മന്തുകാലപ്രണയം

മണ്ണിലൊളിച്ചിരുന്ന കാലിടതോ വലതോ,
കണ്‍മുമ്പിലേയ്ക്കു നീട്ടിവെച്ച കാലിടതോ വലതോ,
കാലേതെങ്കിലുമാട്ടെ, കേട്ടതോര്‍മ്മയുണ്ടോ?
"എന്റെ കാലിലല്ല, എന്റെ കാലിലല്ല മന്തെ"ന്ന്.

കാലുറച്ച മണ്ണെല്ലാമൊലിച്ചുപോകവേ,
നഗ്നമാണിപ്പോള്‍ ഇടംവലംകാലുകള്‍,
ഇരുകാലുകളിലും മന്തുകാണുവാനാകാതെ,
സ്തബ്ദരായി നില്‍പ്പൂ ദോഷൈകദൃക്കുകള്‍.

ഒട്ടിച്ചേര്‍ന്നിരുന്നിട്ടും മറച്ചുവെച്ചതില്‍;
മനംനൊന്തകലെമാറി കിടപ്പാണത്രെ മന്ത്.
മണ്ണിന്‍മേലെ താനേവളര്‍ന്നുമുഴച്ചുനില്‍ക്കും;
മാറാപ്പുപോല്‍ ചന്തമെഴുമൊരു പെരുംമന്ത്.

മണ്ണിന്‍മറയില്ലാതെ വരട്ടുചൊറികളുമായി,
നാണിച്ചുനില്‍പ്പുണ്ട് ശുഷ്‌കിച്ച കാലുകള്‍.
ചൊറിഞ്ഞൊലിക്കും ഇടംവലംകാലുകള്‍ക്കിന്ന്‌,
അകന്നുമാറികിടക്കും മന്തിനോടാണു പ്രിയം.

മാന്തിമടുത്ത വരട്ടുചൊറി മറച്ചുവെക്കുവാന്‍,
കരുത്തുചോര്‍ന്നിട്ടില്ലെന്നു തെളിയിക്കുവാന്‍,
വേരുകളറ്റയീമണ്ണിലിനിയുമുറച്ചുനില്‍ക്കുവാന്‍,
കാലുകള്‍ക്കിനി മന്തുമാത്രമാണൊരാശ്രയം.

മന്തിന്‍മനം മാറ്റുവാനാണിന്നുകിടമത്സരം,
മന്തിനുവേണ്ടിയാണിന്നു മണ്ണില്‍ ദ്വന്ദയുദ്ധം,
മാടിവിളിച്ചും കണ്ണെറിഞ്ഞും നാണത്താല്‍-
കളംവരച്ചും ഇടംവലംകാല്‍പെരുവിരലുകള്‍.

ആസനത്തില്‍ മുളയ്ക്കും ആലിനേക്കാള്‍,
അഴകാണത്രെ മന്തിന്‍മുഴുമുഴുപ്പും മിഴിവും.
മന്തെന്തന്നറിയാത്ത മണ്ണിന്‍മക്കള്‍ പൊറുക്കുക;
മന്തിനാണിന്നുമൂല്യം, മന്തുള്ളവനാണിന്നു താരം.

39 അഭിപ്രായങ്ങൾ:

 1. വിമർശനം അസ്സലായി. പക്ഷെ ഒരു കാര്യവുമില്ല സർ, നാണമില്ലാത്തവർക്ക് തണൽ വിരിച്ച് പന്തലിച്ച് നിൽക്കുന്ന ആലുകൾ കൊണ്ട് നാടും നഗരവും തിങ്ങി നിറഞ്ഞു കഴിഞ്ഞു. നാണം തോന്നുന്നവർ പുറത്ത് പോവുകയേ രക്ഷയുള്ളൂ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അഭിനയിക്കുകയാണ് ടീച്ചര്‍... അവര്‍ നാണമില്ലെന്ന് അഭിനയിക്കുകയാണ്. ഭൂരിപക്ഷവും പ്രതികരിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അവര്‍ക്ക് അഭിനയം തുടരുവാന്‍ കഴിയുന്നത്. പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയാലും വോട്ട് പങ്കുവെക്കുവാന്‍ അധികമാരും ഇല്ലായെന്നുള്ള അഹംഭാവം കൂടിയാണത്...... വായനയ്ക്കും കുറിച്ചിട്ട വാക്കുകള്‍ക്കും നന്ദി ടീച്ചര്‍.

   ഇല്ലാതാക്കൂ
 2. "എന്‍ കാലില്ല..........."എന്നത്......?
  ശക്തമായ വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി തങ്കപ്പന്‍ സാര്‍... അക്ഷരതെറ്റ് പൊറുക്കണം. "എന്റെ കാലിലല്ല" എന്ന് തിരുത്തുന്നു

   ഇല്ലാതാക്കൂ
  2. കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യം...ആശംസകൾ

   ഇല്ലാതാക്കൂ
  3. സുരേന്ദ്രന്‍ സാറിന്റെ വാക്കുകള്‍ പ്രചോദനമേകുന്നു. വളരെ നന്ദി സാര്‍..

   ഇല്ലാതാക്കൂ
 3. അജ്ഞാതന്‍08 നവംബർ, 2014

  നന്നായിരിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 4. വളരെ ശരി. !! ച്യുതികൾക്കാണിന്നു മൂല്യം... മൂല്യങ്ങൾക്കാണിന്നു ച്യുതി...

  നല്ല കവിത

  ശുഭാശംസകൾ....


  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആഗമനത്തിനും ആസ്വാദനത്തിനും ആത്മാര്‍ത്ഥമായ നന്ദി... സൗഗന്ധികം

   ഇല്ലാതാക്കൂ
 5. മറുപടികൾ
  1. വരവിനും വായനയ്ക്കും നന്ദീട്ടോ ഭായ്.

   ഇല്ലാതാക്കൂ
 6. ഇടത്തെ കാലിലെ മന്ത് വലത്തേ കാലിലേക്കും വലത്തേ കാലിലെ മന്ത് ഇടത്തേ കാലിലേക്കും ഓരോ അഞ്ചുവർഷം കൂടുമ്പോഴും മാറിമാറി പരീക്ഷിച്ചിട്ടും രക്ഷ നേടാനാവാത്ത ഒരുകൂട്ടം മനുഷ്യരുടെ പ്രതിനിധിയാണ് ഞാനും.......

  കവിത നന്നായി.....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആദര്‍ശ രാഷ്ട്രീയത്തില്‍നിന്ന് പ്രായോഗിക രാഷ്രീയത്തിലേയ്ക്കുള്ള മാറ്റം അതീവഭീകരം തന്നെ. എല്ലാവരും സഹിക്കുകയാണ്. പ്രതികരിക്കുന്നില്ല. വായനയ്ക്ക് നന്ദി മാഷെ..

   ഇല്ലാതാക്കൂ
 7. തണലാക്കുന്നവരും തണലാക്കിക്കൊടുക്കുന്നവരും...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ജനാധിപത്യത്തെ വിറ്റുകാശാക്കുന്ന ബ്രോക്കര്‍മാരായി നമ്മുടെ രാഷ്ട്രീയക്കാര്‍ അധഃപതിച്ചു എന്നത് വേദനിപ്പിക്കുന്ന ഒരു സത്യമാണ്. നന്ദി റാംജി ഭായ്.

   ഇല്ലാതാക്കൂ
 8. വേറെ മാർഗങ്ങൾ ഇല്ലാഞ്ഞിട്ടാണോ അതോ പ്രതികരണശേഷിയില്ലാത്തതോ....?


  കവിത നന്നായി ട്ടോ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആരും പ്രതികരിക്കുവാന്‍ തയ്യാറാവുന്നില്ല, എന്നു മാത്രമല്ല, ചേരിതിരിഞ്ഞ് ന്യായീകരിക്കുന്നു എന്നതുകൂടിയാണ് ഏറെ വിഷമകരം. ദുര്‍ജ്ജനങ്ങളുടെ പ്രവൃത്തികളേക്കാള്‍ വിനാശകരമായിട്ടുള്ളത് സജ്ജനങ്ങളുടെ നിശ്ശബ്ദതയാണല്ലോ.. കവിത നന്നായി എന്നു കുറിച്ചിട്ടതില്‍ വളരെ സന്തോഷം... നന്ദി കുഞ്ഞൂസ്...

   ഇല്ലാതാക്കൂ
 9. കൊള്ളാം...,
  നന്നായിരിക്കുന്നു.., ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നല്ല വാക്കുകള്‍ക്ക് നന്ദി... ശിഹാബുദ്ദീന്‍.

   ഇല്ലാതാക്കൂ
 10. ഇതിനാലാകും 'ഇവര്‍ ' ഇടയ്ക്കിടെ വീടു തോറും 'മന്ത്'ഗുളികകളുമായി വരുന്നത് അല്ലേ ?ക്ക്യും കിട്ടണം പണമെന്നു നിണവും,പിണവും ഒച്ച വെക്കും കാലം !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹ...ഹ.. ഹ... നാട്ടുകാരെങ്കിലും മന്തില്‍നിന്നും രക്ഷപ്പെട്ടോട്ടെ എന്നു കരുതിയിട്ടാകും അല്ലേ... നല്ലൊരു കമന്‍ിട്ടതിന് സ്‌പെഷ്യല്‍ താങ്ക്‌സ്‌ട്ടോ മാഷെ..

   ഇല്ലാതാക്കൂ
 11. വാക്കും വരികളും അതിലെ ഒഴുക്കും ഇഷ്ടപ്പെട്ടു.
  മന്തെന്തെന്നറിയാത്ത ചെറുത് സദയം പൊറുത്ത് മാപ്പാക്കിയിരിക്കുന്നു.
  രാഷ്ട്രീയം അത്ര ദഹിക്കാത്തോണ്ടാവും; പക്ഷേ കമൻറുകള് വഴി കറങ്ങിയപ്പൊ ഒക്കേം മനസ്സിലായി.

  ആദർശമാണ് നമ്മുടേം ഒരു ലൈൻ, പ്രായോഗികം ആരോഗ്യത്തിനു ഹാനികരമാണെന്നെ ;)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചെറുതിനോട് ഒരു വലിയ നമസ്‌കാരം... പ്രായോഗികം ആരോഗ്യത്തിനു ഹാനികരമാണോ.. നേരെയുള്ള വഴി നല്ലതാണെങ്കിലും അല്‍പ്പം പ്രയാസമുള്ളതായിരിക്കും. വിജയങ്ങളിലേയ്ക്ക് കുറുക്കുവഴികളില്ലാ എന്നു പറയുന്നതുപോലെ.. പക്ഷെ കഷ്ടപ്പെടാനും ബുദ്ധിമുട്ടാനും ഒന്നും ആര്‍ക്കും സമയമില്ലെന്നേ... അതുകൊണ്ട് എല്ലാവര്‍ക്കും കുറുക്കുവഴികളും എളുപ്പവഴികളുമാണ് താത്പര്യം എന്നാണ് എനിക്കു തോന്നുന്നത്. കമന്റ് ഇഷ്ടായിട്ടോ... വളരെ നന്ദി..

   ഇല്ലാതാക്കൂ
 12. അര്‍ത്ഥവും പ്രാസവുമൊത്ത വരികള്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇമ്മിണി ബല്ല്യ താങ്ക്‌സ്‌ട്ടോ ജോസ്ലെറ്റ് ഭായ്.

   ഇല്ലാതാക്കൂ
 13. സംഭവം ശരിയാണ് സുധീർഭായ്... മർമ്മത്തിൽ തന്നെ കൊട്ട്...

  പക്ഷേ, ഒന്നോർത്താൽ നാം കേരളത്തിലുള്ളവർ മറ്റു സംസ്ഥാനങ്ങളിലുള്ളവരെ അപേക്ഷിച്ച് എന്ത്കൊണ്ടും അനുഗ്രഹീതർ തന്നെയല്ലേ...?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അത് ശരിയാണ് വിനുവേട്ടാ... തീര്‍ച്ചയായും. പക്ഷെ കച്ചവടതാത്പര്യങ്ങളുടെ അനുപാതം അപകടകരമായ നിലയില്‍ എത്തിയിരിക്കുന്നു എന്നതും സത്യമല്ലേ...

   ഇല്ലാതാക്കൂ
 14. മർമ്മം അറിഞ്ഞുള്ള അസ്സലൊരു കൊട്ട് പാട്ട് ..!

  മാറി മാറി കാലുകളിലേക്ക് മാറ്റിയാലും
  ആസനത്തിലെ ആൽമരച്ചോട്ടിലെ തണൽ
  തേടി നടക്കും കാലം വരെ നമ്മളൊക്കെ ഈ
  മന്ത് ചുമക്കേണ്ടി വരും അല്ലേ ഭായ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മുരളിചേട്ടാ മര്‍മ്മത്തില്‍തന്നെ പിടിച്ചു അല്ലേ.

   ഇല്ലാതാക്കൂ
 15. മന്ത് എന്താണെന്നങ്ങ് പിടികിട്ടുന്നില്ല. കാർട്ടൂണും കണ്ടു. കമന്റുകളും വായിച്ചു. കവിത വീണ്ടും വായിച്ചു....
  അന്യായമായി സമ്പാദിച്ച് ഒളിപ്പിച്ചുവച്ച ധനം ആണോ മന്തായിട്ട് മുഴച്ചു നിൽക്കുന്നത് ?

  എന്തായാലും വരികളും അവതരണവും നന്നായിട്ടുണ്ട്.
  ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സ്വന്തം കുറവുകള്‍ മറച്ചുപിടിച്ച് മറ്റുള്ളവരുടെ കുറവുകളെ ചൂണ്ടിക്കാണിച്ച് പരിഹസിക്കുന്നതിനെ "സ്വന്തം കാലിലെ മന്ത് മണ്ണില്‍ താഴ്ത്തി, മറ്റൊരാളുടെ കാലിലെ മന്തിനെ നോക്കി പരിഹസിക്കുക", എന്ന് വ്യംഗ്യാര്‍ത്ഥത്തില്‍ പറയാറില്ലേ... അതിനെ രാഷ്ട്രീയമായി അവതരിപ്പിച്ചു എന്നു മാത്രം... വായനയ്ക്കും കമന്റിനും നന്ദി ഹരിനാഥ് ഭായ്.

   ഇല്ലാതാക്കൂ
  2. അതുകൊള്ളാം..... :)
   വിശദീകരിച്ചുതന്നതിന്‌ Thanks....

   ഇല്ലാതാക്കൂ
 16. അത് ഗംഭീരം ഭരണ മന്ത് അധികാര മന്ത് രോഗികൾ വരികൾ മനോഹരമായി

  മറുപടിഇല്ലാതാക്കൂ
 17. ഇന്നത്തെ ലോകത്തില്‍ മന്തിന്റെ പ്രാധാന്യം അത്രയ്ക്കുണ്ട് ...നന്നായി ..!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇപ്പോള്‍ മോഷ്ടിക്കാനറിയുന്നവനാണത്രെ കൂട്ടത്തില്‍ കേമന്‍. ഓരോരോ അന്ധവിശ്വാസങ്ങള്‍... അല്ലാതെന്താ പറയ്യാ. അല്ലേ സലീം ഭായ്. ആസ്വാദനത്തിന് നന്ദീട്ടോ ഭായ്.

   ഇല്ലാതാക്കൂ