മാംസ-മീ-രാഷ്ട്ര

പ്ലസ്ടുകാരന്‍ മകന്റെ ടെക്സ്റ്റ് ബുക്കില്‍നിന്നും, പാതിയടഞ്ഞ കണ്ണുകളും ബ്ലൗസിനുള്ളിൽ  ഒതുങ്ങാത്ത മാദകത്വവുമായി തുളുമ്പി നില്‍ക്കുന്ന ഷക്കീലയുടെ പടമുള്ള സി.ഡി. വീഴുന്നതു കണ്ടപ്പോള്‍ നേതാവ് ചാക്കോ കുപിതനായി.

"മറിയേ... നീയിതൊന്നും കാണുന്നില്ലേടി.. ദേ.. നമ്മടെ ഉത്തമപുത്രന്റെ ബുക്കിനുള്ളില്‍ ആരാ ഒളിച്ചിരിക്കണേന്ന്  നോക്ക്യേ... ഷക്കീല.. സില്‍മാനടി ഷക്കീല."

മറിയയ്ക്ക് ഒരു ഭാവവ്യത്യാസവുമില്ല.

"ഓ പിന്നേ.. അവനിപ്പം ചെറിയ കുട്ടിയൊന്നുമല്ലല്ലോ.? അതിപ്പോ പ്രായപൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ആണ്‍മക്കള്‍ടെ കൈയ്യില് അങ്ങനെ ചിലതെല്ലാം കണ്ടെന്നൊക്കെയിരിക്കും. നാടു നന്നാക്കാന്‍ നടക്കുമ്പോ കുട്ട്യോള് വലുതാവണതൊക്കെ എങ്ങിനെ അറിയാന്‍ ? ഒന്നിനും നേരല്ല്യാത്ത വല്ല്യ നേതാവല്ലേ നിങ്ങള് ..?"

മകനോടുള്ള ദേഷ്യം അവര്‍ ഭര്‍ത്താവിനോടു തീര്‍ത്തു. മറിയയുടെ നോട്ടത്തിന് അവരുടെ കയ്യിലിരിക്കുന്ന പപ്പടം കുത്തുന്ന കമ്പിയേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു. എങ്കിലും നേതാവ് ചാക്കോ ഗൗരവത്തോടെ തന്നെ ചോദിച്ചു.

"ഇങ്ങനെയാണോ കുട്ടികള്‍ വലുതാവ്വ്വാ..? നീയല്ലേ ശ്രദ്ധിക്കേണ്ടത്...? കുട്ട്യോള്‍ടെ കാര്യം ശ്രദ്ധിക്കാനല്ലെങ്കില്‍ പിന്നെ നിനക്കെന്താ ഇവിടെ പണി."

"ഓ പിന്നേ.. ജീവിതത്തില്‍ ഇതുവരെ ഒരു പണിക്കും പോയി ശീലല്ല്യാത്ത നിങ്ങള് തന്നെ ഇത് ചോദിക്കണം. അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്ക്യാ.. മൂത്തുനരച്ചുതുടങ്ങിയിട്ടും ഫോണില്‍ സരിതാ നായരുടെ വീഡിയോ ക്ലിപ്പിംഗുകള്‍ കൊണ്ടുനടക്കുന്ന നിങ്ങള്‍ക്ക് ഇതിലെന്താണിത്ര പറയാനുള്ളത്...? ദേ എന്നേകൊണ്ടൊന്നും പറയിക്കര്ത്‌ട്ടോ.. അല്ല പിന്നെ."

മറിയയുടെ കുത്തുന്ന നോട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ നേതാവ് ചാക്കോ ശ്രമിക്കുമ്പോള്‍ പരിചിതമായ ശബ്ദത്തില്‍ ഒരു അശരീരി കേട്ടു.

"വ്യത്യാസമുണ്ട് മോളെ...വ്യത്യാസമുണ്ട്..  ഷക്കീലയും സരിതാനായരും തമ്മില് വലിയ വ്യത്യാസമുണ്ട്..."

വളഞ്ഞ പുരികക്കൊടികളുമായി, മറിയ ഞെട്ടിത്തിരിയുമ്പോള്‍, കുര്‍ബാന കഴിഞ്ഞ്  ഉമ്മറത്ത് വന്നുകയറി കുട മടക്കുന്ന അമ്മാനപ്പന്‍. ചാരുകസേരയിലിരിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍, റിട്ടയേഡ് ഹെഡ് മാസ്റ്റര്‍ കൂടിയായ, വറീത് മാസ്റ്റര്‍, ഷക്കീലയും സരിതാനായരും തമ്മിലുള്ള അന്തരം വ്യക്തമാക്കി.

"ഷക്കീലയുടേത് വെറും അഭിനയവും സരിതയുടേത് ഒറിജിനലുമല്ലേ മോളെ....  അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.?"

തത്കാലം മുഖം രക്ഷിക്കാന്‍ ബെഡ്‌റൂമിലേയ്ക്ക വലിയുമ്പോള്‍ നേതാവ് ചാക്കോ പിറുപിറുത്തു. ഇങ്ങനെയുമുണ്ടോ ഒരു അപ്പന്‍.! മനുഷ്യനെ നാണം കെടുത്താന്‍.!! മറിയയ്ക്ക് മറ്റൊരു സംശയമായിരുന്നു. എന്നാലും എന്റെ കര്‍ത്താവേ... ജീവിക്കാന്‍ വേണ്ടി അഭിനയിച്ച ആ പാവം ഷക്കീലയെ അപമാനമായി കണക്കാക്കുന്നവര്‍ എന്തുകൊണ്ടാണ് ഈ സരിതയെ മാത്രം ഇത്ര ആഘോഷിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലല്ലോ.? ഒരു ഭര്‍ത്തൃപിതാവിനോട് ചോദിക്കാന്‍ കഴിയാത്ത സംശയമായതുകൊണ്ടു മാത്രം അവര്‍ ഒന്നും മിണ്ടാതെ അടുക്കളയിലേയ്ക്ക മടങ്ങി.

"ങാ... പിന്നെ മറ്റൊരു വ്യത്യാസം കൂടിയുണ്ട് മോളെ..."

നേതാവ് ചാക്കോ നെഞ്ചത്തു കൈവെച്ചു. ഈശോയെ ഈ അപ്പന്‍ എന്തു ഭാവിച്ചിട്ടാണ്. മറിയയുടെ കാലുകളും നിശ്ചലമായി. അപ്പന്‍ ഇന്ന് ചാക്കോയെ പൊളിച്ചടുക്കുംന്നാ തോന്നണെ.

ചുമയുടെ പെരുമ്പറ മുഴക്കങ്ങള്‍ക്കിടയില്‍,  വറീത് മാസ്റ്ററുടെ വിളംബരം.

"ഷക്കീലയെപ്പോലെയല്ല...  സരിതാ നായര്‍ പൊളിറ്റിക്കലി കറക്റ്റ് ആണ്...  പൊളിറ്റിക്കലി കറക്റ്റ്... അല്ലേടാ നേതാവേ ? "