കേശുവും കാരണവരും കാറല്‍ മാര്‍ക്‌സും.

"തമ്പ്രാ... "

"ഉം. എന്താ കേശു."

"ഡെല്ലീന്ന് പ്രകാശനുണ്ണി വന്നിട്ട്ണ്ട്. പുറത്ത് കാത്തുനില്‍ക്കുന്നു."

"ന്നെ കാണാന്‍ ആരും ഇങ്ങോട്ട് വരണ്ടാന്ന് പറഞ്ഞോളൂ."

"നിരാശനായിട്ടുള്ള വരവാ... "

"അതിനിപ്പോ ഞാനെന്താ ചെയ്യാ... സ്വയം വരുത്തിവെച്ചതല്ലേ... "

"ആശയദാരിദ്ര്യം തന്ന്യാത്രെ. കൂടെയുള്ളവര്‍ക്കൊന്നും പഴയ ആവേശോം ഇല്ല്യാന്ന്. ഇവിടുന്ന് എന്തെങ്കിലും കിട്ടിയില്ലെങ്കില്‍ ............"

"എത്രയാന്ന് വെച്ചാ  കൊട്ക്കാ. കൊടുത്ത് കൊടുത്ത് ഇല്ലത്തും ഒന്നുംല്ല്യാണ്ടായിരിക്ക്ണൂ. കൊടുത്തയച്ചതെല്ലാം കൊണ്ടുപോയി നശിപ്പിച്ചില്ലേ.  ഇവിടെ  ഒന്നും ബാക്കിയില്ല്യാന്ന് പറയായിരുന്നില്ലേ തനിക്ക്."

"പറഞ്ഞു തമ്പ്രാ...  പിന്നെ.... ആദ്യം ഇല്ല്യാന്ന് പറഞ്ഞാലും കൊറച്ചുകഴിഞ്ഞാ എന്തെങ്കിലും കൊടുക്കുന്ന ഒരു പതിവുണ്ടല്ലോ... അതായിരിക്കും.... "

"പണിയെടുക്കാന്‍ മാത്രം ആരും ഇല്ല്യ. വെശക്കുമ്പൊ മാത്രം കേറി വരും. ശുംഭന്‍മാര്‍"

"മാപ്പാക്കണം. ഒരുപാട് തെറ്റുകള്‍ക്ക് കൂട്ട് നിന്നിട്ടുണ്ട്. മനപ്പൂര്‍വ്വല്ല...... ഗെതികേടുകൊണ്ടാണ്. ..... ഇനി ഇവിടുന്നങ്ങോട്ട് അപ്പന്‍ തമ്പുരാന്‍ പറയുന്നതുപോലെ ചെയ്തുകൊള്ളാം. വെറും കയ്യോടെ മടങ്ങുവാന്‍ കഴിയില്ല. പൊറുക്കണം..... ദാരിദ്ര്യമമാണ്‌ ... എന്തെങ്കിലും തന്നയക്കണം."

കാല്‍ക്കല്‍ വീണുകിടക്കുന്ന ഉണ്ണിയെ കണ്ട്  മനസ്സലിഞ്ഞു. ഇനിപ്പോ ഇവിടുന്നങ്ങോട്ട് നന്നായാലോ. എത്രയായാലും... ഈ തറവാട്ടിലെ ഉണ്ണിയല്ലേ. അദ്ദേഹം കാര്യസ്ഥന്‍ കേശുവിനോടുമാത്രമായി ശബ്ദം താഴ്ത്തി പറഞ്ഞു.

"ഇത്തിരി മാനസാന്തരം വന്നിട്ടുണ്ടെന്നു തോന്നുന്നു. എന്തെങ്കിലും കൊടുത്തയച്ചേക്കൂ."

"തമ്പ്രാ... പത്തായം.... കാലിയാണ്."

"നന്നാവാനുള്ള മനസ്സുമായിട്ടാണ് ഉണ്ണി വന്നിരിക്കണത്. എന്തെങ്കിലും കൊടുത്തയച്ചേ പറ്റൂ."

"തമ്പ്രാ ഇവിടത്തെ കാര്യോം കഷ്ടത്തിലാണ്."

"താന്‍ ചെന്ന് നോക്ക്വാ...  പുലി കിടന്ന മടയല്ലേടോ. പൂടയെങ്കിലും കാണാതിരിക്കില്ല. എന്തെങ്കിലും കൊടുത്തയച്ചേ പറ്റൂ. . "

"അല്ല... അത്.... തമ്പ്രാ..."

"താന്‍ ഒന്നും പറയണ്ട. ഇവിടെ എന്താ ബാക്കീള്ളത്ന്ന് വെച്ചാ അതങ്ങ്ട് എട്ത്ത് കൊട്ക്കാ."

"അതിപ്പോ... കൊട്ക്കാന്ന് വെച്ചാല്...."

"ഇങ്ങോട്ടൊന്നും പറയണ്ട. പറയണതങ്ങ്ട് ചെയ്യാ. അത്രതന്നെ."

"ശരി. തമ്പ്രാ."

..............................................................................................

അപ്പന്‍ തമ്പുരാന്റെ പിണക്കം മാറി. പ്രകാശനുണ്ണി സന്തോഷത്തോടെ മടങ്ങി. ഇല്ലത്തുനിന്നും കിട്ടിയതെല്ലാം പ്രകാശനുണ്ണി എല്ലാവര്‍ക്കും പങ്കുവെച്ചു. അപ്പന്‍ തമ്പുരാന്റെ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും സ്വാദ് ഒരിക്കല്‍കൂടി നുണഞ്ഞിറക്കിയപ്പോള്‍ പ്രകാശനുണ്ണിയും കൂട്ടരും  ഉത്തേജിതരായി. കുട്ടികളുടെ തോന്ന്യാസങ്ങളില്‍ മനംമടുത്ത് പിണങ്ങി നിന്നിരുന്ന കാരണവര്‍. തങ്ങളെ അംഗീകരിക്കാത്ത കാരണവരെ അകറ്റി നിര്‍ത്തിയ കുട്ടികള്‍. ഉത്സവമടുത്തപ്പോള്‍ രണ്ടു കൂട്ടരും ഒന്നായതുകണ്ട് നാട്ടുകാര്‍ അമ്പരന്നു.

"അപ്പന്‍ തമ്പുരാന്‍ നമ്മുടെ കൂടെയുണ്ടെങ്കില്‍ പിന്നെ പേടിക്ക്യാനില്ല്യ. അപ്പന്‍ തമ്പുരാന്‍ പറയണേലും കാര്യമുണ്ട്. അരിവാളും ചുറ്റികയും എടുത്ത് അദ്ധ്വാനിക്കണം.  എന്തായാലും നമ്മുടെ കച്ചവടങ്ങളെല്ലാം നഷ്ടത്തില്‍നിന്നും നഷ്ടത്തിലേക്ക പോയിക്കൊണ്ടിരിക്ക്യല്ലേ. ഇല്ലത്തേക്ക് തിരിച്ചുപോയി ഇനിയുള്ള കാലം കൃഷിപണി ചെയ്ത് ജീവിച്ചാലോന്ന് ഒരു ചിന്ത."

"കൊറേക്കാലായിട്ട് കൃഷിയൊക്കെ  മൊടങ്ങികെടക്കാത്രെ. പണിക്കാരില്ലാണ്ടും നോക്കാനാളില്ലാണ്ടും. തിരിച്ചുപോകാം. എത്രകാലാന്ന് വെച്ചിട്ടാ ഇതുപോലെ കഴിയ്യാ."

"ശര്യന്ന്യാ കഴിഞ്ഞതൊക്കെ മറക്കാം. തിരിച്ചുപോകാം. അതു തന്ന്യാ ശരി."

................................................................................................

കാരണവര്‍ക്ക് സന്തോഷമായി. ഉണ്ണികള്‍ തിരിച്ചുവന്നിരിക്കുന്നു. അതും അരിവാളും എടുത്ത്   പണിയെടുക്കുവാന്‍ തയ്യാറായി. തരിശായി കിടക്കുന്ന പാടമെല്ലാം ഉഴുതുമറിച്ച് വിതക്കുവാന്‍ പാകത്തിനാക്കി മാറ്റിയിരിക്കുന്നതു കണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ സന്തോഷാശ്രുക്കളാല്‍ നിറഞ്ഞു. കൃഷിയെ തള്ളിപറഞ്ഞ്, വഴക്കിട്ടു പിരിഞ്ഞുപോയ ഉണ്ണികള്‍ തന്നെ അതിനുള്ള മണ്ണൊരുക്കിയിരിക്കുന്നു. ഇനി ആ മണ്ണില്‍ വിത്തുകള്‍ വിതക്കണം. അവയിലൂടെ വിശ്വാസത്തിന്റെ കതിരുകള്‍ വിളയിക്കണം. സമത്വസുന്ദരവും സമൃദ്ധവുമായ നല്ല നാളെകള്‍.

"കേശൂ.. ഞാന്‍ പറഞ്ഞില്ലേടൊ.. എല്ലാം ഭംഗിയാവുന്ന്. "

കേശു തല ചൊറിഞ്ഞുനിന്നു നില്‍ക്കുകയായിരുന്നു.

"ഉം കേശു എന്താ ആലോചിക്കുന്നത്."

"അത്... തമ്പ്രാ... ഉണ്ണികളുടെ ഉത്സാഹം കാണുമ്പോ അടിയന് പേടിതോന്ന്ണ്ണ്ട്."

"കാര്യം എന്താച്ചാ അങ്ങ്ട്  തൊറന്ന് പറയ്യ്യാ."

"നിലമൊരുക്കി കഴിഞ്ഞാല്‍ വെതക്കാന്‍ വല്ലതും വേണ്ടെ....."

"അതിനെന്താ വെതക്കാനുള്ളത് നമ്മള്‍ കരുതിവെച്ചിട്ടില്ലേ."

"ഇല്ല  കരുതിവെച്ചിരുന്നത് എടുത്താ ഉണ്ണിക്ക്  കൊടുത്തയച്ചത്. ഇനി ഒന്നും ബാക്കിയില്ല തമ്പ്രാ."

"താന്‍ എന്താ പറയണത്... എനിക്ക് മനസ്സിലാവ്ണില്ല്യ."

"ഇല്ലത്ത് എന്താ ബാക്കീള്ളത്, അത് കൊട്ക്കാനല്ലേ അന്ന് തമ്പ്രാ പറഞ്ഞത്. "

"അതെ."

"അടിയന്‍ നോക്കിയപ്പോ.... ഈ ഇല്ലത്ത് ബാക്കിയുണ്ടായിരുന്നത്, വെതയ്ക്കാന്‍ വെച്ചിരുന്ന കൊറച്ച് വിത്തുകള്  മാത്രായിരുന്നു  തമ്പ്രാ... വേറൊന്നും ഇണ്ടായിര്ന്നില്ല്യ. "

"ഇനീപ്പോ എന്താ ചെയ്യ്യാ...കേശു.. തത്കാലം വിതക്കാനുള്ളത് എവിടുന്നെങ്കിലും വായ്പ കിട്ട്വോ..."

"വായ്പ ചോദിച്ചാ കിട്ടണെങ്കി, തരുന്നവന് നമ്മളില്‍ വിശ്വാസം ഉണ്ടാവണ്ടേ തമ്പ്രാ. അതിനും കൊറച്ച്  സല്‍പ്പേര്‌  വേണ്ടെ.  ഒക്കെ ഉണ്ണ്യോള് കൊണ്ടുപോയി തിന്നുതിര്‍ത്തില്ലേ."

"ഇപ്പോ എല്ലാം മനസ്സിലാവുന്നുണ്ട്... പഴഞ്ചൊല്ലില്‍ പതിരില്ലെടോ... 'വിത്തെടുത്ത് വെച്ചുതിന്നരുതെ' ന്ന് പറഞ്ഞ ആ മഹാനുഭാവന് കാറല്‍ മാര്‍ക്‌സിനേക്കാള്‍ ബുദ്ധിയു ണ്ടായിരുന്നിരിക്കണം. അല്ലേടോ കേശു.... മടുത്തു. ശിഷ്ടകാലം വനവാസായാലോന്ന് ഒരു ചിന്ത.... തന്റെ കാര്യം ആലോചിക്കുമ്പഴാ ഒരു വെഷമം. ഞാന്‍ പോയികഴിഞ്ഞാല്‍ കേശു എന്തു ചെയ്യും."

"ഇന്നാട്ടില് വേറെയും തമ്പ്രാന്‍മാര്‍ ഒരുപാട്ണ്ട് തമ്പ്രാ. വിശ്വസ്തനായിരിക്കുന്നിടത്തോളം കാലം കാര്യസ്ഥപണിക്ക് മുട്ടുണ്ടാവില്ലാന്നാ അടിയന്റെ വിശ്വാസം. പക്ഷേങ്കില് നേരും നെറീം ഒള്ള തമ്പ്രാക്കന്‍മാരെ കിട്ടാനാ പാട്. "

കറപിടിച്ച ഒരു ചുവന്ന മേല്‍മുണ്ടും പുതച്ച് ആദരണീയനായിരുന്ന കാരണവര്‍ അസ്തമയം ലക്ഷ്യമാക്കി നടന്നു. കേശു നേരും നെറിയുമുള്ള പുതിയ തമ്പ്രാക്കന്‍മാരെ തേടിയുള്ള യാത്രയിലാണ്. ഉഴുതുമറിച്ചിട്ട വളക്കൂറുള്ള മണ്ണില്‍ വിതക്കുവാന്‍ വിത്തുകളില്ലാതെ ചിന്താവിഷ്ടരായി നില്‍ക്കുന്ന ഉണ്ണികള്‍.... പടിപ്പുരക്കു പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. അപരിചിതരായ കച്ചവടക്കാര്‍. അര്‍ബുദം പോലെ വളരുവാന്‍ ശേഷിയുള്ള പുതുപുത്തന്‍ ജനിതകവിത്തുകളുമായി.

..................................................................
വാല്‍കഷ്ണം.

ടി. പി. വധക്കേസ്, മലബാര്‍ സിമന്റ്‌സ് അഴിമതിയിലും ശശീന്ദ്രന്‍ വധക്കേസിലും പ്രതിസ്ഥാനം ആരോപിക്കപ്പെടുന്ന വിവാദ വ്യവസായി രാധാകൃഷ്ണന്റെ  പരസ്യം ദേശാഭിമാനിയില്‍, ആത്മാവില്ലാത്ത, രാഷ്ട്രീയ നിലനില്‍പ്പിനുവേണ്ടി മാത്രം പാര്‍ട്ടി ഏറ്റെടുത്ത സമരങ്ങളോട് ജനങ്ങള്‍ക്കിടയിലെ വിരക്തി, പശ്ചിമഘട്ടസംരക്ഷണത്തില്‍ പാര്‍ട്ടി സ്വീകരിച്ച അവസരവാദനയം, തുടങ്ങി ഒട്ടേറെ കാരണങ്ങളാല്‍ സി.പി.എം എന്ന വിപ്‌ളവ പാര്‍ട്ടിയുടെ പ്രതിച്ഛായ മങ്ങിനില്‍ക്കുമ്പോഴും തന്റെ വ്യക്തിപരമായ പ്രതിച്ഛായകൊണ്ടുമാത്രം പിടിച്ചുനില്‍ക്കുന്ന സഖാവ് വി.എസ്. മുന്‍പത്തെ ഇലക്ഷനുകളില്‍ പാര്‍ട്ടി കരുത്ത് കാട്ടിയത് അദ്ദേഹത്തിന്റെ പ്രതിച്ഛായയിലായിരുന്നു എന്നത് രഹസ്യമായ പരസ്യമാണ്. ഔദ്യോഗികമായി തള്ളിപറയുമ്പോഴും, ക്യാപിറ്റല്‍ പണിഷ്‌മെന്റ് കല്‍പ്പിക്കുമ്പോഴും വി.എസ് പാര്‍ട്ടിയുടെ സ്വത്താണെന്ന് പാര്‍ട്ടിയ്ക്ക് എടുത്തുപറയേണ്ടി വരുന്ന അവസ്ഥ. പാര്‍ട്ടിയെ സ്‌നേഹിക്കുകയും അതേ സമയം പാര്‍ട്ടി നേതൃത്വത്തെ വെറുക്കുകയും ചെയ്യുന്ന അനുഭാവികളുടെ ഏക ആശ്രയമായി വി.എസ് മാറുന്നു. 2014 ല്‍ ലോക്‌സഭ ഇലക്ഷന്‍ അടുത്തപ്പോള്‍ വി.എസ്. ധര്‍മ്മ സങ്കടത്തിലായി. പാര്‍ട്ടിയുടെ പ്രതിച്ഛായ തിരിച്ചുപിടിക്കുവാന്‍, മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ,  കുറ്റക്കാരായവര്‍ ശിക്ഷിക്കപ്പെട്ടതിനാല്‍, ടി പി വധക്കേസില്‍ ഇനി പാര്‍ട്ടിയെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നുമുള്ള തന്ത്രപരമായ സമീപനം സ്വീകരിച്ചുകൊണ്ട്, പാര്‍ട്ടിയുടെ വിജയം ഉറപ്പിക്കുവാന്‍ വി.എസ് ഒരിയ്ക്കല്‍കൂടി സമരസപ്പെടലിന്റെ സിദ്ധാന്തം ഉപയോഗപ്പെടുത്തി. പൊതുജനത്തെയും അനുഭാവികളേയും തളര്‍ത്തിക്കളഞ്ഞ വി.എസിന്റെ ഈ സമീപനം പാര്‍ട്ടിയെ തിരഞ്ഞടുപ്പില്‍ ഉത്സാഹഭരിതമാക്കി. വി.എസിന്റെ വാക്കുകള്‍ക്കും രക്ഷിക്കാനായില്ല. ഇലക്ഷനില്‍ പാര്‍ട്ടിയുടെ പ്രകടനം ആശാവഹമായിരുന്നില്ല എന്നതിന് കാലം സാക്ഷി.  മൂല്യങ്ങളില്‍നിന്നും വ്യതിചലിച്ച് മറ്റുപാര്‍ട്ടികളുടേതുപോലെ അടവുനയങ്ങളെന്ന ഊടുവഴികള്‍ക്കും അവസരവാദമെന്ന പ്രായോഗിക സമീപനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയ പാര്‍ട്ടിയുടെ വീഴ്ച്ച സ്വാഭാവികമായിരുന്നു. പലപ്പോഴും പാര്‍ട്ടിയെപ്പോലും രക്ഷിച്ച സ്വന്തം പ്രതിച്ഛായപോലും വീണുടഞ്ഞതില്‍ നിന്നും അടവുനയങ്ങള്‍ ആത്മഹത്യാപരമാണെന്ന് വി.എസിനും മനസ്സിലായിട്ടുണ്ടാകും. പാര്‍ട്ടിയുടെ ദേശീയപദവിപോലും ചോദ്യചെയ്യപ്പെടുന്ന പതനത്തിലേയ്ക്ക് സി.പി.എം എത്തിച്ചേര്‍ന്നിരിക്കുന്നു. ദുഷിച്ചുപോയ രാഷ്ട്രീയവ്യവസ്ഥിതിയില്‍, ഇടതുപക്ഷം കൂടി ദുര്‍ബലമാകുമ്പോള്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന കാടന്‍ പ്രത്യയശാസ്ത്രത്തിലേക്ക് സമൂഹം തിരിച്ചുപോകുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടികള്‍പോലും കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലകപ്പെട്ടുപോകുന്നതും. ജനാധിപത്യത്തിലും അസമത്വവും അടിമത്വവും ഉടലെടുക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. ഇതില്‍നിന്നും കരകയറുവാന്‍ നമ്മുടെ ജനാധിപത്യസംവിധാനവും രാഷ്ട്രീയവ്യവസ്ഥിതിയും ഇനിയും ഒരുപാട് പരിഷ്‌കരിക്കേണ്ടിയിരിക്കുന്നു.

10 അഭിപ്രായങ്ങൾ:

 1. ലേബലുകളിൽ അമർഷവും സങ്കടവും കൂടിയുണ്ട്. പ്രത്യക്ഷമല്ലേന്നേയുള്ളു.

  ഇപ്പോഴുള്ള നേതാക്കളെ വെച്ചു തെറ്റു തിരുത്തുക, സല്പേരു വീണ്ടെടുക്കുക അസാധ്യമാണെന്നു തന്നെ കരുതുന്നു. തിരുത്തേണ്ടത് അവർ സ്വയം മാറികൊണ്ടായിരിക്കണം. അവിടെ കയറിയിരിക്കേണ്ടത് ചെറ്റകളാണ്- ചെറ്റക്കുടിലുകളിൽ നിന്നുള്ളവർ. പാർട്ടി ഓഫീസിലേയും ആഡംഭരവാഹനങ്ങളിലേയും ശീതീകരണത്തിൽ വിയർത്തു പോകുന്നവർ. കട്ടൻ ചായ കുടിക്കുന്ന ഒരുവൻ അവശേഷിക്കുന്നിടത്തോളം കാലം കട്ടൻ ചായ തന്നെ കുടിക്കുന്നവർ - അവരാണു അവിടെ കയറിയിരിക്കേണ്ടത്.

  തെറ്റു തിരുത്തൽ ഒരു ജനാധിപത്യവ്യാമോഹം മാത്രം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അഭിപ്രായം പങ്കുവെച്ചതില്‍ വളരെ നന്ദിയുണ്ട് വിഡ്ഢിമാന്‍.

   ഇല്ലാതാക്കൂ
 2. വിത്തെടുത്തു കുത്തി തിന്നു തീര്‍ത്തു.ഇനിയിപ്പോള്‍ കൃഷി ചെയ്യാന്‍ സ്ഥലവും ബാകിയില്ല.മൂന്ന് തുണ്ട് ഭൂമിയുണ്ടായിരുന്നു.ഒരിടത് തൃണമൂല്‍ പുല്ലു മുളച്ചു.മറ്റെടത്ത് എന്ത് പറ്റി എന്നറിയാന്‍ ആര്‍കെങ്കിലും കമ്മീഷന്‍ കൊടുക്കണം.പിന്നെയുള്ളത് ത്രിപുരസുന്ദരിയുടെ ഇത്തിരി വെട്ടമാണ്.അവിടെയും കൂടെ വെടക്കാക്കിയാല്‍ പൂര്‍ത്തിയായി...
  എന്തായാലും കാര്യങ്ങള്‍ക്ക് നല്ല മോഡിയുണ്ട്.നല്ല അവതരണം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഷറഫുദ്ദീന്‍. താങ്കളുടെ അഭിപ്രായം ഞാന്‍ പങ്കുവെക്കുന്നു. സന്ദര്‍ശനത്തിന് വളരെയധികം നന്ദി.

   ഇല്ലാതാക്കൂ
 3. സമകാലിക വിഷയങ്ങളില്‍ നിന്നും ഒരു കുഞ്ഞു കഥ, കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 4. പുതുപുത്തൻ ജനിതകവിത്തിറക്കൽ
  നല്ല ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ചതിന്
  ഒരു ഹാറ്റ്സ് ഓഫ് കേട്ടൊ ഭായ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി മുരളീ മുകുന്ദന്‍ ഭായ്. താങ്കളുടെ പ്രോത്സാഹനത്തിന് വളരെയധികം നന്ദി.

   ഇല്ലാതാക്കൂ
 5. നന്നാകാന്‍ ഒരുക്കമല്ലാത്ത കാരണവന്മാരും പുതുതലമുറയും. ആക്ഷേപകഥ സൂപ്പര്‍ ആയി

  മറുപടിഇല്ലാതാക്കൂ