പറമ്പിലെ തേങ്ങ വിറ്റതിന്റെ കാശ് ദിവാകരന്റെ കൈയ്യില്‍നിന്നും വാങ്ങുമ്പോള്‍ കാരണവര്‍ ചോദിച്ചു.
"ഇന്നലെ തരാന്നല്ലേ.... പറഞ്ഞിര്ന്നത്.?"
ദിവാകരന് തല ചൊറിഞ്ഞു.
"ന്നാലും വാക്ക് പറഞ്ഞാ വാക്കായിരിക്കണം... വേറൊന്നോണ്ട്വല്ല.. ഞാന്‍ പറയാണ്ടന്നെ ദിവാരനറിയാലോ കാശ്ന്ന് വെച്ചാ സമയന്നാണ് അര്‍ത്ഥം. സമയത്തിന് കിട്ടീല്ല്യങ്ങെ ഇതിന് ഒരു വെലേല്ല്യ. അതാ പറഞ്ഞെ.."
ഇടയില്‍കയറിവന്ന ചുമ നിര്‍ത്താനാവാതെ അയാള്‍ ദിവാകരനോട് പൊയ്ക്കോളാന്‍ ആംഗ്യം കാട്ടി. തിരിഞ്ഞുനടക്കുമ്പോള്‍ പടികടന്നു വരുന്നയാളെ ദിവാകരന് കണ്ടില്ല.
കിട്ടിയ കാശ് ചുമരിലെ ഭഗവതിയുടെ ചിത്രത്തിനു പിന്നിലൊളിപ്പിച്ച് നരച്ച പുരികങ്ങള്‍ക്കു മുകളില്‍ വലതു കൈപ്പത്തികൊണ്ടൊരു മേല്‍ക്കൂര സൃഷ്ടിച്ച്, കാരണവര്‍ സൂക്ഷിച്ചുനോക്കി.
"ആരാ....?"
ആഗതന് ഭവ്യതയോടെ മറുപടി പറഞ്ഞു.
"ബാങ്കീന്നാ... "
ഇഷ്ടപ്പെടാത്ത എന്തോ കേട്ടതുപോലെ കാരണവര്‍ നിശ്ശബ്ദനായി. നെടുവീര്‍പ്പിട്ടു പിന്നെ ആരോടെന്നില്ലാതെ ചോദിച്ചു.
"കൈപ്പടയൊക്കെ എവിട്യാണാവോ ഇരിക്കണെ?'
"വേണന്നില്ല്യ... ഇത് അവസാനത്തെ അടവാ.. "
"ആ.."
ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പില്‍ അയാളുടെ നെഞ്ചിന്‍കൂട് ഉയര്‍ന്നുതാഴ്ന്നു. ചുമരിലെ ഘടികാരത്തിനുളളില്‍ നിന്നും തല പുറത്തേയ്ക്കു നീട്ടി ഒരു കിളി താളത്തില്‍ ചിലച്ചു. മടിശ്ശീലയില്‍നിന്നും പുറത്തെടുത്ത നോട്ടുകളും നാണയങ്ങളും എണ്ണി നോക്കുന്നതിനിടയില്‍ അയാള്‍ ഇടവിട്ട് ചുമയ്ക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു.
"നേരത്തേ തീരണ്ടതാര്‍ന്നു. ങാ... അടയ്ക്കുമ്പഴൊക്കെ അപ്പാപ്പോ എഴ്തിവെക്ക്യാറ്ണ്ടായിരുന്നതാ.... ഇവിടെ എവിട്യെങ്കിലുമൊക്കെ കാണുമായിരിക്കും. പഴേപോലെ ഓര്‍മ്മയൊന്നും കിട്ടണില്ല്യ.. "
ആഗതന് പുഞ്ചിരിച്ചു. ആശ്വസിപ്പിച്ചു.
"അതിന്റെയൊന്നും ആവശ്യമില്ലാന്നെ. എല്ലാം കൃത്യമായി സൂക്ഷിച്ചിട്ട്ണ്ട്. ഞങ്ങക്ക് തെറ്റ് പറ്റിയാലും കമ്പ്യൂട്ടറിന് തെറ്റ് പറ്റില്ല്യ."
കാരണവര്‍ ചിരിച്ചു.
"മനുഷ്യന്മാരേക്കാളും വിശ്വാസം യന്ത്രങ്ങളെയാണ് അല്ലേ..."
"അത് പിന്നെ... നമ്മള് മനുഷ്യന്മാര്ടെ ബുദ്ധിക്കും ഓര്‍മ്മക്കുമൊക്കെ ഒരു പരിധിയില്ലേ. ?"
"അതൊക്കെ ഒരു തരം അന്ധവിശ്വാസാടോ... ദൂരദര്‍ശിനിം കമ്പ്യൂട്ടറുമൊക്കെ കണ്ടുപിടിക്കണേക്കാളും മുമ്പേ ആകാശം കണ്ട നാടാ നമ്മ്ടെ... അവിടെ തിരിയണ ഗ്രഹങ്ങള്ടെ വരവും പോക്കുമൊക്കെ ഒറ്റയിരിപ്പില്‍ ഗണിച്ച് പറയാന്‍ കഴിവ്ണ്ടായിര്ന്ന കാര്ന്നോന്മാര്ടെ നാട്... "
ആഗതന് വീണ്ടും പുഞ്ചിരി തൂകി തലയാട്ടി. കാരണവര്‍ തുടര്‍ന്നു.
"കണക്കപ്പിള്ളയായിരുന്നു... ട്രഷറി ആപ്പീസില്... വെരമിച്ചേനു ശേഷം ചിട്ടികമ്പനീലും മറ്റുമായി കൊറേക്കാലം പിന്ന്യേം... ഒരു കാല്‍ക്കുലേറ്ററ് പോലും ഇണ്ടായിര്ന്നില്ല്യ... ഈ കമ്പ്യൂട്ടറൊക്കെ എപ്പഴാ ഇണ്ടായെ... "
ആഗതന് ഒരു തര്‍ക്കത്തിന് മുതിര്‍ന്നില്ല. നിമിഷനാണയങ്ങളുടെ വൃത്താകൃതികള്‍ പൂര്‍ത്തിയാക്കി ഘടികാരത്തിനുള്ളില്‍ കാലത്തിന്റെ മുന
ചലിച്ചുകൊണ്ടേയിരുന്നു.
പണമെണ്ണികൊടുക്കുമ്പോള്‍, കാരണവരുടെ മെലിഞ്ഞുണങ്ങിയ വിരലുകള്‍ വിറച്ചു. ഒടുവിലത്തെ നാണയത്തില്‍ അറിയാതെ മുറുകെപിടിച്ചു.
ചുണ്ടുകള്‍ വിതുമ്പുന്നതുപോലെ കോടി.. കണ്ണുകള്‍ യാചിക്കുന്നതുപോലെ. അല്‍പ്പം ബലം പ്രയോഗിക്കേണ്ടിവന്നു. ആഗതന് ഒടുവിലത്തെ ആ നാണയം സ്വീകരിക്കുവാന്‍.
ചാരുകേസരയില് നിന്നും എഴുന്നേല്‍ക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടു. ഒരു കൈപ്പിടിയില്‍മാത്രം ബലം കൊടുത്തപ്പോള്‍ കസേര ഒരു വശത്തേയ്ക്ക് മറിഞ്ഞു. പിടിവിട്ട് അയാളും. ഓടിവന്ന അയല്ക്കാരന്റെ കൈകളില്‍ അയാള്‍ മെല്ലെ തണുത്തുറയുവാന്‍ തുടങ്ങിയിരുന്നു.
കാലത്തിന്റെ കീശയിലേയ്ക്ക് ഒരു നിമിഷനാണയം കൂടി തിരുകി ആഗതന് നടന്നകന്നു. തിരിഞ്ഞുനോക്കാതെ.
നെഞ്ചത്ത് ആഞ്ഞടിച്ച് നിലവിളിച്ച് കയറിവന്ന മരുമകള്‍ ആദ്യം തിരഞ്ഞത് ഒറ്റയാനെപ്പോലെ ജീവിച്ച അയാളുടെ പണപ്പെട്ടിയുടെ താക്കോലായിരുന്നു. ഒരു ചെറിയ ഓലക്കെട്ട് മാത്രമേ അതില്‍ അവശേഷിച്ചിരുന്നുള്ളൂ. മറ്റൊന്നും കാണാത്തതിന്റെ വിഷമത്തില്‍ അവര്‍ പിറുപിറുത്തു.
"ഈ തന്തപ്പിടീടെ ഓരോ കാര്യങ്ങള്‍... "
"എപ്പഴായിരുന്നു."
കര്‍മ്മങ്ങള്‍ തുടങ്ങുന്നതിന് മുമ്പുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ശാന്തിക്കാരന്റെ ചോദ്യത്തിന് കൂടിനിന്നവരില്‍ ആരോ മറുപടി കൊടുത്തു.
"സ്വാമി.... ഇതിന്റെ ആവശ്യണ്ടോ..?"
"എന്താത്...?"
"കാര്‍ന്നോരടെ ജാതകാ..."
താളുകള്‍ മറിയ്ക്കുമ്പോള്‍ ശാന്തിക്കാരന് അത്ഭുതം കൂറി.
"എത്ര കൃത്യായിട്ടാ എഴ്തി വെച്ചേക്കണത്. ആയുസ്സിന്റെ കണക്ക് കണിശം. "
ശേഷം ചിന്ത്യം.

ആയുസ്സിന്റെ കണക്കുപുസ്തകം! കഥ ഇഷ്ടായി...
മറുപടിഇല്ലാതാക്കൂകഥ ഇഷ്ടപ്പെട്ടുവെന്ന് അറിയുന്നതില്‍ വളരെ സന്തോഷം. നന്ദി മുബീ.
ഇല്ലാതാക്കൂക്രാന്തദർശി....
മറുപടിഇല്ലാതാക്കൂസുധീർഭായിയുടെ രചനകളിൽ എന്നും എന്തെങ്കിലും പുതുമയുണ്ടാകും... തുടരട്ടെ എഴുത്ത്...
വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി വിനുവേട്ടാ.
ഇല്ലാതാക്കൂകഥ ഇഷ്ടായി.... ആശംസകള്‍ ഭായി
മറുപടിഇല്ലാതാക്കൂനല്ല വാക്കുകള്‍ക്കും ആശംസകള്‍ക്കും വളരെ നന്ദി അന്നൂസ്.
ഇല്ലാതാക്കൂഎഴുത്ത് ഇഷ്ടായി ..നല്ല ഒതുക്കം
മറുപടിഇല്ലാതാക്കൂപെരുത്ത് സന്തോഷം ഭായ്.. വായനയ്ക്കും പ്രോത്സാഹനത്തിനും വളരെ നന്ദി.
ഇല്ലാതാക്കൂകാശും സമയവും
മറുപടിഇല്ലാതാക്കൂവരാനുള്ളപ്പോൾ വരും
പൂവാനുള്ളപ്പോൾ പോകും ...
പക്ഷെ ഇത് കടം തന്ന സാക്ഷാൽ
ബാങ്കിന്റെ കൈയ്യിൽ എല്ലാത്തിന്റെയും
കണക്ക് കിറുകൃത്യമായിരിക്കും സമയത്തിന്
കാശ് അവർ ഈടാക്കുകയും ചെയ്യും ..!
അങ്ങനെയല്ലേ മുരളിയേട്ടാ...
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂകാലത്തിന്റെ കീശയിലേയ്ക്ക് ഒരു നിമിഷനാണയം കൂടി തിരുകി ആഗതന് നടന്നകന്നു. തിരിഞ്ഞുനോക്കാതെ..
ഹൃദയ സ്പർശിയായ കഥ..ഹൃദ്യമായ ആവിഷ്കാരം..
മുഹമ്മദ് ഭായ്... വായനയ്ക്കും കുറിപ്പിനും വളരെ നന്ദി.
ഇല്ലാതാക്കൂആയുസ്സിൻറെ കണക്കുപുസ്തകം കഥ വളരെ നന്നായിരിക്കുന്നു .. ശേഷം ചിന്ത്യം .. എൻറെ ജാതകത്തിലുമുണ്ട് ഈ വാക്ക് ..സത്യം പറയാല്ലോ ഇത് വായിക്കുമ്പോൾ മനസ്സിന് എന്തോ ഒരിതാണ് ... ഹ..ഹ.. മനുഷ്യമനസ്സല്ലയോ മരിക്കാൻ ഇത്തിരി മടിയാണ് .. 85 വയസ്സ് വരെയാണ് ആയുസ്സ് .. എന്നിട്ടും ചിന്ത്യം വായിക്കുമ്പോൾ പേടിയാണ് .. എന്താല്ലേ ..
മറുപടിഇല്ലാതാക്കൂസ്വാഗതം. കലാ പ്രിയേഷ്... ആസ്വാദനത്തിനും കുറിപ്പിനും ഒത്തിരി നന്ദി.
ഇല്ലാതാക്കൂനല്ല രസമുണ്ട് വായിക്കാൻ ..ആശംസകൾ
മറുപടിഇല്ലാതാക്കൂവായന ആസ്വദിച്ചു എന്നറിയുന്നതില്‍ വളരെ സന്തോഷം. ആശംസകള്‍ക്ക് നന്ദി പുനലൂരാന്‍ ജി.
ഇല്ലാതാക്കൂഹൃദയസ്പർശിയായ കഥ.
മറുപടിഇല്ലാതാക്കൂആശംസകൾ സുധീർ ഭായ്.
ഗീതാ ജി. വളരെ സന്തോഷം ട്ടോ... വായനയ്ക്കും നല്ല വാക്കുകള്‍ക്കും.
ഇല്ലാതാക്കൂനല്ല കഥ. ആശയം കൊള്ളാം. അത് നന്നായി അവതരിപ്പിച്ചു.
മറുപടിഇല്ലാതാക്കൂവളരെ സന്തോഷം ബിപിന്‍ സാര്‍... പ്രോത്സാഹനത്തിന് ഒത്തിരി നന്ദി.
ഇല്ലാതാക്കൂനല്ല കഥ സുധീറേട്ടാ.
മറുപടിഇല്ലാതാക്കൂതാങ്ക്സ് സുധീ. അച്ഛനായതിന്റെ സന്തോഷത്തിലാവും അല്ലേ. അഭിനന്ദനങ്ങള്‍.
ഇല്ലാതാക്കൂഒന്നൂടെ വായിച്ച് കമന്റിടാൻ വന്നതാണു.സുധീറേട്ടൻ ഈയിടെയായി നൊമ്പരപ്പെടുത്തുന്ന കഥകൾ മാത്രേ എഴുതൂ എന്ന് നിർബന്ധം പിടിയ്ക്കുന്നതുപോലെയുണ്ടല്ലോ.
മറുപടിഇല്ലാതാക്കൂഅങ്ങനെയൊന്നുമില്ല സുധീ... വേറൊരു വഴിയിലൂടെ പോയിനോക്കി എന്ന് മാത്രം.
ഇല്ലാതാക്കൂനല്ല കഥ, ബാങ്കുകള്‍ കണക്കൊക്കെ 'കൂട്ടി' പറയുന്ന കാലമാണ് . അതായിരിക്കും കാരണവര്‍ വീണു പോയത്.
മറുപടിഇല്ലാതാക്കൂവായനക്കും കുറിപ്പിനും വളരെ നന്ദി ശ്രീജിത് ഭായ്.
ഇല്ലാതാക്കൂപഴയകാല അകൌണ്ടന്റായ എനിക്കും, തൊട്ടു കൂട്ടുന്നതിലാ തൃപ്തി.
മറുപടിഇല്ലാതാക്കൂആയുസ്സിന്റെ കണക്കും കണിശം
നല്ല കഥ ആശംസകള്‍
നന്ദി തങ്കപ്പൻ സാർ.
ഇല്ലാതാക്കൂനന്നായിരിക്കുന്നു ....
മറുപടിഇല്ലാതാക്കൂഅഭിപ്രായം രേഖപ്പെടുത്തിയതിൽ വളരെ നന്ദി അജ്ഞാതൻ.
ഇല്ലാതാക്കൂ