Translate

പ്രണയം. ഓവയിലേക്കൊരു പ്രയാണം.

വിളിച്ചുണര്‍ത്തുവാന്‍ വന്ന സ്‌പന്ദനങ്ങള്‍ മഞ്ഞുത്തുള്ളികള്‍പോല്‍, തന്നില്‍ അലിഞ്ഞുചേര്‍ന്നപ്പോള്‍ ഓവ ഉണര്‍ന്നു. അവള്‍ തന്റെ ഉടല്‍ എടുത്തണിഞ്ഞു. കുളിച്ചൊരുങ്ങി. ചുവന്നുതുടുത്ത ഇതളുകളാല്‍ പട്ടുടുത്തു. സുന്ധപൂരിതയായി. പുറപ്പെടുവാനൊരുങ്ങുമ്പോള്‍, അവള്‍ക്കുള്ള സന്ദേശമെത്തി.

"ഓവ... ഫലോപ്പിയന്‍ ദ്വീപില്‍ ഒരുക്കിയിട്ടുള്ള മണിയറയില്‍, ഒരു ചെമ്പനീര്‍പൂവ്‌ പോലെ, നീ അവനെയും കാത്തിരിക്കുക. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്‌ത്‌ പുരുഷന്റെ കരുത്തുമായി ആദ്യമെത്തുന്നവനെ മാത്രം സ്വീകരിക്കുക. നിന്നിലേക്ക്‌ പ്രവേശിക്കുവാന്‍ അവനെ നീ അനുവദിക്കുക. നിന്റെ ഇതളുകളാല്‍ പൊതിഞ്ഞ്‌ അവനെ നീ ആഗിരണം ചെയ്യുക. അവനും നീയും ഒന്നായിചേരുമ്പോള്‍ രണ്ടെന്ന നിങ്ങള്‍ ഒന്നായി മാറും. അത്‌ ഒരു പുതിയ ജീവന്റെ ശുഭാരംഭം കുറിക്കും. നിന്റെ കാത്തിരിപ്പ്‌ വിഫലമാവുകയാണെങ്കില്‍, നിന്നിലലിഞ്ഞു ചേരുവാന്‍ ആരും എത്തിച്ചേരുന്നില്ലെങ്കില്‍, നിനക്കനുവദിച്ച സമയം തീരുകയാണെങ്കില്‍, നിന്റെ ശരീരവും വസ്‌ത്രങ്ങളും എല്ലാം താനെ ഉരുകിയൊലിച്ച്‌ വീണൊഴുകിപോകും. 
അപ്പോള്‍ ശരീരമാകുന്ന വസ്‌ത്രങ്ങളുപേക്ഷിച്ച്‌ മടങ്ങിവരിക."
.............................................................................................................

ഇന്റര്‍നെറ്റ്‌ ഇടനാഴികളിലൂടെ ഒരു സൈറ്റ്‌ സീയിംഗ്‌ നടത്തുന്നതിനിടയിലാണ്‌ പതിനാറുകാരന്‍ ജോസ്‌ മാത്യു ഒരു ഹവായ്‌ സുന്ദരിയെ പരിചയപ്പെടുന്നതും അവന്‍ ഇതുവരെ കാണാത്ത ഒരുപാട്‌ കൗതുകങ്ങളും രഹസ്യങ്ങളും മറഞ്ഞിരിക്കുന്ന ഒരു വിസ്‌മയദ്വീപില്‍ എത്തിച്ചേരുന്നതും. അവിടെ നിന്നുമാണ്‌ ഒരു കൗമാരക്കാരനില്‍ ഒളിഞ്ഞിരുന്ന എല്ലാ സംശയങ്ങള്‍ക്കും അവന്‍ ഉത്തരങ്ങള്‍ കണ്ടെത്തുവാന്‍ തുടങ്ങിയത്‌. അവനിലെ ശ്വാസോച്ഛ്വാസത്തിന്റേയും സ്‌പന്ദനങ്ങളുടെയും വേഗം വര്‍ദ്ധിക്കുന്നതവന്‍ അറിഞ്ഞില്ല. വിസ്‌മയ ദ്വീപിലെ തിരമാലകള്‍ ജോസ്‌ മാത്യുവിനുള്ളിലും അലയടിച്ചു.
............................................................................................................


ടെസ്റ്റെസ്‌ ദ്വീപില്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന പുരുഷപ്രജകള്‍ക്കുള്ള സന്ദേശം ഇതായിരുന്നു. 

"ഫലോപ്പിയന്‍ ദ്വീപില്‍ ഓവ രാജകുമാരി കാത്തിരിക്കുന്നു. നിങ്ങളില്‍ ആര്‍ക്കാണോ അവിടെ ആദ്യം എത്തിച്ചേരുവാന്‍ സാധിക്കുന്നത്‌, അയാള്‍ക്ക്‌ മാത്രമേ അവളെ സ്വന്തമാക്കുവാന്‍ കഴിയുകയുള്ളൂ. ഓര്‍ക്കുക. ഈ യാത്രയില്‍ നിങ്ങള്‍ക്ക്‌ ഒരുപാട്‌ പ്രതിബന്ധങ്ങളും വെല്ലുവിളികളും തരണം ചെയ്യേണ്ടി വരും. ഓവയെന്ന സുന്ദരിയെ കണ്ടുമുട്ടുവാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ യാത്ര അവസാനിപ്പിക്കുകയും, നിങ്ങളുടെ ശരീരമാകുന്ന വെളുത്ത വസ്‌ത്രങ്ങള്‍ ഉപേക്ഷിച്ച്‌ ആത്മാവുകളായി മടങ്ങുകയും ചെയ്യുക. ലക്ഷ്യത്തിലെത്തുവാന്‍ തിരമാലകള്‍ നിങ്ങളെ സഹായിക്കുന്നതായിരിക്കും."

............................................................................................................

ജോസ്‌മാത്യുവില്‍നിന്നും അലയടിച്ചുയര്‍ന്ന തിരമാലകളിലേറിയായിരുന്നു ടെസ്റ്റെസ്‌ ദ്വീപിലെ സ്‌പെര്‍മന്റെയും കൂട്ടരുടേയും ഫലോപ്പിയന്‍ ദ്വീപിലേക്കുള്ള ആദ്യയാത്ര. ഓവ രാജകുമാരിയെന്ന അപൂര്‍വ്വ സൗന്ദര്യ പുഷ്‌പത്തെ തേടിയുള്ള ആദ്യയാത്ര. പക്ഷെ, തിരമാലകള്‍ ചെന്നലച്ചത്‌, തീര്‍ത്തും അപരിചിതമായ മറ്റൊരു തീരത്തായിരുന്നു. തണുത്തതെങ്കിലും മിനുസമാര്‍ന്നതെങ്കിലും കാഠിന്യമുള്ള ആ പ്രതലം അവരുടെ ആവാസവ്യസ്ഥയ്‌ക്ക്‌ ഒട്ടും അനുയോജ്യമല്ലായിരുന്നു. കരയില്‍ പിടിച്ചിട്ട മത്സ്യങ്ങളെപ്പോലെ അവര്‍ പിടഞ്ഞു. വിപരീത പരിസ്ഥിതികളോടു ചെറുത്തുനില്‍ക്കുവാനാവാതെ, അവര്‍ തങ്ങളുടെ ഉടലാകുന്ന വെളുത്ത വസ്‌ത്രങ്ങള്‍ ഉപേക്ഷിച്ച്‌, ടെസ്റ്റെസ്‌ ദ്വീപിലേക്ക്‌ മടങ്ങുകയും ചെയ്‌തു. ആദ്യശ്രമത്തില്‍ തന്നെ പരാജയപ്പട്ടതില്‍ അവരുടെ ആത്മാവുകള്‍ നിരാശരായിരുന്നു. 
............................................................................................................

ഫലോപ്പിയന്‍ ദ്വീപില്‍ ചുവന്ന പൂക്കള്‍കൊണ്ടും തോരണങ്ങളാലും അലങ്കരിച്ച മണിയറയില്‍, ഒരു ചെമ്പനീര്‍പുപോലെ, ഓവ രാജകുമാരി കാത്തിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്‌ത്‌, അവളിലലിഞ്ഞുചേരുവാന്‍ മാത്രം എത്തിച്ചേരുന്ന, ധീരനെയും കാത്ത്‌. ആദ്യസംഗമകാമനകളാല്‍ അവളുടെ ഉള്ളം പിടക്കുകയും ഉടല്‍ തുടിക്കുകയും ചെയ്‌തു. പക്ഷെ.... അവളുടേത്‌ അര്‍ത്ഥമില്ലാത്ത ഒരു കാത്തിരിപ്പായിരുന്നു. ആരും വന്നില്ല. അവള്‍ക്കനുവദിച്ച സമയം കഴിഞ്ഞപ്പോള്‍, സന്ദേശത്തില്‍ കല്‍പ്പിച്ചിരുന്നതുപോലെ, അവള്‍ ഉരുകിയൊലിക്കുവാന്‍ തുടങ്ങി. ശരീരവും ചുവന്ന വസ്‌ത്രങ്ങളും അലങ്കാരങ്ങളും എല്ലാം ഉരുകിയൊലിച്ച്‌ ചുവപ്പിലലിഞ്ഞ്‌ ഒഴുകിപോകുന്നത്‌, അവളുടെ ആത്മാവ്‌ വേദനയോടെ നോക്കിനിന്നു 
............................................................................................................

ഡ്രീം ഹൈറ്റ്‌സ്‌ അപാര്‍ട്ട്‌മെന്റിന്റെ ഏഴാമത്തെ നിലയില്‍, ഫ്‌ളാറ്റ്‌ നമ്പര്‍ 14 എ, തൂത്തു വൃത്തിയാക്കുവാനെത്തിയ ത്രേസ്യാമ്മയെന്ന മദ്ധ്യവയസ്‌കയായ സ്‌ത്രീ, ജോസ്‌ മാത്യവിന്റെ മുറിയിലെ ഇറ്റാലിയന്‍ മാര്‍ബിള്‍ തറയില്‍ നിന്നും, ടെസ്റ്റസ്‌ ദ്വീപിലെ ആത്മാവുകള്‍ ഉപേക്ഷിച്ചുപോയ പറ്റിപിടിച്ചിരുന്ന വെളുത്ത വസ്‌ത്രങ്ങള്‍ നീക്കം ചെയ്‌തു.
............................................................................................................


അസ്വസ്ഥമാക്കുന്ന ഒരു നനവ്‌ തന്നില്‍ നിന്നും ഊര്‍ന്നിറങ്ങി പടരുന്നതായി അനുഭവപ്പെട്ടപ്പോള്‍ പതിമൂന്നുകാരി റോസ്‌മേരിയുടെ കണ്ണുകളില്‍ ഒരു പകപ്പ്‌ നിറഞ്ഞുപടര്‍ന്നു. അവള്‍ക്കറിയില്ലായിരുന്നു, ഓവ രാജകുമാരിയുടെ ആത്മാവ്‌ ഉപേക്ഷിച്ച, ഉടലും ചുവന്ന ഉടയാടകളും ഉരുകിയൊലിച്ച്‌, ഒഴുകിയിറങ്ങുന്നത്‌ തന്റെ തുടകള്‍ക്കിടയിലൂടെ ആയിരുന്നുവെന്ന്‌. അവള്‍ ബാത്ത്‌റൂമില്‍ അഭയം തേടി. അടിവസ്‌ത്രത്തില്‍ നിറയുന്ന നനവിന്റെ നിറം ചുവപ്പാണെന്നു തിരിച്ചറിഞ്ഞ അവള്‍ ഭയന്നു.
അമ്മയെ വിളിച്ചു. അമ്മ ചിരിച്ചപ്പോഴും പേടിമാറാതെ അവള്‍ കരഞ്ഞുകൊണ്ടിരുന്നു. മകളെ ആശ്വസിപ്പിച്ച്‌, കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. തിരിച്ച്‌ കിച്ചണില്‍ ചെന്ന്‌, നമ്മുടെ മകള്‍ വയസ്സറിയിച്ചുവെന്ന്‌, മൊബൈല്‍ ഫോണിലൂടെ ശബ്ദം താഴ്‌ത്തി ഭര്‍ത്താവിനെ അറിയിക്കുമ്പോള്‍, ആ അമ്മ കരയുകയായിരുന്നു. അപ്പോഴേക്കും റോസ്‌മേരിയുടെ കരച്ചില്‍, നാണംതുടിക്കുന്ന ഒരു പുഞ്ചിരിയിലേക്ക്‌ രൂപം മാറിയിരുന്നു. തനിക്കുള്ളില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കുന്നതായും, തനിക്കുചുറ്റും പട്ടിനേക്കാള്‍ മൃദുലവും സുന്ദരവുമായ നൂലിഴകളാല്‍ നെയ്‌തെടുത്ത ഒരു വിവാഹവസ്‌ത്രം രൂപപ്പെടുന്നതായും, ഒരു കാത്തിരിപ്പിന്റെ സുഖം തന്നില്‍ നിറയുന്നതായും അവള്‍ക്ക്‌ അനുഭവപ്പെട്ടു. അപ്പോള്‍ മുതല്‍, എന്തുകൊണ്ടാണ്‌, തൊട്ടപ്പുറത്തെ ഫ്‌ളാറ്റ്‌ നമ്പര്‍ 14 എ യിലെ ജോസ്‌ മാത്യു എന്ന പതിനാറുകാരന്റെ മുഖം, ഇടക്കിടെ മനസ്സിലേക്ക്‌ ഓടിവരുന്നതെന്ന്‌ അവള്‍ ആശ്ചര്യപ്പെട്ടു.
............................................................................................................


ഫലോപ്പിയന്‍ ദ്വീപില്‍ ഓവയുടെ കാത്തിരിപ്പുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഓരോ തവണ ഉണരുമ്പോഴും അവള്‍ പുതിയ ഉടലും ചുവന്ന വസ്‌ത്രങ്ങളും സുഗന്ധലേപനങ്ങളും അണിയുകയും ചുവന്ന പൂക്കളാല്‍ ഒരുക്കിയ മണിയറയില്‍ തന്റെ കാത്തിരിപ്പ്‌ തുടരുകയും ഒടുവില്‍ ഉരുകിയൊഴുകുകയും ചെയ്‌തുകൊണ്ടേയിരുന്നു. അവളെത്തേടി ആരും വന്നില്ല. ടെസ്‌റ്റെസ്‌ ദ്വീപില്‍ ലതവണ തിരമാലകളുയരുകയും സ്‌പെര്‍മന്റെ കൂട്ടത്തിലുള്ള പുരുഷപ്രജകള്‍, ഏറ്റവും ആദ്യം ഓവ രാജകുമാരിയിലെത്തുവാന്‍ വീണ്ടും വീണ്ടും കുതിക്കുകയും ചെയ്‌തു. അവരുടെ യാത്രകള്‍ പലപ്പോഴും വിട്രിഫൈഡ്‌ ടൈലുകളിലും ഇറ്റാലിയന്‍ മാര്‍ബിളുകളിലും ബെഡ്‌ഷീറ്റുകളിലുമാണ്‌ അവസാനിച്ചത്‌. പക്ഷെ ഓവയെപ്പോലെ സ്‌പെര്‍മനും പ്രതീക്ഷയോടെ കാത്തിരിപ്പ്‌ തുടര്‍ന്നു.
............................................................................................................

വളരുന്തോറും റോസ്‌മേരി കൂടുതല്‍ സുന്ദരിയായി മാറി. ഇരുപത്തിയൊന്നുകാരന്‍ ജോസ്‌ മാത്യുവെന്ന യുവാവിന്റെ പ്രണയത്തോട്‌ പതിനെട്ടുകാരി റോസ്‌മേരിയുടെ ശരീരം പ്രതികരിക്കുവാന്‍ തുടങ്ങിയപ്പോള്‍, അതിന്റെ സ്‌പന്ദനങ്ങള്‍ ഫലോപ്പിയന്‍ ദ്വീപിലും ടെസ്‌റ്റെസ്‌ ദ്വീപിലും അലയടിക്കുന്നുണ്ടായിരുന്നു. അന്ന്‌ ഫ്‌ളാറ്റ്‌ നമ്പര്‍ 14 എ യില്‍ ജോസ്‌മാത്യു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജോസ്‌ മാത്യുവിന്റെ ബെഡ്‌റൂമിലേക്കു കാലെടുത്തു വെക്കുമ്പോള്‍ റോസ്‌മേരിയുടെ ഉള്ളില്‍, ഒരേസമയം, പ്രാവുകള്‍ കുറുങ്ങുകയും കുറുക്കന്‍മാര്‍ ഓരിയിടുകയും ചെയ്‌തു. ശീതീകരിച്ച മുറിയിലാണെങ്കിലും ജോസ്‌ മാത്യു വിയര്‍ത്തു.
............................................................................................................

അന്ന്‌  ഫലോപ്പിയന്‍ ദ്വീപ്‌ പൂത്തുലഞ്ഞതുപോലെ ഓവക്ക്‌ അനുഭവപ്പെട്ടു. ടെസ്റ്റെസ്‌ ദ്വീപിലെ തിരമാലകള്‍ക്ക്‌ പതിവിലുമേറെ ശക്തിയുണ്ടായിരുന്നു. സ്‌പെര്‍മന്‍ വീണ്ടും ഉത്തേജിതനായി. അവന്‍ മുഴുവന്‍ ശക്തിയും എടുത്ത്‌ നീന്തി. വീണ്ടും പ്രതിബന്ധങ്ങള്‍. ഇത്തവണ സുതാര്യമായ ഒരു മറയാണ്‌ അവന്റെ കുതിപ്പിനെ തടസ്സപ്പെടുത്തിയത്‌. അതിനപ്പുറത്തേക്കു കടക്കുവാന്‍ അവന്‍ നിരന്തരം ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. അവനു മാത്രമല്ല, അവന്റെ കൂട്ടത്തില്‍ ആര്‍ക്കും തന്നെ അതിനെ മറികടക്കുവാനായില്ല. അവര്‍ തളര്‍ന്നുവീണു. ഒരിക്കല്‍കൂടി നിരാശയോടെ മടങ്ങുവാനായിരുന്നു അവരുടെ ആത്മാക്കളുടെ വിധി. ഒരിക്കല്‍കൂടി ചുവന്ന പൂക്കള്‍ വാടിയുരുകുന്നത്‌ നോക്കിയിരിക്കുവാനേ ഓവയുടെ ആത്മാവിനും കഴിഞ്ഞുള്ളൂ.
............................................................................................................

നവ്യവും സുഖദവുമായ ഒരു ആദ്യാനുഭവത്തിന്റെ ആലസ്യത്തില്‍ റോസ്‌മേരി സീലിംഗിലേക്ക്‌ കണ്ണും നട്ട്‌ മറ്റെവിടേക്കോ നോക്കികിടന്നു. അവളില്‍നിന്നും ഇറങ്ങിപോരുമ്പോള്‍ ജോസ്‌മാത്യുവിന്റെ ചുണ്ടുകളില്‍ അനിര്‍വ്വചനീയമായ ഒരു പുഞ്ചിരി തങ്ങിനിന്നിരുന്നു.

............................................................................................................

കോമ്പൗണ്ട്‌ വാളിനോടു ചേര്‍ത്തുവെച്ചിട്ടുള്ള ചെടിചട്ടികള്‍ക്കിടയില്‍, കാറ്റുപോയ ഒരു പിങ്ക്‌ ബലൂണിനുള്ളില്‍ സ്‌പെര്‍മന്റേയും കൂട്ടുകാരുടേയും ആത്മാക്കള്‍ ഉപേക്ഷിച്ച വെള്ളവസ്‌ത്രങ്ങള്‍ കിടന്നിരുന്നു. കാറ്റുപോയ ആ പിങ്ക് ബലൂണ്‍ 
 ഒരു ഗര്‍ഭനിരോധന ഉറയാണെന്ന്‌ തിരിച്ചറിയുവാനുള്ള ലോകപരിചയം, തൂത്തു വൃത്തിയാക്കുവാനെത്തിയ, ത്രേസ്യാമ്മക്കുണ്ടായിരുന്നു എന്ന്‌ അവരുടെ നോട്ടത്തില്‍നിന്നുതന്നെ വ്യക്തമായിരുന്നു. അത്‌ അടിച്ചുവാരിക്കളയുമ്പോള്‍ ത്രേസ്യാമ്മയുടെ സംശയദൃഷ്ടികള്‍ അല്‍പ്പനേരം ആ ആഢംബര സമുച്ചയത്തിന്റെ മുകളറ്റം വരെയുള്ള നിരനിരയായുള്ള ചില്ലു ജാലകങ്ങളില്‍ മാറി മാറി ഉടക്കിനിന്നു. 
............................................................................................................

പരാജയങ്ങള്‍ എക്കാലത്തും പ്രണയങ്ങളുടെ ആഴവും തീവ്രതയും വര്‍ദ്ധിപ്പിച്ചിട്ടേയുള്ളൂ. സ്‌പെര്‍മന്റെ പ്രണയവും വ്യത്യസ്‌തമായിരുന്നില്ല. വര്‍ദ്ധിതവീര്യത്തോടെ അവന്‍ കാത്തിരുന്നു. അന്നൊരിക്കല്‍ ആദ്യമായി തിരമാലകള്‍ തന്നെ ആഴക്കടലിലേക്ക്‌ കൂട്ടികൊണ്ടു പോകുന്നതായി സ്‌പെര്‍മന്‌ അനുഭവപ്പെട്ടു. അത്‌ ഇതുവരെ അപ്രാപ്യമായ ഒന്നായിരുന്നു. പവിഴ പുറ്റുകളുടെ മനോഹാരിതയും ജലസസ്യങ്ങളുടെ അവര്‍ണ്ണനീയമായ നിറങ്ങളും മൃദുലതയും അവനെ ആഹ്ലാദിപ്പിച്ചു. സ്‌പെര്‍മനും കൂട്ടുകാരും ഒരു സത്യം കൂടി മനസ്സിലാക്കി. അവര്‍ നീന്തിയെത്തിരിക്കുന്നത്‌ ഫലോപ്പിയന്‍ ദ്വീപിനു സമീപമാണ്‌. ആവേശഭരിതരായ അവര്‍ വാശിയോടെ നീന്തി. 

അവരെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ അവരറിഞ്ഞിരുന്നില്ല. ഒളിച്ചിരിക്കുന്ന ക്ഷുദ്രമത്സ്യങ്ങളുടെ വായിലാണ്‌ ഭൂരിപക്ഷം പേരുടേയും യാത്ര അവസാനിച്ചത്‌. ഒട്ടേറെപ്പേരെ മാംസദാഹികളായ കടല്‍ സസ്യങ്ങള്‍ പിടികൂടി വിഴുങ്ങി. ചിലര്‍ ഭയന്നു പിന്‍മാറി. ചിലര്‍ക്ക്‌ വഴിതെറ്റുകയും മറ്റുചിലര്‍ തളര്‍ന്നുവീഴുകയും ചെയ്‌തു. വെല്ലുവിളികളെ അതിജീവിച്ച്‌ സ്‌പെര്‍മന്‍ നീന്തല്‍ തുടര്‍ന്നു. അവന്റെ കരുത്തും മെയ്‌വഴക്കവും മറ്റുള്ളവരെ അത്ഭുതപ്പെടുത്തി. ഓവയോടുള്ള പ്രണയം അവന്‌ പ്രതിരോധത്തിന്റെ കവചമായിരുന്നു. പക്ഷെ, എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്‌ത്‌ വിജയശ്രീലാളിതനായി ഫലോപ്പിയന്‍ ദ്വീപിലെത്തിയ സ്‌പെര്‍മനെ കാത്തിരുന്നത്‌ ശൂന്യതയായിരുന്നു. ചുവന്ന പൂക്കളാല്‍ അലങ്കരിച്ച മണിയറയോ ഓവയെന്ന രാജകുമാരിയോ അവിടെയുണ്ടായിരുന്നില്ല. സാഹസികമായ യാത്രയുടെ ഒടുവില്‍, പരിഹാസിതനായി, പരാജിതനായി, സ്‌പെര്‍മന്‍ തലകുനിച്ചുനിന്നു. ഒരിക്കല്‍കൂടി തങ്ങളുടെ വസ്‌ത്രങ്ങള്‍ ഉടലോടെ വലിച്ചൂരിയെറിഞ്ഞ്‌ വെറും ആത്മാവുകളായി അവര്‍ മടങ്ങി. 

ജന്മസാഫല്യത്തിനായി തേടിയെത്തിയവന്‍ തൊട്ടടുത്തെത്തിയിട്ടും നിരാശയോടെ മടങ്ങിപോയത്‌  ഓവ അറിഞ്ഞതേയില്ല. അവള്‍ നിദ്രയിലായിരുന്നു. ആരോ മനപ്പൂര്‍വ്വം മയക്കികിടത്തിയതുപോലെയുള്ള ഗാഢമായ 
ഒരു നിദ്രയില്‍. അവളെ വിളിച്ചുണര്‍ത്തേണ്ട സ്‌പന്ദനങ്ങള്‍പോലും നിര്‍ബന്ധിത മയക്കത്തിലായിരുന്നു.
............................................................................................................

റോസ്‌മേരി വയസ്സറിയിച്ചതു 
മുതല്‍ അവളുടെ അമ്മയെ ഭയം അലട്ടിയിരുന്നു. യാദൃശ്ചികമായി റോസ്‌മേരിയുടെ ടേബിള്‍ ഡ്രോയില്‍ ഗര്‍ഭനിരോധന ഗുളികകളുടെ റാപ്പര്‍ കാണപെട്ട അന്നുമുതല്‍ അമ്മയുടെ മനസ്സ്‌ അസ്വസ്ഥമായി. അത്‌ അവരുടെ ത്രീ ബെഡ്‌റൂം ഫ്‌ളാറ്റു മുഴുവന്‍ നിറഞ്ഞുപുകഞ്ഞ്‌ അതിനുള്ളിലുള്ളവരെ ശ്വാസംമുട്ടിക്കുവാനും തുടങ്ങി. റോസ്‌മേരിയെ നിര്‍ബന്ധപൂര്‍വ്വം ബാംഗ്ലൂരിലേക്ക്‌ പറഞ്ഞയച്ചതിനുശേഷവും കുറച്ചുകാലത്തേക്ക്‌ ആ പുകച്ചില്‍ നീണ്ടുനിന്നു.
............................................................................................................

വര്‍ഷങ്ങള്‍ കടന്നുപോയി കൊണ്ടിരുന്നു. സ്‌പന്ദനങ്ങള്‍ തൊട്ടുണര്‍ത്തിയപ്പോഴെല്ലാം, ഒരു വ്രതം പോലെ, ഓവ ഉണരുകയും ഉടുത്തൊരുങ്ങുകയും കാത്തിരിക്കുകയും ഒടുവില്‍ വിരഹത്താല്‍ ഉരുകുകയും ചെയ്‌തു. തിരമാലകള്‍ വന്നുവിളിച്ചപ്പോഴെല്ലാം സ്‌പെര്‍മന്‍ യാത്ര തുടരുകയും വാശിയോടെ നീന്തുകയും 
ഒടുവില്‍ പരാജയപ്പെടുകയും ചെയ്‌തു. പക്ഷെ അവര്‍ ഒരിക്കലും പ്രതീക്ഷ കൈവെടിഞ്ഞില്ല. ജോസ്‌മാത്യുവിന്റേയും റോസ്‌മേരിയുടേയും പ്രണയത്തേക്കാള്‍ തീവ്രമായിരുന്നു ഓവയുടേയും സ്‌പെര്‍മന്റെയും കാത്തിരിപ്പ്‌.
............................................................................................................

എതിര്‍പ്പുകളും അകല്‍ച്ചയും പ്രണയത്തിന്റെ ആഴം കൂട്ടുകയാണ്‌ ചെയ്‌തത്‌. അകലത്തിന്റെ നീളംകൊണ്ട്‌ അടുപ്പത്തിന്റെ ആഴം അളന്നുനോക്കിയപ്പോള്‍, ഇരുപത്തിയേഴാമത്തെ വയസ്സില്‍, സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ വെച്ച്‌, ജോസ്‌മാത്യു റോസ്‌മേരിയെ സ്വന്തമാക്കുകയും ചെയ്‌തു. പുരോഹിതരും മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ആ കൂടിച്ചേരലിന്‌ സാക്ഷ്യം വഹിച്ചു. അനുഗ്രഹം ചൊരിഞ്ഞു.

............................................................................................................

ഫലോപ്പിയന്‍ ദ്വീപുകളില്‍ വീണ്ടും വസന്തം വിടര്‍ന്നു. ഓവ വീണ്ടും ചുവപ്പഴകില്‍ കുളിച്ച്‌ നാണത്താല്‍ കൂമ്പി നിന്നപ്പോഴൊന്നും ആരും അവളെത്തേടി വന്നില്ല. തിരമാലകളേറി സ്‌പെര്‍മന്‍ വന്നപ്പോഴെല്ലാം അവള്‍ എഴുന്നേല്‍ക്കാനാവാതെ, 
ഗാഢമായ നിദ്രയില്‍ മയങ്ങികിടക്കുകയും ചെയ്‌തു.
............................................................................................................

രണ്ടു വര്‍ഷത്തേക്ക്‌ കുട്ടികള്‍ വേണ്ടെന്ന റോസ്‌മേരിയുടെ തീരുമാനം ജോസ്‌മാത്യുവിന്‌ സ്വീകാര്യമായിരുന്നില്ലെങ്കിലും ഒരു സമരസപ്പെടലില്‍ അയാളുടെ എതിര്‍പ്പ്‌ അപ്രധാനമായിതന്നെ നിലനിന്നു. ശരീരസൗന്ദര്യം സംരക്ഷിക്കുന്നതിലും ഉയര്‍ച്ചയുടെ പുതിയ ചവിട്ടുപടികള്‍ കെട്ടിപടുക്കുന്നതിലുമായിരുന്നു റോസ്‌മേരിയുടെ താത്‌പര്യമത്രയും. എങ്കിലും ഒന്നര വര്‍ഷത്തിനു ശേഷം ജോസ്‌ മാത്യവിന്റെ നിര്‍ബന്ധങ്ങള്‍ക്കുമുന്നില്‍ വിട്ടുവീഴ്‌ച്ചക്കൊരുങ്ങുവാന്‍ അവള്‍ തയ്യാറായി. അത്‌ അവര്‍ക്കിടയിലെ അകലം വര്‍ദ്ധിപ്പിച്ചുവെങ്കിലും.

............................................................................................................

ഒരിക്കല്‍കൂടി ഓവ മയക്കത്തില്‍നിന്നും ഉണര്‍ന്ന്‌ ചുവപ്പിനെ വാരിച്ചൂടി മണിയറയില്‍ തുളുമ്പിത്തുടിച്ചു കൂമ്പിനിന്നു. ഒഴുക്കിനെതിരെ നിന്തി,
ക്ഷുദ്രമത്സ്യങ്ങളില്‍നിന്നും മാംസദാഹികളായ കടല്‍ സസ്യങ്ങളില്‍നിന്നും വഴുതിമാറി എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്‌ ഒരുവന്‍ വരുന്നതും കാത്ത്‌.

ലക്ഷ്യം തെറ്റിയ അനേകം യാത്രകള്‍ക്കൊടുവില്‍, വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന്‌ സ്‌പെര്‍മന്‍ ഫലോപ്പിയന്‍ ദ്വീപിലെത്തിച്ചേര്‍ന്നു. അന്നാദ്യമായി സ്‌പെര്‍മന്‍ ഓവ 
രാജകുമാരിയുടെ മൂടിക്കിടന്ന പട്ടുതോല്‍ക്കും ഇതളുകളെ തൊട്ടു. അവളുടെ സുഗന്ധം നുകര്‍ന്നു. തന്നെ മാത്രം തേടിവന്ന ഒരുവന്റെ സ്‌പര്‍ശവും ഗന്ധവും ഓവ രാജകുമാരി തിരിച്ചറിഞ്ഞു. അവള്‍ അവനെ സ്വീകരിക്കുവാനായി തന്റെ ഇതളുകള്‍ വിടര്‍ത്തി. ഇതളുകള്‍ക്കിടയിലൂടെ സ്‌പെര്‍മന്‍ അവളിലേക്ക്‌ പ്രവേശിച്ചു. നിര്‍വൃതിയില്‍ പൂവിതളുകള്‍ കൂമ്പിയടയുമ്പോള്‍ സ്‌പെര്‍മന്‍ അവള്‍ക്കുള്ളില്‍ അലിഞ്ഞുചേരുവാന്‍ തുടങ്ങിയിരുന്നു.

ഓവ ചോദിച്ചു.

" എന്തിനായിരുന്നു നീ എന്നെ മാത്രം തേടിവന്നത്‌. ? "

"നിന്നില്‍ അലിഞ്ഞുചേരുവാന്‍ മാത്രം. ഉടല്‍ മാത്രമല്ല, ആത്മാവുകൂടി."

സ്‌പെര്‍മന്‍ 
ചോദിച്ചു.

"നീ എന്നെ തന്നെയാണോ പ്രതീക്ഷിച്ചിരുന്നത്‌. അതോ മറ്റാരെയോ. ?"

ഓവയുടെ മറുപടി ഇങ്ങനെയായിരുന്നു

"എന്നിലേക്കെത്തി ചേരുക എന്ന സ്വപ്‌നവുമായി ജീവിക്കുന്ന, മത്സരിക്കുന്ന, കുറേപ്പേര്‍. അവരില്‍ വിജയിച്ചുവരുന്നവന്‍ ആരോ, അവനെയാണ്‌ ഞാന്‍ കാത്തിരുന്നത്‌. ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു സ്‌പെര്‍മന്‍, ഞാന്‍ കാത്തിരുന്നത്‌ നിന്നെയായിരുന്നു. നിന്നെ തന്നെയായിരുന്നു. നിന്റെ ആഗമനത്തോടെ എന്റെ ജന്മം സഫലമായിരിക്കുന്നു.

"ഈ സംഗമത്തിന്റെ ലക്ഷ്യമെന്താണ്‌.?"


"നമ്മുടെ ജന്മം ഇവിടെ പൂര്‍ണ്ണമാകുന്നു. രണ്ടില്‍ നിന്നും നാം ഒന്നായി മാറും. ഒരിക്കലും വേര്‍പെടുത്തുവാന്‍ കഴിയാത്ത വിധം ഒന്നായി ചേരുന്നതു വരെ ഈ നിര്‍വൃതി ആസ്വദിക്കാം."
............................................................................................................

ഓവയും സ്‌പെര്‍മനും ഒന്നായപ്പോള്‍ ഒരു പുതിയ ശരീരവും അതിനുള്ളില്‍ ഒരു പുതിയ ആത്മാവും രൂപപ്പെട്ടു. പ്രശസ്‌ത ഗൈനക്കോളജിസ്‌റ്റ്‌, ഡോ. റാണി ജോര്‍ജ്ജിന്റെ ഗ്ലൗസിട്ട കൈകളില്‍ കിടന്ന്‌ ആ രൂപം കരഞ്ഞു. ചുറ്റും നിന്നവര്‍ ചിരിച്ചു. മാതൃത്വത്തിന്റെ തിരുവസ്‌ത്രമണിഞ്ഞ്‌
റോസ്‌മേരി തളര്‍ന്നുകിടന്നു. അതിഥിക്ക്‌ അവര്‍ പേരിട്ടു. ലിന്‍ഡ. ജോസ്‌ മാത്യുവിന്റെയും റോസ്‌മേരിയുടേയും ഛായയുള്ള ലിന്‍ഡ നിഷ്‌കളങ്കമായി കരയുകയും ചിരിക്കുകയും ചെയ്‌തു. ലിന്‍ഡക്കു മൂന്ന് വയസ്സാകുന്നതിനുമുന്‍പ് ജോസ്‌ മാത്യുവും റോസ്‌മേരിയും വേര്‍പിരിഞ്ഞു. ജോസ്‌ മാത്യു കാതറീന്‍ എന്ന യുവതിയേയും റോസ്‌മേരി ജോണ്‍ സാമുവല്‍ എന്ന വ്യക്തിത്വത്തേയും പുനര്‍വിവാഹം ചെയ്‌തു.
............................................................................................................

ആത്മാവുകള്‍ കൂടിച്ചേര്‍ന്നതുകൊണ്ടായിരിക്കാം ഓവയും സ്‌പെര്‍മനും ഒരിക്കലും വേര്‍പിരിഞ്ഞില്ല. അവര്‍ വേര്‍പിരിഞ്ഞിരുന്നുവെങ്കില്‍ ലിന്‍ഡ രണ്ടാകുമായിരുന്നു. ലിന്‍ഡക്കു രണ്ടാകുവാന്‍ കഴിയില്ല. കഴിയുമായിരുന്നുവെങ്കില്‍, അവള്‍ക്കു വേണ്ടി ജോസ്‌മാത്യുവിനും റോസ്‌മേരിക്കും ഇടക്കിടെ വഴക്കിടേണ്ടി വരില്ലായിരുന്നു.  
............................................................................................................

ലിന്‍ഡ നിഷ്‌കളങ്കമായി ചിരിക്കുന്നുവസന്തം കണ്ണിറുക്കി കാണിക്കുന്നു.

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...