തൂവൽപക്ഷം

പക്ഷമുള്ളവർക്കു-
മാത്രം സ്വന്തമത്രെ!

അഭിമാനത്തിൻ-
നീലാകാശമത്രയും!

അവകാശങ്ങൾതൻ-
നെന്മണികളത്രയും;

സ്വാർത്ഥസ്വർഗ്ഗമത്രെ-
ഭൂരിപക്ഷമെന്നും;

ത്രിശങ്കുവിലത്രെ-
ന്യൂനപക്ഷമെന്നും;

നപുംസകമത്രെ-
നിഷ്പക്ഷതയെന്നും;

സമത്വഗീതമോതു-
മെൻ ദേശപക്ഷി;

നിന്നേതുപക്ഷം-
ചേർക്കേണ്ടു ഞാൻ?

ദേശസ്‌നേഹത്തിൻ-
ഈയിളം തൂവൽ?

പൊറുക്കണം, വാ-
തുറക്കുമീ തൂവലിനോടും;

കൊടിയ പാപമത്രെ;
മൗനം പോലുമിക്കാലം!22 അഭിപ്രായങ്ങൾ:

 1. മൌനം വിദ്വാനുഭൂഷണം എന്ന ചൊല്ലിനും വിലയില്ലാതായി...
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രതികരിക്കാതിരിക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയില്‍ തെറ്റാണെന്നാണ് പറയുന്നത്. മൗനം കുറ്റകരമാണത്രെ. പക്ഷെ നേതാക്കള്‍ക്ക് മൗനം ഭൂഷണമാണ്. അമേരിക്കയുടെ യുദ്ധവിമാനങ്ങളേക്കാള്‍ ഉയര്‍ന്നുകേട്ടത് ഗോര്‍ബച്ചേവിന്റെ കൂര്‍ക്കംവലിയായിരുന്നു എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത്, ചിലരുടെ അഴിമതിയെക്കുറിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ ന്യായീകരണങ്ങളേക്കാള്‍ ഭീകരമായിരുന്നു പിണറായിയുടെ മൗനം എന്നാണ് അടക്കം പറച്ചിലുകള്‍. എല്ലാ മൂല്യച്യുതിയുടേയും കാരണം ജനങ്ങളാണ് എന്നാണ് പുതിയ കണ്ടുപിടുത്തം. ജനാധിപത്യത്തില്‍ വോട്ടുകളുടെ തൂവലുകള്‍കൊണ്ടാണ് അധികാരത്തിന്റെ ചിറകുകള്‍ (പക്ഷങ്ങള്‍) നിര്‍മ്മിക്കപ്പടുന്നത്. നന്മകളുടെ ഉയരങ്ങളിലേയ്ക്ക പറന്നുയരാന്‍ കഴിയാത്തതിന്റെ പേരില്‍ പാവം തൂവലുകളെ കുറ്റപ്പെടുത്തുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. വായനയ്ക്കു നന്ദി തങ്കപ്പന്‍ സാര്‍.

   ഇല്ലാതാക്കൂ
 2. ഞാനിപ്പോ ഏത് പക്ഷത്തിൽ പെടുമാവോ?

  ഇങ്ങിനെ ചിന്തിക്കുന്നവർക്കു പ്രത്യേകം പക്ഷം വല്ലതും ഉണ്ടോ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചേര്‍ന്നുനില്‍ക്കാന്‍ കഴിയുന്ന നല്ല പക്ഷങ്ങള്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ് ഭായ്. ഒരു പക്ഷത്തും നിന്നില്ലെങ്കില്‍ അരാഷ്ട്രീയവാദിയെന്നോ അരാജകവാദിയെന്നോ എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാതിരിക്കുവാനാണ് പലരും തമ്മില്‍ഭേദം തൊമ്മന്‍ എന്നും പറഞ്ഞ് ചിലരുടെ പക്ഷം ചേര്‍ന്നുനില്‍ക്കുന്നത്. ഉള്ളില്‍ അതൃപ്തി പുകയുന്നുണ്ട. അങ്ങനെയും ഒരു പക്ഷം ഉണ്ട്. നന്ദി ഷഹീദ് ഭായ്.

   ഇല്ലാതാക്കൂ
 3. പലപക്ഷങ്ങളിൽ ഒരു പക്ഷം പിടിച്ചേ ഒക്കൂ!!വേണമെങ്കിലും വേണ്ടെങ്കിലും!!!!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പക്ഷമുള്ളവനാണ് പക്ഷി. ഇടതുവശത്തെ ചിറകിലെ തൂവലായാലും വലതുവശത്തെ ചിറകിലെ തൂവലായാലും അതിന് ഒരു ദിക്കിലേയ്ക്ക് മാത്രമേ പറക്കുവാനാകൂ. അടിസ്ഥാനപരമായി മനുഷ്യന്‍ അത്യാഗ്രഹിയും സ്വാര്‍ത്ഥനുമാണ്. ഒറ്റയ്ക്കായാലും കൂട്ടം ചേര്‍ന്നാലും അതാണ് മനുഷ്യന്‍. രാഷ്ട്രീയവും വ്യത്യസ്തമല്ല. ജനാധിപത്യവും. പാര്‍ട്ടികളെ നിയന്ത്രിക്കുവാന്‍ പര്യാപ്തമായ നിയമങ്ങളില്ല. അതവര്‍ നിര്‍മ്മിക്കുകയുമില്ല. നശിക്കുന്ന പ്രകൃതിയും കഴിക്കുന്നതിലെല്ലാം വിഷവും. എന്താണ് നാം ഒരേദിക്കിലേയ്ക്ക മാത്രം പറന്നുകൊണ്ടിരിക്കുന്നത്. ആരാണ് നമ്മെ നയിക്കുന്നത്. അതെ സുധീ. തത്കാലം ചിറകുകളോടു ചേര്‍ന്നുനില്‍ക്കാം. ഏതുപക്ഷമാണെങ്കിലും

   ഇല്ലാതാക്കൂ
 4. ഭൂരിപക്ഷം ഏതു പക്ഷമാണെന്ന് ആദ്യം അറിയട്ടെ. എന്നിട്ടാവാം ബാക്കി...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വിജയിക്കുന്നവന്റെ പക്ഷം മാത്രം ചേര്‍ന്ന് ചേര്‍ന്ന് നമ്മള്‍ എന്നും തോറ്റുകൊണ്ടിരിക്കുയാണല്ലോ അശോകേട്ടാ.

   ഇല്ലാതാക്കൂ
 5. മനോഹരം... നല്ല കവിത സുധിയേട്ടാ..

  മറുപടിഇല്ലാതാക്കൂ
 6. പക്ഷമില്ലാത്തവന് അസ്ഥിത്വമില്ലാത്ത
  പുതിയകാലം...

  അമ്മയെ തല്ലിയാലും രണ്ട് പക്ഷം..
  തല്ലിയവൻ ഭൂരിപക്ഷമായാലും, ന്യൂനപക്ഷമായാലും നിലനിൽപ്പുണ്ട്..

  പക്ഷേ പക്ഷമില്ലാത്തവൻ നപുംസകമായി ത്രിശങ്കുവിലേക്ക് നിഷ്കാസിതനാവാൻ വിധിക്കപ്പെട്ടവനാകുന്ന ലോകം..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ സുധി. ജനാധിപത്യത്തില്‍ പക്ഷമില്ലാത്തവന്‍ അരാഷ്ട്രീയവാദിയാണ്. അരാജകവാദിയാണ് എന്നൊക്കെയാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇത്തരം ആരോപണങ്ങളിലൂടെ സ്വന്തം ദൗര്‍ബല്യങ്ങള്‍ മൂടിവെക്കുവാനാണ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ മതങ്ങളെപ്പോലെ പെരുമാറുന്നു. ഒരു പാര്‍ട്ടിയെ അന്ധമായി വിശ്വസിക്കുവാനും മറ്റുള്ളവയെ അന്ധമായി എതിര്‍ക്കവാനും നിര്‍ബന്ധിക്കുന്നു. അവര്‍ അധികാരം പങ്കുവെക്കുകയും അണികളോട് യുദ്ധം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. സ്വന്തം പാര്‍ട്ടിയിലുള്ള അഴിമതിക്കാരെ സംരക്ഷിക്കുന്നു. ജനങ്ങള്‍ നല്‍കുന്ന ചെറുതൂവലുകള്‍ ചേര്‍ത്തുവെച്ചാണ് അവന്‍ അധികാരത്തിന്റെ വലിയ ചിറകുകള്‍ ഉണ്ടാക്കുന്നത്. ചിറകുകളെ ചോദ്യം ചെയ്യാന്‍ മാത്രം തൂവലുകള്‍ വളര്‍ന്നോ എന്നതാണ് വിഷയം. രാഷ്ട്രീയക്കാരുടെ ജനനവും വളര്‍ച്ചയും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. നിയന്ത്രിക്കപ്പെടേണ്ടതാണ്.

   ഇല്ലാതാക്കൂ
 7. സുധീറിന്റെ പക്ഷം ചേരണോ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഞാന്‍ തന്നെ ഏതു പക്ഷത്തുനില്‍ക്കണമെന്നു ചിന്തിച്ചോണ്ടിരിക്കുവല്ലേ.. ബിപിന്‍ സാര്‍.

   ഇല്ലാതാക്കൂ
 8. ഭൂരിപക്ഷത്തിന്റെ പക്ഷമാണ്
  ഒട്ടുമിക്കവരും ചേരുന്ന പക്ഷം ..!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മുരളിചേട്ടാ... ഏറ്റവും കൂടുതല്‍ പേര്‍ പറയുന്ന നുണയാണ് സത്യം. ജനാധിപത്യത്തിന്റെ ഒരു മനഃശാസ്ത്രമാണത്.

   ഇല്ലാതാക്കൂ
 9. പക്ഷത്തിന് അപച്ഛ്യുതി ഏറെ സംഭവിച്ചുവെങ്കിലും പക്ഷം മാറാൻ കഴിയുന്നില്ല സുധീർഭായ്... മനസ്സ് ഇപ്പോഴും ആ പഴയ പക്ഷത്ത് തന്നെയാണ്...

  പിന്നെ... മഹാനിദ്രയിൽ നിന്നും ഉണർന്ന് ജീർണ്ണിച്ച ചിറകിനെ ഇന്ന് വെട്ടിയരിഞ്ഞുവല്ലോ... അത്രയും നല്ലത്...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരേ ലക്ഷ്യത്തിലേക്ക് പറക്കുന്ന ശരീരത്തിന്റെ രണ്ടു പക്ഷങ്ങൾ. അവ തമ്മിൽ എന്തു വ്യത്യാസം വിനുവേട്ടാ... ഹൃദയവും ബുദ്ധികേന്ദ്രവും ഒന്നു തന്നെയല്ലേ വിനുവേട്ടാ. ചിറകരിയൽ ആത്മഹത്യാപരമല്ലേ ?. പുതിയ സാധ്യതകൾ തേടേണ്ടിയിരിക്കുന്നു.

   ഇല്ലാതാക്കൂ
 10. പക്ഷമുള്ളത് തെറ്റല്ല .സത്യത്തില്‍ നിഷ്പക്ഷത എന്നൊന്നില്ല താനും .നിഷ്പക്ഷത എന്ന നാട്യമേ ഉള്ളൂ .അല്ലെങ്കില്‍ അറിവില്ലായ്മയെ ഉള്ളൂ . വേണ്ടത് പകയില്ലാത്ത മനുഷ്യത്വം മറക്കാത്ത പക്ഷമാണ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മനുഷ്യൻ എന്നും സ്വന്തം സ്വാർത്ഥ പക്ഷത്തുതന്നെയായിരുന്നു. ഇനിയും അങ്ങനെതന്നെയായിരിക്കും. പക്ഷെ രാഷ്ട്രീയം അതിനെ മുതലെടുക്കുന്നത് എങ്ങനെ ചെറുക്കും എന്നതാണ് വെല്ലുവിളി. ആശ്രിതവാത്സല്യങ്ങളെയും വോട്ടുബാങ്കുകളുടെ അത്യാഗ്രഹങ്ങളെയും എങ്ങനെ ചെറുക്കും. ജനാധിപത്യം നല്ലതുതന്നെ. പക്ഷെ പാർട്ടികൾ അതിനെ വളരെയധികം ചൂഷണം ചെയ്യുന്നുണ്ട്. ഇനിയുമേറെ പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട് ജനാധിപത്യവ്യവസ്ഥിതിയും.

   ഇല്ലാതാക്കൂ
 11. മനസ്സ് രാഷ്ട്രീയപ്പാർട്ടികൾക്കും മതഭ്രാന്തിനും മറ്റ് സ്വാർത്ഥതാല്പര്യങ്ങൾക്കും പണയപ്പെടുത്താത്തിടത്തോളം മന:സാക്ഷിയുടെ പക്ഷം പിടിക്കാം സുധീർ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വ്യക്തിപരമായി മനഃസാക്ഷിയുടെ പക്ഷം പിടിക്കാം. പക്ഷെ നമ്മുടെ വോട്ടുനേടുന്നവർ മനഃസാക്ഷിയുടെ പക്ഷം പിടിക്കുവാൻ എന്തു ചെയ്യണം എന്നതാണ് ചിന്ത.

   ഇല്ലാതാക്കൂ