പാര്‍ട്ടികള്‍ പറയാന്‍ മറന്നുപോയ ചില കാര്യങ്ങള്‍

ഇദ്ദേഹം പുതുതായായി ഒന്നും പറയുന്നില്ല. പാര്‍ട്ടികള്‍ പറയാന്‍ മറന്നുപോയ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുക മാത്രമാണ്‌ ഇദ്ദേഹം ചെയ്‌തുകൊണ്ടിരിക്കുന്നത്‌. പാര്‍ട്ടികള്‍ സമൂഹത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതുകൊണ്ട്‌, സമൂഹത്തിന്റെ ദൂഷ്യവശങ്ങള്‍ പാര്‍ട്ടികളിലും പാര്‍ട്ടിനേതാക്കളിലും ഉണ്ടായിട്ടുണ്ടാകാം എന്നാണ്‌ ഈയിടെ ഒരു പ്രമുഖ ബുദ്ധിജീവിയും മുന്‍മന്ത്രിയുമായ പാര്‍ട്ടി നേതാവ്‌ പ്രസ്‌താവിച്ചതായി വായിച്ചത്‌. നേതാക്കളെന്നാല്‍ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായിരിക്കണം. അല്ലാതെ സമൂഹത്തിന്റെ ദൂഷ്യവശങ്ങള്‍ അതേപടി പകര്‍ത്തുന്നവരെ നേതാക്കളെന്ന്‌ അംഗീകരിക്കുവാന്‍ കഴിയുകയില്ല. പഴയകാലനേതാക്കള്‍ സമൂഹത്തിലെ ദുഷ്‌പ്രവണതകളെ എതിര്‍ത്തതിലൂടെയാണ്‌ ആദരവും സ്ഥാനങ്ങളും നേടിയെടുത്തത്‌. പക്ഷെ നിര്‍ഭാഗ്യവശാല്‍ മാഫിയകള്‍ക്കും അത്യാഗ്രഹികള്‍ക്കും എളുപ്പം കടന്നു കയറാന്‍ പറ്റുന്ന വിധം ദുര്‍ബലമാണ്‌ ഇപ്പോഴത്തെ നമ്മുടെ പാര്‍ട്ടികളുടെ ഘടന. നാമനിര്‍ദ്ദേശ്ശം ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍ അധികാരത്തിലെത്തുമ്പോള്‍ അവര്‍ക്ക്‌ പ്രലോഭനങ്ങളെ അതിജീവിക്കുവാനുള്ള പ്രതിരോധകുത്തിവെപ്പുകള്‍ നടത്തുന്നതിനുള്ള സംവിധാനം തങ്ങളുടെ പാര്‍ട്ടികളിലുണ്ടെന്ന്‌ ബോദ്ധ്യപ്പെടുത്താന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ശ്രീ. അരവിന്ദ്‌ കേജ്രിവാളിനെപ്പോലുള്ളവര്‍ വ്യത്യസ്‌തരാകുന്നത്‌. മാധ്യമങ്ങള്‍ക്കുപോലും നിരാകരിക്കാനാകാത്തവിധം സ്വീകാര്യത നേടിയെടുക്കുന്നതും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ