പരിമിതികള്‍ക്കപ്പുറം

ആരോഗ്യവും സൗന്ദര്യവുമുള്ള സുഭാഷിനെ കല്ല്യാണം കഴിക്കുവാന്‍ തയ്യാറുള്ള ഒരു പെണ്ണിനെ തേടിയുള്ള യാത്ര എവിടെയും എത്തിയില്ല. ബ്രോക്കര്‍മാരും സുഹൃത്തുക്കളും ബന്ധുക്കളും കിണഞ്ഞു പരിശ്രമിച്ചിട്ടും ഒന്നും നടന്നില്ല. സുഭാഷിനും അവനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും മടുത്തുതുടങ്ങി. നെഗറ്റീവ് ചിന്താഗതിക്ക് എളുപ്പം അടിമപ്പെടുന്ന ഭാനുമ്മായിയുടെ വാക്കുകളാണ് സുഭാഷിനെ ഏറെ വേദനിപ്പിച്ചത്.

"കല്ല്യാണമല്ലേ. അതൊക്കെ യോഗം പോലെ നടക്കും. നടന്നില്ലെങ്കിലും എന്താ. കല്ല്യാണം കഴിച്ചിട്ടാണൊ തെക്കേലെ ഗോപാലന്‍നായര് എണ്‍പത്തി രണ്ട് വയസ്സുവരെ ജീവിച്ചത്. നല്ല പ്രായത്തില് കുന്നത്തു കത്തിച്ചുവെച്ച വെളക്ക് പോലെയായിരുന്നില്ലേ വാര്യത്തെ പാറുക്കുട്ടിയമ്മേനെ കാണാന്‍... മേലു മുഴുവന്‍ കൊന്ന പൂത്തപോലെ സ്വര്‍ണ്ണ്വോം ഉണ്ടായിരുന്നു. എന്നിട്ടെന്തായി കല്ല്യാണയോഗംണ്ടായോ... കെട്ടിയതിന്റെ രണ്ടാം ദെവസം ഭര്‍ത്താവ മരിച്ചുപോയിട്ടും കുറുവത്തെ ചന്ദ്രിക...."

ഭാനുമ്മായി പറയുന്നതു മുഴുവന്‍ കേട്ടുനില്‍ക്കുവാന്‍ സുഭാഷ് നിന്നുകൊടുത്തില്ല. കാരണം അവനില്‍ കത്തിതീര്‍ന്നുകൊണ്ടിരിക്കുന്ന വിവാഹപ്രതീക്ഷ  ഊതികെടുത്തുവാന്‍ അവന്‍ തയ്യാറായിരുന്നില്ല. താനെ കെട്ടുപോകുകയാണെങ്കില്‍ കെട്ടുുകൊള്ളട്ടെ. അതല്ലാതെ താനായിട്ട് അത് കെടുത്തില്ല എന്ന ഉറച്ച വിശ്വാസത്തോടെയാണ് അവന്‍ ഒരു വിവാഹത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

"ഞാനിറങ്ങട്ടെ.. മാമന്‍ എന്റെ ജാതകകുറിപ്പ് ചോദിച്ചിരുന്നു. ദാ ഇത് മാമന്‍ വരുമ്പോ കൊടുത്താ മതി...."

സ്‌കൂട്ടറില്‍ ഇരുന്നുതന്നെ കുറിപ്പ് അമ്മായിക്ക് കൊടുത്ത് സുഭാഷ് തിരിച്ചുപോയി.

സുഭാഷ് തിരിച്ചുപോയതിനു ശേഷം ഭാനുമ്മായി പറഞ്ഞ ആത്മഗതം കൂടി കേട്ടിരുന്നുവെങ്കില്‍ സുഭാഷ് ഒന്നുകൂടി തളര്‍ന്നുപോയേനെ. അത് ഇങ്ങനെയായിരുന്നു.

"കാലില്ല്യങ്കിലും ചെക്കന് പെണ്ണുകെട്ടണംന്നാ മോഹം. കൊക്കിലൊതുങ്ങണത് കൊത്തിയാപ്പോരെ."

നന്നെ ചെറുപ്പത്തില്‍ അരയ്ക്കു കീഴെ തളര്‍വാതം പിടിപെട്ട സുഭാഷിന് നടക്കുവാന്‍ കഴിയില്ല. രണ്ടു കൈകളും നിലത്തുകുത്തി കാലുകള്‍ വലിച്ചിഴച്ചുകൊണ്ട് നിരങ്ങി നീങ്ങുവാനേ കഴിയു. കല്ല്യാണം നടക്കാത്തതിന്റെ പ്രധാന കാരണവും അതുതന്നെയായിരുന്നു. പക്ഷെ നടക്കുവാന്‍ കഴിയില്ലെങ്കിലും അവന്‍ ഒരു നല്ല ഒന്നാംതരം സ്വര്‍ണ്ണപണിക്കാരനായിരുന്നു. അവന്റെ കീഴില്‍ മുപ്പതോളം പണിക്കാര്‍ ജോലി ചെയ്യുന്നു. സ്ഥലത്തെ പ്രധാന ജ്വല്ലറികളിലേക്കും കോയമ്പത്തൂരിലേക്കും സ്വര്‍ണ്ണാഭരണങ്ങള്‍ പണിതുകൊടുക്കുന്നു. പന്ത്രണ്ട് സെന്റ് സ്ഥലവും അതില്‍ തരക്കേടില്ലാത്ത ഒരു ചെറിയ ടെറസ് വീടും. ഒരേയൊരു പെങ്ങളെ കല്ല്യാണം കഴിച്ചയച്ചു. വീട്ടില്‍ സുഭാഷും അച്ഛനും അമ്മയും മാത്രം.

കാലുകളുടെ അഭാവം അവന്‍ തന്റെ ആത്മവിശ്വാസം കൊണ്ടു തരണം ചെയ്തുകൊണ്ടിരുന്നു. ജീവിതത്തില്‍ ഒരു സാധാരണ വ്യക്തിക്ക് നേടുവാന്‍ കഴിയുന്ന എല്ലാം തനിക്കും നേടിയെടുക്കണമെന്ന അദമ്യമായ ഒരു ആഗ്രഹം അവനെ നയിച്ചിരുന്നു. അങ്ങനെയാണ് തനിക്കും ഒരു വിവാഹം കഴിക്കണം എന്ന ചിന്ത അവനിലുദയം ചെയ്തത്. പക്ഷെ വിവാഹ ആലോചനകള്‍ സുഭാഷിന്റെ തളര്‍ന്നു തൂങ്ങികിടക്കുന്ന കാലുകളില്‍ തട്ടി ഉടഞ്ഞുവീണുകൊണ്ടിരുന്നു.

ആദ്യമൊക്കെ നിബന്ധനകള്‍ ഒരുപാടുണ്ടായിരുന്നു സുഭാഷിന്റെ അച്ഛനും അമ്മക്കും. പക്ഷെ ആലോചനകള്‍ ഒന്നും ശരിയാവാതെ വന്നപ്പോള്‍ അവര്‍ എല്ലാ നിബന്ധനകളും വിട്ടുവീഴ്ച ചെയ്തു. ജാതിയും മതവും പഠിപ്പും സാമ്പത്തികവും ഒന്നും നോക്കുന്നില്ല. നല്ല മനസ്സുള്ള ഒരു പെണ്‍കുട്ടി മാത്രം മതി എന്ന നിലപാടിലേക്ക് കാര്യങ്ങള്‍ മാറുകയായിരുന്നു.

ഇതിനിടയില്‍ സുഭാഷ്  വീടിന്നടുത്തു പുതുതായി താമസത്തിനെത്തിയ ശാലിനി എന്നുപേരുള്ള ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുകയും അവളുടെ സഹതാപം വളര്‍ന്ന് അതൊരു പ്രണയമായി രൂപപ്പെടുവാന്‍ ഇടയാകുകയും ചെയ്തു. വളരെ രഹസ്യസ്വഭാവമുള്ള പ്രണയമായിരുന്നുവെങ്കിലും രഹസ്യം ശാലിനിയുടെ വീട്ടുകാര്‍ അറിഞ്ഞു. അവര്‍ അവളുടെ പ്രണയത്തെ നഖശിഖാന്തം എതിര്‍ത്തു. കാലില്ലാത്ത ഒരുത്തന് കല്ല്യാണം കഴിച്ചുകൊടുക്കില്ല എന്ന് തീര്‍ത്തുപറഞ്ഞു. മാത്രവുമല്ല സുഭാഷിന്റെ വീടിന്നടുത്തുനിന്നും താമസം മാറുവാന്‍ പുതിയ വാടകവീടിനുള്ള അന്വേഷണവും തുടങ്ങി. പക്ഷെ ശാലിനിയുടേത് ഉറച്ച തീരുമാനമായിരുന്നു. അവള്‍ വീട്ടുകാരുടെ എതിര്‍പ്പിനെ ശക്തിയുക്തം നേരിട്ടു. അവളുടെ വാദഗതികളില്‍ ചിലത് ഇങ്ങനെയായിരുന്നു.

"എന്റെ ഓര്‍മ്മയില്‍ പതിനൊന്നാമത്തെ വാടക വീടാണിത്. മരുന്നിനുപോലും സ്വര്‍ണ്ണത്തിന്റെ ഒരു തരിയില്ല. എന്നെ കെട്ടാന്‍ ആര് വരും ? വരുന്നവര് വല്ലതും ചോദിച്ചാ കൊടുക്കാന്‍ ഇവിടെ വല്ലതുമുണ്ടോ ? ഭാവിയില്‍ പങ്കുവെക്കാന്‍ ഒരു തരി മണ്ണെങ്കിലുമുണ്ടോ ? എനിക്ക് സുഭാഷേട്ടനെ തന്നെ മതി. കാലില്ല്യാന്നല്ലെ ഉള്ളൂ. ഇനി കയ്യും കാലും ഉള്ള ഒരാളെ കെട്ടിയെന്നുതന്നെ വെക്ക്യ. അയാള്‍ക്ക് ഒരു അപകടം പറ്റി തളര്‍ന്നു കെടപ്പിലായാല്‍ സഹിച്ചല്ലേ പറ്റൂ ? അച്ഛനും അമ്മയും എന്തൊക്കെ പറഞ്ഞാലും എനിക്കിതില്‍നിന്നും പിന്‍മറുവാന്‍ കഴിയില്ല."

ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ക്കും അവളുടെ വാശിക്കും മുന്നില്‍ ഒടുവില്‍ ശാലിനിയുടെ അച്ഛനും അമ്മയും പത്താം ക്ലാസ്സുകാരനായ അനുജനും വഴങ്ങി. ഓരോ തവണയും അവളെ അനുനയിപ്പിക്കുവാന്‍ കഴിയാതെ അമ്മ കണ്ണുകള്‍തുടച്ച് അടുക്കളയിലേക്കും നെഞ്ചിലെ തീയണക്കുവാന്‍ ഒരു ബീഡി കത്തിച്ച് അച്ഛന്‍ പുറത്തേക്കും പോകും.

ഒടുവില്‍ ആറുമാസത്തിനുശേഷം അവളെ സുഭാഷിനുതന്നെ വിവാഹം ചെയ്തുനല്‍കാം എന്ന ഉറപ്പിന്‍മേല്‍ തര്‍ക്കങ്ങള്‍ അവസാനിച്ചു. സുഭാഷും ശാലിനിയും പൂര്‍വ്വാധികം തീവ്രതയോടെ പ്രണയം തുടര്‍ന്നു.

.............................................................................

മനക്കാരുടെ വക വിജനമായ തെങ്ങുംപറമ്പില്‍, മൂന്ന് ആത്മാര്‍ത്ഥ കൂട്ടുകാരുടെ മുമ്പില്‍, തന്റെ മുച്ചക്ര സ്‌കൂട്ടറില്‍ ഒരു കുറ്റവാളിയെപ്പോലെ സുഭാഷ് തലകുമ്പിട്ടിരുന്നു.

"എല്ലാം തൊലച്ചിട്ട് ഇരിക്കണ ഇരിപ്പ് കണ്ടില്ലേ. ഞാന്‍ നിന്നെക്കുറിച്ച് എത്ര വര്‍ണ്ണിച്ചു പറഞ്ഞിട്ടാണ് അവര് കല്ല്യാണത്തിനു സമ്മതിച്ചതു തന്നെ. എന്റെ പേരും കൂടി നാറ്റിച്ചില്ലേ. പെങ്ങള് വന്ന് പറഞ്ഞപ്പോ എന്റെ തൊലി ഉരിഞ്ഞുപോണപേലെയാ തോന്നിയത്. "

രാകേഷാണ് തുടക്കമിട്ടത്.

സുഭാഷ് തലയുയര്‍ത്താതെ കയ്യിലെ താക്കോല്‍ കൂട്ടത്തിലേക്കുതന്നെ നോക്കിയിരുന്നു..

"ഛെ നാണക്കേടായില്ലോ... നിനക്ക് ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ... ഇത്രവരെ എത്തിച്ചിട്ട് "

മാമന്റെ മകന്‍ സുരേഷ് തല ചൊറിഞ്ഞുകൊണ്ടു ചോദിച്ചു.

സുഭാഷ് തലയുയര്‍ത്തി സുരേഷിനെ ഒന്നു നോക്കി. പിന്നെ വീണ്ടും താഴേക്കുതന്നെ നോക്കിയിരിക്കുവാന്‍ തുടങ്ങി.

"മുപ്പത്തിമൂന്നുവയസ്സുവരെ പിടിച്ചുനിന്ന നിനക്ക് കുറച്ചും കൂടി കാത്തുനില്‍ക്കായിരുന്നില്ലേ."

മറ്റൊരു സുഹൃത്ത് ശ്യാമിന്റെ വക.

"പ്രേമിച്ച പെണ്ണിനെ ഗര്‍ഭിണിയാക്കുക എന്ന് കേട്ടിട്ടുണ്ട്. പക്ഷെ പ്രേമിച്ച് ആലോചിച്ച് ഉറപ്പിച്ച് കെട്ടുവാന്‍ പോകുന്ന പെണ്ണിനെ ഗര്‍ഭിണിയാക്കുക എന്നു പറഞ്ഞാല്‍ ഇതിലും വലിയ നാണക്കേടുണ്ടൊ...?"

രാകേഷിന്റെ വക അടുത്ത അടി.

"എടാ.... എന്തായാലും അവളെ നിനക്ക് കെട്ടിച്ചുതരാന്ന് അവര് സമ്മതിച്ചിട്ടുള്ളതല്ലേ. വേവും വരെ കാത്തിരിക്കാമെങ്കില്‍ ആറും വരെ കാത്തിരുന്നാലെന്താ. എടാ ഒന്നുമില്ലെങ്കിലും നിന്നെപ്പോലെ കാലില്ല്യാത്ത ഒരുത്തന് അവളെ കെട്ടിച്ചുതരാന്ന് അവര് സമ്മതിച്ചതല്ലേ.അവരെ ഇങ്ങനെ നാണംകെടുത്തേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ."

രാകേഷിന്റെ അടുത്ത അടികൂടി ഏറ്റപ്പോള്‍ സുഭാഷിന്റെ ക്ഷമ കെട്ടുപൊട്ടിച്ചു.

അവന്‍ മൊബൈല്‍ തുറന്ന് അതില്‍ സേവ് ചെയ്തു വെച്ചിരുന്ന ശബ്ദ സന്ദേശം പ്ലേ ചെയ്തു. ഫോണിന്റെ സ്പീക്കറിലൂടെ നിയുക്ത അമ്മാനച്ഛന്റെ ശബ്ദം പുറത്തുവരുവാന്‍ തുടങ്ങി. അവന്റെ കൂട്ടുകാര്‍ സശ്രദ്ധം കാതുകള്‍ കൂര്‍പ്പിച്ചു.

".... എടീ.... സുഭാഷിന്റെ കാര്യം നല്ല സെറ്റപ്പൊക്കെ തന്നെ. നല്ല വീട് പറമ്പ്, അനുഭവങ്ങള്, നല്ല സ്‌നേഹള്ള വീട്ടുകാര്, ജോലി, വരുമാനം. ബാദ്ധ്യതകളുമില്ല..... ന്നാലും കാലില്ലാത്ത, നടക്കാന്‍ പറ്റാത്ത ഒരുത്തന് എങ്ങിന്യാ മ്മടെ മോളെ കൊടുക്ക്വാന്ന് ഓര്‍ക്കുമ്പോഴാ.... പിന്നെ ഞാന്‍ കാണുന്ന പ്രശ്‌നം ഇതൊന്നുമല്ല. എന്റെ പേടി മുഴുവന്‍ വേറൊന്നാ.. അവന് കുട്ട്യോളുണ്ടാവ്വോന്നാ എന്റെ സംശയം. അരക്കു താഴെ തളര്‍ന്ന ഒരാള്‍ക്ക്.... അങ്ങനെ വന്നാ നമ്മുടെ മോള്‍ടെ ജീവിതം പോയില്ലേ..... വരട്ടെ.... സുകുമാരന്‍ കൊണ്ടുവന്ന പൂച്ചുണ്ണിപാടത്തെ ആലോചന ശരിയായാല്‍ ഇത് വേണ്ടെന്നുവെക്കാം...."

സുഭാഷ് ഫോണ്‍ സന്ദശം പ്ലേ ചെയ്യുന്നത് നിര്‍ത്തി. എന്നിട്ടവന്‍ തലയുയര്‍ത്തി പറഞ്ഞു.

"അവള്‍ റെക്കോര്‍ഡ് ചെയ്തതാ... അവളുടെ അച്ഛന്റെ ഒരു സംശയം കേട്ടില്ലേ... എനിക്ക് കുട്ട്യോളുണ്ടാവുമോ എന്ന്... അത്  ഒന്ന് തീര്‍ത്തു കൊടുത്തതാ... ഇനിയിപ്പോ അങ്ങനെയൊരു സംശയത്തിന്റെ പ്രശ്‌നം ഉദിക്കുന്നേയില്ലല്ലോ."

ശബ്ദത്തില്‍ കുറച്ച് നാണം ഉണ്ടായിരുന്നുവെങ്കിലും അവന്റെ വാക്കുകളില്‍ പൗരുഷം നിറഞ്ഞുനിന്നിരുന്നു. വാ പൊളിച്ചിരുന്ന കൂട്ടുകാര്‍ അവനെ അവിശ്വസനീയതയോടെ നോക്കി. പിന്നെ എല്ലാവരും കൂടി ഒരു കൂട്ടചിരിയായിരുന്നു.

"വാട്ട് എന്‍ ഐഡിയ സെര്‍ജി."

രാകേഷിന്റേത് അവസരോചിതമായ കമന്റായിരുന്നു.

...................................................................................

അതിനു ശേഷം നേര്‍ക്കുനേര്‍ കണ്ടുമുട്ടുമ്പോഴെല്ലാം ശാലിനിയുടെ അച്ഛന്‍ സുഭാഷിനെ ഭയഭക്തിബഹുമാനങ്ങളോടെയാണ് നോക്കുന്നതെന്ന് സുഭാഷിന് മനസ്സിലായി. അവന്‍ അത് ചിരിയടക്കി ആസ്വദിക്കുയും ചെയ്തു. എല്ലാം വളരെ പെട്ടെന്നായിരുന്നു. അവളുടെ അച്ഛന്റെതന്നെ നിര്‍ബന്ധപ്രകാരം ഒരാഴ്ച്ചക്കുള്ളില്‍ കല്ല്യാണം നടന്നു. ആദ്യരാത്രിയാണെങ്കിലും വളരെ വൈകിയിട്ടും സുഭാഷിന്റെ കൂട്ടുകാര്‍ അവനെ മനപ്പൂര്‍വ്വം തടഞ്ഞുവെച്ചു.

'നീ എവിടിക്ക്യാ ഇത്ര ധൃതിയില്‍ പോണത്. ഫസ്റ്റ് നൈറ്റൊക്കെ പണ്ടേ കഴിഞ്ഞതല്ലേ. നീ ഇവിടിരിക്ക്. ഞങ്ങള്‍ക്ക് കുറേ സംസാരിക്കാനുണ്ട്.'

ജനാലയുടെ കര്‍ട്ടനിടയിലൂടെ ശാലിനിയുടെ കണ്ണുകള്‍ അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

...................................................................................

അവന്റെ മനസ്സില്‍ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ കൃഷ്ണന്‍കുട്ടിയുടെ  മുഖവും അദ്ദേഹം ശാലിനിയോടു പറഞ്ഞ വാക്കുകളുമായിരുന്നു.

"ദേര്‍ഇസ് നത്തിംഗ് ടു വറി. ടെസ്റ്റുകളെല്ലാം ഓക്കെയാണ്. ഒന്നും പേടിക്കാനില്ല. ധൈര്യമായിട്ട് വിവാഹിതരായികൊള്ളൂ. ഒരു സ്ത്രീയെ ഗര്‍ഭം ധരിപ്പിക്കുവാനുള്ള ശേഷി സുഭാഷിനും ഗര്‍ഭം ധരിപ്പിക്കുവാനുള്ള ശേഷി ശാലിനിക്കും ഉണ്ട്. എന്താ ഇനിയെന്തെങ്കിലും സംശയമുണ്ടോ. അതിന് സംശയം നിങ്ങള്‍ക്കല്ലല്ലോ, അല്ലേ. വേണമെങ്കില്‍, നിങ്ങളുടെ അച്ഛനോടോ അമ്മയോടോ ഞാന്‍ സംസാരിക്കാം."

"അതു വേണ്ട സാര്‍. അവര്‍ക്ക് അങ്ങനെ ഒരു സംശയമുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞതായി, അവരറിയാന്‍ പാടില്ല. "

ശാലിനിയുടെ വാദം തലയാട്ടി അംഗീകരിച്ച മധ്യവയസ്‌കനായ ഡോക്ടര്‍ കൃഷ്ണന്‍കുട്ടി തന്റെ വലിയ ശരീരം കഷ്ടപ്പെട്ടുയര്‍ത്തി സീറ്റില്‍നിന്നും എഴുന്നേറ്റു. അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ ഒരു കള്ളച്ചിരി വിടരുന്നുണ്ടായിരുന്നു. ചിരിച്ചുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞു.

"എങ്കില്‍ പിന്നെ ഒരു വഴിയേ ഉള്ളൂ. താന്‍ ഇവളെ ഒന്ന് ഗര്‍ഭിണിയാക്കടോ. അപ്പോ എല്ലാവരുടേയും സംശയം തീരില്ലേ...  ഹ...ഹ..ഹ...  ഹൗ ഈസ് ഇറ്റ്."

"വേണ്ട. ഞാന്‍ സമ്മതിക്കില്ല."

ശാലിനി മുഖമുയര്‍ത്താതെ തീര്‍ത്തു പറഞ്ഞു.

ചിരിയടക്കുവാന്‍ പ്രയാസപ്പെട്ട് ഡോക്ടര്‍ മറ്റൊരുപായം കൂടി പറഞ്ഞു.

"എങ്കില്‍പിന്നെ ഒരേയൊരു വഴിയേ നിങ്ങളുടെ മുന്നിലുള്ളൂ...."

ശാലിനി മുഖമുയര്‍ത്തി. അദ്ദേഹം ശാലിനിയുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി വീണ്ടും കള്ളച്ചിരി.
തുടര്‍ന്ന് അദ്ദേഹം പറഞ്ഞതു കേട്ടപ്പോള്‍ ശാലിനി ചെറുതായൊന്നു ഞെട്ടി. ഡോക്ടറുടെ കണ്ണടയില്‍നിന്നും കണ്ണുകള്‍ പിന്‍വലിച്ച് ശാലിനിയും സുഭാഷും കുറച്ചുനേരം പരസ്പരം പരസ്പരം നോക്കിയിരുന്നു. പിന്നെ അവള്‍ മെല്ല തലയാട്ടി.

ഡോക്ടറുടെ വാക്കുകള്‍ അവരുടെ കാതുകളില്‍ പ്രതിധ്വനിച്ചു.

അഭിനയിക്കുക.... ഗര്‍ഭിണിയായി അഭിനയിക്കുക.

..................................................................................

സുഭാഷിന്റെ മുഖത്തു വിടര്‍ന്ന പുഞ്ചിരികണ്ട്, മദ്യലഹരിയിലായിരുന്ന രാകേഷ് പറഞ്ഞു.

"സ്വപ്നം കാണുന്നതൊക്കെ കൊള്ളാം. പക്ഷെ, ഇന്നു രാത്രി നിന്നെ വിടുന്ന പ്രശ്‌നമേയില്ല."

ശ്യാം തലയാട്ടികൊണ്ട് രാകേഷിനെ പൂര്‍ണ്ണമായി പിന്‍തുണച്ചു.

"അതെ കട്ടുതിന്നുമ്പോള്‍ ഓര്‍ക്കണമായിരുന്നു. അത്താഴപട്ടിണി കിടക്കേണ്ടിവരുമെന്ന്."

അപ്പോഴും  ശാലിനിയുടെ കണ്ണുകള്‍ ജാലകവിരികള്‍ക്കിടയിലൂടെ അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. സുഭാഷ് ഒരു നെടുവീര്‍പ്പിട്ടു.

2 അഭിപ്രായങ്ങൾ:

 1. നിരാശപ്പെടുത്തി.

  ഭാവനയും ആഖ്യാനവും ദുർബലവും അനാകർഷകവുമായി അനുഭവപ്പെട്ടു.

  വായനക്കാരെ കിട്ടുന്നതും അവരുടെ ആസ്വാദനങ്ങൾ അപ്പപ്പോൾ അറിയാൻ കഴിയുന്നതും ബ്ളോഗ് ലോകത്തേക്ക് കാലെടുത്തു വെക്കുന്നവരെ തിടുക്കത്തിൽ പുതിയ പുതിയ സൃഷ്ടികൾ എഴുതിവിടാൻ പ്രേരിപ്പിക്കാറുണ്ട്. ( എന്റെ അനുഭവവും നിരീക്ഷണവുമാണേ ). ആ തിടുക്കം സുധീറിനെയും ബാധിച്ചിരിക്കുന്നു എന്ന് തോന്നുന്നു. ചങ്ങാതീ, എഴുതി തീർത്തത് ഉടനെ പോസ്റ്റ് ചെയ്യില്ല, അടുത്ത ദിവസമേ പോസ്റ്റ് ചെയ്യൂ എന്ന് ഒരു പ്രതിജ്ഞ ചെയ്യൂ. അടുത്ത ദിവസം വീണ്ടും കഥ വായിക്കൂ. പല പോരായ്മകളും കാണും. തിരുത്തുക.. പ്രതിജ്ഞ വീണ്ടും എടുക്കുക. അങ്ങനെ ചുരുങ്ങിയത് ഒരു ഇരുപതു ദിവസം... ഏറ്റവും നല്ലത് രണ്ടോ നാലോ ആഴ്ച്ചകൾ തന്നെ ഇങ്ങനെ എഡിറ്റിങ്ങിനായി നീക്കി വെക്കുകയാണ്. സുഭാഷ് ചന്ദ്രനാണെന്നു തോന്നുന്നു പറഞ്ഞത്, എഴുതി കഴിഞ്ഞ് ഒരു വർഷമെങ്കിലും കഴിഞ്ഞ്, സൃഷ്ടിയോടുള്ള സകലമമതയും ഇല്ലാതായി കഴിഞ്ഞ് വീണ്ടുമൊരു വായന നടത്തിയ ശേഷമേ പ്രസിദ്ധീകരിക്കുള്ളൂ എന്ന്. അത്രയ്ക്കൊന്നുമില്ലെങ്കിലും പല ദിവസങ്ങളിൽ പല മാനസികനിലകൾ വച്ച് കഥയെ പരിശോധിക്കുക ആവശ്യമാണെന്നാണ് തോന്നിയിട്ടുള്ളത്. അതേ സമയം, കവിതയെഴുത്ത് അയത്ന ലളിതമായ ഒരു പ്രക്രിയയായതുകൊണ്ട് ഇത്രയും കടുത്ത പരിശോധന വേണ്ടി വരുന്നില്ല എന്നതും യാഥാർത്ഥ്യം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Viddi Man വായനക്കും ആത്മാര്‍ത്ഥമായ അഭിപ്രായത്തിനും ഒരുപാട് നന്ദി. തിരുത്തുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും.

   ഇല്ലാതാക്കൂ