ശേഷിപ്പുകള്‍

ജീവന്‍ ദേശായ് കിഴക്കിന്റെ മകനും ഗ്രെയ്‌സ് പടിഞ്ഞാറിന്റെ മകളുമായിരുന്നു. ജീവനിലൂടെയാണ് കിഴക്കിന്റെ സൗന്ദര്യത്തേയും സംസ്‌കാരത്തേയും കുറിച്ച് ഗ്രെയ്‌സ് കേട്ടറിഞ്ഞത്. ഗ്രെയ്‌സിലൂടെയാണ്, പടിഞ്ഞാറിന്റെ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തെയും അത്ഭുതപ്പെടുത്തുന്ന ആഢംബരങ്ങളെയും കുറിച്ച്, ജീവന്‍ അറിയുവാന്‍ ഇടയായത്.

അറിവുകളും ഓര്‍മ്മകളും സ്വകാര്യങ്ങളും സ്വപ്നങ്ങളും കൈമാറുന്നതിനിടയില്‍ എപ്പോഴാണ് അവര്‍ ഹൃദയങ്ങള്‍ കൈമാറിയത്. പ്രണയത്തിന് അതിരുകളില്ല, ദേശങ്ങളില്ല, ദിക്കുകളുമില്ല. കിഴക്കിനും പടിഞ്ഞാറിനും ഇടയില്‍ വലിയ അകലമുണ്ടായിരുന്നു. അകലം അവരുടെ പ്രണയത്തിന്റെ ആഴം കൂട്ടിയതേയുള്ളൂ. ജീവിതം ഒന്നേയുള്ളൂ. അത് പാഴാക്കുവാനുള്ളതല്ല. ഒന്നാകുവാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം. ജീവന്‍ ജനിച്ചുവളര്‍ന്ന കിഴക്കിനേയും ഗ്രെയ്‌സ് തന്റെ ആത്മാവായ പടിഞ്ഞാറിനേയും ഉപേക്ഷിച്ചു. കിഴക്കും പടിഞ്ഞാറും സമന്വയിക്കുന്ന ഒരു പുതിയ ജീവിതത്തിലേക്കുള്ള യാത്രയുടെ തുടക്കം.

യാത്രയില്‍ അവര്‍ സ്വപ്നങ്ങള്‍ നെയ്തു. ഗ്രെയ്‌സിന്റെ സ്വപ്നങ്ങളില്‍ കിഴക്കിന്റെ പാരമ്പര്യവും സംസ്‌കാരവും നിറഞ്ഞുനിന്നു. ജീവന്റെ സ്വപ്നങ്ങളില്‍ വിടര്‍ന്നത് പടിഞ്ഞാറിന്റെ സവിശേഷമായ സ്വാതന്ത്ര്യവും ആകര്‍ഷകമായ ആഢംബരങ്ങളുമായിരുന്നു. രണ്ടു സംസ്‌കാരങ്ങളുടെയും ഒരു അപൂര്‍വ്വ സമന്വയം തങ്ങളിലൂടെ സാക്ഷാത്കരിക്കുമെന്നും, കാലം തങ്ങളെ മാതൃകകളായി വിശേഷിപ്പിക്കുമെന്നും അവര്‍ സ്വപ്നം കണ്ടു.

സ്വപ്നം രാത്രിയും യാഥാര്‍ത്ഥ്യം പകലുമായിരുന്നു. ഉണരുമ്പോള്‍ പ്രണയത്തിലേക്കുള്ള യാത്ര അവസാനിച്ചിരുന്നു. കണ്ണുതുറക്കുമ്പോള്‍ ഗ്രെയ്‌സ് കിഴക്കിന്റെ തീരമണഞ്ഞിരുന്നു. കേട്ടറിഞ്ഞതിനേക്കാള്‍ എത്രയോ സുന്ദരം. പക്ഷെ അവള്‍ക്ക് ജീവനെ മാത്രം തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല. അവനിലൂടെ കേട്ടറിഞ്ഞ കിഴക്കിന്റെ അഭൗമമായ സൗന്ദര്യം അവളുടെ ഹൃദയം നിറച്ചു. പക്ഷെ ആ തീരം വല്ലാത്ത ഒരു ഒറ്റപ്പെടലാണ് അവള്‍ക്ക് സമ്മാനിച്ചത്. പ്രതീക്ഷകള്‍ അസ്തമിക്കുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു. ഇനിയും കാത്തുനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. ഒട്ടും വൈകിയിട്ടില്ല. ആയുസ്സിന്റെ പകുതിയിലധികം ഇനിയും ബാക്കിയുണ്ട്. ഒരു മടക്കയാത്ര അനിവാര്യമായിരിക്കുന്നു. ഗ്രെയ്‌സ് വീണ്ടും പടിഞ്ഞാറ് ലക്ഷ്യമാക്കി യാത്ര തിരിച്ചു. തെറ്റുകള്‍ സംഭവിക്കുന്നതും തിരുത്തുന്നതും മനുഷ്യസഹജമാണ്.

ഗ്രെയ്‌സിലേക്കെത്തുവാനുള്ള ജീവന്‍ ദേശായിയുടെ യാത്ര അവസാനിച്ചത് പടിഞ്ഞാറിന്റെ തീരത്തായിരുന്നു. എല്ലാം നയനമനോഹരം. പക്ഷെ ആ തീരത്ത്, ഏറെ ഇഷ്ടപ്പെട്ടിരുന്ന
ഗ്രെയ്‌സിനെ മാത്രം, അയാള്‍ക്ക് കണ്ടെത്താനായില്ല. അവളുടെ അസാന്നിധ്യം അയാളെ അസ്വസ്ഥമാക്കി. പരിമിതികളില്ലാത്ത സ്വാതന്ത്ര്യവും ലോകത്തിലെ ഏറ്റവും മികച്ച ആഢംബരങ്ങളും ആസ്വദിക്കുമ്പോഴും അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. കണക്കുകൂട്ടലുകള്‍ എവിടെയോ പിഴച്ചിരിക്കുന്നു. നഷ്ടപ്പെടുത്തുന്നത് സ്വന്തം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയമാണെന്ന് ജീവന്‍ തിരിച്ചറിഞ്ഞു.  ജീവിതം ഒന്നേയുള്ളൂ. വീഴ്ചകള്‍ സ്വാഭാവികമാണ്. തിരിച്ചുവരവുകള്‍ സ്വാഗതാര്‍ഹവും. ജീവന്‍ വീണ്ടും കിഴക്കിന്റെ മടിത്തട്ടിലേക്ക്.

തെറ്റുകള്‍ തിരുത്തി, ശരിയായ വഴികളിലൂടെ, ഉറവിടങ്ങളിലേക്കൊരു മടക്കയാത്ര. കൂട്ടുണ്ടായിരുന്നത്, സ്വന്തം വേരുകളിലേക്കാണ് മടങ്ങുന്നതെന്ന ആശ്വാസം മാത്രം. ഗ്രെയ്‌സിനെ, പടിഞ്ഞാറ് ദേശം, രണ്ടു കൈകളും നീട്ടി സ്വീകരിച്ചു. കിഴക്കിന്റെ ഹൃദയവും വിശാലമായിരുന്നു. എല്ലാം ക്ഷമിക്കുവാനും ഉള്‍കൊള്ളുവാനും കഴിയുന്ന വിശാലത. കിഴക്കിന്റെ സൗന്ദര്യമാണ് ഏറ്റവും ഉദാത്തമെന്ന് ജീവന്‍  തിരിച്ചറിയുവാന്‍ തുടങ്ങുമ്പോള്‍, പടിഞ്ഞാറിന്റെ ചില്ലയില്‍ ഗ്രെയ്‌സ് ഒരു പുതിയ കൂടുകൂട്ടുവാനുള്ള ഒരുക്കത്തിലായിരുന്നു.

വേരുകളുറങ്ങികിടക്കുന്ന കിഴക്കിന്റെ മണ്ണിലൂടെ, സ്വയം വീണ്ടെടുക്കുവാന്‍ ശ്രമിച്ചുകൊണ്ട് ജീവന്‍ നടന്നു. വഴിയരുകിലിരുന്ന് പാടുന്ന മദ്യപാനിയായ ഒരു ഗായകന്റെ വരികള്‍ അയാളെ ചിന്തകളില്‍നിന്നും ഉണര്‍ത്തി.

   "വോ സഡക് കെ ഉസ് പാര്‍ ഥി, (അവള്‍ പാതയുടെ അപ്പുറത്തായിരുന്നു.)
   മേം സഡക് കെ ഇസ് പാര്‍ ഥാ, (ഞാന്‍ പാതയുടെ ഇപ്പുറത്തും.)
   വോ ആഗെ ബഡി, (അവള്‍ മുന്നോട്ടു നടന്നു.)
   മേം ഭീ ആഗെ ബഡാ, (ഞാനും മുന്നോട്ടു നടന്നു.)
   വോ കുച്ച് ഓര്‍ ആഗെ ബഡി, (അവള്‍ കുറച്ചുകൂടി മുന്നോട്ട്.)
   മേം ഭീ കുച്ച് ഓര്‍ ആഗെ ബഡാ, (ഞാനും കുറച്ചുകൂടി മുന്നോട്ട്.)
   വോ കുച്ച് ഭീ ഓര്‍ ആഗെ ബഡി, (പിന്നെയും അവള്‍ കുറച്ചുകൂടി മുന്നോട്ട്.)
   മേം ഭീ കുച്ച് ഭീ ഓര്‍ ആഗെ ബഡാ," (പിന്നെയും ഞാന്‍ കുറച്ചുകൂടി മുന്നോട്ട്.)
....................

ഒരു അര്‍ദ്ധവിരാമമിട്ടുകൊണ്ട് അയാള്‍ താളാത്മകമായി ചോദിച്ചു.

"ക്യാ ഹുവാ..." (എന്തു സംഭവിച്ചു.)
"ഉസ്‌കെ ബാദ് ക്യാ ഹുവാ.." (അതിനുശേഷം എന്തു സംഭവിച്ചു.)
"ജാന് നാ ചാഹ്‌തെ ഹോ  ക്യാ..." ( അറിയുവാന്‍ ആഗ്രഹമുണ്ടോ)

അയാള്‍ പൊട്ടിചിരിച്ചുകൊണ്ടു ബാക്കി വരികള്‍ കൂടി പാടി.

   "അബ് വോ സഡക് കെ ഇസ് പാര്‍. (അവള്‍ ഇപ്പോള്‍ പാതയുടെ ഇപ്പുറത്താണ്.)
   ഓര്‍ മേം സഡക് കെ ഉസ് പാര്‍." (ഞാന്‍ ഇപ്പോള്‍ പാതയുടെ അപ്പുറത്തും.)

ആ വരികള്‍ പരിഹസിക്കുന്നതായി തോന്നിയെങ്കിലും അവ അര്‍ത്ഥവത്താണ് എന്നതില്‍ ജീവന്‍ ദേശായിക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല..

കിഴക്ക് ഇപ്പോഴും പഴഞ്ചനാണ്. പാമ്പാട്ടികളുടെയും അന്ധവിശ്വാസികളുടെയും നാട്. ഈയിടെയായി ഗ്രെയ്‌സ് സൂര്യോദയം പോലും കാണാറില്ല. കാരണം കിഴക്കിനെ അത്രമാത്രം അവള്‍ വെറുത്തു കഴിഞ്ഞിരുന്നു. പടിഞ്ഞാറ് വെറും കൃത്രിമത്വങ്ങളുടെയും സ്വാര്‍ത്ഥതകളുടേയും നാടാണ്. ജീവന്‍ പടിഞ്ഞാറിനേയും അതിന്റെ അപരിമിതമായ സ്വാതന്ത്ര്യത്തേയും അതിവിശിഷ്ടമായ ആഢംബരങ്ങളേയും മനപ്പൂര്‍വ്വം മറന്നുകഴിഞ്ഞിരിക്കുന്നു.

പക്ഷെ ചില ചോദ്യങ്ങള്‍ മാത്രം അവശേഷിക്കുന്നു.

ജീവിതത്തിന്റെ പാത കുറുകെ കടക്കുമ്പോള്‍ ജീവന്‍ ദേശായിക്കും ഗ്രെയ്‌സിനും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യം അപ്രസക്തമാണ്. കിഴക്കിനും പടിഞ്ഞാറിനും ഇടയില്‍, ഭൂതത്തിനും ഭാവിക്കും ഇടയില്‍, ദിക്കുകളറിയാതെ, വഴിയറിയാതെ, അലഞ്ഞുതിരിയുന്ന ഒരു കുഞ്ഞിന്റെ കരച്ചില്‍.... ആ കുഞ്ഞ് ആരെന്നും.... എന്തിനാണ് കരയുന്നതെന്നും.... ചോദിക്കാം. അവയാണ് പ്രസക്തമായ ചോദ്യങ്ങള്‍.