ലിറ്റില്‍ സേവിംഗ്‌സ്.



പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ ഏറെ കണ്ടുകഴിഞ്ഞിരിക്കുന്നു. ആദ്യത്തേത് കോളേജ് കാലത്തെ കൂട്ടുകാരോടൊപ്പമായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം. ഏറ്റവും കുടുതല്‍ സ്വപ്നങ്ങള്‍ നെയ്തിരുന്ന ഒരു കാലഘട്ടം തിരിച്ചുവിളിക്കുമ്പോള്‍ കേള്‍ക്കാതിരിക്കുവാന്‍ കഴിയുമായിരുന്നില്ല. എപ്പോള്‍ നോക്കുമ്പോഴും വരവേറ്റിരുന്ന ആ വലിയ കണ്ണുകള്‍  ഒരിയ്ക്കല്‍ കൂടി കാണുവാന്‍ അവസരം കിട്ടുമ്പോള്‍, നഷ്ടപ്പെടുത്തുവാന്‍ കഴിയുമായിരുന്നില്ല.  കൂടെ പഠിച്ചിരുന്നവരെല്ലാം എത്രത്തോളം മാറിയിട്ടുണ്ടാകും... ആരെല്ലാമായി തീര്‍ന്നിട്ടുണ്ടാകും... അങ്ങനെ ഒരുപാട് ചിന്തകളാണ് അന്ന് ആ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പ്രേരിപ്പിച്ചത്. ക്ഷണക്കത്ത് കിട്ടിയതുമുതല്‍ വല്ലാത്ത ആവേശവും ആകാംക്ഷയുമായിരുന്നു.

ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും തെറ്റിയവന് ആ കൂട്ടായ്മയും ഒരു പരാജയമായിരുന്നു. ആ ഒത്തുചേരല്‍ ഔപചാരികതകള്‍ നിറഞ്ഞ വെറുമൊരു ചടങ്ങു മാത്രമായിരുന്നു. തിരക്കിട്ടു സംഘടിപ്പിച്ച ഒരു ചടങ്ങ്. സമയം കൈയ്യില്‍പിടിച്ച് ഓടി വന്നവര്‍. ഒരു ഭാഗത്ത് ഉയരങ്ങളിലെത്തുവാന്‍ കഴിഞ്ഞവരുടെ പൊങ്ങച്ചങ്ങള്‍. മറുഭാഗത്ത് പരാജയം പുറത്തുകാണിക്കാതിരിക്കാന്‍ ശ്രമിക്കുന്നവര്‍. വലിയ കണ്ണുകളില്‍ പ്രണയം പോയിട്ട് പരിചയം പോലുമില്ലായിരുന്നു. ചിലരൊക്കെ ഓര്‍മ്മയുണ്ടെന്നു വരുത്തിതീര്‍ക്കുവാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. സരസമായ അവതരണത്തിലൂടെയും തമാശകളിലൂടെയും ഹിസ്റ്ററി ക്ലാസ്സുകളെ സജീവമാക്കിയിരുന്ന രാജന്‍ സാറിന്റേയും സായിപ്പിനെപോലെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന നന്ദഗോപന്‍ സാറിന്റേയും പ്രസംഗങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, വാക്കുകള്‍ കൃത്രിമത്വങ്ങള്‍ നിറഞ്ഞതായിരുന്നു. എന്നത്തെയും പോലെ സണ്ണി തന്നെയായിരുന്നു ഗായകന്‍. പറയാനുള്ളത് ഒരേ വാക്കുകള്‍... പ്രടിപ്പിക്കാനുള്ളത് ഒരേ വികാരങ്ങള്‍. ഗതകാലതരളസ്മരണകള്‍. അവതരിപ്പിക്കാനുള്ള ശേഷിയുടെ ഏറ്റക്കുറച്ചിലുകള്‍ മാത്രം. ആത്മാവിനോട് സംസാരിച്ചത് മറ്റു ചിലരാണ്.

വരാന്തകളും ക്ലാസ്സ് റൂമും ലൈബ്രറിയും ആല്‍ത്തറയും മരച്ചുവടുകളും സ്റ്റേജും ബസ് സ്‌റ്റോപ്പും അങ്ങനെ ചിലരെല്ലാം. മടങ്ങുമ്പോള്‍ മനസ്സുനിറയെ ഒരേയൊരു ചോദ്യമായിരുന്നു. എന്തിനാണ് ഇത്ര ആവേശം കൊണ്ടത്. ചിലപ്പോഴെല്ലാം ഓര്‍മ്മകള്‍ തന്നെയാണ് നല്ലത്. യാഥാര്‍ത്ഥ്യവുമായി കൂട്ടിയിണക്കുമ്പോള്‍ അവയുടെ സ്വാഭാവികതയും നൈര്‍മല്യവും നഷ്ടപ്പെടുമായിരിക്കാം. പക്ഷെ ആ യാത്ര സ്വപ്നങ്ങള്‍ നെയ്തുനടന്നിരുന്ന ഒരു കാലഘട്ടത്തെ ഉണര്‍ത്തിയെന്നത് സത്യം. ആരോടും പങ്കുവെക്കുവാനാവാത്ത മധുരമുള്ള ഒരു നോവുപോലെ.      അതുകൊണ്ടുതന്നെ എല്‍പി സ്‌കൂളിലെ അമ്പതാം വാര്‍ഷികത്തിന്റെ വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോള്‍, എന്നത്തേയും പോലെ, ഭൂതകാലത്തെ സ്‌നേഹിക്കുന്ന ആരോ ഉള്ളിലിരുന്ന് നിര്‍ബന്ധിക്കുകയായിരുന്നു.

ടൗണ്‍ വരെ ഒരു സുഹൃത്തിന്റെ ബൈക്കില്‍. ബസ്സിലിരിക്കുമ്പോള്‍ കണ്ടതിലേറെയും വഴിയോരകാഴ്ചകളായിരുന്നില്ല. കുറുമ്പിലാവിലെ പഴയ എല്‍ പി സ്‌കൂളിലെ ക്ലാസ്സ് റൂമുകളും വരാന്തയും മൈതാനവും പരിസരങ്ങളുമായിരുന്നു. പക്ഷെ യാത്രയുടെ എല്ലാ രസവും ഇല്ലാതാക്കിയത് പഴ്‌സ് തപ്പിയപ്പോഴാണ്. ഉള്ളുകള്ളികളൊന്നില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ചില്ലറകള്‍പോലും അവള്‍ എടുത്തിരിക്കുന്നു. എടുക്കുമ്പോള്‍ ഒരു വാക്കു പറയാമായിരുന്നില്ലേ എന്നവളോട് ചോദിക്കാനുള്ള ശബ്ദമില്ലെന്നതാണ് സത്യം. തലേദിവസം മോന് ബിസ്‌കിറ്റ് വാങ്ങാന്‍ മറന്നതിന്റെ പ്രതികാരം. അത് ഒരു നിമിത്തം മാത്രമായിരുന്നു. ചെറിയ ചെറിയ അസംതൃപ്തികള്‍ പുകയുന്ന ഒരു അഗ്നിപര്‍വ്വതമാണവള്‍. സ്പ്നം കണ്ട ജീവിത്തില്‍ എത്താന്‍ കഴിയാതെ പോയതിന്റെ അസഹിഷ്ണുതകള്‍.  ഇത്തരം സന്ദര്‍ഭങ്ങളിലൂടെയാണ്, ഒരു പ്രഷര്‍കുക്കറിനെപ്പോലെ, അവളുടെ സമ്മര്‍ദ്ദങ്ങള്‍ ക്രമീകരിക്കപ്പെടുന്നത്. കാലിയായ അലമാരകളുടെ താക്കോലുകള്‍ പോലെ എ.ടി.എം കാര്‍ഡുകള്‍. നിസ്സഹായതയോടെ കണ്ണുകളുയര്‍ത്തുമ്പോള്‍ ബസ്സിലെ ചെറുപ്പക്കാരന്‍ അടുത്തേയ്ക്ക വരുകയായിരുന്നു. എന്താണ് പറയേണ്ടതെന്ന് കുഴങ്ങുന്നതിനിടയില്‍ അവന്‍ തന്നെ ചോദിച്ചു.

"എന്താ സാര്‍ ഒരു മൂഡ് ഓഫ് പോലെ..?"

സാര്‍ എന്ന വിളി. പാന്റും ഷര്‍ട്ടും ഷൂസുമെല്ലാം കണ്ട് തെറ്റിദ്ധരിച്ചിരിക്കുന്നു. കുട നന്നാക്കാനുണ്ടോ, അമ്മി കൊത്താനുണ്ടോ, എന്നു വിളിച്ചുപറഞ്ഞ്ു നടക്കുന്ന നാടോടികളെപ്പോലെ, ഭാരമേറിയ ഡിക്ഷണറികളും എന്‍സൈക്ലോപീഡിയകളും പേറി ഹൗസിഗ് കോളനികള്‍ തോറും അലയഞ്ഞുതിരിയുന്ന ഒരു മോഡിഫൈഡ് നാടോടിയാണ് ഞാനെന്ന് മനസ്സിലാക്കാന്‍ മാത്രം ചിന്താശേഷിയുള്ളവനല്ല ഇവന്‍. ഒരു പക്ഷെ അവനെന്നെ ഉയര്‍ത്തി വെക്കുകയായിരിക്കും. എങ്കിലല്ലേ വീഴ്ചയുടെ ആഘാതം കൂടുകയുള്ളൂ. ചമ്മല്‍ മറയ്ക്കാന്‍ പറഞ്ഞു.

"ഏയ്... ഒന്നുമില്ല."

"ഏയ്... അത് വെറുതെ.. എന്തോ ഉണ്ട്."

എന്റെ മൗനത്തില്‍ നിന്ന് അവന്‍ പലതും മനസ്സിലാക്കിയിട്ടുണ്ടായിരിക്കണം.

"എന്റെ ഊഹം ശരിയാണെങ്കില്‍ സാറിന് ഇപ്പോള്‍ എന്നോട് മാത്രമേ ആ സങ്കടം പങ്കുവെക്കാന്‍ കഴിയൂ..."

"എങ്ങിനെ മനസ്സിലായി.."

എന്റെ കണ്ണുകളായിരിക്കും ചോദിച്ചത്.

"അനുഭവമല്ലേ സാറെ, ഏറ്റവും ബെസ്റ്റ് മാഷ്... സത്യം പറയ്.. എന്താ പറ്റ്യേ.. മറന്നതാണോ.."

സത്യമതല്ലെങ്കിലും തലയാട്ടി.

"എവിടേയ്ക്കാ...?"

"കുറുമ്പിലാവ് "

ബാഗിലും പഴ്‌സിലും തപ്പിതിരയുന്നതിനിടയില്‍ താഴെ വീണ എടിഎം കാര്‍ഡുകളും വിസിറ്റിംഗ് കാര്‍ഡുമെല്ലാം പെറുക്കിയെടുത്ത് തിരിച്ചുതരുമ്പോള്‍ അവന്‍ ചോദിച്ചു.

"അപ്പോ സാറ് ഒരു സമ്പന്നന്‍ തന്നെയാണല്ലേ..?"

ഞാന്‍ ചിരിച്ചു. മനസ്സുകൊണ്ടു പറഞ്ഞു. വേണമെങ്കില്‍ ദാരിദ്ര്യത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് എന്നും പറയാം.

"ഇത് പൊളിച്ചൂട്ടോ സാറെ..."

എന്റെ വിലകുറഞ്ഞ ചൈനീസ് മോഡല്‍ മൊബൈല്‍ ഫോണ്‍ കണ്ടിട്ടാണ്.

"അപ്പോ എവിടേയ്ക്കാണ് യാത്ര...?"

"പഠിച്ചിട്ടുള്ള സ്‌കൂളിന്റെ അമ്പതാം വാര്‍ഷികമാണ്."

"കീശേല് ബസ്സു കൂലിയുണ്ടോന്ന് മാത്രം നോക്കീല്ല അല്ലേ. ?"

ഞങ്ങള്‍ ഒരുമിച്ച് ചിരിച്ചു.

മനസ്സില്‍ നന്മയുള്ളവനാണ്. വേണമെങ്കില്‍ ടിക്കറ്റിന്റെ കാശ് ചോദിച്ച് നാണം കെടുത്താമായിരുന്നു. ബസ്സില്‍നിന്നും ഇറക്കിവിടാമായിരുന്നു. തിരക്കു കൂടിയപ്പോള്‍ അവന്‍ എഴുന്നേറ്റുപോയി. അല്ലെങ്കിലും അവന് ബോറടിച്ചു കാണും. അവള്‍ ഇടക്കിടെ പറയാറുള്ളതുപോലെ. ചോദിച്ചതിന് മാത്രം മറുപടി പറയുന്ന ഒരാളോട് ആരാണ് കൂടുതല്‍ സംസാരിക്കുവാന്‍ ഇഷ്ടപ്പെടുക.

ഈ വഴി വന്നിട്ട് കുറേ വര്‍ഷങ്ങളായിരിക്കുന്നു. മൂന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെ പഠിച്ച സ്‌കൂള്‍ മാത്രമല്ല, നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് വിറ്റുപോകുന്നതുവരെ, മാമന്റെ വീടും കുറുമ്പിലാവിലുണ്ടായിരുന്നു. ഇറങ്ങാനുള്ള സ്റ്റോപ്പ് എത്താറായപ്പോള്‍ അവന്‍ തിരിച്ചുവന്ന് അടുത്തിരുന്ന് ശബ്ദം താഴ്ത്തി ഒന്നു കൂടി പറഞ്ഞു.

"എട്ടരയ്ക്കാണ് ടൗണിലേക്കുള്ള ലാസ്റ്റ് ട്രിപ്പ്. അപ്പോ ഇവിടെ വന്നു നിന്നാ, സാറിനെ ഞാന്‍ തിരിച്ച് ടൗണിലെത്തിക്കാം. ഫ്രീയായിട്ട്. വെറുതെ വേണ്ടെങ്കില്‍ വേണ്ട.. കടായിട്ട് കൂട്ടിക്കോ.... വേണമെങ്കില്‍ ഓര്‍മ്മയ്ക്കായിട്ട് ഒരു സെല്‍ഫിയുമെടുത്തു വെക്കാം. എന്തേ..."

അവന്റെ ഫോട്ടോ പിടുത്തം യാത്രക്കാരില്‍ ചിലരില്‍ ചിരി പരത്തുന്നുണ്ടായിരുന്നു. നെറ്റിയിലേയ്ക്ക പാറിവീണ മുടിയിഴകള്‍ മുകളിലോട്ട് ഊതിപറപ്പിച്ച് കണ്ണിറുക്കി കാണിച്ച് പുഞ്ചിരിക്കുന്ന അവന്റെ മുഖത്തിന് നല്ല ചന്തമുണ്ടായിരുന്നു.

പുതിയ തണല്‍ മരങ്ങള്‍ക്കിടയില്‍ പഴയ ആല്‍മരം ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. മാറ്റങ്ങളുടെ പുതിയ പൊതിഞ്ഞുകെട്ടലുകളില്‍നിന്ന് ഓര്‍മ്മകളിലെ ബിംബങ്ങളെ വേര്‍തിരിച്ചെടുക്കുവാന്‍ നന്നേ പ്രയാസപ്പെട്ടു. ചടങ്ങുകള്‍ തുടങ്ങാറാകുന്നതേയുള്ളൂ. പലരും അവിടെയും ഇവിടെയുമായി കൂട്ടം കൂടി നിന്ന് പഴയകാലം അയവിറക്കുകയാണ്.

സ്‌കൂളിന്റെ അമ്പതാം വാര്‍ഷികമായതിനാല്‍ സ്വന്തം ക്ലാസ്സിലെ കൂട്ടുകാരെ കണ്ടെത്താന്‍ സാധ്യത കുറവാണ്. കൂടെ പഠിച്ചതാണോ... പരിചയക്കാരാണോ.. എന്നെല്ലാമുള്ള സംശയത്തോടെ പലരും നോക്കുന്നുണ്ട്. തിരിച്ചറിഞ്ഞാലുടന്‍ വിടരുവാന്‍ കുറുകി നില്‍ക്കുന്ന കണ്ണുകള്‍. ചിരിക്കുവാന്‍ കാത്തുനില്‍ക്കുന്ന ചുണ്ടുകള്‍. പഴയ കൂട്ടുകാരില്‍ ആരാണ് ഞാനെന്ന് പലരുടേയും കണ്ണുകള്‍ ചോദിക്കുന്നുണ്ട്. ഒന്നു ചിരിച്ചാല്‍ മതി ചോദ്യങ്ങളുടെ മഹാപ്രവാഹമായിരിക്കും. പക്ഷെ മനസ്സ് വേണ്ടെന്നാണ് പറയുന്നത്.

ആദ്യം, പരിചയം പുതുക്കാനുള്ളത് മറ്റു ചിലരോടാണ്. ഓടിനടന്ന മൈതാനം, വരാന്തകളിലെ കൈവരികള്‍, തട്ടിക കൊണ്ടു മറച്ച ചെറിയ ക്ലാസ്സ് റൂമുകള്‍, മരബെഞ്ചുകള്‍, ചാരനിറമുളള ബോര്‍ഡുകള്‍, ചിന്നിയ മങ്ങിയ ചില്ലുകളുള്ള ജാലകങ്ങള്‍, പ്രാവുകള്‍ കുറുകുന്ന ഓടുമേഞ്ഞ മേല്‍ക്കൂരകള്‍, ഉച്ചക്കഞ്ഞിയ്ക്കായി വരി നില്‍ക്കാറുള്ള വെപ്പുപുര, തൊട്ടടുത്തു തന്നെയുള്ള പുളിമരം... അങ്ങനെ ചിലര്‍. അവര്‍ക്ക് മാത്രമേ എന്നെ ഓര്‍മ്മ കാണൂ.

"സത്യാ...."

ആരോ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷെ ആറടിയ ഉയരമുള്ള ചോദ്യത്തിന്റെ സ്രോതസ്സിനെ തിരിച്ചറിയുവാന്‍ കഴിയുന്നില്ല.

"സത്യനല്ലേ..."

"അതെ.."

"ലിജിനാണ്ടാ... ഇത് സുകേഷ്... ഒര്‍മ്മയില്ലേ... ഇത് സലിം. നീയിപ്പോ എന്താ പരിപാടി..?"

അടുത്ത പതിനഞ്ച് നിമിഷങ്ങളില്‍ ഇതള്‍ വിരിഞ്ഞത്  നാലുപേരുടെ കഴിഞ്ഞുപോയ ഇരുപത് വര്‍ഷങ്ങളായിരുന്നു. ലിജിന്‍ ഡോക്ടറാണ്. സുകേഷിന് മാര്‍ക്കറ്റില്‍ പച്ചക്കറി ബിസ്സിനസ്സ്, സലിം ബില്‍ഡറാണ്. അവരുടെ മുന്നില്‍ ഞാന്‍..  എവിടെയും എത്താന്‍ കഴിയാതെ, കാണുന്നവരെയൊക്കെ കെണിയിലാക്കാന്‍ ശ്രമിക്കുന്ന വെറുമൊരു ഡയറക്റ്റ് സെല്ലിംഗ് എക്‌സിക്യുട്ടീവ്... സംസാരിക്കാന്‍ അറിയാത്തവന് ചെയ്യാന്‍ പറ്റാത്ത ജോലി തന്നെ. പക്ഷെ പ്രീഡിഗ്രി മാത്രം യോഗ്യതയുള്ള ഒരുവന്‍ ജോലി തേടി തുടങ്ങിയപ്പോള്‍ മുതല്‍ കിട്ടാന്‍ എളുപ്പമുള്ള ഒരേയൊരു ജോലിയും അത് തന്നെയായിരുന്നു. നാലക്ഷരം പഠിപ്പിച്ചിട്ട് വൈറ്റ് കോളര്‍ ജോലി കിട്ടിയില്ലെങ്കില്‍ വീട്ടുകാരും നാട്ടുകാരും എന്ത് പറയും. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ക്കുവേണ്ടി തലച്ചോറും നാവും കാലുകളും വാടകയ്ക്ക് കൊടുത്തുതളര്‍ന്നപ്പോള്‍ പുതിയ അവസരങ്ങള്‍ തേടി. കമ്പനികളും ഉത്പന്നങ്ങളും മാറികൊണ്ടേയിരുന്നു. പക്ഷെ അന്നും ഇന്നും, ചെയ്യുന്ന ജോലി ഒന്നുതന്നെ. അപകര്‍ഷതാബോധം എവിടേയ്‌ക്കോ പിടിച്ചുവലിക്കാന്‍ തുടങ്ങിയപ്പോള്‍, ഇപ്പോള്‍ തിരിച്ചുവരാമെന്ന് പറഞ്ഞ് ഉള്‍വലിഞ്ഞു. പരിചയം പുതുക്കാനുള്ളത് മറ്റു ചിലരോടായിരുന്നുവല്ലോ. വര്‍ത്തമാനങ്ങളുടെയും പൊട്ടിച്ചിരികളുടേയും കൂട്ടപ്പൊരിച്ചിലിനിടയില്‍നിന്നും നടന്നകലുമ്പോള്‍ ആരോ ചോദിക്കുന്നത് കേട്ടു.

"ടാ.. നാലുവെരലനെ പറ്റി വല്ല വിവരോം ഉണ്ടോടാ.. "

ഓര്‍മ്മ വന്നെങ്കിലും, ഒന്നു നിന്നെങ്കിലും, ഒന്നും പറയാതെ മുന്നോട്ടുതന്നെ നടന്നു. സ്റ്റേജില്‍ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ചവിട്ടുപടികള്‍ കയറുമ്പോള്‍ കാലുകളില്‍ ചുറ്റിപിണയുന്ന അദൃശ്യമായ വേരുകള്‍. വരാന്തയിലൂടെ നടക്കുമ്പോള്‍ തൊണ്ടയില്‍ എന്തോ വന്നു നിറയുന്നു. ക്ലാസ്സ് റൂമുകളുടെ പാതിയടഞ്ഞ വലിയ വാതിലുകള്‍ക്കു പുറകില്‍ നാണിച്ചുനില്‍ക്കുന്ന ബാല്യം. ജനാലയുടെ ഇരുമ്പുകമ്പികളില്‍ ഓര്‍മ്മകളുടെ തണുപ്പ്. തലമുടിയിഴകള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുന്ന വേലിപടക്കങ്ങള്‍. പിന്നില്‍ പൊട്ടിച്ചിരിയുടെ പരിഹാസ പടക്കങ്ങള്‍. ഉള്ളംകയ്യില്‍ ലാങ്കിലാങ്കിയുടെ മണം. ഒരിയ്ക്കല്‍ കൂടി ഇരുന്നപ്പോള്‍ മൂന്നാം ക്ലാസ്സിലെ പഴയ ബെഞ്ച് വീണ്ടും കരഞ്ഞുവോ.

"സൂര്യന്‍ എവിടെ ഉദിക്കുന്നു."

ക്ലാസ്സ് ടീച്ചറായ റോസ്സി ടീച്ചറല്ല, വെല്ല്യടീച്ചറെന്നു വിളിക്കുന്ന ഹെഡ് മിസ്ട്രസ്സാണ്. ഇരട്ടപ്പേര് ഉണ്ടക്കണ്ണി. ആദ്യം കൈപൊക്കുന്നത് പതിവുപോലെ ലിജിന്‍ തന്നെ. റോസ്സി ടീച്ചറുടെ  (ഇരട്ടപ്പേര് വെള്ളക്കൂറ) ഒരേയൊരു മകന്‍. സ്വന്തം അമ്മ തന്നെ പഠിപ്പിക്കുക. ഭാഗ്യവാന്‍. ടീച്ചര്‍ ഏത് ചോദ്യം ചോദിച്ചാലും ആദ്യം അവന്‍ എഴുന്നേറ്റു നില്‍ക്കും. ഉത്തരം പറയും. ടീച്ചര്‍ വെരി ഗുഡ് പറയും. ഞങ്ങളോട് കണ്ടു പഠിക്കാനും. ലിജിന്‍ അഭിമാനത്തോടെ ഇരിക്കും. അതില്‍ എനിയ്ക്ക് അത്ഭുതമൊന്നും തോന്നാറില്ല. പതിവ് തെറ്റുമ്പോള്‍ മാത്രമല്ലേ അതിന്റെ ആവശ്യമുള്ളൂ. ഇത്തവണയും നെഞ്ചുവിരിച്ച് അറ്റന്‍ഷനില്‍നിന്നുകൊണ്ട് ലിജിന്‍ ഉത്തരം പറഞ്ഞു.

"കിയക്ക്."

വെല്ല്യ ടീച്ചറുടെ വകയും വെരി ഗുഡ്. ചൂരല്‍കാറ്റിന്റെ വേഗത്തില്‍ അടുത്ത ചോദ്യം.

"ആകെ... എത്ര ദിക്കുകളുണ്ടെന്നു പറയാമോ.  "

"കിയക്ക്.. പതിഞ്ഞാറ്.. തെക്ക്..."

"നെക്‌സ്റ്റ്..."

എല്ലാവരും അത്ഭുതപ്പെടുന്നു. റോസ്സി ടീച്ചറും. ലിജിന്റെ ഉത്തരവും തെറ്റിയിരിക്കുന്നു. നെക്‌സ്റ്റ്... അത് ഒരു ഭയപ്പെടുത്തുന്ന ഒരു മുഴക്കമാണ്. നീട്ടിപിടിച്ചിട്ടുള്ള വിണ്ടുകീറിയ ചൂരലിന്റെ അറ്റം ചിരിക്കും. ഇത്തവണ നീയാണോ എന്റെ ഇരയെന്ന് നിശ്ശബ്ദമായി ചോദിക്കും. തൊട്ടടുത്ത കുട്ടി എഴുന്നേറ്റുനില്‍ക്കുന്നു. ഉത്തരം പറയാന്‍ തുടങ്ങുന്നു.

"കെയക്ക്... പരിഞ്ഞാര്... "

"നെക്സ്റ്റ്"

വീണ്ടും ഭയപ്പെടുത്തുന്ന മുഴക്കം.

"പടിഞ്ഞാറ്... തെക്ക്... കിഴ...."

"നെക്സ്റ്റ്.."

"നെക്സ്റ്റ്.."

"നെക്സ്റ്റ്"

ഓരോ നെക്‌സ്റ്റിലും തടിച്ച ഫ്രെയിമുള്ള കണ്ണടചില്ലുകള്‍ക്കുള്ളില്‍നിന്ന് വല്ല്യ ടീച്ചറുടെ ഉണ്ടകണ്ണുകള്‍ പുറത്തേയ്ക്കു തള്ളി തള്ളി വരുന്നു. ഓരോരുത്തരായി എഴുന്നേറ്റുനില്‍ക്കുന്നു. ഒരേ ഉത്തരം. എല്ലാവരും പല രീതിയില്‍ മാറ്റി മാറ്റി പറയുന്നു. പറഞ്ഞുതീരുമ്പോഴേയ്ക്കും മുഴങ്ങുന്ന നെക്‌സ്റ്റ് വിളികളില്‍ തട്ടി പാതിയുത്തരങ്ങള്‍ ചിതറി. പകുതിയോളം പേര്‍ നില്‍ക്കുയാണ്. എഴുന്നുനില്‍ക്കുന്ന തെറ്റുത്തരങ്ങള്‍. മൂന്ന് നെക്സ്റ്റുകള്‍ കൂടി പറഞ്ഞിരുന്നുവെങ്കില്‍ ഞാനും ഒരു തെറ്റ്. തെറ്റുത്തരങ്ങളുടെ ആവര്‍ത്തനങ്ങള്‍ നിലയ്ക്കുകയാണ്. കുട്ടികളെല്ലാവരും പേടിച്ചുപോയിരിക്കുന്നു. വെല്ല്യ ടീച്ചറുടെ സഹതാപവും പരിഹാസവും നിറഞ്ഞ നോട്ടം.

"ആര്‍ക്കെങ്കിലും..... അറിയാമോ ഈ ചോദ്യത്തിന്റെ ഉത്തരം."

തൊട്ടപ്പുറത്ത് ഇരിക്കുന്ന കുട്ടി എഴുന്നേറ്റുനില്‍ക്കുന്നു. കൈയ്യുയര്‍ത്തുന്നു. നിവര്‍ത്തി പിടിച്ച നാലുവിരലുകളുമായി. എല്ലാ കണ്ണുകളും ആ കൈയ്യിന്റെ ഉടമയുടെ മുഖത്തേയ്ക്ക് പാറിയെത്തുമ്പോഴേയ്ക്കും വെല്ല്യ ടീച്ചറുടെ ശബ്ദം.

"വെരി ഗുഡ്... എന്താ കുട്ടിയുടെ പേര്..?"

"ശ്രീജിത്ത്."

"വെരി ഗുഡ്... സിറ്റ് ഡൗണ്‍."

റോസ്സി ടീച്ചര്‍ ഒരു ചിരിയടക്കി പിടിച്ചിട്ടുണ്ട്. ഭയപ്പെടുത്തുന്ന നിശ്ശബ്ദതകൊണ്ട് ക്ലാസ്സിനെ മുഴുവന്‍ അളന്നെടുക്കുകയായിരുന്നു വെല്ല്യടീച്ചര്‍.

"ആദ്യം വേണ്ടത് ചോദ്യം ശ്രദ്ധിക്കുവാനുള്ള കഴിവാണ്... ഓര്‍ത്തു നോക്കൂ.. എന്തായിരുന്നു എന്റെ ആദ്യത്തെ ചോദ്യം..."

വല്ല്യ ടീച്ചര്‍ ഒരു അത്ഭുതമായി നിറഞ്ഞുനില്‍ക്കുന്നു. ദിക്കുകള്‍ തന്നെയല്ലേ ചോദിച്ചത്. എല്ലാവരും ചോദ്യം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ചിലര്‍ പിറുപിറുത്തു. കണ്ണടചില്ലുകള്‍ക്കിടയിലൂടെ ഉണ്ടകണ്ണുകള്‍ വിടര്‍ത്തി മുഴങ്ങുന്ന ശബ്ദത്തില്‍ വെല്ല്യ ടീച്ചര്‍ വ്യക്തമാക്കി.

"ഞാന്‍ ചോദിച്ചത്. എത്ര ദിക്കുകളുണ്ട് എന്നാണ്. ആ ചോദ്യത്തിനുള്ള ഉത്തരം നാല് എന്നാണ്. അത് മാത്രം ആരും പറഞ്ഞില്ല. എല്ലാവരും പറയാന്‍ ശ്രമിച്ചത് ദിക്കുകള്‍ ഏതൊക്കെയാണെന്നാണ്... ആദ്യം വേണ്ടത് ചോദ്യം ശ്രദ്ധിക്കുവാനുള്ള കഴിവാണ്... കേട്ടോ.. ഇന്നുമുതല്‍ എല്ലാവരും ടീച്ചര്‍ പറയുന്നത് ശ്രദ്ധയോടെ കേട്ടു പഠിക്കണം. കേട്ടോ...

ഞാന്‍ അവനെ ശ്രദ്ധിച്ചു. കൈവിരലുകള്‍ കൊണ്ടുത്തരം പറഞ്ഞ കുട്ടിയെ. പുതിയ അഡ്മിഷനാണ്. ആദ്യ ദിവസം തന്നെ താരമായി മാറിയിരിക്കുന്നു. മുഖത്ത് ഗമയാണോ അതോ ആശ്ചര്യമാണോ. ഉത്തരം പറഞ്ഞ ഗമയിലാവണം. രണ്ടു കൈയ്യും കീശയിലിട്ട് നിവര്‍ന്നാണ് ഇരിക്കുന്നത്. വെല്ല്യ ടീച്ചര്‍ പോയതിനുശേഷം റോസ്സി ടീച്ചര്‍ ക്ലാസ്സ് ആരംഭിച്ചു. ആദ്യത്തെ ചോദ്യം അവനോടു തന്നെയായിരുന്നു.

"കുട്ടിയ്ക്ക് ശരിക്കും ഉത്തരം അറിയാമായിരുന്നോ...?"

മൗനമായിരുന്നു മറുപടി. നൂറുശതമാനം സത്യസന്ധവും.

"പിന്നെ എന്തിനാണ് എഴുന്നേറ്റുനിന്നത്.. കൈയ്യുയര്‍ത്തിയത്...?"

ടീച്ചറുടെ ചോദ്യവും അവന്റെ മൗനവും എല്ലാവരേയും അത്ഭുതപ്പെടുത്തി. അവന്‍ വിക്കി വിക്കി പറഞ്ഞു.

"അത്.. ഞാന്‍... ആരും വടക്ക്ന്ന് പറയണ കേട്ടില്ല്യ.. അപ്പോ ഞാന്‍ വിജാരിച്ചു. വടക്ക് തൊട്ട് പറയാന്ന്... പറഞ്ഞുതുടങ്ങുമ്പളേയ്ക്കും വെല്ല്യ ടീച്ചറ് വെരി ഗുഡ് പറഞ്ഞു.. പിന്നെ ഇരുന്നോളാന്‍ പറഞ്ഞു."

ഒന്നും മനസ്സിലായില്ല. ആര്‍ക്കും. സംശയം മാറാതെ കുട്ടികള്‍ പരസ്പരം നോക്കുന്നു. ആരുടേയും കണ്ണുകളിലേയ്ക്കു നോക്കാതെ അവന്‍ താഴേയ്ക്കു നോക്കിയിരിക്കുന്നു. മുഖത്തേയ്ക്കു നോക്കുമ്പോഴെല്ലാം അങ്ങോട്ടുമിങ്ങോട്ടും കണ്ണുകള്‍ വെട്ടിക്കുന്നു. റോസ്സി ടീച്ചര്‍ ചിരിക്കുന്നു.

"ശരി...കുട്ടി ഇരുന്നോളൂ... ഇന്ന് നമുക്ക്  പെരുക്കപട്ടിക പഠിയ്ക്കാം. എല്ലാവരും ബോര്‍ഡില്‍നിന്നും പകര്‍ത്തിയെഴുതണം.

ടീച്ചറുടെ തടിച്ച വിരലുകള്‍ക്കിടയില്‍ ഇറുകിയിരിക്കുന്ന ചോക്കില്‍നിന്നും, ബോര്‍ഡില്‍ ഭംഗിയുളള വെളുത്ത അക്കങ്ങള്‍ പരക്കാന്‍ തുടങ്ങിയപ്പോള്‍ സ്ലേറ്റും പെന്‍സിലും പുറത്തെടുത്തു. എഴുതി തുടങ്ങുമ്പോഴാണ് ശ്രദ്ധിച്ചത്. ഇടതുവശത്തിരിക്കുന്ന പുതിയ കുട്ടി. ശ്രീജിത്ത്. വെല്ല്യടീച്ചറുടെ വെരി ഗുഡ് വാങ്ങിയവന്‍, പെന്‍സില്‍ പിടിച്ചിരിക്കുന്നത് വളരെ വിചിത്രമായ രീതിയിലാണ്. ചൂണ്ടുവിരലിനും മോതിരവിരലിനും മുകളിലൂടെ നടുവിരല്‍കൊണ്ടു ചേര്‍ത്തു പിടിച്ചിരിക്കുന്ന പെന്‍സില്‍. ഉള്ളിലേയ്ക്ക് മടക്കി വെച്ചിരിക്കുന്ന തള്ളവിരല്‍.

"എല്ലാവരും പകര്‍ത്തി കഴിഞ്ഞില്ലേ."

അവന്റെ പെന്‍സില്‍പിടുത്തവും എഴുത്തും നോക്കിയിരുന്ന് പകര്‍ത്തിയെഴുതാന്‍ മറന്നുപോയി. വേഗം എഴുതിയെടുക്കുമ്പോഴും അവന്റെ പെന്‍സില്‍ പിടുത്തവും എഴുതിയ അക്കങ്ങളുടെ ചന്തവുമായിരുന്നു മനസ്സില്‍. ഇന്റര്‍വെല്‍ സമയത്ത്, പുതിയ കുട്ടിയുടെ കൈവിരലിന്റെ പ്രത്യേകത കണ്ടെത്താനുള്ള ശ്രമമായിരുന്നു. വരാന്തയുടെ ഓരത്തായി താഴെ മൈതാനത്തേയ്ക്കു നോക്കിനില്‍ക്കുന്ന ശ്രീജിത്ത്. നേരത്തെ കണ്ടതുപോല കൈകള്‍ കീശയ്കുള്ളില്‍ തന്നെ. അവന്റെ അടുത്തേയ്ക്ക ഓടി പോകുന്ന ലിജിന്‍.  പുറംതിരിഞ്ഞു നില്‍ക്കുന്ന ശ്രീജിത്തിന്റെ വലതുകൈ പിടിച്ചുവലിച്ചു കീശയില്‍നിന്നും പുറത്തെടുത്ത് പുറകിലോട്ടു വളച്ചു പിടിക്കുന്ന ലിജിന്‍. എന്താണ് സംഭവിച്ചതെന്നറിയാതെ, അനങ്ങാന്‍ പറ്റാതെ, തല പുറകിലേയ്ക്ക തിരിച്ചുപിടിച്ച് പകച്ചുനോക്കി നില്‍ക്കുന്ന അവന്റെ മുഖത്തെ ഭാവം സഹതാപമർഹിക്കുന്നതായിരുന്നു.

"ടാ.. നോക്ക്യേടാ... ഇവന്റെ കൈയ്യില് നാല് വെരലേ ഇള്ളൂ."

ശരിയാണ് അവന്റെ വലതുകൈയ്യിന്റെ തള്ളവിരലിന്റെ ഭാഗത്ത് ഉള്ളിലേയ്ക്കു മടങ്ങിയിരിക്കുന്ന ഒരു ചെറിയ മാംസ കഷ്ണം മാത്രം. ഒറ്റ നോട്ടത്തില്‍ തള്ളവിരല്‍ മടക്കിപിടിച്ചിരിക്കുകയാണെന്നേ തോന്നൂ. അമ്മ ടീച്ചറില്‍നിന്നും ലഭിച്ച അറിവിനെ പിന്‍തുടര്‍ന്ന ലിജിന്റെ കണ്ടെത്തല്‍. ഒരു സത്യം കണ്ടെത്തിയതിന്റെ, അതിനേക്കാളുപരി, അല്‍പ്പം മുമ്പ് എല്ലാവരേയും ഞെട്ടിച്ച ഒരു ശരിയുത്തരത്തിന്റെ പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയതിന്റെ എല്ലാ സന്തോഷവുമുണ്ടായിരുന്നു ലിജിന്റെ ശബ്ദത്തില്‍. കൈ വിടുവിച്ച് ലിജിനെ തള്ളിയിട്ട്, വലതുകൈ പോക്കറ്റിലിട്ട്, ഇടുകൈകൊണ്ട് കണ്ണുകള്‍ തുടച്ച് ക്ലാസ്സിനുള്ളിലേയ്ക്ക നടന്നുപോകുന്ന ശ്രീജിത്തിനെ എങ്ങിനെ മറക്കും. ഭൂതത്തില്‍നിന്നും വര്‍ത്തമാനത്തിലേയ്ക്ക് ഒരു അനൗണ്‍സ്‌മെന്റിന്റെ ദൂരം മാത്രം.

"...പരിപാടികള്‍ ആരംഭിക്കാറായി. എല്ലാവരും വേദിയിലേയ്ക്ക കടന്നിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...."

എല്ലാം മാഞ്ഞുപോകുകയാണ്. ശ്രീജിത്തും ലിജിനും കുട്ടികളും എല്ലാം. പരിപാടികള്‍ തുടങ്ങാറായിരിക്കുന്നു. പുറത്തിറങ്ങി ഗോവണി വഴി താഴെയത്തി ഹാളിലേയ്ക്ക് നടക്കുമ്പോള്‍ ശ്രീജിത്തായിരുന്നു മനസ്സു നിറയെ... "നാലുവെരലനെ പറ്റി എന്തങ്കിലും വിവരമുണ്ടോ" എന്ന ചോദ്യമാണ് ഓര്‍മ്മകളെ നയിച്ചത്. വേദിയിലേയ്ക്ക് നടക്കുമ്പോള്‍ ഏഴാം ക്ലാസ്സുവരെ ഒരുമിച്ചു പഠിച്ച ശ്രീജിത്തിനെ തേടുകയായിരുന്നു.

വേദിയിലിരിക്കുന്നവരില്‍ വെല്ല്യ ടീച്ചറും മറ്റു ചില ടീച്ചര്‍മാരെയും മാത്രം തിരിച്ചറിഞ്ഞു. റോസ്സി ടീച്ചര്‍ മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പേ ജീവിതത്തില്‍ നിന്നും വിരമിച്ചിരുന്നതായി പത്രത്തില്‍ കണ്ടിരുന്നു. വെല്ല്യ ടീച്ചര്‍ക്ക് ഒരുപാട് വയസ്സായിരിക്കുന്നു. പുതുതലമുറയിലെ അപരിചിതനായ ഒരു അദ്ധ്യാപകന്‍ വളരെ സരസമായി സംസാരിക്കുന്നുണ്ട്.

തിരിച്ചുവരുമ്പോള്‍ ലിജിനും സംഘവും തങ്ങളുടെ കൂടുതല്‍ കൂട്ടുകാരെ കണ്ടെത്തിയിരുന്നു. കൂടി നില്‍ക്കുന്നവരില്‍ പലരും പഠിച്ചിരുന്ന വര്‍ഷവും ക്ലാസ്സ് ടീച്ചറുടെ പേരും ചോദിച്ചു. എന്റെ ഓര്‍മ്മകളില്‍ നിന്ന് അവര്‍ അവരുടെ ഓര്‍മ്മകളെ കണ്ടെത്തുവാനുള്ള ശ്രമം. ചിലരെയൊക്കെ തിരിച്ചറിഞ്ഞുവെന്നു വരുത്തി. ചിപ്പോഴൊക്കെ ഓര്‍മ്മകളുടെ തരംഗങ്ങള്‍ കൂട്ടിമുട്ടി. അപ്പോഴെല്ലാം ആശ്ചര്യത്തിന്റെയും സന്തോഷത്തിന്റേയും വിദ്യുത്‌സ്ഫുരണങ്ങള്‍ ജ്വലിച്ചു. ചോദിച്ചുനോക്കാം.

"ശ്രീജിത്ത് ...?"

ആര്‍ക്കും മനസ്സിലായില്ല. ഓര്‍മ്മ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ കടന്നുവന്ന സുകേഷാണ് പറഞ്ഞത്

"നാലുവെരലനല്ലേ... അവന്‍ ഈ റൂട്ടിലെ ബസ്സില്ണ്ട്‌റാ... ഞാന്‍ ഡെയ്‌ലി കാണാറ്ണ്ട്.."

സുകേഷ് പറഞ്ഞതുവെച്ചു ചിന്തിച്ചാല്‍ ഇന്ന് പരിചയപ്പെട്ട ആ രക്ഷകന്‍ ശ്രീജിത്ത് തന്നെയാണ്. ഒരുപക്ഷെ എന്നേപ്പോലെ അവനും എന്നെ തിരിച്ചറിഞ്ഞു കാണില്ല. നെറ്റിയിലേയ്ക്ക പാറിവീണ മുടിയിഴകള്‍ മുകളിലോട്ട് ഊതിപറപ്പിച്ച് കണ്ണിറുക്കി കാണിച്ച് പുഞ്ചിരിക്കുന്ന ശ്രീജിത്തിന്റെ മുഖമായിരുന്നു മനസ്സില്‍. ബസ്സിനുള്ള സമയമാകുന്നതേയുള്ളൂ. എങ്കിലും നടക്കാം.

"ടൗണിലേയ്ക്കാണോ... ലിജിന്റെ കാറ്ണ്ട്ഡാ... ടൗണില്‍ ചെന്ന്  മ്മക്കൊന്ന് കൂടീട്ട് പിരിയാടാ.."

"വേണ്ട... പോയിട്ട് അത്യാവശ്യണ്ട്. പോട്ടെ."

മാനേജരുടെ വിളി ഭയന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പതിന്നാല് മിസ്സ്ഡ് കോളുകള്‍. ഫേസ് ബുക്ക് നോട്ടിഫിക്കേഷനുകളില്‍ മൂന്ന് ഫ്രണ്ടഷിപ്പ് റിക്വസ്റ്റുകളും. ഒരാള്‍ ഫെയ്ക്കാണെന്ന് ഉറപ്പാണ്.  പ്രൊഫൈല്‍ നെയിം പിച്ചക്കാരന്‍. പ്രൊഫൈല്‍ ഫോട്ടോയും ഒരു പിച്ചക്കാരന്റേതുതന്നെ. മറ്റുള്ളവരെയും പരിചയമില്ല. എങ്കിലും ഏക്‌സ്‌പെറ്റ് ചെയ്തു. എപ്പോള്‍ വേണമെങ്കിലും അണ്‍ഫ്രണ്ട് ചെയ്യാനുള്ള സൗകര്യവുമുണ്ടല്ലോ.

ബസ്സ് വന്നു നില്‍ക്കുമ്പോള്‍ ധൈര്യപൂര്‍വ്വമാണ് കയറിയത്. ശ്രീജിത്ത് നല്‍കിയ ധൈര്യം. അത്യാവശ്യം നല്ല തിരക്കുണ്ട്. പൊത്തിപിടിച്ച് കയറുമ്പോള്‍ കണ്ണുകള്‍ അവനെ പരതി. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ആധിയായി. ഇനി അവനു പകരം മറ്റാരെങ്കിലുമാണെങ്കില്‍ നാണം കെട്ടതുതന്നെ. ടൗണിലെത്തായപ്പോഴേയ്ക്കും തിരക്കു കുറഞ്ഞിരുന്നു. ഒന്ന് വ്യക്തമായി. ബസ്സില്‍ അവനില്ല. പകരം മറ്റൊരാളാണ്. എന്തു ചെയ്യുമെന്നറിയതെ വിയര്‍ക്കുമ്പോള്‍ അയാള്‍ അടുത്തു വന്നു. പ്രതിരോധത്തേക്കാള്‍ നല്ലത് ആക്രമണമാണ്.

"ശ്രീജിത്ത്...?"

"നാല് വെരലനല്ലേ.. പറഞ്ഞിരുന്നു.  തന്റെ ഫോട്ടോ മെസ്സേജ് ചെയ്തിരുന്നു..അതാ കാശ് ചോദിക്കാണ്ടിര്ന്നത്."

സ്റ്റോപ്പെത്തി. അയാളോട് നന്ദി പറഞ്ഞ് ബസ്സിറങ്ങി നടക്കുമ്പോള്‍ മൊബൈല്‍ ചിനച്ചു. ഫേയ്‌സ് ബുക്ക് നോട്ടിഫിക്കേഷന്‍. "പിച്ചക്കാരന്റെ" മെസ്സേജ്.

Townil ethiyille Sare..

കഴിയാവുന്നത്ര വേഗത്തില്‍ മറുപടി ടൈപ്പ് ചെയ്തു.

 Sreejith bhai... enikku manassilayillada ninne... nee enthada parayathirunnathu..?

ഒറ്റകണ്ണടച്ച ഒരു സ്‌മൈലിയായിരുന്നു മറുപടി. വീണ്ടും ടൈപ്പ്  ചെയ്തു.

ninakkenne engineya manassilayathu..

ഏറെ നേരം കഴിഞ്ഞിട്ടും മറുപടി കാണാതായപ്പോള്‍ നടന്നു. ടൗണില്‍ നിന്നും ആദ്യം അപരിചിതനായ ഒരു പയ്യന്റെ ബൈക്കിലും പിന്നെ കാല്‍നടയായും, വീട്ടിലെത്തിയപ്പോള്‍ പതിവുപോലെ അവള്‍ മുഖം വീര്‍പ്പിച്ചിരിക്കുന്നു. ഒന്നും കഴിക്കാതെയുള്ള കാത്തിരിപ്പാണ്. രണ്ടുപേര്‍ക്കുള്ള ചോറും കറിയും മേശപ്പുറത്ത് .മൂടിവെച്ചിട്ടുണ്ട്.  മോന്‍ ഉറങ്ങിയിരിക്കുന്നു. നെറ്റിയില്‍ തലോടിയപ്പോള്‍ ചൂടുളളതുപോല.

"ഇവന് പനിയ്ക്കുന്നുണ്ടോടി.."

"മോന്റെ കാര്യം മാത്രം നോക്ക്യാ മതീലോ. ഇന്ന് അച്ഛന്‍ വന്നിട്ട്ണ്ടായിരുന്നു. കഴ്ത്തില് കെടന്ന മാല എവിടേന്ന് ചോദിച്ചു.. "

ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് കരഞ്ഞു മൂക്കുപിഴിഞ്ഞ് നടക്കുന്നതിനിടയില്‍ അവള്‍ എപ്പോഴും ചോദിക്കാറുള്ള ആ ചോദ്യം തന്നെ ആവര്‍ത്തിച്ചു.

"നിങ്ങളെകൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടോ.. ആര്‍ക്കെങ്കിലും..?"

പാന്റും ഷര്‍ട്ടും മാറ്റി ലുങ്കിയുടെ സ്വതന്ത്ര്യത്തിലേക്ക് മടങ്ങി. മൊബൈല്‍ സ്‌ക്രീനിലെ നോട്ടിഫിക്കേഷനുകളിലൂടെ കണ്ണോടിക്കുമ്പോള്‍ ശ്രീജിത്തിന്റെ മറുപടി സന്ദേശം.

ID Cardilum ATM Cardilum details kandu. pinne oru oohavum... ninne orkkan mattoru karanam koodiyundu... enne peru paranju vilikkaarulla apoorvam chilare ullu.. Sirji.

അവളെ നോക്കി. ജാലകത്തിനപ്പുറം മാനത്ത് തിങ്കള്‍ ചിരിക്കുന്നു.

"എന്ത് പറഞ്ഞാലും ഇരുന്ന് ഇളിച്ചോളും. വന്ന് ചോറുണ്ട് കെടക്കാൻ നോക്ക്."

അവളുടെ പിണക്കം അയഞ്ഞിരിക്കുന്നു. ഓഫ് ചെയ്യുമ്പോള്‍ ടിവി സ്‌ക്രീനില്‍ മാസ്റ്റര്‍ കാര്‍ഡിന്റെ പരസ്യമായിരുന്നു.

There are somethings money can't buy. For everything else.. use Master Card.

മൗസ് ട്രാപ്

ചുമരിന്നടിയിലെ വിള്ളലിലൂടെ അവനാണ് ആദ്യം ആ അപകടം തിരിച്ചറിഞ്ഞത്. കൃഷിക്കാരനും ഭാര്യയും പുതുതായി വാങ്ങികൊണ്ടുവന്ന ഒരു പെട്ടി തുറക്കുകയാണ്. അതില്‍ നിന്നും പുറത്തെടുക്കുന്നത് ഒരു എലിക്കെണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവന്‍ പേടിച്ചു വിറച്ചു. അവന്‍ പരിഭ്രാന്തനായി വീടിനു ചുറ്റും പറമ്പിലും ഓടിനടന്നു. ഓടി പോകുന്നതിനിടയില്‍ എല്ലാവര്‍ക്കും അപായ സൂചന നല്‍കി എലി  വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

"ചങ്ങാതിമാരെ... അവരിതാ എനിക്കായി കെണിയൊരുക്കി വെക്കുന്നു. അവരിതാ എനിക്കായി കെണിയൊരുക്കി വെക്കുന്നു."

കോഴി ചോദിച്ചു.

"എന്നോടെന്തിനാണ് പറയുന്നത്. എലിക്കെണിയുടെ കാര്യം പറയേണ്ടത് എലികളോടല്ലേ. ?"

അവന്‍ താറാവിനും മുന്നറിയിപ്പ് നല്‍കി.

"അറിഞ്ഞോ... വീട്ടുടമസ്ഥനും ഭാര്യയും എനിക്കായി കെണിയൊരുക്കുകയാണ്."

'എനിക്കെന്താ' എന്ന ഭാവത്തില്‍ കഴുത്തുവെട്ടിച്ച് താറാവ് കുണുങ്ങി കുണുങ്ങി നടന്നുനീങ്ങി.

അവന്‍ പന്നിയോടും പറഞ്ഞു.

"ചങ്ങാതി, അവരിതാ എനിക്കായി കെണിയൊരുക്കി വെക്കുകയാണ്."

"അത് നിന്നെ പിടിക്കാനല്ലേ..?  നീയല്ലേ ഈ വീട്ടിലെ ശല്യക്കാരന്‍...അതിന് ഞാനെന്തു വേണം ?"

അവന്‍ ആ വീട്ടിലെ പശുവിനോടും പറഞ്ഞു.

"ഏയ്.. ചങ്ങാതി അവരിതാ എനിക്കായി ഈ വീടിനുള്ളില്‍ കെണിയൊരുക്കി വെക്കുകയാണ്. എന്തെങ്കിലും ചെയ്‌തേ പറ്റൂ."

"അവനവന്‍ ചെയ്യുന്നതിന്റെ ഫലങ്ങള്‍ അവനവന്‍ തന്നെ അനുഭവിക്കണം. അവരറിയാതെ അവരുടെ ധാന്യങ്ങളും മറ്റും കട്ടുതിന്നുമ്പോള്‍ ഓര്‍ക്കണമായിരുന്നു. സൂക്ഷിക്കേണ്ടത് നീയാണ്. "

വളര്‍ത്തുനായ പറഞ്ഞു.

"അതെ ഞങ്ങള്‍ക്കൊന്നും പേടിക്കാനില്ല. വീട്ടിന്നകത്തല്ലേ കെണി വെച്ചിരിക്കുന്നത്. മാത്രവുമല്ല, യജമാനന്‍ ചെയ്യുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല."

ആരും എലിയുടെ വാക്കുകള്‍ ചെവി കൊണ്ടില്ല. മൃഗങ്ങളും മനുഷ്യരെപ്പോലെ തന്നെ. വര്‍ഗ്ഗബോധമില്ലാത്തവര്‍. കരിയിലകള്‍ക്കിടയിലൂടെ വേലിപൊത്തില്‍നിന്നും ഒരു പാമ്പിന്റെ തല ഉയരുന്നതു കണ്ടപ്പാേള്‍ എലി വീണ്ടും വീടിനുള്ളിലേയ്ക്ക തന്നെ ഓടിപ്പോയി. എവിടെയോ ഒളിച്ചുവെച്ചിരിക്കുന്ന കെണിയെ ഭയന്ന് എലി വീടിന്റ മച്ചിനു മുകളിലേയ്ക്ക ഓടിക്കയറി ഒളിച്ചിരുന്നു. രാത്രി ഇരുണ്ടപ്പോള്‍, വീട്ടിനുള്ളിലെ വിളക്കണഞ്ഞപ്പോള്‍, വീശന്നു തുടങ്ങിയപ്പോള്‍ അവന്‍ ശബ്ദമുണ്ടാക്കാതെ മെല്ലെ താഴോട്ടിറങ്ങി ധാന്യപ്പുര ലക്ഷ്യമാക്കി ഓടി.

ഇരുട്ടില്‍ വായ തുറന്നുവെച്ച് കെണി ഇരയെ കാത്തിരുന്നു. അതിന്റെ വായ കൂട്ടിയടക്കുന്ന ശബ്ദം ആ രാത്രിയുടെ പ്രശാന്തതയെ ഞെട്ടിച്ചു. പ്രതീക്ഷിച്ചിരുന്നുവെങ്കിലും നായയും കോഴിയും പന്നിയും താറാവും പശുവും ഞെട്ടി. കൃഷിക്കാരന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. എലിയുടെ കഥ കഴിഞ്ഞിരിക്കുന്നു. കെണി തന്റെ ആദ്യ ഇരയെ കീഴടക്കിയെന്നു  തിരിച്ചറിഞ്ഞ,  അയാള്‍ കണ്ണു തുറന്ന്  ഭാര്യയുടെ മുഖത്തേയ്ക്കു നോക്കി. അവരുടെ കണ്ണുകള്‍ സന്തോഷം പങ്കുവെച്ചു. ശല്യക്കാരനായ ആ എലിയെ നാളെ കുഴിച്ചുമൂടാം. ആ രാത്രി അവര്‍ സംതൃപ്തിയോടെ ഉറങ്ങി.

നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉറക്കച്ചടവോടെ അടുക്കളയിലേയ്ക്കു നടക്കുമ്പോള്‍ അയാളുടെ ഭാര്യയുടെ കാലില്‍ കടിച്ചത് ഒരു പാമ്പായിരുന്നു. കെണിയില്‍ വാല്‍ പെട്ടുപോയ ഒരു വിഷപാമ്പ്. നിലവിളി കേട്ട് ഓടിയെത്തിയ കൃഷിക്കാരന്‍ ഭാര്യയെ ഉടനെ ആശുപത്രിയെത്തിച്ചു. കുറച്ചു ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രിയില്‍നിന്നും വിട്ടയച്ചത്. വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആ സ്ത്രീയ്ക്ക് വീണ്ടും പനിക്കാന്‍ തുടങ്ങി.

ചിക്കന്‍ സൂപ്പിന് പനി കുറയ്ക്കുവാന്‍ കഴിയുമെന്ന് അയല്‍ക്കാര്‍ പറഞ്ഞു കൊടുത്തതനുസരിച്ച്, കൃഷിക്കാരന്‍ തന്റെ വളര്‍ത്തു കോഴിയെ കൊന്ന് സൂപ്പു വെച്ച് ഭാര്യയ്ക്ക് കൊടുത്തു. പനി കുറഞ്ഞുവെങ്കിലും പൂര്‍ണ്ണമായും വിട്ടുമാറിയില്ല. ഓരോ ദിവസം കഴിയും തോറും അവരുടെ ആരോഗ്യസ്ഥിതി മോശമായികൊണ്ടിരുന്നു. അസുഖബാധിതയായ ഭാര്യയെ കാണുവാനും ആശ്വസിപ്പിക്കാനും ബന്ധുക്കളും കൂട്ടുകാരും വന്നുതുടങ്ങി. ദൂരെനിന്നും വന്നവരില്‍ ചിലര്‍ വീട്ടില്‍ തന്നെ തങ്ങുകയും ചെയ്തു. അയാളുടെ വീട്ടുചിലവുകള്‍ വര്‍ദ്ധിച്ചു. അതിഥികള്‍ക്കു ഭക്ഷണമൊരുക്കാന്‍ നിവൃത്തിയില്ലാതെ അയാള്‍ ആദ്യം താറാവുകളേയും പിന്നീട് പന്നിയെയും കൊന്നു. കുറച്ചു നാളത്തേയ്ക്ക് പന്നിയിറച്ചി ധാരാളമായിരുന്നു.

സ്ത്രീയുടെ പനി കൂടി കൂടി വരികയും ആരോഗ്യസ്ഥിതി അപകടകരമാം വിധം ദുര്‍ബലമാകുകയും ചെയ്തു. കൃഷിയില്‍ ശ്രദ്ധിക്കുവാനും ഭാര്യയെ പരിചരിക്കുവാനും സമയം തികയാതെ അയാള്‍ കഷ്ടപ്പെട്ടു. ചികിത്സാ ചിലവുകള്‍ക്കു പണം കണ്ടെത്താന്‍ മാര്‍ഗ്ഗമില്ലാതെ ഒടുവില്‍ മനസ്സില്ലാ മനസ്സോടെ അയാള്‍ പശുവിനെ ഇറച്ചിവെട്ടുകാര്‍ക്ക് വിറ്റു.

ചികിത്സകളൊന്നും ഫലിക്കാതെ അകാലത്തില്‍ മരണം വരിക്കുവാനായിരുന്നു അയാളുടെ ഭാര്യയുടെ വിധി. അനുശോചനമറിയിക്കുവാന്‍ എത്തിയവര്‍ക്കു നേരെ കുരച്ച വളര്‍ത്തു നായയെ അയാള്‍ ചങ്ങലക്കിട്ടു. ഭാര്യയുടെ മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം ഒറ്റപ്പെട്ടുപോയ അയാള്‍ വീടും കൃഷിസ്ഥലവും മറ്റൊരാള്‍ക്ക് വിറ്റ് ദൂരെയുള്ള ബന്ധുവീട്ടിലേയ്ക്കു താമസം മാറ്റി.

ചങ്ങലക്കിട്ടിരുന്നതിനാല്‍ നായയ്ക്ക് ആ വീടുവിട്ടു മറ്റെവിടേയ്ക്കും പോകാന്‍ കഴിഞ്ഞില്ല. കുറച്ചുദിവസങ്ങള്‍ക്കു ശേഷം താമസത്തിനെത്തിയ പുതിയ  വീട്ടുടമസ്ഥനും ഭാര്യക്കും മക്കള്‍ക്കും നായ്ക്കളെ ഒട്ടും ഇഷ്ടമല്ലായിരുന്നു. അവര്‍ അതിനെ തല്ലിയും കല്ലെറിഞ്ഞും ഓടിച്ചുവിട്ടു. കിട്ടിയ ജീവനും കൊണ്ടു അവന്‍ മുടന്തിയോടി. അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ മറ്റൊരു പറമ്പില്‍ മരച്ചീനി കടിച്ചുപറിക്കുന്ന എലിയെ കണ്ടുമുട്ടി. അവന്‍ ഉത്കണ്ഠയോടെ നായയോട് ചോദിച്ചു.

"ചങ്ങാതി... എന്തൊക്കെയുണ്ട് വിശേഷങ്ങള്‍... ? അവര്‍ വെച്ചിരുന്ന കെണിയില്‍ നമ്മുടെ ചങ്ങാതിമാര്‍ ആരെങ്കിലും അകപെട്ടുവോ...?"

നായ മോങ്ങികരഞ്ഞുകൊണ്ടു പറഞ്ഞു.

"അകപെട്ടു ചങ്ങാതി... നീയൊഴികെ. എല്ലാവരും."

......................................................

വാല്‍ കഷ്ണം.

ഒരു ഇംഗ്ലീഷ് നാടോടി കഥയുടെ മലയാള ആവിഷ്‌കാരം. വികസനത്തിന്റെ കെണിയൊരുക്കി ചിലര്‍, മലകള്‍ ഇടിച്ചുനിരത്തുമ്പോള്‍, കാടുകള്‍ വെട്ടിത്തെളിക്കുമ്പോള്‍, പുഴകള്‍ വറ്റിവരളുമ്പോള്‍, പാടങ്ങള്‍ നാടുനീങ്ങുമ്പോള്‍, പച്ചപ്പുകള്‍ മായുമ്പോള്‍, മണ്ണിനെ സ്‌നേഹിക്കുന്ന മനുഷ്യര്‍ കരഞ്ഞു പറയും. കഥയിലെ എലിയെപോലെ... 'നോക്കൂ, അവരിതാ കെണിയൊരുക്കുന്നു' വെന്ന്. പക്ഷെ ആരും ചെവി കൊടുക്കാറില്ല. കാരണം. എലിയെ പിടിക്കാന്‍ കെണി വെക്കുന്നതിന്, നമ്മള്‍ കോഴികളും താറാവുകളും പന്നികളും പശുക്കളും നായ്ക്കളുമെല്ലാം എന്തിന് ഭയപ്പെടണം. അല്ലേ...?

ഒന്നിനുമാവില്ല, എന്നും പൊന്നായിരിക്കുവാന്‍.


പ്രകൃതിയുടെ പച്ചക്കുപോലും

ആദ്യം പൊന്നിന്റെ നിറമാണ്;

അവളുടെ നിറങ്ങളിൽ

ഏറ്റവും സങ്കീർണ്ണവും;

തളിരിലകൾ പോലും

ആദ്യം പൂവുകൾക്കു സമം;

എന്നാലതിന്റെ ആയുസ്സോ

അൽപ്പനേരത്തേക്കു മാത്രവും.

മാറുന്നു തളിരിലകളും ,

പച്ചിലകൾ മാത്രമായി;

ആഴുന്നു വിഷാദത്തിലേക്ക്

ഏദേൻ തോട്ടവും;

അലിയുന്നു പകലിലേക്ക്

പൊന്നിൻ പുലരിയും,

എന്നും പൊന്നായിരിക്കുവാൻ

ഒന്നിനും ആവില്ലെന്നോ?



............................................................................................


റോബര്‍ട്ട് ഫ്രോസ്റ്റിന്റെ "നതിംഗ് ഗോള്‍ഡ് കേന്‍ സ്‌റ്റേ" എന്ന കവിതയെ മലയാളത്തില്‍ ആവിഷ്‌കരിക്കുവാനുള്ള ഒരു ശ്രമം. ഗായത്രി മന്ത്രം പോലെ എല്ലാ പ്രഭാതങ്ങളിലും ഓര്‍ക്കുന്ന എട്ടു വരികളാണ്  ഈ കവിതയിലേത്. അതിലെല്ലാമുണ്ട്. പ്രകൃതിയും ജീവിതവും എല്ലാം. ബാല്യത്തിന്റെ നിഷ്‌കളങ്കതയില്‍നിന്നും ജീവിതത്തിന്റെ കൊടും പകലിലേയ്ക്കുള്ള മനുഷ്യന്റെ വ്യതിയാനം എത്ര ഭംഗിയായാണ്‌ അദ്ദേഹം പറഞ്ഞുവെച്ചത്. പലരും പല വ്യഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ വരികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഒരുപാട് അര്‍ത്ഥ തലങ്ങളുള്ള ആ വരികളുടെ കാമ്പും വ്യാപ്തിയുമൊന്നും എന്റെ വിവര്‍ത്തനത്തില്‍ കണ്ടെന്നുവരില്ല. ഒറിജിനല്‍ താഴെ കൊടുക്കുന്നു. അഹങ്കാരം കൊണ്ടല്ല, ആ വരികളോടുള്ള ഒരു ഇഷ്ടം കൊണ്ടു ചെയ്തുപോയതാണ് വിവര്‍ത്തനമെന്ന ഈ മഹാപാപം.  പൊറുക്കുക.
............................................................................................


അനന്യമാതൃകകള്‍

പ്രലോഭനങ്ങളാല്‍ സമ്പന്നമായ ഒരു ഓഫറായിരുന്നു അത്. സ്വപ്നതുല്യമായ വേതനം. സ്വര്‍ഗ്ഗതുല്യമായ ആഢംബരങ്ങള്‍. ലോകം മുഴുവന്‍ സഞ്ചാരം. പ്രതിഭാസമ്പന്നരടങ്ങുന്ന ഒരു റിസര്‍ച്ച് ടീമിന്റെ സ്വതന്ത്ര ചുമതല. പതിനഞ്ച് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി കമ്പനിയെ സേവിക്കണമെന്നും, സേവനകാലയളവില്‍ വിവാഹം പാടില്ലെന്നുമായിരുന്നു മാനേജ്‌മെന്റ് മുന്നോട്ടു വെച്ച നിബന്ധനകളില്‍ പ്രധാനം. ഇരുപത്തിയൊന്‍പതാമത്തെ വയസ്സില്‍ അസുലഭമായ ആ അവസരം തിരഞ്ഞെടുക്കുമ്പോള്‍, വിവാഹത്തിന് നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്ന മമ്മിയേയും ഡാഡിയേയും എങ്ങിനെ ബോധ്യപ്പെടുത്താം എന്നതായിരുന്നു രഞ്ജന്‍ ശ്രീവാസ്തവ അഭിമുഖീകരിച്ച പ്രധാന വെല്ലുവിളി. വിഖ്യാതമായ വാക്‌സ് മ്യൂസിയത്തില്‍ വിശിഷ്ട വ്യക്തികളുടെ ജീവന്‍ തുളുമ്പുന്ന മെഴുകു പ്രതിമകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഡാഡിയുടേയും മമ്മിയുടേയും കണ്ണുകള്‍ വികസിക്കുന്നത് അയാള്‍ ശ്രദ്ധിച്ചിരുന്നു.

"മമ്മി... നമ്മള്‍ കണ്ട ആ മെഴുകു പ്രതിമകള്‍ക്ക് ജീവന്‍ കൊടുക്കാന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും...?"

"അങ്ങനെയെങ്കില്‍... നീ നിന്റെ തന്നെ ഒരു പ്രതിമയുണ്ടാക്കി ഞങ്ങള്‍ക്കു സമ്മാനിക്കൂ. അപ്പോള്‍ നാട്ടിലേയ്ക്ക് തിരിച്ചുപോയാലും ഞങ്ങള്‍ക്ക് എപ്പോഴും നിന്നെ കണ്ടുകൊണ്ടിരിക്കാമല്ലോ.."

പ്രിയതമയുടെ നര്‍മ്മബോധവും വാക്ചാതുരിയും ഗൗരവ് ശ്രീവാസ്തവ ആസ്വദിച്ചു.

"തമാശയല്ല മമ്മി. നെക്സ്റ്റ് ജനറേഷന്‍ ഹ്യൂമന്‍ റോബോട്ടുകളെ മനുഷ്യര്‍ക്കിടയില്‍നിന്നും തിരിച്ചറിയാന്‍ പോലും പ്രയാസമായിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുള്ള, ഹ്യൂമനോയ്ഡ് റോബോട്ടുകളെ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍..."

"തുടങ്ങി... വീണ്ടും അവന്റെ റോബോട്ട് കഥകള്‍. മനുഷ്യനെപ്പോലെ തന്നെ വേണമെന്നുണ്ടെങ്കില്‍, ഒന്നു ക്ലോണ്‍ ചെയ്താ പോരെ.. ?"

"ഓ.. കമോണ്‍ മമ്മി... ക്ലോണിംഗ് എന്നത് മറ്റൊരു ശാസ്ത്രശാഖയാണ്. പൂര്‍ണ്ണമായും വിജയിച്ചു എന്ന് ഇതുവരെ ശാസ്ത്രലോകം പോലും അംഗീകരിച്ചിട്ടില്ല. ഇനി അഥവാ വിജയിച്ചു എന്നുതന്നെ ഇരിക്കട്ടെ. പക്ഷെ സാമ്യം ശരീരത്തില്‍ മാത്രമായിരിക്കുവാനാണ് സാധ്യത. ബൗദ്ധികമായി രണ്ടും രണ്ടായിരിക്കുവാനാണ് സാധ്യത. പ്രത്യേകിച്ചും മനുഷ്യന്റെ കാര്യത്തില്‍.... തന്നേപ്പോലെ ചിന്തിക്കുന്നവരെയാണ് എല്ലായിപ്പോഴും മനുഷ്യര്‍ക്കിഷ്ടം. വ്യത്യസ്തരായി ചിന്തിക്കുന്നവരെ അകറ്റിനിര്‍ത്താറല്ലേയുള്ളൂ. അല്ലേ ഡാഡി...?"

നിവൃത്തിയില്ലാതെ ഗൗരവ് ശ്രീവാസ്തവ തലയാട്ടി.

"ഉദാഹരണമായി മമ്മിയുടെ കാര്യം തന്നെ എടുക്കാം. മമ്മിയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന ഒരു മകനെയാണ് മമ്മിയ്ക്ക് വേണ്ടത്. അല്ലേ. മമ്മി പറയുന്നതു മാത്രം അനുസരിക്കുന്ന ഒരു ഹ്യൂമനോയ്ഡ് റോബോട്ടിനെ നിര്‍മ്മിക്കുവാന്‍ കഴിയുമെന്നിരിക്കട്ടെ. അല്‍പ്പം മുമ്പ് നമ്മള്‍ കണ്ടുമുട്ടിയ മെഴുകുപ്രതിമകളെപ്പോലെ അതിന് എന്റെ മുഖവും രൂപവും സൃഷ്ടിച്ചു നല്‍കുവാന്‍ കഴിയുമെന്നിരിക്കട്ടെ. അപ്പോള്‍ എന്തു പറയുന്നു.?"

"മെഴുകുകൊണ്ടുണ്ടാക്കിയ ഒരു മകനെ എനിക്കു വേണ്ടെങ്കിലോ..."

"അവിടെയും മമ്മിയ്ക്കു തെറ്റി. മനുഷ്യന്റെ ത്വക്കിനു സമാനമായ പോളിമര്‍ സൃഷ്ടിക്കുവാനുള്ള ശാസ്ത്ര പരീക്ഷണങ്ങളും ഒട്ടേറെ മുന്നോട്ടു പോയിരിക്കുന്നു. കോസ്‌മെറ്റിക് സര്‍ജറികളിലും പ്ലാസ്റ്റിക് സര്‍ജറികളിലും ഒറിജിനലിനെപോലും തോല്‍പ്പിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ സ്‌കിന്‍ മെറ്റീരിയലുകളും ഫ്‌ളെഷ് മെറ്റീരിയലുകളും സ്ഥാനം പിടിച്ചുകഴിഞ്ഞു. രൂപത്തിലും വലുപ്പത്തിലും മനുഷ്യസമാനമായ പാവകള്‍ പോലും ഇവിടെ ലഭ്യമാണ്.  വാസ്തവം പറഞ്ഞാല്‍ മനുഷ്യപാവകള്‍ക്കാണ് ഇവിടെ ഒറിജിനല്‍ മനുഷ്യരേക്കാള്‍ പ്രിയം."

അത് പറയുമ്പോള്‍ അയാളുടെ ചുണ്ടുകളില്‍ അടക്കിപിടിച്ച ഒരു ചിരിയുണ്ടായിരുന്നു.

"ശരി.. ശരി... എന്താണ് നീ പറഞ്ഞുവരുന്നത് എന്നു വ്യക്തമാക്കൂ."

"അതാണ് ഞാന്‍ പറഞ്ഞുവരുന്നത് ഡാഡി.. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, അതിനുമപ്പുറം ഇമോഷണല്‍ ഇന്റലിജെന്‍സോടു കൂടിയ ഹ്യൂമന്‍ റോബോട്ടുകള്‍ ഒരു വിദൂര സാധ്യത മാത്രമായിരിക്കാം. പക്ഷെ ഒട്ടനവധി മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുന്ന വലിയൊരു സാധ്യത കൂടിയാണ്. യുദ്ധരംഗങ്ങളില്‍,  ബഹിരാകാശ ദൗത്യങ്ങളില്‍, ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍, അറപ്പും വെറുപ്പും ഉളവാക്കുന്ന ജോലികള്‍ ചെയ്യേണ്ടിടങ്ങളിലെല്ലാം പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്ന സാധ്യതകള്‍. വളരെയധികം ചലഞ്ചിംഗായിട്ടുള്ള ഒരു പ്രോജക്റ്റാണ്. സമയവും പരിശ്രമവും ഒരുപാട് വേണ്ടി വരുന്ന ഒരു അസൈന്‍മെന്റ്. അതുകൊണ്ടുതന്നെ ഒരു ലോംഗ് ടേം കോണ്‍ട്രാക്റ്റ് സൈന്‍ ചെയ്യാതെ, കമ്പനി മുന്നോട്ടു വെക്കുന്ന നിബന്ധനകള്‍ സ്വീകരിക്കാതെ ഈ ജോലി സ്വീകരിക്കുവാന്‍ കഴിയില്ല. വലിയ ലക്ഷ്യങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ഇതെല്ലാം സ്വാഭാവികവുമാണ്. "

"ഞങ്ങള്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന സംഗതി ഇതൊന്നുമല്ല. വിവാഹത്തിനായി എപ്പോഴാണ് നീ സമയം കണ്ടെത്തുന്നത് എന്നതാണ് ..."

"ഇതൊരു അസുലഭ അവസരമാണ് മമ്മി. അതികഠിനമായി പരിശ്രമിച്ചാല്‍ പോലും അപൂര്‍വ്വം ചിലര്‍ക്കു മാത്രം കൈവരുന്ന അവസരം. അത് പാഴാക്കണമെന്നാണോ മമ്മി പറഞ്ഞു വരുന്നത്...?"

"എത്ര കാലത്തേയ്ക്കാണ് കരാര്‍.?"

"വെറും..... ഏഴ് .... ഏഴു വര്‍ഷങ്ങള്‍ മാത്രം."

അക്കങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ഒരു കുറ്റബോധം അയാളില്‍ പ്രകടമായിരുന്നു.

"ഇത്രയും വര്‍ഷത്തേയ്‌ക്കോ.? കരാര്‍ കഴിയുമ്പോള്‍ നിനക്ക് മുപ്പത്തിയാറായിരിക്കും പ്രായം. നീ ഞങ്ങളുടെ ഒരേയൊരു മകനാണെന്ന് മറന്നുപോകരുത്."

"അതല്‍പ്പം നീണ്ട ഒരു കാലയളവു തന്നെയാണ്... എങ്കിലും... അവന്‍ പറയുന്നതിലും.."

"ദയവു ചെയ്ത് മിണ്ടാതിരിക്കൂ ഗൗരവ്... നിങ്ങള്‍ നമ്മുടെ മകന് നല്‍കുന്ന പ്രോത്സാഹനം ആവശ്യത്തിലധികമാണെന്ന് ഓര്‍ത്തിരുന്നാല്‍ നന്ന്... അവന്റെ കുട്ടിക്കാലം മുതല്‍ക്കേ നിങ്ങള്‍ അതുതന്നെയാണ് ചെയ്തുവരുന്നതും. "

"വിട്ടുകൊടുക്കാം  മാലിനി... അവനെ അവന്റെ ഹൃദയത്തിനു വിട്ടുകൊടുക്കുവാന്‍ നീ നിന്റെ തലച്ചോറിനെ ഉപദേശിയ്ക്കൂ. നമ്മള്‍ക്ക് സ്വപ്നം കാണുവാന്‍ കഴിയുന്നതിലും ഒരുപാട് ഉയരത്തിലേയ്ക്കാണ് അവന്‍ ലക്ഷ്യം വെക്കുന്നത്. "

"അതുതന്നെ ഡാഡി.. ദയവു ചെയ്ത് മമ്മിയെ പറഞ്ഞു മനസ്സിലാക്കൂ. അല്ലെങ്കില്‍തന്നെ അതിലെന്താണ് അര്‍ത്ഥമുള്ളത്... വളരുക.. പഠിക്കുക.. ജോലി നേടുക.. വിവാഹം കഴിയ്ക്കുക.. കുട്ടികള്‍ക്കു ജന്മം നല്‍കുക.. ആ കുട്ടികളും വളരുക.. പഠിക്കുക.. ജോലി നേടുക... വിവാഹം കഴിയ്ക്കുക.. വീണ്ടും കുട്ടികള്‍ക്കു ജന്മം നല്‍കുക..  എനിക്കു തോന്നുന്നത് ജീവിതമെന്നത് മടുപ്പിക്കുന്ന ഒരു ആവര്‍ത്തനമാണെന്നാണ്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ കഴിയണം. തികച്ചും വ്യത്യസ്തമായ ഒന്ന്. രഞ്ജന്‍ ശ്രീവാസ്തവ എന്നൊരു വ്യക്തി ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ അടയാളപ്പെടുത്തലായി.."

കടലുകള്‍ക്കപ്പുറം. മലനിരകളിലെ തേയിലതോട്ടങ്ങള്‍ക്കു നടുവിലെ വസതിയിലേയ്ക്ക് തിരിച്ചെത്തുമ്പോള്‍ ഗൗരവ് ശ്രീവാസ്തവ പ്രിയതമയെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.

"വിഷമിക്കാതിരിക്കൂ മാലിനി... പണം സമ്പാദിക്കുക എന്നതല്ല അവന്റെ ലക്ഷ്യം.."

"എനിക്കത് മനസ്സിലാക്കുവാന്‍ കഴിയും. പക്ഷെ ജീവിതത്തോടുള്ള അവന്റെ സമീപനം എന്നെ ഭയപ്പെടുത്തുന്നു."

"പോസിറ്റീവായി ചിന്തിക്കാന്‍ ശ്രമിക്കൂ. ഒന്നു ചുറ്റികറങ്ങി ഒടുവില്‍ അവന്‍ നമ്മുടെ ഭ്രമണപഥത്തിലേയ്ക്കുതന്നെ തിരിച്ചെത്തുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. "

........................................................................................

റോബോട്ടുകള്‍ അനുദിനം വളരുകയായിരുന്നു. പുതിയ തലങ്ങളിലേയ്ക്ക്. പുതിയ സാധ്യതകളിലേയ്ക്ക്. കുടുബസുഹൃത്തായിരുന്ന ഹരീഷ് ശര്‍മ്മപോലും ഒരിയ്ക്കല്‍ ഗൗരവ് ശ്രീവാസ്തവയോട് ചോദിച്ചിട്ടുണ്ട്.

"ഗൗരവ് ഭായ്.. താങ്കളുടെ മകന്‍ മനുഷ്യസാദൃശ്യമുള്ള റോബോട്ടുകളെ നിര്‍മ്മിക്കുവാനുള്ള പരീക്ഷണങ്ങള്‍ നടത്തുന്നു എന്നല്ലേ പറഞ്ഞിരുന്നത്.?"

പൈപ്പില്‍നിന്നും ഉയര്‍ന്നു പടരുന്ന പുകച്ചുരുളുകള്‍ക്കിടയിലൂടെ ഗൗരവ് ശ്രീവാസ്തവ അതേയെന്നര്‍ത്ഥത്തില്‍ ഒന്നമര്‍ത്തി മൂളി.

"മറ്റൊന്നുമല്ല ഗൗരവ് ഭായ്.. ഒരു ഓസ്‌ട്രേലിയക്കാരിയെ വിവാഹം കഴിക്കണമെന്നാണ്  രോഹിതിന്റെ  താത്പര്യം. വിവാഹം പ്രണയത്തിന്റെ തലസ്ഥാനമായ പാരീസില്‍ വെച്ചുതന്നെ വേണമെന്നതാണത്രെ അവന്റെ കാമുകിയുടെ നിര്‍ബന്ധവും. ഉപാധികളോടെയുള്ള ഒരു വീട്ടുവീഴ്ചയാണ് ഞങ്ങള്‍ ഉദ്ദേശ്ശിക്കുന്നത്. അവിടെ വിവാഹം നടക്കുന്ന അതേ സമയത്ത് പ്രതീകാത്മകമായി ഇവിടെയും ഒരു വിവാഹസത്കാരം സംഘടിപ്പിക്കുന്നു. നിങ്ങളുടെ മകന് ഞങ്ങളെ സഹായിക്കുവാന്‍ കഴിയുമോ..? വരുന്നവര്‍ക്കു മുന്നില്‍ നിര്‍ത്തുവാന്‍... പുഞ്ചിരിക്കുവാനും ആശംസകള്‍ക്ക് നന്ദി പറയുവാനും കഴിയുന്ന രണ്ടു മനുഷ്യപ്രതിമകളെ നിര്‍മ്മിച്ചു നല്‍കുവാന്‍...?"

ഗൗരവ് ശ്രീവാസ്തവയുടെ മുഖത്ത് നിസ്സഹായത ഗൗരവമാര്‍ജ്ജിച്ചു നിന്നു.

"പ്രയാസമാണ് അല്ലെ... സാരമില്ല... എനിക്ക് രണ്ടു പ്രതിമകള്‍ വേണമെന്നേയുള്ളൂ. അവയ്ക്ക് ജീവന്‍ വേണമെന്നില്ല. ഹ...ഹ.. അല്ലെങ്കില്‍തന്നെ ഇവിടെയാണോ പ്രതിമകള്‍ക്ക് ക്ഷാമം. നല്ല കൂലി കൊടുത്താല്‍ പാവകളേപ്പോലെ അഭിനയിക്കുവാനും തയ്യാറുള്ള മനുഷ്യരുടെ നാടാണ്."

"എന്തായാലും... യന്ത്രമനുഷ്യരെകൊണ്ട് ഇങ്ങനെ ഒരു സാധ്യത കൂടിയുണ്ടെന്ന്  ഞാന്‍ അവന് പറഞ്ഞുകൊടുക്കാം."

വിവാഹത്തെ കുറിച്ചുള്ള സംഭാഷണം ഗൗരവ് ശ്രീവാസ്തവയെ അലസോരപ്പെടുത്തി. വൈകി വിവാഹം കഴിക്കുന്നവരില്‍ ഇന്‍ഫെര്‍ട്ടിലിറ്റി പ്രോബ്ലംസ് ഉണ്ടാകുവാനുള്ള സാധ്യതയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ രഞ്ജന്‍ പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം തേടുവാനുള്ള ശ്രമത്തിലായിരുന്നു അയാള്‍.

"യുവത്വം സൂക്ഷിച്ചുവെക്കാവുന്ന അവസ്ഥയിലേയ്ക്കും ശാസ്ത്രം വളര്‍ന്നിരിക്കുന്നു ഡാഡി... പക്ഷെ നമ്മുടെ നാട്ടില്‍ മെഡിക്കല്‍ സയന്‍സ് ഇപ്പോഴും ശൈശവഘട്ടത്തിലാണ് ."

...............................................................................

വ്യക്തിബന്ധങ്ങള്‍ പോലും നിബന്ധനകള്‍ക്കു വിധേയമാകുന്ന ഒരു കാലഘട്ടത്തിന്റെ ഉദയം.
പരസ്പരം ബന്ധിച്ചിടാതെ എങ്ങിനെ സൗഹൃദങ്ങള്‍ ആസ്വദിക്കാമെന്ന് തിരിച്ചറിഞ്ഞതും അവിടെവെച്ചാണ്. ഇടവേളകളില്‍ സംഭവിക്കാറുള്ള ചില മത്സരങ്ങള്‍ അവര്‍ ഒരുമിച്ചാണ് ആസ്വദിച്ചിരുന്നതും. ആവേശകരമായ അത്തരമൊരു മത്സരത്തിനൊടുവില്‍ അയാളുടെ പല്ലുകള്‍ക്കിടയില്‍നിന്ന് ചുണ്ടുകളെ സ്വതന്ത്രമാക്കി ആഞ്ജല പരിഭവിച്ചു.

"എന്താണിത്. രഞ്ജന്‍...? ഞാനൊരു മനുഷ്യസ്ത്രീയാണെന്നും എനിക്കു വേദനിക്കുമെന്നും നിങ്ങള്‍ മറന്നുപോകുന്നുവോ.?"

അവളില്‍നിന്നും ഇറങ്ങി മലര്‍ന്നുകിടന്ന് രഞ്ജന്‍ കിതച്ചുകൊണ്ടു പറഞ്ഞു.

"ക്ഷമിക്കൂ.. ആ നിമിഷങ്ങളിലെല്ലാം എനിക്കു നിന്നെ തിന്നുവാനുള്ള ആവേശമാണ്."

"നിങ്ങളെപോലുള്ളവര്‍ക്ക് പാവകളാണ് നല്ലത്. അവയ്ക്കാണെങ്കില്‍ വേദന ഒട്ടും അറിയില്ലല്ലോ. പിച്ചുകയോ മാന്തുകയോ കടിച്ചുപറിക്കുകയോ എന്തുവേണമെങ്കിലും ചെയ്യാം."

"പക്ഷെ.. ആ അവസാന നിമിഷങ്ങളില്‍ മുറുക്കെ കെട്ടിപിടിക്കുവാനും വേദനിപ്പിക്കാതെ കടിക്കാനും പാവം പാവകള്‍ക്ക് കഴിയില്ലല്ലോ."

"റിസര്‍ച്ചില്‍ അതും കൂടി ഉള്‍പ്പെടുത്തുവാന്‍ ശ്രമിച്ചുകൂടെ. വൈകാരികമായി പ്രതികരിക്കുവാന്‍ ശേഷിയുള്ള അത്തരം പാവകള്‍ക്ക് ഭാവിയില്‍ ഒരുപാട് പേരെ സഹായിക്കുവാന്‍ കഴിഞ്ഞേക്കും. വിശേഷിച്ചും നിങ്ങളുടെ ദേശത്ത്."

"തീര്‍ച്ചയായും... ഇമോഷണല്‍ ഇന്റലിജെന്‍സുള്ള ബയോമെട്രിക് റോബോട്ടുകള്‍ തന്നെയാണ് എന്റെ ലക്ഷ്യം. എന്റെ പരിശ്രമങ്ങള്‍ക്ക് ഫലം കാണാതിരിക്കില്ല. "

"പക്ഷെ... എങ്ങിനെ കഴിയും...? നമ്മെ പ്രചോദിതരാക്കുവാന്‍ മാനേജ്‌മെന്റ് ക്ഷണിച്ചുവരുത്തിയ ആ സന്ന്യാസിവര്യന്‍ പറഞ്ഞതോര്‍മ്മയുണ്ടോ... ബ്രഹ്മചര്യമാണ് ഏറ്റവും വലിയ ഊര്‍ജ്ജസ്രോതസ്സെന്ന്... എത്രയോ ഈര്‍ജ്ജമാണ് നിങ്ങള്‍ ഇങ്ങനെ നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നത്. ?"

അയാള്‍ ചിരിച്ചു.

"വിവാഹം പാടില്ലെന്നേ കരാറില്‍ പറഞ്ഞിട്ടുള്ളൂ. മറ്റൊന്നും വേണ്ടെന്നു വെക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിട്ടില്ല. "

ആഞ്ജല ഒരു ചിരിക്കുടുക്കയായി. അല്‍പ്പനേരം ചിന്താവിഷ്ടയായതിനു ശേഷം അവള്‍  ഉന്നയിച്ച സംശയം, അയാളെ ചൊടിപ്പിക്കുവാന്‍ ശേഷിയുള്ളതായിരുന്നു. .

"എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ രഞ്ജന്‍... സെക്‌സ് വര്‍ക്കേഴ്‌സും നമ്മളും തമ്മില്‍ ഒരു വ്യത്യാസമേയുള്ളൂ."

"എന്തു വിഡ്ഢിത്തമാണ് പറയുന്നത്...! അവരേയും നമ്മളേയും എങ്ങിനെയാണ് നിനക്ക് താരതമ്യപ്പെടുത്തുവാന്‍ കഴിയുന്നത്.?"

"ജീവിതനിലവാരത്തിന്റെ അളവുതൂക്കമാനദണ്ഡങ്ങള്‍ മാറ്റിവെച്ചാല്‍ ഒരു വ്യത്യാസമേയുള്ളൂ രഞ്ജന്‍.. അവര്‍ ശരീരം വില്‍ക്കുന്നു. നമ്മള്‍ തലച്ചോറും."

"അപ്പോള്‍... ശരീരത്തെ മാത്രമല്ല, നിനക്ക് ചിന്തകളേയും ഉണര്‍ത്താന്‍ കഴിയും.. അല്ലേ ആഞ്ജല."

.................................................................................................

പതിനഞ്ച് വര്‍ഷ കരാര്‍ കാലാവധിയില്‍, പത്തുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ സാമ്പത്തിക പരാധീനതകളെതുടര്‍ന്ന് കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. കരാര്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന തിരിച്ചറിവില്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചു. റിസര്‍ച്ചിന്റെ പകര്‍പ്പവകാശം വേണമെന്ന് രഞ്ജന്‍ ശ്രീവാസ്തവ വാദിച്ചു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് വലിയൊരു തുകയും ചിലവഴിക്കേണ്ടി വന്നു. കോടതിയുടെ അന്തിമവിധി അയാള്‍ക്ക് അനുകൂലമായിരുന്നു. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അടങ്ങുന്ന ഒട്ടനവധി സേഫ്റ്റ് കോപ്പികളും കുറേ റോബോട്ടിക് മാതൃകകളുമല്ലാതെ മറ്റൊന്നും അവശേഷിച്ചിരുന്നില്ല. പരാജിതനെപ്പോലെ മടങ്ങുവാന്‍ ആഗ്രഹിക്കാത്തതിനാല്‍ മറ്റൊരു കമ്പനിയില്‍ താത്കാലിക ജോലി സ്വീകരിച്ചു. അതിനിടയില്‍ റിസര്‍ച്ചിന്റെ ഫലങ്ങള്‍ വ്യാവസായികമായി പ്രയോജനപ്പെടുത്തുവാന്‍ നിക്ഷേപകരെ തേടുകയായിരുന്നു ലക്ഷ്യം.

ഹെയര്‍പിന്‍ വളവുകളിലൊന്നില്‍ ഗൗരവ് ശ്രീവാസ്തവയേയും പത്‌നി മാലിനിയേയും മരണം കാത്തുനിന്നു. തങ്ങളുടെ ഭ്രമണപഥത്തിലേയ്ക്ക് മകന്‍ തിരിച്ചുവരുന്നതും പ്രതീക്ഷിച്ചിരുന്നവരുടെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഇടിച്ചുതെറിപ്പിച്ചു കടന്നുപോയ, അനുവദിച്ചതിലും കൂടുതല്‍ ഭാരം കയറ്റി, ടാര്‍പായകൊണ്ട് മറച്ചിരുന്ന ലോറി അവര്‍ക്ക് ഒരു ഉല്‍ക്കയെപ്പോലെ തോന്നിയിരിക്കാം. അവരുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് വിദേശത്തുനിന്നും തിരിച്ചു വരുമ്പോള്‍ രഞ്ജന് നാല്‍പ്പത്തിനാല് വയസ്സു കഴിഞ്ഞിരുന്നു. ഒരു ഇടവേള ആവശ്യമാണെന്ന തിരിച്ചറിവില്‍ കുറച്ചുകാലം തേയിലത്തോട്ടങ്ങള്‍ക്കു നടുവിലെ മനോഹരമായ വസതിയില്‍ കഴിയാനായിരുന്നു താത്പര്യം. ഹരീഷ് ശര്‍മ്മയാണ് ഒരു വിവാഹത്തിന് നിര്‍ബന്ധിച്ചത്. പക്ഷെ രഞ്ജന്‍ മുന്നോട്ടു വെച്ച നിബന്ധനകള്‍ക്കനുസൃതമായ ഒരു ബന്ധം കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഒരിയ്ക്കല്‍ അദ്ദേഹം അത് സൂചിപ്പിക്കുകയും ചെയ്തു.

"പ്രിയ രഞ്ജന്‍... എനിക്കു തോന്നുന്നത് നിന്റെ ശരീരം മാത്രമാണ് തിരിച്ചെത്തിയിട്ടുള്ളത് എന്നാണ്. നിന്റെ മനസ്സ് ഇപ്പോഴും വിദേശങ്ങളില്‍ തന്നെയാണ്. അതിനെക്കൂടി തിരികെ കൊണ്ടുവരാതെ എന്റെ ശ്രമങ്ങള്‍ വിജയിക്കുമെന്നു തോന്നുന്നില്ല."

"ക്ഷമിക്കണം ശര്‍മ്മാജി.. വിവാഹം എന്ന ആശയവുമായി ഒരു കാലത്തും എനിയ്ക്ക് പൊരുത്തപ്പെടുവാന്‍ കഴിഞ്ഞിട്ടില്ല. താങ്കളുടെ ഉപദേശം ഞാന്‍ നിരാകരിച്ചില്ലെന്നു മാത്രം. ഇപ്പോള്‍ ഞാന്‍ അത് പൂര്‍ണ്ണമായും വേണ്ടെന്നു വെക്കുകയാണ്."

"അങ്ങനെയെങ്കില്‍ എന്താണ് നിന്റെ ഭാവി പരിപാടികള്‍..?"

"എനിയ്ക്ക് എന്റെ സ്വപ്നങ്ങളുമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം.. ഇതെല്ലാം വിറ്റുകിട്ടുന്ന തുക നിക്ഷേപിച്ച് ഒരു ആര്‍ ഏന്റ് ഡി സെന്റര്‍ സ്ഥാപിച്ചാല്‍ കൊള്ളാമെന്നുണ്ട്. "

"ആയിക്കോളൂ... പക്ഷെ... ഇതെല്ലാം കൊടുത്താല്‍ തന്നെ നിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള പണം ലഭിക്കുമോ..? എന്നുറപ്പുണ്ടോ..? ഈ ബംഗ്ലാവ് വില്‍ക്കരുതെന്നാണ് എന്റെ അഭിപ്രായം. എന്നെങ്കിലും തിരിച്ചുവരണമെന്ന് തോന്നിയാല്‍ ജനിച്ചുവളര്‍ന്ന വീടായിരിക്കും ഏറ്റവും ആശ്വാസവും സംതൃപ്തിയേകുന്ന ഒരു ഇടം."

.........................................................................................

പ്രതിമകള്‍ക്കും സ്വപ്നങ്ങള്‍ക്കും ജീവന്‍ നല്‍കാന്‍ സാമ്പത്തിക ശേഷിയും താത്പര്യവുമുള്ള ഒരു ഇന്‍വെസ്റ്ററെ തേടിയുള്ള രഞ്ജന്‍ ശ്രീവാസ്തവയുടെ ഇ-മെയിലുകള്‍ ലോകത്തിന്റെ നാനാഭാഗത്തേയ്ക്കും പ്രവഹിച്ചു. പക്ഷെ പ്രതികരണങ്ങള്‍ ആശാവഹമായിരുന്നില്ല. ആളിപടരുന്ന തീയീല്‍നിന്നും കെട്ടുകൊണ്ടിരിക്കുന്ന തീക്കനലിലേയ്ക്ക് പ്രതീക്ഷകള്‍ രൂപം മാറിക്കൊണ്ടിരിക്കുന്ന തിനിടയിലാണ് കെവിന്‍ പീറ്റേഴ്‌സണ്‍ എന്ന ധനികനായ ഒരു വിദേശി, രഞ്ജന്‍ ശ്രീവാസ്തവയെ തേടി ഇന്ത്യയിലെത്തുന്നത്. ഹരീഷ് ശര്‍മ്മയാണ് അയാളെ രഞ്ജന്റെ വീട്ടിലേയ്ക്കു കൂട്ടികൊണ്ടുവന്നത്. അവരെത്തുന്നതിനു മുമ്പേ, ഇന്റര്‍നെറ്റിലൂടെയും മറ്റു സ്രോതസ്സുകളിലൂടെയും, കെവിന്‍ പീറ്റേഴ്‌സണ്‍ എന്ന മള്‍ട്ടി മില്ല്യണയറെ സംബബന്ധിക്കുന്ന വിവരങ്ങള്‍ രഞ്ജന്‍ ശേഖരിച്ചു കഴിഞ്ഞിരുന്നു.  കെട്ടുപോയിക്കൊണ്ടിരിക്കുന്ന തീക്കനലുകളെ ആളിക്കത്തിക്കുവാന്‍ ഒരു കാറ്റു മതിയായിരുന്നു. കടലുകള്‍ താണ്ടി, സമയത്തിന് വജ്രത്തിന്റെ വിലയുള്ള, ഒരാള്‍ തന്നെ കാണാന്‍ വരിക. തന്റെ പ്രോജക്റ്റുകള്‍ പൊടിതട്ടിയെടുത്ത് തയ്യാറെടുപ്പുകളുമായി അയാള്‍ കാത്തിരുന്നു.

"ഞാന്‍ രുചിച്ചിട്ടുള്ള ചായകളില്‍ ഏറ്റവും സ്വാദിഷ്ടമായത്. "

ചായയ്ക്കു നന്ദി പറഞ്ഞാരംഭിച്ച കെവിന്‍ പീറ്റേഴ്‌സണ്‍, രഞ്ജന്‍ ശ്രീവാസ്തവയുടെ ഭൂതവും വര്‍ത്തമാനവും ഭാവിസ്വപ്നങ്ങളുമെല്ലാം ചോദിച്ചറിഞ്ഞു. നാല്‍പ്പത്തിയേഴാം വയസ്സിലും യുവത്വത്തിന്റെ പ്രസരിപ്പോടെ രഞ്ജന്‍ വാചാലനായി. ആരെയും അസൂയപ്പെടുത്തുന്ന അയാളുടെ അക്കാഡമിക് പ്രൊഫൈല്‍, റിസര്‍ച്ചിലൂടെ വികസിപ്പിച്ചെടുത്ത റോബോട്ടിക് മാതൃകകള്‍, ഉത്പന്നങ്ങള്‍, വീഡിയോകള്‍, പ്രോജക്റ്റുകള്‍, പ്രസന്റേഷനുകള്‍, ബിസിനസ്സ് സാധ്യതകള്‍, സ്വപ്നങ്ങള്‍ എല്ലാം ശ്രദ്ധയോടെ കേട്ടതിനു ശേഷം കെവിന്‍ പീറ്റേഴ്‌സണ്‍ സംതൃപ്തിയോടെ പറഞ്ഞു.

"എന്റെ യാത്ര വെറുതെയായില്ല. താങ്കളെപോലുള്ള ഒരു പ്രതിഭയെയാണ് ഞങ്ങള്‍ തേടികൊണ്ടിരുന്നത്. "

രഞ്ജന്റെ കണ്ണുകളില്‍ പ്രതീക്ഷകളുടെ നാളങ്ങള്‍  ജ്വലിച്ചു. മാതാപിതാക്കളുടെ വേര്‍പാടിനു ശേഷം സന്തോഷത്തിന്റെ നിമിഷങ്ങള്‍ അപൂര്‍വ്വമായിരുന്നു. അവരുടെ ഫോട്ടോകളിലേയ്ക്ക് നോക്കിയാണ് കെവിന്‍ പീറ്റേഴ്‌സണ്‍ സംസാരം തുടര്‍ന്നത്. .

"തീര്‍ച്ചയായും താങ്കളുടെ മാതാപിതാക്കള്‍ അഭിമാനിച്ചിരിക്കണം. താങ്കളെപോലൊരു അസാധാരണ പ്രതിഭാശാലിയ്ക്ക് ജന്മം നല്‍കുവാന്‍ കഴിഞ്ഞതില്‍..താങ്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ എത്ര പണം വേണമെങ്കിലും ചിലവഴിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ... അതിനു പകരമായി..."

"പറയൂ.. എന്താണത്...? എന്റെ റിസര്‍ച്ച് തുടരുന്നതിനായി താങ്കള്‍ മുന്നോട്ടു വെക്കുന്ന ഏതു നിബന്ധനയും സ്വീകരിക്കുവാന്‍ ഞാന്‍ തയ്യാറാണ്."

ആവേശത്തോടെയാണ് രഞ്ജന്‍ ചോദിച്ചത്. കെവിന്‍ പീറ്റേഴ്‌സണിന്റെ മുഖം ഗൗരവമാര്‍ന്നു.

"പറയാം.. വിവാഹിതരായിട്ട് പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും എനിക്കും പത്‌നി സാറായ്ക്കും കുട്ടികളൊന്നും ജനിച്ചിട്ടില്ല. എന്റെ ബീജങ്ങള്‍ക്ക് അതിനുള്ള ശേഷിയില്ലെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. താങ്കള്‍ക്ക് ലഭിച്ചതുപോലെ, നല്ല കാലത്ത് എനിക്കാരും ബുദ്ധി ഉപദേശിച്ചു തന്നതുമില്ല. ഒരു ബീജദാതാവിനെ തേടുന്നതിന്റെ സാധ്യതകള്‍ അന്വേഷിച്ചാണ് ഞാനും സാറായും ലണ്ടനിലെ പ്രശസ്തമായ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലെത്തുന്നത്..."

ശ്രീവാസ്തവയുടെ മുഖത്ത് പുഞ്ചിരിയ്ക്കു പകരം ആകാംക്ഷ സ്ഥാനം പിടിക്കുന്നതു ശ്രദ്ധിക്കാതെ പീറ്റേഴ്‌സണ്‍ തുടര്‍ന്നു.

"..അവിടെയാണ് താങ്കളുടെ പ്രൊഫൈല്‍ കാണാനിടവരുന്നത്. മറന്നുകാണില്ലെന്നു വിശ്വസിക്കുന്നു. യൗവ്വനം കടന്നുപോയാലും പ്രത്യുത്പാദനശേഷി നിലനിര്‍ത്തുന്നതിനുള്ള ഒരു മുന്‍കരുതല്‍ താങ്കള്‍ എടുത്തിരുന്നു. അവിടെ മുന്‍കൂര്‍ പണമടച്ച് സൂക്ഷിച്ചുവെച്ചിട്ടുള്ള ബീജങ്ങളില്‍ നിങ്ങളുടേതുമുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും അവയെല്ലാം ജീവനോടെയും ആരോഗ്യത്തോടയുമാണ് ഇരിക്കുന്നതെന്ന സത്യം എന്നെ ആശ്ചര്യപ്പെടുത്തുന്നു. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൂടി മാത്രമേ അവയ്ക്ക് ജീവന്‍ നിലനിര്‍ത്തുവാന്‍ കഴിയുകയുള്ളൂ എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യവും..."

ശ്രീവാസ്തവ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ തറയിലുറപ്പിച്ച്.

"... സാധാരണഗതിയില്‍ ക്ലിനിക്കുകള്‍ ഇത്തരം വിവരങ്ങള്‍ ആരുമായും പങ്കുവെക്കാറില്ല. ഇക്കാര്യത്തില്‍ ഞാനല്‍പ്പം സ്വാധീനവും പണവും ഉപയോഗപ്പെടുത്തി എന്നതും സമ്മതിക്കുന്നു. ഉയര്‍ന്ന ഐ.ക്യൂ.വും ഓറിയന്റല്‍ ഒറിജിനുമാണ് താങ്കളുടെ ബീജങ്ങളെ തിരഞ്ഞെടുക്കാന്‍ സാറായെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ഞാനിവിടെ എത്തുന്നത്. ഇനി സംസാരിക്കേണ്ടത് താങ്കളാണ് രഞ്ജന്‍."

ഇരുകൈകളിലേയും വിരലുകള്‍ പിണച്ചുപിടിച്ച് തറയിലേയ്ക്ക നോക്കി രഞ്ജന്‍ ശ്രീവാസ്തവ സോഫയില്‍ നിശ്ചലനായി ഇരുന്നു. ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയിരുന്നു സൗജന്യസേവനം. അതേക്കുറിച്ച്  അയാള്‍ മറന്നു പോയിരുന്നു. ലോകത്തിന്റെ മറ്റൊരു മൂലയില്‍, ക്ലിനിക്കല്‍ ഫ്രീസറില്‍ തണുത്തു മരവിച്ചിരിക്കുന്ന ബീജങ്ങള്‍ ഉണരുന്നതായി അയാള്‍ക്കനുഭവപ്പെട്ടു. അവ അയാള്‍ക്കു ചുറ്റും ചോദ്യചിഹ്നങ്ങളെപോല്‍ ഒഴുകി നടക്കുന്നതായും. പക്ഷെ അനുമതി പത്രത്തില്‍ ഒപ്പു വെക്കുമ്പോള്‍ അയാളുടെ കൈകള്‍ വിറച്ചിരുന്നില്ല.

രഞ്ജന്‍ ശ്രീവാസ്തവ ഒരിയ്ക്കല്‍ കൂടി ശാസ്ത്രലോകത്തേയ്ക്ക് മടങ്ങി. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സഞ്ചരിച്ച് റിസര്‍ച്ചില്‍ വ്യാപൃതനായി. അതിനായി പ്രവര്‍ത്തനമാരംഭിച്ച ജെന്‍നെക്‌സ്റ്റ് റോബോട്ടിക്‌സ് എന്ന സ്ഥാപനം, ജപ്പാനില്‍ വേരുകളുള്ള ഒരു പ്രമുഖ കമ്പനിക്കു കൈമാറിയതിനുശേഷം കോടമഞ്ഞിന്റെ കുളിരുള്ള തേയിലതോട്ടങ്ങള്‍ക്കിടയിലെ ബംഗ്ലാവിലേയ്ക്കു തിരികയെത്തുമ്പോള്‍ അയാള്‍ക്ക് പ്രായം അമ്പത്തിയാറ് കഴിഞ്ഞിരുന്നു. അതിനിടയില്‍ രണ്ടു തവണ കൂടി അയാള്‍ ഇന്ത്യയിലെത്തിയിരുന്നു. ഒരിയ്ക്കല്‍ ഹരീഷ് ശര്‍മ്മ മരിച്ചപ്പോഴും പിന്നാടൊരിയ്ക്കല്‍ അദ്ദേഹത്തിന്റെ പത്‌നി കല്‍പ്പനാ ദീദി മരിച്ചപ്പോഴും. പ്രതീക്ഷകളുടെ തീക്കനല്‍ പുകഞ്ഞുകൊണ്ടേയിരുന്നുവെങ്കിലും പിന്നീട് അയാള്‍ തിരിച്ചുപോയതേയില്ല. ശിഷ്ടകാലം വീട് ആശ്രമമാക്കിയുള്ള ഒരു സന്യാസജീവിതമായിരുന്നു. കൂട്ടിന് ഛന്ദന്‍ലാല്‍ എന്ന സഹായിയും.

രഞ്ജന്‍ ശ്രീവാസ്തവയുടെ ബീജഫലമായി, കെവിന്‍ പീറ്റേഴ്‌സണിന്റെ പത്‌നി സാറായില്‍ ജനിച്ച, കെവിന്‍ ജൂനിയര്‍ ഒരിയ്ക്കല്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയിരുന്നു. ആ യാത്രയുടെ ലക്ഷ്യം കിഴക്കിന്റെ സൗന്ദര്യം ആസ്വദിക്കുക എന്നതു മാത്രമായിരുന്നില്ല. മാതാപിതാക്കള്‍ തന്നെയാണ് രഞ്ജന്‍ ശ്രീവാസ്തവയെന്ന ഉറവിടത്തെക്കുറിച്ച്  ആ യുവാവിന് പറഞ്ഞുകൊടുത്തതും. കൗതുകകരമായ ആ സന്ദര്‍ശനത്തിന് സാക്ഷ്യം വഹിച്ചത് അയാളോടൊപ്പമുണ്ടായിരുന്ന കൂട്ടുകാരി ജൂലിയനും, രഞ്ജന്‍ ശ്രീവാസ്തവയുടെ സഹായി ഛന്ദന്‍ലാലും മാത്രം. തന്റെ മാതാപിതാക്കള്‍ക്ക് ബീജങ്ങള്‍ കൈമാറിയ രഞ്ജന്‍ ശ്രീവാസ്തവയെന്ന മനുഷ്യനേക്കാളും കെവിന്‍ ജൂനിയറെ ആകര്‍ഷിച്ചത് അവിടെ കാണപ്പെട്ട, നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത റോബോട്ടിക് മാതൃകകളായിരുന്നു.

"അവിശ്വസനീയം... ഇവര്‍ ശരിക്കും ആധുനിക റോബോട്ടുകളുടെ പൂര്‍വ്വികര്‍ തന്നെ. ഇതുപോലൊന്ന് ഞാന്‍ കണ്ടിട്ടുണ്ട്. ഡിസ്‌നി വേള്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍... നിനക്കതിന്റെ പേരോര്‍മ്മയുണ്ടോ ജൂലിയന്‍..?"

ജൂലിയന്‍ ആ പേര് ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുമ്പോള്‍, ശ്രീവാസ്തവയാണ്‌ മറുപടി പറഞ്ഞത്.

"എനിക്കറിയാം... അവന്റെ പേര് അസിമോ എന്നാണ്."

"അതെ.. അതുതന്നെ.. അസിമോ... അവന്‍ ഒരു മിടുക്കന്‍ റോബോട്ടാണ്.. അവന് സ്വയം ഓടുവാനും ചാടുവാനും കൈകകളുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുവാനും കഴിയും."

അറുപത്തിയേഴ് വയസ്സിന്റെ തിളക്കമുള്ള ഒരു പുഞ്ചിരി സമ്മാനിച്ച്, രഞ്ജന്‍ ശ്രീവാസതവ കട്ടിയുള്ള കണ്ണട ചില്ലുകളിലൂടെ സുന്ദരനായ ആ യുവാവിന്റെ രൂപം സൂക്ഷിച്ചു നോക്കി. ഏറെനേരം. എവിടെയൊക്കെയോ ആ രൂപവും ഭാവങ്ങളും അയാളുടെ ചെറുപ്പകാലത്തെ ഓര്‍മ്മിപ്പിക്കുന്നവയായിരുന്നു. വികാരനിര്‍ഭരമായ നന്ദി പ്രകടനത്തിനുശേഷം വിടപറഞ്ഞ്, ആ യുവാവ് കൂട്ടുകാരിക്കൊപ്പം തിരിച്ചുപോയപ്പോള്‍ ഛന്ദന്‍ലാല്‍ ആകാംക്ഷയോടെ ചോദിച്ചു.

"സാബ്ജി.. അതാരായിരുന്നു.?"

മറുപടി വളരെ പതിഞ്ഞ ശബ്ദത്തിലായിരുന്നു.

"എന്റെ... സൃഷ്ടികളില്‍... ഏറ്റവും മികച്ചത്."

അതു പറയുമ്പോള്‍ അയാളുടെ ചുണ്ടുകള്‍ പതിവിലേറെ വിറച്ചിരുന്നു. കുഴിഞ്ഞ കണ്ണുകള്‍ നിറഞ്ഞിരുന്നു.

റോസിന് പറയാനുള്ളത്.... മിമോസയ്ക്കും.

കുത്തിനോവിക്കുന്ന മുള്ളുകള്‍;
എനിക്കുണ്ടായിരുന്നുവെങ്കിലെന്ന്
വെറുതേയൊന്നു നിനയ്ക്കുക നീ;

എങ്കിലവയാദ്യം തറയ്‌ക്കേണ്ടത്;
ഉളുപ്പില്ലാതെയെന്നെ ചുഴിഞ്ഞുനോക്കിയ;
നിന്റെ കണ്ണുകളിലായിരുന്നു.

പിന്നെയും നോവിയ്‌ക്കേണ്ടത്;
എന്റെ സുഗന്ധമൂറ്റികുടിക്കാനെത്തിയ;
നിന്റെ മൂക്കിന്‍തുമ്പിനെയായിരുന്നു.

ശേഷം തുളച്ചുകയറേണ്ടത്;
ചുംബിച്ചിട്ടും മടങ്ങുവാന്‍ മടിച്ചുനിന്ന;
നിന്റെ ചുണ്ടുകളിലായിരുന്നു.

ഇനിയെങ്കിലും നീയറിയണം.
റോസിന് കുത്തുന്ന മുള്ളുകളില്ലെന്നും
അവളാരെയും നോവിക്കാറില്ലെന്നും.

സുന്ദരിയും സുരഭിലയുമായതിനാല്‍
ഞാനതിലേറെ അഹങ്കാരിയുമായിരിക്കും.
പക്ഷെ... മിമോസ പാവമല്ലേ...?

തൊട്ടാലലിയുന്നവള്‍ പറയുന്നത്;
മുള്ളുകളെല്ലാം ഒളിച്ചുവെച്ചിരിക്കുന്നത്‌;
ചവിട്ടുവാനുയരും പാദങ്ങളിലത്രെ.!!
..............................................................
മിമോസ = തൊട്ടാവാടി. 



ഘടികാരങ്ങളുടെ അടിമകള്‍



"...... അതുകൊണ്ടാണ് ഞാന്‍ പറയുന്നത്,  ജീവിതം ആസ്വദിക്കുവാനും ആഘോഷിക്കുവാനുമുള്ളതാണ്. ഒരിയ്ക്കലും നിങ്ങള്‍ ഘടികാരങ്ങളുടെ അടിമകളായി മാറരുത്. ഒരിയ്ക്കലും സമയബന്ധിതമാകരുത് നിങ്ങളുടെ ജീവിതം. സമയക്രമങ്ങളാല്‍ സ്വയം ബന്ധനസ്ഥരാകാതിരിക്കുവാന്‍ ശ്രമിക്കൂ. സ്വതന്ത്രരാകൂ. ഓം... ശാന്തി... ഓം... ശാന്തി... ഓം... ശാന്തി."

പ്രഭാഷണം കഴിഞ്ഞു. ഗുരുജി എഴുന്നേറ്റു. പരിവാരങ്ങളോടൊപ്പം ആശ്രമത്തിലേക്കു പോയി. പിരിഞ്ഞുപോകുന്ന ഭക്തരില്‍ ഒരാളുടെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായിപ്പോയി.

"നല്ല പ്രഭാഷണമായിരുന്നു... പക്ഷെ, എന്താണ് ഗുരുജി പെട്ടെന്ന് നിര്‍ത്തി കളഞ്ഞത്..?"

അതു കേള്‍ക്കാനിടയായ ഒരു ആശ്രമവാസിയുടെ മറുപടി തികച്ചും നിഷ്‌കളങ്കമായിരുന്നു.

"ഇപ്പോള്‍ അദ്ദേഹത്തിന്റെ പതിവ് ഉച്ചമയക്കത്തിനുള്ള സമയമാണ്. അത് ഗുരുജിയ്ക്ക്‌ വളരെ നിര്‍ബന്ധമുള്ള ഒന്നാണ്. "

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി.

"ചെറുമാ...അറിഞ്ഞിരിക്കുമല്ലോ..?  ഇന്നത്തോടെ നമ്മുടെ ഭരണം, എന്ന് വെച്ചാ രാജഭരണം, അവസാനിക്ക്യാണ്. ഇനിമുതല്‍ ജനാധിപത്യത്തിന്റെ കാലാത്രെ."

ചെറുമനൊന്നും മിണ്ടാതെ ഓച്ഛാനിച്ച് വാതില്‍ക്കല്‍ തന്നെ ഒതുങ്ങിനിന്നു.

"നോം പറഞ്ഞത് ചെറുമന് പിടികിട്ടീല്ല്യാന്ന് തോന്ന്ണൂ. വിശദായിട്ട് പറയാം. അതായത്, നാട്ടുകാരില്‍നിന്ന്, നാട്ടുകാര്‍ക്കുവേണ്ടി, നാട്ടുകാര്‍ തിരഞ്ഞെടുക്കുന്നവരായിരിക്കും, ഇനി ഈ നാട് ഭരിക്ക്യാന്‍ പോണത്. ചുരുക്കി പറഞ്ഞാ ഇവിടുന്നങ്ങോട്ട് ചെറുമനെ ആര് ഭരിക്കണന്ന് ചെറുമന് തീരുമാനിക്കാന്ന്..."

വീണ്ടും മിഴിച്ചു നില്‍ക്കുവാനേ ചെറുമന് കഴിഞ്ഞുള്ളൂ. രാജാവ് ഒന്നു കൂടി വ്യക്തമാക്കി.

"എന്ന് വെച്ചാ നാളെ മുതല്‍ ചെറുമനാണ്... രാജാവെന്നര്‍ത്ഥം."

തിരുമനസ്സിന്റെ നാവു കുഴയുന്നുണ്ടോ. ചെറുമന്റ കണ്ണുകള്‍ അദ്ദേഹത്തിന്റെ മുന്നിലിരിക്കുന്ന പീഠത്തിലേയ്ക്ക ചെന്നു. സായിപ്പ് കൊണ്ടുവന്ന് കൊടുത്തിട്ടുപോയ ചുവന്ന നിറമുള്ള, കയ്പ്പുരസമുള്ള കൃത്രിമ കള്ള്... സേവ തുടങ്ങിയതിന്റെയാകും.

"ഇതകത്തു ചെന്നിട്ട് പറയുന്നതല്ല, ചെറുമാ... അതൊരു സത്യമാണ്... ഇങ്ങോട്ട് അടുത്ത് വര്വാ..."

പുറത്തു നിന്നേ ശീലൊള്ളൂ. ചെറുമന്‍ മടിച്ചുതന്നെ നിന്നു.

"രാജാവാകുമ്പോ കിരീടവും ചെങ്കോലും ഒക്കെ വേണ്ടേ... ദാ... ഇതെല്ലാം ഇനി ചെറുമന്‍തന്നെ വെച്ചോളൂ."

"അടിയന്റെ കൈയ്യീന്ന് ന്തേലും തെറ്റ് പറ്റിയോ... മാപ്പാക്കണം ..."

"തെറ്റ് പറ്റിയത് നമുക്കാണ് ചെറുമാ... ഇത്രേം കാലം, രാജാവാണെന്നും കരുതി സുഖിച്ചങ്ങട് കഴിഞ്ഞു.... സായിപ്പാണ് മിടുക്കന്‍. തൊലി വെളുത്തവന്റെ ബുദ്ധി അപാരം. വര്വാ.. ഇതങ്ങട് വാങ്ങിക്ക്യാ."

രാജാവിന്റെ നീട്ടിപിടിച്ച കൈകളില്‍ കിരീടവും ചെങ്കോലും കണ്ട് ചെറുമന്‍ ഭയന്നു.

"അങ്ങുന്നെ..!!!."

"ന്താ ചെറുമാ... നോം കല്‍പ്പിച്ചാ അനുസരിക്കാന്‍ പറ്റില്ല്യാന്നുണ്ടോ... അധികാരം കൈമാറുന്നത് വരെ നോം തന്നെയാണ് രാജാവ് എന്ന കാര്യം മറക്കണ്ട."

ലഹരിയും ദേഷ്യവും രാജാവിന്റെ കണ്ണുകളെ ചുവപ്പിച്ചതുപോലെ. ചെറുമന്‍ പേടിച്ചു. സേവയ്ക്കിടയില്‍ പലതും പറയാറുണ്ടെങ്കിലും ഇതുപോലെ ആദ്യമായിട്ടാണ്. എന്തായാലും വാങ്ങിക്ക്യന്നെ. ബോധം വരുമ്പോ തിരിച്ചുകൊടുക്കാലോ... അതെല്ലാം ഏറ്റു വാങ്ങുമ്പോള്‍ ചെറുമന്റെ കൈ വിറക്കുന്നുണ്ടായിരുന്നു. കിരീടത്തിനും ചെങ്കോലിനും, അദ്ധ്വാനിച്ചു തഴമ്പിച്ച തന്റെ ബലിഷ്ഠമായ കൈകള്‍ക്കുപോലും താങ്ങാന്‍ കഴിയാത്തത്ര ഭാരമുള്ളതായി ചെറുമന് തോന്നി. രാജാവ് ഒന്നിളകി ചിരിച്ചു.

"ഈ ദിവസം ഓര്‍മ്മ വെച്ചോളൂ ചെറുമാ.. ഇന്നു നിന്റെ പട്ടാഭിഷേകമാണ്. പട്ടാഭിഷേകം."

രാജാവിന്റെ പൊട്ടിച്ചിരി. ഭയപ്പെടുത്തുന്ന ചിരി.

"കാതുകള്‍ കൂര്‍പ്പിക്കൂ.. ചെറുമാ... ശ്രദ്ധിക്കൂ.. അങ്ങകലെ സ്വാതന്ത്ര്യത്തിന്റെ, ജനാധിപത്യത്തിന്റെ പ്രഖ്യാപനം നടക്കുകയാണ്. പൊയ്‌ക്കോളൂ ചെറുമാ.. നിന്റെ കൂട്ടരുമൊത്ത് സന്തോഷം പങ്കുവെക്കൂ. ഇത്രയും കാലം നമ്മുടെ  ആട്ടും തുപ്പും സഹിച്ചതിന് നന്ദി. നാളെ മുതല്‍ ചെറുമന്‍ കൊട്ടാരത്തിലേയ്ക്കു വരണമെന്നില്ല. മറ്റെവിടെയെങ്കിലും പോയി എന്തെങ്കിലും പണിയെടുത്ത് ജീവിച്ചോളൂ.."

മടിച്ചും ഭയന്നും നില്‍ക്കുന്ന ചെറുമനോട് രാജാവ് സ്വരം കടുപ്പിച്ചു.

"ന്താത്രെ ആലോചിക്കാന്‍.. ഉം... പൊയ്‌ക്കോളൂ."

കൊട്ടാരത്തിനു പുറത്തുകടക്കുമ്പോള്‍ ചെറുമന്‍ മനസ്സിലാക്കി. അന്ന് പുറത്താക്കപ്പെട്ടവരില്‍ ഒരാള്‍ മാത്രമാണ് താനെന്ന്.
.......................................................................................................

സഞ്ചിയില്‍ നിന്നും പുറത്തെടുത്ത, തിളങ്ങുന്ന കിരീടവും രാജമുദ്രയോടുകൂടിയ ചെങ്കോലും കണ്ട് വള്ളിയുടെ കണ്ണുകള്‍ പുറത്തേയ്ക്ക തള്ളി.

"ശത്യമാണോ മനുഷ്യാ നിങ്ങളീ പറയണത്.?"

"സത്യം തന്ന്യാടീ. തിരുമനസ്സിനെന്തു പറ്റിയെന്നറിയില്ല്യ. ഞാനാകെ പേടിച്ചുപോയി."

"എനിക്കും പേടിയാവ്ണ്ണ്ട്ട്ടാ..."

"ഇപ്പോ ആരോടും ഒന്നും പറയണ്ടാ... ഇനി ആരെങ്കിലും ചോയ്ച്ചാ തന്നെ കമ്മ്യൂണിസ്റ്റുകാരടെ നാടകത്തിന്ള്ളതാന്ന് പറഞ്ഞാ മതി."

"നിങ്ങളതൊന്ന് വെച്ച് നോക്ക്യേ മന്‍ഷ്യാ."

"ഒന്നങ്ങട് തന്നാണ്ട്‌ല്ലോ."

"ഓ പിന്നെ നിങ്ങള് രാജാവായി കാണാനുള്ള മോഹം കൊണ്ട്വന്നല്ല ഞാന്‍ പറഞ്ഞെ.."

"പിന്നെ.."

"അതോ... നിങ്ങള് രാജാവായാ... പിന്നെ ഞാന്‍ രാജ്ഞിയല്ലേന്ന്.."

"വെര്‍തെ ഒച്ച വെച്ച് രാജകുമാരനെ എണീപ്പിക്കണ്ട.. മിണ്ടാണ്ട് കെടക്കാന്‍ നോക്കീക്കോ നീ."
....................................................................................

രാജാവ് പറഞ്ഞത് ശരിയായിരുന്നു. അടുത്ത ദിവസം കരപ്രമാണിയും കൂട്ടാളികളും കാണാന്‍ വന്നു. ചെറുമന്റെ മുമ്പില്‍ തൊഴുതുനിന്നു. ഏറ്റവും മുന്നില്‍ കരപ്രമാണി തലകുനിച്ചുനിന്നു.

"അടിയനൊരവസരം തരണം. അങ്ങയെയും ഈ നാടിനേയും സേവിക്കുവാന്‍."

ചെറുമന്‍ വള്ളിയെ നോക്കി. വള്ളി ചെറുമനേയും. വിശ്വസിക്കാന്‍ പറ്റ്ണില്ല. രാജാവ് പറഞ്ഞത് സത്യായോ.. ചെറുമന്‍ ശരിക്കും രാജാവായോ.. വള്ളിയുടെ ഒക്കത്തിരുന്ന് മൂക്കൊലിപ്പിക്കുന്ന രാജകുമാരനെ എടുത്തോമനിച്ചുകൊണ്ട്, കരപ്രമാണി ഓര്‍മ്മിപ്പിച്ചു.

"ചര്‍ക്കയാണ് ചിഹ്നം. ഗാന്ധിജിയുടെ ചര്‍ക്ക."

ചെറുമനും വള്ളിക്കും ഒന്നും മനസ്സിലായില്ല. വന്നവര്‍ തിരിച്ചുപോയപ്പോള്‍ വള്ളി ചോദിച്ചു.

"അതേയ്... നിങ്ങള് ശരിക്കും രാജാവായാ... ആ കിരീടോം കൂടി വെച്ച് നിന്നിരുന്നെങ്ങി ഒന്നൂടെ പത്രാസ് ആയേനെ.."

"ഒന്നങ്ങട് തന്നാണ്ടല്ലോ... ഇനീപ്പോ എന്ത് പണിയ്ക്ക പോവുംന്നാലോചിച്ച്‌ നിക്കുമ്പഴാ.."
................................................................................

മണ്ണെണ്ണ വിളക്കിന്റ വെളിച്ചത്തില്‍, പത്താംക്ലാസ്സ് പരീക്ഷയ്ക്ക് രാമു പഠിക്കണതും നോക്കി ചെറുമന്‍ നെടുവീര്‍പ്പിട്ടു. ഈശരന്‍മാരെ.. എന്റെ മോനെങ്കിലും നല്ല നെലേല് എത്താന്‍ പറ്റണെ. അരിയില്‍നിന്നും പുഴുക്കളെ എടുത്ത് കളയുമ്പോള്‍ വള്ളിക്കൊരു സംശയം.

"അതേയ്.. നിങ്ങക്ക് റേശന്‍കട ലാശറേട്ടനോടെങ്കിലും ആ ശത്യം പറയാര്‍ന്നില്ലേ."

"ഏത് സത്യം..?"

"ശരിക്കും നിങ്ങള് രാജാവാന്ന്ള്ള ആ കാര്യം. അയാള്‍ക്കറിയാഞ്ഞിട്ടാകും.. അല്ലെങ്കില്‍ നല്ല അരി തന്നേനെ."

"ഒന്നങ്ങട് തന്നാണ്ടല്ലോ.. ആ ചെക്കന്‍ കുത്തിയിരുന്ന് പഠിക്കണ നേരത്താ നിന്റൊരു തമാശ.."

"എന്റെ മോന്‍ ജയ്ക്കും എനിക്കൊറപ്പാ. മതി കുട്ടാ ഇനി നാളെ പഠിക്ക്യാ.. കഞ്ഞികുടിച്ച് ഒറങ്ങിക്കോ."

നല്ല നിലാവ്. മുറ്റത്തൂടെ ബീഡിയും വലിച്ച് ഉലാത്തുന്ന രാജാവ്. ആ കാഴ്ച കണ്ടപ്പോള്‍ വള്ളിയ്ക്ക് ചിരിയൂറി വന്നു.

"രാജാവേ... പള്ളിയുറക്കത്തിന് നേരായില്ല്യേ.."

ചെറുമന്‍ വേറൊരു ലോകത്തായിരുന്നു.

"നമ്മടെ രാമു ജയ്ക്കും അല്ലേ വള്ള്യേ... ആലോചിക്കുമ്പോ എനിക്ക് കണ്ണ് നെറയ്യാ.."

"ജയ്ക്കുംന്ന് ഞാന്‍ പറഞ്ഞൂന്നേ ഉള്ളൂ.. അവനും ഒറപ്പൊന്നൂല്ല്യ.. ആഗ്രഹ്ണ്ട്.. പക്ഷേങ്കില് മറ്റുകുട്ട്യോള്‍ടെപോലെ പഠിക്ക്യാന്‍ പറ്റ്ണില്ല്യാത്രെ.. ടൂഷനൊക്കെ വിടാന്‍ നമ്മടേല് കാശെവിട്യാ.. ഉസ്‌കൂളിലും അവനെ മറ്റുകുട്ട്യോള്‍ടെ എടേലൊന്നും ഇര്ത്തില്ല്യാത്രെ.. മാറ്റി ഇര്ത്തീട്ടാര്‍ത്രെ പഠിപ്പിക്ക്യാ... അവന് നല്ല വെഷമംണ്ട്... അവര്ക്കറിയില്ല്യാലോ.. അവനൊരു രാജകുമാരനാന്ന്."

വള്ളി കുടിയിലേയ്ക്ക ഓടിക്കയറി. രാജാവിന്റെ തഴമ്പിച്ച കൈ പുറത്തു വീഴും മുമ്പെ.
.....................................................................................................

ചെറുമന്‍ കരയണത് കണ്ട് വള്ളി ചിരിച്ചു. മുപ്പത്തിയൊന്നാമത്തെ വയസ്സിലാണെങ്കിലും രാമുവിന് സര്‍ക്കാര്‍ ഗുമസ്തനായി ജോലികിട്ടിയല്ലോ. കല്യാണം കഴിഞ്ഞ് രാമുവും ഭാര്യയും നഗരത്തിലെ വാടകവീട്ടിലേയ്ക്ക്‌ താമസം മാറ്റിയപ്പോള്‍ ചെറുമനും വള്ളിയും സങ്കടം ഉള്ളിലൊതുക്കി. നല്ല സ്‌കൂളും സൗകര്യങ്ങളുമുള്ള നഗരം. അവനും കുടുംബമെങ്കിലും രക്ഷപ്പെടട്ടെ.

"കയിഞ്ഞ ഓണത്തിന് ഒന്ന് വന്ന് പോയതല്ലേ...  ആ ചെറുതിന്റെ മൊഖം കണ്ണില് കെടന്ന് പാറികളിക്ക്യാ.. നിങ്ങക്കൊന്ന് പോയി കണ്ടൂടെ... ബാങ്കീന്ന് വന്ന ആ നോട്ടീശിന്റെ കാര്യം കൂടി അവനോട്..... എനിക്ക് നടക്കാന്‍ വയ്യാ. ഇല്ല്യങ്കി ഞാനും കൂടി...".

"കുട്ട്യോളെ എനിക്കും കാണണംന്ന്ണ്ട്..  ബാങ്കീന്ന് വന്ന കടലാസ്സിന്റെ കാര്യം പറയണംന്നും. നാളെ ഒന്ന് പോയാലോന്ന് വിചാരിക്ക്യായിരുന്നു. കുടി വിട്ടാ പാടം. പാടം വിട്ടാ കുടി.ബസ്സിലൊന്നും പോയി ശീലല്ല്യ. എന്നാലും ഒന്ന് പോയിനോക്കന്നെ..

ചുമയെ പിടിച്ചുനിര്‍ത്താന്‍ ചെറുമന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഞരമ്പ് തടിച്ച കാല്‍വണ്ണ തിരുമ്മി വളളി നെടുവീര്‍പ്പിട്ടു.
............................................................................................

അകത്ത് കിടക്കാന്‍ രാമു നിര്‍ബന്ധിച്ചെങ്കിലും ചെറുമന്‍ കൂട്ടാക്കിയില്ല.

"ഞാന്‍ പൊറത്ത് എറയത്ത് കെടന്നോളാം. എടക്കിടെ ചൊമ വരും.. വന്നാപിന്നെ നിക്കില്ല്യ.. ഉണ്ണികുട്ടനും നിങ്ങക്കും അത് ശല്ല്യാവും."

നഗരത്തിന്റെ മണം ചെറുമന് തീരെ പിടിച്ചില്ല. ഇവിടെയെന്താ ഇങ്ങനെ..? എല്ലാര്‍ക്കും ഒരു വീര്‍പ്പുമുട്ടല്‍. രാമുവിന്റേയും വിമലയുടേയും വര്‍ത്തമാനത്തിന്റെ ശബ്ദം ഇടയ്ക്കിടെ ഉയരുന്നത് ചെറുമന്‍ ശ്രദ്ധിച്ചു. വരവും ചെലവും കൂട്ടിമുട്ടുന്നില്ല. വയ്യാത്ത കാലുംവെച്ച് വള്ളി കുത്തിയിരുന്നുണ്ടാക്കിയ മധുരമുള്ള ചക്കയട രാമു മാത്രെ തിന്നുള്ളൂ. ഉണ്ണികുട്ടന്‍ തൊട്ടുപോലും നോക്കിയില്ല. എങ്ങിന്യാ തിന്നാ... ടീവില് കാണിക്കണ പലഹാരങ്ങളാ ഇഷ്ടം. ഒന്ന് മനസ്സിലായി. വിമലക്കും ഉണ്ണികുട്ടനും വല്ല്യ വല്ല്യ സ്വപ്നങ്ങളാണ്. അവരുടെ ആശകളും അസംതൃപ്തികളും രാമുവിനെ അസ്വസ്ഥനാക്കുന്നുണ്ടാവണം. ഒരാശ്വാസത്തിനാവണം രാമു ഈയിടെയായി കുടി തൊടങ്ങീട്ടണ്ട്ന്ന്  തോന്ന്ണൂ. ഇടയ്ക്കിടെ രണ്ടുപേരും പരസ്പരം പ്രാകുന്നുണ്ട്. ചെറുമന് പേടി തോന്നി.

പിന്നെയെപ്പോഴോ അകത്തെ മുറിയിലെ രാത്രി നിശബ്ദമായി. പുറത്ത് ഇടക്കിടെ വാഹനങ്ങളുടെ ഇരമ്പല്‍. ചിലയിടങ്ങളില്‍ നായ്ക്കളുടെ കുര. തിരിഞ്ഞും മറിഞ്ഞും എഴുന്നേറ്റിരുന്നും ബീഡി വലിച്ചും ചുമച്ചും  രാത്രി കടന്നുപോയി. പുലര്‍ച്ചെ  ഒന്നു മയങ്ങിപോയെങ്കിലും ചെറുമന്‍ ഞെട്ടിയുണര്‍ന്നു. വിമലയുടെ നെട്ടോട്ടം. രാമുവിന്റെ പ്രാകല്‍. ഉണ്ണികുട്ടന്റെ പരാതികള്‍. ഏഴുമണിയ്ക്ക് സ്‌കൂള്‍ ബസ്സ് വരും. എല്ലാവരും തിരക്കിലാണ്. ചെറുമന്‍ യാത്ര പറഞ്ഞിറങ്ങി. രാമുവിന്റെ മുഖത്ത് എന്തോ ഒരു വിഷമമുള്ളതുപോലെ.. തിരക്കിനിടയില്‍ വിമലയും ഉണ്ണികുട്ടനും ചിരിച്ചുവെന്നു വരുത്തി. ജപ്തി നോട്ടീസ് കാണിച്ചിട്ടെന്തിനാ...? പാവം രാമു.

നഗരത്തില്‍ നിന്നും മടങ്ങുമ്പോള്‍ ചെറുമന്‍ ശ്രദ്ധിച്ചു. എല്ലാ പെണ്ണുങ്ങള്‍ക്കും വിമലയുടെ മുഖച്ഛായ. എല്ലാ ആണുങ്ങള്‍ക്കും രാമുവിന്റെ മുഖച്ഛായ. എല്ലാ കുട്ടികള്‍ക്കും ഉണ്ണികുട്ടന്റെ ഭാവം. ഈ നാടിനെന്തോ പ്രശ്‌നമുണ്ട്. എന്തൊക്കെയോ ആയിത്തീരാന്‍ അവരെ ആരൊക്കെയോ ചേര്‍ന്ന് നിര്‍ബന്ധിക്കുന്നുണ്ട്. കുറ്റപ്പെടുത്തുന്നുണ്ട്. എന്താണെന്നറിയില്ല. ആര്‍ക്കും ഒരു തൃപ്തിയില്ല. ആദ്യം കിട്ടിയ ബസ്സില്‍ ചെറുമന്‍ തൂങ്ങിപിടിച്ചുനിന്നു. ചെറുപ്പക്കാരെ ആരോ മയക്കി കിടത്തിയിരിക്കുകയാണ്. അല്ലെങ്കില്‍ ഒരു വയസ്സന്‍ ഇങ്ങനെ തൂങ്ങിപിടിച്ചുനിന്ന് കഷ്ടപ്പെടുന്നത് അവര്‍ കാണാതിരിക്കുമോ. അയാള്‍ വള്ളിയെ ഓര്‍ത്തു. നാടിന്റെ അവസ്ഥ ഇങ്ങന്യാന്ന് പറഞ്ഞാ, ചെലപ്പോ അവള് ചോദിക്കുമായിരിക്കും.

"നാണാവില്ല്യേ നിങ്ങക്ക്‌.. രാജാവാന്നും പറഞ്ഞ് നടക്കാന്‍... ഭരിക്ക്യാന്‍ അറിയില്ലെങ്ങ്യെ ആ കിരീടോം ചെങ്കോലും വേറെ ആര്‍ക്കെങ്ങിലും കൊടുക്കാര്‍ന്നില്ല്യേ."

വയസ്സന്റെ ചിരി ആരും കണ്ടില്ല. എല്ലാവരും തിരക്കിലായിരുന്നു.
..................................................................................

തിരിച്ച് കൂരയിലെത്തുമ്പോള്‍ വള്ളി കിടപ്പിലായിരുന്നു. അവരുടെ ഞരമ്പുകള്‍ തടിച്ച, നീരുവന്നു വീര്‍ത്ത, കാലുകള്‍ തടവി അയാള്‍ അടുത്തിരുന്നു. വള്ളിയ്ക്ക് നൂറ് നൂറ് ചോദ്യങ്ങളുണ്ടായിരുന്നു. ചെറുമന്റെ കയ്യില്‍ ഒരുപാട് നുണകളും. രാമുവിന്റെയും വിമലയുടേയും ഉണ്ണിക്കുട്ടന്റേയും വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ യാത്രയിലുണ്ടായ ഒരു വിശേഷാനുഭവം പറയാനായിരുന്നു ചെറുമന് തിടുക്കം.

"പട്ടണത്തില് ഒരു ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയപ്പോ ഞാന്‍ ശരിക്കുമൊന്ന് അന്ധാളിച്ചു പോയെന്റെ വള്ള്യേ... ചിത്രതുന്നലുകള്ള്ള തലപ്പാവ് വെച്ച, തോളത്തും കീശേമലും അരപ്പട്ടേലും ഒക്കെ ഏതോ രാജമുദ്രകള്ള്ള നീളന്‍ കുപ്പായമിട്ട ഒരു സേവകനാ ചായ കൊണ്ടുവന്നത്. പണ്ട് തിരുമനസ്സിന് കൊടുക്കാറുള്ളത് പോലെ ചന്തമുള്ള തളികേല് വെച്ചലങ്കരിച്ചാണ് ചായയും വലിയ ദോശയും കൊണ്ടുവന്നത്. അപ്പഴാ ഞാന്‍ ശരിക്കും ഒരു രാജാവാന്ന് തോന്നിയത്."

ആ വിശേഷം കേട്ട്, ആ രംഗം ഭാവനയില്‍ കണ്ട്, വയ്യാഞ്ഞിട്ടും വള്ളി കിടന്നിടത്തു കിടന്ന് കുലുങ്ങി ചിരിച്ചു. അതോര്‍ക്കും തോറും അവര്‍ക്ക് ചിരി പൊട്ടിക്കൊണ്ടേയിരുന്നു.

മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും ധരിച്ച്, തേഞ്ഞരഞ്ഞ ചെരുപ്പുകളുമിട്ട്‌, വിയര്‍ത്തൊലിച്ച് തളര്‍ന്നിരിക്കുന്ന പിച്ചക്കാരനെപോലുളള ഒരു വയസ്സന്‍ രാജാവ്. തലപ്പാവ് വെച്ച്, തോളത്തും കീശേമലും അരപ്പട്ടേലും രാജമുദ്രകള് പതിച്ച നീളന്‍ കുപ്പായമിട്ടു നില്‍ക്കുന്ന രാജാവിനെപോലുള്ള ഒരു സേവകനും. ചിരിയടക്കാന്‍ വള്ളി പാടുപെട്ടു. ചെറുമനും കൂടി ചിരിക്കാന്‍. ഇടയ്ക്കു കയറിവന്ന ചുമ ചെറുമന്റെ ചിരിയെ തടസ്സപ്പെടുത്തി.

"പിന്നെ, അവിടന്നെറങ്ങുമ്പോ വാതിലിന്‍മേ എന്തോ എഴുതി വെച്ചിട്ട്ണ്ടായിര്ന്ന്. പൊറത്ത് നിക്കണ ഒരാളോട് ചോയ്ച്ചപ്പോ ഇംഗ്ലീഷാന്നാ പറഞ്ഞേ. എന്തോ കസ്റ്റമര്‍ന്നോ കിംഗ്‌ന്നോ എന്തൊക്കെയോ പറഞ്ഞു. അതിന്റെ മലയാളം എന്താന്ന് ഞാന്‍ ഒന്നൂടെ ചോയ്ച്ചു. അപ്പോ അയാള് ചിരിച്ചിട്ട് പറയാ...നിങ്ങള് തന്ന്യാ രാജാവ്ന്ന്.... അത് കേട്ടതും എനിക്ക് പേടിയായി. രാജാവ് തന്ന കിരീടത്തിന്റേം മറ്റും കാര്യം അവരറിഞ്ഞു കാണുമോന്ന് ഒരു പേടി. പിന്നെ ആവുന്നത്ര വേഗത്തിലങ്ങട് നടക്കായിരുന്നു. ഓര്‍ക്കുമ്പോ ഇപ്പഴും കെതക്ക്യാ."

വര്‍ത്തമാനങ്ങള്‍ക്കിടയില്‍ വള്ളി പൊടുന്നനെ നിശ്ശബ്ദയായത് ചെറുമന്‍ ശ്രദ്ധിച്ചില്ലായിരുന്നു. ചെറുമന്റെ യാത്ര വിശേഷങ്ങള്‍ മുഴുവന്‍ കേള്‍ക്കുമ്പോഴേയ്ക്കും കണ്ണുകള്‍ തുറന്നുപിടിച്ചുള്ള ഒരു നീണ്ട ഉറക്കത്തിലേയ്ക്ക് വള്ളി വീണുപോയിരുന്നു. ആ കിടപ്പ് കണ്ട് ചെറുമന്‍ കരഞ്ഞു. വികൃതമായി.

വള്ളിയ്ക്ക് പിന്നാലെ കൂരയും പോയി. ജപ്തി കഴിഞ്ഞപ്പോള്‍, ഒരു സഞ്ചിയില്‍ നിറയ്ക്കാന്‍ കഴിയുന്നതെല്ലാം എടുത്ത് ചെറുമന്‍ യാത്രയായി. ചെറുമന്റെ മനസ്സ് പറഞ്ഞു. തിരുമനസ്സിനെ ഒന്നു കാണണം. വയസ്സായി കാണും. പറ്റുമെങ്കില്‍, അന്നുതന്ന കിരീടോം ചെങ്കോലുമൊക്കെ തിരിച്ചുകൊണ്ടുകൊടുക്കേം ചെയ്യാം. സ്വന്തം കൂര പോലും സംരക്ഷിക്കാന്‍ പറ്റാത്ത ഒരു രാജാവിനെന്തിനാ ഈ അലങ്കാരങ്ങളൊക്കെ. വള്ളി മോളിലിരുന്ന് ചിരിക്കണ്ണ്ടാവും.
...............................................................................

"രാജാവിനെ ഒന്ന് കാണാന്‍...?"

"രാജാക്കന്‍മാരുടെ കാലമൊക്കെ കഴിഞ്ഞില്ലേ മാഷെ... പണ്ട് ഇതൊരു കൊട്ടാരമായിരുന്നു. ഇപ്പോ ഇതൊരു മ്യൂസിയമാണ്."

"അപ്പോ രാജാവും കൂട്ടരുമൊക്കെ.?"

"അവര്‍ക്കൊക്കെ നാടുമുഴുവന്‍ സ്വത്തായിരുന്നില്ലേ. പിന്‍തലമുറക്കാര്‍ വേറെ എവിടെയെങ്കിലുമൊക്കെ പോയികാണുമായിരിക്കും."

ചെറുമന്‍ തിരിച്ചുനടന്നു. ചൂട്. ദാഹം. വഴിവക്കിലെ പൈപ്പില്‍നിന്നും വെള്ളം കുടിച്ച്, ക്ഷീണം തീര്‍ക്കാന്‍ അല്‍പ്പനേരം മതിലോരം ചേര്‍ന്നിരുന്നു. മയങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ മുന്നില്‍ കുറച്ചു ചില്ലറനാണയങ്ങള്‍. തൊട്ടടുത്ത് മറ്റൊരു യാചകനും ഇരിപ്പുണ്ട്. അയാളുടെ വരണ്ട ചുണ്ടുകളില്‍ വര്‍ഗ്ഗബോധത്തിന്റെ തളര്‍ന്ന ഒരു പുഞ്ചിരിയും. അതുവഴി കടന്നുപോയ ഒരു കാറില്‍ ഇരുന്നയാളെ ചെറുമന്‍ തിരിച്ചറിഞ്ഞു. അന്നൊരിയ്ക്കല്‍ തന്റെ മുന്നില്‍ തലകുനിച്ചുനിന്ന് അനുഗ്രഹം ചോദിച്ച കരപ്രമാണിയുടെ മകന്‍.

"ആ പോയത് മന്ത്രീടെ കാറാ."

യാചകന്‍ തന്റെ അറിവ് ചെറുമനുമായി പങ്കുവെച്ചു. ചെറുമന്റെ ചുണ്ടുകളില്‍ ഒരു വരണ്ട പുഞ്ചിരി വിടര്‍ന്നു. പാവം. ഒരു രാജാവിനോടാണ് പറയുന്നത്. മന്ത്രിയുടെ കാറാണത്രെ. അന്നാദ്യമായി ചെറുമന്‍ ആ രഹസ്യം വെളിപ്പെടുത്തി..

"പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല... ശരിക്കും ഞാന്‍ ഒരു രാജാവാണ്... ദാ.. ഇതു കണ്ടില്ലേ... കൊറേ കൊല്ലം മുമ്പ്  നാടുവാണിരുന്ന പൊന്നുതിരുമേനി നേരിട്ട് തന്നതാ. "

ചെറുമന്‍ സഞ്ചി തുറന്ന് കിരീടവും ചെങ്കോലും അയാള്‍ക്ക് കാണിച്ചുകൊടുത്തു. ജരാനരകള്‍ക്കിടയിലൂടെ മഞ്ഞപ്പല്ലുകള്‍ കാട്ടി യാചകന്‍ പൊട്ടിച്ചിരിച്ചു. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ശബ്ദം വളരെ താഴ്ത്തികൊണ്ടു പറഞ്ഞു.

"ഞാനും."

ചെറുമന്‍ ഞെട്ടി. കുഴിഞ്ഞ കണ്ണുകളില്‍, പീള കെട്ടിയതുപോലെ, അവിശ്വസനീയത തളം കെട്ടിനിന്നു. ചെറുമന് മാത്രം കാണാവുന്ന വിധത്തില്‍ ഭാണ്ഡം തുറന്നുപിടിച്ചുകൊണ്ട് യാചകന്‍ പറഞ്ഞു.

"ദാ കണ്ടോളൂ..."

അയാളുടെ ഭാണ്ഡകെട്ടിലുമുണ്ടായിരുന്നു. ഒരു കിരീടവും ചെങ്കോലും. .
..............................................................................

ഇടയ്ക്കിടെ വള്ളി വന്ന് ചോദിക്കും.

"പട്ടാഭിശേകം കയിഞ്ഞിട്ട് ഇത്രേം കൊല്ലായില്ലേ മന്‍ഷ്യാ.. ഇനീം എന്തിനാ അതൊക്കെ പൊതിഞ്ഞ് സൂശിച്ച് വെച്ചേക്കണെ... ഒന്നില്ലെങ്ങി വിറ്റ് കള. അല്ലെങ്ങി പണേം വെയ്ക്ക്... അല്ലെങ്ങി പിന്നെ.. അതൊക്കെ പൊറത്തെടുത്ത് ഒന്നങ്ങട് അണിഞ്ഞെ.. ഇനിയെങ്ങിലും
ഞാനൊന്ന് കാണട്ടെ..."

വള്ളി പറഞ്ഞാ ചെറുമന് കേള്‍ക്കാതിരിക്കാന്‍ പറ്റില്ല. ചെറുമന്‍ കീരീടം ധരിച്ചു. മെലിഞ്ഞു ചുളിഞ്ഞ വിരലുകളാല്‍ ചെങ്കോല്‍ മുറുകെ പിടിച്ചു. ഒരു രാജാവിനെപ്പോലെ അട്ടഹസിച്ചു. അതുകണ്ട് വള്ളി ചിരിച്ചു... ചെറുമനും ചിരിച്ചു... അതുവഴി പോയവരെല്ലാം ചിരിച്ചു.

കുഞ്ഞും കിഴവനും

സ്പൂണ്‍ വഴുതി വീഴാറുണ്ട്;
കുഞ്ഞിന്റെ കളമൊഴി.

എന്റെ വിരലുകളില്‍നിന്നും;
കിഴവന്റെ മറുമൊഴി.

അറിയാതെ നനയുമെന്‍ നിക്കര്‍;
ലജ്ജയോടെ കുഞ്ഞ്.

നനയാറുണ്ടെന്റെ കള്‍സറായിയും,
കുണുങ്ങിചിരിച്ച് കിഴവന്‍.

കരയാതിരിക്കാന്‍ കഴിയുന്നില്ലെനിയ്ക്ക്;
കുഞ്ഞിന്റെ ഗദ്ഗദം.

നിറയാറുണ്ടെന്റെ കണ്ണുകളും;
തൊണ്ടയിടറി കിഴവന്‍.

കൂട്ടുകൂടുവാനാരുമില്ലെനിയ്ക്ക്;
വിതുമ്പുന്നു കുഞ്ഞിച്ചുണ്ടുകള്‍.

അറിയാമെനിക്കാവേദനതന്നാഴവും;
തലോടുന്നു ചുളിഞ്ഞവിരലുകള്‍.














(ഷെല്‍ സില്‍വര്‍സ്റ്റീനിന്റെ "ദി ലിറ്റില്‍ ബോയ് ആന്റ് ദി ഓള്‍ഡ് മാന്‍" എന്ന  ആംഗലേയ കവിതയുടെ മലയാള ആവിഷ്‌കാരം.) 

സ്വം

മുദ്രപത്രമഹാസൗഭാഗ്യങ്ങള്‍.
തീറെഴുത്തിന്‍ സത്യവാങ്മൂലങ്ങള്‍;

കാവല്‍ഭൂതങ്ങളെപോല്‍
അതിരുകളിലെ കല്‍കുറ്റികള്‍
തൊടിയിലെ കിണറ്റിലൂറും
തെളിനീരെല്ലാം നിന്റേത്.
വെട്ടിയ മരങ്ങളും നിന്റേത്,
നിരത്തിയ കുന്നുകളും,
നികത്തിയ പാടങ്ങളും,
തടയിട്ട തോടും നിന്റേത്.
അളന്നുതിരിച്ച പറമ്പിലെ;
ഭൂസ്വത്തെല്ലാം നിന്റേത്.

എല്ലാം നിന്റേതുമാത്രമെന്നോ !
നിനക്കുമാത്രം സ്വന്തമെന്നോ !!

നിനക്കു മുകളിലെ മേഘങ്ങള്‍
പെയ്യാന്‍ മടിക്കുമ്പോഴെങ്കിലും,
നീ നട്ടുവളര്‍ത്തിയ പൂന്തോട്ടം
വാടിക്കരിയുമ്പോഴെങ്കിലും,
നിന്റെയാകാശക്കുടയില്‍
ദ്വാരങ്ങള്‍ വീഴുമ്പോഴെങ്കിലും,
നിന്‍തൊടിയിലെയാഴക്കിണര്‍
വറ്റിവരളുമ്പോഴെങ്കിലും,
നിന്റെ നിശ്വാസങ്ങളില്‍
ദുര്‍ഗന്ധം നിറയുമ്പോഴെങ്കിലും,

തിരിച്ചറിയുമോ നീയാമഹാസത്യം;
കല്‍ക്കുറ്റികള്‍ മറയ്ക്കും മഹാസത്യം.

നിന്റെ മതിലുകള്‍ക്കുമപ്പുറം;
നിന്‍നടവഴികള്‍ക്കുമപ്പുറം;
വയലേലകള്‍ക്കും കാടിനും
മലകള്‍ക്കുമപ്പുറത്താണ്;
നീ ജനിച്ച ഗ്രാമത്തിനുമപ്പുറം
നീ വാഴും നഗരത്തിനുമപ്പുറം
രാജ്യാതിര്‍ത്തികള്‍ക്കുമപ്പുറം,
കടലുകള്‍ക്കുമപ്പുറത്താണ്;
നിനക്കുമാത്രമെന്നെഴുതിവെച്ച;
മണ്ണിന്റെയതിരുകളെന്ന സത്യം.

മതിലുകളെയൊക്കെയും താങ്ങും;
മണ്ണിന്‍മാറിടമൊന്നെന്ന മഹാസത്യം.


ഉറങ്ങുന്ന സുന്ദരിയും വെളുത്ത കുതിരകളും.

എസ്‌കേപിസം. അങ്ങനെയും പറയാം. മറ്റൊരു സംതൃപ്തികൂടി അതിലൂടെ ലഭിക്കും. മമ്മിയെ ഒന്നു പേടിപ്പിക്കുകയും ചെയ്യാം. വിവാദത്തില്‍  പെട്ടിരിക്കുന്ന ഒരു പെണ്‍കുട്ടി പെട്ടെന്ന് അപ്രത്യക്ഷമായാല്‍ പേടിക്കാതെ തരമില്ലല്ലോ. അതുകൊണ്ട് ആരോടും പറയാതെയാണ് ഇറങ്ങിപുറപ്പെട്ടത്. പ്രാണവായുപോലെ കൊണ്ടുനടന്നിരുന്ന മൊബൈലും ലാപ്പും ഒന്നും എടുത്തില്ല. അവയൊക്കെ കിട്ടിയതിനുശേഷമാണ് ഞാന്‍ ചീത്തയായി തുടങ്ങിയത് എന്നാണ് മമ്മി വിശ്വസിക്കുന്നത്. കൂടെ കരുതിയത് അത്യാവശ്യം ഡ്രസ്സുകളും പഠിക്കുവാനുള്ള പുസ്തകങ്ങളും മാത്രം. നല്ല ഭംഗിയുള്ള സ്ഥലം. കുളിര്‍മ്മയുള്ള കാലാവസ്ഥയും. ഹോഴ്‌സ് റേസിംഗ് വെന്യുവിനടുത്താണ് ജൂലിയാന്റിയുടെ റോസ്‌വില്ലയെന്നറിയാം.

വെളുത്ത കുതിരയോടൊപ്പം നടന്നുപോകുന്ന, സുമുഖനായ ഒരു നോര്‍ത്തിന്ത്യന്‍ ചെറുപ്പക്കാരന് അഡ്രസ്സ് കാണിച്ചുകൊടുത്തു. താങ്ക്‌സ് പറയുമ്പോഴേയ്ക്കും സ്‌റ്റൈലില്‍ കുതിരപ്പുറത്തു കയറി അയാള്‍ എനിക്കു മുമ്പേ പോയി. നല്ല ഭംഗിയുള്ള വെളുത്ത കുതിര. അയാള്‍ ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുണ്ട്. അടുത്തൊന്നും ആരും ഇല്ലാത്തതുകൊണ്ടാകാം. ആ നോട്ടം അത്ര സുഖകരമായി തോന്നിയില്ല. പ്രത്യേകിച്ചും അപരിചിതമായ ഒരിടത്ത്. ഇടത്തോട്ടുുള്ള വഴിയിലേയ്ക്ക് തിരിഞ്ഞതിനുശേഷം അയാള്‍ അപ്രത്യക്ഷനായി. അയാള്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ എനിക്കും ആ വഴി തന്നെയാണ് പോകാനുള്ളത്. ആ തിരിവിലെത്തിയപ്പോള്‍ ചെറിയ ഒരു ഭയം അനുഭവപ്പെട്ടു. അയാള്‍ അവിടെ കുതിരയെ നിര്‍ത്തിയിരിക്കുന്നു. കാത്തുനില്‍ക്കുന്നതുപോലെ. ഭയം പുറത്തുകാണിക്കാതെ മുന്നോട്ടുതന്നെ നടന്നു. അടുത്തെത്തിയപ്പോള്‍..

"ഹെലോ.?"

മറുപടി കൊടുക്കുന്നതില്‍ തെറ്റില്ല. മുഖമുയര്‍ത്താതെ, നടന്നുകൊണ്ടുതന്നെയാണ് പറഞ്ഞത്.

"യെസ്...!"

"ഐ ഫീല്‍.. ഐ ഹാഫ് സീന്‍ യു സംവേര്‍ ബിഫോര്‍... യുവര്‍ ഗുഡ് നെയിം...? "

ചിരിച്ചുവെന്നു വരുത്തി വേഗം നടന്നു. അയാളുടെ കണ്ണുകള്‍ പിന്‍തുടരുന്നതുപോലെ. തിരിഞ്ഞു നോക്കിയില്ല. ആശ്വാസം. തിളങ്ങുന്ന മാര്‍ബിള്‍ ഫലകത്തില്‍ സ്വര്‍ണ്ണനിറമുള്ള അക്ഷരങ്ങള്‍. "റോസ് വില്ല". തൊട്ടപ്പുറത്തു തന്നെ മറ്റൊരു ബോര്‍ഡുമുണ്ട്. ഡോ. ജൂലിമരിയ, എം.ഡി. സൈക്യാട്രി. വലിയ ഗേറ്റിനോടു ചേര്‍ന്നുള്ള, ചെറിയ ഗേറ്റ് തുറന്ന് അകത്തു കടക്കുമ്പോള്‍ ഒരിയ്ക്കല്‍കൂടി കണ്ടു. ആ കണ്ണുകള്‍ ഇപ്പോഴും പിന്‍തുടരുന്നുണ്ട്. ആന്റി ക്ലിനിക്കിലാണ്. സെമ്പകമെന്ന പേരുളള തമിഴത്തി സെര്‍വന്റ്, ആന്റിയെ ഫോണില്‍ വിളിച്ചു ചോദിച്ച് ഉറപ്പു വരുത്തിയിട്ടേ അകത്തേയ്ക്ക് പ്രവേശനം തന്നുള്ളൂ.
..............................................................................................

നീലേശ്വറുമായുള്ള ബന്ധം മമ്മിയുടെ ശ്രദ്ധയില്‍പ്പെടുന്നതോടെയാണ് കാര്യങ്ങള്‍ പിടിവിട്ടുപോയത്. ഈ ഒളിച്ചോട്ടത്തിന്റെ പ്രധാന കാരണവും അതുതന്നെയാണ്. പ്രണയിക്കുമ്പോള്‍ ലോകം ഒരാളിലേക്കു മാത്രം ചുരുങ്ങുമെന്ന് പറയുന്നത് സത്യം തന്നെ. പലപ്പോഴും ചുറ്റുമുള്ള പലതും മറന്നുപോയി. അതാണ് മമ്മിയ്ക്ക് സംശയത്തിനിട നല്‍കുവാനും പിടിയ്ക്കപ്പെടുവാനും കാരണമായത്. സംഭവിച്ചതെല്ലാം ആന്റിയോട് തുറന്ന് പറയണം. ജൂലിയാന്റി,  മമ്മിയെപോലെ പഴഞ്ചന്‍ ചിന്താഗതിക്കാരിയല്ല. അതിലുമുപരി കാര്യങ്ങളെ പോസിറ്റീവായി സമീപിക്കുന്ന ഒരു വ്യക്തിത്വവുമാണ്.

പക്ഷെ ആന്റി വന്നപ്പോള്‍ നേരം വൈകിയിരുന്നു. എന്റെ അപ്രതീക്ഷിതമായ വരവ് ആന്റിയെ ഒട്ടും അത്ഭുതപ്പെടുത്തിയതായി തോന്നിയില്ല. വളരെ കാഷ്വലായിട്ടുള്ള കുശലാന്വേഷണങ്ങള്‍, കൊച്ചുകൊച്ചു തമാശകള്‍, ക്ലിനിക്കിലെ വിശേഷങ്ങള്‍ എന്നിവയെല്ലാം പറയുന്നതിനിടയില്‍ എന്റെ പ്രശ്‌നം, എങ്ങിനെ അവതരിപ്പിക്കും... ? എവിടെ തുടങ്ങണം... ? എന്നറിയാതെ വിഷമിച്ചു. മാത്രവുമല്ല. അന്ന് ക്ലിനിക്കില്‍ കൗണ്‍സലിംഗിനെത്തിയ ഒരു സ്ത്രീയെക്കുറിച്ച് സംസാരിക്കുവാനാണ്‌ ആന്റി  കൂടുതല്‍ താത്പര്യം കാണിച്ചതും. ആ വിഷയം എന്നെയും ഒരുപാട് സ്പര്‍ശിച്ചതിനാല്‍ മറ്റൊന്നും സംസാരിക്കുവാനും തോന്നിയില്ല.

അന്ന്‌ ആന്റിയുടെ ക്ലിനിക്കില്‍ കൗണ്‍സലിംഗിനെത്തിയ, ആന്റിയുടെ സംസാരത്തിലെ കേന്ദ്രബിന്ദുവായ, സ്ത്രീയുടെ പേര് രത്‌നാബായി എന്നായിരുന്നു. ഒരു മനോരോഗിയായി മാറുമോയെന്ന് അവര്‍ തന്നെ ഭയക്കുന്നു എന്നതാണ് അവരുടെ പ്രശ്‌നം. നല്ല പ്രായത്തില്‍ ഒരു പ്രൊഫണനല്‍ ബിസിനസ്സ് ക്ലാസ്സ് കോള്‍ ഗേളായിരുന്നുവത്രെ. ഇടയില്‍ ഒരു കസ്റ്റമര്‍ക്ക് അവരോട് കലശലായ പ്രേമവും. വിവാഹവും കഴിച്ചു. ഒരു കുഞ്ഞ് ജനിച്ചതിനുശേഷം വേര്‍പിരിയുന്നു. രത്‌നാബായി വീണ്ടും പഴയ പ്രൊഫഷനിലേയ്ക്ക്. തന്റെ പ്രൊഫഷനെക്കുറിച്ച്, മകന്‍ അറിയാതിരിക്കുവാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനായി നന്നേ ചെറുപ്പം മുതല്‍ക്കു തന്നെ അവനെ ബോര്‍ഡിങ്ങുകളിലും ഹോസ്റ്റലുകളിലും താമസിപ്പിച്ചു പഠിപ്പിക്കുന്നു. ഹയര്‍ സെക്കന്‍ഡറി പരീക്ഷ തോറ്റതിനുശേഷം മകന്‍, പഠിപ്പ് നിര്‍ത്തി വീട്ടിലേയ്ക്കു മടങ്ങുന്നു. അതോടെ, രത്‌നാബായി, അവര്‍ താമസിച്ചിരുന്ന പഴയ വീടും സ്ഥലവും ഉപേക്ഷിക്കുന്നു. ഒരു പുതിയ സ്ഥലത്ത്, പുതിയ മനുഷ്യര്‍ക്കിടയില്‍, ഒരു പുതിയ ജീവിതം ആരംഭിക്കുന്നു. മകന്‍ സ്വപ്നങ്ങളേറെയുള്ള, എന്നാല്‍ ലക്ഷ്യബോധം ഒട്ടുമില്ലാത്ത, അലസ യുവത്വം. അവര്‍ തമ്മില്‍ സൗഹൃദസംഭാഷണങ്ങള്‍ പോലും വളരെ കുറവ്. അത്തരം സംഭാഷണങ്ങള്‍ ഒഴിവാക്കുവാന്‍, മകന്‍ മനഃപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് രത്‌നാബായി വിശ്വസിക്കുന്നത്.

ഒട്ടുമിക്ക അമ്മമാരും നേരിടുന്ന പ്രശ്‌നങ്ങള്‍ തന്നെയെന്ന് ആശ്വസിക്കാം. പക്ഷെ... രത്‌നാബായിയെ അലട്ടുന്ന പ്രശ്‌നം തികച്ചും വ്യത്യസ്തമാണ്. അതാണ് ആന്റിയെ കുഴപ്പിക്കുന്നതും എന്നെ ഏറെ ചിന്തിപ്പിച്ചതും.  മകന്‍, അശ്ലീല വീഡിയോകളില്‍ മുഴുകിയിരിക്കുന്നത്, തികച്ചും അപ്രതീക്ഷിതമായി, അവര്‍ കാണുവാനിടയാകുന്നു. മിക്കവാറും രാത്രികളില്‍ അവനത് ശീലമാക്കിയിരിക്കുന്നുവെന്നും മനസ്സിലാക്കുന്നു. ഉപദേശിക്കുവാന്‍ അവര്‍ക്ക് ഭയം. മകന്റെ ഭാവിയെക്കുറിച്ചുള്ള വേവലാതിയേക്കാള്‍, അവരെ ഇപ്പോള്‍ വേട്ടയാടുന്നത്, അവരുടെ ഭൂതകാലമാണ്. ഏതെങ്കിലും രീതിയില്‍ അവരുടെ മുന്‍കാല ജീവിതത്തെക്കുറിച്ച് മകന്‍ അറിഞ്ഞിട്ടുണ്ടാകുമോ ? ഉപദേശിച്ചാല്‍, അവനെന്തെങ്കിലും തിരിച്ചു ചോദിച്ചാല്‍, നല്‍കുവാന്‍ എന്തു മറുപടിയാണുള്ളത്..?, അവന്‍ വഴി തെറ്റിപോകുമോ..?, അതിന് താനായിരിക്കുമോ ഉത്തരവാദി..?, എന്നതൊക്കെയാണ് ഇപ്പോള്‍ അവരെ അലട്ടുന്ന ചോദ്യങ്ങള്‍. എത്ര മറക്കാന്‍ ശ്രമിച്ചാലും ഇന്നലെകള്‍ വിടാതെ പിന്‍തുടരുമെന്നത് എത്ര ശരിയാണ്. കടുത്ത മാനസിക പിരിമുറുക്കത്തില്‍നിന്നും എങ്ങിനെയാണ് അവര്‍ക്ക് മുക്തി നേടുവാന്‍ കഴിയുക...? ആന്റിക്ക് എങ്ങനെയാണ് അവരെ സഹായിക്കുവാനാകുക...? തുടങ്ങിയ എന്റെ സംശയങ്ങള്‍ക്കുള്ള മറുപടി, ആന്റിയുടെ സ്ഥായീഭാവമായ പുഞ്ചിരി മാത്രം.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചിന്തിക്കുകയായിരുന്നു. എന്റെ വരവിനെക്കുറിച്ച് ആന്റി ഒന്നും ചോദിച്ചില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. ഞാനിവിടെ എത്തിയിട്ടുണ്ടെന്ന് മമ്മി ഇതിനോടകം അറിഞ്ഞിരിക്കുമെന്നത് ഉറപ്പാണ്. ഒരുപക്ഷെ, പപ്പയും മമ്മിയും ജൂലിയാന്റിയോട് സംഭവിച്ചതൊന്നും മുഴുവനായും പറഞ്ഞിട്ടില്ലായിരിക്കാം. എത്ര നിഷേധിച്ചാലും ന്യായീകരിച്ചാലും അവഗണിച്ചാലും ചില എതിര്‍പ്പുകള്‍ മനസ്സിനെ ശല്ല്യപ്പെടുത്തി കൊണ്ടേയിരിക്കും. പിടിക്കപ്പെട്ടതിനുശേഷം പഠിക്കുവാന്‍ മാത്രമല്ല, ശരിക്കൊന്നുറങ്ങുവാന്‍ പോലും കഴിയുന്നില്ല. പ്രണയം ഇത്രമാത്രം സങ്കീര്‍ണ്ണമാണെന്ന് ഇതുവരെ കരുതിയിരുന്നില്ല. ഉറക്കം വരാതായപ്പോള്‍ എഴുന്നേറ്റിരുന്ന് കുറച്ചുനേരം പഠിക്കാന്‍ ശ്രമിച്ചു. ഏറ്റവും ഫലപ്രദമായ ഉറക്കഗുളികകള്‍, പഠിക്കുവാനുള്ള പുസ്തകങ്ങളാണെന്നാണ് ഈയിടെയായി അനുഭവം.
.................................................................................................

മലനിരകളിലെ പ്രഭാതങ്ങള്‍ക്ക് ഒരു കാവ്യഭംഗിയുണ്ട്. റോസ് വില്ലയുടെ ബാല്‍ക്കണിയില്‍, കോടമഞ്ഞിന്റെ തണുപ്പില്‍, നീലാകാശവും വെളുത്ത മേഘങ്ങളും ഇരുണ്ട പച്ചപ്പും കരിനീല മലനിരകളും ചേര്‍ന്നൊരുക്കുന്ന, അപൂര്‍വ്വസുന്ദരമായ ഈ പശ്ചാത്തലത്തില്‍ അലിഞ്ഞുചേര്‍ന്നു നില്‍ക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെ. അവിടെ നിന്നാല്‍ തൊട്ടടുത്തുള്ള ഹോഴ്‌സ് റേസിംഗ് വെന്യുവും കാണാം. പരിശീലനം നടത്തുന്ന കുതിരകളേയും അവയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന കൗബോയ് സ്‌റ്റൈല്‍ മനുഷ്യരേയും.

അക്കൂട്ടത്തില്‍, എന്നെ ഏറ്റവും ആകര്‍ഷിച്ചത്, നെറ്റിയില്‍ കറുത്ത ചുട്ടിയുള്ള ഒരു വെളുത്ത കുതിരയാണ്, അതിനെ നിയന്ത്രിക്കുവാന്‍ കഷ്ടപ്പെടുന്ന, നീല ക്യാപ്പണിഞ്ഞ യുവാവും സുന്ദരനാണ്. അവന്റെ മുഖം പരിചിതമായി തോന്നി.  ആ കുതിരയും. കഴിഞ്ഞ ദിവസം അഡ്രസ്സ് പറഞ്ഞു തന്നയാള്‍ തന്നെ. കുതിരയോടിക്കുവാന്‍ പഠിക്കുന്നതേയുള്ളൂ എന്നു തോന്നുന്നു. അവസരം കിട്ടുമ്പോഴെല്ലാം എന്റെ ശ്രദ്ധയാകര്‍ഷിക്കുവാനും അവന്‍ വളരെയധികം പരിശ്രമിക്കുന്നുണ്ടായിരുന്നു. നീലേശ്വറുമായി അടുക്കുന്നതിനു തൊട്ടുമുമ്പുവരെ അത്തരം നോട്ടങ്ങള്‍ ഞാന്‍ ആസ്വദിച്ചിരുന്നു. സാഹചര്യം അനുകൂലമെങ്കില്‍ ആരാധകരെ നിശബ്ദമായി പ്രോത്സാഹിപ്പിക്കാറുമുണ്ടായിരുന്നു. കണ്ണുകള്‍, മലനിരകള്‍ക്കു മുകളിലൂടെ ഒഴുകിനീങ്ങുന്ന മേഘങ്ങളിലേയ്ക്കും പിന്നെ ആന്റിയിലേയ്ക്കും പറിച്ചുനട്ടു. മുടിയിഴകള്‍ ചെവിക്കു മുകളിലേക്കൊതുക്കി വെച്ച്, കണ്ണടയ്ക്കു പുറകിലെ നിണ്ടുവിടര്‍ന്ന കണ്ണുകളാല്‍, ആന്റി, എന്റെ കണ്ണുകളിലേയ്ക്കും റേസിംഗ് വെന്യുവിലേയ്ക്കും  മാറി മാറി നോക്കുന്നുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാം. എവിടെനിന്ന് തുടങ്ങണം എങ്ങിനെ തുടങ്ങണം എന്ന് ചിന്തിക്കുമ്പോഴാണ് ആന്റിയുടെ ചോദ്യം

"നീ കുതിരകളെ തന്നെയല്ലേ നോക്കുന്നത്.?"

ആന്റിയുടെ കണ്ണുകളില്‍, എന്താ എന്റെ സംശയം ശരിയല്ലേ, എന്നൊരു കുസൃതിയും ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. നീലതൊപ്പിവെച്ച സുന്ദരന്റെ നോട്ടങ്ങള്‍ ആന്റിയും ശ്രദ്ധിച്ചിരിക്കുന്നു. തത്കാലം നിഷേധം കൊണ്ടു പ്രതിരോധിക്കാം. ഈയിടെയായി ചമ്മലുകള്‍ അലങ്കാരങ്ങളാണല്ലോ.

"ഏയ്... അല്ലല്ല... ഞാന്‍ മലനിരകളുടെ ഭംഗിയാണ് നോക്കികൊണ്ടിരുന്നത്."

"ആണോ..? അത് മലകളായിട്ടാണോ നിനക്കു തോന്നുന്നത് ?"

"അല്ലാതെ പിന്നെ..?"

"ഗ്രോ അപ് ഗേള്‍... ഗ്രോ അപ്... തിങ്ക് ലൈക്ക് എ വുമണ്‍."

ഞാന്‍ സംശയത്തോടെ നോക്കി. ആന്റി വീണ്ടും ചിരിച്ചു.

"ദേ ആര്‍ നോട്ട് മൗണ്ടന്‍സ് ഡിയര്‍... ദേ ആര്‍ ബ്രെസ്റ്റ്‌സ്... ബ്യൂട്ടിഫുള്‍ ബ്രെസ്റ്റ്‌സ് ഓഫ് ലേഡി എര്‍ത്ത്.... മലകളുടെ നിറുകകളല്ല,  മേഘങ്ങളുടെ തലോടലേറ്റ് ഉണര്‍ന്നെഴുന്നു നില്‍ക്കുന്ന, നിര്‍വൃതിയിലുറഞ്ഞുപോയ, മുലകണ്ണുകളാണവ. ജസ്റ്റ് ലൈക് ഇറക്റ്റഡ് നിപ്പിള്‍സ്. "

ഉപമ കൊള്ളാം. പക്ഷെ, എനിക്ക് ചിരിക്കുവാന്‍ കഴിയുന്നില്ല.

"ഈ മലനിരകള്‍ക്ക് ഒരു ഇരട്ടപേരുണ്ട്. നീ കേട്ടിട്ടുണ്ടോ...? "

എന്റെ തോളെല്ലുകള്‍ ഉയര്‍ന്നു താഴ്ന്നു. അറിയില്ലെന്നര്‍ത്ഥത്തില്‍.

"സ്ലീപിംഗ് ലേഡി മൗണ്ടന്‍. ഉറങ്ങുന്ന സുന്ദരിയെന്നാണ് ഈ മലനിരകള്‍ അറിയപ്പെടുന്നത്. മേഘങ്ങള്‍ തഴുകികൊണ്ടിരിക്കുന്നത് അവളെയാണ്. തഴുകലില്‍നിന്നും ആരംഭിച്ച് ആലിംഗനത്തിലേക്ക് എത്തിച്ചേരുന്നതുപോലെ, ചിലപ്പോഴെല്ലാം മേഘങ്ങളുടെ കൈകകള്‍ ഒരു പുതപ്പുപോലെ, അവളെ പുല്‍കി മറയ്ക്കുന്നതും ഞാന്‍ കാണാറുണ്ട്. മഴമേഘങ്ങളുടെ ഞരമ്പുകളിലൂടെ മിന്നല്‍പിണരുകള്‍ പടരുന്നതും, നിശ്വാസങ്ങളുടെ കാറ്റിനു വേഗതയേറുന്നതും, ഒടുവില്‍, ആര്‍ത്തലച്ച്, അവളില്‍ പെയ്തിറങ്ങുന്നതും കാണാറുണ്ട്. ആ നനവിലായിരിക്കണം, അവളുടെ മെയ്യില്‍. കുളിരില്‍ എഴുന്നുനില്‍ക്കുന്ന നനുത്ത രോമങ്ങളെപോലെ, പുല്‍നാമ്പുകള്‍ കിളിര്‍ത്തത്. കാലങ്ങളായി അവളില്‍ പൂത്തുലഞ്ഞുകൊണ്ടിക്കുന്ന രോമാഞ്ചമായിരിക്കണം, താഴ്‌വരയിലെ കാടുകള്‍. ദിവ്യവും വന്യവുമായ ഒരു പ്രണയമാണത്. ദി മോസ്റ്റ് ഇറോട്ടിക് സീന്‍ ഐ ഹാവ് എവര്‍ സീന്‍."

മലയെ മുലയായും മലയുടെ നിറുകയെ ഒരു മുലക്കണ്ണായും സങ്കല്‍പ്പിക്കുമ്പോള്‍...

നീലേശ്വറിന്റെ വിരലുകള്‍ക്കും മേഘങ്ങളുടെ തണുപ്പായിരുന്നു. മടിയില്‍ തലചായ്ച്ച്‌, അവന്റെ കൈകളുടെ കുസൃതികളില്‍ അലിഞ്ഞ്, ഒന്നും അറിയാത്തതുപോലെ, ആകാശത്തില്‍ ഒളിമിന്നുന്ന നക്ഷത്രങ്ങളിലേയ്ക്ക് നോക്കി കിടക്കുകയായിരുന്നു.

"ഏയ്.... സെലിന്‍..."

ആന്റിയുടെ വിളിയില്‍ ഞെട്ടിയുണര്‍ന്നു. ശരീരമാകെ ഉണര്‍ന്നിരിക്കുന്നതുപോലെ. കൈതണ്ടയിലെ രോമങ്ങള്‍ എഴുന്നുനില്‍ക്കുന്നു. നീലേശ്വറിന്റെ കൈകളെ തട്ടിമാറ്റി, മുഖത്ത് മിന്നിമറയുന്ന നാണത്തിന്റെ അളവ്, ആന്റിക്കുകൂടി സ്വീകാര്യമായ അളവില്‍ ക്രമീകരിക്കുവാന്‍ ശ്രമിച്ച്, വിളറിയ ചിരിയോടെ പറഞ്ഞു.

"റൈറ്റ് ആന്റി. ഇറ്റ്‌സ് റിയലി എ ബ്യൂട്ടിഫുള്‍ കോണ്‍സെപ്റ്റ്."

"ഉംം... കോണ്‍സെപ്റ്റ് വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടുവെന്ന്, നിന്റെ ചുവന്നുതുടുത്ത മുഖംതന്നെ വിളിച്ചുപറയുന്നുണ്ട്. എന്തിനാണൊരു ചമ്മല്‍... പ്രണയത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍, ശരീരവും മനസ്സും പ്രതികരിക്കുന്നത് സ്വാഭാവികമല്ലേ...? "

അവിടെ എനിക്കു പിടിവിട്ടുപോയി. ഞാന്‍ കരഞ്ഞുപോയി. അതുവരെ തടുത്തുനിര്‍ത്തിയതെല്ലാം കുത്തിയൊഴുകി. ഒരു കുഞ്ഞിനെപോലെ ആന്റിയെന്നെ ചേര്‍ത്തുപിടിച്ചു.

"എലിസബത്ത് വിളിച്ചിരുന്നു. എന്നോടെല്ലാം പറഞ്ഞു... സ്‌നേഹിക്കരുതെന്നോ... ആ പയ്യനെ മറക്കണമെന്നോ ഞാന്‍ പറയുന്നില്ല. പക്ഷെ പഠിക്കണം. ഓര്‍മ്മകളെ തത്കാലത്തേയ്ക്ക് അകറ്റിനിര്‍ത്തണം. ജീവിതം വിജയിക്കുമ്പോള്‍ മാത്രമാണ് പ്രണയവും വിജയിക്കാറുള്ളത്."

കണ്ണുകളും കവിളുകളും തുടച്ച് ചിരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു.

"ഐ ലൗ ഹിം സോ മച്ച് ആന്റി... ഇറ്റ് ജസ്റ്റ് ഹാപ്പന്‍ഡ്. വി വേര്‍ ജസ്റ്റ്..... അല്ലാതെ മമ്മി പറയുന്നതുപോലെ..."

"ലീവ് ഇറ്റ്... ഫോര്‍ഗെറ്റ് ഇറ്റ്."

റൂമിലേയ്ക്ക്‌ മടങ്ങുന്നതിനു മുമ്പ്, ഹോഴ്‌സ് റേസിംഗ് വെന്യുവിലേയ്ക്ക് വെറുതെ ഒന്നുകൂടി നോക്കി. നീലതൊപ്പിവെച്ച നോര്‍ത്തിന്ത്യന്‍ സുന്ദരന്‍, അവന്റെ വെളുത്ത കുതിരയെ, താഴ്‌വരയിലെ മരച്ചുവട്ടില്‍ കെട്ടിയിടുവാനുള്ള ശ്രമത്തിലാണ്. അതിനിടയിലും അയാളുടെ കണ്ണുകള്‍ എന്നിലേയ്ക്കു തന്നെയാണ് നീളുന്നത്.
......................................................................................

ആന്റിയോട് സംസാരിച്ചതിനുശേഷം അല്‍പ്പം ആശ്വാസം തോന്നിയെങ്കിലും, നീലേശ്വറെ മറക്കുവാന്‍ കഴിയുന്നില്ല. പ്രണയത്തെ അകറ്റി നിര്‍ത്തുവാനും.  പഠിക്കുവാനും കഴിയുന്നില്ല. ഷവറില്‍നിന്നും പെയ്ത ചെറുമഴയില്‍ നനഞ്ഞു കുളിരുമ്പോള്‍, മലകളില്‍ പെയ്തിറങ്ങുന്ന മേഘങ്ങളുടെ പ്രണയമോര്‍ത്തു. ശരീരത്തിലൂടെ ഒഴുകിപരക്കുന്ന നീര്‍ച്ചാലുകള്‍ നീലേശ്വറിന്റെ കൈകളേയും ചുണ്ടുകളേയും ഓര്‍മ്മിപ്പിച്ചു. പിന്നെ ഒരുപാട് നേരം, ശരീരം തണുത്തുവിറയ്ക്കുവോളം കരഞ്ഞിരുന്നു. ഒന്നും വേണ്ടായിരുന്നു. മറ്റുള്ളവരുടെ മുമ്പില്‍ അചഞ്ചലയായി അഭിനയിക്കുകയും ഒറ്റയ്ക്കിരിക്കുമ്പോള്‍ മതിവരുവോളം കരയുകയും ചെയ്യുക എന്നത് കുട്ടിക്കാലം തൊട്ടേയുള്ള ശീലമാണ്.

ഒരു ഔട്ടിംഗെന്നേ ആന്റി പറഞ്ഞുള്ളൂ. ചെറിയൊരു ഷോപ്പിംഗും പുറത്തുനിന്ന് ഭക്ഷണവും. ആദ്യം പോയത് പള്ളിയിലേയ്ക്കാണ്. അവിടെ വെച്ചും അയാളെ കണ്ടുമുട്ടി. പരിചിതനെപ്പോലെ അയാള്‍ ചിരിച്ചു. ആന്റി കേള്‍ക്കെതന്നെ ആ വാചകം തന്നെ ആവര്‍ത്തിച്ചു.

"ഹായ്... സ്റ്റില്‍ ഐ ഫീല്‍... ഐ ഹാഫ് സീന്‍ യു സംവേര്‍ ബിഫോര്‍..."

ഒന്നും പറയാതെ ഒഴിഞ്ഞുമാറി. പക്ഷെ ആ കണ്ണുകള്‍ വിടാതെ പിന്‍തുടരുന്നുണ്ട്. അയാളില്‍നിന്നും സുരക്ഷിതമായ അകലത്തിലേയ്ക്കു മാറിയപ്പോള്‍ ആന്റി തമാശയോടെ ചോദിച്ചു.

"ഇവിടെയും നിനക്ക് ആരാധകരുണ്ടോ ?"

വഴി ചോദിച്ചതും അയാളുടെ കണ്ണുകള്‍ പിന്‍തുടരുന്നതുമെല്ലാം പറഞ്ഞപ്പോള്‍ ആന്റി വീണ്ടും ചിരിച്ചു. മുമ്പെവിടെയും അയാളെ കണ്ടുമുട്ടിയതായി ഓര്‍ക്കുന്നില്ല. എന്തായിരിക്കും അയാളുടെ ഉദ്ദേശ്യം.? മടങ്ങുമ്പോഴും അയാളെ കുറിച്ചാണ് ചിന്തിച്ചത്. ആന്റിയോടത് പറയുകയും ചെയ്തു.

"എവിടേക്കാണ് വ്യതിചലിക്കുകയെന്ന് പ്രവചിക്കുവാന്‍ കഴിയാത്ത ഒരു പ്രതിഭാസമാണ് മനസ്സ്. അയാളുടെ കണ്ണുകള്‍ തേടുന്നതെന്തെന്ന് ഇപ്പോള്‍ നീയും അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു. ഇറ്റ്‌സ് എ കൈന്‍ഡ് ഓഫ് റെസിപ്രൊക്കേഷന്‍. അനാവശ്യമായ ചിന്തകളെ പിന്‍തുടരരുതെന്നാണ് എന്റെ ഒരു പേഴ്‌സണല്‍ ഒപീനിയണ്‍."

ശരിയാണ്. എന്നെ പിന്‍തുടരുന്നത് അയാളുടെ കണ്ണുകളാണെങ്കില്‍, ഇപ്പോള്‍ അയാളെ പിന്‍തുടരുന്നത് എന്റെ ചിന്തകളാണ്. അയാളെ ചിന്തകളില്‍നിന്നും പുറത്താക്കി, ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ആന്റി ഒരു സ്ത്രീയെ കാണിച്ചുതന്നത്.

"ഞാനന്നു പറഞ്ഞ സ്ത്രീയില്ലേ.. ഒരു രത്‌നാബായി. അവരെകണ്ടാല്‍ ശരിക്കും, ദാ... അങ്ങേയറ്റത്തിരിക്കുന്ന ആ സ്ത്രീയേപോലിരിക്കും."

തടിച്ചു സുന്ദരിയായ ഒരു സ്ത്രീയെയായിരുന്നു ആന്റി കാണിച്ചു തന്നത്.

"അവര്‍ വീണ്ടും വന്നിരുന്നു. എന്റെ കൗണ്‍സലിംഗൊന്നും ഫലിക്കുന്ന ലക്ഷണമില്ല. അവരുടെ മകന്റെ കണ്ണുകള്‍ ഇപ്പോള്‍ വൃത്തികേടുകള്‍ മാത്രമേ കാണുന്നുള്ളൂവെന്ന്. മറ്റുള്ളതൊന്നും കാണുന്നില്ലത്രേ. ഇറ്റ്‌സ് ഹൈ ടൈം... ഐ ഹാവ് റ്റു ഡു സംതിംഗ്."

..................................................................................

കേട്ടുപരിചയം മാത്രമുള്ള ഒരു സ്ത്രീയാണെങ്കിലും, രത്‌നാബായിയെ അഡ്മിറ്റ് ചെയ്തുവെന്നു കേട്ടപ്പോള്‍ മനസ്സൊന്നു വിഷമിച്ചു. ആദ്യം മുതലേ ആ സ്ത്രീയോട് വല്ലാത്ത സഹതാപം തോന്നിയിരുന്നു. ആന്റിയുടെ ക്ലിനിക്കില്‍ ഇതുവരെ പോയിട്ടില്ല. കൂടെ വന്നോട്ടെ എന്നു ചോദിപ്പോള്‍ ആന്റി സന്തോഷപൂര്‍വ്വമാണ് പ്രതികരിച്ചത്.

"വൈ നോട്ട്... ഇന്നുതന്നെ വന്നോളൂ. വേഗം റെഡിയായിക്കോളൂ."

ക്ലിനിക്കെന്നാണ് ആന്റി വിശേഷിപ്പിക്കാറെങ്കിലും. അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉണ്ട്. ആന്റിയോടൊപ്പം രത്‌നാബായിയുടെ മുറിയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഒന്നു ഞെട്ടി. അഡ്രസ്സ് പറഞ്ഞുതന്ന നോര്‍ത്തിന്ത്യന്‍ ലുക്കുള്ള സുന്ദരന്‍ അവിടെയും. എന്നെ പിന്‍തുടരുന്ന കണ്ണുകളുടെ ഉടമ. ഹോഴ്‌സ് റേസിംഗ് വെന്യുവിലെ സ്ഥിരം ആരാധകന്‍... അയാള്‍ ഇവിടെയും. വീണ്ടും അതേ ചോദ്യം ചോദിക്കുമോ.? എന്നെ കണ്ടപ്പോള്‍ അയാളും ഒന്നു ഞെട്ടിയതുപോലെ. രത്‌നാബായി തലയിണയില്‍ തല ചായ്ച്ച് മലര്‍ന്നു കിടക്കുകയാണ്. അന്നു ഹോട്ടലില്‍വെച്ചു ആന്റി കാണിച്ചുതന്ന സ്ത്രീയെപ്പോലെതന്നെ. തടിയുണ്ട്. മുഖം സുന്ദരമെങ്കിലും വിഷാദത്തിന്റെ നിഴല്‍. ആന്റിയെ കണ്ടതും അവര്‍ ചെറുതായിട്ടൊന്നു ചിരിച്ചു.

"ഗുഡ് മോണിംഗ് രത്‌നാ... ഹൗ യു ഫീല്‍ നൗ..?"

അവര്‍ ചിരിച്ചുവെങ്കിലും, ആന്റിയുടെ ചോദ്യത്തിന് മറുപടിയൊന്നും പറഞ്ഞില്ല. ആന്റിയും അത് പ്രതീക്ഷിച്ചില്ലെന്നു വേണം കരുതുവാന്‍. തുടര്‍ന്നും ആന്റി തന്നെയാണ് സംസാരിച്ചത്.

"നതിംഗ് റ്റു വറി. എവരിതിംഗ് ഈസ് ഗോണ്ണാ ബി ഓള്‍ റൈറ്റ്... ബൈ ദി വേ.. ഹൂ ഈസ് ഹി...?"

അയാളെക്കുറിച്ചാണ് ചോദ്യം... മറുപടിയും അയാള്‍ തന്നെ പറഞ്ഞു.

"ഐയാം.. ഛന്ദന്‍... ഹേര്‍ സണ്‍."

അപ്പോള്‍ അതാണ് കക്ഷി. രത്‌നാബായിയുടെ പോണ്‍ അഡിക്റ്റായ മകന്‍. വൃത്തികെട്ടവന്‍. മുമ്പെവിടെയോ കണ്ടിട്ടുണ്ടെന്നും പറഞ്ഞ് പിന്നാലെ കൂടിയതിന്റെ ഉദ്ദേശം വേറൊന്നുമല്ല. പ്രായത്തേക്കാള്‍ വലുപ്പമുള്ള ശരീരം. ഒപ്പമുള്ള നഴ്‌സിനോട് എന്തോ പറഞ്ഞിട്ട് ആന്റി ഛന്ദനു നേരെ തിരിഞ്ഞു.

"ഓ.. ഛന്ദന്‍... ഐ ആം ഹാപ്പി ദാറ്റ് യു കം... ഇഫ് യു ഡോണ്ട് മൈന്‍ഡ് പ്ലീസ് കം റ്റു മൈ കണ്‍സള്‍ട്ടിംഗ് റൂം."

"യെസ് ഡോക്ടര്‍.."

പുറത്തേക്കിറങ്ങുവാന്‍ തുടങ്ങിയ എന്നോട് ശബ്ദം താഴ്ത്തിയാണ് ആന്റി പറഞ്ഞത്.

"കുറച്ചു നേരം രത്‌നാബായിയുടെ അടുത്തിരിക്കൂ. ജസ്റ്റ് ഫോര്‍ എ കമ്പനി സെയ്ക്ക്. പേടിക്കാനൊന്നുമില്ല.ആന്റിയിപ്പോ വരും."

ചിരിച്ചുകൊണ്ട് തലയാട്ടിയെങ്കിലും, ആന്റിയും ഛന്ദനും നഴ്‌സും പോയിക്കഴിഞ്ഞപ്പോള്‍, ശരിക്കും പേടിതോന്നി. രത്‌നാബായി ആത്മാര്‍ത്ഥമായി ചിരിക്കുന്നതുപോലെ. ചിരിച്ചുവെന്നു വരുത്തി. അവര്‍ പേര് ചോദിച്ചു. എന്തു ചെയ്യുന്നുവെന്ന് ചോദിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ മറുപടി കൊടുത്തു. ഇംഗ്ലീഷിലായിരുന്നു സംസാരം. അവരെന്റെ കൈയ്യില്‍ പിടിച്ചു. എന്റെ സൗന്ദര്യത്തെ പുകഴ്ത്തി. തമാശകള്‍ പറഞ്ഞു. അത്ഭുതം തോന്നി. ഈ സ്ത്രീയ്ക്ക് ഒരു മാനസിക പ്രശ്‌നമുള്ളതായും തോന്നിയില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ ആന്റിയും നഴ്‌സും ഛന്ദനും  തിരികെ വന്നു. രത്‌നാബായിയോട് യാത്ര പറഞ്ഞ് തിരിയുമ്പോള്‍, ഛന്ദന്‍, വീണ്ടും ആ വാചകം തന്നെ ആവര്‍ത്തിച്ചു.

"ട്രസ്റ്റ് മി... ഐ ഹാവ് സീന്‍ യു ബിഫോര്‍.  ബട്ട് ഐ ജസ്റ്റ് കാണ്ട് റിമമ്പര്‍... വേര്‍.. ഓര്‍ വെന്‍..."

"യു ആര്‍ റൈറ്റ് ഛന്ദു... മീ റ്റൂ..."

മറുപടി പറഞ്ഞത്, അയാളുടെ അമ്മ രത്‌നാബായിയാണ്. അവരും അതുതന്നെ പറഞ്ഞത് എന്നെ ഞെട്ടിച്ചു. എന്നെ നോക്കി വാത്സല്യത്തോടെ ചിരിക്കുമ്പോഴും രത്‌നാബായി എന്തോ ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു. വളരെ പെട്ടെന്നാണവര്‍ പറഞ്ഞത്.

"യെസ്.. ഛന്ദു.. യെസ്... ഐ ഹൈവ് സീന്‍ ഹേര്‍ ഇന്‍ യുവര്‍ കംപ്യൂട്ടര്‍......"

പറയാന്‍ തുടങ്ങിയത് അവര്‍ മുഴുവനാക്കിയില്ല. അരുതാത്തതെന്തോ പറഞ്ഞുപോയതുപോലെ, അവര്‍ പാതിയില്‍ നിര്‍ത്തി. അവരുടെ ചുണ്ടുകള്‍ കമ്പ്യൂട്ടര്‍ എന്ന വാക്കിന്റെ "ട്ടര്‍" എന്ന അക്ഷരങ്ങളില്‍തന്നെ തട്ടി നില്‍ക്കുകയാണ്. അവരുടെ മുഖം ശരിക്കും വിളറുന്നുണ്ട്. അതിനേക്കാളേറെ വിളറുന്നത് ഛന്ദന്റെ മുഖമാണ്. ആന്റിയുടെ മുഖത്തും അവിശ്വസനീയതയും ഞെട്ടലും നിഴലിക്കുന്നുണ്ട്. നഴ്‌സിനു മാത്രം ഒന്നും മനസ്സിലാകാത്തതുപോലെ..

എല്ലാവരുടെ നോട്ടങ്ങളും എന്നിലേയ്ക്ക കേന്ദ്രീകരിക്കുന്നതുപോലെ... ആ മുറിയില്‍ നിന്നും അതിവേഗം പുറത്തുകടന്നു. കംപ്യൂട്ടറില്‍..! സ്ഥിരം അശ്ലീല വീഡിയോകള്‍ ആസ്വദിക്കുന്ന, അയാളുടെ കമ്പ്യൂട്ടറില്‍..!!. എന്നെയും.!!!. കരച്ചിലോ.. വെറുപ്പോ.. ഉള്ളില്‍ നിറയുന്നത് ഏത് വികാരമാണെന്ന് തിരിച്ചറിയുവാനാവാതെ, ഓടുന്നതുപോലെയാണ്  നടന്നത്. നീലേശ്വര്‍ അത്രയും വൃത്തികെട്ടവനായിരുന്നുവോ... അവനു ഞാന്‍ നല്‍കിയതെല്ലാം അവന്‍ ലോകത്തിനും... ഇനിയെങ്ങിനെ... ആന്റിയെ അഭിമുഖീകരിക്കും.. മമ്മിയെ... പപ്പയെ.. ലോകത്തെ... ജീവനോടെ ഇല്ലതാകുന്നതുപോലെ.

ആന്റിയുടെ കണ്‍ള്‍ട്ടിംഗ് റൂമിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന് ടേബിളില്‍ തലചായ്ച്ചിരുന്നു. നീലേശ്വറിനോടല്ല.. ഏറ്റവുമധികം വെറുപ്പ് തോന്നുന്നത് എന്നോടുതന്നെയാണ്. എവിടേയ്ക്കാണൊന്നു രക്ഷപ്പെടുക. ആന്റിയുടെ കൈ ചുമലില്‍ സ്പര്‍ശിച്ചതും, പിടിച്ചുനിര്‍ത്തിയതെല്ലാം കുമിളപോലെ പൊട്ടിയതും, ഒരുമിച്ചായിരുന്നു. മുഖമുയര്‍ത്തിയില്ല. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ വികൃതമായി കരഞ്ഞു. ആശ്വസിപ്പിക്കുവാന്‍ ആന്റി തുനിഞ്ഞില്ല. കരച്ചിലിനോളം ആശ്വാസം തരുന്ന മറ്റെന്താണുള്ളതെന്ന് ചോദിക്കാറുള്ളത് ആന്റി തന്നെയാണല്ലോ.

തകര്‍ന്നുപോയ എന്നെ ആശ്വസിപ്പിക്കുവാന്‍,  ആന്റി കൊണ്ടുപോയത് വീട്ടിലേയ്ക്കായിരുന്നില്ല. പ്രകൃതിസുന്ദരമായ ഒരു ആത്മഹത്യാ മുനമ്പിലേയ്ക്കാണ്. മഞ്ഞുമൂടി നില്‍ക്കുന്ന ഇരുണ്ട ആഴങ്ങള്‍ക്കു മുന്നില്‍ ഒന്നും പറയാതെ സിമന്റ് ബെഞ്ചില്‍ ആന്റിയോടൊപ്പം. എത്ര കരഞ്ഞിട്ടും തീരുന്നില്ല. ഓര്‍ക്കുന്തോറും തികട്ടുകയാണ്.. എന്നോടുതന്നെ തോന്നുന്ന വെറുപ്പ്.

നീലേശ്വറൊടൊപ്പം പ്രണയം പങ്കിടുന്ന സുന്ദരനിമിഷങ്ങളിലൊന്നില്‍, പിടിക്കപ്പെട്ടപ്പോള്‍, എല്ലാവരുടേയും മുന്നില്‍, ഒരു വൃത്തികെട്ട ജന്തുവിനെപോലെ നില്‍ക്കേണ്ടി വന്നപ്പോള്‍, ഒരു വേള ആത്മഹത്യയെകുറിച്ചും മരണത്തെകുറിച്ചുമെല്ലാം  ചിന്തിച്ചിരുന്നു. പക്ഷെ, ഇന്നല്ലെങ്കില്‍ നാളെ, നീലേശ്വറിന്റേയും എന്റേയും പ്രണയം എല്ലാവരും അംഗീകരിക്കുമെന്നും, അതോടെ എല്ലാം കെട്ടടങ്ങുമെന്നും പ്രതീക്ഷിച്ചു. പക്ഷെ മരണത്തിന്റെ കൈകള്‍ക്ക്  ആശ്വസിപ്പിക്കുവാന്‍ കഴിയുമെന്ന ഒരു വിശ്വാസം ഇപ്പോള്‍ വളരുവാന്‍ തുടങ്ങിയിരിക്കുന്നു.

"ഒന്നുകില്‍, ലോകത്തിനു മുന്നില്‍ തോല്‍ക്കുവാന്‍ മനസ്സില്ലാത്തതുകൊണ്ട്, അല്ലെങ്കില്‍ ജീവിച്ചിരിക്കുന്നവരെ തോല്‍പ്പിക്കുവാന്‍.... ഓരോ ആത്മഹത്യക്കു പിന്നിലും ഇതിലേതെങ്കിലുമൊരു വാദഗതി കാണുമായിരിക്കും... അല്ലേ സെലിന്‍...?"

മൗനമെന്ന മറുപടി തന്നെയായിരിക്കും ആന്റി പ്രതീക്ഷിച്ചിരിക്കുക.  ആ ചോദ്യത്തിനുള്ള ഉത്തരവും ആന്റി തന്നെ പറഞ്ഞു.

"പക്ഷെ.... രണ്ടും ന്യായീകരിക്കുവാന്‍ കഴിയില്ല...  തോല്‍ക്കുവാന്‍ മനസ്സില്ലാത്തവര്‍ക്ക് എങ്ങിനെയാണ് കീഴടങ്ങുവാനാവുക, അതും ഭീരുത്വത്തിന്റെ പ്രതീകമായ, മരണത്തിന്റെ മുമ്പില്‍.... വേദനിപ്പിക്കുന്ന ഓര്‍മ്മകളിലൂടെ ജീവിച്ചിരിക്കുന്നവരെ തോല്‍പ്പിക്കുവാനുമാവില്ല, മറവിയുടെ ഒറ്റമൂലി ഉള്ളിടത്തോളം കാലവും."

തളര്‍ന്നിരിക്കുമ്പോള്‍ ആന്റിയുടെ കൈ തോളിലമരുന്നതറിഞ്ഞു.

"സെലിന്‍...  പ്രണയമെന്നത് വളരെ ഇന്ററസ്റ്റിംഗായിട്ടുള്ള, ഇന്‍വൈറ്റിംഗായിട്ടുള്ള ഒരു ഗെയിമാണ്. വിശേഷാല്‍ സഹൃദയരായ എല്ലാവര്‍ക്കും. പക്ഷെ... അറ്റ് ദി എന്‍ഡ് ഓഫ് ദി ഗെയിം... ചിലപ്പോള്‍ ജയിക്കാം. ചിലപ്പോള്‍ തോല്‍ക്കാം. ചിലപ്പോള്‍ ഒരു സമനിലയില്‍ അവസാനിപ്പിക്കേണ്ടിയും വന്നേക്കാം. ചിലപ്പോള്‍... നിര്‍ഭാഗ്യവശാല്‍, പരിക്കേറ്റ് പുറത്താകുവാനും മതി. അതിനെ അതിന്റേതായ അര്‍ത്ഥത്തിലും വ്യാപ്തിയിലും ഉള്‍ക്കൊള്ളുവാനുള്ള സ്പിരിറ്റ് വേണം. അതില്ലാതെ കളിക്കാനിറങ്ങുന്നവരാണ് ഒടുവില്‍ ഇത്തരം ആത്മഹത്യാ മുനമ്പുകളില്‍ എത്തിച്ചേരുക. പരാജയം ഇഷ്ടപ്പെടാത്തവര്‍ ഒരിയ്ക്കലും കളിക്കാന്‍ പാടില്ലാത്ത ഗെയിമാണ് പ്രണയം."

"നീലേശ്വര്‍  ഉപേക്ഷിച്ചാല്‍പോലും എനിക്കിത്ര വേദന തോന്നില്ലായിരുന്നു ആന്റി. തോല്‍ക്കുന്നത് അവന്റെ മുന്നില്‍ മാത്രമല്ലല്ലോ... ലോകത്തിന്റെ മുന്നിലല്ലേ.. ?"

"ആരു പറഞ്ഞു നീ ലോകത്തിന്റെ മുന്നില്‍ തോറ്റുവെന്ന്. മണ്ടൂസെ.. രത്‌നാബായി, അവരുടെ മകന്റെ കമ്പ്യൂട്ടറില്‍ നിന്നെ കണ്ടുവെന്ന് പറഞ്ഞത് സത്യമാണ്. രണ്ടുവര്‍ഷം മുമ്പ് നീയഭിനയിച്ച സ്‌കൂള്‍ ഡ്രാമയിലെ കിടിലന്‍ സീനാണ് അവര്‍ കണ്ടുവെന്നു പറയുന്നത്. ആരോ അത് മൊബൈലില്‍ പകര്‍ത്തി യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടിരുന്നതാണ്. അല്ലാതെ നീ കരുതുന്ന പോലെ ഒന്നും അവര്‍ കണ്ടിട്ടില്ല. പിന്നെ അവര്‍ പകച്ചത് എന്തുകൊണ്ടാണെന്നോ.? മകനറിയാതെയാണ് അവന്റെ കമ്പ്യൂട്ടര്‍ അവര്‍ പരിശോധിക്കാറുള്ളത്. മകന്‍ ഞെട്ടിയതിന്റെ പിന്നിലെ രഹസ്യവും വേറൊന്നല്ല. അവന്റെ കമ്പ്യൂട്ടര്‍ രഹസ്യങ്ങള്‍ അമ്മയ്ക്കറിയില്ല എന്നതായിരുന്നു അതുവരെയും അവന്റെ വിചാരം."

വിശ്വസിക്കുവാനാവാതെ, വിടര്‍ന്ന കണ്ണുകളോടെ, ആന്റിയെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ആ വാക്കുകള്‍ പകര്‍ന്ന ആശ്വാസം കുറച്ചൊന്നുമായിരുന്നില്ല. വീണ്ടും കണ്ണുകള്‍ നിറയുന്നു. കുറച്ചുനേരത്തേയ്ക്ക് ഞങ്ങളൊന്നും സംസാരിച്ചില്ല. ആശ്വാസത്തിന്റെ ആ ഷോക്കില്‍നിന്നും ഞാന്‍ മുക്തയായപ്പോള്‍ ആന്റി വീണ്ടും ചോദിച്ചു.

"കൊച്ചുകുട്ടിയായിരിക്കുമ്പോള്‍, നീ ചെയ്തിട്ടുള്ള ചെറിയൊരു മണ്ടത്തരം കൂടി ഞാന്‍ പറയട്ടേ..? '

ആകാംക്ഷയോടെ മൂളി.

"അന്ന് നിനക്ക്  ഏകദേശം മൂന്ന് വയസ്സേ കാണൂ എന്നാണെന്റെ ഓര്‍മ്മ. അടുത്ത വീട്ടിലെ ലതികേച്ചി അവരുടെ ഒരു വയസ്സുള്ള കുഞ്ഞുവാവയുമായി നമ്മുടെ വീട്ടില്‍ വന്നു. കുഞ്ഞുവാവ ഉറങ്ങിയപ്പോള്‍, ഉറങ്ങികിടക്കുയായിരുന്ന നിന്റെ കൂടെ, നിന്റെ ബെഡ്ഡിലാണ് കിടത്തിയത്. തൊട്ടപ്പുറത്തെ വീട്ടിലെ ചേട്ടന് ഷോക്കേറ്റുവെന്ന് കേട്ട് എല്ലാവരും കൂടി അങ്ങോട്ടേയ്ക്ക് ഓടിപ്പോയി. ഇതിനിടയില്‍ കുഞ്ഞുവാവ ഉണര്‍ന്നു കരയാന്‍ തുടങ്ങി. നീയും ഉണര്‍ന്നു. നീ വീളിച്ചിട്ട് ആരും കേള്‍ക്കുന്നില്ല. തിരിച്ചുവന്ന ലതികേച്ചി വന്നു നോക്കിയപ്പോള്‍ എന്താണ് കണ്ടതെന്നോ... കുഞ്ഞുവാവ കരയാതിരിക്കാന്‍ നീയതിനെ നിന്റെ മുല കുടിപ്പിക്കാന്‍ നോക്കുന്നു."

അയ്യേ... അങ്ങനെ സംഭവിച്ചിരിക്കുമോ...? നനഞ്ഞ കണ്ണുകളിലെ സംശയവും നാണവും പരിഭവവും ആന്റി കണ്ടിരിക്കണം.

" അന്ന് നീ പറഞ്ഞത് എന്താണെന്നോ...?  എന്റിനാ എല്ലായും ചിയ്ച്ചണെ.. ഉണ്ണ്യോള് കയ്ഞ്ഞാ പിന്നെ ഉമ്പായി കൊക്കണ്ടെ.. അന്ന് ഞങ്ങള്‍ എത്രമാത്രം ചിരിച്ചെന്നോ."

അറിയാതെ ചിരിച്ചുപോയി. ഞാനും.

"എല്ലാവര്‍ക്കും ഉണ്ടാവും അങ്ങനെയുള്ള ചില മണ്ടത്തരങ്ങളുടെ കഥകള്‍. പക്ഷെ അന്നത്തെ സാഹചര്യം, മാനസികാവസ്ഥ, പക്വത, പ്രായം അതെല്ലാം പരിഗണിക്കുമ്പോള്‍ അന്ന് ചെയ്തതെല്ലാം ശരിതന്നെയായിരിക്കും. വളരുമ്പോള്‍, തിരിച്ചറിവുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അവയെല്ലാം തെറ്റായും മണ്ടത്തരങ്ങളായും മാറുന്നത്. ഇന്ന് നീ ഗൗരവത്തോടെ ചെയ്യുന്ന പലതും നാളെ നിന്നെപോലും ലജ്ജിപ്പിച്ചുവെന്നു വരും. രത്‌നാബായി തന്നെ ഒരു എക്‌സാംപിളാണ്. നിന്റെ ഇതേ പ്രായത്തില്‍, പോക്കറ്റ് മണിക്കുവേണ്ടി തുടങ്ങിയ ഒരു കുട്ടിക്കളിയാണ് ഇന്ന് രത്‌നാബായിയുടെ ഉറക്കം നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നത്. ഓരോ പ്രായത്തിലും നമുക്ക് തോന്നും നാം വളര്‍ന്നുകഴിഞ്ഞുവെന്ന്. സ്വയം ന്യായീകരിക്കുന്ന വെറും തോന്നലാണത്."

ആകാശം കൂടുതല്‍ തെളിമയാര്‍ന്നിരിക്കുന്നതുപോലെ. മലനിരകള്‍ക്കും വൃക്ഷങ്ങള്‍ക്കും പ്രസന്നതയുടെ പച്ചപ്പ്.  ഒരു നവോന്‍മേഷം ഇളംകാറ്റുപോലെ ഹൃദയത്തിന്റെ ഉള്ളറകളിലേയ്ക്ക പടര്‍ന്നു കയറുന്നതുപോലെ. കുറച്ചുനേരം കൂടി അവിടെതന്നെയിരുന്നു.. പഠിക്കണം. നന്നായി പഠിക്കണം. എല്ലാ പരാജയങ്ങളുടെയും കറയകറ്റാന്‍ ഒരു വിജയം മാത്രം മതിയെന്നാണ് ആന്റിയുടെ മതം.
..............................................................................................

അതിരാവിലെ ഉണര്‍ന്നു. നന്നായി പഠിച്ചു. കണ്ണുകള്‍ കഴച്ചപ്പോള്‍ ബാല്‍ക്കണിയിലേയ്ക്കു ചെന്നു. മേഘങ്ങളുടെ പ്രണയം തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. നേര്‍ത്ത മഞ്ഞു പുതച്ചുറങ്ങുന്ന സുന്ദരിയുടെ മുലക്കണ്ണുകള്‍ എഴുന്നുതന്നെ നില്‍ക്കുന്നു. കുളിരില്‍ എഴുന്നു നില്‍ക്കുന്ന രോമങ്ങള്‍ പോലെ താഴ്‌വരയിലെ മരങ്ങള്‍. സുന്ദരിയുടെ മാറിടങ്ങള്‍ക്കിടയിലൂടെ എത്തിനോക്കുന്ന വെളിച്ചത്തിന്റെ ഒറ്റകണ്ണ്. ജീവിതത്തിലെ ഏറ്റവും നല്ല പ്രഭാതങ്ങളിലൊന്ന്. സ്വര്‍ണ്ണനൂല്‍കമ്പികള്‍പോലെ നൂഴ്ന്നിറങ്ങുന്ന വെയില്‍നാളങ്ങള്‍. ചായയുടെ സുഗന്ധം. ആന്റിയാണ്. പതിവുപോലെ ഹോഴ്‌സ് റേസിംഗ് വെന്യുവില്‍ കുതിരയോട്ടക്കാരുടെ പരിശീലനം തുടങ്ങിയിരിക്കുന്നു. നെറ്റിയില്‍ കറുത്ത ചുട്ടിയുള്ള വെളുത്ത കുതിരയെയും നീലത്തൊപ്പിക്കാരനായ സുന്ദരനെയും മാത്രം കാണുന്നില്ല.

"ആ വെളുത്ത കുതിരയെ മാത്രം കാണുന്നില്ലല്ലോ ആന്റി...?"

ചുടുചായ ഊതി കുടിക്കുന്നതിനിടയില്‍, കണ്ണടകള്‍ ഒന്നുകൂടി ഉറപ്പിച്ചുവെച്ച്, കണ്ണുകള്‍ ഹോഴ്‌സ് റേസിംഗ് വെന്യുവിലേയ്ക്ക് ഫോക്കസ് ചെയത് ആന്റി പറഞ്ഞ വാക്കുകള്‍ക്ക്  ഭാരം കൂടുതലായിരുന്നു.

"നെറ്റിയില്‍ കറുത്ത ചുട്ടിയുള്ള വെളുത്ത കുതിരകളെ പോലെയാണ് കണ്ണുകള്‍..."

പാതിയില്‍ നിര്‍ത്തിയ വാചകം, എന്റെ അംഗലാവണ്യം അളന്നുഴിഞ്ഞുനോക്കികൊണ്ടാണ്, ആന്റി മുഴുമിപ്പിച്ചത്.

"ചില രാജാക്കന്‍മാര്‍ ലോകം കീഴടക്കുവാന്‍ കുതിരകളെ അഴിച്ചുവിടാറില്ലേ... അതുപോലെ, ഛന്ദുവും, അവന്റെ കണ്ണുകളെ, സൗന്ദര്യത്തിന്റെയും സുഖങ്ങളുടേയും സാമ്രാജ്യങ്ങള്‍ കീഴടക്കുവാന്‍  കെട്ടഴിച്ചു വിട്ടിരിക്കുയായിരുന്നു. ...രത്‌നാബായി പറഞ്ഞിരുന്നു. ഈയിടെയായി മകന് ഹോഴ്‌സ് റേസിംഗിലാണത്രെ കമ്പം. വലിയ ജോക്കിയാവാനുള്ള പരിശീലനത്തിലാണത്രെ. പാവം അവന്റെ അമ്മ എത്രമാത്രം തുന്നല്‍ വര്‍ക്കുകള്‍ ചെയ്തിട്ടാണ് ജീവിക്കുവാനുളള വരുമാനം കണ്ടെത്തുന്നതെന്ന് അവനറിയുന്നുണ്ടായിരുന്നില്ല. അമ്മ ഹോസ്പിറ്റലില്‍ അഡ്മിറ്റായതോടുകൂടി അവന്റെ എല്ലാ കളികളും നിന്നു. നേരത്തിന് ഭക്ഷണമില്ല. ആവശ്യത്തിന് പോക്കറ്റ് മണിയില്ല. ഇപ്പോള്‍ അമ്മയെന്നു വെച്ചാല്‍ എന്തൊരു സ്‌നേഹാ... എന്താ ഒരു കെയര്‍... ഫുള്‍ ടൈം അമ്മയുടെ അടുത്താണ്. പകല്‍ സമയങ്ങളില്‍ അമ്മ തുന്നിവെച്ചിരുന്ന കമ്പിളി വസ്ത്രങ്ങള്‍ വില്‍ക്കുവാനും പോകുന്നുണ്ട്. സുഖിച്ചുനടക്കാന്‍ കാശില്ലാതെ പറ്റില്ലല്ലോ..."

"റിയലി... "

"അതേടി പെണ്ണെ.. ശരിക്കും പറഞ്ഞാല്‍ രത്‌നാബായിക്ക് ഒരു അസുഖവുമില്ല. അവനെ ഒരു പാഠം പഠിപ്പിക്കുവാനുള്ള ഒരു ശ്രമമെന്ന നിലയിലാണ് അവരെ അഡ്മിറ്റാക്കാന്‍  ഞാന്‍ തീരുമാനിച്ചത്. അവനോട് പറഞ്ഞു. അവന്റെ അമ്മ ഒരു കടുത്ത വിഷാദരോഗിയായി മാറികൊണ്ടിരിക്കുകയാണെന്ന്. സ്‌നേഹത്തിനും കരുതലിനും മാത്രമേ അവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയൂവെന്ന്. അങ്ങനെയാണ് ഞാന്‍, ഛന്ദുവിന്റെ, നെറ്റിയില്‍ കറുത്ത ചുട്ടിയുള്ള വെളുത്ത കുതിരകളെ, അവന്റെ അമ്മയ്ക്കരികിലേയ്ക്ക് തിരിച്ചയച്ചത്. നിന്നെപോലെ തന്നെയാണവനും. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ശരീരമുണ്ടെന്നു മാത്രം. ബുദ്ധിയും ബോധവും ഒട്ടുമില്ല. പാവം രത്‌നാബായി... ഉള്ളുനിറയെ സന്തോഷിക്കുമ്പോഴും, പുറമേയ്ക്ക് വിഷാദരോഗം അഭിനയിച്ചു കിടക്കുകയാണ്. ഇപ്പോള്‍ രത്‌നാബായി പറയുന്നത്, കുറച്ചുനാള്‍ കൂടി ക്ലിനിക്കില്‍ കഴിയാനനുവദിക്കണം എന്നാണ്. സ്‌നേഹത്തിന്റേയും കരുതലിന്റേയും സുഖം."

ആന്റിയെ മുറുക്കെ കെട്ടിപ്പിടിച്ചൊരുമ്മ വെച്ചു.

"നെറ്റിയില്‍ കറുത്തചുട്ടിയുള്ള വെളുത്ത കുതിരകളെ, ഇനിയും ആരെങ്കിലുമൊക്കെ കെട്ടഴിച്ചുവിടും. മനോഹരമായ മലകളും താഴ്‌വാരങ്ങളും നിറഞ്ഞുനില്‍ക്കുന്ന നിന്റെ സാമ്രാജ്യം കീഴടക്കുവാനും. ഹൃദയത്തിന്റെ താഴ്‌വരയില്‍ അവയെ കെട്ടിയിടാതിരിക്കുന്നതാണ് നല്ലത്... ഒരിയ്ക്കല്‍ കെട്ടിയിട്ടാല്‍ പിന്നീട് ഒരു യുദ്ധം തന്നെ ചെയ്യേണ്ടി വന്നേക്കും. അതുകൊണ്ട്  വേഗം ചെന്ന്, നല്ല സുന്ദരിക്കുട്ടിയായി പഠിക്കാന്‍ നോക്ക്. വൈകീട്ട് നമുക്ക് രണ്ടുപേര്‍ക്കും കൂടി മുലപ്പാല്‍ ഒഴുകിപരക്കുന്നത്  കാണാന്‍ പോകാം."

"എന്ത്.... എന്ത് കാണാന്‍ പോകാമെന്ന്... ?"

"മണ്ടൂസെ... ഞാനുദ്ദേശിച്ചത്... ആ മലകള്‍ ചുരത്തുന്ന.. ഐ മീന്‍... ഉറങ്ങുന്ന സുന്ദരിയുടെ മുലകള്‍ ചുരത്തുന്ന മുലപ്പാലിന്റെ കാര്യമാണ്.  മനോഹരമായ ഒരു വെളളച്ചാട്ടം പോലെയാണത്. വാട്ടര്‍ ഫോള്‍സ് ആര്‍ ലൈക്ക് കാസ്‌കേഡ് ഓഫ് മില്‍ക്ക് ഊസിംഗ് ഔട്ട് ഫ്രം ദി ബ്രെസ്റ്റ്‌സ് ഓഫ് ഔര്‍ ഗ്രേയ്റ്റ് ലേഡി എര്‍ത്ത്‌ . ആറിന്റ് ദെ ?"

എന്റെ ചുണ്ടുകള്‍ ചിരിക്കുന്നുണ്ടായിരുന്നു. കണ്ണുകളില്‍ നനവും. അപ്പോള്‍ മനസ്സില്‍ തെളിഞ്ഞുനിന്നത് മമ്മിയുടെ മുഖമായിരുന്നു.

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...