ഗിഫ്റ്റ് ഓഫ് ലൗ.

കുടുംബം പോറ്റുവാന്‍ വളരെയധികം കഷ്ടപ്പെടുന്ന ഒരു ദരിദ്രനായിരുന്നു അയാള്‍. അയാളുടെ വരുമാനം ആ കുടുംബത്തിന് കഷ്ടിച്ച് വയറു നിറയ്ക്കുവാന്‍ മാത്രമേ തികയാറുള്ളൂ. ക്രിസ്‌തുമസ്സിന്‌ ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം. അയാളുടെ മൂന്നുവയസ്സുകാരി മകള്‍ ബലൂണുകളും നക്ഷത്രങ്ങളുംകൊണ്ട്‌ പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയും അലങ്കരിക്കുവാനുള്ള ഉത്സാഹത്തില്‍ കാത്തിരിക്കുകയാണ്. പക്ഷെ അവളുടെ ഉത്സാഹം അയാളെ വേദനിപ്പിച്ചു. കുഞ്ഞുമോള്‍ക്ക് ഒന്നും വാങ്ങികൊടുക്കുവാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് അയാള്‍ വളരെയധികം വിഷമിച്ചു.

തന്റെ ദാരിദ്ര്യത്തിന് കുറവൊന്നും വരുവാനിടയില്ലെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടായിരിക്കണം, മുന്‍വര്‍ഷം ബാക്കിവന്ന വര്‍ണ്ണകടലാസ്സുകഷ്ണങ്ങളും തിളക്കം നഷ്ടപ്പെട്ടു തുടങ്ങിയ ചില അലങ്കാരവസ്തുക്കളും അയാള്‍ സൂക്ഷിച്ചുവെച്ചിരുന്നു. ഇത്തവണത്തെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ അവയിലൊതുക്കാം എന്നു കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് അയാള്‍ ആ കാഴ്ച കണ്ടത്. ഭദ്രമായി എടുത്തുവെച്ചിരുന്ന ആ വര്‍ണ്ണകടലാസ്സുകള്‍ മകള്‍ വലിച്ചു താഴെയിട്ടു ചുളുക്കിയും മടക്കിയും കളിച്ച് നാശമാക്കിയിരിക്കുന്നു. അയാള്‍ക്ക്‌ അനിയന്ത്രിതമായ ദേഷ്യം വരികയും കുഞ്ഞിനെ അടിച്ചുനോവിക്കുകയും വഴക്കുപറയുകയും ചെയ്തു.

ദിവസങ്ങള്‍ കടന്നുപോയി. ക്രിസ്‌തുമസ്സ്‌ ദിവസം രാവിലെ, അയാളെ അത്ഭുതപ്പെടുത്തികൊണ്ട്‌ അവള്‍ ഒരു സമ്മാനപൊതി സന്തോഷപൂര്‍വ്വം അയാള്‍ക്കു നേരെ  നീട്ടി. 

"ഡാഡിച്ചുള്ള എന്റെ കിസ്മസ് സമ്മാനാ... മെഴി കിസ്മസ് ഡാഡി.
"

തനിക്കുള്ള സമ്മാനം പൊതിയുവാനായിരുന്നുവോ ആ  വര്‍ണ്ണകടലാസ്സുകള്‍ ഇവള്‍ വലിച്ചു താഴെയിട്ടത് ? സമ്മാനം വാങ്ങിക്കുവാന്‍ ആരായിരിക്കും ഇവള്‍ക്ക് പണം നല്‍കിയത് ? എവിടെനിന്നാണ് ഇവള്‍ സമ്മാനം വാങ്ങിയിരിക്കുക ? വളരെയധികം ആകാംക്ഷയോടെ സന്തോഷത്തോടെ, അയാള്‍ ആ പൊതി വാങ്ങി തുറന്നുനോക്കി. വര്‍ണ്ണകടലാസ്സുകൊണ്ടു പൊതിഞ്ഞു വെച്ചിരുന്നത്, ഉപയോഗശൂന്യമായി വലിച്ചെറിഞ്ഞിരുന്ന ഒരു പഴയ ഷൂ ബോക്‌സായിരുന്നു. ബോക്‌സ് തുറന്നപ്പോള്‍ അതിനകത്ത് ഒന്നും ഉണ്ടായിരുന്നില്ല. ശ്രദ്ധിച്ച് തിരിച്ചും മറിച്ചും നോക്കിയിട്ടും അയാള്‍ക്ക് ആ ബോക്‌സിനുളളില്‍ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. അത് ശൂന്യമായിരുന്നു. അയാള്‍ വാത്സല്യത്തോടെ പുഞ്ചിരിച്ചുകൊണ്ട്‌ കുഞ്ഞിനെ പറഞ്ഞുമനസ്സിലാക്കുവാന്‍ ശ്രമിച്ചു.

"ആര്‍ക്കെങ്കിലും സമ്മാനപൊതികൊടുക്കുമ്പോള്‍ അതിനുള്ളില്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലുമൊന്ന്‌ വെയ്‌ക്കണം. അപ്പോഴാണ്‌ അത്‌ ശരിക്കുമുള്ള സമ്മാനമായി മാറുക."


അവളുടെ മുഖത്തെ സന്തോഷം പൊടുന്നനെ മാഞ്ഞു. കണ്ണുകള്‍ നിറഞ്ഞു. 

"വെച്ചിരുന്നൂല്ലോ.. നാന്‍ ആ ബോസ്സില് നെറയെ ഫ്‌ലയിംഗ് കിസ്സ്‌കള് ഊതി  ഊതി നെറച്ചിരുന്നൂല്ലോ. ശത്യായിറ്റും... "

കണ്ണുകള്‍ നിറയവേ അയാള്‍ ആ കുഞ്ഞിനെ വാരിപുണര്‍ന്നുമ്മവെച്ചു. വഴക്കുപറഞ്ഞതിലും അടിച്ചതിലും അയാള്‍ക്ക്‌ കുറ്റബോധം തോന്നി. മനുഷ്യനു നല്‍കാവുന്നതും ലഭിക്കാവുന്നതുമായ ഏറ്റവും മികച്ച സമ്മാനമാണ് നിഷ്‌കളങ്കമായ സ്‌നേഹം. തിരിച്ചറിവുകള്‍. അവയെപ്പോഴും വൈകിയാണ് വരിക. 

ചിലര്‍ക്ക് ദുരിതങ്ങളുടേയും വേദനകളുടേയും തുടര്‍ച്ചയാണു ജീവിതം. അടുത്ത വര്‍ഷം ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ ആ കുഞ്ഞ് ജീവിച്ചിരുന്നില്ല. കടുത്ത പനിയെതുടര്‍ന്ന് വേര്‍പാടിന്റെ വേദന കൂടി സമ്മാനിച്ചുകൊണ്ട്, ആ കുഞ്ഞ്, ഈ ലോകത്തില്‍നിന്നും വിട പറയുകയായിരുന്നു. കുഞ്ഞുമകള്‍ സമ്മാനിച്ച വര്‍ണ്ണകടലാസ്സിനാല്‍  പൊതിയപ്പെട്ട ആ ഗിഫ്റ്റ് ബോക്‌സ്  ഇപ്പോഴും അയാള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു.  ഇടക്കിടെ അയാള്‍ ആ ബോക്‌സ്‌ തുറന്നുനോക്കും. അപ്പോള്‍ അതില്‍നിന്നും കുഞ്ഞുമ്മകള്‍ പറന്നുയരുന്നതായും, അവ ചിത്രശലഭങ്ങളേപ്പോലെ  കവിളില്‍  വന്നിരിക്കുന്നതായും അനുഭവപ്പെടും. 

(ഒരു ഇംഗ്ലീഷ് നാടോടികഥയുടെ മലയാള ആവിഷ്‌കാരം.)
.......................................................................
വരവേല്‍ക്കാം. നന്മയുടെ പിറവിയും പ്രതീക്ഷകളുടെ ഉദയവും. എല്ലാ സുഹൃത്തുക്കള്‍ക്കും ക്രിസ്‌തുമസ്സ്‌ പുതുവത്സര ആശംസകള്‍. 

49 അഭിപ്രായങ്ങൾ:

 1. കണ്ണും മനസ്സും നിറയിക്കുന്ന കഥ. ലോകത്തിനു നൽകാൻ ഇത് പോലെ എത്രയെത്ര സമ്മാനങ്ങൾ ബാക്കി വെച്ചു കൊണ്ടാണ് സിറിയയിലും ഗാസയിലും പെഷവാറിലും കുഞ്ഞു മാലാഖമാർ പൊഴിഞ്ഞു വീഴുന്നത്... എങ്കിലും നന്മകൾ പൂക്കുന്ന 'നാളെ'കളിലേക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. ക്രിസ്തുമസ് പുതുവത്സര ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. "നന്മകള്‍ പൂക്കുന്ന നാളെകള്‍..." നന്ദി കൊച്ചുഗോവിന്ദന്‍ ഭായ്.

   ഇല്ലാതാക്കൂ
 2. കുഞ്ഞുങ്ങള്‍! അവര്‍ തന്നെ സമ്മാനങ്ങളെന്ന് ചിലര്‍ പറയുന്നുണ്ട്!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തീര്‍ച്ചയായും അജിത്തേട്ടാ... വളരെ നന്ദി..

   ഇല്ലാതാക്കൂ
 3. നിഷ്കളങ്കമായ സ്നേഹത്തിന്‍റെ കരളലിയിപ്പിക്കുന്ന കഥ.
  നന്മ നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആശംസകള്‍ക്കു നന്ദി തങ്കപ്പന്‍ സാര്‍.

   ഇല്ലാതാക്കൂ
 4. ഷ്കളങ്കമായ സ്നേഹം -പുതുവത്സര-ക്രിസ്തുമസ് ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 5. മറുപടികൾ
  1. കുഞ്ഞനെ ഇഷ്ടപ്പെട്ടുവെന്ന് കുറിച്ചതിന് നന്ദി ഭായ്.

   ഇല്ലാതാക്കൂ
 6. ആയിരങ്ങൾ വിലയുള്ള ക്രിസ്തുമസ് ട്രീ, മിന്നുന്ന അദ്ഭുത വിളക്കുകൾ, സ്റ്റാറു കൾ, കേക്കുകൾ, പിന്നെ ആർഭാടമായ ആഹാരം. ഇതെല്ലാം പുൽക്കൂട്ടിൽ ജനിച്ച ലോകത്തിന് സ്നേഹം മാത്രം നൽകിയ ആ പാവത്തിന്റെ ജനമദിനം ആഘോഷിയ്ക്കാൻ ആണ്! കഥയിലെ കുഞ്ഞുങ്ങളെ പ്പോലെ പതിനായിരക്കണക്കിനു കുഞ്ഞുങ്ങളാണ് സ്നേഹം മാത്രം സമ്മാനമായി കിട്ടുന്ന ക്രിസ്തുമസ് ആഘോഷിയ്ക്കുന്നത്. നല്ല കഥ സുധീർദാസ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വേദനിപ്പിക്കുന്ന ഒരു സത്യം... അഭിപ്രായത്തിന് നന്ദി ബിപിന്‍ ഭായ്.

   ഇല്ലാതാക്കൂ
 7. കുഞ്ഞോര്‍മ്മകള്‍.....വ്യഥിതം!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കഥയുടെ നോവ് പങ്കുവെച്ചതിന് നന്ദി മാഷെ...

   ഇല്ലാതാക്കൂ
 8. ക്രൂശിതനായ കർത്താവും ഇതുപോലെ നിഷ്കളങ്കമായ സ്നേഹം നമുക്ക് നല്കിയിരുന്നു എന്ന സത്യത്തെ ഒന്ന് കൂടി ഓർത്തെടുക്കാൻ ഈ കുഞ്ഞുമകൾ കാരണമാകട്ടെ .....
  ഒരു നല്ല ക്രിസ്ത്മസ് സമ്മാനം ......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നല്ല വാക്കുകള്‍ക്ക് നന്ദി ബിസ്മിതാജി.

   ഇല്ലാതാക്കൂ
 9. കുഞ്ഞുങ്ങൾ അത് തന്നെയാ സമ്മാനം.... അജിത്തിന്റെ വാക്കുകൾ കടമെടുക്കുന്നൂ,,,,നല്ല കഥ മുൻപെവിടെയോ വായിച്ചിരുന്നു...ആശംസകൾ സുധീർദാസ്

  മറുപടിഇല്ലാതാക്കൂ
 10. നല്ല സ്നേഹ സമ്മാനം ഇഷ്മായി ഒരു കുഞ്ഞു കഥ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അഭിപ്രായം കുറിച്ചിട്ടതിന് വളരെ നന്ദി. അഷ്‌റഫ് സുലൈമാന്‍

   ഇല്ലാതാക്കൂ
 11. ഇവിടെ ആദ്യമാണ്. കുറച്ചു വാക്കുകളില്‍ ഉള്ളില്‍ത്തട്ടും വിധം മെനഞ്ഞ കഥ. ഇംഗ്ലീഷ് കഥ മലയാളത്തില്‍ ആവിഷ്ക്കരിക്കുമ്പോഴും തനത് ഹൃദ്യത നിലനിര്‍ത്തണമല്ലോ? ആയതില്‍ കഥ വിജയിച്ചിരിക്കുന്നു. ക്രിസ്മസ് ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മറന്നുകാണും. ആദ്യമായിട്ടൊന്നുമല്ലാട്ടോ ഇവിടെ വരുന്നത്. ഇതിനു മുന്‍പ് "ശേഷിപ്പുകള്‍" എന്ന കഥ വായിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും വേണുചേട്ടന്‍ ഇവിടെ വന്നിട്ടുണ്ട്. നല്ലവാക്കുകള്‍ക്ക് ആത്മാര്‍ത്ഥമായ നന്ദി.

   ഇല്ലാതാക്കൂ
 12. കുഞ്ഞു കഥ - ഉള്ളിൽ തട്ടുന്ന വിധം പറഞ്ഞു.
  അവസാന രണ്ടു പാരഗ്രാഫ് ഇല്ലാതെ തന്നെ ഇത് നല്ല കഥയാണ്‌. ആ പാരഗ്രാഫ് സെന്റിമെൻസിനു വേണ്ടി നിര്ബന്ധ ബുദ്ധിയോടെ ചേര്ത്ത പോലെ. മറ്റൊന്ന് കുഞ്ഞിന്റെ സംഭാഷണം നാല് വയസ്സുകാരിയുടെതാണോ എന്നെനിക്കു തോന്നൽ.

  മറുപടിഇല്ലാതാക്കൂ
 13. ഇംഗ്ലീഷ് കഥയുടെ ആവിഷ്കാരം ആണല്ലേ- എങ്കിലും ഇത് വായിക്കുമ്പോൾ എനിക്ക് തോന്നുന്ന അഭിപ്രായം മേല്പ്പറഞ്ഞത്‌ തന്നെയാണ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അങ്ങനെയും തോന്നുന്നുണ്ട് അല്ലേ... ആത്മാര്‍ത്ഥമായ അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷം. ഇനിയെഴുതുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ ശ്രദ്ധിക്കും. വളരെ നന്ദി.

   ഇല്ലാതാക്കൂ
 14. സ്വതന്ത്ര വിവർത്തനം അല്ലേ...? അപ്പോൾ എനിക്കൊരു പാരയാകുമല്ലോ സുധീർ ഭായ്‌? :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇല്ല വിനുവേട്ടാ... ഉപ്പോളം വരില്ല ഉപ്പിലിട്ടത്. നന്ദി.

   ഇല്ലാതാക്കൂ
 15. സ്വതന്ത്രമായി വിവർത്തനം ചെയ്ത
  ഈ നാടോടിക്കഥ , ഞാൻ ഒരാഴ്ച്ച മുമ്പ്
  ഒരു മൊബൈൽ വായന നടത്തിയിരുന്നു..

  അതെ പലർക്കും പല ദുരിതങ്ങളൂടേയു വേദനകളുടേയും
  ഒരു തുടർച്ചതന്നെയാണ് ബാക്കി ജീവിച്ച് തീർക്കുന്ന ജീവിതം ...!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി.. മുരളിചേട്ടാ... പുതുവത്സരാശംസകള്‍.

   ഇല്ലാതാക്കൂ
 16. സങ്കടപെടുത്തി :( ,,,
  ------------
  ഹാപ്പി ന്യൂ ഇയര്‍ സുധീര്‍ ജി ,, എല്ലാ നനമകളും നേരുന്നു ,,,

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സന്തോഷം.. നന്ദി... ഫൈസല്‍ ഭായ്. പുതുവത്സരാശംസകള്‍.

   ഇല്ലാതാക്കൂ
 17. ഉള്ളിൽ തട്ടുന്നൊരു കൊച്ചു കഥ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇതും വായിച്ചുവല്ലേ.. ഒരുപാട് നന്ദി ഭായ്.

   ഇല്ലാതാക്കൂ
 18. Kuttinanassu nishakalankam! Manoharamayi avishkarichu!

  മറുപടിഇല്ലാതാക്കൂ