Translate

വർത്തമാനം

ഒരു പക്ഷെ, അവർ ഒളിച്ചേ.. കണ്ടേ.. കളിക്കുകയായിരിക്കും. കാറ്റ് പതുങ്ങി നിൽക്കും. ഇലകളുടെ തലയാട്ടലിൽ ഒരു കണ്ടേ പറച്ചിലുണ്ട്. അത് മാത്രമൊന്നുമല്ലാട്ടോ. വരുമ്പോഴും പോകുമ്പോഴും അവർ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ട്. എനിക്കുറപ്പാണ്. ഏതോ ഒരു ഭാഷയിൽ അവർ സംസാരിക്കുന്നുണ്ട്.

അപരിചിതരായ കുട്ടികളോടൊപ്പം കളിക്കുന്നത് മമ്മിക്കും ഡാഡിക്കും ഇഷ്ടമല്ല. സാരമില്ല. സത്യം പറഞ്ഞാൽ ഒറ്റയ്ക്കിരുന്നും കളിച്ചും ഇപ്പോൾ അത് ഒരു ശീലമായി. ഗാർഡനിലെ ഊഞ്ഞാലിലിരുന്നാൽ നേരം പോകുന്നത് അറിയുകയേയില്ല. ചുറ്റും നോക്കിയിരിക്കാനും നല്ല രസമാണ്.

കുണുങ്ങി കുണുങ്ങി നടക്കുന്ന പ്രാവുകൾക്ക് ഇഷ്ടം കുറുകിക്കുറുകിയുള്ള അടക്കം പറച്ചിലുകളാണ്. അവരുടെ പറക്കലുകളിൽ ചിറകുകൾ കടകടാന്ന് പറയുന്നത് കേൾക്കാനും നല്ല രസമാണ്. കുരുവികളുടെ  ചിലക്കലിലും എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നുണ്ട്. തിടുക്കത്തിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടാണ് അവർ വരുന്നതും പോകുന്നതുമെല്ലാം. നീട്ടിയും കുറുകിയും അവർ പറയുന്നതെന്തായിരിക്കും.

കാക്കൾക്ക് എന്തൊക്കെയോ സംശയങ്ങളുണ്ട്. പലയിടങ്ങളിലാണ് പറന്നുവന്നിരിക്കുന്നതെങ്കിലും അവർ എന്തൊക്കെയോ പറയുന്നുണ്ട്. ഇടക്കിടെ വെട്ടിത്തിരിയും. ഇടങ്കണ്ണിട്ടുമാത്രമേ നോക്കൂ. അവർക്ക് എല്ലാവരേയും സംശയമാണെന്ന് തോന്നുന്നു. അവരുടെ ശബ്ദങ്ങളിൽ അവർക്കു മാത്രമറിയാവുന്ന എന്തൊക്കെയോ സന്ദേശങ്ങളുണ്ട്.

ചിത്രശലഭങ്ങൾ സൂത്രക്കാരികളാണ്. അവർ ആരും കേൾക്കാതെയാണ് സംസാരിക്കുക. പൂക്കൾ തലയാട്ടുന്നത് വെറുതെയല്ല. കൂട്ടം കൂടി പറന്നുകളിക്കുന്നതിനിടയിൽ അവർ കൂട്ടുകാരുമായും സ്വകാര്യങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇത്ര സ്വകാര്യമായി അവർക്ക് പറയാനുള്ളത് എന്തായിരിക്കും.

അണ്ണാറക്കണ്ണൻമാർക്ക് എന്തിനാണാവോ ഇത്ര തിരക്കും ബഹളവും. ഓടിനടന്ന് ചിലച്ചുകൊണ്ട് എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്. തിരക്കു കണ്ടാൽ തോന്നും ലോകം ഇന്നവസാനിക്കുമെന്ന്. തിരക്കിന്റെ കാര്യത്തിൽ ഉറുമ്പുകൾ അണ്ണാറക്കണ്ണൻമാരെ തോൽപ്പിക്കും. സ്വകാര്യങ്ങളുടെ കാര്യത്തിൽ ചിത്രശലഭങ്ങളേയും. അവർ പറയുന്നത് എന്തുതന്നെയായാലും അത് ഗൗരവമുള്ള കാര്യങ്ങളായിരിക്കും എന്നുറപ്പാണ്.

കേൾക്കാൻ പറ്റില്ലന്നേയുള്ളൂ. താമരക്കുളത്തിൽ നീന്തികളിക്കുന്ന സ്വർണ്ണമീനുകളും ഇടക്കിടെ മുട്ടിയുരുമ്മി വർത്തമാനം പറയുന്നത് കാണാം. ഇരുട്ടായി തുടങ്ങുന്നു. ഒരു ചിവീട് ചിലക്കുന്നുണ്ട്. അത് മറ്റ് ചിവീടുകളും ഏറ്റുപിടിക്കുന്നു. ഒരിടത്ത് ഒരാൾ നിർത്തുമ്പോൾ മറ്റൊരിടത്ത് മറ്റൊരാൾ തുടങ്ങും. അവർ പാട്ട് പാടുകയാണോ അതോ എന്തെങ്കിലും പറയുകയാണോ.

എനിക്കറിയാത്ത ഭാഷയിലാണെങ്കിലും ചുറ്റുമുള്ള എല്ലാവരും എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്.

പക്ഷെ...

ഗാർഡന്റെ അങ്ങേയറ്റത്ത്‌ ഒരു  ബെഞ്ചിന്റെ രണ്ടറ്റത്തായി കുനിഞ്ഞിരിക്കുന്ന ഒരേ വർഗ്ഗത്തിൽപെട്ട രണ്ട്‌ ജീവികൾ മാത്രം...

എനിക്കറിയാവുന്ന ഭാഷയിൽ സംസാരിക്കുവാൻ കഴിവുള്ള, അവർക്ക് മാത്രം ഒന്നും മിണ്ടാനുമില്ല... പറയാനുമില്ല. 

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...