അടവുനയങ്ങള്‍ എന്ന നട്ടെല്ലില്ലായ്‌മ.

അടവുനയങ്ങള്‍ എന്ന ഓമനപേരില്‍ അറിയപ്പെടുന്ന വൃത്തികെട്ട നെറികേടുകളെ ആശ്രയിക്കാതെതന്നെ, മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌, ജനങ്ങളുടെ മനസ്സില്‍ ഇടംനേടാനും, അധികാരത്തില്‍ എത്തിച്ചേരാനും സാധിക്കും, എന്ന ലളിതസുന്ദരമായ ഒരു സത്യമാണ്‌ ആം ആദ്‌മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുവിജയം നമുക്ക്‌ കാണിച്ചുതരുന്നത്‌. കേരള കോണ്‍ഗ്രസ്സ്‌, മുസ്‌ളിംലീഗ്‌, തുടങ്ങിയ ഈര്‍ക്കില്‍ പാര്‍ട്ടികളേയും മറ്റു ജാതിമത സംഘടനകളെയും പ്രീണിപ്പിച്ച്‌, അവരുടെ താത്‌പര്യങ്ങള്‍ക്ക്‌ കീഴടങ്ങി, അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന കോണ്‍ഗ്രസ്സുകാരും അതേ പാത പിന്‍തുടരുവാന്‍ ശ്രമിക്കുന്ന ഇടതുപാര്‍ട്ടികളും ഈ സത്യം നല്ലവണ്ണം തിരിച്ചറിയുണ്ട്‌ എന്നുവേണം കരുതാന്‍. എന്നിട്ടും എന്തുകൊണ്ട്‌ അവര്‍ അതേ പാത പിന്‍തുടരുവാന്‍ ശ്രമിക്കുന്നു എന്നു പരിശോധിക്കുമ്പോഴാണ്‌ മുഖ്യധാരാ പാര്‍ട്ടികളുടെ തലപ്പത്തിരിക്കുന്ന നേതാക്കന്‍മാരുടെ മുഖംമൂടികള്‍ വലിച്ചുകീറേണ്ടി വരുന്നത്‌. ഈ അഴുക്കുചാലുകളിലൂടെ മാത്രമേ അവര്‍ക്ക്‌ അധികാരം സ്വപ്‌നം കാണാന്‍ കഴിയൂ എന്ന ഗതികേടിലാണവര്‍ ഓരോരുത്തരും. അതാണ്‌ സത്യം. അല്ലാതെ, ഇത്തരം വൃത്തികേടുകള്‍ക്കു പകരം വെക്കുവാന്‍ മാത്രം ഉയര്‍ന്ന മൂല്യങ്ങളോ ആദര്‍ശങ്ങളോ വീക്ഷണങ്ങളോ ഒന്നുംതന്നെ ഇപ്പോഴത്തെ നേതാക്കന്‍മാര്‍ക്കിടയില്‍ ഇല്ല. വലിയ വലിയ ലക്ഷ്യങ്ങളോടെ കെട്ടിപ്പടുത്ത പ്രസ്ഥാനങ്ങളുടെ നേതാക്കന്‍മാര്‍ ഇപ്പോള്‍ ഹൈടെക്‌ നിലവാരമുള്ള വെറും മൂന്നാംകിട ബ്രോക്കര്‍മാരായി അധഃപതിച്ചിരിക്കുന്നു. ചുരുങ്ങിയ പക്ഷം തങ്ങള്‍ സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരാണെന്നുപോലും തെളിയിക്കുവാന്‍ അവര്‍ക്കു കഴിയുന്നില്ല. നെറികെട്ട യാഥാസ്ഥിക രാഷ്ട്രീയക്കാരുടെ നിറുകയില്‍ ചെന്നുവീഴട്ടെ ആം ആദ്‌മി പാര്‍ട്ടിയുടെ ഈ വിജയം. എന്താണ്‌ ആം ആദ്‌മി പാര്‍ട്ടിയുടെ പ്രത്യയശാസ്‌ത്രം എന്ന് ചോദിക്കുന്ന മാമുനിമാര്‍ സ്വന്തം പ്രമാണങ്ങള്‍ തുറന്നുനോക്കുക. നിങ്ങളുടെ കാരണവന്‍മാര്‍ അക്കമിട്ട്‌ എഴുതിവെച്ച ലക്ഷ്യങ്ങളില്‍ എത്രയെണ്ണം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞുവെന്ന്‌ പരിശോധിക്കുക. ചുരുങ്ങിയപക്ഷം അവയോട്‌ നീതിപുലര്‍ത്തുവാനെങ്കിലും കഴിയുന്നുണ്ടോയെന്ന്‌ ആത്മപരിശോധന നടത്തുക. എല്ലാ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഈ എളിയ പൗരന്റെ അഭിനന്ദനങ്ങള്‍. ഒന്നുമാത്രം ഓര്‍ക്കുക. വിജയിക്കുക എന്നത്‌ എളുപ്പമാണ്‌, വിജയം നിലനിര്‍ത്തുക എന്നതാണ്‌ വിഷമകരം. പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാലും, ആദര്‍ശങ്ങള്‍ മുറുകെ പിടിക്കുക. വലിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കുമ്പോള്‍, വീഴുന്നതുപോലും മഹത്തരമാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ