വർത്തമാനം

മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നത് മമ്മിക്കും ഡാഡിക്കും ഇഷ്ടമല്ല. സാരമില്ല. പാർക്കിലെ ഊഞ്ഞാലിലിരുന്നാൽ നേരം പോകുന്നത് അറിയുകയേയില്ല. ചുറ്റും നോക്കിയിരിക്കാനും നല്ല രസമാണ്.

അവർ ഒളിച്ചേ.. കണ്ടേ.. കളിക്കുകയായിരിക്കും. കാറ്റ് പതുങ്ങി നിൽക്കും. ഇലകളുടെ തലയാട്ടലിൽ ഒരു കണ്ടേ പറച്ചിലുണ്ട്. അത് മാത്രമൊന്നുമല്ലാട്ടോ. വരുമ്പോഴും പോകുമ്പോഴും അവർ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ട്. എനിക്കുറപ്പാണ്. ഏതോ ഒരു ഭാഷയിൽ അവർ സംസാരിക്കുന്നുണ്ട്.

കുണുങ്ങി കുണുങ്ങി നടക്കുന്ന പ്രാവുകൾക്ക് ഇഷ്ടം കുറുകിക്കുറുകിയുള്ള അടക്കം പറച്ചിലുകളാണ്. അവരുടെ പറക്കലുകളിൽ ചിറകുകൾ കടകടാന്ന് പറയുന്നത് കേൾക്കാനും നല്ല രസമാണ്.

കിളികളുടെ ചിലക്കലിലും എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നുണ്ട്. തിടുക്കത്തിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടാണ് അവർ വരുന്നതും പോകുന്നതുമെല്ലാം. നീട്ടിയും കുറുകിയും അവർ പറയുന്നതെന്തായിരിക്കും.

കാക്കൾക്ക് എന്തൊക്കെയോ സംശയങ്ങളുണ്ട്. പലയിടങ്ങളിലാണ് പറന്നുവന്നിരിക്കുന്നതെങ്കിലും അവർ എന്തൊക്കെയോ പറയുന്നുണ്ട്. ഇടക്കിടെ വെട്ടിത്തിരിയും. ഇടങ്കണ്ണിട്ടുമാത്രമേ നോക്കൂ. അവർക്ക് എല്ലാവരേയും സംശയമാണെന്ന് തോന്നുന്നു. അവരുടെ ശബ്ദങ്ങളിൽ അവർക്കു മാത്രമറിയാവുന്ന എന്തോക്കെയോ സന്ദേശങ്ങളുണ്ട്.

ചിത്രശലഭങ്ങൾ സൂത്രക്കാരികളാണ്. അവർ ആരും കേൾക്കാതെയാണ് സംസാരിക്കുക. പൂക്കൾ തലയാട്ടുന്നത് വെറുതെയല്ല. കൂട്ടം കൂടി പറന്നുകളിക്കുന്നതിനിടയിൽ അവർ കൂട്ടുകാരുമായും സ്വകാര്യങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇത്ര സ്വകാര്യമായി അവർക്ക് പറയാനുള്ളത് എന്തായിരിക്കും.

അണ്ണാറക്കണ്ണൻമാർക്ക് എന്തിനാണാവോ ഇത്ര തിരക്കും ബഹളവും. ഓടിനടന്ന് ചിലച്ചുകൊണ്ട് എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്.
തിരക്കു കണ്ടാൽ തോന്നും ലോകം ഇന്നവസാനിക്കുമെന്ന്. തിരക്കിന്റെ കാര്യത്തിൽ ഉറുമ്പുകൾ അണ്ണാറക്കണ്ണൻമാരെ തോൽപ്പിക്കും. സ്വകാര്യങ്ങളുടെ കാര്യത്തിൽ ചിത്രശലഭങ്ങളേയും. അവർ പറയുന്നത് എന്തുതന്നെയായാലും അത് ഗൗരവമുള്ള കാര്യങ്ങളായിരിക്കും എന്നുറപ്പാണ്.

കേൾക്കാൻ പറ്റില്ലന്നേയുള്ളൂ. താമരക്കുളത്തിൽ നീന്തികളിക്കുന്ന സ്വർണ്ണമീനുകളും ഇടക്കിടെ മുട്ടിയുരുമ്മി വർത്തമാനം പറയുന്നത് കാണാം.
ഇരുട്ടായി തുടങ്ങുന്നു. ഒരു ചിവീട് ചിലക്കുന്നുണ്ട്. അത് മറ്റ് ചിവീടുകളും ഏറ്റുപിടിക്കുന്നു. ഒരിടത്ത് ഒരാൾ നിർത്തുമ്പോൾ മറ്റൊരിടത്ത് മറ്റൊരാൾ തുടങ്ങും. അവർ പാട്ട് പാടുകയാണോ അതോ എന്തെങ്കിലും പറയുകയാണോ.

എനിക്കറിയാത്ത ഭാഷയിലാണെങ്കിലും ചുറ്റുമുള്ള എല്ലാവർക്കും എല്ലാവരും എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്.

പക്ഷെ...

പാർക്കിന്റെ അങ്ങേതലക്കൽ ഒരു  ബെഞ്ചിന്റെ രണ്ടറ്റത്തായി കുനിഞ്ഞിരിക്കുന്ന ജീവികൾ മാത്രം...

ഒരേ വർഗ്ഗത്തിൽപെട്ട അവർക്കെങ്ങിനെ ഇത്രനേരവും ഒന്നും മിണ്ടാതെ ഇരിക്കുവാൻ കഴിയുന്നു. 

ഉണരൂ. ഹിന്ദു. ഉണരൂ.


ഇടതുപക്ഷത്തോടും വലതുപക്ഷത്തോടുമുള്ള മടുപ്പിന്റേയും വെറുപ്പിന്റേയും പേരിലാണ് ബിജെപിയിൽ വിശ്വാസമർപ്പിക്കുന്നതെങ്കിൽ, ഭക്തജനങ്ങൾ ഇനിയെങ്കിലും തിരിച്ചറിയണം, നമ്മുടെ അപക്വമായ ജനാധിപത്യത്തിന്റെ ദുരവസ്ഥയിൽ നിന്നും ജന്മംകൊണ്ട മറ്റൊരു രാഷ്ട്രീയപാർട്ടി മാത്രമാണ് ബിജെപിയും. വാചകകസർത്തുക്കളല്ലാതെ ദാർശനികമായ ഒരു ഔന്നത്യവും ബിജെപി എന്ന രാഷ്ട്രിയപാർട്ടിക്ക് അവകാശപ്പെടാനില്ല. രാഷ്ട്രീയ ആവശ്യങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്നത് തെറ്റാണ്. അത് ജനാധിപത്യത്തെ കൂടുതൽ ദുർബലപ്പെടുത്തുകയേ ഉള്ളൂ. എല്ലാ ന്യൂനപക്ഷങ്ങളെയും വഴി പിഴപ്പിക്കുന്നത് മതങ്ങളല്ല, മറിച്ച് രാഷ്ട്രീയമാണ്. അവർ വാദിക്കുന്നത് വിശ്വാസികൾക്കുവേണ്ടിയല്ല. അധികാരത്തിനുവേണ്ടിയാണ്. ഹിന്ദുത്വം പറഞ്ഞുനടക്കുന്ന ബിജെപിയും മറ്റെല്ലാ പാർട്ടികളെയുംപോലെ തന്നെ ന്യൂനപക്ഷ പ്രീണനം ആവശ്യത്തിനും അനാവശ്യത്തിനും നല്ലവണ്ണം ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇവിടെയുള്ള ഹിന്ദുക്കളെ പോരാഞ്ഞിട്ടല്ലല്ലോ അൽഫോൺസ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയത്. അവസരം കിട്ടിയാൽ പാലായിലെ ബിഷപ്പായ മാണിയെ കൂടെ കൂട്ടുവാനും ബിജെപി മടിക്കില്ലല്ലോ. കാഷ്മീരിൽ പിഡിപിയുമായി കൂട്ടുകൂടാനും മടിയുണ്ടായില്ല എന്നതും ഓർക്കണം. അപ്പോൾ ഇന്ത്യയിലെ മറ്റേതൊരു മഖ്യധാരാ പാർട്ടിയേയും പോലെ അവസരവാദത്തിന്റേയും സംഘടിതമായ അഴിമതികളുടേയും മറ്റൊരു രാഷ്ട്രീയമുഖം മാത്രമാണ് ബിജെപിയും എന്ന് മനസ്സിലാക്കാവുന്നേേതയുള്ളൂ.

അധികാരമില്ലാതിരുന്ന ഒരു പാർട്ടി മതത്തിന്റെ പേരിൽ വളരുവാൻ ശ്രമിക്കുന്നതിനേക്കാൾ അപകടകരമാണ്, അധികാരത്തിലിരിക്കുന്ന ഒരു പാർട്ടി മതത്തിനു വേണ്ടി വാദിച്ചുകൊണ്ടേയിരിക്കുന്നത്. നിലവാരമില്ലാത്ത ജനാധിപത്യ വ്യവസ്ഥിതിയിൽ, രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ഒരു അടിത്തറയുണ്ടാക്കുവാൻ, ബിജെപി ഹിന്ദുത്വം എന്ന ആശയത്തെ ഉപയോഗപ്പെടുത്തി എന്നത് പൊറുക്കാവുന്ന തെറ്റല്ലെങ്കിൽ കൂടിയും ഇനിയും അതേക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നതിൽ അർത്ഥമില്ല. എന്നാൽ രാജ്യം ഭരിക്കുന്ന പ്രമുഖ രാഷ്ട്രീയ പാർട്ടിയായി മാറിക്കഴിഞ്ഞിട്ടും ഇപ്പോഴും ഹിന്ദുത്വവും വർഗ്ഗിയതയുമാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നതെങ്കിൽ, അവരുടെ കൈകളിൽ മറ്റൊന്നും ഇല്ല എന്നതിന്റെ വ്യക്തമായ സന്ദേശമാണത്. അവരുടെ സാമ്പത്തിക വികസന മാതൃകകൾ പൊളിയുന്നു എന്നതിന്റെ വ്യക്തമായ പ്രതിഫലനമാണത്.

നാനാജാതി മതസ്ഥർക്കും പ്രവേശിക്കാവുന്ന ഒരു ദേവാലയത്തിൽ പ്രായഭേദമന്യേ സ്ത്രീകളേയും പ്രവേശിക്കണമെന്ന് ആദ്യം വാദിച്ചവർ തന്നെ, നീണ്ട 12 വർഷക്കാലവും രാജ്യത്തെ പരമോന്നത കോടതിയുടെ കോടതിയുടെ പരിഗണനയിലിരുന്ന ഒരു വിഷയത്തെ ഒരിക്കൽപ്പോലും ചോദ്യം ചെയ്യാതെ, കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഒരു റിവ്യൂ പെറ്റീഷൻ പോലും നൽകാതെ, കോടതി വിധി സമ്മാനിച്ച സ്വാതന്ത്ര്യത്തിന്റെ മാത്രം പിൻബലത്തിൽ ദർശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായവും ആർത്തവ തിയ്യതിയും പരിശോധിക്കുന്നതും യുവത്വം വറ്റിയിട്ടില്ലാത്ത വൃദ്ധകളുടെ ഭക്തിയെ ചോദ്യം ചെയ്ത് ഉപദ്രവിക്കുന്നതും എത്ര മ്ലേച്ഛകരമാണെന്ന് നോക്കൂ. ഇതാണോ ആർഷഭാരത സംസ്‌കാരം. ഇത് അവസരവാദമല്ലാതെ മറ്റെന്താണ്?

ഹിന്ദു സമൂഹത്തെ പ്രതിനിധീകരിക്കുന്നു എന്ന പേരിൽ ഒരു പാർട്ടി അധികാരത്തിലെത്തിയപ്പോൾ എന്താണ് നാം കാണുന്നത്. സന്യാസിമാർ വെറും കച്ചവടക്കാരായി മാറുന്ന ഒരു ദുരവസ്ഥ. സന്യാസം എന്നത് ഹിന്ദുത്വത്തിന്റെ മോക്ഷമാർഗ്ഗമാണ്. താപസമെന്നത് സ്വയം തപിക്കുവാൻ പാരമ്പര്യം മുന്നോട്ടുവെക്കുന്ന പകരം വെക്കുവാനില്ലാത്ത ഒരു ഇസമാണ്. ലൗകികമായ സുഖങ്ങളിൽ നിന്നും സ്വയം അകന്നുനിന്നുകൊണ്ട് പരമമായ ശക്തിയെ അനുഭവിച്ചറിയാനുള്ള, ധ്യാനനിരതവും മാതൃകാപരവുമായ ഒരു ജീവിതശൈലി. താപസത്തിലൂടെയും സന്യാസത്തിലൂടെയും  നമ്മുടെ ഗുരുവര്യൻമാർ കണ്ടെത്തിയ തിരിച്ചറിവുകളും ദർശനങ്ങളുമാണ് ഹിന്ദുത്വത്തെ മഹത്തരമാക്കുന്നത്. ലോകം മുഴുവൻ ആദരിക്കുന്ന ഭാരതീയ സന്യാസ സമൂഹത്തെ രാഷ്ട്രീയകോമരങ്ങളാക്കി മാറ്റുകയല്ലേ ബിജെപി. ആചാരങ്ങളേക്കാൾ ഉപരിയായി മൂല്യങ്ങൾക്കുവേണ്ടി വാദിക്കുന്ന സന്യാസികളെ അപമാനിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതാണോ നൂറ്റാണ്ടുകളായി ഹിന്ദു സമൂഹം മുന്നോട്ടുവെക്കുന്ന ജീവിതദർശനം. എല്ലാ ഹിന്ദു ദർശനങ്ങളെയും കച്ചവടവത്കരിക്കുന്ന കപട ഹിന്ദുത്വവാദികളാണ് ആർഎസ്എസും ബിജെപിയും. സാമ്പത്തിക നേട്ടങ്ങൾക്കായി ഇവരോടൊപ്പം കൂട്ടുകൂടുന്ന എസ്.എൻഡി.പി, എൻഎസ്.എസ്. തുടങ്ങിയ ജാതി സംഘടനകളും ഹിന്ദു കൂട്ടായ്മകളും യഥാർത്ഥത്തിൽ ഹിന്ദുക്കളെ വിഘടിപ്പിക്കുകയല്ലേ ചെയ്യുന്നത്. 

സന്യാസതുല്യമായ വ്രതമനുഷ്ഠിച്ച് ശരീരവും മനസ്സും ശുദ്ധിവരുത്തിയതിനു ശേഷം മാത്രം ഉള്ളുരുകി വിളിക്കുന്ന ശരണം വിളികളെ ഭയവും വെറുപ്പുമുളവാക്കുന്ന മുദ്രാവാക്യങ്ങൾക്കു പകരമായി ഉപയോഗിക്കുന്നവർ യഥാർത്ഥ ഹിന്ദുക്കളല്ല. പുലർവേളകളേയും സായാഹ്നങ്ങളേയും ഭക്തിസാന്ദ്രമാക്കിയിരുന്ന പ്രാർത്ഥനകൾ, വ്രതാനുഷ്ടാനുങ്ങൾ, ജീവിത ദർശനങ്ങൾ, ഇവയെല്ലാം രാഷ്ട്രീയ മുതലെടുപ്പിനായി കളങ്കപ്പെടുത്തിയവർ യഥാർത്ഥ ഹിന്ദുക്കളല്ല. യഥാർത്ഥ ഹിന്ദുക്കൾക്ക് മറ്റു മതങ്ങളേപ്പോലെ ദൈവങ്ങൾക്കുവേണ്ടി തീവ്രമായി വാദിക്കേണ്ട ആവശ്യമില്ല. അധിനിവേശങ്ങൾ ഒരുപാട് ഉണ്ടായിട്ടും ഹിന്ദുമതം ഇപ്പോഴും ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം. വൈവിധ്യങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഒരു ഏകത്വം ഇപ്പോഴും അതിന് അവകാശപ്പെടാനുണ്ട്. വേദങ്ങളും ഉപനിഷത്തുക്കളും പുരാണങ്ങളും മഹദ്ഗ്രന്ഥങ്ങളും ധന്യമാക്കിയ ഒരു മഹത്തായ പാരമ്പര്യവും നമുക്കുണ്ട്. മുപ്പത്തിമുക്കോടി ദൈവങ്ങളുടെ എണ്ണം കാണിച്ചുതരുന്നത് ഹിന്ദുത്വം മുന്നോട്ടു വെക്കുന്ന അപരിമിതമായ സ്വാതന്ത്ര്യത്തെയും വിശാലമായ ചിന്താധാരകളെയുമാണ്. മറ്റ് മതങ്ങളുടെ നിലനിൽപ്പിന് സംഘടിത ശക്തി ആവശ്യമാണ്. കാരണം അവരുടെ പുരോഹിത വർഗ്ഗത്തിന് ഭക്തരില്ലാതെ നിലനിൽക്കുവാൻ കഴിയില്ല. എന്നാൽ ഹിന്ദുവിന് അതിന്റെ ആവശ്യമില്ല. 

ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പുതിയ ആശയങ്ങളും ദർശനങ്ങളും വെച്ചുകൊണ്ട് ജനാധിപത്യത്തെ നേരിടുവാനുള്ള ആർജ്ജവം ബിജെപി കാണിക്കണം. അല്ലാതെ ഇനിയും ഹിന്ദുത്വം എന്ന മഹത്തായ പാരമ്പര്യത്തെ ദുരുപയോഗപ്പെടുത്തുകയല്ല വേണ്ടത്. താമര വളർത്താനുള്ള വെറുമൊരു ചെളിക്കുണ്ടാക്കി ഹിന്ദുത്വത്തെ മാറ്റുവാൻ ഇനിയും അവരെ അനുവദിക്കരുത്. അതിലൂടെ അവർ ലോകത്തിന്റെ മുന്നിൽ ഹിന്ദുസമൂഹത്തെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്നാൽ പാമ്പാട്ടികളുടേയും മന്ത്രവാദികളുടേയും നാടാണെന്ന പാശ്ചാത്യരുടെ തെറ്റിദ്ധാരണയാണ് ഇവരുടെ പ്രവൃത്തികളിലൂടെ ഊട്ടിയുറപ്പിച്ചുകൊണ്ടിരിക്കുന്നത്. 

കുമാരസംഭവം @ കൊക്കൻസ് ടവർ

അന്ന് ഗ്രാമങ്ങൾ ജീൻസ് ധരിച്ചു തുടങ്ങിയിരുന്നില്ല. വഴിയോരങ്ങളിലെ പ്രധാന വ്യവസായം എസ്. ടി. ഡി. / ഐ. എസ്. ഡി ബൂത്തുകളായിരുന്നു. റേഡിയോ ശ്രോതാക്കൾ അവരറിയാതെ ടിവി പ്രേക്ഷകരായി രൂപാന്തരം പ്രാപിച്ചു തുടങ്ങിയിരുന്നു. മുടി രണ്ടായി പിന്നിയിട്ട, പാവാടയും ബ്ലൗസുമണിഞ്ഞ, ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ തരുണീമണികൾ, പുതുപണക്കാരന്റെ പത്രാസ്സോടെ കൂളിംഗ് ഗ്ലാസ്സ് വെച്ചു നില്ക്കുന്ന ചുള്ളൻ കമ്പ്യൂട്ടർ സെന്ററുകളെ ഒളികണ്ണിട്ടുനോക്കും കാലം. എന്നും ഒരു മുഴം മുമ്പേ ചിന്തിക്കാറുള്ള കുമാരേട്ടനും ബോധ്യപ്പെട്ടു. ആളുകൾ പറയുന്നതിലും കാര്യമുണ്ട്. പഴയകാലത്തെ പഠിപ്പൊന്നുമല്ല. കാലം മാറി, പഠിപ്പും മാറി. നാൽക്കവലയിലെ ഏക കോൺക്രീറ്റ് കെട്ടിടമായ കൊക്കൻസ് ബിൽഡിംഗിലെ ഇടുങ്ങിയ ഗോവണിപ്പടികൾ; രണ്ടാം നിലയിലേക്ക് മാത്രമുള്ളതായിരുന്നില്ല, ഭാവിയിലേക്ക് കൂടിയുള്ളതായിരുന്നു.
മകൾ റിസപ്ഷനിലെ സുന്ദരിയും ഗൗരവക്കാരിയുമായ മാഡത്തിനോട് സംസാരിച്ചുകൊണ്ടിരുന്നു. മാഡത്തിന്റെ മംഗ്ലീഷിലും ജാഡകളിലും അസ്വസ്ഥനായപ്പോൾ കുമാരേട്ടൻ മെല്ലെ പുറത്തേ ക്കിറങ്ങി. ചില്ലു ജാലകത്തിനപ്പുറം അവരെ കാണാം. സെന്ററിനോടുചേർന്നുള്ള ലാബ് എന്നെഴുതിവെച്ചിട്ടുള്ള ഭാഗത്ത് നിലയുറപ്പിച്ച് മകൾക്കായ് കാത്തുനിന്നു. ക്ലാസ്സ് കഴിഞ്ഞ കുറച്ച് കുട്ടികൾ ലാബിൽനിന്നും ഇറങ്ങിപോകുന്നുണ്ട്. ലാബിനുള്ളിലെ ക്യാബിനകത്തുനിന്നും അടക്കി പിടിച്ച സംഭാഷണം. കൗമാരം പ്രതിഫലിപ്പിക്കുന്ന ശബ്ദസൗകുമാര്യങ്ങൾ
"താൻ പേടിക്കാണ്ടിരിക്ക്.. ഞാനില്ല്യേ..?"
"ഇനീപ്പോ എവിട്യാ സമയം! എനിക്ക് പേടിയാവ്‌
ണ് ണ്ട് ട്ടാ "
"ഈ വക സില്ലി കേസ്സിനൊക്കെ ഇങ്ങനെ പേടിച്ചാലോ."
"നിങ്ങള് ബോയ്‌സിനൊക്കെ എല്ലാം സില്ല്യാ... "
"ഓ..പിന്നേ"
"അപ്പഴേ പറഞ്ഞതല്ലേ... അതൊന്നും വേണ്ടാന്ന്."
"എന്നും തിയറി മാത്രം മത്യോ.. കൊറച്ച് പ്രാക്ടിക്കലും കൂടി വേണ്ടെ."
ആൺകൗമാരത്തിന്റെ വക ഒരു ഇളിഞ്ഞ ചിരി.
"പ്രാക്ടിക്കല് കൊറച്ച് ഓവറായതാ പ്രശ്‌നായത്."
"ഞാൻ നോക്കീട്ട് ഇനി ഒരു വഴ്യേ ഉള്ളൂ."
"എന്താ.. പറയ്."
"കൊറച്ച് കടന്ന കയ്യാണ്."
"ന്നാലും പറയ്.."
"അത് പിന്നെ."
"ഓ... എന്തായാലും വേഗം പറയെഡാ.. "
"അബോർട്ട് ചെയ്യാം."
"അയ്യോ...."
"വേറെ വഴിയൊന്നും ഞാൻ നോക്കീട്ട് കാണണില്ല്യ"
"എന്നാലും അത്..."
കുമാരേട്ടൻ വേഗം തിരിഞ്ഞു നടന്നു. റിസപ്ഷൻ റൂമിലെത്തി. കോഴ്‌സിന് ചേരാൻ വന്ന മകളെയും പിടിച്ചുവലിച്ചു പുറത്തുകടന്നു. പരിഭ്രാന്തയായ മകളാകട്ടെ അച്ഛന്‍റെ ഭാവമാറ്റം അറിയാതെ വലഞ്ഞു.
"വാ മോളെ.. ഇവിടെ പഠിപ്പിക്കണത് വേറെ ചെലതാ... അതൊന്നും കുടുമ്മത്ത് പെറന്നോര്ക്ക് പറ്റീതല്ല."
സ്വപ്നലോകത്തുനിന്നും ഭൂമിയിലേക്കെത്താൻ ഗോവണിപ്പടികൾ ലക്ഷ്യമാക്കി അയാൾ ധൃതിയിൽ നടന്നകന്നു. കപ്പിനും ചുണ്ടിനുമിടയിൽ തുളുമ്പിപോകുന്ന ഫീസ്. റിസപ്ഷനിലെ സുന്ദരി മാഡം കറങ്ങുന്ന കസേരയിൽനിന്നും ചാടിയെഴുന്നേൽക്കുന്നു.
"എന്താണ്... എന്താണ് പ്രോബ്‌ളം."
മകളുടെ കൈയ്യുംപിടിച്ച് പുറത്തുകടക്കുന്നതിനിടയിൽ ആ ചോദ്യത്തിന് കുമാരേട്ടൻ മറുപടി പറഞ്ഞു.
"പ്രോബ്‌ളം എനിക്കല്ല... നിങ്ങടെ ലാബിലുള്ള പെങ്കുട്ടിക്കാ... ചെന്ന് നോക്ക്... പഠിച്ച് പഠിച്ച് ഇപ്പോ അബോർഷന്റെ വക്ക് വരെ എത്തീട്ട്ണ്ട്. വേഗം ചെന്നോ.. അല്ലെങ്കി കൂടെള്ള ആ ചെക്കൻ തടിതപ്പും."
സംഭവിച്ചതെന്തെന്നറിയാതെ പതറിപ്പോയ സുന്ദരി മാഡം സംശയത്തിന്റെ അകമ്പടിയോടെ ലാബിന്റെ ഭാഗത്തേക്കു നടന്നു. ക്യാബിന്റെ ഹാഫ്‌ഡോർ തള്ളിതുറക്കുന്നതിനുമുമ്പ് കാതുകൾ കൂർപ്പിച്ചു. പതിഞ്ഞ സ്വരത്തിൽ തുടരുന്ന സംഭാഷണം.
"താൻ എന്തെങ്കിലും ഒന്ന് സമ്മതിക്ക് ... ഇനിയും ഇഗ്നോർ ചെയ്തിട്ട് കാര്യല്ല്യ..?? അബോർട്ട് ചെയ്യാതെ വേറെ ഒരു ഓപ്ഷൻ ഇല്ല. "
"ഡാ.... ഒന്നുകൂടി ആലോചിച്ചിട്ട്.."
വെറുതെയല്ല അയാള് ആ കുട്ടിയേയുംകൊണ്ട് തിരിച്ചുപോയത്. ക്യാബിന്റെ വാതിൽ തള്ളിത്തുറന്ന് സുന്ദരി മാഡം ഗർജ്ജിച്ചു.
"വാട്ട്‌സ് ഗോയിംഗ് ഓൺ ഹിയർ."
കൗമാരങ്ങൾ ഞെട്ടി. ഭയഭക്തി ബഹുമാനങ്ങളോടെ ചാടിയെഴുന്നേറ്റു. പെൺകൗമാരം ശരീരം കൊണ്ട് അതിവിദഗ്ധമായി മോണിട്ടർ മറച്ചുപിടിക്കുവാൻ ശ്രമിച്ചു. മാഡം വീണ്ടും ഗർജ്ജിച്ചു.
"മനു... തനിക്ക്.. ഈ സമയത്ത് ലാബിലെന്താ കാര്യം"
"ഈ കുട്ടിക്ക് ഒരു സംശയം. അതൊന്ന്..."
"എന്ത് സംശയം... കുട്ടി മോണിട്ടറിന്റെ മുന്നിൽനിന്നും മാറിനിൽക്കൂ."
പെൺകൗമാരം മെല്ലെ മോണിട്ടറിന്റെ മുന്നിൽ നിന്നും മാറിനിന്നു. പെൺകൗമാരത്തിന്റെ കുറ്റബോധത്തേക്കാളും സുന്ദരി മാഡത്തെ ഞെട്ടിച്ചത് മോണിട്ടറിൽ കണ്ട കാഴ്ചയായിരുന്നു. ഒരു പരാജിതന്റെ ഭാവവുമായി ആൺകൗമാരം. ക്യാബിന്റെ പുറത്തുകടക്കുമ്പോൾ മാഡം വിളിച്ചു.
"മനു... കം വിത്ത് മി."
ദേഷ്യം കൊണ്ട് ചവിട്ടിമെതിച്ചു തിരിച്ചുപോകുന്ന മേഡത്തെ ആൺകൗമാരം അനുസരണയോടെ പിൻതുടർന്നു. റിസപ്ഷനിൽ മാഡത്തെ കൂടാതെ മറ്റാരും ഇല്ല. ഒരു ഇരയെ നഷ്ടപ്പെട്ട പുലിയുടെ ഭാവമാണെങ്കിലും മാഡത്തിന്റെ മുഖത്ത് ഒരു കള്ളച്ചിരിയുണ്ട്.
"താൻ ഒരു കുട്ടിയെ പറഞ്ഞുവിട്ടിരുന്നില്ലേ. ഒരു ന്യൂ അഡ്മിഷൻ."
"ഉവ്വ് മാഡം. ഒരു ശ്രീജ കുമാരൻ.... അവര് വന്നിരുന്നോ..?"
സുന്ദരി മാഡം നിസ്സംഗതയോടെ പറഞ്ഞു.
"വന്നിരുന്നു.. വന്നിരുന്നു "
'"എൻറോൾ ചെയ്‌തോ...? "
"ആ കുട്ടി സമ്മതിച്ചതായിരുന്നു. അപ്പോഴാണ് നിങ്ങളുടെ ഒരു അബോർഷൻ കേസ് "
"അല്ല മാഡം.... അത്... "
"മനസ്സിലായി... എല്ലാം എനിക്ക് മനസ്സിലായി. പക്ഷെ... നിങ്ങളുടെ സംസാരം ആ കുട്ടീടെ ഫാദർ പുറത്തുനിന്നും കേട്ടു. ഇവിടെ പഠിപ്പിക്കണത് കുടുമ്മത്ത് പെറന്നോര്ക്ക് പറ്റിയ കാര്യങ്ങളല്ലാന്ന് പറഞ്ഞിട്ടാണ് കുട്ടിയെ വിളിച്ചോണ്ട് പോയത്."
തലയ്ക്ക് കയ്യും വെച്ച് മനുവെന്ന ആൺകൗമാരം തളർന്നിരുന്നു.
"ഇത്ര ചർച്ച ചെയ്യേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ മനു...? ആദ്യമേയങ്ങ് അബോർട്ട് ചെയ്താ പോരായിരുന്നോ..?"
"ഞാൻ പറഞ്ഞതായിരുന്നു മേഡം. പക്ഷെ ആ കുട്ടി സമ്മതിക്കണ്ടെ... അപ്പോ ഇതുവരെ ചെയ്തതൊക്കെ വെറുതെ ആവില്ല്യേന്നാ ആ കുട്ടി ചോദിക്കണെ... എന്താ പറയാ. "
ചുണ്ടിലൂറിയ ചിരിയമർത്തി മാഡം ഗ്ലാസ്സ് ഡോറിലൂടെ വരാന്തയിലേക്ക് നോക്കി.
"താൻ ചെല്ല്.. ദാ.. ആ കുട്ടി അവിടെ നിന്ന് എന്തൊക്കെയോകൈയ്യും കലാശവും കാണിക്കുന്നുണ്ട്. മുഖഭാവം കണ്ടിട്ട് അബോർഷന്റെ സമയം കഴിഞ്ഞുവെന്നാണ് തോന്നുന്നത്. വേഗം ചെല്ല്. എന്തെങ്കിലും ചെയ്ത് സോൾവ് ചെയ്ത് കൊടുക്ക്."
മനുവെന്ന ആൺകൗമാരം ഗ്ലാസ്സ് ഡോറിലൂടെ, ടെൻഷൻ കാരണം കൈവിരലുകൾ കുടഞ്ഞുകൊണ്ടിരിക്കുന്ന, ധന്യയെന്ന പെൺകൗമാരത്തെ അതീവ സഹതാപത്തോടെ നോക്കി. പിന്നെ മെല്ലെ എഴുന്നേറ്റ് ലാബിലേക്ക് നടന്നു. ശ്രീജ കുമാരൻ എന്ന ഒരു ഇര അലസ്സിപോയെങ്കിലും മോണിട്ടറിൽ കണ്ട കാഴ്ച ഓർത്തപ്പോൾ മാഡത്തിന്റെ ചുണ്ടിൽ അറിയാതെ വീണ്ടും ഒരു ചിരി വിടർന്നു. ലാബിൽ പെൺകൗമാരം വീണ്ടും ചിണുങ്ങാൻ തുടങ്ങി.
"ഡാ.. ഇനീപ്പോ അബോർട്ട് ചെയ്യാനും പറ്റുംന്ന് തോന്ന്ണില്ല്യ."
മനുവെന്ന ആൺകൗമാരം ഒരു നീണ്ട നെടുവീർപ്പിട്ടു. നിസ്സഹായതയോടെ മോണിട്ടറിലേക്ക് നോക്കിയിരുന്നു. ഹാങ്ങായി പോയ കമ്പ്യൂട്ടറിന്റെ മോണിട്ടറിൽ അപ്പോഴും തങ്ങിനിൽക്കുന്നുണ്ടായിരുന്നു, ഏറെ നേരമായി അവരെ കുഴപ്പിക്കുന്ന ഒരു എറർ മെസ്സേജ്. സോഫ്റ്റ്‌വെയർ ദേവത തളികയിൽവെച്ചു നീട്ടിയതുപോലെ മൂന്ന് ഓപ്ഷനുകൾ.
Unexpected error 
Do you want to continue? 

Abort....... Retry.......... Ignore
....................................................................................................................
(ഇ-മഷി നവംബര്‍ 2016 - ല്‍ പ്രസിദ്ധീകരിച്ചത് )

ചൂണ്ട

വില്ല്യംസ് തന്റെ ഷോപ്പിന്റെ പുറത്ത് ' Fishing Tickles ' എന്നെഴുതിയ ഒരു ബോര്‍ഡ് തൂക്കിയിട്ടു. അതിലൂടെ കടന്നുപോയ അയാളുടെ അയല്‍ക്കാരനും സുഹൃത്തുമായ ഹാര്‍വ്വി ഷോപ്പിനുള്ളിലേയ്ക്കു കയറി വന്ന് ഒരു പാക്കറ്റ് പോപ് കോണ്‍ വാങ്ങി കൊറിച്ചുകൊണ്ട് പറഞ്ഞു.

"മിസ്റ്റര്‍ വില്ല്യംസ്, താങ്കള്‍ എന്ത് മണ്ടത്തരമാണ് ആ ബോര്‍ഡില്‍  എഴുതിവെച്ചിരിക്കുന്നത്. ' Tackles ' എന്നതിനു പകരം ' Tickles '  എന്നാണ് എഴുതിയിരിക്കുന്നത്. ഈ തെറ്റ് ഇതുവരെ ആരും താങ്കളുടെ ശ്രദ്ധയില്‍ പെടുത്തിയില്ലേ.?"

വളരെ ശാന്തവും മാന്യവുമായിരുന്നു വില്ല്യമിന്റെ മറുപടി.

"ശരിയാണ്. അത് തെറ്റാണെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ ആ തെറ്റ് ചൂണ്ടികാണിക്കുവാന്‍ വരുന്നവരെല്ലാം, എന്തെങ്കിലും വാങ്ങികൊണ്ട് തിരിച്ചുപോകുന്നതിനാല്‍, ഞാനത് തിരുത്തേണ്ടെന്ന് കരുതി."

പോപ്‌കോണ്‍ തൊണ്ടയില്‍ കുരുങ്ങിയ ഹാര്‍വ്വി ഒരു പാക്കറ്റ് ജ്യൂസ് കൂടി വാങ്ങിയാണ് തിരിച്ചുപോയത്.

.......................................................................................

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഫലിത കഥകള്‍ എനിക്ക്‌ ഒരുപാടിഷ്ടമാണ്‌. ഞാന്‍ കേട്ടിട്ടുള്ള, വായിച്ചിട്ടുള്ള അത്തരം കഥകള്‍ എന്റെ ശൈലിയില്‍ പരിഭാഷപ്പെടുത്തി എന്റെ ബ്ലോഗിലെ "നര്‍മ്മം" എന്ന ലേബലില്‍ പങ്കുവെക്കുന്നു. എന്റെ വക കുറച്ച്‌ പൊടിപ്പും തൊങ്ങലുമൊക്കെ കൂട്ടിചേര്‍ത്തിട്ടുണ്ട്‌. 

മുന്നറിയിപ്പുകള്‍

മോംഗിയെന്ന ചിമ്പാന്‍സിയെ കുറിച്ച് കൂടുതലറിയുവാന്‍, അവന്റെ ഭീമാകരമായ കൂടിന്റെ കമ്പികളോടു ചേര്‍ത്ത് പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ വലിയ അക്ഷരങ്ങളില്‍ കുറിപ്പുകള്‍ എഴുതി വെച്ചിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയായിരുന്നു.

"1930 കളില്‍ പ്രമുഖ മനഃശാസ്ത്രജ്ഞന്‍, ഒരു കുഞ്ഞു ചിമ്പാന്‍സിയെ, തന്റെ സ്വന്തം കുഞ്ഞിനൊടൊപ്പം വളര്‍ത്തുവാന്‍ ശ്രമിച്ചു. മനുഷ്യകുഞ്ഞിനൊടൊപ്പം വളരുന്ന ചിമ്പാന്‍സികുഞ്ഞിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും വരുന്ന മാറ്റങ്ങള്‍ പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ സ്വന്തം കുഞ്ഞ് ചിമ്പാന്‍സിയെ പോലെ പെരുമാറുവാന്‍ തുടങ്ങുന്നത് കണ്ട ശാസ്ത്രജ്ഞന്  അധികം വൈകാതെതന്നെ പരീക്ഷണം ഉപേക്ഷിക്കേണ്ടി വന്നു എന്നതാണ് സത്യം."

ഇത്തരം അറിവുകളിലൂടെയും മോംഗിയുടെ കുസൃതികളിലൂടെയും മൃഗശാലയിലെ സന്ദര്‍ശകരുടെ തിരക്കേറി വന്നു. നൈസര്‍ഗ്ഗികമായ അവന്റെ വികൃതികളും കോമാളിത്തരങ്ങളും വളരെ രസകരമായിരുന്നു. കൂടിന്റെ നിശ്ചിത അകലത്തില്‍നിന്നും മാറിനിന്ന് മോംഗിയുടെ കുസൃതികള്‍ ആസ്വദിക്കുവാന്‍ വലിയ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും, അധികൃതര്‍ തുടര്‍ച്ചയായി ഓര്‍മ്മപ്പെടുത്തിയാലും സന്ദര്‍ശകരും കുട്ടികളും ചെവികൊള്ളാറില്ല.

വികൃതികളുടെ ഭാഗമായി മോംഗിയ്ക്ക് മറ്റൊരു ദൗര്‍ബല്യവുമുണ്ടായിരുന്നു. അവസരം കിട്ടിയാല്‍ സന്ദര്‍ശകരുടെ കണ്ണടകള്‍ തട്ടിയെടുക്കും. അവന്‍ ആദ്യമായി തട്ടിയെടുത്ത കണ്ണട, കൂട് പരിപാലിക്കുന്ന ജീനോ സിര്‍പിയ എന്ന മദ്ധ്യവയസ്‌കനായ ജീവനക്കാരന്റേതായിരുന്നു. കണ്ണടയില്ലാതെ കണ്ണ് കാണാനാകാത്ത അയാള്‍ക്ക് അത് വലിയൊരു നഷ്ടമായിരുന്നു. പതിവുപോലെ കൂട് വൃത്തിയാക്കി പുറത്ത കടന്ന് കൂടിന്റെ താഴിടുന്നതിനിടയിലാണ് അത് സംഭവിച്ചത്. കൂടിന്റെ കമ്പികള്‍ക്കിടയിലൂടെ തന്റെ നീണ്ട കൈനീട്ടി മോംഗി അയാളുടെ കണ്ണട തട്ടിയെടുക്കുകയായിരുന്നു. തിരിച്ചുകൊടുത്തില്ലെന്നു മാത്രമല്ല, മോംഗി തന്റെ കരുത്താര്‍ന്ന ഉള്ളംകയ്യില്‍ വെച്ചമര്‍ത്തി അത് പൊട്ടിച്ചു രസിക്കുന്നതും അയാള്‍ക്ക് കാണേണ്ടി വന്നു. അപ്രതീക്ഷിതമായി കണ്ണട നഷ്ടപ്പെട്ട നടുക്കത്തില്‍ കൂടിന്റെ താഴിടാന്‍ അയാള്‍ മറന്നുപോയി.. തങ്ങളുടെ പ്രിയപ്പെട്ട താരം, ഭീമാകാരനായ മോംഗിയെന്ന ചിമ്പാന്‍സി, കൂട് തുറന്ന് വെളിയില്‍വരുന്നത് കണ്ട ആരാധകവൃന്ദം നാലുപാടും ചിതറിയോടി. മൃഗശാല അധികൃതര്‍ വളരെ കഷ്ടപ്പെട്ടാണ് അവനെ കൂട്ടിലേക്ക് തിരിച്ച് കയറ്റിയത്. അതോടെ ജീനോ സിര്‍പിയയ്ക്ക കണ്ണട മാത്രമല്ല, തന്റെ ജോലി കൂടി നഷ്ടപ്പെട്ടു.

ആ സംഭവത്തിനു ശേഷമാണ് മോംഗിയ്ക്ക് കണ്ണട പ്രേമം തുടങ്ങിയത്. കിട്ടുന്ന അവസരങ്ങളിലെല്ലാം സന്ദര്‍ശകരുടെ കണ്ണടകള്‍ തട്ടിയെടുക്കും.അത് മൂക്കിന്‍തുമ്പത്ത് വെച്ച് ഗോഷ്ടികള്‍ കാണിക്കുകയാണ് പ്രധാന വിനോദം. ഇതിന്റെ പേരില്‍ പരാതികളും കൂടിക്കൂടി വന്നു. ഓരോ പ്രാവശ്യവും, തട്ടിയെടുക്കുന്ന കണ്ണടകള്‍ അവനില്‍നിന്നും തിരികെ വാങ്ങുവാനും വലിച്ചറിഞ്ഞവ കൂട്ടില്‍നിന്നും തിരികെയെടുത്ത് ഉടമസ്ഥര്‍ക്ക് നല്‍കുവാനും, കൂട് പരിപാലിക്കുന്ന ജീവനക്കാരന്‍ ഏറെ സമയം ചിലവഴിക്കേണ്ടി വരാറുമുണ്ട്. സന്ദര്‍ശകരുടെ പരാതികള്‍ ഏറിയപ്പോള്‍ കാഴ്ചബംഗ്ലാവിന്റെ അധികൃതര്‍ക്ക് മോംഗി ഒരു വലിയ തലവേദനയായി മാറി. ഒടുവില്‍ മോംഗിയുടെ ഈ വിചിത്ര സ്വാഭാവത്തെക്കുറിച്ച് പഠിക്കുവാന്‍ വിദഗ്ധനായ ഒരു മൃഗപരിശീലകന്റെ സഹായം തേടി.

അയാളുടെ വിലയിരുത്തലില്‍ മോംഗി, കണ്ണടകള്‍ മാത്രമാണ് തട്ടിയെടുക്കുന്നത്. ഒരു പക്ഷെ അവന്റെ കണ്ണുകള്‍ക്ക് കാഴ്ചശക്തി കുറവായിരിക്കാനുള്ള സാധ്യതയുണ്ടാകാം. വക്രചില്ലുകളുള്ള കണ്ണടകള്‍ വെക്കുമ്പോള്‍ ഒരുപക്ഷെ അവന് കാഴ്ചകള്‍ തെളിമയാര്‍ന്നതായി അനുഭവപ്പെടുന്നുണ്ടാകാം. ഏത് കണ്ണട വെച്ചാലാണ് തനിക്ക്‌ കാഴ്ചക്തി കൂടുന്നതെന്ന് തിരിച്ചറിയുവാനാകാതെ, കയ്യില്‍ കിട്ടുന്നതെല്ലാം മൂക്കിന്‍ തുമ്പത്ത് വെച്ചുനോക്കി പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാകാം മോംഗി സന്ദര്‍ശകരുടെ കണ്ണടകള്‍ തട്ടിയെടുക്കുന്നത്. ആ വിലയിരുത്തലില്‍ ഗൗരവമുണ്ടെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ ഉടന്‍ ഒരു ഒരു മൃഗഡോക്ടറുടെ സേവനം തേടി.

പരിശോധനയില്‍ മോംഗിയുടെ കണ്ണുകള്‍ക്ക് യാതൊരുവിധ ആരോഗ്യക്കുറവുമുണ്ടായിരുന്നില്ല എന്നാണ് ഡോക്ടര്‍ കണ്ടെത്തിയത്. സ്‌കാനിംഗില്‍ മോംഗിയുടെ വയറിനുളളില്‍ കണ്ണടചില്ലുകളുടെ ചില അംശങ്ങള്‍ കണ്ടെത്തിയ ഡോക്ടര്‍, അവന് പോഷകാഹാരങ്ങളുടെ കുറവുണ്ടെന്നും അത് പരിഹരിക്കുന്നതിനാവശ്യമായ നവീനമായ ഒരു ഭക്ഷണക്രമം നിര്‍ദ്ദേശിച്ച് കുറിച്ചുകൊടുക്കുകയും ചെയ്തു. പുതിയതും സ്വാദിഷ്ഠവുമായ ആഹാരപദാര്‍ത്ഥങ്ങള്‍ കിട്ടിതുടങ്ങിയപ്പോള്‍ മോംഗി കൂടുതല്‍ സന്തോഷവാനായി മാറി. പക്ഷെ തന്നെ സന്ദര്‍ശിക്കുവാനെത്തു- ന്നവരുടെ കണ്ണടകള്‍ തട്ടിയെടുക്കുന്നതില്‍ ഒട്ടും കുറവ് വരുത്തിയതുമില്ല.

മോംഗിയുടെ കണ്ണടപ്രേമത്തെ കുറിച്ച കേട്ടറിഞ്ഞ്, പരിണാമ സിദ്ധാന്തത്തില്‍ ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞന്‍ കാഴ്ചബംഗ്ലാവിലെത്തുകയും മോംഗിയെ ദിവസങ്ങളോളം നിരീക്ഷിക്കുകയും ചെയ്തു. നിഗമനങ്ങള്‍ വിസ്മയപ്പെടുത്തുന്നവയായിരുന്നു. ചിമ്പാന്‍സി വര്‍ഗ്ഗത്തില്‍പ്പെട്ട മോംഗി മനുഷ്യരെപ്പോലെ സൗന്ദര്യവര്‍ദ്ധനം ഇഷ്ടപ്പെടുന്നുവെന്നും കൂടുതല്‍ സുന്ദരനാകുവാനുള്ള അവന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് കണ്ണടകള്‍ തട്ടിയെടുക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. പരീക്ഷണാര്‍ത്ഥം അദ്ദേഹം സ്വന്തം ചിലവില്‍ ഒരു വലിയ കണ്ണാടി മോംഗിയുടെ കൂട്ടിനുള്ളില്‍ സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശ്ശിക്കുകയും ചെയ്തു. അതിനുശേഷം മോംഗി കൂടുതല്‍ സമയം കണ്ണാടിയ്ക്കു മുന്നില്‍ ചിലവഴിക്കുന്നതായും അദ്ദേഹം കണ്ടെത്തി. ശാരീരികസാമ്യങ്ങള്‍കൊണ്ടു മാത്രമല്ല, മനഃശാസ്ത്രപരമായും കുരങ്ങുവര്‍ഗ്ഗം മനുഷ്യവര്‍ഗ്ഗത്തോട് എത്രമാത്രം അടുത്തിരുന്നു എന്നതിന്റെ തെളിവായി അദ്ദേഹമതിനെ വ്യാഖ്യാനിക്കുകയും പരിണാമസിദ്ധാന്തത്തെ കുറിച്ച് വാതോരാതെ വാഴ്ത്തുകയും ചെയ്തു.

അദ്ദേഹത്തിന്റെ നിഗമനം ശരിയാണെന്ന് തിരിച്ചറിഞ്ഞ മൃഗശാല അധികൃതര്‍ ഉടന്‍തന്നെ മോംഗിയുടെ സൗന്ദര്യദാഹം ശമിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈകൊണ്ടു. അവന്റെ മുഖത്തിനും കണ്ണുകള്‍ക്കും അനുയോജ്യമായതും ആകര്‍ഷകമായ നിറങ്ങളിലുള്ളതുമായ, വലിയ കണ്ണടകള്‍ നിര്‍മ്മിച്ച് അവന് സമ്മാനിച്ചു. മോംഗി കൂടുതല്‍ സന്തോഷവാനായി. അവന്‍ തനിക്കു ലഭിച്ച വസ്തുക്കള്‍ കൗതുകപൂര്‍വ്വം നിരീക്ഷിക്കുകയും, അവ ഓരോന്നായി മൂക്കിനുമുകളില്‍ മാറി മാറി വെക്കുകയും കൂട്ടില്‍ സ്ഥാപിച്ചിട്ടുള്ള വലിയ കണ്ണാടിയില്‍ നോക്കി സ്വന്തം സൗന്ദര്യം ആസ്വദി്ക്കുകയും, തന്റെ ആരാധകരായ സന്ദര്‍ശകരെ നോക്കി ഇടയ്ക്കിടെ പല്ലിളിച്ചു കാണിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പക്ഷെ ഇതുകൊണ്ടൊന്നും മോംഗിയുടെ കണ്ണടപ്രേമത്തെ ഇല്ലാതാക്കുവാന്‍ കഴിഞ്ഞില്ല. അവസരം കിട്ടുമ്പോഴെല്ലാം അവന്‍ സന്ദര്‍ശകരുടെ കണ്ണടകള്‍ തട്ടിയെടുത്തുകൊണ്ടേയിരുന്നു. സന്ദര്‍ശകരുടെ പരാതി നഗരസഭാ അദ്ധ്യക്ഷന്റെ ചെവിയിലുമെത്തി. അദ്ദേഹം തന്റെ വിശ്വസ്തനായ പ്രതിനിധിയെ അന്വേഷണത്തിനായി നിയോഗിച്ചു. മോംഗിയുടെ കൂടിനു ചുറ്റും നാലടി അകലത്തില്‍ ഒരു അരഭിത്തി സ്ഥാപിക്കുന്നതിലൂടെ ഈ വിഷയത്തിലൊരു പരിഹാരം കാണാമെന്നായിരുന്നു നഗരസഭയുടെ വിലയിരുത്തല്‍. അതിനായി ഒരു അടങ്കല്‍ തയ്യാറാക്കുവാന്‍ മൃഗശാല അധികൃതരോട് നിര്‍ദ്ദേശിച്ചു. നഗരസഭാ അദ്ധ്യക്ഷന്റെ പ്രത്യേക ദൂതന്‍ മുഖേന, ആവശ്യമുള്ളതിനേക്കാള്‍ മൂന്നിരട്ടി തുക അടങ്കലില്‍ വകയിരുത്തുവാന്‍, മൃഗശാല ഉദ്യോഗസ്ഥന് രഹസ്യനിര്‍ദ്ദേശവും നല്‍കി. പ്രതിപക്ഷം ഇടപെട്ടപ്പോള്‍ തുക നാലിരട്ടിയായി ഉയരുകയും നഗരസഭ ഐകകണ്‌ഠ്യേന തുക അനുവദിക്കുകയും ചെയ്തു.

അരഭിത്തിയുടെ ഉദ്ഘാടനം നടത്തിയ നഗരസഭാ അദ്ധ്യക്ഷന്‍, മോംഗിയെന്ന ചിമ്പാന്‍സി, മൃഗശാലയുടെ മാത്രമല്ല, നാടിന്റെ കൂടി അഭിമാനമാണെന്നു പ്രഖ്യാപിച്ചു. ചടങ്ങില്‍ സംസാരിച്ച പ്രതിപക്ഷനേതാവ്, അരഭിത്തി നിര്‍മ്മാണത്തിന് ചിലവഴിച്ച ഭീമമായ തുകയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയും, ഇത്രയും കാലം സന്ദര്‍ശകരുടെ കണ്ണടകള്‍ നഷ്‌പ്പെടുവാന്‍ ഇടയായതിന്റെ കാരണം ഭരണപക്ഷത്തിന്റെ കഴിവുകേടുകൊണ്ടാണെന്ന ഗുരുതര ആരോപണം അഴിച്ചുവിടുകയും ചെയ്തു. തൊട്ടടുത്ത്, കൂടിനു ചുറ്റും അരഭിത്തി നിര്‍മ്മിച്ചതിന്റെ പ്രതിഷേധം ഇടക്കിടെ, ഉറക്കെ അലറിക്കൊണ്ടും കൈകള്‍ മാറത്തടിച്ചുകൊണ്ടും, മോംഗി അറിയിച്ചുകൊണ്ടേയിരുന്നു.

നഷ്ടപ്പെടുന്ന കണ്ണടകളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും, അരഭിത്തി നിര്‍മ്മാണം കൊണ്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുവാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. ഉയരം കുറഞ്ഞ അരഭിത്തിക്കു മുകളിലൂടെ ഏന്തിവലിഞ്ഞ് എത്തിനോക്കിയ കുട്ടികളുടേയും മുതിര്‍ന്നവരുടേയും കണ്ണടകള്‍ മോംഗി തക്കം നോക്കി തട്ടിയെടുക്കുവാന്‍ തുടങ്ങി. സന്ദര്‍ശകരുടെ അച്ചടക്കമില്ലായ്മയെ പഴിചാരി മൃഗശാല അധികൃതര്‍ പരാതികളെ നിഷ്‌കരുണം നിരസിച്ചു.

കുടുംബത്തോടൊപ്പം മൃഗശാല സന്ദര്‍ശിക്കുവാനെത്തിയ ഒരു പോലീസുകാരന്റെ സ്വര്‍ണ്ണംകൊണ്ടു തീര്‍ത്ത ഫ്രെയ്മുള്ള കണ്ണട മോംഗി തട്ടിയെടുത്തതിലൂടെ കാര്യങ്ങള്‍ മറ്റൊരു ദിശയിലേക്കുകൂടി വളര്‍ന്നു. മോംഗിയെ പരിപാലിക്കുന്ന ജീവനക്കാരന്‍, കണ്ണടകള്‍ തട്ടിയെടുക്കുവാന്‍ മനഃപ്പൂര്‍വ്വം ചിമ്പാന്‍സിയെ പരിശീലിപ്പിച്ചതായിരിക്കാമെന്നും അങ്ങനെ ലഭിക്കുന്ന കണ്ണടകള്‍ മറിച്ചുവിറ്റ് പണമുണ്ടാക്കുവാനുള്ള വിദ്യയായിരിക്കാമെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് പോലീസുകരാന്‍ ഉന്നയിച്ചത്. മൃഗശാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്ക് ലഭിക്കുന്നുണ്ടാകാമെന്നും അയാള്‍ ആരോപിച്ചു. അന്വേഷണത്തില്‍ മോംഗിയുടെ പുതിയ പരിപാലകനായ മര്‍ച്ചിനോ ലക്കോഡിയ എന്ന ജീവനക്കാരന്റെ ഏഴ് വയസ്സുള്ള കുട്ടി, പൊട്ടിയ ചില കണ്ണടകള്‍ കൊണ്ട് കളിക്കുന്നതായി കണ്ടെത്തുകയുമുണ്ടായി.

അതിനുശേഷം നടന്ന സമഗ്രമായ അന്വേഷണത്തിലാണ്, മറ്റൊരു കാര്യം മൃഗശാല അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. മോംഗിയുടെ കൂടിന്റെ കമ്പികളില്‍ പിടിപ്പിച്ചിട്ടിട്ടുള്ള, പൊടിപിടിച്ച് പഴകിയ ബോര്‍ഡുകളില്‍, ചിമ്പാന്‍സികളെ കുറിച്ചുള്ള ചെറു വിശദീകരണങ്ങള്‍ക്ക് താഴെയായി, വളരെ ചെറിയ അക്ഷരങ്ങളില്‍ പുതുതായി ചിലതെല്ലാം എഴുതിചേര്‍ത്തിരിക്കുന്നു.  അരഭിത്തിയ്ക്ക് മുകളിലൂടെ ഏന്തി വലിഞ്ഞ് അത് വായിക്കുവാന്‍ ശ്രമിച്ച മൃഗശാല സൂപ്രണ്ട് ജെര്‍മിന്റോയ്ക്ക ആ വാക്കുകള്‍ വായിച്ചെടുക്കുവാന്‍ കഴിഞ്ഞില്ല. അതിനുമുമ്പേ മോംഗിയുടെ നീളന്‍ കൈ അയാളുടെ കണ്ണടയും തട്ടിയെടുക്കുകയായിരുന്നു.

ബോര്‍ഡിലെ പുതിയ വാക്കുകള്‍ എന്താണെന്ന് വായിച്ചെടുക്കുവാന്‍ അയാള്‍ തന്റെ സഹപ്രവര്‍ത്തകനോട് നിര്‍ദ്ദേശിച്ചു. വായിക്കുവാന്‍ ശ്രമിച്ചെങ്കിലും, കൂടിന്റെ സമീപത്തേയ്ക്ക്‌ പോകാതെ അത് വായിച്ചെടുക്കുവാന്‍ കഴിയില്ലെന്ന അര്‍ത്ഥത്തില്‍ അയാള്‍ നിസ്സഹായതയോടെ തലയാട്ടി.  അരഭിത്തിയ്ക്കുമുകളിലൂടെ വലിഞ്ഞുനോക്കിയ മറ്റൊരു ജീവനക്കാരന്‍, മോംഗിയുടെ നീളന്‍ കൈ നീണ്ടുവരുന്നത് കണ്ട്, ഭയന്ന് പിന്‍മാറി.

കൂടിന്റെ കമ്പികളോട് ചേര്‍ത്ത് സ്ഥാപിച്ചിട്ടുള്ള മറ്റ് ബോര്‍ഡുകളിലും പുതിയ വാക്കുകള്‍ എഴുതി ചേര്‍ത്തിയിട്ടുള്ളതായി അവര്‍ മനസ്സിലാക്കി. മോംഗിയെ മറ്റൊരു കൂട്ടിലേക്കു മാറ്റി, പുതിയ കണ്ണട വരുത്തി, അരഭിത്തി ചാടിക്കടന്ന്, ബോര്‍ഡിന്റെ തൊട്ടടുത്ത് ചെന്ന് ജെര്‍മിന്റോ ആ വാക്കുകള്‍ വായിച്ചെടുത്തു. കൂടിനോട് ചേര്‍ന്നുള്ള മറ്റ് ബോര്‍ഡുകളും അയാള്‍ പരിശോധിച്ചു. എല്ലാ ബോര്‍ഡുകളിലും ഒരു വാചകം തന്നെയാണ് എഴുതിവെച്ചിരുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ജെര്‍മിന്റോ സന്ദര്‍ശകരെ നിരീക്ഷിക്കുവാന്‍ തുടങ്ങി. അയാളുടെ നിഗമനം ശരിയായിരുന്നു. ആ വാക്കുകള്‍ വായിച്ചെടുക്കുവാന്‍ തല നീട്ടുമ്പോഴാണ് സന്ദര്‍ശകരുടെ കണ്ണടകള്‍ മോംഗി തട്ടിയെടുക്കുന്നത്.  ആ കാഴ്ച കണ്ട് ജെര്‍മിന്റോയ്ക്ക് ചിരിയടക്കുവാന്‍ കഴിഞ്ഞില്ല. വളരെ ചെറിയ അക്ഷരങ്ങളില്‍ എഴുതിവെച്ച ആ വാക്കുകള്‍ ഒരു മുന്നറിയിപ്പായിരുന്നു.

"സൂക്ഷിക്കുക. ഇവന്‍ നിങ്ങളുടെ കണ്ണടകള്‍ തട്ടിയെടുത്തേക്കാം. "
മുന്‍ ജീവനക്കാരന്‍ ജീനോ സിര്‍പിയ.

ഉടന്‍തന്നെ ആ വാക്കുകള്‍ മായ്ച്ചുകളയുവാന്‍ അയാള്‍ ഉത്തരവിട്ടു.
കൂടിന്റെ പുതിയ പരിപാലകന്‍ മര്‍ച്ചിനോ ലക്കോഡിയയെ ജോലിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. അയാള്‍ക്ക് സൂപ്രണ്ട് ജെര്‍മിന്റോ നല്‍കിയ മറുപടി ഇതായിരുന്നു.

"എപ്പോഴെങ്കിലും ആ കൂടും ബോര്‍ഡുകളും ഒന്നു വൃത്തിയാക്കുവാന്‍, അതിനുത്തരവാദപ്പെട്ട നിങ്ങള്‍ ശ്രമിച്ചിരുന്നുവെങ്കില്‍ നമുക്കിത് നേരത്തേ കണ്ടെത്താമായിരുന്നുവല്ലോ."

കൂട്ടിനുള്ളില്‍ മോംഗി ഒരിയ്ക്കല്‍കൂടി പല്ലിളിച്ചുകാണിക്കുന്നു.

നിമിഷനാണയങ്ങള്‍എത്രയോ വായ്പകള്‍. വീടിനും വാഹനങ്ങള്‍ക്കും  മക്കളെ പഠിപ്പിക്കുന്നതിനും വിവാഹങ്ങള്‍ക്കുമായി ഒന്നിനു പിറകെ ഒന്നായി. അവയ്ക്കിടയില്‍  എത്രയോ തവണ മുടങ്ങിയ തിരിച്ചടവുകള്‍, ഭീഷണികള്‍, ജപ്തിനോട്ടീസുകള്‍, തിരിമറികള്‍. എല്ലാം ചങ്കുറപ്പോടെ നേരിട്ടു. എല്ലാം അടച്ചുതീര്‍ത്തു. ഏറ്റവും ആദ്യത്തെ വായ്പയൊഴികെ. അത് മാത്രം ഇപ്പോഴും...

പറമ്പിലെ തേങ്ങ വിറ്റതിന്റെ കാശ് ദിവാകരന്റെ കൈയ്യില്‍നിന്നും വാങ്ങുമ്പോള്‍ കാരണവര്‍ ചോദിച്ചു.

"ഇന്നലെ തരാന്നല്ലേ.... പറഞ്ഞിര്ന്നത്.?"

ദിവാകരന്‍ തല ചൊറിഞ്ഞു.

"ഒരു സ്ഥലം വരെ പൂവ്വാന്ണ്ടായിരുന്നു. വന്നപ്പോ നേരം ചിറ്റി. അതാ..."

"ന്നാലും വാക്ക് പറഞ്ഞാ വാക്കായിരിക്കണം... വേറൊന്നോണ്ട്വല്ല.. ഞാന്‍ പറയാണ്ടന്നെ ദിവാരനറിയാലോ കാശ്ന്ന് വെച്ചാ സമയന്നാണ് അര്‍ത്ഥം. സമയത്തിന് കിട്ടീല്ല്യങ്ങെ ഇതിന് ഒരു വെലേല്ല്യ. അതാ പറഞ്ഞെ.."

ഇടയില്‍കയറിവന്ന ചുമ നിര്‍ത്താനാവാതെ അയാള്‍ ദിവാകരനോട് പൊയ്‌ക്കോളാന്‍ ആംഗ്യം കാട്ടി. തിരിഞ്ഞുനടക്കുമ്പോള്‍ പടികടന്നു വരുന്നയാളെ ദിവാകരന്‍ കണ്ടില്ല.

കിട്ടിയ കാശ് ചുമരിലെ ഭഗവതിയുടെ ചിത്രത്തിനു പിന്നിലൊളിപ്പിച്ച് നരച്ച പുരികങ്ങള്‍ക്കു മുകളില്‍ വലതു കൈപ്പത്തികൊണ്ടൊരു മേല്‍ക്കൂര സൃഷ്ടിച്ച്, കാരണവര്‍ സൂക്ഷിച്ചുനോക്കി.

"ആരാ....?"

ആഗതന്‍ ഭവ്യതയോടെ മറുപടി പറഞ്ഞു.

"ബാങ്കീന്നാ... "

ഇഷ്ടപ്പെടാത്ത എന്തോ കേട്ടതുപോലെ കാരണവര്‍ നിശ്ശബ്ദനായി. നെടുവീര്‍പ്പിട്ടു പിന്നെ ആരോടെന്നില്ലാതെ ചോദിച്ചു.

"കൈപ്പടയൊക്കെ എവിട്യാണാവോ ഇരിക്കണെ?'

"വേണന്നില്ല്യ... ഇത് അവസാനത്തെ അടവാ.. "

"ആ.."

ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പില്‍ അയാളുടെ നെഞ്ചിന്‍കൂട് ഉയര്‍ന്നുതാഴ്ന്നു. ചുമരിലെ ഘടികാരത്തിനുളളില്‍ നിന്നും തല പുറത്തേയ്ക്കു നീട്ടി ഒരു കിളി താളത്തില്‍ ചിലച്ചു. മടിശ്ശീലയില്‍നിന്നും പുറത്തെടുത്ത നോട്ടുകളും നാണയങ്ങളും എണ്ണി നോക്കുന്നതിനിടയില്‍ അയാള്‍ ഇടവിട്ട് ചുമയ്ക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു.

"നേരത്തേ തീരണ്ടതാര്‍ന്നു. ങാ... അടയ്ക്കുമ്പഴൊക്കെ അപ്പാപ്പോ എഴ്തിവെക്ക്യാറ്ണ്ടായിരുന്നതാ.... ഇവിടെ എവിട്യെങ്കിലുമൊക്കെ കാണുമായിരിക്കും. പഴേപോലെ ഓര്‍മ്മയൊന്നും കിട്ടണില്ല്യ.. "

ആഗതന്‍ പുഞ്ചിരിച്ചു. ആശ്വസിപ്പിച്ചു.

"അതിന്റെയൊന്നും ആവശ്യമില്ലാന്നെ. എല്ലാം കൃത്യമായി സൂക്ഷിച്ചിട്ട്ണ്ട്. ഞങ്ങക്ക് തെറ്റ് പറ്റിയാലും കമ്പ്യൂട്ടറിന് തെറ്റ് പറ്റില്ല്യ."

കാരണവര്‍ ചിരിച്ചു.

"മനുഷ്യന്‍മാരേക്കാളും വിശ്വാസം യന്ത്രങ്ങളെയാണ് അല്ലേ..."

"അത് പിന്നെ... നമ്മള് മനുഷ്യന്‍മാര്‌ടെ ബുദ്ധിക്കും ഓര്‍മ്മക്കുമൊക്കെ ഒരു പരിധിയില്ലേ. ?"

"അതൊക്കെ ഒരു തരം അന്ധവിശ്വാസാടോ... ദൂരദര്‍ശിനിം കമ്പ്യൂട്ടറുമൊക്കെ കണ്ടുപിടിക്കണേക്കാളും മുമ്പേ ആകാശം കണ്ട നാടാ നമ്മ്‌ടെ... അവിടെ തിരിയണ ഗ്രഹങ്ങള്‍ടെ വരവും പോക്കുമൊക്കെ ഒറ്റയിരിപ്പില് ഗണിച്ച് പറയാന്‍ കഴിവ്ണ്ടായിര്ന്ന കാര്‍ന്നോന്‍മാര്‌ടെ നാട്... "

ആഗതന്‍ വീണ്ടും പുഞ്ചിരി തൂകി തലയാട്ടി. കാരണവര്‍ തുടര്‍ന്നു.

"കണക്കപ്പിള്ളയായിരുന്നു... ട്രഷറി ആപ്പീസില്... വെരമിച്ചേനു ശേഷം ചിട്ടികമ്പനീലും മറ്റുമായി കൊറേക്കാലം പിന്ന്യേം... ഒരു കാല്‍ക്കുലേറ്ററ് പോലും ഇണ്ടായിര്ന്നില്ല്യ... ഈ കമ്പ്യൂട്ടറൊക്കെ എപ്പഴാ ഇണ്ടായെ... "

ആഗതന്‍ ഒരു തര്‍ക്കത്തിന് മുതിര്‍ന്നില്ല. നിമിഷനാണയങ്ങളുടെ വൃത്താകൃതികള്‍ പൂര്‍ത്തിയാക്കി ഘടികാരത്തിനുള്ളില്‍ കാലത്തിന്റെ മുന
ചലിച്ചുകൊണ്ടേയിരുന്നു.

പണമെണ്ണികൊടുക്കുമ്പോള്‍, കാരണവരുടെ മെലിഞ്ഞുണങ്ങിയ വിരലുകള്‍ വിറച്ചു. ഒടുവിലത്തെ നാണയത്തില്‍ അറിയാതെ മുറുകെപിടിച്ചു.
ചുണ്ടുകള്‍ വിതുമ്പുന്നതുപോലെ കോടി.. കണ്ണുകള്‍ യാചിക്കുന്നതുപോലെ. അല്‍പ്പം ബലം പ്രയോഗിക്കേണ്ടിവന്നു. ആഗതന് ഒടുവിലത്തെ ആ നാണയം സ്വീകരിക്കുവാന്‍.

ചാരുകേസരയില്‍ നിന്നും എഴുന്നേല്‍ക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടു. ഒരു കൈപ്പിടിയില്‍മാത്രം ബലം കൊടുത്തപ്പോള്‍ കസേര ഒരു വശത്തേയ്ക്ക് മറിഞ്ഞു. പിടിവിട്ട് അയാളും. ഓടിവന്ന അയല്‍ക്കാരന്റെ കൈകളില്‍ അയാള്‍ മെല്ലെ തണുത്തുറയുവാന്‍ തുടങ്ങിയിരുന്നു.

കാലത്തിന്റെ കീശയിലേയ്ക്ക്‌ ഒരു നിമിഷനാണയം കൂടി തിരുകി ആഗതന്‍ നടന്നകന്നു. തിരിഞ്ഞുനോക്കാതെ.


നെഞ്ചത്ത് ആഞ്ഞടിച്ച് നിലവിളിച്ച് കയറിവന്ന മരുമകള്‍ ആദ്യം തിരഞ്ഞത് ഒറ്റയാനെപ്പോലെ ജീവിച്ച അയാളുടെ പണപ്പെട്ടിയുടെ താക്കോലായിരുന്നു. ഒരു ചെറിയ പുസ്തകം മാത്രമേ അതില്‍ അവശേഷിച്ചിരുന്നുള്ളൂ. മറ്റൊന്നും കാണാത്തതിന്റെ വിഷമത്തില്‍ അവര്‍ പിറുപിറുത്തു.

"ഈ തന്തപ്പിടീടെ ഓരോ കാര്യങ്ങള്... ""എപ്പഴായിരുന്നു."

കര്‍മ്മങ്ങള്‍ തുടങ്ങുന്നതിന് മുമ്പുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ശാന്തിക്കാരന്റെ ചോദ്യത്തിന് കൂടിനിന്നവരില്‍ ആരോ മറുപടി കൊടുത്തു. ബന്ധുക്കളില്‍ ഒരാള്‍ ഒരു ചെറിയ പുസ്തകം നീട്ടികൊണ്ട് ചോദിച്ചു.

"സ്വാമി.... ഇതിന്റെ ആവശ്യണ്ടോ..?"

"എന്താത്...?"

"കാര്‍ന്നോരടെ ജാതകാ..."

താളുകള്‍ മറിയ്ക്കുമ്പോള്‍ ശാന്തിക്കാരന്‍ അത്ഭുതം കൂറി.

"എത്ര കൃത്യായിട്ടാ എഴ്തി വെച്ചേക്കണത്. ആയുസ്സിന്റെ കണക്ക്  കണിശം. "

ശേഷം ചിന്ത്യം.

പെറുക്കി സായ്‌വ്

ഭ്രാന്തന്റെ വീട്ടിലെ പൂട്ടിയിട്ടിരിക്കുന്ന ഒരേയൊരു മുറി തുറന്ന കള്ളൻ പാക്കരൻ വീണുപോയി. ഇരുട്ടിൽ തപ്പിത്തടഞ്ഞ് എഴുുന്നേൽക്കുന്നതിനു മുമ്പ് അടുത്ത അടി കൂടി വീണുകഴിഞ്ഞിരുന്നു. നീളമുള്ള ഒരു തുണി തന്നെ ചുറ്റിവരിയുന്നത് പാക്കരൻ തിരിച്ചറിഞ്ഞു. കെട്ടഴിക്കുവാൻ കഴിയാതെ, എഴുന്നേറ്റ് നിൽക്കുവാൻ പോലുമാകാതെ, രാത്രി മുഴുവൻ, ആ മുറിയുടെ വൃത്തികെട്ട ഗന്ധം ശ്വസിച്ചു. ഇരുട്ടും അപരിചിതമായ ഞരക്കങ്ങളും അയാളെ ഭയപ്പെടുത്തി. പുലർച്ചെയാകുമ്പോഴേക്കും അയാൾ ഒരു മയക്കത്തിലേയ്ക്കു വീണുപോയി. പക്ഷികൾ ഉണർന്നപ്പോൾ, വെളിച്ചം പരക്കുവാൻ തുടങ്ങിയപ്പോൾ കണ്ണുകൾ തുറന്നു. ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളും ഫര്‍ണീച്ചറുകളും ചാക്കുകെട്ടുകളിലാക്കി സുക്ഷിച്ചിരുന്ന പാഴ്‌വസ്തുക്കളുമായിരുന്നു ആ മുറിയില്‍ ഉണ്ടായിരുന്നത്. ഒരു വശത്തായി ഒരാൾ പൊക്കത്തിലധികം ഉയരമുള്ള മൂന്ന് വലിയ മൺഭരണികൾ. അവയിൽ ഓരോന്നിലും കരിക്കട്ടകൊണ്ടെന്ന പോലെ എഴുതിവെച്ച വാക്കുകൾ.

വേഗം
മരിക്കുന്നവർ

മെല്ലെ
മരിക്കുന്നവർ.

ഒരിയ്ക്കലും
മരിക്കാത്തവർ

അയാളുടെ ഭയം ഇരട്ടിക്കുകയായിരുന്നു. കണ്ണുകൾ രക്ഷപ്പെടുവാനുള്ള സാധ്യതകൾ തിരഞ്ഞു. പാരമ്പര്യമായി ഭ്രാന്തുള്ളവരുടെ വീട് മോഷണത്തിനായി തിരഞ്ഞെടുത്ത ആ നിമിഷത്തെ അയാൾ പ്രാകി. ഇഴഞ്ഞും ഉരുണ്ടും കതകിനടുത്തെത്തി. വാതിലിന്റെ വിടവിലൂടെ മരണം ഒരു ഭ്രാന്തന്റെ രൂപത്തിൽ നടന്നു വരുന്നത് കണ്ടു. അയാൾ വാതിലിനടുത്തുനിന്നും ഇഴഞ്ഞുനീങ്ങി. മൺഭരണികളിലൊന്നിൽ നിന്നും ഒരു നേരിയ ഞരക്കം കേൾക്കുന്നതായി തിരിച്ചറിഞ്ഞ പാക്കരൻ കണ്ണുകൾ ഇറുക്കിയടച്ച് മരണത്തെ കാത്തിരുന്നു. വാതിലിന്റെ കൊളുത്ത് നീങ്ങുന്നതിന്റെയും പാളികൾ തുറക്കുന്നതിന്റെയും ശബ്ദം. വരിഞ്ഞുകെട്ടിയ നീളൻ തുണി അഴിച്ചു മാറ്റുമ്പോൾ ഭ്രാന്തൻ ചിരിച്ചു. മുറിയുടെ വാതിലുകൾ തുറന്നിട്ട് ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ഭ്രാന്തൻ നടന്നുപോകുമ്പോഴും പാക്കരൻ ഞെട്ടലിൽനിന്നും മുക്തനായിരുന്നില്ല.


................................................................

തുണ്ടൻപാറ എസ്റ്റേറ്റിലെ അമിത കീടനാശിനി പ്രയോഗത്തിനെതിരെ, ഫേസ് ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച ഒരു പ്രതിഷേധ സമരത്തിലാണ് സുദേവനും കൂട്ടരും ആദ്യമായി അയാളെ കാണുന്നത്. പെരുമാറ്റത്തിൽ അസ്വാഭാവികതകളുണ്ടായിരുന്നു. ചോദിച്ചതിനൊന്നും മറുപടി പറയാതെ മൗനം പാലിക്കുന്ന പ്രകൃതം.

മാനസികനില തെറ്റിയ ഒരു വ്യക്തിയുടെ സാന്നിധ്യം, സ്വാഭാവികമായും സമരത്തിനെ എതിർക്കുന്നവർ ആയുധമാക്കി. 'ഭ്രാന്തൻമാരുടെ സമര' മെന്ന് പരിഹസിച്ചു. ഒഴിവാക്കുവാൻ ശ്രമിച്ചുവെങ്കിലും അയാൾ ഒഴിഞ്ഞുപോകുവാൻ തയ്യാറായില്ല. ഒടുവിൽ ബലം പ്രയോഗിച്ച് സുദേവന്റെ സുഹൃത്തിന്റെ പരിചയത്തിലുള്ള ഒരു മാനസിക കേന്ദ്രത്തിലെത്തിച്ചു. ഉറ്റവരെയോ ബന്ധുക്കളെയോ കണ്ടെത്തി തിരിച്ചേൽപ്പിക്കുന്നതുവരെ തത്കാലത്തേക്ക് മാത്രം, എന്ന ഉറപ്പിൽ അധികൃതർ സമ്മതിച്ചു. കുറച്ച് പാഴ്‌വസ്തുക്കളും കടലാസ്സുകളും ഒരു ചെറിയ താക്കോൽകൂട്ടവുമല്ലാതെ അയാളുടെ സഞ്ചിയിൽ നിന്നും മേൽവിലാസം തിരിച്ചറിയുവാൻ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല.

സമരത്തിൽനിന്നും പ്രമുഖ രാഷ്ട്രീയ പാർട്ടികൾ കൗശലപൂർവ്വം സമദൂരം പാലിച്ചു. എസ്റ്റേറ്റ് ഉടമകളും, രാസവളങ്ങളും കീടനാശിനികളും നിർമ്മിക്കുന്നവരും, വിൽക്കുന്നവരും, എല്ലാം രാജ്യത്തെ പൗരൻമാരാണ്. അവരും നികുതി ഒടുക്കുന്നവരാണ്. നിയമത്തിനുമുന്നിൽ തുല്യരാണ്. പണിയില്ലാതെ തൊഴിലാളികൾ അസ്വസ്ഥരാകുവാനും തുടങ്ങി. വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് കുറേ 'ആക്റ്റിവിസ്റ്റുകൾ' നടത്തുന്ന സമരം എന്ന വിശേഷണത്തോടെ, എസ്റ്റേറ്റ് തൊഴിലാളികളുടേയും പൊതുജനങ്ങളുടേയും നിർവ്വികാരതയിൽ, ആ 'മുല്ലപ്പൂവിപ്ലവം' അലിഞ്ഞുചേർന്നു.

ആവശ്യത്തിലധികം രോഗികളുള്ള മാനസികകേന്ദ്രത്തിൽ നിന്നും സുദേവന് തുടർച്ചയായി വിളികൾ വന്നുകൊണ്ടിരുന്നു. ഒരു പത്രത്തിന്റെ പ്രാദേശിക ലേഖിക കൂടിയായ രുക്മിണി രാഘവന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ, ഭ്രാന്തന്റെ മുഖച്ഛായയുള്ള ഒരാൾ പെറുക്കി സായ്‌വ് എന്നപേരിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നതായും അയാളുടെ നാട് മുള്ളൻപാറയിലാണെന്നും തിരിച്ചറിഞ്ഞു.

വലിയ മതിലുകളാൽ ഒറ്റപ്പെട്ടുകിടക്കുന്ന വലിയൊരു പറമ്പും പഴയമാതൃകയിലുള്ള ഒരു വീടും. നല്ല സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നുവെങ്കിലും പാരമ്പര്യമായി മാനസികരോഗമുള്ള കുടുംബം എന്നാണ് നാട്ടുകാർ വിശേഷിപ്പിക്കുന്നത്. വീട്ടിലെ കാരണവർക്കാണ് ആദ്യം സമനില തെറ്റിയത്. അയാളുടെ മരണശേഷം അമ്മയും മക്കളും മാത്രമായിരുന്നു അവിടെ താമസം. സ്വന്തമായി പാടവും പറമ്പുമൊക്കെ ഉണ്ടായിരുന്നതിനാൽ കുറേക്കാലം വളരെ നല്ല രീതിയിലാണ് അവർ ജീവിച്ചിരുന്നത്. കുട്ടികൾ പഠനത്തിൽ മിടുക്കരായിരുന്നുവെന്നും പറഞ്ഞുകേൾക്കുന്നു. യൗവ്വനത്തിനുശേഷമാണ് ഓരോരുത്തർക്കായി കാലിടറുവാൻ തുടങ്ങിയത്. മൂന്നു മക്കളിൽ വിവാഹപ്രായമെത്തിയ സുന്ദരിയായ മകൾക്കാണ് ആദ്യം മനസ്സിടറിയത്. അവർ ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിവില്ല. ആൺമക്കളിൽ ഇളയവൻ വീടിനുള്ളിൽ ആത്മഹത്യ ചെയ്തു. ഒരാൾ കോളേജില്‍ പഠിച്ചിരുന്നുവെന്നും അതിനുശേഷം ദൂരെ എവിടെയോ ജോലി ലഭിച്ചുവെന്നും പറയുന്നു. കുറച്ചുകാലത്തിനുശേഷം തിരിച്ചുവന്നപ്പോൾ അയാൾക്കും ഒരു അരവട്ടന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

ഷർട്ടിനുമീതെ ഒരു കോട്ടുകൂടി ധരിച്ച്, കണ്ണിൽ കണ്ടതെല്ലാം പെറുക്കി നടക്കുന്ന സ്വഭാവമുള്ളതിനാലാണത്രെ അയാൾക്ക് പെറുക്കി സായ്‌വ് എന്ന പേര് ലഭിച്ചത്. അഴുക്കും പൊടിയും പിടിച്ച, അലങ്കോലമായി കിടന്ന ആ പഴയ വീട്ടിലേക്കും ചപ്പുചവറുകൾ നിറഞ്ഞുകിടക്കുന്ന പറമ്പിലേയ്ക്കും അയൽക്കാർ ആരും പോകാറില്ല. ഇടക്കിടെ വന്നുപോകുന്ന പെറുക്കി സായ്‌വിന്റെ വിവരങ്ങൾ ആരും തിരക്കാറുമില്ല.  മറ്റു ചില കഥകളും കേട്ടു. ആ വീട്ടിൽ പണ്ട് ആരെയൊക്കെയോ കൊന്ന് കഷണങ്ങളാക്കി വലിയ മൺഭരണികളിലാക്കി സൂക്ഷിച്ചിട്ടുമുണ്ടത്രെ.

കട്ടിലിൽ കിടക്കുന്ന വൃദ്ധയായ ഒരു സ്ത്രീയെയാണ് സുദേവനും കൂട്ടരും കണ്ടുമുട്ടിയത്. മകന്റെ കൂട്ടുകാരാണെന്ന് പറഞ്ഞപ്പോൾ അവർ തലയാട്ടി. പക്ഷെ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ആ സ്ത്രീ പറയുന്നതൊന്നും വ്യക്തവുമല്ലായിരുന്നു. നാലു മുറികളുള്ള ആ വീട് ഒരു പുരാവസ്തുശേഖരം പോലെ തോന്നിച്ചു.

അവിടെനിന്നും കണ്ടെത്തിയ ഒരു പഴയ നോട്ട് ബുക്ക്  മറിച്ചുനോക്കി രുക്മിണി രാഘവൻ ആവേശഭരിതയായി. അതിൽ തുടർച്ചയില്ലാതെ, അവിടെയും ഇവിടെയുമായി, കുറിച്ചിട്ടിരുന്ന വാക്കുകൾ അവരിൽ കൗതുകം നിറച്ചു.

...കുഞ്ഞായിരിക്കുമ്പോൾ വിഷപാമ്പിനേയും കരിന്തേളിനേയും കൂട്ടുപിടിച്ച് കളിക്കുമായിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. തീനാളങ്ങളേയും ഭയമില്ലായിരുന്നു. ചൂണ്ടുവിരലിൽ ആദ്യമായി പൊള്ളലേൽക്കും വരെ. അതെ അറിവുണ്ടാകുവാൻ തുടങ്ങിയപ്പോഴാണ് ഭയം പിടിമുറുക്കുവാൻ തുടങ്ങിയത്. ഒരിയ്ക്കൽ കൈകളിലെടുത്ത് ഓമനിച്ചിരുന്ന വിഷജന്തുക്കളെപ്പോലും ഇപ്പോൾ ഭയപ്പെടുന്നു. 

...ഏറ്റവും അധികം ഭയപ്പെടുത്തിയത് ഇരുട്ടാണ്. അന്ധകാരത്താൽ വലയം ചെയ്യപ്പെടുമ്പോഴെല്ലാം അനുഭവിക്കേണ്ടി വരുന്നത് അസ്വസ്ഥതകൾ നിറഞ്ഞ ഒരുതരം അനിശ്ചിതത്വമാണ്. മുൻകൂട്ടി അറിയുവാൻ കഴിയാത്ത, അപായപ്പെടുത്തുവാൻ സാധ്യതയുള്ള എന്തോ എവിടെയോ പതിയിരിക്കുന്നതുപോലെ. പകലിൽ തണൽവിരിച്ചുനിന്ന വൃക്ഷത്തലപ്പുകൾ തന്നെയാണോ രാത്രിയിൽ അനേകം കൈകളുള്ള ഭീകരരൂപികളെപ്പോലെ ഭയപ്പെടുത്തുന്നത്....

ആദ്യത്തെ സമ്മാനം

...മുന്നോട്ടുള്ള വഴിയറിയാതെ, ഇരുട്ടിൽ തപ്പിത്തടയുമ്പോൾ, അകലെ നടന്നുപോകുന്ന പ്രകാശം. എന്താണ് അയാൾക്കു ചുറ്റും മാത്രം പ്രകാശം ?. അല്ല അയാൾ തന്നെയാണ് പ്രകാശം. വെളിച്ചം മാടി വിളിക്കുന്നതുപോലെ... അയാളുടെ വെളിച്ചത്തിൽ ഞാനെന്റെ പാത കണ്ടെത്തി എന്നതാണ് സത്യം. അപരിചിതനായ ഒരാൾ പിൻതുടരുന്നു എന്നത് അസ്വസ്ഥതയുളവാക്കുന്ന ഒന്നാണ്. അയാൾ നടത്തം നിർത്തി. തിരിഞ്ഞുനിന്ന് തിളങ്ങുന്ന കണ്ണുകൾകൊണ്ട് തീക്ഷ്ണമായി സൂക്ഷിച്ചുനോക്കി. ഓരോ നോട്ടത്തിനും ഓരോ അർത്ഥമുണ്ട്. ഇപ്പോഴത്തേത് ഒരു ചോദ്യമാണ്. വിനീതനായി തുറന്നുപറഞ്ഞു.

"ഇരുട്ടാണ്. ഭയം തോന്നുന്നു. വിരോധമില്ലെങ്കിൽ..."

"വിരോധമൊന്നുമില്ല. പക്ഷെ എന്റെ ലക്ഷ്യവും നിന്റെ ലക്ഷ്യവും ഒന്നുതന്നെയാണോ. ആണെങ്കിൽതന്നെ, എന്റെ പ്രകാശം ഇല്ലാതായാൽ നീ വീണ്ടും ഇരുട്ടിലകപ്പെടുകയില്ലേ. അപ്പോൾ എന്തു ചെയ്യും.?'

"അറിയില്ല. പക്ഷെ ഞാൻ ഇരുട്ടിനെ വളരെയധികം ഭയപ്പെടുന്നു."

"എന്റെ പ്രകാശത്തിൽനിന്നും അൽപ്പം പകർന്നുതരാം. അതിലൂടെ നീ നിന്റെ വഴി കണ്ടെത്തുക."

വിരിയുവാൻ തുടങ്ങുന്ന പൂമൊട്ടുപോലെ ഒരു പ്രകാശനാളം അദ്ദേഹം പകർന്നു നൽകി. ഒരു തിരിയിൽനിന്നും മറ്റൊരു തിരി കത്തിക്കുന്നതുപോലെ ആ പ്രകാശം എന്നിലും നിറഞ്ഞു. മെല്ലെ മെല്ലെ അതെന്നിൽനിന്നും നിറഞ്ഞുതുളുമ്പി നിലാവുപോലെ പരക്കുന്നത് വിസ്മയഭരിതനായി കണ്ടുനിന്നു. ചോദിച്ചു.

"എവിടെനിന്നാണ് ഈ വെളിച്ചം... എന്താണിതിനെ ജ്വലിപ്പിക്കുന്നത്... ഇത് കെട്ടുപോകാതിരിക്കാൻ ഞാനെന്താണ് ചെയ്യേണ്ടത്."

"ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുക."

അയാൾ നടന്നകന്നു. ഞാൻ മുന്നോട്ടും കാലം പിന്നോട്ടും യാത്ര തുടർന്നു. അതോ തിരിച്ചോ.

രണ്ടാമത്തെ സമ്മാനം

...യാത്രയിലുടനീളം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. പക്ഷെ ഉത്തരങ്ങൾ... അവ മാത്രം അകന്നുനിന്നു. നടന്നു തളർന്നിരിക്കുന്നു. ഒരു മയക്കത്തിലേയ്ക്കാഴ്ന്നു പോകുന്നതുപോലെ....

....ഉണർന്നപ്പോൾ എല്ലാം മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. അവസാനം ചോദിച്ച ചോദ്യം എന്തായിരുന്നുവെന്ന് ഓർത്തെടുക്കുവാൻ കഴിയുന്നില്ല. അവസാനം തിരഞ്ഞെടുത്ത വഴിയിലൂടെ എത്തിച്ചേർന്നതെവിടെയാണ്. തിരിച്ചറിയുവാനാവുന്നില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിച്ചു ചോദിച്ചു മടുത്തിരിക്കുന്നു. വഴിതെറ്റിയിട്ടുണ്ടാകുമോ.? പകൽവെട്ടത്തിലും ഒന്നും വ്യക്തമാകുന്നില്ല. 

അൽപ്പം അകലെയായി... രക്ഷകനെപ്പോലെ വീണ്ടും അദ്ദേഹം... വെളിച്ചം പകർന്നു തന്ന അതേ പ്രകാശരൂപം. വളർന്നു പടർന്നു പന്തലിച്ച ഒരു വലിയ വൃക്ഷത്തിന്റെ വേരുകളിൽ ഒന്നിലാണ് ഇരിക്കുന്നത്. ഓടി അരികിലെത്തി, കിതച്ചുനിൽക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ വീണ്ടും ചോദ്യങ്ങളെറിയുന്നു. എന്തുകൊണ്ടാണെന്നറിയില്ല. പുറത്തുവരുന്ന വാക്കുകളിൽ കുറ്റബോധം നിറഞ്ഞുനിന്നു.  

"വെളിച്ചം മങ്ങികൊണ്ടിരിക്കുന്നു. കാഴ്ച മങ്ങിപോകുന്നതുപോലെ... ഒന്നും വ്യക്തമാകുന്നില്ല."

പുഞ്ചിരി അയാളുടെ മുഖം കൂടുതൽ പ്രകാശഭരിതമാക്കുന്നു. 

"ഈ തണലിൽ അൽപ്പം വിശ്രമിക്കാം.. ഇരിക്കൂ"

കെട്ടുപിണഞ്ഞ് മണ്ണിലേക്കാഴ്ന്നിറങ്ങി പോകുന്ന വലിയ വേരുകളിലൊന്നിൽ ഇരിക്കുവാൻ തുടങ്ങുമ്പോൾ അദ്ദേഹം ആശ്വസിപ്പിച്ചു. 

"ഒരുപക്ഷെ നിങ്ങളുടെ കണ്ണുകൾക്ക് തിമിരം ബാധിച്ചിരിക്കാം. ഈ കണ്ണട എടുത്തുകൊള്ളുക.."

കണ്ണുകളോടു ചേർത്തുവെച്ചു. അത്ഭുതം.. മുന്നിൽ തെളിമയാർന്ന കാഴ്ചകൾ. ഇതുവരെയും ഒരു അന്ധനായിരുന്നുവോ എന്നു സംശയം. ആഹ്ലാദമടക്കുവാനാകാതെ വിളിച്ചു പറഞ്ഞു.

"കാണാം. കാഴ്ചകളും വഴികളുമെല്ലാം നല്ലതുപോലെ തെളിഞ്ഞുകാണാം."

അദ്ദേഹം പുഞ്ചിരിയോടെ ഓർമ്മിപ്പിച്ചു.

"കണ്ണടകൾ കാഴ്ചയെ തെളിമയുള്ളതാക്കിയേക്കാം. എന്നാൽ ഒരോ ചില്ലിൻ കഷ്ണവും പ്രതിഫലിപ്പിക്കുന്നത് ഒരേ കാഴ്ചയുടെ വ്യത്യസ്ഥ തലങ്ങൾ മാത്രമാണ്. മാത്രവുമല്ല, കണ്ണടചില്ലുകൾ, അവയുടെ ആകൃതിയുടേയും വലുപ്പത്തിന്റേയും ധർമ്മം പോലെ, കാഴ്ചകളെ ഇരട്ടിപ്പിക്കുകയോ ചെറുതാക്കുകയോ ചെയ്‌തേക്കാം. ചില്ലുകളിൽ പോറലുകളും ചിന്നലുകളും ഏൽക്കാതെയും സൂക്ഷിക്കണം. അത്തരം ചില്ലുകളിലൂടെ കാണുന്നതെല്ലാം അവ്യക്തവും അപൂർണ്ണവും ചിലപ്പോഴെല്ലാം വികലവുമായിരിക്കും. "

"ഈ ചില്ലുകളെ വിശ്വസിക്കാമോ...?"

എന്റെ സംശയം ആ ചുണ്ടുകളിൽ ചിരിയുണർത്തി. 

"നിങ്ങളുടെ സംശയം ശരിയാണ്. എന്നിരുന്നാലും... ഇരുട്ടിനേക്കാളും, മങ്ങിയ കാഴ്ചകളേക്കാളും നല്ലതല്ലേ.... കണ്ണടചില്ലുകൾ പകർന്നുനൽകുന്ന, കുറേക്കൂടി തെളിമയാർന്ന കാഴ്ചകൾ."

എഴുന്നേൽക്കുമ്പോൾ അദ്ദേഹം ചോദിച്ചു.

"ഈ വൃക്ഷത്തിന്റെ പേരറിയുമോ..."

ആ ചോദ്യത്തിനു മുന്നിൽ പതറി. അനേകം ശാഖകളുള്ള ഒരു വലിയ ചോദ്യമായി എനിക്കുമുന്നിൽ ഉയർന്നുനിൽക്കുന്ന ആ വൃക്ഷത്തിന്റെ പേര് എനിക്കറിയില്ലായിരുന്നു. അദ്ദേഹം എഴുന്നേൽക്കുന്നു. നടക്കുന്നതിനിടയിൽ തിരിഞ്ഞുനിന്നുകൊണ്ടു പറഞ്ഞു.

"ചെറിയ ചെറിയ ചോദ്യങ്ങൾ ചോദിക്കുക... അതിലൂടെ വലിയ വലിയ ഉത്തരങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കുക... അപൂർണ്ണവും അവ്യക്തവുമായ ചോദ്യങ്ങൾക്ക് എങ്ങിനെയാണ് തൃപ്തികരമായ ഉത്തരങ്ങൾ ലഭിക്കുക. അവയ്ക്ക് എങ്ങിനെയാണ് പ്രകാശത്തെ ജ്വലിപ്പിക്കുവാനാകുക."

അദ്ദേഹം യാത്ര തുടരുകയാണ്. കണ്ണടകൾ തെളിച്ചുതന്ന വഴികളിലൂടെ ഞാനും. ആ വൃക്ഷത്തിനു മുമ്പിൽ ഞാൻ വളരെ ചെറുതാകുന്നു. അറിയുവാൻ ശ്രമിക്കുംതോറും അത് വലുതായികൊണ്ടേയിരുന്നു.

മൂന്നാമത്തെ സമ്മാനം

മനസ്സ് അസ്വസ്ഥമാകുകയാണ്. ലക്ഷ്യം അകന്നകന്നു പോകുന്നതുപോലെ. അകാരണമായ ഒരു മടുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. എത്തിച്ചേർന്നിരിക്കുന്നത് ഒരു മരുഭൂമിയിലാണോ... അവിടെയും രക്ഷകനെപോലെ ആ പ്രകാശം. ഇത്തവണ ഞാൻ കണ്ണടകളെ കുറ്റപ്പെടുത്തി.

"ഈ കണ്ണടകൾ എന്റെ വഴി തെറ്റിച്ചുവെന്നു തോന്നുന്നു."

ഒരുമിച്ച് നടക്കുന്നതിനിടയിൽ അദ്ദേഹം എന്നെ ഒരിയ്ക്കൽകൂടി ആശ്വസിപ്പിച്ചു. 

"വഴിതെറ്റിയെന്ന ചിന്ത തെറ്റാണ്. എന്റെ വഴി ശരിയും നിന്റെ വഴി തെറ്റുമായിരുന്നുവെങ്കിൽ നമ്മൾ വീണ്ടും കണ്ടുമുട്ടിയത് എങ്ങിനെയാണ് ?"

"പക്ഷെ... എനിക്കെന്റെ യാത്ര തുടരുവാനോ ആസ്വദിക്കുവാനോ കഴിയുന്നില്ല. മടുപ്പും നിരാശയും അനുഭവപ്പെടുന്നു."

"ഒരുപക്ഷെ ഇതിന് നിങ്ങളെ സഹായിക്കുവാൻ കഴിയുമായിരിക്കും."

ഇത്തവണ അദ്ദേഹം നീട്ടിപിടിക്കുന്നത് ഒരു ഭാഗം വീതികൂടിയതും മറുഭാഗം വീതികുറഞ്ഞതുമായ ഒരു ദൂരദർശിനിയാണ്. കണ്ണുകളോടു ചേർത്തുപിടിച്ച് ആകാംക്ഷയോടെ നോക്കി. പക്ഷെ നിരാശയായിരുന്നു ഫലം. അത് പ്രകടിപ്പിക്കുകയും ചെയ്തു.

"ഇതിലൂടെ കാണുവാൻ കഴിയുന്നത് പിന്നിട്ട വഴികൾ മാത്രമാണ്... ഞാൻ തേടുന്നത് മുന്നോട്ടുള്ള...."

അദ്ദേഹം തിരുത്തി.

"പിന്നിടുന്നതിന് തൊട്ടുമുമ്പ് വരെ എല്ലാ വഴികളും മുന്നോട്ടുള്ള വഴികളായിരുന്നു... ഇന്നലെകളിൽ നിന്നല്ലാതെ എങ്ങിനെയാണ് നാളെകൾ പിറക്കുക.?"

ആ ദൂരദർശിനിയിലൂടെ ഒരിയ്ക്കൽ കൂടി നോക്കി. അരുതാത്തതെന്തോ കണ്ടതുപോലെ അത് കണ്ണുകളിൽനിന്നും അകറ്റിപിടിച്ചു. മനസ്സില്ലാമനസ്സോടെ വീണ്ടും നോക്കി.

കടന്നുവന്ന വഴികൾ.. കാണാൻ മറന്നുപോയ കാഴ്ചകൾ... കേൾക്കുവാൻ മറന്നുപോയ വാക്കുകൾ, പരിഹാസങ്ങൾക്കുമുന്നിൽ തോറ്റുപോയ നിമിഷങ്ങൾ, നഷ്ടപ്പെടുത്തിയ അവസരങ്ങൾ. നിറവേറ്റുവാൻ മറന്നുപോയ കടമകൾ, അൽപ്പായുസ്സാർന്ന വിജയങ്ങൾ, സൗന്ദര്യകാഴ്ചകളിൽ മയങ്ങിനിന്ന ഒരു അലസന്റെ  നേർപതിപ്പ്.... ദൂരദർശിനിയെ കണ്ണുകളിൽ നിന്നും അടർത്തിമാറ്റി ലജ്ജിച്ചു തലതാഴ്ത്തി നിന്നു.

അസ്തമയം അടുത്തിരിക്കുന്നു. ഇനിയും ഒരു പുലരി പിറക്കുമോ. 

ഉറക്കെയുള്ള വായന നിർത്തി സുദേവൻ കൂറച്ചു പേജുകൾ കൂടി മറച്ചുനോക്കി. ഒന്നും കാണാതായപ്പോൾ എല്ലാവരോടുമായി ചോദിച്ചു.

"കഴിഞ്ഞുവെന്നു തോന്നുന്നു. ഇയാൾക്കുവേണ്ടി ഒരു പുലരി കൂടി പിറന്നോ... ആവോ.?"

ഒപ്പമുണ്ടായിരുന്നവർ ചിരിച്ചു. ചിലർ ആവേശഭരിതരായി.

"ഭ്രാന്തന്റെ എഴുത്ത് കൊള്ളാമല്ലോ.. കുറച്ചുകൂടി പേജുകൾ മറിച്ചുനോക്കൂ."

സുദേവൻ ആകാംക്ഷയോടെ നോട്ട്ബുക്കിലെ തുടർന്നുള്ള പേജുകൾ കൂടി ഓരോന്നായി മറിച്ചുനോക്കി. ശൂന്യമായ കുറേ പേജുകൾക്കുശേഷം ഒരു നിധി കണ്ടെത്തിയതുപോലെ വിളിച്ചുപറഞ്ഞു.

"ഇനിയുമുണ്ട്."

സുദേവൻ ഒരു സുവിശേഷ പ്രാസംഗികനെപ്പോലെ വായിക്കുവാൻ തുടങ്ങി.

നാലാമത്തെ സമ്മാനം.

...പ്രകാശത്തിനും കണ്ണടകൾക്കും ദൂരദർശിനിക്കും എന്നെ തൃപ്തിപ്പെടുത്തുവാൻ കഴിഞ്ഞില്ല. യുവത്വം പിന്നിട്ടിരുന്നില്ലെങ്കിലും അപ്പോഴേക്കും ഞാൻ ഒരു വൃദ്ധനായി മാറിയിരുന്നു. ഒരു നിയോഗം പോലെ വീണ്ടും ആ പ്രകാശത്തിന്റെ മുന്നിൽ ഞാൻ എത്തിപ്പെടുകയായിരുന്നു. 

'ഞാൻ വളരെയധികം ഒറ്റപ്പെട്ടുപോയിരിക്കുന്നു.'

ഇത്തവണ അദ്ദേഹം കൂട്ടികൊണ്ടുപോയത് ഒരു പരീക്ഷണശാലയിലേക്കായിരുന്നു അവിടെ വെച്ചാണ് അദ്ദേഹം എനിക്കു കാണിച്ചുതന്നത്. വെളിച്ചത്തിനും കണ്ണടകൾക്കും ദൂരദർശിനിക്കും കാണിച്ചുതരുവാൻ കഴിയാതിരുന്ന ഒരു വലിയ സത്യം. അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. എന്നിലും ഒരു പ്രപഞ്ചമുണ്ടെന്ന സത്യം. യഥാർത്ഥത്തിൽ ഞാൻ ആരാണെന്ന്. അന്നുമുതൽക്കാണ് ഞാൻ പുഴുക്കളെ ഇഷ്ടപ്പെടുവാൻ തുടങ്ങിയതും...

പക്ഷെ ആ വാചകത്തിനുശേഷം സുദേവന്റെ മുഖം ഇരുളുകയായിരുന്നു. ആ പേജിൽ കൂടുതലായി മറ്റൊന്നും കുറിച്ചിരുന്നില്ല. അയാൾ തിടുക്കത്തിൽ കൂടുതൽ പേജുകൾ കൂടി മറിച്ചുനോക്കി. അവയും ശൂന്യമായിരുന്നു.

സുദേവൻ നിരാശയോടെ തലയാട്ടി.

പാഴ്‌വസ്തുക്കൾക്കിടയിൽ പൊടിപിടിച്ചു നിറം മങ്ങി തുടങ്ങിയ ചില പെയ്ന്റിംഗുകളും അവിടെ അവർക്ക് കാണുവാൻ സാധിച്ചു. പക്ഷെ വരകളേക്കാളുപരി വാക്കുകൾ കൊണ്ടാണ് ചിത്രങ്ങളെ ശ്രദ്ധേയമാക്കിയിരുന്നത്. ഒരു പെയ്ന്റിംഗിൽ സ്ത്രീയുടെ വലിയ മുലകളാണ് വരച്ചിട്ടുള്ളത്. പക്ഷെ മുലക്കണ്ണുകളുടെ തനിമ ചോരാതെ തന്നെ, അവയ്ക്കുമുകളിലായി യഥാർത്ഥ കണ്ണുകൾകൂടി വരച്ചുചേർത്തിരിക്കുന്നു. അതിനു താഴെയായി എഴുതിവെച്ചിട്ടുള്ള വാക്കുകള്‍.

നമ്മൾ കണ്ടുമുട്ടിയിട്ടുണ്ട്,
നീ കണ്ണുകൾ തുറക്കുന്നതിനും മുൻപേ...
ചുണ്ടുകളോടു ചോദിച്ചുനോക്കൂ.

മറ്റൊരു പെയ്ന്റിംഗിൽ മണ്ണിരകൾക്കുമേൽ കീടനാശിനി തെളിയ്ക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ്. ശ്രദ്ധിച്ചുനോക്കിയാൽ ആ മനുഷ്യരൂപം മുഴുവൻ ചെറിയ ചെറിയ പുഴുക്കളുടെ ചിത്രങ്ങളാണ് വരച്ചിട്ടുള്ളതെന്ന് കാണാം. മണ്ണിരകൾ ഓര്‍മ്മപ്പെടുത്തുന്നതായി താഴെ എഴുതി ചേർത്തിരിക്കുന്നു.

ഒരു പുഴുവിൽനിന്നും അനേകം
പുഴുക്കളിലേക്കുള്ള ഇത്തിരി ദൂരം
മാത്രമാണ് നിന്റെ ജന്മവും.   

ഒരു മുറി താഴിട്ടു പൂട്ടിയിരിക്കുകയാണ്. അതിൽനിന്നും വൃത്തികെട്ട ചില ഗന്ധങ്ങളും വമിക്കുന്നുണ്ടായിരുന്നു. അയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്നും ലഭിച്ച താക്കോലുകളിൽ ഒന്ന് ആ വലിയ മുറിയുടേതായിരുന്നു. പഴകിയ ജനാലകൾ ബലം പ്രയോഗിച്ച് തുറന്നിട്ടു. കാറ്റും വെളിച്ചവും ആ മുറിയെ കുറേക്കൂടി സഹനീയമാക്കി. ഒരാൾ പൊക്കത്തിലേറെ ഉയരമുള്ള മൂന്ന് വലിയ മൺഭരണികൾ. അവയിൽ ഓരോന്നിലും എഴുതിവെച്ച വാക്കുകൾ അവരിൽ കൗതുകവും ഉത്കണ്ഠയും നിറച്ചു. കേട്ടറിഞ്ഞ കഥകൾ ആ വാക്കുകളുടെ ആഴവും വ്യാപ്തിയും കൂട്ടി.

വേഗം
മരിക്കുന്നവർ

മെല്ലെ
മരിക്കുന്നവർ

ഒരിയ്ക്കലും
മരിക്കാത്തവർ

അനിശ്ചിതാവസ്ഥയ്ക്ക്‌ മുറുക്കം കൂട്ടുന്ന അസഹ്യമായ ദുർഗന്ധം.

ഏണിയുടെ സഹായത്താൽ ഭരണികളിലെ വസ്തുക്കൾ പുറത്തേക്കെടുക്കുവാൻ ശ്രമിച്ചു. അഴുകിചീഞ്ഞ ഇലകള്‍, പച്ചക്കറികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയായിരുന്നു ആദ്യത്തെ ഭരണിയില്‍ നിന്നും പുറത്തെടുത്തവയില്‍ അധികവും. രണ്ടാമത്തേതില്‍ കണ്ടെത്തുവാന്‍ കഴിഞ്ഞത് കുറേ പാഴ്കടലാസുകള്‍, പഴതും പുതിയതുമായ തുണികഷ്ണങ്ങള്‍, തുരുമ്പിച്ച ലോഹാവശിഷ്ടങ്ങള്‍, ചില്ലുകുപ്പികള്‍, മരകഷ്ണങ്ങള്‍ എന്നിവയായിരുന്നു. മൂന്നാമത്തേതില്‍ പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പൊട്ടിപൊളിഞ്ഞതും ഉപേക്ഷിക്കപ്പെട്ടതുമായ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയും.

ഭരണിയിലെഴുതിവെച്ച വാക്കുകള്‍ അര്‍ത്ഥവത്തായിരുന്നു. കരുണാകരന്‍ മാഷിന്റ വാക്കുകളില്‍ അത് നിറഞ്ഞുനിന്നു.

"ജനനമെന്നാല്‍ എവിടെനിന്നോ വരുന്നു എന്നര്‍ത്ഥമില്ല. മരണമെന്നതിനര്‍ത്ഥം ഇവിടം വിട്ടുപോകുക എന്നതുമല്ല. പഞ്ചഭൂതങ്ങളില്‍നിന്ന് ഉദ്ഭവിച്ച് അവയിലേക്കു തന്നെ തിരിച്ചുപോകുന്ന ഒരു പ്രതിഭാസമാണ് ജീവിതമെന്ന യാഥാര്‍ത്ഥ്യം എന്ന് ഒരു ഭ്രാന്തന്‍ വളരെ ലളിതമായി കാണിച്ചുതരുന്നു. മരണമില്ലാത്തവര്‍ പ്രേതങ്ങളെങ്കില്‍, നാളെ നമ്മളെ ഭയപ്പെടുത്തുവാന്‍ പോകുന്ന പ്രേതങ്ങള്‍, ഒരിയ്ക്കലും മരിക്കാത്ത ഈ പ്ലാസ്റ്റിക് മാലിന്യങ്ങളായിരിക്കും. "

ഒരു നിമിഷത്തേയ്‌ക്കെങ്കിലും ഭ്രാന്തന്റെ രൂപം അവര്‍ ആദരവോടെ ഓര്‍ത്തു. സുദേവന്റെ ചിന്തകള്‍ക്ക് ശബ്ദമുണ്ടായിരുന്നു.

"നുണകൾകൊണ്ട് ചങ്ങലയ്ക്കിട്ടില്ലെങ്കിൽ ഭ്രാന്ത് പിടിക്കുന്ന ഒന്നാണ് സത്യം."