വിശ്വപ്രസിദ്ധമായ പൂച്ചകളുടെ പോര് പാരീസില്‍ നടക്കുകയാണ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിച്ചേര്‍ന്നിട്ടുള്ള വിദഗ്‌ധ പരിശീലനം ലഭിച്ച മിടുക്കന്‍മാരായ പൂച്ചകള്‍ പോരില്‍ പങ്കെടുക്കുന്നു. വിവിധരാജ്യക്കാരായ പൂച്ചകളുടെ കരുത്തുകൊണ്ടും സൗന്ദര്യംകൊണ്ടും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ച മത്സരത്തില്‍ എല്ലാ പ്രതീക്ഷകളേയും തകിടംമറിച്ചുകൊണ്ട്, ലോകത്തിലെ ഏറ്റവും വലിയ പട്ടിണിരാജ്യമായ സോമാലിയയില്‍ നിന്നുമെത്തിയ പൂച്ചയാണ് കിരീടം ചൂടിയത്. അവന്റെ ശൗര്യത്തിനുമുന്നില്‍ അമേരിക്കയുടേയും റഷ്യയുടേയും തടിച്ചുകൊഴുത്ത പൂച്ചകള്‍പോലും നിഷ്‌പ്രഭരായി. വയറുനിറയെ ഭക്ഷണം പോലും കഴിക്കുവാനില്ലാത്ത രാജ്യത്തുനിന്നും എത്തി കിരീടംചൂടിയ സോമാലിയന്‍ പൂച്ചയെ എല്ലാവരും അഭിനന്ദിച്ചു. ജേതാവിനായി കാത്തുവെച്ചിരുന്ന വിശിഷ്ട ഭക്ഷണങ്ങള്‍ മതിവരുവോളം കഴിച്ചു പുറത്തിറങ്ങിയ ആ പൂച്ചയെ മാധ്യമപ്രവര്‍ത്തകള്‍ വളഞ്ഞു.
എന്താണ് നിങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യം ? ആരാണ് നിങ്ങളുടെ പരിശീലകന്‍ ? എന്താണ് നിങ്ങളുടെ വിജയ രഹസ്യം ? ആരാണ് നിങ്ങളുടെ മാതൃക ? ഒരു പൂച്ചയെന്ന നിലയില്‍ മറ്റു പൂച്ചകളോട് എന്തു സന്ദേശമാണ് നിങ്ങള്‍ക്കു നല്‍കുവാനുള്ളത് ?
ഒന്നിനു പിറകെ മറ്റൊന്നായി വെടിയുണ്ടകളെപ്പോലെ പാഞ്ഞുവരുന്ന ചോദ്യങ്ങള്‍ക്കുമുന്നില്‍ പാവം സോമാലിയന്‍ പൂച്ച പകച്ചുപോയി. തന്റെ നേര്‍ക്കുചൂണ്ടിയ മൈക്കുകള്‍ തോക്കുകളാണെന്നു തെറ്റിദ്ധരിച്ച അവന്‍ മാധ്യമപ്രവര്‍ത്തകരുടെ ചക്രവ്യൂഹം ഭേദിച്ച് അവര്‍ക്കിടയിലൂടെ അതിവേഗം ഓടി രക്ഷപ്പെട്ടു.
പാരീസിലെ ഒരു ഇടുങ്ങിയ തെരുവിലൂടെ സ്വാതന്ത്ര്യത്തോടെ കാഴ്‌ചകളാസ്വദിച്ചുകൊണ്ടു നടക്കുമ്പോള്‍, അവനെ തിരിച്ചറിഞ്ഞ ഒരു മെക്‌സിക്കന്‍ സുന്ദരിപൂച്ച അവനോടൊപ്പം കൂടി. മെക്‌സിക്കന്‍ സുന്ദരി അവനോടു ചോദിച്ചു.
"നിങ്ങളല്ലേ ലോക പൂച്ചപ്പോരില്‍ വിജയിച്ച ധീരനായ ആ പൂച്ചവീരന്‍ ?"
"പൂച്ചയോ..... ആരാണ് പൂച്ച.... ദയവു ചെയ്‌ത് എന്നെ വെറുമൊരു പൂച്ചയെന്നുവിളിച്ച് അപമാനിക്കരുത്...... യഥാര്‍ത്ഥത്തില്‍ ഞാന്‍ ഒരു പുലിയാണ്..... ആഹാരം കിട്ടാതെ വളര്‍ച്ച മുരടിച്ചുപോയ ഒരു സോമാലിയന്‍ പുലി. ജയിച്ചാല്‍ വയറു നിറച്ച് ആഹാരം കഴിക്കാമല്ലോ എന്നു കരുതി മത്‌സരത്തില്‍ പങ്കെടുത്തുവെന്നുമാത്രം."
***************************************************************
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഫലിത കഥകള്‍ എനിക്ക് ഒരുപാടിഷ്ടമാണ്. ഞാന്‍ കേട്ടിട്ടുള്ള, വായിച്ചിട്ടുള്ള അത്തരം കഥകള്‍ എന്റെ ശൈലിയില്‍ പരിഭാഷപ്പെടുത്തി എന്റെ ബ്ലോഗിലെ "നര്‍മ്മം" എന്ന ലേബലില്‍ പങ്കുവെക്കുന്നു. ചില തമാശ കഥകള്‍ നമ്മെ ചിരിപ്പിക്കുകയും അതുപോലെതന്നെ വേദനിപ്പിക്കുകയും ചെയ്യും. ഇത് അതുപോലൊരു തമാശ കഥയാണ്. കഥ എനിക്ക് ഒരു സുഹൃത്ത് പറഞ്ഞു തന്നതാണ്. എന്റെ വക കുറച്ച് പൊടിപ്പും തൊങ്ങലുമൊക്കെ കൂട്ടിചേര്‍ത്തിട്ടുണ്ട്.
***************************************************************