ദൈവമില്ലെന്നു വിശ്വസിക്കുന്നതും ഒരു വിശ്വാസം തന്നെയല്ലേ...?

നിരീശ്വരവാദിയായ ഒരു പ്രൊഫസര്‍ വിദ്യാര്‍ത്ഥിയോടു ചോദിച്ചു.

"നിനക്ക് ദൈവത്തില്‍ വിശ്വാസമുണ്ടോ.?"

"വിശ്വസിക്കുന്നു... സാര്‍."

"ദൈവം നന്മയുള്ളവനാണോ.?"

"അതെ സാര്‍. തീര്‍ച്ചയായും."

"ദൈവത്തിന് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല.!"

"ഇല്ല സാര്‍."

"എന്റെ സഹോദരന് ക്യാന്‍സറായിരുന്നു. കെഞ്ചി പ്രാര്‍ത്ഥിച്ചിട്ടും അദ്ദേഹത്തിന്റെ അസുഖം മാറ്റുവാനോ, അദ്ദേഹത്തെ  മരണത്തില്‍നിന്നും രക്ഷിക്കുവാനോ ദൈവത്തിന് കഴിഞ്ഞില്ല. എല്ലാം സാധ്യമായിട്ടുള്ള, നല്ലവനും കരുണാമയനുമായ ദൈവം എന്തുകൊണ്ടാണ് എന്റെ സഹോദരനെ സഹായിക്കാതിരുന്നത്. എന്റെ സഹോദരനെ മാത്രമല്ല, പലവിധ അസുഖങ്ങളാല്‍ കഷ്ടപ്പെടുന്ന എത്രയോപേര്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. എന്നിട്ടും... എന്തുകൊണ്ടാണ്.... "

മറുപടിയൊന്നും പറയാതെ നില്‍ക്കുന്ന വിദ്യാര്‍ത്ഥിയെ നോക്കികൊണ്ടു പ്രൊഫസര്‍ തുടര്‍ന്നു.

"നിനക്കു മറുപടി പറയുവാന്‍ കഴിയില്ല. ഞാന്‍ ഒരിക്കല്‍ കൂടി ചോദിക്കുന്നു. ദൈവം നല്ലവനാണോ.?"

വിദ്യാര്‍ത്ഥി വീണ്ടും പറയുന്നു.

"നല്ലവനാണ് സാര്‍."

"സാത്താന്‍ നല്ലവനാണോ.?"

"അല്ല. സാര്‍."

"ദൈവമാണോ ഈ പ്രപഞ്ചം മുഴുവനും സൃഷ്ടിച്ചത്. ?"

"അതെ സാര്‍."

"ഈ ലോകത്തില്‍ തിന്മ എന്ന ഒന്നുണ്ടോ.?"

"ഉണ്ട് സാര്‍."

"അപ്പോള്‍ ഈ ലോകത്ത് തിന്മയും ഉണ്ട്. അങ്ങനെയെങ്കില്‍ ഈ ലോകത്തുള്ള തിന്മകള്‍ സൃഷ്ടിച്ചതും ദൈവം തന്നെയല്ലേ.?"

വിദ്യാര്‍ത്ഥി മൗനം പൂണ്ടു. പ്രൊഫസര്‍ തുടര്‍ന്നു.

"ശാസ്ത്രം പറയുന്നു. പഞ്ചേന്ദ്രിയങ്ങളിലൂടെ, നമുക്ക് ചുറ്റുമുള്ള വസ്തുക്കളെ, അഞ്ച് വിധത്തില്‍, തിരിച്ചറിയുവാനും നിരീക്ഷിക്കുവാനും കഴിയും. പറയൂ. നീ ദൈവത്തെ കണ്ടിട്ടുണ്ടോ ?"

"ഇല്ല."

"കേട്ടിട്ടുണ്ടോ."

"ഇല്ല."

"സ്പര്‍ശത്തിലൂടെ, ഗന്ധത്തിലൂടെ, സ്വാദിലൂടെ ഏതെങ്കിലും തരത്തില്‍ നിനക്ക് ദൈവത്തെ അനുഭവപ്പെട്ടിട്ടുണ്ടോ.?"

"ഇല്ല സര്‍."

"എന്നിട്ടും ദൈവമെന്ന ശക്തിയില്‍ നീ വിശ്വസിക്കുന്നുവോ.?"

"ഞാനിപ്പോഴും വിശ്വസിക്കുന്നു സര്‍"

"ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ പ്രകാരം. ദൈവം എന്ന ഒരു ശക്തി നിലനില്‍ക്കുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ദൈവമെന്നത് വെറുമൊരു സങ്കല്‍പ്പം മാത്രമാണ്. നീ എന്തു പറയുന്നു.?"

"അതിനെക്കുറിച്ചൊന്നും എനിക്കറിയില്ല സര്‍. പക്ഷെ എന്റെ വിശ്വാസം അതാണ്."

"അതിനെയാണ് ശാസ്ത്രം എതിര്‍ക്കുന്നത്. അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളെ."

അല്‍പ്പനേരം നിശ്ശബ്ദനായി നിന്ന വിദ്യാര്‍ത്ഥി തിരിച്ചുചോദിച്ചു.

"സര്‍. ഞാനൊന്നു ചോദിച്ചോട്ടെ.?"

"ചോദിച്ചോളൂ."

"സര്‍. ചൂട് എന്ന് വിളിക്കുന്ന ഒരു അവസ്ഥയുണ്ടോ."

പ്രൊഫസര്‍ മറുപടി പറഞ്ഞു.

"ഉണ്ട്."

"തണുപ്പ് എന്നു വിളിക്കുന്ന ഒരു അവസ്ഥയോ.?"

"ഉണ്ട്."

"ഇല്ല സര്‍. അങ്ങയുടെ ധാരണ തെറ്റാണ്. തണുപ്പ് എന്ന ഒരവസ്ഥയില്ല. അങ്ങേക്ക് ചൂട് അനുഭവപ്പെടാം. കഠിനമായ ചൂട് അനുഭവപ്പെടാം. അസഹനീയമായ ചൂടുണ്ടാകാം. നേരിയ ചൂടുണ്ടാകാം. തീരെ ചൂടില്ലാത്ത അവസ്ഥയുണ്ടാകാം. ഒട്ടും ചൂടില്ലാത്ത അവസ്ഥയുമുണ്ടാകാം. പൂജ്യത്തിനു താഴെ പരമാവധി 460 ഡിഗ്രിവരെ മാത്രമേ ചൂടിനു കുറയുവാന്‍ കഴിയുകയുള്ളൂ എന്നാണ് ശാസ്ത്രം പോലും പറയുന്നത് . യഥാര്‍ത്ഥത്തില്‍ ചൂടില്ലാത്ത ഒരു അവസ്ഥയെ വിളിക്കുന്ന ഒരു പേരു മാത്രമാണ് തണുപ്പ് എന്നത്. ചൂട് അഥവാ താപം എന്നത് ഒരു ഊര്‍ജ്ജമാണ്. അതിനെ ശാസ്ത്രീയമായി അളന്നുനോക്കുവാന്‍ കഴിയും. പക്ഷെ തണുപ്പിനെ അളന്നു നോക്കുവാന്‍ കഴിയില്ല സര്‍. ഞാന്‍ പറയുന്നതല്ല. ശാസ്ത്രം പറയുന്നതാണ്. ചൂടിന്റെ എതിരോ വിപരീതമോ അല്ല തണുപ്പ്. ചൂടില്ലാത്ത ഒരു അവസ്ഥയെ മാത്രമാണ് തണുപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. "

ക്ലാസ്സ് റൂം അതീവ നിശ്ശബ്ദമായി. വിദ്യാര്‍ത്ഥി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവാതെ പ്രൊഫസര്‍ ആകാംക്ഷാഭരിതനായി. വിദ്യാര്‍ത്ഥി വീണ്ടും ചോദിച്ചു.

"സര്‍. ഒന്നു കൂടി ചോദിച്ചോട്ടെ ?. യഥാര്‍ത്ഥത്തില്‍ ഇരുട്ട് എന്ന ഒരു അവസ്ഥയുണ്ടോ സര്‍.?"

"ഉണ്ട്. ഇരുളുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് രാത്രി ഉണ്ടാകുന്നത്."

"തെറ്റാണ് സര്‍. അങ്ങയുടെ ധാരണ തെറ്റാണ്. ഇരുട്ട് എന്നു വിളിക്കുന്നത് വെളിച്ചമില്ലാത്ത ഒരു അവസ്ഥയെയാണ്. വെളിച്ചം വേണമെങ്കില്‍ കൂട്ടാം. കുറക്കാം. സാധാരണ വെളിച്ചം. മിന്നല്‍ വെളിച്ചം. കണ്ണു മഞ്ഞളിപ്പിക്കുന്ന വെളിച്ചം. തീവ്രമായ വെളിച്ചം. നേരിയ വെളിച്ചം. ഒട്ടും വെളിച്ചം ഇല്ലാതാകുമ്പോള്‍ നമ്മള്‍ ഇരുട്ട് എന്നു പറയുന്നു. വെളിച്ചംപോലെ തന്നെയാണ് ഇരുട്ടും എന്നാണെന്നുണ്ടെങ്കില്‍, ഇരുട്ടിനെയും നമുക്ക് കൂട്ടുവാനോ കുറക്കുവാനോ കഴിയുമായിരുന്നില്ലേ. ഇരുട്ടിന് കൂടുവാനോ കുറയുവാനോ കഴിയില്ല. ഇരുട്ട് വെളിച്ചത്തെ ആശ്രയിച്ചാണ് കൂടുന്നതും കുറയുന്നതും."

"നീ എന്താണ് പറയുവാന്‍ ഉദ്ദേശിക്കുന്നത്. ?"

"സര്‍, ഞാന്‍ പറഞ്ഞുവരുന്നത് അങ്ങയുടെ വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ് എന്നാണ്."

"വ്യക്തമാക്കൂ."

"സാര്‍ അങ്ങ് വിപരീതസിദ്ധാന്തത്തിലൂന്നിയാണ് വാദിക്കുന്നത്. അങ്ങ് എല്ലാ കാര്യങ്ങള്‍ക്കും രണ്ടു വശങ്ങള്‍ അഥവാ വിപരീത വശങ്ങള്‍ ഉണ്ടെന്ന് സമര്‍ത്ഥിക്കുവാനാണ് ശ്രമിക്കുന്നത്. ചൂട് ഒരു വശത്തും തണുപ്പ് മറുവശത്തും. ഇരുട്ട് ഒരുവശത്തും വെളിച്ചം മറുവശത്തും. ജീവന്‍ ഒരു വശത്തും മരണം മറുവശത്തും. ദൈവം ഒരു വശത്തും സാത്താന്‍ മറുവശത്തും. അങ്ങയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു നല്ല ദൈവവും ഒരു ചീത്ത ദൈവവും. അല്ലേ സര്‍. അളന്നുനോക്കുവാന്‍ കഴിയുന്ന, നിശ്ചിതമായ എന്തോ ഒന്നാണ് ദൈവം എന്ന ധാരണയിലാണ് അങ്ങ് വാദിക്കുന്നത്. സര്‍.... ഒന്നു ചിന്തിച്ചു നോക്കൂ. ചിന്ത എന്ന ആശയത്തെപ്പോലും ഇതുവരെ ശാസ്ത്രത്തിന് വിശദീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്രം പറയുന്നത് ചിന്തയെന്ന പ്രവൃത്തി സംഭവിക്കുന്നത് വൈദ്യുത കാന്തിക തരംഗങ്ങളുടെ സഹായത്തോടെയാണ് എന്നാണ്. പക്ഷെ ആര്‍ക്കും പൂര്‍ണ്ണമായും മനസ്സിലാക്കുവാന്‍പോലും കഴിഞ്ഞിട്ടില്ല. മരണത്തെ ജീവിതത്തിന്റെ വിപരീതമായി കാണുന്നത് അജ്ഞത കൊണ്ടാണ്. മരണത്തിന് സ്വന്തമായ ഒരു അസ്തിത്വമില്ല. മരണത്തിനു മാത്രമായി നിലനില്‍ക്കുവാന്‍ കഴിയില്ല. ജീവന്റെ എതിരോ വിപരീതമോ മറുപുറമോ അല്ല മരണം. വാസ്തവത്തില്‍ ജീവനില്ലാതാകുന്ന അവസ്ഥയെയാണ് മരണം എന്നു നമ്മള്‍ വിളിക്കുന്നത്. "

പ്രൊഫസര്‍ പതറി. വിദ്യാര്‍ത്ഥി തുടര്‍ന്നു.

"മനുഷ്യന്‍ കുരങ്ങനില്‍നിന്നും രൂപം കൊണ്ടതാണെന്നല്ലേ അങ്ങ് പഠിപ്പിക്കാറുള്ളത്.?"

"ശരിയാണ്. പ്രകൃതിയുടെ പരിണാമ സിദ്ധാന്ത പ്രകാരം അങ്ങനെ തന്നെയാണല്ലോ."

"പരിണാമം സംഭവിക്കുന്നത് അങ്ങ് നേരില്‍ കണ്ടിട്ടുണ്ടോ."

പ്രൊഫസര്‍ പുഞ്ചിരിക്കുകയും ഇല്ലെന്ന അര്‍ത്ഥത്തില്‍ തലയാട്ടുകയും ചെയ്തു.

"അപ്പോള്‍ പരിണാമം സംഭവിക്കുന്നത് അങ്ങ് മാത്രമല്ല, ആരും കണ്ടിട്ടില്ല. പരിണാമം ഒരു തുടര്‍ പ്രക്രിയയാണെന്നും അത് ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നും ഒരു ശാസ്ത്രീയ നിഗമനം മാത്രമാണ്. ഇപ്പോഴും ചിലര്‍ ഈ വാദഗതിയെ ശാസ്ത്രീയമായി തന്നെ എതിര്‍ക്കുന്നു. എന്നിട്ടും അങ്ങ് ആ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നു. അങ്ങനെയെങ്കില്‍ അങ്ങ് പഠിപ്പിക്കുന്നത് ഒരു വിശ്വാസത്തെയല്ലേ. "

പ്രൊഫസര്‍ ആ വിദ്യാര്‍ത്ഥിയെ അവിശ്വസനീയതയോടെ നോക്കി. അതിനുള്ള ഉത്തരം അദ്ദേഹത്തിന്റെ നാവിന്‍തുമ്പിലുണ്ടായിരുന്നു. പക്ഷെ അത് പറയുവാന്‍ അദ്ദേഹം മടിച്ചു. പക്ഷെ അദ്ദേഹത്തിന് പറയാതിരിക്കുവാന്‍ കഴിയുമായിരുന്നില്ല.

"എല്ലാ കാര്യങ്ങളും കണ്ടും കേട്ടും തൊട്ടും മണത്തുനോക്കിയും രുചിച്ചുനോക്കിയും ബോധ്യപ്പെടുവാന്‍ കഴിയില്ലല്ലോ. കുറെയൊക്കെ നമ്മള്‍ വിശ്വസിച്ചല്ലേ മതിയാകൂ."

അതാണ് സര്‍. വിശ്വാസത്തെക്കുറിച്ചു തന്നെയാണ് സര്‍, ഞാനും പറയുവാന്‍ ഉദ്ദേശിച്ചത്. മനുഷ്യനേയും ദൈവത്തേയും ബന്ധപ്പെടുത്തുന്ന കണ്ണിയാണ് വിശ്വാസം. മറ്റെന്തിനെക്കാളും ഇന്നും മനുഷ്യനെ നയിച്ചുകൊണ്ടിരിക്കുന്നത് അവന്റെ വിശ്വാസങ്ങള്‍ തന്നെയാണ്. തിന്‍മ എന്നൊന്നില്ല സര്‍. നന്മ ഇല്ലാതാവുന്നിടത്താണ് തിന്മ രൂപം കൊള്ളുന്നത്.

............................................................

കുറിപ്പ്‌.
ഇതൊന്നും എന്റെ തത്വചിന്തകളോ ആശയങ്ങളോ അല്ല. കുറച്ചുകാലം നെറ്റിസണ്‍മാര്‍ക്കിടയില്‍ ആംഗേലയ ഭാഷയില്‍ പ്രചരിച്ചിരുന്നതും 2010-ല്‍ ഒരു സുഹൃത്ത് ഇ-മെയില്‍ വഴി അയച്ചുതന്നതുമായ ഒരു കഥാ സന്ദേശം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി എന്നു മാത്രം. ഈ കഥയിലെ വിദ്യാര്‍ത്ഥി ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആയിരുന്നുവെന്നും ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം ആയിരുന്നുവെന്നും  ഒക്കെ ഇന്റര്‍നെറ്റ് തട്ടകത്തില്‍ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. ആരായിരുന്നാലും ഈ സംഭാഷണത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള പലതും ചിന്തനീയമായ വിഷയങ്ങളാണ്. ചിന്തിക്കുവാന്‍ കഴിവുള്ളവന് എങ്ങനെ വേണമെങ്കിലും ചിന്തിക്കാം. അത് ചിലപ്പോള്‍ ദൈവമുണ്ടെന്നാകാം. ഇല്ലെന്നാകാം. എന്തായാലും ഒരു കാര്യം സത്യമാണ്. ഇല്ലെന്നായാലും ഉണ്ടെന്നായാലും രണ്ടും വിശ്വാസങ്ങള്‍ തന്നെയാണ്. ദൈവം ഇല്ലായെന്നു വിശ്വസിക്കുന്നതും ഒരു വിശ്വാസം തന്നെയല്ലേ. 

12 അഭിപ്രായങ്ങൾ:

 1. അവര്‍ രണ്ടുപേരുമല്ല. ഏതോ ഭാവനയില്‍ വിരിഞ്ഞ സൃഷ്ടിയെന്നും ചിലര്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ അജിത് ഭായ്... അങ്ങനെ ഒരു വാദഗതിയുമുണ്ട്. സന്ദര്‍ശനത്തിന് നന്ദി. ഭായ്..

   ഇല്ലാതാക്കൂ
 2. അതെ. എല്ലാം ഒരു വിശ്വാസം തന്നെ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ റാംജി.ഭായ്.... വിശ്വാസം അതല്ലേ എല്ലാം. വരവിനും വായനക്കും നന്ദി.

   ഇല്ലാതാക്കൂ
 3. ഇത് വളരെ പഴയ കഥയാണല്ലോ ദാസ്. ഈ കഥയിൽ ഒരുപാട് ന്യൂനതകളുണ്ട്. ദൈവം ഉണ്ടെന്നു തെളിയിക്കനാണല്ലോ വിദ്യാർഥി പാടുപെടുന്നത്. പക്ഷേ വളരെ ബാലിശമായ ചോദ്യങ്ങളാണ്‌ വിദ്യാർഥി ചോദിക്കുന്നത്.
  1. തണുപ്പ് എന്ന അവസ്ഥ ഇല്ലെന്നാണ്‌ വിദ്യാർഥി അവകാശപ്പെടുന്നത്. തണുപ്പ് എന്ന അവസ്ഥയുമുണ്ട് ചൂട് എന്ന അവസ്ഥയുമുണ്ട്. ചൂട് ഇല്ലാത്ത അവസ്ഥയെ തണുപ്പ് എന്നു വിളിക്കാമെങ്കിൽ തണുപ്പ് ഇല്ലാത്ത അവസ്ഥയെ ചൂട് എന്നും വിളിക്കാം. പ്രപഞ്ചത്തിന്റെ ഏറിയഭാഗവും തണുപ്പ് തന്നെയാണ്‌. പ്രകാശത്തിന്റെയും ഇരുട്ടിന്റേയും കഥയും ഇതുതന്നെ.
  2. ചിന്തയെ മനസ്സിലാക്കാൻ സയൻസിന്‌ കഴിവില്ലെന്നെ വാദം തെറ്റാണ്‌. ചിന്തകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന യന്തങ്ങൾ വരെ കണ്ടുപിടിച്ചുകഴിഞ്ഞു. ശരീരം മുഴുവൻ തളർന്ന ഒരുമനുഷ്യൻ തന്റെ മനസ്സുകൊണ്ട് നിയന്ത്രിക്കാവുന്ന ഒരു പ്രത്യേക കുപ്പായമണിഞ്ഞാണ്‌ ലോകകപ്പിന്റെ കിക് ഓഫ് ചെയ്തത്.
  3. കുരങ്ങിൽ നിന്നാണ്‌ മനുഷ്യനുണ്ടായത് എന്ന് ഒരു പരിണാമ ശാസ്ത്രവും പറയുന്നില്ല. മനുഷ്യനും കുരങ്ങിനും പൊതുവായ ഒരു പൂർവ്വികൻ (പ്രിമേറ്റ്) ഉണ്ടായിരുന്നു എന്നാണ്‌ തെളിയിച്ചിരിക്കുന്നത്. അതിനു തെളിവാണ്‌ ഡി. എൻ. എ. അതുകൂടാതെ ടൺ കണക്കിന്‌ ഫോസിൽ തെളിവുകൾ. ഒന്നൊ രണ്ടോ വർഷങ്ങൾ കൊണ്ട് സംഭവിക്കുന്ന ഒന്നല്ല പരിണാമം. മില്യൻ കണക്കിന്‌ വർഷങ്ങൾ കൊണ്ടാണ്‌ ഒരു സ്പീഷീസ് അതിന്റെ മാറിയ പരിതസ്ഥിതിക്കനുസരിച്ച് സ്വയം മാറുന്നത്. പരിണാമം നേരിൽ കണ്ടിട്ടുണ്ടൊ എന്നു ചോദിക്കുന്നത് എന്തു ബാലിശമാണ്‌ എന്നോർക്കണം.
  ദൈവം എന്നു പറയുന്നത് ഒരു സങ്കല്പം മാത്രമാണ്‌. പല മനുഷ്യർക്ക് പല സങ്കല്പം. ഒരു ദൈവമേയുള്ളു , അതു ഞങ്ങളുടെ മാത്രം എന്നാണ്‌ ലോകത്തുള്ള എല്ലാ മതങ്ങളും ഉപമതങ്ങളും പറയുന്നത്. ഒരുദൈവമേയുള്ളുവെങ്കിൽ ആചാരനുഷ്ഠാനങ്ങളിൽ ഇത്രയധികം വൈരുധ്യങ്ങൾ എങ്ങിനെ വന്നു? ഒരുകാലത്ത് മനുഷ്യൻ അജ്ഞാതമായിരുന്ന പ്രതിഭാസങ്ങൾക്ക് ഒരു കാരണക്കാരനെ അവർ കണ്ടുപിടിച്ചു.. അതാണ്‌ “ദൈവം”

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വരവിനും വായനക്കും ഒരുപാട് നന്ദി. ഈ കഥയില്‍ പറഞ്ഞിരിക്കുന്ന പലകാര്യങ്ങളോടും എനിക്കും യോജിപ്പില്ല. മാത്രവുമല്ല. ഇത് ശാസ്ത്രീയമായ ഒരു വിശകലനവുമല്ല. ഒടുവിലെ കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ, ആധികാരികതപോലും ചോദ്യം ചെയ്യപ്പെടുന്ന, ഒരു ഇന്റര്‍നെറ്റ് കഥയെ മലയാളത്തിലേക്കുവാന്‍ ഒരു ചെറിയ ശ്രമം. അത്രമാത്രം. ഇതിലൂടെ ഞാന്‍ ഉദ്ദേശിച്ചതും താങ്കളെ പോലെ ചിന്തിക്കുന്നവരുടെ കൂടി കാഴ്ച്ചപ്പാടുകള്‍ അറിയുവാനാണ്. അതുകൊണ്ടുതന്നെ താങ്കളുടെ പ്രതികരണത്തിന് വളരെയധികം നന്ദി.

   ഇല്ലാതാക്കൂ
 4. ഈ വിശ്വസിക്കാതിരിക്കുന്നതും ഒരു വിശ്വാസമാണല്ലോ അല്ലേ അല്ലേ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ വിശ്വസിക്കാതിരിക്കുന്നതിലും ഒരു വിശ്വാസം ഒളിഞ്ഞിരിക്കുന്നുണ്ട്.... മുരളി ഭായ്... നന്ദി.

   ഇല്ലാതാക്കൂ
 5. സുധീർ,
  നന്നായി ഈ അവതരണം
  ഇതേപ്പറ്റി കുറെനാൾ മുൻപ് ഒരു വീഡിയോ കണ്ടിരുന്നതായി ഓർക്കുന്നു
  അതിന്റെ ലിങ്ക് കൂടി തിരഞ്ഞു പിടിച്ചു ചേർത്താൽ നന്നായിരിക്കും
  എന്റെ ബ്ളോഗിൽ വന്നതിൽ സന്തോഷം
  എഴുതുക അറിയിക്കുക
  ആശംസകൾ
  ഫിലിപ്പ് ഏരിയൽ സെക്കന്തരാബാദ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ഫിലിപ്പ് ഏരിയല്‍ ഭായ്. അഭിപ്രായത്തിന് വളരെയധികം നന്ദി.

   ഇല്ലാതാക്കൂ
 6. ഇതുകൂടി വായിക്കൂ ഭായ്
  https://www.facebook.com/vaisakhan.thampi/posts/10204680230433387:0

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായിച്ചു ഭായ്. വ്യത്യസ്തമായ ചിന്തകള്‍ പങ്കു വെച്ചതിന് നന്ദി.

   ഇല്ലാതാക്കൂ