Translate

ബ്ലാക്ക് ബലൂണ്‍

വിനോദസഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും കപ്പുകളും പെറുക്കി നടക്കുമ്പോഴും അവന്റെ കണ്ണുകള്‍ തനിക്കു ചുറ്റും ഉല്ലസിച്ചു കൊണ്ടിരിക്കുന്ന നിറങ്ങളിലായിരുന്നു. തിരമാലകളില്‍ ആറാടുന്ന കുട്ടികളുടെ നിറപകിട്ടാര്‍ന്ന ഉടുപ്പുകള്‍. മുതിര്‍ന്നവരുടെ വസ്ത്രങ്ങളിലും മനോഹരമായ വര്‍ണ്ണക്കൂട്ടുകള്‍. ബാഗുകള്‍, തൊപ്പികള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, മിഠായികള്‍, ഐസ്‌ക്രീമുകള്‍, അവന്റെ കണ്ണുകള്‍ കണ്ടതെല്ലാം, മനോഹരമായ നിറങ്ങളാല്‍ പൊതിഞ്ഞിരുന്നു. ചുറ്റും ആഹ്ലാദത്തിന്റെ എണ്ണിയാലൊടുങ്ങാത്ത മോഹിപ്പിക്കുന്ന നിറങ്ങള്‍. ആകാശത്തിന്റെ നീലിമയില്‍ പാറിനടക്കുന്ന ബലൂണുകള്‍ക്കും പല നിറങ്ങളായിരുന്നു. ആകര്‍ഷകമായ വൈവിധ്യമാര്‍ന്ന നിറങ്ങള്‍.

കുട്ടികള്‍ ബലൂണ്‍ വില്‍പ്പനക്കാരനു ചുറ്റും ബഹളം വെക്കുന്നുണ്ടായിരുന്നു. അവര്‍ പച്ച, മഞ്ഞ, ഓറഞ്ച്, വയലറ്റ്, ചുവപ്പ്, പിങ്ക്, എന്നിങ്ങനെ പല നിറങ്ങളിലുള്ള ബലൂണുകള്‍ ഉച്ചത്തില്‍ ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. ഓരോരുത്തര്‍ക്കും അവര്‍ ആവശ്യപ്പെട്ട നിറങ്ങളിലുള്ള ബലൂണുകള്‍ അയാള്‍ നല്‍കി. ബലൂണുകള്‍ കെട്ടിയിട്ട നൂലുകളില്‍ മുറുകെ പിടിച്ചവര്‍ ഓടിക്കളിച്ചു. കൈവിട്ടു പറന്നുയരുന്ന ബലൂണുകളിലായിരുന്നു പാഴ്‌വസ്തുക്കള്‍ പെറുക്കിനടക്കുന്ന കറുത്ത ബാലന്റെ കണ്ണുകള്‍ ഏറെനേരം ഉടക്കിനിന്നത്. നിറങ്ങളോടൊപ്പം കുട്ടികളുടെ പൊട്ടിച്ചിരികളും ആര്‍പ്പുവിളികളും ഉയരുന്നുണ്ടായിരുന്നു.

തിരക്കൊഴിഞ്ഞപ്പോള്‍ ആ ബാലന്‍ ബലൂണ്‍കാരന്റെ സമീപത്തേക്ക് ചെന്നു. ആരോ എറിഞ്ഞുകൊടുത്ത ഒരു നാണയത്തുട്ട് അവന്റെ കയ്യിലുണ്ടായിരുന്നു. ആ നാണയതുട്ട് അയാള്‍ക്കുനേരെ നീട്ടുമ്പോള്‍, അയാള്‍ അത് വാങ്ങുമോ എന്നവന്‍ സംശയിച്ചു. നാണയം സ്വീകരിക്കുമ്പോള്‍ വൃദ്ധനായ ആ ബലൂണ്‍ വില്‍പ്പനക്കാരന്‍ പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു.

"ഏതു നിറമുള്ള ബലൂണാണ് നിനക്കിഷ്ടം.?"

വ്യത്യസ്തനിറങ്ങളുള്ള ബലൂണുകളിലേക്ക് മാറി മാറി നോക്കി ഏതു നിറം തിരഞ്ഞെടുക്കണമന്നറിയാതെ കുറച്ചുനേരം അവന്‍ മിണ്ടാതെ നിന്നു. പിന്നെ ചെമ്പന്‍തല ചൊറിഞ്ഞുകൊണ്ടു സംശയത്തോടെ പതുക്കെ പറഞ്ഞു.

"ഒരു കറുത്ത ബലൂണ്‍ തരുമോ.?"

അയാള്‍ ആ കുട്ടിയെ ആശ്ചര്യത്തോടെ നോക്കി. തന്റെ സഞ്ചിയില്‍ കുറച്ചുനേരം തിരഞ്ഞുനോക്കിയിട്ട് നിരാശയോടെ അയാള്‍ പറഞ്ഞു.

"ഇല്ലല്ലോ കുഞ്ഞെ. കറുപ്പു നിറമുള്ള ബലൂണ്‍ എന്റെ കൈവശമില്ലല്ലോ. എന്നോട് ഇതുവരെ കുട്ടികളാരും തന്നെ കറുത്ത ബലൂണ്‍ ആവശ്യപ്പെട്ടിട്ടില്ല."

അപ്പോള്‍ ആ ബാലന്‍ ആത്മഗതംപോലെ പറഞ്ഞു.

"എനിക്കറിയാം അവര്‍ക്ക് കറുപ്പ് ഇഷ്ടമല്ലെന്ന്. അവര്‍ക്ക് എന്നെയും ഇഷ്ടമല്ല. ഞാനും കറുപ്പാണല്ലോ."

അവന്റെ കണ്ണുകള്‍ നിറയുന്നതയാള്‍ ശ്രദ്ധിച്ചു.

"എന്തിനാണ് നീ കറുത്ത ബലൂണ്‍ മാത്രം ആവശ്യപ്പെട്ടത്. ?"

"ഒരുപാട് നിറങ്ങളിലുള്ള ബലൂണുകള്‍ പറന്നുയരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ കറുത്ത ബലൂണ്‍ മാത്രം ഉയരുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇതുവരെയും."

"കുഞ്ഞേ. ബലൂണിനെ വലുതാക്കുന്നതും ഉയരുവാന്‍ സഹായിക്കുന്നതും നിറങ്ങളല്ല. നിറങ്ങളെല്ലാം പുറമേ കാണുന്ന വെറും ഭംഗികള്‍ മാത്രമാണ്. ബലൂണുകള്‍ ഉയരുന്നതിനു പിന്നിലെ യഥാര്‍ത്ഥ ശക്തി അതിനുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന വാതകമാണ്."

അവന്‍ അയാളെ അത്ഭുതത്തോടെ നോക്കി.

"ഉള്ളില്‍ ആത്മവിശ്വാസത്തിന്റെ ശക്തിയുണ്ടെങ്കില്‍ നിനക്കും ഉയരുവാനാകും. നിറം വെളുപ്പായാലും കറുപ്പായാലും ഉള്ളില്‍ ആത്മവിശ്വാസമുള്ളവര്‍ക്കു മാത്രമേ ഉയരുവാന്‍ കഴിയൂ."

അയാളുടെ വാക്കുകള്‍ അവനില്‍ ഒരു പുതിയ ഊര്‍ജ്ജം നിറച്ചു. അവന്‍ അവിടെനിന്നും ഉത്സാഹത്തോടെ ഓടിപ്പോയി. പിന്നെ ഒരിക്കലും അയാള്‍ ആ ബാലനെ കണ്ടുമുട്ടിയില്ല. വളര്‍ന്നു വലുതായ ആ ബാലന്‍, വര്‍ഷങ്ങള്‍ക്കു ശേഷം, കടല്‍തീരത്തെ വൃദ്ധനായ ബലൂണ്‍കാരനെ തേടി വീണ്ടും വന്നു. പക്ഷെ അയാളുടെ സ്ഥാനത്ത് അപ്പോള്‍ ചെറുപ്പകാരനായ പുതിയൊരു ബലൂണ്‍കാരനായിരുന്നു. എങ്കിലും യുവാവായി മാറിയ പഴയ ബാലന്‍ തമാശരൂപേണ ചോദിച്ചു.

"ബലൂണ്‍കാരാ എനിക്കൊരു കറുത്ത ബലൂണില്‍ വാതകം നിറച്ചു തരുമോ.?"

പുതിയ ബലൂണ്‍കാരന്‍ ആ യുവാവിനെ സംശയത്തോടെ നോക്കി. ശേഷം തുകല്‍ ബാഗില്‍നിന്നും ഒരു കറുത്ത ബലൂണ്‍ എടുത്തു വാതകം നിറച്ചു. അത് ആ യുവാവിന് കൊടുക്കുമ്പോള്‍ ബലൂണ്‍കാരന്‍ പറഞ്ഞു.

"എന്നെങ്കിലും ഒരു കുട്ടി കറുത്ത ബലൂണ്‍ ചോദിക്കുകയാണെങ്കില്‍, ഇല്ലെന്നു പറയുവാന്‍ ഇട വരുത്തരുതെന്ന് അച്ഛന്‍ എപ്പോഴും ഓര്‍മ്മിപ്പിക്കുമായിരുന്നു. അതുകൊണ്ടായിരിക്കണം അദ്ദേഹം എപ്പോഴും സഞ്ചിയില്‍ ഒരു കറുത്ത ബലൂണ്‍ കരുതിയിരുന്നത്. ഞാനും ആ ശീലം തുടരുന്നു. പഴകുമ്പോള്‍ അതു മാറ്റി പുതിയതൊന്നു വെക്കും. പക്ഷെ ഇന്നുവരെ എന്നോടാരും  കറുത്ത ബലൂണ്‍ ആവശ്യപ്പെട്ടില്ല. ഏതായാലും ഇത് നിങ്ങള്‍ക്കിരിക്കട്ടെ."

യുവാവ് കറുത്ത ബലൂണ്‍ വാങ്ങി തന്റെ മകന് കൊടുത്തു.

"വേന്റ... വേന്റ...  എനിച്ച് ഇത് വേന്റ....  എനിച്ച് വേറെ നല്ല ഭംഗീള്ള ബലൂന്‍ മതി."

ചിരിച്ചുകൊണ്ട് യുവാവ് ആ കറുത്ത ബലൂണില്‍ ഇങ്ങനെ എഴുതിവെച്ചു.

"ബലൂണ്‍ ചാച്ചാ,
ഞാന്‍ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു."

എന്നിട്ടയാള്‍ കറുത്ത ബലൂണിനെ സ്വതന്ത്രമാക്കി. അത് ഉയരങ്ങളിലേക്കു പറന്നുയര്‍ന്ന് അകന്നകന്ന് ഒടുവില്‍ ഒരു പൊട്ടുപോലെ അനന്തതയില്‍ അലിഞ്ഞുചേരുന്നതും നോക്കി ആ യുവാവ് നില്‍ക്കുമ്പോള്‍, അയാളുടെ കുഞ്ഞിന്റെ കൈകകളില്‍ നിന്നും പലനിറങ്ങളിലുള്ള ബലൂണുകള്‍ പറന്നുയരുന്നുണ്ടായിരുന്നു.




ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...