****************************************
ഒന്നും മറ്റൊന്നും
കിനാവുകണ്ടതെന്നെ മാത്രം മറ്റാരോ,
നിനച്ചെതെന്നെ മാത്രം വേറെയാരോ;
കണ്ണാടി മുന്‍പില്‍ ഞാനെന്നിരിക്കലും,
കാണുവതെന്തേ ഞാന്‍ മറ്റാരെയോ;
ചേര്‍ത്തണക്കും കൈകള്‍ വേറെയേതോ,
എനിക്കായ് കൂപ്പും കൈകള്‍ മറ്റേതോ;
കാത്തിരുന്നതോ എന്നെ വേറെയാരോ,
എന്നെമാത്രം തേടിയതോ മറ്റാരോ;
വിശ്വാസത്തിനും അവിശ്വാസത്തിനും
ഇടയില്‍ ജീവിക്കുന്നെവിടെയോ
അരികിലാണു ഞാന്‍ മറ്റാരുടേയോ,
അടുത്തറിഞ്ഞതോ എന്നെ വേറെയാരോ;
വെളിച്ചമൊന്നുതന്നെ നമുക്കിടയില്‍,
വ്യക്തമാവുന്നില്ലല്ലോ എനിക്കിപ്പോഴും,
തെല്ലരികെ വന്നാലും തിരിച്ചറിയുവാന്‍മാത്രം
അതു നീ തന്നെയോ അതോ വേറെയാരോ
യാത്രയിലെവിടെയോ തിരിച്ചറിഞ്ഞുവോ
ആ വഴി തന്നെ തെറ്റായിരുന്നുവെന്ന്,
തിരികെ വരും നേരം, കരുതിവെക്കരുത്,
വാക്കുകള്‍, നോവുമൊരു നോട്ടം മാത്രം
നീയറിഞ്ഞില്ല നിന്റെ ശത്രുക്കളെയും
ഞാനറിഞ്ഞില്ലെന്‍ മിത്രങ്ങളെയും.
വേറെയായിരുന്നു നിന്റെ സങ്കല്‍പ്പങ്ങളും,
യാഥാര്‍ത്ഥ്യമെന്റെയോ മറ്റൊന്നും.
വാദിച്ചവരും അവര്‍തന്നെ, എനിക്കായ്
വിധി കല്‍പ്പിച്ചതും അവര്‍തന്നെയെങ്കിലും.
തെറ്റുകള്‍ എന്റെ വേറെയേതോ
ശിക്ഷിക്കപ്പെട്ടതോ ഞാന്‍ മറ്റൊന്നിനും.
ഉണര്‍ന്നിരിക്കാം ഈ രാത്രി മുഴുവനും
തൊഴുകൈ പ്രാര്‍ത്ഥനകളോടെ,
വെട്ടം കാണുമോ പുലരിയിലെങ്കിലും,
ഇല്ലെങ്കിലാ ദൈവവും വേറെയാരോ.