സമ്പദ്‌സമൃദ്ധമായ കൗശംബി എന്ന ആ ഗ്രാമം
കൊള്ളയടിക്കപ്പെട്ടു. ഗ്രാമവാസികളുടെ ചെറിയ ചെറിയ സമ്പാദ്യങ്ങളും അദ്ധ്വാനത്തിലൂടെ കൃഷിചെയ്‌ത് വിളവെടുത്തു കൂട്ടിവെച്ച ധാന്യങ്ങളും എല്ലാം നഷ്ടപ്പെട്ടു. ഒരിക്കല്‍ പച്ചപുതച്ചുകിടന്നിരുന്ന കൗശംബിയുടെ മണ്ണ് വരണ്ടുണങ്ങുവാന്‍
തുടങ്ങിയിരിക്കുന്നു. അതികഠിനമായ വരള്‍ച്ചയും ജലക്ഷാമവും മൂലം ഗ്രാമവാസികള്‍ കഷ്ടപ്പെടുന്നു.
പക്ഷെ, കടുത്ത പ്രതിസന്ധികള്‍ക്കിടയിലും. തങ്ങളുടെ സംസ്‌കാരവും വിശ്വാസ പ്രമാണങ്ങളെയും കൈവെടിയുവാന്‍ അവര്‍ തയ്യാറായിരുന്നില്ല. രാജഭരണത്തില്‍ വിശ്വസിച്ചിരുന്ന അവര്‍ രാജാവിന്റെ പ്രതിനിധികള്‍ അഥവാ ഗ്രാമപ്രമാണിമാര്‍ തങ്ങളെ സഹായിക്കുവാന്‍ എത്തുന്നതും കാത്തിരുന്നു. ഗ്രാമപ്രമാണിമാരെ ജനങ്ങള്‍ക്ക് വിശ്വാസമായിരുന്നു. കാരണം ഭൂരിപക്ഷ അഭിപ്രായപ്രകാരം ഗ്രാമവാസികള്‍ നിര്‍ദ്ദേശിക്കുന്നവരെ തന്നെയാണ് രാജാവ് ഗ്രാമപ്രമാണിമാരായി നിയമിച്ചിരുന്നത്.
പക്ഷെ, കടുത്ത പ്രതിസന്ധികള്‍ക്കിടയിലും. തങ്ങളുടെ സംസ്‌കാരവും വിശ്വാസ പ്രമാണങ്ങളെയും കൈവെടിയുവാന്‍ അവര്‍ തയ്യാറായിരുന്നില്ല. രാജഭരണത്തില്‍ വിശ്വസിച്ചിരുന്ന അവര്‍ രാജാവിന്റെ പ്രതിനിധികള്‍ അഥവാ ഗ്രാമപ്രമാണിമാര്‍ തങ്ങളെ സഹായിക്കുവാന്‍ എത്തുന്നതും കാത്തിരുന്നു. ഗ്രാമപ്രമാണിമാരെ ജനങ്ങള്‍ക്ക് വിശ്വാസമായിരുന്നു. കാരണം ഭൂരിപക്ഷ അഭിപ്രായപ്രകാരം ഗ്രാമവാസികള്‍ നിര്‍ദ്ദേശിക്കുന്നവരെ തന്നെയാണ് രാജാവ് ഗ്രാമപ്രമാണിമാരായി നിയമിച്ചിരുന്നത്.
വിശപ്പും ദാഹവും വികൃതമാക്കിയ മുഖങ്ങളില്‍
പ്രതീക്ഷയുടെ വെളിച്ചം വറ്റാത്ത കണ്ണുകളുമായി ജീവിക്കുന്നവര്‍ക്കിടയിലൂടെയായിരുന്നു
സത്യവ്രതന്റെയും കൂട്ടരുടേയും കൗശംബി യാത്ര. അവരുടെ വണ്ടികള്‍ നിറയെ ധാന്യങ്ങളും
പലചരക്കുകളുമായിരുന്നു. ആ ഗ്രാമത്തിന്റെ ദുരിതങ്ങള്‍ കേട്ടറിഞ്ഞ്, അവിടെയുള്ള
പട്ടിണിപാവങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുക, കഴിയാവുന്ന രീതിയില്‍ അവരെ
സഹായിക്കുക, എന്നിവയായിരുന്നു ആ നിസ്വാര്‍ത്ഥമതികളുടെ ലക്ഷ്യം. പക്ഷെ അയാളെ
കാത്തിരുന്നത് തികച്ചും വ്യത്യസ്‌തമായ ഇതുവരെ കേട്ടിട്ടില്ലാത്തതും,
ഞെട്ടിപ്പിക്കുന്നതുമായ ചില അന്ധവിശ്വാസങ്ങളായിരുന്നു. വണ്ടികള്‍ നിറയെ ഭക്ഷണ
സാധനങ്ങളുമായി കടന്നുവന്ന അവരെ ഗ്രാമവാസികള്‍ ആശ്ചര്യത്തോടെ
നോക്കിനിന്നു. സൗകര്യപ്രദമായ ഒരിടത്ത് വണ്ടികള്‍ നിര്‍ത്തി.
ഗ്രാമവാസികള്‍ കേള്‍ക്കുന്നതിനായി സത്യവ്രതന്‍ ഉറക്കെ വിളിച്ചുപറഞ്ഞു.
"വരിക
ഗ്രാമവാസികളെ, വരിക. ഞങ്ങള്‍ ഇവിടെ പാകം ചെയ്യുന്ന ഭക്ഷണം കഴിച്ച് നിങ്ങളുടേയും
കുട്ടികളുടേയും വിശപ്പടക്കിയാലും."
വഴിയരുകില്‍ അടുപ്പ് കൂട്ടി അവര്‍
ഭക്ഷണം പാകം ചെയ്‌തു. ഒരുപാടുനാളുകള്‍ക്കു ശേഷം ഗ്രാമവാസികള്‍ വേവിച്ച
ധാന്യത്തിന്റെ ഹൃദ്യമായ ഗന്ധമറിഞ്ഞു. അവര്‍ക്കു ചുറ്റും ആളുകള്‍ തടിച്ചുകൂടി.
സത്യവ്രതനും കൂട്ടുകാരും തങ്ങളോടൊപ്പം കൊണ്ടുവന്ന വെളുത്ത പാത്രങ്ങളില്‍ പാകം
ചെയ്‌ത ഭക്ഷണം വിളമ്പുവാന്‍ തുടങ്ങി. അപ്പോള്‍ അവരെ അമ്പരപ്പിച്ചുകൊണ്ട്
ഗ്രാമവാസികള്‍ തിരിഞ്ഞു നടക്കുവാന്‍ തുടങ്ങി. അതുകണ്ട സത്യവ്രതന്‍
വിളിച്ചുപറഞ്ഞു.
"നില്‍ക്കൂ. നിങ്ങള്‍ക്കുള്ള സ്വാദിഷ്‌ഠമായ ഭക്ഷണം ഇതാ
തയ്യാറായിരിക്കുന്നു. കഴിച്ചിട്ടു പോകാം."
അവരിലൊരാള്‍
പറഞ്ഞു.
"വെളുത്ത പാത്രങ്ങളില്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കാറില്ല. അത് ഞങ്ങളുടെ
വിശ്വാസങ്ങള്‍ക്കെതിരാണ്. ഞങ്ങള്‍ ചുവപ്പുനിറമുള്ള പാത്രത്തില്‍ മാത്രമേ ഭക്ഷണം
കഴിക്കാറുള്ളൂ."
അപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു.
"അല്ല. ചുവപ്പ് അവരുടെ
മാത്രം വിശ്വാസമാണ്. ഞങ്ങളുടെ വിശ്വാസം നീലയാണ്. ഞങ്ങള്‍ നീല നിറമുള്ള
പാത്രങ്ങളില്‍ മാത്രമേ ആഹാരം കഴിക്കാറുള്ളൂ."
മറ്റൊരു കൂട്ടര്‍ പറഞ്ഞു.
"കാവി നിറമുള്ള പാത്രങ്ങളിലാണ് തരുന്നതെങ്കില്‍ ഞങ്ങളും നിങ്ങളുടെ ഭക്ഷണം കഴിക്കാം."
മറ്റുചിലര്‍ പറഞ്ഞു.
"ഞങ്ങളുടെ വിശ്വാസത്തിന്റെ നിറം പച്ചയാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് പച്ചനിറമുള്ള പാത്രങ്ങളില്‍ തന്നെ ഭക്ഷണം തന്നാലും."
അവരുടെ നിരര്‍ത്ഥകമായ വാശികള്‍ക്കുമുന്നില്‍ സത്യവ്രതനും കൂട്ടുകാരും നിസ്സഹായരായി പരസ്‌പരം നോക്കി. മുന്‍കോപിയായ ഒരു ചങ്ങാതി സത്യവ്രതനോടു പറഞ്ഞു.
"സുഹൃത്തെ, വിശപ്പിനേക്കാളും ഇവര്‍ക്ക് വലുത് ഇവരുടെ വിശ്വാസങ്ങളാണ്. നമുക്ക് തിരിച്ചുപോകാം. നമുക്ക് ഈ ഭക്ഷണം മറ്റേതെങ്കിലും പട്ടിണി ഗ്രാമത്തില്‍ കൊണ്ടുപോയി കൊടുക്കാം. ഈ അന്ധവിശ്വാസികള്‍ പട്ടിണികിടന്നു മരിച്ചുപോകട്ടെ."
കോപിഷ്‌ഠനായ തന്റെ സുഹൃത്തിനെ സത്യവ്രതന്‍ ആശ്വസിപ്പിച്ചു.
"പാവങ്ങള്‍. നമുക്ക് ഇവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കാം."
"ഹേ.. നല്ലവരായ ഗ്രാമവാസികളെ.. ദയവുചെയ്‌ത് ഞങ്ങളോടു സഹകരിക്കൂ. ഞങ്ങളുടെ പക്കല്‍ വെളുത്ത പാത്രങ്ങളേ ഉള്ളൂ. അവയാണെങ്കില്‍ വൃത്തിയുള്ളതും വിസ്‌താരമേറിയതുമാണ്. പാത്രത്തിന്റെ നിറത്തിലെന്തിരിക്കുന്നു. അതിന്റെ വൃത്തിയും അതിലുള്ള ഭക്ഷണത്തിന്റെ ഗുണമേന്മയുമല്ലേ പ്രധാനം."
"ഇല്ല. നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുകയില്ല. നിങ്ങള്‍ ഞങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. വെളുത്ത പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുവാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ, നിങ്ങള്‍ ഞങ്ങളുടെ വിശപ്പിനെ ചൂഷണം ചെയ്യുവാനും നിങ്ങളുടെ വിശ്വാസങ്ങള്‍ ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കുവാനുമാണ് ശ്രമിക്കുന്നത്. ഇല്ല, പട്ടിണികിടന്നാലും ഞങ്ങള്‍ ഞങ്ങളുടെ വിശ്വാസങ്ങള്‍ കൈവിടുകയില്ല."
ആ പ്രതികരണം കേട്ട് സത്യവ്രതന്‍ ഒരിക്കല്‍കൂടി ഞെട്ടി. എങ്കിലും സമനില കൈവിടാതെ അയാള്‍ പറഞ്ഞു.
"എങ്കില്‍ നിങ്ങള്‍ക്കുവേണ്ടി ഈ വെളുത്ത പാത്രങ്ങള്‍ ഞങ്ങള്‍ മാറ്റിവെക്കാം. നിങ്ങളുടെ കൈകള്‍ നീട്ടിപ്പിടിച്ചാലും. ആവശ്യത്തിനനുസരിച്ച് ഭക്ഷണം നിങ്ങളുടെ കൈവെള്ളയിലേക്ക് പകര്‍ന്നു തന്നേക്കാം."
കുട്ടികളടക്കം ചിലര്‍ കൈനീട്ടുവാന്‍ തുടങ്ങുമ്പോഴേക്കും അതിലൊരുവന്‍ ഉറക്കെ വിളിച്ചുപറഞ്ഞു.
"കൈക്കുമ്പിളില്‍ ഭക്ഷണം കഴിക്കുവാന്‍മാത്രം സംസ്‌കാരശൂന്യരല്ല ഞങ്ങള്‍. മാത്രവുമല്ല, നിങ്ങള്‍ 'കൈവെള്ള' എന്നാണ് പറയുന്നത്. അതില്‍നിന്നുതന്നെ വ്യക്തമാണ്. നിങ്ങള്‍ വെളുത്ത നിറത്തെ ആരാധിക്കുന്നവനാണ്."
അയാള്‍ മറ്റുള്ളവരെനോക്കികൊണ്ടു പറഞ്ഞു.
"ചങ്ങാതിമാരെ, അയാളുടെ വിശ്വാസങ്ങള്‍ നമ്മളില്‍ കുത്തിനിറക്കുവാനുള്ള ശ്രമമാണ്. നമുക്കു തിരിച്ചുപോകാം."
അയാള്‍ തിരിച്ചുനടക്കുകയും ഗ്രാമവാസികളില്‍ വലിയൊരു പക്ഷവും അയാളോടൊപ്പം തിരിച്ചുപോകുവാനും തുടങ്ങി. അക്കൂട്ടത്തിലെ സ്‌ത്രീകളും കുട്ടികളും ഭക്ഷണം കിട്ടാതെ കരഞ്ഞുകൊണ്ടിരുന്നു. അവര്‍ തിരികെപോകാന്‍ വിസമ്മതിച്ചു. പക്ഷെ മുതിര്‍ന്നവര്‍ അവരെ നിര്‍ബന്ധപൂര്‍വ്വം വലിച്ചിഴച്ചുകൊണ്ടുപോയി. വിശപ്പു സഹിക്കാതെ കരയുന്ന കുട്ടികള്‍ ഇടക്കിടെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. ആ കാഴ്‌ച കണ്ട് സത്യവ്രതന്‍ തളര്‍ന്നിരുന്നു.
"എങ്കില്‍ ചങ്ങാതിമാരെ, നിങ്ങളുടെ പക്കലുള്ള പാത്രങ്ങള്‍ കൊണ്ടുവന്നാലും. തൃപ്‌തിയോടെ ഈ ഭക്ഷണം കഴിച്ചാലും".
കുറച്ചുപേര്‍ മാത്രം കൂരകളിലേക്കു തിരിച്ചുപോയി അവര്‍ വിശ്വസിക്കുന്ന നിറങ്ങളിലുള്ള പാത്രങ്ങള്‍ കൊണ്ടുവരുകയും ഭക്ഷണം കഴിക്കുകയും ചെയ്‌തു. ഗ്രാമവാസികളില്‍ ചിലര്‍മാത്രം തിരിച്ചുപോകാന്‍ മടിച്ചുനിന്നു. അവരിലൊരാള്‍ പറഞ്ഞു.
"വിശന്നിട്ടു വയ്യ. എനിക്കല്‍പ്പം ഭക്ഷണം തന്നാലും."
"നിങ്ങളുടെ വിശ്വാസത്തിന്റെ നിറമെന്താണ്."
"എനിക്കറിയില്ല. എന്റെ വിശ്വാസത്തിന്റെ നിറമെന്താണെന്ന് എനിക്കറിയില്ല. ഒന്നുമാത്രം അറിയാം. എനിക്കുവിശക്കുന്നു. നന്നായി വിശക്കുന്നു."
അയാള്‍ക്കു ഭക്ഷണം നല്‍ികൊണ്ട് സത്യവ്രതന്‍ ചോദിച്ചു.
"എന്തുകൊണ്ടാണ് ഇവിടത്തുകാര്‍ പ്രത്യേകം പ്രത്യേകം നിറങ്ങളെ മാത്രം ഇഷ്ടപ്പെടുന്നത്."
"ഇവിടെ ഭരിക്കുന്നത് പ്രമാണിമാരാണ്. നിറം നോക്കിയാണ് ഇവിടുത്തുകാര്‍ പ്രമാണിമാരെ തിരഞ്ഞടുക്കുന്നത്. നിറം നോക്കി അവര്‍ തിരഞ്ഞെടുക്കുന്നവര്‍ ഐശ്വര്യസമൃദ്ധമായ നാളെകള്‍ കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിക്കുന്നു. നിറങ്ങള്‍ അവരുടെ വിശ്വാസങ്ങളാണ്. ദാ... അവിടേക്കു നോക്കൂ. അവിടെ നിങ്ങള്‍ ഒരു ചുവന്ന കുപ്പായക്കാരനെ കാണുന്നില്ലേ. ചുവപ്പില്‍ വിശ്വസിക്കുന്ന ഗ്രാമവാസികളുടെ പരാതികളും പരിഭവങ്ങളും അന്വേഷിക്കുവാന്‍ വന്ന പ്രമാണിയാണ്. ഇപ്പുറത്ത് ഒരു നീലക്കുപ്പായക്കാരനെ കാണുന്നില്ലേ. അയാള്‍ നീലനിറത്തില്‍ വിശ്വസിക്കുന്ന ഗ്രാമവാസികളുടെ ക്ഷേമം അന്വേഷിക്കുവാന്‍ വന്നിട്ടുള്ള മറ്റൊരു പ്രമാണിയാണ്. കാവിക്കുപ്പായമിട്ടവനും പച്ചകുപ്പായമിട്ടവനും മഞ്ഞയും എല്ലാം അങ്ങനെതന്നെ."
വിശപ്പ് സഹിക്കുവാനാവാതെ ഗ്രാമവാസികളിലെ മറ്റുചിലര്‍കൂടി അയാളോടൊപ്പം ഭക്ഷണം കഴിച്ചു. അവരുടെ വിശപ്പുമാറി. മുഖത്ത് സംതൃപ്‌തി നിറഞ്ഞു. സത്യവ്രതനോടും കൂട്ടരോടും നന്ദി പറഞ്ഞ് അവര്‍ സന്തോഷത്തോടെ തിരിച്ചുപോയി.
പക്ഷെ... ഗ്രാമത്തിന്റെ വിശ്വാസങ്ങളെ അവഗണിച്ചുകൊണ്ട് വെളുത്ത പാത്രത്തില്‍ ഭക്ഷണം കഴിച്ച അവരെ ഗ്രാമവാസികള്‍ സ്വീകരിച്ചില്ല. ചുവന്ന മതക്കാരും നീലമതക്കാരും കാവിമതക്കാരും പച്ചയും മഞ്ഞയുമെല്ലാം ചേര്‍ന്ന് അവരെ ആട്ടിപുറത്താക്കി. 'ഗ്രാമദ്രോഹികള്‍' എന്നുവിളിച്ച് കല്ലെറിഞ്ഞോടിപ്പിച്ചു.
അവര്‍ കല്ലേറില്‍നിന്നും ഓടിരക്ഷപ്പെട്ട് സത്യവ്രതന്റെ കാല്‍ക്കല്‍ വീണു.
"രക്ഷിക്കണം. ഇനി ഈ ഗ്രാമത്തില്‍ ജീവിക്കുവാന്‍ അവര്‍ ഞങ്ങളെ അുവദിക്കുകയില്ല. ഞങ്ങളെയും നിങ്ങളുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുവാന്‍ കനിവുണ്ടാകണം."
അവരോടും കൂട്ടരോടും തന്റെ ഗ്രാമത്തിലേക്ക് തിരിച്ചുപോയ്‌ക്കൊള്ളാന്‍ പറഞ്ഞിട്ട് സത്യവ്രതന്‍ ഒരു മരത്തണലില്‍ ചിന്താവിഷ്‌ഠനായി ഇരുന്നു. വിശന്നു കരയുന്ന കുട്ടികളുടെ മുഖങ്ങള്‍ അയാളെ അസ്വസ്ഥനാക്കി. പിന്നെ അയാള്‍ തീരുമാനിച്ചു. എന്തെങ്കിലും ചെയ്യണം.
അതുവഴി നടന്നുപോകുകയായിരുന്ന നീലപ്രമാണിയെ. അയാളറിയാതെ പിന്‍തുടര്‍ന്ന സത്യവ്രതന്‍ എത്തിച്ചേര്‍ന്നത് അവിടത്തെ ഗ്രാമമുഖ്യന്റെ മണിമേടയിലായിരുന്നു. അപ്പോള്‍ അവിടെ പ്രമാണിമാരുടെ യോഗം നടക്കുകയായിരുന്നു. പ്രമാണിമാര്‍ ഗ്രാമമുഖ്യനോട് ഗ്രാമത്തിലെ ക്ഷാമവും വറുതിയും ബോധിപ്പിച്ചു.
"വിഷമിക്കേണ്ട. മഹാരാജാവ് ഒരു വണ്ടിനിറയെ ധാന്യങ്ങള്‍ നമ്മുടെ ഗ്രാമത്തിനായി അനുവദിച്ചിട്ടുണ്ട്. അത് നിങ്ങള്‍ ദുരിതമനുഭവിക്കുന്ന ഗ്രാമവാസികള്‍ക്കായി പങ്കുവെച്ചുകൊടുക്കുക. അതിലൂടെ അവരുടെ വിശപ്പടക്കുക."
ഒരു വണ്ടിനിറയെ ധാന്യവുമായി പുറപ്പെട്ട വിവിധ നിറമുള്ള പ്രമാണിമാരെ വഴിയില്‍വെച്ച്, കറുത്തകുപ്പായമിട്ട ഒരു കൊള്ളക്കാരന്‍ തടഞ്ഞുനിര്‍ത്തി.
"ഞാന്‍ ഈ ഗ്രാമം കൊള്ളയടിച്ചതുകൊണ്ടാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ ധാന്യങ്ങള്‍ ലഭിക്കുവാനിടയായാത്."
" ഞങ്ങള്‍ സഹയിച്ചതുകൊണ്ടാണ് നിങ്ങള്‍ക്ക് ഈ ഗ്രാമം കൊള്ളയടിക്കുവാന്‍ കഴിഞ്ഞതെന്നും മറക്കരുത്."
അവര്‍ ഒരുമിച്ച് പൊട്ടിച്ചിരിച്ചു. ശേഷം ധാന്യങ്ങള്‍ അവര്‍ പങ്കുവെച്ചെടുത്തു. ഇതെല്ലാം കണ്ടും കേട്ടും സത്യവ്രതന്‍ വീണ്ടും തളര്‍ന്നിരുന്നു.
പിറ്റേ ദിവസം ഓരോ പ്രമാണിമാരും അവരവരുടെ ഗ്രാമസഭകള്‍ വിളിച്ചുകൂട്ടി അവര്‍ കൈപ്പറ്റിയതില്‍ വളരെ ചെറിയൊരു ഭാഗം മാത്രം വിതരണം ചെയ്‌തു. ചുവപ്പു പ്രമാണിമാര്‍ ചുവന്ന പാത്രങ്ങളിലും നീലപ്രമാണിമാര്‍ നീലപാത്രങ്ങളിലും പച്ചക്കാര്‍ പച്ചയിലും മഞ്ഞ മഞ്ഞയിലും ധാന്യവിതരണം ആഘോഷിച്ചു. ഗ്രാമവാസികള്‍ അവര്‍ വിശ്വസിക്കുന്ന നിറമുള്ള പാത്രങ്ങളില്‍, എണ്ണിപ്പെറുക്കിയിട്ട ആ ധാന്യമണികള്‍ ഏറ്റുവാങ്ങി കൃതാര്‍ത്ഥരായി. കൊടിതോരണങ്ങളാല്‍ അലങ്കരിച്ച ഗ്രാമസദസ്സുകളെ പ്രമാണിമാരുടെ വാക്‌ധോരണികളിലൂടെ പുളകമണിയിച്ചു. സത്യവ്രതന്‍ ആ ആചാരങ്ങള്‍ നിര്‍വ്വികാരനായ് കണ്ടുനിന്നു.
തൊട്ടടുത്ത ദിവസം ഒരു മായാജാലക്കാരന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് എന്ന വാര്‍ത്ത കേട്ടറിഞ്ഞ് ഗ്രാമവാസികള്‍ മൈതാനത്ത് തടിച്ചുകൂടി. അയാളുടെ അത്ഭുതവിദ്യകള്‍ കണ്ട്, വിശപ്പും ദുരിതങ്ങളും മറന്ന്, കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആര്‍ത്തുവിളിച്ചും കയ്യടിച്ചും ആസ്വദിച്ചു. ഗ്രാമവാസികളുടെ പ്രീതി പിടിച്ചുപറ്റിയ മാന്ത്രികന്‍ അവരോടു പറഞ്ഞു.
"നിങ്ങള്‍ പലനിറങ്ങളില്‍ വിശ്വസിക്കുന്നു. ചിലര്‍ ചുവപ്പില്‍.... ചിലര്‍ നീലയില്‍.... കാവിയില്‍... പച്ചയില്‍.. മഞ്ഞയില്‍... അങ്ങനെ പലനിറങ്ങളിലും നിങ്ങള്‍ വിശ്വസിക്കുന്നു. ആ നിറങ്ങള്‍ ഓരോന്നും വ്യത്യസ്‌തമാണെന്നും നിങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഞാന്‍ പറയുന്നു. എല്ലാ നിറങ്ങളും നിങ്ങളെ ചതിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ആ നിറങ്ങളെല്ലാം ഒന്നുതന്നെയാണ്. നിങ്ങള്‍ക്കറിയാമോ. ചുവപ്പ്, നീല, പച്ച എന്നീ വെറും മുന്ന് നിറങ്ങള്‍കൊണ്ട് എനിക്ക് നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഏതുനിറവും സൃഷ്ടിക്കുവാന്‍ കഴിയും. മഴവില്ലിലെ നിറങ്ങളെല്ലാം കൂടിച്ചര്‍ന്നാല്‍ ഏതുനിറമാണ് ലഭിക്കുക എന്നു നിങ്ങള്‍ക്കറിയാമോ"
നിറങ്ങളെക്കുറിച്ചു പറഞ്ഞപ്പോള്‍ ഗ്രാമവാസികളുടെ മുഖത്തെ ചിരികള്‍ മാഞ്ഞു. അവരുടെ നെറ്റികള്‍ ചുളിഞ്ഞു. അതുവരെ നായകനായിരുന്ന ആ മായാജാലക്കാരനെ അവര്‍ ഒരു പ്രതിനായകനെപ്പോലെ സസൂക്ഷ്‌മം നോക്കിനിന്നു.
ഗ്രാമീണരുടെ ഭാവഭേദങ്ങള്‍ തിരിച്ചറിഞ്ഞുവെങ്കിലും, മാന്ത്രികന്‍ തുടര്‍ന്നു.
"അതെ... ഞാന്‍ പറയുന്നു. എല്ലാ നിറങ്ങളും ഒന്നുതന്നെയാണ്. എനിക്കറിയാം നിങ്ങള്‍ എന്നെ വിശ്വസിക്കുകയില്ലായെന്ന്. അതുകൊണ്ട് ഇപ്പോള്‍തന്നെ... ഇതാ നിങ്ങളുടെ കണ്ണുകള്‍ക്കു മുന്നില്‍തന്നെ... ഞാന്‍ അത്... തെളിയിക്കുവാന്‍ പോകുകയാണ്."
അവിടെകൂടിയിരുന്നവരുടെ ആരവങ്ങള്‍ നിലച്ചു. ആ മാന്ത്രികന്റെ ഓരോ നീക്കങ്ങളും അവര്‍ സംശയത്തോടെ നിശബ്ദം വീക്ഷിച്ചു. ഒരു കാറ്റാടിപോലെ കുത്തിനിര്‍ത്തിയ ഒരു വൃത്തം. മാന്ത്രികന്‍ ആ വൃത്തത്തെ അവര്‍ക്കെല്ലാവര്‍ക്കും കാണിച്ചുകൊടുത്തു. ആ വൃത്തത്തിന്റെ മധ്യഭാഗത്തുനിന്നും ആരംഭിച്ച് വശങ്ങളിലേക്ക് വീതിയേറിപോകുന്ന ത്രികോണങ്ങള്‍ പോലെ ഏഴുനിറങ്ങള്‍ ചായം പൂശിയിട്ടുണ്ടായിരുന്നു. അയാള്‍ അത് എല്ലാവര്‍ക്കും തിരിച്ചും മറിച്ചും കാണിച്ചുകൊടുത്തു.
"കണ്ടില്ലേ... നിങ്ങള്‍ ഇഷ്ടപ്പെടുന്ന എല്ലാ നിറങ്ങളും ഈ വൃത്തത്തില്‍ ഉണ്ട്. ഇനി ഞാന്‍ ഈ വൃത്തം കാറ്റാടിപോലെ തിരിക്കുവാന്‍ പോകുകയാണ്."
അയാള്‍ ഏഴുനിറങ്ങളുള്ള ആ ചക്രം ഒരു വശത്തേക്ക് വേഗതയില്‍ തിരിച്ചുവിട്ടു. അത് വേഗത്തില്‍ തിരിയുവാന്‍ തുടങ്ങിയപ്പോള്‍... അത്ഭുതം..... വൃത്തചക്രത്തിന് ഒരു നിറം മാത്രം. വെളുത്തനിറം മാത്രം. ഗ്രാമീണര്‍ വിസ്‌മയഭരിതരായി ആ കാഴ്‌ച നോക്കിനിന്നു.
"നിറങ്ങളെ നിങ്ങള്‍ കണ്ണടച്ചുവിശ്വസിക്കരുത്. അങ്ങനെ ചെയ്‌താല്‍ നിങ്ങളറിയാതെ തന്നെ അവ നിങ്ങളുടെ കണ്ണുകളില്‍ ഒരു പാട പോലെ പറ്റിച്ചേരും. പിന്നെ നിങ്ങള്‍ക്ക് കാണുന്നതെല്ലാം ആ നിറത്തിലൂടെ മാത്രമേ കാണാനാകൂ."
മാന്ത്രികന്റെ വാക്കുകള്‍ ഗ്രാമവാസികളുടെ ചിന്തകളില്‍ തീകോരിയിട്ടു.
വിശ്വസിക്കുന്ന നിറങ്ങളെല്ലാം ഒന്നുതന്നെയെന്നുള്ള തിരിച്ചറിവ് സ്വീകരിക്കുവാനും എതിര്‍ക്കുവാനും കഴിയോതെ അവര്‍ തലതാഴ്‌ത്തി നിന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ വാര്‍ത്ത പെറ്റുപെരുകി. പ്രമാണിമാര്‍ സ്ഥലത്തെത്തി. എല്ലാ നിറങ്ങളും ഒന്നുതന്നെയെന്ന് ഗ്രാമത്തിലുള്ളവര്‍ വിശ്വസിക്കുവാന്‍ തുടങ്ങിയാല്‍ തങ്ങളുടെ നിലനില്‍പ്പും അധികാരവും ചോദ്യം ചെയ്യപ്പെടും. അപകടം തിരിച്ചറിഞ്ഞ അവര്‍ ഒരൊറ്റ സ്വരത്തില്‍ വിളിച്ചുപറഞ്ഞു.
"പിടിച്ചുകെട്ടൂ. ആ മായാജാലക്കാരനെ. നമ്മുടെ വിശ്വാസങ്ങളില്‍ വിഷം കലര്‍ത്തുവാന്‍ വന്ന ഗ്രാമദ്രോഹിയാണിവന്‍."
മായാജാലക്കാരനെ പിടിച്ചുകെട്ടിയ അവര്‍ അയാളുടെ തലപ്പാവും വേഷവും കൃത്രിമ മുടിയും താടിയുമെല്ലാം പറിച്ചെറിഞ്ഞു. അയാളുടെ യഥാര്‍ത്ഥ മുഖം കണ്ട ഗ്രാമീണര്‍ ഞെട്ടി.
"ഇയാളെ ഞങ്ങള്‍ക്കറിയാം. ഇയാള്‍ ഇന്നലെ ഇവിടെ വന്നിരുന്നു. ഞങ്ങളെ വെളുത്ത പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുവാന്‍ നിര്‍ബന്ധിച്ചവനാണിവന്‍. നമ്മളില്‍ ചിലരെ ഇവന്‍ മയക്കി കൂടെകൂട്ടുകയും ചെയ്‌തു. അതെ ഇവന്‍ ചതിയനാണ്. ഗ്രാമദ്രോഹിയാണ്..."
പ്രമാണിമാര്‍ അലറിവിളിച്ചു.
"കൊല്ലണം. ഇവനെ മരത്തില്‍ തലകീഴായി കെട്ടിയിട്ട് കല്ലെറിഞ്ഞുകൊല്ലണം."
വലിയൊരു ആല്‍മരത്തിന്റെ കൊമ്പില്‍ സത്യവ്രതനെ അവര്‍ തലകീഴായി കെട്ടിയിട്ടു. കല്ലെറിയുവാന്‍ തുടങ്ങുന്നതിന് മുന്‍പെ ഒരു കാഹളം കേട്ട് അവര്‍ തിരിഞ്ഞുനോക്കി. വലിയൊരു കൂട്ടം ഗ്രാമീണര്‍ വെളുത്ത പതാകകളും കയ്യിലേന്തി മുഷ്ടികള്‍ മുകളിലേക്കെറിഞ്ഞ് ആല്‍മരത്തിനടുത്തേക്ക് നടന്നുവരുന്നുണ്ടായിരുന്നു. കല്ലെറിയുവാന്‍ ഒരുങ്ങിനിന്നവര്‍ ആദരവോടെ ഒരുവശത്തേക്ക് ഒതുങ്ങിനിന്നു. തലകീഴായി തൂങ്ങിനിന്ന സത്യവ്രതന്‍ ആ സമയം ചിന്തിക്കുകയായിരുന്നു. സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പിനേക്കാളും വലുതാണ് നിറങ്ങളെന്ന് വിശ്വസിക്കുന്ന ഈ ഗ്രാമവാസികളുടെ തെറ്റിദ്ധാരണ മാറ്റുക എന്നതുമാത്രമായിരുന്നു എന്റെ ലക്ഷ്യം. ഇപ്പോഴിതാ ഇവര്‍ ഒരു പുതിയ നിറത്തെ കൂടി ആരാധിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. തനിക്കുമുന്നില്‍ തലകുത്തിനില്‍ക്കുന്ന വിശ്വാസികളെകണ്ട് അയാള്‍ സംശയിച്ചു. തലതിരിഞ്ഞത് എന്റെയോ.. അതോ ഇവരുടെയോ... വെളുത്ത പതാകയുമായി വന്നവര്‍ സത്യവ്രതനെ താഴെയിറക്കി തോളിലേറ്റി ജയ് വിളികളുമായ് നടന്നകന്നു.
അപ്പോള്‍ കൗശംബിയില്‍ ഒരു പുതിയ രാഷ്ട്രീയ മതം കൂടി പിറന്നുവീഴുന്നതിന് ഗ്രാമീണരും പ്രമാണിമാരും ആല്‍മരവും സാക്ഷികളായി. സത്യവ്രതന്‍ ആ പുതിയ മതത്തിന്റെ ദൈവമായി. വെളുത്ത പതാകയും മഴവില്‍ചക്രം അവരുടെ ചിഹ്നവുമായി. ഒരു പുതിയ മുദ്രാവാക്യം കൂടി കൗശംബിയുടെ കാതുകളെ പ്രകമ്പനം കൊള്ളിച്ചു. സത്യവ്രതന്‍ ചിന്തിക്കുകയായിരുന്നു. ഇന്നുമുതല്‍ അവര്‍ വെളുത്ത വസ്ത്രങ്ങള്‍ മാത്രം ധരിക്കുകയും വെളുത്ത പാത്രങ്ങളില്‍ മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യുവാന്‍ തുടങ്ങും. വിശ്വാസങ്ങള്‍ക്കുവേണ്ടി ഇവര്‍ എന്നെ ബലികൊടുക്കും. നാളെ എന്റെ രക്തസാക്ഷി മണ്ഡപത്തില്‍ വെളുത്ത പൂക്കള്‍ കൊണ്ടുള്ള മാലചാര്‍ത്തി ഇവര്‍ പൂജ ചെയ്യും. എന്നിട്ടവര്‍ ഉറക്കെപറയും.
"പാത്രത്തിന്റെ നിറമല്ല, മനുഷ്യന്റെ വിശപ്പാണ് പ്രധാനം."
"സത്യവ്രതന്‍ കീ..... ജയ്."
"സത്യവ്രതന്‍ കീ..... ജയ്."
"സത്യവ്രതന്‍ കീ..... ജയ്."
തന്റെ മാറില്‍ പിന്നെയും പിന്നെയും ഒരുപാട് മരക്കുറ്റികള്‍ തറച്ചുകയറ്റുന്നതും അവയില്‍ പലനിറങ്ങളിലുള്ള പതാകകള്‍ കെട്ടി ഉയര്‍ത്തുന്നതും, എന്നത്തേയുംപോലെ കൗശംബിമാതാവ് അറിയുന്നുണ്ടായിരുന്നു. മുലഞെട്ടുകളില്‍ കുഞ്ഞരിപല്ലുകള്‍ തറച്ചുകയറുന്ന സുഖമുള്ള നോവില്‍ ആ മാതാവ് മയങ്ങികിടന്നു. നിശ്ചലം.