോല കൈകള്‍ കീശയ്കുള്ളില്‍ തന്നെ. അവന്റെ അടുത്തേയ്ക്ക ഓടി പോകുന്ന ലിജിന്‍.  പുറംതിരിഞ്ഞു നില്‍ക്കുന്ന ശ്രീജിത്തിന്റെ വലതുകൈ പിടിച്ചുവലിച്ചു കീശയില്‍നിന്നും പുറത്തെടുത്ത് പുറകിലോട്ടു വളച്ചു പിടിക്കുന്ന ലിജിന്‍. എന്താണ് സംഭവിച്ചതെന്നറിയാതെ, അനങ്ങാന്‍ പറ്റാതെ, തല പുറകിലേയ്ക്ക തിരിച്ചുപിടിച്ച് പകച്ചുനോക്കി നില്‍ക്കുന്ന അവന്റെ മുഖത്തെ ഭാവം സഹതാപമർഹിക്കുന്നതായിരുന്നു.

"ടാ.. നോക്ക്യേടാ... ഇവന്റെ കൈയ്യില് നാല് വെരലേ ഇള്ളൂ."

ശരിയാണ് അവന്റെ വലതുകൈയ്യിന്റെ തള്ളവിരലിന്റെ ഭാഗത്ത് ഉള്ളിലേയ്ക്കു മടങ്ങിയിരിക്കുന്ന ഒരു ചെറിയ മാംസ കഷ്ണം മാത്രം. ഒറ്റ നോട്ടത്തില്‍ തള്ളവിരല്‍ മടക്കിപിടിച്ചിരിക്കുകയാണെന്നേ തോന്നൂ. അമ്മ ടീച്ചറില്‍നിന്നും ലഭിച്ച അറിവിനെ പിന്‍തുടര്‍ന്ന ലിജിന്റെ കണ്ടെത്തല്‍. ഒരു സത്യം കണ്ടെത്തിയതിന്റെ, അതിനേക്കാളുപരി, അല്‍പ്പം മുമ്പ് എല്ലാവരേയും ഞെട്ടിച്ച ഒരു ശരിയുത്തരത്തിന്റെ പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയതിന്റെ എല്ലാ സന്തോഷവുമുണ്ടായിരുന്നു ലിജിന്റെ ശബ്ദത്തില്‍. കൈ വിടുവിച്ച് ലിജിനെ തള്ളിയിട്ട്, വലതുകൈ പോക്കറ്റിലിട്ട്, ഇടുകൈകൊണ്ട് കണ്ണുകള്‍ തുടച്ച് ക്ലാസ്സിനുള്ളിലേയ്ക്ക നടന്നുപോകുന്ന ശ്രീജിത്തിനെ എങ്ങിനെ മറക്കും. ഭൂതത്തില്‍നിന്നും വര്‍ത്തമാനത്തിലേയ്ക്ക് ഒരു അനൗണ്‍സ്‌മെന്റിന്റെ ദൂരം മാത്രം.

"...പരിപാടികള്‍ ആരംഭിക്കാറായി. എല്ലാവരും വേദിയിലേയ്ക്ക കടന്നിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...."

എല്ലാം മാഞ്ഞുപോകുകയാണ്. ശ്രീജിത്തും ലിജിനും കുട്ടികളും എല്ലാം. പരിപാടികള്‍ തുടങ്ങാറായിരിക്കുന്നു. പുറത്തിറങ്ങി ഗോവണി വഴി താഴെയത്തി ഹാളിലേയ്ക്ക് നടക്കുമ്പോള്‍ ശ്രീജിത്തായിരുന്നു മനസ്സു നിറയെ... "നാലുവെരലനെ പറ്റി എന്തങ്കിലും വിവരമുണ്ടോ" എന്ന ചോദ്യമാണ് ഓര്‍മ്മകളെ നയിച്ചത്. വേദിയിലേയ്ക്ക് നടക്കുമ്പോള്‍ ഏഴാം ക്ലാസ്സുവരെ ഒരുമിച്ചു പഠിച്ച ശ്രീജിത്തിനെ തേടുകയായിരുന്നു.

വേദിയിലിരിക്കുന്നവരില്‍ വെല്ല്യ ടീച്ചറും മറ്റു ചില ടീച്ചര്‍മാരെയും മാത്രം തിരിച്ചറിഞ്ഞു. റോസ്സി ടീച്ചര്‍ മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പേ ജീവിതത്തില്‍ നിന്നും വിരമിച്ചിരുന്നതായി പത്രത്തില്‍ കണ്ടിരുന്നു. വെല്ല്യ ടീച്ചര്‍ക്ക് ഒരുപാട് വയസ്സായിരിക്കുന്നു. പുതുതലമുറയിലെ അപരിചിതനായ ഒരു അദ്ധ്യാപകന്‍ വളരെ സരസമായി സംസാരിക്കുന്നുണ്ട്.

തിരിച്ചുവരുമ്പോള്‍ ലിജിനും സംഘവും തങ്ങളുടെ കൂടുതല്‍ കൂട്ടുകാരെ കണ്ടെത്തിയിരുന്നു. കൂടി നില്‍ക്കുന്നവരില്‍ പലരും പഠിച്ചിരുന്ന വര്‍ഷവും ക്ലാസ്സ് ടീച്ചറുടെ പേരും ചോദിച്ചു. എന്റെ ഓര്‍മ്മകളില്‍ നിന്ന് അവര്‍ അവരുടെ ഓര്‍മ്മകളെ കണ്ടെത്തുവാനുള്ള ശ്രമം. ചിലരെയൊക്കെ തിരിച്ചറിഞ്ഞുവെന്നു വരുത്തി. ചിപ്പോഴൊക്കെ ഓര്‍മ്മകളുടെ തരംഗങ്ങള്‍ കൂട്ടിമുട്ടി. അപ്പോഴെല്ലാം ആശ്ചര്യത്തിന്റെയും സന്തോഷത്തിന്റേയും വിദ്യുത്‌സ്ഫുരണങ്ങള്‍ ജ്വലിച്ചു. ചോദിച്ചുനോക്കാം.

"ശ്രീജിത്ത് ...?"

ആര്‍ക്കും മനസ്സിലായില്ല. ഓര്‍മ്മ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ കടന്നുവന്ന സുകേഷാണ് പറഞ്ഞത്

"നാലുവെരലനല്ലേ... അവന്‍ ഈ റൂട്ടിലെ ബസ്സില്ണ്ട്‌റാ... ഞാന്‍ ഡെയ്‌ലി കാണാറ്ണ്ട്.."

സുകേഷ് പറഞ്ഞതുവെച്ചു ചിന്തിച്ചാല്‍ ഇന്ന് പരിചയപ്പെട്ട ആ രക്ഷകന്‍ ശ്രീജിത്ത് തന്നെയാണ്. ഒരുപക്ഷെ എന്നേപ്പോലെ അവനും എന്നെ തിരിച്ചറിഞ്ഞു കാണില്ല. നെറ്റിയിലേയ്ക്ക പാറിവീണ മുടിയിഴകള്‍ മുകളിലോട്ട് ഊതിപറപ്പിച്ച് കണ്ണിറുക്കി കാണിച്ച് പുഞ്ചിരിക്കുന്ന ശ്രീജിത്തിന്റെ മുഖമായിരുന്നു മനസ്സില്‍. ബസ്സിനുള്ള സമയമാകുന്നതേയുള്ളൂ. എങ്കിലും നടക്കാം.

"ടൗണിലേയ്ക്കാണോ... ലിജിന്റെ കാറ്ണ്ട്ഡാ... ടൗണില്‍ ചെന്ന്  മ്മക്കൊന്ന് കൂടീട്ട് പിരിയാടാ.."

"വേണ്ട... പോയിട്ട് അത്യാവശ്യണ്ട്. പോട്ടെ."

മാനേജരുടെ വിളി ഭയന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പതിന്നാല് മിസ്സ്ഡ് കോളുകള്‍. ഫേസ് ബുക്ക് നോട്ടിഫിക്കേഷനുകളില്‍ മൂന്ന് ഫ്രണ്ടഷിപ്പ് റിക്വസ്റ്റുകളും. ഒരാള്‍ ഫെയ്ക്കാണെന്ന് ഉറപ്പാണ്.  പ്രൊഫൈല്‍ നെയിം പിച്ചക്കാരന്‍. പ്രൊഫൈല്‍ ഫോട്ടോയും ഒരു പിച്ചക്കാരന്റേതുതന്നെ. മറ്റുള്ളവരെയും പരിചയമില്ല. എങ്കിലും ഏക്‌സ്‌പെറ്റ് ചെയ്തു. എപ്പോള്‍ വേണമെങ്കിലും അണ്‍ഫ്രണ്ട് ചെയ്യാനുള്ള സൗകര്യവുമുണ്ടല്ലോ.

ബസ്സ് വന്നു നില്‍ക്കുമ്പോള്‍ ധൈര്യപൂര്‍വ്വമാണ് കയറിയത്. ശ്രീജിത്ത് നല്‍കിയ ധൈര്യം. അത്യാവശ്യം നല്ല തിരക്കുണ്ട്. പൊത്തിപിടിച്ച് കയറുമ്പോള്‍ കണ്ണുകള്‍ അവനെ പരതി. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ആധിയായി. ഇനി അവനു പകരം മറ്റാരെങ്കിലുമാണെങ്കില്‍ നാണം കെട്ടതുതന്നെ. ടൗണിലെത്തായപ്പോഴേയ്ക്കും തിരക്കു കുറഞ്ഞിരുന്നു. ഒന്ന് വ്യക്തമായി. ബസ്സില്‍ അവനില്ല. പകരം മറ്റൊരാളാണ്. എന്തു ചെയ്യുമെന്നറിയതെ വിയര്‍ക്കുമ്പോള്‍ അയാള്‍ അടുത്തു വന്നു. പ്രതിരോധത്തേക്കാള്‍ നല്ലത് ആക്രമണമാണ്.

"ശ്രീജിത്ത്...?"

"നാല് വെരലനല്ലേ.. പറഞ്ഞിരുന്നു.  തന്റെ ഫോട്ടോ മെസ്സേജ് ചെയ്തിരുന്നു..അതാ കാശ് ചോദിക്കാണ്ടിര്ന്നത്."

സ്റ്റോപ്പെത്തി. അയാളോട് നന്ദി പറഞ്ഞ് ബസ്സിറങ്ങി നടക്കുമ്പോള്‍ മൊബൈല്‍ ചിനച്ചു. ഫേയ്‌സ് ബുക്ക് നോട്ടിഫിക്കേഷന്‍. "പിച്ചക്കാരന്റെ" മെസ്സേജ്.

Townil ethiyille Sare..

കഴിയാവുന്നത്ര വേഗത്തില്‍ മറുപടി ടൈപ്പ് ചെയ്തു.

 Sreejith bhai... enikku manassilayillada ninne... nee enthada parayathirunnathu..?

ഒറ്റകണ്ണടച്ച ഒരു സ്‌മൈലിയായിരുന്നു മറുപടി. വീണ്ടും ടൈപ്പ്  ചെയ്തു.

ninakkenne engineya manassilayathu..

ഏറെ നേരം കഴിഞ്ഞിട്ടും മറുപടി കാണാതായപ്പോള്‍ നടന്നു. ടൗണില്‍ നിന്നും ആദ്യം അപരിചിതനായ ഒരു പയ്യന്റെ ബൈക്കിലും പിന്നെ കാല്‍നടയായും, വീട്ടിലെത്തിയപ്പോള്‍ പതിവുപോലെ അവള്‍ മുഖം വീര്‍പ്പിച്ചിരിക്കുന്നു. ഒന്നും കഴിക്കാതെയുള്ള കാത്തിരിപ്പാണ്. രണ്ടുപേര്‍ക്കുള്ള ചോറും കറിയും മേശപ്പുറത്ത് .മൂടിവെച്ചിട്ടുണ്ട്.  മോന്‍ ഉറങ്ങിയിരിക്കുന്നു. നെറ്റിയില്‍ തലോടിയപ്പോള്‍ ചൂടുളളതുപോല.

"ഇവന് പനിയ്ക്കുന്നുണ്ടോടി.."

"മോന്റെ കാര്യം മാത്രം നോക്ക്യാ മതീലോ. ഇന്ന് അച്ഛന്‍ വന്നിട്ട്ണ്ടായിരുന്നു. കഴ്ത്തില് കെടന്ന മാല എവിടേന്ന് ചോദിച്ചു.. "

ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് കരഞ്ഞു മൂക്കുപിഴിഞ്ഞ് നടക്കുന്നതിനിടയില്‍ അവള്‍ എപ്പോഴും ചോദിക്കാറുള്ള ആ ചോദ്യം തന്നെ ആവര്‍ത്തിച്ചു.

"നിങ്ങളെകൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടോ.. ആര്‍ക്കെങ്കിലും..?"

പാന്റും ഷര്‍ട്ടും മാറ്റി ലുങ്കിയുടെ സ്വതന്ത്ര്യത്തിലേക്ക് മടങ്ങി. മൊബൈല്‍ സ്‌ക്രീനിലെ നോട്ടിഫിക്കേഷനുകളിലൂടെ കണ്ണോടിക്കുമ്പോള്‍ ശ്രീജിത്തിന്റെ മറുപടി സന്ദേശം.

ID Cardilum ATM Cardilum details kandu. pinne oru oohavum... ninne orkkan mattoru karanam koodiyundu... enne peru paranju vilikkaarulla apoorvam chilare ullu.. Sirji.

അവളെ നോക്കി. ജാലകത്തിനപ്പുറം മാനത്ത് തിങ്കള്‍ ചിരിക്കുന്നു.

"എന്ത് പറഞ്ഞാലും ഇരുന്ന് ഇളിച്ചോളും. വന്ന് ചോറുണ്ട് കെടക്കാൻ നോക്ക്."

അവളുടെ പിണക്കം അയഞ്ഞിരിക്കുന്നു. ഓഫ് ചെയ്യുമ്പോള്‍ ടിവി സ്‌ക്രീനില്‍ മാസ്റ്റര്‍ കാര്‍ഡിന്റെ പരസ്യമായിരുന്നു.

There are somethings money can't buy. For everything else.. use Master Card.

അനന്യമാതൃകകള്‍

പ്രലോഭനങ്ങളാല്‍ സമ്പന്നമായ ഒരു ഓഫറായിരുന്നു അത്. സ്വപ്നതുല്യമായ വേതനം. സ്വര്‍ഗ്ഗതുല്യമായ ആഢംബരങ്ങള്‍. ലോകം മുഴുവന്‍ സഞ്ചാരം. പ്രതിഭാസമ്പന്നരടങ്ങുന്ന ഒരു റിസര്‍ച്ച് ടീമിന്റെ സ്വതന്ത്ര ചുമതല. പതിനഞ്ച് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി കമ്പനിയെ സേവിക്കണമെന്നും, സേവനകാലയളവില്‍ വിവാഹം പാടില്ലെന്നുമായിരുന്നു മാനേജ്‌മെന്റ് മുന്നോട്ടു വെച്ച നിബന്ധനകളില്‍ പ്രധാനം. ഇരുപത്തിയൊന്‍പതാമത്തെ വയസ്സില്‍ അസുലഭമായ ആ അവസരം തിരഞ്ഞെടുക്കുമ്പോള്‍, വിവാഹത്തിന് നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്ന മമ്മിയേയും ഡാഡിയേയും എങ്ങിനെ ബോധ്യപ്പെടുത്താം എന്നതായിരുന്നു രഞ്ജന്‍ ശ്രീവാസ്തവ അഭിമുഖീകരിച്ച പ്രധാന വെല്ലുവിളി. വിഖ്യാതമായ വാക്‌സ് മ്യൂസിയത്തില്‍ വിശിഷ്ട വ്യക്തികളുടെ ജീവന്‍ തുളുമ്പുന്ന മെഴുകു പ്രതിമകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഡാഡിയുടേയും മമ്മിയുടേയും കണ്ണുകള്‍ വികസിക്കുന്നത് അയാള്‍ ശ്രദ്ധിച്ചിരുന്നു.

"മമ്മി... നമ്മള്‍ കണ്ട ആ മെഴുകു പ്രതിമകള്‍ക്ക് ജീവന്‍ കൊടുക്കാന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും...?"

"അങ്ങനെയെങ്കില്‍... നീ നിന്റെ തന്നെ ഒരു പ്രതിമയുണ്ടാക്കി ഞങ്ങള്‍ക്കു സമ്മാനിക്കൂ. അപ്പോള്‍ നാട്ടിലേയ്ക്ക് തിരിച്ചുപോയാലും ഞങ്ങള്‍ക്ക് എപ്പോഴും നിന്നെ കണ്ടുകൊണ്ടിരിക്കാമല്ലോ.."

പ്രിയതമയുടെ നര്‍മ്മബോധവും വാക്ചാതുരിയും ഗൗരവ് ശ്രീവാസ്തവ ആസ്വദിച്ചു.

"തമാശയല്ല മമ്മി. നെക്സ്റ്റ് ജനറേഷന്‍ ഹ്യൂമന്‍ റോബോട്ടുകളെ മനുഷ്യര്‍ക്കിടയില്‍നിന്നും തിരിച്ചറിയാന്‍ പോലും പ്രയാസമായിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുള്ള, ഹ്യൂമനോയ്ഡ് റോബോട്ടുകളെ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍..."

"തുടങ്ങി... വീണ്ടും അവന്റെ റോബോട്ട് കഥകള്‍. മനുഷ്യനെപ്പോലെ തന്നെ വേണമെന്നുണ്ടെങ്കില്‍, ഒന്നു ക്ലോണ്‍ ചെയ്താ പോരെ.. ?"

"ഓ.. കമോണ്‍ മമ്മി... ക്ലോണിംഗ് എന്നത് മറ്റൊരു ശാസ്ത്രശാഖയാണ്. പൂര്‍ണ്ണമായും വിജയിച്ചു എന്ന് ഇതുവരെ ശാസ്ത്രലോകം പോലും അംഗീകരിച്ചിട്ടില്ല. ഇനി അഥവാ വിജയിച്ചു എന്നുതന്നെ ഇരിക്കട്ടെ. പക്ഷെ സാമ്യം ശരീരത്തില്‍ മാത്രമായിരിക്കുവാനാണ് സാധ്യത. ബൗദ്ധികമായി രണ്ടും രണ്ടായിരിക്കുവാനാണ് സാധ്യത. പ്രത്യേകിച്ചും മനുഷ്യന്റെ കാര്യത്തില്‍.... തന്നേപ്പോലെ ചിന്തിക്കുന്നവരെയാണ് എല്ലായിപ്പോഴും മനുഷ്യര്‍ക്കിഷ്ടം. വ്യത്യസ്തരായി ചിന്തിക്കുന്നവരെ അകറ്റിനിര്‍ത്താറല്ലേയുള്ളൂ. അല്ലേ ഡാഡി...?"

നിവൃത്തിയില്ലാതെ ഗൗരവ് ശ്രീവാസ്തവ തലയാട്ടി.

"ഉദാഹരണമായി മമ്മിയുടെ കാര്യം തന്നെ എടുക്കാം. മമ്മിയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന ഒരു മകനെയാണ് മമ്മിയ്ക്ക് വേണ്ടത്. അല്ലേ. മമ്മി പറയുന്നതു മാത്രം അനുസരിക്കുന്ന ഒരു ഹ്യൂമനോയ്ഡ് റോബോട്ടിനെ നിര്‍മ്മിക്കുവാന്‍ കഴിയുമെന്നിരിക്കട്ടെ. അല്‍പ്പം മുമ്പ് നമ്മള്‍ കണ്ടുമുട്ടിയ മെഴുകുപ്രതിമകളെപ്പോലെ അതിന് എന്റെ മുഖവും രൂപവും സൃഷ്ടിച്ചു നല്‍കുവാന്‍ കഴിയുമെന്നിരിക്കട്ടെ. അപ്പോള്‍ എന്തു പറയുന്നു.?"

"മെഴുകുകൊണ്ടുണ്ടാക്കിയ ഒരു മകനെ എനിക്കു വേണ്ടെങ്കിലോ..."

"അവിടെയും മമ്മിയ്ക്കു തെറ്റി. മനുഷ്യന്റെ ത്വക്കിനു സമാനമായ പോളിമര്‍ സൃഷ്ടിക്കുവാനുള്ള ശാസ്ത്ര പരീക്ഷണങ്ങളും ഒട്ടേറെ മുന്നോട്ടു പോയിരിക്കുന്നു. കോസ്‌മെറ്റിക് സര്‍ജറികളിലും പ്ലാസ്റ്റിക് സര്‍ജറികളിലും ഒറിജിനലിനെപോലും തോല്‍പ്പിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ സ്‌കിന്‍ മെറ്റീരിയലുകളും ഫ്‌ളെഷ് മെറ്റീരിയലുകളും സ്ഥാനം പിടിച്ചുകഴിഞ്ഞു. രൂപത്തിലും വലുപ്പത്തിലും മനുഷ്യസമാനമായ പാവകള്‍ പോലും ഇവിടെ ലഭ്യമാണ്.  വാസ്തവം പറഞ്ഞാല്‍ മനുഷ്യപാവകള്‍ക്കാണ് ഇവിടെ ഒറിജിനല്‍ മനുഷ്യരേക്കാള്‍ പ്രിയം."

അത് പറയുമ്പോള്‍ അയാളുടെ ചുണ്ടുകളില്‍ അടക്കിപിടിച്ച ഒരു ചിരിയുണ്ടായിരുന്നു.

"ശരി.. ശരി... എന്താണ് നീ പറഞ്ഞുവരുന്നത് എന്നു വ്യക്തമാക്കൂ."

"അതാണ് ഞാന്‍ പറഞ്ഞുവരുന്നത് ഡാഡി.. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, അതിനുമപ്പുറം ഇമോഷണല്‍ ഇന്റലിജെന്‍സോടു കൂടിയ ഹ്യൂമന്‍ റോബോട്ടുകള്‍ ഒരു വിദൂര സാധ്യത മാത്രമായിരിക്കാം. പക്ഷെ ഒട്ടനവധി മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുന്ന വലിയൊരു സാധ്യത കൂടിയാണ്. യുദ്ധരംഗങ്ങളില്‍,  ബഹിരാകാശ ദൗത്യങ്ങളില്‍, ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍, അറപ്പും വെറുപ്പും ഉളവാക്കുന്ന ജോലികള്‍ ചെയ്യേണ്ടിടങ്ങളിലെല്ലാം പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്ന സാധ്യതകള്‍. വളരെയധികം ചലഞ്ചിംഗായിട്ടുള്ള ഒരു പ്രോജക്റ്റാണ്. സമയവും പരിശ്രമവും ഒരുപാട് വേണ്ടി വരുന്ന ഒരു അസൈന്‍മെന്റ്. അതുകൊണ്ടുതന്നെ ഒരു ലോംഗ് ടേം കോണ്‍ട്രാക്റ്റ് സൈന്‍ ചെയ്യാതെ, കമ്പനി മുന്നോട്ടു വെക്കുന്ന നിബന്ധനകള്‍ സ്വീകരിക്കാതെ ഈ ജോലി സ്വീകരിക്കുവാന്‍ കഴിയില്ല. വലിയ ലക്ഷ്യങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ഇതെല്ലാം സ്വാഭാവികവുമാണ്. "

"ഞങ്ങള്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന സംഗതി ഇതൊന്നുമല്ല. വിവാഹത്തിനായി എപ്പോഴാണ് നീ സമയം കണ്ടെത്തുന്നത് എന്നതാണ് ..."

"ഇതൊരു അസുലഭ അവസരമാണ് മമ്മി. അതികഠിനമായി പരിശ്രമിച്ചാല്‍ പോലും അപൂര്‍വ്വം ചിലര്‍ക്കു മാത്രം കൈവരുന്ന അവസരം. അത് പാഴാക്കണമെന്നാണോ മമ്മി പറഞ്ഞു വരുന്നത്...?"

"എത്ര കാലത്തേയ്ക്കാണ് കരാര്‍.?"

"വെറും..... ഏഴ് .... ഏഴു വര്‍ഷങ്ങള്‍ മാത്രം."

അക്കങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ഒരു കുറ്റബോധം അയാളില്‍ പ്രകടമായിരുന്നു.

"ഇത്രയും വര്‍ഷത്തേയ്‌ക്കോ.? കരാര്‍ കഴിയുമ്പോള്‍ നിനക്ക് മുപ്പത്തിയാറായിരിക്കും പ്രായം. നീ ഞങ്ങളുടെ ഒരേയൊരു മകനാണെന്ന് മറന്നുപോകരുത്."

"അതല്‍പ്പം നീണ്ട ഒരു കാലയളവു തന്നെയാണ്... എങ്കിലും... അവന്‍ പറയുന്നതിലും.."

"ദയവു ചെയ്ത് മിണ്ടാതിരിക്കൂ ഗൗരവ്... നിങ്ങള്‍ നമ്മുടെ മകന് നല്‍കുന്ന പ്രോത്സാഹനം ആവശ്യത്തിലധികമാണെന്ന് ഓര്‍ത്തിരുന്നാല്‍ നന്ന്... അവന്റെ കുട്ടിക്കാലം മുതല്‍ക്കേ നിങ്ങള്‍ അതുതന്നെയാണ് ചെയ്തുവരുന്നതും. "

"വിട്ടുകൊടുക്കാം  മാലിനി... അവനെ അവന്റെ ഹൃദയത്തിനു വിട്ടുകൊടുക്കുവാന്‍ നീ നിന്റെ തലച്ചോറിനെ ഉപദേശിയ്ക്കൂ. നമ്മള്‍ക്ക് സ്വപ്നം കാണുവാന്‍ കഴിയുന്നതിലും ഒരുപാട് ഉയരത്തിലേയ്ക്കാണ് അവന്‍ ലക്ഷ്യം വെക്കുന്നത്. "

"അതുതന്നെ ഡാഡി.. ദയവു ചെയ്ത് മമ്മിയെ പറഞ്ഞു മനസ്സിലാക്കൂ. അല്ലെങ്കില്‍തന്നെ അതിലെന്താണ് അര്‍ത്ഥമുള്ളത്... വളരുക.. പഠിക്കുക.. ജോലി നേടുക.. വിവാഹം കഴിയ്ക്കുക.. കുട്ടികള്‍ക്കു ജന്മം നല്‍കുക.. ആ കുട്ടികളും വളരുക.. പഠിക്കുക.. ജോലി നേടുക... വിവാഹം കഴിയ്ക്കുക.. വീണ്ടും കുട്ടികള്‍ക്കു ജന്മം നല്‍കുക..  എനിക്കു തോന്നുന്നത് ജീവിതമെന്നത് മടുപ്പിക്കുന്ന ഒരു ആവര്‍ത്തനമാണെന്നാണ്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ കഴിയണം. തികച്ചും വ്യത്യസ്തമായ ഒന്ന്. രഞ്ജന്‍ ശ്രീവാസ്തവ എന്നൊരു വ്യക്തി ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ അടയാളപ്പെടുത്തലായി.."

കടലുകള്‍ക്കപ്പുറം. മലനിരകളിലെ തേയിലതോട്ടങ്ങള്‍ക്കു നടുവിലെ വസതിയിലേയ്ക്ക് തിരിച്ചെത്തുമ്പോള്‍ ഗൗരവ് ശ്രീവാസ്തവ പ്രിയതമയെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.

"വിഷമിക്കാതിരിക്കൂ മാലിനി... പണം സമ്പാദിക്കുക എന്നതല്ല അവന്റെ ലക്ഷ്യം.."

"എനിക്കത് മനസ്സിലാക്കുവാന്‍ കഴിയും. പക്ഷെ ജീവിതത്തോടുള്ള അവന്റെ സമീപനം എന്നെ ഭയപ്പെടുത്തുന്നു."

"പോസിറ്റീവായി ചിന്തിക്കാന്‍ ശ്രമിക്കൂ. ഒന്നു ചുറ്റികറങ്ങി ഒടുവില്‍ അവന്‍ നമ്മുടെ ഭ്രമണപഥത്തിലേയ്ക്കുതന്നെ തിരിച്ചെത്തുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. "

........................................................................................

റോബോട്ടുകള്‍ അനുദിനം വളരുകയായിരുന്നു. പുതിയ തലങ്ങളിലേയ്ക്ക്. പുതിയ സാധ്യതകളിലേയ്ക്ക്. കുടുബസുഹൃത്തായിരുന്ന ഹരീഷ് ശര്‍മ്മപോലും ഒരിയ്ക്കല്‍ ഗൗരവ് ശ്രീവാസ്തവയോട് ചോദിച്ചിട്ടുണ്ട്.

"ഗൗരവ് ഭായ്.. താങ്കളുടെ മകന്‍ മനുഷ്യസാദൃശ്യമുള്ള റോബോട്ടുകളെ നിര്‍മ്മിക്കുവാനുള്ള പരീക്ഷണങ്ങള്‍ നടത്തുന്നു എന്നല്ലേ പറഞ്ഞിരുന്നത്.?"

പൈപ്പില്‍നിന്നും ഉയര്‍ന്നു പടരുന്ന പുകച്ചുരുളുകള്‍ക്കിടയിലൂടെ ഗൗരവ് ശ്രീവാസ്തവ അതേയെന്നര്‍ത്ഥത്തില്‍ ഒന്നമര്‍ത്തി മൂളി.

"മറ്റൊന്നുമല്ല ഗൗരവ് ഭായ്.. ഒരു ഓസ്‌ട്രേലിയക്കാരിയെ വിവാഹം കഴിക്കണമെന്നാണ്  രോഹിതിന്റെ  താത്പര്യം. വിവാഹം പ്രണയത്തിന്റെ തലസ്ഥാനമായ പാരീസില്‍ വെച്ചുതന്നെ വേണമെന്നതാണത്രെ അവന്റെ കാമുകിയുടെ നിര്‍ബന്ധവും. ഉപാധികളോടെയുള്ള ഒരു വീട്ടുവീഴ്ചയാണ് ഞങ്ങള്‍ ഉദ്ദേശ്ശിക്കുന്നത്. അവിടെ വിവാഹം നടക്കുന്ന അതേ സമയത്ത് പ്രതീകാത്മകമായി ഇവിടെയും ഒരു വിവാഹസത്കാരം സംഘടിപ്പിക്കുന്നു. നിങ്ങളുടെ മകന് ഞങ്ങളെ സഹായിക്കുവാന്‍ കഴിയുമോ..? വരുന്നവര്‍ക്കു മുന്നില്‍ നിര്‍ത്തുവാന്‍... പുഞ്ചിരിക്കുവാനും ആശംസകള്‍ക്ക് നന്ദി പറയുവാനും കഴിയുന്ന രണ്ടു മനുഷ്യപ്രതിമകളെ നിര്‍മ്മിച്ചു നല്‍കുവാന്‍...?"

ഗൗരവ് ശ്രീവാസ്തവയുടെ മുഖത്ത് നിസ്സഹായത ഗൗരവമാര്‍ജ്ജിച്ചു നിന്നു.

"പ്രയാസമാണ് അല്ലെ... സാരമില്ല... എനിക്ക് രണ്ടു പ്രതിമകള്‍ വേണമെന്നേയുള്ളൂ. അവയ്ക്ക് ജീവന്‍ വേണമെന്നില്ല. ഹ...ഹ.. അല്ലെങ്കില്‍തന്നെ ഇവിടെയാണോ പ്രതിമകള്‍ക്ക് ക്ഷാമം. നല്ല കൂലി കൊടുത്താല്‍ പാവകളേപ്പോലെ അഭിനയിക്കുവാനും തയ്യാറുള്ള മനുഷ്യരുടെ നാടാണ്."

"എന്തായാലും... യന്ത്രമനുഷ്യരെകൊണ്ട് ഇങ്ങനെ ഒരു സാധ്യത കൂടിയുണ്ടെന്ന്  ഞാന്‍ അവന് പറഞ്ഞുകൊടുക്കാം."

വിവാഹത്തെ കുറിച്ചുള്ള സംഭാഷണം ഗൗരവ് ശ്രീവാസ്തവയെ അലസോരപ്പെടുത്തി. വൈകി വിവാഹം കഴിക്കുന്നവരില്‍ ഇന്‍ഫെര്‍ട്ടിലിറ്റി പ്രോബ്ലംസ് ഉണ്ടാകുവാനുള്ള സാധ്യതയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ രഞ്ജന്‍ പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം തേടുവാനുള്ള ശ്രമത്തിലായിരുന്നു അയാള്‍.

"യുവത്വം സൂക്ഷിച്ചുവെക്കാവുന്ന അവസ്ഥയിലേയ്ക്കും ശാസ്ത്രം വളര്‍ന്നിരിക്കുന്നു ഡാഡി... പക്ഷെ നമ്മുടെ നാട്ടില്‍ മെഡിക്കല്‍ സയന്‍സ് ഇപ്പോഴും ശൈശവഘട്ടത്തിലാണ് ."

...............................................................................

വ്യക്തിബന്ധങ്ങള്‍ പോലും നിബന്ധനകള്‍ക്കു വിധേയമാകുന്ന ഒരു കാലഘട്ടത്തിന്റെ ഉദയം.
പരസ്പരം ബന്ധിച്ചിടാതെ എങ്ങിനെ സൗഹൃദങ്ങള്‍ ആസ്വദിക്കാമെന്ന് തിരിച്ചറിഞ്ഞതും അവിടെവെച്ചാണ്. ഇടവേളകളില്‍ സംഭവിക്കാറുള്ള ചില മത്സരങ്ങള്‍ അവര്‍ ഒരുമിച്ചാണ് ആസ്വദിച്ചിരുന്നതും. ആവേശകരമായ അത്തരമൊരു മത്സരത്തിനൊടുവില്‍ അയാളുടെ പല്ലുകള്‍ക്കിടയില്‍നിന്ന് ചുണ്ടുകളെ സ്വതന്ത്രമാക്കി ആഞ്ജല പരിഭവിച്ചു.

"എന്താണിത്. രഞ്ജന്‍...? ഞാനൊരു മനുഷ്യസ്ത്രീയാണെന്നും എനിക്കു വേദനിക്കുമെന്നും നിങ്ങള്‍ മറന്നുപോകുന്നുവോ.?"

അവളില്‍നിന്നും ഇറങ്ങി മലര്‍ന്നുകിടന്ന് രഞ്ജന്‍ കിതച്ചുകൊണ്ടു പറഞ്ഞു.

"ക്ഷമിക്കൂ.. ആ നിമിഷങ്ങളിലെല്ലാം എനിക്കു നിന്നെ തിന്നുവാനുള്ള ആവേശമാണ്."

"നിങ്ങളെപോലുള്ളവര്‍ക്ക് പാവകളാണ് നല്ലത്. അവയ്ക്കാണെങ്കില്‍ വേദന ഒട്ടും അറിയില്ലല്ലോ. പിച്ചുകയോ മാന്തുകയോ കടിച്ചുപറിക്കുകയോ എന്തുവേണമെങ്കിലും ചെയ്യാം."

"പക്ഷെ.. ആ അവസാന നിമിഷങ്ങളില്‍ മുറുക്കെ കെട്ടിപിടിക്കുവാനും വേദനിപ്പിക്കാതെ കടിക്കാനും പാവം പാവകള്‍ക്ക് കഴിയില്ലല്ലോ."

"റിസര്‍ച്ചില്‍ അതും കൂടി ഉള്‍പ്പെടുത്തുവാന്‍ ശ്രമിച്ചുകൂടെ. വൈകാരികമായി പ്രതികരിക്കുവാന്‍ ശേഷിയുള്ള അത്തരം പാവകള്‍ക്ക് ഭാവിയില്‍ ഒരുപാട് പേരെ സഹായിക്കുവാന്‍ കഴിഞ്ഞേക്കും. വിശേഷിച്ചും നിങ്ങളുടെ ദേശത്ത്."

"തീര്‍ച്ചയായും... ഇമോഷണല്‍ ഇന്റലിജെന്‍സുള്ള ബയോമെട്രിക് റോബോട്ടുകള്‍ തന്നെയാണ് എന്റെ ലക്ഷ്യം. എന്റെ പരിശ്രമങ്ങള്‍ക്ക് ഫലം കാണാതിരിക്കില്ല. "

"പക്ഷെ... എങ്ങിനെ കഴിയും...? നമ്മെ പ്രചോദിതരാക്കുവാന്‍ മാനേജ്‌മെന്റ് ക്ഷണിച്ചുവരുത്തിയ ആ സന്ന്യാസിവര്യന്‍ പറഞ്ഞതോര്‍മ്മയുണ്ടോ... ബ്രഹ്മചര്യമാണ് ഏറ്റവും വലിയ ഊര്‍ജ്ജസ്രോതസ്സെന്ന്... എത്രയോ ഈര്‍ജ്ജമാണ് നിങ്ങള്‍ ഇങ്ങനെ നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നത്. ?"

അയാള്‍ ചിരിച്ചു.

"വിവാഹം പാടില്ലെന്നേ കരാറില്‍ പറഞ്ഞിട്ടുള്ളൂ. മറ്റൊന്നും വേണ്ടെന്നു വെക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിട്ടില്ല. "

ആഞ്ജല ഒരു ചിരിക്കുടുക്കയായി. അല്‍പ്പനേരം ചിന്താവിഷ്ടയായതിനു ശേഷം അവള്‍  ഉന്നയിച്ച സംശയം, അയാളെ ചൊടിപ്പിക്കുവാന്‍ ശേഷിയുള്ളതായിരുന്നു. .

"എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ രഞ്ജന്‍... സെക്‌സ് വര്‍ക്കേഴ്‌സും നമ്മളും തമ്മില്‍ ഒരു വ്യത്യാസമേയുള്ളൂ."

"എന്തു വിഡ്ഢിത്തമാണ് പറയുന്നത്...! അവരേയും നമ്മളേയും എങ്ങിനെയാണ് നിനക്ക് താരതമ്യപ്പെടുത്തുവാന്‍ കഴിയുന്നത്.?"

"ജീവിതനിലവാരത്തിന്റെ അളവുതൂക്കമാനദണ്ഡങ്ങള്‍ മാറ്റിവെച്ചാല്‍ ഒരു വ്യത്യാസമേയുള്ളൂ രഞ്ജന്‍.. അവര്‍ ശരീരം വില്‍ക്കുന്നു. നമ്മള്‍ തലച്ചോറും."

"അപ്പോള്‍... ശരീരത്തെ മാത്രമല്ല, നിനക്ക് ചിന്തകളേയും ഉണര്‍ത്താന്‍ കഴിയും.. അല്ലേ ആഞ്ജല."

.................................................................................................

പതിനഞ്ച് വര്‍ഷ കരാര്‍ കാലാവധിയില്‍, പത്തുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ സാമ്പത്തിക പരാധീനതകളെതുടര്‍ന്ന് കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. കരാര്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന തിരിച്ചറിവില്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചു. റിസര്‍ച്ചിന്റെ പകര്‍പ്പവകാശം വേണമെന്ന് രഞ്ജന്‍ ശ്രീവാസ്തവ വാദിച്ചു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് വലിയൊരു തുകയും ചിലവഴിക്കേണ്ടി വന്നു. കോടതിയുടെ അന്തിമവിധി അയാള്‍ക്ക് അനുകൂലമായിരുന്നു. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അടങ്ങുന്ന ഒട്ടനവധി സേഫ്റ്റ് കോപ്പികളും കുറേ റോബോട്ടിക് മാതൃകകളുമല്ലാതെ മറ്റൊന്നും അവശേഷിച്ചിരുന്നില്ല. പരാജിതനെപ്പോലെ മടങ്ങുവാന്‍ ആഗ്രഹിക്കാത്തതിനാല്‍ മറ്റൊരു കമ്പനിയില്‍ താത്കാലിക ജോലി സ്വീകരിച്ചു. അതിനിടയില്‍ റിസര്‍ച്ചിന്റെ ഫലങ്ങള്‍ വ്യാവസായികമായി പ്രയോജനപ്പെടുത്തുവാന്‍ നിക്ഷേപകരെ തേടുകയായിരുന്നു ലക്ഷ്യം.

ഹെയര്‍പിന്‍ വളവുകളിലൊന്നില്‍ ഗൗരവ് ശ്രീവാസ്തവയേയും പത്‌നി മാലിനിയേയും മരണം കാത്തുനിന്നു. തങ്ങളുടെ ഭ്രമണപഥത്തിലേയ്ക്ക് മകന്‍ തിരിച്ചുവരുന്നതും പ്രതീക്ഷിച്ചിരുന്നവരുടെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഇടിച്ചുതെറിപ്പിച്ചു കടന്നുപോയ, അനുവദിച്ചതിലും കൂടുതല്‍ ഭാരം കയറ്റി, ടാര്‍പായകൊണ്ട് മറച്ചിരുന്ന ലോറി അവര്‍ക്ക് ഒരു ഉല്‍ക്കയെപ്പോലെ തോന്നിയിരിക്കാം. അവരുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് വിദേശത്തുനിന്നും തിരിച്ചു വരുമ്പോള്‍ രഞ്ജന് നാല്‍പ്പത്തിനാല് വയസ്സു കഴിഞ്ഞിരുന്നു. ഒരു ഇടവേള ആവശ്യമാണെന്ന തിരിച്ചറിവില്‍ കുറച്ചുകാലം തേയിലത്തോട്ടങ്ങള്‍ക്കു നടുവിലെ മനോഹരമായ വസതിയില്‍ കഴിയാനായിരുന്നു താത്പര്യം. ഹരീഷ് ശര്‍മ്മയാണ് ഒരു വിവാഹത്തിന് നിര്‍ബന്ധിച്ചത്. പക്ഷെ രഞ്ജന്‍ മുന്നോട്ടു വെച്ച നിബന്ധനകള്‍ക്കനുസൃതമായ ഒരു ബന്ധം കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഒരിയ്ക്കല്‍ അദ്ദേഹം അത് സൂചിപ്പിക്കുകയും ചെയ്തു.

"പ്രിയ രഞ്ജന്‍... എനിക്കു തോന്നുന്നത് നിന്റെ ശരീരം മാത്രമാണ് തിരിച്ചെത്തിയിട്ടുള്ളത് എന്നാണ്. നിന്റെ മനസ്സ് ഇപ്പോഴും വിദേശങ്ങളില്‍ തന്നെയാണ്. അതിനെക്കൂടി തിരികെ കൊണ്ടുവരാതെ എന്റെ ശ്രമങ്ങള്‍ വിജയിക്കുമെന്നു തോന്നുന്നില്ല."

"ക്ഷമിക്കണം ശര്‍മ്മാജി.. വിവാഹം എന്ന ആശയവുമായി ഒരു കാലത്തും എനിയ്ക്ക് പൊരുത്തപ്പെടുവാന്‍ കഴിഞ്ഞിട്ടില്ല. താങ്കളുടെ ഉപദേശം ഞാന്‍ നിരാകരിച്ചില്ലെന്നു മാത്രം. ഇപ്പോള്‍ ഞാന്‍ അത് പൂര്‍ണ്ണമായും വേണ്ടെന്നു വെക്കുകയാണ്."

"അങ്ങനെയെങ്കില്‍ എന്താണ് നിന്റെ ഭാവി പരിപാടികള്‍..?"

"എനിയ്ക്ക് എന്റെ സ്വപ്നങ്ങളുമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം.. ഇതെല്ലാം വിറ്റുകിട്ടുന്ന തുക നിക്ഷേപിച്ച് ഒരു ആര്‍ ഏന്റ് ഡി സെന്റര്‍ സ്ഥാപിച്ചാല്‍ കൊള്ളാമെന്നുണ്ട്. "

"ആയിക്കോളൂ... പക്ഷെ... ഇതെല്ലാം കൊടുത്താല്‍ തന്നെ നിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള പണം ലഭിക്കുമോ..? എന്നുറപ്പുണ്ടോ..? ഈ ബംഗ്ലാവ് വില്‍ക്കരുതെന്നാണ് എന്റെ അഭിപ്രായം. എന്നെങ്കിലും തിരിച്ചുവരണമെന്ന് തോന്നിയാല്‍ ജനിച്ചുവളര്‍ന്ന വീടായിരിക്കും ഏറ്റവും ആശ്വാസവും സംതൃപ്തിയേകുന്ന ഒരു ഇടം."

.........................................................................................

പ്രതിമകള്‍ക്കും സ്വപ്നങ്ങള്‍ക്കും ജീവന്‍ നല്‍കാന്‍ സാമ്പത്തിക ശേഷിയും താത്പര്യവുമുള്ള ഒരു ഇന്‍വെസ്റ്ററെ തേടിയുള്ള രഞ്ജന്‍ ശ്രീവാസ്തവയുടെ ഇ-മെയിലുകള്‍ ലോകത്തിന്റെ നാനാഭാഗത്തേയ്ക്കും പ്രവഹിച്ചു. പക്ഷെ പ്രതികരണങ്ങള്‍ ആശാവഹമായിരുന്നില്ല. ആളിപടരുന്ന തീയീല്‍നിന്നും കെട്ടുകൊണ്ടിരിക്കുന്ന തീക്കനലിലേയ്ക്ക് പ്രതീക്ഷകള്‍ രൂപം മാറിക്കൊണ്ടിരിക്കുന്ന തിനിടയിലാണ് കെവിന്‍ പീറ്റേഴ്‌സണ്‍ എന്ന ധനികനായ ഒരു വിദേശി, രഞ്ജന്‍ ശ്രീവാസ്തവയെ തേടി ഇന്ത്യയിലെത്തുന്നത്. ഹരീഷ് ശര്‍മ്മയാണ് അയാളെ രഞ്ജന്റെ വീട്ടിലേയ്ക്കു കൂട്ടികൊണ്ടുവന്നത്. അവരെത്തുന്നതിനു മുമ്പേ, ഇന്റര്‍നെറ്റിലൂടെയും മറ്റു സ്രോതസ്സുകളിലൂടെയും, കെവിന്‍ പീറ്റേഴ്‌സണ്‍ എന്ന മള്‍ട്ടി മില്ല്യണയറെ സംബബന്ധിക്കുന്ന വിവരങ്ങള്‍ രഞ്ജന്‍ ശേഖരിച്ചു കഴിഞ്ഞിരുന്നു.  കെട്ടുപോയിക്കൊണ്ടിരിക്കുന്ന തീക്കനലുകളെ ആളിക്കത്തിക്കുവാന്‍ ഒരു കാറ്റു മതിയായിരുന്നു. കടലുകള്‍ താണ്ടി, സമയത്തിന് വജ്രത്തിന്റെ വിലയുള്ള, ഒരാള്‍ തന്നെ കാണാന്‍ വരിക. തന്റെ പ്രോജക്റ്റുകള്‍ പൊടിതട്ടിയെടുത്ത് തയ്യാറെടുപ്പുകളുമായി അയാള്‍ കാത്തിരുന്നു.

"ഞാന്‍ രുചിച്ചിട്ടുള്ള ചായകളില്‍ ഏറ്റവും സ്വാദിഷ്ടമായത്. "

ചായയ്ക്കു നന്ദി പറഞ്ഞാരംഭിച്ച കെവിന്‍ പീറ്റേഴ്‌സണ്‍, രഞ്ജന്‍ ശ്രീവാസ്തവയുടെ ഭൂതവും വര്‍ത്തമാനവും ഭാവിസ്വപ്നങ്ങളുമെല്ലാം ചോദിച്ചറിഞ്ഞു. നാല്‍പ്പത്തിയേഴാം വയസ്സിലും യുവത്വത്തിന്റെ പ്രസരിപ്പോടെ രഞ്ജന്‍ വാചാലനായി. ആരെയും അസൂയപ്പെടുത്തുന്ന അയാളുടെ അക്കാഡമിക് പ്രൊഫൈല്‍, റിസര്‍ച്ചിലൂടെ വികസിപ്പിച്ചെടുത്ത റോബോട്ടിക് മാതൃകകള്‍, ഉത്പന്നങ്ങള്‍, വീഡിയോകള്‍, പ്രോജക്റ്റുകള്‍, പ്രസന്റേഷനുകള്‍, ബിസിനസ്സ് സാധ്യതകള്‍, സ്വപ്നങ്ങള്‍ എല്ലാം ശ്രദ്ധയോടെ കേട്ടതിനു ശേഷം കെവിന്‍ പീറ്റേഴ്‌സണ്‍ സംതൃപ്തിയോടെ പറഞ്ഞു.

"എന്റെ യാത്ര വെറുതെയായില്ല. താങ്കളെപോലുള്ള ഒരു പ്രതിഭയെയാണ് ഞങ്ങള്‍ തേടികൊണ്ടിരുന്നത്. "

രഞ്ജന്റെ കണ്ണുകളില്‍ പ്രതീക്ഷകളുടെ നാളങ്ങള്‍  ജ്വലിച്ചു. മാതാപിതാക്കളുടെ വേര്‍പാടിനു ശേഷം സന്തോഷത്തിന്റെ നിമിഷങ്ങള്‍ അപൂര്‍വ്വമായിരുന്നു. അവരുടെ ഫോട്ടോകളിലേയ്ക്ക് നോക്കിയാണ് കെവിന്‍ പീറ്റേഴ്‌സണ്‍ സംസാരം തുടര്‍ന്നത്. .

"തീര്‍ച്ചയായും താങ്കളുടെ മാതാപിതാക്കള്‍ അഭിമാനിച്ചിരിക്കണം. താങ്കളെപോലൊരു അസാധാരണ പ്രതിഭാശാലിയ്ക്ക് ജന്മം നല്‍കുവാന്‍ കഴിഞ്ഞതില്‍..താങ്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ എത്ര പണം വേണമെങ്കിലും ചിലവഴിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ... അതിനു പകരമായി..."

"പറയൂ.. എന്താണത്...? എന്റെ റിസര്‍ച്ച് തുടരുന്നതിനായി താങ്കള്‍ മുന്നോട്ടു വെക്കുന്ന ഏതു നിബന്ധനയും സ്വീകരിക്കുവാന്‍ ഞാന്‍ തയ്യാറാണ്."

ആവേശത്തോടെയാണ് രഞ്ജന്‍ ചോദിച്ചത്. കെവിന്‍ പീറ്റേഴ്‌സണിന്റെ മുഖം ഗൗരവമാര്‍ന്നു.

"പറയാം.. വിവാഹിതരായിട്ട് പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും എനിക്കും പത്‌നി സാറായ്ക്കും കുട്ടികളൊന്നും ജനിച്ചിട്ടില്ല. എന്റെ ബീജങ്ങള്‍ക്ക് അതിനുള്ള ശേഷിയില്ലെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. താങ്കള്‍ക്ക് ലഭിച്ചതുപോലെ, നല്ല കാലത്ത് എനിക്കാരും ബുദ്ധി ഉപദേശിച്ചു തന്നതുമില്ല. ഒരു ബീജദാതാവിനെ തേടുന്നതിന്റെ സാധ്യതകള്‍ അന്വേഷിച്ചാണ് ഞാനും സാറായും ലണ്ടനിലെ പ്രശസ്തമായ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലെത്തുന്നത്..."

ശ്രീവാസ്തവയുടെ മുഖത്ത് പുഞ്ചിരിയ്ക്കു പകരം ആകാംക്ഷ സ്ഥാനം പിടിക്കുന്നതു ശ്രദ്ധിക്കാതെ പീറ്റേഴ്‌സണ്‍ തുടര്‍ന്നു.

"..അവിടെയാണ് താങ്കളുടെ പ്രൊഫൈല്‍ കാണാനിടവരുന്നത്. മറന്നുകാണില്ലെന്നു വിശ്വസിക്കുന്നു. യൗവ്വനം കടന്നുപോയാലും പ്രത്യുത്പാദനശേഷി നിലനിര്‍ത്തുന്നതിനുള്ള ഒരു മുന്‍കരുതല്‍ താങ്കള്‍ എടുത്തിരുന്നു. അവിടെ മുന്‍കൂര്‍ പണമടച്ച് സൂക്ഷിച്ചുവെച്ചിട്ടുള്ള ബീജങ്ങളില്‍ നിങ്ങളുടേതുമുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും അവയെല്ലാം ജീവനോടെയും ആരോഗ്യത്തോടയുമാണ് ഇരിക്കുന്നതെന്ന സത്യം എന്നെ ആശ്ചര്യപ്പെടുത്തുന്നു. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൂടി മാത്രമേ അവയ്ക്ക് ജീവന്‍ നിലനിര്‍ത്തുവാന്‍ കഴിയുകയുള്ളൂ എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യവും..."

ശ്രീവാസ്തവ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ തറയിലുറപ്പിച്ച്.

"... സാധാരണഗതിയില്‍ ക്ലിനിക്കുകള്‍ ഇത്തരം വിവരങ്ങള്‍ ആരുമായും പങ്കുവെക്കാറില്ല. ഇക്കാര്യത്തില്‍ ഞാനല്‍പ്പം സ്വാധീനവും പണവും ഉപയോഗപ്പെടുത്തി എന്നതും സമ്മതിക്കുന്നു. ഉയര്‍ന്ന ഐ.ക്യൂ.വും ഓറിയന്റല്‍ ഒറിജിനുമാണ് താങ്കളുടെ ബീജങ്ങളെ തിരഞ്ഞെടുക്കാന്‍ സാറായെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ഞാനിവിടെ എത്തുന്നത്. ഇനി സംസാരിക്കേണ്ടത് താങ്കളാണ് രഞ്ജന്‍."

ഇരുകൈകളിലേയും വിരലുകള്‍ പിണച്ചുപിടിച്ച് തറയിലേയ്ക്ക നോക്കി രഞ്ജന്‍ ശ്രീവാസ്തവ സോഫയില്‍ നിശ്ചലനായി ഇരുന്നു. ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയിരുന്നു സൗജന്യസേവനം. അതേക്കുറിച്ച്  അയാള്‍ മറന്നു പോയിരുന്നു. ലോകത്തിന്റെ മറ്റൊരു മൂലയില്‍, ക്ലിനിക്കല്‍ ഫ്രീസറില്‍ തണുത്തു മരവിച്ചിരിക്കുന്ന ബീജങ്ങള്‍ ഉണരുന്നതായി അയാള്‍ക്കനുഭവപ്പെട്ടു. അവ അയാള്‍ക്കു ചുറ്റും ചോദ്യചിഹ്നങ്ങളെപോല്‍ ഒഴുകി നടക്കുന്നതായും. പക്ഷെ അനുമതി പത്രത്തില്‍ ഒപ്പു വെക്കുമ്പോള്‍ അയാളുടെ കൈകള്‍ വിറച്ചിരുന്നില്ല.

രഞ്ജന്‍ ശ്രീവാസ്തവ ഒരിയ്ക്കല്‍ കൂടി ശാസ്ത്രലോകത്തേയ്ക്ക് മടങ്ങി. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സഞ്ചരിച്ച് റിസര്‍ച്ചില്‍ വ്യാപൃതനായി. അതിനായി പ്രവര്‍ത്തനമാരംഭിച്ച ജെന്‍നെക്‌സ്റ്റ് റോബോട്ടിക്‌സ് എന്ന സ്ഥാപനം, ജപ്പാനില്‍ വേരുകളുള്ള ഒരു പ്രമുഖ കമ്പനിക്കു കൈമാറിയതിനുശേഷം കോടമഞ്ഞിന്റെ കുളിരുള്ള തേയിലതോട്ടങ്ങള്‍ക്കിടയിലെ ബംഗ്ലാവിലേയ്ക്കു തിരികയെത്തുമ്പോള്‍ അയാള്‍ക്ക് പ്രായം അമ്പത്തിയാറ് കഴിഞ്ഞിരുന്നു. അതിനിടയില്‍ രണ്ടു തവണ കൂടി അയാള്‍ ഇന്ത്യയിലെത്തിയിരുന്നു. ഒരിയ്ക്കല്‍ ഹരീഷ് ശര്‍മ്മ മരിച്ചപ്പോഴും പിന്നാടൊരിയ്ക്കല്‍ അദ്ദേഹത്തിന്റെ പത്‌നി കല്‍പ്പനാ ദീദി മരിച്ചപ്പോഴും. പ്രതീക്ഷകളുടെ തീക്കനല്‍ പുകഞ്ഞുകൊണ്ടേയിരുന്നുവെങ്കിലും പിന്നീട് അയാള്‍ തിരിച്ചുപോയതേയില്ല. ശിഷ്ടകാലം വീട് ആശ്രമമാക്കിയുള്ള ഒരു സന്യാസജീവിതമായിരുന്നു. കൂട്ടിന് ഛന്ദന്‍ലാല്‍ എന്ന സഹായിയും.

രഞ്ജന്‍ ശ്രീവാസ്തവയുടെ ബീജഫലമായി, കെവിന്‍ പീറ്റേഴ്‌സണിന്റെ പത്‌നി സാറായില്‍ ജനിച്ച, കെവിന്‍ ജൂനിയര്‍ ഒരിയ്ക്കല്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയിരുന്നു. ആ യാത്രയുടെ ലക്ഷ്യം കിഴക്കിന്റെ സൗന്ദര്യം ആസ്വദിക്കുക എന്നതു മാത്രമായിരുന്നില്ല. മാതാപിതാക്കള്‍ തന്നെയാണ് രഞ്ജന്‍ ശ്രീവാസ്തവയെന്ന ഉറവിടത്തെക്കുറിച്ച്  ആ യുവാവിന് പറഞ്ഞുകൊടുത്തതും. കൗതുകകരമായ ആ സന്ദര്‍ശനത്തിന് സാക്ഷ്യം വഹിച്ചത് അയാളോടൊപ്പമുണ്ടായിരുന്ന കൂട്ടുകാരി ജൂലിയനും, രഞ്ജന്‍ ശ്രീവാസ്തവയുടെ സഹായി ഛന്ദന്‍ലാലും മാത്രം. തന്റെ മാതാപിതാക്കള്‍ക്ക് ബീജങ്ങള്‍ കൈമാറിയ രഞ്ജന്‍ ശ്രീവാസ്തവയെന്ന മനുഷ്യനേക്കാളും കെവിന്‍ ജൂനിയറെ ആകര്‍ഷിച്ചത് അവിടെ കാണപ്പെട്ട, നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത റോബോട്ടിക് മാതൃകകളായിരുന്നു.

"അവിശ്വസനീയം... ഇവര്‍ ശരിക്കും ആധുനിക റോബോട്ടുകളുടെ പൂര്‍വ്വികര്‍ തന്നെ. ഇതുപോലൊന്ന് ഞാന്‍ കണ്ടിട്ടുണ്ട്. ഡിസ്‌നി വേള്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍... നിനക്കതിന്റെ പേരോര്‍മ്മയുണ്ടോ ജൂലിയന്‍..?"

ജൂലിയന്‍ ആ പേര് ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുമ്പോള്‍, ശ്രീവാസ്തവയാണ്‌ മറുപടി പറഞ്ഞത്.

"എനിക്കറിയാം... അവന്റെ പേര് അസിമോ എന്നാണ്."

"അതെ.. അതുതന്നെ.. അസിമോ... അവന്‍ ഒരു മിടുക്കന്‍ റോബോട്ടാണ്.. അവന് സ്വയം ഓടുവാനും ചാടുവാനും കൈകകളുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുവാനും കഴിയും."

അറുപത്തിയേഴ് വയസ്സിന്റെ തിളക്കമുള്ള ഒരു പുഞ്ചിരി സമ്മാനിച്ച്, രഞ്ജന്‍ ശ്രീവാസതവ കട്ടിയുള്ള കണ്ണട ചില്ലുകളിലൂടെ സുന്ദരനായ ആ യുവാവിന്റെ രൂപം സൂക്ഷിച്ചു നോക്കി. ഏറെനേരം. എവിടെയൊക്കെയോ ആ രൂപവും ഭാവങ്ങളും അയാളുടെ ചെറുപ്പകാലത്തെ ഓര്‍മ്മിപ്പിക്കുന്നവയായിരുന്നു. വികാരനിര്‍ഭരമായ നന്ദി പ്രകടനത്തിനുശേഷം വിടപറഞ്ഞ്, ആ യുവാവ് കൂട്ടുകാരിക്കൊപ്പം തിരിച്ചുപോയപ്പോള്‍ ഛന്ദന്‍ലാല്‍ ആകാംക്ഷയോടെ ചോദിച്ചു.

"സാബ്ജി.. അതാരായിരുന്നു.?"

മറുപടി വളരെ പതിഞ്ഞ ശബ്ദത്തിലായിരുന്നു.

"എന്റെ... സൃഷ്ടികളില്‍... ഏറ്റവും മികച്ചത്."

അതു പറയുമ്പോള്‍ അയാളുടെ ചുണ്ടുകള്‍ പതിവിലേറെ വിറച്ചിരുന്നു. കുഴിഞ്ഞ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി.

"ചെറുമാ...അറിഞ്ഞിരിക്കുമല്ലോ..?  ഇന്നത്തോടെ നമ്മുടെ ഭരണം, എന്ന് വെച്ചാ രാജഭരണം, അവസാനിക്ക്യാണ്. ഇനിമുതല്‍ ജനാധിപത്യത്തിന്റെ കാലാത്രെ."

ചെറുമനൊന്നും മിണ്ടാതെ ഓച്ഛാനിച്ച് വാതില്‍ക്കല്‍ തന്നെ ഒതുങ്ങിനിന്നു.

"നോം പറഞ്ഞത് ചെറുമന് പിടികിട്ടീല്ല്യാന്ന് തോന്ന്ണൂ. വിശദായിട്ട് പറയാം. അതായത്, നാട്ടുകാരില്‍നിന്ന്, നാട്ടുകാര്‍ക്കുവേണ്ടി, നാട്ടുകാര്‍ തിരഞ്ഞെടുക്കുന്നവരായിരിക്കും, ഇനി ഈ നാട് ഭരിക്ക്യാന്‍ പോണത്. ചുരുക്കി പറഞ്ഞാ ഇവിടുന്നങ്ങോട്ട് ചെറുമനെ ആര് ഭരിക്കണന്ന് ചെറുമന് തീരുമാനിക്കാന്ന്..."

വീണ്ടും മിഴിച്ചു നില്‍ക്കുവാനേ ചെറുമന് കഴിഞ്ഞുള്ളൂ. രാജാവ് ഒന്നു കൂടി വ്യക്തമാക്കി.

"എന്ന് വെച്ചാ നാളെ മുതല്‍ ചെറുമനാണ്... രാജാവെന്നര്‍ത്ഥം."

തിരുമനസ്സിന്റെ നാവു കുഴയുന്നുണ്ടോ. ചെറുമന്റ കണ്ണുകള്‍ അദ്ദേഹത്തിന്റെ മുന്നിലിരിക്കുന്ന പീഠത്തിലേയ്ക്ക ചെന്നു. സായിപ്പ് കൊണ്ടുവന്ന് കൊടുത്തിട്ടുപോയ ചുവന്ന നിറമുള്ള, കയ്പ്പുരസമുള്ള കൃത്രിമ കള്ള്... സേവ തുടങ്ങിയതിന്റെയാകും.

"ഇതകത്തു ചെന്നിട്ട് പറയുന്നതല്ല, ചെറുമാ... അതൊരു സത്യമാണ്... ഇങ്ങോട്ട് അടുത്ത് വര്വാ..."

പുറത്തു നിന്നേ ശീലൊള്ളൂ. ചെറുമന്‍ മടിച്ചുതന്നെ നിന്നു.

"രാജാവാകുമ്പോ കിരീടവും ചെങ്കോലും ഒക്കെ വേണ്ടേ... ദാ... ഇതെല്ലാം ഇനി ചെറുമന്‍തന്നെ വെച്ചോളൂ."

"അടിയന്റെ കൈയ്യീന്ന് ന്തേലും തെറ്റ് പറ്റിയോ... മാപ്പാക്കണം ..."

"തെറ്റ് പറ്റിയത് നമുക്കാണ് ചെറുമാ... ഇത്രേം കാലം, രാജാവാണെന്നും കരുതി സുഖിച്ചങ്ങട് കഴിഞ്ഞു.... സായിപ്പാണ് മിടുക്കന്‍. തൊലി വെളുത്തവന്റെ ബുദ്ധി അപാരം. വര്വാ.. ഇതങ്ങട് വാങ്ങിക്ക്യാ."

രാജാവിന്റെ നീട്ടിപിടിച്ച കൈകളില്‍ കിരീടവും ചെങ്കോലും കണ്ട് ചെറുമന്‍ ഭയന്നു.

"അങ്ങുന്നെ..!!!."

"ന്താ ചെറുമാ... നോം കല്‍പ്പിച്ചാ അനുസരിക്കാന്‍ പറ്റില്ല്യാന്നുണ്ടോ... അധികാരം കൈമാറുന്നത് വരെ നോം തന്നെയാണ് രാജാവ് എന്ന കാര്യം മറക്കണ്ട."

ലഹരിയും ദേഷ്യവും രാജാവിന്റെ കണ്ണുകളെ ചുവപ്പിച്ചതുപോലെ. ചെറുമന്‍ പേടിച്ചു. സേവയ്ക്കിടയില്‍ പലതും പറയാറുണ്ടെങ്കിലും ഇതുപോലെ ആദ്യമായിട്ടാണ്. എന്തായാലും വാങ്ങിക്ക്യന്നെ. ബോധം വരുമ്പോ തിരിച്ചുകൊടുക്കാലോ... അതെല്ലാം ഏറ്റു വാങ്ങുമ്പോള്‍ ചെറുമന്റെ കൈ വിറക്കുന്നുണ്ടായിരുന്നു. കിരീടത്തിനും ചെങ്കോലിനും, അദ്ധ്വാനിച്ചു തഴമ്പിച്ച തന്റെ ബലിഷ്ഠമായ കൈകള്‍ക്കുപോലും താങ്ങാന്‍ കഴിയാത്തത്ര ഭാരമുള്ളതായി ചെറുമന് തോന്നി. രാജാവ് ഒന്നിളകി ചിരിച്ചു.

"ഈ ദിവസം ഓര്‍മ്മ വെച്ചോളൂ ചെറുമാ.. ഇന്നു നിന്റെ പട്ടാഭിഷേകമാണ്. പട്ടാഭിഷേകം."

രാജാവിന്റെ പൊട്ടിച്ചിരി. ഭയപ്പെടുത്തുന്ന ചിരി.

"കാതുകള്‍ കൂര്‍പ്പിക്കൂ.. ചെറുമാ... ശ്രദ്ധിക്കൂ.. അങ്ങകലെ സ്വാതന്ത്ര്യത്തിന്റെ, ജനാധിപത്യത്തിന്റെ പ്രഖ്യാപനം നടക്കുകയാണ്. പൊയ്‌ക്കോളൂ ചെറുമാ.. നിന്റെ കൂട്ടരുമൊത്ത് സന്തോഷം പങ്കുവെക്കൂ. ഇത്രയും കാലം നമ്മുടെ  ആട്ടും തുപ്പും സഹിച്ചതിന് നന്ദി. നാളെ മുതല്‍ ചെറുമന്‍ കൊട്ടാരത്തിലേയ്ക്കു വരണമെന്നില്ല. മറ്റെവിടെയെങ്കിലും പോയി എന്തെങ്കിലും പണിയെടുത്ത് ജീവിച്ചോളൂ.."

മടിച്ചും ഭയന്നും നില്‍ക്കുന്ന ചെറുമനോട് രാജാവ് സ്വരം കടുപ്പിച്ചു.

"ന്താത്രെ ആലോചിക്കാന്‍.. ഉം... പൊയ്‌ക്കോളൂ."

കൊട്ടാരത്തിനു പുറത്തുകടക്കുമ്പോള്‍ ചെറുമന്‍ മനസ്സിലാക്കി. അന്ന് പുറത്താക്കപ്പെട്ടവരില്‍ ഒരാള്‍ മാത്രമാണ് താനെന്ന്.
.......................................................................................................

സഞ്ചിയില്‍ നിന്നും പുറത്തെടുത്ത, തിളങ്ങുന്ന കിരീടവും രാജമുദ്രയോടുകൂടിയ ചെങ്കോലും കണ്ട് വള്ളിയുടെ കണ്ണുകള്‍ പുറത്തേയ്ക്ക തള്ളി.

"ശത്യമാണോ മനുഷ്യാ നിങ്ങളീ പറയണത്.?"

"സത്യം തന്ന്യാടീ. തിരുമനസ്സിനെന്തു പറ്റിയെന്നറിയില്ല്യ. ഞാനാകെ പേടിച്ചുപോയി."

"എനിക്കും പേടിയാവ്ണ്ണ്ട്ട്ടാ..."

"ഇപ്പോ ആരോടും ഒന്നും പറയണ്ടാ... ഇനി ആരെങ്കിലും ചോയ്ച്ചാ തന്നെ കമ്മ്യൂണിസ്റ്റുകാരടെ നാടകത്തിന്ള്ളതാന്ന് പറഞ്ഞാ മതി."

"നിങ്ങളതൊന്ന് വെച്ച് നോക്ക്യേ മന്‍ഷ്യാ."

"ഒന്നങ്ങട് തന്നാണ്ട്‌ല്ലോ."

"ഓ പിന്നെ നിങ്ങള് രാജാവായി കാണാനുള്ള മോഹം കൊണ്ട്വന്നല്ല ഞാന്‍ പറഞ്ഞെ.."

"പിന്നെ.."

"അതോ... നിങ്ങള് രാജാവായാ... പിന്നെ ഞാന്‍ രാജ്ഞിയല്ലേന്ന്.."

"വെര്‍തെ ഒച്ച വെച്ച് രാജകുമാരനെ എണീപ്പിക്കണ്ട.. മിണ്ടാണ്ട് കെടക്കാന്‍ നോക്കീക്കോ നീ."
....................................................................................

രാജാവ് പറഞ്ഞത് ശരിയായിരുന്നു. അടുത്ത ദിവസം കരപ്രമാണിയും കൂട്ടാളികളും കാണാന്‍ വന്നു. ചെറുമന്റെ മുമ്പില്‍ തൊഴുതുനിന്നു. ഏറ്റവും മുന്നില്‍ കരപ്രമാണി തലകുനിച്ചുനിന്നു.

"അടിയനൊരവസരം തരണം. അങ്ങയെയും ഈ നാടിനേയും സേവിക്കുവാന്‍."

ചെറുമന്‍ വള്ളിയെ നോക്കി. വള്ളി ചെറുമനേയും. വിശ്വസിക്കാന്‍ പറ്റ്ണില്ല. രാജാവ് പറഞ്ഞത് സത്യായോ.. ചെറുമന്‍ ശരിക്കും രാജാവായോ.. വള്ളിയുടെ ഒക്കത്തിരുന്ന് മൂക്കൊലിപ്പിക്കുന്ന രാജകുമാരനെ എടുത്തോമനിച്ചുകൊണ്ട്, കരപ്രമാണി ഓര്‍മ്മിപ്പിച്ചു.

"ചര്‍ക്കയാണ് ചിഹ്നം. ഗാന്ധിജിയുടെ ചര്‍ക്ക."

ചെറുമനും വള്ളിക്കും ഒന്നും മനസ്സിലായില്ല. വന്നവര്‍ തിരിച്ചുപോയപ്പോള്‍ വള്ളി ചോദിച്ചു.

"അതേയ്... നിങ്ങള് ശരിക്കും രാജാവായാ... ആ കിരീടോം കൂടി വെച്ച് നിന്നിരുന്നെങ്ങി ഒന്നൂടെ പത്രാസ് ആയേനെ.."

"ഒന്നങ്ങട് തന്നാണ്ടല്ലോ... ഇനീപ്പോ എന്ത് പണിയ്ക്ക പോവുംന്നാലോചിച്ച്‌ നിക്കുമ്പഴാ.."
................................................................................

മണ്ണെണ്ണ വിളക്കിന്റ വെളിച്ചത്തില്‍, പത്താംക്ലാസ്സ് പരീക്ഷയ്ക്ക് രാമു പഠിക്കണതും നോക്കി ചെറുമന്‍ നെടുവീര്‍പ്പിട്ടു. ഈശരന്‍മാരെ.. എന്റെ മോനെങ്കിലും നല്ല നെലേല് എത്താന്‍ പറ്റണെ. അരിയില്‍നിന്നും പുഴുക്കളെ എടുത്ത് കളയുമ്പോള്‍ വള്ളിക്കൊരു സംശയം.

"അതേയ്.. നിങ്ങക്ക് റേശന്‍കട ലാശറേട്ടനോടെങ്കിലും ആ ശത്യം പറയാര്‍ന്നില്ലേ."

"ഏത് സത്യം..?"

"ശരിക്കും നിങ്ങള് രാജാവാന്ന്ള്ള ആ കാര്യം. അയാള്‍ക്കറിയാഞ്ഞിട്ടാകും.. അല്ലെങ്കില്‍ നല്ല അരി തന്നേനെ."

"ഒന്നങ്ങട് തന്നാണ്ടല്ലോ.. ആ ചെക്കന്‍ കുത്തിയിരുന്ന് പഠിക്കണ നേരത്താ നിന്റൊരു തമാശ.."

"എന്റെ മോന്‍ ജയ്ക്കും എനിക്കൊറപ്പാ. മതി കുട്ടാ ഇനി നാളെ പഠിക്ക്യാ.. കഞ്ഞികുടിച്ച് ഒറങ്ങിക്കോ."

നല്ല നിലാവ്. മുറ്റത്തൂടെ ബീഡിയും വലിച്ച് ഉലാത്തുന്ന രാജാവ്. ആ കാഴ്ച കണ്ടപ്പോള്‍ വള്ളിയ്ക്ക് ചിരിയൂറി വന്നു.

"രാജാവേ... പള്ളിയുറക്കത്തിന് നേരായില്ല്യേ.."

ചെറുമന്‍ വേറൊരു ലോകത്തായിരുന്നു.

"നമ്മടെ രാമു ജയ്ക്കും അല്ലേ വള്ള്യേ... ആലോചിക്കുമ്പോ എനിക്ക് കണ്ണ് നെറയ്യാ.."

"ജയ്ക്കുംന്ന് ഞാന്‍ പറഞ്ഞൂന്നേ ഉള്ളൂ.. അവനും ഒറപ്പൊന്നൂല്ല്യ.. ആഗ്രഹ്ണ്ട്.. പക്ഷേങ്കില് മറ്റുകുട്ട്യോള്‍ടെപോലെ പഠിക്ക്യാന്‍ പറ്റ്ണില്ല്യാത്രെ.. ടൂഷനൊക്കെ വിടാന്‍ നമ്മടേല് കാശെവിട്യാ.. ഉസ്‌കൂളിലും അവനെ മറ്റുകുട്ട്യോള്‍ടെ എടേലൊന്നും ഇര്ത്തില്ല്യാത്രെ.. മാറ്റി ഇര്ത്തീട്ടാര്‍ത്രെ പഠിപ്പിക്ക്യാ... അവന് നല്ല വെഷമംണ്ട്... അവര്ക്കറിയില്ല്യാലോ.. അവനൊരു രാജകുമാരനാന്ന്."

വള്ളി കുടിയിലേയ്ക്ക ഓടിക്കയറി. രാജാവിന്റെ തഴമ്പിച്ച കൈ പുറത്തു വീഴും മുമ്പെ.
.....................................................................................................

ചെറുമന്‍ കരയണത് കണ്ട് വള്ളി ചിരിച്ചു. മുപ്പത്തിയൊന്നാമത്തെ വയസ്സിലാണെങ്കിലും രാമുവിന് സര്‍ക്കാര്‍ ഗുമസ്തനായി ജോലികിട്ടിയല്ലോ. കല്യാണം കഴിഞ്ഞ് രാമുവും ഭാര്യയും നഗരത്തിലെ വാടകവീട്ടിലേയ്ക്ക്‌ താമസം മാറ്റിയപ്പോള്‍ ചെറുമനും വള്ളിയും സങ്കടം ഉള്ളിലൊതുക്കി. നല്ല സ്‌കൂളും സൗകര്യങ്ങളുമുള്ള നഗരം. അവനും കുടുംബമെങ്കിലും രക്ഷപ്പെടട്ടെ.

"കയിഞ്ഞ ഓണത്തിന് ഒന്ന് വന്ന് പോയതല്ലേ...  ആ ചെറുതിന്റെ മൊഖം കണ്ണില് കെടന്ന് പാറികളിക്ക്യാ.. നിങ്ങക്കൊന്ന് പോയി കണ്ടൂടെ... ബാങ്കീന്ന് വന്ന ആ നോട്ടീശിന്റെ കാര്യം കൂടി അവനോട്..... എനിക്ക് നടക്കാന്‍ വയ്യാ. ഇല്ല്യങ്കി ഞാനും കൂടി...".

"കുട്ട്യോളെ എനിക്കും കാണണംന്ന്ണ്ട്..  ബാങ്കീന്ന് വന്ന കടലാസ്സിന്റെ കാര്യം പറയണംന്നും. നാളെ ഒന്ന് പോയാലോന്ന് വിചാരിക്ക്യായിരുന്നു. കുടി വിട്ടാ പാടം. പാടം വിട്ടാ കുടി.ബസ്സിലൊന്നും പോയി ശീലല്ല്യ. എന്നാലും ഒന്ന് പോയിനോക്കന്നെ..

ചുമയെ പിടിച്ചുനിര്‍ത്താന്‍ ചെറുമന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഞരമ്പ് തടിച്ച കാല്‍വണ്ണ തിരുമ്മി വളളി നെടുവീര്‍പ്പിട്ടു.
............................................................................................

അകത്ത് കിടക്കാന്‍ രാമു നിര്‍ബന്ധിച്ചെങ്കിലും ചെറുമന്‍ കൂട്ടാക്കിയില്ല.

"ഞാന്‍ പൊറത്ത് എറയത്ത് കെടന്നോളാം. എടക്കിടെ ചൊമ വരും.. വന്നാപിന്നെ നിക്കില്ല്യ.. ഉണ്ണികുട്ടനും നിങ്ങക്കും അത് ശല്ല്യാവും."

നഗരത്തിന്റെ മണം ചെറുമന് തീരെ പിടിച്ചില്ല. ഇവിടെയെന്താ ഇങ്ങനെ..? എല്ലാര്‍ക്കും ഒരു വീര്‍പ്പുമുട്ടല്‍. രാമുവിന്റേയും വിമലയുടേയും വര്‍ത്തമാനത്തിന്റെ ശബ്ദം ഇടയ്ക്കിടെ ഉയരുന്നത് ചെറുമന്‍ ശ്രദ്ധിച്ചു. വരവും ചെലവും കൂട്ടിമുട്ടുന്നില്ല. വയ്യാത്ത കാലുംവെച്ച് വള്ളി കുത്തിയിരുന്നുണ്ടാക്കിയ മധുരമുള്ള ചക്കയട രാമു മാത്രെ തിന്നുള്ളൂ. ഉണ്ണികുട്ടന്‍ തൊട്ടുപോലും നോക്കിയില്ല. എങ്ങിന്യാ തിന്നാ... ടീവില് കാണിക്കണ പലഹാരങ്ങളാ ഇഷ്ടം. ഒന്ന് മനസ്സിലായി. വിമലക്കും ഉണ്ണികുട്ടനും വല്ല്യ വല്ല്യ സ്വപ്നങ്ങളാണ്. അവരുടെ ആശകളും അസംതൃപ്തികളും രാമുവിനെ അസ്വസ്ഥനാക്കുന്നുണ്ടാവണം. ഒരാശ്വാസത്തിനാവണം രാമു ഈയിടെയായി കുടി തൊടങ്ങീട്ടണ്ട്ന്ന്  തോന്ന്ണൂ. ഇടയ്ക്കിടെ രണ്ടുപേരും പരസ്പരം പ്രാകുന്നുണ്ട്. ചെറുമന് പേടി തോന്നി.

പിന്നെയെപ്പോഴോ അകത്തെ മുറിയിലെ രാത്രി നിശബ്ദമായി. പുറത്ത് ഇടക്കിടെ വാഹനങ്ങളുടെ ഇരമ്പല്‍. ചിലയിടങ്ങളില്‍ നായ്ക്കളുടെ കുര. തിരിഞ്ഞും മറിഞ്ഞും എഴുന്നേറ്റിരുന്നും ബീഡി വലിച്ചും ചുമച്ചും  രാത്രി കടന്നുപോയി. പുലര്‍ച്ചെ  ഒന്നു മയങ്ങിപോയെങ്കിലും ചെറുമന്‍ ഞെട്ടിയുണര്‍ന്നു. വിമലയുടെ നെട്ടോട്ടം. രാമുവിന്റെ പ്രാകല്‍. ഉണ്ണികുട്ടന്റെ പരാതികള്‍. ഏഴുമണിയ്ക്ക് സ്‌കൂള്‍ ബസ്സ് വരും. എല്ലാവരും തിരക്കിലാണ്. ചെറുമന്‍ യാത്ര പറഞ്ഞിറങ്ങി. രാമുവിന്റെ മുഖത്ത് എന്തോ ഒരു വിഷമമുള്ളതുപോലെ.. തിരക്കിനിടയില്‍ വിമലയും ഉണ്ണികുട്ടനും ചിരിച്ചുവെന്നു വരുത്തി. ജപ്തി നോട്ടീസ് കാണിച്ചിട്ടെന്തിനാ...? പാവം രാമു.

നഗരത്തില്‍ നിന്നും മടങ്ങുമ്പോള്‍ ചെറുമന്‍ ശ്രദ്ധിച്ചു. എല്ലാ പെണ്ണുങ്ങള്‍ക്കും വിമലയുടെ മുഖച്ഛായ. എല്ലാ ആണുങ്ങള്‍ക്കും രാമുവിന്റെ മുഖച്ഛായ. എല്ലാ കുട്ടികള്‍ക്കും ഉണ്ണികുട്ടന്റെ ഭാവം. ഈ നാടിനെന്തോ പ്രശ്‌നമുണ്ട്. എന്തൊക്കെയോ ആയിത്തീരാന്‍ അവരെ ആരൊക്കെയോ ചേര്‍ന്ന് നിര്‍ബന്ധിക്കുന്നുണ്ട്. കുറ്റപ്പെടുത്തുന്നുണ്ട്. എന്താണെന്നറിയില്ല. ആര്‍ക്കും ഒരു തൃപ്തിയില്ല. ആദ്യം കിട്ടിയ ബസ്സില്‍ ചെറുമന്‍ തൂങ്ങിപിടിച്ചുനിന്നു. ചെറുപ്പക്കാരെ ആരോ മയക്കി കിടത്തിയിരിക്കുകയാണ്. അല്ലെങ്കില്‍ ഒരു വയസ്സന്‍ ഇങ്ങനെ തൂങ്ങിപിടിച്ചുനിന്ന് കഷ്ടപ്പെടുന്നത് അവര്‍ കാണാതിരിക്കുമോ. അയാള്‍ വള്ളിയെ ഓര്‍ത്തു. നാടിന്റെ അവസ്ഥ ഇങ്ങന്യാന്ന് പറഞ്ഞാ, ചെലപ്പോ അവള് ചോദിക്കുമായിരിക്കും.

"നാണാവില്ല്യേ നിങ്ങക്ക്‌.. രാജാവാന്നും പറഞ്ഞ് നടക്കാന്‍... ഭരിക്ക്യാന്‍ അറിയില്ലെങ്ങ്യെ ആ കിരീടോം ചെങ്കോലും വേറെ ആര്‍ക്കെങ്ങിലും കൊടുക്കാര്‍ന്നില്ല്യേ."

വയസ്സന്റെ ചിരി ആരും കണ്ടില്ല. എല്ലാവരും തിരക്കിലായിരുന്നു.
..................................................................................

തിരിച്ച് കൂരയിലെത്തുമ്പോള്‍ വള്ളി കിടപ്പിലായിരുന്നു. അവരുടെ ഞരമ്പുകള്‍ തടിച്ച, നീരുവന്നു വീര്‍ത്ത, കാലുകള്‍ തടവി അയാള്‍ അടുത്തിരുന്നു. വള്ളിയ്ക്ക് നൂറ് നൂറ് ചോദ്യങ്ങളുണ്ടായിരുന്നു. ചെറുമന്റെ കയ്യില്‍ ഒരുപാട് നുണകളും. രാമുവിന്റെയും വിമലയുടേയും ഉണ്ണിക്കുട്ടന്റേയും വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ യാത്രയിലുണ്ടായ ഒരു വിശേഷാനുഭവം പറയാനായിരുന്നു ചെറുമന് തിടുക്കം.

"പട്ടണത്തില് ഒരു ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയപ്പോ ഞാന്‍ ശരിക്കുമൊന്ന് അന്ധാളിച്ചു പോയെന്റെ വള്ള്യേ... ചിത്രതുന്നലുകള്ള്ള തലപ്പാവ് വെച്ച, തോളത്തും കീശേമലും അരപ്പട്ടേലും ഒക്കെ ഏതോ രാജമുദ്രകള്ള്ള നീളന്‍ കുപ്പായമിട്ട ഒരു സേവകനാ ചായ കൊണ്ടുവന്നത്. പണ്ട് തിരുമനസ്സിന് കൊടുക്കാറുള്ളത് പോലെ ചന്തമുള്ള തളികേല് വെച്ചലങ്കരിച്ചാണ് ചായയും വലിയ ദോശയും കൊണ്ടുവന്നത്. അപ്പഴാ ഞാന്‍ ശരിക്കും ഒരു രാജാവാന്ന് തോന്നിയത്."

ആ വിശേഷം കേട്ട്, ആ രംഗം ഭാവനയില്‍ കണ്ട്, വയ്യാഞ്ഞിട്ടും വള്ളി കിടന്നിടത്തു കിടന്ന് കുലുങ്ങി ചിരിച്ചു. അതോര്‍ക്കും തോറും അവര്‍ക്ക് ചിരി പൊട്ടിക്കൊണ്ടേയിരുന്നു.

മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും ധരിച്ച്, തേഞ്ഞരഞ്ഞ ചെരുപ്പുകളുമിട്ട്‌, വിയര്‍ത്തൊലിച്ച് തളര്‍ന്നിരിക്കുന്ന പിച്ചക്കാരനെപോലുളള ഒരു വയസ്സന്‍ രാജാവ്. തലപ്പാവ് വെച്ച്, തോളത്തും കീശേമലും അരപ്പട്ടേലും രാജമുദ്രകള് പതിച്ച നീളന്‍ കുപ്പായമിട്ടു നില്‍ക്കുന്ന രാജാവിനെപോലുള്ള ഒരു സേവകനും. ചിരിയടക്കാന്‍ വള്ളി പാടുപെട്ടു. ചെറുമനും കൂടി ചിരിക്കാന്‍. ഇടയ്ക്കു കയറിവന്ന ചുമ ചെറുമന്റെ ചിരിയെ തടസ്സപ്പെടുത്തി.

"പിന്നെ, അവിടന്നെറങ്ങുമ്പോ വാതിലിന്‍മേ എന്തോ എഴുതി വെച്ചിട്ട്ണ്ടായിര്ന്ന്. പൊറത്ത് നിക്കണ ഒരാളോട് ചോയ്ച്ചപ്പോ ഇംഗ്ലീഷാന്നാ പറഞ്ഞേ. എന്തോ കസ്റ്റമര്‍ന്നോ കിംഗ്‌ന്നോ എന്തൊക്കെയോ പറഞ്ഞു. അതിന്റെ മലയാളം എന്താന്ന് ഞാന്‍ ഒന്നൂടെ ചോയ്ച്ചു. അപ്പോ അയാള് ചിരിച്ചിട്ട് പറയാ...നിങ്ങള് തന്ന്യാ രാജാവ്ന്ന്.... അത് കേട്ടതും എനിക്ക് പേടിയായി. രാജാവ് തന്ന കിരീടത്തിന്റേം മറ്റും കാര്യം അവരറിഞ്ഞു കാണുമോന്ന് ഒരു പേടി. പിന്നെ ആവുന്നത്ര വേഗത്തിലങ്ങട് നടക്കായിരുന്നു. ഓര്‍ക്കുമ്പോ ഇപ്പഴും കെതക്ക്യാ."

വര്‍ത്തമാനങ്ങള്‍ക്കിടയില്‍ വള്ളി പൊടുന്നനെ നിശ്ശബ്ദയായത് ചെറുമന്‍ ശ്രദ്ധിച്ചില്ലായിരുന്നു. ചെറുമന്റെ യാത്ര വിശേഷങ്ങള്‍ മുഴുവന്‍ കേള്‍ക്കുമ്പോഴേയ്ക്കും കണ്ണുകള്‍ തുറന്നുപിടിച്ചുള്ള ഒരു നീണ്ട ഉറക്കത്തിലേയ്ക്ക് വള്ളി വീണുപോയിരുന്നു. ആ കിടപ്പ് കണ്ട് ചെറുമന്‍ കരഞ്ഞു. വികൃതമായി.

വള്ളിയ്ക്ക് പിന്നാലെ കൂരയും പോയി. ജപ്തി കഴിഞ്ഞപ്പോള്‍, ഒരു സഞ്ചിയില്‍ നിറയ്ക്കാന്‍ കഴിയുന്നതെല്ലാം എടുത്ത് ചെറുമന്‍ യാത്രയായി. ചെറുമന്റെ മനസ്സ് പറഞ്ഞു. തിരുമനസ്സിനെ ഒന്നു കാണണം. വയസ്സായി കാണും. പറ്റുമെങ്കില്‍, അന്നുതന്ന കിരീടോം ചെങ്കോലുമൊക്കെ തിരിച്ചുകൊണ്ടുകൊടുക്കേം ചെയ്യാം. സ്വന്തം കൂര പോലും സംരക്ഷിക്കാന്‍ പറ്റാത്ത ഒരു രാജാവിനെന്തിനാ ഈ അലങ്കാരങ്ങളൊക്കെ. വള്ളി മോളിലിരുന്ന് ചിരിക്കണ്ണ്ടാവും.
...............................................................................

"രാജാവിനെ ഒന്ന് കാണാന്‍...?"

"രാജാക്കന്‍മാരുടെ കാലമൊക്കെ കഴിഞ്ഞില്ലേ മാഷെ... പണ്ട് ഇതൊരു കൊട്ടാരമായിരുന്നു. ഇപ്പോ ഇതൊരു മ്യൂസിയമാണ്."

"അപ്പോ രാജാവും കൂട്ടരുമൊക്കെ.?"

"അവര്‍ക്കൊക്കെ നാടുമുഴുവന്‍ സ്വത്തായിരുന്നില്ലേ. പിന്‍തലമുറക്കാര്‍ വേറെ എവിടെയെങ്കിലുമൊക്കെ പോയികാണുമായിരിക്കും."

ചെറുമന്‍ തിരിച്ചുനടന്നു. ചൂട്. ദാഹം. വഴിവക്കിലെ പൈപ്പില്‍നിന്നും വെള്ളം കുടിച്ച്, ക്ഷീണം തീര്‍ക്കാന്‍ അല്‍പ്പനേരം മതിലോരം ചേര്‍ന്നിരുന്നു. മയങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ മുന്നില്‍ കുറച്ചു ചില്ലറനാണയങ്ങള്‍. തൊട്ടടുത്ത് മറ്റൊരു യാചകനും ഇരിപ്പുണ്ട്. അയാളുടെ വരണ്ട ചുണ്ടുകളില്‍ വര്‍ഗ്ഗബോധത്തിന്റെ തളര്‍ന്ന ഒരു പുഞ്ചിരിയും. അതുവഴി കടന്നുപോയ ഒരു കാറില്‍ ഇരുന്നയാളെ ചെറുമന്‍ തിരിച്ചറിഞ്ഞു. അന്നൊരിയ്ക്കല്‍ തന്റെ മുന്നില്‍ തലകുനിച്ചുനിന്ന് അനുഗ്രഹം ചോദിച്ച കരപ്രമാണിയുടെ മകന്‍.

"ആ പോയത് മന്ത്രീടെ കാറാ."

യാചകന്‍ തന്റെ അറിവ് ചെറുമനുമായി പങ്കുവെച്ചു. ചെറുമന്റെ ചുണ്ടുകളില്‍ ഒരു വരണ്ട പുഞ്ചിരി വിടര്‍ന്നു. പാവം. ഒരു രാജാവിനോടാണ് പറയുന്നത്. മന്ത്രിയുടെ കാറാണത്രെ. അന്നാദ്യമായി ചെറുമന്‍ ആ രഹസ്യം വെളിപ്പെടുത്തി..

"പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല... ശരിക്കും ഞാന്‍ ഒരു രാജാവാണ്... ദാ.. ഇതു കണ്ടില്ലേ... കൊറേ കൊല്ലം മുമ്പ്  നാടുവാണിരുന്ന പൊന്നുതിരുമേനി നേരിട്ട് തന്നതാ. "

ചെറുമന്‍ സഞ്ചി തുറന്ന് കിരീടവും ചെങ്കോലും അയാള്‍ക്ക് കാണിച്ചുകൊടുത്തു. ജരാനരകള്‍ക്കിടയിലൂടെ മഞ്ഞപ്പല്ലുകള്‍ കാട്ടി യാചകന്‍ പൊട്ടിച്ചിരിച്ചു. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ശബ്ദം വളരെ താഴ്ത്തികൊണ്ടു പറഞ്ഞു.

"ഞാനും."

ചെറുമന്‍ ഞെട്ടി. കുഴിഞ്ഞ കണ്ണുകളില്‍, പീള കെട്ടിയതുപോലെ, അവിശ്വസനീയത തളം കെട്ടിനിന്നു. ചെറുമന് മാത്രം കാണാവുന്ന വിധത്തില്‍ ഭാണ്ഡം തുറന്നുപിടിച്ചുകൊണ്ട് യാചകന്‍ പറഞ്ഞു.

"ദാ കണ്ടോളൂ..."

അയാളുടെ ഭാണ്ഡകെട്ടിലുമുണ്ടായിരുന്നു. ഒരു കിരീടവും ചെങ്കോലും. .
..............................................................................

ഇടയ്ക്കിടെ വള്ളി വന്ന് ചോദിക്കും.

"പട്ടാഭിശേകം കയിഞ്ഞിട്ട് ഇത്രേം കൊല്ലായില്ലേ മന്‍ഷ്യാ.. ഇനീം എന്തിനാ അതൊക്കെ പൊതിഞ്ഞ് സൂശിച്ച് വെച്ചേക്കണെ... ഒന്നില്ലെങ്ങി വിറ്റ് കള. അല്ലെങ്ങി പണേം വെയ്ക്ക്... അല്ലെങ്ങി പിന്നെ.. അതൊക്കെ പൊറത്തെടുത്ത് ഒന്നങ്ങട് അണിഞ്ഞെ.. ഇനിയെങ്ങിലും
ഞാനൊന്ന് കാണട്ടെ..."

വള്ളി പറഞ്ഞാ ചെറുമന് കേള്‍ക്കാതിരിക്കാന്‍ പറ്റില്ല. ചെറുമന്‍ കീരീടം ധരിച്ചു. മെലിഞ്ഞു ചുളിഞ്ഞ വിരലുകളാല്‍ ചെങ്കോല്‍ മുറുകെ പിടിച്ചു. ഒരു രാജാവിനെപ്പോലെ അട്ടഹസിച്ചു. അതുകണ്ട് വള്ളി ചിരിച്ചു... ചെറുമനും ചിരിച്ചു... അതുവഴി പോയവരെല്ലാം ചിരിച്ചു.

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...