ആദ്യംതന്നെ കാട്‌ കയറി ചിന്തിക്കരുത്‌...

ഒരു അന്വേഷണത്തിന്റെ ഭാഗമായി പ്രശസ്‌ത കുറ്റാന്വേഷകനും ബുദ്ധിരാക്ഷസനുമായ ഷെര്‍ലക്‌ ഹോംസും അദ്ദേഹത്തിന്റെ സുഹൃത്തായ ഡോക്ടര്‍ വാട്ട്‌സണും കൂടി മരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. മരുഭൂമിയില്‍ ഒരു ദിവസം ചിലവഴിക്കേണ്ടതുണ്ടായിരുന്നതിനാല്‍ അവര്‍ അത്താഴവും കഴിച്ച്‌ ഉറങ്ങാന്‍ കിടന്നു. അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ ഉറക്കമുണര്‍ന്ന ഷെര്‍ലക്‌ ഹോംസ്‌ തന്റെ സുഹൃത്തിനെ തൊട്ടുവിളിച്ചുകൊണ്ടു പറഞ്ഞു.

"ഡോക്ടര്‍ വാട്ട്‌സണ്‍ എഴുന്നേല്‍ക്കൂ, എനിക്കിപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്‌."

"ഈ പാതിരക്കാണോ കേസ്‌ അന്വേഷണവും മറ്റും. പ്ലീസ്‌ എന്നെ ഉറങ്ങാന്‍ അനുവദിക്കു."

" ഡോക്ടര്‍ വാട്ട്‌സണ്‍. ഇത്‌ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. കണ്ണുതുറന്നു്‌ മുകളിലോട്ട്‌ നോക്കൂ."

നല്ല ഉറക്കത്തിലായിരുന്ന വാട്ട്‌സണ്‌ ഉറക്കം കളഞ്ഞതിലുുള്ള അതൃപ്‌തി പ്രകടിപ്പിച്ചുകൊണ്ട്‌ പറഞ്ഞു.

"ഓഹോ....... എന്താണ്‌ കാര്യം."

"മുകളിലേക്കു നോക്കൂ. എന്താണ്‌ നിങ്ങള്‍ കാണുന്നത്‌ ?" ഹോംസ്‌ വാട്‌സണോടു ചോദിച്ചു.

"എനിക്ക്‌ കാണാനാകുന്നത്‌ നല്ല തെളിഞ്ഞ ആകാശമാണ്‌ ?" വാട്‌സണ്‍ മറുപടി നല്‍കി.

"എന്താണ്‌ അതിന്റെ അര്‍ത്ഥം ? അതില്‍ നിന്നും നിങ്ങള്‍ക്ക്‌ എന്താണ്‌ മനസ്സിലാകുന്നത്‌ ?" ഹോംസ്‌ വീണ്ടും ചോദിച്ചു.

കണ്ണുകള്‍ തിരുമ്മി കുറച്ചുനേരം മുകളിലേക്കുനോക്കികൊണ്ട്‌, ആകാശത്തിലെ നക്ഷത്രങ്ങള്‍ ശ്രദ്ധയോടെ വീക്ഷിച്ചുകൊണ്ട്‌ ഡോക്ടര്‍ വാട്‌സണ്‍ തന്റെ നിഗമനങ്ങള്‍ പങ്കുവെക്കാന്‍ തുടങ്ങി...

"ബഹിരാകാശ ശാസ്‌ത്രപരമായി ചിന്തിക്കുമ്പോള്‍ ലക്ഷകണക്കിന്‌ നക്ഷത്രങ്ങളും അനേകം ഗ്രഹങ്ങളും ഉള്ള ആകാശഗംഗയുടെ ഒരു ചെറിയ തലം മാത്രമാണ്‌ നമ്മള്‍ കാണുന്നത്‌...... ജ്യോതിശാസ്‌ത്രപരമായി ചിന്തിച്ചാല്‍ ശനി ഇപ്പോള്‍ ചിങ്ങരാശിയിലാണ്‌........ കാലാവസ്ഥാശാസ്‌ത്രപ്രകാരം ഇരുണ്ട മേഘങ്ങളില്ലാത്തതിനാല്‍ മഴക്കും കാറ്റിനും സാധ്യത കാണുന്നില്ല....... കാലഗണനസമയക്രമപ്രകാരം അടുത്ത സൂര്യോദയത്തിന്‌ ഇനി മണിക്കൂറുകള്‍ മാത്രം...... താത്വികമായി പറയുകയാണെങ്കില്‍ ദൈവം മഹാനാണ്‌. അദ്ദേഹത്തിന്റെ മുന്‍പില്‍ നമ്മള്‍ എത്രയോ നിസാരന്മാര്‍....... ജ്യോതിഷപരമായി മനസ്സിലാക്കുവാന്‍ കഴിയുന്നത്‌ നാളെ നമുക്ക്‌ ഒരു നല്ല ദിവസമായിരിക്കും....."

പറഞ്ഞുനിര്‍ത്തിയ ഡോക്ടര്‍ വാട്‌സണ്‍, എങ്ങിനെയുണ്ട്‌ എന്റെ കണ്ടത്തലുകള്‍ എന്നര്‍ത്ഥത്തില്‍ ഷെര്‍ലക്‌ ഹോംസിനെ ഗൗരവത്തോടെ നോക്കി. വാട്ട്‌സന്റെ വിശദികരണങ്ങള്‍ കേള്‍ക്കുമ്പോഴും ഹോംസ്‌ അപ്പോഴും മുകളിലോട്ട്‌ നോക്കികിടക്കുകയായിരുന്നു.

"ഡോക്ടര്‍ വാട്‌സണ്‍, വിഡ്‌ഢിത്തങ്ങള്‍ പറയാതിരിക്കൂ. ഉണരൂ. നമ്മുടെ ടെന്റ്‌ ആരോ മോഷ്ടിച്ചിരിക്കുന്നു. ടെന്റിനുള്ളില്‍ കിടന്നുറങ്ങിയിരുന്ന നിങ്ങള്‍ക്ക്‌ കണ്ണുതുറന്ന്‌ മുകളിലോട്ട്‌ നോക്കിയപ്പോള്‍ എങ്ങനെ ആകാശവും അതിലെ നക്ഷത്രങ്ങളും കാണാന്‍ കഴിയുന്നുവെന്നു ചിന്തിക്കൂ.

*****************************************************************************

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഫലിത കഥകള്‍ എനിക്ക്‌ ഒരുപാടിഷ്ടമാണ്‌. ഞാന്‍ കേട്ടിട്ടുള്ള, വായിച്ചിട്ടുള്ള അത്തരം കഥകള്‍ എന്റെ ശൈലിയില്‍ പരിഭാഷപ്പെടുത്തി ഇവിടെ പങ്കുവെക്കുന്നു. 

3 അഭിപ്രായങ്ങൾ: