വിപരീതജന്മങ്ങള്‍

ആള്‍ദൈവങ്ങളെ പുച്ഛിച്ചവര്‍,
കാണിക്കകള്‍ അര്‍പ്പിക്കുവതെന്തിന്;
നേതൃത്വത്തിന്‍ തൃപ്പാദങ്ങളില്‍ ?

പൂജാവിഗ്രഹങ്ങളെ തച്ചുടച്ചവര്‍,
ചാര്‍ത്തുവതെന്തിനിനിയും പൂമാലകള്‍;
രക്തസാക്ഷിമണ്ഡപങ്ങളില്‍ ?

രാജവാഴ്ച്ചയെ പിഴുതെറിഞ്ഞവര്‍,
കിരീടങ്ങള്‍ ചൂടിക്കുവതെന്തിനിനിയും;
മുടിചൂടാമന്നര്‍തന്‍ ശിരസ്സുകളില്‍ ?

അഴിമതിക്കൂടാര ചുവരുകളില്‍,
ആണിയടിച്ചു തൂക്കുവതെന്തിനിനിയും;
സത്യമാര്‍ഗ്ഗിയാം മഹാത്മാവിനെ ?

സ്‌നേഹമാണീശനെന്നുരച്ചവര്‍,
തക്കം പാര്‍ത്തിരിക്കുവതെന്തിനിനിയും;
സ്പര്‍ദ്ധ നിറക്കുവാന്‍ സോദരരില്‍ ?

പുരോഗമനവാദികളാം പുലിജന്മങ്ങള്‍,
അഴിക്കുവാന്‍ മടിക്കുവതെന്തേയിനിയും;
കണ്ണുകള്‍മൂടിക്കെട്ടുമീ കടുംനിറങ്ങളെ ?