നോവും നോട്ടങ്ങള്‍

കുഴിഞ്ഞകണ്ണുകള്‍തന്‍ കൊഴിയുംപീലികളായ്‌,
നോക്കുവനാരുമില്ലെന്ന നോവുമായിചിലര്‍.


കോലംകെട്ടും ചിലര്‍, നോട്ടങ്ങളില്‍ കുളിരുവാന്‍,
നോട്ടംതട്ടാതിരിക്കുവാന്‍ നോക്കുകുത്തികളോ ചിലര്‍.

കാത്തുനില്‍ക്കും ചിലര്‍, നാണിക്കുവാനൊരുങ്ങി,
അറിയാതെയൊന്നു നോക്കിയാല്‍പോലും.

വീണുപോം ചിലര്‍, ആദ്യനോട്ടചുഴികളില്‍തന്നെ,
നോക്കാതെ നോക്കുവാന്‍ നിപുണരും ചിലര്‍.


ഒളിക്കും നോവെല്ലാം ചിലര്‍, ചിരികണ്ണുകളാല്‍,
നേരെനോക്കും ചിലര്‍, നുണയുരക്കും നേരവും.

കാണുന്ന കണ്ണിലോ സൗന്ദര്യമെങ്കിലും,
നോട്ടങ്ങളിഴയും പുഴുക്കളെപ്പോലെന്നും ചിലര്‍.

കാത്തുവെക്കുക നീ കണ്ണുകളിലെങ്കിലും,
നന്മയുടെ വെട്ടമൂറും കുഞ്ഞുകെടാവിളക്കുകള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ