Translate

ഒരു മുറിച്ചുണ്ടും പാതിയടഞ്ഞ ഹൃദയവും.

കേരള ടൈംസ് പത്രത്തില്‍ ജോയിന്‍ ചെയ്യുന്നതിന്റെ തലേദിവസം രാത്രി, സെന്‍ട്രല്‍ ഹോട്ടലിലെ റൂഫ് ടോപ്പില്‍, ഉറ്റചങ്ങാതിമാര്‍ക്കായി തട്ടിക്കൂട്ടിയ സ്‌നേഹവിരുന്നില്‍, രണ്ടു പെഗ് ആസ്വദിച്ച് ഉത്തേജിതനായ, സുധാകര്‍ജിയെന്നു സ്‌നേഹപൂര്‍വ്വം വിളിക്കുന്ന, പല്ലുകൊഴിഞ്ഞ വിപ്ലവകാരിയാണ്‌, അയാള്‍ക്ക് നാലാമത്തെ എസ്‌റ്റേറ്റിനെ കുറിച്ച് പറഞ്ഞുകൊടുത്തത്.

"രാജീവ്... ഫോര്‍ത്ത് എസ്റ്റേറ്റ് എന്നാല്‍ ഇംഗ്ലീഷുകാരുടെ ഒരു പ്രയോഗമാണ്. അധികാരത്തിന്റ തലങ്ങളെ പങ്കുവെക്കുവാന്‍ മൂന്ന് എസ്റ്റേറ്റുകളായി തരം തിരിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക.. ഒരു പങ്ക് പുരോഹിത വര്‍ഗ്ഗത്തിനും രണ്ടാമത്തെ പങ്ക് ധനാഢ്യവര്‍ഗ്ഗത്തിനും മൂന്നാമത്തേത് സാധാരണക്കാര്‍ക്കും. ഈ മൂന്നു തലങ്ങളില്‍നിന്നുമുള്ള പ്രതിനിധികളാണ് അവരുടെ പാര്‍ലിമെന്റിനെ ഭരിക്കുന്നത് എന്നതാണ് സങ്കല്‍പ്പം. പക്ഷെ... ഈ മൂന്നുവിഭാഗങ്ങളേയും  കൂടാതെ സമൂഹത്തെ സ്വാധീനിക്കുവാന്‍ കഴിയുന്ന, അധികാരകേന്ദ്രങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയുന്ന, മറ്റൊരു എസ്റ്റേറ്റ് കൂടിയുണ്ടെന്നും അത് പത്രങ്ങളാണെന്നും, ആദ്യമായി പറഞ്ഞത് ബ്രിട്ടീഷ് ചരിത്രകാരനായിരുന്ന തോമസ് കാര്‍ലൈല്‍ ആണ്....."

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍, മദ്യം നുണഞ്ഞുകൊണ്ടുള്ള, സുധാകര്‍ജിയുടെ തീക്ഷ്ണമായ നോട്ടം രാജീവ് ഓര്‍ത്തു. തുടര്‍ന്നുള്ള അയാളുടെ ഓരോ വാക്കുകളും.

"....പത്രമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന അധികാരത്തിന്റെ ഒരു വെര്‍ച്ച്വല്‍ വേള്‍ഡാണെടോ ഈ ഫോര്‍ത്ത് എസ്‌റ്റേറ്റ്. ഇറ്റ്‌സ് ലൈക്ക് എ വെര്‍ച്ച്വല്‍ വേള്‍ഡ്‌ വേര്‍ സം പീപ്പിള്‍ പ്ലെ ദി ഗെയിം ഓഫ് ഹണ്ടിംഗ്. തൂലികകളുമായി ഒളിഞ്ഞിരുന്നു വേട്ടയാടുന്ന പപ്പരാസികളെ കുറിച്ച് കേട്ടിട്ടില്ലേ. അവര്‍ ഭക്ഷണമാക്കുന്നത് താരരാജകുമാരിമാരുടെ കിളുന്തു മാംസവും വെള്ളാനകളുടെ കൊമ്പുകളുമാണ്...".

ലഹരിയുടെ ചുവടുകളുമായി, രാത്രിയുടെ ഇരുട്ടിലേയ്ക്ക് സുധാകര്‍ജി നടന്നുപോകുമ്പോഴും അയാളുടെ വാക്കുകള്‍ രാജീവ് ചന്ദ്രശേഖറിനെ ചിന്തിപ്പിച്ചുകൊണ്ടേയിരുന്നു.

സിറ്റി മിഷന്‍ ഹോസ്പിറ്റലില്‍ പുതുതായി എത്തിച്ചേര്‍ന്നിട്ടുള്ള സ്‌കാനറിന്റെ, പുണ്യഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള,  പരസ്യത്തിലായിരുന്നു അയാളുടെ കണ്ണുകള്‍. ആ പരസ്യത്തിന്റെ കോളം സെന്റിമീറ്ററുകള്‍ അളന്നു തിട്ടപ്പെടുത്തി കാല്‍ക്കുലേറ്ററില്‍ കണക്കുകൂട്ടി നോക്കി. ഏകദേശം 25000 രൂപയോളം ചിലവ് വരും. ഒരു ദിവസത്തെ മാത്രം ആയുസുള്ള ഒരു നോട്ടു ബുക്കിന്റെ പകുതി മാത്രം വലിപ്പമുള്ള ആ പത്രപരസ്യത്തിന് 25000 രൂപ. കഴിഞ്ഞയാഴ്ച തന്റെ സുഹൃത്ത് ഭൂമി വാങ്ങിയത് സെന്റിന് 30000 രൂപ നിരക്കിലായിരുന്നു എന്നതും അയാളെ ചിന്തിപ്പിച്ചു. ഇനിയും ഒരുപാട് പഠിക്കാനുണ്ട്.

ഫോണിന്റെ ശബ്ദത്തില്‍ തട്ടി അയാളുടെ ചിന്തകള്‍ ചിതറി.

"ഹലോ...."

"കേരള ടൈംസ് ഓഫീസല്ലേ."

"അതെ..."

"നിങ്ങളുടെ പത്രത്തില്‍ ഒരു വിവാഹ പരസ്യം കൊടുത്തിരുന്നില്ലേ ?, തന്റേതല്ലാത്ത കാരണത്താല്‍ വിവാഹമോചിതയായ സുന്ദരിയായ യുവതി, ലണ്ടനില്‍ നഴ്‌സ്, വരനെ കൊണ്ടുപോകും. ജാതി മതം പ്രശ്‌നമല്ല എന്നൊക്കെ...."

"ശരി... ".

"പറഞ്ഞാ ഇച്ചിരി കൂടിപ്പോകും. അതുകൊണ്ടൊന്നും പറയുന്നില്ല. ദയവു ചെയ്ത് ഇത്തരം പരസ്യങ്ങള്‍ കൊടുത്ത് ആള്‍ക്കാരെ പറ്റിക്കരുത് എന്നൊരപേക്ഷയുണ്ട്. നിങ്ങളെപോലുള്ള പത്രങ്ങള്‍ ഇത്രയും തരം താഴരുത്. ഞാനായതുകൊണ്ട് ഇത്രയെ പറയുന്നുള്ളൂ. "

അയാളുടെ മുഖഭാവത്തില്‍നിന്നും ആ വിളി ശ്രവണസുഖമുള്ളതായിരുന്നില്ല എന്ന് മനസ്സിലാക്കിയ അയാളുടെ അസിസ്റ്റന്റ് സിദ്ധാര്‍ത്ഥ് കാര്യം തിരക്കി. സംഭവം അറിഞ്ഞപ്പോള്‍ അയാള്‍ പൊട്ടിചിരിച്ചു.

"സാര്‍.. ഇത്തരം കോളുകള്‍ ഇവിടെ പതിവാ. സാറ് പുതിയ ആളായതുകൊണ്ടാ ഇത്രയും ഫീല്‍ ചെയ്യുന്നത്. മുമ്പുണ്ടായിരുന്ന മാനേജര്‍ ഒരിക്കല്‍ കോട്ടയത്തുള്ള നമ്മുടെ ചീഫ് മാര്‍ക്കറ്റിംഗ് മാനേജരോട് ഒരു അഭിപ്രായം പറഞ്ഞിരുന്നു ഇതുപോലെയുള്ള പരസ്യങ്ങള്‍ വേണ്ടെന്നു വെച്ചുകൂടെയെന്ന്. അതിനു ലഭിച്ച മറുപടി എന്തായിരുന്നെന്നോ..."

അങ്ങനെ ഒരു അഭിപ്രായം തനിക്കും ഉള്ളതുകൊണ്ടായിരിക്കാം രാജീവ് ചന്ദ്രശേഖര്‍ കൗതുകത്തോടെ കാതുകള്‍ കൂര്‍പ്പിച്ചു. സിദ്ധാര്‍ത്ഥ് കോട്ടയത്തുകാരനായ ഒരച്ചായനെ അനുകരിച്ചുകൊണ്ടു പറഞ്ഞു.

"എന്നതാ....  താന്‍ എന്നതാ പറഞ്ഞുവരുന്നേ... പതിനാറു പേജുള്ള പത്രം മൂന്നു രുപയ്ക്ക് അച്ചടിച്ച്, എന്നും വെളുപ്പിന് മലയാളിക്ക് വായിക്കാന്‍ എത്തിച്ചുകൊടുക്കണേല്‍, കൊറച്ചൊക്കെ ചപ്പുചവറു പരസ്യങ്ങള്‍ കൂടി എടുത്താലെ നടക്കൊത്തുള്ളൂ... കെട്ടോ... ആരേലും പരാതിയുമായി വന്നേച്ചാ നയത്തിലങ്ങോട്ട് പറഞ്ഞൊതുക്കിയേക്കണം. കെട്ടോ... അല്ലാതെ പരസ്യം വേണ്ടെന്നുവെക്കാനൊന്നും ഒക്കത്തില്ല... കെട്ടോ....."

ആ വാക്കുകള്‍ രാജീവ് ചന്ദ്രശേഖറിനുള്ള ഒരു മുന്നറിയിപ്പായിരുന്നു.

ഈയിടെയായി ദിനപത്രത്തില്‍ പരസ്യങ്ങള്‍ കുറവാണ്. ടി.വി. ചാനലുകള്‍ വന്നതിനു ശേഷം പത്രങ്ങളില്‍ പരസ്യം ചെയ്യുവാന്‍ ബിസിനസ്സുകാര്‍ താത്പര്യം കാണിക്കുന്നില്ല. ജ്വല്ലറികളും വെഡ്ഢിംഗ് സില്‍ക്ക് ഷോറൂമുകളും എഫ്.എം.സി.ജി. കോര്‍പ്പറേറ്റുകളും ഇപ്പോള്‍ ചാനലുകള്‍ക്കാണ് പ്രധാന്യം കൊടുക്കുന്നത്. പരസ്യം കുറഞ്ഞുവരുന്നതിന്റെ സമ്മര്‍ദ്ദം തരണം ചെയ്യുവാന്‍ വഴികള്‍ തേടുന്നതിനിടയിലാണ്, അയാള്‍ പുണ്യഭൂമി പത്രത്തിന്റെ ബാക്ക് പേജില്‍ സിറ്റി മിഷന്‍ ഹോസ്പിറ്റലിന്റെ, 25000 രൂപ വിലമതിക്കുന്ന, ആ  പരസ്യം കാണുന്നത്. റീഡര്‍ഷിപ്പിലും സര്‍ക്കുലേഷനിലും കേരളത്തിലെ ഒന്നാമത്തെ പത്രം എന്ന സ്ഥാനമലങ്കരിക്കുന്ന കേരള ടൈംസ് ദിനപത്രത്തിന് എന്തുകൊണ്ടാണ് ആ പരസ്യം  ലഭിക്കാതെ പോയത് എന്ന ചോദ്യമാണ് അയാളെ അലസോരപ്പെടുത്തുന്നത്. കേരള ടൈംസ് പത്രത്തെ സംബന്ധിച്ചിടത്തോളം അത് കേവലം ബിസിനസ്സ നഷ്ടം മാത്രമല്ല, പത്രമാധ്യമരംഗത്തെ അവരുടെ അസൂയാവഹമായ അപ്രമാദിത്വത്തെയും, നിരാകരിക്കുവാനാകാത്ത ആധിപത്യത്തെയും, ചോദ്യം ചെയ്യപ്പെടുന്നതുമാണ്. കോട്ടയത്തു നിന്നും ചീഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ വിളിച്ചു ചോദിച്ചത്, "രാജീവെ, നിങ്ങളൊക്കെ എന്നാത്തിനാ അവിടെ ഇരിക്കുന്നെ" എന്നായിരുന്നു. അതിനുള്ള മറുപടി തേടിയാണ് അയാളും അസിസ്റ്റന്റ് സിദ്ധാര്‍ത്ഥും സിറ്റി മിഷന്‍ ഹോസ്പിറ്റലില്‍ എത്തിയിരിക്കുന്നത്.

ഒരു പുരോഹിതനാണ് ആ ഹോസ്പിറ്റലിന്റെ ഡയറക്ടര്‍. സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടങ്ങളില്‍ അവര്‍ കാത്തിരുന്നു. എതിര്‍വശത്തെ ചുമരിനു മുകളിലായി ഇങ്ങനെ എഴുതിവെച്ചിരുന്നു.

ക്ഷമയുടെ സ്വാദ് കയ്പാണ്, പക്ഷെ അതിന്റെ ഫലമോ മധുരമാര്‍ന്നതും.

രാവിലെ ഹോസ്പിറ്റലിലേക്ക് വിളിച്ചപ്പോള്‍, ഇന്ന് ഫാദര്‍ ഗബ്രിയേലിനെ കാണാന്‍ പറ്റില്ലെന്നാണ് റിസപ്ഷനിലെ കിളിനാദം ആദ്യം മൊഴിഞ്ഞത്. കേരള ടൈംസില്‍നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ കിളിനാദത്തിന് പെട്ടെന്ന് ഭവ്യതയേറുകയായിരുന്നു. അധികം കാത്തിരിക്കേണ്ടി വന്നില്ല. ഫാദര്‍ ഗബ്രിയേല്‍ അവരെ ചിരിച്ചുകൊണ്ടു സ്വാഗതം ചെയ്തു.

"നമസ്‌കാരം ഫാദര്‍, ഞാന്‍ രാജീവ് ചന്ദ്രശേഖര്‍, കേരളാ ടൈംസ് തൃശ്ശൂര്‍ യൂണിറ്റിലെ അഡ്വര്‍ടൈസ്‌മെന്റ്‌ സെക്ഷന്‍ മാനേജര്‍,  കുറച്ചുദിവസം മുമ്പ് ചാര്‍ജ്ജ് എടുത്തതേയുള്ളൂ. ഇത് ഞങ്ങളുടെ മാര്‍ക്കറ്റിംഗ് എക്‌സിക്യട്ടീവ് മിസ്റ്റര്‍ സിദ്ധാര്‍ത്ഥ്... പുതിയ എം. ആര്‍. ഐ. സ്‌കാനറിന്റെ പരസ്യം പുണ്യഭൂമി പത്രത്തില്‍ കണ്ടിരുന്നു. ആ പരസ്യം..... കേരളാ ടൈംസിനും...."

ഫാദര്‍ ഗബ്രിയേലിന്റ മറുപടിയില്‍ ഒരു പരിഭവം പ്രതിഫലിച്ചിരുന്നു.

"സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഹോസ്പിറ്റല്‍ എന്നനിലയില്‍ മികച്ച പരിശോധനാ ചികിത്സാ സൗകര്യങ്ങള്‍ കൊണ്ടുവരേണ്ടത് ഞങ്ങളുടെ കടമയാണ്. ആധുനിക സൗകര്യങ്ങളെകുറിച്ച് ജനങ്ങളെ അറിയിക്കേണ്ടത് നിങ്ങള്‍, പത്രക്കാരുടെ കൂടി കടമയാണ്. അതുകൊണ്ടാണ് ഞാന്‍ അത് ഒരു വാര്‍ത്തയായി പ്രസിദ്ധീകരിക്കണെമെന്ന് അപേക്ഷിച്ചുകൊണ്ട് നിങ്ങളുടെ പത്രത്തിന് കത്തു കൊടുത്തയച്ചത്. പക്ഷെ... പതിവുപോലെ... നിങ്ങള്‍ ആ വാര്‍ത്ത, ഒരു വഴിപാടുപോലെ, വെറും രണ്ടുവരിയിലൊതുക്കി. അതുകൊണ്ടാണ് ഞങ്ങള്‍ക്ക്, പുതിയ സ്‌കാനറിന്റെ സവിശേഷതകള്‍ വിശദീകരിച്ചുകൊണ്ട്‌, അത് ഒരു പരസ്യമായിതന്നെ കൊടുക്കേണ്ടി വന്നത്. ."

"ഫാദര്‍... ഇതുവരെ എന്തു സംഭവിച്ചു എന്നത് ദയവു ചെയ്ത് മറന്നേക്കുക. സര്‍ക്കുലേഷനിലും റീഡര്‍ഷിപ്പിലും കേരളത്തിലെ പത്രങ്ങളില്‍ ഒന്നാം സ്ഥാനം ഞങ്ങള്‍ക്കാണെന്ന് അങ്ങേയ്ക്ക് അറിയാമെന്നു കരുതുന്നു."

രാജീവ് നീട്ടിപിടിച്ച സര്‍ക്കുലറും റേറ്റ് കാര്‍ഡും വാങ്ങി വായിച്ചുനോക്കികൊണ്ട് ഫാദര്‍ ഗബ്രിയേല്‍ പറഞ്ഞു.

"നിങ്ങളുടെ പരസ്യനിരക്കുകള്‍, പുണ്യഭൂമിയുടേതിനെക്കാള്‍, വളരെ കൂടുതലാണ്."

ആ ചോദ്യം രാജീവ് പ്രതീക്ഷിച്ചിരുന്നതുതന്നെയാണ്. മറുപടി പഠിച്ചു വെച്ചിരുന്നതും.

"അതെ ഫാദര്‍, ഞങ്ങളുടെ പരസ്യനിരക്കുകള്‍ അല്‍പ്പം കൂടുതലാണ്. പക്ഷെ വിവരമുള്ളരും പര്‍ച്ചെയ്‌സിംഗ് പവര്‍ ഉള്ളവരുമായ കൂടുതല്‍പേര്‍ വായിക്കും എന്നതിനാല്‍ അത് ഒട്ടും കൂടുതലല്ലതാനും. സമയമുണ്ടങ്കില്‍ അതിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് മിസ്റ്റര്‍ സിദ്ധാര്‍ത്ഥ് വ്യക്തമാക്കിത്തരും... സിദ്ധാര്‍ത്ഥ് "

"വേണ്ട വേണ്ട. ഇപ്പോള്‍ വേണ്ട.. സമയമില്ല... പരസ്യത്തിന്റെ കാര്യം നമുക്ക് ചര്‍ച്ച ചെയ്യാം. പക്ഷെ അതിനു മുന്‍പ് ഞങ്ങളുടെ പുതിയ ഒരു പ്രോജക്റ്റിനെ കുറിച്ച് പറയുന്നതില്‍ വിരോധമുണ്ടാകില്ല എന്നു കരുതുന്നു."

"ഇല്ല ഫാദര്‍.. പറഞ്ഞോളൂ..."

"ചില കുട്ടികളില്‍ ജന്മനാ കണ്ടുവരുന്ന ഒരു വൈകല്യമാണ് മുറിച്ചുണ്ട് വൈകല്യം അഥവാ ക്ലെഫ്റ്റ് ലിപ്. ശസ്ത്രക്രിയയിലൂടെ മാത്രമേ ഇതിനുപരിഹാരം കാണുവാന്‍ കഴിയുകയുള്ളൂ. വലിയ ചിലവു വരുന്ന ഈ ശസ്ത്രക്രിയ, കുറച്ചു കുട്ടികള്‍ക്ക്, സൗജന്യമായി ചെയ്തുകൊടുക്കുന്നതിനുള്ള ഒരു പരിശ്രമത്തിലാണ് സിറ്റി മിഷന്‍ ഹോസ്പിറ്റല്‍. കഴിയുമെങ്കില്‍ ഈ മാറ്റര്‍ നിങ്ങളുടെ പത്രത്തില്‍ വാര്‍ത്തയായി പ്രസിദ്ധീകരിക്കണം. മുറിച്ചുണ്ടുകളുമായി ജനിക്കേണ്ടി വന്ന, സാമ്പത്തിക പ്രയാസമുള്ള കുടുംബങ്ങളിലെ കുറച്ചു കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന ഒരു പദ്ധതിയാണ്."

മാറ്റര്‍ സ്വീകരിച്ച് വായിച്ചുനോക്കികൊണ്ട് രാജീവ് ഉറപ്പുകൊടുത്തു.

"ഡണ്‍... ഫാദര്‍.... ഇത് തീര്‍ച്ചയായും ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒരു വാര്‍ത്ത കൂടിയല്ലേ. പക്ഷെ... പുണ്യഭൂമിക്കു കൊടുത്ത ആ പരസ്യം ഞങ്ങള്‍ക്കു കൂടി വേണം. അത് ഞങ്ങളുടെ പ്രെസ്റ്റീജിന്റെ വിഷയമാണ്."

"ഞങ്ങള്‍ ഒന്നാലോചിക്കട്ടെ. നിങ്ങളുടെ സമീപനത്തില്‍ മാറ്റമുണ്ടായാല്‍ തീര്‍ച്ചയായും ഞങ്ങളുടെ സമീപനത്തിലും മാറ്റമുണ്ടാകും."

"ശരി ഫാദര്‍... ഈ വാര്‍ത്ത ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ആ പരസ്യവും. നന്ദി ഫാദര്‍."

കച്ചവടതാത്പര്യങ്ങളില്‍ അധിഷ്ഠിതമായ ഒരു ശീതയുദ്ധത്തിന് താത്കാലികമായി വിരാമമിട്ടുകൊണ്ട്, പുഞ്ചിരി സമ്മാനിച്ച്, രാജീവ് ചന്ദ്രശേഖര്‍ എഴുന്നേറ്റു. കൂടെ സിദ്ധാര്‍ത്ഥും."

"ഗോഡ് ബ്ലെസ്സ് യു."

"താങ്ക്യു  ഫാദര്‍."

.....................................................................................

മാറ്റര്‍ വായിച്ചുനോക്കിയിട്ട് കേരള ടൈംസ് തൃശ്ശൂര്‍ എഡിഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍, രാജീവ് ചന്ദ്രശേഖറോടു പറഞ്ഞു.

"നോക്കട്ടെ... "

"കഴിഞ്ഞ ദിവസം അവര്‍ പരസ്യം കൊടുത്തത് പുണ്യഭൂമി പത്രത്തിലായിരുന്നു. സാറ് ശ്രദ്ധിച്ചിട്ടുണ്ടാകും. കേരള ടൈംസിന് എന്താണ് പരസ്യം തരാതിരുന്നത് എന്നന്വേഷിച്ച് ഞങ്ങള്‍ പോയിരുന്നു. എന്തോ..... ഒരു സ്‌കാനറിന്റെ വാര്‍ത്ത.... നമ്മള്‍ രണ്ടുവരിയിലൊതുക്കി എന്നൊക്കെയാണ് ഹോസ്പിറ്റലിന്റെ ഡയറക്ടര്‍, ഫാദര്‍ ഗബ്രിയേല്‍ പരാതി പറഞ്ഞത്."

"അദ്ദേഹം മാത്രല്ലെടോ... അങ്ങനെയൊക്കെ പരാതി പറയുന്ന ഒരുപാട് പേരുണ്ട്.. എല്ലാവരും കൊണ്ടുവരുന്ന, എല്ലാ വാര്‍ത്തകളും, മുഴുവനോടെ പ്രസിദ്ധീകരിച്ചുകൊണ്ട്, എല്ലാവരേയും സംതൃപ്തിപ്പെടുത്താന്‍, നമുക്ക് പറ്റ്വോടോ..."

"സര്‍... ഈ വാര്‍ത്ത... എങ്ങിനെയെങ്കിലും കൊടുക്കണം...എന്നാലെ ആ പരസ്യം...."

"പരസ്യം നല്ലതുതന്നെ.. പക്ഷെ അതിനുവേണ്ടി പത്രത്തെ വില്‍ക്കരുത്."

................................................................

തൊട്ടടുത്ത ദിവസം, അയാള്‍ ആഗ്രഹിച്ചിരുന്നതുപോലെ കേരളാ ടൈംസ് പത്രത്തിന്റെ പ്രാദേശിക വാര്‍ത്താ പേജില്‍ കുട്ടികളിലെ മുറിച്ചുണ്ട് വൈകല്യം മാറ്റിയെടുക്കുന്നതിന് സിറ്റി മിഷന്‍ ഹോസ്പിറ്റല്‍ നടത്തുന്ന സൗജന്യ ശസ്ത്രക്രിയാ ക്യാമ്പിനെകുറിച്ചുള്ള വിശദമായ മൂന്നു കോളം വാര്‍ത്തയുണ്ടായിരുന്നു. അസോസിയേറ്റ് എഡിറ്ററോടു താണുകേണ് അപേക്ഷിച്ചിട്ടാണ് ആ വാര്‍ത്ത പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞതെന്ന് രാജീവ് ചന്ദ്രശേഖറിന് നല്ല ബോധ്യമുണ്ടായിരുന്നു. എങ്കിലും ആ വാര്‍ത്ത നല്ല ഫലം കൊണ്ടുവരുമെന്ന് അയാള്‍ വിശ്വസിച്ചു. അയാളുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ കേരള ടൈംസിനുള്ള പരസ്യത്തിന്റെ ഓര്‍ഡര്‍ ഫോം ഒപ്പിട്ടുവെച്ചിട്ടുണ്ടായിരുന്നു. ഒറ്റയടിക്ക് 30000 രൂപയുടെ പരസ്യം. അയാള്‍ ആദ്യമായി ക്യാന്‍വാസ് ചെയ്‌തെടുത്ത പരസ്യം. അതിയായ സന്തോഷത്തോടെ ഹോസ്പിറ്റലില്‍നിന്നും മടങ്ങുമ്പോള്‍ താടിയും മീശയുമുള്ള ക്ഷീണിതനായ ഒരു അപരിചിതന്‍ ഓടിവന്നു കിതച്ചു ചിരിച്ചുകൊണ്ടു ചോദിച്ചു.

"രാജീവല്ലേ...."

"മനസ്സിലായില്ല."

"സുനിയാടാ... നമ്മള്‍ ഒരുമിച്ചു പഠിച്ചിട്ട്ണ്ട്.... മോഡല്‍ ബോയ്‌സില്..."

അവസാന ബെഞ്ചില്‍ ഇരുന്ന് എന്തെങ്കിലും കുറുമ്പ് കാട്ടി, ഒരു ഭാവഭേദവുമില്ലാതെ സ്ഥിരം അടി വാങ്ങിയിരുന്ന കറുമ്പന്‍ സുനി. ജീവിതത്തിലെ ഏററവും മധുരമുള്ള കാലഘട്ടത്തിലേക്കൊരു കിളിവാതില്‍ തുറന്നിട്ട സുനിയെ തിരിച്ചറിയാതെ പോയതില്‍ രാജീവ് ക്ഷമ ചോദിക്കുകയും ഉത്സാഹത്തോടെ കുശലാന്വേഷണം നടത്തുകയും ചെയ്തു. അപ്പോഴേയ്ക്കും സുനിലിന്റെ ഭാര്യയും മകളും അവരുടെ മുന്നിലെത്തി. ഏകദേശം അഞ്ചു വയസ്സുതോന്നിക്കുന്ന അവരുടെ മകളെ രാജീവ് ചന്ദ്രശേഖര്‍ സൂക്ഷിച്ചുനോക്കി. ആ പെണ്‍കുട്ടിയുടെ മേല്‍ചുണ്ടിന്റെ ഇടതുവശത്തായി ത്രികോണാകൃതിയില്‍, വികൃതമായ, വലിയൊരു വിടവുണ്ടായിരുന്നു. ആ മുഖം രാജിവിനെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തു. ശ്രുതി എന്ന സ്വന്തം പേര് ഉച്ചരിച്ചപ്പോഴാണ് ആ കുട്ടിയുടെ ശബ്ദത്തിലും വൈകല്യമുണ്ടെന്ന് രാജീവിന് മനസ്സിലായത്.  അവള്‍ അങ്ങനെയാണ് ജനിച്ചതെന്നും സൗജന്യ സര്‍ജറി ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ വന്നതാണെന്നും മനസ്സിലാക്കിയ രാജീവ്, ആ കുഞ്ഞിക്കവിളില്‍ തലോടികൊണ്ട്, ആശ്വസിപ്പിച്ചു.

"ശ്രുതി... നല്ല പേര്... കുറച്ചുദിവസം കൂടി കഴിഞ്ഞാല്‍ മോള് സുന്ദരികുട്ടിയാകുംട്ടോ... സര്‍ജറിയ്ക്ക് പേര് കൊടുത്തില്ലേ."

"ഇല്ല്യ. പേര് കൊടുക്കാന്‍ പറ്റീല്ല്യ. ബുക്കിംഗ് കഴിഞ്ഞൂന്നാ പറഞ്ഞെ. "

സുനിലിന്റെ ഭാര്യയാണ് മറുപടി പറഞ്ഞത്.

"അയ്യോ... അങ്ങനെയാണോ... സുനി ഇവിടെ നില്‍ക്കൂ.... ഞാനൊന്നു ശ്രമിച്ചുനോക്കിയിട്ട് ഇപ്പോ വരാം.."

സൗജന്യ ശസ്ത്രക്രിയാ ക്യാമ്പില്‍, തനിക്ക് വേണ്ടപ്പെട്ട ഒരു കുട്ടിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യം തള്ളുവാനും കൊള്ളുവാനും കഴിയാതെ അഡ്മിനിസ്‌ട്രേറ്റര്‍ ജോയ് തരകന്‍ വിഷമിച്ചു. ഫാദറാണെങ്കില്‍ വിദേശ യാത്രയിലും. അയാള്‍ ഫോണിലൂടെ പലരേയും വിളിക്കുകയും വളരെനേരം സംസാരിക്കുകയും ചെയ്തു. ഒടുവില്‍ അവരുടെ പരിശ്രമങ്ങള്‍ക്കു ഫലം കണ്ടു. പരിശോധനകള്‍ക്കു ശേഷം സര്‍ജറി ഗുണം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന പക്ഷം ശ്രുതിയുടെ പേര് കൂടി ഉള്‍പ്പെടുത്തുവാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി, ആശുപത്രിയ്ക്കു പുറത്തു കടന്ന്, ഒരു ബേക്കറിയില്‍നിന്നും വലിയൊരു മിഠായി പാക്കറ്റ്‌ വാങ്ങി ശ്രുതികുട്ടിയ്ക്ക് സമ്മാനിച്ചതിനുശേഷം മാത്രമേ സുനിലിനേയും കുടുംബത്തേയും രാജീവ് പോകാന്‍ അനുവദിച്ചുള്ളൂ. ചിരിച്ചുകൊണ്ടു നന്ദി പറയുമ്പോഴും സുനിലിന്റെയും ഭാര്യയുടേയും കണ്ണുകള്‍ നിറയുന്നതുപോലെ രാജീവിന് തോന്നി. മുറിച്ചുണ്ടിനും മറയ്ക്കുവാന്‍ കഴിയാത്ത ഒരു നിഷ്‌കളങ്ക സൗന്ദര്യമുണ്ടായിരുന്നു ശ്രുതികുട്ടിയുടെ പുഞ്ചിരിയില്‍.

............................................................

സുധാകര്‍ജി സൂചിപ്പിച്ച, നാലാമത്തെ എസ്റ്റേറ്റിന്റെ ഇരുളും വെളിച്ചവും നിറഞ്ഞ ഇടനാഴികളിലൂടെ, രാജീവ് ചന്ദ്രശേഖറിന്റെ ബന്ധങ്ങള്‍ വളരുകയായിരുന്നു. ചില വാര്‍ത്തകളുടെ സത്യാവസ്ഥയറിയുവാന്‍, പരസ്യം തരുന്ന മുതലാളിമാര്‍, സ്ഥിരമായി അയാളെയാണ് വിളിക്കാറുള്ളത്. മന്ത്രിയുടെ മകന്‍ ചലചിത്രനടിയോടൊപ്പം അനാശാസ്യത്തിന് പിടിക്കപ്പെട്ടത്, മുഖ്യധാരാ പത്രങ്ങളില്‍ വന്നില്ലെങ്കിലും, അവരറിഞ്ഞത് അയാളിലൂടെയായിരുന്നു. ചില വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുവാനും ചില വാര്‍ത്തകള്‍ വെളിച്ചം കാണാതിരിക്കുവാനും അവര്‍ അയാളെതന്നെയാണ് വിളിക്കാറുള്ളത്. മുതലാളിമാര്‍ മന്ത്രിമാരൊടൊപ്പം നില്‍ക്കുന്ന ഫോട്ടോകളും വാര്‍ത്തകളും, യഥാസമയം, രാജീവ് ചന്ദ്രശേഖറിന് എത്തിച്ചുകൊടുക്കാറുണ്ട്. അവ കേരള ടൈംസ് പത്രത്തിന്റെ ഒഴിഞ്ഞുകിടക്കുന്ന മൂലകളില്‍ അച്ചടിക്കുവാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട്, പത്രത്തിന്റെ വരുമാനസ്രോതസ്സുകളെ സംതൃപ്തിപ്പെടുത്തുവാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. മാനേജ്‌മെന്റിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് പത്രത്തിന്റെ പരസ്യവരുമാനം പടിപടിയായി വര്‍ദ്ധിപ്പിച്ചുകൊണ്ട്, അയാളുടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുന്നതിലും ഈ " ബാര്‍ട്ടര്‍ സിസ്റ്റത്തിന് " വളരെയധികം പ്രാധാന്യമുണ്ടായിരുന്നു.

വിശ്വസനീയമായതെല്ലാം വെളുപ്പാണെങ്കില്‍, വിശ്വസിക്കാനാവത്തതെല്ലാം കറുപ്പാണെങ്കില്‍, പരസ്യങ്ങളുടെ നിറം,  വെളുപ്പും  കറുപ്പുമല്ലാത്ത, അഥവാ രണ്ടിന്റെയും മിശ്രിതമായ, ചാരനിറമായിരിക്കും. എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധി നല്‍കുന്ന മന്ത്രവാദികളുടെ പരസ്യങ്ങളും, കേരള ടൈംസ് സ്വീകരിക്കുവാന്‍ തുടങ്ങിയത് രാജീവ് ചന്ദ്രശേഖറിന്റെ കാലത്താണ് എന്നതും, അയാളെ പരസ്യങ്ങളുടെ മറ്റൊരു ഇരുണ്ട ലോകത്തേയ്ക്ക് കൂടി നയിക്കുവാന്‍ ഇടയാക്കി. ഡോക്ടറുടെ കൈപ്പിഴയില്‍ രോഗി മരിച്ച സംഭവത്തില്‍, വിശ്വമാതാ ഹോസ്പിറ്റലിനെ കുറിച്ചുള്ള പരാതി കേരള ടൈംസ് പത്രത്തിന്റെ എഡിറ്ററുടെ മുന്നിലെത്തിയപ്പോള്‍, അതൊരു വാര്‍ത്തയായി പരിണമിച്ചപ്പോള്‍, പത്രവാര്‍ത്തയില്‍ ഹോസ്പിറ്റലിന്റെ പേരിന്റെ സ്ഥാനത്ത് "പ്രമുഖ സ്വകാര്യ ആശുപത്രി" എന്നു മാത്രം അച്ചടിക്കുവാന്‍ അയാള്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. അത്രയെങ്കിലും ചെയ്യുവാന്‍ താന്‍ ഏറെ കഷ്ടപ്പെട്ടുവെന്ന്, ആ വാര്‍ത്ത വെളിച്ചം കാണരുതെന്ന് ആവശ്യപ്പെട്ടിരുന്ന ഹോസ്പിറ്റല്‍ അധികൃതരെ ബോധ്യപ്പെടുത്താനും അയാള്‍ക്ക് ഒരുപാട് കഷ്ടപ്പെടേണ്ടിവന്നു എന്നതും മറ്റൊരു സത്യം. അതുപോലെ ഒരാവശ്യത്തിനുതന്നെയാണ് ജോയ് തരകന്‍, രാജീവ് ചന്ദ്രശേഖറെ ഇന്നും വിളിച്ചിട്ടുള്ളത്.

"രാജീവ്.... മിഡ് ഡേ ന്യൂസ് എന്നപേരില്‍ ഒരു സായാഹ്നപത്രമുള്ളതായി അറിയാമല്ലോ. അതിന്റെ ഒരു ലേഖകന്‍, വണ്‍ മിസ്റ്റര്‍ സേവ്യര്‍ കാഞ്ഞിരപറമ്പില്‍..., നമ്മുടെ ഹോസ്പിറ്റലിനെ മോശമായി ചിത്രീകരിക്കുന്ന വിധത്തില്‍ ഒരു വാര്‍ത്ത സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ്. "

" എന്താണ് വിഷയം...?"

" മുരിങ്ങാത്തേരി ഫിലിപ്പ് ജോര്‍ജ്ജ് എന്ന ഒരു മധ്യവയസ്‌കന്റെ ഹാര്‍ട്ടിന് ഇവിടെ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറി ചെയ്തിരുന്നു. ഇവിടെയായതുകൊണ്ട് അവര്‍ക്ക് ഒന്നര ലക്ഷമേ ചിലവ് വന്നുളളൂ. വേറെ വല്ല ഹോസ്പിറ്റലിലും ആയിരുന്നെങ്കില്‍ അതൊരു രണ്ടര ലക്ഷമായേനെ. സര്‍ജറി കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അയാളുടെ ഭാര്യ മേഴ്‌സി ഫിലിപ്പ്, ഒരു ക്ലെയിം ഫോമും കൊണ്ടുവന്നു പറഞ്ഞു അയാള്‍ക്ക് ഒരു മെഡിക്ലെയിം പോളിസി ഉണ്ടെന്നും അത് ശരിയാക്കി കൊടുക്കണമെന്നും. ഹോസ്പിറ്റലിന്റെ എല്ലാ ബില്ലുകളും ഡിസ്ചാര്‍ജ്ജ് സമ്മറിയും മറ്റും ഡോക്ടര്‍ സൈന്‍ ചെയ്തുകൊടുത്തിരുന്നു. പക്ഷെ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം റിജക്റ്റ് ചെയ്തു. ഫോമിനോടൊപ്പം വെച്ചിട്ടുള്ള ബില്ലുകള്‍ ഒറിജിനല്‍ അല്ല എന്നാണ് അവര്‍ പറയുന്നത്. നമ്മള്‍ക്ക് നമ്മുടെ ബില്ലുകളല്ലേ കൊടുക്കുവാന്‍ കഴിയുകയുള്ളൂ. അല്ലാതെ ഒറിജിനല്‍ ബില്ലുകള്‍ കൊടുക്കുവാന്‍ കഴിയില്ലല്ലോ."

"അല്ല സാര്‍.. ആ ഒറിജിനല്‍ ബില്ലുകള്‍ കൊടുക്കുന്നതില്‍ എന്താണ് പ്രശ്‌നം.?"

ജോയ് തരകന്‍, രാജീവ് ചന്ദ്രശേഖറെ സൂക്ഷിച്ചൊന്നു നോക്കി. ഗൗരവം വിടാതെ, അല്‍പ്പം ജാള്യതയോടുകൂടി അയാള്‍ വിശദീകരിച്ചു.

"കഴിയില്ല രാജീവ്. ... ഒറിജിനല്‍ ബില്ലുകള്‍ കൊടുക്കുവാന്‍ കഴിയില്ല. കാരണം അതില്‍ കാണിച്ചിരിക്കുന്ന തുകകള്‍ വളരെയധികം കുറവാണ്. സത്യം പറഞ്ഞാല്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന ബില്‍ തുകയേക്കാളും ഏകദേശം 30000 രൂപയോളം കുറവ്. അതിനു കാരണവുമുണ്ട്. മെഡിക്കല്‍ കമ്പനികള്‍ കുറഞ്ഞവിലയിലാണ് ഞങ്ങള്‍ക്കു സപ്ലൈ ചെയ്യുന്നത്. ഞങ്ങള്‍ അത് ഹോസ്പിറ്റലിന്റെ മാര്‍ജിനും കൂടി ചേര്‍ത്ത് വില്‍ക്കുന്നുവെന്ന് മാത്രം."

"30000 രൂപയോളം അധികം ഈടാക്കുക എന്നു പറഞ്ഞാല്‍... മോറലി...... ."

"രാജീവ്.. ബി.. പ്രാക്ടിക്കല്‍. സര്‍ജറിയിലൂടെ തിരിച്ചുകിട്ടിയത് അവരുടെ ഭര്‍ത്താവിന്റെ ജീവനാണെന്ന് ചിന്തിക്കൂ. ഇന്‍ ബിസിനസ്സ്, വാട്ട് ഡിസൈഡ്‌സ് ദി പ്രൈസ്‌, ഈസ് നത്തിംഗ് ബട്ട് ഡിമാന്‍ഡ്."

"പക്ഷെ സാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കേസുകളില്‍ അതെങ്ങിനെയാണ് ശരിയാവുക.?"

"അവിടെയാണ് ഞങ്ങള്‍ക്കും പിഴച്ചത് രാജീവ്..... എന്തെങ്കിലും മെഡിക്ലെയിം പോളിസിയുണ്ടോ എന്ന് ആ സ്ത്രീയോട് പല തവണ ചോദിച്ചിരുന്നുവെന്നാണ് സ്റ്റാഫ് പറയുന്നത്. അവര്‍ ഇല്ലെന്ന് പറയുകയും ചെയ്തു. അവര്‍ക്ക് കാര്യമായ പഠിപ്പൊന്നും ഇല്ലെന്നാ തോന്നുന്നെ. മെഡി ക്ലെയിമിന്റെ കാര്യം അവര്‍ ആദ്യമേ പറഞ്ഞിരുന്നുവെങ്കില്‍, ഇതൊന്നും സംഭവിക്കില്ലായിരുന്നു. മേഴ്‌സി ഫിലിപ്പ്  എന്ന സ്ത്രീ, വകയില്‍ ഒരു ബന്ധുവാണെന്നും പറഞ്ഞ് സേവ്യര്‍ കാഞ്ഞിരപറമ്പില്‍ ഇടപെട്ട് സംഗതി ഒരു ഇഷ്യുവാക്കി മാറ്റി. വ്യാജ ബില്ല് നല്‍കി നിര്‍ധനരോഗികളെ ചൂഷണം ചെയ്യുന്നുവെന്നൊക്കെയാണ് അയാള്‍ സൃഷ്ടിക്കാനൊരുങ്ങുന്ന വാര്‍ത്തയുടെ പോക്ക്. "

"ശരി. സാര്‍. അതെല്ലാം അവിടെ നില്‍ക്കട്ടെ. ഞാന്‍ എന്താണ് ചെയ്തു തരേണ്ടത്."

"ഇനി ഞാന്‍ അതിലേയ്ക്കു വരാം.... ഈ സേവ്യര്‍ കാഞ്ഞിരപറമ്പില്‍ എന്നു പറയുന്ന മഹാന്‍, ആളൊരു കുറുക്കനാണ്. കുറച്ചുനാളുകള്‍ക്കു മുന്‍പ്‌ ഒരു പരസ്യം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പ്രതികാരമാണ് അയാള്‍ ലക്ഷ്യമിട്ടത്. അടുത്ത ഹോസ്പിറ്റല്‍ വാര്‍ഷികത്തിന് ഒരു ഹാഫ് പേജ് പരസ്യം തന്നെ കൊടുക്കാമെന്ന് പറഞ്ഞ് ഞങ്ങള്‍ അയാളെ കോംപ്രമൈസാക്കിയിട്ടുണ്ട്. ആ സ്ത്രീ, മേഴ്‌സി ഫിലിപ്പ്,  ഒരു പാവമാണ്. 30000 രൂപ കുറഞ്ഞാലും ബാക്കി തുകയെങ്കിലും ഇന്‍ഷുറന്‍സുകാരില്‍നിന്നും കിട്ടിയാല്‍ മതിയെന്ന്‌ അവര്‍ സമ്മതിച്ചിട്ടുണ്ട്. സേവ്യറെകൊണ്ടുതന്നെ അവരേയും പറഞ്ഞ് മന്‌സിലാക്കിപ്പിച്ചിട്ടുണ്ട്. ഒറിജിനല്‍ ബില്ലുകള്‍ കൊടുക്കുന്നതിലും കോംപ്ലിക്കേഷന്‍ ഇല്ല....... രാജീവ് ചെയ്യേണ്ടത് ഇത്രമാത്രം. ആ വാര്‍ത്ത കേരള ടൈംസില്‍ വരരുത്. ഒരു കാരണവശാലും. വാര്‍ത്ത ഇതിനോടകം എല്ലാ പത്രങ്ങളിലും എത്തിച്ചിട്ടുണ്ടെന്നാണ് സേവ്യര്‍ പറഞ്ഞത്. മറ്റെല്ലാ പത്രങ്ങളും ഞങ്ങള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. രാജീവു കൂടി ഉറപ്പു തന്നാല്‍ എല്ലാം. ഓ. കെ. യാണ്."

"സംഭവം കോംപ്രമൈസായ സ്ഥിതിയ്ക്ക് അത് എളുപ്പമാണ്."

"വരൂ. നമുക്ക് ഫാദറെ ഒന്നു കാണാം. ഈ സംഭവത്തില്‍ അദ്ദേഹം വളരെയധികം വറീഡാണ്."

.........................................................................

ഫാദറുടെ ക്യാബിനില്‍ പ്രവേശിക്കുമ്പോള്‍ പ്രതീക്ഷിക്കാത്ത മൂന്നു പേര്‍കൂടി അവിടെയുണ്ടായിരുന്നു. രാജീവിന്റെ ക്ലാസ്‌മേറ്റ് സുനിലും ഭാര്യയും അവരുടെ മകള്‍ ശ്രുതിയും. രാജീവിനെ ഏറെ സന്തോഷിപ്പിച്ചത് ശ്രുതിയുടെ മുഖശ്രീയായിരുന്നു. ഇപ്പോള്‍ ആ കുട്ടിയുടെ മുഖത്ത് മുറിച്ചുണ്ടിന്റെ അഭംഗിയോ വൈകല്യമോ വൈകൃതമോ ഇല്ലായിരുന്നു. സര്‍ജറിയുടെ നേരിയ പാടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, അതൊരു അത്ഭുതപ്പെടുത്തുന്ന മാറ്റമായിരുന്നു. വളരുംതോറും ആ പാടുകള്‍ നേര്‍ത്തുപോകുമെന്നും ഭാവിയില്‍ അവള്‍ ഒരു സുന്ദരിക്കുട്ടിയാകുമെന്നും ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ഫാദര്‍ ഗബ്രിയേല്‍ അഭിമാനത്തോടെ പറഞ്ഞു.  മെഡിക്കല്‍ സയന്‍സിന്റെ പുരോഗതി അപാരം തന്നെയെന്ന് രാജീവ് നേരില്‍ കണ്ട നിമിഷങ്ങളായിരുന്നു അവ. സുനിലിന്റെ ഭാര്യയുടെ വാക്കുകള്‍ അയാളെ ചിന്തകളില്‍നിന്നും ഉണര്‍ത്തി.

"രണ്ടു കൊല്ലം മുമ്പ് എറണാങ്കുളത്തെ ആസ്പത്രില് പോയപ്പോ, മോള്‍ടെ മൊഖം ശര്യാക്കാന്‍ 30000 രൂപ വേണ്ടി വരുംന്നാ പറഞ്ഞെ.. കാശില്ല്യാണ്ട് നീട്ടികൊണ്ട് പുവ്വായിരുന്നു. ഇതിപ്പോ കാശൊന്നും ഇല്ല്യാണ്ടന്നെ...."  അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.രാജീവ് ചന്ദ്രശേഖറെ നോക്കികൊണ്ട് അവര്‍ തുടര്‍ന്നു. "....സാറന്ന് പറഞ്ഞില്ലായിരുന്നെങ്കി ഇവര് എന്റെ മോള്‍ടെ പേര് ചേര്‍ക്കില്ലായിരുന്നു. എങ്ങിന്യാ നന്ദി പറയേണ്ടതെന്ന് അറിയില്ല."

അവര്‍ സാരിത്തലപ്പുകൊണ്ട് കണ്ണുകള്‍ തുടയ്ക്കുമ്പോള്‍ സുനിലിന്റെ കണ്ണുകളും നനഞ്ഞിട്ടുണ്ടായിരുന്നു. ഒരു സദ്പ്രവൃത്തിയുടെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ രാജീവ് ചന്ദ്രശേഖര്‍ അതിയായി സന്തോഷിക്കുകയും, ആ ദിവസത്തെ, അയാള്‍ തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നായി ഹൃദയത്തില്‍ എഴുതി ചേര്‍ക്കുകയും ചെയ്തു. അവര്‍ കൊണ്ടുവന്ന ലഡുവിനും നല്ല മധുരമുണ്ടായിരുന്നു. അവര്‍ മടങ്ങിയപ്പോള്‍ ഫാദര്‍ അഭിമാനത്തോടെ പറഞ്ഞു.

"കണ്ടില്ലേ.. രാജീവ്... ഇതാണ് ഞാന്‍ അന്ന് പറഞ്ഞത്. വലിയൊരു സേവനമാണ് ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്."

"ഫാദര്‍... ഒരു സംശയം ചോദിച്ചോട്ടെ....?"

"ചോദിക്കൂ രാജീവ്."

"ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് 30000 രൂപ അധികം വാങ്ങിയെന്നാണല്ലോ സേവ്യറിന്റെ പരാതി... ഇപ്പോള്‍ ഇറങ്ങിപോയ ആ പാവങ്ങള്‍ക്ക്, ക്ലെഫ്റ്റ് ലിപ് സര്‍ജറിയിലൂടെ സൗജന്യമായി   കൊടുത്തതും 30000 രൂപ...  അങ്ങനെയെങ്കില്‍, ഫാദര്‍, മുരിങ്ങാത്തേരി ഫിലിപ്പ് ജോര്‍ജ്ജിന്റെ ഹൃദയമിടിപ്പുകള്‍ കൊണ്ടാണോ...  ശ്രുതികുഞ്ഞിന്റെ മുറിച്ചുണ്ട് തുന്നിചേര്‍ത്തത്. ?"

ഫാദര്‍ ഗബ്രിയേല്‍ ഒരു നിമിഷത്തേയ്ക്ക് നിശ്ശബ്ദനാക്കപ്പെട്ടതുപോലെ. സ്വയം വീണ്ടെടുത്തുകൊണ്ട്‌ അദ്ദേഹമതിന് മറുപടിയും നല്‍കി.

"ശരിയാണ് രാജീവ് ചന്ദ്രശേഖര്‍.. ആ രണ്ടു സര്‍ജറികളും നടന്നത് ഒരേ ദിവസമാണ്. യാദൃശ്ചികമെന്നു പറയട്ടെ... അന്നുതന്നെയാണ് നിങ്ങളുടെ പത്രത്തില്‍ ഈ ഹോസ്പിറ്റലിന്റെ, 30000 രൂപയ്ക്കുള്ള. പരസ്യം പ്രസിദ്ധീകരിച്ചതും. അന്നത്തെ പത്രം എടുത്ത് മൂക്കിനോടടുപ്പിച്ച് പിടിച്ചുനോക്കണം. അതില്‍ അച്ചടിക്കാനുപയോഗിച്ച മഷിയ്ക്ക്,  ചിലപ്പോള്‍, മുരിങ്ങാത്തേരി ഫിലിപ്പ്  ജോര്‍ജ്ജിന്റെയും  ശ്രുതികുഞ്ഞിന്റെയും രക്തത്തിന്റെ മണമുണ്ടായിരിക്കും."

രാജീവ് ചന്ദ്രശേഖര്‍ പുഞ്ചിരിച്ചുകൊണ്ട് മെല്ലെ എഴുന്നേറ്റു.

"ഇല്ല. ഫാദര്‍... ആ വാര്‍ത്ത നാളെ വരില്ല.. അങ്ങ് അതിനെക്കുറിച്ച് ആകുലപ്പെടുകയേ വേണ്ട."

മടങ്ങുമ്പോള്‍ അയാള്‍ സുധാകര്‍ജിയുടെ വാക്കുകള്‍ അയവിറക്കുകയായിരുന്നു.

"....അധികാരത്തിന്റെ ഒരു വെര്‍ച്ച്വല്‍ വേള്‍ഡാണെടോ ഈ ഫോര്‍ത്ത് എസ്‌റ്റേറ്റ്. ഇറ്റ്‌സ് ലൈക്ക് എ വെര്‍ച്ച്വല്‍ വേള്‍ഡ് വേര്‍ സം പീപ്പിള്‍ പ്ലെ ദി ഗെയിം ഓഫ് ഹണ്ടിംഗ്. ..... ഒളിഞ്ഞിരുന്നു വേട്ടയാടുന്ന പപ്പരാസികളെ കുറിച്ച് കേട്ടിട്ടില്ലേ. അവര്‍ ഭക്ഷണമാക്കുന്നത് താരരാജകുമാരിമാരുടെ കിളുന്തു മാംസവും വെള്ളാനകളുടെ കൊമ്പുകളുമാണ്..... " 

സുധാകര്‍ജി... താങ്കളുടെ അറിവിലേയ്ക്ക് ഇതാ ഒന്നു കൂടി... മുരിങ്ങാത്തേരി ഫിലിപ്പ് ജോര്‍ജ്ജിനെപോലുള്ള ദരിദ്രരോഗികളുടെ മിടിക്കാന്‍ മടിക്കുന്ന ഹൃദയങ്ങളും അവര്‍ ഭക്ഷണമാക്കാറുണ്ട്.
.............................................................................

ആഴ്ചകള്‍ക്കു ശേഷം, പതിവുപോലെ, അന്ന് ലഭിച്ച പരസ്യങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ട് സിദ്ധാര്‍ത്ഥിന്റെ തമാശകള്‍ ആസ്വദിച്ചിരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

"സാര്‍ കേട്ടിട്ടുണ്ടോ... ഒരിക്കല്‍ ഒരാള്‍, ഒരു പേജ് പത്രവുമായി, ഈ ഓഫീസില്‍ കയറിവന്ന് ആരാടാ ഈ പരസ്യം ഇങ്ങനെ അച്ചടിച്ചത് എന്ന് ചോദിച്ചു. സംഭവം തിരക്കിയ അന്നത്തെ പരസ്യ മാനേജരെ അയാള്‍ തല്ലാനോങ്ങിയെങ്കിലും മററുള്ളവര്‍ തടഞ്ഞതിനാല്‍ രക്ഷപ്പെട്ടുവെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. വളരെ കഷ്ടപ്പെട്ടാണത്രെ അയാളെ പറഞ്ഞൊതുക്കി വിട്ടത്."

"എന്തായിരുന്നു പരാതി.? "

"ഒരു വിവാഹ പരസ്യമായിരുന്നു. വരനെ ആവശ്യമുണ്ട് എന്നായിരുന്നു തലക്കെട്ട്. താഴെ ദൈവഭയമുള്ള ക്രിസ്ത്യന്‍ യുവതി, 19 വയസ്സ്, അഞ്ചടി ഉയരം. സാമാന്യം വെളുത്തനിറം, ഉയര്‍ന്ന സാമ്പത്തികം, വിദ്യാസമ്പന്നരായ, ഉയര്‍ന്ന ജോലിയുള്ള, യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു. ഫോണ്‍ നമ്പര്‍........... എന്നൊക്കെയാണ് അയാള്‍ എഴുതികൊടുത്ത പരസ്യ മാറ്ററിലുണ്ടായിരുന്നത്. പക്ഷെ പരസ്യം പത്രത്തില്‍ അച്ചടിച്ചുവന്നപ്പോള്‍, ഒരു ചെറിയ അക്ഷരതെറ്റു പറ്റി. അതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം."

"എന്തായിരുന്നു ആ അക്ഷരതെറ്റ്."

"അതോ.. അച്ചടിച്ചു വന്നപ്പോള്‍ 'സാമാന്യം' എന്ന വാക്കിലെ ''യ്യ്യ' കാരം എവിടെയോ മിസ്സായി. അതാണ് പുകിലൊക്കെ ഉണ്ടാകുവാന്‍ കാരണം."

ആദ്യം മനസ്സിലായില്ലെങ്കിലും, 'യ്യ്യ' കാരം ഇല്ലാത്ത ആ വാക്ക് പിടികിട്ടിയപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ പൊട്ടി പൊട്ടി ചിരിച്ചു. വളരെ പെട്ടെന്നുതന്നെ അയാള്‍ക്ക് ചിരി നിര്‍ത്തേണ്ടിവന്നു. തന്റെ മുന്നിലിരിക്കുന്ന, പരസ്യത്തിനുള്ള ഓര്‍ഡര്‍ ഫോമിലേയ്ക്ക് അയാള്‍ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. 600 രൂപയോളം വിലമതിക്കുന്ന ആ പരസ്യം തന്നിരിക്കുന്ന സ്ത്രീയുടെ പേര് അയാള്‍ ഒന്നു കൂടി വായിച്ചു.

മേഴ്‌സി ഫിലിപ്പ്, W/o  ഫിലിപ്പ് ജോര്‍ജ്ജ്, മുരിങ്ങാത്തേരി ഹൗസ്, നെല്ലായ്.

ആകാംക്ഷയോടെ അയാള്‍ ആ ഓര്‍ഡര്‍ ഫോമിനോടൊപ്പമുള്ള പരസ്യ മാറ്റര്‍ എന്താണെന്ന് നോക്കി. മുന്നു സെന്റിമീറ്റര്‍ മാത്രം ഉയരവും ഒരു കോളം വീതിയുമുള്ള, ഒരു ചെറിയ ക്ലാസ്സിഫൈഡ് പരസ്യം.

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ.
ഈശോമിശിഹായുടെ ഒരു ചിത്രം.
ഒരു വിശ്വാസി. 

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...