അധികാരം പ്രദര്‍ശിപ്പിക്കാനുള്ളതാണോ..?

നാടുനീളെ ഓടിനടന്ന്‌ ഉദ്‌ഘാടനമാണ്‌ മന്ത്രിമാരുടെ പധാന പണി. ഇതിന്റെ മനഃശാസ്‌ത്രം എന്താണെന്ന്‌ ഒരു പിടിയും കിട്ടുന്നില്ല. മന്ത്രിമാര്‍ ഉദ്‌ഘാടനം ചെയ്‌തില്ലെങ്കില്‍ എന്താണ്‌ സംഭവിക്കുക ? മന്ത്രിമാര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുത്തതുകൊണ്ട്‌ പൊതുജനങ്ങള്‍ക്കെന്താണ്‌ പ്രയോജനം ?  ഇതിനുമാത്രം ഇത്രയധികം സമയം ബാക്കിയുണ്ടോ ഔദ്യോഗിക ജോലികള്‍ക്കിടയില്‍ ?ഉണ്ടെങ്കില്‍തന്നെ "ഇന്‍വോള്‍വ്‌മെന്റ്‌ ലീഡ്‌സ്‌ ടു എക്‌സലന്‍സ്‌" എന്ന മാനേജ്‌മെന്റ്‌ വാക്യമല്ലേ ശരി ?കാര്യക്ഷമത ഇല്ലായ്‌മയാണ്‌ ഗവണ്‍മെന്റ്‌ മെഷിനറികളെ നോക്കുകുത്തികളാക്കുന്നത്‌, അവയെ നഷ്ടത്തിലാക്കുന്നത്‌, ജനങ്ങളെ കഷ്ടത്തിലാക്കുന്നത്‌, ഒടുവില്‍ സ്വകാര്യമേഖലക്ക്‌ എഴുതികൊടുക്കേണ്ടിവരുന്നത്‌. മന്ത്രിമാരുടെയും കളക്ടര്‍പോലുള്ള ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നവരുടേയും പൊതുപരിപാടികളുടെ എണ്ണം പരിമിതപ്പെടുത്തി സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കാര്യക്ഷമതയും ഫലപ്രാപ്‌തിയും വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടത്‌. ജനപ്രതിനിധികള്‍ സെലിബ്രിറ്റികള്‍ ആകേണ്ടത്‌ അവര്‍ അധികാരത്തിലിരിക്കുമ്പോള്‍ ചെയ്യുന്ന സദ്‌പ്രവര്‍ത്തികളിലൂടെയാണ്‌, അവര്‍ ഉയര്‍ത്തിപിടിക്കുന്ന ആദര്‍ശങ്ങളിലൂടെയാണ്‌, മാതൃകാപരമായ സേവനശൈലികളിലൂടെയാണ്‌. അല്ലാതെ പ്രദര്‍ശനവസ്‌തുക്കളായും പ്രസംഗചാതുരികൊണ്ടുമല്ല. ജനങ്ങള്‍ നല്‍കുന്ന അധികാരം പ്രദര്‍ശിപ്പിക്കാനുള്ളതാണോ, ജനങ്ങള്‍ക്കുവേണ്ടി പ്രയോജനപ്പെടുത്തുകയല്ലേ വേണ്ടത്‌.

അധികാരത്തില്‍ കയറുന്നതിനു മുന്‍പും അധികാരത്തില്‍നിന്നും ഇറങ്ങിയ ശേഷവും നമുക്ക്‌ അവരെ ആദരിക്കാം. ബഹുമാനിക്കാം യഥേഷ്ടം. കഴിവു തെളിയിച്ചവരെ മാത്രം. സല്‍പ്പേര്‌ ബാക്കിവെക്കുകയാണെങ്കില്‍ മാത്രം .....! ഉദ്‌ഘാടനങ്ങള്‍ക്കും ചടങ്ങുകളില്‍ വിശിഷ്ടാതിഥിയാകാനും നമുക്ക്‌ മറ്റുചിലരെ ക്ഷണിക്കാം. കൈവെച്ച കര്‍മ്മരംഗങ്ങളിലെല്ലാം തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചവര്‍, തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രതിഭകള്‍, അനിതരണസാധാരണമായ സര്‍ഗ്ഗശേഷിയുള്ളവര്‍, രാഷ്ടീയത്തിനതീതമായി എപ്പോഴും മൂല്യങ്ങള്‍ക്കുവേണ്ടി നിലയുറപ്പിക്കുന്ന മാതൃകാവ്യക്തികള്‍, അങ്ങനെപലരും. അതിലൂടെ നമുക്ക്‌ ഒരു പുതിയ സംസ്‌കാരത്തിനു തുടക്കം കുറിക്കാം. അതിലൂടെ പുതിയ ഒരു സന്ദശം പകര്‍ന്നുനല്‍കാം. അധികാരമെന്നാല്‍ പ്രശസ്‌തിയുടെ മഞ്ഞവെളിച്ചത്തില്‍ ഒഴുകി നടക്കലല്ല, അധികാരമെന്നാല്‍ ഈ നാടിന്റെ ചരിത്രത്തില്‍ ഇടം നേടിക്കൊടുക്കുന്ന സാമൂഹികമായ വലിയൊരു ഉത്തരവാദിത്വമാണ്‌, കടമയാണ്‌, പ്രതിബദ്ധതയാണെന്ന്‌. അധികാരത്തിലേക്ക്‌ എത്തിച്ചേരാനുള്ള രാഷ്ട്രീയത്തിന്റെ വഴികളിലും ഒരുപക്ഷെ അതിന്റെ മാറ്റങ്ങള്‍ പ്രകടമായേക്കാം.