Translate

ഹൃദയത്തിന്‍ ചില്ലകളില്‍...

"ആദ്യം ജ്യേഷ്ഠന്റെ കുട്ടിക്ക് തളര്‍വാതം. പിന്നെ ജ്യേഷ്ഠന്റ്യം ജ്യേഷ്ഠത്തിയുടെയും ദുര്‍മരണം. അതുകഴിഞ്ഞ് അച്ഛന്റെ വിഴ്ച്ച. പാതി തളര്‍ന്ന് കൊറേനാള് കെടന്നിട്ട് ഒടുവില്‍ മരണം. ഇപ്പോ അമ്മയും കെടപ്പിലായിരിക്ക്ണൂ... ല്ലേ... ഇതില്‍പരം എന്താ  വരാള്ളത്... വ്യക്തല്ലേ കാര്യങ്ങള്.... കര്‍മ്മങ്ങള് ചെയ്യണം. വേറൊരു വഴിയും കാണ്ണില്ല്യ.. പറയണത് മനസ്സിലാവ്ണ്‌ണ്ടോ..."

"ഉവ്വ്..." രഘു പറഞ്ഞു.

"...അതായത് പ്രേതങ്ങളെയൊക്കെ ആവാഹിക്കണം. മരണപ്പെട്ടവരുടെ പ്രേതങ്ങള്‍, ഗെതികിട്ടാതെ അലഞ്ഞുതിരിഞ്ഞു നടക്കണത് കൊണ്ടാ നിങ്ങടെ കുടുംബത്തിന് ഗെതിപടിക്കാത്തെ എന്നര്‍ത്ഥം. വേണ്ട കര്‍മ്മങ്ങളൊക്കെ ചെയ്ത് സംതൃപ്തിപ്പെടുത്തി, ഇനിയൊരിയ്ക്കലും തിരിച്ചുവരാത്തവിധം, അവരെ പറഞ്ഞയ്ക്കണം. പൂജയ്ക്കുള്ള കാര്യങ്ങളൊക്കെ ഏര്‍പ്പാടാക്കിക്കോളൂ. എത്രേം പെട്ടെന്ന് ചെയ്താ അത്രേം നല്ലത്. പിന്നെ... കര്‍മ്മങ്ങള്‍ ചെയ്യുമ്പോ തറവാട്ടിലൊള്ള എല്ലാവരും പങ്കെടുക്കണം. അത് നിര്‍ബന്ധാട്ടോ, ഇനി പറഞ്ഞില്ല്യാന്ന് പറയരുത്."

....................................................................................

പ്രൗഢിയുടെ പ്രാചീനരൂപം പോല്‍ എഴുന്നുനില്‍ക്കുന്ന വികലാംഗ ബാല സദനം. കൈവെള്ളകള്‍ നിലത്തുകുത്തി, കാലുകള്‍ വലിച്ചിഴച്ച്, പടിക്കെട്ടുകള്‍ കയറിവരുന്ന കുട്ടികളെനോക്കി, പുരികങ്ങള്‍ വളച്ച് ഭാഗ്യവതിയമ്മയെന്ന കെയര്‍ ടേക്കര്‍. സ്‌കുള്‍ വിട്ടിട്ടുള്ള വരവാണ്. എല്ലാവര്‍ക്കും പുഴുകിപ്പോയ ബാര്‍ളിപൊടികൊണ്ടു തയ്യാറാക്കിയ ഉപ്പുമാവും കട്ടന്‍ ചായയും വിളമ്പി വെച്ചിട്ടുണ്ട്. ഓണാവധിക്ക് സ്‌കൂള്‍ അടച്ചതിനാല്‍ കുട്ടികളെ ഓരോരുത്തരെയായി അവരവരുടെ അച്ഛനമ്മമാര്‍ വന്നു കൂട്ടികൊണ്ടുപോകുകയാണ്. രണ്ടാമത്തെ നിലയില്‍ ഉരുളന്‍ മരത്തടികള്‍ കൊണ്ടുനിര്‍മ്മിച്ച ക്രാസിയുടെ അഴികള്‍ക്കിടയിലൂടെ, അച്ഛനമ്മമാരുടെ വരവും കാത്ത്, വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്നവരുടെ കൂട്ടത്തില്‍ നേരിയ പ്രതീക്ഷയോടെ ശങ്കുവുമുണ്ട്. കാത്തിരുന്നു മടുത്തപ്പോള്‍, ശങ്കു, വരാന്തയുടെ മറുവശത്തേക്കു നീങ്ങി. വളര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന പെരുംപ്ലാവിന്റെ ചില്ലയില്‍ ഒരു ആത്മാവ് അവനെത്തന്നെ നോക്കിയിരിക്കുന്നുണ്ട്. നാല് വര്‍ഷം മുന്‍പ് മരിച്ചുപോയ  വേലന്റെ ആത്മാവ്.

കറുത്തിരുണ്ടുതുടങ്ങിയ ആകാശത്തിനു നേരെപിടിച്ച ശങ്കുവിന്റെ കണ്ണുകള്‍, ഒന്നും കാണുന്നുന്നില്ല. രാവിന്റെ ചില്ലകളിലേയ്ക്ക് ചേക്കേറുവാന്‍ ധൃതികൂട്ടുന്ന പക്ഷികളുടെ കലപിലയോ വവ്വാലുകളുടെ ചിറകടിയോ അവന്‍ കേള്‍ക്കുന്നുമില്ല. ചിലപ്പോഴൊക്കെ ജീവനുള്ള ശരീരങ്ങളില്‍നിന്നും ആത്മാവുകള്‍ പറന്നുപോകാറുണ്ട്. ഓര്‍മ്മകളുടെ ചിറകുകള്‍ വിടര്‍ത്തി, അവന്റെ മനസ്സ് പറന്നുപോകുന്നത് കണ്ടിട്ടായിരിക്കണം, വേലന്റെ ആത്മാവും അതിവേഗം പറന്നു. കാലത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് പറന്നുപോകുന്ന ശങ്കുവിന്റെ മനസ്സിനെ പിന്‍തുടര്‍ന്ന വേലന്റെ ആത്മാവ് പിന്നീട് പറന്നിറങ്ങിയത്, അയാള്‍ക്ക് ചിതയൊരുക്കുവാന്‍ നാല് വര്‍ഷം മുന്‍പ് മുറിച്ചുമാറ്റിയ വലിയ മാവിന്റെ, പൂത്തുനില്‍ക്കുന്ന ചില്ലയിലായിരുന്നു. അടുത്തുതന്നെ, മണ്‍ചുമരുകളോടുകൂടിയ, മേല്‍ക്കൂരയില്‍ ഓടുപാകിയ തരക്കേടില്ലാത്ത  ഒരു വീടുണ്ട്. ഇറയത്തിന്റെ മൂലയിലേക്കാണ് ശങ്കു പറന്നിറങ്ങിയത്. ഇപ്പോഴവന്‍ വഴിയരികിലേയ്ക്ക് കണ്ണുംനട്ടിരിക്കുന്ന അഞ്ചു വയസ്സുകാരന്‍ ശങ്കുവാണ്. വീടിനു പുറകില്‍ കിണറിനരികെ അച്ഛമ്മ ലക്ഷ്മികുട്ടിയമ്മ ആരോടെന്നില്ലാതെ എന്തൊക്കെയോ പറയുന്നുണ്ട്. ഓര്‍മ്മകളുടെ മാവിന്‍ ചില്ലയിലിരുന്ന് വേലന്റെ ആത്മാവ്, തന്റെ നല്ല പാതിയായിരുന്നു ലക്ഷ്മിക്കുട്ടിയുടെ വാക്കുകള്‍ ശ്രദ്ധിച്ചു.

"ഒരിത്തില് ഇരുന്നൂടെ നെനക്ക്.... കുളിപ്പിച്ചിരുത്തീട്ടേള്ളു..... അപ്പഴേക്കും നെരങ്ങാന്‍ തുടങ്ങി..... കാലില്ലെങ്കിലും എത്താത്ത എടല്ല്യ. മേലുമുഴുവന്‍ എന്തോരം മണ്ണായിരുന്നു..... ഒരുവിധത്തില്‍ കുളിപ്പിച്ച് മനുഷ്യകോലത്തിലാക്കീട്ട് അധികം നേരായിട്ടില്ല്യ....  മറ്റുള്ളോരെപ്പോലെ നടക്കാന്‍ പറ്റില്ലെങ്കി ഒരിടത്ത് ഇരിക്കല്ലേ വേണ്ടത്."

അവനെകുറിച്ച് പറയുന്നതൊന്നും കേള്‍ക്കാത്ത മട്ടില്‍, ശങ്കു നല്ല കുട്ടി ചമഞ്ഞിരിക്കുന്നു. കള്ളിന്റെ ലഹരിയില്‍ ഉച്ചത്തില്‍ നീട്ടിയും കുറുക്കിയുമുള്ള ഒരു നാടന്‍പാട്ട് അടുത്തടുത്തു വരുന്നു. കൈത്തണ്ടയില്‍ സിലോണീന്ന് കൊണ്ടുവന്ന വെള്ളിനിറമുള്ള വാച്ചിന്റെ തിളക്കം. ഊരി തലയില്‍ കെട്ടിയ മുണ്ട്. സ്ഥാനം തെറ്റിയിട്ട ബട്ടണുകളോടുകൂടിയ വെള്ള ഷര്‍ട്ട്. നീലയും വെള്ളയും വരകളും വലിയ കീശകളുള്ള മുട്ടോളമെത്തുന്ന ട്രൗസര്‍. ഒരു കയ്യില്‍ നീളന്‍ ടോര്‍ച്ചും മറുകയ്യില്‍ സഞ്ചിയുമായി താളാത്മകമായി ആടിയാടി വരുന്നത്, ശങ്കുവിന്റെ അച്ഛാച്ഛന്‍ വേലന്‍ തന്നെ.

ആകാശത്തേക്ക് നോക്കുന്നതുപോലെ നോക്കിയാല്‍, തൊട്ടുമുന്നില്‍ ആറടി ഉയരത്തില്‍ നില്‍ക്കുന്ന അച്ഛാച്ഛന്റെ മുഖം കാണാം. കനത്ത കൊമ്പന്‍ മീശക്കടിയില്‍ ബീഡിക്കറപുരണ്ട പല്ലുകള്‍ കാട്ടി വെളുക്കനെ ചിരിച്ച് കുറച്ചുനേരം. പിന്നെ രണ്ടുകൈകള്‍കൊണ്ടും അവനെ എടുത്തുയര്‍ത്തി മുകളിലേക്ക് എറിയുന്നു. ആകാശത്തിനും ഭൂമിക്കുമിടയില്‍ ഒരു സെക്കന്റ്. അടുത്ത സെക്കന്റില്‍ ശങ്കു തിരികെ വീണ്ടും വേലന്റെ മഴുപിടിച്ച് തഴമ്പുവന്ന കൈകളിലേക്ക്. ശങ്കുവിന്റെ  നിറചിരി കണ്ട് വേലന്‍ വീണ്ടും ഏറ് ആവര്‍ത്തിക്കുന്നു. ഉമ്മവെക്കുന്നു. സഞ്ചിയില്‍നിന്നും പൊതിഞ്ഞുവെച്ച പപ്പടവടകള്‍. ഓര്‍മ്മകളുടെ ഉമ്മറത്തിരുന്ന് തിന്നുതീര്‍ത്ത പപ്പടവടകളുടേയും, ചമ്രം പടിഞ്ഞിരുന്ന് അച്ഛാച്ഛന്‍ ഉരുട്ടി വായില്‍ വെച്ചുകൊടുത്ത ചോറുരുളകളുടേയും സ്വാദ്, ശങ്കുവിന്റെ മനസ്സ് നിറച്ചു. ഓര്‍മ്മകളുടെ മുറ്റത്ത് കാഴ്ച്ചകള്‍ അവസാനിക്കുന്നില്ല.

"ഒറങ്ങ്യോടാ...."

ഊണിനു ശേഷം പതിവുപോലെ ഇറയത്തിരുന്ന് ഒരു ബീഡിയും കത്തിച്ച് വേലന്റെ വിളി. കേള്‍ക്കേണ്ട താമസം, 'ഇല്ല്യ അച്ചാച്ചാ' എന്നും പറഞ്ഞ് ഇറയത്തേയ്ക്ക് വരുന്ന ശങ്കു.

"എന്തിനാ കാല്.... കാലുള്ളോരേക്കാളും വേഗല്ലേ." ലക്ഷ്മികുട്ടിയമ്മയുടെ ആത്മഗതം.

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍, ചുണ്ടിലെരിയുന്ന ബീഡിയുമായി പഴങ്കഥകളുടെ കെട്ടഴിക്കുവാനൊരുങ്ങി വേലന്‍. അച്ചാച്ഛന്റെ വായില്‍നിന്നും വീണുകിട്ടുന്ന മൊഴിമുത്തുകള്‍ക്കായി ജിജ്ഞാസയോടെ കാത്തിരിക്കുന്ന ശങ്കു. നാടന്‍ കഥകളും പാട്ടുകളും നാട്ടറിവുകളും നിറഞ്ഞ ഒരു വിസ്മയലോകം. മണ്ണെണ്ണവിളക്കിനും ചുമരിനും ഇടയില്‍, മഴു പിടിച്ച് തഴമ്പിച്ച വിരലുകളുടെ ചലനത്തിനനനുസരിച്ച്, മണ്‍ചുമരില്‍ മാനും മുയലും പ്രാവും പരുന്തും പാമ്പും കഥാപാത്രങ്ങളായി, നിഴല്‍ചിത്രങ്ങളായി തെളിയുന്നു. ചുമരില്‍ വിരിയുന്ന ചിത്രകഥകള്‍ ആസ്വദിച്ചിരിക്കുമ്പോള്‍ അവന്‍ അത്ഭുതത്തോടെ ചോദിക്കുന്നു.

"അച്ചാച്ചന് ഇതൊക്കെ ആരാ പഠിപ്പിച്ചെ..... ?"

പൊട്ടിച്ചിരിയാണ് മറുപടി. ചിരി പടര്‍ന്ന് വീണ്ടും പാട്ടുകളായി, കഥകളായി, കടംകഥകളായി... നീണ്ടു നീണ്ടു പോകുന്ന വാത്സല്യത്തിന്റെ ചൂടും ചൂരും.

കണ്ണുകളില്‍ നിറയെ കൗതുകവുമായി അച്ഛാച്ഛനെ തന്നെ നോക്കിയിരിക്കുന്ന അഞ്ചുവയസ്സുകാരന്‍ ശങ്കുവിനെ കണ്ട്, മാവിന്റെ ചില്ലയിലിരുന്ന, വേലന്റെ ആത്മാവ് ചിരിക്കുന്നു. ഏറ്റവും ഒടുവില്‍ കാണുമ്പോള്‍ വെളുത്തമുണ്ടുപുതച്ചുകിടത്തിയിരുന്ന അച്ഛാച്ഛനെ ഓര്‍ത്ത് പത്തുവയസ്സുകാരന്‍ ശങ്കുവിന്റെ മനസ്സ് കരയുവാന്‍ തുടങ്ങുന്നു.

"എത്ര വിളി വിളിക്കണം. വെച്ചു വിളമ്പിയാ പോരാ.. ഇനി അവനെയൊക്കെ അരിയും പൂവുമെറിഞ്ഞ് ആനയിച്ച് മടിയിരുത്തി അണ്ണാക്കിലോട്ട് തള്ളികൊടുക്കണമായിരിക്കും."

ബാലസദനത്തിന്റെ കെയര്‍ ടേക്കര്‍ കം കുക്ക് ഭാഗ്യവതിയമ്മയുടെ ശബ്ദം കേട്ട് ശങ്കു ഞെട്ടിയുണര്‍ന്നു. കവിളുകള്‍ നനഞ്ഞിരിക്കുന്നു. എപ്പോഴാണ് കരഞ്ഞത്. മരപ്പടികളിറങ്ങുമ്പോഴും ഉണ്ണാനിരിക്കുമ്പോഴും ഭാഗ്യവതിയമ്മ പിന്നെയും എന്തൊക്കെയോ ആരെയൊക്കെയോ പ്രാകിപറയുന്നുണ്ട്. വെള്ളംപോലുള്ള സാമ്പാറിലെ വെണ്ടക്കാ കഷ്ണത്തില്‍നിന്നും ഇറങ്ങിവരുന്ന ഇത്തിരിപോന്ന പുഴുവിനെകണ്ട്, അവന്‍ ചോറ് മതിയാക്കി.

കഴിഞ്ഞുപോയ ജന്മത്തിലെ കാഴ്ചകളാസ്വദിച്ച്, അയാളുടെ ആത്മാവ് ഇപ്പോഴും, മാവിന്റെ ചില്ലയില്‍ സ്വയം മറന്നിരിക്കുകയായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ തന്റെ സാമീപ്യം ശങ്കു എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്ന തിരിച്ചറിവ് വേലന്റ ആത്മാവിനെ ആര്‍ദ്രമാക്കി. അതുകൊണ്ടായിരിക്കണം, കൂട്ടികൊണ്ടുവന്ന ശങ്കുവിന്റെ മനസ്സ്, ഭാഗ്യവതിയമ്മയെന്ന കെയര്‍ ടേക്കറുടെ വിളികേട്ട്, തിരിച്ചുപോയത് അയാള്‍ അറിയാതിരുന്നത്. ശങ്കുവിനോടൊപ്പം പോയജന്മത്തിലെ കാഴ്ചകളും മടങ്ങിയിരിക്കുന്നു. വേലന്റെ ആത്മാവ് വീണ്ടും ശങ്കുവിലേയ്ക്ക് തന്നെ മടങ്ങുന്നു. സദനത്തിന്റെ മുറ്റത്തുയര്‍ന്നുനില്‍ക്കുന്ന പെരുംപ്ലാവിന്റെ ചില്ലയില്‍ തിരികെയെത്തി, പാതി തുറന്നിട്ട ജാലകവാതിലിലൂടെ, നിലത്തു വിരിച്ചിട്ട ചൗക്കാളത്തില്‍, മുഷിഞ്ഞ തലയിണയില്‍ മുഖം ചേര്‍ത്തുറങ്ങുന്ന ശങ്കുവിനെ നോക്കി അയാളിരുന്നു. നിലാവും നിശ്ശബ്ദതയും നിറഞ്ഞുനില്‍ക്കുന്ന ആ രാത്രി അവസാനിക്കുവാറായിരിക്കുന്നു.

ശങ്കു ഇപ്പോള്‍ ഒരു സ്വപ്നം കാണുകയാണ്. അയാള്‍ ആ സ്വപ്നത്തേയും. പിന്നിലേക്കു പോയികൊണ്ടിരുന്ന മരങ്ങളാണ് ശങ്കു കാണുന്നത്. ഉറക്കം പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ല. മുഖമുയര്‍ത്തി നോക്കുമ്പോള്‍ മുകളില്‍, കൂടെ ഒഴുകി വരുന്ന അമ്പിളിമാമന്‍. ചെറിയ തണുപ്പും കിളികളുടെ പാട്ടും. രസകരമായ ഒരു യാത്ര. അവന്റെ സംശയം ശരിയാണ്. കിടക്കുന്നത് അച്ഛാച്ഛന്റെ ചുമലിലാണ്. ആശ്ചര്യവും സന്തോഷവും കലര്‍ന്ന കണ്ണുകളോടെ അച്ചാച്ഛന്റെ മുഖത്തേക്കവന്‍ ഒന്നുകൂടി നോക്കി. കൊമ്പന്‍ മീശക്കടിയില്‍, ഒരു ബീഡി എരിഞ്ഞും അണഞ്ഞും കത്തുന്നുണ്ട്, ഒരു ചുവന്ന മിന്നാമിനുങ്ങിനെപ്പോലെ.

'' പേടിക്കണ്ടടാ... ചായപ്പീടികയിലേക്കാ...'' കടുപ്പമുള്ള ശബ്ദത്തില്‍ വാത്സല്യം നിറച്ച് വേലന്‍ പറഞ്ഞപ്പോള്‍ ശങ്കു ഉറക്കച്ചടവോടെ ചിരിച്ചു. നേരം വെളുത്തിട്ടുപോലുമില്ല. അച്ഛാച്ഛനെ ഇറുക്കിപ്പിടിച്ചിരുന്നു. നേരിയ മഞ്ഞിനെ വകഞ്ഞ് വകഞ്ഞ് വേലന്‍ നടന്നു. എഴുന്നുനില്‍ക്കുന്ന ഇരുണ്ട മരങ്ങള്‍ക്കിടയിലൂടെ ചായക്കടയില്‍ എത്തിയപ്പാഴേക്കും അയാളുടെ നെറ്റിയിലും കൈത്തണ്ടയിലുമൊക്കെ വിയര്‍പ്പ് പൊടിഞ്ഞുതുടങ്ങിയിരുന്നു.

'' വേലേട്ടാ.. കൂടെ ഒരാള്‍കൂടിയുണ്ടല്ലോ... ഇവിടെ വരണോരൊക്കെ ഇവന്റെ കാര്യം പറയാറ്ണ്ട്. കാലില്ല്യെങ്കിലും നല്ല ബുദ്ധ്യാന്നാ എല്ലാവരും പറയണെ. ശരിയാണോടാ ? ". കേശവേട്ടന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് കേശവേട്ടന്‍ തന്നെ. 'ങാ.... കുതിരയ്ക്ക് ആരെങ്കിലും കൊമ്പ് കൊടുക്ക്വാ.'

"ഒറക്കത്തീന്ന് എടുത്ത് കൊണ്ടുവന്നതാ. പല്ലുതേച്ചിട്ടൊന്നും ഇല്ല്യ. നീ അവന് ഒരു കപ്പ് വെള്ളം കൊട്ക്ക്. '

"അതിനിപ്പോ എന്താ...  ഇത്ര വല്ല്യ ആനവരെ പല്ലുതേച്ചിട്ടാണോ വെല്ലതും തിന്നണെ. അല്ലേ ശങ്ക്വേ." കേശവേട്ടന്റെ വര്‍ത്തമാനം കേട്ട് ചായപീടികയിലിരുന്ന എല്ലാവരും ചിരിച്ചു.

ചൂടുദോശയും ചട്‌നിയും പാലുംവെള്ളവും വഴിയോരകാഴ്ചകളുമെല്ലാം ആര്‍ത്തിയോടെയാണ് അവന്‍ ആസ്വദിക്കുന്നത്. ശങ്കുവിന്റെ സ്വപ്നം ഇപ്പോള്‍ അവനേക്കാളുപരി ആസ്വദിക്കുന്നത് വേലന്റെ ആത്മാവാണ്. അവന്റെ സ്വപ്നം അയാള്‍ക്ക് മറ്റുചില ഓര്‍മ്മകള്‍ കൂടി സമ്മാനിച്ചു.

ശങ്കുവിന്റെ തളര്‍ന്ന കാലുകള്‍ സുഖപ്പെടുത്തുവാന്‍, വീണ്ടുമവന്‍ രണ്ടുകാലുകളില്‍ എഴുന്നേറ്റുനില്‍ക്കുന്നതു കാണുവാന്‍ കൊതിച്ച്, വിശ്വന്‍ എത്രമാത്രമാണ് കഷ്ടപ്പെട്ടത്. ചികിത്സകള്‍ക്കുവേണ്ടി എത്ര പണമാണ് ചിലവഴിച്ചത്. ആ കടങ്ങള്‍ വീട്ടുവാനാണ് ഒടുവിലവന് അന്യനാട്ടിലേയ്ക്ക് തീവണ്ടി കയറേണ്ടി വന്നതും വനജയ്ക്ക് ഇഷ്ടികകളത്തില്‍ കളിമണ്ണു ചുമക്കാന്‍ പോകേണ്ടി വന്നതും. എന്നിട്ടും....... ശങ്കുവിനെ പുറംലോകം കാണാന്‍ സഹായിച്ച രണ്ടു ജാലകങ്ങളായിരുന്നു വിശ്വനും വനജയും. പക്ഷെ, അവര്‍ കാണിച്ചു കൊടുത്ത ജീവിതകാഴ്ച്ചകള്‍, ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ മാത്രം പ്രായമായിരുന്നില്ല ശങ്കുവിന്. ചികിത്സകള്‍ക്കു പണം കണ്ടെത്തുവാന്‍, പണയം വെച്ച ആധാരം, തിരിച്ചെടുക്കുവാനാവാതെ, ജപ്തിയുടെ വക്കിലെത്തിയപ്പോള്‍, ഒരു നുള്ളു വിഷത്തില്‍ വിശ്വനും വനജയും ജീവനൊടുക്കുമ്പോഴും, ശങ്കുവിന് ഒന്നും ഓര്‍മ്മവെക്കാവുന്ന പ്രായമായിരുന്നില്ല. ശങ്കുവിനെ മാത്രമേ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞുള്ളൂ. അവര്‍ക്കുശേഷം അവനുമുമ്പില്‍ കാഴ്ച്ചകളുടെ ജാലകം തുറന്നിട്ടത് താന്‍ മാത്രമായിരുന്നു. അതുകൊണ്ടായിരിക്കണം എപ്പോഴും അവന്‍ എന്നെക്കുറിച്ച് മാത്രം ഓര്‍ക്കുന്നത്. ശങ്കുവിന്റെ സ്വപ്നത്തില്‍, ലക്ഷ്മിക്കുട്ടിയുടെ പരിചിതമായ ശബ്ദം കേട്ടാണ് വേലന്റെ ആത്മാവ് ചിന്തകളില്‍നിന്നും ഉണര്‍ന്നത്.

"വേണ്ട.. അതൊന്നും വേണ്ട. ഞാന്‍ സമ്മതിക്കില്ല്യ. കയ്യും കാലും ഇല്ല്യാത്ത കുട്ട്യോളെ മനഃസാക്ഷിയില്ലാത്ത അച്ഛനമ്മമാര് ഉപേക്ഷിച്ചുപോണ സ്ഥലാവും അതൊക്കെ. നമ്മടെ ശങ്കൂനെ അനാഥശാലയിലാക്കേണ്ട കാര്യൊന്നും ഇല്ല്യ. വെറുതെ കുട്ട്യോള്‍ടെ മനസ്സ് വെഷമിപ്പിക്കാന്‍ ഓരോ വര്‍ത്തമാനങ്ങളും കൊണ്ടുവരും."

വേലനോര്‍ക്കുന്നു. അന്ന് വൈകീട്ടാണ് ആ സംസാരം ഉണ്ടായത്. ശങ്കുവിനേപ്പോലെയുള്ള, കാലുകള്‍ തളര്‍ന്ന കുട്ടികള്‍ക്ക് സൗജന്യമായി താമസസൗകര്യവും വിദ്യാഭ്യാസവും നല്‍കുന്ന, വികലാംഗ ബാലസദനം എന്ന സ്ഥാപനത്തെ കുറിച്ച് ആദ്യം പറഞ്ഞത്, നഗരത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അയല്‍പക്കത്തെ രുക്മിണിയായിരുന്നു. ശങ്കുവിനെ അവിടെ ചേര്‍ത്തണമോ എന്നതായിരുന്നു ചര്‍ച്ച. ബന്ധുക്കളും അയല്‍ക്കാരും പല അഭിപ്രായക്കാരായിരുന്നു. ഏറ്റവും അധികം എതിര്‍ത്തത് ലക്ഷ്മിക്കുട്ടിയായിരുന്നു.

"തനിയെ ഒരു ഗ്ലാസ്സ്‌ വെള്ളം പോലും എടുത്ത് കുടിക്കാന്‍ പറ്റാത്ത കുട്ടീനെ...."

ശങ്കുവിന്റെ സ്വപ്നത്തില്‍, മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണുകള്‍ തുടക്കുന്ന ലക്ഷ്മികുട്ടിയെ നോക്കി ഒന്നും പറയാതെ ബീഡി വലിച്ചിരിക്കുന്നത് വേലന്‍ തന്നെയാണ്. ആരോടും ഒന്നും പറയാതെ, എഴുന്നേറ്റുപോയി, കള്ളിന്റെ ലഹരിയില്‍ ആടിയാടി അന്നയാള്‍ തിരികെ വന്നപ്പോള്‍ മറ്റൊരു വലിയൊരു പൊതികൂടി ഉണ്ടായിരുന്നു. ഒരു പുതിയ സ്ലേറ്റും ഒരു ചെറിയപെട്ടി നിറയെ സ്ലേറ്റ് പെന്‍സിലുകളും. തളര്‍ന്ന കാലുകള്‍ അവനെ എവിടെയും എത്തിക്കില്ല. കാലുകള്‍ കൊണ്ട് കഴിയാത്തത് ചിലപ്പോള്‍, അറിവിന്റെ ചിറകുകള്‍ക്ക്....... അതായിരുന്നു തന്റെ നിലപാട്. എതിര്‍ക്കാന്‍ ആരും മുതിര്‍ന്നില്ല. രഘുവാണ്, ശങ്കുവിനെ, ശങ്കര്‍. സി. വിശ്വന്‍ എന്ന പേരില്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായി വികലാംഗ ബാലസദനത്തില്‍ ചേര്‍ക്കുവാന്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത്. കണ്ണുകള്‍ നിറയാതിരിക്കുവാന്‍ അന്ന് താനും നന്നേ വിഷമിച്ചിരുന്നു.

ശങ്കുവിന്റെ സ്വപ്നത്തില്‍, ഇളയച്ഛന്‍ തിരിച്ചുപോകുകയാണ്. നിര്‍ത്താതെ കരയുന്ന ശങ്കു ഉറക്കെ വിളിച്ചുപറയുന്നുണ്ട്.

"എന്നെ ഇവിട്യാക്കീട്ട് പൂവ്വല്ലേ എളേച്ചാ... എന്ന്യേം കൊണ്ടുപോ എളേച്ചാ..."

അവന്റെ നിലവിളി കേട്ടാണ് രാമു ഉണരുന്നത്.

"ശങ്കു... ടാ ശങ്കു... യെന്തിനാണ്ടാ കരയണത്...."

ഉറക്കത്തില്‍നിന്നും ഞെട്ടിയുണര്‍ന്ന ശങ്കും ചുറ്റും നോക്കി. അഞ്ചു വര്‍ഷമായി കൂടെ താമസിക്കുന്ന രാമുവിനെ അപരിചിതനെപ്പോലെയാണ് അവന്‍ നോക്കിയത്.

"യെന്താണ്ടാ ഇത്. ഒറക്കത്തില് നെന്റൊരു ഓളിം കരച്ചിലും... ഞാന്‍ പേടിച്ചുപോയി."

രാമു വീണ്ടും പുതച്ചുമൂടി കിടന്നുറങ്ങി. തുറന്നുകിടക്കുന്ന ജാലകവാതിലിലൂടെ പുറത്തെ നിലാവിലേയ്ക്കു നോക്കി ശങ്കു കിടന്നു. ഇളയച്ഛനോടൊപ്പം ആദ്യമായി സദനത്തില്‍ വന്ന ആ ദിവസത്തിന്റെ ഓര്‍മ്മകള്‍, അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും, ഒരു ദുഃസ്വപ്നം പോലെ, ഇപ്പോഴും ഇടക്കിടെ അവന്റെ ഉറക്കം നഷ്ടപ്പെടുത്താറുണ്ട്. അതിനു ശേഷം, കഴിഞ്ഞുപോയ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടേ രണ്ടു തവണ മാത്രമാണ് അവനെ വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ഇളയച്ഛന്‍ വന്നത്. ആദ്യം അച്ഛാച്ഛന്‍ വീണ് ഒരു ഭാഗം തളര്‍ന്നു കിടന്നപ്പോഴും പിന്നെ കുറച്ച് നാളുകള്‍ കഴിഞ്ഞ്, അച്ഛാച്ഛന്‍ മരിച്ചുകിടന്നപ്പോഴും. അതിനുശേഷം ആരും വന്നില്ല.

ശങ്കുവിന്റെ മനസ്സ് വായിച്ച് വേലന്റെ ആത്മാവ് തേങ്ങി. രഘുവും ശാന്തയും ഒരിക്കലും ശങ്കുവിനെ സംരക്ഷിക്കുമെന്ന് തനിക്ക് തോന്നിയിട്ടില്ല. ശങ്കുവിന്റെ ചികിത്സകള്‍ക്കുവേണ്ടി, വിശ്വന്‍ വരുത്തിവെച്ച കടങ്ങളുടെ പേരില്‍, നിരന്തരം വഴക്കുണ്ടാക്കി, വിശ്വന്റെയും വനജയുടേയും ആത്മഹത്യയിലേക്കു നയിച്ചതും, രഘുവിന്റേയും ശാന്തയുടേയും കടുംപിടുത്തങ്ങള്‍ തന്നെയായിരുന്നു. തന്റേയും ലക്ഷ്മിക്കുട്ടിയുടേയും കാലം കഴിഞ്ഞാ അവനെ അവര്‍ സംരക്ഷിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടുകൂടിയാണ്, അവനെ ബാലസദനത്തില്‍ ചേര്‍ക്കുവാന്‍ താന്‍ അന്ന് തീരുമാനമെടുത്തത്. പക്ഷെ ഒന്നും ശങ്കുവിനറിയില്ലല്ലോ. അവന്‍ ഇപ്പോഴും  രഘുവിനേയും ശാന്തയേയും സ്‌നേഹിക്കുന്നു. എന്നെങ്കിലും അവനെ കൊണ്ടുപോകാന്‍ അവര്‍ വരുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു.

സദനത്തിന്റെ പിന്നാമ്പുറത്ത്, പൈപ്പിനു താഴെ, പൂപ്പല്‍ പിടിച്ച ചവിട്ടുപടിയിലിരുന്ന് ശങ്കു സ്വന്തം വസ്ത്രങ്ങള്‍ കഴുകുന്നത് വേലന്‍ കൗതുകത്തോടെ നോക്കിനിന്നു. കഴുകിയ വസ്ത്രങ്ങള്‍ വീണുപോകാതെ തോളിലിട്ട്, കൈകള്‍ കുത്തി, കോണിപ്പടികള്‍ കയറിപോകുന്നതും നനഞ്ഞ വസ്ത്രങ്ങള്‍ രണ്ടാനിലയിലെ മരപ്പടിയില്‍ ഉണക്കാനിടുന്നതും കണ്ടപ്പോള്‍ അയാള്‍ക്ക് അഭിമാനം തോന്നി. അവന്‍ ആരെയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യുവാന്‍ പഠിച്ചിരിക്കുന്നു. വസ്ത്രങ്ങള്‍ മാറി, മുടി ചീകി. വീണ്ടും താഴെ ചെന്ന്, ഭാഗ്യവതിയമ്മ വെച്ചുവിളമ്പിയ, കൊഴുത്ത പച്ചരിക്കഞ്ഞിയും കടലക്കറിയും കഴിച്ച്, തിരിച്ച് രണ്ടാമത്തെ നിലയിലേയ്ക്ക്. രാമു പത്രവും വായിച്ച് താഴത്തെ നിലയില്‍ തന്നെ. ഒറ്റയ്ക്കിരിക്കുമ്പോള്‍ കൂട്ടുവരുന്നത് ഓര്‍മ്മകള്‍ മാത്രമാണ്. ശങ്കുവിന്റെ മനസ്സ് വീണ്ടും കാലത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് പറക്കുകയാണ്. അതിനോടൊപ്പമെത്തുവാന്‍ വേലന്റെ ആത്മാവും.

"അച്ഛാച്ഛന് നിന്നെ കാണണംന്ന് പറഞ്ഞു " എന്നു മാത്രമേ ഇളയച്ഛന്‍ രഘു അവനോടു പറഞ്ഞിരുന്നുള്ളൂ. വീടിനു ചുറ്റും പരിചയക്കാരും ബന്ധുക്കളും അല്ലാത്തവരുമായ ഒരുപാട് പേരുണ്ട്.

"വേലേട്ടന്റെ മൂത്തമോന്‍ വിശ്വന്റെ ഒരേയൊരു മോനാ. ഇവനേന്ന് വെച്ചാ ജീവനായിരുന്നു. ഇടക്ക് ഇവനേയും എടുത്ത് ചായകടേല്ക്ക് വരാറുണ്ട്. വേലേട്ടന്റെ ഇപ്പഴത്തെ കെടപ്പ് കണ്ടാ ഈ പാവത്തിന് സഹിക്കാന്‍ പറ്റുമോ ആവോ."

കേശവേട്ടന്‍ അടുത്തുനില്‍ക്കുന്നവരോട് അടക്കം പറയുന്നത് കേള്‍ക്കാം. കട്ടിലില്‍ കിടക്കുന്ന അച്ഛാച്ഛന്റെ തലയില്‍ മുറിവിന്റെ കെട്ടുണ്ട്. മുഖവും വായയും ഒരു വശത്തേക്ക് കോടിപ്പോയിരിക്കുന്നു.

"മരംവെട്ടിനിടയില്‍ അച്ഛാച്ഛന്‍ ഒന്നുവീണു.  ഇപ്പോ ഒരു കൈ മാത്രമേ അനക്കാന്‍ പറ്റ്വള്ളൂ. വര്‍ത്തമാനം പറയാനും പറ്റ്ണില്ല്യ, നമ്മള് പറയണതൊക്കെ മനസ്സിലാവണ്ണ്ട്. ആള്‍ക്കാരെയൊക്കെ തിരിച്ചറിയാനും."

അനക്കാന്‍ പറ്റുന്ന കൈകൊണ്ട്, ശങ്കുവിന്റെ കൈയ്യില്‍ വേലന്‍ മുറുകെപിടിച്ചു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. ശങ്കു വിതുമ്പി. രഘു, അവനെ എടുത്ത് അടുത്തമുറിയിലേക്ക് കൊണ്ടുപോയി. അവിടെ അയല്‍പക്കത്തെ ഒരു സ്ത്രീ അവനെ മടിയിലിരുത്തി ആശ്വസിപ്പിച്ചു. ശങ്കുവിന്റെ ഓര്‍മ്മകള്‍ വേലന്റെ ആത്മാവിനെ കരയിച്ചുവോ. ചെറുതായി മഴ പെയ്യുവാന്‍ തുടങ്ങിയിരിക്കുന്നു.

ശങ്കുവിന്റെ ഓര്‍മ്മകളില്‍ കടുത്ത വേനലാണ്. അവധിക്കാലമാണ്. ഇളയച്ഛനും ഇളയമ്മയും പണിക്കുപോയാല്‍ വീട്ടില്‍ തളര്‍ന്നുകിടക്കുന്ന അച്ഛാച്ഛനും പിന്നെ ശങ്കുവും മാത്രം. അച്ഛമ്മ അടുക്കളയിലും പറമ്പിലുമായി എന്തെങ്കിലുമൊക്കെ പണികള്‍ ചെയ്തുനടക്കും. ഇടക്ക് ആരോടെന്നില്ലാതെ സങ്കടങ്ങള്‍ പറയുന്നതും കരയുന്നതും മൂക്കുപിഴിയുന്നതും കാണാം. ശങ്കു എപ്പോഴും അച്ഛാച്ഛന്റെ അടുത്തുതന്നെ. സംസാരിക്കാന്‍ പറ്റാത്തതുകൊണ്ട് ആദ്യമൊക്കെ അച്ഛാച്ഛന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കുവാന്‍ വലിയ പ്രയാസമായിരുന്നു. ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ടിരുന്ന അവന് പതുക്കെ പതുക്കെ അച്ഛാച്ഛനുണ്ടാക്കുന്ന ശബ്ദങ്ങളുടെയും നോട്ടത്തിന്റേയും ആംഗ്യങ്ങളുടേയും ശരീരഭാഷയുടേയും അര്‍ത്ഥങ്ങള്‍ പിടികിട്ടിതുടങ്ങി. ആരും അടുത്തില്ലാത്ത അവസരങ്ങളില്‍, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍, അനക്കുവാന്‍ കഴിയുന്ന കൈകൊണ്ട് തട്ടി ശബ്ദമുണ്ടാക്കും. അതായിരുന്നു അച്ഛാച്ഛന്റെ വിളിസൂത്രം.

വിശേഷദിവസങ്ങളില്‍, ആത്മാവുകള്‍ വിരുന്ന് വന്നിട്ടുണ്ട് എന്ന് സങ്കല്‍പ്പിച്ച്, വീട്ടിലുണ്ടാക്കിയ പലഹാരങ്ങളും ചോറും കറികളും ചെറിയ ചെറിയ ഇലകഷ്ണങ്ങളില്‍ വിളമ്പി, വിളക്കും ചന്ദനത്തിരികളും കത്തിച്ചുവെച്ച്, മരിച്ചുപോയ കാരണവന്‍മാര്‍ക്ക് വീത് വെക്കുക എന്നൊരു ചടങ്ങുണ്ട്. മരിച്ചുപോയ കാരണവന്‍മാര്‍ കഴിച്ചു തൃപ്തിപ്പെട്ടുവെന്നു വിശ്വസിച്ചതിനുശേഷം മാത്രമേ വീട്ടിലുള്ളവര്‍ സദ്യയുണ്ണാന്‍ പാടുള്ളൂ. വിഷുവിന്റെ അന്ന്, എല്ലാവരും തൊഴുത് പ്രാര്‍ത്ഥിച്ച് പോയിക്കഴിഞ്ഞപ്പോള്‍, അച്ഛാച്ഛന്‍ എന്തോ പറയാന്‍ ശ്രമിക്കുന്നതുപോലെ. എത്ര ആവര്‍ത്തിച്ചിട്ടും മനസ്സിലാകുന്നില്ല. വീത് വെച്ചിരിക്കുന്നിടത്തേക്ക് നോക്കികൊണ്ടായിരുന്നു ഒറ്റകൈകൊണ്ടും കണ്ണുകള്‍കൊണ്ടുമുള്ള ആശയവിനിമയ ശ്രമങ്ങള്‍. അച്ഛമ്മ ചിട്ടകള്‍ വല്ലതും തെറ്റിച്ചിട്ടാണോ അച്ഛാച്ഛന്റെ ആംഗ്യങ്ങള്‍ എന്ന് സംശയം തോന്നി. കാരണവന്‍മാര്‍ക്ക് അല്‍പ്പം കള്ളും കൂടി വീതുവെക്കുന്ന പതിവുണ്ട്. അച്ഛാച്ഛന്റെ ആംഗ്യത്തില്‍നിന്നും ഉദിച്ച സംശയത്തിന്റെ അടിസ്ഥാനത്തില്‍ വീതുവെച്ചിരിക്കുന്ന കള്ളിന്റെ കുപ്പി തൊട്ടുകാണിച്ചു. അപ്പോള്‍ അച്ഛാച്ഛന്റെ കണ്ണുകള്‍ വിടരുന്നു.

സദ്യ കഴിഞ്ഞ് എല്ലാവരും വിശ്രമിക്കുന്നതിനിടയില്‍, ശങ്കു നിരങ്ങിചെന്ന്, ലക്ഷ്മികുട്ടിയമ്മ മാറ്റിവെച്ചിരുന്ന, കള്ളിന്‍കുപ്പികളില്‍ ഒരെണ്ണം ആരും കാണാതെ മാറ്റിവെക്കുന്നു. പിന്നാമ്പുറത്ത് ചായ്പില്‍ അയയില്‍കിടന്നിരുന്ന തോര്‍ത്തുമുണ്ട് കത്തിക്കുവാന്‍ വെച്ചിരുന്ന വിറകുകഷ്ണം കൊണ്ട് തോണ്ടിയെടുക്കുന്നു. അടുക്കളയുടെ തറയിയിലിരുന്ന് തോര്‍ത്തുമുണ്ട്  വയറിനു ചുറ്റും കെട്ടി. തിരിച്ചുവന്ന് കള്ളിന്‍കുപ്പിയെടുത്ത് വയര്‍ ഇറുക്കിപിടിച്ച് തോര്‍ത്തുമുണ്ടിനുള്ളിലാക്കുന്നു. പതുക്കെ അച്ഛാച്ഛന്റെ കട്ടിലിനടുത്തേയ്ക്ക് നിരങ്ങിയെത്തി. തോര്‍ത്തുമുണ്ടിനുള്ളില്‍നിന്നും കുപ്പിയെടുത്ത് കട്ടലിനടിയിലേക്കു തള്ളിനീക്കുന്നു. വീണ്ടും അടുക്കളയിലേക്കു തിരിച്ചുപോയി തോര്‍ത്തുമുണ്ടിലൊളിപ്പിച്ച് ഒരു ഗ്ലാസ്സും കൊണ്ടുവരുന്നു. രണ്ടാമതും അടുക്കളയില്‍ പോയി തിരിച്ചുവരുന്നതിന്റെ ശബ്ദം ലക്ഷ്മികുട്ടിയമ്മയുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നുവേണം കരുതുവാന്‍.

"ശങ്ക്വേ... ന്തെങ്കിലും വേണങ്കി പറഞ്ഞാമതീട്ടോ. കയ്യെത്തിച്ച് ഒന്നും തട്ടിമറിച്ചിടണ്ട."

"ഒന്നൂല്യ അച്ചമ്മേ..." അച്ഛമ്മ പേടിപ്പിച്ചു.

ഒരുവിധത്തില്‍ പൊത്തിപ്പിടിച്ച് കട്ടിലില്‍ കയറിയിരുന്ന്, പേടിയോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കള്ള് ഗ്ലാസ്സില്‍ പകര്‍ത്തി അല്‍പ്പാല്‍പ്പം അച്ഛാച്ഛന്റെ വായിലേക്ക് ഒഴിച്ചുകൊടുക്കുമ്പോള്‍ അച്ഛാച്ഛന്റെ കണ്ണുകളിലെ തിളക്കം കണ്ട് ശങ്കുവിന് ഒരുപാട് സന്തോഷം. മുന്‍പൊരിക്കല്‍ ചോദിച്ചിട്ടുണ്ട്.

"അച്ഛാച്ഛന് ഈ കൊമ്പന്‍മീശയൊക്കെ വെട്ടിക്കളഞ്ഞ്, സില്‍മാനടന്‍മാരെപ്പോലെ കരമീശയാക്കി കൂടെ"

"ഹ...ഹ... ഏയ് അത് പറ്റില്ല. കള്ളില് കൊറെ കരടും പൊടിയും ഒക്കെ ഉണ്ടാവില്ലേ. ഈ മീശയുണ്ടല്ലോ ഒരു അരിപ്പപോലെയാ.. മീശയില്ലെങ്കി പിന്നെ, കള്ളുകുടിക്കുമ്പോ അതൊക്കെ അച്ചാച്ഛന്റെ വയറ്റിലേക്ക് പൂവില്ലേ. അതോണ്ട് മീശവെട്ടിയാ ശെരിയാവില്ല കുട്ടാ. "

വേലന്റെ ആത്മാവ് ചിരിച്ചു. തന്നെപ്പോലെ ശങ്കുവും അതുതന്നെയാണ് ഓര്‍ക്കുന്നത്.

ഇത്തവണ കരടും പൊടിയുമൊക്കെ എടുത്തുമാറ്റിയാണ് ശങ്കു അച്ഛാച്ഛന് കള്ള് വായിലൊഴിച്ചു കൊടുക്കുന്നത്. തലക്കു പിടിച്ചപ്പോള്‍ അനക്കാന്‍ പറ്റുന്ന ഇടത്തുകൈകൊണ്ട് താളം പിടിച്ചുതുടങ്ങുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ചുണ്ടുകള്‍ കൂര്‍പ്പിച്ച് പിടിക്കുന്നു. അങ്ങനെ ചെയ്തുകൊണ്ടുതന്നെ ശങ്കുവിനെ നോക്കി കണ്ണുകള്‍ ചിമ്മി. പിന്നെയും പിന്നെയും ഇതു തന്നെ ആവര്‍ത്തിച്ചു. വീണ്ടും ചുണ്ടുകള്‍ കൂര്‍പ്പിച്ച് പിടിച്ചപ്പോള്‍ കാതോര്‍ത്തു. എന്തെങ്കിലും പറയാനുള്ള ശ്രമമാണോ. ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. ചുണ്ടുകള്‍ കൂര്‍പ്പിച്ച് പിടിക്കുക മാത്രമല്ല, അതിലൂടെ ഊതുന്നുമുണ്ട്. ബീഡിവലിച്ചു പുകവിടുന്ന പോലെ. സംശയനിവൃത്തിക്കായി ബീഡിവലിക്കുന്നതുപോലെ ശങ്കുവും ആംഗ്യം കാണിക്കുന്നു. ശങ്കുവിന്റെ കൈയ്യില്‍ മുറുക്കിപിടിച്ച് അച്ഛാച്ഛന്‍ തലയാട്ടുന്നു. ആവശ്യം തിരിച്ചറിഞ്ഞുവെങ്കിലും ഇത്തവണ ധര്‍മ്മസങ്കടത്തിലായി. ബീഡി തന്നെയായാണ്  പ്രശ്‌നം. എന്നാലും അവന്‍ ഇപ്പോ വരാമെന്ന് ആംഗ്യം കാട്ടി മുറിയുടെ പുറത്തേക്കുനീങ്ങുന്നു. .

ഉമ്മറത്ത് ഇളയച്ഛന്‍ കിടന്നുറങ്ങുന്നുണ്ട്.. കൂര്‍ക്കംവലി കേള്‍ക്കാം. ഉമ്മറത്ത് വേറെയാരെയും കാണാനില്ല. മെല്ലെ കമിഴ്ന്നുകിടന്ന് ശബ്ദമുണ്ടാക്കാതെ മെല്ലെ നിരങ്ങിചെന്ന്  ഷര്‍ട്ടിന്റെ കീശയില്‍നിന്നും ബീഡിക്കെട്ടെടുത്തു. അതില്‍നിന്നും ഒരെണ്ണം എടുത്ത് സ്വന്തം ഷര്‍ട്ടിന്റെ കീശയിലേക്കിടുന്നു. പക്ഷെ തീപ്പെട്ടി ഉണ്ടായിരുന്നില്ല. തിരിച്ചുവന്ന് ബീഡിയെങ്ങിനെ കത്തിക്കും എന്നാലോചിച്ച് അടുക്കളയിലേക്ക് ചെല്ലുന്നു. അവിടെയും തീപ്പെട്ടി കാണാനില്ല. അടുപ്പില്‍ ചെറുതായി കനലെരിയുന്നുണ്ട്. കെട്ടുപോയിത്തുടങ്ങിയ ഒരു തീക്കൊള്ളിയെടുത്ത് വായില്‍വെക്കാതെ ഊതിയുതി ബീഡി കത്തിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ഒടുവില്‍ ബീഡി പുകഞ്ഞു. കത്തിച്ച ബീഡി കൈവിരലുകള്‍ക്കിടയില്‍, ഒടിയാതെ, സൂക്ഷിച്ചുപിടിച്ച് അച്ഛാച്ഛന്റെ കട്ടിലിനടുത്ത് എത്തിയപ്പോഴാണ് ബീഡി കെട്ടുപോകുന്നു. വീണ്ടും തിരിച്ചുപോകുന്നു. നാലു പ്രാവശ്യവും ബീഡികെട്ടപ്പോള്‍ ശങ്കുവിന്റെ ക്ഷമയും കെട്ടു. ഒടുവില്‍ അവന്‍ കത്തിച്ച ബീഡി സ്വന്തം ചുണ്ടുകള്‍ക്കിയില്‍ അമര്‍ത്തിപിടിച്ച് രണ്ടുകൈകളും കുത്തി വേഗത്തില്‍ നിരങ്ങി. അതിന്റെ പുക അസ്വസ്ഥനാക്കിയെങ്കിലും അവന്‍ സഹിച്ചുപിടിച്ചു. പുക വായിലും മൂക്കിലും കയറാതിരിക്കുവാന്‍ നന്നെ പ്രയാസപ്പെട്ടു. കട്ടിലിന്റെ വശത്തുനിന്നും കയ്യെത്തിച്ച് അച്ഛാച്ഛന്റെ ചുണ്ടുകളിലേക്ക് ബീഡി വെച്ചുകൊടുത്തു. കെട്ടുപോകാറായ ബീഡി, ശ്വാസം ഉളളിലേയ്ക്കു വലിച്ചും ഊതിവിട്ടും വേലന്‍ കത്തിച്ചു. ഏറെക്കാലത്തിനുശേഷം പുക ഊതിയൂതിവിടുമ്പോള്‍ വേലന്‍ സന്തോഷംകൊണ്ട് തലകുലുക്കികൊണ്ടിരുന്നു. ചാരം മുഖത്തുവീഴാതെ ശങ്കു തട്ടിക്കളഞ്ഞുകൊടുത്തു. ബീഡി വീണ്ടും കെട്ടു. വീണ്ടും അടുക്കളയിലേക്ക്. അച്ഛമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അപ്രതീക്ഷിതമായി അടുക്കളയിലേയ്ക്ക് വന്നപ്പോള്‍ കണ്ടത് ബീഡി വായില്‍വെക്കുന്നതായിരുന്നില്ലേ. ആരായാലും ദേഷ്യപ്പെടും.

"നിന്നെ ഇന്നു ഞാന്‍ ശരിയാക്ക്ണ്ണ്ട്. ഇത്ര ചെറുപ്പത്തിലേ ഈ വക ദുഃശ്ശീലങ്ങളൊക്കെ തൊടങ്ങിയാലോ..."

അച്ഛമ്മ ബീഡി വാങ്ങി പുറത്തേയ്ക്ക് എറിഞ്ഞുകളഞ്ഞു. ശബ്ദം കേട്ടുവന്ന ഇളയച്ഛന്റെ കൈയ്യീന്നും നല്ലപോലെ അടികിട്ടി. തല്ലില്‍നിന്നും രക്ഷപ്പെടുത്താന്‍ ലക്ഷ്മിക്കുട്ടിയമ്മ ശങ്കുവിന്റെ അരികത്തിരുന്നു ചേര്‍ത്തുപിടിക്കുന്നു.

"ഇങ്ങനെയൊക്കെ ചെയ്യാന്‍ പാടുണ്ടോ കുട്ടാ.. അതല്ലേ അടി കിട്ടിയത്.. സാരല്ല്യ. ഇനി ഒരിക്കലും ഇങ്ങനെ ചെയ്യരുത് ട്ടോ." അച്ഛമ്മയുടെ കഴുത്തില്‍ കെട്ടിപിടിച്ച് തേങ്ങി കരഞ്ഞു.

"കണ്ണിക്കണ്ട തെണ്ടിപ്പിള്ളാരുടെ കൂടെയല്ലേ താമസം. ഈ വക കുരുത്തകേടൊക്കെ പഠിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടു."

വേലന്റെ ആത്മാവിലൊരു പോറലേറ്റതുപോലെ. അടിയേക്കാള്‍ കൂടുതല്‍ ഇളയമ്മയുടെ വാക്കുകളാണ് അവനെ വേദനിപ്പിച്ചിരിക്കുക. ഒന്നിനുമാവാതെ കട്ടിലില്‍ കിടക്കുന്ന തന്റെ കണ്ണുകള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അയാള്‍ നിസ്സഹായതയോടെ നോക്കിനിന്നു. ഒറ്റക്കൈകൊണ്ട് കട്ടിലില്‍ തട്ടിക്കൊണ്ട് പ്രതിഷേധിക്കുവാന്‍ മാത്രമേ അന്നും തനിക്ക് കഴിഞ്ഞുള്ളൂ. ലക്ഷ്മികുട്ടി മൂത്രപാത്രം മുണ്ടിനിടയിലൂടെ വെക്കുമ്പോള്‍ ദേഷ്യത്തോടെ മുരണ്ടു.

"ഈ മനുഷ്യനെകൊണ്ടു തോറ്റു. ഇതിനല്ലെങ്കി പിന്നെന്തിനാ വിളിച്ചെ.."

ലക്ഷ്മികുട്ടിയമ്മ മൂത്രപാത്രം തിരികെ കട്ടലിന്നടിയില്‍തന്നെ വെച്ചു.

"കാരംസ് കളിക്കാടാ... "

രാമുവിന്റെ വിളിയാണ് ശങ്കുവിന്റെ മനസ്സിനെ, വീട്ടില്‍നിന്നും തിരികെ കൊണ്ടുവന്നത്. പക്ഷെ ഇത്തവണ വേലന്റെ ആത്മാവ് തിരികെ വന്നില്ല. അയാള്‍ ലക്ഷ്മിക്കുട്ടിയുടെ അടുത്തുതന്നെയായിരുന്നു. മരിക്കുന്നതിനു മുന്‍പ് അയാള്‍ കിടന്നിരുന്ന കട്ടിലില്‍ ഇപ്പോള്‍ ലക്ഷ്മികുട്ടിയാണ്.

"ഉസ്‌കൂള് പൂട്ട്യാലെങ്കിലും അവനെ കൊറച്ച ദെവ്‌സം ഇവടെ കൊണ്ട്ന്ന് നിര്‍ത്തിക്കൂടെ. എത്ര നാളായി പറയ്ണു. ആര് കേള്‍ക്കാനാ അല്ലേ. അതിന്റെ മനസ്സുരുക്ണ്ണ്ടാവും. നേരാനേരത്തിന് വല്ലതും തിന്നാനും കുടിക്കാനും കിട്ട്ണ്ണ്ടാവ്വോ ആവോ... ഈശ്വരാ... അയിന്റെ തലേല് വരച്ചത് അങ്ങിന്യാവും..."

അവര്‍ പതിവുപോലെ കരഞ്ഞു മൂക്കുപിഴിയുന്നതും നോക്കി, ആ സമയത്ത് അവിടെ രണ്ട് ആത്മാക്കള്‍ കൂടി ഉണ്ടായിരുന്നു. വിശ്വന്റേയും വനജയുടേയും അസ്വസ്ഥരായ ആത്മാക്കള്‍. ലക്ഷ്മിക്കുട്ടിയമ്മ അവരെക്കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു.

.........................................................................................

കഷണ്ടിയുഴിഞ്ഞ്, പൂജാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന, ശാന്തിക്കാരന്‍.

"കാരണവരുടെ പ്രേതത്തെമാത്രം ആവാഹിക്കാനാവ്ണില്ലല്ലോ... "

മണിയടിച്ചും പൂവെറിഞ്ഞും ഹോമകുണ്ഡത്തിലേയ്ക്ക് നെയ്യൊഴിച്ചും തുടരുന്ന പൂജകള്‍.

"വരാള്ള ഭാവംല്ല്യ. എന്തോ ഒരു തടസ്സംണ്ട്‌ല്ലോ... ഒന്നൂടി നോക്കട്ടെ..."

ഒരിയ്ക്കല്‍കൂടി പൂജകളും കവടിനിരത്തലും.

"ഇല്ല്യാ മൂപ്പര് പിടി തര്ണില്ല്യാ... എല്ലാവരും ഒന്ന് മനസ്സര്‍പ്പിച്ച് വിളിച്ചാ കാരണവര് വരും... ഉം.... പ്രാര്‍ത്ഥിക്ക്യാ.."

വീണ്ടും മന്ത്രങ്ങളും ജപങ്ങളും.

"പിടി തര്ണില്ല്യാ... ഒന്നുകൂടി.. എല്ലാവരും നന്നായി മനസ്സുരുകി വിളിക്ക്യാ...."

കര്‍മ്മങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

"ഇല്ല്യാലോ.. മൂപ്പര് പിടിതര്ണില്ല്യാല്ലോ.."

"എങ്ങിന്യാ വര്വാ.... വരില്ല്യ...... ശങ്കു വിളിക്ക്യാണ്ട് വരില്ല്യ... എത്ര തവണ ഞാന്‍ പറഞ്ഞു അവനെ പോയി കൊണ്ടുവരാന്‍.... "

ലക്ഷ്മിക്കുട്ടിയമ്മയുടെ വാക്കുകള്‍ പൂജാ പന്തലില്‍ കനത്ത നിശ്ശബ്ദത പരത്തി. അവനെ എല്ലാവരും മറന്നു കഴിഞ്ഞിരുന്നു. പണിക്കരുടെ നിര്‍ദ്ദേശ്ശപ്രകാരം രഘു പുറപ്പെട്ടു. വെറും ഇരുപത് കിലോമീറ്ററുകള്‍പ്പുറത്ത് ശങ്കു കാത്തിരിക്കുന്നുണ്ടായിരുന്നു. സദനത്തിന്റെ മുന്നില്‍ വന്നുനിന്ന ഓട്ടോറിക്ഷയില്‍ നിന്നും ഇളയച്ഛന്‍ ഇറങ്ങുന്നതു കണ്ടപ്പോള്‍ ശങ്കു സന്തോഷം കൊണ്ടു കരഞ്ഞു.

കാത്തിരിക്കുന്ന ബന്ധുക്കള്‍ക്കിടയിലൂടെ ശങ്കുവിനെ, രഘു എടുത്തുയര്‍ത്തി കൊണ്ടുവന്നു. ശങ്കുവിന് ഒന്നും മനസ്സിലായില്ല. ശാന്തിക്കാരന്‍ പറഞ്ഞപോലെ എല്ലാം ചെയ്തുവെന്നു മാത്രം. പ്രേതത്തെ പിടിക്കുകയെന്നത് അവന് അവിശ്വസനീയമായി തോന്നി. മുന്‍പൊരിയ്ക്കല്‍ പഞ്ചഭൂതങ്ങളെന്താണെന്ന് പറഞ്ഞുതന്നതും അച്ഛാച്ഛന്‍ തന്നെ. മരിച്ചു കഴിഞ്ഞാല്‍ ശരീരം മണ്ണായും ജലമായും വായുവായും അഗ്നിയായും പിരിഞ്ഞ് അവയുടെ മൂലധാതുക്കളില്‍ അലിഞ്ഞുചേരുമത്രെ. അപ്പോള്‍ അഞ്ചാമത്തേത്, അതാണ് ശങ്കുവിന് അന്നും ഇന്നും മനസ്സിലാകാത്ത ഒന്ന്. അച്ഛാച്ഛന്‍ പറഞ്ഞുതന്നിട്ടുള്ളതു പ്രകാരമാണെങ്കില്‍, അഞ്ചാമത്തേത് ആത്മാവാണ്, പ്രേതമല്ല. ശങ്കുവിനെകൊണ്ടും ശാന്തിക്കാരന്‍ പിണ്ഡം വെപ്പിച്ചു. ഈറനുടുത്തിരുന്ന് ദര്‍ഭപുല്ലുകൊണ്ടു മോതിരം കെട്ടിയ വിരല്‍ ചേര്‍ത്തു്, വാഴയിലയിലെ വേവിച്ച അരിയും എള്ളും കുഴച്ച് ഉരുളകളാക്കുമ്പോള്‍, അവനോര്‍ക്കുന്നത്, അച്ഛാച്ഛന്‍ അവന്റെ വായില്‍ വെച്ചു കൊടുക്കാറുള്ള, സ്‌നേഹത്തിന്റെ ചാറില്‍മുക്കിയെടുത്ത, വലിയ ചോറുരുളകളാണ്. അവന്റെ മനസ്സിലൂടെ വേലനും അതെല്ലാം കാണാനാവുന്നുണ്ട്. ആത്മാവിന്റെ കണ്ണുകളില്‍ നനവൂറുന്നു. നനഞ്ഞ കൈകള്‍ കൊട്ടി ശങ്കു വിളിച്ചപ്പോള്‍, എല്ലാവരേയും ആശ്ചര്യപ്പെടുത്തികൊണ്ട്, സംതൃപ്തിപ്പെടുത്തികൊണ്ട്, എവിടെനിന്നോ ഒരു കാക്ക പറന്നെത്തി.

പണിക്കര്‍ കവടി നിരത്തി. അത്ഭുതം. ആരൂഢം. എല്ലാം മംഗളമായിരിക്കുന്നു. അയാള്‍ വിജയശ്രീലാളിതനെപ്പോലെ, അവിടെ കൂടിയിരുന്നവരെ,  ഉപദേശിച്ചു.

"എല്ലാരോടും കൂടി പറയാണ്. പോയവര് പോയി. അവര്‌ടെ ആത്മാക്കള്‍ക്ക് ശാന്തി കിട്ടാന്‍ ചെയ്യാനുള്ളതൊക്കെ നമ്മള് ചെയ്തിട്ട്ണ്ട്. ഇന്നുമുതല്‍ ആരും വീടുകളില് കാരണവന്‍മാര്‍ക്ക് വീതൊന്നും വെക്കണ്ടാട്ടോ. മരിച്ചുപോയോര്‍ക്കുവേണ്ടി ദെവ്‌സോം വെളക്ക് വെക്കുംവേണ്ട."

"അച്ഛമ്മയ്ക്കറിയാരുന്നു. മോന്‍ വിളിച്ചാലെ അച്ചാച്ഛന്‍ വരുള്ളൂന്ന്."

ശങ്കുവിനെ ചേര്‍ത്തിരുത്തി ലക്ഷ്മിക്കുട്ടിയമ്മ വാത്സല്യത്തോടെ പറഞ്ഞു.  അച്ഛമ്മ മാത്രമായിരുന്നു ഒരു ആശ്വാസം. സദനത്തിലേയ്ക്ക് തിരിച്ചുപോകുംവരെ അവനാ വീട്ടില്‍ കഴിഞ്ഞത് അസ്വസ്ഥമായ മനസ്സോടെയാണ്. അച്ഛനും അമ്മയും അച്ഛാച്ഛനുമില്ലാത്ത ആ വീട്, അവന്റെ വീടായി അനുഭവപ്പെടുന്നില്ല.  ഇളയമ്മ ശാന്തയുടെ കുത്തുവാക്കുകളും ശകാരങ്ങളും കേട്ടുമടുത്തപ്പോള്‍ ഒടുവില്‍ അവന്‍തന്നെയാണ് അച്ഛമ്മയോട് പറഞ്ഞത്.

"ഒരു പരീക്ഷ കഴിഞ്ഞിട്ടില്ല്യച്ചമ്മേ..  അത് സ്‌കൂള് തൊറക്കണ അന്ന് തന്ന്യാ... കൊറച്ച് പഠിക്കാണ്ട്.... എന്നെ കൊണ്ട്ന്നാക്കാന്‍ എളേച്ചനോട് പറയ്യോ."

തിരിച്ചു പോകുന്നതിന്റെ അന്ന് അച്ഛമ്മ വിറയ്ക്കണ കൈ, നിറുകയില് വെച്ച് അനുഗ്രഹിച്ചു.

"നന്നായി വരും. അച്ഛമ്മ പ്രാര്‍ത്ഥിക്കാട്ടോ."

ഇളയമ്മ ശാന്തയുടെ,  കുത്തുവാക്കുകളാണ് അവനെ എന്നന്നേയ്ക്കുമായി അകറ്റിയത്. അച്ഛാച്ഛന്‍ ഓര്‍മ്മയിലേയ്ക്ക് വരാറുള്ളത്, വീടിനെക്കുറിച്ചോര്‍ക്കുമ്പോഴാണ്. ഇപ്പോള്‍ അവന്‍ വീടിനെക്കുറിച്ച് ഓര്‍ക്കാറേയില്ല. അതുകൊണ്ടുതന്നെ അച്ഛാച്ഛനേയും. പുഴുവരിക്കുന്ന കഷ്ണങ്ങള്‍ മാറ്റി വെച്ചാല്‍, ഭാഗ്യവതിയമ്മയുടെ സാമ്പാറിനും  ഉപ്പുമാവിനുമൊക്കെ ഇപ്പോള്‍ നല്ല സ്വാദാണ്. അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം, അവന്‍ പത്താം ക്ലാസ്സ് പരീക്ഷ ഒന്നാം ക്ലാസ്സോടെ ജയിച്ചു. പല കാലഘട്ടങ്ങളിലായി അറുപതിലധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങിപ്പോയ വികലാംഗ ബാലസദനത്തിന്റെ മുപ്പതു വര്‍ഷത്തെ ചരിത്രത്തില്‍ അത് ആദ്യത്തേതായിരുന്നു. ചെളിയില്‍വിരിഞ്ഞ താമരയെന്ന് ഭാഗ്യവതിയമ്മ. അവന്റെ തുടര്‍പഠനം നഗരത്തിലെ പ്രമുഖ ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്തു. വിജയം പങ്കുവെക്കുവാന്‍ പ്രിയപ്പെട്ടവരില്ലാതെ, ഏറെ നാളുകള്‍ക്കു ശേഷം, അച്ചാച്ഛനേയും അച്ഛനേയും അമ്മയേയും ഓര്‍ത്തവന്‍ ഒരുപാടു കരഞ്ഞു. മറ്റാര്‍ക്കാണ് ആ വിജയം അവന്‍ സമര്‍പ്പിക്കുക.

വിളിച്ചുണര്‍ത്തിയതുപോലെ, വിസ്മൃതിയുടെ സുഷുപ്തിയിലായിരുന്ന വേലന്‍ ഉണരുന്നു. ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ വിടര്‍ന്നുനില്‍ക്കുന്ന ബോഗെയ്ന്‍ വില്ലകള്‍ക്കിടയിലൂടെ അയാള്‍ക്കവനെ കാണാം. കൂടെ വിശ്വനും വനജയുമുണ്ട്. കോളേജ് ഹോസ്റ്റലിന്റെ വരാന്തയോടു ചേര്‍ന്നുള്ള അരതിണ്ണയിലിരുന്ന്, ശങ്കു, പ്രാതല്‍ കഴിച്ച പാത്രം കഴുകുവാന്‍ തുടങ്ങുമ്പോള്‍, സണ്‍ഷേയ്ഡിനു മുകളില്‍ ആത്മാവുകള്‍ പറന്നുവന്നിരുന്നു. അക്കൂട്ടത്തിലൊരു  ഒററക്കാലന്‍ കാക്കയുമുണ്ടായിരുന്നു. പാത്രത്തില്‍ ബാക്കിവന്ന ദോശ ചെറിയ കഷ്ണങ്ങളാക്കി എറിഞ്ഞുകൊടുത്തു. അവ കൊത്തിയെടുക്കുവാന്‍ കാക്കകള്‍ മത്സരിച്ചു. ഇപ്പോഴും അവനില്‍ ഒരു സംശയം ബാക്കിനില്‍ക്കുന്നുണ്ട്. അന്ന് കാക്കകള്‍ കൂട്ടികൊണ്ടുപോയ, ആത്മാവുകള്‍ ഇപ്പോള്‍ എവിടെയായിരിക്കും.

ഹോസ്റ്റലിലെ പുല്‍ത്തകിടിയെ പകുത്തിട്ട കല്‍പാതയുടെ ഓരത്ത് വീല്‍ ചെയറില്‍ ഒറ്റയ്ക്കിരുന്ന്, പൂത്തുനില്‍ക്കുന്ന മാവിന്‍ചില്ലകളില്‍, ഓര്‍മ്മകളുടെ നാരുകള്‍ ചേര്‍ത്തുവെച്ച്, കൂടുകൂട്ടുവാന്‍ തുടങ്ങുമ്പോള്‍, അവര്‍ പറന്നെത്തും. നിശ്ബ്ദമായ ചിറകടികളോടെ. അവരോടൊപ്പം ചേരാന്‍ ലക്ഷ്മികുട്ടിയമ്മയും ആത്മാര്‍ത്ഥമായി കൊതിക്കുന്നുണ്ടാവണം. ആത്മാവുകള്‍ എവിടെയും പോകുന്നില്ല. സ്‌നേഹിക്കുന്നവരുടെ ഹൃദയങ്ങളില്‍ ഇടമുള്ളിടത്തോളം കാലം. കണ്ണുനീര്‍ത്തുള്ളികളുടെ ഇളംചൂടില്‍ ഞെട്ടിയുണര്‍ന്ന് കുളിരണിയുന്ന പുല്‍ക്കൊടികള്‍ സാക്ഷികള്‍. 

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...