നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കുമാരസംഭവം @ കൊക്കൻസ് ടവർ

അന്ന് ഗ്രാമങ്ങൾ ജീൻസ് ധരിച്ചു തുടങ്ങിയിരുന്നില്ല. വഴിയോരങ്ങളിലെ പ്രധാന വ്യവസായം എസ്. ടി. ഡി. / ഐ. എസ്. ഡി ബൂത്തുകളായിരുന്നു. റേഡിയോ ശ്രോതാക്കൾ അവരറിയാതെ ടിവി പ്രേക്ഷകരായി രൂപാന്തരം പ്രാപിച്ചു തുടങ്ങിയിരുന്നു. മുടി രണ്ടായി പിന്നിയിട്ട, പാവാടയും ബ്ലൗസുമണിഞ്ഞ, ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ തരുണീമണികൾ, പുതുപണക്കാരന്റെ പത്രാസ്സോടെ കൂളിംഗ് ഗ്ലാസ്സ് വെച്ചു നില്ക്കുന്ന ചുള്ളൻ കമ്പ്യൂട്ടർ സെന്ററുകളെ ഒളികണ്ണിട്ടുനോക്കും കാലം. എന്നും ഒരു മുഴം മുമ്പേ ചിന്തിക്കാറുള്ള കുമാരേട്ടനും ബോധ്യപ്പെട്ടു. ആളുകൾ പറയുന്നതിലും കാര്യമുണ്ട്. പഴയകാലത്തെ പഠിപ്പൊന്നുമല്ല. കാലം മാറി, പഠിപ്പും മാറി. നാൽക്കവലയിലെ ഏക കോൺക്രീറ്റ് കെട്ടിടമായ കൊക്കൻസ് ബിൽഡിംഗിലെ ഇടുങ്ങിയ ഗോവണിപ്പടികൾ; രണ്ടാം നിലയിലേക്ക് മാത്രമുള്ളതായിരുന്നില്ല, ഭാവിയിലേക്ക് കൂടിയുള്ളതായിരുന്നു.
മകൾ റിസപ്ഷനിലെ സുന്ദരിയും ഗൗരവക്കാരിയുമായ മാഡത്തിനോട് സംസാരിച്ചുകൊണ്ടിരുന്നു. മാഡത്തിന്റെ മംഗ്ലീഷിലും ജാഡകളിലും അസ്വസ്ഥനായപ്പോൾ കുമാരേട്ടൻ മെല്ലെ പുറത്തേ ക്കിറങ്ങി. ചില്ലു ജാലകത്തിനപ്പുറം അവരെ കാണാം. സെന്ററിനോടുചേർന്നുള്ള ലാബ് എന്നെഴുതിവെച്ചിട്ടുള്ള ഭാഗത്ത് നിലയുറപ്പിച്ച് മകൾക്കായ് കാത്തുനിന്നു. ക്ലാസ്സ് കഴിഞ്ഞ കുറച്ച് കുട്ടികൾ ലാബിൽനിന്നും ഇറങ്ങിപോകുന്നുണ്ട്. ലാബിനുള്ളിലെ ക്യാബിനകത്തുനിന്നും അടക്കി പിടിച്ച സംഭാഷണം. കൗമാരം പ്രതിഫലിപ്പിക്കുന്ന ശബ്ദസൗകുമാര്യങ്ങൾ
"താൻ പേടിക്കാണ്ടിരിക്ക്.. ഞാനില്ല്യേ..?"
"ഇനീപ്പോ എവിട്യാ സമയം! എനിക്ക് പേടിയാവ്‌
ണ് ണ്ട് ട്ടാ "
"ഈ വക സില്ലി കേസ്സിനൊക്കെ ഇങ്ങനെ പേടിച്ചാലോ."
"നിങ്ങള് ബോയ്‌സിനൊക്കെ എല്ലാം സില്ല്യാ... "
"ഓ..പിന്നേ"
"അപ്പഴേ പറഞ്ഞതല്ലേ... അതൊന്നും വേണ്ടാന്ന്."
"എന്നും തിയറി മാത്രം മത്യോ.. കൊറച്ച് പ്രാക്ടിക്കലും കൂടി വേണ്ടെ."
ആൺകൗമാരത്തിന്റെ വക ഒരു ഇളിഞ്ഞ ചിരി.
"പ്രാക്ടിക്കല് കൊറച്ച് ഓവറായതാ പ്രശ്‌നായത്."
"ഞാൻ നോക്കീട്ട് ഇനി ഒരു വഴ്യേ ഉള്ളൂ."
"എന്താ.. പറയ്."
"കൊറച്ച് കടന്ന കയ്യാണ്."
"ന്നാലും പറയ്.."
"അത് പിന്നെ."
"ഓ... എന്തായാലും വേഗം പറയെഡാ.. "
"അബോർട്ട് ചെയ്യാം."
"അയ്യോ...."
"വേറെ വഴിയൊന്നും ഞാൻ നോക്കീട്ട് കാണണില്ല്യ"
"എന്നാലും അത്..."
കുമാരേട്ടൻ വേഗം തിരിഞ്ഞു നടന്നു. റിസപ്ഷൻ റൂമിലെത്തി. കോഴ്‌സിന് ചേരാൻ വന്ന മകളെയും പിടിച്ചുവലിച്ചു പുറത്തുകടന്നു. പരിഭ്രാന്തയായ മകളാകട്ടെ അച്ഛന്‍റെ ഭാവമാറ്റം അറിയാതെ വലഞ്ഞു.
"വാ മോളെ.. ഇവിടെ പഠിപ്പിക്കണത് വേറെ ചെലതാ... അതൊന്നും കുടുമ്മത്ത് പെറന്നോര്ക്ക് പറ്റീതല്ല."
സ്വപ്നലോകത്തുനിന്നും ഭൂമിയിലേക്കെത്താൻ ഗോവണിപ്പടികൾ ലക്ഷ്യമാക്കി അയാൾ ധൃതിയിൽ നടന്നകന്നു. കപ്പിനും ചുണ്ടിനുമിടയിൽ തുളുമ്പിപോകുന്ന ഫീസ്. റിസപ്ഷനിലെ സുന്ദരി മാഡം കറങ്ങുന്ന കസേരയിൽനിന്നും ചാടിയെഴുന്നേൽക്കുന്നു.
"എന്താണ്... എന്താണ് പ്രോബ്‌ളം."
മകളുടെ കൈയ്യുംപിടിച്ച് പുറത്തുകടക്കുന്നതിനിടയിൽ ആ ചോദ്യത്തിന് കുമാരേട്ടൻ മറുപടി പറഞ്ഞു.
"പ്രോബ്‌ളം എനിക്കല്ല... നിങ്ങടെ ലാബിലുള്ള പെങ്കുട്ടിക്കാ... ചെന്ന് നോക്ക്... പഠിച്ച് പഠിച്ച് ഇപ്പോ അബോർഷന്റെ വക്ക് വരെ എത്തീട്ട്ണ്ട്. വേഗം ചെന്നോ.. അല്ലെങ്കി കൂടെള്ള ആ ചെക്കൻ തടിതപ്പും."
സംഭവിച്ചതെന്തെന്നറിയാതെ പതറിപ്പോയ സുന്ദരി മാഡം സംശയത്തിന്റെ അകമ്പടിയോടെ ലാബിന്റെ ഭാഗത്തേക്കു നടന്നു. ക്യാബിന്റെ ഹാഫ്‌ഡോർ തള്ളിതുറക്കുന്നതിനുമുമ്പ് കാതുകൾ കൂർപ്പിച്ചു. പതിഞ്ഞ സ്വരത്തിൽ തുടരുന്ന സംഭാഷണം.
"താൻ എന്തെങ്കിലും ഒന്ന് സമ്മതിക്ക് ... ഇനിയും ഇഗ്നോർ ചെയ്തിട്ട് കാര്യല്ല്യ..?? അബോർട്ട് ചെയ്യാതെ വേറെ ഒരു ഓപ്ഷൻ ഇല്ല. "
"ഡാ.... ഒന്നുകൂടി ആലോചിച്ചിട്ട്.."
വെറുതെയല്ല അയാള് ആ കുട്ടിയേയുംകൊണ്ട് തിരിച്ചുപോയത്. ക്യാബിന്റെ വാതിൽ തള്ളിത്തുറന്ന് സുന്ദരി മാഡം ഗർജ്ജിച്ചു.
"വാട്ട്‌സ് ഗോയിംഗ് ഓൺ ഹിയർ."
കൗമാരങ്ങൾ ഞെട്ടി. ഭയഭക്തി ബഹുമാനങ്ങളോടെ ചാടിയെഴുന്നേറ്റു. പെൺകൗമാരം ശരീരം കൊണ്ട് അതിവിദഗ്ധമായി മോണിട്ടർ മറച്ചുപിടിക്കുവാൻ ശ്രമിച്ചു. മാഡം വീണ്ടും ഗർജ്ജിച്ചു.
"മനു... തനിക്ക്.. ഈ സമയത്ത് ലാബിലെന്താ കാര്യം"
"ഈ കുട്ടിക്ക് ഒരു സംശയം. അതൊന്ന്..."
"എന്ത് സംശയം... കുട്ടി മോണിട്ടറിന്റെ മുന്നിൽനിന്നും മാറിനിൽക്കൂ."
പെൺകൗമാരം മെല്ലെ മോണിട്ടറിന്റെ മുന്നിൽ നിന്നും മാറിനിന്നു. പെൺകൗമാരത്തിന്റെ കുറ്റബോധത്തേക്കാളും സുന്ദരി മാഡത്തെ ഞെട്ടിച്ചത് മോണിട്ടറിൽ കണ്ട കാഴ്ചയായിരുന്നു. ഒരു പരാജിതന്റെ ഭാവവുമായി ആൺകൗമാരം. ക്യാബിന്റെ പുറത്തുകടക്കുമ്പോൾ മാഡം വിളിച്ചു.
"മനു... കം വിത്ത് മി."
ദേഷ്യം കൊണ്ട് ചവിട്ടിമെതിച്ചു തിരിച്ചുപോകുന്ന മേഡത്തെ ആൺകൗമാരം അനുസരണയോടെ പിൻതുടർന്നു. റിസപ്ഷനിൽ മാഡത്തെ കൂടാതെ മറ്റാരും ഇല്ല. ഒരു ഇരയെ നഷ്ടപ്പെട്ട പുലിയുടെ ഭാവമാണെങ്കിലും മാഡത്തിന്റെ മുഖത്ത് ഒരു കള്ളച്ചിരിയുണ്ട്.
"താൻ ഒരു കുട്ടിയെ പറഞ്ഞുവിട്ടിരുന്നില്ലേ. ഒരു ന്യൂ അഡ്മിഷൻ."
"ഉവ്വ് മാഡം. ഒരു ശ്രീജ കുമാരൻ.... അവര് വന്നിരുന്നോ..?"
സുന്ദരി മാഡം നിസ്സംഗതയോടെ പറഞ്ഞു.
"വന്നിരുന്നു.. വന്നിരുന്നു "
'"എൻറോൾ ചെയ്‌തോ...? "
"ആ കുട്ടി സമ്മതിച്ചതായിരുന്നു. അപ്പോഴാണ് നിങ്ങളുടെ ഒരു അബോർഷൻ കേസ് "
"അല്ല മാഡം.... അത്... "
"മനസ്സിലായി... എല്ലാം എനിക്ക് മനസ്സിലായി. പക്ഷെ... നിങ്ങളുടെ സംസാരം ആ കുട്ടീടെ ഫാദർ പുറത്തുനിന്നും കേട്ടു. ഇവിടെ പഠിപ്പിക്കണത് കുടുമ്മത്ത് പെറന്നോര്ക്ക് പറ്റിയ കാര്യങ്ങളല്ലാന്ന് പറഞ്ഞിട്ടാണ് കുട്ടിയെ വിളിച്ചോണ്ട് പോയത്."
തലയ്ക്ക് കയ്യും വെച്ച് മനുവെന്ന ആൺകൗമാരം തളർന്നിരുന്നു.
"ഇത്ര ചർച്ച ചെയ്യേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ മനു...? ആദ്യമേയങ്ങ് അബോർട്ട് ചെയ്താ പോരായിരുന്നോ..?"
"ഞാൻ പറഞ്ഞതായിരുന്നു മേഡം. പക്ഷെ ആ കുട്ടി സമ്മതിക്കണ്ടെ... അപ്പോ ഇതുവരെ ചെയ്തതൊക്കെ വെറുതെ ആവില്ല്യേന്നാ ആ കുട്ടി ചോദിക്കണെ... എന്താ പറയാ. "
ചുണ്ടിലൂറിയ ചിരിയമർത്തി മാഡം ഗ്ലാസ്സ് ഡോറിലൂടെ വരാന്തയിലേക്ക് നോക്കി.
"താൻ ചെല്ല്.. ദാ.. ആ കുട്ടി അവിടെ നിന്ന് എന്തൊക്കെയോകൈയ്യും കലാശവും കാണിക്കുന്നുണ്ട്. മുഖഭാവം കണ്ടിട്ട് അബോർഷന്റെ സമയം കഴിഞ്ഞുവെന്നാണ് തോന്നുന്നത്. വേഗം ചെല്ല്. എന്തെങ്കിലും ചെയ്ത് സോൾവ് ചെയ്ത് കൊടുക്ക്."
മനുവെന്ന ആൺകൗമാരം ഗ്ലാസ്സ് ഡോറിലൂടെ, ടെൻഷൻ കാരണം കൈവിരലുകൾ കുടഞ്ഞുകൊണ്ടിരിക്കുന്ന, ധന്യയെന്ന പെൺകൗമാരത്തെ അതീവ സഹതാപത്തോടെ നോക്കി. പിന്നെ മെല്ലെ എഴുന്നേറ്റ് ലാബിലേക്ക് നടന്നു. ശ്രീജ കുമാരൻ എന്ന ഒരു ഇര അലസ്സിപോയെങ്കിലും മോണിട്ടറിൽ കണ്ട കാഴ്ച ഓർത്തപ്പോൾ മാഡത്തിന്റെ ചുണ്ടിൽ അറിയാതെ വീണ്ടും ഒരു ചിരി വിടർന്നു. ലാബിൽ പെൺകൗമാരം വീണ്ടും ചിണുങ്ങാൻ തുടങ്ങി.
"ഡാ.. ഇനീപ്പോ അബോർട്ട് ചെയ്യാനും പറ്റുംന്ന് തോന്ന്ണില്ല്യ."
മനുവെന്ന ആൺകൗമാരം ഒരു നീണ്ട നെടുവീർപ്പിട്ടു. നിസ്സഹായതയോടെ മോണിട്ടറിലേക്ക് നോക്കിയിരുന്നു. ഹാങ്ങായി പോയ കമ്പ്യൂട്ടറിന്റെ മോണിട്ടറിൽ അപ്പോഴും തങ്ങിനിൽക്കുന്നുണ്ടായിരുന്നു, ഏറെ നേരമായി അവരെ കുഴപ്പിക്കുന്ന ഒരു എറർ മെസ്സേജ്. സോഫ്റ്റ്‌വെയർ ദേവത തളികയിൽവെച്ചു നീട്ടിയതുപോലെ മൂന്ന് ഓപ്ഷനുകൾ.
Unexpected error 
Do you want to continue? 

Abort....... Retry.......... Ignore
....................................................................................................................
(ഇ-മഷി നവംബര്‍ 2016 - ല്‍ പ്രസിദ്ധീകരിച്ചത് )

ചൂണ്ട

വില്ല്യംസ് തന്റെ ഷോപ്പിന്റെ പുറത്ത് ' Fishing Tickles ' എന്നെഴുതിയ ഒരു ബോര്‍ഡ് തൂക്കിയിട്ടു. അതിലൂടെ കടന്നുപോയ അയാളുടെ അയല്‍ക്കാരനും സുഹൃത്തുമായ ഹാര്‍വ്വി ഷോപ്പിനുള്ളിലേയ്ക്കു കയറി വന്ന് ഒരു പാക്കറ്റ് പോപ് കോണ്‍ വാങ്ങി കൊറിച്ചുകൊണ്ട് പറഞ്ഞു.

"മിസ്റ്റര്‍ വില്ല്യംസ്, താങ്കള്‍ എന്ത് മണ്ടത്തരമാണ് ആ ബോര്‍ഡില്‍  എഴുതിവെച്ചിരിക്കുന്നത്. ' Tackles ' എന്നതിനു പകരം ' Tickles '  എന്നാണ് എഴുതിയിരിക്കുന്നത്. ഈ തെറ്റ് ഇതുവരെ ആരും താങ്കളുടെ ശ്രദ്ധയില്‍ പെടുത്തിയില്ലേ.?"

വളരെ ശാന്തവും മാന്യവുമായിരുന്നു വില്ല്യമിന്റെ മറുപടി.

"ശരിയാണ്. അത് തെറ്റാണെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ ആ തെറ്റ് ചൂണ്ടികാണിക്കുവാന്‍ വരുന്നവരെല്ലാം, എന്തെങ്കിലും വാങ്ങികൊണ്ട് തിരിച്ചുപോകുന്നതിനാല്‍, ഞാനത് തിരുത്തേണ്ടെന്ന് കരുതി."

പോപ്‌കോണ്‍ തൊണ്ടയില്‍ കുരുങ്ങിയ ഹാര്‍വ്വി ഒരു പാക്കറ്റ് ജ്യൂസ് കൂടി വാങ്ങിയാണ് തിരിച്ചുപോയത്.

.......................................................................................

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഫലിത കഥകള്‍ എനിക്ക്‌ ഒരുപാടിഷ്ടമാണ്‌. ഞാന്‍ കേട്ടിട്ടുള്ള, വായിച്ചിട്ടുള്ള അത്തരം കഥകള്‍ എന്റെ ശൈലിയില്‍ പരിഭാഷപ്പെടുത്തി എന്റെ ബ്ലോഗിലെ "നര്‍മ്മം" എന്ന ലേബലില്‍ പങ്കുവെക്കുന്നു. എന്റെ വക കുറച്ച്‌ പൊടിപ്പും തൊങ്ങലുമൊക്കെ കൂട്ടിചേര്‍ത്തിട്ടുണ്ട്‌. 

മുന്നറിയിപ്പുകള്‍

മോംഗിയെന്ന ചിമ്പാന്‍സിയെ കുറിച്ച് കൂടുതലറിയുവാന്‍, അവന്റെ ഭീമാകരമായ കൂടിന്റെ കമ്പികളോടു ചേര്‍ത്ത് പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ വലിയ അക്ഷരങ്ങളില്‍ കുറിപ്പുകള്‍ എഴുതി വെച്ചിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയായിരുന്നു.

"1930 കളില്‍ പ്രമുഖ മനഃശാസ്ത്രജ്ഞന്‍, ഒരു കുഞ്ഞു ചിമ്പാന്‍സിയെ, തന്റെ സ്വന്തം കുഞ്ഞിനൊടൊപ്പം വളര്‍ത്തുവാന്‍ ശ്രമിച്ചു. മനുഷ്യകുഞ്ഞിനൊടൊപ്പം വളരുന്ന ചിമ്പാന്‍സികുഞ്ഞിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും വരുന്ന മാറ്റങ്ങള്‍ പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ സ്വന്തം കുഞ്ഞ് ചിമ്പാന്‍സിയെ പോലെ പെരുമാറുവാന്‍ തുടങ്ങുന്നത് കണ്ട ശാസ്ത്രജ്ഞന്  അധികം വൈകാതെതന്നെ പരീക്ഷണം ഉപേക്ഷിക്കേണ്ടി വന്നു എന്നതാണ് സത്യം."

ഇത്തരം അറിവുകളിലൂടെയും മോംഗിയുടെ കുസൃതികളിലൂടെയും മൃഗശാലയിലെ സന്ദര്‍ശകരുടെ തിരക്കേറി വന്നു. നൈസര്‍ഗ്ഗികമായ അവന്റെ വികൃതികളും കോമാളിത്തരങ്ങളും വളരെ രസകരമായിരുന്നു. കൂടിന്റെ നിശ്ചിത അകലത്തില്‍നിന്നും മാറിനിന്ന് മോംഗിയുടെ കുസൃതികള്‍ ആസ്വദിക്കുവാന്‍ വലിയ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും, അധികൃതര്‍ തുടര്‍ച്ചയായി ഓര്‍മ്മപ്പെടുത്തിയാലും സന്ദര്‍ശകരും കുട്ടികളും ചെവികൊള്ളാറില്ല.

വികൃതികളുടെ ഭാഗമായി മോംഗിയ്ക്ക് മറ്റൊരു ദൗര്‍ബല്യവുമുണ്ടായിരുന്നു. അവസരം കിട്ടിയാല്‍ സന്ദര്‍ശകരുടെ കണ്ണടകള്‍ തട്ടിയെടുക്കും. അവന്‍ ആദ്യമായി തട്ടിയെടുത്ത കണ്ണട, കൂട് പരിപാലിക്കുന്ന ജീനോ സിര്‍പിയ എന്ന മദ്ധ്യവയസ്‌കനായ ജീവനക്കാരന്റേതായിരുന്നു. കണ്ണടയില്ലാതെ കണ്ണ് കാണാനാകാത്ത അയാള്‍ക്ക് അത് വലിയൊരു നഷ്ടമായിരുന്നു. പതിവുപോലെ കൂട് വൃത്തിയാക്കി പുറത്ത കടന്ന് കൂടിന്റെ താഴിടുന്നതിനിടയിലാണ് അത് സംഭവിച്ചത്. കൂടിന്റെ കമ്പികള്‍ക്കിടയിലൂടെ തന്റെ നീണ്ട കൈനീട്ടി മോംഗി അയാളുടെ കണ്ണട തട്ടിയെടുക്കുകയായിരുന്നു. തിരിച്ചുകൊടുത്തില്ലെന്നു മാത്രമല്ല, മോംഗി തന്റെ കരുത്താര്‍ന്ന ഉള്ളംകയ്യില്‍ വെച്ചമര്‍ത്തി അത് പൊട്ടിച്ചു രസിക്കുന്നതും അയാള്‍ക്ക് കാണേണ്ടി വന്നു. അപ്രതീക്ഷിതമായി കണ്ണട നഷ്ടപ്പെട്ട നടുക്കത്തില്‍ കൂടിന്റെ താഴിടാന്‍ അയാള്‍ മറന്നുപോയി.. തങ്ങളുടെ പ്രിയപ്പെട്ട താരം, ഭീമാകാരനായ മോംഗിയെന്ന ചിമ്പാന്‍സി, കൂട് തുറന്ന് വെളിയില്‍വരുന്നത് കണ്ട ആരാധകവൃന്ദം നാലുപാടും ചിതറിയോടി. മൃഗശാല അധികൃതര്‍ വളരെ കഷ്ടപ്പെട്ടാണ് അവനെ കൂട്ടിലേക്ക് തിരിച്ച് കയറ്റിയത്. അതോടെ ജീനോ സിര്‍പിയയ്ക്ക കണ്ണട മാത്രമല്ല, തന്റെ ജോലി കൂടി നഷ്ടപ്പെട്ടു.

ആ സംഭവത്തിനു ശേഷമാണ് മോംഗിയ്ക്ക് കണ്ണട പ്രേമം തുടങ്ങിയത്. കിട്ടുന്ന അവസരങ്ങളിലെല്ലാം സന്ദര്‍ശകരുടെ കണ്ണടകള്‍ തട്ടിയെടുക്കും.അത് മൂക്കിന്‍തുമ്പത്ത് വെച്ച് ഗോഷ്ടികള്‍ കാണിക്കുകയാണ് പ്രധാന വിനോദം. ഇതിന്റെ പേരില്‍ പരാതികളും കൂടിക്കൂടി വന്നു. ഓരോ പ്രാവശ്യവും, തട്ടിയെടുക്കുന്ന കണ്ണടകള്‍ അവനില്‍നിന്നും തിരികെ വാങ്ങുവാനും വലിച്ചറിഞ്ഞവ കൂട്ടില്‍നിന്നും തിരികെയെടുത്ത് ഉടമസ്ഥര്‍ക്ക് നല്‍കുവാനും, കൂട് പരിപാലിക്കുന്ന ജീവനക്കാരന്‍ ഏറെ സമയം ചിലവഴിക്കേണ്ടി വരാറുമുണ്ട്. സന്ദര്‍ശകരുടെ പരാതികള്‍ ഏറിയപ്പോള്‍ കാഴ്ചബംഗ്ലാവിന്റെ അധികൃതര്‍ക്ക് മോംഗി ഒരു വലിയ തലവേദനയായി മാറി. ഒടുവില്‍ മോംഗിയുടെ ഈ വിചിത്ര സ്വാഭാവത്തെക്കുറിച്ച് പഠിക്കുവാന്‍ വിദഗ്ധനായ ഒരു മൃഗപരിശീലകന്റെ സഹായം തേടി.

അയാളുടെ വിലയിരുത്തലില്‍ മോംഗി, കണ്ണടകള്‍ മാത്രമാണ് തട്ടിയെടുക്കുന്നത്. ഒരു പക്ഷെ അവന്റെ കണ്ണുകള്‍ക്ക് കാഴ്ചശക്തി കുറവായിരിക്കാനുള്ള സാധ്യതയുണ്ടാകാം. വക്രചില്ലുകളുള്ള കണ്ണടകള്‍ വെക്കുമ്പോള്‍ ഒരുപക്ഷെ അവന് കാഴ്ചകള്‍ തെളിമയാര്‍ന്നതായി അനുഭവപ്പെടുന്നുണ്ടാകാം. ഏത് കണ്ണട വെച്ചാലാണ് തനിക്ക്‌ കാഴ്ചക്തി കൂടുന്നതെന്ന് തിരിച്ചറിയുവാനാകാതെ, കയ്യില്‍ കിട്ടുന്നതെല്ലാം മൂക്കിന്‍ തുമ്പത്ത് വെച്ചുനോക്കി പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാകാം മോംഗി സന്ദര്‍ശകരുടെ കണ്ണടകള്‍ തട്ടിയെടുക്കുന്നത്. ആ വിലയിരുത്തലില്‍ ഗൗരവമുണ്ടെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ ഉടന്‍ ഒരു ഒരു മൃഗഡോക്ടറുടെ സേവനം തേടി.

പരിശോധനയില്‍ മോംഗിയുടെ കണ്ണുകള്‍ക്ക് യാതൊരുവിധ ആരോഗ്യക്കുറവുമുണ്ടായിരുന്നില്ല എന്നാണ് ഡോക്ടര്‍ കണ്ടെത്തിയത്. സ്‌കാനിംഗില്‍ മോംഗിയുടെ വയറിനുളളില്‍ കണ്ണടചില്ലുകളുടെ ചില അംശങ്ങള്‍ കണ്ടെത്തിയ ഡോക്ടര്‍, അവന് പോഷകാഹാരങ്ങളുടെ കുറവുണ്ടെന്നും അത് പരിഹരിക്കുന്നതിനാവശ്യമായ നവീനമായ ഒരു ഭക്ഷണക്രമം നിര്‍ദ്ദേശിച്ച് കുറിച്ചുകൊടുക്കുകയും ചെയ്തു. പുതിയതും സ്വാദിഷ്ഠവുമായ ആഹാരപദാര്‍ത്ഥങ്ങള്‍ കിട്ടിതുടങ്ങിയപ്പോള്‍ മോംഗി കൂടുതല്‍ സന്തോഷവാനായി മാറി. പക്ഷെ തന്നെ സന്ദര്‍ശിക്കുവാനെത്തു- ന്നവരുടെ കണ്ണടകള്‍ തട്ടിയെടുക്കുന്നതില്‍ ഒട്ടും കുറവ് വരുത്തിയതുമില്ല.

മോംഗിയുടെ കണ്ണടപ്രേമത്തെ കുറിച്ച കേട്ടറിഞ്ഞ്, പരിണാമ സിദ്ധാന്തത്തില്‍ ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞന്‍ കാഴ്ചബംഗ്ലാവിലെത്തുകയും മോംഗിയെ ദിവസങ്ങളോളം നിരീക്ഷിക്കുകയും ചെയ്തു. നിഗമനങ്ങള്‍ വിസ്മയപ്പെടുത്തുന്നവയായിരുന്നു. ചിമ്പാന്‍സി വര്‍ഗ്ഗത്തില്‍പ്പെട്ട മോംഗി മനുഷ്യരെപ്പോലെ സൗന്ദര്യവര്‍ദ്ധനം ഇഷ്ടപ്പെടുന്നുവെന്നും കൂടുതല്‍ സുന്ദരനാകുവാനുള്ള അവന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് കണ്ണടകള്‍ തട്ടിയെടുക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. പരീക്ഷണാര്‍ത്ഥം അദ്ദേഹം സ്വന്തം ചിലവില്‍ ഒരു വലിയ കണ്ണാടി മോംഗിയുടെ കൂട്ടിനുള്ളില്‍ സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശ്ശിക്കുകയും ചെയ്തു. അതിനുശേഷം മോംഗി കൂടുതല്‍ സമയം കണ്ണാടിയ്ക്കു മുന്നില്‍ ചിലവഴിക്കുന്നതായും അദ്ദേഹം കണ്ടെത്തി. ശാരീരികസാമ്യങ്ങള്‍കൊണ്ടു മാത്രമല്ല, മനഃശാസ്ത്രപരമായും കുരങ്ങുവര്‍ഗ്ഗം മനുഷ്യവര്‍ഗ്ഗത്തോട് എത്രമാത്രം അടുത്തിരുന്നു എന്നതിന്റെ തെളിവായി അദ്ദേഹമതിനെ വ്യാഖ്യാനിക്കുകയും പരിണാമസിദ്ധാന്തത്തെ കുറിച്ച് വാതോരാതെ വാഴ്ത്തുകയും ചെയ്തു.

അദ്ദേഹത്തിന്റെ നിഗമനം ശരിയാണെന്ന് തിരിച്ചറിഞ്ഞ മൃഗശാല അധികൃതര്‍ ഉടന്‍തന്നെ മോംഗിയുടെ സൗന്ദര്യദാഹം ശമിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈകൊണ്ടു. അവന്റെ മുഖത്തിനും കണ്ണുകള്‍ക്കും അനുയോജ്യമായതും ആകര്‍ഷകമായ നിറങ്ങളിലുള്ളതുമായ, വലിയ കണ്ണടകള്‍ നിര്‍മ്മിച്ച് അവന് സമ്മാനിച്ചു. മോംഗി കൂടുതല്‍ സന്തോഷവാനായി. അവന്‍ തനിക്കു ലഭിച്ച വസ്തുക്കള്‍ കൗതുകപൂര്‍വ്വം നിരീക്ഷിക്കുകയും, അവ ഓരോന്നായി മൂക്കിനുമുകളില്‍ മാറി മാറി വെക്കുകയും കൂട്ടില്‍ സ്ഥാപിച്ചിട്ടുള്ള വലിയ കണ്ണാടിയില്‍ നോക്കി സ്വന്തം സൗന്ദര്യം ആസ്വദി്ക്കുകയും, തന്റെ ആരാധകരായ സന്ദര്‍ശകരെ നോക്കി ഇടയ്ക്കിടെ പല്ലിളിച്ചു കാണിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പക്ഷെ ഇതുകൊണ്ടൊന്നും മോംഗിയുടെ കണ്ണടപ്രേമത്തെ ഇല്ലാതാക്കുവാന്‍ കഴിഞ്ഞില്ല. അവസരം കിട്ടുമ്പോഴെല്ലാം അവന്‍ സന്ദര്‍ശകരുടെ കണ്ണടകള്‍ തട്ടിയെടുത്തുകൊണ്ടേയിരുന്നു. സന്ദര്‍ശകരുടെ പരാതി നഗരസഭാ അദ്ധ്യക്ഷന്റെ ചെവിയിലുമെത്തി. അദ്ദേഹം തന്റെ വിശ്വസ്തനായ പ്രതിനിധിയെ അന്വേഷണത്തിനായി നിയോഗിച്ചു. മോംഗിയുടെ കൂടിനു ചുറ്റും നാലടി അകലത്തില്‍ ഒരു അരഭിത്തി സ്ഥാപിക്കുന്നതിലൂടെ ഈ വിഷയത്തിലൊരു പരിഹാരം കാണാമെന്നായിരുന്നു നഗരസഭയുടെ വിലയിരുത്തല്‍. അതിനായി ഒരു അടങ്കല്‍ തയ്യാറാക്കുവാന്‍ മൃഗശാല അധികൃതരോട് നിര്‍ദ്ദേശിച്ചു. നഗരസഭാ അദ്ധ്യക്ഷന്റെ പ്രത്യേക ദൂതന്‍ മുഖേന, ആവശ്യമുള്ളതിനേക്കാള്‍ മൂന്നിരട്ടി തുക അടങ്കലില്‍ വകയിരുത്തുവാന്‍, മൃഗശാല ഉദ്യോഗസ്ഥന് രഹസ്യനിര്‍ദ്ദേശവും നല്‍കി. പ്രതിപക്ഷം ഇടപെട്ടപ്പോള്‍ തുക നാലിരട്ടിയായി ഉയരുകയും നഗരസഭ ഐകകണ്‌ഠ്യേന തുക അനുവദിക്കുകയും ചെയ്തു.

അരഭിത്തിയുടെ ഉദ്ഘാടനം നടത്തിയ നഗരസഭാ അദ്ധ്യക്ഷന്‍, മോംഗിയെന്ന ചിമ്പാന്‍സി, മൃഗശാലയുടെ മാത്രമല്ല, നാടിന്റെ കൂടി അഭിമാനമാണെന്നു പ്രഖ്യാപിച്ചു. ചടങ്ങില്‍ സംസാരിച്ച പ്രതിപക്ഷനേതാവ്, അരഭിത്തി നിര്‍മ്മാണത്തിന് ചിലവഴിച്ച ഭീമമായ തുകയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയും, ഇത്രയും കാലം സന്ദര്‍ശകരുടെ കണ്ണടകള്‍ നഷ്‌പ്പെടുവാന്‍ ഇടയായതിന്റെ കാരണം ഭരണപക്ഷത്തിന്റെ കഴിവുകേടുകൊണ്ടാണെന്ന ഗുരുതര ആരോപണം അഴിച്ചുവിടുകയും ചെയ്തു. തൊട്ടടുത്ത്, കൂടിനു ചുറ്റും അരഭിത്തി നിര്‍മ്മിച്ചതിന്റെ പ്രതിഷേധം ഇടക്കിടെ, ഉറക്കെ അലറിക്കൊണ്ടും കൈകള്‍ മാറത്തടിച്ചുകൊണ്ടും, മോംഗി അറിയിച്ചുകൊണ്ടേയിരുന്നു.

നഷ്ടപ്പെടുന്ന കണ്ണടകളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും, അരഭിത്തി നിര്‍മ്മാണം കൊണ്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുവാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. ഉയരം കുറഞ്ഞ അരഭിത്തിക്കു മുകളിലൂടെ ഏന്തിവലിഞ്ഞ് എത്തിനോക്കിയ കുട്ടികളുടേയും മുതിര്‍ന്നവരുടേയും കണ്ണടകള്‍ മോംഗി തക്കം നോക്കി തട്ടിയെടുക്കുവാന്‍ തുടങ്ങി. സന്ദര്‍ശകരുടെ അച്ചടക്കമില്ലായ്മയെ പഴിചാരി മൃഗശാല അധികൃതര്‍ പരാതികളെ നിഷ്‌കരുണം നിരസിച്ചു.

കുടുംബത്തോടൊപ്പം മൃഗശാല സന്ദര്‍ശിക്കുവാനെത്തിയ ഒരു പോലീസുകാരന്റെ സ്വര്‍ണ്ണംകൊണ്ടു തീര്‍ത്ത ഫ്രെയ്മുള്ള കണ്ണട മോംഗി തട്ടിയെടുത്തതിലൂടെ കാര്യങ്ങള്‍ മറ്റൊരു ദിശയിലേക്കുകൂടി വളര്‍ന്നു. മോംഗിയെ പരിപാലിക്കുന്ന ജീവനക്കാരന്‍, കണ്ണടകള്‍ തട്ടിയെടുക്കുവാന്‍ മനഃപ്പൂര്‍വ്വം ചിമ്പാന്‍സിയെ പരിശീലിപ്പിച്ചതായിരിക്കാമെന്നും അങ്ങനെ ലഭിക്കുന്ന കണ്ണടകള്‍ മറിച്ചുവിറ്റ് പണമുണ്ടാക്കുവാനുള്ള വിദ്യയായിരിക്കാമെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് പോലീസുകരാന്‍ ഉന്നയിച്ചത്. മൃഗശാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്ക് ലഭിക്കുന്നുണ്ടാകാമെന്നും അയാള്‍ ആരോപിച്ചു. അന്വേഷണത്തില്‍ മോംഗിയുടെ പുതിയ പരിപാലകനായ മര്‍ച്ചിനോ ലക്കോഡിയ എന്ന ജീവനക്കാരന്റെ ഏഴ് വയസ്സുള്ള കുട്ടി, പൊട്ടിയ ചില കണ്ണടകള്‍ കൊണ്ട് കളിക്കുന്നതായി കണ്ടെത്തുകയുമുണ്ടായി.

അതിനുശേഷം നടന്ന സമഗ്രമായ അന്വേഷണത്തിലാണ്, മറ്റൊരു കാര്യം മൃഗശാല അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. മോംഗിയുടെ കൂടിന്റെ കമ്പികളില്‍ പിടിപ്പിച്ചിട്ടിട്ടുള്ള, പൊടിപിടിച്ച് പഴകിയ ബോര്‍ഡുകളില്‍, ചിമ്പാന്‍സികളെ കുറിച്ചുള്ള ചെറു വിശദീകരണങ്ങള്‍ക്ക് താഴെയായി, വളരെ ചെറിയ അക്ഷരങ്ങളില്‍ പുതുതായി ചിലതെല്ലാം എഴുതിചേര്‍ത്തിരിക്കുന്നു.  അരഭിത്തിയ്ക്ക് മുകളിലൂടെ ഏന്തി വലിഞ്ഞ് അത് വായിക്കുവാന്‍ ശ്രമിച്ച മൃഗശാല സൂപ്രണ്ട് ജെര്‍മിന്റോയ്ക്ക ആ വാക്കുകള്‍ വായിച്ചെടുക്കുവാന്‍ കഴിഞ്ഞില്ല. അതിനുമുമ്പേ മോംഗിയുടെ നീളന്‍ കൈ അയാളുടെ കണ്ണടയും തട്ടിയെടുക്കുകയായിരുന്നു.

ബോര്‍ഡിലെ പുതിയ വാക്കുകള്‍ എന്താണെന്ന് വായിച്ചെടുക്കുവാന്‍ അയാള്‍ തന്റെ സഹപ്രവര്‍ത്തകനോട് നിര്‍ദ്ദേശിച്ചു. വായിക്കുവാന്‍ ശ്രമിച്ചെങ്കിലും, കൂടിന്റെ സമീപത്തേയ്ക്ക്‌ പോകാതെ അത് വായിച്ചെടുക്കുവാന്‍ കഴിയില്ലെന്ന അര്‍ത്ഥത്തില്‍ അയാള്‍ നിസ്സഹായതയോടെ തലയാട്ടി.  അരഭിത്തിയ്ക്കുമുകളിലൂടെ വലിഞ്ഞുനോക്കിയ മറ്റൊരു ജീവനക്കാരന്‍, മോംഗിയുടെ നീളന്‍ കൈ നീണ്ടുവരുന്നത് കണ്ട്, ഭയന്ന് പിന്‍മാറി.

കൂടിന്റെ കമ്പികളോട് ചേര്‍ത്ത് സ്ഥാപിച്ചിട്ടുള്ള മറ്റ് ബോര്‍ഡുകളിലും പുതിയ വാക്കുകള്‍ എഴുതി ചേര്‍ത്തിയിട്ടുള്ളതായി അവര്‍ മനസ്സിലാക്കി. മോംഗിയെ മറ്റൊരു കൂട്ടിലേക്കു മാറ്റി, പുതിയ കണ്ണട വരുത്തി, അരഭിത്തി ചാടിക്കടന്ന്, ബോര്‍ഡിന്റെ തൊട്ടടുത്ത് ചെന്ന് ജെര്‍മിന്റോ ആ വാക്കുകള്‍ വായിച്ചെടുത്തു. കൂടിനോട് ചേര്‍ന്നുള്ള മറ്റ് ബോര്‍ഡുകളും അയാള്‍ പരിശോധിച്ചു. എല്ലാ ബോര്‍ഡുകളിലും ഒരു വാചകം തന്നെയാണ് എഴുതിവെച്ചിരുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ജെര്‍മിന്റോ സന്ദര്‍ശകരെ നിരീക്ഷിക്കുവാന്‍ തുടങ്ങി. അയാളുടെ നിഗമനം ശരിയായിരുന്നു. ആ വാക്കുകള്‍ വായിച്ചെടുക്കുവാന്‍ തല നീട്ടുമ്പോഴാണ് സന്ദര്‍ശകരുടെ കണ്ണടകള്‍ മോംഗി തട്ടിയെടുക്കുന്നത്.  ആ കാഴ്ച കണ്ട് ജെര്‍മിന്റോയ്ക്ക് ചിരിയടക്കുവാന്‍ കഴിഞ്ഞില്ല. വളരെ ചെറിയ അക്ഷരങ്ങളില്‍ എഴുതിവെച്ച ആ വാക്കുകള്‍ ഒരു മുന്നറിയിപ്പായിരുന്നു.

"സൂക്ഷിക്കുക. ഇവന്‍ നിങ്ങളുടെ കണ്ണടകള്‍ തട്ടിയെടുത്തേക്കാം. "
മുന്‍ ജീവനക്കാരന്‍ ജീനോ സിര്‍പിയ.

ഉടന്‍തന്നെ ആ വാക്കുകള്‍ മായ്ച്ചുകളയുവാന്‍ അയാള്‍ ഉത്തരവിട്ടു.
കൂടിന്റെ പുതിയ പരിപാലകന്‍ മര്‍ച്ചിനോ ലക്കോഡിയയെ ജോലിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. അയാള്‍ക്ക് സൂപ്രണ്ട് ജെര്‍മിന്റോ നല്‍കിയ മറുപടി ഇതായിരുന്നു.

"എപ്പോഴെങ്കിലും ആ കൂടും ബോര്‍ഡുകളും ഒന്നു വൃത്തിയാക്കുവാന്‍, അതിനുത്തരവാദപ്പെട്ട നിങ്ങള്‍ ശ്രമിച്ചിരുന്നുവെങ്കില്‍ നമുക്കിത് നേരത്തേ കണ്ടെത്താമായിരുന്നുവല്ലോ."

കൂട്ടിനുള്ളില്‍ മോംഗി ഒരിയ്ക്കല്‍കൂടി പല്ലിളിച്ചുകാണിക്കുന്നു.

പിന്‍ഗാമികള്‍

ഒടുവിൽ അയാൾ ഒരു രാഷ്ട്രീയക്കാരനാകുവാൻ തീരുമാനിച്ചു. രാജ്യത്തെ പ്രധാന പാർട്ടിയുടെ ഓഫീസിൽ കയറിച്ചെന്ന് അംഗത്വത്തിന് അപേക്ഷ സമർപ്പിച്ചു. നേതാവ് പുഞ്ചിരി തൂകി.

"വളരെ നന്ന്. പക്ഷെ... ഒരു ചെറിയ യോഗ്യതാപരീക്ഷ വിജയിക്കേണ്ടതുണ്ട്. ചോദ്യം ഇതാണ്.

സ്വതന്ത്രഭാരതത്തിന്റെ ആദ്യ പ്രധാനമന്തി ആരായിരുന്നു ?"

അയാൾ ആത്മവിശ്വസത്തോടെ മറുപടി കൊടുത്തു.

"മഹാത്മാഗാന്ധി"

"ക്ഷമിക്കണം. താങ്കളുടെ അപേക്ഷ നിരസിക്കാതെ തരമില്ല."

അയാൾ മറ്റൊരു പ്രധാന പാർട്ടിയുടെ ഓഫീസ് സന്ദർശിച്ച്  അംഗത്വത്തിന് അപേക്ഷ സമർപ്പിച്ചു. അവിടെയും ഒരു നേതാവ് അയാളെ പരീക്ഷിച്ചു.

"എന്റെ ചോദ്യത്തിന് ശരിയായ ഉത്തരം പറഞ്ഞാൽ നിങ്ങളുടെ അപേക്ഷ പരിഗണിക്കാം. ചോദ്യം ഇതാണ്. ആരായിരുന്നു സ്വതന്ത്രഭാരതത്തിന്റെ ആദ്യ പ്രധാനമന്തി ?"

ഇപ്രാവശ്യം അയാൾ മനസ്സിരുത്തി ചിന്തിച്ചു. ശേഷം ആവേശത്തോടെ പറഞ്ഞു.

"ഡോ. അബ്ദുൾ കലാം."

"ക്ഷമിക്കണം. ഞങ്ങളുടെ പാർട്ടിയിൽ ചേരുവാൻ താങ്കൾ യോഗ്യനല്ല."

നിരാശനായി മടങ്ങുമ്പോഴാണ് അയാൾ വഴിയരികിലെ വർണ്ണാഭമായ പോസ്റ്ററിലെ വാക്കുകൾ ശ്രദ്ധിച്ചത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുവാൻ താത്പര്യമുള്ളവർക്ക് സ്വാഗതം. വെറുമൊരു  മിസ്ഡ് കോൾ അയക്കൂ. ഏറ്റവും ശക്തമായ പാർട്ടിയിൽ അംഗമാകൂ.

മറുപടി സന്ദേശം അയാളെ അദ്ഭുതപ്പെടുത്തി. കാര്യാലയത്തിന്റെ വാതിലിൽ നേതാവ് കൈകൾ വിരിച്ചു നിന്നു.

"ഭാരതത്തിലെ ഏറ്റവും ശക്തമായ പാർട്ടിയിലേയ്ക്ക്‌ സ്വാഗതം."

സ്വീകരണത്തിന്റെ ഊഷ്മളതയിൽ അയാൾ അലിഞ്ഞുപോയി. അവസരമൊത്തുവന്നപ്പോൾ ചോദിച്ചു

"അപ്പോൾ.. ഇവിടെ പരീക്ഷയൊന്നുമില്ലേ...?"

"പരീക്ഷയോ... എന്ത് പരീക്ഷ...?"

"ഞാനൊരു സംശയം ചോദിച്ചോട്ടെ...?"

"ചോദിച്ചോളൂ."

"ഈ സ്വതന്ത്രഭാരതത്തിന്റെ ആദ്യ പ്രധാനമന്തി.... ശരിക്കും ആരായിരുന്നു എന്ന് പറഞ്ഞുതരാമോ.?

നേതാവ് കുമ്പകുലുക്കി പൊട്ടിചിരിച്ചു.

"ഇതാണോ ഇത്ര വലിയ സംശയം... സർദാർ വല്ലഭായ് പട്ടേൽ..! അല്ലാതാര്...?

പുതിയ അംഗം ചെറുചമ്മലോടെ പറഞ്ഞു.

"ചെറിയൊരു സംശയമുണ്ടായിരുന്നു... ഏതോ ഒരു വല്ലഭനായിരുന്നുവെന്ന്."

"ഇപ്പോൾ സംശയം മാറിയില്ലേ... വരൂ. നമുക്ക് ജനങ്ങളിലേക്കിറങ്ങുവാൻ സമയമായി."

ഘടികാരങ്ങളുടെ അടിമകള്‍



"...... അതുകൊണ്ടാണ് ഞാന്‍ പറയുന്നത്,  ജീവിതം ആസ്വദിക്കുവാനും ആഘോഷിക്കുവാനുമുള്ളതാണ്. ഒരിയ്ക്കലും നിങ്ങള്‍ ഘടികാരങ്ങളുടെ അടിമകളായി മാറരുത്. ഒരിയ്ക്കലും സമയബന്ധിതമാകരുത് നിങ്ങളുടെ ജീവിതം. സമയക്രമങ്ങളാല്‍ സ്വയം ബന്ധനസ്ഥരാകാതിരിക്കുവാന്‍ ശ്രമിക്കൂ. സ്വതന്ത്രരാകൂ. ഓം... ശാന്തി... ഓം... ശാന്തി... ഓം... ശാന്തി."

പ്രഭാഷണം കഴിഞ്ഞു. ഗുരുജി എഴുന്നേറ്റു. പരിവാരങ്ങളോടൊപ്പം ആശ്രമത്തിലേക്കു പോയി. പിരിഞ്ഞുപോകുന്ന ഭക്തരില്‍ ഒരാളുടെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായിപ്പോയി.

"നല്ല പ്രഭാഷണമായിരുന്നു... പക്ഷെ, എന്താണ് ഗുരുജി പെട്ടെന്ന് നിര്‍ത്തി കളഞ്ഞത്..?"

അതു കേള്‍ക്കാനിടയായ ഒരു ആശ്രമവാസിയുടെ മറുപടി തികച്ചും നിഷ്‌കളങ്കമായിരുന്നു.

"ഇപ്പോള്‍ അദ്ദേഹത്തിന്റെ പതിവ് ഉച്ചമയക്കത്തിനുള്ള സമയമാണ്. അത് ഗുരുജിയ്ക്ക്‌ വളരെ നിര്‍ബന്ധമുള്ള ഒന്നാണ്. "

തിരുവചനങ്ങളും നിര്‍വ്വചനങ്ങളും

വൈകീട്ട് പതിവുളള നടത്തത്തിന് കിഴക്കേകോട്ട വഴി ഇറങ്ങിയതാണ് ആന്റപ്പന്‍. ചിന്തയിലാണ്ട് കപ്പലണ്ടി കൊറിച്ചുള്ള നടത്തം. വികാരിയച്ചന്റെ ശബ്ദമാണ് ആന്‍പ്പനെ ചിന്തകളില്‍നിന്നും ഉണര്‍ത്തിയത്.

"എന്താ ആന്റപ്പാ... വല്യ ആലോചനയിലാണല്ലോ...?"

"ങെ.. ആ... അച്ചനായിരുന്നോ.. ഞാന്‍ ശ്രദ്ധിച്ചില്ല്യാട്ടാ... ഈശോമിശിഹായ്ക്ക സ്തുതിയായിരിക്കട്ടെ."

"എപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ... ഞാന്‍ ആന്റപ്പനെ കാണണംന്ന് വിചാരിച്ചിരിക്ക്യായിരുന്നു."

"എന്താ അച്ചോ വിശേഷം...?"

"വിശേഷൊക്കെ പിന്നെ പറയാം... ആദ്യം ഞാനൊരു കാര്യം ചോദിച്ചോട്ടെ... അല്ല ആന്റപ്പാ... ഉള്ളതില്‍ പാതി ഇല്ലാത്തവന് കൊടുക്കണംന്നല്ലേ ബൈബിളില്‍ പറഞ്ഞിരിക്കുന്നത്..?"

"അതെ അച്ചോ...?"

"ആണല്ലോ... എന്നിട്ടാണോ നീ നിന്റെ കയ്യിലിരിക്കുന്ന കപ്പലണ്ടി ഒറ്റയ്ക്ക് തിന്നുതീര്‍ക്കണത്...?"

ആന്റപ്പന്‍ ചമ്മി. സ്വര്‍ണ്ണപല്ല് കാട്ടി ഒരു ഇളിഞ്ഞ ചിരിയും.

"അയ്യോ... സോറിയച്ചോ.. ഞാന്‍ പെട്ടെന്ന്... അതോര്‍ത്തില്ല്യ.... സോറിയച്ചോ... അച്ചനിതങ്ങട് പിടിച്ചേ.. പകുതിയാക്കേണ്ട... മുഴുവനും പിടിച്ചോ... സോറി..."

"ഉം... മതി നിന്റെ സോറികരച്ചില്‍... എല്ലാ സോറികളും വരവ് വെച്ചിരിക്കുന്നു."

കപ്പലണ്ടിപൊതിവാങ്ങി അച്ചന്‍ കൊറിച്ചുകൊണ്ടുനടക്കുമ്പോള്‍ ആന്റപ്പന്‍ ഓര്‍മ്മിപ്പിച്ചു.

"അല്ല അച്ചോ.. എന്തോ പറയാനിണ്ട്ന്ന് പറഞ്ഞിട്ട്. ?"

"ങാ... അതാണ്... അത് പിന്നെ... ഈ പലിശയ്ക്ക് കാശ് കടം കൊടുക്കുന്നതൊക്കെ പാപമാണെന്ന് അറിയില്ലേ... ആന്റപ്പന്.. അങ്ങനെയുള്ളവരെ ചാട്ടവാറിനടിക്കണമെന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്..."

മുഖത്ത് ഒരിയ്ക്കല്‍കൂടി ചമ്മല്‍ വിടര്‍ന്നുവെങ്കിലും ഇത്തവണ ആന്റപ്പന്‍ വിദഗ്ധമായി ചിരിച്ചു.

"അച്ചോ... ഈ ബൈബിള്ന്ന് പറഞ്ഞാ ഒരു സംഭവന്ന്യാല്ലേ.. അതിലെല്ലാണ്ട്ട്ടാ. എല്ലാം."

അച്ചന്‍ ബാക്കിയുള്ള കപ്പലണ്ടി മുഴുവന്‍ വായിലേയ്ക്ക് കമിഴ്ത്തി, അത് പൊതിഞ്ഞിരുന്ന കടലാസ്സ് കലാപരമായി ചുരുട്ടിക്കൂട്ടി വലിച്ചറിഞ്ഞു. എന്നിട്ട് ആന്റപ്പനെ കടുപ്പിച്ചൊന്ന് നോക്കി.

"അപ്പോ ഇതൊക്കെയറിഞ്ഞിട്ടാണോ നീയിപ്പോഴും പലിശയ്ക്ക്...?"

"അത് പിന്നെ അച്ചോ... ഈ ആപത്തില് പെടണോരെ സഹായിക്കാനും ബൈബിളില്‍ പറയണില്ലേ... അച്ചന് അറിയ്യോ... വീടു പണിയാന്‍ കാശില്ലാത്തോര്, പെമ്മക്കളെ കെട്ടിച്ചുകൊടുക്കാന്‍ കാശില്ലാത്തോര്, കുട്ട്യോളെ പഠിപ്പിക്കാന്‍ ഫീസ് കൊടുക്കാനില്ലാത്തോര്, ഓപറേഷന് ആശുപത്രിയില്‍ കാശ് കെട്ടിവെക്കാനില്ലാത്തോര്,  അങ്ങനെ എത്രയെത്ര പേരെയാ ഞാന്‍ ദെവ്‌സോം സഹായിക്കണേന്ന് അറിയ്യോ അച്ചന്... കാശ് കൊടുക്കണ സമയത്ത് ഞാന്‍ ദൈവാന്നാ അവര് പറയാറ്... പക്ഷേണ്ട്‌ല്ലോ... ആ കാശ് തിരിച്ചുതരാന്‍ പറയുമ്പഴും പലിശേടെ കാര്യം പറയുമ്പഴും മാത്രം... എന്താന്നറിയില്ല.... അവര്‍ക്കെന്നെ ചെകുത്താനെ കാണണപോലെയാ..."

"അതിപ്പോ... ആന്റപ്പന്‍ പറയേണേലും കാര്യംണ്ട്... ന്നാലും.. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാര്‍ക്കുണ്ടാവില്ല്യേ... ആന്റപ്പാ..."

"ഉള്ളതിനനുസരിച്ച് ജീവിച്ചാപോരെ അച്ചോ... അന്തസ്സായിട്ട് ജീവിക്കണങ്ങ്യെ... നല്ലോണം പണിയെടുക്കണ്ടച്ചോ... നെറ്റിയിലെ വെയര്‍പ്പോണ്ട് അപ്പം കണ്ടെത്താനല്ലേ ബൈബിളിലും പറയണെ... അല്ലാണ്ട് വല്ലവന്റെ പറമ്പിലെ പുല്ല് കണ്ടിട്ട് പശൂനെ വേടിക്കേണേല് വല്ല കാര്യണ്ടച്ചാ.. .കാശ് കടം വാങ്ങി മാനം രക്ഷിക്കുമ്പോ അത് തിരിച്ചുകൊടുത്തേ പറ്റൂ..  ഇല്ലെങ്കി ആ മാനം പൂവും അച്ചോ.. ഷുവറായിട്ടും  പൂവും."

"ടാ നെനക്ക് ജ്വല്ലറീന്ന്ള്ള വരുമാനല്ല്യേ... കുറികമ്പനീന്ന്‌ളള വരുമാനല്ല്യേ... പിന്നെന്തിനാണ്ടാ ഈ ശാപം കിട്ടണ പലിശ പരിപാടിയൊക്കെ ആയിട്ട് നടക്കണെ.?"

"അതിനും കാരണം ബൈബിളെന്ന്യാ അച്ചോ..."

"ങേ...!!! അതെന്താ നീ അങ്ങനെ പറഞ്ഞെ...?"

"അല്ല അച്ചോ...  നിങ്ങളുടെ സമ്പാദ്യം അഞ്ചിടങ്ങളിലായി സൂക്ഷിക്കണംന്നാണല്ലേ ബൈബിളില്‍ പറയുന്നത്... അതായത്... എല്ലാ മൊട്ടകളും ഒരു കൊട്ടേല് തന്നെ ഇടരുതെന്നല്ലേ ....?'

ജൂബിലി മിഷന്‍ സെന്ററില് എത്തിയപ്പോള്‍ അച്ചന്‍ നടത്തം നിര്‍ത്തി. എതിര്‍വശത്തുകൂടി വണ്ടിയുന്തി വരുന്ന കപ്പലണ്ടി വില്‍പ്പനക്കാരനെ കൈ കാണിച്ചുനിര്‍ത്തി. പോക്കറ്റില്‍ നിന്നും 5 രൂപയെടുത്ത് ഒരു പൊതി കപ്പലണ്ടി വാങ്ങി. നല്ല ചൂടുള്ള കപ്പലണ്ടി സ്വാദോടെ കൊറിച്ചുകൊണ്ട് ആന്റപ്പനോട് ചോദിച്ചു.

"അപ്പോ ആന്റപ്പാ.. നമ്മള് എന്താ പറഞ്ഞുവന്നെ...?"

"അതായത്... അച്ചോ... ഈ എല്ലാ മൊട്ടകളും ഒരു കൊട്ടേല്..."

"ആ മതി മതി.. മനസ്സിലായി... ഇപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി... ഞാനെന്നല്ല ആര് വിചാരിച്ചാലും നീ നേരെയാവില്ല്യാന്ന്."

ആന്റപ്പന്‍ ഒരു ചിരി വിഴുങ്ങി. പിന്നെ പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ അച്ചനോട് ചോദിച്ചു.

"അല്ല അച്ചോ... അച്ചനല്ലേ നേരത്തെ പറഞ്ഞെ.... ഈ  ഉള്ളതില്‍ പാതി ഇല്ലാത്തവന് കൊടുക്കണംന്നൊക്കെ ബൈബിളില് പറഞ്ഞിട്ട്‌ണ്ടെന്ന്..?"

"അതെ... അത് വളരെ ശരിയാണ്. എന്താ ഇപ്പോ ഒരു സംശയം...?"

"അല്ലാ... അച്ഛന്‍ ഒറ്റയ്ക്ക് കപ്പലണ്ടി തിന്നണതോണ്ട് ചോദിച്ചതാ..."

"ഓ.. അങ്ങനെ... ആന്റപ്പാ... നീ ബൈബിള് ശരിക്കും വായിച്ചിട്ടില്ല്യാട്ടാ... അന്യന്റെ മുതല്‍ ആഗ്രഹിക്കരുതെന്നും ബൈബിളില്‍ പറഞ്ഞിട്ട്ണ്ട്ടാ..."

ആന്റപ്പന് നേരെ കപ്പലണ്ടിപൊതി നീട്ടിപിടിക്കുമ്പോള്‍ വികാരിയച്ചന്റെ മുഖത്ത് 'എന്നോടാണോടാ നിന്റെ കളി' എന്നൊരു ഭാവം തെളിഞ്ഞുനിന്നിരുന്നു. ലൂര്‍ദ്ദ് പള്ളിയില്‍
മണി മുഴങ്ങി. കൃത്യം മൂന്ന് തവണ. ആന്റപ്പന്‍ ഉറപ്പിച്ചു. സത്യം.

"ബാര്‍"കിംഗ് ഡോഗ്‌സ് നെവര്‍ ബൈറ്റ്‌.

വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവമാണ്. ആശയവിനിമയത്തിന്റേയും ആഢംബരത്തിന്റെയും പ്രതീകമായി കിരീടം വെക്കാത്ത രാജാവിനെപോലെ ലാന്‍ഡ്‌ ഫോണ്‍ വാഴണ കാലം. നാട്ടിലെ ആസ്ഥാന കുടിയനായിരുന്നു ലോറി ബ്രോക്കര്‍ സൈമേട്ടന്‍. കുടിയനായിരുന്നുവെങ്കിലും നാക്കുകൊണ്ടും തന്റേടം കൊണ്ടും ഞങ്ങളുടെ എല്ലാമായിരുന്നു സൈമേട്ടന്‍. എല്ലാ പ്രശ്‌നങ്ങള്‍ക്കും ജാതിമതരാഷ്ട്രീയഭേദമന്യേ ഏവര്‍ക്കും പ്രശ്‌നപരിഹാരം. അതായിരുന്നു സൈമേട്ടന്‍. പ്രതിഫലം വയറുനിറച്ച് സ്‌മോള്‍. പത്താം ക്ലാസ്സ് തോറ്റ് പഠിപ്പു നിര്‍ത്തി സ്വര്‍ണ്ണപണിയിലൂടെ രക്ഷപ്പെട്ടുകൊണ്ടിരുന്ന, എനിക്കും ഒരു പ്രശ്‌നം അക്കാലത്ത് സൈമേട്ടനോട് അവതരിപ്പിക്കേണ്ടി വന്നിട്ടുണ്ട്.

"സൈമേട്ടാ... ഒരു മൂക്കൊലിപ്പന്‍ ഡാവ് കൊറച്ച് നാളായി പെങ്ങളുകുട്ടീടെ പെറകെ ചിറ്റിപറ്റി നടക്ക്ണു. അവള്‍ടെ അവഗണനയൊന്നും അവന് ഒരു വിഷയമേയല്ല. ഡാവിന് ആവേശം കൂടികൂടിവര്യാണ്. സംഭവം എനിക്കു സോള്‍വ് ചെയ്യാവുന്നതേയുള്ളൂ. പിന്നെ എന്താന്ന് വച്ചാല്... തൊറന്നുപറയാലോ സൈമേട്ടാ... ഗ്ലാമറുണ്ടെങ്കിലും, എനിക്ക് ഗട്ട്‌സിത്തിരി കൊറവാ."

സൈമേട്ടന്‍ ചിരിച്ചു.

"ഇത്രേള്ളൂ.. സിംപിളല്ലേ സിംപിള്‍."

പിറ്റേ ദിവസം. ഞാനും സൈമേട്ടനും സാക്ഷികള്‍. പെങ്ങളുകുട്ടിയ്ക്ക് അവനെ ഇഷ്ടമല്ല എന്നുള്ള മുണ്ടുടുക്കാത്ത സത്യം അവനെ ബോധ്യപ്പെടുത്തി. അവളെക്കൊണ്ട് തന്നെ, അവന്റെ മുന്നില് വെച്ച് ആ സത്യം പറേപ്പിച്ചു. അതിനുശേഷം, സൈമേട്ടന്‍. അവനെ മാറ്റിനിര്‍ത്തീട്ട്, എന്തൊക്കെയോ സംസാരിക്കണ കണ്ടു. സംഭവം കലിപ്പാവോ എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷെ ഒന്നും ഉണ്ടായില്ല. അതോടുകൂടി സംഭവം ക്ലിയറായി. പിറ്റേന്നു മുതല്‍ അവന്റെ ശല്യോം നിന്നു. അതാണ് സൈമേട്ടന്‍. ആ വകേല് സൈമേട്ടന് ഒരു ചെലവ് ബാക്കിയുണ്ടായിരുന്നു. അന്ന് വൈകീട്ട് സൈമേട്ടന് ചെലവ് ചെയ്യാന്‍ ബാറിലേക്ക് പോവുകയാണ് എന്നു പറഞ്ഞപ്പോള്‍, ശശ്യേട്ടന്‍ ഒരു ഉപദേശം തന്നിരുന്നു. ഫ്രീയായിട്ട്.

"സൈമനേം കൊണ്ട് ബാറില് പോണതൊക്കെ കൊള്ളാം. പക്ഷെ തൊടങ്ങ്യാപിന്നെ അവന്‍ നിര്‍ത്തില്ലാട്ടാ. ഞാന്‍ പറയാള്ളത് പറഞ്ഞൂന്ന് മാത്രം. ബാക്കിയൊക്കെ നിന്റിഷ്ടം."

"സൈമേട്ടന്‍ മതീന്ന് പറയണവരെ.. അതാണ് എന്റെ ചെലവ്.."

"സ്‌മോളിന്റെ കാര്യത്തില്‍ സൈമനെക്കൊണ്ട് മതീന്ന് പറേപ്പിക്കാന്‍ ആര്‍ക്കും പറ്റില്ല."

അപ്പോ എന്തായാലും നല്ല കപ്പാസിറ്റിയുള്ള ആളാണ്. അതുകൊണ്ട് പേടിക്കാനില്ല്യ. എന്തായാലും വിചാരിച്ചതിലും കൊറച്ചധികം കാശുമായി, സൈമേട്ടനേയും കൂട്ടി, അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ബാറിലേയ്ക്ക്  ബൈക്കുമായി വെച്ചുപിടിച്ചു. ഒരു തവണ ബിയര്‍ അടിച്ച് വാള് വെച്ചേപിന്നെ എനിക്ക് സ്‌മോള്‍ ഗണത്തില്‍പ്പെടുന്ന ഒന്നിനോടും താത്പര്യം തോന്നിയിട്ടില്ല്യ. ഇഷ്ടല്ല്യാണ്ടല്ല. നാണം കെടാന്‍ വയ്യ. ആദ്യമായിട്ടാണ് ബാറില്‍ പോണത്.  സൈമേട്ടനൊടൊപ്പം നടന്നു. ചെറിയ റെസ്‌റ്റൊറന്റ് പോലെയുള്ള വളരെ ചെറിയ ഒരു ഹാളിലേയ്ക്ക് കടന്നു. നല്ല ഭംഗിയൊക്കെയുണ്ട്. മങ്ങിയ വെളിച്ചം മാത്രം. ലൈറ്റായിട്ട് ഒരു ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക്. അതാണത്രെ ബാറിന്റെ ഒരു സ്റ്റൈല്. നാല് കസേരകള്‍ വീതമുള്ള ആറ് ടേബിളുകളില്‍ രണ്ടണ്ണത്തില്‍ മാത്രമേ ആളുകളുള്ളൂ. കുടിയ്ക്കാന്‍ വരുന്നോരൊക്കെ കെല്‍പ്പന്‍മാരാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പക്ഷെ അവിടെ മൊത്തത്തില്‍ ഒരു സൈലന്റ് ഫീലായിരുന്നുട്ടാ. സപ്ലെ ചെയ്യുന്ന പയ്യനോട് സൈമേട്ടന്‍ എന്തൊക്കെയോ പറഞ്ഞു. സാധനങ്ങള്‍ വന്നു. എനിക്ക് പൊറോട്ടയും ബീഫ് കറിയും മേമ്പോടിക്ക് ഒരു ഒരു ബോട്ടില്‍ പെപ്‌സിയും. സൈമേട്ടന്‍ ഒരു രണ്ടെണ്ണം അടിച്ചിട്ടുണ്ടാകണം. ഞാന്‍ പൊറോട്ട കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വെറുതെ ചുറ്റുമൊന്ന് നോക്കി. അപ്പുറത്തെ ടേബിളില്‍ ഒരു പെട്ടത്തലയന്‍ കാരണവരാണ്. ആളല്‍പ്പം ഗൗരവക്കാരനാണെന്നു തോന്നുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ പെട്ടത്തലയന്‍, സപ്ലയര്‍ പയ്യനെ കൈകാണിച്ചു വിളിക്കണ കണ്ടു.  പയ്യന്‍ വേഗം അയാളുടെ അടുത്തേയ്ക്ക് ചെന്ന് ഭവ്യതയോടെ നിന്നു.

"ഉഷ്ണിക്ക്ണൂ... തണുപ്പ് ലേശൊന്ന് കൂട്ടിവെച്ചോ..."

പയ്യന്‍ തിരിച്ചുപോയി ഏസിയുടെ തണുപ്പ് കൂട്ടിവെച്ചു.

അടുത്ത പെഗ്ഗ് കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും പയ്യനെ വിളിച്ചു.

"ഭയങ്കര തണുപ്പ്.... ലേശൊന്ന് കൊറച്ചോ."

അയാളുടെ താത്പര്യപ്രകാരം വീണ്ടും അവന്‍ ഏസിയുടെ തണുപ്പ് കുറച്ചുവെച്ചു. ഒരു പെഗ്ഗ് കൂടി കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും പയ്യനെ വിളിച്ചുവരുത്തി. ഇത്തവണ അയാള്‍ സൈലന്റായിട്ട് ചൂടായി.

"എന്തൂട്ട്ണ്ടാ കാണിക്കണെ. കൊറയ്ക്കാന്‍ പറഞ്ഞാ അങ്ങട് കൊറയ്ക്കും... കൂട്ടാന്‍ പറഞ്ഞാ അങ്ങട്ട് കൂട്ടും ല്ലേ.. ഒരു മീഡിയത്തില് അഡ്ജസ്റ്റ് ചെയ്ത് വെക്കട ചെക്കാ."

പയ്യന്‍ പേടിച്ചു. തിരിച്ചുപോയി ഒന്നുകൂടി അഡ്ജസ്റ്റ് ചെയ്തുവെച്ചു. പാവം പയ്യന്‍. ഇടക്കിടെ ഇത് ആവര്‍ത്തിക്കുന്നതു കണ്ടപ്പോള്‍, സൈമേട്ടന് ഇഷ്ടപ്പെട്ടില്ല, അവനെ നയത്തില്‍ അടുത്തേയ്ക്കു വിളിച്ചു. സ്വകാര്യം പറയുന്നതുപോലെ ചോദിച്ചു.

"നിനക്ക് വല്ല പ്രാന്ത്ണ്ടാ മോനെ ?"

"എന്താ ചേട്ടാ..."

"അയാള്‍ക്ക് വേണ്ടി മാത്രം ഏസീ അഡ്ജസ്റ്റ് ചെയ്താ ഞാന്‍ സമ്മതിക്കില്ല്യാട്ടാ."

അവനും ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്.

"സത്യം പറയാലോ ചേട്ടാ. ഇതൊക്കെ ഒരു നമ്പറാണ്.. ഇവിടത്തെ ഏസി പണി മൊടക്കീട്ട് എത്ര കാലായിന്നറിയോ. കുടിച്ച് കഴിഞ്ഞാ ഓരോരുത്തര്‍ക്ക് ഓരോ പ്രാന്തല്ലേ. മ്മള് അഡ്ജസ്റ്റ് ചെയത്‌ല്ലേ പറ്റു... അലമ്പാക്കരുത് ചേട്ടാ. പ്ലീസ്."

പെട്ടത്തലയന്‍ കാരണവരെ സൈമേട്ടന്‍ ദയനീയമായി ഒന്ന് നോക്കി. പിന്നെ നോക്കുകുത്തി പോലയുള്ള ആ ഏസീയിലേയ്ക്കും. എനിക്കവനെ ഇഷ്ടായി. പക്ഷെ ഒരു കാര്യം എനിക്ക് മനസ്സിലായില്ല. കുടിക്കാതിരുന്നിട്ടും സംഭവം എനിക്കെന്താ പിടികിട്ടാതിരുന്നത്. ഛെ മോശായി.. ങാ.. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കുംന്നല്ലേ. ഈ കള്ളുകുടിയന്‍മാരുടെ കൂടെ കൂടീട്ട് എന്റെ ബോധം കൂടി പോവുംന്നാ തോന്നണെ. സൈമേട്ടന്‍ വീണ്ടും അടി തൊടങ്ങി. ഞാന്‍ പൊറോട്ടയും ബീഫ് ഫ്രൈയും തിന്ന് സമയം കളഞ്ഞു.

"ഢാ മച്ച്വോ... നീയിവിടെ വന്ന് ഒളിച്ചിരുന്ന് അടിക്ക്യാല്ലേ."

പുതിയ ആളെ സൈമേട്ടന്റെ കണ്ണുകള്‍ സ്‌കാന്‍ ചെയ്തു. പിന്നെ ആ കണ്ണുുകള്‍ ബള്‍ബുകള്‍പോലെ പ്രകാശിച്ചു.

"ഗഢ്യേ.. നീയെവിട്യാരുന്നു ഇത്രേം കാലം.. ഇന്‍സൈഡൊക്കെ വൈറ്റായി തൊടങ്ങീലോ..."

മുടി നരക്കുന്നതിനെ സൈമേട്ടന്‍ അങ്ങന്യാ പറയ്യാറുള്ളത്. സൈമേട്ടന്റെ പരിചയത്തില്ള്ള വേറൊരു ഗഢ്യാണ്. ആടിയാണ് വരവ്. ആകെ മൊത്തം കൊളാവുംന്നാ തോന്നണെ. നിര്‍ത്താതെയുള്ള ഡയലോഗുകളാണ്. പച്ചക്കറി മാര്‍ക്കറ്റിലെ പഴയകാല ഓര്‍മ്മകളാണ് പെടക്കണത്. കാട് നാടായപ്പോള്‍ ആശാരി പൊറത്തായിന്ന് പറഞ്ഞപോലെയായി എന്റെ കാര്യം. കൊറച്ച് കഴിഞ്ഞപ്പോ സൈമേട്ടന്‍ തന്നെ പറഞ്ഞു.

"കൃഷ്ണാ നീ വിട്ടോ... ഞാന്‍ വരാടാ..."

ഞാന്‍ സംശയിച്ചുനിന്നു.

"ഞങ്ങള് കസറുമ്പോ നീയിങ്ങനെ നനഞ്ഞ കോഴീരെപോലെ ഇരിക്കണത് കാണാന്‍ ഒരു സുഖോല്ല്യ... ഒന്നില്ലിങ്ങ്യെ ഞങ്ങടെ കൂടെയിരുന്ന് അടിക്ക്യ... അല്ലെങ്ങ്യ നീ വിട്ടോ."

"ങേ.. ഈ ചുള്ളന്‍ അടിക്കില്ലേ. അയ്യേ.. നെയ്യ് ഢാവാണല്ലേ.."

ഡയലോഗ് പുതിയ ഗഢിയുടെ വകയാണ്. ഒരു കാര്യം എനിക്ക് മനസ്സിലായി. ഞാന്‍ വരീന്ന് പോയ്‌കൊണ്ടിരിക്കുകയാണ്.

"നീ വിട്ടോടാ... ഞാന്‍ വരാം."

സമയം എട്ടേമുക്കാല്‍.. ഇയ്യാളിനി എപ്പോ വരാനാ. വീണ്ടും സംശയിച്ചുനിന്നു.

"ഓട്ടോ പിടിച്ച് വരാന്ന്... സൈമേട്ടന്‍ വരാന്ന് പറഞ്ഞാ വരും. ഉം... വിട്ടോ.."

ഗൗരവായിതൊടങ്ങീട്ട്ണ്ട്. എന്തായാലും ഇനി ഇവിടെ നിന്നാ സീന്‍ ചളാവും. സ്ഥലം കാലിയാക്കുന്നതാണ് ബുദ്ധി. എന്നാലും എന്റെ കാശോണ്ട് സ്‌മോളടിച്ചിട്ട് എനിക്കിട്ടുതന്നെ പണിഞ്ഞൂലോ. സാരല്ല്യ ഒരു പ്രത്യുപകാരമല്ലേ. കൊണ്ടുവന്ന കാശ്, സൈമേട്ടന്റെ കീശേല് തിരുകി വെച്ചുകൊടുത്തിട്ട് ഞാന്‍ എഴുന്നേറ്റു. പെട്ടത്തലയന്‍ കാരണവര് ആ പയ്യനെകൊണ്ട് വീണ്ടും ഏസി അഡ്ജസ്റ്റ് ചെയ്യിപ്പിക്കണണ്ട്. ഇവിടെനിന്നാ എനിക്കും പ്രാന്താവും. വീട്ടില് പോയ് സുഖായിട്ട് ഉറങ്ങാം. നേരം വെളുപ്പിച്ചത് കത്രീനേച്ചിയായിരുന്നു.

"സൈമേട്ടന്‍ ഇന്നലെ വീട്ടില് വന്നിട്ടില്ല്യാട്ടാ... നിങ്ങള് എവിടിക്ക്യാടാ പോയെ..?"

ഇടയ്ക്കിടയ്ക്ക്  ഈ മിസ്സിംഗ് പതിവായതുകൊണ്ടാകാം കത്രീനേച്ചി ഒരു മയത്തിലാണ് ചോദിച്ചത്.

"ങേ.. സൈമേട്ടന്‍ വന്നില്ല്യേ.. ഓട്ടോല് വരാന്ന് പറഞ്ഞതാലോ. ഞാന്‍ ഇപ്പോവരാംട്ടാ."

ഷര്‍ട്ടെടുത്തിട്ട് വേഗം ബൈക്കെടുത്ത് വിട്ടു. ശശ്യേട്ടന്റെ ഉപദേശമാണ് ഓര്‍മ്മവന്നത്. സ്‌മോളിന്റെ കാര്യത്തില്‍ സൈമനെക്കൊണ്ട് മതീന്ന്  പറേപ്പിക്കാന്‍ പറ്റില്ല. സൈമേട്ടനെക്കുറിച്ച് കുറച്ചുംകൂടി ധാരണയുള്ള ആളാണല്ലോ. ശശ്യേട്ടനെതന്നെ കൂട്ടിന് വിളിക്കാം. ആദ്യം ബാറിലേയ്ക്ക തന്നെ പോകാം. പക്ഷെ അവിടെ എത്തുന്നതിനുമുമ്പ് വഴിയില്‍വെച്ചുതന്നെ ആളെ കണ്ടുമുട്ടി. നടന്നു ക്ഷീണിച്ചുള്ള വരവാണ്. ഞങ്ങളെ കണ്ടതും,

"കൃഷ്ണാ.. ശശ്യേ... ഒന്നും പറയണ്ടറാ..."

"ബെസ്റ്റ് ഗഢ്യാട്ടാ... വേഗം വാ... കത്രീനേച്ചിയുടെ തെറി അമ്മ കേള്‍ക്കുന്നതിനുമുമ്പ് വീടെത്തണം."

ബൈക്കില് ട്രിപ്പിള്‍ അടിച്ചു വിട്ടു. ആളാകെ മൂഡോഫിലാണ്. ഞങ്ങളൊന്നും ചോദിച്ചില്ല്യ. കഥകളൊക്കെ പിന്നെ ചോദിച്ചറിയാം.
.....................................................................................................

വൈകീട്ടാണ് പീന്നീട് സൈമേട്ടനെ കണ്ടത്. കൂടെ ശശ്യേട്ടനും ഉണ്ടായിരുന്നു. സംഭവിച്ചതെന്താണെന്ന് ചോദിച്ചപ്പോ സൈമേട്ടന്‍ ഒന്നും പറഞ്ഞില്ല്യ. ഗൗരവത്തില്‍ ഇരുന്നു. പക്ഷെ ശശ്യേട്ടന്‍ ഒരു കഥ പറഞ്ഞു തന്നു. ആള്‍ടെ വക കൊറച്ച് പൊടിപ്പും തൊങ്ങലും ഒക്കെ കൂട്ടിചേര്‍ത്താണ് പറഞ്ഞതെന്ന് മാത്രം.

പുലര്‍ച്ച ഒരു അഞ്ചുമണിയായിട്ടുണ്ടാകും. ആ സമയത്താണ് ഒരു ഫോണ്‍. രാമകൃഷ്‌ണേട്ടന്‍ അബ്കാരിയും ബാര്‍ ഉടമസ്ഥനും ഒക്കെയല്ലേ. ലോഡ് സംബന്ധിച്ചോ, റെയ്ഡ് സംബന്ധിച്ചോ... എപ്പോള്‍ വേണമെങ്കിലും, ഒരു വിളി വരാം... അതുകൊണ്ട് ഏത് പാതിരയ്ക്ക്‌  അടിച്ചാലും ഫോണ്‍ എടുക്കാണ്ട് പറ്റില്ല. രാമകൃഷ്‌ണേട്ടന്‍ ഫോണെടുത്തു.

"അലോ..."

"സപ്ന ബാറിന്റെ ഒടമസ്ഥന്‍ രാമകൃഷ്‌ണേട്ടനല്ലേ...?"

"അതെ."

"ബാറ് എപ്പഴാ തോറക്കാ ചേട്ടാ.."

ഓ... നാശം പിടിക്കാന്‍ എന്ന് മനസ്സുകൊണ്ട പ്രാകിയെങ്കിലും, കസ്റ്റമര്‍ ഈസ് കിംഗ് എന്നല്ലേ. അതോണ്ട് രാമകൃഷ്‌ണേട്ടന്‍ വളരെ ഡീസന്‍ഡായിട്ട് പറഞ്ഞു.

"നേരൊന്നു വെളുത്തോട്ടെ മാഷെ.."

അത് പറഞ്ഞതും രാമകൃഷ്‌ണേട്ടന്‍ ഫോണ്‍ കട്ട് ചെയ്തു. ഇങ്ങനത്തോരോ സാമാനങ്ങള്... മനുഷ്യനെ ഒന്നൊറങ്ങാനും  സമ്മതിക്കില്ലേ, വീണ്ടും മൂടിപുതച്ചുറങ്ങി. ഉറക്കം പിടിച്ച് ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഫോണ്‍ വീണ്ടും റിംഗ് ചെയ്തു. ഓ.. നാശം... നിവൃത്തിയില്ലാതെ വീണ്ടും ഫോണെടുത്തു

"അലോ..."

"അതെ രാമകൃഷ്‌ണേട്ടാ.. ഒന്നും തോന്നരുത്.. ബാറ് എപ്പഴാ തൊറക്കാന്ന് പറഞ്ഞില്ല്യ..."

"ഓ... ഒന്ന് ക്ഷമിക്ക് മാഷെ... നേരം വെളുക്കണല്ലേ ഒള്ളൂ.. ബാറ് തൊറക്കാന്‍ ഒരു എട്ട് എട്ടരയൊക്കയാവും. ജോലിക്കാരൊക്കെ വരണ്ടേ..."

പറഞ്ഞുകഴിഞ്ഞതും ഫോണ്‍കട്ടുചെയ്ത് രാമകൃഷ്‌ണേട്ടന്‍ പുതപ്പിനുള്ളിലേയ്ക്കു വലിഞ്ഞു. അധികം കഴിഞ്ഞില്ല. വീണ്ടും ഫോണ്‍ അടിച്ചപ്പോള്‍  നാല് പച്ചത്തെറി പറയുവാനുള്ള മൂഡിലായിരുന്നു. പക്ഷെ വിളിച്ചത് സ്പിരിറ്റ് കടത്തില്‍ ഉസ്താദായ ഡ്രൈവര്‍ രമേഷായിരുന്നു.

"സാനം വന്ന്ണ്ട്. എവിട്യാ എറക്കണ്ടെ.. പഴേ സലത്ത് മത്യാ.."

"വേണ്ട വേണ്ട.. നീ സണ്ണീനെ വിളിക്ക് അവന്‍ പുതിയ സ്ഥലം കാണിച്ച് തരും."

തെറി വിളിക്കാഞ്ഞത് ഭാഗ്യം. ഒന്നൂടെ ഉറങ്ങാമെന്നു കരുതി കിടന്നു. ഉറക്കം പിടിച്ചു തുടങ്ങിയപ്പോഴാണ് വീണ്ടും ഫോണ്‍. സണ്ണിയാണാവോ.. എന്തായാലും എടുത്തു.

"അലോ..."

"ചേട്ടാ... ബാറ് കൊറച്ചുങ്കൂടി നേരത്തെ തൊറക്കാന്‍ പറ്റ്വോ."

ഓ.. നേരത്തെ വിളിച്ച പണ്ടാരം തന്നെ. പുലര്‍ച്ച്യാവുമ്പോഴേയ്ക്കും സാനം വേണം. ഇങ്ങനെയുമുണ്ടോ കള്ളുകുടിയന്‍മാര്. ചെറുതായിട്ടൊന്നു ഉപദേശിച്ചു.

"നേരം വെളുക്കുമ്പോഴേയ്ക്കും അടിക്കണന്നിണ്ടങ്ങ്യെ തലേദിവസം തന്നെ വാങ്ങി വെച്ചൂടെ മാഷെ..."

"അതേയ്... ചേട്ടാ.... ഞാന്‍..."

"ന്റെ മാഷെ... നിങ്ങളെവിടുന്നാ വിളിക്കണെ... അടുത്ത് വേറെ ബാറും ഷാപ്പും ഒന്നൂല്ല്യേ... മന്‍ഷ്യനെ ഒറങ്ങാനും സമ്മതിക്കില്ല്യ..."

"സത്യം പറയാലോ, ഞാന്‍ ചേട്ടന്റെ ബാറിനുള്ളിലെ ഫോണീന്ന് തന്ന്യാ വിളിക്കണെ... ഇന്നലെ അടിച്ചത് ഇത്തിരി കൂടിന്നാ തോന്നണെ. ഇവിടെതന്നെ കെടന്ന് ഒറങ്ങിപ്പോയി.. ഇതൊന്നു തൊറന്നാലെ എനിക്ക് പൊറത്ത് കടക്കാന്‍ പറ്റ്വൊള്ളൂ ചേട്ടാ..."

പിന്നെയൊരു കൂട്ടച്ചിരിയായിരുന്നു. കഥയിലെ നായകന്‍ പോലും ചിരിച്ചുപോയി.

പക്ഷെ എനിക്കൊരു സംശയം ബാക്കിയുണ്ടായിരുന്നു. ഞാനത് ശശ്യേട്ടനോട് ചോദിച്ചു.

"അപ്പോ ബാറിലെ ജോലിക്കാരൊന്നും കണ്ടില്ല്യേ..?"

"പുലര്‍ച്ചയ്ക്ക്‌ ബോധം വന്നപ്പോ. ആള് ടോയ്‌ലെറ്റിലായിരൂന്നൂത്രെ... അവര് വിചാരിച്ചത് ഇങ്ങേര് ബില്ലടയ്ക്കാണ്ട് മുങ്ങീതാന്നാ..."

"ഒരു കാര്യം കൂടി ചോദിച്ചോട്ടെ... ചേട്ടനല്ലേ പറഞ്ഞെ. ആള്‍ക്ക് എത്ര അടിച്ചാലും മത്യാവില്ല്യ... ആളെക്കൊണ്ട് മതീന്ന് പറേപ്പിക്ക്യാന്‍ പറ്റില്ല്യാന്നൊക്കെ.. എന്നിട്ട്‌ ടോയ്‌ലെറ്റില് പോയി ബോധം കെട്ട് വീണതോ...?"

"ഡാ.. കെഴങ്ങാ.. അതെന്ന്യല്ലേ ഞാനും പറഞ്ഞേ... അവന്‍ ബോധം കെട്ടു വീഴുമായിരിക്കും. പക്ഷെ അപ്പോഴും അവന്‍ മതീന്ന് പറയില്ല്യാ... അതാണ് സൈമണ്‍... അല്ലേ സൈമാ..?".

നിവര്‍ത്താത്ത കുടകള്‍.

ജനീവയിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയിലാണ് ശങ്കരന്‍നായര്‍ എഡ്വേര്‍ഡ് എന്ന അമേരിക്കക്കാരനേയും അകായോഷി എന്ന ജപ്പാന്‍കാരനേയും പരിചയപ്പെടുന്നത്. നേരമ്പോക്കിനായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ എഡ്വേര്‍ഡ് ചോദിച്ചു.

"മിസ്റ്റര്‍ നായര്‍... നിങ്ങള്‍ ഇന്ത്യക്കാര്‍ ശാസ്ത്രനേട്ടങ്ങള്‍ കണ്ടെത്തുന്നതില്‍ വളരെ പിന്നിലാണ്. മിക്കവാറും എല്ലാ സുപ്രധാന കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ളത് ഞങ്ങള്‍ ഇംഗ്ലീഷുകാരാണ്. നിങ്ങള്‍ എപ്പോഴെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.?"

തൊലി വെളുത്തവന്റെ പൊങ്ങച്ചം. ശങ്കരന്‍നായര്‍ ഒന്നു ചിരിച്ചുവെന്നു വരുത്തി.

"അതംഗീകരിക്കുന്നതിലുള്ള നിങ്ങളുടെ വിഷമം ഞാന്‍ മനസ്സിലാക്കുന്നു.. പക്ഷെ അതൊരു സത്യമാണ്. ഇലക്ട്രിസിറ്റി, കാര്‍, ട്രെയിന്‍, ഏറോപ്ലെയ്ന്‍, റോക്കറ്റ്, റേഡിയോ, ടെലിവിഷന്‍, റഫ്രിജറേറ്റര്‍, എന്തിനധികം കമ്പ്യൂട്ടര്‍ തുടങ്ങി ലോകത്തെ മാറ്റിമറിച്ച എല്ലാ സുപ്രധാന കണ്ടുപിടുത്തങ്ങളും ഞങ്ങള്‍ ഇംഗ്ലീഷുകാരാണ് നടത്തിയിട്ടുള്ളത്."

പറയുന്നത് ശങ്കരന്‍നായരെന്ന ഇന്ത്യാക്കാരനോടാണെങ്കിലും, ഒരു ഏഷ്യന്‍ വംശജനെന്നനിലയില്‍, അവരോടൊപ്പം യാത്ര ചെയ്യുന്ന ജപ്പാന്‍കാരനായ അകായോഷിയുടെ അഭിമാനത്തെയും എഡ്വേര്‍ഡിന്റെ വാക്കുകള്‍ നോവിച്ചു. അയാള്‍ അതില്‍ അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു.

"മിസ്റ്റര്‍ എഡ്വേര്‍ഡ്, നിങ്ങള്‍ ഇംഗ്ലീഷുകാര്‍ കുറച്ച് ശാസ്ത്രസത്യങ്ങള്‍ കണ്ടുപിടിച്ചു എന്നേ ഉള്ളൂ. പക്ഷെ ഞങ്ങള്‍ ജപ്പാന്‍കാരാണ്, എല്ലാ ശാസ്ത്രകണ്ടെത്തലുകളേയും ജനകീയമാക്കി മാറ്റിയത്. അല്ലെന്നു പറയുവാന്‍ നിങ്ങള്‍ക്കു കഴിയില്ല. പിന്നെ മറ്റൊന്നുകൂടിയുണ്ട്, സംസ്‌കാരത്തിന്റെ കാര്യമെടുത്താല്‍ ഞങ്ങള്‍ തന്നെയല്ലേ നിങ്ങളേക്കാള്‍ സമ്പന്നര്‍... നിങ്ങള്‍ പാശ്ചാത്യരുടേത് വെറും കൃത്രിമത്വങ്ങള്‍ നിറഞ്ഞ ഔപചാരികതകള്‍ മാത്രമല്ലേ..."

ആ അവസരം ഉപയോഗിക്കുവാന്‍ ശങ്കരന്‍നായര്‍ ഒരു ശ്രമം നടത്തി.

"അതെ... നിങ്ങള്‍ ഇംഗ്ലീഷുകാര്‍ സ്ഥലകാലബോധമില്ലാതെ പരസ്യമായി ഉമ്മവെക്കുന്നവരാണ്. "

"ശരിയാണ് മിസ്റ്റര്‍ നായര്‍, സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ ഞങ്ങള്‍ ഇംഗ്ലീഷുകാര്‍ നാണിക്കാറില്ല. പക്ഷെ ഞങ്ങള്‍, നിങ്ങള്‍ ഇന്ത്യക്കാരെപ്പോലെ വഴിയരുകില്‍ നിന്ന് പരസ്യമായി മൂത്രമൊഴിക്കാറുമില്ല."

എഡ്വേര്‍ഡിന് ഒരു വടി കൂടി കൊടുത്തതില്‍ കുറ്റബോധം തോന്നി ശങ്കരന്‍നായര്‍ വീണ്ടും വഴിയോരകാഴ്ചകളിയേ്ക്ക് ശ്രദ്ധ തിരിച്ചു. എഡ്വേര്‍ഡ് അശ്വമേധം തുടരുകയാണ്..

"ശാസ്ത്രത്തില്‍ മാത്രമല്ല, വൃത്തിയിലും വികസനത്തിലും നിങ്ങള്‍ ഇന്ത്യക്കാര്‍ വളരെ വളരെ പിന്നിലാണ് മിസ്റ്റര്‍ നായര്‍. വികസനം എന്താണെന്നറിയണമെങ്കില്‍ നിങ്ങള്‍ അമേരിക്കയിലേയ്ക്ക് വരൂ. അവിടെയുള്ള കെട്ടിടങ്ങളുടെ ഉയരങ്ങള്‍ പോലും നിങ്ങളെ അത്ഭുതപ്പെടുത്തും. മൗണ്ട് എവറസ്റ്റ് പോലും ഞങ്ങളുടെ നാട്ടിലെ കെട്ടിടങ്ങളുടെ ഉയരങ്ങള്‍ക്കു മുമ്പില്‍ തോറ്റുപോകും."

പുരികങ്ങള്‍ ചോദ്യചിഹ്നം പോലെ വളച്ചുപിടിച്ച് ശങ്കരന്‍നായര്‍ സംശയം പ്രകടിപ്പിച്ചു.

"ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കുപോലും അത്ര ഉയരമുള്ളതായി അറിവില്ല.  എന്നിട്ടാണ് മൗണ്ട് എവറസ്‌ററ്റ് പോലും തോറ്റുപോകുന്ന കെട്ടിടങ്ങള്‍... ഇല്ല.. ഞാന്‍ വിശ്വസിക്കില്ല. നിങ്ങള്‍ നുണയാണ് പറയുന്നത്."

അകായോഷി അതേറ്റു പിടിച്ചു.

"ശരിയാണ്. അത്രക്കൊന്നും വരില്ല. നിങ്ങള്‍ വെറുതെ പൊങ്ങച്ചം പറയുകയാണ്. അല്ലെങ്കിലും നിങ്ങള്‍ ഇംഗ്ലീഷുകാര്‍ നുണയന്‍മാരും പൊങ്ങച്ചക്കാരുമാണ്. "

ആവേശം കൂടിയപ്പോള്‍ പറഞ്ഞതല്‍പ്പം കൂടിപ്പോയി. അല്‍പ്പം ജാള്യതയോടെ ഗൗരവം കൈവിടാതെ എഡ്വേര്‍ഡ് പ്രസ്താവന തിരുത്തി.

"അതുപിന്നെ.... ഞാന്‍ ഒരു ഉദാഹരണം പറഞ്ഞുവെന്ന് മാത്രം. അത്രക്കൊന്നും വരില്ല. എന്നാലും എവറസ്റ്റിന്റെ തൊട്ടു താഴെ എന്നു കണക്കാക്കിയാല്‍ മതി."

ശങ്കരന്‍നായരുടെയും അകായോഷിയുടേയും മുഖത്ത് അങ്ങനെ വഴിക്കു വാ എന്നൊരു ഭാവമാണ്.
അമേരിക്കയേക്കാള്‍ ഒട്ടും മോശമല്ല ജപ്പാന്‍. അകായോഷിയ്ക്ക് അടങ്ങിയിരിക്കുവാന്‍ കഴിഞ്ഞില്ല.

"മിസ്റ്റര്‍ എഡ്വേര്‍ഡ്... വികസനമെന്നാല്‍ കെട്ടിടങ്ങള്‍ മാത്രമല്ല. ശരിയായ വികസനം കാണുവാന്‍, അമേരിക്കയിലേയ്ക്കല്ല, നിങ്ങള്‍ ജപ്പാനിലേയ്ക്കാണ് വരേണ്ടത്. സമയത്തെ തോല്‍പ്പിക്കുന്ന ബുള്ളറ്റ് ട്രെയിനുകളിലാണ് ഞങ്ങളുടെ യാത്രകള്‍. പരിഷ്‌കാരങ്ങള്‍ക്കൊപ്പം പാരമ്പര്യത്തേയും മാനിക്കുന്ന വികസന മാതൃകകളാണ് ഞങ്ങളുടേത്. നിങ്ങള്‍ക്കറിയാമോ ജപ്പാനില്‍ ഞങ്ങള്‍ മനുഷ്യരെ വേലക്കാരാക്കാറില്ല. അവിടെ ഞങ്ങള്‍ റോബോട്ടുകളെകൊണ്ടാണ് ജോലികളെല്ലാം ചെയ്യിക്കുന്നത്. അപകടകരവും കഠിനവുമായ ജോലികള്‍ ചെയ്യുവാന്‍, മാലിന്യങ്ങള്‍ വൃത്തിയാക്കുവാന്‍, എന്തിനധികം പറയുന്നു.കരയുമ്പോള്‍ ആശ്വസിപ്പിക്കുന്ന ഇന്റലിസെന്‍സ് റോബോട്ടുകള്‍ വരെയുണ്ട് എന്റെ നാടായ ജപ്പാനില്‍."

അവസാനം പറഞ്ഞതിനോട് യോജിക്കുവാനാകാതെ എഡ്വേര്‍ഡ് പ്രതികരിച്ചു.

"ഇല്ല... ഇല്ല.. നിങ്ങള്‍ പറയുന്നത് അംഗീകരിക്കുവാനാവില്ല. വികാരങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന റോബോട്ടുകളെ വികസിപ്പിക്കുന്നത് സംബന്ധിച്ചുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. നുണ പറയുന്നതില്‍ ജപ്പാന്‍കാരും മോശമല്ലെന്ന് നിങ്ങള്‍ തെളിയിച്ചിരിക്കുന്നു മിസ്റ്റര്‍ അകായോഷി".

ശങ്കരന്‍നായരും അതിനെ പിന്‍താങ്ങി.

"ഞാനും അത് വിശ്വസിക്കുന്നില്ല."

ആവേശം അല്‍പ്പം കൂടിപ്പോയെന്ന് ബോധ്യമുള്ളതുകൊണ്ട്, ജാള്യതയോടെയാണെങ്കിലും
അകായോഷിയും ഉടന്‍ തിരുത്തി.

"അതു പിന്നെ പറഞ്ഞുവന്നപ്പോള്‍ അങ്ങനെ പറഞ്ഞുവെന്നു മാത്രം. സത്യത്തില്‍ ഞാനുദ്ദേശ്ശിച്ചത്... വികാരങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന റോബോട്ടുകളെ കുറിച്ചുള്ള ഞങ്ങളുടെ പഠനങ്ങള്‍ ലക്ഷ്യത്തിന് തൊട്ടടുത്ത് എത്തിനില്‍ക്കുന്നു എന്നാണ്. "

ഇടയ്ക്കിടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന ശങ്കരന്‍നായരോട് എഡ്വേര്‍ഡ് ചോദിച്ചു.

"എന്താ മിസ്റ്റര്‍ നായര്‍, നിങ്ങള്‍ക്കൊന്നും പറയുവാനില്ലേ.?  നിങ്ങളുടെ പ്രിയപ്പെട്ട നാടിനെക്കുറിച്ച്...! "

വഴിയോരകാഴ്ചകള്‍ ആസ്വദിക്കുന്നുവെന്ന വ്യാജേന ഗൗരവത്തോടെ പുറത്തേയ്ക്കു നോക്കിയിരുന്ന ശങ്കരന്‍നായര്‍ ആദ്യമൊന്നും പറഞ്ഞില്ല. പിന്നെ ഒട്ടും താത്പര്യമില്ലാത്തതുപോലെ, പറഞ്ഞു.

"ഒരുപാട് രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന നാടാണ് എന്റെ ഇന്ത്യ. പറയുവാനാണെങ്കില്‍  എറെയുണ്ട്. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം. പറഞ്ഞാല്‍ നിങ്ങള്‍ ഒരിയ്ക്കലും വിശ്വസിക്കില്ല."

"അതോര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട. മിസ്റ്റര്‍ നായര്‍... ഞങ്ങള്‍ വിശ്വസിച്ചോളാം... ഇനി അഥവാ നുണയാണെങ്കില്‍പോലും...ഉം.. പറഞ്ഞോളൂ... "

എഡ്വേര്‍ഡ് ശങ്കരന്‍നായര്‍ക്ക് ധൈര്യം പകര്‍ന്നു.

"വാസ്തവത്തില്‍ നിങ്ങള്‍ വിദേശികള്‍ക്ക്‌, ഇന്ത്യയെക്കുറിച്ച് ഒന്നും അറിയില്ല. ഉദാഹരണത്തിന്, ഇന്ത്യയിലെ സന്യാസിമാര്‍ മൂക്കിലൂടെയാണ് ഭക്ഷണം കഴിക്കാറുള്ളതെന്ന് നിങ്ങള്‍ക്കറിയാമോ."

എഡ്വേര്‍ഡും അകയോഷിയും മുഖത്തോടുമുഖം നോക്കി. ആദ്യമായാണ് അവര്‍ ഇത്തരമൊരു വാര്‍ത്ത കേള്‍ക്കുന്നത്. അല്‍പ്പനേരത്തിനുശേഷം സംശയം തീര്‍ക്കുവാനായി എഡ്വേര്‍ഡ് തന്നെ ചോദിച്ചു.

"മിസ്റ്റര്‍ നായര്‍, സത്യമാണോ നിങ്ങള്‍ പറയുന്നത്."

ശങ്കരന്‍നായര്‍ അവരെ ഓര്‍മ്മിപ്പിച്ചു.

"ഇതുതന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞത്... പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ലെന്ന്."

"ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ അറിവാണ്. മിസ്റ്റര്‍ നായര്‍, ഞങ്ങള്‍ ഗൗരവത്തോടെയാണ്  ചോദിക്കുന്നത്.... സത്യം തന്നെയാണോ നിങ്ങള്‍ പറയുന്നത്... ആണെങ്കില്‍ അതിനു പിന്നില്‍ ഒരു കാരണവുമുണ്ടാകില്ലേ...  "

ഒരു വലിയ രഹസ്യം സൂക്ഷിക്കുന്നതുപോലെ ഭാവിച്ച് ശങ്കരന്‍നായര്‍ ഗൗരവത്തോടെ ഇരുന്നു. അകായോഷി ശങ്കരന്‍നായരെ പ്രകോപിപ്പിക്കുവാന്‍ ശ്രമിച്ചു.

"എനിക്കു തോന്നുന്നത് നിങ്ങള്‍ ഞങ്ങളെ പറ്റിക്കുവാന്‍ ശ്രമിക്കുകയാണെന്നാണ്."

ആകാംക്ഷ അടക്കുവാനാകാതെ എഡ്വേര്‍ഡ് വീണ്ടും ചോദിച്ചു.

"പറയൂ മിസ്റ്റര്‍ നായര്‍...  ബാക്കികൂടി പറയു... അതെന്താണ് ഇന്ത്യന്‍ സന്യാസിമാര്‍ മൂക്കിലൂടെ ഭക്ഷണം കഴിക്കുന്നത്. ദ്രവരൂപത്തിലുളള ഭക്ഷണം മാത്രമാണോ അവര്‍ കഴിച്ചിരുന്നത്."

"അല്ലേയല്ല... സന്യാസിമാര്‍ ഖരരൂപത്തിലുള്ള ഭക്ഷണങ്ങളും കഴിക്കാറുണ്ട്."

ശങ്കരന്‍നായര്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ എഡ്വേര്‍ഡിന് വാശികൂടി.

"ഖരരൂപത്തിലുള്ള ഭക്ഷണമോ... മൂക്കിലൂടെയോ...?"

എവറസ്റ്റിന്റെ വിഷയത്തില്‍ എഡ്വേര്‍ഡിനു സംഭവിച്ചതുപോലെ,  റോബോട്ടിന്റെ വിഷയത്തില്‍ അകായോഷിക്കു സംഭവിച്ചതുപോലെ, ശങ്കരന്‍നായരും ഒന്നു പരുങ്ങി. പിന്നെ ചെറുചമ്മലോടെ പറഞ്ഞു.

"അതുപിന്നെ.. മൂക്കിലൂടെ എന്ന് ഞാനുദ്ദേശ്ശിച്ചത്,  " തൊട്ടുതാഴെ ", " തൊട്ടടുത്ത് ", എന്നര്‍ത്ഥത്തിലാണ്. എവറസ്റ്റിനു " തൊട്ടുതാഴെ ", റോബോട്ടിനു " തൊട്ടടുത്ത് " എന്നെല്ലാം നിങ്ങള്‍ക്ക് പറയാമെങ്കില്‍ "വായിലൂടെ " എന്നതിനുപകരം "മൂക്കിലൂടെ" എന്നെനിക്കും പറഞ്ഞുകൂടെ."

ഒന്നും മിണ്ടാതെ പുറത്തെ വഴിയോരകാഴ്ചകള്‍ ആസ്വദിക്കുന്നത് എഡ്വേര്‍ഡും അകായോഷിയുമാണ്. ഒരു സത്യം അവരിരുവരും മനസ്സുകൊണ്ട് അംഗീകരിച്ചു. ഇന്ത്യക്കാര്‍തന്നെയാണ് ഏറ്റവും മുമ്പില്‍, വിശേഷാല്‍, നാവിന്റെ മികവില്‍.തുടര്‍ന്നുള്ള യാത്രയില്‍ അവര്‍ക്കിടയില്‍ വാഗ്വാദങ്ങളൊന്നും ഉണ്ടായില്ല. ജനീവയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്റര്‍നാഷണല്‍ സയന്‍സ് എക്‌സിബിഷന്‍ കാണുന്നതിനുള്ള യാത്രയിലാണ് മൂവരും.
..............................................................................

ഇന്റര്‍നാഷണല്‍ സയന്‍സ് എക്‌സിബിഷനില്‍, അത്ഭുതപ്പെടുത്തുന്ന പുതുപുത്തന്‍ ശാസ്ത്രകാഴ്ചകള്‍ ആസ്വദിച്ചു നടക്കുന്നതിനിടയില്‍, അവരെ ഏറ്റവും ആകര്‍ഷിച്ചത് തലച്ചോറിനെ സംബന്ധിച്ച പഠനങ്ങളാണ്. മറ്റ് അവയങ്ങളപോലെ തലച്ചോറും മാറ്റിവെക്കുന്ന കാലം വിദൂരമല്ല. പഠനാവശ്യങ്ങള്‍ക്കായി ഫ്രീസ് ചെയ്തു സൂക്ഷിച്ചിരിക്കുന്ന വിവിധ രാജ്യക്കാരുടെ ബ്രെയിന്‍ മാതൃകകളും എക്‌സിബിഷനിലെ സവിശേഷതയായിരുന്നു. ഓരോ തലച്ചോറിനു പിന്നിലും അത് ഏതു രാജ്യത്തേതാണെന്നും എഴുതിവെച്ചിട്ടുണ്ട്.

എഡ്വേര്‍ഡ് അമേരിക്കന്‍ ബ്രെയിന്‍ മാതൃക കണ്ടെത്തി, അവയുടെ മേന്‍മകള്‍ വായിച്ച് സായൂജ്യമടഞ്ഞു. അകായോഷി ജാപ്പനീസ് ബ്രെയിന്‍ മാതൃകയും തേടിപിടിച്ച്, സവിശേഷതകള്‍ വായിച്ച്, അഭിമാനമൂറി. ഇന്ത്യന്‍ തലച്ചോറിന്റെ മാതൃകളൊന്നും കാണാത്തതില്‍ ശങ്കരന്‍നായര്‍ കുണ്ഠിതപ്പെട്ടു. ലോകോത്തര ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള സവിശേഷതയൊന്നും ഇന്ത്യന്‍ തലച്ചോറിന് ഇല്ലെന്ന് ഉറക്കെ പറഞ്ഞ് ശങ്കരന്‍നായരെ പരിഹസിച്ച എഡ്വേര്‍ഡിനെ ഗൈഡ് തിരുത്തി.

"ഉണ്ട്... ഇന്ത്യന്‍ ബ്രെയിന്‍ മാതൃകയും പ്രദര്‍ശനത്തിനുണ്ട്. പക്ഷെ അത് അകത്ത് അതീവ സുരക്ഷയോടെ പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണ്. വരൂ... കാണിച്ചുതരാം. "

ശങ്കരന്‍നായര്‍ അഹങ്കാരത്തോടെ എഡ്വേര്‍ഡിനേയും അകായോഷിയേയും മാറി മാറി നോക്കി..

"പ്രത്യേകം സൂക്ഷിക്കുവാന്‍ മാത്രം എന്ത് സവിശേഷതയാണ് ഇന്ത്യന്‍ തലച്ചോറിനുള്ളത്. ശാസ്ത്രനേട്ടങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കാരുടെ സംഭാവന വെറും പൂജ്യമല്ലേ... ചിലപ്പോള്‍
കേടുപാടുകള്‍ ഉള്ളതുകൊണ്ടായിരിക്കും പ്രത്യേകം സൂക്ഷിച്ചിരിക്കുന്നത്. "

"അതെ മിസ്റ്റര്‍ എഡ്വേര്‍ഡ്.. നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞ ആ പൂജ്യം തന്നെയാണ് ലോകത്തിന് ഇന്ത്യാക്കാര്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന. അമേരിക്കയുടെയും ജപ്പാന്റേയും മാത്രമല്ല, ഇന്ന് ലോകത്തിന്റെതന്നെ ഗതി നിര്‍ണ്ണയിക്കുന്ന കമ്പ്യൂട്ടറുകള്‍പോലും ഇന്ത്യക്കാരുടെ സംഭാവനയാണെന്ന് പറഞ്ഞാലും അതിശയിക്കേണ്ട. നിങ്ങള്‍ക്കറിയാമോ... രണ്ടേ രണ്ടു അക്കങ്ങളില്‍നിന്നാണ് കമ്പ്യൂട്ടറുകളുടെ ആരംഭം. എന്നുവെച്ചാല്‍... ഒന്നും പൂജ്യവും.. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ആദ്യകാല കമ്പ്യൂട്ടറുകളുടെ പ്രോഗ്രാമിംഗ് ഭാഷയായ ബൈനറി നമ്പര്‍ സിസ്റ്റത്തിലെ ഒന്നും പൂജ്യവും.. നിങ്ങള്‍ നേരത്തേ പറഞ്ഞ ആ വെറും പൂജ്യമുണ്ടല്ലോ... അതാണ് ഇന്നു കാണുന്ന കമ്പ്യൂട്ടറുകളെ സാധ്യമാക്കിയത്... ആ പൂജ്യമാണ് വെറുമൊരു ഒന്നിനെ മില്ല്യണും ബില്ല്യണും ട്രില്ല്യണും ആക്കി മാറ്റുന്നത്. പക്ഷെ ഞങ്ങള്‍ നിങ്ങളെപ്പോലെ അഹങ്കരിക്കാറില്ല എന്നു മാത്രം."

അകത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഫടികക്കൂട്ടില്‍, രാജകീയ പ്രൗഢിയോടെ അലങ്കരിച്ചുവെച്ചിരിക്കുന്ന ഇന്ത്യന്‍ ബ്രെയിന്‍ മാതൃകയുടെ സമീപത്ത് എഴുതിവെച്ചിരിക്കുന്ന വാക്കുകള്‍ എഡ്വേര്‍ഡിനേയും അകായോഷിയേയും നിരാശപ്പെടുത്തി.

"ലോകത്തിന്റെ പ്രതീക്ഷ."

വിശ്വസിക്കുവാനാകുന്നില്ല... എന്താണ് ഇന്ത്യന്‍ തലച്ചോറിന്റെ മഹത്വം. എഡ്വേര്‍ഡും അകായോഷിയും സംശയം ദൂരീകരിക്കുന്നതിനായി ഗൈഡിനോടു ചോദിച്ചു. .

"അതിലിത്ര അത്ഭുതപ്പെടുവാനെന്തിരിക്കുന്നു."

"അപ്പോള്‍ ബുദ്ധിയുടെ കാര്യത്തില്‍, ഇന്ത്യന്‍ ബ്രെയിനുകള്‍, അമേരിക്കന്‍ ബ്രെയിനുകളേക്കാളും ജാപ്പനീസ് ബ്രെയിനുകളേക്കാളും മികച്ചതാണെന്നാണോ നിങ്ങള്‍ പറഞ്ഞുവരുന്നത്..."

എഡ്വേര്‍ഡിന്റെ സംശയങ്ങള്‍ അവസാനിക്കുന്നില്ല.ഗൈഡ് ക്ഷമാപൂര്‍വ്വം വിശദീകരിച്ചു.

"ഒരിയ്ക്കലുമല്ല... വാസ്തവത്തില്‍ എല്ലാ ബ്രെയിനുകളും ഒരേ നിലവാരം തന്നെയാണ്... പക്ഷെ മറ്റു രാജ്യങ്ങളിലെ ബ്രെയിനുകളോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ബ്രെയിനുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഒരുപാട് കഴിവുകളുണ്ടെങ്കിലും അത് ഇതുവരെയും ഉപയോഗിക്കപ്പെട്ടിട്ടില്ല. വാസ്തവത്തില്‍ അത് ഇപ്പോഴും ഫ്രഷാണ്... ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഒരുപാട് സാധ്യതകളാണുള്ളത്. ലോകം കാത്തിരിക്കുന്നതും ആ സാധ്യതകളാണ്. "

ശങ്കരന്‍നായരുടെ തല കുനിഞ്ഞു. എഡ്വേര്‍ഡും അകായോഷിയും ചുമലില്‍തട്ടി ആശ്വസിപ്പിച്ചു.
...............................................................

ശങ്കരന്‍നായര്‍ വെറും ശങ്കരന്‍നായരല്ല. ഡോക്ടര്‍ ശങ്കരന്‍നായരാണ്. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ഡോക്ടര്‍മാരായിരുന്നു. അദ്ദേഹത്തിന്റെ സഹോദരനും ഡോക്ടറാണ്. അദ്ദേഹത്തിന്റെ ഭാര്യയും  രണ്ടു മക്കളും ഡോക്ടര്‍മാരാണ്. അവരുടെ മക്കളേയും ഡോക്ടര്‍മാരാക്കുവാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പഠനത്തില്‍ അസാമാന്യ മികവുണ്ടായിരുന്നിട്ടും പഠിക്കുവാന്‍ തിരഞ്ഞെടുത്തത് ശാസ്ത്രവിഷയങ്ങളായിരുന്നിട്ടും, കുടുംബത്തിലെ മൂന്നുതലമുറയില്‍ ഒരാള്‍ പോലും എന്തുകൊണ്ട് ഒരു ശാസ്ത്രജ്ഞനാകുവാന്‍ ശ്രമിച്ചില്ല, ശ്രമിക്കുന്നില്ല എന്നതായിരുന്നു മടക്കയാത്രയില്‍ ശങ്കരന്‍നായര്‍ ചിന്തിച്ചുകൊണ്ടിരുന്നത്.



മാത്ത്വേട്ടന്റെ മഹത്ചരിതങ്ങള്‍

അമ്പത്തിയെട്ടാമത്തെ വയസ്സിലും മാത്ത്വേട്ടന്‍ ദിവസവും വൈകീട്ട് പഞ്ചായത്ത് വക മൈതാനം ആറുവട്ടം വലംവെക്കും. ചുമട്ടുതൊഴിലാളിയായിരുന്നു ഇപ്പോള്‍ ആവശ്യാനുസൃതം മാര്‍ക്കറ്റില്‍ അരിക്കച്ചവടവും സ്ഥലംകച്ചവടവും ഒന്നാംതരം ഒരു കുടവയറുള്ളതുകൊണ്ട് ഓണക്കാലത്ത് പുലിക്കളിയ്ക്ക് പുലിവേഷം കെട്ടലും ഒക്കെയായി കഴിഞ്ഞുപോകുന്നു. വൈകുന്നേരങ്ങളില്‍ മൈതാന മദ്ധ്യത്തില്‍ പുത്തന്‍ തലമുറയുടെ പന്തുകളിയും പതിവാണ്. നടത്തം നിര്‍ത്തി കുറച്ച് നേരം വിശ്രമിക്കാമെന്നു കരുതി, പയ്യന്‍മാരുടെ കാല്‍പന്തുകളി ആസ്വദിച്ചു നില്‍ക്കുമ്പോഴാണ് കൂട്ടത്തിലൊരുത്തന്റെ കമന്റ്.

"എന്താ ചേട്ടാ  ഒരു കൈ നോക്കണോ...?"

പയ്യന് കൂടിയാല്‍ ഇരുപത് വയസ്സ് മാത്രം. ഒരു കാലത്ത് ബുള്ളറ്റ് ഷോട്ടുകളിലൂടെ എതിര്‍ടീമുകളുടെ ഗോള്‍ കീപ്പര്‍മാരേയും വലകളേയും വിറപ്പിച്ചിരുന്ന സെന്റര്‍ ഫോര്‍വേഡായിരുന്നു മാത്ത്വേട്ടന്‍. അവനെയൊന്നു നോക്കി. കുടവയര്‍കുലുക്കിയൊന്നു ചിരിച്ച് , മത്ത്വേട്ടന്റെ മറുപടി ഒരു വെല്ലുവിളിയായിരുന്നു. .

"വേണമെങ്കില്‍ ഒന്നു മുട്ടിനോക്കാടാ... പക്ഷെ അതിനു മുമ്പ്.... ഗ്രൗണ്ടിന്റെ സെന്ററീന്ന്
ദാ... ആ കാണണ മരത്തിന്റെ മോളീക്കോടെ... ഒരൊറ്റ പ്രാവശ്യം പന്തടിച്ച് കാണിച്ചാല്‍ നമുക്കൊന്നു മുട്ടാം".

"ചേട്ടന് പറ്റ്വോ...."

"നെന്റെ പ്രായത്തില്‍ എനിക്കതിന് പറ്റുമായിരുന്നു. ഇപ്പോ നെനക്ക് പറ്റുമോന്ന് ഒന്ന് ശ്രമിച്ചുനോക്ക്.."

സെവന്‍സ് ഫുട്‌ബോളില്‍, കാളക്കൂറ്റനെപ്പോലെ, എതിര്‍ടീമുകളുടെ പേടിസ്വപ്നമായി, മാത്ത്വേട്ടന്‍ കത്തിനില്‍ക്കുന്ന കാലത്ത്, മൂപ്പരുടെ ഡൈ ഹാര്‍ഡ് ഫാനായിരുന്നു, മൈതാനത്തിനടുത്ത് ഇപ്പോള്‍ തട്ടുകട നടത്തുന്ന വര്‍ക്കിച്ചേട്ടന്‍. പഴയ ആരാധന ഇപ്പോഴും ഉള്ളില്‍ ഉള്ളതുകൊണ്ടായിരിക്കാം, ഈ ഡയലോഗെല്ലാം കേട്ടുകൊണ്ടിരുന്ന, വര്‍ക്കിച്ചേട്ടന്‍ മാത്തുവിനെ പിന്‍താങ്ങി.

"ഡാ... ചെക്കാ... നീയൊന്നും മാത്തൂനോട് മുട്ടാന്‍ നോക്കണ്ട... അവനേ... പഴേ സെവന്‍സ് പുല്യാ..."

പയ്യന് വാശിയേറി. കൂട്ടുകാര്‍ ആവേശം നിറച്ചു. ലോകകപ്പ് ഫൈനലില്‍ ഷൂട്ടൗട്ടിനുള്ള തയ്യാറെടുപ്പോടെ പയ്യന്‍ പന്ത് വെച്ച് പിന്നോട്ടല്‍പ്പം നടന്ന്, തന്റെ കായികക്ഷമതയ്ക്ക് മാറ്റുകൂട്ടുന്ന ആംഗ്യവിക്ഷേപങ്ങളോടെ, മെല്ലെ ചുവടെടുത്ത് വേഗതകൂട്ടി ഓടിവന്ന് ശക്തിയോടെ പന്തിനെ അടിച്ചുയര്‍ത്തി. കുതിച്ചുയര്‍ന്നു പറന്നുവെങ്കിലും പന്ത്  പക്ഷെ ലക്ഷ്യം കണ്ടില്ല. മരത്തിന്റെ പാതി ഉയരത്തില്‍  വളര്‍ന്നുനില്‍ക്കുന്ന ചില്ലകളില്‍ തട്ടി പന്ത് താഴെ വീണു. പയ്യന്റെ കൂടെ നിന്നവരില്‍ ചിലര്‍ കാലുമാറി കൂവാന്‍ തുടങ്ങി. മാത്തു ഗൗരവത്തോടെ അവരെ ആശ്വസിപ്പിച്ചു.

"ഉം.. ഒന്നൂടെ അടിച്ചു നോക്ക് ഗഢ്യേ."

ഒന്നു ചമ്മിയെങ്കിലും പയ്യന് വാശിയായി. വീണ്ടും കസര്‍ത്തുകളൊക്കെ കാട്ടി കൂടുതല്‍ ശക്തിയോടെ പന്ത് അടിച്ചകറ്റി. രക്ഷയില്ല. വീണ്ടും വീണ്ടും ദയനീയ പരാജയമായിരുന്നു ഫലം. കൂട്ടത്തിലെ  മറ്റു പയ്യന്‍മാരും ശ്രമിച്ചു നോക്കിയെങ്കിലും മാത്തുവിന്റെ വെല്ലുവിളിക്കുമുന്നില്‍ പരാജയപ്പെട്ടു. വര്‍ക്കിച്ചേട്ടന്‍ ഗമയോടെ ആവര്‍ത്തിച്ചു.

"നെന്റെയൊക്കെ പ്രായത്തില് മാത്തുവുണ്ടല്ലോ... പുഷ്പംപോലെയാ അതിന്റെ മോളിക്കൂടെ പന്തടിക്കാറ്ള്ളത്... അതുപോലെയൊക്കെ അടിക്കണെങ്കി ഇപ്പഴത്തെ പിള്ളേര് അപ്പിയിടും. അല്ലെങ്കിലും ഇപ്പോഴത്തെ പിള്ളാര്‍ക്കൊന്നും പണ്ടുള്ളോരടെ അത്ര പിക്കപ്പൊന്നും ഇല്ല്യ."

വര്‍ക്കിച്ചേട്ടന്റെ തട്ടുകടയില്‍നിന്നും കട്ടന്‍ ചായകുടിച്ച് മതിലില്‍ ഇരുന്ന് വിശ്രമിക്കുമ്പോള്‍, പയ്യന്‍മാരില്‍ ഒരുവന്‍ ആകാംക്ഷയോടെ ആ രഹസ്യം ചോദിച്ചറിയാന്‍ ശ്രമിച്ചു.

"അല്ല മാത്ത്വേട്ടാ... നിങ്ങള് ശരിക്കും ആ മരത്തിന്‍െ മോളീക്കോടെ പന്തടിച്ചിട്ടുണ്ടോ... അത്ര ശക്തീല്  പന്തടിക്കാന്‍ വല്ല നേക്കും ഇണ്ടോ."

മതിലില്‍നിന്നും ചാടിയിറങ്ങി, കയ്യില്ലാത്ത ബനിയനുമുകളിലൂടെ ഷര്‍ട്ടിട്ട്, സ്‌റ്റൈലില്‍ ഒരു കാജാബീഡിക്ക് തീകൊളുത്തി പുകവിട്ട്, ആ വലിയ മരത്തിലേ്ക്ക് നോക്കി മാത്ത്വേട്ടന്‍ തന്റെ പ്രതാപകാലം അയവിറക്കി. എന്നിട്ട് മെല്ലെ തിരിഞ്ഞുനിന്ന് പുത്തന്‍ തലമുറയോടായി ആ രഹസ്യം പറഞ്ഞുകൊടുത്തു.

"പന്തടിക്കണത് കാലുകൊണ്ടാ. പക്ഷെ ജയിക്കണങ്കി തലോണ്ട് കളിക്കണം. പത്തിരുപത്തിയഞ്ചുകൊല്ലം മുന്‍പ് ഞാന്‍ ആ മരത്തിന്റെ മോളീക്കോടെ പന്തടിച്ച് കളഞ്ഞിട്ട്ണ്ട് എന്നതു നേരുതന്നെ. പക്ഷെ..... അന്ന്....  ആ  മരം ഇത്രയ്ക്കും വളര്‍ന്നിട്ടില്ല്യായിരുന്നു... "

വര്‍ക്കിച്ചേട്ടന്‍ ചിരിയടക്കിപിടിച്ചു.

"...ഇപ്പോ മനസ്സിലായോ ഗഢ്യോളെ, അടീടെ നേക്ക് എന്താന്ന്... പോട്ടെ... അപ്പോ നാളെക്കാണാം."

ചമ്മിയെങ്കിലും, മാത്ത്വേട്ടന്‍ പോകുന്നത് പയ്യന്‍സ് ആരാധനയോടെ നോക്കി നിന്നു.

ടൗണിലൊന്നു കറങ്ങി, ബാറില്‍ കയറി പതിവുള്ള രണ്ട് പെഗ് "പഴയ സന്യാസി" നിന്നനില്‍പ്പില്‍ അടിച്ചു മടങ്ങുമ്പോള്‍ ലളിത കലാ അക്കാഡമിയുടെ മുന്നില്‍ ഒരു ആള്‍ക്കൂട്ടം... ടെമ്പോയില്‍നിന്നും ഇറക്കി കൊണ്ടിരിക്കുന്ന ചിത്രങ്ങളിലേയ്ക്കാണ് എല്ലാവരും നോക്കിനില്‍ക്കുന്നത്. ആള്‍ക്കുട്ടത്തെ നിയന്ത്രിക്കുന്ന അയല്‍വാസി ജോസൂട്ടിയെകണ്ട് മാത്തു ഇടപെട്ടു.

"ജോസൂട്ട്യേ..... എന്തുട്ട്ണ്ടാ ഇതൊക്കെ."

"ഒന്നും പറയണ്ട് മാത്ത്വേട്ടാ.. നല്ല ഒന്നാംതരം പണ്യാ കിട്ട്യേക്കണെ.... ഫിലിപ്പച്ചായന്‍ വരച്ച ചിത്രങ്ങളുടെ എക്‌സിബിഷനാണ് നാളെ.... ഫിലിപ്പച്ചായനെ അറിയില്ലേ. യേശുക്രിസ്തൂന്റെപോലെ മുടീം താടീം വെച്ചുനടക്കണ ആര്‍ട്ടിസ്റ്റ്പുലി..  നമ്മടെ ലണ്ടന്‍ സായ്വിന്റെ മോന്‍....."

പിടികിട്ടിയെന്ന അര്‍ത്ഥത്തില്‍ മാത്ത്വേട്ടന്‍ തലകുലുക്കി. ജോസൂട്ടി തുടര്‍ന്നു.

"ഫ്‌ലക്‌സ് ബോര്‍ഡ് പോലെ, അങ്ങേര് വരച്ച  കൊറേ പടങ്ങളൊക്കെ കൊടുത്തയച്ചിട്ട്ണ്ട്... ഇതൊക്കെ എക്‌സിബിഷനില്‍ വെക്ക്യാള്ളതാണ്. ഫോണ്‍ വിളിച്ചിട്ട് പറയ്വാ ഇന്ന് തന്നെ ഇതൊക്കെ സെറ്റപ്പാക്കാന്‍..  ഫ്‌ളൈറ്റ് ലേറ്റായ കാരണം അങ്ങേര്‍ക്ക് നാളെയേ വരാന്‍ പറ്റ്വള്ളോന്ന്..."

ചുമരില്‍ ചാരിവെച്ചിരുന്ന വലിയ ഒരു എണ്ണച്ചായ ചിത്രത്തിലേയ്ക്കു കൈചൂണ്ടി ജോസൂട്ടി പറഞ്ഞു.

"മാത്ത്വേട്ടന്‍ ഈ ചിത്രത്തില്‍ക്ക് ഒന്ന് നോക്ക്യേ..."

മാത്ത്വേട്ടന്‍ കുറച്ചുനേരം ആ ചിത്രത്തിലേയ്ക്കുതന്നെ സൂക്ഷിച്ചുനോക്കി നിന്നു. ജോസൂട്ടി വീണ്ടും ചോദ്യം ആവര്‍ത്തിച്ചു.

"വല്ലതും മനസ്സിലാവ്ണ്ണ്ടാ മാത്ത്വേട്ടാ...  മോഡേണ്‍ ആര്‍ട്ടാത്രെ. നോക്കീട്ട് ഞങ്ങള്‍ക്കാര്‍ക്കും ഒന്നും മനസ്സിലാവ്ണില്ല്യ....."

അടുത്ത ഡയലോഗ് ജോസൂട്ടി ശബ്ദം താഴ്ത്തിയാണ് മാത്തുവിനോട് പറഞ്ഞത്.

"....മത്ത്വേട്ടനായതോണ്ട് പറയാ.. പ്രശ്‌നംന്താന്ന് വെച്ചാലെ... മോഡേണ്‍ ആര്‍ട്ടായതോണ്ട് ചിത്രങ്ങള്‍ടെ
കടയും തലയും തിരിച്ചറിയിണില്ല്യ.. വരച്ചതെന്താന്ന് അറിഞ്ഞാലല്ലേ നേരെയാണോ തലതിരിച്ചാണോ വെക്കണ്ടേന്ന് അറിയൊള്ള്വോ... ഇതിപ്പോ ആകെ പെട്ടപോലെയായി.... "

"ഞാനൊന്ന് നോക്കട്ടടാ..." മാത്തു അവനെ ആശ്വസിപ്പിച്ചു. ജോസൂട്ടി ടെന്‍ഷനിലാണ്. അവന്‍ വീണ്ടും സ്വകാര്യം പറഞ്ഞു.

"....സംഭവം നിസാരല്ലാട്ടാ... വല്യ വല്യ ബുദ്ധിജീവികളൊക്കെ ഇതുകണ്ടിട്ട് ഭയങ്കര അഭിപ്രായാത്രെ പറഞ്ഞത്. ഒരെണ്ണത്തിന്റെ വെല എത്രാന്നറിയ്വോ.... ഒരു ലക്ഷൊക്കെയാന്നാ കേട്ടെ.... ആര്‍ക്കും മനസ്സിലാവാത്ത ഇതൊക്കെ ആരാ ഇത്ര വെല കൊട്ത്ത് വാങ്ങണാവോ... എനിക്കൊന്നും ഒന്നും മനസ്സിലാവ്ണില്ല്യ..."

പിന്നെയും കുറച്ചുനേരം നോക്കിനിന്നിട്ട് മാത്ത്വേട്ടന്‍ ജോസൂട്ടിയെ അടുത്തേയ്ക്ക വിളിച്ചു.

"ഞാമ്പറയണപോലെ വെച്ചാ മതി."

"ചേട്ടന് മനസ്സിലായാ..?".

"ബുദ്ധിള്ളോര്‍ക്ക് മനസ്സിലാവുംന്നല്ലേ പറഞ്ഞെ..."

"മാത്ത്വേട്ടാ പണി പാള്വോ.... ഫിലിപ്പച്ചായന്‍ നാണംകെടുംട്ടാ..."

"ധൈര്യായിട്ടിരിക്ക്യടാ ജോസൂട്ട്യേ.... ഞാമ്പറയണപോലെ വെച്ചാ മതീ... ഒന്നും സംഭവിക്കില്ല്യ.... ഞാനല്ലേ പറയണെ..."

.......................................................................................

ഫിലിപ്പച്ചായന്റെ ചിത്രപ്രദര്‍ശനം വന്‍വിജയമായിരുന്നു. കയ്യില്ലാത്ത ബ്ലൗസിട്ട ചില ആയമ്മമാരും ഊശാന്‍താടിവെച്ച ചില ജുബാധാരികളും ഓയില്‍ പെയ്ന്റിംഗുകളുടെ മാഹാത്മ്യത്തെ വാനോളം പുകഴ്ത്തി. മിക്കവാറും ചിത്രങ്ങള്‍ നല്ല വിലയ്ക്കുതന്നെ വിറ്റുപോയി. പത്രത്തിലും ടിവിയിലും വാര്‍ത്തകള്‍. ജോസൂട്ടിയ്ക്കും ടീമിനും ഫിലിപ്പച്ചായന്‍ വക നല്ല പ്രതിഫലം. അന്നത്തെ ചിലവ് ജോസൂട്ടിയുടെ വകയായിരുന്നു. കൃത്യസമയത്ത് ഇടപെട്ട് ചിത്രങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കി, അവയെ ശരിയായരീതിയില്‍ വെക്കുവാന്‍ സഹായിച്ച മാത്ത്വേട്ടനെ എല്ലാവരും ആദരവോടെ നോക്കി.

"എന്നാലും മാത്ത്വേട്ടനെ ഞാന്‍ സമ്മതിച്ചുട്ടാ... ടിവില് പറയണ കേട്ടപ്പഴല്ലേ മനസ്സിലായത്, ഫിലിപ്പച്ചായന്‍ വരച്ച ചിത്രങ്ങള്‍ക്കൊക്കെ ഭയങ്കര അര്‍ത്ഥങ്ങളാന്ന്. പറയ് മാത്ത്വേട്ടാ.. ചേട്ടനെങ്ങിന്യാ ആ ചിത്രങ്ങളുടെ അര്‍ത്ഥം പിടികിട്ടിയത്.?"

"തേങ്ങാക്കൊല... ആ പടങ്ങളൊന്നും കണ്ടിട്ട്  എനിക്കൊരു ചുക്കും മനസ്സിലായില്ല്യ."

"ങേ.. പിന്നെങ്ങിന്യാ ചിത്രങ്ങളൊക്കെ ശരിയ്ക്ക് വെയ്ക്കാന്‍ പറഞ്ഞുതന്നത്.  കൊറേ നേരം നോക്കീട്ടാണല്ലോ ഓരോന്നും തിരിച്ചുവെക്ക്, മറച്ച് വെക്ക്, തല കീഴായി വെക്ക്.. എന്നൊക്കെ പറഞ്ഞ് തന്നത് "

"ടാ മന്ദബുദ്ധ്യേ.... അതിന്  വല്ല്യ ബുദ്ധ്യൊന്നും വേണ്ട... വരച്ചാള്‍ടെ ഒപ്പ് നോക്കി വെച്ചാമതി. അതെന്തായാലും ചിത്രത്തിന്റെ അടീല് തന്ന്യാ കാണാറ്ള്ളത്. അത് കണ്ടുപിടിച്ചാ പിന്നെ സിംപിളല്ലെടാ... സിംപിള്‍...  പക്ഷേണ്ട്‌ല്ലോ മോഡേണ്‍ ആര്‍ട്ടില്‍, വരച്ചാള്‍ടെ ഒപ്പ് കണ്ടുപിടിക്കലും അത്ര എളുപ്പമല്ലാട്ടാ... പോട്ടെ ഗഢ്യോളെ.... അപ്പോ നാളെക്കാണാം."

ജോസൂട്ടിയും സംഘവും മാത്ത്വേട്ടനെ വണങ്ങി.
.......................................................................................

വീട്ടിലെത്തിയ മാത്ത്വേട്ടന്‍, വന്നപാടെ കയ്യില്‍ പിടിച്ചിരുന്ന കുട ഉമ്മറത്തെ കസേരയിലേയ്ക്ക് ഇട്ടുകൊടുത്തുകൊണ്ട്‌ അഹങ്കാരത്തോടെ വിളിച്ചുപറഞ്ഞു.

"ത്രേസ്യേ.. ന്നാ പിടിച്ചോ നിന്റെ കൊട.."

ഇടക്കിടെ കുട മറന്നുവരാറുള്ള തന്റെ ഭര്‍ത്താവ്, അന്നാദ്യമായി കൊണ്ടുപോയ കുട തിരിച്ചുകൊണ്ടുവന്നപ്പോള്‍ ത്രേസ്യടത്തിപോലും ഞെട്ടി. അവര്‍ മൂക്കത്തുവിരല്‍ വെച്ചുകൊണ്ട് പറഞ്ഞു.

"ഇതാ ഇപ്പോ നന്നായത്.. അതിന് നിങ്ങളിന്ന് കൊട കൊണ്ടുപോയിട്ടില്ല്യല്ലോ മന്‍ഷ്യാ... ആര്‌ടെ കൊടയാണാവോ എട്ത്ത് ഇങ്ങോട്ട് കൊണ്ട്‌ന്നേക്കണത്..തോററു നിങ്ങളെക്കൊണ്ട്..."

മാത്ത്വേട്ടന്‍ ഉറക്കെ ചിന്തിക്കുകയായിരുന്നു.

"നാട്ടിലൊക്കെ എന്താ നെലേം വെലേം.... വീട്ടില് മാത്രം പുല്ലുവെല... "

സാങ്കേതികവിദ്യകള്‍ V/s വൈകാരികതകള്‍

ജീവിതം സാങ്കേതികമായി പുരോഗമിക്കുമ്പാള്‍ വൈകാരികതകള്‍ നഷ്ടപ്പെടുമെന്നാണ് കരുതിയിരുന്നത്. പക്ഷെ യാഥാര്‍ത്ഥ്യം അതല്ലെന്നാണ് തോന്നുന്നത്. മാത്രവുമല്ല, വൈകാരികതകളുടെ ഉള്ളുകള്ളികളിലേക്ക് വെളിച്ചം വീശുവാനും സാങ്കേതികതകള്‍ക്ക് കഴിയുമത്രെ. ഒന്നും മനസ്സിലായില്ല അല്ലേ. അത് മനസ്സിലാക്കുവാന്‍ ഒരു ഇന്റര്‍നെറ്റ് നര്‍മ്മകഥയുടെ പരിഭാഷ വായിക്കാം..

.................................................

ഒരു ടെക്‌നിക്കല്‍ എക്‌സ്‌പോയിലാണ് വിസ്മയിപ്പിക്കുന്ന ആ റോബോട്ടിക് കാറിനെ ജോണ്‍ കണ്ടെത്തുന്നത്.  പറഞ്ഞാല്‍ അനുസരിക്കുന്ന ഒരു റോബോട്ടും അതിന് ഓടിപ്പിക്കുവാന്‍ കഴിയുന്ന ഒരു കാറും. സെയില്‍സ്മാന്റെ വാക്കുകളില്‍ പറഞ്ഞാല്‍ പറയുന്ന എല്ലാ ജോലികളും കൃത്യമായി ചെയ്യും. എത്ര ജോലിയെടുപ്പിച്ചാലും പരാതിയില്ല, പരിഭവമില്ല, മടിയില്ല. മുഖം വീര്‍പ്പിക്കല്‍ ഇല്ല. എപ്പോഴായാലും എത്ര തവണ ആവര്‍ത്തിച്ചാലും ആത്മാര്‍ത്ഥതയിലും അര്‍പ്പണബോധത്തിലും ഒരു കുറവും കാണിക്കാത്ത റോബോട്ടിക് കാര്‍ അയാളെ വളരെയധികം ആകര്‍ഷിച്ചു. വില അല്‍പ്പം കൂടുതലായിരുന്നുവെങ്കിലും ജോണ്‍ അത് സ്വന്തമാക്കുക തന്നെ ചെയ്തു.

ഒരിക്കല്‍ അയാളുടെ ഭാര്യ ജാനറ്റ് അയാളോട് ആവശ്യപ്പെട്ടു.

"ജോണ്‍ ഇന്ന് ഞാന്‍ വളരെയധികം ക്ഷീണിതയാണ്. നിങ്ങള്‍ കാറെടുത്തു പോയി കുട്ടികളെ സ്‌കൂളില്‍നിന്നും തിരിച്ചുകൊണ്ടുവരൂ."

സ്വന്തമായി ഒരു റോബോട്ടിക് കാറുള്ളപ്പോള്‍ താനെന്തിന്‌ പോകണം. ഉടന്‍തന്നെ അയാള്‍ തന്റെ റോബോട്ടിക് കാറിനോടു പറഞ്ഞു.

"മിസ്റ്റര്‍ റോബോട്ട് വേഗം കാറുമായി പോകൂ.  എന്റെ കുട്ടികളെ അവരുടെ സ്‌കൂളില്‍നിന്നും കൊണ്ടുവരൂ."

റോബോട്ട് അനുസരണയോടെ കാറുമായി പുറപ്പെട്ടു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും റോബോട്ടും കാറും കുട്ടികളും തിരിച്ചുവന്നില്ല. ജോണിനും ജാനറ്റിനും ആധിയായി തുടങ്ങി. ജാനറ്റിന്റെ തുടര്‍ച്ചയായ മുറുമുറുപ്പിനൊടുവില്‍ പോലീസില്‍ വിവരം അറിയിക്കുവാന്‍ അയാള്‍ സമ്മതിച്ചു. അതിനായി പുറപ്പെടുവാന്‍ തുടങ്ങുമ്പോള്‍ അയാളുടെ റോബോട്ടും കാറും തിരിച്ചുവന്നു. അതില്‍നിന്നും നിന്നും വേറെ ചില കുട്ടികളാണ് ആദ്യം ഇറങ്ങിവന്നത്.

അയാള്‍ റോബോട്ടിനോട് ചോദിച്ചു.

"ഈ കുട്ടികളൊക്കെ ആരാണ് ?"

"സാര്‍..അങ്ങയുടെ കുട്ടികളെ കൊണ്ടു വരാനല്ലേ പറഞ്ഞത്. ഇവരെല്ലാം അങ്ങയുടെ കുട്ടികള്‍ തന്നെയാണ് സാര്‍.'

ജാനറ്റ് അയാളെ രൂക്ഷമായി നോക്കി.  അവളുടെ കണ്ണുകള്‍ ബ്രൈറ്റ് ലൈറ്റുകള്‍ പോലെ ജ്വലിച്ചു. ആ ജ്വാലയില്‍ അയാള്‍ വിളറി. എന്തോ പറയുവാന്‍ ശ്രമിച്ച അയാളെ തടഞ്ഞുകൊണ്ട് ആ ജാനറ്റ് ദേഷ്യവും സങ്കടവും അടക്കുവാനാവാതെ പൊട്ടിത്തെറിച്ചു.

"വേണ്ട ഒന്നും പറയേണ്ട. എനിക്കെല്ലാം മനസ്സിലായി. നിങ്ങളെന്നെ ചതിക്കുകയായിരുന്നു അല്ലേ."

വിശ്വസിക്കുവാനാവാതെ ജോണ്‍ വീണ്ടും വീണ്ടും കാറിനുള്ളിലേക്ക്  എത്തിനോക്കി. അയാള്‍ വീണ്ടും എന്താ പറയുവാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴേക്കും ജാനറ്റ് വീണ്ടും തടഞ്ഞു.

"വേണ്ട നിങ്ങളുടെ ഒരു ന്യായീകരണവും എനിക്ക് കേള്‍ക്കേണ്ട. നിങ്ങള്‍ ഒരു ചതിയനാണ്.. വഞ്ചകനാണ്."

ജോണ്‍ കുറച്ചുനേരം നിശ്ശബ്ദനായി നിന്നു. പിന്നെ എന്തോ ഓര്‍ത്തെടുത്തതുപോലെ വളരെ പെട്ടെന്ന് അയാള്‍ ചോദിച്ചു.

"അല്ല ജാനറ്റ്, ഞാനൊന്നു ചോദിച്ചോട്ടെ..... കൃത്യമായി എന്റെ കുട്ടികളെ മാത്രം തിരഞ്ഞുപിടിച്ചുകൊണ്ടുവന്ന ഈ റോബോട്ട് എന്തുകൊണ്ടാണ് 'നമ്മുടെ' കുട്ടികളെ മാത്രം കൊണ്ടുവരാതിരുന്നത്....... പറയൂ ജാനറ്റ്...'

അപ്പോള്‍ ജാനറ്റിന്റെ കണ്ണുകളിലെ ജ്വാലകളുടെ തീവ്രത ബ്രൈറ്റ് ലൈറ്റില്‍നിന്നും ഡിം ലൈറ്റിലേക്ക് മാറിക്കഴിഞ്ഞിരുന്നു. 

യക്ഷികള്‍ കരയുന്നതെന്തിന് ?

കറുത്ത വാവായിരുന്നു. സമയം അര്‍ദ്ധരാത്രിയോടടുക്കുന്നു. തോളില്‍ സഞ്ചിയും തൂക്കി യക്ഷിക്കാവിനടുത്തുകൂടി ഒറ്റക്കു നടന്നുപോകുയായിരുന്ന ജുബാധാരിയായ യാത്രികന്‍. മരങ്ങള്‍ക്കിടയില്‍നിന്നും താളാത്മകമായ ചുവടുവെപ്പുകളോടെ അവള്‍ നടന്നുവന്നു. അസമയത്ത് ഒരു അപ്‌സരസുന്ദരിയുടെ സാന്നിധ്യം അയാളെ ഞെട്ടിച്ചില്ല. അവള്‍ നിലാവുപോലെ ചിരിച്ചു. മധുരമായി മൊഴിഞ്ഞു.

"ചുണ്ണാമ്പുണ്ടോ...? ഒന്നു മുറുക്കാന്‍..!."

മുറുക്കിയാല്‍ എന്റെ ചുണ്ടുകള്‍ ഒന്നുകൂടി ചുവക്കില്ലേ എന്നൊരു ഭാവമായിരുന്നു, അപ്പോള്‍ അവളുടെ താമരയിതളുകള്‍പോലുള്ള കണ്ണുകളില്‍. അതോര്‍മ്മിപ്പിക്കാനെന്നവണ്ണം അവള്‍ തന്റെ ചുവന്നുതുടുത്ത കീഴ്ച്ചുണ്ട്, മുല്ലമൊട്ടുകള്‍പോലുള്ള പല്ലുകളാല്‍ മെല്ലെയൊന്നു കടിച്ചുവിടുകയും ചെയ്തു. തൊട്ടാലലിയുന്നൊരു വെണ്ണക്കല്‍ പ്രതിമപോലെ, വശീകരിക്കുന്ന നോട്ടവുമായി അവള്‍ അയാള്‍ക്കുമുന്നില്‍ തുളുമ്പിനിന്നു. വഴിമുടക്കി നില്‍ക്കുന്ന ആ സൗന്ദര്യധാമത്തെ അയാള്‍ ആപാദചൂഢം ഒന്നു നോക്കി. എന്നിട്ട് അരസികനെപ്പോലെ പറഞ്ഞു.

"ചുണ്ണാമ്പൊന്നും എന്റെ കൈയ്യിലില്ല. വേണമെങ്കില്‍ അല്‍പ്പം റോജാപാക്ക് സുപ്പാരി തരാം."

അയാള്‍ ഒരു പാക്കറ്റ് പൊട്ടിച്ച് പകുതി വായിലേക്കിട്ടു. പാക്കില്‍ ബാക്കിവെച്ച സുപ്പാരി അവളുടെ നേരെ നീട്ടി. അവള്‍ അത് വാങ്ങി എന്താണെന്നു നോക്കുമ്പോഴേക്കും അയാള്‍ നടന്നകന്നിരുന്നു. ഏതു പുരുഷനേയും മോഹിപ്പിക്കുന്ന തന്റെ സൗന്ദര്യത്തെ അവഗണിച്ചുകൊണ്ടു നടന്നുപോകുന്ന ജുബാധാരിയെ ആ പുരുഷരൂപത്തെ അവള്‍ തീക്ഷ്ണമായി നോക്കി. അപ്പോള്‍ അവള്‍ ഭയാനകമായ ഒരു രക്തരക്ഷസ്സായി മാറുകയും കണ്ണുകളില്‍നിന്നും രക്തം ഇറ്റുവീഴുവാന്‍ തുടങ്ങുകയും ചെയ്തു. അയാളെ പിന്‍തുടരുവാന്‍ തുടങ്ങുമ്പോള്‍ അതുവഴിവന്ന ബ്രഹ്മരക്ഷസ്സ് അവളെ ആശ്വസിപ്പിച്ചു

"നീയിവിടെ നില്‍ക്കൂ. ഞാന്‍ ഒരു കൈ നോക്കട്ടെ."

അവര്‍ ആ യാത്രികനെ പിന്‍തുടര്‍ന്നു. അയാളെ ഭയചകിതനാക്കുവാന്‍ ബ്രഹ്മരക്ഷസ്സ് അയാള്‍ക്കു ചുറ്റും കൊടുങ്കാറ്റും പേമാരിയും ഇടിമിന്നലും സൃഷ്ടിച്ചു. യാത്രയിലെ വിഘ്‌നങ്ങള്‍ യാത്രികനെ മുഷിപ്പിച്ചു. കുറച്ചുനേരം വിശ്രമിക്കാമെന്നുകരുതി വലിയൊരു മരത്തിനുകീഴെ ഇരുന്ന് അയാള്‍ ഒരു ബീഡിക്കു തീകൊളുത്തി. പൊടുന്നനെ അയാളുടെ മുന്നില്‍ തീ പാറുന്ന കണ്ണുകളും ചോരയൊലിക്കുന്ന നാക്കും നീണ്ടുനില്‍ക്കുന്ന ദംഷ്ട്രകളുമായി ബ്രഹ്മരക്ഷസ്സ് പ്രത്യക്ഷപ്പെട്ടു.

"ഹ...ഹ....ഹ.... ഹി... ഹി.....ഹി...."

അവള്‍ പൊട്ടിചിരിക്കുവാന്‍ തുടങ്ങി. രക്ഷസ്സിന്റെ ഭയാനകമായ അട്ടഹാസവും ബീഭത്സരൂപവും അയാളെ ഒട്ടുംതന്നെ ഭയപ്പെടുത്തിയില്ല. ആ രൂപത്തെ വകവെക്കാതെ കെട്ടുപോയ ബീഡി വലിച്ചെറിഞ്ഞ് അയാള്‍ വീണ്ടും നടത്തം തുര്‍ന്നു. ലോകം മുഴുവന്‍ ഭയപ്പെടുന്ന രക്തദാഹികളായ തങ്ങളെ, ഭയക്കാതെ, കൂസാതെ, നടന്നുപോകുന്ന ആ വഴിപോക്കനെ വെറുതെവിടുവാന്‍ അവര്‍ തയ്യാറായിരുന്നില്ല. അവര്‍ തങ്ങളുടെ കൂട്ടാളികളായ ദേവയക്ഷിയെയും നാഗയക്ഷിയേയും മന്ത്രമോഹിനിയേയും കൂടെകൂട്ടി വീണ്ടും വീണ്ടും അയാളെ ഭയപ്പെടുത്തുവന്‍ തുടങ്ങി. ഒടുവില്‍ ക്ഷമ നശിച്ച് യക്ഷികളും രക്ഷസ്സുകളും ചേര്‍ന്ന് അയാളെ തടുത്തുനിര്‍ത്തി.

"ഹേ അഹങ്കാര ജന്മമേ.... നീ ഭയമില്ലെന്ന് നടിക്കുകയാണ്. അതുമല്ലെങ്കില്‍ നിനക്ക് ഞങ്ങളെ മനസ്സിലായില്ലെന്നുതോന്നുന്നു. മനുഷ്യരെ നിഷ്ഠൂരം കൊന്ന്, അവരുടെ രക്തമൂറ്റികുടിക്കുകയും കുടല്‍മാലകള്‍ ഭക്ഷിക്കുകയും തലയോട്ടികളും അസ്ഥികളും ആഭരണങ്ങളായി ധരിക്കുകയും ചെയ്യുന്ന ഭൂതപ്രേതപിശാചുക്കളാണ് ഞങ്ങള്‍. അമാനുഷികമായ ശക്തികളാണ് ഞങ്ങള്‍ക്കുള്ളത്. നീ ഭയപ്പെട്ടാലും ഇല്ലെങ്കിലും നിന്റെ അന്ത്യമടുത്തിരിക്കുന്നു."

കാറ്റിന് പാലപ്പൂക്കളുടെ ഗന്ധം. യക്ഷികള്‍ ആര്‍ത്തിയോടെ അയാള്‍ക്കരിലേക്ക് മെല്ലെ ഒഴുകിനീങ്ങി. അവര്‍ ചെന്നായ്ക്കളെപ്പോലെ നാക്കുകള്‍ പുറത്തേക്കിട്ട് അണക്കുന്നുണ്ടായിരുന്നു. അവരുടെ നയനങ്ങളില്‍നിന്നും നാക്കുകളില്‍ നിന്നും രക്തം ഇറ്റിറ്റായി വീണുകൊണ്ടിരുന്നു.  വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടവന്റെ മണം തേടി അകലെനിന്നും കൂടുതല്‍ യക്ഷികള്‍ പറന്നുവരുന്നുണ്ടായിരുന്നു. പക്ഷെ അയാള്‍ അവരുടെ വരവിനേയും വാക്കുകളേയും ശ്രദ്ധിച്ചതേയില്ല. നിര്‍വ്വികാരതയോടെ സമയം വൈകിയല്ലോ എന്ന് പ്രാകികൊണ്ട് സഞ്ചിയില്‍നിന്നും ഒരു വാരികയെടുത്ത് വീശി. അയാളുടെ കൂസലില്ലായ്മ വീണ്ടും അവരെ ഞെട്ടിച്ചു. ആദ്യം ചുണ്ണാമ്പു ചോദിച്ച യക്ഷി രോഷത്തോടെ പറഞ്ഞു.

"ഇനിയും ഇയാളെ വെറുതെവിട്ടാല്‍ അത് ഭൂതപ്രേതപിശാചുക്കള്‍ക്കെല്ലാം തന്നെ, നമ്മുടെ വംശത്തിനുതന്നെ ഒരു അപമാനമായി മാറും."

യക്ഷികളുടെയും രക്ഷസ്സുകളുടേയും നിയന്ത്രണം നഷ്ടപ്പെട്ടു. വിരലുകളേക്കാള്‍ നീളമുള്ള നഖങ്ങള്‍ വിടര്‍ത്തി അലറിക്കൊണ്ട് അവര്‍ അയാളിലേക്കു പാഞ്ഞടുത്തു. അപ്പോള്‍ യക്ഷികളിലൊരാള്‍ പറഞ്ഞു

"നില്‍ക്കൂ... നമ്മെ ഭയക്കാതിരിക്കുവാന്‍ മാത്രം ഇയാളുടെ പക്കല്‍ എന്താണുള്ളതെന്ന് ഞാനൊന്നു നോക്കട്ടെ..."

മറ്റുള്ളവരോട് നിന്നിടത്തുതന്നെ നില്‍ക്കുവാന്‍ ആംഗ്യം കാണിച്ചുകൊണ്ട് അവള്‍ മാത്രം അയാളുടെ അരികിലേക്കു ഒഴുകി ചെന്നു. കണ്ണുകളിലേക്ക് തുറിച്ചുനോക്കി, വിറക്കുന്ന കൈകവിരലുകളാല്‍ അവള്‍ അയാളുടെ കഴുത്തിലും കൈകളിലും അരയിലും കാലുകളിലും തലോടി. പിന്നെയവള്‍ ദിക്കുകള്‍ നടുങ്ങുമാറുച്ചത്തില്‍ അട്ടഹസിച്ചു.

"ഹ...ഹ....ഹ.... ഹി... ഹി.....ഹി...."

അവളുടെ ചിരിയുടെ അലകള്‍ മലകളില്‍ തട്ടി പ്രതിധ്വനിച്ചു. ചിരിയടക്കി യക്ഷിക്കൂട്ടങ്ങളോടായി അവള്‍ ഉച്ചത്തില്‍ പറഞ്ഞു.

"ഇല്ല... ഏലസ്സില്ല... മന്ത്രച്ചരടോ പൂജിച്ച മാലകളോ ഇല്ല... കുരിശോ കൊന്തയോ ഒന്നുംതന്നെ ഇവന്റെ കൈവശമില്ല. രക്തദാഹികളായ ചങ്ങാതിമാരെ, ധൈര്യമായി അടുത്തേക്കു വരാം... ഇന്ന് നമുക്കിവനെതന്നെ ഇരയാക്കാം."

മറ്റുള്ളവരും അവളോടൊപ്പം അട്ടഹസിക്കുവാന്‍ തുടങ്ങി. വിശന്നുവലഞ്ഞ ചെന്നായ്ക്കളെപ്പോലെ തൊട്ടരികെ മുഖാമുഖം നിന്നുകൊണ്ട് തങ്ങളുടെ ഭയപ്പെടുത്തുന്ന ചേഷ്ടകളാല്‍ അയാളുടെ കണ്ണുകളിലേക്കവര്‍ തുറിച്ചുനോക്കി. അപ്പോള്‍ അയാള്‍ ബീഡിക്കു തീകൊളുത്തുകയായിരുന്നു. അയാളുടെ അസാമാന്യധൈര്യം അവരെ വീണ്ടും അത്ഭുതപ്പെടുത്തി. നാഗയക്ഷി ചോദിച്ചു.

"അദ്ഭുതം തന്നെ. മരണം തൊട്ടടുത്തെത്തിയിട്ടും  നിങ്ങള്‍ക്ക് ഒട്ടുംതന്നെ ഭയം തോന്നുന്നില്ലേ.
ആരാണ് നിങ്ങള്‍.?"

അവളുടെ ചോദ്യത്തിന് അയാള്‍ മറുപടി പറഞ്ഞില്ല. ഒരു മറുചോദ്യമാണ് അയാള്‍ മുന്നോട്ട് വെച്ചത്.

"എന്താ നിന്റെ പേര്. ?"

"നാഗയക്ഷി."

"നിന്റെയോ ?"

"ദേവയക്ഷി."

"നിന്റെ ?"

"ബ്രഹ്മരക്ഷസ്സ്."

"മന്ത്രമോഹിനി"

"ചുടലഭദ്ര."

"രക്തരക്ഷസ്സ്"

ബാക്കിയുള്ളവരോടായി അയാള്‍ കണ്ണുകള്‍കൊണ്ട് ചോദ്യമാവര്‍ത്തിച്ചു. അയാളുടെ കണ്ണുകള്‍ ഓരോരുത്തരിലേക്കും നീണ്ടു. യക്ഷികള്‍ ഓരോരുത്തരായി അനുസരണയോടെ തങ്ങളുടെ പേരുകള്‍ പറഞ്ഞുകൊടുത്തു. എല്ലാവരും പേരുകള്‍ പറഞ്ഞു പരിചയപ്പെടുത്തി കഴിഞ്ഞപ്പോള്‍ അയാള്‍ അവരെ ഓരോരുത്തരേയും കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കികൊണ്ടു ചോദിച്ചു.

"അപ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ ആരാണെന്നറിയണം. അല്ലെ.?"

യക്ഷികള്‍ തലയാട്ടി. അപ്പോള്‍ അവരുടെ അറപ്പും വെറുപ്പും ഭയവും ഉളവാക്കുന്ന മുഖങ്ങളില്‍ അല്‍പ്പം ആകാംക്ഷയുടെ നിഷ്‌കളങ്ക ഭാവം കൂടി നിഴലിച്ചിരുന്നു. അയാളില്‍നിന്നും പുകച്ചുരുളുകള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. അല്‍പ്പനേരത്തെ മൗനത്തിനുശേഷം അയാള്‍ തുടര്‍ന്നു.

"ശരി. ഞാന്‍ ആരാണെന്നു പറയാം. അതിനുമുന്‍പ് ഒരു കാര്യം കൂടി അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ഇത്രയൊക്കെ അമാനുഷിക ശക്തികള്‍ ഉണ്ടായിട്ടും നിങ്ങള്‍ എന്തുകൊണ്ടാണ് എന്നെ ഒന്നും ചെയ്യാത്തത്."

യക്ഷികള്‍ മറുപടി പറയാതെ മൗനം പാലിച്ചു..

അയാള്‍ വീണ്ടും ചോദിച്ചു.

"ഉം.. പറയൂ... എന്താണ് എന്നെ ഒന്നും ചെയ്യാതിരുന്നത്.? എന്താണ് ആക്രമിക്കാത്തത്.? നിങ്ങള്‍ എന്നെ ഭയപ്പെടുത്തുക മാത്രമല്ലേ ചെയ്യുന്നുള്ളൂ !."

അപ്പോള്‍ യക്ഷികള്‍ പരസ്പരം നോക്കി. പിന്നെ അല്‍പ്പം ജാള്യതയോടെ പറഞ്ഞൊപ്പിച്ചു.

"അത്.... അത്.... മനുഷ്യര്‍ ഞങ്ങളെ ഭയപ്പെട്ടാല്‍ മാത്രമേ ഞങ്ങള്‍ക്ക് അവരെ എന്തെങ്കിലും ചെയ്യാനാകൂ."

യക്ഷികളുടെ മറുപടി കേട്ട് അയാള്‍ നിര്‍ത്താതെ പൊട്ടിച്ചിരിച്ചു.

"ഹ.ഹ...ഹ......... ഹ..ഹ...ഹ..."

യക്ഷികള്‍ ലജ്ജിച്ചുതലതാഴ്ത്തിനിന്നു. തികട്ടി വരുന്ന ചിരി പിടിച്ചുനിര്‍ത്താന്‍ പ്രയാസപ്പെട്ടുകൊണ്ട് അയാള്‍ ചോദിച്ചു.

"ശരി. അപ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ ആരാണെന്നറിയണം അല്ലെ ?. പറയാം. "

യക്ഷികള്‍ നിശ്ശബ്ദരായി അയാളെ തന്നെ നോക്കി നിന്നു. അയാള്‍ മെല്ലെ നാഗയക്ഷിയുടെ അടുത്തേക്കു ചെന്നു. അവളുടെ തോളില്‍ പിടിച്ചുകൊണ്ട് അയാള്‍ അവളെ അല്‍പ്പം തിരിച്ചുനിര്‍ത്തി. എന്നിട്ട് തന്റെ സഞ്ചിയില്‍നിന്നും ഒരു മാഗസിന്‍ പുറത്തെടുത്തു ചുരുട്ടി വടിപോലെയാക്കി.

"നിനക്കെന്നെ മനസ്സിലായില്ല അല്ലെടീ....?"

അയാളുടെ ഭവം കണ്ട് ഭയങ്കരിയായ നാഗയക്ഷിപോലും അല്‍പ്പം ഭയന്നതുപോലെ. അയാള്‍ വീണ്ടും ചോദിച്ചു.

"നിനക്കെന്നെ മനസ്സിലായില്ല അല്ലെടീ.... നിന്നെയൊക്കെ സൃഷ്ടിച്ച് എഴുതി വളര്‍ത്തി വലുതാക്കിയ കോട്ടയം പുഷ്പനാഥ് ആണെടീ . ഞാന്‍."

പറഞ്ഞു തീരുമ്പോഴേക്കും അയാള്‍ ചുരുട്ടിപിടിച്ച മാഗസിന്‍ കൊണ്ട് നാഗയക്ഷിയുടെ ചന്തിക്കിട്ടൊന്നു കൊടുത്തുകഴിഞ്ഞിരുന്നു. അടിയുടെ വേദനയില്‍ പരിഭവിച്ചുകൊണ്ട് നാഗയക്ഷി പിന്‍ഭാഗം തടവുമ്പോള്‍ അയാള്‍ വീണ്ടും ചോദിച്ചു

"നിന്നെയൊക്കെ എഴുതി വളുര്‍ത്തി വലുതാക്കിയ എന്റെ ചോരതന്നെ വേണമല്ലേ നിനക്കൊക്കെ".

അടുത്ത അടി വീഴുന്നതിനുമുമ്പേ നാഗയക്ഷി ഓടിയകന്നു. പിന്നാലെ മറ്റു യക്ഷികളും. അവര്‍ക്കു പിന്നാലെ മാഗസിന്‍ ഓങ്ങിക്കൊണ്ട് അയാളും.

.....................................................................................

വാല്‍കഷ്ണം.
ഒരു കാലഘട്ടത്തില്‍, ഭാവനാതീതമായ, അപസര്‍പ്പക. കുറ്റാന്വേഷണ, യക്ഷികഥകളിലൂടെ മലയാളിയുടെ വായനാശീലത്തെ പരിപോഷിച്ച കോട്ടയം പുഷ്പനാഥ് എന്ന പ്രതിഭാധനനും പ്രശസ്തനുമായ എഴുത്തുകാരന്റെ പേര് ഒഴികെ ഈ കഥയിലെ സംഭവങ്ങളും സാഹചര്യങ്ങളും കഥാപാത്രങ്ങളും അവരുടെ സ്വഭാവസവിശേഷതകളുമെല്ലാം തികച്ചും സാങ്കല്‍പ്പികമാണ്. 

ആദ്യം നീ നന്നാവാന്‍ നോക്ക്

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഫലിത കഥകള്‍ എനിക്ക്‌ ഒരുപാടിഷ്ടമാണ്‌. ഞാന്‍ കേട്ടിട്ടുള്ള, വായിച്ചിട്ടുള്ള അത്തരം കഥകള്‍ എന്റെ ശൈലിയില്‍ പരിഭാഷപ്പെടുത്തി എന്റെ ബ്ലോഗില്‍ പങ്കുവെക്കുന്നു. 
.......................................................................

ചെറിയ കുട്ടിയായിരുന്ന മകന്‍ ഒരു ഭൂപടം (World Map) എടുത്ത് കളിച്ചു കൊണ്ടിരുന്നു.. അതു കൊണ്ടു വയ്ക്കാന്‍ പല പ്രാവശ്യം അഛ‌ന്‍ ആവശ്യപ്പെട്ടിട്ടും മകന്‍ അനുസരിച്ചില്ല.. അങ്ങിനെ കളിച്ചുകൊണ്ടിരിക്കെ ആ ഭൂപടം രണ്ടായി കീറിപ്പോയി. ഇതു കണ്ട് അഛനു വല്ലാതെ ദേഷ്യം വന്നു. അദ്ദേഹം ആ ഭൂപടം വാങ്ങി അനേകം കഷണങ്ങളായി കീറിക്കളഞ്ഞു..

അല്പം കഴിഞ്ഞ് കോപമൊക്കെ അടങ്ങിയപ്പോള്‍ അഛന്‍, ചിതറിക്കിടന്ന ആ ഭൂപടത്തിന്‍റെ കഷണങ്ങള്‍ പെറുക്കിയെടുത്ത് ശരിയായിചേര്‍ത്തു വയ്ക്കാന്‍ ശ്രമിച്ചു.പക്ഷെ, വലിയ ഭൂമിശാസ്ത്ര പരിജ്ഞാനമൊന്നുമില്ലായിരുന്ന അച്ഛന്‍, എത്ര ശ്രമിച്ചിട്ടും ആ കഷണങ്ങള്‍ ശരിയായി ചേര്‍ത്തുവച്ച് ഭൂപടം ശരിയാക്കാന്‍ കഴിഞ്ഞില്ല.

അല്‍പ്പസമയത്തേക്കു പുറത്തേക്കു പോയ അഛന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് ചെറിയ കുട്ടിയായ മകന്‍ ആ കഷണങ്ങളെല്ലാം കൃത്യമായി ചേര്‍ത്തു വച്ച് ആ ഭൂപടം 
ശരിയാക്കിവെച്ചിരിക്കുന്നതാണ്. അഛന്‍‍ അദ്ഭുതത്തോടും അഭിമാനത്തോടും കൂടി മകനെ അഭിനന്ദിച്ചു. എങ്ങിനെ അവനതു സാധിച്ചു എന്നന്വേഷിച്ചു. അപ്പോള്‍ മകന്‍ പറഞ്ഞു;

“അതത്ര വലിയ കാര്യമൊന്നുമല്ലഛാ, ആ ഭൂപടത്തിന്‍റെ മറുപുറത്ത് ഒരു മനുഷ്യന്‍റെ പടമുണ്ടായിരുന്നു. ഞാന്‍ അതു ശരിയാക്കിയപ്പോള്‍ ഭൂപടം തനിയെ ശരിയായി. അത്രയേയുള്ളു.”

ശരിയല്ലേ? നാം ലോകം ശരിയാക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നു.മനുഷ്യന്‍ ശരിയായാല്‍ മതി, ലോകം തനിയെ ശരിയായിക്കൊള്ളും എന്നോര്‍ക്കാതെ..

ഗുണപാഠം : ആദ്യം നീ നന്നാവാന്‍ നോക്ക്


ഊരിലെ പഞ്ഞം... എ ബ്ലെസിംഗ്‌ ഇന്‍ ഡിസ്‌ഗൈസ്‌.

" ഇന്റര്‍നാഷണല്‍ ഫൈറ്റ്‌ ഓഫ്‌ കാറ്റ്‌സ്‌"


വിശ്വപ്രസിദ്ധമായ പൂച്ചകളുടെ പോര്‌ പാരീസില്‍ നടക്കുകയാണ്‌. ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിച്ചേര്‍ന്നിട്ടുള്ള വിദഗ്‌ധ പരിശീലനം ലഭിച്ച മിടുക്കന്‍മാരായ പൂച്ചകള്‍ പോരില്‍ പങ്കെടുക്കുന്നു. വിവിധരാജ്യക്കാരായ പൂച്ചകളുടെ കരുത്തുകൊണ്ടും സൗന്ദര്യംകൊണ്ടും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ച മത്സരത്തില്‍ എല്ലാ പ്രതീക്ഷകളേയും തകിടംമറിച്ചുകൊണ്ട്‌, ലോകത്തിലെ ഏറ്റവും വലിയ പട്ടിണിരാജ്യമായ സോമാലിയയില്‍ നിന്നുമെത്തിയ പൂച്ചയാണ്‌ കിരീടം ചൂടിയത്‌. അവന്റെ ശൗര്യത്തിനുമുന്നില്‍ അമേരിക്കയുടേയും റഷ്യയുടേയും തടിച്ചുകൊഴുത്ത പൂച്ചകള്‍പോലും നിഷ്‌പ്രഭരായി. വയറുനിറയെ ഭക്ഷണം പോലും കഴിക്കുവാനില്ലാത്ത രാജ്യത്തുനിന്നും എത്തി കിരീടംചൂടിയ സോമാലിയന്‍  പൂച്ചയെ എല്ലാവരും അഭിനന്ദിച്ചു. ജേതാവിനായി കാത്തുവെച്ചിരുന്ന വിശിഷ്ട ഭക്ഷണങ്ങള്‍ മതിവരുവോളം കഴിച്ചു പുറത്തിറങ്ങിയ ആ പൂച്ചയെ മാധ്യമപ്രവര്‍ത്തകള്‍ വളഞ്ഞു.

എന്താണ്‌ നിങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യം ? ആരാണ്‌ നിങ്ങളുടെ പരിശീലകന്‍ ? എന്താണ്‌ നിങ്ങളുടെ വിജയ രഹസ്യം ? ആരാണ്‌ നിങ്ങളുടെ മാതൃക ? ഒരു പൂച്ചയെന്ന നിലയില്‍ മറ്റു പൂച്ചകളോട്‌ എന്തു സന്ദേശമാണ്‌ നിങ്ങള്‍ക്കു നല്‍കുവാനുള്ളത്‌ ?

ഒന്നിനു പിറകെ മറ്റൊന്നായി വെടിയുണ്ടകളെപ്പോലെ പാഞ്ഞുവരുന്ന ചോദ്യങ്ങള്‍ക്കുമുന്നില്‍ പാവം സോമാലിയന്‍ പൂച്ച പകച്ചുപോയി. തന്റെ നേര്‍ക്കുചൂണ്ടിയ മൈക്കുകള്‍ തോക്കുകളാണെന്നു തെറ്റിദ്ധരിച്ച അവന്‍ മാധ്യമപ്രവര്‍ത്തകരുടെ ചക്രവ്യൂഹം ഭേദിച്ച്‌ അവര്‍ക്കിടയിലൂടെ അതിവേഗം ഓടി രക്ഷപ്പെട്ടു.

പാരീസിലെ ഒരു ഇടുങ്ങിയ തെരുവിലൂടെ സ്വാതന്ത്ര്യത്തോടെ കാഴ്‌ചകളാസ്വദിച്ചുകൊണ്ടു നടക്കുമ്പോള്‍, അവനെ തിരിച്ചറിഞ്ഞ ഒരു മെക്‌സിക്കന്‍ സുന്ദരിപൂച്ച അവനോടൊപ്പം കൂടി. മെക്‌സിക്കന്‍ സുന്ദരി അവനോടു ചോദിച്ചു.

"നിങ്ങളല്ലേ ലോക പൂച്ചപ്പോരില്‍ വിജയിച്ച ധീരനായ ആ പൂച്ചവീരന്‍ ?"

"പൂച്ചയോ..... ആരാണ്‌ പൂച്ച.... ദയവു ചെയ്‌ത്‌ എന്നെ വെറുമൊരു പൂച്ചയെന്നുവിളിച്ച്‌ അപമാനിക്കരുത്‌...... യഥാര്‍ത്ഥത്തില്‍ ഞാന്‍ ഒരു പുലിയാണ്‌..... ആഹാരം കിട്ടാതെ വളര്‍ച്ച മുരടിച്ചുപോയ ഒരു സോമാലിയന്‍ പുലി. ജയിച്ചാല്‍ വയറു നിറച്ച്‌ ആഹാരം കഴിക്കാമല്ലോ എന്നു കരുതി മത്‌സരത്തില്‍ പങ്കെടുത്തുവെന്നുമാത്രം."

***************************************************************
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഫലിത കഥകള്‍ എനിക്ക്‌ ഒരുപാടിഷ്ടമാണ്‌. ഞാന്‍ കേട്ടിട്ടുള്ള, വായിച്ചിട്ടുള്ള അത്തരം കഥകള്‍ എന്റെ ശൈലിയില്‍ പരിഭാഷപ്പെടുത്തി എന്റെ ബ്ലോഗിലെ "നര്‍മ്മം" എന്ന ലേബലില്‍ പങ്കുവെക്കുന്നു. ചില തമാശ കഥകള്‍ നമ്മെ ചിരിപ്പിക്കുകയും അതുപോലെതന്നെ വേദനിപ്പിക്കുകയും ചെയ്യും. ഇത്‌ അതുപോലൊരു തമാശ കഥയാണ്‌. കഥ എനിക്ക്‌ ഒരു സുഹൃത്ത്‌ പറഞ്ഞു തന്നതാണ്‌. എന്റെ വക കുറച്ച്‌ പൊടിപ്പും തൊങ്ങലുമൊക്കെ കൂട്ടിചേര്‍ത്തിട്ടുണ്ട്‌.

***************************************************************

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...