ആധാര്‍ എന്നാല്‍ കസ്‌റ്റമര്‍ ഐ.ഡിയാണോ

സര്‍വ്വീസ്‌ ഇന്‍ഡസ്‌ട്രി അഥവാ സേവന വ്യവസായം. ഇപ്പോള്‍ ഇതാണ്‌ മറ്റൊരു ലാഭകരമായ ബിസിനസ്സ്‌. ഇന്‍ഷുറന്‍സ്‌, കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ ഡയറക്‌റ്റ്‌ സെല്ലിംഗ്‌ ഏജന്റുകളാണ്‌ താരങ്ങള്‍. ഉപഭോക്താവിന്‌ കമ്പനിയെയോ കമ്പനി മുതലാളിയെയോ അറിയില്ല. അയാള്‍ക്ക്‌ അതിന്റെ ആവശ്യവുമില്ല. അയാള്‍ക്ക്‌ വേണ്ടത്‌, അയാള്‍ക്കാവശ്യമുള്ള സേവനങ്ങള്‍ ഉയര്‍ന്ന നിലവാരത്തില്‍, മികച്ച ഗുണമേന്മയില്‍, വേഗത്തില്‍ ലഭിക്കണം എന്നതുമാത്രമാണ്‌. അത്‌ ലഭ്യമാക്കാന്‍ ആ ഏജന്‍സിക്ക്‌ മാന്യമായ ഒരു സര്‍വ്വീസ്‌ ചാര്‍ജ്ജ്‌ കൊടുക്കുവാനും അയാള്‍ തയ്യാറാണ്‌. ഈ ഏജന്‍സികളുടെ പ്രവര്‍ത്തനക്ഷമതയെയോ ഉത്തരവാദിത്വബോധമോ ഒന്നും ആര്‍ക്കും ഒരു പ്രശ്‌നമേയല്ല. കാരണം, ഒന്നു പറ്റിയില്ലെങ്കില്‍ മറ്റൊന്ന്‌ തിരഞ്ഞെടുക്കാന്‍ കസ്റ്റമേഴ്‌സിന്‌ ചോയ്‌സ്‌ ഉണ്ടല്ലോ. 

സര്‍ക്കാരുകളും ഇപ്പോള്‍ ഈ വഴിക്കുതന്നെയാണോ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും എന്ന്‌ തോന്നുന്നു. ആധാര്‍ റെജിസ്‌ട്രേഷനും എന്‍ പി ആര്‍ എന്‍റോളിംഗും ഗ്യാസ്‌ ബുക്കിംഗും അക്ഷയ സെന്ററുകളും എല്ലാം ഈ ജനുസ്സില്‍പെട്ട്‌ വ്യവസായങ്ങളാണ്‌. ടെക്‌നോളജിയെ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട്‌ മികവുറ്റ സേവനങ്ങള്‍, കാലതാമസമില്ലാതെ ജനങ്ങളിലേക്ക്‌ എത്തിക്കുവാനുള്ള ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെ. പക്ഷെ ആര്‍ക്ക്‌, ആരോട്‌, എന്തിനോടാണ്‌ ഉത്തരവാദിത്വങ്ങള്‍ എന്നു ചോദിക്കുമ്പോള്‍..... തിരിച്ചറിയല്‍ രേഖകളിലെ തിരിച്ചറിയാനാവാത്ത ഫോട്ടോകള്‍, വായിച്ചാല്‍ മനസ്സിലാകാത്ത മംഗ്ലീഷ്‌ പേരുകളും മേല്‍വിലാസങ്ങളും, തെറ്റുകള്‍ സംഭവിക്കുമ്പോള്‍ എന്തുവേണമെന്നു ചോദിക്കുമ്പോള്‍ കൈ മലര്‍ത്തുന്ന ഗ്യാസ്‌ ഏജന്‍സികളും അക്ഷയ സെന്ററുകളും. ആരോടാണ്‌ പരാതി ബോധിപ്പിക്കേണ്ടത്‌ എന്നതിനെകുറിച്ചും ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തികളാക്കികൊണ്ട്‌, സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരുടെ തലയില്‍കെട്ടിവെക്കുന്ന ഈ ശൈലിയെ ഡയറക്‌റ്റ്‌ ബെനിഫിറ്റ്‌ ട്രാന്‍സ്‌ഫര്‍ എന്നുമാത്രമല്ല, ഡയറക്‌റ്റ്‌ സെല്ലിംഗ്‌ അല്ലെങ്കില്‍ ട്രാന്‍സ്‌ഫറിംഗ്‌ റെസ്‌പോണ്‍സിബിലിറ്റി എന്നും വിളിക്കാവുന്നതാണ്‌. എല്ലാ രംഗത്തും ഈ വളര്‍ച്ച പ്രതീക്ഷിക്കാം. നാളെ ഡയറക്‌റ്റ്‌ സെല്ലിംഗ്‌ ഏജന്‍സികള്‍ അനുവദിച്ചുകിട്ടുന്നതിനായി ഒരുപക്ഷെ കോര്‍പ്പറേറ്റുകള്‍ സര്‍ക്കാറിന്‌ അങ്ങോട്ട്‌ എന്തെങ്കിലും ഓഫര്‍ കൊടുക്കുമായിരിക്കും, അല്ലേ. കാരണം, 100 കോടി കസ്‌റ്റമേഴ്‌സിനെ ഒറ്റയടിക്കു ലഭിക്കുകയല്ലേ. ഒരു വിഷമമേയുള്ളൂ 5 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പോലും ഒരു നല്ല സര്‍വ്വീസ്‌ പ്രൊവൈഡറെ അഥവാ സേവനദാതാവിനെ തിരഞ്ഞടുക്കുവാനുള്ള ചോയ്‌സ്‌ ഇല്ലല്ലോ എന്നതാണ്‌ സങ്കടം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ