കുട്ടികള്‍ വളരട്ടെ, മനുഷ്യരെപ്പോലെ...!

"റ്റീച്ചര്‍.... "

"എന്താ ബിട്ടു...."

"ഒരു ശംശ്യയം......"

എന്തോ ചോദിക്കണമെന്നുണ്ടെങ്കിലും മടിച്ചു നില്‍ക്കുന്ന ഒന്നാം ക്ലാസ്സുകാരന്‍ ബിട്ടുവിനോട്‌ ടീച്ചര്‍ വീണ്ടും ചോദിച്ചു.

"എന്തു സംശയമുണ്ടെങ്കിലും ചോദിച്ചോളൂ ബിട്ടു. ധൈര്യമായി ചോദിച്ചോളൂ."

സംശയിച്ചു നിന്നെങ്കിലും ഒടുവില്‍ ബിട്ടു ചോദിച്ചു.

" റ്റീച്ചര്‍.... എങ്ങിന്യാ പെങ്കുട്ട്യോള് അമ്മമാരാവണത്..."

ഒന്നു ഞെട്ടിയെങ്കിലും ടീച്ചര്‍ അത് വിദഗ്ധമായി മറച്ചുപിടിച്ചു. കൊച്ചുകുട്ടിയല്ലേ. മാത്രവുമല്ല, ന്യൂ ജെനറേഷനും. ഇതിലും വലിയ ചോദ്യങ്ങള്‍ പ്രതീക്ഷിക്കണം. എങ്കിലും അപ്രതീക്ഷിതമായ ചോദ്യം. എന്തു പറയണമെന്നറിയാതെ കുഴങ്ങി നില്‍ക്കുമ്പോള്‍ അടുത്ത ചോദ്യവും വന്നു.

" വൈറ്റില്‌  ഉണ്ണ്യോള്ണ്ടായി പെസവിക്കുമ്പോളാണോ അമ്മമാരാവണത്..."

ഭാഗ്യം. ഉത്തരം ബിട്ടു തന്നെ പറഞ്ഞുതന്നിരിക്കുന്നു.ടീച്ചര്‍ ഉടന്‍ മറുപടി പറഞ്ഞു.

"ആ... അതെ.... അതെ... അങ്ങനെയാണ് പെണ്‍കുട്ടികള്‍ അമ്മമാരായി മാറുന്നത്."

അങ്ങനെ പറഞ്ഞ് ആശ്വസിക്കുമ്പോഴും ടീച്ചറുടെ ഉള്ളില്‍ ഒരു പേടിയുണ്ടായിരുന്നു. വയറ്റില് എങ്ങിന്യാ ഉണ്ണ്യോള്  ഉണ്ടാവണെ എന്ന് ചോദിച്ചാല്‍ എന്തു പറയും.പക്ഷെ  ബിട്ടു ചോദിച്ചത് മറ്റൊന്നായിരുന്നു.

"റ്റീച്ചറെ..... അറുപത് വയസ്സ്ള്ള പെന്നുങ്ങള് പെസവിക്ക്വോ..."

"അറുപതു വയസ്സിലോ.... ഇല്ല....  അങ്ങനെ സംഭവിക്കില്ല."

"അപ്പോ... അമ്പത് വയസ്സ്ള്ള പെന്നുങ്ങള്‍ക്ക് പ്രസവിക്കാന്‍ പറ്റ്വോ..."

"അന്‍പതു വയസ്സില്‍ പ്രസവിക്കാന്‍.... ഉം... ഇല്ല... സാധ്യത കുറവാണ്..."

കുറച്ചുനേരം ആലോചിച്ചുനിന്നതിനു ശേഷം ബിട്ടു വീണ്ടും ചോദിച്ചു.

"അപ്പോ.... നാല്പതു വയസ്സ്ള്ള പെന്നുങ്ങളോ.."

ടീച്ചറിന്റെ പുരികകൊടികള്‍ ചെറുതായൊന്നു വളഞ്ഞുവെങ്കിലും അവര്‍ മറുപടി പറഞ്ഞു.

"ഉംം.... നാല്‍പ്പതു വയസ്സുള്ള സ്ത്രീകള്‍ക്ക് .... പ്രസവിക്കുവാന്‍... കഴിയും."

അദ്ധ്യാപികയുടെ വാക്കുകള്‍ക്ക് അത്ര ഉറപ്പില്ലായിരുന്നു. അതുകൊണ്ട്  ബിട്ടു വീണ്ടു ചോദിച്ചു.

"അപ്പോ... മുപ്പത് വയസ്സ്ള്ള പെന്നുങ്ങളോ..."

ഇത്തവണ അദ്ധ്യാപിക ആത്മവിശ്വാസത്തോടെ മറുപടി കൊടുത്തു.

"പിന്നെ... മുപ്പത് വയസ്സുള്ള സ്ത്രീകള്‍ക്ക് പ്രസവിക്കുവാന്‍ കഴിയും... സംശയമേ വേണ്ട.."

"അപ്പോ...ഇരുപത് വയസ്സ്ള്ള പെന്നുങ്ങള്‍ക്കോ.... "

"ഇരുപത് വയസ്സുള്ള സ്ത്രീകള്‍ക്ക് തീര്‍ച്ചയായും പ്രസവിക്കുവാന്‍ കഴിയും. ഡോക്ടര്‍മാര്‍ പറയുന്നത് ഇരുപതിനും മുപ്പതിനും ഇടയിലാണ് ഗര്‍ഭം ധരിക്കുവാന്‍ എറ്റവും നല്ല പ്രായമെന്നാണ്."

"അപ്പോ... പത്തു വയസ്സ്ള്ള പെന്നുങ്ങളോ...."

"ഇല്ല...  ഏയ് ...... ഇല്ല.... ഇല്ലെന്നു തന്നെ പറയാം."

"അപ്പോ..അഞ്ചു വയസ്സ്ള്ള പെന്നുങ്ങളോ..."

"അഞ്ചു വയസ്സിലോ... ഒരിക്കലുമില്ല.... അത് ഒരിക്കലും സംഭവിക്കില്ല. എന്താ മോന്‍ ഇതൊക്കെ ചോദിക്കുവാന്‍ കാരണം."

" വെറ്‌തെ ചോയ്ച്ചതാ..."

ബിട്ടു നിഷ്‌കളങ്കമായി ചിരിച്ചു. മറുപടി പറയുവാന്‍ കഷ്ടപ്പെടേണ്ടി വന്നില്ലല്ലോ എന്നാശ്വസിച്ച് ടീച്ചറും ചിരിച്ചു. ക്ലാസ്സ് തുടരുന്നതിനായി, ടീച്ചര്‍ തിരിഞ്ഞുനടക്കുവാന്‍ തുടങ്ങുമ്പോള്‍ തൊട്ടടുത്തിരുന്ന പെണ്‍കുട്ടിയോട്‌  ബിട്ടു പറഞ്ഞു.

"പിങ്കി, ഞാന്‍ അപ്പഴേ പറഞ്ഞില്ലേ  ഒന്നും ഇണ്ടാവില്ല്യാന്ന്."

അതുകേട്ട് തിരിഞ്ഞുനോക്കിയ ടീച്ചര്‍ ഞെട്ടിത്തരിച്ചുനിന്നു. ഉണ്ണിക്കണ്ണന്റെ കുഞ്ഞുവായയ്ക്കുള്ളില്‍ ഈരേഴുപതിനാലു ലോകങ്ങളും ദര്‍ശിച്ച് അത്ഭുതമൂറിനിന്ന യശോധയെപ്പോലെ.

.............................................................................

വാല്‍കഷ്ണം.

ഏകദേശം 15 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഉത്തരേന്ത്യയില്‍നിന്നും കേരളത്തിലെത്തിയ, ഒരു പയ്യന്‍ പറഞ്ഞുതന്ന ഹിന്ദി തമാശ കഥയാണ് ഞാന്‍ മലയാളത്തില്‍ ഇവിടെ പങ്കുവെച്ചത്. അന്ന് കേട്ടപ്പോള്‍ തമാശയായിട്ടാണ് തോന്നിയത്. പക്ഷെ ഇന്നത്തെ കാലത്ത് ഇത് ഒരു പേടിപ്പെടുത്തുന്ന സത്യമായി തോന്നുന്നു. ഇംഗ്ലണ്ടിലെ ഒരു യൂണിവേഴ്‌സിറ്റി കുട്ടികള്‍ക്കിടയില്‍ നടത്തിയ റിസര്‍ച്ചില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞത് കുട്ടികള്‍ ലൈംഗികമായി പ്രായപൂര്‍ത്തിയാകുന്ന വയസ്സ് അതിവേഗം കുറഞ്ഞുവരികയാണെന്നാണ്. ഹോര്‍മോണുകള്‍ കുത്തിവെച്ച് ഉത്പാദിപ്പിക്കുന്ന മാംസാഹാരങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന ആധുനിക ഭക്ഷണശൈലികള്‍ പുതിയ തലമുറയിലെ കുട്ടികളുടെ ശരീരവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. വെറും പന്ത്രണ്ടാമത്തെ വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 'ഡാഡി'യായി മാറിയ 'സീന്‍ സ്റ്റുവര്‍ട്ടിനെ' പോലുള്ളവരെ സൃഷ്ടിച്ച പാശ്ചാത്യരുടെ ജീവിതശൈലികള്‍ അപ്പാടെ അനുകരിക്കുന്നവര്‍ ചിന്തിച്ചുതുടങ്ങുക. അല്ലെങ്കില്‍ കുട്ടികള്‍ വേഗം വളരും, മനുഷ്യരെപ്പോലെയല്ല, മൃഗങ്ങളെപ്പോലെ.

2 അഭിപ്രായങ്ങൾ:

  1. എല്ലാം ചുട്ട ആശയങ്ങളാണല്ലോ ഭായ്

    മറുപടിഇല്ലാതാക്കൂ
  2. ഇതൊക്കെ വായിച്ചിട്ടെങ്കിലും ആരെങ്കിലുമൊക്കെ ഒന്നു മാറി ചിന്തിച്ചാലോ മുരളീ മുകുന്ദന്‍ ഭായ്.

    മറുപടിഇല്ലാതാക്കൂ