കലികാലവൈഭവം

നേരുപറഞ്ഞാല്‍ കഞ്ഞിയില്ലാ നാട്ടില്‍.
വിളയുന്നതെല്ലാം നട്ടാല്‍മുളയ്ക്കാത്ത നുണകള്‍.

നന്മക്കായി വിതയ്ക്കും നുണകളെല്ലാം
സത്യങ്ങള്‍തന്നെയെന്ന് ഭഗവദ്‌സൂക്തവും.

ഇനി കക്കാന്‍ പഠിക്കണം, നിക്കാന്‍ പഠിക്കണം,
കൈനനയാതെ മീന്‍ പിടിക്കാന്‍ പഠിക്കണം.

ചോരപൊടിയാതെ മുറിക്കാന്‍ പഠിക്കണം.
കൊടുക്കാന്‍ പഠിയ്ക്കണം വാടകയ്ക്കു നാക്കും.

ഞെളിഞ്ഞു നിവര്‍ന്നങ്ങനെ നില്‍ക്കണം,
മുണ്ടുടുക്കാത്തൊരു മുറിമൂക്കന്‍ രാജനെപോല്‍,

നഗ്നനെന്നുറക്കെ വിളിക്കും നിഷ്‌കളങ്കനെ,.
നാവുകടിച്ചുപിടിച്ചു കാലുമടക്കിതൊഴിക്കണം.

ചേരയെതിന്നുന്ന നാടുകാണാന്‍ പോകണം,
നീളന്‍ നടുകഷ്ണമൊന്നു കടിച്ചുപറിയ്ക്കണം.

പറഞ്ഞുനില്‍ക്കുവാനൊട്ടും നേരമില്ലെനിക്ക്,
നാടോടുകയാണ്, ഒത്തനടുവിലൂടെയീ ഞാനും.

നില്‍ക്കുന്നിടത്തുതന്നെയുറച്ചുനില്‍ക്കുവാന്‍,
ഓടിക്കൊണ്ടേയിരിക്കണമെന്നതത്രെ പുതുമൊഴി.