ദി ചെയ്ഞ്ച്

ട്രെയിൻ പ്രതീക്ഷിച്ചതിലും ലേറ്റാണ്. പ്ലാറ്റ്‌ഫോം ബെഞ്ചിൽ ഞങ്ങൾ നാല് പേരുണ്ടായിരുന്നു. എനിക്ക് തൊട്ടടുത്തിരുന്ന ജീൻസും ടീഷർട്ടുമണിഞ്ഞ പരിഷ്‌കാരിയ യുവാവ് കണ്ണടച്ചിരുന്ന് ഇയർഫോണിലൂടെ സംഗീതമാസ്വദിക്കുന്നു. അപ്പുറത്തിരുന്ന സന്യാസിവര്യൻ കാലുകൾ മുന്നോട്ട് നീട്ടിവെച്ച് തല പിറകിലേയ്ക്ക് ചായ്ച്ച് ചെറിയ ഒരു മയക്കത്തിലാണെന്നു തോന്നുന്നു. വേഷം കണ്ടിട്ട് ഒരു ബുദ്ധമത സന്യാസിയാണ്. അങ്ങേയറ്റത്തിരിക്കുന്ന ഖദർധാരിയായ വ്യക്തി അൽപ്പം മുമ്പു വരെ മൊബൈലിലേയ്ക്ക് കണ്ണുംനട്ട് കുനിഞ്ഞിരിക്കുകയായിരുന്നു. കുറച്ചുനേരം കഴുത്തിന് വിശ്രമമേകുവാനാകണം അയാളും തല പിറകിലേയ്ക്ക് ചായ്ച്ച് കണ്ണടച്ചിരിക്കുകയാണ്. ഇപ്പോഴും ഊരും പേരും ഒന്നും അറിയില്ലെങ്കിലും ഒരേ ആവശ്യത്തിനായുള്ള കാത്തിരിപ്പ് ഇതിനോടകം ഞങ്ങളെ അപരിചിതർ അല്ലാതാക്കിയിരുന്നു.

അപ്പോഴാണ് അവൾ മുന്നിൽ വന്നു നിന്നത്. ആവശ്യത്തിന് ബട്ടണുകൾ പോലുമില്ലാത്ത പിഞ്ഞിത്തുടങ്ങിയ ഒരു ഷർട്ട്. അഴുക്കുപിടിച്ച ഒരു കുട്ടി പാവാട. ചെരുപ്പുകളില്ലാത്ത പാദങ്ങൾ. എണ്ണമയമില്ലാത്ത നീണ്ടുചുരണ്ട മുടിയിഴകളിൽ ഉടക്കി നിറം നഷ്ടപ്പെട്ട ഒരു റിബൺ തൂങ്ങികിടക്കുന്നു. മുഖത്തിന്റെ ഇരുണ്ട നിറം അവളുടെ കണ്ണുകൾക്ക് തിളക്കം കൂട്ടുന്നതു പോലെ. നീതുമോളെ ഓർമ്മ വന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന നീതുമോളുടെ അതേ പ്രായം തന്നെയായിരിക്കണം ഇവൾക്കും. ഷർട്ട് പൊക്കിപ്പിടിച്ച് ഒട്ടിയ വയർകാണിച്ച് കൈനീട്ടിയപ്പോൾ ശരിക്കും പാവം തോന്നി. വായിച്ചുകൊണ്ടിരുന്ന മാഗസിൻ മടക്കിവെച്ച് പഴ്‌സെടുക്കുവാൻ ശ്രമിക്കുമ്പോൾ ആ കുഞ്ഞികണ്ണുകൾ വിടർന്നു. പഴ്‌സ് മുഴുവൻ അരിച്ചുപെറുക്കിയിട്ടും ഒരു നാണയത്തുട്ട് പോലും ഇല്ല. ആകെയുള്ള രണ്ടായിരത്തിലേക്ക് നീരാശയോടെ നോക്കി പഴ്‌സ് തിരികെ കീശയിലേയ്ക്കു തിരുകുമ്പോൾ അവൾ പ്രാകുമെന്നാണ് കരുതിയത്. അത്ഭുതപ്പെടുത്തികൊണ്ട് അവൾ ചിരിച്ചു. പിന്നെ വെട്ടിത്തിരിഞ്ഞ് ഓടിപ്പോയി. പാവം.

വിശപ്പിന്റെ തീവ്രത ചെറുപ്പത്തിൽ കുറേ അനുഭവിച്ചിട്ടുണ്ട്. മുടങ്ങാതെ അമ്പലത്തിൽ പോയിരുന്നത് അച്ഛൻ ഹിന്ദുവായിരുന്നതുകൊണ്ടോ ഭക്തികൊണ്ടോ ആയിരുന്നില്ല, ബാക്കിവരുന്ന നിവേദ്യപായസത്തിൽനിന്നും ഒരു ഭാഗം കിട്ടാനായിരുന്നു. ഞായറാഴ്ചകളിൽ മേരിലാൻഡ് ചെറിയ പള്ളിയിലെ സിസ്റ്റർമാരെ കാണാൻ പോയിരുന്നത് അമ്മ ക്രിസ്ത്യാനിയായതു കൊണ്ടോ വിശ്വാസംകൊണ്ടോ ആയിരുന്നില്ല, വെള്ളേപ്പവും ബീഫ്കറിയും തിന്നാനായിരുന്നു. പാവം കുട്ടി. വയറിനുമുകളിലായി നെഞ്ചിൻകൂടിന്റെ എല്ലുകൾ തെളിഞ്ഞുകാണാമായിരുന്നു. ഇനിയും അവൾ വരുകയാണെങ്കിൽ ഒരു വട വാങ്ങി കഴിക്കുന്നതിനുള്ള പൈസയെങ്കിലും കൊടുക്കണം. പക്ഷെ...

ഉറക്കത്തിലായിരിക്കില്ല എന്ന തോന്നിയതുകൊണ്ട്  ആദ്യം ചേയ്ഞ്ച് ഉണ്ടോയെന്ന് ചോദിച്ചത് ബെഞ്ചിന്റെ അങ്ങേയറ്റത്തിരിക്കുന്ന ഖദർധാരിയോടാണ്. പ്ലാറ്റ്‌ഫോമിലെ യാത്രക്കാരുടെ ശബ്ദകോലാഹലത്തിൽ അയാൾ അത് കേട്ടില്ലെന്നു തോന്നുന്നു. ഇയർഫോണിൽ സംഗീതമാസ്വദിക്കുന്ന പരിഷ്‌കാരിയായ യുവാവിനോടും ചോദിച്ചു. അയാളും കേൾക്കുന്നില്ല. ഉറങ്ങിപോയിട്ടുണ്ടാകാം. ഒരുപക്ഷെ മനപ്പൂർവ്വമുള്ള ഒരു എസ്‌കേപിസമായിരിക്കാം. അൽപ്പം മുമ്പ് നടന്ന സംവാദത്തിന്റെ ആഴം വെച്ചുനോക്കുമ്പോൾ അവരും നോട്ട് പ്രതിസന്ധിയുടെ ഇരകളായിരിക്കുവാനാണ് സാധ്യത. ഒരിയ്ക്കൽ കൂടി ചോദിക്കുവാൻ തുനിഞ്ഞതാണ്. പിന്നെ വേണ്ടെന്നു വെച്ചു. ഒരു ശല്യപ്പെടുത്തലിന്റെ നീരസഭാവം ഒഴിവാക്കുന്നതാണ് നല്ലതെന്ന് തോന്നി. ആ പെൺകുട്ടിയെ അടുത്തെങ്ങും കാണുന്നുമില്ല. എന്റെ ശബ്ദം കേട്ടിട്ടായിരിക്കണം ഖദർധാരിയുടെ അടുത്തിരിക്കുന്ന സ്വാമിജി കണ്ണുകൾ തുറന്ന് നിവർന്നിരുന്നു. അദ്ദേഹം ചോദിച്ചു.

"ചെയ്ഞ്ച് ?"

അദ്ദേഹത്തിന്റെ ശബ്ദഗാംഭീര്യം മറ്റുള്ളവരെക്കൂടി ഉണർത്തിയെന്നു തോന്നുന്നു. ഞാൻ പ്രതീക്ഷയോടെ തലയാട്ടി.

"സൺ... റിയൽ ചേയ്ഞ്ച് ഹേസ് റ്റും കം ഫ്രം വിതിൻ.."

(പുത്രാ.. ശരിയായ മാറ്റം... അത് ഉള്ളിൽനിന്നാണ് വരേണ്ടത്.)

സ്വാമിജിയുടെ ഉപദേശം കേട്ട് ചെറുതായൊന്ന് ഞെട്ടി. ' ചേയ്ഞ്ച് ' എന്ന വാക്കിനെ സ്വാമിജി തെറ്റിദ്ധരിച്ചരിരിക്കുന്നു. തിരുത്താൻ ശ്രമിച്ച എന്നെ അദ്ദേഹം തടഞ്ഞു.

"മോർ ഓവർ... ചേയ്ഞ്ചസ് ആർ ഒൺലി മെറ്റീരിയലിസ്റ്റിക്... ഇന്റലക്ച്വലി എവരിതിംഗ് റിമെയിൻ ദി സെയിം... എവിരിതിംഗ് ഡിപെൻഡ്‌സ് ഓൺ ഔർ പെഴ്‌സപ്ഷൻസ് ഏന്റ് ഇറ്റ് വേരീസ് ഫ്രം പേഴ്‌സൺ റ്റു പേഴ്‌സൺ. "

(അതിനേക്കാളുപരി... മാറ്റങ്ങൾ വെറും ഭൗതികം മാത്രമാണ്.... ആന്തരികമായി എല്ലാം അതേ അവസ്ഥയിൽതന്നെ നിലനിൽക്കുന്നു.... എല്ലാം നമ്മുടെ വീക്ഷണകോണുകളെ ആശ്രയിച്ചാണ് അനുഭവപ്പെടുന്നത്. അത് ഒരോ വ്യക്തികൾക്കനുസരിച്ചും മാറികൊണ്ടേയിരിക്കുകയും ചെയ്യുന്നു.)

നിസ്സഹായനായി സ്വാമിജിയുടെ തത്വചിന്തകൾ തലയാട്ടി അംഗീകരിച്ചു. അദ്ദേഹം അവിടെയിരുന്ന് അനുഗ്രഹിക്കുന്നതായി കാണിച്ചു. ജ്ഞാനവും അനുഗ്രഹവും പകർന്നുനൽകിയതിന്റെ നിർവൃതിയിൽ സ്വാമിജി വീണ്ടും കണ്ണുകളടച്ച് തല പിറകോട്ട് ചായ്ച്ച് ധ്യാനത്തിലേയ്ക്ക് കാൽ നീട്ടി. സ്വാമിജിയുടെ പ്ലാറ്റ്‌ഫോം പ്രഭാഷണം കേട്ടുണർന്ന ഖദർധാരിയുടെ ചിരിയിൽ ഒളിഞ്ഞിരിക്കുന്ന പുച്ഛം.

"ഇറ്റ്‌സ് വെരി ഇൻട്രസ്റ്റിംഗ്... "

(അത് വളരെ രസകരമാണ്...)

സംസാരിക്കുന്നത് ഖദർധാരിയാണ്. എന്റെ ശ്രദ്ധ അയാളെ കൂടുതൽ പ്രചോദിതനാക്കിയിരിക്കണം.

"വെരി ഇൻട്രസ്റ്റിംഗ്... ദാറ്റ് എവരിവൺ വാണ്ട്‌സ് ചേയ്ഞ്ച്... ബട്ട് സ്റ്റിൽ... നോവൺ വില്ലിംഗ് റ്റു ഏക്‌സെപ്റ്റ് ദി ചേയ്ഞ്ചസ്."

(വളരെ രസകരം.... മാറ്റങ്ങൾ എല്ലാവർക്കും വേണം.... എന്നാൽ അതേ സമയം മാറ്റങ്ങളെ സ്വീകരിക്കുവാൻ ആരും തയ്യാറുമല്ല.)

ഒരിയ്ക്കൽ കൂടി ഞെട്ടി. സ്വാമിജി കണ്ണുകൾ തുറക്കാതെ പുഞ്ചിരിക്കുന്നുണ്ട്. ഖദർധാരി ഒന്നുകൂടി പറഞ്ഞു.

"നത്തിംഗ് വിൽ ചേയ്ഞ്ച് ഹിയർ, ഇഫ് പീപ്പിൾ ആർ നോട്ട് റെഡി റ്റു ചേയ്ഞ്ച് ദെയർ ആറ്റിറ്റിയൂഡ്‌സ്."

(ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരാതെ ഇവിടെ ഒന്നും മാറാൻ പോകുന്നില്ല.)

സ്വാമിജി വീണ്ടും ഇടപെട്ടു.

"സൺ... നേച്ചർ ഹാസ് ഇറ്റ്‌സ് ഓൺ വേയ്‌സ് റ്റു ചെയ്ഞ്ച് എവരിതിംഗ്. ആന്റ് ഇറ്റീസ് ഹാപ്പനിംഗ് എവരി മൊമന്റ്. ഇറ്റ്‌സ് ലൈക്ക് വാച്ചിംഗ് ദി ബ്യൂട്ടി ഓഫ് സൺസെറ്റ്. ഇറ്റ് മേ സീം വെരി സ്ലോ.. ബട്ട് വെൻ യു ടേൺ യുവർ ഹെഡ് എറൗണ്ട് റ്റു സംതിംഗ് എൽസ്, ഇറ്റ്‌സ് ഗോൺ."

(പുത്രാ... പ്രകൃതിനിയമങ്ങൾക്കനുസൃതമായായാണ് എല്ലാ മാറ്റങ്ങളും സംഭവിക്കുന്നത്. ഓരോ നിമിഷവും അത് സംഭവിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. സൂര്യാസ്തമയത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നത് പോലെയാണത്. വളരെ മെല്ലെയെന്ന് തോന്നാം. എന്നാൽ ഒന്നു തിരിഞ്ഞുനോക്കുമ്പോഴേക്കും അത് പോയ്കഴിഞ്ഞിരിക്കും.)

യാത്രിയോം.. കൃപയാ ധ്യാൻ ദീജിയെ... ഗാഡി നമ്പർ... ബെംഗളുരു എക്‌സ്പ്രസ്....

ട്രെയിൻ ഇനിയും വൈകും. മറ്റൊന്നും ചെയ്യാനില്ല. ചർച്ച പൊടിപൊടിക്കുന്നുണ്ട്. പരിഷ്‌കാരിയായ യുവാവ് ഉറക്കത്തിൽനിന്നെന്ന പോലെ കണ്ണുകൾ തുറന്നു. ഇയർഫോണുകൾ ഊരിമാറ്റി ചെവികളെ സ്വതന്ത്രമാക്കി. അയാൾ വാച്ചിലേയ്ക്കും റെയിൽവേ ട്രാക്കിലേക്കും പ്ലാറ്റ്‌ഫോമിന്റെ ഇരുവശത്തേയ്ക്കും മാറി മാറി നോക്കി. ഞാൻ അയാളെ ആശ്വസിപ്പിച്ചു

"വീ ഹാഫ് റ്റു വെയ്റ്റ് ഫോർ ഹാഫ് ഏൻ അവർ മോർ."

(അരമണിക്കൂർ കൂടി നമ്മൾ കാത്തിരിക്കേണ്ടതുണ്ട്. )

അയാൾ വാച്ചിലേക്ക് നോക്കി പറഞ്ഞു.

"ഓ ഷിറ്റ്...  "

അസംതൃപ്തിയോടെ അയാൾ വീണ്ടും വീണ്ടും തലയാട്ടികൊണ്ടേയിരുന്നു. പിന്നെ ആരെയോ പ്രാകുന്നതുപോലെ പറഞ്ഞു.

"വാട്ടെ ഹെൽ ഈസ് ദിസ്... ദി ഹോൾ വേൾഡ് ഈസ് മൂവിംഗ് ഫാസ്റ്റ്.... വീ ആർ സ്റ്റിൽ ഗോയിംഗ് ലേറ്റ്."

(എന്തൊരു  നരകമാണിത്. ലോകം മുഴുവൻ വേഗത്തിൽ മുന്നേറികൊണ്ടിരിക്കുന്നു. നമ്മളാണെങ്കിൽ എപ്പോഴും വൈകികൊണ്ടേയിരിക്കുന്നു.)

അയാളുടെ വാക്കുകൾ ഞാനും ഖദർധാരിയും സ്വാമിജിയും ഒരുപോലെ ആസ്വദിച്ചു. ഖദർധാരി ഊർജ്ജിതനായി. അയാൾ അടിവരയിട്ടു.

"ദിസ് ഈസ് വാട്ട് ഐ വാസ് ട്രയിംഗ് റ്റു സെ. ഈവൺ ആഫ്റ്റർ സോ മെനി ഇയേഴ്‌സ് ഓഫ് ഫ്രീഡം, വി ആർ സ്റ്റിൽ ലിവിംഗ് ലൈക് സ്ലേവ്‌സ്. നെവർ ക്വസ്റ്റ്യൻസ് എനിതിംഗ്.. നത്തിംഗ് വിൽ ചേഞ്ച് ഹിയർ, ഇഫ് പീപ്പിൾ ഡോണ്ട് റിയാക്റ്റ്. "

(ഇതുതന്നെയാണ് ഞാൻ പറയാൻ ശ്രമിച്ചത്.... സ്വാതന്ത്ര്യത്തിനും ശേഷം ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മൾ ഇപ്പോഴും അടിമകളെപോലെയാണ് ജീവിക്കുന്നത്. ഒന്നിനേയും ചോദ്യം ചെയ്യുന്നില്ല. ജനങ്ങൾ പ്രതികരിക്കാത്തിടത്തോളം ഇവിടെ ഒന്നും മാറാൻ പോകുന്നില്ല.)

കുറച്ച് സെക്കന്റുകൾക്കു ശേഷം അയാൾ നിഷ്ചയദാർഢ്യത്തോടെ പറഞ്ഞു

"ചേഞ്ച് ഈസ് ഇനീവിറ്റബിൾ... ഇറ്റ് ഹേസ് റ്റു കം....  ആന്റ് ഇറ്റ് വിൽ."

(മാറ്റം ഒഴിവാക്കാനാവില്ല.... അത് സംഭവിച്ചേ തീരൂ... അത് സംഭവിക്കുക തന്നെ  ചെയ്യും.)

"ഓൾ ഡ്രീംസ് ആർ ഗുഡ് ടിൽ ദി റിയാലിറ്റി.."

(എല്ലാ സ്വപ്നങ്ങളും നല്ലതാണ്... യാഥാർത്ഥ്യം വരെ.)

പരിഷ്‌കാരിയായ യുവാവിന്റെ വാക്കുകൾ ഖദർധാരിയെ ചൊടിപ്പിച്ചു.

"ദി ഗവൺമെന്റ് ഈസ് എ ടോട്ടൽ ഫെയ്‌ലിയർ."

(സർക്കാർ മൊത്തം പരാജയമാണ്.)

പരിഹാസത്തിൽ പൊതിഞ്ഞ പുഞ്ചിരിയോടെ പരിഷ്‌കാരിയായ യുവാവ് എഴുന്നേറ്റ് നിന്ന് നടു നിവർത്തി. അൽപ്പം ഊർന്നുപോയിരുന്ന ജീൻസ് അരയിലേക്കു വലിച്ചുകയറ്റി ചുറ്റും നോക്കികൊണ്ട് അയാൾ ആവർത്തിച്ചു.

"പാസ്റ്റ് ഓർ പ്രസന്റ്... ഓൾ ആർ സെയിം.... പാർട്ടീസ് ചെയ്ഞ്ച്... ബട്ട് പോളിസീസ് റിമെയിൻ സെയിം.... ലീവിറ്റ് ബ്രോ."

(മുമ്പത്തേതായാലും ഇപ്പോഴത്തേതായാലും... എല്ലാം ഒരുപോലെതന്നെ... പാർട്ടികൾ മാറുന്നു. എന്നാൽ നയങ്ങൾ ഒട്ടും മാറുന്നില്ല... അത് വിട്ടേക്കൂ സഹോദരാ.)

സംവാദം തുടരുകയും തളരുകയും ചെയ്തുകൊണ്ടിരുന്നു. വീണ്ടും ആ പെൺകുട്ടി മുന്നിൽ. അവൾ അൽപ്പം അകലെയായി മാറിനിൽക്കുന്ന ഒരു മദ്ധ്യവയസ്‌കന്റെ നേർക്കുവിരൽ ചൂണ്ടി. യൂണിഫോമിൽ അല്ലാത്ത ഒരു പോർട്ടറെ പോലുണ്ട്. അയാൾ നോട്ടുകൾ എണ്ണുകയാണ്. ചെയ്ഞ്ച് വേണമോയെന്ന ചോദ്യം അയാളുടെ മുഖത്തുണ്ട്. അവൾ എന്നെയും അയാളെയും മാറി മാറി നോക്കുന്നു. അവൾ വിളിച്ചുകൊണ്ടുവന്നതാണോ... ഞാൻ തെല്ല് സംശയത്തോടെ അയാളുടെ അടുത്തേയ്ക്ക് ചെന്നു.

"എന്നാ സാർ... ചെയ്ഞ്ച് വേനമാ....?"

ഞാൻ തലയാട്ടി. രണ്ടായിരത്തിന്റെ നോട്ട് കൊടുത്തു. പകരം തന്ന മുഷിഞ്ഞ നൂറിന്റേയും അമ്പതിന്റേയും ഇരുപതിന്റേയും പത്തിന്റേയും അഞ്ചിന്റേയും നോട്ടുകൾ എണ്ണിനോക്കി. രണ്ടായിരത്തിന് പകരം ആയിരത്തിതൊള്ളായിരം മാത്രം. ഇത് കുറവാണെന്ന് പറയുന്നതിനു മുമ്പേ മറുപടി വന്നു.

"അത് വന്ത് കമ്മീസൻ സാർ."

എനിക്ക് അവസരം തരാതെ അയാൾ തിരിഞ്ഞുനടന്നു. ദേഷ്യം വന്നുവെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിശ്ചലനായി. ആ പെൺകുട്ടി അയാൾക്ക് പിറകേ ഓടുന്നതു കാണാം. അയാൾ കീശയിൽനിന്നും ഒരു മിഠായി എടുത്ത്, വേണമെങ്കിൽ വാങ്ങിച്ചോ എന്ന രീതിയിൽ, അവൾക്ക് നേരെ നീട്ടി. അവൾ വാങ്ങുന്നില്ല. അവൾ എന്തൊക്കെയോ പറഞ്ഞ് വാശിപിടിക്കുന്നുണ്ട്. അയാൾ ഗൗനിക്കുന്നേയില്ല. നടക്കുന്നതിനിടയിൽ അയാൾ മിഠായി അവൾക്കുനേരെ എറിഞ്ഞുകൊടുത്തു. ദേഷ്യംതീർക്കാനെന്നവണ്ണം അവളത് കാലുകൊണ്ട് ട്രാക്കിലേയ്ക്ക് തട്ടിതെറിപ്പിച്ചു. അവൾ പിന്നെയും അയാളുടെ പിന്നാലെ ചെന്ന് അയാളുടെ മടക്കികുത്തിയ മുണ്ടിനുതാഴെയായി, മുട്ടോളമെത്തുന്ന ട്രൗസറിൽ പിടിച്ചുവലിച്ചു. കാലിൽ തൂങ്ങി. നടക്കുന്നതിനിടയിൽ ആരോഗ്യവാനായ ആ മദ്ധ്യവയസ്‌കൻ കാൽ കുടഞ്ഞു. തെറിച്ചുവീണ അവൾ നിലത്തുകിടന്ന് അയാളെ പ്രാകി കരഞ്ഞു.

അതുവഴിവന്ന വിൽപ്പനക്കാരനിൽ നിന്നും രണ്ട് പൊതിച്ചോറുകൾ വാങ്ങി. പ്ലാറ്റ് ഫോമിന്റെ മറുഭാഗത്ത് വീണിടത്തുനിന്നും എഴുന്നേറ്റ് നിന്ന് കണ്ണുകൾ തുടച്ച് അവൾ എന്നെ പ്രതീക്ഷയോടെ നോക്കുന്നുണ്ട്. ഞാൻ കൈയ്യുയർത്തി മാടി വിളിച്ചു. അവൾ ഓടി അടുത്തേയ്ക്ക് വന്നു. എന്റെ ഒരു കയ്യിൽ ഭക്ഷണപൊതികളും മറുകയ്യിൽ മാറികിട്ടിയ നോട്ടുകളുമുണ്ടായിരുന്നു. എന്റെ ഊഹം ശരിയായിരുന്നു. അവൾ ഭക്ഷണപൊതിയ്ക്കുനേരെയാണ് വിരൽ ചൂണ്ടിയത്. തട്ടിപ്പറിക്കുന്നതുപോലെ ഭക്ഷണപൊതി വാങ്ങി അവൾ ഓടിപ്പോയി.

തിരികെവന്ന് ബെഞ്ചിലിരിക്കുവാൻ തുടങ്ങുമ്പോൾ, ഞാനെന്റെ മുഖം കണ്ടു. പാറൂട്ടി വാരസ്യാർ ഇലയിൽ പൊതിഞ്ഞ് നിവേദ്യപായസം നീട്ടുമ്പോഴും ലൂസി സിസ്റ്റർ ബീഫ് കറിയൊഴിച്ച് വെള്ളേപ്പം തരുമ്പോഴും സന്തോഷം കൊണ്ട് വിടരുന്ന എന്റെ മുഖം. കൈയ്യിലിരിക്കുന്ന പൊതി കാണുമ്പോൾ, സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന നീതുമോളുടെ മുഖവും കണ്ടു. വിശപ്പിന്റെ മുഖങ്ങൾക്കെല്ലാം ഒരേ ഭാവം. അന്നും ഇന്നും അതിനുമാത്രം ഒരു മാറ്റവുമില്ല. മാറ്റത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നവർ വീണ്ടും മയക്കത്തിലേയ്ക്ക് വീണുപോയിരിക്കുന്നു.

അടുത്തുവരുന്നുണ്ടായിരുന്നു ബെംഗുളുരു എക്‌സ്പ്രസിന്റെ കാഹളവും ചടുലതാളവും. താളാത്മകമായി ചലിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കി. പ്ലാറ്റ്‌ഫോം കടന്നുപോകുകയാണ്. ഒരുമൂലക്കിരുന്ന് തുറന്നുവെച്ച പൊതിയിൽ നിന്ന് ചോറുവാരിത്തിന്നുന്ന അവളോടൊപ്പം  ഒരു ആൺകുഞ്ഞ് കൂടിയുണ്ട്. ഭാരതത്തിന്റെ മക്കൾ.

22 അഭിപ്രായങ്ങൾ:

 1. വിശപ്പിന്റെ മുഖങ്ങൾക്കെല്ലാം ഒരേ ഭാവം. അന്നും ഇന്നും അതിനുമാത്രം ഒരു മാറ്റവുമില്ല..നല്ല എഴുത്ത്‌. ഇംഗ്ലീഷിൽ ഉള്ള ഡയലോഗുകൾ വായിക്കാൻ അല്പം ബുദ്ധിമുട്ടി..സന്യാസിയുടെ വാക്കുകൾ എങ്കിലും മലയാളത്തിൽ ആക്കാമായിരുന്നു.ഇഷ്ടപ്പെട്ടു... ആശംസകൾ സർ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പുനലൂരാൻ ജി.. താങ്കളുടെ അഭിപ്രായം മാനിച്ച് ഇംഗ്ലീഷിൽ ഉള്ള ഡയലോഗുകൾ മലയാളത്തിലും കൂടി ബ്രാക്കറ്റിലാക്കി ചേർത്തിരിക്കുന്നു. വായനയ്ക്കും അഭിപ്രായത്തിനും ആശംസകൾക്കും പെരുത്ത് നന്ദിയുണ്ട് കേട്ടോ.

   ഇല്ലാതാക്കൂ
 2. എന്തൊക്കെ മാറിയാലും വിശപ്പിന്‍റെ കാഠിന്യം എല്ലായ്പ്പോഴും ഒരുപോലെയാണ്...

  മറുപടിഇല്ലാതാക്കൂ
 3. രസിപ്പിക്കുകയും അതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്തു ഈ പോസ്റ്റ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആസ്വാദനത്തിനും അഭിപ്രായത്തിനും വളരെ നന്ദി.... ഷഹീദ് ഭായ്.

   ഇല്ലാതാക്കൂ
 4. കഥാപാത്രങ്ങളിലൂടെ,അവരുടെ ഭാവ ഭാഷണ ചലനങ്ങളിലൂടെ അനുവാചകനിലേക്ക് ചിന്തയുടെ ഓളങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന നല്ലൊരു പോസ്റ്റ്.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തങ്കപ്പേട്ടാ... ആസ്വാദനത്തിനും അഭിപ്രായത്തിനും ഒത്തിരി നന്ദീട്ടോ.

   ഇല്ലാതാക്കൂ
 5. വായിച്ചു സുധീർ. വയറു നിറഞ്ഞവർ 'change' നെ പറ്റിയുള്ള ബൗദ്ധികചർച്ചകളിൽ ഏർപ്പെട്ടു ബുദ്ധി തെളിയിച്ചുകൊണ്ടിരുന്നപ്പോൾ വിശപ്പറിഞ്ഞവർ 'change' കൊണ്ടുവരാൻ ആത്മാർത്ഥമായി പണിയെടുക്കുകയായിരുന്നു അല്ലേ !!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ ടീച്ചർ.. എല്ലാവരും 'ചെയ്ഞ്ചി'നു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

   ഇല്ലാതാക്കൂ
 6. സമ്പൂർണ്ണ ഡിജിറ്റൽ ഇന്ത്യയുടെ
  നിർമ്മാണ വേളകളിൽ പൊതു ജനം
  നേരിടുന്ന പ്രശ്നങ്ങൾ കുറച്ച് കഥപാത്രങ്ങളിലൂടെ
  വരച്ചുകാട്ടിയ ഒരു കഥ . അന്നന്ന് വിശപ്പടക്കാൻ
  എന്നും ബുദ്ധിമുട്ടുന്നവർക്ക് തന്നെയാണ് ഏത് പുതു സംഗതികൾ അരങ്ങേറുമ്പോഴും എന്നും ദുരിതങ്ങൾ ഉണ്ടാകുക ..അല്ലെ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മാറ്റങ്ങൾ നല്ലതുതന്നെ. പക്ഷെ മാറ്റങ്ങളുടെ പ്രയോജനം താഴേക്കിടയിലേയ്ക്ക് ലഭിക്കാത്തിടത്തോളം മാറ്റങ്ങൾക്കെല്ലാം എന്ത് അർത്ഥമാണുുള്ളത് മുരളീചേട്ടാ.

   ഇല്ലാതാക്കൂ
 7. മറുപടികൾ
  1. വായനയ്ക്കും വാക്കുകൾക്കും വളരെ നന്ദി വേട്ടത്താൻ ജി.

   ഇല്ലാതാക്കൂ
 8. വായിച്ചു സുധീര്‍...
  നല്ലൊരു ആശയം നല്ല അവതരണം...
  ആശംസകള്‍...
  പക്ഷെ സംഭാഷണങ്ങള്‍ ഇങ്ങിനെതന്നെ അവതരിപ്പിക്കേണ്ടിയിരുന്നോ... അത് നേരിട്ടല്ലാതെ നമ്മുടെ വാക്കുകളിലൂടെ മതിയായിരുന്നില്ലേ... സംഭാഷണങ്ങള്‍ അതിന്റെ പരിഭാഷ... ആ അവതരണത്തില്‍ എന്തോ ഒരു കല്ലുകടി തോന്നിപ്പോകുന്നു...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എഴുത്തുകാരനും എഡിറ്ററും ഒരാളാകുമ്പോള്‍ ഇത്തരം അപാകതകള്‍ സംഭവിക്കാം. കുറവുകള്‍ ചൂണ്ടി കാട്ടിയ താങ്കളുടെ അഭിപ്രായത്തിന് വളരെയധികം നന്ദി.

   ഇല്ലാതാക്കൂ
 9. വിശപ്പിന് മാത്രം ഒരു മാറ്റവുമില്ല.

  മറുപടിഇല്ലാതാക്കൂ
 10. മാറ്റങ്ങള്‍ക്ക് വരെ മാറ്റങ്ങള്‍. പക്ഷെ വിശപ്പിന് മാത്രം ഒരു മാറ്റവും ഇല്ലാ. അതുണ്ടാവാനും പോകുന്നില്ല.

  നന്നായിരിക്കുന്നു സുധീര്‍ദാസ്!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എഴുത്തുകാരി ബ്ലോഗുലകത്തേയ്ക്ക് തിരികെയെത്തിയോ... സന്തോഷം.. ആസ്വാദനത്തിനും അഭിപ്രായത്തിനും ഒത്തിരി നന്ദീട്ടോ.

   ഇല്ലാതാക്കൂ
 11. നന്നായി എഴുതി. ഭാരതത്തിന്റെ മക്കൾ എന്ന് വേണ്ടായിരുന്നു.
  വളരെ താമസിച്ചാണ് വന്നത്. വായിച്ചല്ലോ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആസ്വാദനത്തിനും അഭിപ്രായത്തിനും നന്ദി ബിപിന്‍ സാര്‍..

   ഇല്ലാതാക്കൂ