മൂന്ന് അരിപ്പകള്‍

ഗ്രീക്ക് തത്വചിന്തകനായിരുന്ന സോക്രട്ടീസിനെ കണ്ടുമുട്ടിയപ്പോള്‍, പരിചയക്കാരനായ ഒരു വ്യക്തി
അദ്ദേഹത്തോടു ചോദിച്ചു.

"അതെ... നിങ്ങളറിഞ്ഞോ.... നിങ്ങളുടെ സുഹൃത്തിനെകുറിച്ചുള്ള ആ വാര്‍ത്ത..."

സോക്രട്ടീസ് സംശയത്തോടെ കണ്ണുകളുയര്‍ത്തി.

"ഞാന്‍ കരുതി നിങ്ങള്‍ ഇതിനോടകം അറിഞ്ഞുകാണുമെന്ന്... എന്താണെന്നോ?"

അയാളുടെ സംസാരം തടസ്സപ്പെടുത്തികൊണ്ട്,, സോക്രട്ടീസ് പറഞ്ഞു.

"ഒരു നിമിഷം... നിങ്ങള്‍ പറയുവാന്‍ തുടങ്ങുന്നത് എന്തുതന്നെയായാലും.... എനിക്കത് മൂന്നു അരിപ്പകളിലൂടെ അരിച്ചെടുക്കേണ്ടതായിട്ടുണ്ട്.."

"അരിച്ചെടുക്കുകയോ... മൂന്നു അരിപ്പകളിലൂടെയോ..."

"അതെ മൂന്ന് അരിപ്പകള്‍. അതിനായി ഞാന്‍ മൂന്നു ചോദ്യങ്ങള്‍ ചോദിക്കും... താങ്കള്‍ അവയ്‌ക്കെല്ലാം വ്യക്തമായ മറുപടി തരണം..."

"അതു കൊള്ളാമല്ലോ... ശരി. ചോദിച്ചോളൂ."

"ആദ്യത്തെ ' അരിപ്പ ' സത്യമാണ്... ചോദ്യം ഇതാണ്. നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന വാര്‍ത്ത സത്യമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ.?"

"അങ്ങനെ ചോദിച്ചാല്‍... എനിക്കുറപ്പില്ല... ഞാന്‍ മറ്റൊരാളില്‍നിന്നുമാണ് ഇക്കാര്യം അറിഞ്ഞത്.... താങ്കളുടെ  സൃഹൃത്തിനെക്കുറിച്ചായതിനാല്‍, അറിഞ്ഞത് നിങ്ങളോടു പങ്കുവെക്കുവാന്‍ കരുതിയെന്നു മാത്രം."

"ഓ..... അപ്പോള്‍ നിങ്ങള്‍ പറയുവാനുദ്ദേശ്ശിക്കുന്നത് സത്യമോ... അസത്യമോ എന്ന് നിങ്ങള്‍ക്ക് ഉറപ്പില്ല... ശരി. അരിച്ചെടുക്കലിന്റെ രണ്ടാംഘട്ടത്തിലേയ്ക്കു പോകാം. രണ്ടാത്തെ 'അരിപ്പ ' യെന്നാല്‍ നന്മയാണ്... അതായത്, നിങ്ങള്‍ പറയുവാന്‍ ആഗ്രഹിക്കുന്ന, അതായത്, എന്റെ സുഹൃത്തിനെ സംബന്ധിക്കുന്ന ആ വാര്‍ത്ത നല്ലതാണോ.? അതോ...

"അല്ലേയല്ല.. ഒട്ടും നല്ല വാര്‍ത്തയല്ല... സത്യം പറഞ്ഞാല്‍  നിങ്ങളുടെ സുഹൃത്തിനെ സംബന്ധിക്കുന്ന ഒരു മോശം വാര്‍ത്തയാണ്.."

"ശരി.... അപ്പോള്‍ എന്റെ സുഹൃത്തിനെക്കുറിച്ച് ഒരു മോശം കാര്യമാണ് നിങ്ങള്‍ പറയുവാനുദ്ദേശ്ശിക്കുന്നത്... എന്നാലത് സത്യമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുമില്ല. ശരി... എങ്കിലും മൂന്നാമത്തെ ഘട്ടത്തിലേയ്ക്കു പോകാം. അതും ഒഴിവാക്കുവാന്‍ കഴിയാത്തതാണ്. മൂന്നാമത്തെ അരിപ്പയെന്നാല്‍  പ്രയോജനം... അതായത്. എന്റെ സുഹൃത്തിനെ സംബന്ധിക്കുന്ന ആ വാര്‍ത്ത അറിഞ്ഞതുകൊണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടായോ....  ആ വാര്‍ത്ത എനിയ്‌ക്കോ എന്റെ സുഹൃത്തിനോ, അതുമല്ലെങ്കില്‍, നിങ്ങള്‍ക്കുതന്നെയോ, എന്തെങ്കിലും തരത്തില്‍,
 പ്രയോജനപ്രദമായിട്ടുള്ള കാര്യമാണോ.?"

"പ്രത്യകിച്ച് പ്രയോജനമൊന്നുമില്ല. എങ്കിലും... അറിഞ്ഞ കാര്യം നിങ്ങളെയും..."

"ഒന്നാമതായി നിങ്ങള്‍ പറയുവാന്‍ പോകുന്ന വാര്‍ത്ത സത്യമാണെന്ന് നിങ്ങള്‍പോലും വിശ്വസിക്കുന്നില്ല... രണ്ടാമതായി അത്‌  ഒട്ടും നല്ല വാര്‍ത്തയുമല്ല... മൂന്നാമതായി അതറിഞ്ഞതുകൊണ്ട് എനിയ്‌ക്കോ എന്റെ സുഹൃത്തിനോ, യാതൊരു പ്രയോജനവും ഉണ്ടാകുമെന്നും നിങ്ങള്‍ കരുതുന്നില്ല... എങ്കില്‍ പിന്നെ എന്തിനാണ് സുഹൃത്തെ, അക്കാര്യം നിങ്ങള്‍ എന്നോട് പറയുവാന്‍ ആഗ്രഹിക്കുന്നത്.... ക്ഷമിക്കണം സുഹൃത്തെ, എല്ലാ വാര്‍ത്തകളും അറിയണമെന്ന് എനിയ്ക്കാഗ്രഹമില്ല."