ഹോസ്‌റ്റല്‍ വിശേഷങ്ങള്‍ (ശ്രീ കേരള വര്‍മ്മ കോളേജ്‌, തൃശ്ശൂര്‍)

പറഞ്ഞുകേട്ട കഥകളിലെ ഒരുപാട്‌ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഒരു ബംഗ്ലാവ്‌ കാണുന്നതു പോലെയായിരുന്നു ആദ്യമായി ശ്രീ കേരള വര്‍മ്മ കോളേജ്‌ ഹോസ്‌റ്റലിന്റെ മുന്നിലെത്തിയപ്പോള്‍. ഒരുപോലെയുള്ള മൂന്നു കെട്ടിടങ്ങള്‍. മൂന്നിനും മൂന്നു നിലകള്‍. പൂപ്പലും പായലും പിടിച്ച ചുമരുകള്‍. പ്രേതങ്ങളെ പേടിക്കുമ്പോഴും പ്രേതകഥകള്‍ ഇഷ്ടപ്പെടുന്നവരില്ലേ. ഞാനും അങ്ങനെ തന്നെയായിരുന്നു. വലിയ കോളേജുകളിലെ ഹോസ്‌റ്റലുകളെ പറ്റി പേടിപ്പെടുത്തുന്ന കഥകളാണ്‌ കേട്ടിട്ടുള്ളത്‌. പഠിച്ചത്‌ കേരളവര്‍മ്മയിലായിരുന്നുവെന്ന്‌ പറയുമ്പോള്‍ ചില ചേട്ടന്‍മാരുടെ മുഖത്ത്‌ ഞാന്‍ കണ്ടത്‌ അഭിമാനത്തിന്റെ മിന്നലാട്ടമായിരുന്നു. പള്ളീലച്ചന്മാര്‍ നടത്തിയിരുന്ന കലാലയത്തില്‍നിന്നും അന്തസ്സായി പ്രീഡിഗ്രി പാസ്സായ എന്നെ ബികോമിനായി ഇവിടെ എത്തിച്ചതില്‍ ആ വികാരത്തിനും ഒരു പങ്കുണ്ടായിരുന്നു. മാനം ഇരുണ്ടുതുടങ്ങിയിരുന്നു. ഗേറ്റിനപ്പുറം ഭൂമി താഴേക്കിറങ്ങിപോകുന്നതുപോലെ ഒരു ചരിവായിരുന്നു. ആകാംക്ഷയും കൗതുകവും ഭയവും നിറഞ്ഞ മനസ്സോടെ, തുറന്നിട്ടിരിക്കുന്ന ഗേറ്റിലുടെ, ആ ചരിവിലൂടെ, ഹോസ്‌റ്റല്‍ കോമ്പൗണ്ടിലേക്ക്‌ കടന്നുപോകുമ്പോള്‍, മൂന്നു ചക്രങ്ങളുള്ള എന്റെ സൈക്കിളിന്റെ ഹാന്‍ഡിലിലും ബ്രേക്കിലുമായിരുന്നു ശ്രദ്ധ.

ചരിവിറങ്ങികഴിഞ്ഞപ്പോള്‍ ആദ്യത്തെ പ്രേതത്തെ കണ്ടു. താടിയും മുടിയും വളര്‍ത്തിയ ചോരകണ്ണുകളുള്ള ഒരു ചേട്ടന്‍. പേടിച്ചുപോയി. പക്ഷെ ഷര്‍ട്ടിടാത്ത ലുങ്കിയുടുത്ത, ബീഡി വലിക്കുന്ന ആ പ്രേതം എന്നെയൊന്നു തുറിച്ചുനോക്കി. അത്രമാത്രം. ആ ദേഹം അതുവഴിയങ്ങ്‌ പോയി. അപ്പോഴേക്കും ഞാന്‍ രണ്ടാമത്തെ ചരിവിറങ്ങി രണ്ടാമത്തെ കെട്ടിടത്തിന്റെ മുന്നിലെത്തിയിരുന്നു. അധികമാരെയും കാണാനില്ല. ഈശ്വരാ ഈ പ്രേതാലയത്തില്‍ ഒറ്റയ്‌ക്ക്‌ താമസിക്കേണ്ടിവരുമോ എന്ന്‌ ചിന്തിച്ചുതുടങ്ങിയപ്പോഴാണ്‌ പാവമെന്നു തോന്നുന്ന ഒരു സമപ്രായക്കാരന്‍ പയ്യന്‍ കയ്യിലൊരു ബക്കറ്റുമായി മുകളിലേക്കു പോകുന്നത്‌ കണ്ടത്‌.

"ഹോസ്‌റ്റലിന്റെ ഓഫീസ്‌ ?

"ഓഫീസ്‌ മുകളിലാണ്‌. കേറാന്‍ പറ്റ്വോ ?" പയ്യന്‍ രണ്ടാമത്തെ നിലയിലേക്ക്‌ കൈ ചുണ്ടിപറഞ്ഞു.

പറ്റുമെന്ന്‌ ഞാന്‍ തലയാട്ടികാണിച്ചു. മൂന്നുചക്ര സൈക്കിളില്‍നിന്നും ഞാന്‍ കൈകുത്തി ഇറങ്ങുന്നതും ചവിട്ടുകളും വരാന്തയും കടന്ന്‌ കോണിപ്പടികള്‍ കയറുന്നതും അവന്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കുന്നത്‌ ഞാന്‍ കാണാതെ കണ്ടു. വേതാളത്തെപ്പോലെ കോണിപ്പടികള്‍ കയറിപ്പോകുന്ന എന്നെ, ഒരുപക്ഷെ അവന്‌ മറ്റൊരു പ്രേതമായി തോന്നിയിട്ടുണ്ടാകും. എന്നെ കണ്ടപ്പോള്‍ ഓഫീസ്‌ മാനേജരും ഞെട്ടി. മുറിയെടുത്തിട്ടുള്ളത്‌ കാലിനു വയ്യാത്ത ഒരാള്‍ക്കാണ്‌ എന്നറിയാമായിരുന്നുവെങ്കിലും ഇത്രയും പ്രതീക്ഷിച്ച്‌ കാണില്ല. അദ്ദേഹത്തിന്‌ നൂറു നൂറു സംശയങ്ങളായിരുന്നു. ഞാന്‍ എങ്ങിനെ കുളിക്കാന്‍ പോകും ? ഞാന്‍ എങ്ങിനെ ഭക്ഷണം കഴിക്കാന്‍ പോകും ? അങ്ങനെ നൂറ്‌ നൂറ്‌ സംശയങ്ങള്‍. അതൊന്നും എനിക്കൊരു പ്രശ്‌നമേയല്ലന്നെ്‌ അങ്ങേരെ ഒരു വിധത്തില്‍ പറഞ്ഞു മനസ്സിലാക്കി റൂമിന്റെ താക്കോല്‍ വാങ്ങി തിരിച്ചു പോരുമ്പോള്‍, വിജനമായിരുന്ന വരാന്തകളില്‍ ആളനക്കങ്ങള്‍ വെച്ചുതുടങ്ങിയിരുന്നു. പലരും തുറിച്ചും സഹതപിച്ചും നോക്കുന്നുണ്ടായിരുന്നുവെങ്കിലും താഴത്തെ നിലയില്‍ എനിക്കായ്‌ അനുവദിച്ച ആ മുറി തേടി ഞാന്‍ കിട്ടാവുന്നത്ര വേഗത്തില്‍ വെച്ചുപിടിച്ചു. ആരെയും കൂസാതെയൊന്നുമല്ല, പേടിച്ചിട്ടായിരുന്നു.

മുറി തുറന്ന്‌ അകത്തു കടന്നയുടനെ വാതിലടച്ചു. ഒതുക്കിവെക്കാന്‍ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല. സ്യൂട്ട്‌ കേസില്‍ നിന്നും ഡ്രെസ്സുകള്‍ക്കു മുകളിലായി വെച്ചിരുന്ന കണ്ണാടിയും ചീര്‍പ്പുമെടുത്ത്‌ മേശപ്പുറത്ത്‌ വെച്ചു. ടൂത്ത്‌പേസ്റ്റും ബ്രഷും സോപ്പും എടുത്ത്‌ കട്ടിലിനടിയില്‍ വെക്കുമ്പോള്‍ വാതിലില്‍ ഒരു മുട്ട്‌. ഞെട്ടി. ദൈവമേ.. റാഗ്‌ ചെയ്യാന്‍ വന്നവരാണോ ? ഭീഷണികള്‍, അട്ടഹാസങ്ങള്‍, സീനിയേഴ്‌സ്‌, റാഗിംഗ്‌ അങ്ങനെ പലതും ചിന്തിച്ചു. മനസ്സില്‍ നിറയെ പേടിയായിരുന്നു. കട്ടിലിന്‌ അറ്റത്തിരുന്നുകൊണ്ടുതന്നെ വാതില്‍ തുറന്നു. കരിക്ക്‌ ചെത്തിയപ്പോലെ തലയുമായി ഒരു കരിമുട്ടന്‍. വിയര്‍പ്പും ചെളിയും പൊടിയും നിറഞ്ഞ വേഷം. കഴുത്തിലൊരു തോര്‍ത്തുമുണ്ടും വിരിഞ്ഞ നെഞ്ചും സിക്‌സ്‌ പാക്കും പിന്നെ ഒരു ബര്‍മൂഡയും. കളികഴിഞ്ഞ്‌ വിയര്‍ത്തുള്ള വരവാണ്‌. കൂടെ വേറെയാരുമില്ല.

"ന്യൂ അഡ്‌മിഷനാ ?"

"ആ...."

"എന്താ പേര്‌ ?"

പേര്‌ പറയുന്നതിനു മുന്‍പുതന്നെ അടുത്ത ചോദ്യവും വന്നു.

"ചവിട്ടുപടിയുടെ അടുത്ത്‌ കെടക്കണ സൈക്കിള്‌ വണ്ടി നമ്മടെയാണോ ?"

"ആ....എന്റെന്ന്യ."

"ഡിഗ്രിക്കാണോ ?"

"ആ.. അതെ."

"ഏതാണ്‌ ?"

"ബികോം. "

കട്ടിലിനു താഴെ വെച്ചിരുന്ന സോപ്പ്‌ കണ്ടപ്പോള്‍ മൂപ്പര്‌ടെ മുഖത്തൊരു പ്രസാദം. "ആ സോപ്പൊന്നു തര്വോ ? ഒന്നു കുളിച്ചിട്ട്‌ ഇപ്പോത്തരാം."

ഞാന്‍ സന്തോഷത്തോടെ കൊടുത്തു. എന്റെ മുറിയുടെ തൊട്ടടുത്തായിരുന്നു കുളിമുറി. അടുത്തിറങ്ങിയ ഒരു അടിപൊളി ഹിന്ദിഗാനം പാടിതകര്‍ത്തുകൊണ്ടായിരുന്നു അങ്ങേര്‌ടെ കുളി. പൈപ്പില്‍ നിന്നും വെള്ളം വീഴുന്ന ശബ്ദം നിന്നു. തോര്‍ത്തു കുടയുന്ന ശബ്ദവും കേട്ടു. പിന്നെ കേട്ടത്‌ വേറൊരു ശബ്ദമായിരുന്നു.

"സോപ്പ്‌ കൊണ്ടുവല്ലേ ഗഢീ... ഞാനും ഒന്ന്‌ കുളിക്കട്ടടാ...."

"ആ പൂതീത്‌ വന്ന കാലിനു വയ്യാത്ത ചുള്ളന്റ്യാട്ടാ. കുളി കഴിഞ്ഞ്‌ അവന്‌ കൊടുത്തോളോ....."

അടുത്തത്‌ ഒരു പഴയ മലയാള ഗാനമായിരുന്നു.

പിന്നെ കേട്ടത്‌ മറ്റൊരു ശബ്ദവും ഉറക്കെയുള്ള ഒരു പച്ചത്തെറിയുമായിരുന്നു.

"ഏതു കു.......... യാടാ കുളിക്കണത്‌. കൊറേ നേരായല്ലോ."

"മറുപടി ഇങ്ങനെയായിരുന്നു. ഇപ്പോ എറങ്ങാടാ പെ......മോനെ....." തുടര്‍ന്ന്‌്‌ 'ഓര്‍മ്മകളേ കൈവള ചാര്‍ത്തി' എന്നൊരു ഗാനവും.

ആദ്യം അനുഭവപ്പെട്ട നിശ്ശബ്ദത കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായിരുന്നു. ശബ്ദങ്ങള്‍ കൂടിക്കൂടിവന്നു. തമാശയോണോ വഴക്കുകൂടുകയാണോ എന്ന്‌ തിരിച്ചറിയാനാവാത്ത വര്‍ത്തമാനങ്ങളും ഓളിയും തെറിയും ബഹളങ്ങളും. വീട്ടിലും നാട്ടിലുമൊന്നും അധികം കേട്ടിട്ടില്ലാത്ത ഭാഷാപ്രയോഗങ്ങളായിരുന്നു അധികവും. പറയുന്നതിലധികവും തെറികളായിരുന്നുവെങ്കിലും മാന്യതയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഉണ്ടാകാറാറുള്ള കൃത്രിമത്വത്തിന്റെ കയ്‌പില്ലാത്ത തികച്ചും സൗഹാര്‍ദ്ദപരവും സ്വാഭാവികവുമായ മനസ്സുതുറന്നുള്ള ആശയവിനിമയം. എന്നെ അത്‌ വളരെധികം അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്‌തു.

കുറേക്കഴിഞ്ഞപ്പോള്‍ കുളികളും പാട്ടുകളും വെടികളും തെറികളും നിന്നു. ആ സോപ്പ്‌ മാത്രം പിന്നെ തിരിച്ചുവന്നില്ല. കാല്‍പ്പെരുമാറ്റങ്ങളും നിന്നപ്പോള്‍ ഞാന്‍ പതുക്കെ വാതില്‍ തുറന്നു. ആരുമില്ല. വരാന്തയിലെ തിണ്ണയില്‍ കയറി ഇരുന്നു. മുന്നില്‍ പരന്നുകിടക്കുന്ന ചെമ്മണ്‍ നിറമുള്ള മൈതാനം. അതിനറ്റത്തായി ഒരു മതിലും ചില വീടുകളും കുറച്ചു മരങ്ങളും. ആകാശം ഓറഞ്ചില്‍നിന്നും ചുവപ്പിലേക്കും പിന്നെ കാപ്പികളറിലേക്കും മാറികൊണ്ടിരുന്നു.

പിന്നില്‍ ആരോ വന്നുനില്‍ക്കുന്നതുപോലെ. ദേ മറ്റൊരുത്തന്‍. കാഴ്‌ചയില്‍ കുറച്ചുകൂടി മനുഷ്യപ്പറ്റുള്ളതുപോലെതോന്നി. മുഖത്ത്‌ നിറഞ്ഞ ഒരു ചിരിയുണ്ടായിരുന്നു ഒരു പേടി ഉള്ളിലൊതുക്കി ഞാനും ചെറിയ ഒരു ചിരിച്ചു. ഞാന്‍ ചിരിക്കുന്നതു കാണുമ്പോള്‍ ഇളയച്ഛന്‍ കളിയാക്കാറുള്ളത്‌ ഓര്‍മ്മവന്നു. "നല്ല ചിരി, കാക്ക നാളികേരകൊത്ത്‌ കൊണ്ടുപോണ പോലെ" അങ്ങനെയാണ്‌ ഇളയച്ഛന്‍ കളിയാക്കാറുള്ളത്‌. എന്റെ ചിരികണ്ട്‌ മനുഷ്യപറ്റുള്ള ഈ അപരിചിതന്‍ എന്ത്‌ ചിന്തിച്ചുവോ ആവോ. അത്‌ ഒരു പരിചയപ്പെടലായിരുന്നു. ബിരുദാനന്തരബിരുദത്തിനു പഠിക്കുന്ന ഒരു ചേട്ടനായിരുന്നു. പ്രേതാലയത്തെപോലുള്ള ആ ഹോസ്‌റ്റലിന്റെ ചിട്ടവട്ടങ്ങളൊക്കെ ആ ചേട്ടന്‍ ചുരുക്കി പറഞ്ഞുതന്നു.

സമയം അപ്പോഴേക്കും ഏഴരയോ അതിലധികമോ ആയികാണും. ഹോസ്‌റ്റലിനും മൈതാനത്തിനും ഇടയില്‍ മുറ്റം കണക്കെ വീതികൂടിയ ഒരു നടപ്പാതയുണ്ട്‌. അതിന്റെ അതിന്റെ ഓരത്തായി ചിലര്‍ ഇരിക്കുകയും ചിലര്‍ അക്ഷമയോടെ ഉലാത്തുകയും ചെയ്യുന്നുണ്ട്‌. എന്റെ കൂടെ നില്‍ക്കുന്ന കക്ഷി ചോദിച്ചു.

" അവരൊക്ക കാത്തിരിക്കുന്നതും അക്ഷമയോടെ നടക്കുന്നതും എന്തിനാണെന്ന്‌ മനസ്സിലായോ ?" ഞാന്‍ ഇല്ലെന്നര്‍ത്ഥത്തില്‍ തലയാട്ടി.

"ഒരു മണിനാദത്തിനായുള്ള കാത്തിരിപ്പാണത്‌."

അങ്ങേര്‌ ഒരു തമാശ പറഞ്ഞതുപോലെ ചിരിച്ചു.. പിന്നെ വിശദീകരിച്ചു. എട്ടുമണിക്ക്‌ രാത്രിഭക്ഷണം കഴിക്കുന്നതിനായി ബെല്ലടിക്കും അതോടൊപ്പം മെസ്സ്‌ ഹാളിന്റെ വാതിലുകളും തുറക്കും. ഒരു ട്രിപ്പില്‍ ഏകദേശം അമ്പതുപേര്‍ക്കുമാത്രമേ കഴിക്കാന്‍ പറ്റുകയുള്ളൂ. ആദ്യത്തെ ആ അമ്പതുപേരില്‍ ആരൊക്കെ എന്ന ചോദ്യത്തിനുത്തരമാണ്‌ ആ നടക്കുന്നവരും ഇരിക്കുന്നവരും. എനിക്കൊരു ധൃതിയുമില്ല എന്ന മട്ടില്‍ എങ്ങിനെ ആദ്യമെത്താം എന്നതിലാണ്‌ മിടുക്ക്‌. എല്ലാ വൈകുന്നേരങ്ങളിലും കാണാറുള്ള ആ രംഗം ആലോചിക്കുമ്പോള്‍ ഇപ്പോഴും എനിക്കു ചിരി വരും..

"താനെങ്ങനെ..... മെസ്സിലേക്ക്‌ പോകും......" എന്റെ തളര്‍ന്ന കാലുകള്‍ നോക്കി അങ്ങേര്‌ ചോദിച്ചു.

"അതൊന്നും സാരല്ല്യ. ഞാനെന്റെ സൈക്കിളില്‍ വരാം.'

റും പൂട്ടി ഞാനെന്റെ മൂന്നുചക്ര സൈക്കിളിലും അങ്ങേര്‌ നടന്നും. മെസ്സ്‌ എത്താറായപ്പോഴാണ്‌ മനസ്സിലായത്‌ സൈക്കിള്‍ അങ്ങോട്ട്‌ പോകില്ല. താഴോട്ട്‌ പടികളിറങ്ങിപോകണം. സഹായിക്കണോ എന്ന്‌ കൂടെയുള്ളവര്‍ ചോദിക്കും മുമ്പ്‌ ഞാന്‍ സൈക്കിളില്‍നിന്നും ഇറങ്ങി കൈകള്‍കുത്തി കാലുകള്‍ വലിച്ച്‌ നീങ്ങി പടികളിറങ്ങി. മെസ്സ്‌ ഹാളിന്റെ ഇറയത്തുകയറിയിരുന്നു. അടിച്ചുവാരികൊണ്ടിരുന്ന ചേച്ചിയും വിളമ്പുന്നവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരും കാത്തിരിക്കുന്നവരും എന്നെത്തനെ നോക്കികൊണ്ടിരിക്കുകയാണ്‌. പെട്ടന്ന്‌ ഒരു ശബ്ദം.

"ചേച്ചിയേ... ദേ വെള്ളം പോണൂ. നിര്‍ത്ത്‌." പിന്നെ കേട്ടത്‌ ഒരു കൂട്ടച്ചിരിയായിരുന്നു. തൊട്ടപ്പുറത്തെ ടാങ്കില്‍ നിന്നും വെള്ളം നിറഞ്ഞൊഴുകുന്നത്‌ ഞാനും കണ്ടു. പറഞ്ഞവനെ കടുപ്പിച്ചൊന്നു നോക്കി അടിച്ചുവാരികൊണ്ടിരുന്ന ചേച്ചി പോയി മോട്ടോറിന്റെ സ്വിച്ച്‌ ഓഫ്‌ ചെയ്‌തു.

അതിലെന്താ കൂട്ടം ചേര്‍ന്ന്‌ ഇത്രമാത്രം ചിരിക്കാന്‍ എന്ന്‌ എനിക്ക്‌ അന്നു മനസ്സിലായില്ല.

വീണ്ടും എല്ലാവരുടെ കണ്ണുകളും എന്നിലേക്കുതന്നെ തിരിച്ചുവന്നു. ഞാന്‍ എല്ലാവരേയും നോക്കി ഒന്നുചിരിച്ചു. ഒരു പാവത്താനെപ്പോലെ. എല്ലാവരും എന്നോടു പരിചയപ്പെടാനും സഹായിക്കുുവാനും മനസ്സു കാണിച്ചു. ഹോസ്‌റ്റലിന്റെ പടി കടന്നപ്പോള്‍ ആദ്യം കണ്ട താടിയും മുടിയും ചോരകണ്ണുകളുമുള്ള ചേട്ടന്‍ അടുത്തേക്കുവന്നു.

"എന്തിനാ ഇങ്ങോട്ടുവന്നെ ? ആരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഭക്ഷണം അങ്ങോട്ട്‌ കൊണ്ടുതരില്ലായിരുന്നോ ?" പ്രേതത്തിന്റെ ഉള്ളില്‍ ഒരു മനുഷ്യനുണ്ട്‌.

"വണ്ടി ഇവിടെവരെ എത്തുംന്നാ വിചാരിച്ചെ.. സാരല്ല്യ ഞാന്‍ വന്നോളാം." ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.

"കുമാരേട്ടാ... ഇയ്യാള്‍ക്കുള്ള ഭക്ഷണം ഏതെങ്കിലും പയ്യന്‍മാരുടെ കയ്യില്‍ കൊടുത്തയച്ചാ മതി...." ചോരകണ്ണുകളെ പിന്‍തുടര്‍ന്ന്‌ എന്റെ കണ്ണുകളും കുമാരേട്ടനിലെത്തി.

"അതിനെന്താ........ ഒരു വാക്കു പറഞ്ഞാ പോരായിരുന്നോ.... നാളെതൊട്ട്‌ ശരിയാക്കാട്ടാ......" ഏറെ നാളായി പരിചയമുള്ള ഒരു സാദാ നാട്ടിന്‍പുറത്തുകാരനെപ്പോലെ തോന്നി കുമാരേട്ടനെ കണ്ടപ്പോള്‍.

എല്ലാവരും അവരവരുടെ പ്ലേയ്‌റ്റ്‌ എടുത്ത്‌ ചെന്നിരിക്കണം. എനിക്കുള്ള പ്ലേയ്‌റ്റ്‌ കുമാരേട്ടന്‍ തന്നെ എടുത്തുതന്നു. കൈകകഴുകാനുള്ള വെള്ളവും. പിന്നെ വന്നത്‌ അഞ്ചു ചപ്പാത്തികളും ഉരുളക്കിഴങ്ങുകറിയും ബീഫ്‌ ഫ്രൈയും. സന്തോഷം കൊണ്ട്‌ എന്റെ കണ്ണുനിറഞ്ഞു. നല്ല വിശപ്പും. ഓര്‍മ്മവെച്ച അന്നുമുതല്‍ വീട്ടില്‍ സാമ്പത്തികമാന്ദ്യമായിരുന്നതിനാല്‍ നല്ല ഭക്ഷണം കണ്ടാല്‍ ഒരല്‍പ്പം ആവേശം കൂടാറുണ്ട്‌. തീറ്റക്കിടയില്‍ ചേട്ടന്‍മാരുടെ രസകരമായ ഒരു ഉരുളക്ക്‌ ഒരു ഉപ്പേരി പോലെയുള്ള ഡയലോഗുകളും തമാശകളും ആസ്വദിച്ചുകൊണ്ടിരുന്നു. ചിലപ്പോള്‍ ചില ചപ്പാത്തികള്‍, എന്നെ അത്ഭുതപ്പെടുത്തികൊണ്ട്‌, പറക്കും തളികകളെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും പറന്നുകൊണ്ടിരുന്നു. ഭൂമിക്കടിയില്‍ നിന്നും പറന്നുയരുന്ന ഇയ്യാംപാറ്റകളെ കാക്കകള്‍ പറന്നുകൊത്തിയെടുക്കുന്നതുപോലെ, ചില വിരുതന്‍മാര്‍, ആ പറക്കും തളികകളെ സമര്‍ത്ഥമായി പിടിച്ചെടുക്കുന്നതും ഞാന്‍ കണ്ടു. വയറു നിറഞ്ഞവര്‍ ബാക്കിവന്ന ചപ്പാത്തികള്‍ വയറുനിറയാത്തവനുമായി പങ്കുവെക്കുന്ന കാഴ്‌ച്ചയും ഞാന്‍ നന്നായി ആസ്വദിച്ചു. എന്റെ തൊട്ടപ്പുറത്ത്‌ കറുത്തവര്‍ഗ്ഗക്കാരനായ ഒരു വിദേശിയായിരുന്നു ഇരുന്നിരുത്‌. അങ്ങര്‌ എന്റെ ചിരി പങ്കുവെച്ചു. മാര്‍ട്ടിന്‍ ലൂതര്‍കിങ്ങിന്റെ "ഐ ഹാവ്‌ എ ഡ്രീം" ഓര്‍മ്മിച്ചുകൊണ്ട്‌ ഞാന്‍ ചോദിച്ചു.

"യു നോ മലയാളം ?"

"ഒണ്‍ലി സം വേര്‍ദ്‌സ്‌, ബട്ട്‌ ഐ കേന്‍ അന്തര്‍സ്‌റ്റാന്ത്‌്‌. ആര്‍ യു ന്യൂ സ്‌തുഡന്റ്‌ ഹിയര്‍ ?

"യെസ്‌. ഫസ്റ്റ്‌ ഇയര്‍ ബികോം.

"ഓ. കെ. ത്രസ്റ്റ്‌ മി. ഐ വില്‍ ഗിവ്‌ യു സം അദ്‌വൈ്‌സ്‌. ഡോന്ത്‌്‌ ത്രസ്‌റ്റ്‌ എനി ഓഫ്‌ ദീസ്‌ ഗൈസ്‌. ദെ വില്‍ മെയ്‌ക്ക്‌ ഫണ്‍ ഓഫ്‌ യു എനിവേര്‍...എനിടൈം. ഓ...കെ..."

" ഡു യു ഹാവ്‌ എനി ബാഡ്‌ എക്‌സ്‌പീരിയന്‍സ്‌. "

"യാ. യാ. വെരി വെരി ബാദ്‌ എക്‌സ്‌പീരിയന്‍സസ്‌. ഫസ്‌ത്‌ തൈം വെന്‍ ഐ കെയിം തു ദിസ്‌ പ്ലേയ്‌സ്‌..... ഐ ആസ്‌ക്‌ദ്‌്‌ എ സ്‌തൂദന്‍ന്ത്‌... വാട്ട്‌ ഈസ്‌ ദിസ്‌ ഐത്തം കോല്‍ദ്‌...." അദ്ദേഹം ഒരു ചപ്പാത്തി ഉയര്‍ത്തികാണിച്ചുകൊണ്ട്‌ പറഞ്ഞു. " ദെന്‍ ഹി തോള്‍ദ്‌ മി ഇത്തീസ്‌ കോള്‍ദ്‌ _________ " അദ്ദേഹം പലതവണ ആവര്‍ത്തിച്ചിട്ടാണ്‌ അവസാനത്തെ വാക്ക്‌ എനിക്കുതന്നെ പിടികിട്ടിയത്‌. സ്‌ത്രീലിംഗത്തില്‍ മലയാളികള്‍ ഉപയോഗിക്കുന്ന ഒരു പച്ചത്തെറിയായിരുന്നു ആ വാക്ക്‌. ആ പാവം വിദേശിയെ ആ പയ്യന്‍ പറ്റിച്ച കഥയുടെ ചുരുക്കം ഇങ്ങനെയായിരുന്നു. ചപ്പാത്തിയെ മലയാളത്തില്‍ വിളിക്കുന്ന പേര്‌ മാത്രമല്ല, വിളമ്പാന്‍ നില്‍ക്കുന്ന മെസ്സിലെ ജീവനക്കാരന്റെ പേരും തെറ്റായാണ്‌ പറഞ്ഞുകൊടുത്തത്‌. അതാണെങ്കിലോ പുരുഷ ജനനേന്ദ്രിയം എന്നര്‍ത്ഥം വരുന്ന മലയാളത്തിലെ മറ്റൊരു പച്ചതെറിയും. ആ പയ്യന്റെ വാക്കുകള്‍ വിശ്വസിച്ച വിദേശി മെസ്സിലെ ജീവനക്കാരന്റെ പേര്‌ (ഏതോ വിരുതന്‍ പറഞ്ഞുകൊടുത്ത പച്ചതെറി) വിളിക്കുകയും അടുത്തേക്ക്‌ വരാന്‍ പറയുകയും ചെയ്‌തു. ആംഗ്യം കാട്ടിയതുകൊണ്ട്‌ വിളിക്കുകയാണെന്നു മനസ്സിലായ ജീവനക്കാരന്‍ വിദേശിയുടെ അടുത്തേക്ക്‌ ചെന്നു. അയാള്‍ വിദേശിയോട്‌ എന്തിനാണ്‌ വിളിച്ചതെന്ന്‌ ആംഗ്യഭാഷയില്‍തന്നെ ചോദിച്ചു. അപ്പോള്‍ വിദേശിക്ക്‌ സംശയമായി. അയാള്‍ വിണ്ടും ചോദിച്ചു.

"ആര്‍ യു _________ (പുല്ലിംഗത്തിലുള്ള പച്ചതെറി)" ഇംഗ്ലീഷ്‌ പോയിട്ട്‌ കാര്യമായി പഠിപ്പുപോലുമില്ലാത്ത ആ പാവം ജീവനക്കാരന്‍ ആംഗ്യഭാഷയില്‍തന്നെ വീ്‌ണ്ടും എന്തേന്ന്‌ ചോദിച്ചു. വിദേശി എന്തായാലും കാര്യത്തിലേക്ക്‌ കടന്നു.

"ഓ.കെ. ഓ.കെ. ഐ നീദ്‌ വണ്‍ മോര്‍ _________ ( സ്‌ത്രീലിംഗത്തിലുള്ള പച്ചതെറി)."

ജീവനക്കാരന്‌ മനസ്സിലാവാതെ വന്നപ്പോള്‍ വിദേശി വീണ്ടും അതുതന്നെ ആവര്‍ത്തിച്ചു. പിന്നെയും മനസ്സിലാകാതെ വന്നപ്പോള്‍ വിദേശി അടുത്തിരുന്നയാളുടെ പ്ലേയ്‌റ്റിലെ ചപ്പാത്തി ചൂണ്ടികാണിച്ചു.

"ദോന്ത്‌ യു അന്തര്‍സ്‌താന്ത്‌്‌, ഐ നീദ്‌ വണ്‍ മോര്‍ __________ ( സ്‌ത്രീലിംഗത്തിലുള്ള പച്ചതെറി)."

എല്ലാവരും കറുത്ത വിദേശിയുടെ തെറി പ്രയോഗം കേട്ട്‌ ചിരിച്ച്‌ ചിരിച്ച്‌ മണ്ണുകപ്പിയെന്നാ കേട്ടത്‌. വിളിച്ചത്‌ തെറിയായിരുന്നു എന്നു മനസ്സിലായ മെസ്സ്‌ ജീവനക്കാരന്‍ ആ കറുത്ത വിദേശിയെ തല്ലാന്‍ പോയെന്നും. ഒരാളുടെ പേര്‌ വിളിച്ച്‌ ഒരു ചപ്പാത്തി വേണമെന്നു പറഞ്ഞതിന്‌ എന്തിനാണ്‌ തല്ലാന്‍ വരുന്നതെന്ന്‌ ചോദിച്ച്‌ വിദേശി ചൂടായെന്നും എല്ലാവരും കൂടി അവരെ പിടിച്ചുമാറ്റിയെന്നും ഏതോ ഒരു വിരുതന്‍ വിദേശിയെ പറഞ്ഞു പറ്റിച്ചതാണെന്ന്‌ ബോധ്യപ്പെടുത്തിയെന്നും കേട്ട്‌ എനിക്ക്‌ ചിരിപൊട്ടി.

" യു ലോഫിംഗ്‌. ഐയാം തെല്ലിംഗ്‌ യൂ. ദോന്ത്‌്‌ ത്രസ്‌റ്റ്‌ ദീസ്‌ ഗൈസ്‌. ദേ യാര്‍ റിയലി ക്രേയ്‌സി. "

ഞാന്‍ ചിരിച്ചുകൊണ്ട്‌ തലയാട്ടി. കഥയോടൊപ്പം ചപ്പാത്തിയും തിന്നുതീര്‍ത്ത വിദേശി കൈകഴുകാന്‍ പോയി. എന്റെ ആര്‍ത്തിയും മുന്ന്‌ ചപ്പാത്തികളില്‍ അവസാനിച്ചു. ബാക്കി രണ്ടെണ്ണം പറക്കും തളികകളായി പറന്നുയര്‍ന്നു. വിശപ്പ്‌ കൂടുതലുള്ളവര്‍ അവ പിടിച്ചെടുത്ത്‌ അകത്താക്കി. എനിക്കു കൈ കഴുകാന്‍ കുമാരേട്ടന്‍ ഒരു മഗ്ഗില്‍ വെള്ളം കൊണ്ടുവന്നു. കൈകഴുകി മുഖമുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത്‌ എന്റെ സോപ്പ്‌ വാങ്ങിപ്പോയ കരിമുട്ടനെയായിരുന്നു. എന്നെ കണ്ടപ്പോള്‍ മൂപ്പര്‌ വേറെയാരെയോ നോക്കി പറഞ്ഞു.

"ടാ മുരള്യേ.... നീ ഇങ്ങേര്‌ടെ സോപ്പ്‌ കൊടുത്തില്ലേടാ." മുരളി രാജുവിനോടും രാജു സുരേഷിനോടും പിന്നെ അവര്‍ മാറി മാറി പലരോടും ഇതുതന്നെ ചോദിച്ചുകൊണ്ടിരുന്നു. അടുത്തിരുന്ന ഒരുത്തന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

"ഇവിടെ ഇങ്ങനെയൊക്കെയാടാ... ഒക്കെ വഴിയെ മനസ്സിലായിക്കോളും."

ഭക്ഷണശേഷം കുറച്ചുനേരം എല്ലാവരും ടെലിവിഷനില്‍ ഫുട്‌ബാള്‍ മാച്ച്‌ കണ്ടിരുന്നു. ഏതോ രണ്ട്‌ ഇംഗ്ലീഷ്‌ ക്ലബുകള്‍ തമ്മിലുള്ള മത്സരമായിരുന്നു. കളി ടിവിയിലായിരുന്നുവെങ്കിലും വാശി പുറത്തായിരുന്നു. എതിര്‍ടീമിന്റെ കുറ്റങ്ങളും കുറവുകളും പറഞ്ഞും പരിഹസിച്ചും കൂവിയാര്‍ത്തും ഉഗ്രന്‍പോര്‌. ടിവിയിലെ കളിയില്‍ ഒടുവില്‍ ഒരു ടീം ജയിച്ചു. പുറത്തെ കളിയില്‍ വാടാ....... പോടാ...... കാണാമായിരുന്നു...... കാണിച്ചേനെ.... തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ സമനിലയായിരുന്നു ഫലം.

തിരിച്ച്‌ റൂമിലെത്തിയപ്പോള്‍ സമയം പാതിരയോടടുത്തുകാണും. ആദ്യം പ്രേതാലയം പോലെതോന്നിയ ആ ഹോസ്‌റ്റലിനുള്ളിലെ മുന്നുവര്‍ഷത്തെ എന്റെ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്‌്‌. പിന്നെ എത്രയോ അനുഭവങ്ങളും പാഠങ്ങളും. ആ ഹോസ്‌റ്റലിലെ എന്റെ ആദ്യരാത്രിയെ ഉറക്കത്തിലേക്ക്‌ തള്ളിവിടും മുന്‍പ്‌ മുറിയുടെ മുന്നിലുള്ള തിണ്ണയില്‍ മലര്‍ന്ന്‌ കിടന്ന്‌ ആകാശത്തേയും നക്ഷത്രങ്ങളേയും നോക്കികിടന്ന്‌ ആ ദിവസത്തെ ഓര്‍മ്മകള്‍ ഒരിക്കല്‍കൂടി അയവിറക്കി. ഒന്നാം ക്ലാസ്സ്‌ മുതല്‍ തുടങ്ങിയ എന്റെ ഹോസ്‌റ്റല്‍ ജീവിതത്തില്‍ ശ്രീ കേരള വര്‍മ്മ കോളേജ്‌ ഹോസ്‌റ്റല്‍ മൂന്നാമത്തേതും ഒടുവിലത്തേതുമാണ്‌. പക്ഷേ അനുഭവങ്ങളുടെ എണ്ണത്തിലും കാഠിന്യത്തിലും കേരള വര്‍മ്മ ഹോസ്‌റ്റലിനാണ്‌ എന്നും ഒന്നാം സ്ഥാനം. എന്നെ ഒരുപാട്‌ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ഒട്ടേറെ വേളകള്‍. എന്നെ ഞാനാക്കി മാറ്റിയ ആ അസുലഭ വേളകള്‍ എനിക്കു സമ്മാനിക്കുവാന്‍ നിമിത്തമായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

സുധീര്‍ദാസ്‌

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...