Translate

വർണ്ണച്ചിറകുകൾ

അവൻ വട്ടമിട്ടു പറന്നു. തലോടലിൽ അവളുടെ ഹൃദയം തുടിച്ചു. ഇതളുകൾ നാണത്താൽ തുടുത്തു. പിന്നെ മെല്ലെ മെല്ലെ അവളിലേക്കവൻ പറന്നിറങ്ങി.  അവളുടെ മണവും മധുരവും മൊത്തിക്കുടിച്ചു. നിർവൃതിയുടെ കാറ്റിൽ അവൾ ആടിയുലഞ്ഞു.

ശേഷം അഴകാർന്ന ചിറകുകളുമായി അവൻ പറന്നകന്നു. അവൾ വീണ്ടും ഏകയായി. വെയിലിന്റെ വിരലുകൾ അവളുടെ ഇതളുകളിലെ കണ്ണുനീർത്തുള്ളികൾ തുടച്ചുകൊടുത്തു. വസന്തം അവളിൽ വീണ്ടും പ്രണയത്തിന്റെ പൂന്തേൻ നിറച്ചു.

ശലഭത്തിനുശേഷം മൂളിപാട്ടുമായി പറന്നെത്തിയ തേനീച്ചയും വണ്ടും കൊഞ്ചിചിലച്ച കുഞ്ഞിക്കുരുവിയുമെല്ലാം അവളുടെ മധുരം ആവോളം നുകർന്നു.

ആത്മാവിന്റെ ദാഹം ശമിച്ചപ്പോഴാണ് വിരുന്നുവന്ന പ്രണയങ്ങൾ തിരികെപോയത്. രാത്രികൾ അവൾ കരഞ്ഞുതീർത്തു. കവിളുകളിൽ കണ്ണുനീർത്തുള്ളികളുമായി ഓരോ പുലരിയിലും അവൾ കാത്തിരുന്നു.  വെയിലിന്റെ വിരലുകൾക്കായും ഒരിക്കലും വിട്ടുപിരിയാത്ത ഒരു പ്രണയത്തിനുമായി.

വിരിയുന്നതിനും കൊഴിയുന്നതിനും ഇടയിൽ ഒരിയ്ക്കൽ വാസന്തം അവളോടു ചോദിച്ചു.

"പ്രണയിച്ചവർ വിട്ടുപോയതിനാണോ പുലരികളിൽ നീ കരയാറുളളത്‌ ?"

അവളുടെ തലയാട്ടലിന്റെ അർത്ഥം "ഒരിക്കലുമല്ല" എന്നായിരുന്നു

"പിന്നെ... എന്തിനാണീ കണ്ണീർ ?"

പൊള്ളുന്ന വെയിലിലും അവൾ ചിരിച്ചു. പിന്നെ ആത്മാവിന്റെ സുഗന്ധമുള്ള വാക്കുകളാൽ മൊഴിഞ്ഞു

"ചിറകുകൾ ഇല്ലല്ലോ എന്ന ഒരേയൊരു ദുഃഖം മാത്രം."

"ഉണ്ടായിരുന്നുവെങ്കിൽ...?"

"പറന്നുനടക്കാമായിരുന്നു... ഇഷ്ടം പോലെ...  വിരുന്നുവന്നവരെപ്പോലെ..."

"അപ്പോൾ പ്രണയം?"

ചിറകുകളിൽ വർണ്ണങ്ങൾ ചാലിച്ചെത്തിയ പുതിയ വിരുന്നുകാരനോട്, ഒരു പനിനീർപ്പൂവിന്റെ എല്ലാ നിഷ്‌കളങ്കതയോടുംകൂടി അവൾ ചോദിച്ചു.

"സ്വാതന്ത്ര്യമല്ലേ...  പ്രണയത്തിന്റെ ഏറ്റവും സുന്ദരമായ ഭാവം? "

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...