യാചകഭൂതങ്ങള്‍

കച്ചവടക്കാരുടെ പക്കല്‍ ധാരാളം സ്വര്‍ണ്ണവും രത്‌നങ്ങളുമുണ്ടായിരുന്നു. അവരുടെ രത്‌നങ്ങള്‍ ആകര്‍ഷകമായ ആകൃതികളിലും ശൈലികളിലും വാര്‍ത്തെടുത്ത് ഉരച്ചുമിനുക്കി ശോഭ വര്‍ദ്ധിപ്പിച്ചവയായിരുന്നു. അവ പകല്‍സമയങ്ങളില്‍ സൂര്യനെപ്പോലെയും രാത്രിയില്‍ ചന്ദ്രനെപ്പോലെയും പ്രകാശിച്ചു. ഗ്രാമീണരും മനുഷ്യരായിരുന്നു. പ്രലോഭനങ്ങള്‍ ദൗര്‍ബല്യങ്ങളും. തിരിച്ചറിവുണ്ടായപ്പോഴേക്കും എല്ലാം അന്യാധീനപ്പെട്ടിരുന്നു. കച്ചവടക്കാരുടെ കാല്‍ക്കല്‍ വീണ് അയാള്‍ അപേക്ഷിച്ചു.

"ഇതാ നിങ്ങള്‍ എനിക്കു നല്‍കിയ തിളക്കമുള്ള സ്വര്‍ണ്ണവും അതുല്യമായ രത്‌നങ്ങളും. ഇത് തിരിച്ചുവാങ്ങി പകരം എനിക്കെന്റെ  ഭൂമി തിരിച്ചുതരുവാന്‍ ദയവുണ്ടാകണം."

"അത് സാധ്യമല്ല."

"കിടന്നുറങ്ങുവാന്‍ വേറെ ഇടമില്ല. വിശപ്പും ദാഹവും ശമിപ്പിക്കുവാന്‍ ഭക്ഷണമോ വെള്ളമോ ഇല്ല. "

കച്ചവടക്കാര്‍ അയാളെ ആശ്വസിപ്പിച്ചു..

"നിങ്ങള്‍ വിഷമിക്കേണ്ട. ഞങ്ങള്‍ക്ക് നിങ്ങളുടെ ഭൂമിയില്‍നിന്നും ലഭിക്കുന്ന ആദായം മാത്രം മതി. നിങ്ങള്‍ക്ക് തുടര്‍ന്നും ഇവിടെതന്നെ ജീവിക്കാം. പക്ഷെ വാടക ഞങ്ങള്‍ നിശ്ചയിക്കും. വിശക്കുമ്പോള്‍ ഭക്ഷണവും ദാഹിക്കുമ്പോള്‍ ശുദ്ധജലവും തരാം. പക്ഷെ വില ഞങ്ങള്‍ നിശ്ചയിക്കും. തക്കതായ വില തന്നാല്‍ ഇവിടെയുള്ളതെന്തും നിങ്ങള്‍ക്കുപയോഗിക്കാം."

ഗ്രാമീണന്‍ അപമാനിതനായി തലകുനിച്ചുനിന്നു. സ്വര്‍ണ്ണവും രത്‌നങ്ങളും അല്‍പ്പാല്‍പ്പമായി തിരിച്ചുനല്‍കേണ്ടതായും വന്നിരിക്കുന്നു. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ തിരിച്ചറിഞ്ഞു. ഇനി തന്റെ കയ്യില്‍ കുറച്ചു സ്വര്‍ണ്ണനാണയങ്ങളും രത്‌നങ്ങളും മാത്രമേ ശേഷിക്കുന്നുള്ളൂ. ഇതുകൂടി തീര്‍ന്നുപോയാല്‍ വിശന്നുമരിക്കുന്നതായി, ഭാവനയില്‍ കണ്ട്, അയാള്‍ ഭയചകിതനായി. കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണങ്ങളും രത്‌നങ്ങളും വാരിയെടുത്ത് ലക്ഷ്യബോധമില്ലാതെ അയാള്‍ ഓടി. പിന്നെ എപ്പോഴോ തളര്‍ന്നുവീണു. കടുത്ത വിശപ്പും ദാഹവും ക്ഷീണവും. അയാള്‍ ഒരു മയക്കത്തിലേക്ക് ആഴ്ന്നു പോയി. അപ്പോള്‍ അയാള്‍ ഒരു സ്വപ്നം കണ്ടു.

വിയര്‍പ്പുമണികള്‍ വീഴുമ്പോള്‍, സ്വര്‍ണ്ണം കിളിര്‍ക്കുന്ന മണ്ണ്.... രത്‌നങ്ങളേക്കാള്‍ വിലമതിക്കുന്ന ഫലങ്ങളും സുഗന്ധദ്രവ്യങ്ങളും പൂക്കുന്ന മരങ്ങള്‍..... മലകളുടെ മുകളില്‍ കരിങ്കല്ലുകളും പാറക്കല്ലുകളും കൊണ്ടു തീര്‍ത്ത, ഒരിക്കലും വറ്റാത്ത ശുദ്ധജലം നിറഞ്ഞുതുളുമ്പുന്ന ഭീമന്‍ ഭരണികള്‍..... സ്വര്‍ണ്ണനിറമാര്‍ന്ന മണല്‍ത്തരികള്‍ നിറഞ്ഞ് ചിരിച്ചൊഴുകുന്ന പുഴ.... തണുത്ത കാറ്റും.... കുളിരുന്ന മഴയും.... പൂക്കളുടെ സുഗന്ധവും നിറഞ്ഞ ഭൂമിയിലെ സ്വര്‍ഗ്ഗം...... കച്ചവടത്തിനു വന്ന അപരിചിതര്‍..... പകല്‍സമയങ്ങളില്‍ സൂര്യനെപ്പോലെയും രാത്രിയില്‍ ചന്ദ്രനെപ്പോലെയും പ്രകാശിക്കുന്ന അപൂര്‍വ്വ രത്‌നങ്ങള്‍..... ഉടമയില്‍നിന്നും അടിമയിലേക്കുള്ള വീഴ്ച....

തെരുവോരങ്ങളില്‍ ഉറങ്ങിയും നാടോടികളോടൊപ്പം അലഞ്ഞും അയാള്‍ ജീവിച്ചു. കൂടെകിടന്ന പെണ്ണില്‍ അയാള്‍ക്ക് മക്കളുണ്ടാവുകയും അയാളുടെ കാലശേഷം, കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണവും രത്‌നങ്ങളും മക്കള്‍ക്ക് കൈമാറുകയും ചെയ്തു

.......................................................................................................

ചായക്കടയിലേക്ക് കയറിവരുന്ന യാചകനെ, ശങ്കരേട്ടന്‍ ഒരു പുരാവസ്തുവിനെപോലെ നോക്കി. പ്രാകൃത വേഷവും തോളിലൊരു ഭാണ്ഡക്കെട്ടും. ശങ്കരേട്ടന്‍ മേശയില്‍നിന്നും ഒരു രൂപാ നാണയമെടുത്ത് നീട്ടിപിടിച്ചു. ഒന്നും മനസ്സിലാകാത്തതുപോലെ അയാള്‍ നാണയത്തിലേക്കുനോക്കി. അയാള്‍ സഞ്ചിയില്‍നിന്നും നിന്നും ഒരു രത്‌നക്കല്ല് എടുത്തു നീട്ടികൊണ്ട് പറഞ്ഞു.

"വിശക്കുന്നു."

അയാള്‍ ഉയര്‍ത്തികാട്ടിയ രത്‌നക്കല്ലിന്റെ തിളക്കം കണ്ട് ശങ്കരേട്ടന്‍ മാത്രമല്ല, അപ്പോള്‍ ചായക്കടയിലുണ്ടായിരുന്ന മറ്റുള്ളവരും ഞെട്ടി. അല്‍പ്പം മുന്‍പ് ടിവിയിലൂടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ അറകളിലെ സ്വര്‍ണ്ണനാണയങ്ങളുടെയും അമൂല്യ രത്‌നക്കല്ലുകളുടേയും കഥകള്‍ കേട്ടതിന്റെ ഞെട്ടല്‍ മാറി വരുന്നേയുള്ളൂ. വൃദ്ധനായ ആ യാചകന്റെ ഭാണ്ഡക്കെട്ടില്‍ നിന്നും കണ്ണഞ്ചിപ്പിക്കുന്ന ഒരു രത്‌നക്കല്ല് തികച്ചും അപ്രതീക്ഷിതമായിരുന്നു. അതിന്റെ അസാധാരണമായ ശോഭ അവരെ അവരെ അത്ഭുതപ്പെടുത്തി. സമനില വീണ്ടെടുത്ത ശങ്കരേട്ടന്‍ പറഞ്ഞു.

"ഇത് ഒറിജിനല്‍ ആണോയെന്ന് എനിക്കെങ്ങിനെ അറിയും.... ഒറിജിനലാണെങ്കില്‍തന്നെ ബാക്കിതരാന്‍ ഞാന്‍ എന്തു ചെയ്യും.... വിറ്റ് കാശുമായിട്ട് വാ."

അയാള്‍ ഒന്നും മിണ്ടാതെ ദയനീയമായി നോക്കി. ശങ്കരേട്ടന്‍ അലിഞ്ഞു.

"ഒന്നും തരണ്ട. തത്കാലം വിശപ്പടക്കാനുള്ളത് ഞാന്‍ തരാം. അവിടെ ഇരുന്നോളു."

അയാള്‍ക്ക് പരിചിതമായ ഭക്ഷണം. പക്ഷെ അതിന്റെ സ്വാദ് അയാള്‍ക്ക് അപരിചിതമായി തോന്നി. വിശപ്പ് ഭക്ഷണത്തെ സ്വാദിഷ്ടമാക്കും. അയാള്‍ ആര്‍ത്തിയോടെ കഴിച്ചു. ടിവിയില്‍ ക്ഷേത്രത്തിലെ രഹസ്യ അറകളില്‍ കണ്ടത്തിയ നിധിയുടെ വിശദാംശങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.

".....ചാക്കുകള്‍ നിറയെ സ്വര്‍ണ്ണനാണയങ്ങള്‍, സ്വര്‍ണ്ണത്തില്‍ തീര്‍ത്ത  വിഗ്രഹങ്ങള്‍, സ്വര്‍ണ്ണ കിരീടങ്ങള്‍, സ്വര്‍ണ്ണ അരപ്പട്ടകള്‍, സ്വര്‍ണ്ണ ഉരുളി, സ്വര്‍ണ്ണ കതിരുകള്‍, പതിനെട്ടടി നീളവും പത്തരകിലോ ഭാരവുമുള്ള ശരപ്പൊളി മാലയടക്കം ആയിരിത്തിലധികം സ്വര്‍ണ്ണമാലകള്‍, ഡച്ച് കാശിമാല, സ്വര്‍ണ്ണത്തില്‍ പണിത ആനയുടെ രൂപങ്ങള്‍, ഇന്ദ്രനീലവും മരതകവും മാണിക്യവും  ബല്‍ജിയം വജ്രവും തൂടങ്ങിയ അമൂല്യ രത്‌നങ്ങള്‍, വെള്ളിക്കട്ടികള്‍........."

യാചകനും ടിവിയിലേക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കേട്ടുമടുത്തപ്പോള്‍, സ്വര്‍ണ്ണവിശേഷങ്ങള്‍ കേട്ട് കൃഷ്ണമണികള്‍ പുറത്തേക്കു തള്ളി ഇരിക്കുന്നവരോടായി, അയാള്‍ പറഞ്ഞു.

"എന്റെ പൂര്‍വ്വികര്‍ താമസിച്ചിരുന്ന ഗ്രാമത്തിലെ നിലവറകളില്‍ ഇതിലും കൂടുതല്‍ സ്വര്‍ണ്ണങ്ങളും രത്‌നങ്ങളും ഉണ്ടായിരുന്നു."

യാചകന്റെ വാക്കുകള്‍ കേട്ട് ശങ്കരേട്ടനും കൂട്ടരും അമ്പരന്നു. കാശു ചോദിച്ചപ്പോള്‍ രത്‌നക്കല്ല് കാണിച്ച മഹാനാണ്. വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കുവാനും കഴിയാത്ത അവസ്ഥ. എന്നാലും എവിടെ നിന്നോ കളഞ്ഞുകിട്ടിയ തിളക്കമുള്ള ഒരു കല്ല് കയ്യിലുണ്ടെന്നു കരുതി ഇത്രയും അഹങ്കരിക്കാമോ. അയാളെ ഒന്നു പരിഹസിച്ചു ചിരിക്കുന്നതിനുള്ള അവസരം അവര്‍ പാഴാക്കിയില്ല. അവരുടെ പരിഹാസം അയാളെ പ്രകോപിപ്പിച്ചു.

"ഞാന്‍ സത്യമാണ് പറയുന്നത്."

തലമുറകള്‍ കൈമാറിക്കിട്ടിയ ഓര്‍മ്മകളുടെ തിരുശേഷിപ്പുകള്‍ ആ വൃദ്ധയാചകന്റെ കവിളിലൂടെയും നരച്ച താടിയിലൂടെയും കണ്ണുനീര്‍ത്തുള്ളികളായി ഒഴുകി. ഇടറുന്ന ശബ്ദത്തോടെ അയാള്‍ പറഞ്ഞു.

"ഞങ്ങളുടെ ഗ്രാമത്തിലെ മണ്ണില്‍ വിളഞ്ഞിരുന്നവപോലും സ്വര്‍ണ്ണമായിരുന്നുവത്രെ.  വിയര്‍പ്പുമണികള്‍ വീഴുമ്പോള്‍, സ്വര്‍ണ്ണം കിളിര്‍ക്കുന്ന മണ്ണ്, രത്‌നങ്ങളേക്കാള്‍ വിലമതിക്കുന്ന ഫലങ്ങളും സുഗന്ധദ്രവ്യങ്ങളും പൂക്കുന്ന മരങ്ങള്‍, വെള്ളിത്തിളക്കമുള്ള ശുദ്ധജലത്തിന്റെ കലവറകള്‍, മുത്തു ചിതറുന്ന വെള്ളച്ചാട്ടങ്ങള്‍, ആയിരം പാദസരങ്ങളണിഞ്ഞ പുഴകള്‍,  കറുത്ത പൊന്ന് പൂക്കുന്ന കാടുകള്‍, ഇലകളിലും പൂക്കളിലും പവിഴമണികള്‍ വിരിഞ്ഞിരുന്ന പ്രഭാതങ്ങള്‍, യഥാര്‍ത്ഥ സ്വര്‍ണ്ണവും രത്‌നങ്ങളും നിറച്ചുവെച്ച നിലവറകളായിരുന്നു അതെല്ലാം. എല്ലാം കച്ചവടക്കാര്‍ കൊണ്ടുപോയി. പകരമായി ലഭിച്ചത് വെറും ലോഹവും കല്ലുകളും മാത്രം."

അയാള്‍ വീണ്ടും ആ രത്‌നക്കല്ലെടുത്തു കാണിച്ചു.

"ഇതിന് ഒരു വിലയുമില്ല. ഇത് വെറും കല്ലാണ്. കണ്ണുകളെ കൊതിപ്പിക്കുന്ന തിളക്കമുണ്ടെന്നു മാത്രം."

അപ്പോള്‍ ശങ്കരേട്ടന്‍ ചോദിച്ചു.

"എവിടെനിന്നാ വരുന്നത്.... നിങ്ങളുടെ വീടും നാടും....?"

അപ്പോഴേക്കും അയാള്‍ പുറത്തേക്കിറങ്ങി കഴിഞ്ഞിരുന്നു. അയാള്‍ അകലേക്കു സൂക്ഷിച്ചുനോക്കി. നീലമേഘങ്ങളോടു മുട്ടിയുരുമ്മി നില്‍ക്കുന്ന മലനിരകള്‍. ആരെയോ ഭയപ്പെടുന്നതുപോലെ. പരിഭ്രാന്തനായി ചുറ്റുപാടും നോക്കി. തന്റെ പൂര്‍വ്വികരുടെ ഗ്രാമം വിലക്കുവാങ്ങിയ ആ കച്ചവടക്കാര്‍ അടുത്തെവിടെയെങ്കിലും കാണുമോ ?. അയാള്‍ പേടിച്ചരണ്ടു നിന്നു.അയാളുടെ മുഖഭാവങ്ങളും ചേഷ്ടകളും ശ്രദ്ധിച്ചുകൊണ്ടിരുന്ന വഴിപോക്കര്‍ അവരുടെ തോന്നല്‍ ശരിതന്നെ എന്നുറപ്പിച്ചു.

"പാവം... തലക്കു സുഖമില്ലെന്നു തോന്നുന്നു. വിട്ടേക്കൂ."

വഴിയരുകില്‍ നിന്നവര്‍ മാറിനിന്നു. അയാള്‍ ചുറ്റും നോക്കി. പുഴുക്കളരിക്കുന്ന പച്ചക്കറികളാണ് നല്ലതെന്നും അല്ലാത്തതെല്ലാം വിഷം തെളിച്ചവയാണെന്നും ആരോ പറയുന്നത് കേട്ട് അയാള്‍ ഞെട്ടി. കുടിവെള്ളം പോലും കുപ്പികളിലാക്കി വില്‍പ്പനക്കായി കെട്ടിത്തൂക്കിയിട്ടിരിക്കുന്നു.എല്ലാം വില്‍പ്പനക്ക് വെച്ചിരിക്കുന്നു.  സ്വര്‍ണ്ണം വില്‍പ്പനക്കു വെച്ചിരിക്കുന്നിടങ്ങളില്‍ തിരക്കോടു തിരക്ക്.
എവിടെയും കച്ചവടം തന്നെ. അയാള്‍ ചായക്കടയിലേക്ക് തിരിച്ചുനടന്നു.

കച്ചവടക്കാരന്റെ മനുഷ്യത്വത്തിന് പരിധികളുണ്ട്. പരിമിതികളുണ്ട്.  യാചകന്‍ വീണ്ടും വരുന്നതുകണ്ടപ്പോള്‍ ശങ്കരേട്ടനിലെ കച്ചവടക്കാരന്‍ നിലപാട് വ്യക്തമാക്കി.

"താന്‍ പിന്നെയും വന്നോ. ഇതേയ് സത്രമൊന്നുമല്ല. പോ... പോ...എന്തെങ്കിലും കൊടുത്താല്‍ ഇതാണ് ഗതി. പിന്നെ ആട്ടിവിട്ടാലും പോകില്ല."

അയാള്‍ അത് കേട്ടതായി ഭാവിച്ചില്ല. തൊട്ടടുത്തുചെന്ന് താഴ്ന്ന ശബ്ദത്തില്‍ ശങ്കരേട്ടനോട് മാത്രമായി അയാള്‍ പറഞ്ഞു.

"വേണ്ട. എനിക്കൊന്നും വേണ്ട. കച്ചവടക്കാരനാണെങ്കിലും നിങ്ങളില്‍ അല്‍പ്പം മനുഷ്യത്വം അവശേഷിക്കുന്നുണ്ട്. പക്ഷെ നിങ്ങള്‍ സൂക്ഷിക്കണം. എന്റെ പൂര്‍വ്വികരുടെ ഗ്രാമത്തെ ചതിച്ചവര്‍ ഇവിടെയും വന്നിരിക്കുന്നു. അവരുടെ സ്വര്‍ണ്ണത്തിന് ഇപ്പോള്‍ കടലാസുകെട്ടുകളുടെ രൂപമാണ്. അവര്‍ വിതക്കുന്നത് പ്രലോഭനത്തിന്റെ വിത്തുകളായിരിക്കും. കൊയ്‌തെടുക്കുന്നത് സര്‍വ്വതുമായിരിക്കും. സൂക്ഷിച്ചോ. എന്റെ പൂര്‍വ്വികരുടെ ഗതി നിങ്ങള്‍ക്കും വരാതിരിക്കട്ടെ. സ്വര്‍ണ്ണവും രത്‌നങ്ങളും വാങ്ങിക്കൂട്ടരുത്. അവയ്ക്ക് വിശപ്പോ ദാഹമോ ശമിപ്പിക്കുവാന്‍ കഴിയില്ല.  അന്നമാണ് ദൈവം, പൊന്നല്ല,"

അയാള്‍ വേച്ചു വേച്ച് നടന്നു നീങ്ങി. അയാളുടെ വാക്കുകള്‍ ശങ്കരേട്ടന്റെ ചിന്തകളെ അലസോരപ്പെടുത്തി കൊണ്ടിരുന്നു.

.....................................................................................

ചുവരിലെ ടിവിയില്‍ വാര്‍ത്തകള്‍ പെയ്തുകൊണ്ടേയിരുന്നു.

"..... അപകടത്തില്‍ മരിച്ച യാചകന്റെ ഭാണ്ഡകെട്ടിനുള്ളില്‍ അമൂല്യനിധി. ഭാണ്ഡത്തിനുള്ളില്‍ കാണപ്പെട്ട  രത്‌നങ്ങള്‍ക്ക് 500-ലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ടായിരിക്കുവാന്‍ സാധ്യതയെന്നു പുരാവസ്തു വിദഗ്ധര്‍. പൗരാണികമൂല്യം കണക്കാക്കിയാല്‍, ഭാണ്ഡത്തിനുള്ളില്‍ കാണപ്പെട്ട രത്‌നങ്ങള്‍ക്ക്, ഒരു കോടിയിലധികം രൂപ വിലമതിക്കുമെന്നും പ്രാഥമിക വിലയിരുത്തല്‍...."

വര്‍ത്തകള്‍ തോര്‍ന്നാലും വിദ്വാന്‍മാര്‍ പെയ്തുകൊണ്ടേയിരിക്കും.

"അപ്പോള്‍ അയാളുടെ കൈവശമുണ്ടായിരുന്നത് ഒറിജിനല്‍ തന്നെയായിരുന്നുവല്ലേ ശങ്കരേട്ടാ. എന്നാലും അതിശയം തന്നെ."

"പിച്ചക്കാരന്റെ കൈയ്യിലിരുന്നാല്‍ വ്യാജം. പണക്കാരന്റെ കൈയ്യിലിരുന്നാല്‍ വജ്രം. എന്താല്ലേ...? "

"ഒരു കോടി കൈയ്യിലിരുന്നിട്ടും പിച്ച തെണ്ടി ജീവിക്കേണ്ടി വര്വാന്ന് വെച്ചാ കഷ്ടം തന്നെ."

ശങ്കരേട്ടന്റെ വാക്കുകളില്‍ ആധിയും അമര്‍ഷവും കേള്‍ക്കാം

"കാലം മാറിയാലും കോലം മാറിയാലും മനുഷ്യന്‍ ഒരിക്കലും മാറില്ലെടോ.... എനിക്കു തോന്നുന്നത് അയാളും നമ്മളും തമ്മില്‍ ഒരു വ്യത്യാസവുമില്ലാന്നാ.  നിധി കാക്കുന്ന ഭൂതങ്ങളാണ് നമ്മളും.... ഒക്കെ വിറ്റുതുലച്ച് സ്വര്‍ണ്ണവും കെട്ടിപ്പിടിച്ച്, അന്യന്റെ ഔദാര്യങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നവര്‍ തന്നെയല്ലേ നമ്മളും. വജ്രമോതിരങ്ങള്‍ ഗുണം ചെയ്യും, ഒടുവില്‍ തോല്‍ക്കാന്‍ മനസ്സില്ലെന്നും പറഞ്ഞ് ആത്മാഭിമാനത്തോടെ വിഴുങ്ങിമരിക്കുവാന്‍."

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...