ഹിജഡകള്‍

അവനില്‍ അല്‍പ്പം അവള്‍ കൂടിപ്പോയതും,
അവളില്‍ അല്‍പ്പം അവന്‍ കൂടിപ്പോയതും,
അവരുടെ തെറ്റെന്ന് പറയുവതെങ്ങിനെ ?
അപഹാസ്യകരമെന്ന് ചാര്‍ത്തുവതെങ്ങിനെ ?

അവനിലെ അവള്‍ മറ്റൊരുവനെ തേടിയതും,
അവളിലെ അവന്‍ മറ്റൊരുവളെ തേടിയതും,
അപമാനകരമെന്ന് മുദ്രവെക്കുവതെന്തിന് ?
ആട്ടിയോടിക്കുവാന്‍ ആവേശമെന്തിന് ?

രൂപവും ഭാവവും ആണിനുതുല്യം,
നിത്യവും കാണെ ആയിരത്തിലേറെ,
വിളിച്ചതെന്തേ, 'ആണായി പിറന്നവ' നെന്ന്
ആയിരത്തിലൊരുവനെമാത്രം.

ആടയണിഞ്ഞും ആപാദചൂഡമലങ്കരിച്ചും
അംഗനമാരേറെ അവനിയിലെവിടെയും,
വിളിച്ചതെന്തേ, 'പെണ്ണായി പിറന്നവ' ളെന്ന്
ആയിരത്തിലൊരുവളെമാത്രം.

ആണത്തമെന്നാല്‍ മേനിക്കരുത്തോ ?
ആണത്തമെന്നാല്‍ മനക്കരുത്തുമല്ലയോ.
പെണ്ണഴകെന്നാല്‍ ഉടലഴകുമാത്രമോ ?
പെണ്ണഴകെന്നാല്‍ ഉള്ളഴകുമല്ലയോ.

ആണും പെണ്ണും കെട്ടവരെന്ന്
ഉച്ചത്തില്‍ വിളിക്കേണ്ടതവരെയാണ്,
ചിരിച്ചുകൊണ്ടു ചതിക്കുന്നവരേയും,
വാക്കുകള്‍ വിഴുങ്ങുന്ന വഞ്ചകരേയും.

നെറികെട്ട നപുംസകങ്ങളെന്ന്
നികൃഷ്ടം വിളിക്കേണ്ടതവരെയാണ്,
ആദ്യം വേശ്യയെപ്പോല്‍ ചിരിച്ചവരേയും,
പിന്നെ വേടനെപ്പോല്‍ അട്ടഹസിച്ചവരേയും,

ആത്മവഞ്ചനയില്‍ ആനന്ദിക്കുന്നവര്‍
വെറുക്കുവതെന്തേ ഹിജഡകളെ മാത്രം
അര്‍ദ്ധനാരീശ്വര സങ്കല്‍പ്പമുയിര്‍കൊണ്ട,
ആര്‍ഷഭാരത സന്തതികളാണവരുമെന്നോര്‍ക്കുക.
4 അഭിപ്രായങ്ങൾ:

 1. പരിഹസിക്കുന്നതെന്തിനു നാം ഹിജഡകളെ,
  നീതികാട്ടിയില്ലേയവര്‍ സ്വഹൃദയത്തോടെങ്കിലും.

  ഉചിതം

  മറുപടിഇല്ലാതാക്കൂ
 2. നന്നായിരിക്കുന്നു കവിത
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. ലോകത്തിലെ ആദ്യത്തെ പെണ്ണ് കുഞ്ഞായികൾ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മുരളി മുകുന്ദന്‍ ചേട്ടാ. വായനക്ക് വളരെയധികം നന്ദി.

   ഇല്ലാതാക്കൂ