ഓണമധുരം

ചോരും കൂരയില്‍ ചോരാത്ത മൂലയില്‍;
ഇരുണ്ടമാനം തെളിയാനൊരു കാത്തിരിപ്പ്‌.
കനലുകള്‍ എരിയും കല്ലടുപ്പിന്‍ ചാരെ;
അരിമണികള്‍ വേവാനൊരു കാത്തിരിപ്പ്‌.

മിഥുനം വ്യസനം കര്‍ക്കിടകം ദുരിതം;
അച്ഛമ്മയുടെ നെടുവീര്‍പ്പിലുമൊരു കാത്തിരിപ്പ്‌.
പാലിക്കാന്‍ വാക്കുകളും വീട്ടാന്‍ കടങ്ങളും;
അച്ഛന്റെ ഇടനെഞ്ചിലുമൊരു കാത്തിരിപ്പ്‌.

വിളയും പൊന്നെല്ലാം കൊയ്‌തുമെതിക്കാന്‍;
അരിവാളൊരുക്കി അമ്മയ്‌ക്കുമൊരു കാത്തിരിപ്പ്‌
നിക്കറിന്റെയറ്റങ്ങള്‍ കൂട്ടികെട്ടിമടുത്തോരെനിക്ക്‌;
പുത്തന്‍ കുപ്പായത്തിനായൊരു കാത്തിരിപ്പ്‌.

ഒടുവിലെത്തുമോണം ചിങ്ങചേലയുമണിഞ്ഞ്‌
അച്ഛന്റെയിടനെഞ്ചിലൊരു കുളിര്‍മഴയായ്‌,
അമ്മതന്‍ചിരിയില്‍ മുല്ലമൊട്ടിന്‍ വസന്തമായ്‌;
പുത്തന്‍കുപ്പായമിട്ടൂഞ്ഞാലാടിയൊരോണം.

കാത്തിരിക്കാറില്ല ഞാനിപ്പോള്‍ ഒന്നിനുമായ്‌
വിശപ്പിനേക്കാളേറെ ആര്‍ത്തിയാണെനിക്കിന്ന്‌;
നിക്കറുകളുമേറെ, ഏതിടണമെന്ന ശങ്ക മാത്രം.
കാത്തിരിപ്പായിരുന്നുവോ ഓണത്തിന്‍ മധുരവും?


45 അഭിപ്രായങ്ങൾ:

 1. ഇല്ലായ്മയുടെ സുഖം ഒന്നു വേറെതന്നെയാണ് - മനുഷ്യന് ജീവിതത്തിൽ പ്രതീക്ഷകളും, ലക്ഷ്യങ്ങളുമുണ്ടാവുന്നത് അപ്പോഴാണ് - വേറിട്ട ചിന്തകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ് മാഷെ... പക്ഷെ.... ഇല്ലായ്മകളും വല്ലായ്മകളും തിരിച്ചറിയാത്ത ഒരു കാലഘട്ടത്തിലൂടെയാണല്ലോ നമ്മള്‍ കടന്നുപോകുന്നത്. കവിത വായിച്ച് അഭിപ്രായം പങ്കുവെച്ചതില്‍ വളരെ സന്തോഷം... നന്ദി...

   ഇല്ലാതാക്കൂ
 2. ഇല്ലായ്മയുടെ അടുപ്പുകല്ലിൻമേൽ ആണ്ടിലൊരിക്കൽ മാത്രം തിളച്ചു മറിഞ്ഞിരുന്ന അടപായസത്തിന്റെ മധുരവും മണവും ഇന്നില്ല.
  കവിത വളരെ ഇഷ്ടമായി.
  തിരുവോണാശംസകൾ !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആഘോഷിക്കുവാന്‍ വേണ്ടി ആഘോഷിക്കുമ്പോള്‍ എങ്ങിനെയാണ് സ്വാഭാവികമായ മധുരവും മണവും ഉണ്ടാകുക അല്ലേ.. ഗിരീഷ് ഭായ്... നന്ദി.. ഓണാശംസകള്‍.

   ഇല്ലാതാക്കൂ
 3. ഇന്നൊക്കെ എന്നും ഓണമാണ്.
  ഇല്ലായ്മയെക്കുറിച്ച് അറിയില്ലെങ്കില്‍ പിന്നെ ഓണത്തിന് പ്രത്യേകത തോന്നില്ല.
  ഓണമാധുരത്തിനു നല്ല മധുരം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആഗമനത്തിനും ആസ്വാദനത്തിനും നന്ദി... റാംജി ഭായ്.... നന്ദി.

   ഇല്ലാതാക്കൂ
 4. എത്താത്തകൊമ്പിലത്തേത് എത്തിപ്പിടിക്കാനുള്ള ആര്‍ത്തിയാണിന്നത്തേത്......
  അന്നത്തെ ഉള്ളതുപോലെയോണം എന്നതൊക്കെ മാറിയിരിക്കുന്നു.
  ഓണക്കവിത ഹൃദ്യമായി.
  നന്മനിറഞ്ഞ ഓണാശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ് തങ്കപ്പന്‍ സാര്‍... നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി... ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

   ഇല്ലാതാക്കൂ
 5. എന്നുമോണമായപ്പോള്‍ ഓണം വേണമെന്നില്ലാതെയായി

  കവിത നന്നായി

  മറുപടിഇല്ലാതാക്കൂ
 6. തീർച്ചയായും... കാത്തിരിപ്പിന്റെ മധുരം തന്നെയായിരുന്നു ഓണത്തിന്റെ മധുരം...

  മറുപടിഇല്ലാതാക്കൂ
 7. ശരിയാണ്,ഇല്ലായ്മ ഇന്നൊരു പഴം കഥയാണ്. പഴയ കാലത്തെ പ്രകീര്‍ത്തിക്കുമെങ്കിലും ദാരിദ്രവും വറുതിയും അന്നത്തെപ്പോലെ ഇന്നില്ല.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും വാക്കുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. വേട്ടത്താന്‍ ജി.

   ഇല്ലാതാക്കൂ
 8. നല്ലൊരു കവിത. ഗൃഹാതുരത്വത്തിൽ നിന്നും ഇന്നിലേയ്ക്കുള്ള മാറ്റം. നന്നായി ആവിഷ്കരിച്ചിരിക്കുന്നു.
  ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 9. നല്ല കവിത..ഗൃഹാതുരത്വം തോന്നുന്ന വരികള്‍......ഓണമെന്നാല്‍ കൊയ്ത്തുല്‍സവമെന്നാണ് പഠിച്ചിട്ടുള്ളത്......പക്ഷേ കൊയ്ത്ത് ഇപ്പോള്‍ കൃഷിക്കാര്‍ക്കല്ല...മറ്റു പലര്‍ക്കുമാണ്...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ് അനുരാജ് ഭായ്... കൊയ്ത്ത് മറ്റു പലര്‍ക്കുമാണ്. കവിത വായനയ്ക്കും കമന്റിനും ഒരുപാട് നന്ദീട്ടോ...

   ഇല്ലാതാക്കൂ
 10. കാണാന്‍ വൈകി :( ,, ഹൃദയത്തില്‍ നിന്നും ഓണാശംസകള്‍ !!.

  മറുപടിഇല്ലാതാക്കൂ
 11. വരികൾ ഇഷ്ടായി വൈകിയ ഓണാശംസകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വളരെ സന്തോഷം... നന്ദി വിഷ്ണുലാല്‍ ഭായ്.

   ഇല്ലാതാക്കൂ
 12. നല്ലൊരു കുപ്പായത്തിനായി, നല്ലൊരു സദ്യയ്ക്കായി ഓണത്തെ കാത്തിരുന്ന മലയാളികൾ‌ ഇന്നെവിടേ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും കമന്റിനും നന്ദി ശ്രീ.... നന്ദി.

   ഇല്ലാതാക്കൂ
 13. എല്ലാം മറക്കാൻ ഒരോണം. കൊള്ളാം. കവിത ഇടനെഞ്ചിലെവിടെയോ കൊണ്ടു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സംഷീര്‍ അലി ഭായ്... നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി.

   ഇല്ലാതാക്കൂ
 14. നല്ല കവിത .ആദ്യ നാലുവരികള്‍ ഏറെ ഇഷ്ടായി .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കവിത ആസ്വദിച്ചതിനും കമന്റിട്ടതിനും നന്ദീട്ടോ... മിനി. പി. സി

   ഇല്ലാതാക്കൂ
 15. പഞ്ഞക്കാലം കണ്ടാലേ
  പൊൻ ചിങ്ങക്കാലം മധുരിക്കൂ
  കുമ്പിൾ ക്കഞ്ഞി രുചിചാലേ
  നൽ പാലടയൊന്നിനു കൊതിയൂറൂ
  ഇല്ലായ്മകളിൽ നൊന്തവനേ-
  യുണ്ടാകുമ്പോൾ വിലയറിയൂ ...

  കവിതയേയും കവിയും പരിചയപ്പെട്ടതിൽ സന്തോഷം. നല്ല കവിത. സ്ഥിരം ഓണക്കാല കവിതകളിൽ നിന്ന് വ്യത്യസ്ഥം .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇത്രയും നല്ല ഒരു ആസ്വാദനക്കുറിപ്പ് എഴുതിയിട്ട ടീച്ചര്‍ക്ക് ഒരായിരം നന്ദി.

   ഇല്ലാതാക്കൂ
 16. മറുപടികൾ
  1. സന്തോഷം. നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി

   ഇല്ലാതാക്കൂ
 17. വ്യത്യസ്തമായ ഈ ഓണ കാഴ്ചക്ക് നന്ദി സുധീര്‍....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആഗമനത്തിനും ആസ്വാദനത്തിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഞാനല്ലേ നന്ദി പറയേണ്ടത്... വളരെയധികം സന്തോഷം... നന്ദി മുബി.

   ഇല്ലാതാക്കൂ
 18. നല്ല വരികള്‍ . അവസാന വരികള്‍ക്ക് മുന്നേയുള്ള വരികള്‍ കൂടുതല്‍ ഇഷ്ടമായി. സ്നേഹത്തോടെ പ്രവാഹിനി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രീതാജി... ഒരുപാട് നന്ദീട്ടോ... ഇവിടെ വരെ വന്നതിനും നല്ല വാക്കുകള്‍ പങ്കുവെച്ചതിനും...

   ഇല്ലാതാക്കൂ
 19. ഇല്ലായ്മകളിൽ കിട്ടുന്നവയുടെ രുചി ഒന്ന് വേറെ തന്നെ ..!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ് മുരളിയേട്ടാ അതുതന്നെയാണ് ഞാന്‍ അര്‍ത്ഥമാക്കിയതും.. വായനയ്ക്ക് നന്ദി.

   ഇല്ലാതാക്കൂ
 20. യഥാര്‍ത്ഥ ഓണത്തിന്റെ ഓജസ് നിറയുന്ന വരിള്‍.
  ഇന്ന്‍ അത് ഒരു 'ഓണം ഡേയ്' മാത്രം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നല്ല വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.. ജോസ്ലെറ്റ് ഭായ്.

   ഇല്ലാതാക്കൂ
 21. ഈ ബ്ലോഗിൽ ഞാൻ വായിച്ചതിലുമേറെ ഇനിയും വായിക്കാനുണ്ടെന്നു തോന്നുന്നു...ഇതുപോലെയുള്ള ഒഴിവുദിവസങ്ങളിൽ ഇനിയും വരാം...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എല്ലാ പോസ്റ്റുകളിലും അഭിപ്രായം കുറിച്ചിടുവാന്‍ തയ്യാറായ നല്ല മനസ്സിന് ഒത്തിരി നന്ദി. സംഗീത് ഭായ്.

   ഇല്ലാതാക്കൂ