അഴിമതിക്ക്‌ നല്ല വളക്കൂറുള്ള മണ്ണുണ്ടാകുന്നത്‌ .....

നൂറു രൂപ കൈക്കൂലി കൊടുത്താലെന്താ, കാര്യം നടന്നുകിട്ടുമല്ലോ എന്നു ചിന്തിക്കുന്നിടത്തുനിന്നാണ്‌ അഴിമതിയുടെ വഴിയുടെ തുടക്കം. ഒരു ചെറിയ കാര്യത്തിനുവേണ്ടി എന്തിന്‌ സമയവും ശ്രമവും പാഴാക്കണെം എന്നാണ്‌ ഭൂരിപക്ഷവും ചിന്തിക്കുന്നത്‌. അഴിമതിക്ക്‌ നല്ല വളക്കൂറുള്ള മണ്ണുണ്ടാകുന്നത്‌ ഇത്തരം ചിന്താഗതികളില്‍ നിന്നാണ്‌ എന്ന്‌ നാം തിരിച്ചറിയാതെ പോകരുത്‌. അങ്ങനെയൊരു ചിന്താഗതി പൊതുജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ അഴിമതിക്കാരായിത്തീരാന്‍ സാധ്യത കൂടുതലാണ്‌. അഴിമതിക്കെതിരെ ശക്തമായ നിയമവ്യവസ്ഥയുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടാല്‍ മാത്രമേ അഴിമതിയെ നിയന്ത്രണവിധേയമാക്കാന്‍ കഴിയുകയുള്ളൂ. പക്ഷെ അത്തരത്തില്‍ ഒരു ചിന്താഗതിപേലും ഉയര്‍ന്നുവരാന്‍പോലും ഭൂരിപക്ഷം രാഷ്ട്രീക്കാരും താത്‌പര്യമെടുക്കുന്നില്ല. കാരണം അവരില്‍ പലരും അറിഞ്ഞോ അറിയാതെയോ "ചീത്തയാണെങ്കിലും ഒഴിവാക്കാനാവാത്ത ശല്യമായി" അഴിമതിയെ അംഗീകരിച്ചുപോയി. ആ വഴികള്‍ തിരഞ്ഞടുത്തവര്‍ക്ക്‌ തിരിച്ചുവരുവരണമെന്ന്‌ ആഗ്രഹമുണ്ടാകാം. കുഴപ്പം നമ്മുടെ വ്യവസ്ഥയ്ക്കാണ്. അതിനാണ് മാറ്റം വരുത്തേണ്ടത്, നാളെ ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയോ, ജനപ്രതിനിധിയോ അധികാരത്തില്‍ വന്നാലും അഴിമതിയോ, സ്വജനപക്ഷപാതമോ നടത്തുവാന്‍ ആവാത്ത വിധത്തിലുള്ള ഒരു വ്യവസ്ഥാപരിവര്‍ത്തനം.അതാണ്‌ വേണ്ടത്.

തിരഞ്ഞടുക്കപ്പെട്ടു കഴിഞ്ഞാല്‍ ജനപ്രതിനിധികളുടെ മുഴുവന്‍ സമയവും വിനിയോഗിക്കേണ്ടത്‌ നിലവിലുള്ള സര്‍ക്കാര്‍ സംവിധാനത്തെ ജനങ്ങളുടെ നന്മക്കായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നുണ്ടോ എന്ന്‌ ഉറപ്പുവരുത്തുന്നതിനാണ്‌. ജനപ്രതിനിധികളായി അഥവാ സര്‍ക്കാര്‍ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷവും എല്ലാ ഉത്തരവാദിത്വങ്ങളും ഉദ്യോഗസ്ഥമേധാവികള്‍ക്കു വിട്ടുകൊടുത്ത്‌ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍തന്നെ തുടരുകയാണെങ്കില്‍ എങ്ങിനെയാണ്‌ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുക ? തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ വീഴ്‌ചകളുടേയും തെറ്റുകളുടെയും ഉത്തരവാദിത്വവും ശിക്ഷയും അതാത്‌ പാര്‍ട്ടികള്‍ക്കു കൂടി ബാധകമാക്കുന്ന ഒരു സംവിധാനം നടപ്പിലാക്കികൂടെ ? 

ജനന്മയെകരുതി, ഈ രാജ്യത്തിന്റെ വളര്‍ച്ചയെകരുതി. ഏതു പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നാലും, മുന്‍ഗണനയോടെ ചെയ്യേണ്ട പദ്ധതികളെ സംബന്ധിച്ച്‌ പാര്‍ട്ടികള്‍ക്കിടയില്‍ പൊതുധാരണകളും (രഹസ്യധാരണകളല്ല) ഉണ്ടായിക്കൂടെ ? സങ്കരവര്‍ഗ്ഗമായ കൂട്ടുകക്ഷി രാഷ്ട്രീയത്തിന്‌ അതിന്‌ കഴിയില്ല എന്നു വാദിക്കരുത്‌. കാരണം. വിവരാവകാശത്തിന്റെ വെല്ലുവിളികള്‍ മറികടക്കാനും രാഷ്‌ട്രീയ ക്രിമിനലുകളെ ഒഴിവാക്കുവാനുള്ള സുപ്രീം കോടതി വിധി മറികടക്കുവാനും ഒറ്റ രാത്രികൊണ്ട്‌ പരിഹാരം കാണാന്‍ കഴിഞ്ഞ അവിയല്‍ പാര്‍ട്ടികള്‍ക്ക്‌ മേല്‍പറഞ്ഞതിനും കഴിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ