രൂപാന്തരങ്ങള്‍

ഹോസ്‌പിറ്റലിലേക്ക്‌ പോകും വഴി ഉമ്മയുടെ ചോദ്യം റഹീമിനെ ഞെട്ടിച്ചു. രോഗം ബാധിച്ച വൃക്ക മാറ്റിവെച്ചില്ലെങ്കില്‍ ഇക്കയ്‌ക്ക്‌ മരണം സംഭവിക്കാനുള്ള സാഹചര്യം. മാറ്റിവെക്കുവാന്‍ സ്വന്തം വൃക്ക തരാന്‍ സമ്മതമാണെന്നും പറഞ്ഞ്‌ ഒരാള്‍ തയ്യാറായി വരുക. അപ്പോഴാണ്‌ ഉമ്മയുടെ ഞെട്ടിപ്പിക്കുന്ന ചോദ്യം. വൃക്കദാനം ചെയ്യാന്‍ സമ്മതിച്ചിട്ടുള്ളയാള്‍ ഇസ്ലാം തന്നെയല്ലേന്ന്‌. പ്രായമായവരെ പറഞ്ഞുമനസ്സിലാക്കുവാന്‍ പ്രയാസമാണ്‌. അതുകൊണ്ട്‌ അയാള്‍ ഉമ്മയുടെ ചോദ്യത്തിന്‌ "അതെ" എന്ന മറുപടി നല്‍കി. ഉമ്മയെ കുറ്റപ്പെടുത്തുന്നതിലും അര്‍ത്ഥമില്ല. കാരണം വൃക്ക ദാനം ചെയ്യുവാന്‍ തയ്യാറുള്ള ഒരു മനുഷ്യരൂപത്തെ അന്വേഷിച്ച്‌ കണ്ടുപിടിക്കുവാന്‍ അയാള്‍ അനുഭവിച്ച ബുദ്ധിമുട്ടും പ്രയാസവുമൊന്നും, വിഷമിപ്പിക്കേണ്ടയെന്നു കരുതി, അയാള്‍ തന്റെ ഉമ്മയോട്‌ പറഞ്ഞിരുന്നില്ല എന്നതാണ്‌ സത്യം. അല്‍പ്പം ആശ്വാസത്തോടെയും ഒരുപാട്‌ ആകുലതകളോടെയും, ലക്ഷ്വറികാറിന്റെ പതുപതുത്ത പിന്‍സീറ്റിലിരുന്ന്‌ ആ ഉമ്മ തന്റെ കണ്ണുകള്‍ തുടച്ചു. നെടുവീര്‍പ്പിട്ടു. പിന്നിലേക്ക്‌ ഓടിപ്പോകുന്ന നഗരകാഴ്‌ചകള്‍ അവര്‍ കാണുന്നുണ്ടായിരുന്നില്ല, അവരുടെ കണ്ണുകളില്‍ രോഗശയ്യയില്‍ കിടക്കുന്ന മകന്റെ ഓമനത്തമുള്ള മുഖമായിരുന്നു.

**************************************************************

നിരനിരയായി കിടക്കുന്ന രോഗികള്‍ക്കും അവരുടെ അരികെ തളര്‍ന്നിരിക്കുന്ന വേണ്ടപ്പെട്ടവര്‍ക്കും ഇടയിലൂടെ, മരുന്നുമണക്കുന്ന വാര്‍ഡിലൂടെ നടന്ന്‌ ലിഫ്‌റ്റിലേയ്‌ക്ക്‌ കയറുവാനൊരുങ്ങുമ്പോള്‍ വീനീതയെ കാത്തിരുന്നത്‌ തന്റെ സ്‌കൂള്‍ സഹപാഠിയും ഉറ്റ കൂട്ടുകാരിയുമായിരുന്ന മരിയ ഫെര്‍ണാണ്ടസിനെയായിരുന്നു. പഴയ കിലുക്കാംപെട്ടി കൂട്ടുകാരിയെ വെളുത്ത കുപ്പായമിട്ട്‌ തലയില്‍ തൊപ്പിവെച്ച്‌ കണ്ടപ്പോള്‍ വിനീതക്ക്‌ കൗതുകവും സന്തോഷവും കൊണ്ട്‌ വല്ലാതായി. വലിയ കണ്ണുകളില്‍ അത്ഭുതവും വിടര്‍ന്ന ചുണ്ടുകളില്‍ പുഞ്ചിരിയും നിറച്ച്‌ മരിയയും അവളെ വരവേറ്റു.

"ശ്ശോ..എനിക്ക്‌ വയ്യ... ഇനി മരിച്ചാലും വേണ്ടില്ല. നിന്നെ ഇനി കാണാന്‍ കിട്ടുമെന്ന്‌ കരുതിയതല്ല." പിന്നെയും എന്തൊക്കെയോ പറയണമെന്നവള്‍ക്കുണ്ടായിരുന്നു. പക്ഷെ ഒരുപാട്‌ കാര്യങ്ങള്‍ വേഗത്തില്‍ പറയാനുള്ള ശ്രമത്തില്‍ വാക്കുകള്‍ കിട്ടാതെ മരിയ കിതച്ചു. പഴയ സ്‌കൂള്‍ ലീഡറുടെ കവിളില്‍ സ്‌നേഹപൂര്‍വ്വം തലോടി തോളിലൂടെ കയ്യിട്ട്‌ മരിയ പറഞ്ഞു.

"വാ... കുറേ പറയാനുണ്ട്‌`

"വരാം. അതിനു മുന്‍പ്‌ എനിക്ക്‌ ഈ ഭക്ഷണം ഒരാള്‍ക്ക്‌ എത്തിക്കണം."

"നിന്റെ ആരാ ഇവിടെ അഡ്‌മിറ്റായിട്ടുള്ളത്‌ ? എത്രയാ റൂം നമ്പര്‍ ?"

"എന്റെ ബന്ധുവൊന്നുമല്ല, പക്ഷെ വളരെ വേണ്ടപ്പെട്ട ഒരു ചേച്ചി. റൂം നമ്പര്‍ 16, ഹൈടെക്‌ ബ്ലോക്ക്‌."

ഉത്തരം പറഞ്ഞുകഴിഞ്ഞതിനു ശേഷമാണ്‌ വീനീതക്ക്‌ ആ ചോദ്യത്തില്‍ ഒളിഞ്ഞിരുന്ന അപകടം ഓര്‍ത്തത്‌.

"അത്‌... ആ റൂമില്‍.... ആ ചേച്ചി നിന്റെ ആരാ ?." മരിയ സ്വാഭാവികമായ ആകാംക്ഷയോടെ ചോദിച്ചു.

മരിയ ചോദിക്കല്ലേയെന്ന്‌ വിനീത ആഗ്രഹിച്ച അതേ ചോദ്യം. ചോദ്യത്തില്‍ എന്തൊക്കെയോ അറിയാമെന്നുള്ള ഭാവവും. കളിക്കൂട്ടുകാരിയാണെങ്കിലും സംഭവത്തിന്റെ രഹസ്യാത്മക സ്വഭാവം വിനീതയുടെ മനസാന്നിധ്യത്തെ പിടിച്ചുലച്ചുകളഞ്ഞു. ഈ ആശുപത്രിയിലെതന്നെ നഴ്‌സായതുകൊണ്ട്‌ മരിയയോട്‌ കള്ളം പറയുവാനും സാധിക്കാത്ത അവസ്ഥ. അധികസമയം ചിന്തിക്കുന്നത്‌ കൂടുതല്‍ സംശയത്തിനിടയാക്കുമെന്നതിനാല്‍ അവള്‍ തിടുക്കത്തില്‍ കൂട്ടുകാരിയുടെ മുഖത്തേക്കു നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു.

"ഞാന്‍ പറഞ്ഞല്ലോ... അവര്‍ എന്റെ ആരുമല്ല.... നാട്ടിലെ എനിക്കറിയാവുന്ന ഒരു ചേച്ചി. വയറുവേദനയോ മറ്റോ ആണ്‌. കൃത്യമായി എനിക്കറിയില്ല. വേറെയാരും സഹായത്തിനില്ലാത്തതുകൊണ്ട്‌  ഞാന്‍ കൂടെനില്‍ക്കുന്നുവെന്നേയുള്ളൂ." ശ്രീലതചേച്ചിയുടെ അസുഖത്തെപറ്റി കൂടുതല്‍ ചോദ്യങ്ങളൊന്നും മരിയയുടെ ഭാഗത്തുനിന്നും ഉണ്ടാവരുതേയെന്ന്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ വീനീത ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.

"നീ അധികം അഭിനയിച്ചു കഷ്ടപ്പെടേണ്ട... സംഭവം എനിക്കും അറിയാം. ആ സ്‌ത്രീയുടെ പെഴ്‌സണല്‍ ഇന്‍ഫോര്‍മേഷന്‍ ആരോടും ഡിസ്‌ക്ലോസ്‌ ചെയ്യരുതെന്നാ എം.ഡി.യുടെയും ഓര്‍ഡര്‍. എനിക്കു മനസ്സിലാകാത്ത ഒരു വസ്‌തുത, പൈസ വാങ്ങാതെയാണ്‌ അവര്‍ ഇതിന്‌ സമ്മതിച്ചതെന്നാ. എനിക്കറിയാവുന്നിടത്തോളം, കിഡ്‌നി കൊടുക്കാന്‍ സമ്മതം മൂളിവരുന്നവരില്‍ തൊണ്ണൂറ്റി ഒന്‍പത്‌ ശതമാനവും കിഡ്‌നി വില്‍ക്കാനാണ്‌ വരുന്നത്‌, അല്ലാതെ ദാനം ചെയ്യാനൊന്നുമല്ല. അതുപോട്ടെ. ആര്‍ക്കാണ്‌ കിഡ്‌നി ട്രാന്‍സ്‌പ്ലാന്റ്‌ ചെയ്യുന്നതെന്നുപോലും ആ സ്‌ത്രീക്ക്‌ അറിയണമെന്നില്ല. അതു മാത്രമോ, രോഗിയോ അവരുടെ ബന്ധുക്കളോ ആരുംതന്നെ ആ സ്‌ത്രീയെ കാണാനും പരിചയപ്പെടാനും വരാന്‍ പാടില്ലെന്നും ആ സ്‌ത്രീ ഡിമാന്‍ഡ്‌ വെച്ചിരുന്നു. ഇന്നത്തെ കാലത്ത്‌ ഇങ്ങനെയും ആള്‍ക്കാരുണ്ടാവുമോ ? ശ്ശോ... ഞാനൊരു മണ്ടി.... ആ ചേച്ചിയെക്കുറിച്ച്‌ ഞാന്‍ നിനക്ക്‌ പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ അല്ലേ...."

"അയ്യോ.. മരിയേ... അപ്പോ ഇത്‌ ഇവിടെ എല്ലാവര്‍ക്കും അറിയുമോ" വിനീത അസ്വസ്ഥയാകാന്‍ തുടങ്ങി.

"ഏയ്‌..... നീ പേടിക്കേണ്ട.... ഞങ്ങള്‍ രണ്ട്‌ നഴ്‌സുമാര്‍ക്കും പിന്നെ ഡോക്ടര്‍ക്കും എം.ഡിക്കും. അങ്ങനെ കുറച്ചുപേര്‍ക്കു മാത്രമേ ഈ സംഭവം അറിയൂ. പക്ഷെ ഈ എനിക്കുപോലും അവരെക്കുറിച്ചുള്ള പേഴ്‌സണല്‍ ഡീറ്റെയ്‌ല്‍സ്‌, സത്യം പറഞ്ഞാല്‍, അവരുടെ ശരിയായ പേരുപോലും അറിയില്ലാ എന്നുള്ളതാണ്‌ വാസ്‌തവം." മരിയയുടെ വാക്കുകള്‍ വിനീതയുടെ മനസ്സിനെ ഒന്നു തണുപ്പിച്ചു. അവളും മനസ്സുതുറന്നു.

"കുറച്ചുനാളുകള്‍ക്കുമുന്‍പ്‌ ഈ ചേച്ചിയുടെ ഭര്‍ത്താവ്‌ കിഡ്‌നി സംബന്ധമായ എന്തോ രോഗം പിടിപ്പെട്ട്‌ കിടപ്പിലായിരുന്നു. കിഡ്‌നി മാറ്റിവെക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അയാള്‍ രക്ഷപ്പെടുമായിരുന്നെന്ന്‌ ഡോക്ടര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്‌. ഇവര്‍ കിഡ്‌നി നല്‍കുവാന്‍ തയ്യാറായിരുന്നുവെങ്കിലും, ടെസ്റ്റുകളില്‍ ഈ ചേച്ചിയുടെ കിഡ്‌നി അയാള്‍ക്ക്‌ ചേരുന്നതായിരുന്നില്ല. മറ്റൊരു ഡൊണേറ്ററെ കിട്ടിയതുമില്ല. ഭര്‍ത്താവ്‌ മരിച്ച അന്ന്‌ ഈ ചേച്ചി തീരുമാനിച്ചതാണത്രെ ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കില്‍ വൃക്ക ദാനം ചെയ്യുമെന്ന്‌. പത്രപരസ്യം കണ്ടപ്പോള്‍ ശരിക്കും സങ്കടായിത്രെ. ആദ്യം എന്റെടുത്താ വന്നത്‌. പിന്നെ ഫാദര്‍ ഇഗ്നേഷ്യസ്‌ പായമ്മലിനെ, അറിയില്ലേ കിഡ്‌നി ദാനം ചെയ്‌ത അച്ചന്‍, അദ്ദേഹത്തെ ബന്ധപ്പെട്ട്‌ നിയമപരമായ കാര്യങ്ങളൊക്കെ മനസ്സിലാക്കി. ഈ ചേച്ചിയുടെ എഡന്റിറ്റി വെളിപ്പെടുത്തില്ലായെന്ന ഫാദറിന്റേയും ഡോക്ടറുടേയും ഉറപ്പിന്‍മേലാണ്‌ സംഭവം നടന്നിട്ടുള്ളത്‌."

അപ്പോഴേക്കും അവര്‍ ശ്രീലത വിശ്രമിക്കുന്ന മുറിയുടെ വാതില്‍ക്കലെത്തിയിരുന്നു.

"ഞാനാ ചേച്ചിക്ക്‌ ഭക്ഷണം കൊടുത്തിട്ട്‌ ഇപ്പോ വരാം."

മുറിയുടെ പുറത്ത്‌ മരിയ വിനീതയെ കാത്തുനിന്നു. ശ്രീലതയോട്‌ കുശലാന്വേഷണം നടത്തിയും അവര്‍ക്ക്‌ ഭക്ഷണം കൈമാറിയും വിനീത വളരെ പെട്ടന്നുതന്നെ തന്റെ പ്രിയകൂട്ടുകാരിയിലേക്ക്‌ തിരിച്ചുവന്നു.

"വിനീതെ, എന്നാലും അവര്‍ക്ക്‌ കാശ്‌ വാങ്ങാമായിരുന്നു. ഒരു മുസ്ലിംചെക്കനാണ്‌ കിഡ്‌നി കിട്ടിയിട്ടുള്ളത്‌, ഒരുപാട്‌ കാശുള്ള ഗള്‍ഫ്‌കാരാണെന്നാ കേട്ടത്‌. ചുരുങ്ങിയത്‌ ഒരു 25 ലക്ഷമെങ്കിലും കിട്ടിയേനെ." അതു പറയുമ്പോള്‍ മരിയയുടെ മുഖത്ത്‌ കുട്ടിത്തമുള്ള ഒരു പരിഭവം നിറഞ്ഞുനിന്നിരുന്നു. പക്ഷെ മരിയയുടെ വാക്കുകള്‍ വിനീതയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.

"സത്യമാണോ നീ പറയുന്നെ ?" വിനീതയുടെ മുഖഭാവം കണ്ട്‌  ഒന്നു പതറിയെങ്കിലും മരിയ ഉറപ്പിച്ചുതന്നെ പറഞ്ഞു.

"അതേടി... അവര്‌ ബഡാ ടീമാ... ഡോക്‌ടര്‍ക്കും മാനേജ്‌മെന്റിനും ഒക്കെ നല്ല കാശ്‌ കിട്ടിയിട്ടുണ്ടെന്നാണ്‌ കേട്ടത്‌."

"പക്ഷെ, മരിയെ, വൃക്കദാതാവിനെ ആവശ്യമുണ്ട്‌ എന്ന പത്രപരസ്യത്തില്‍, വളരെയധികം സാമ്പത്തികപ്രയാസമുള്ള കുടുംബം, ആറംഗകുടുംബത്തിന്റെ ഏക ആശ്രയം, എന്നൊക്കെയാണല്ലോ വായിച്ചത്‌.' വിശ്വസിക്കുവാന്‍ കഴിയാതെ വിനീത ചോദിച്ചു.

"ഹ..ഹ...ഹാ " മരിയയുടെ ചിരികേട്ട്‌ ഹോസ്‌പിറ്റല്‍ വരാന്തയിലൂടെ നടന്നുപോയിരുന്നവര്‍ തിരിഞ്ഞുനോക്കി. ചിരി അല്‍പ്പം ഉച്ചത്തിലായിപ്പോയി എന്നു തിരിച്ചറിഞ്ഞ മരിയ അടക്കിപിടിച്ചുചിരിച്ചു. എന്നിട്ട്‌ സ്വകാര്യം പറയുന്നതുപോലെ വിനീതയോട്‌ പറഞ്ഞു.

"ഡോക്ടര്‍ പറയുന്നത്‌ കേട്ടതാണ്‌ട്ടോ... ആദ്യം അവര്‍ ഒരു ധനികകുടുംബത്തിലെ വ്യക്തിക്ക്‌ എന്നര്‍ത്ഥം വരുന്ന ഭാഷയാണ്‌ പരസ്യത്തിനായി ഉപയോഗിച്ചതത്രെ. പക്ഷെ തയ്യാറായി വന്നവര്‍ കൂടുതലും ഇടനിലക്കാരായിരുന്നു. തുക പോരെന്ന്‌ പറഞ്ഞ്‌ പേശിയും പിണങ്ങിയും ഒടുവില്‍ അവര്‍ കൊണ്ടുവന്നവരുടെ കിഡ്‌നിയാണെങ്കില്‍ ചേര്‍ന്നതുമില്ല. ട്രാന്‍സ്‌പ്ലാന്റേഷന്‍ അധികം വൈകുവാന്‍ പാടില്ലാത്തിനാല്‍, അവര്‍ വീണ്ടും ഒരു പരസ്യം കൊടുത്തു. പക്ഷെ, അതില്‍ ഉപയോഗിച്ച ഭാഷ. കഷ്ടപ്പാടും ദുരിതവുമായിരുന്നു. ഫോണ്‍ നമ്പറും വേറെയായിരുന്നു. അത്‌ ഡോക്‌ടറുടെ ബുദ്ധിയായിരുന്നുട്ടോ. പക്ഷെ എന്തുതന്നെയായാലും, വൃക്കദാനത്തിന്‌ തയ്യാറായി വരുന്നവര്‍ക്ക്‌ നല്ലൊരു തുക നല്‍കുവാന്‍ അവര്‍ തീരുമാനിച്ചിരുന്നു. അതാണ്‌ ഞാന്‍ പറഞ്ഞത്‌, ആ ചേച്ചിക്ക്‌ പണം വാങ്ങാമായിരുന്നുവെന്ന്‌. ആ ചേച്ചിക്ക്‌ അത്ര വലിയ സാമ്പത്തിക സ്ഥിതിയൊന്നും ഉണ്ട്‌ എന്ന്‌ എനിക്ക്‌ തോന്നിയില്ല. ചിലപ്പോള്‍ എന്റെ തോന്നലാകാം.
"

ഏറെ നാളുകള്‍ക്കുശേഷമുള്ള അവരുടെ കണ്ടുമുട്ടലിന്റെ തുടക്കം മുതല്‍ ശ്രീലതചേച്ചിയായിരുന്നു സംസാരവിഷയം എന്നതിനാല്‍ വിനീതയ്‌ക്കും മരിയയ്‌ക്കും അവരുടെ സ്വന്തം വിശേഷങ്ങള്‍ ഇതുവരെ പങ്കുവെക്കുവാന്‍ സാധിച്ചിരുന്നില്ല. മരിയയ്‌ക്ക്‌ തന്റെ ആതുരപരിപാലന ഉത്തരവാദിത്വങ്ങളിലേക്ക്‌ വേഗം മടങ്ങിപോകേണ്ടതുകൊണ്ടും, പിന്നെ കുറച്ചുനേരം അവര്‍ അവരുടെ സ്‌കൂള്‍, കോളേജ്‌ ഓര്‍മ്മകളും വീട്ടുവിശേഷങ്ങളും പഴയതമാശകളും ഭാവിസ്വപ്‌നങ്ങളും പങ്കുവെച്ചു. തിരിച്ച്‌ ശ്രീലതചേച്ചിയുടെ മുറിയിലേക്ക്‌ മടങ്ങുമ്പോള്‍ വിനീതയ്‌ക്ക്‌ എന്തോ ഒരു വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു. `സുമനസ്സുകളുടെ ശ്രദ്ധക്ക്‌` എന്ന ഒരു വൃക്കദാതാവിനെ തേടിയുള്ള പത്രപരസ്യം കാണിച്ച്‌ ശ്രീലതചേച്ചി അവളോട്‌ പറഞ്ഞ വാക്കുകളായിരുന്നു അവളെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്നത്‌.

"സത്യം പറഞ്ഞാല്‍, വിനീതെ, ഈ പത്രപരസ്യം കാണുന്നതിന്‌ മുന്‍പ്‌ ഞാന്‍ മറ്റൊരു പത്രപരസ്യം കണ്ടിരുന്നു. പക്ഷെ അതില്‌ നല്ല പാരിതോഷികം ലഭിക്കും എന്നൊരു ധ്വനിയുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ കരുതി അവര്‍ക്കെന്തായാലും വേറെയാരെങ്കിലും കിട്ടും. കാരണം പണം ലഭിക്കുമെന്ന്‌ കരുതി ആരെങ്കിലുമൊക്കെ തയ്യാറായിവരുവാനുള്ള സാധ്യതയുണ്ടല്ലോ ?. എന്നാല്‍ ഈ പരസ്യം കണ്ടോ..... ഇതിലെ ആവശ്യക്കാര്‍ പാവങ്ങളാ. പണം കൊടുക്കുവാന്‍ ഇല്ലാത്തതുകൊണ്ട്‌ ഇവര്‍ക്ക്‌ ഒരുപക്ഷെ ആരെയും കിട്ടിയില്ലാന്ന്‌ വരും. അങ്ങനെ വന്നാല്‍ ഒരു ജീവന്‍ നഷ്ടപ്പെടുകയും ആ കുടുംബം കഷ്ടപ്പെടുകയും ചെയ്യും. ഒരു സ്‌ത്രീകൂടി എന്നേപ്പോലെ ഒറ്റപ്പെടാനും കഷ്ടപ്പെടാനും ഇടയാകരുത്‌ എന്നാഗ്രഹമുണ്ട്‌. അതുകൊണ്ടാണ്‌ ഞാന്‍ ഇതിന്‌ തയ്യാറാവുന്നത്‌."

ശ്രീലതചേച്ചിയുടെ നിഷ്‌കളങ്കമായ വാക്കുകള്‍ വീണ്ടും വീണ്ടും വിനീതയുടെ ഓര്‍മ്മകളെ ഉണര്‍ത്തികൊണ്ടിരുന്നു. ഓരോ വ്യക്തിയുടേയും കാഴ്‌ചപ്പാടുകളും സങ്കല്‍പ്പങ്ങളും എത്ര സങ്കീര്‍ണ്ണവും അപ്രതീക്ഷിതവുമാണ്‌ എന്നവള്‍ ചിന്തിച്ചു. പണക്കാരനെന്നാല്‍ കുറേ പണം കൈവശമുള്ള ഒരു ദരിദ്രന്‍ മാത്രമാണെന്ന്‌ എവിടെയോ വായിച്ചതവള്‍ ഓര്‍ത്തു.

ആശുപത്രി വിടുന്നതിന്‌ മുന്‍പ്‌ കൃസ്‌തീയ പുരോഹിതനായ ഫാദര്‍ ഇഗ്നേഷ്യസ്‌ പായമ്മല്‍ ഹിന്ദു ബ്രാഹ്മണസ്‌ത്രീയായ ശ്രീലതയുടെ നിറുകയില്‍ കൈവെച്ച്‌ പ്രാര്‍ത്ഥിച്ച്‌ അനുഗ്രഹിച്ചു. കര്‍ത്താവിന്റെ പേരിലാണ്‌ അദ്ദേഹം പ്രാര്‍ത്ഥിച്ചതെങ്കിലും അവളുടെ മനസ്സില്‍ ശ്രീകൃഷ്‌ണ ഭഗവാന്റെ രൂപമായിരുന്നു. എന്നിട്ടും ആ പുരോഹിതന്റെ കൈവെള്ളയില്‍നിന്നും സുഖകരമായ ഒരു തണുപ്പ്‌ അവളുടെ ഉള്ളിലേക്കു പ്രവേശിക്കുന്നതുപോലെ ശ്രീലതക്ക്‌ അനുഭവപ്പെട്ടു.


**************************************************************

മണ്ണിട്ട്‌ നികത്തികൊണ്ടിരിക്കുന്ന പാടത്തിന്റെ അരികിലൂടെ ശ്രീലത വീട്ടിലേക്ക്‌ നടന്നു. വഴിയരുകില്‍ കൂടിനിന്നിരുന്നവരില്‍ ഒരാള്‍ കൂടെയുള്ളവരോടായി അടക്കം പറഞ്ഞു.

"ഈ സ്‌ത്രീയുടെ ഭര്‍ത്താവ്‌ കിഡ്‌നിരോഗം മൂലമാ
ണ്‌ മരിച്ചത്‌. കിഡ്‌നി മാറ്റിവെച്ചാല്‍ രക്ഷപ്പടുംന്ന്‌ ഡോക്ടറ്‌ പറഞ്ഞിരുന്നൂത്രെ.... ഈ സ്‌ത്രീ കൊടുക്കാന്നും സമ്മതിച്ചതാ.... പക്ഷേ ടെസ്റ്റ്‌ നടത്തിയ ഡോക്ടറ്‌ പറഞ്ഞത്‌ ചേരില്ലാന്ന്‌... കഷ്ടംതന്നെ." 

"അതെങ്ങിന്യാടോ ചേര്വാ.... ബ്രാഹ്മണവൃക്ക പറയന്‌ ചേര്വോ ?" മൂന്നാമതൊരുവന്റെ ഫലിതം കേട്ട്‌ അവര്‍ എല്ലാവരും കുലുങ്ങിചിരിച്ചു. രണ്ടുകാലില്‍ എഴുന്നേറ്റുനിന്നു വികൃതമായി ചിരിക്കുന്ന കഴുതകളെപോലെ. 

.

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...