പ്രീപെയ്‌ഡ്‌ രാഷ്‌ട്രീയവും ജനാധിപത്യവും.

മുന്‍പ്‌ ഞങ്ങളോടൊപ്പം നിന്നിരുന്ന കോര്‍പ്പറേറ്റുകളൊന്നും ഇപ്പോള്‍ ഞങ്ങളുടെ കൂടെയില്ല, അവരൊക്കെ ഇപ്പോള്‍ മറുകണ്ടം ചാടി ബി.ജെ.പിയോടൊപ്പ മാണെന്നാണ്‌ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവായ ശ്രീ വി. ഡി. സതീശന്‍ ഈയിടെ ഒരു ടി.വി. അഭിമുഖത്തില്‍ പറഞ്ഞുകേട്ടത്‌. അല്‍പ്പം നിഷ്‌കളങ്കത ഇപ്പോഴും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതുകൊണ്ടാകാം അദ്ദേഹം ഇത്‌ തുറന്നുപറയാന്‍ തയ്യാറായത്‌. ഇതില്‍നിന്നും ഒരു കാര്യം മനസ്സിലായി. ഇവര്‍ രണ്ടുപേരും നിയന്ത്രിക്കപ്പെടുന്നത്‌ കോര്‍പ്പറേറ്റ്‌ മുതലാളിമാരാല്‍ ആണ്‌. കോര്‍പ്പറേറ്റുകളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നത്‌ ആദ്യം തിരിച്ചറിയേണ്ടത്‌ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ കുപ്പായമിട്ടുനടക്കുന്ന രാഷ്ട്രീയക്കാരാണ്‌. അമിത ലാഭത്തിന്‌ വേണ്ടി കള്ളക്കടത്ത്‌, പൂഴ്‌ത്തിവെക്കല്‍, മായം കലര്‍ത്തല്‍, പ്രലോഭനങ്ങളിലൂടെ കബളിപ്പിക്കല്‍, നികുതി വെട്ടിക്കല്‍, "സ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ ഉറങ്ങാതിരിക്കൂ" എന്നതുപോലെയുള്ള മാനേജ്‌മെന്റ്‌ തിയറികളിലൂടെ ജീവനക്കാരെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി കൃത്രിമത്വവും ജാഡകളും നിറഞ്ഞ അനാരോഗ്യകരവും നിലവാരമില്ലാത്തതുമായ, ജീവിതശൈലികളെ പ്രോത്സാഹിപ്പിക്കല്‍, തുടങ്ങിയ ഒരു പാട്‌ സാമൂഹിക പ്രശ്‌നങ്ങളുടെ ഉറവിടം കോര്‍പ്പറേറ്റുകള്‍ സൃഷ്ടിച്ചുണ്ടാക്കുന്ന ആധുനിക സംസ്‌കാരമാണ്‌.

മൂല്യങ്ങളെ പാര്‍ശ്വവത്‌കരിക്കുകയും ലാഭം മാത്രം സ്വപ്‌നം കാണുവാനും പ്രേരിപ്പിക്കുന്ന സ്ഥാപനങ്ങളായി കോര്‍പ്പറേറ്റുകള്‍ അധഃപതിച്ചിരിക്കുന്നു. ഈ നിലവാരതകര്‍ച്ചയെ നിയന്ത്രിക്കുവാന്‍ കഴിവുള്ള, അതിന്‌ ഉത്തരവാദിത്വപ്പെട്ട രാഷ്‌ട്രീയക്കാര്‍ പോലും, കോര്‍പ്പറേറ്റുകള്‍ക്കു വശംവദരാകുക എന്നു പറഞ്ഞാല്‍ വേദനാജനകമാണ്‌. കോര്‍പ്പറേറ്റുകളോടൊപ്പം കൂട്ടുകൂടി കൂട്ടുകൂടി, കള്ളകണക്കുണ്ടാക്കി തൊണ്ണൂറ്റി ഒമ്പതു ശതമാനം ലാഭം സ്വന്തം വീട്ടിലേക്കും മനസാക്ഷികുത്ത്‌ ഇല്ലാതിരിക്കാന്‍ പേരിന്‌ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഉണ്ടാക്കി നക്കാപിച്ച സേവനവും നടത്തുന്ന കോര്‍പ്പറേറ്റ്‌ ശൈലി തന്നെയാണ്‌ പാര്‍ട്ടികളും പിന്‍തുടരുന്നത്‌. തിരഞ്ഞടുക്കപ്പെടുന്ന ജനപ്രതിനിധികളെയല്ല, പാര്‍ട്ടികളെ ഈ നിലയില്‍ കൊണ്ടെത്തിച്ച നേതാക്കന്‍മാരെയാണ്‌ ആദ്യം ചൂലുകൊണ്ടടിച്ചു പുറത്താക്കേണ്ടത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ