ഐന്‍സ്റ്റീന്‍... താങ്കളുടെ കണ്ടുപിടുത്തം തെറ്റായിരുന്നു.

ഹോസ്‌റ്റലില്‍നിന്നും കോളേജിലേക്കുള്ള വഴികളില്‍ മിക്കവാറും ആ കുട്ടിയെ ഞാന്‍ കാണാറുണ്ട്‌. എപ്പോഴും വെല്‍ ഡ്രെസ്സ്‌ഡായി ഭംഗിയുള്ള മുഖത്ത്‌ ഒരു "ബുജി" സ്‌പെക്‌സും കയ്യിലോരു ഡിജിറ്റല്‍ വാച്ചുംകെട്ടി സ്‌മാര്‍ട്ടായി സൈക്കിളില്‍ കറങ്ങി നടക്കുന്ന ഒരു മിടുക്കന്‍ പയ്യന്‍. അഞ്ചാം ക്ലാസ്സിലോ ആറാം ക്ലാസ്സിലോ ആയിക്കാണും. സഹതാപം കൊണ്ടായിരിക്കുമെന്നു തോന്നുന്നു, ഒരു പരിചയവുമില്ലെങ്കിലും എന്നെകാണുമ്പോഴെല്ലാം കുറേപ്പേര്‍ പരിചിതനായ ഒരാളെ കാണുന്നതുപോലെ പുഞ്ചിരിക്കാറുണ്ട്‌. അതുപോലെയായിരിക്കാം ആ പയ്യനും ഇടക്കിടെ കാണുമ്പോഴൊക്കെ ചിരിക്കാറുള്ളത്‌. പിന്നെയൊരിക്കല്‍ അവനെ അമ്മയോടൊപ്പം പോകുന്നതും കണ്ടു. വല്ലാതെ തടിച്ച്‌ വളരെ പതുക്കെ മാത്രം നടക്കുന്ന ഒരു പാവം സ്‌ത്രീ. അമ്മയും മോനും ചിരിച്ചും വര്‍ത്തമാനം പറഞ്ഞുമായിരുന്നു നടപ്പ്‌.

പതിവായി കാണുമ്പോഴും ചിരിക്കുമ്പോഴും സ്വാഭാവികമായി രൂപപ്പെടുന്ന ഒരു സൗഹൃദം. കണ്ടാലറിയാവുന്ന പരിചയം മാത്രമുള്ള ചില അപരിചിതര്‍. അത്രയേ ഉണ്ടായിരുന്നുള്ളൂ ആ അമ്മയും മകനും ഞാനും തമ്മിലുള്ള ബന്ധം. പക്ഷെ എന്നിട്ടും എന്തിനാണ്‌ കുറേനാളായി അവര്‍ എന്നേകണ്ടാല്‍ ചിരിക്കുന്നുമില്ല, എന്നുമാത്രമല്ല, നോക്കുന്നുപോലുമില്ല. അതുമാത്രമല്ല, എന്നെകാണുമ്പോള്‍ വെറുപ്പോടെടെ തലവെട്ടിക്കുകയും ചെയ്യുന്നു. ശ്ശെടാ... ഒന്നു പരിചപ്പെട്ടിട്ടുപോലുമില്ല, എന്നിട്ടുവേണ്ടേ പിണങ്ങാന്‍. എന്തോ സംഭവിച്ചിട്ടുണ്ട്‌. ങാ... ഞാന്‍ കാടുകയറിയൊന്നും ചിന്തിക്കാന്‍ പോയില്ല. ആദ്യം ചിരിച്ചതും പിന്നെ ചിരിക്കാതിരുന്നതും അവര്‍ തന്നെ. അപ്പോള്‍ എനിക്ക്‌ യാതൊരു റോളുമില്ലേ എന്നൊരു തോന്നല്‍ മാത്രം.

അവധി ദിവസങ്ങളില്‍ ഹോസ്‌റ്റല്‍ ഗ്രൗണ്ടില്‍ സ്‌കൂള്‍ കുട്ടികള്‍ പല പല ടീമുകളായി വന്ന്‌ ക്രിക്കറ്റും ഫുട്‌ബോളും മറ്റു കളികളും കളിക്കാറുണ്ട്‌. ഫുള്‍ടൈം ഹോസ്‌റ്റലിന്റെ തിണ്ണയിലിരുന്ന്‌ ഈ കളികളൊക്കെ കാണുന്നതായിരുന്നല്ലോ എന്റെ ഇഷ്ടവിനോദം. കളിക്കാന്‍ പറ്റാത്തതിന്റെ വിഷമം ഞാന്‍ കളികള്‍ ആസ്വദിച്ചുകൊണ്ടാണ്‌ തീര്‍ക്കാറുള്ളത്‌. ആ ദിവസങ്ങളില്‍ ഈ പയ്യനേയും ഞാന്‍ കാണാറുണ്ട്‌. അവന്‍ കളിക്കുന്നത്‌ ഞാന്‍ അപൂര്‍വ്വമായേ കണ്ടിട്ടുള്ളൂ. പക്ഷേ മിക്കവാറും എല്ലാ അവധിദിവസങ്ങളിലും അവന്‍ വരും. അവനും എന്നെപ്പോലെ കളി കാണുന്നതായിരുന്നു ഇഷ്ടമെന്നുതോന്നുന്നു. ആദ്യമൊക്കെ വഴിയില്‍വെച്ചു കാണുമ്പോഴും ഹോസ്‌റ്റലില്‍വെച്ചു കാണുമ്പോഴും അവന്‍ എന്നെയും ശ്രദ്ധിക്കാറുണ്ട്‌. ചിരിക്കാറുണ്ട്‌. ഹോസ്‌റ്റലിന്റെ ചവിട്ടുപടിയുടെ ഒരു വശം ചേര്‍ന്ന്‌ ഞാന്‍ എന്റെ സൈക്കിളില്‍ കയറി ഇരിക്കുന്നതും കൈകൊണ്ട്‌ പെഡല്‍ തിരിച്ചുപോകുന്നതും കടയില്‍ പോയി തിരിച്ചുവരുന്നതുമെല്ലാം അവന്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കാറുള്ളത്‌ ഞാനും കാണാറുണ്ട്‌. അവന്റെ മനസ്സില്‍ ഒരുപാട്‌ സംശയങ്ങളുണ്ടാകും. എന്റെ കാലിന്‌ എന്തുപറ്റി ? എന്റെ സൈക്കിള്‍ എവിടെനിന്നും വാങ്ങി ? തുടങ്ങി കുറേ സംശയങ്ങള്‍. സാധാരണ മുതിര്‍ന്നവര്‍ക്കുപോലും എന്നെപ്പറ്റി ഒരുപാട്‌ സംശയങ്ങളാണ്‌. കൂട്ടുകാരുടെ കളികള്‍ കണ്ടുകൊണ്ടിരിക്കുമ്പോഴും ഇടക്കിടെ ഈ പയ്യന്‍ എന്നെ തിരിഞ്ഞുനോക്കാറുണ്ട്‌. ഒരു കാര്യം എനിക്കുറപ്പായി. അവന്‌ എന്നോട്‌ സംസാരിക്കണമെന്നുണ്ട്‌. പക്ഷെ അവന്റെയുള്ളില്‍ എന്തോ ഒരു പേടിയുണ്ട്‌. ഈയിടെയായി എന്തോ ഒരു ഇഷ്ടക്കേടുമുണ്ട്‌.

ക്ലാസ്സില്ലാത്ത ഒരു ദിവസം ഞാന്‍ എന്റെ മുഷിഞ്ഞ ഡ്രെസുകളൊക്കെ ഒന്നു വാഷ്‌ ചെയ്യാന്‍ തീരുമാനിച്ചു. മടി കാരണം അങ്ങനെ ഒരു തീരുമാനം വല്ലപ്പോഴുമേ ഉണ്ടാകാറുള്ളൂ. അപ്പോഴാണ്‌ മനസ്സിലായത്‌ സോപ്പ്‌ തീര്‍ന്നുപോയിരിക്കുന്നു. കടയില്‍ പോകാന്‍ ഒരു ചെറിയ മടി. അടുത്ത സുഹൃത്തുക്കളാരെയും കാണുന്നുമില്ല. അപ്പോഴാണ്‌ എന്റെ അപരിചിതനും ഈയിെടയായി പിണങ്ങിനില്‍ക്കുന്നവനുമായ നമ്മുടെ കുട്ടി സുഹൃത്തിനെ കണ്ടത്‌. ഒന്നു ശ്രമിച്ചുനോക്കാം. ഒന്നിങ്ങോട്ടു വരുമോയെന്നു ഞാന്‍ കൈ കൊണ്ട്‌ ആംഗ്യം കാണിച്ചു. അവനെതന്നെയാണ്‌ വിളിക്കുന്നതെന്ന്‌ ബോധ്യപ്പെടുത്താന്‍ രണ്ടു മൂന്നു പ്രാവശ്യം ആംഗ്യം കാണിക്കേണ്ടിവന്നു.

അവന്‍ വന്നു. സൈക്കിളില്‍നിന്ന്‌ ഇറങ്ങാതെ ആരോഗ്യകരമായ ഒരകലം പാലിച്ചുകൊണ്ട്‌ തലകൊണ്ട്‌ എന്തേയെന്ന്‌ ചോദിച്ചു. ആള്‌ ഗൗരവത്തിലായിരുന്നു.

"ഒരു ചെറിയ സഹായം ചെയ്യുമോ ?"

"എന്താ ?"

"എനിക്കൊരു വാഷിംഗ്‌ സോപ്പ്‌ വാങ്ങിത്തരുമോ ?"

അവന്‍ സംശയിച്ചുനിന്നു.

"ഞാന്‍ ചോദിച്ചുവെന്നേയുള്ളൂ. മോന്‌ ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട. സാരല്ല്യ. "

"കാശ്‌ താ........" അവന്‍ കൈനീട്ടി.

സ്‌റ്റൈലന്‍ സൈക്കിളൊന്നു വെട്ടിത്തിരിച്ച്‌ അവന്‍ ദേ പോയി ദാ വന്നു എന്നു പറഞ്ഞതുപോലെ പെട്ടെന്ന്‌ തിരിച്ചുവന്നു.

സോപ്പും ബാക്കി പൈസയും തിണ്ണയില്‍വെച്ച്‌ അവന്‍ മാറിനിന്നു. അവനോട്‌ "താങ്ക്‌സ്‌" പറഞ്ഞ്‌ തിരിയുമ്പോള്‍ കാത്തിരുന്ന ചോദ്യം വന്നു.

"ചേട്ടന്റെ കാലിന്‌ എന്താ പറ്റ്യേ....."

പോളിയോ ബാധിച്ച്‌ കാലുകള്‍ തളര്‍ന്നതാണെന്ന്‌ പറഞ്ഞെങ്കിലും അവന്‌ വിശ്വാസമായില്ല. പിന്നെ അവിടെനിന്നും നൂറു നൂറു ചോദ്യങ്ങളായിരുന്നു. പലപ്പോഴും കേള്‍ക്കാറുള്ള ചോദ്യങ്ങളായതുകൊണ്ട്‌ ഉത്തരം പറയാനും എളുപ്പമായിരുന്നു. ഇന്റര്‍വ്യു തുടര്‍ന്നാല്‍ വാഷിംഗ്‌ മുടങ്ങും എന്നതിനാല്‍ ഞാന്‍ അവനോട്‌ സുല്ല്‌ പറഞ്ഞു. അവന്റെ ചോദ്യങ്ങള്‍ കഴിഞ്ഞിട്ട്‌ വേണ്ടേ എനിക്ക്‌ അങ്ങോട്ടൊരു ചോദ്യം ചോദിക്കാന്‍.

"എന്താ നിന്റെ പേര്‌ ?"

"ഐന്‍സ്റ്റീന്‍" ആ പറച്ചിലില്‍ തന്നെ ഒരു ഗമയുണ്ടായിരുന്നു.

മനസ്സില്‍ പറഞ്ഞു. കൊള്ളാം. നല്ല 
പേര്‌ 

നീ ഒറിജിനല്‍ ഐന്‍സ്റ്റീനിന്റെ മറവിയെപറ്റിയുള്ള ഒരു കഥ കേട്ടിട്ടുണ്ടോ?

അവന്‍ ഇല്ലെന്ന്‌ തലയാട്ടി.

" വലിയ ശാസ്‌ത്രജ്ഞനായിരുന്നുവെങ്കിലും വലിയ മറവിക്കാരനായിരുന്നു ഐന്‍സ്‌റ്റീന്‍. ഒരിക്കല്‍ അദ്ദേഹം ട്രെിനില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടയില്‍ ടിക്കറ്റ്‌ ചെക്കര്‍ വന്ന്‌ ടിക്കറ്റ്‌ ചോദിച്ചപ്പോള്‍, പാവം ഐന്‍സ്റ്റീനിന്റെ കയ്യിലുണ്ടായിരുന്ന ടിക്കറ്റ്‌ കാണുന്നില്ല. ബാഗിലും പഴ്‌സിലും പോക്കറ്റിലുമൊക്കെ തപ്പിയിട്ടും കണുന്നില്ല. ഇതിനിടയില്‍ ടിക്കറ്റ്‌ ചെക്കര്‍ ചോദിച്ചു. താങ്കള്‍ ലോകപ്രശസ്‌ത ശാസ്‌ത്രജ്ഞനായ മിസ്റ്റര്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ അല്ലേ ? അതെയെന്ന്‌ തലയാട്ടികൊണ്ട്‌ പാവം ഐന്‍സ്‌റ്റീന്‍ ടിക്കറ്റ്‌ തപ്പികൊണ്ടേയിരുന്നു. ചെക്കര്‍ ആശ്വസിപ്പിച്ചു. ഇനി ടിക്കറ്റ്‌ അന്വേഷിക്കേണ്ട സാര്‍. പക്ഷേ ഐന്‍സ്‌റ്റീന്‍ പറഞ്ഞു അത്‌ പറ്റില്ല ടിക്കറ്റ്‌ വേണം. ഇല്ല സാര്‍ താങ്കളെപ്പോലൊരാള്‍ കള്ളവണ്ടി കയറില്ല എന്നെനിക്കറിയാം. അങ്ങ്‌ ടിക്കറ്റ്‌ കാണിക്കണമെന്നില്ല സാര്‍. പക്ഷേ വീണ്ടും ഐന്‍സ്‌റ്റീന്‍ പറഞ്ഞു ടിക്കറ്റ്‌ വേണം. സാരമില്ല സാര്‍, സാര്‍ വിഷമിക്കേണ്ട. അപ്പോള്‍ ഐന്‍സ്‌റ്റീന്‍ പറഞ്ഞു. താങ്കള്‍ക്ക്‌ ടിക്കറ്റ്‌ വേണ്ടായിരിക്കും. പക്ഷേ എവിടേക്കാണ്‌ പോകേണ്ടതെന്ന്‌ എനിക്കോര്‍മ്മയില്ല. എവിടേക്കാണ്‌ പോകേണ്ടതെന്ന്‌ അറിയണമെങ്കില്‍ ടിക്കറ്റ്‌ വേണം. അതുകൊണ്ട്‌ ടിക്കറ്റ്‌ കിട്ടിയേ പറ്റു."

ആ കഥ ആദ്യമായി കേട്ട്‌ എന്റെ പുതിയ കൂട്ടുകാരന്‍ കൊച്ചു ഐന്‍സ്റ്റീനും ടിക്കറ്റ്‌ ചെക്കറെപ്പോലെ വാ പൊളിച്ചുനിന്നു. പിന്നെ ചിരിച്ചു.

"ചേട്ടന്‍ ആള്‌ പുലിയാണല്ലോ ? കൊറേ കഥകളൊക്കെ അറിയാം അല്ലേ ?

ശരി ഐന്‍സ്റ്റീന്‍, നീ പുതിയത്‌ എന്തെങ്കിലും കണ്ടുപിടിക്കാന്‍ നോക്ക്‌. എനിക്കു കുറച്ച്‌ വാഷ്‌ ചെയ്യാനുണ്ട്‌."

അന്നത്തെ പരിചയപ്പെടലിനു ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. പിന്നീട്‌ പലപ്പോഴും ഞങ്ങള്‍ ഒരുമിച്ച്‌ ഹോസ്‌റ്റല്‍ തിണ്ണയിലിരുന്ന്‌ ക്രിക്കറ്റും ഫുട്‌ബോളും ആസ്വദിച്ചു, കഥകള്‍ പറഞ്ഞു. പരസ്‌പരം കളിയാക്കി ചിരിച്ചു.

ഒരു ദിവസം ഞാന്‍ അവനോടു ചോദിച്ചു.

"സത്യം പറ. നിനക്ക്‌ ഈ ഹോസ്‌റ്റലിനേയും ഈ ഹോസ്‌റ്റലിനുള്ളില്‍ ഉള്ളവരേയും പേടിയായിരുന്നില്ലേ ?

അവന്റെ മുഖത്ത്‌ ഒരു ചെറിയ ചമ്മല്‍ മിന്നിമായുന്നതു ഞാന്‍ കണ്ടു. എങ്കിലും അവന്‍ സത്യസന്ധമായി മറുപടി പറഞ്ഞു.

"ശരിയാണ്‌. എന്താന്നറിയോ ?"

ഞാന്‍ അറിയില്ലെന്ന്‌ കാണിച്ചു. അപ്പോള്‍ വലിയ ഒരു രഹസ്യം ചോദിക്കുന്നതുപോലെ പറഞ്ഞു.

"ഈ ഹോസ്‌റ്റലിനുള്ളിലേ മയക്കുമരുന്ന്‌ കഴിക്കുന്നവര്‍ വരെയുണ്ടെന്നാണ്‌ കേട്ടേക്കണെ" പിന്നെ അവന്‍ ശബ്ദം താഴ്‌ത്തി അവന്‍ ചോദിച്ചു.

"ചേട്ടന്‍ മയക്കുമരുന്ന്‌ ഉപയോഗിക്കുമോ ?"

ഞാന്‍ ഞെട്ടി.

"ഞാന്‍ ബീഡി വലിക്കാറുണ്ട്‌. കാശുള്ളപ്പോള്‍ സിഗററ്റും വലിക്കാറുണ്ട്‌. കൂട്ടുകാര്‍ ആരെങ്കിലും കമ്പനിക്ക്‌ വിളിച്ചാല്‍ ഒന്നോ രണ്ടോ പെഗ്ഗും കഴിക്കാറുണ്ട്‌. ഈ പറഞ്ഞതൊക്കെയാണ്‌ നീ ഉദ്ദേശിക്കുന്ന മയക്കുമരുന്നുകളെങ്കില്‍, ശരിയാണ്‌ ഞാനും മയക്കുമരുന്ന്‌ ഉപയോഗിക്കാറുണ്ട്‌. എന്താ അങ്ങനെ ചോദിക്കാന്‍ കാരണം ?"

"ഈ സിനിമയിലൊക്കെ പോലീസുകാര്‍ എപ്പോഴും കണ്ടുപിടിക്കണ മയക്കുമരുന്ന്‌ കണ്ടിട്ടില്ലേ ? ഒരുതരം വെളുത്ത പൊടി. അത്‌ ചേട്ടന്‍ കഴിച്ചിട്ടുണ്ടോ ?"

"ഇല്ല."

"സത്യമായിട്ടും"

"സത്യമായിട്ടും ഇല്ല."

"അപ്പോള്‍ കുറച്ചുനാള്‌ മുന്‍പ്‌, അന്നൊരു ദിവസം ചേട്ടന്‍ ഒരു വെളുത്ത പൊടി മണക്കുന്നതും തിന്നണതും ഞാന്‍ കണ്ടൂല്ലോ ?"

ങേ...... ഞാന്‍ ശരിക്കും ഞെട്ടി. അപ്പോ അതാണ്‌ കാര്യം. അങ്ങനെ വരട്ടെ. അതാണ്‌ ആദ്യമൊക്കെ ഇവന്‍ പേടിച്ചുമാറി നില്‍ക്കാന്‍ കാരണം. ഞാന്‍ റൂമിലേക്കു കൈചൂണ്ടിയിട്ട്‌ അവനോടു പറഞ്ഞു.

"എന്റെ മേശയുടെ അപ്പുറത്ത്‌ ജനാലയോടുചേര്‍ന്ന്‌ ഒരു ചെറിയ പച്ചകളര്‍ പാക്കറ്റ്‌ ഇരിപ്പുണ്ട്‌. അതൊന്നു എടുത്തുകൊണ്ടുവന്നേ"

ആദ്യമൊന്നു സംശയിച്ചുനിന്നുവെങ്കിലും അവന്‍ എന്റെ റൂമിനകത്തുകയറി "സാധനം" എടുത്തുകൊണ്ടുവന്നു. അത്‌ കൊണ്ടുവരുമ്പോള്‍ അവന്റെ മുഖത്ത്‌ ഒരു ഇളിഞ്ഞ ചിരിയും ചമ്മലുമൊക്കെ മാറി മാറി വരുന്നുണ്ടായിരുന്നു.

അത്‌ കയ്യിലേറ്റു വാങ്ങി ഞാന്‍ സ്ഥിരീകരിച്ചു.

"ഇതാണ്‌ നീ പറഞ്ഞ ആ വെളുത്ത മയക്കുമരുന്ന്‌ പൊടി. "ഗ്ലൂക്കോണ്‍-ഡി". മിസ്റ്റര്‍ ഐന്‍സ്‌റ്റീന്‍.... താങ്കളുടെ കണ്ടുപിടുത്തം തെറ്റായിരുന്നു."

പൊട്ടിച്ചിരിക്കിടയില്‍ ഞങ്ങള്‍ രണ്ടുപേരും ആ "മയക്കുമരുന്നുപൊടി" അല്‍പ്പാല്‍പ്പം സേവിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.


ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...