പശ്ചിമഘട്ടം എന്റെയും നിന്റെയും അല്ല, നമ്മുടേതാണ്‌.

ഇരിക്കുന്ന കൊമ്പ്‌ മുറിക്കരുതെന്നല്ലേ ഗാഡ്‌ഗില്‍ പറഞ്ഞുള്ളൂ. അത്‌ വിട്ടുപോകാന്‍ പറയുന്നില്ലല്ലോ. ആ കൊമ്പിന്‌ താങ്ങാനാവുന്നതിനേക്കാള്‍ കൂടുതല്‍ പേരെ ഇനി അതിലേക്ക്‌ കയറാന്‍ അനുവദിക്കരുത്‌, ആ മരം മുറിക്കരുത്‌, ആ മരം നില്‍ക്കുന്ന മലയിടിക്കരുത്‌, എന്നൊക്കെ പറയുന്നത്‌ അതിലിരിക്കുന്നവന്റെ കൂടി സംരക്ഷണം ഉറപ്പാക്കുന്നതിനാണ്‌. ആ കൊമ്പിരിക്കുന്ന തായ്‌മരത്തിന്റെ വേരുകള്‍ തടഞ്ഞുനിര്‍ത്തുന്നത്‌ അല്ലെങ്കില്‍ ഉരുള്‍പൊട്ടലിനെപ്പോലും തടഞ്ഞുനിര്‍ത്താന്‍ കഴിയുന്ന തരത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്‌, കാലിനടിയില്‍നിന്നും ഒലിച്ചുപോയ്‌കൊണ്ടിരിക്കുന്നത്‌ എല്ലാവരുടേയും മണ്ണിനെയാണ്‌. ആ മരത്തിലെ ഇലകള്‍ പുറത്തുവിടുന്ന ഓക്‌സിജന്‍ എല്ലാവരുടേയും ജീവവായുവാണ്‌. മലമുകളില്‍ വളര്‍ന്നുനില്‍ക്കുന്ന ആ മരം തടഞ്ഞുനിര്‍ത്തുന്ന മേഘങ്ങളാണ്‌ നമ്മുടെയും വയലേലകളുടേയും ദാഹം തീര്‍ക്കുന്ന മഴയായി പെയ്‌തിരങ്ങുന്നത്‌. കൊമ്പിലിരിക്കുന്നവരേക്കാള്‍ നൂറിരട്ടിവരും അതിന്റെ തണലില്‍ ജീവിക്കുന്നവര്‍. " ഭയപ്പെടേണ്ട ദൈവം നിന്നോടൊപ്പമുണ്ട്‌" എന്ന്‌ പറയേണ്ട പാതിരിമാരും ഈ മരത്തിനു നല്‍കുന്ന സംരക്ഷണം നീയിരിക്കുന്ന കൊമ്പിന്‌ ബലമേകാനാണ്‌ എന്ന പറയേണ്ട ആദര്‍ശരാഷ്ട്രീയക്കാരും, ആ മരത്തിനടിയില്‍നിന്ന്‌ വേട്ടനായ്‌ക്കളെപ്പോലെ കുരച്ചുകൊണ്ട്‌ മരക്കൊമ്പിലിരിക്കുന്നവനെ ഭയപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. ഗാഡ്‌ഗില്‍ കമ്മിറ്റിയുടെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ (കസ്‌തൂരി വെള്ളം ചേര്‍ത്ത) ചിലത്‌. 

4. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ ഭൂമിയാക്കരുത്.
(അതിനര്‍ത്ഥം 1977 വരെയുള്ള കയ്യേറ്റ/കുടിയേറ്റക്കാര്‍ക്ക്, നേരത്തെ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചിരുന്നവര്‍ക്ക് പട്ടയം കൊടുക്കേണ്ടതില്ല എന്നല്ല. പുതുതായി കയ്യേറ്റങ്ങള്‍ അനുവദിക്കരുത് എന്നാണ്)

5. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്. എന്നാല്‍ കൃഷി ഭൂമി വനമാക്കുന്നതിനോ, നിലവിലുള്ള പ്രദേശങ്ങളിലെ ജനസംഘ്യാ വര്‍ധനവിന് ആവശ്യമാകുന്ന വിധത്തില്‍ വികസനം കൊണ്ടുവരുന്നതിനോ വീടുകള്‍ വെയ്ക്കുന്നതിനോ ഈ നിയന്ത്രണം ബാധകമല്ല.
(വികസനം മുരടിക്കും, കുടിയോഴിപ്പിക്കും എന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല)

6. ഭൗതിക വികസനം പാരിസ്ഥിതിക മൂല്യതകര്‍ച്ചയെയും പൊതുഗുണത്തെയും ആസ്പദമാക്കി നടത്തുന്ന പാരിസ്ഥിതിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം.

7.പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ വസ്തുക്കളുടെയും, നിര്‍മ്മാണ രീതികളുടെയും, മഴവെള്ള സംഭരണിയുടെയും, പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും എല്ലാം അടിസ്ഥാനത്തില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കെട്ടിടനിര്‍മ്മാണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കേണ്ടതാണ്.
(അതിനര്‍ത്ഥം കമ്പിയും സിമന്റും നിരൊധിക്കുമെന്നല്ല, ലഭ്യത കുറയുന്ന വിഭവങ്ങള്‍ ബുദ്ധിപരമായ അളവിലുള്ള ഉപയോഗമേ പാടുള്ളൂ എന്നാണ്)

27. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കുക.

34. പാവപ്പെട്ടവന്റെ ജീവനോപാധി നിലനിര്‍ത്തുകയും എല്ലാവര്‍ക്കും സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഊന്നല്‍ .


http://www.doolnews.com/babu-bharadwaj-editorial-western-ghats-issues-345.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ