ദൈവപുത്രന്‍മാര്‍

"നിങ്ങളുടെ കുട്ടിയെ ക്രിസ്ത്യാനിയായിട്ട് വളര്‍ത്ത്വോ അതോ ഹിന്ദുവായിട്ട് വളര്‍ത്ത്വോ...?"

വീട്ടിലേയ്ക്കു നടക്കുന്നതിനിടയിലും രമാദേവിയെ അലട്ടിയത് ആലീസിന്റെ ആ ചോദ്യമായിരുന്നു. പഞ്ചായത്തിന്റെ വരാന്തയില്‍ അപ്പോള്‍ പരിചയക്കാരായ പലരും ഉണ്ടായിരുന്നു. ഉത്തരം മുട്ടിച്ചുവെന്നു തോന്നിക്കുന്ന ചോദ്യം... വ്യക്തമായ ഉത്തരമുണ്ട്.  പക്ഷെ, പരിഹാസ ചോദ്യങ്ങള്‍ക്കുളള ഉത്തരത്തിലും അവര്‍ പരിഹസിക്കുന്നതിനുളള മറ്റെന്തെങ്കിലും കണ്ടെത്തും. അവരുടെ ലക്ഷ്യം മറുപടിയല്ല, പരിഹാസം മാത്രമാണ്. അറിവില്ലായ്മ ചിലര്‍ക്ക് ഒരു അലങ്കാരമാണ്. എങ്കിലും, ചോദ്യം കൊണ്ടിടത്ത് ചോര കിനിയുന്നുണ്ട് ഇപ്പോഴും.

ഇതിനു മുന്‍പ് ഇത്രയധികം വേദനിപ്പിക്കുന്ന വാക്കുകള്‍ കേട്ടത് വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു. വിവാഹം കഴിഞ്ഞ അവസരത്തില്‍. വാടകവീടിനടുത്തുള്ള അമ്പലത്തില്‍ പോയി തൊഴുതു മടങ്ങുമ്പോള്‍, എതിര്‍വശത്തൂടെ നടന്നുപോയ ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് ശങ്കരന്‍നായര്‍ പിറുത്തപിറുത്ത വാക്കുകള്‍.

"എന്താ ചെയ്യ്യാ.. കാലം മാറിപ്പോയില്ല്യേ..  പണ്ടൊക്കെ ആയിരുന്നെങ്കി അടിച്ചേനകത്ത് കേറ്റില്ലായിരുന്നു."

പ്രേഷിതയായി സേവനമനുഷ്ഠിക്കുന്ന ജോസഫീനയെ കണ്ടുമുട്ടിയതും രമാദേവി നടത്തത്തിന്റെ വേഗത കുറച്ചു.

"രമേ.. എവിടെ പോയിട്ടാ...?"

"പഞ്ചായത്തിലൊന്നു പോയതാ ചേച്ചി. സ്ഥലമില്ലാത്തോര്‍ക്ക് മുന്ന് സെന്റ് ഭൂമി സൗജന്യായി കൊടുക്കുന്നൂണ്ടെന്ന് കേട്ടു. കുഞ്ഞുമോന്‍ ചേട്ടന്റെ പേരില് ഞാനുമൊരപേക്ഷ വെച്ചു."

"ഉംം... കിട്ടും.. കിട്ടും.. കൊറേ കിട്ടും...  നിനക്കിപ്പോ എത്ര മാസായി്."

"ഏഴ്."

"കുഞ്ഞുമോന് ഇപ്പോ എങ്ങനെയുണ്ട്."

"മാറ്റൊന്നൂല്ല്യ ചേച്ചി... കെടപ്പ് തന്ന്യാ..".

"ങാ.... ഓരോരുത്തര്‍ക്ക് ഓരോരോ പ്രയാസങ്ങള്... അല്ലാതെന്താ പറയാ...  പക്ഷെ ഒരു കാര്യം ഞാന്‍ പറയാം കേട്ടോ.. നിന്നെപ്പോലെ കഷ്ടപ്പെടുന്നോര് ഞങ്ങളുടെ സഭയില്‍ പെട്ടവരായിരുന്നുവെങ്കി പള്ളീന്നെങ്കിലും സഹായിച്ചേനെ. എന്റെ കാര്യംതന്നെ നോക്ക്യേ... സ്റ്റീഫന്‍ചേട്ടനെ കര്‍ത്താവ് വിളിച്ചിട്ട് ആറ്‌ വര്‍ഷായി. കുട്ട്യോളെ പഠിപ്പിക്കാനും തട്ടിമുട്ടി ജീവിച്ചുപോവാനും കഴിയണത് പള്ളിവഴി കിട്ടണ സഹായങ്ങളോണ്ട് തന്ന്യാ. ഇനീം സമയംണ്ട്... മതം മാറണത് അത്രവല്ല്യ കാര്യമൊന്നുമല്ലാട്ടോ... "

സ്വീകാര്യമല്ലാത്ത മറുപടികള്‍ നല്‍കാതിരിക്കുന്നതാണ് നല്ലത്. ആത്മാവിന്റെ വസ്ത്രമാണ് ശരീരമെന്ന് കേട്ടിട്ടുണ്ട്. ആത്മാവ് അതിന്റെ വസ്ത്രം ഉപേക്ഷിക്കുമ്പോഴാണത്രെ മരണം സംഭവിക്കുക. പക്ഷെ മതം... വസ്ത്രം മാറുന്നതുപോലെ അത്ര എളുപ്പമാണോ മതം മാറുന്നത്. അങ്ങനെയെങ്കില്‍ ഉടുത്തിരിക്കുന്ന വസ്ത്രം ഊരിമാറ്റുന്നതിനും പുതിയ വസ്ത്രം എടുത്തണിയുന്നതിനും ഇടയില്‍, കുറച്ചുനേരത്തേക്കെങ്കിലും സമൂഹത്തിനു മുമ്പില്‍ നഗ്നയായി നില്‍ക്കേണ്ടി വരുന്ന ഒരവസ്ഥ.... ആ സങ്കല്‍പ്പം പോലും അസ്സഹനീയമായി തോന്നി. എപ്പോഴുമെന്നതുപോലെ കുഞ്ഞുമോന്റെ വാക്കുകള്‍ തന്നെ ആശ്വാസവും ധൈര്യവും. മധുവിധുവിന്റെ പിറ്റേന്ന് രാവിലെ കുളിച്ച് കുറി തൊടാതെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ചെന്നപ്പോഴായിരുന്നു.

"നിന്നെ ഇഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍, ശരിക്കും പറഞ്ഞാല്‍ നമ്മുടെ കല്ല്യാണത്തിന് മുമ്പ്, നീയെങ്ങനെയൊക്കെ ആയിരുന്നുവോ, അതുപോലെതന്നെയായിരിക്കണം ഇനിയും. കല്ല്യാണം കഴിഞ്ഞൂന്ന് കരുതി ഒന്നും മാറണ്ട... കാച്ചിയ എണ്ണേം ചന്ദനക്കുറീം മുല്ലപ്പൂവും സെറ്റുമുണ്ടും അമ്പലത്തില് പോക്കും പ്രാര്‍ത്ഥനകളും വെജിറ്റേറിയന്‍ ശീലങ്ങളും... എല്ലാം അങ്ങനെതന്നെ മതി. അതൊന്നും ഇല്ലെങ്കി നീ ഞാനിഷ്ടപ്പെട്ട രമയാവില്ല. അതുകൊണ്ട് ഒന്നും മാറണ്ട.... ഇനി ഇഷ്ടം കൂടി എന്റെ വീട്ടുകാര് വന്ന് നിര്‍ബന്ധിച്ചാല്‍പോലും അത്തരം മാറ്റങ്ങളൊന്നും വേണ്ടെന്നേ ഞാന്‍ പറയൂ".

ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍, അവളുടെ കണ്ണുകളില്‍ നനവൂറി. അവളുടെ മൗനത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ജോസഫീന ഒന്നുകൂടി പറഞ്ഞുറപ്പിച്ചു.

"നിന്റെ കഷ്ടപ്പാട് കണ്ട് ഞാന്‍ ഒരു വഴി പറഞ്ഞൂന്ന് മാത്രം....  വാടകക്കുള്ള താമസം. വയ്യാതെ കിടക്കുന്ന ഭര്‍ത്താവ്, ഇനി ഒരു കൊച്ചുകൂടിയാകുമ്പോള്‍... പെണ്ണാണ്.. പിടിച്ചുനില്‍ക്കാന്‍ എളുപ്പല്ല.. സഭയില്‍ ചേര്‍ന്നാല്‍ സഹായങ്ങള്‍ കിട്ടാന്‍ എളുപ്പമാണ്. വാശീം വൈരാഗ്യൊക്കെ മാറ്റി വെച്ച് നല്ലവണ്ണം ആലോചിച്ച് പറഞ്ഞാ മതീ."

പള്ളിയിലേക്കു തിരിയുന്ന വഴിയില്‍വെച്ച് ജോസഫീന നടന്നകന്നു.

ആത്മാവ് നഗ്നമാക്കപ്പെടുമോയെന്ന ഭയം കൊണ്ടായിരിക്കാം പിഞ്ഞിതുടങ്ങിയ സാരി മൂടിപുതച്ച്, അതിന്റെ തലപ്പ് മുറുകെപിടിച്ച്, രമാദേവി അല്‍പ്പം കൂടി വേഗത്തില്‍ നടന്നു. ക്രിസ്ത്യാനിയായ കുഞ്ഞുമോന്റേയും ഹിന്ദുവായ രമാദേവിയുടേയും വിവാഹ ജീവിതം ഒരു പരാജയമാകുമെന്ന് പ്രവചിച്ചവരെ ഒരുവിധം തോല്‍പ്പിച്ചതായിരുന്നു. സ്വന്തമായി കിടപ്പാടമില്ലെങ്കിലും സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ പതിനൊന്നു വര്‍ഷവും മറ്റുള്ളവരുടെ മുമ്പില്‍ ജയിച്ചു തന്നെയാണ് കഴിഞ്ഞത്. വൈകിയാണെങ്കിലും, ഗര്‍ഭിണിയായതോടെ വിജയത്തിന് തിളക്കമേറി. എതിര്‍പ്പുകളുടേയും പരിഹാസങ്ങളുടേയും മഞ്ഞുമലകള്‍ ഉരുകിതുടങ്ങി. പക്ഷെ, കുഞ്ഞുമോന്റെ വീഴ്ചയോടെ എല്ലാം ആവര്‍ത്തിക്കുകയാണ്. അംഗീകരിച്ചവരെല്ലാം ഒരു അവസരത്തിനുവേണ്ടി കാത്തിരിക്കുയായിരുന്നു എന്നത് നോവുന്നൊരു തിരിച്ചറിവാണ്.

.....................................................................

സഖാവ് ശ്രീധരേട്ടന്‍ കൂടെനില്‍ക്കുന്നവരോടു ചോദിച്ചു.

"അനൗദ്യോഗികമായി സഭേന്ന് പുറത്താക്കിയ കുഞ്ഞുമോന്റെ പെണ്ണല്ലേ.... നമ്പൂരിക്കുട്ടി... അവന്റെ അപ്പന്റേല് പൂത്ത കാശുണ്ടായിരുന്നല്ലോ..".

"പറഞ്ഞിട്ടെന്താ കാര്യം.. ഇവളെ കല്ല്യാണം കഴിച്ചേന്റ പേരില് സഭേന്ന് മാത്രല്ല, അവനെ വീട്ടീന്നും പൊറത്താക്കി. അതും പോരാഞ്ഞ് വാശിക്ക് അവന്റെ അപ്പന്‍ ഉള്ളതെല്ലാം ബാക്കിയുളള മക്കള്‍ക്ക് ഭാഗം വെച്ചും കൊടുത്തു. അവന്‍ പാവം.. കേസിനും കൂട്ടത്തിനും ഒന്നും പോയില്ല്യ. കേസിനു പോയാ വല്ലതും കിട്ട്യേനെ എന്നും പറഞ്ഞുകേട്ടിരുന്നു."

"കല്ല്യാണം കഴിഞ്ഞിട്ട് കൊറേക്കാലായില്ലേ..?. ആ കുട്ടീടെ വീട്ടുകാര്‍...?"

"അതിനെ അതിന്റെ വീട്ടുകാരും കൈവിട്ടു.  പത്തു പതിനൊന്ന് കൊല്ലത്തിന് ശേഷം ഇപ്പഴാ വിശേഷംണ്ടായത്. അപ്പോ അവന്‍ കെടപ്പിലുമായി...  ഇനീപ്പോ എങ്ങനെ ജീവിക്കുംന്നാ... അവനവന്റെ ജാതീന്ന് തന്നെ കെട്ടിയാ പോരായിരുന്നോ... ഈ പ്രേമം വരുത്തിവെക്കണ ഓരോരോ പ്രശ്‌നങ്ങളേയ്."

ശ്രീധരേട്ടന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

"ഒന്നു മിണ്ടാണ്ടിരിക്കെടോ... പ്രേമോം ജാതീം മതോം ഒന്നുമല്ല, മനുഷ്യനെ തോല്‍പ്പിക്കണത് ഇല്ലായ്മിം വല്ലായ്മിം ഒക്കെയാടോ. നമ്മളൊക്കെ വിപ്ലവം പറഞ്ഞു നടന്നു. അവരതു ചെയ്തു കാണിച്ചു. വ്യക്തിപരമായി പറഞ്ഞാല്‍ എനിയ്ക്ക് അവരെ സഹായിക്കണംന്ന്ണ്ട്.. പക്ഷെ നമ്മടെ പാര്‍ട്ടിക്കാരടെ അപേക്ഷകള് തന്നെ ഒരുപാടുണ്ട്... അതാ പ്രശ്‌നം.."

.....................................................................

കട്ടിലില്‍ ചാരിവെച്ച തലയിണയില്‍ എഴുന്നേല്‍പ്പിച്ചിരുത്തി കുഞ്ഞുമോന്റെ വരണ്ടുണങ്ങിയ ചുണ്ടുകള്‍ക്കിടയിലൂടെ കഞ്ഞികോരി കൊടുക്കുന്നതിനിടയിലാണ് ശ്രീധരന്‍ ചേട്ടനെ കാണാന്‍ പോയ വിശേഷം അവള്‍ പങ്കുവെച്ചത്.

"പഞ്ചായത്തിന്ന് സ്ഥലം കിട്ടണ കാര്യം സഖാവ് ശ്രീധരേട്ടന്‍ ശരിയാക്കാമെന്ന് പറഞ്ഞിട്ട്ണ്ട്. സൈനബാത്ത പറഞ്ഞത് മൂപ്പര് വിചാരിച്ചാ നടക്കുംന്നാ."

"രമേ... അറിയില്ലെങ്കില്‍, എനിക്കത് അറിയില്ലാന്ന് പറയാന്‍..... ചെയ്യാന്‍ കഴിയാത്ത കാര്യം ചെയ്യാന്‍ പറ്റില്ലാന്ന് പറയാന്‍...... കുറച്ചേ ഉള്ളൂവെങ്കില്‍, എന്റെ കയ്യില്‍ ഇത്രയേ ഉള്ളൂ എന്ന് പറയാന്‍... അതിനും വേണം ഒരു തന്റേടം. ശ്രീധരന്‍ചേട്ടനെ പോലുള്ളവരൊന്നും നേരെച്ചൊവ്വേ ഒന്നും പറയില്ല."

വളരെ സമയമെടുത്താണ് പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ അത്രയും പറഞ്ഞു തിര്‍ത്തത്. കിടപ്പിലായതിനുശേഷം കുഞ്ഞുമോന്‍ ഒരു തത്വജ്ഞാനിയെപ്പോലെയാണ് സംസാരിക്കുന്നതെന്ന് അവള്‍ ശ്രദ്ധിച്ചിരുന്നു. എങ്കിലും അയാളുടെ വാക്കുകളിലെ നിരാശ അവള്‍ അംഗീകരിച്ചില്ല.

"നല്ല ശുഭാപ്തി വിശ്വാസമുള്ള ആളായിരുന്നൂല്ലോ.. ഇപ്പോ എന്താ... അങ്ങനെയൊന്നും വിചാരിക്കണ്ട. കിട്ടില്ല്യാന്ന് വിചാരിക്കുന്നതിലും നല്ലതല്ലേ കിട്ടുംന്ന് വിചാരിക്കണത്."

അവളുടെ മറുപടികേട്ട് അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു. പിന്നെ പറഞ്ഞു.

"നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല. അയാളെപ്പോലെയുള്ള നേതാക്കളുടെ വാക്കുകളില്‍ മുഴുവന്‍ പ്രതീക്ഷയും വേണ്ടാന്നെ ഞാന്‍ പറഞ്ഞുള്ളൂ. ഇപ്പോഴത്തെ പാര്‍ട്ടികളും മതങ്ങളേപോലെ തന്നെയാ.. വിശ്വാസങ്ങളും ദൈവങ്ങളും വേറെ വേറെയാണെന്ന് മാത്രം. അവരും അവരുടെ വിശ്വാസികളെ മാത്രമേ സഹായിക്കൂ."

.......................................................

"ഞങ്ങടെ മുസ്‌ളിങ്ങള്‍ക്കിടയില് ചെല പണക്കാരൊക്കെ, മുസ്ലീങ്ങളായ പാവങ്ങള്ക്ക് വീടൊക്കെ പണിത് കൊടുക്കാറുണ്ട്... നീങ്ങടെ ജാതീക്കാരിലൊന്നും അങ്ങനില്ല്യേ..?".

അലക്കുകല്ലില്‍ തുണികള്‍ കുത്തി കഴുകുന്നതിനിടയില്‍ സൈനബാത്തയുടെ ചോദ്യം കേട്ട് ചിരിച്ചു.

"പട്ടിക ജാതിക്കാര്‍ക്കും ഈഴവര്‍ക്കും നായന്‍മാര്‍ക്കും അങ്ങനെ ഓരോരുത്തര്‍ക്കും ഓരോ സംഘടനകളൊക്കെ ഉണ്ടെന്ന് ഞാനും കേട്ടിട്ട്ണ്ട്.. ചെലപ്പോ ഞങ്ങടെ നമ്പൂതിരിമാര്‍ക്കിടയിലും കാണുമായിരിക്കും... ആര്‍ക്കറിയാം.... ഇനി അഥവാ ഉണ്ടെങ്കി തന്നെ പകുതി ക്രിസ്ത്യാനിയും പകുതി ഹിന്ദുവും ആയതോണ്ട് ഞങ്ങളെയൊക്കെ ആര് സഹായിക്കാനാ ഇത്താ..."

"ഞാന്‍ പറയണൊണ്ടൊന്നും തോന്നരുത്. കല്ല്യാണം കഴിഞ്ഞാ പിന്നെ ചെക്കന്‍മാര്‌ടെ മതത്തില് കൂടുന്നതുകൊണ്ട്  കൊഴപ്പൊന്നും ഇല്ല്യ. ആ ജോസഫീന പറഞ്ഞ കാര്യം... ഒന്നാലോചിച്ചൂടെ...?"

"അപ്പോ ഞങ്ങള് തോറ്റുപൂവില്ല്യേ ഇത്താ... പരിഹസിച്ചവരുടെ മുന്നില്...  മനസ്സ് സമ്മതിക്കണില്ല്യ ഇത്താ..."

പറഞ്ഞുതീരുന്നതിനു മുമ്പ് അവള്‍ വിതുമ്പി.

"നീയ്യ് കരയൊന്നും വേണ്ട... ഞാനത്രക്കൊന്നും ചിന്തിച്ചില്ല്യ. ഉള്ളിന്റെ ഉള്ളില് എല്ലാവരും മനുഷന്‍മാര് തന്ന്യാ പെണ്ണെ... എന്ത് ജാതി.. എന്ത് മതം... നീ ധൈര്യായിട്ടിരിക്ക്... ഞങ്ങളൊക്കെ ഇല്ല്യെ ഇവിടെ."

അതൊരു തിരിച്ചറിവാണ്... എപ്പോഴും സഹായത്തിനോടിയെത്തുന്ന സൈനബാത്തയും മമ്മാലിക്കയും, കാശുകൊണ്ടും ആളുകൊണ്ടും സഹായിക്കുന്ന കുഞ്ഞുമോന്‍ ചേട്ടന്റെ ചങ്ങാതിമാരായ ജോസൂട്ടിയും, സുജേഷും, സന്ദീപും, രാമൂവേട്ടനും, വീടിനു പുറത്തു പോകുമ്പോഴെല്ലാം കുഞ്ഞുമോന്‍ ചേട്ടന് കൂട്ടിരിക്കുന്ന ഓടജാതിയില്‍പെട്ട നാണിത്തള്ള. വാടകയുടെ കാര്യം പറയുമ്പോഴും ഇറക്കിവിടുമെന്ന് പറയാന്‍ മടിക്കുന്ന ഭാരതി വാരസ്യാര്‍.... മനുഷ്യരാണ്. മനുഷ്യര്‍.

...............................................................

കുഞ്ഞുമോന്റെ മരണം അപ്രതീക്ഷിതമായിരുന്നു.ഹൃദയാഘാതമായിരുന്നു. തൊട്ടടുത്ത ആശുപതിയിലെത്തുമ്പോഴേക്കും. ഒരുപക്ഷെ ചിലപ്പോള്‍ അയാള്‍ അത് പ്രതീക്ഷിച്ചിച്ചുണ്ടാകാം. അയാളുടെ മരണത്തേക്കാളേറെ അവളെ തളര്‍ത്തിയത് മൃതശരീരം സംസ്‌കരിക്കുന്നത് സംബന്ധിച്ചുയര്‍ന്ന തര്‍ക്കങ്ങളായിരുന്നു.

ഇതുവരെ തിരിഞ്ഞു നോക്കാതിരുന്നവര്‍ വീട് തേടിപ്പിടിച്ചു വന്നു. ക്രിസ്ത്യന്‍ ആചാരങ്ങളനുസരിച്ച് പള്ളിയില്‍ അടക്കം ചെയ്യാന്‍ വിട്ടുകൊടുക്കണം എന്ന് പറഞ്ഞ് കുഞ്ഞുമോന്റെ അപ്പന്‍ വര്‍ക്കിച്ചായനും സഹോദരന്‍മാരും വാശിപിടിച്ചു. ചില ഹിന്ദു സംഘടനാ നേതാക്കള്‍ രമാദേവിയുടെ ആഗ്രഹം പോലെ മാത്രമേ സംസ്‌കാരം നടത്തൂവെന്നും തര്‍ക്കിച്ചു. അയല്‍പക്കക്കാരും നാട്ടുകാരും പക്ഷം ചേരാനാവാതെ കാഴ്ചക്കാരായി നിന്നു. എല്ലാവരും രമാദേവിയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തു. ഒന്നും മിണ്ടാനാവാതെ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ സൈനബാത്തയുടെ തോളില്‍ ചാരി, കുഞ്ഞുമോന്റെ ജീവനില്ലാത്ത ശരീരത്തിനരികെ അവള്‍ തളര്‍ന്നിരുന്നു.

"വിട്ടുകൊടുക്കല്ലെ നല്ലത്... ഇല്ലെങ്കി എവിടെവെച്ച് ദഹിപ്പിക്കും.... പിന്നെ പൊതു ശ്മശാനത്തില് വെച്ച് കത്തിക്ക്യേണ്ടി വരും..". അടക്കം പറച്ചിലുകള്‍ തുടരുന്നതിനിടയില്‍ ഒരു പോലീസ് ജീപ്പും ആംബുലന്‍സും മുറ്റത്തു വന്നു നിന്നു.

കൂടിനില്‍ക്കുന്നവര്‍ക്കിടയിലൂടെ, ജോസൂട്ടി രമാദേവിയുെട അടുത്തെത്തി.

"രമേച്ചി... അവര് വന്നിട്ടുണ്ട്....?"

അവള്‍ നിറഞ്ഞ കണ്ണുകളോടെ സൈനബാത്തയെ നോക്കി തലയാട്ടി. പിന്നെ ഒരു കുഞ്ഞിനെപ്പോലെ വിതുമ്പിക്കരഞ്ഞു. കൈയ്യില്‍ പിടിച്ചിരുന്ന കവറില്‍നിന്നും ഒരു കടലാസെടുത്ത്ടുത്ത് സൈനബാത്ത ജോസൂട്ടിയുടെ നേര്‍ക്ക് നീട്ടി. അയാള്‍ അത് പോലീസുകാര്‍ക്ക് കൈമാറി.

പോലീസുകാരന്‍ അത് ശ്രദ്ധയോടെ വായിച്ചുനോക്കി.

"എല്ലാവരും കേള്‍ക്കാന്‍ വേണ്ടി പറയുകയാണ്... മരണശേഷം ബോഡി മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കണമെന്നായിരുന്നു കുഞ്ഞുമോന്റെ ആഗ്രഹം. ഒരു മാസം മുമ്പു തന്നെ അതിനുള്ള സമ്മതപത്രം അയാള്‍ ഒപ്പിട്ടുകൊടുത്തിട്ടുമുണ്ട്. ഭാര്യ രമാദേവിയ്ക്കും അതുതന്നെയാണ് താത്പര്യം.
അതുകൊണ്ട് അനാവശ്യമായ സംഘര്‍ഷം ഒഴിവാക്കി എല്ലാവരും സഹകരിക്കണം. ബോഡി കൊണ്ടുപോകുന്നതിനാണ് ഇവര്‍ വന്നിരിക്കുന്നത്. "

രേഖകളില്‍ ഒപ്പിട്ടുകൊടുക്കുമ്പോള്‍ അവളുടെ കൈ വിറച്ചില്ല. ജീവിച്ചിരുന്നപ്പോള്‍ ഉപേക്ഷിക്കുകയും മരിച്ചപ്പോള്‍ ശവത്തിനുവേണ്ടി വാദിക്കുകയും ചെയ്തവര്‍ക്കിടയിലൂടെ ആംബുലന്‍സ് നീങ്ങി. അവസാനമായി ഒരു നോക്കു കാണാന്‍ ആളുകള്‍ എത്തിച്ചുനോക്കികൊണ്ടിരുന്നു. കുഞ്ഞുമോന്റെ മുഖത്ത് അനുപമമായ ഒരു പ്രകാശം നിറഞ്ഞുനിന്നു. ജീവനുള്ളവരെ നോക്കി മരണം പുഞ്ചിരിക്കുന്നതുപോലെ.

..........................................................................

"ഭയപ്പെടാനൊന്നുമില്ല. ബോധം തെളിഞ്ഞിട്ടുണ്ട്. ഡെലിവറി ഡേറ്റ്  അടുത്തിരിക്കുകയല്ലേ. ചിലപ്പോള്‍ നേരത്തെയും ആകാം. അതുകൊണ്ട് ഇവിടെ അഡ്മിറ്റു ചെയ്യുകയാണ്."

ഡോക്ടറുടെ വാക്കുകള്‍ സൈനബാത്തയെ ആശ്വസിപ്പിച്ചു.

ആയുസ്സിന്റെ പകുതിയലധികം പിന്നിട്ട ഒരു പുരുഷനും സ്ത്രീയും വരാന്തയില്‍ അന്യരെപ്പോലെ നില്‍ക്കുന്നുണ്ട്.  മമ്മാലിക്കയാണ്  സൈനബാത്തയ്ക്ക് ചൂണ്ടികാണിച്ച് കൊടുത്തത്.

"രമേടെ അച്ഛനും അമ്മയാണ്....  ഞാനാ മുറി കാട്ടികൊടുത്തത്. എന്തായാലും ഇനീപ്പോ കാര്യങ്ങളൊക്കെ അവര് നോക്കിക്കോളും."

ജനിച്ചത് ആണ്‍കുഞ്ഞായിരുന്നു. നഴ്‌സിന്റെ കയ്യില്‍നിന്നും ആദ്യം കുഞ്ഞിനെ ഏറ്റുവാങ്ങിയത് കുഞ്ഞുമോന്റെ അമ്മ, ഏല്യാമ്മ. ഈ സ്ത്രീ ആരാണ് എന്ന സംശയത്തോടെ നോക്കുന്ന നഴ്‌സിനോടെന്നപോലെ അവര്‍ എല്ലാവരോടുമായി പറഞ്ഞു.

"എന്റെ മോന്റെ കുഞ്ഞാ... മൊഖച്ഛായ കണ്ടാ.... എന്റെ കുഞ്ഞുമോന്‍ തന്നെ."

അസഹനീയമായ വേദനയില്‍നിന്നും സുഖപ്രസവത്തിലേയ്ക്കുള്ള ദൂരം താണ്ടി അവള്‍
തളര്‍ന്നു കിടന്നു. അമ്മയേയും അച്ഛനേയും കണ്ടപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു. സൈനബാത്തയ്ക്കും നഴ്‌സുമാര്‍ക്കും ഇടയില്‍ മകളെ ശുശ്രൂഷിക്കുവാന്‍ ദേവകിയമ്മയും കൂടി. സാരിത്തലപ്പുകൊണ്ട് അവര്‍ ഇടയ്ക്കിടെ സ്വന്തം കണ്ണുകള്‍ കണ്ണുകള്‍ ഒപ്പി.

കരയാന്‍ തുടങ്ങിയ കുഞ്ഞിനെ രമാദേവിക്കൊപ്പം കിടത്തുമ്പോഴും ഏല്യാമ്മയുടെ കണ്ണുകള്‍ കുഞ്ഞുമോന്റെ കുഞ്ഞില്‍ മാത്രം കേന്ദ്രീകരിച്ചു. രമാദേവിയുടെ കണ്ണുകളെ നേരിടുന്നതില്‍ നിന്നും അവരുടെ കണ്ണുകള്‍ വിദഗ്ധമായി രക്ഷപ്പെട്ടുകൊണ്ടേയിരുന്നു.

"ഇത് സൂക്ഷിച്ചുവെക്കണം... ബെര്‍ത്ത് സര്‍ട്ടിഫിക്കേറ്റിന് അപേക്ഷിക്കുമ്പോള്‍ വേണ്ടിവരും."

നഴ്‌സ് നീട്ടിയ ഒരു പേപ്പര്‍, ദേവകിയമ്മ വാതില്‍ക്കല്‍ നില്‍ക്കുന്ന ഭര്‍ത്താവ് കേശവന്‍ നമ്പൂതിരിയ്ക്ക് കൈമാറി.

"സൂക്ഷിച്ച് വെച്ചോളൂ.. പേര്  ' സൂര്യനാരായണന്‍ '  എന്നിടണംന്നാ ന്റെ ആഗ്രഹം."

ഏല്യാമ്മയുടെ എതിര്‍പ്പ് സ്വാഭാവികം.

"കുഞ്ഞുമോന്റെ കുഞ്ഞിന്റെ പേര് എന്തുവേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചോളാം.. ' ജീസ് ' അതാണ് അവനിടാന്‍ പോകുന്ന പേര്... ദൈവപുത്രനായ ജീസസിന്റെ ചുരുക്കപ്പേര്."

"അതിന് കൊച്ചിന്റെ് പേരിട്ടു കഴിഞ്ഞല്ലോ..."

അരുതാത്തതെന്തോ കേട്ടതുപോലെ ഏല്യാമ്മയും ദേവകിയമ്മയും കേശവന്‍ നമ്പൂതിരിയും പുറത്തുനില്‍ക്കുന്നവരുമെല്ലാം വെട്ടിത്തിരിഞ്ഞ് നഴ്‌സിനെ നോക്കി.

അപ്പോഴാണ് ദേവകിയമ്മ കൊടുത്ത പേപ്പറിലേയ്ക്ക് കേശവന്‍ നമ്പൂതിരി ശ്രദ്ധിച്ചു നോക്കിയത്. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന കുഞ്ഞിന്റെ പേര് വായിച്ച് അയാള്‍ ഞെട്ടി. കേശവന്‍ നമ്പൂതിരിയില്‍നിന്നും ആദ്യം ദേവകിയമ്മയും പിന്നെ ഏല്യാമ്മയും ശേഷം കാഴ്ച്ചക്കാരായ ഓരോരുത്തരും കടലാസ് വാങ്ങി നോക്കി. അവരുടെ മുഖം വിളറുന്നുണ്ട്. തികച്ചും വിചിത്രവും അസ്വീകാര്യവുമായ ഒരു പേര്.

"മനുഷ്യപുത്രന്‍".

നാളെ ഒരുപക്ഷെ അവന്‍ ആ പേരില്‍ അറിയപ്പെടില്ലായിരിക്കും. എങ്കിലും സമൂഹം അവനുമേല്‍ വിശ്വാസങ്ങളുടെ തിരുവസ്ത്രങ്ങളണിയിക്കും മുമ്പെ, കുറച്ചുകാലമെങ്കിലും അവന്‍ ഒരു മനുഷ്യപുത്രനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനെങ്കിലും ആ പേര് സഹായകമാകുമെന്ന പ്രതീക്ഷയോടെ, അവനെയും ചേര്‍ത്തുപിടിച്ച്, കണ്ണുനീര്‍ പുറത്തുവരാതിരിക്കുവാന്‍ ശ്രമപ്പെട്ട്, കണ്ണുകള്‍ ഇറുക്കിയടച്ച് രമാദേവി കിടന്നു. കുഞ്ഞിചുണ്ടില്‍ ഇടയ്ക്കിടെ നിഷ്‌കളങ്കമായ ഒരു പുഞ്ചിരി തെളിഞ്ഞും മാഞ്ഞും തത്തികളിക്കുന്നു. ചിരിക്കാന്‍ മടിക്കുന്ന ദൈവപുത്രന്‍മാര്‍ക്കിടയില്‍ ഉറങ്ങുമ്പോഴും പുഞ്ചിരിക്കുന്ന ഒരു മനുഷ്യപുത്രന്‍. 

44 അഭിപ്രായങ്ങൾ:

 1. നന്നായിരിക്കുന്നു കഥ.
  "അറിയില്ലെങ്കില്‍ എനിക്ക് അറിയില്ലാന്ന് പറായാന്‍,ചെയ്യാന്‍ കഴിയാത്ത കാര്യം ചെയ്യാന്‍ പറ്റില്ലാന്ന് പറയാന്‍,കുറച്ചേ ഉള്ളൂവെങ്കില്‍‍ എന്‍റെ കയ്യില്‍ ഇത്രയേയുള്ളു എന്ന് പറയാന്‍; അതിനുംവേണം ഒരു തന്‍റേടം" തുടങ്ങി അര്‍ത്ഥഗര്‍ഭങ്ങളായ വാക്കുകളും, പ്രേഷിത,അമ്മമാര്‍,അച്ഛന്‍,എന്നിവരുടെ പെരുമാറ്റങ്ങളും മനസ്സില്‍ തട്ടുന്ന തരത്തിലുള്ളതായി......
  പിന്നെ 'കഥ അവസാനിപ്പിക്കാനുള്ള തിടുക്കം' അനുഭവപ്പെടുകയുണ്ടായി വായനയില്‍.............
  ആശംസകള്‍.........

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഓ.. അങ്ങനെ അനുഭവപ്പെട്ടുവല്ലേ... ശ്രദ്ധിയ്ക്കാം.. ആത്മാര്‍ത്ഥമായ അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെ നന്ദി തങ്കപ്പന്‍ സാര്‍...

   ഇല്ലാതാക്കൂ
 2. ഇനിയും അവസാനിക്കാത്ത തര്‍ക്കങ്ങളുമായി ജാതിയും മതവും ഇപ്പോഴും ഇഴഞ്ഞു നീങ്ങുമ്പോള്‍ മൌനം പാലിക്കുന്നവരോ എതിര്‍ക്കുന്നവരോ ആയവരുടെ എണ്ണംവര്‍ദ്ധിക്കുന്നു എന്നത് ആശാവഹമാണ്‌.
  ഓര്‍മ്മപ്പെടുത്തലായി എന്നെന്നും നിലനിര്‍ത്തേണ്ട വിഷയം ലളിതമായി അവതരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രത്യാശിക്കാം... റാംജി ഭായ്... മതങ്ങള്‍ക്കതീതമായി ചിന്തിക്കുവാന്‍ കഴിയുന്നവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്ന് പ്രത്യാശിക്കാം. ഒരിയ്ക്കല്‍ കൂടി ഇതുവഴി വന്ന് അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെയധികം നന്ദി റാംജി ഭായ്.

   ഇല്ലാതാക്കൂ
 3. ഒന്നാലോചിച്ച് നോക്കിയാൽ ഈ മതങ്ങളെല്ലാം ചേർന്നല്ലേ മനുഷ്യസ്നേഹത്തിന്റെയും സമാധാനത്തിന്റെയും കടയ്ക്കൽ കത്തി വയ്ക്കുന്നത്...? അല്ല എന്ന് പറയാൻ ഒരു കാരണവും ഇന്നത്തെ സമൂഹത്തിലേക്ക് കണ്ണ് തുറന്ന് നോക്കിയാൽ കാണുവാൻ സാധിക്കില്ല... മനുഷ്യസ്നേഹത്തിന്റെയും നന്മയുടെയും പര്യായമാകേണ്ട മതങ്ങളെല്ലാം ഇന്ന് സ്വാർത്ഥതയുടെയും താ‍ൻ പ്രമാണിത്തത്തിന്റെയും അഴുക്കുചാലുകളായി മാറിയിരിക്കുന്നു... വയലാർ പണ്ട് എഴുതിയത് പൂർവ്വാധികം പ്രസക്തം...

  ഈ കടലും... മറുകടലും...
  ഭൂമിയും വാനവും കടന്ന്...
  ഈരേഴ് പതിനാല് ലോകങ്ങൾ കാണാൻ..
  ഇവിടുന്ന് പോണവരേ...
  അവിടെ മനുഷ്യനുണ്ടോ...
  അവിടെ മതങ്ങളുണ്ടോ...

  ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നതായ്...
  ഇതിഹാസങ്ങൾ നുണ പറഞ്ഞു...
  ഈശ്വരനെ കണ്ടു... ഇബ്‌ലീസിനെ കണ്ടു...
  ഇതു വരെ മനുഷ്യനെ കണ്ടില്ല...
  കണ്ടില്ല കണ്ടില്ല... മനുഷ്യനെ കണ്ടില്ല...

  ഇവിടെ സമത്വം പൂവിട്ടിരുന്നതായ്...
  മതങ്ങൾ വെറുതേ നുണ പറഞ്ഞു...
  ഹിന്ദുവിനെ കണ്ടു... മുസൽമാനെ കണ്ടു...
  ഇതു വരെ മനുഷ്യനെ കണ്ടില്ല...
  കണ്ടില്ല കണ്ടില്ല... മനുഷ്യനെ കണ്ടില്ല...

  ഈ കടലും... മറുകടലും...
  ഭൂമിയും വാനവും കടന്ന്...
  ഈരേഴ് പതിനാല് ലോകങ്ങൾ കാണാൻ..
  ഇവിടുന്ന് പോണവരേ...
  അവിടെ മനുഷ്യനുണ്ടോ...
  അവിടെ മതങ്ങളുണ്ടോ...

  ആശംസകൾ സുധീർഭായ്...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എന്തായിത്... കഥയോളം വലുപ്പമുള്ള കമന്റോ... അതെ വിനുവേട്ടാ എത്ര ലളിതമാണ് അര്‍ത്ഥവത്താണ് വയലാറിന്റെ വരികള്‍... അവ ഇന്നും പ്രസക്തമാണ്. കഥ വായിച്ച് വലിയൊരു കമന്റിട്ടതിന് ഹൃദയം നിറഞ്ഞ നന്ദി വിനുവേട്ടാ.

   ഇല്ലാതാക്കൂ
 4. കഥകളോരോന്നിനും ഓരോ ധർമ്മമുണ്ട്
  ഈ കഥ അതിലെ സന്ദേശം കൊണ്ടാണ് ശ്രദ്ധേയമാവുന്നത്.....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രോത്സാഹനത്തിന് ആത്മാര്‍ത്ഥമായ നന്ദി മാഷെ...

   ഇല്ലാതാക്കൂ
 5. നന്നായി തുടങ്ങിയ കഥ അവസാനം തനി പൈങ്കിളി ആക്കിയതെന്താ ദാസ്?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വേട്ടത്താന്‍ ജി... താങ്കളുടെ വിമര്‍ശനാത്മകമായ ചോദ്യത്തെ എല്ലാ അര്‍ത്ഥത്തിലും ഉള്‍കൊള്ളുന്നു. ന്യൂനത ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി.... കൂടുതല്‍ ശ്രദ്ധിച്ചുകൊള്ളാം.

   ഇല്ലാതാക്കൂ
 6. എരിതീയ്യിൽ എണ്ണ പോലെ
  ഏത് ഇല്ലായ്മകൾക്കിടയിലും
  നൂണ്ട് കയറുന്ന ഒന്നാണ് ജാതി
  മത രാഷ്ട്രീയ പ്രേരക ശക്തികൾ...
  ഇവക്കെതിരെയൊക്കെ തൂലികയാൽ
  പടയൊരുക്കം നടത്തി , ഒരു നല്ല സന്ദേശം
  കാഴ്ച്ചവെച്ചിരിക്കുകയാണ് ഈ പ്രണയ ദുരന്ത
  കഥയിൽ കൂടി - നമ്മുടെ പ്രിയപ്പെട്ട സുധീർദാസ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സ്‌നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി... മുരളി ചേട്ടാ.

   ഇല്ലാതാക്കൂ
 7. കഥ ആദ്യാവസാനം അങ്ങനെ വായിച്ചിരുന്നു പോയി. ഒരുപാട് കഥാ സന്ദര്ഭങ്ങള് കഥയില് കടന്നു വരുന്നുണ്ട്.അതിലെല്ലാം കഥാകൃത്ത് തന്റെ രചനാ പാടവം പ്രകടിപ്പിക്കുന്നുമുണ്ട്. തിരക്കഥയിലും മറ്റും കാണുന്നതു പോലെ ഫ്രം ടു ഫ്രേമായിട്ടാണ് കഥ വികസിക്കുന്നത്.ഒരു സാഹിത്യ രൂപമെന്ന നിലയില് കഥയുടെ ശില്പ ഭംഗി കുറഞ്ഞു പോകാന്അത് കാരണമാകുന്നു.പ്രതിഭയുള്ള ഒരു കലാകാരന് എന്ന നിലയില് കഥയുടെ ക്രാഫ്റ്റില് കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിലും മികച്ച വായനാനുഭവം നല്കുന്നതില് ഈ കഥ വിജയിച്ചു എന്നു പറയട്ടെ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി അനുരാജ്. സൂക്ഷമവായനയിലൂടെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയ താങ്കളുടെ വലിയ മനസ്സിന് വളരെയധികം നന്ദി. ഞാന്‍ അത് ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു. ഇനിമുതല്‍ ശ്രദ്ധിക്കാം.

   ഇല്ലാതാക്കൂ
 8. കഥ ഇഷ്ടപ്പെട്ടു സുധീർദാസ്.
  രാഷ്ട്രീയവും, മതവും,നേതാക്കന്മാരുമെല്ലാം കൂടി കുളമാക്കുന്ന ഒരു സമൂഹം! ചില സംഭാഷണങ്ങളിലൂടെ വ്യക്തമാക്കാനുള്ള ശ്രമം ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സതീഷ് ഭായ്... വായിച്ച് കമന്റിട്ടതില്‍ വളരെയധികം സന്തോഷം. ഒരുപാട് നന്ദി.

   ഇല്ലാതാക്കൂ
 9. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ തമ്മില്‍ തല്ലാതെ മനുഷ്യന്‍ മനുഷ്യനായി തീര്‍ന്നാല്‍ തന്നെ ലോകം നേരെയാകും....നന്നായി 'മനുഷ്യപുത്രന്‍'!

  മറുപടിഇല്ലാതാക്കൂ
 10. ജാതിയും മതവും മനുഷ്യജീവിതത്തെ തകർക്കുന്നു...
  കഥകൾ ഇഷ്ടപ്പെട്ടു. നല്ല ആശയങ്ങൾ.

  ഇതേക്കുറിച്ച് ഞാനും ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട്.
  മതേതരത്വവും മതമില്ലാത്ത ജീവിതവും

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹരിനാഥ് ഭായ്... കഥ ഇഷ്ടപ്പെട്ടു എന്നറിയിച്ചതിലും കമന്റിട്ടതിലും വളരെ സന്തോഷം... നന്ദി.. ഹരിനാഥിന്റെ പോസ്റ്റ് വായിക്കുവാന്‍ ഞാന്‍ വരുന്നുണ്ട്.

   ഇല്ലാതാക്കൂ
 11. ഇനിയും ഈ
  ജാതി മത അതിര് വരമ്പുകൾ
  നില നിൽക്കുന്നതിൽ ആണ് നാം അല്ഭുതപെടെണ്ടത്.

  കഥ നന്നായിരിക്കുന്നു ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നല്ല വാക്കുകള്‍ക്കും ആശംസകള്‍ക്കും ഹൃദയംനിറഞ്ഞ നന്ദി... ശിഹാബുദ്ദീന്‍.

   ഇല്ലാതാക്കൂ
 12. ജാതിയും മതവുമെല്ലാം ചേർന്നല്ലേ ഇന്നത്തെ സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കുന്നത്‌...?

  ജാതി മാറാതെ, മതം മാറാതെ ജീവിക്കുന്ന ഞങ്ങൾ മോളെയും ഒരു മതത്തിലും ചേർത്തിട്ടില്ല, അതിനാലാവും എല്ലാ മതങ്ങളെയും മോൾ ഒരേ പോലെ മനസിലാക്കുന്നത്‌....

  നല്ല കഥയ്ക്ക് അഭിനന്ദനങ്ങൾ സുധീർ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കുഞ്ഞൂസ് ചേച്ചിയോട് വല്ലാത്ത ബഹുമാനം തോന്നുന്നു. ആ മോള്‍ ഭാഗ്യവതിയാണ്. അഭിനന്ദനങ്ങള്‍ക്ക് ഒത്തിരി നന്ദി കേട്ടോ.

   ഇല്ലാതാക്കൂ
 13. കഥ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ, കൂട്ടത്തിൽ ഒരു കാര്യം കൂടി ഞാനും എന്റെ മകളെ ജാതിയും മതവും ചേർക്കാതെ തന്നെയാണ് സ്കൂളിൽ ചേർത്തത്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സുഭാഷ് മംഗലത്ത്... നിങ്ങളെപ്പോലുള്ളവര്‍ ഈ സമൂഹത്തിന് മാതൃകകളാണ്... ആ തീരുമാനത്തെ ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു... എല്ലാ മതങ്ങളും ഒന്നുതന്നെയല്ലേ പറയുന്നത്... പിന്നെയന്തിനാണ് ചിലര്‍ വാശിപിടിക്കുന്നത് അല്ലേ.... നന്ദി സുഹൃത്തെ വായനയ്ക്കും ഇവിടെ കുറിച്ചിട്ട വാക്കുകള്‍ക്കും.

   ഇല്ലാതാക്കൂ
 14. ശരിയാണ്. നമുക്ക് ഇഷ്ടമുള്ള ആശയത്തിലും, ആദർശത്തിലും, മതത്തിലും, ആചാരത്തിലും ജീവിക്കാം. പൊതുജനം പലവിധം. പക്ഷേ "മനുഷ്യപുത്രൻ;" അവന്റെ ഭാവിയിൽ അനുഭവിക്കേണ്ടി വരുന്ന ആത്മസംഘർഷം നാം കാണാതെ പോകരുത്. മനുഷ്യപുത്രൻ വളരട്ടെ അവൻ ഒരു യുവാവാകട്ടെ അന്ന് അവനെക്കുറിച്ച് സുധീർ ഭായ് വീണ്ടും എഴുതണം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സ്വാഗതം ഷാജി ഭായ്... ആത്മാര്‍ത്ഥമായ അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെയധികം സന്തോഷവും നന്ദിയും.... ഷാജി ഭായിയുടെ ഉത്കണ്ഠയെ ഞാന്‍ ശരിവെക്കുന്നു. പക്ഷെ അപകര്‍ഷതയും ആത്മാഭിമാനവും ഓരോരുത്തരും സ്വയം തിരഞ്ഞെടുക്കുന്നതല്ലേ. ചിന്താശേഷിയില്ലാത്തവരില്‍ മാത്രമേ അവ അടിച്ചേല്‍പ്പിക്കുവാന്‍ കഴിയൂ. പരിഷ്‌കൃതമെന്ന് നമ്മള്‍ ധരിച്ചുവെച്ചിരിക്കുന്ന ഈ ആധുനിക സമൂഹത്തില്‍ ഒറ്റപ്പെടലിന്റെയും അവഗണനയുടേയും പരിഹാസങ്ങളുടേയും ആത്മസംഘര്‍ഷം അനുഭവിക്കുന്നവര്‍ ഏറെയുണ്ട്. സത്യസന്ധന്‍മാരെപ്പോലെ, നിഷ്‌കളങ്കന്മാരെപ്പോലെ, സത്സ്വഭാവികളെപ്പോലെ, നിസ്വാര്‍ത്ഥരെപ്പോരെ, വ്യത്യസതമായി ചിന്തിക്കുന്ന എല്ലാ മതവിഭാഗങ്ങളില്‍പെട്ടവരുമുണ്ട് ആത്മസംഘര്‍ഷം അനുഭവിക്കുന്നവര്‍. ഉയര്‍ന്നു ചിന്തിക്കുവാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ അത്തരം ആത്മസംഘര്‍ഷങ്ങളെ അതിജീവിക്കുവാന്‍ കഴിയൂ. 'മനുഷ്യപുത്രന്‍'മാര്‍ക്ക് അതിനുള്ള ചിന്താശേഷി ഉണ്ടാകട്ടെയെന്ന് പ്രത്യാശിക്കാം.

   ഇല്ലാതാക്കൂ
 15. മതമേതായാലും..മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് ഇനിയെന്ന് തോന്നുമിവര്‍ക്ക്!..rr

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും വാക്കുകള്‍ക്കും വളരെയധികം നന്ദി രിഷാജി.

   ഇല്ലാതാക്കൂ
 16. ആശയത്തിനു വലിയ പുതുമ പറയാൻ ഇല്ലെങ്കിലും എന്നും ഈ ഒരു സന്ദേശം മനുഷ്യർ ഉൾക്കൊണ്ടിരുന്നെങ്കിൽ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.. മന്ദഗതിയിലാണെന്നു മാത്രം... പ്രതീക്ഷിക്കാം... നന്ദി... ശ്രീ ഭായ്.

   ഇല്ലാതാക്കൂ
 17. അജ്ഞാതന്‍08 നവംബർ, 2014

  അറിയില്ലെങ്കില്‍, എനിക്കത് അറിയില്ലാന്ന് പറയാന്‍..... ചെയ്യാന്‍ കഴിയാത്ത കാര്യം ചെയ്യാന്‍ പറ്റില്ലാന്ന് പറയാന്‍...... കുറച്ചേ ഉള്ളൂവെങ്കില്‍, എന്റെ കയ്യില്‍ ഇത്രയേ ഉള്ളൂ എന്ന് പറയാന്‍... അതിനും വേണം ഒരു തന്റേടം.
  സത്യം.... അതിന് ഒരു ഒന്നൊന്നര തന്‍റേടം തന്നെ വേണം....

  മറുപടിഇല്ലാതാക്കൂ
 18. മനുഷ്യബന്ധങ്ങള്‍ നിലനില്‍ക്കട്ടെ... മനുഷ്യപുത്രന്മാര്‍ ജനിക്കട്ടെ! ഇത് രണ്ടും ഇന്ന് കണികാണാന്‍ ഇല്ലല്ലോ... നല്ല സന്ദേശം പക്ഷേ അവസാനം ഒന്നൂടെ ശരിയാക്കാമായിരുന്നുട്ടോ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒന്നൂടെ ശരിയാക്കാമായിരുന്നുവല്ലേ... ശ്രമിക്കാം. ആത്മാര്‍ത്ഥമായ അഭിപ്രായത്തിന് ഒത്തിരി നന്ദിയുണ്ട് കേട്ടോ.. മുബീ.

   ഇല്ലാതാക്കൂ
 19. ഇന്നത്തെ സമൂഹം. കപടസദാചാരവാദവുമായി രംഗത്തിറങ്ങാൻ ആളുകളുണ്ടിവിടെ എന്നാൽ മതങ്ങൾക്കെതിരെ സബ്ദിക്കുവാൻ? ആശംസകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇപ്പോഴും ബഹുഭൂരിപക്ഷവും സങ്കുചിതരാണ്. ഒരാള്‍ ഏത് മതസ്ഥനാണ് എന്നാദ്യം തിരയുന്ന മാനസിക വൈകല്യമാണ് മാറേണ്ടത്. നന്ദി വിഷ്ണുലാല്‍..

   ഇല്ലാതാക്കൂ

 20. ഇപ്പോഴും സമൂഹം ഇങ്ങനെയൊക്കെ തന്നെ. കുഞ്ഞുമോൻ എല്ലാം നേരത്തെ അറിഞ്ഞു വച്ചതുപോലെ. നല്ല കഥ. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആദ്യ വരവിന് സ്വാഗതം. ആത്മാര്‍ത്ഥമായ നന്ദി ഗീതാ ഓമനകുട്ടന്‍.

   ഇല്ലാതാക്കൂ
 21. മനുഷ്യപുത്രന്‍ :)
  എന്‍റെ ചില സുഹൃത്തുക്കള്‍ മതേതരമായ പേരുകള്‍ തിരഞ്ഞു മഴ എന്നൊക്കെ ഇട്ടതായി കേട്ടിടുണ്ട്. എന്തായാലും നല്ല കഥ

  മറുപടിഇല്ലാതാക്കൂ
 22. വലിയൊരു സന്ദേശം നൽകുന്ന നല്ലൊരു കഥ...ആശംസകൾ സുധീർ ഭായ്...

  മറുപടിഇല്ലാതാക്കൂ