അന്ധന്‍മാര്‍ വീണ്ടും ആനയെ തൊടുമ്പോള്‍

പരസ്പരം കൈകോര്‍ത്തു നടന്നുപോകുകയായിരുന്ന കുരുടന്‍മാരോട് വഴിപോക്കന്‍ പറഞ്ഞു.

"ആന വരുന്നുണ്ട്. സൂക്ഷിച്ചു നടന്നോളൂ."

കുരുടന്‍മാര്‍  അയാളോട് നന്ദി പറഞ്ഞ് വഴിയുടെ ഓരം ചേര്‍ന്നു നടക്കുവാന്‍ തുടങ്ങി. തെല്ലു ദൂരം നടന്നപ്പോള്‍ ഒരു ചിന്നം വിളിയും അതിനു പിന്നാലെ ഒരു വലിയ ശബ്ദവും കേട്ടവര്‍ ഞെട്ടി. ആളുകളുടെ ഉച്ചത്തിലുള്ള സംസാരവും പരക്കം പാച്ചിലും കേള്‍ക്കുന്നുണ്ടായിരുന്നു. അല്‍പ്പനേരം കാതോര്‍ത്തു നിന്ന അവര്‍ ശബ്ദം കേട്ട ഭാഗത്തേക്ക് തപ്പിത്തടഞ്ഞ് ശ്രദ്ധാപൂര്‍വ്വം നടന്നടുത്തു.

തൊട്ടടുത്ത് ആരുടെയോ കാല്‍ പെരുമാറ്റം കേട്ടപ്പോള്‍ കുരുടന്‍മാര്‍ ചേദിച്ചു.

"എന്താ... എന്തു പറ്റി. ?"

"എന്തു പറയാന്‍...? ആന ചതിച്ചു. അത്രതന്നെ."

"ആനയോ ? എവിടെ ?."

"ദാ ഇവിടെ തന്നെ നില്‍ക്കുന്നുണ്ട്."

"എന്തെങ്കിലും കുഴപ്പമുണ്ടോ ?"

"ആന ഓട്ടം നിര്‍ത്തിയ സ്ഥിതിക്ക് പേടിക്കേണ്ട കാര്യമില്ല."

അപ്പോള്‍ കുരുടന്‍മരിലൊരാള്‍ സ്വകാര്യം പറയുന്നതുപോലെ മറ്റു കുരുടന്‍മാരോട് ഒരു അഭിപ്രായം പങ്കുവെച്ചു.

"ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഇതുവരെ ഒരു ആനയെ തൊട്ടുനോക്കിയിട്ടില്ല."

"ഞങ്ങള്‍ക്കും അതിന് ഭാഗ്യമുണ്ടായിട്ടില്ല."

മറ്റു കുരുടന്‍മാരും അയാളുടെ വിഷമം പങ്കുവെച്ചു.

"നമ്മുടെ പൂര്‍വ്വികരായ ചില കുരുടന്‍മാര്‍ക്ക് ആനയെ തൊട്ടറിയാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്."

"ഓ പിന്നെ... അതിനെപറ്റി ഒന്നും പറയാതിരിക്കുന്നതാ ഭേദം. പലരും പല അഭിപ്രായങ്ങളാണത്രെ പറഞ്ഞത്. അന്ന് തൊട്ടുനോക്കിയവരില്‍ ചിലര്‍ പറഞ്ഞത് ആന മുറം പോലെയാണെന്നാ.. ചിലര്‍ ആന തൂണുപോലെയെന്നും തര്‍ക്കിച്ചു...  ചിലര്‍ ആന ചൂലുപോലെയെന്നും. അങ്ങനെ പലരും പല കാര്യങ്ങളാണത്രെ പറഞ്ഞത്. ആ തര്‍ക്കം ഇപ്പോഴും തുടരുന്നുമുണ്ട്."

"നമുക്ക് ഈ ആനയെ നമ്മുടെ കൈകള്‍കൊണ്ട് തൊട്ടുനോക്കാം. നേരിട്ടറിയുവാന്‍ അവസരമുള്ളപ്പോള്‍ നമ്മളെന്തിന് മറ്റുള്ളവരുടെ വാക്കുകള്‍ വിശ്വസിക്കണം. വരൂ."

അവര്‍ നേരത്തെ സംസാരിച്ച വ്യക്തിയോടു വീണ്ടും ചോദിച്ചു.

"സുഹൃത്തെ, ഞങ്ങള്‍ക്ക് ഈ ആനയെ തൊട്ടുനോക്കണമെന്നുണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടോ ?"

"ഇപ്പോള്‍ ആന മയങ്ങി നില്‍ക്കുകയല്ലേ.. ധൈര്യമായി തൊട്ടുനോക്കാം."

"ഓ അതു ശരി അപ്പോള്‍ നേരത്തെ ഒരു വലിയ ശബ്ദം കേട്ടത് മയക്കുവെടിയുടെ ശബ്ദമായിരുന്നുവല്ലേ. ?"

അവര്‍ ആകാംക്ഷയോടെ, ജിജ്ഞാസയോടെ, മെല്ലെ ആനയെ തൊട്ടുനോക്കുവാന്‍ തുടങ്ങി.

തൊട്ടുനോക്കിയതും ഒന്നാമത്തെ കുരുടന്‍ പറഞ്ഞു.

"മനസ്സിലായി. ആനയെന്നാല്‍ പൊട്ടിയ ചില്ലുപോലെയാണ്."

രണ്ടാമത്തെ കുരുടന്‍ എതിര്‍ത്തു.

"അല്ലേയല്ല. ആനയെന്നാല്‍ തുരുമ്പുപിടിച്ച ഇരുമ്പുപോലെയാണ്."

മൂന്നാമത്തെ കുരുടന് മറ്റൊരു അഭിപ്രായമായിരുന്നു.

"അല്ലല്ലോ. ആനയെന്നാല്‍ ചേര്‍ത്തുവെച്ച ഏണിപോലെയാണ്."

"അല്ല. ശരിക്കും ആനയെന്നാല്‍ ചരടില്‍ കെട്ടിയ മണിപോലെയാണ്."

"അല്ല. ആനയെന്നാല്‍ കസേരയാണ്."

കുരുടന്‍മാര്‍ തമ്മില്‍ തര്‍ക്കമായി. വഴക്കുമൂത്തപ്പോള്‍ ഇതെല്ലാം കണ്ടുനിന്നിരുന്ന വഴിപോക്കന്‍ അവരോടു പറഞ്ഞു.

"അല്ലയോ അന്ധന്‍മാരായ ചങ്ങാതികളെ, നിങ്ങളുടെ തര്‍ക്കം അനാവശ്യമാണ്. നിങ്ങള്‍ എല്ലാവരും പറയുന്നത് ശരിതന്നെയാണ്. പക്ഷെ നിങ്ങള്‍ തൊട്ടത് ആനയുടെ വിവിധ ഭാഗങ്ങളിലാണെന്നു മാത്രം. ശരിക്കും ആനയെന്നു പറഞ്ഞാല്‍ ഇതെല്ലാം കൂടിയതാണ്."

അയാളുടെ വിശദീകരണം അവരെ ഭാഗികമായി തൃപ്തിപ്പെടുത്തിയെങ്കിലും ഒരു സംശയം ബാക്കിനില്‍പ്പുണ്ടായിരുന്നു.

"സുഹൃത്തെ ഒരു സംശയം മാത്രം. അതൊന്നു വ്യക്തമാക്കി തരാമോ."

"അതിനെന്താ..... എന്താണ് സംശയം."

"പണ്ട് ഞങ്ങളുടെ പൂര്‍വ്വികരായ ചില കുരുടന്‍മാര്‍, ആനയെ തൊട്ടുനോക്കിയിട്ട് ആന മുറംപോലെയാണെന്നോ തൂണുപോലെയാണെന്നോ ചൂലുപോലെയാണെന്നോ ഒക്കെയാണ് പറഞ്ഞു കേട്ടിട്ടുള്ളത്. പക്ഷെ ഞങ്ങള്‍ തൊട്ടുനോക്കിയപ്പോള്‍ ഇരുമ്പുപോലെയും ഏണിപോലെയും ചരടില്‍ കെട്ടിയിട്ട മണിപോലെയും കസേരപോലെയുമാണ് തോന്നിയത്. അതെന്താ അങ്ങനെ."

അപ്പോള്‍ വഴിപോക്കന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

"നിങ്ങളുടെ പൂര്‍വ്വികര്‍ അന്ന് തൊട്ടുനോക്കിയത് കറുത്ത ആനയെ ആയിരിക്കും. അങ്ങനെയെങ്കില്‍ അവരുടെ നിഗമനങ്ങള്‍ ശരിയാണ്. പക്ഷെ ഇപ്പോള്‍ നിങ്ങള്‍ തൊട്ടുനോക്കിയത് ഒരു വെളുത്ത ആനയെയാണ്. നിങ്ങളുടെ കണ്ടെത്തലുകളും ശരി തന്നെയാണ്."

ഇതൊന്നുമറിയാതെ ഓടിത്തളര്‍ന്ന ആ പാവം ആന വഴിയോരത്ത് മയങ്ങി നില്‍പ്പുണ്ടായിരുന്നു. കുതിരാന്‍ കയറ്റം കുതിച്ചു കയറുന്നതിനിടയില്‍ വെടി തീര്‍ന്ന ആ വെള്ളാനയുടെ നെറ്റിയില്‍ അഞ്ച് ആംഗലേയ അക്ഷരങ്ങള്‍ എഴുതിവെച്ചിരുന്നു.

കെ.എസ്.ആര്‍.ടി.സി.

വെളുത്ത ആനയെ തൊട്ടുനോക്കാന്‍ ഭാഗ്യമുണ്ടായതില്‍ സന്തോഷിച്ച് കുരുടന്‍മാര്‍ കൈകോര്‍ത്തു പിടിച്ചു നടന്നു. പല നിറങ്ങളിലാണെങ്കിലും അവരുടെ വസ്ത്രങ്ങള്‍ എല്ലാം ഖദര്‍ തുണികൊണ്ടു നെയ്‌തെടുത്തവയായിരുന്നു. അവരില്‍ ചിലര്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ആയിരുന്നു. അവര്‍ കണ്ടുമുട്ടിയ വെളുത്ത ആനയെകുറിച്ച് ഇപ്പോഴും അവര്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുകയാണ്.