ഡെസിബെല്‍

ഉള്ളംകൈകൊണ്ട്
മരപ്പലകയിലടിച്ചപ്പോള്‍
ഒരു ശബ്ദമുണ്ടായി.
(ഒരു വൃക്ഷം കരയുന്ന ശബ്ദം.?)

ഉള്ളംകൈകൊണ്ട്
കാലിപാട്ടയിലടിച്ചപ്പോള്‍
ഒരു ശബ്ദമുണ്ടായി;
(ഒരു ലോഹം കരയുന്ന ശബ്ദം.?)

ഉള്ളംകൈകൊണ്ട്
ഉണക്ക തുകലിലടിച്ചപ്പോള്‍
ഒരു ശബ്ദമുണ്ടായി;
(ഒരു മൃഗം കരയുന്ന ശബ്ദം?)

ഉള്ളംകയ്യില്‍ പിടിച്ച
ചാട്ടവാറിനടിച്ചപ്പോള്‍
ഒരു ശബ്ദമുണ്ടായി;
(ഒരടിമ കരയുന്ന ശബ്ദം.?)

പക്ഷെ..
ഉള്ളംകൈകൊണ്ട്
ഒറ്റപ്പെട്ടുപോയ ഒരുവളുടെ ...
ചുണ്ടുകളിലടിച്ചപ്പോള്‍...

മുലകളിലടിച്ചപ്പോള്‍...
തുടകളിലടിച്ചപ്പോള്‍...
നിതംബത്തിലടിച്ചപ്പോള്‍...
യോനിയിലടിച്ചപ്പോള്‍...

അപ്പോള്‍ മാത്രം...?
എന്താണെന്നറിയില്ല...?
ഒട്ടും ശബ്ദമുണ്ടാകുന്നില്ല...?
ആരും ഒന്നും കേള്‍ക്കുന്നുമില്ല...?

നേരിയൊരു ഞരക്കംപോലും...!!
ഒരുപക്ഷെ, ശരിയായിരിക്കാം...!!!
രണ്ടുകൈകളും ചേര്‍ത്തടിക്കാതെ;
എങ്ങിനെയാണ് ഒരു ശബ്ദമുണ്ടാകുക...?

അന്ധവിശ്വാസങ്ങളുടെ
തരംഗദൈര്‍ഘ്യങ്ങള്‍ക്കിടയില്‍,
ഡെസിബെല്‍ നഷ്ടപ്പെടുന്ന
ഇരകളുടെ നിലവിളികള്‍.


വാല്‍കഷ്ണം.
ബലാത്സംഗത്തിനിരയായ സ്ത്രീ എതിര്‍ത്തതുകൊണ്ടാണ് അവളെ കൊന്നതെന്ന് പ്രതിയുടെ വിശദീകരണം. ഡല്‍ഹി ബലാത്സംഗകേസില്‍ പ്രതിയായ മുകേഷ് സിംഗുമായി ബി.ബി.സിയുടെ മാധ്യമ പ്രവര്‍ത്തക ലെസ്ലി ഉഡ്‌വിിന്‍ നടത്തിയ അഭിമുഖത്തിലാണ് പ്രതി ഇങ്ങനെ പ്രതികരിച്ചത്. മാത്രവുമല്ല, രാത്രി ഒമ്പതു മണിക്കു ശേഷം പുറത്തിറങ്ങുന്ന സ്ത്രീകള്‍ മാന്യരല്ലെന്നും അങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ പുരുഷന്‍മാരെ പ്രലോഭിപ്പിക്കുകയാണെന്നും അതിനാല്‍ ബലാത്സംഗങ്ങള്‍ക്ക് ഉത്തരവാദികള്‍ സ്ത്രീകള്‍ തന്നെയാണെന്നുമാണ് പ്രതിയുടെ ഭാഗം. മുകേഷ് സിംഗിന്റെ വാക്കുകളില്‍ ആ വാദത്തിന്, പറഞ്ഞുപഴകിയ ഒരു പഴഞ്ചൊല്ലിന്റെ പിന്‍ബലവും നല്‍കുന്നുണ്ട്. "ഒരു കൈ മാത്രമടിച്ചാല്‍ ശബ്ദമുണ്ടാകില്ലത്രെ. രണ്ടു കൈകളും കൂട്ടിയടിച്ചാല്‍ മാത്രമേ ശബ്ദമുണ്ടാകൂ"വെന്ന്. ഇത് മുകേഷ് സിംഗിന്റെ മാത്രം വാദഗതിയല്ല. ഈ സമൂഹത്തിലെ വലിയൊരു വിഭാഗവും ഈ ചിന്താഗതി പുലര്‍ത്തുന്നവരാണന്നതാണ് ഏറെ ഖേദകരം.

60 അഭിപ്രായങ്ങൾ:

 1. മറുപടികൾ
  1. പ്രിയ സുധീ.. രണ്ടു കൈയ്യും കൂട്ടിയടിച്ചാല്‍ മാത്രമേ ശബ്ദം കേള്‍ക്കൂ എന്നത് ഒരു തെറ്റായ പ്രയോഗമാണ്. ഒരു കയ്യടിച്ചാലും ശബ്ദം കേള്‍ക്കും സുധീ... അതിന്റെ തരംഗദൈര്‍ഘ്യം ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന ഹൃദയങ്ങളുള്ളവര്‍ക്ക് മാത്രം... വായനയ്ക്ക് നന്ദീട്ടോ..

   ഇല്ലാതാക്കൂ
 2. സമൂഹത്തിലെ വലിയൊരു വിഭാഗം ഈ ചിന്താഗതി പുലര്‍ത്തുന്നുവെന്ന് മാത്രമല്ല, അതാണ് ശരിയെന്ന് അക്രമാസക്തരാവുകയും ചെയ്യുന്നു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സത്യം അജിത്തേട്ടാ... പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തിനെയും ന്യായീകരിക്കാം എന്നതാണ് അവസ്ഥ.

   ഇല്ലാതാക്കൂ
 3. ശീലങ്ങള്‍ ഉപേക്ഷിക്കാനൊ അനുഭവിക്കുന്ന അധികാരങ്ങള്‍ നഷ്ടപ്പെടുത്താനോ ഉള്ള ഭയമാണ് 'ഞാന്‍' എന്ന മനുഷ്യന്റെ വലിയ വേവലാതി എന്ന് തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എങ്കിലും സ്വന്തം ഭാഗം ന്യായീകരിക്കുന്നതിലും ഒരു നിലവാരമില്ലേ റാംജി സാര്‍.. ? വായനയ്ക്ക് നന്ദീട്ടോ...

   ഇല്ലാതാക്കൂ
 4. കഷ്ടം തന്നെ അല്ലേ, അജിത്തേട്ടന്‍ പറഞ്ഞത് നേരു തന്നെ. അങ്ങനെ വാദിയ്ക്കുന്ന എത്രയോ പേരുണ്ട്...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ ശ്രീ... മിതവാദികളെല്ലാം ഇപ്പോള്‍ തീവ്രവാദത്തിലേയ്ക്കു ചുവടുമാറുകയാണ്...

   ഇല്ലാതാക്കൂ
 5. മറുപടികൾ
  1. അരീക്കോടന്‍ സാര്‍... പെരുത്ത് നന്ദീട്ടോ ഈ പുഞ്ചിരിക്ക്.

   ഇല്ലാതാക്കൂ
 6. അവസാനത്തെ രണ്ടു വരികൾ സന്ദർഭത്തിന് യോജിച്ചതായി തോന്നിയില്ല. അവളുടെ സമ്മതം ഉണ്ടെന്ന് കവി തന്നെ പറയുന്നതായാണ് അതിലൂടെ ധ്വനിക്കുന്നത്‌.

  വൃക്ഷത്തിന്റെയും, മൃഗത്തിന്റെയും, ലോഹത്തിന്റെയും,അടിമയുടെയും ഒക്കെ കരയുന്ന ശബ്ദം കേൾക്കുന്നത് അടിക്കുന്നവനല്ല. അനുകമ്പയും സ്നേഹവും ഉള്ളവരാണ്. അവർ പെണ്ണിന്റെ കരച്ചിൽ കേട്ടില്ല എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നതായിരുന്നു ഭംഗി. നേരിയ ഒരു ഞരക്കം പോലും ..... ആരും കേട്ടില്ല .. എന്ന്.

  ഇന്നത്തെ സമൂഹത്തിനെയാണ് സുധീർ ദാസ്‌ വരച്ചു കാട്ടിയത്. പുരുഷ മേൽക്കോയ്മയുള്ള സമൂഹം. സ്ത്രീ ഭോഗ വസ്തു മാത്രം ആണെന്ന് കരുതുന്ന സമൂഹം. ഇതൊന്നും മനസ്സിലാക്കാതെ സിനിമയിലും ബ്യുട്ടി കണ്ടെസ്റ്റ് ലും മറ്റും അതിനൊത്ത് തുള്ളുന്ന സ്ത്രീകളും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ബിപിന്‍ ഭായ്... അങ്ങനെയും തോന്നുവാനിടയുണ്ടല്ലേ... ഒരു കൈ വിചാരിച്ചാലും ശബ്ദമുണ്ടാക്കുവാന്‍ കഴിയുമെന്നാണ് സമര്‍ത്ഥിക്കുവാന്‍ ശ്രമിച്ചത്. ഒടുവിലും ഒരു കൈ മാത്രമാണ് പ്രവര്‍ത്തിച്ചത്. പക്ഷെ അവിടെ മാത്രം ശബ്ദമുണ്ടായില്ല എന്നു പറഞ്ഞത് വ്യംഗ്യാര്‍ത്ഥത്തിലാണ്. യഥാര്‍ത്ഥത്തില്‍ അവിടെയും ശബ്ദമുണ്ടായി. പക്ഷെ അതാരും കേട്ടില്ല എന്നുമാത്രം. കാരണം ഒരു കൈ മാത്രമടിച്ചാല്‍ ശബ്ദമുണ്ടാകില്ല എന്നല്ലേ പൊതുവേയുള്ള വിശ്വാസം, ഇനി അഥവാ ആരെങ്കിലും എന്തെങ്കിലും ശബ്ദം കേട്ടിട്ടുണ്ടെങ്കില്‍ അതിന് ഞാന്‍ മാത്രമല്ല ഉത്തരവാദി എന്നാണല്ലോ അയാളുടെ വാദം.

   ഇല്ലാതാക്കൂ
 7. ഡിലീറ്റ്‌ ആയ ഒരു പോസ്റ്റ്‌ തിരിച്ചെടുക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ??

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സുധീ.. ക്ഷമിക്കണം... സാങ്കേതിക വശങ്ങളെകുറിച്ച് അറിവ് കുറവാണ്.

   ഇല്ലാതാക്കൂ
 8. പ്രബലവിഭാഗങ്ങളുടെ ഇച്ഛക്കനുസരിച്ച് ചലിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ സ്ത്രീയുടെ വിലാപം മാത്രമല്ല, നിസ്സഹായമായ പുരുഷവിലാപവും ശ്രദ്ധിക്കപ്പെടാതെപോവുന്നു...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതും ശരിയാണ് മാഷെ.. അങ്ങനെയൊരു വശവും ഉണ്ട്.

   ഇല്ലാതാക്കൂ
 9. നല്ല ചിന്ത സുധീ ......!ആശംസകള്‍ -ഇരകളുടെടെ 'വനരോദനം' കേട്ടു കൊണ്ട് ..!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരു കയ്യടിച്ചാലും ശബ്ദം കേള്‍ക്കുവാന്‍ കഴിയുമല്ലേ മാഷെ.
   മാഷിന്റെ മനസ്സില്‍ മനുഷ്യത്വം ഉണ്ടെന്നര്‍ത്ഥം. വളരെ സന്തോഷം. നന്ദി.

   ഇല്ലാതാക്കൂ
 10. കവിത നന്നായി.പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ സ്ത്രീക്ക്,അവളുടെ രോദനങ്ങള്‍ക്ക് എന്തു വില?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതാണ് വേട്ടത്താന്‍ ജി. ആശയം പിടികിട്ടിയെന്നറിയുന്നതില്‍ വളരെ സന്തോഷം. നന്ദി.

   ഇല്ലാതാക്കൂ
 11. കവിതയോടൊപ്പം ചേര്‍ത്ത പിന്‍കുറിപ്പില്ലായിരുന്നെങ്കില്‍ ഈ കവിത തികച്ചും സ്ത്രീ വിരുദ്ധമായേനെ. ഈ കവിതയിലൂടെ കവി എന്താണോ പറയുവാനുദ്ദേശിച്ചത് അത് അവസാനത്തെ രണ്ടുവരികളിലൂടെ കളഞ്ഞ്കുളിച്ചു...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അനുരാജ് ഭായ്... താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. ഒരു തിരുത്തലിലൂടെ തെറ്റിദ്ധാരണ ഒഴിവാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.

   ഇല്ലാതാക്കൂ
 12. ഒരു നാഗരികത നാഗരികതയായിത്തീരുന്നതും ഒരു സംസ്കാരം സംസ്കാരമാവുന്നതും അവിടെ സ്ത്രീ ആദരിക്കപ്പെടുമ്പോഴാണ്.
  സംസ്കാരത്തെ അളന്നുനോക്കാനുള്ള ഏറ്റവും വലിയ മാനദണ്ഡം പെണ്ണിന്റെ സ്ഥാനമാനെന്നു സാരം..
  സ്ത്രീയെ ബഹുമാനിക്കുന്ന, പരികനിക്കുന്ന ഒരു പുരുഷ സമൂഹവും,
  വിജ്ഞാനം കൊണ്ടും വിവേകം കൊണ്ടും വിശുദ്ധി കൊണ്ടും വിസ്മയം തീര്ക്കുന്ന ഒരു സ്ത്രീ സമൂഹവും ഉയര്ക്ക് വരട്ടെ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മുഹമ്മദ് റയീസ് ഭായ്... നല്ല ചിന്തകള്‍... വായനയ്ക്കും കമന്റിനും നന്ദീട്ടോ.

   ഇല്ലാതാക്കൂ
 13. സ്ത്രീയില്ലാതെ നമ്മളില്ല. എന്നിട്ടും നാമെന്തേ ഇങ്ങനെ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അത് ഒരു ചോദ്യമാണ് ജോസ്ലെറ്റ് ഭായ്... നീതിപീഠങ്ങളും സമൂഹവും പ്രതികളോട് കാണിക്കുന്ന ദയയും മമതയും ഇത്തരം തെറ്റുകളെ നിസ്സാരവത്കരിക്കുന്നുണ്ടെന്നുവേണം കരുതുവാന്‍. വായനയ്ക്കും കമന്റിനും ഒത്തിരി നന്ദിയുണ്ട് കേട്ടോ.

   ഇല്ലാതാക്കൂ
 14. ഉല്‍പ്പത്തിയുടെ കാലം മുതല്‍ക്കുള്ള
  സ്ത്രീലിംഗ അധമ ഭാവം , മനുഷ്യ വികാസ
  പരിണാമ പ്രക്രിയയുടെ കാലം മുതൽ പുരുഷന്റെ
  ഉളം കൈയ്യടികൾ മാത്രം കേട്ടു, അവന്റെ വിജയത്തിന്
  ഉപകരണ വല്ക്കരിക്കപ്പെട്ട സ്ത്രീത്വത്തിന്റെ മേൽ പതിയുന്ന
  ആ ഉളം കൈ ശബ്ദങ്ങൾ ഡെസിബെലുകളായി ഒതുങ്ങി..

  ഇതിഹാസങ്ങളിൽ ഭാരതം മാതൃകയാക്കി മുന്നോട്ടു വയ്ക്കുന്ന
  സ്ത്രീ രത്നങ്ങളായ മണ്ഡോദരി, സീത, ഊര്‍മ്മിള ഗാന്ധാരി, കുന്തി,
  പാഞ്ചാലി തുടങ്ങി ആരെ എടുത്തു നോക്കിയാലും ,അവരുടെ ശരീരങ്ങളിൽ പതിഞ്ഞ ഇത്തരം ശബ്ദങ്ങളൊക്കെ ഇതിനുദാഹരണമാണ്..

  പുരാണങ്ങളും ഇതിഹാസങ്ങളും വിട്ടു ചരിത്രത്തിലേക്ക്
  വന്നാലും കഥ വ്യത്യസ്തമാകുന്നില്ല, എന്തിന് ഇന്നത്തെ
  മലാലയും, തശ്ലിമ നസ്രിനും, സിസ്റ്റർ അഭയയും , ജെസ്മിയുമടക്കം പീഡനിത്തിനിരയായവരുടെ ശബ്ദങ്ങളെല്ലം ഡെസിബെൽ വിട്ട് പുറത്ത്
  ചെറിയ ഒരു കമ്പന മുണ്ടാക്കി എന്നെല്ലാതെ എന്തുണ്ടായി
  അന്ന് ജ്യോതിയിൽ ആൺകോയ്മയുടെ കൈയ്യുകൾ പതിപ്പിച്ച
  ഡെസിബെലുകൾ തിരിച്ചറിയുവാൻ ബിബിസിയും ഒരു ലെസ്ലി ഉഡ്വിനും
  വേണ്ടി വന്നു എന്ന് മാത്രം ..!

  ഡെസിബെൽ നാദങ്ങൾ മാത്രമായി ഒതുങ്ങുന്ന
  ഇത്തരം പീഡന ശബ്ദങ്ങൾ ആര് കേൾക്കുന്നു ..അല്ലേ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മുരളീ ചേട്ടാ... കമന്റ് ഒരുപാട് തലങ്ങളിലൂടെ കടന്നുപോകുന്നു. ഏറെ ചിന്തിപ്പിക്കുന്നതും. സന്തോഷം... നന്ദി.

   ഇല്ലാതാക്കൂ
 15. ഈ ശബ്ദങ്ങള്‍ ആണുങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത വിധത്തിലാണത്രേ അവനെ നിര്‍മിച്ചിരിക്കുന്നത്..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അങ്ങനെയും ഒരു വാദമുണ്ടോ... ശ്രീജിത്ത് ഭായ്.... വരവറിയിച്ചതില്‍ നന്ദീട്ടോ.

   ഇല്ലാതാക്കൂ
 16. ഭായ് വായിച്ചു , ഇതിനെതിരെ ഞാൻ fb യിൽ പോസ്റ്റ്‌ ചെയുത വാക്കുകളും ചുവടെ കൊടുക്കുന്നു ,

  "രാത്രിയിൽ സുഹൃത്തിനോടൊപ്പം പുറത്തിറങ്ങിയതിനു പാഠം പഠിപ്പിച്ചതാണെന്ന് ഡൽഹി കൂട്ട മാനഭംഗ കേസ്സിലെ പ്രതിയുടെ പ്രതികരണം, അല്ലാതെ ഞരമ്പ്‌ രോഗം കൊണ്ട് കാമഭ്രാന്ത്‌ തീർത്തതല്ലത്ര, അവരുടെ ഇഗ്ഗിതത്തിനു അവൾ വഴങ്ങി കൊടുത്തിരുന്നെങ്കിലവളുടെ ജീവൻ നഷ്ട്ടപ്പെടില്ലായിരുന്നെന്നും . കുറ്റം മുഴുവൻ ചാരിത്ര്യം സംരക്ഷിക്കാൻ ശ്രമിച്ച പെണ്ണിനു. " ഒരു സംശയം ഈ പര മോനും കെടന്നുകാണില്ലേ 10 മാസം ഒരു പെണ്ണിന്റെ വയറ്റിൽ???" ."

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മനുഷ്യന് ഇത്രയും അധഃപതിക്കുവാന്‍ കഴിയുമോ എന്നാണ് ഇപ്പോഴും എന്റെ സംശയം. പ്രതികരണത്തിന് വളരെ നന്ദി മയ്യനാട് മാനവന്‍ ഭായ്.

   ഇല്ലാതാക്കൂ
 17. കഴുത്തു കണ്ടിച്ച ഒരു കോഴിയുടെ വയറ്റിൽ നിന്നും കുടൽ വലിച്ച്‌ പുറത്തെടുക്കുന്നതു പോലെ ആ പാവം പെണ്ണിന്റെ കുടൽമാലകൾ വലിച്ച്‌ പുറത്തിട്ട ഒരു പ്രതി ശിക്ഷാകാലാവധി കഴിഞ്ഞ്‌ പുറത്തിറങ്ങാറായി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ക്രൂരം... ഭയാനകം... സുധി ഭായ്... അയാള്‍ക്ക് കനത്ത ശിക്ഷ തന്നെ ലഭിക്കട്ടെ എന്ന് പ്രത്യാശിക്കാം.

   ഇല്ലാതാക്കൂ
 18. നൊമ്പരപ്പെടുത്തുന്ന വരികള്‍
  നന്നായി രചന
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി തങ്കപ്പന്‍ സാര്‍.

   ഇല്ലാതാക്കൂ
 19. അങ്ങനെയൊരു അഭിമുഖം പ്രക്ഷേപണം ചെയ്തത് കൊണ്ട് ആ ദുഷ്ടന്റെ കാടത്തരം ലോകത്തിന് കാണുവാൻ സാധിച്ചു... ഇവനൊന്നും ഈ സമൂഹത്തിൽ ജീവിക്കാനുള്ള യാതൊരു അർഹതയുമില്ല...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ജയിലുകള്‍ക്ക് മൃഗങ്ങളെ മനുഷ്യരാക്കി മാറ്റിയെടുക്കുവാന്‍ കഴിയുന്ന കാലം വരണം. അല്ലെങ്കില്‍ പിന്നെ തടവിലിടുന്നതിന്റെ അടിസ്ഥാനമെന്താണ്. വരവറിയിച്ചതില്‍ നന്ദി വിനുവേട്ടാ.

   ഇല്ലാതാക്കൂ
 20. ചിലപ്പോഴെക്കെ നാം സ്വയം തലകുനിക്കേണ്ടി വരുന്നു :(

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ് ഫൈസല്‍ ഭായ്.... വായിക്കുവാനും കമന്റിടുവാനും സമയം കണ്ടെത്തിയതില്‍ വളരെ നന്ദീട്ടോ.

   ഇല്ലാതാക്കൂ
 21. മനുഷ്യൻ മൃഗമാവുമ്പോള്‍.....കാമപൂര്‍ത്തികരണത്തിനു പുതിയ ന്യായവാദങ്ങളുയരും ....കാലഹരണപ്പെട്ട പഴയ തലമുറയിലെ നിയമങ്ങള്‍....പുതിയ വാദമുഖങ്ങളുയര്‍ത്തും....ഭരണഘടനയോട് ബഹുമാനമുണ്ട് ....എങ്കിലും ഇങ്ങനെയുള്ളവര്‍ക്ക് ശിക്ഷ തെരുവില്‍ കൊടുക്കണം.....അഭിനന്ദനങ്ങൾ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രതികരണത്തിന് നന്ദി വിനോദ് ഭായ്... അങ്ങനെ ആരെങ്കിലും ചിന്തിച്ചാല്‍ തെറ്റു പറയാന്‍ കഴിയില്ല. അത്രയും മനുഷ്യത്വരഹിതമായ മനോഭാവമാണ് അവര്‍ ഇപ്പോഴും പുലര്‍ത്തുന്നത്.

   ഇല്ലാതാക്കൂ
 22. അഞ്ചുവയസുള്ളവൾ പീഡിക്കപ്പെട്ടാലും അതവളുടെ വസ്ത്രത്തിന്റെ കുഴപ്പമാണല്ലൊ! അശുദ്ദിയുടെ തസ്തികയിൽ അടിച്ചമർത്തി പുരുഷമേധാവിത്വത്തിന്റെ വേരുകളിവിടെ ആഴത്തിലോടുന്നതിൽ മതങ്ങളുടെ പങ്കും തീരെ കുറവല്ല..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വയനയക്കും കമന്റിനും നന്ദി വിഷ്ണുലാല്‍ ഭായ്.

   ഇല്ലാതാക്കൂ
 23. എത്തിപ്പെടാന്‍ വൈകിപ്പോയി സുധീർ സര്‍....
  എങ്കിലും സന്തോഷം തോന്നുന്നു.. മുകളിലെ കമന്‍റുകള്‍ വായിക്കുമ്പോള്‍.. ശ്രീജിത്ത് NP യുടേതൊഴിച്ച്. അതു വീണ്ടും പഴയ ചിന്താഗതികളെ ന്യായീകരിക്കുന്നതു പോലെ തോന്നി.... പഴമൊഴികളെ വിട്ട് യാഥാർത്ഥ്യം മനസ്സിലാക്കുന്ന ഉള്‍ക്കോള്ളുന്ന പുരുഷ ജനത എന്തുകൊണ്ടാണ് ഇപ്പോഴും രണ്ടാം നിരയിൽ നില്‍ക്കുന്നത് എന്നാണ് എന്‍റെ ചോദ്യം..??? മുന്‍ നിരയിൽ ഇപ്പോഴും പഴയ ചിന്താഗതിക്കാരും പൗരുഷമെന്നാല്‍ കായിക ബലമാണ് എന്നു വിശ്വസിക്കുന്നവരുമാണല്ലോ...
  മുകളിൽ കമന്‍റിട്ടവര്‍ക്കും കവിക്കുംആദരവോടെ നന്ദി....
  കവിതയിലെ തെറ്റിദ്ധാരണ മാറ്റാൻ 'ഒരു ശബ്ദമുണ്ടായി' എന്നതിനു പകരം ' ഒരു ശബ്ദം കേട്ടു' എന്നു പ്രയോഗിച്ചാല്‍ നന്നായിരിക്കുമെന്നു തോന്നുന്നു...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വരികളിലൂടെ പറയാനുദ്ദേശിച്ച ആശയം ഉള്‍ക്കൊണ്ടു എന്നറിയുന്നതില്‍ ഒത്തിരി സന്തോഷം. ഒത്തിരി നന്ദി. പ്രതികരണത്തിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി. കല്ലോലിനി.

   ഇല്ലാതാക്കൂ
 24. വിഷയത്തിൽ നിന്നും മാറി ഒരു കമന്റ്‌ ഇടട്ടെ.പറ്റിയ ഒരു പോസ്റ്റ്‌ നോക്കിയിട്ട്‌ കാണുന്നുമില്ല.
  കേരളത്തിൽ ഏറ്റവും വിവാദം സൃഷ്ടിച്ച ഒരു പീഢനക്കേസിലെ പ്രതികളെ വെറുതേ വിടുകയോ മറ്റോ ചെയ്ത്‌,വിധി പ്രഖ്യാപിച്ച ജഡ്ജ്‌ പറഞ്ഞത്‌,പല സ്ഥലങ്ങളിലും പ്രതികൾ ഇരയേയും കൊണ്ട്‌ യാത്ര ചെയ്തപ്പോൾ എന്തു കൊണ്ട്‌ രക്ഷപ്പെടാൻ ശ്രമിച്ചില്ലെന്നാണു.ഫലത്തിൽ 16 വയസുള്ള പെൺകുട്ടി നാൽപതിലധികം പുരുഷന്മാരുമായി സ്വമനസ്സാലെ വേഴ്ചയിലേർപ്പെട്ടു എന്നു വന്നു.
  സാധാരണക്കാരനു മനസിലാകാത്ത രീതിയിൽ ഇങ്ങനെ നിയമം വ്യാഖ്യാനിക്കാൻ തുടങ്ങിയാൽ സ്ത്രീക്കെതിരായ അതിക്രമങ്ങൾ കൂടുകയേയുള്ളൂ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഓരോരുത്തരും അവരവര്‍ക്കു താത്പര്യമുള്ള രീതിയില്‍ പ്രതികരിക്കുന്നു. പക്ഷെ അത് തെറ്റായ സന്ദേശമാണ് പകരുന്നതെന്ന് അവരറിയുന്നില്ല.

   ഇല്ലാതാക്കൂ
 25. മറുപടികൾ
  1. പെരുത്ത് സന്തോഷായീട്ടോ... ഈ വരവിനും വാക്കുകള്‍ക്കും ഒത്തിരി നന്ദീണ്ട്‌ട്ടോ..

   ഇല്ലാതാക്കൂ
 26. മനസ്സിൽ നൊമ്പരമുണർത്തുന്ന കവിത. വരികൾ ഓരോന്നും അർത്ഥവത്തായത്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നല്ല വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.... ഗീതാ ജി.

   ഇല്ലാതാക്കൂ
 27. കവിത നന്നായി. വൃക്ഷം കരയുന്ന ശബ്ദം,ലോഹം കരയുന്ന ശബ്ദം ഇങ്ങനെ ബ്രാക്കറ്റില്‍ ഇട്ട വരികള്‍ വേണ്ടായിരുന്നു എന്ന് തോന്നി. അത് വായനക്കാരന്റെ മനസ്സില്‍ തനിയെ വന്നോളും

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി റോസിലി മേം.

   ഇല്ലാതാക്കൂ